ലഫ്ഫും നശ്റും വിശുദ്ധ ഖുർആനിൽ
ഡോ. മുഹമ്മദ് പാണ്ടിക്കാട്
അറബി ഭാഷാ സൗന്ദര്യശാസ്ത്ര (علم البيان) ത്തിലെ അത്യാകർഷക ശൈലികളിലൊന്നാണ് അല്ലഫ്ഫ് വന്നശ്റ് (اللَّفُّ وَالنَّشْرُ).
അല്ലഫ്ഫ് (اللَّفُّ) എന്നാൽ ചുരുട്ടുക, പൊതിയുക എന്നാണ്. അന്നശ്ർ (النَّشْرُ) എന്നാൽ പരത്തുക എന്നും. (മടക്കലും നിവർക്കലും, സംക്ഷേപണവും പ്രസാരണവും)
അല്ലഫ് വന്നശ്റിന്റെ നിർവചനം ഇങ്ങനെ: രണ്ടോ അതിലധികമോ കാര്യങ്ങൾ ഉദ്ധരിച്ച ശേഷം അവയുമായി ബന്ധപ്പെട്ടവയെ തൊട്ടുടനെ പറയുക. എന്നാൽ അവ ഓരോന്നും ഏതിനോടാണ് ബന്ധപ്പെട്ടിരിക്കുന്നത് എന്ന് വ്യക്തമാവുകയില്ല. അത് വായനക്കാർ സ്വയം ബുദ്ധി ഉപയോഗിച്ച് കണ്ടെത്തുകയാണ് വേണ്ടത്.
വിശുദ്ധ ഖുർആൻ ഈ കലയെ ധാരാളം സൂക്തങ്ങളിൽ പ്രയോഗിച്ചിട്ടുണ്ട്.
ഉദാഹരണം, അല്ലാഹു പറയുന്നു:
وَمِن رَّحْمَتِهِۦ جَعَلَ لَكُمُ ٱلَّيْلَ وَٱلنَّهَارَ لِتَسْكُنُوا۟ فِيهِ وَلِتَبْتَغُوا۟ مِن فَضْلِهِۦ وَلَعَلَّكُمْ تَشْكُرُونَ
"അവന്റെ അനുഗ്രഹത്താല്‍ അവന്‍ നിങ്ങള്‍ക്ക് രാവും പകലും നിശ്ചയിച്ചുതന്നു. നിങ്ങള്‍ക്ക് വിശ്രമിക്കാനും അവന്റെ അനുഗ്രഹങ്ങള്‍ തേടാനുമാണിത്. നിങ്ങള്‍ നന്ദിയുള്ളവരായെങ്കിലോ?" (അൽ ഖസ്വസ്വ് 73)
ഇവിടെ ആദ്യ ഭാഗത്ത് രാവിനെയും പകലിനെയും പറഞ്ഞു. പിന്നീട് അവയുടെ പ്രയോജനങ്ങളെ ക്രമത്തിൽ ഉദ്ധരിച്ചു: "നിങ്ങള്‍ക്ക് വിശ്രമിക്കാനും അവന്റെ അനുഗ്രഹങ്ങള്‍ തേടാനുമാണിത്."
( لِتَسْكُنُوا۟ فِيهِ وَلِتَبْتَغُوا۟ مِن فَضْلِهِ)
പക്ഷെ, ഏത് ഏതിന്റെ പ്രയോജനമാണെന്ന് വ്യക്തമായി പറയുന്നില്ല. അത് നിഷ് പ്രയാസം കണ്ടെത്താനാവുന്നതിനാൽ വായനക്കാർക്ക് തന്നെ വിട്ട് കൊടുത്തിരിക്കുന്നു.
അങ്ങനെ രാവിലേക്ക് "വിശ്രമിക്കാൻ" എന്നതിനെയും പകലിലേക്ക് "അനുഗ്രഹങ്ങള്‍ തേടാൻ" എന്നതിനെയും ചേർത്തു മനസ്സിലാക്കാനാവുന്നു.
ഇപ്രകാരം ചുരുക്കിപ്പറഞ്ഞവയെ ചിന്തയിലൂടെ അതാതിടങ്ങളിലേക്ക് ചേർക്കാനാവുന്നതിനാലാണ് ഈ ശൈലിയെ اللَّفُّ وَالنَّشْرُ അഥവാ ചുരുട്ടലും പരത്തലും എന്ന് വിളിക്കുന്നത്. വാക്യത്തിന്റെ ആദ്യ ഭാഗത്തിന് اللَّفُّ എന്നും രണ്ടാം ഭാഗത്തിന് النَّشْرُ എന്നും പറയുന്നു.
അല്ലഫ് വന്നശ്റിൻ്റെ ഇനങ്ങൾ
അല്ലഫ് വന്നശ്റ് രണ്ട് തരത്തിൽ പ്രയോഗിക്കാറുണ്ട്:
ഒന്ന്: ക്രമത്തിലുള്ളവ (اللَّفُّ وَالنَّشْرُ الْمُرتَّبُ)
രണ്ട്: ക്രമരഹിതമായത് (اللَّفُّ وَالنَّشْرُ غيرُ الْمُرتَّبِ)
മുകളിലുദ്ധരിച്ച അൽ ഖസ്വസ്വ് 73 വാക്യം ഒന്നാമത്തെ ഇനത്തിൽ പെട്ടതാണ്.
മറ്റൊരു ഉദാഹരണം:
وَلَا تَجْعَلْ يَدَكَ مَغْلُولَةً إِلَىٰ عُنُقِكَ وَلَا تَبْسُطْهَا كُلَّ ٱلْبَسْطِ فَتَقْعُدَ مَلُومًۭا مَّحْسُورًا
നിന്റെ കൈ നീ പിരടിയില്‍ കെട്ടിവെക്കരുത്. അതിനെ മുഴുവനായി നിവര്‍ത്തിയിടുകയുമരുത്. അങ്ങനെ ചെയ്താല്‍ നീ ആക്ഷേപിക്കപ്പെട്ടവനും ദുഃഖിതനുമായിത്തീരും. (അൽ ഇസ്റാഅ്: 29)
ഇവിടെ അവസാനത്തിലെ فَتَقْعُدَ مَلُومًۭا مَّحْسُورًا (ആക്ഷേപിക്കപ്പെട്ടവനും ദുഃഖിതനുമായിത്തീരും) എന്നതിലെ ആദ്യത്തെ مَلُومًۭا (ആക്ഷേപിക്കപ്പെട്ടവൻ) എന്നത് وَلَا تَجْعَلْ يَدَكَ مَغْلُولَةً (നിന്റെ കൈ നീ പിരടിയില്‍ കെട്ടിവെക്കരുത്) എന്നതിലേക്കും مَّحْسُورًا (ദുഃഖിതൻ) എന്നത് وَلَا تَبْسُطْهَا كُلَّ ٱلْبَسْطِ (അതിനെ മുഴുവനായി നിവര്‍ത്തിയിടുകയുമരുത്) എന്നതിലേക്കുമാണ് ചേരുക.
കാരണം പിശുക്ക് കാണിക്കുന്നവനെയാണ്
ജനങ്ങൾ അധിക്ഷേപിക്കുക. ധൂർത്ത് കാണിക്കുന്നവനാണ് അവസാനം എല്ലാം തുലഞ്ഞ് ദു:ഖിതനാവുക.
മറ്റൊരുദാഹരണം:
فَكَيْفَ إِذَا تَوَفَّتْهُمُ ٱلْمَلَـٰٓئِكَةُ يَضْرِبُونَ وُجُوهَهُمْ وَأَدْبَـٰرَهُمْ ، ذَٰلِكَ بِأَنَّهُمُ ٱتَّبَعُوا۟ مَآ أَسْخَطَ ٱللَّهَ وَكَرِهُوا۟ رِضْوَٰنَهُۥ فَأَحْبَطَ أَعْمَـٰلَهُمْ
'മലക്കുകള്‍ അവരെ മുഖത്തും മുതുകിലും അടിച്ച് മരിപ്പിക്കുമ്പോള്‍ എന്തായിരിക്കും അവരുടെ അവസ്ഥ?'
'അല്ലാഹുവിന് അനിഷ്ടമുണ്ടാക്കുന്നവയെ അനുധാവനം ചെയ്യുകയും അവന്റെ തൃപ്തിയെ വെറുക്കുകയും ചെയ്തതിനാലാണിത്. അതുകൊണ്ടുതന്നെ അല്ലാഹു അവരുടെ പ്രവര്‍ത്തനങ്ങളെ പാഴാക്കിയിരിക്കുന്നു' (മുഹമ്മദ്: 27, 28).
ഈ വാക്യത്തെ വിശദീകരിച്ച് ഇബ്നു ആശൂർ (റ) എഴുതി: "മലക്കുകള്‍ അവരുടെ മുഖത്തടിക്കുന്നത് (يَضْرِبُونَ وُجُوهَهُمْ) അല്ലാഹുവിന് അനിഷ്ടമുണ്ടാക്കുന്നവയെ അനുധാവനം ചെയ്തതിന്റെ (ٱتَّبَعُوا۟ مَآ أَسْخَطَ ٱللَّهَ) ശിക്ഷയാണ്. മുതുകുകളിൽ അടിക്കുന്നത് (وَأَدْبَـٰرَهُمْ) അവന്റെ തൃപ്തിയെ വെറുത്തതിനാലാണ്. (وَكَرِهُوا۟ رِضْوَٰنَهُۥ) ക്രമത്തിലുള്ള സുന്ദരമായ ലഫ്ഫും നശ്റുമാണ് ഈ വാക്യത്തിലുള്ളത്." (അത്തഹ് രീറു വത്തൻവീർ, ഇബ്നു ആശൂർ)
മറ്റൊരുദാഹരണം:
وَفَـٰكِهَةًۭ وَأَبًّۭا مَّتَـٰعًۭا لَّكُمْ وَلِأَنْعَـٰمِكُمْ
'പഴങ്ങളും പുല്‍പടര്‍പ്പുകളും. നിങ്ങള്‍ക്കും നിങ്ങളുടെ കന്നുകാലികള്‍ക്കും ആഹാരമായി. (അന്നബഅ് : 31)
ഇതിൽ തുടക്കത്തിലുള്ള പഴങ്ങൾ (فَـٰكِهَةًۭ) നിങ്ങള്‍ക്കും (لَّكُمْ) എന്നതിലേക്കാണ് മടങ്ങുന്നത്.
പിന്നീടുള്ള പുല്‍പടര്‍പ്പുകളും (وَأَبًّۭا) എന്നത് അവസാനത്തെ കന്നുകാലികളിലേക്കു (وَلِأَنْعَـٰمِكُمْ ) മാണ് മടക്കം.
وَإِلَىٰ مَدْيَنَ أَخَاهُمْ شُعَيْبًا فَقَالَ يَا قَوْمِ اعْبُدُوا اللَّهَ وَارْجُوا الْيَوْمَ الْآخِرَ وَلَا تَعْثَوْا فِي الْأَرْضِ مُفْسِدِينَ . فَكَذَّبُوهُ فَأَخَذَتْهُمُ الرَّجْفَةُ فَأَصْبَحُوا فِي دَارِهِمْ جَاثِمِينَ . وَعَادًا وَثَمُودَ وَقَد تَّبَيَّنَ لَكُم مِّن مَّسَاكِنِهِمْۖ وَزَيَّنَ لَهُمُ الشَّيْطَانُ أَعْمَالَهُمْ فَصَدَّهُمْ عَنِ السَّبِيلِ وَكَانُوا مُسْتَبْصِرِينَ . وَقَارُونَ وَفِرْعَوْنَ وَهَامَانَۖ وَلَقَدْ جَاءَهُم مُّوسَىٰ بِالْبَيِّنَاتِ فَاسْتَكْبَرُوا فِي الْأَرْضِ وَمَا كَانُوا سَابِقِينَ . فَكُلًّا أَخَذْنَا بِذَنبِهِۖ فَمِنْهُم مَّنْ أَرْسَلْنَا عَلَيْهِ حَاصِبًا وَمِنْهُم مَّنْ أَخَذَتْهُ الصَّيْحَةُ وَمِنْهُم مَّنْ خَسَفْنَا بِهِ الْأَرْضَ وَمِنْهُم مَّنْ أَغْرَقْنَاۚ وَمَا كَانَ اللَّهُ لِيَظْلِمَهُمْ وَلَٰكِن كَانُوا أَنفُسَهُمْ يَظْلِمُونَ
'മദ്്യന്‍കാരിലേക്ക് അവരുടെ സഹോദരനായ ശുഐബിനെയും (നാം അയച്ചു). അദ്ദേഹം പറഞ്ഞു: എന്റെ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവിന് ഇബാദത്തെടുക്കുകയും അന്ത്യദിനത്തെ പ്രതീക്ഷിക്കുകയും ചെയ്യുക. നാശകാരികളായിക്കൊണ്ട് നിങ്ങള്‍ ഭൂമിയില്‍ കുഴപ്പമുണ്ടാക്കരുത്. അപ്പോള്‍ അവര്‍ അദ്ദേഹത്തെ നിഷേധിച്ചു തള്ളി. അതിനാല്‍ ഭൂകമ്പം അവരെ പിടികൂടി. അങ്ങനെ അവര്‍ തങ്ങളുടെ വീടുകളില്‍ വീണടിഞ്ഞവരായിത്തീര്‍ന്നു. ആദ്, സമൂദ് സമുദായങ്ങളെയും (നാം നശിപ്പിക്കുകയുണ്ടായി). അവരുടെ വാസസ്ഥലങ്ങളില്‍നിന്ന് നിങ്ങള്‍ക്കത് വ്യക്തമായി മനസ്സിലായിട്ടുണ്ട്. പിശാച് അവര്‍ക്ക് അവരുടെ പ്രവര്‍ത്തനങ്ങള്‍ ഭംഗിയായി തോന്നിക്കുകയും അവരെ ശരിയായ മാര്‍ഗത്തില്‍നിന്ന് തടയുകയും ചെയ്തു. (വാസ്തവത്തില്‍) അവര്‍ കണ്ടറിയുവാന്‍ കഴിവുള്ളവരായിരുന്നു. ഖാറൂനെയും ഫിര്‍ഔനെയും ഹാമാനെയും (നാം നശിപ്പിച്ചു) വ്യക്തമായ തെളിവുകളും കൊണ്ടു മൂസാ അവരുടെ അടുത്ത് ചെയ്യുകയുണ്ടായി. അപ്പോള്‍ അവര്‍ നാട്ടില്‍ അഹങ്കരിച്ചു നടന്നു. അവര്‍ (നമ്മെ) മറികടക്കുന്നവരായിരുന്നില്ല. അങ്ങനെ എല്ലാവരെയും അവരവരുടെ കുറ്റത്തിന് നാം പിടികൂടി. അവരില്‍ ചിലരുടെ നേരെ നാം ചരല്‍ക്കാറ്റ് അയക്കുകയാണ് ചെയ്തത്. അവരില്‍ ചിലരെ ഘോരശബ്ദം പിടികൂടി. അവരില്‍ ചിലരെ നാം ഭൂമിയില്‍ ആഴ്ത്തിക്കളഞ്ഞു. അവരില്‍ ചിലരെ നാം മുക്കി നശിപ്പിച്ചു. അല്ലാഹു അവരോട് അക്രമം ചെയ്യുകയായിരുന്നില്ല. പക്ഷെ അവര്‍ അവരോടു തന്നെ അക്രമം ചെയ്യുകയായിരുന്നു.' (അല്‍ അന്‍കബൂത്ത് 36-40).
ചരല്‍ക്കാറ്റയച്ചത് ആദ് ഗോത്രത്തിനുനേരെ, ഘോരശബ്ദം പിടികൂടിയത് സമൂദ് ഗോത്രത്തെ, ഭൂമിയിലേക്ക് ആഴ്ത്തിയത് ഖാറൂനെ. ഫിര്‍ഔനെയും ഹാമാനെയും വെള്ളത്തില്‍ മുക്കിക്കൊന്നു. മേല്‍ സൂക്തങ്ങളില്‍ ക്രമബദ്ധമാം വിധം ലഫ്ഫും നശ്‌റും വിന്യസിച്ചിരിക്കുന്നു.
ക്രമരഹിതമായ ലഫ്ഫിന്റെയും നശ്റിന്റെയും ഉദാഹരണം
أَمْ حَسِبْتُمْ أَن تَدْخُلُوا۟ ٱلْجَنَّةَ وَلَمَّا يَأْتِكُم مَّثَلُ ٱلَّذِينَ خَلَوْا۟ مِن قَبْلِكُم ۖ مَّسَّتْهُمُ ٱلْبَأْسَآءُ وَٱلضَّرَّآءُ وَزُلْزِلُوا۟ حَتَّىٰ يَقُولَ ٱلرَّسُولُ وَٱلَّذِينَ ءَامَنُوا۟ مَعَهُۥ مَتَىٰ نَصْرُ ٱللَّهِ ۗ أَلَآ إِنَّ نَصْرَ ٱللَّهِ قَرِيبٌۭ
'അല്ല; നിങ്ങളുടെ മുന്‍ഗാമികളെ ബാധിച്ച ദുരിതങ്ങളൊന്നും നിങ്ങള്‍ക്കു വന്നെത്താതെതന്നെ നിങ്ങള്‍ സ്വര്‍ഗത്തിലങ്ങ് കടന്നുകളയാമെന്ന് കരുതുന്നുണ്ടോ? പ്രയാസങ്ങളും ദുരിതങ്ങളും അവരെ ബാധിച്ചു. ദൈവദൂതനും കൂടെയുള്ള വിശ്വാസികളും "ദൈവ സഹായം എപ്പോഴാണുണ്ടാവുക"യെന്ന് വിലപിക്കേണ്ടിവരുമാറ് കിടിലംകൊള്ളിക്കുന്ന അവസ്ഥ അവര്‍ക്കുണ്ടായി. അറിയുക: അല്ലാഹുവിന്റെ സഹായം അടുത്തുതന്നെയുണ്ടാകും.' (അൽബഖറ : 214)
ഇവിടെ حَتَّىٰ يَقُولَ ٱلرَّسُولُ وَٱلَّذِينَ ءَامَنُوا۟ مَعَهُ എന്നതിന് ശേഷം റസൂലും വിശ്വാസികളും പറയുന്ന വാചകങ്ങളാണുള്ളത്.
പക്ഷെ, ക്രമത്തിലല്ല നൽകിയിട്ടുള്ളത്. مَتَىٰ نَصْرُ ٱللَّهِ ۗ أَلَآ إِنَّ نَصْرَ ٱللَّهِ قَرِيبٌۭ എന്നീ രണ്ട് ഭാഗങ്ങളിൽ ആദ്യത്തെ مَتَىٰ نَصْرُ ٱللَّهِ എന്നത് വിശ്വാസികളുടെ വാക്കാണ്. أَلَآ إِنَّ نَصْرَ ٱللَّهِ قَرِيبٌۭ എന്നത് പ്രവാചകന്റെതും.
തുടക്കത്തിൽ, ആദ്യം പ്രവാചകനെയാണ് പറഞ്ഞതെങ്കിലും രണ്ടാം ഭാഗത്ത് വിശ്വാസികളുടെ വാക്കാണ് ആദ്യം ഉദ്ധരിച്ചത്.
മറ്റൊരുദാഹരണം
وَمَن يَكْسِبْ خَطِيٓـَٔةً أَوْ إِثْمًۭا ثُمَّ يَرْمِ بِهِۦ بَرِيٓـًۭٔا فَقَدِ ٱحْتَمَلَ بُهْتَـٰنًۭا وَإِثْمًۭا مُّبِينًۭا
'ആരെങ്കിലും വല്ല തെറ്റോ കുറ്റമോ ചെയ്തശേഷം അത് നിരപരാധിയുടെ പേരില്‍ ചാര്‍ത്തുന്നുവെങ്കില്‍ ഉറപ്പായും കടുത്ത കള്ളാരോപണവും പ്രകടമായ പാപവുമാണവന്‍ പേറുന്നത്. (അന്നിസാഅ്: 112)
ഇവിടെ സ്വയം തെറ്റ് ചെയ്യുക, പിന്നീടത് മറ്റുള്ളവരുടെ പേരിൽ ആരോപിക്കുക എന്നീ രണ്ട് പാപങ്ങളെ കുറിച്ചാണ് പറയുന്നത്.
"കടുത്ത കള്ളാരോപണവും പ്രകടമായ പാപവുമാണവന്‍ പേറുന്നത്" എന്നതിൽ ''കടുത്ത കള്ളാരോപണം" (بُهْتَـٰنًۭا) എന്നത് രണ്ടാമതായി പറഞ്ഞ തെറ്റിനെ നിരപരാധിയുമേൽ പഴിചാരുന്നതിനെ കുറിച്ചാണ്.
പ്രകടമായ പാപം (إِثْمًۭا مُّبِينًۭا ) എന്നത് ആദ്യം ഉദ്ധരിച്ച കുറ്റം ചെയ്യുന്നതിനെ കുറിച്ചാണ്.
ഇവിടെ ലഫ്ഫിലെ വാചകങ്ങളുടെ ക്രമത്തിലല്ല നശ്റിലെ വാചകങ്ങളുള്ളത്.
മറ്റൊരുദാഹരണം നോക്കുക:
وَما كانَ قَوْلَهُمْ إِلَّا أَنْ قالُوا رَبَّنَا اغْفِرْ لَنا ذُنُوبَنا وَإِسْرافَنا فِي أَمْرِنا وَثَبِّتْ أَقْدامَنا وَانْصُرْنا عَلَى الْقَوْمِ الْكافِرِينَ فَآتاهُمُ اللَّهُ ثَوابَ الدُّنْيا وَحُسْنَ ثَوابِ الْآخِرَةِ وَاللَّهُ يُحِبُّ الْمُحْسِنِينَ
'അവരുടെ പ്രാര്‍ഥന ഇതുമാത്രമായിരുന്നു: "ഞങ്ങളുടെ നാഥാ! ഞങ്ങളുടെ പാപങ്ങളും ഞങ്ങളുടെ കാര്യത്തില്‍ സംഭവിച്ചുപോയ അതിരുകവിയലുകളും ഞങ്ങള്‍ക്കു നീ പൊറുത്തുതരേണമേ. ഞങ്ങളുടെ പാദങ്ങളെ നീ ഉറപ്പിച്ചുനിര്‍ത്തേണമേ. സത്യനിഷേധികളായ ജനത്തിനെതിരെ ഞങ്ങളെ സഹായിക്കേണമേ! അതിനാല്‍ അല്ലാഹു അവര്‍ക്ക് ഐഹികമായ പ്രതിഫലം നല്‍കി; കൂടുതല്‍ മെച്ചമായ പാരത്രിക ഫലവും. സല്‍സ്വഭാവികളെ അല്ലാഹു ഇഷ്ടപ്പെടുന്നു. (ആലുഇംറാൻ: 147-148)
ഈ വാക്യത്തിൽ വിശ്വാസികളുടെ പ്രാർത്ഥനയിൽ ആദ്യം പറഞ്ഞത് പാരത്രിക ലോകത്തെ പാപമോചനമാണെങ്കിൽ പ്രാർത്ഥനക്കുള്ള ഉത്തരത്തിൽ ഐഹിക പ്രതിഫലത്തെക്കുറിച്ചാണ്. ക്രമം തെറ്റിച്ചുള്ള അല്ലഫ് വന്നശ്റിന്റെ മറ്റൊരു ഉദാഹരണമാണിത്.
മറ്റൊരുദാഹരണം:
وَلَا تُصَعِّرْ خَدَّكَ لِلنَّاسِ وَلَا تَمْشِ فِى ٱلْأَرْضِ مَرَحًا ۖ إِنَّ ٱللَّهَ لَا يُحِبُّ كُلَّ مُخْتَالٍۢ فَخُورٍۢ
"നീ ജനങ്ങളുടെ നേരെ മുഖം കോട്ടരുത്. അഹങ്കാരത്തോടെ ഭൂമിയില്‍ നടക്കരുത്. അഹന്ത നടിക്കുന്നവരെയും പൊങ്ങച്ചം കാണിക്കുന്നവരെയും അല്ലാഹു ഇഷ്ടപ്പെടുന്നില്ല; തീര്‍ച്ച'' (ലുഖ്മാൻ 18).
വാക്യത്തിൽ ആദ്യം പറഞ്ഞ "നീ ജനങ്ങളുടെ നേരെ മുഖം കോട്ടരുത്" എന്നത് അവസാനം പറഞ്ഞ പൊങ്ങച്ചം കാണിക്കുന്നവരുമായി ബന്ധപ്പെട്ടതാണ്.
രണ്ടാമത് പറഞ്ഞ "അഹങ്കാരത്തോടെ ഭൂമിയില്‍ നടക്കരുത്" എന്നത് ആദ്യം പറഞ്ഞ അഹന്ത നടിക്കുന്നവരുമായി ബന്ധപ്പെട്ടതാണ്.
മറ്റൊരു ഉദാഹരണം:
يَوْمَ تَبْيَضُّ وُجُوهٌ وَتَسْوَدُّ وُجُوهٌۚ فَأَمَّا الَّذِينَ اسْوَدَّتْ وُجُوهُهُمْ أَكَفَرْتُم بَعْدَ إِيمَانِكُمْ فَذُوقُوا الْعَذَابَ بِمَا كُنتُمْ تَكْفُرُونَ . وَأَمَّا الَّذِينَ ابْيَضَّتْ وُجُوهُهُمْ فَفِي رَحْمَةِ اللَّهِ هُمْ فِيهَا خَالِدُونَ
'ചില മുഖങ്ങള്‍ വെളുക്കുകയും ചില മുഖങ്ങള്‍ കറുക്കുകയും ചെയ്യുന്ന ദിവസം. എന്നാല്‍ മുഖങ്ങല്‍ കറുത്തുപോയവരോട് പറയപ്പെടും. വിശ്വാസം സ്വീകരിച്ചതിനുശേഷം നിങ്ങള്‍ അവിശ്വസിക്കുകയാണോ ചെയ്തത്? എങ്കില്‍ നിങ്ങള്‍ അവിശ്വാസം സ്വീകരിച്ചതിന്റെ ഫലമായി ശിക്ഷ അനുഭവിച്ചുകൊള്ളുക. എന്നാല്‍ മുഖങ്ങള്‍ വെളുത്ത് തെളിഞ്ഞവര്‍ അല്ലാഹുവിന്റെ കാരുണ്യത്തിലായിരിക്കും. അവരതില്‍ സ്ഥിരവാസികളായിരിക്കുന്നതാണ്.' (ആലുഇംറാന്‍ 106,107).
മറ്റൊരു ഉദാഹരണം:
وَجَعَلْنَا اللَّيْلَ وَالنَّهَارَ آيَتَيْنِۖ فَمَحَوْنَا آيَةَ اللَّيْلِ وَجَعَلْنَا آيَةَ النَّهَارِ مُبْصِرَةً لِّتَبْتَغُوا فَضْلًا مِّن رَّبِّكُمْ وَلِتَعْلَمُوا عَدَدَ السِّنِينَ وَالْحِسَابَۚ وَكُلَّ شَيْءٍ فَصَّلْنَاهُ تَفْصِيلًا
'രാവിനെയും പകലിനെയും നാം രണ്ട് ദൃഷ്ടാന്തങ്ങളാക്കിയിരിക്കുന്നു. രാവാകുന്ന ദൃഷ്ടാന്തത്തെ നാം മങ്ങിയതാക്കുകയും പകലാകുന്ന ദൃഷ്ടാന്തത്തെ നാം പ്രകാശം നല്‍കുന്നതാക്കുകയും ചെയ്തിരിക്കുന്നു. നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള അനുഗ്രഹം നിങ്ങള്‍ തേടുന്നതിനുവേണ്ടിയും കൊല്ലങ്ങളുടെ എണ്ണവും കണക്കും നിങ്ങൾ മനസ്സിലാക്കാന്‍ വേണ്ടിയും. ഓരോ കാര്യവും നാം നല്ലവണ്ണം വിശദീകരിച്ചിരിക്കുന്നു.' (അല്‍ ഇസ്‌റാഅ് 12).
സൂക്തത്തില്‍ രാത്രിയെ പകലിനെ പരാമര്‍ശിക്കുന്നതിനു മുമ്പായാണ് എടുത്തു പറഞ്ഞിരിക്കുന്നത് എന്നുകാണാം. രാവാകുന്ന ദൃഷ്ടാന്തത്തെ നാം മങ്ങിയതാക്കുകയും പകലാകുന്ന ദൃഷ്ടാന്തത്തെ നാം പ്രകാശം നല്‍കുന്നതാക്കുകയും ചെയ്തിരിക്കുന്നു' അതിനുശേഷം രാത്രിയുടെ പ്രയോജനത്തെ കുറിച്ച് വിശദീകരിക്കുന്നതിനു മുമ്പായി പകലിന്റെ നേട്ടമാണ് വിവരിക്കുന്നത്. (നിങ്ങളുടെ റബ്ബില്‍ നിന്നുള്ള ഔദാര്യം നിങ്ങള്‍ തേടാന്‍ വേണ്ടി) രാത്രിയെക്കുറിച്ച് ശേഷമാണ് എടുത്തു പറയുന്നത്. (കൊല്ലങ്ങളുടെ എണ്ണവും കണക്കും നിങ്ങള്‍ മനസ്സിലാക്കാന്‍ വേണ്ടിയും) എന്നതിന്റെ വിവക്ഷ മാസങ്ങളും പകലുകളും രാത്രികളും അടങ്ങുന്ന വര്‍ഷങ്ങളുമായി ബന്ധപ്പെട്ട ചന്ദ്രന്റെ രാശികളാണ്.
ബസ്വ്്റയിലെ പ്രമുഖ പണ്ഡിതൻ ഇമാം അൽമുബർറദാണ് (ക്രി. 825 - 899) ഈ ശൈലിയെ ആദ്യമായി പരിചയപ്പെടുത്തിയത്.
ക്രി.വ. 1745-ൽ മരണപ്പെട്ട ഇന്ത്യൻ പണ്ഡിതനായ മുഹമ്മദ് അലി അഥ്ഥാനവിയുടെ "كشاف إصطلاحات الفنون" എന്ന ഗ്രന്ഥത്തിൽ ഈ സൗന്ദര്യകലയെക്കുറിച്ച് പരാമർശിക്കുന്നുണ്ട്.