കൊലക്കുറ്റം ഇസ്‌ലാമിക നിയമത്തില്‍ പ്രതിക്രിയ, ദയ, 'ദിയ'

സയ്യിദ് മൗദൂദി‌‌

ചോദ്യം: വധിക്കപ്പെട്ടവന്റെ അനന്തരാവകാശികള്‍ 'ദിയ' (നഷ്ടപരിഹാരത്തുക) സ്വീകരിക്കാന്‍ സന്നദ്ധരാണ്. ഘാതകനാകട്ടെ അത് നല്‍കാന്‍ തീരെ കഴിവില്ലാത്തവനും. ഇത്തരം സന്ദര്‍ഭത്തിലും ദിയ നല്‍കാന്‍ കൊലപാതകിയുടെ ബന്ധുക്കളെ നിര്‍ബന്ധിക്കാന്‍ ന്യായാധിപന് അവകാശമുണ്ടോ? ഉണ്ടെങ്കില്‍ നിരപരാധികളായ കുടുംബബന്ധുക്കളെ ശിക്ഷിക്കുന്നതിന് സമമല്ലേ അത്?

ഉത്തരം: ഘാതകന്റെ ബന്ധുക്കളെ (ഔലിയാ) ദിയ നല്‍കുന്നതിന് നിര്‍ബന്ധിക്കാന്‍ തീര്‍ച്ചയായും ന്യായാധിപന് അവകാശമുണ്ട്. കാരണം ഹംലുബ്‌നു മാലികിന്റെ റിപ്പോര്‍ട്ടു പ്രകാരം നബി തിരുമേനി കൊലപാതകിയുടെ ബന്ധുക്കളോട് സ്പഷ്ടമായി ഇങ്ങനെ പറഞ്ഞതായി കാണാവുന്നതാണ്.
قومو فدوه
(നിങ്ങള്‍ എഴുന്നേറ്റ് പോയി അയാളുടെ ദിയ കൊടുത്ത് തീര്‍ക്കുക).1
ദിയ നല്‍കുന്നതില്‍ കൊലയാളിക്ക് പുറമെ അയാളുടെ അടുത്ത ബന്ധുക്കള്‍ക്കും ബാധ്യതയുണ്ടെന്ന് ഇതില്‍നിന്ന് തെളിയുന്നു. എങ്കിലും ദിയാധനം നല്‍കുന്ന വിഷയത്തില്‍ കൊലയാളിയുടെ രക്ഷാ ബന്ധുക്കള്‍ അഥവാ 'ആഖില' ആരൊക്കെയാണെന്നതില്‍ ഇസ് ലാമിക നിയമജ്ഞന്മാര്‍ (ഫുഖഹാ)ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ട്. ശാഫിഈകളുടെ അഭിപ്രായമനുസരിച്ച് അത് അനന്തരാവകാശികള്‍ (വുറസാ) അഥവാ 'അസ്വബ'ക്കാര്‍ (മക്കളും പിതൃവഴി ബന്ധുക്കളും) ആകുന്നു. ജീവിത വ്യവഹാരത്തില്‍ ഒരാളുടെ സഹായിയായി വര്‍ത്തിക്കുന്ന എല്ലാവരും ഹനഫികളുടെ വീക്ഷണത്തില്‍ അതില്‍ പെടും; അവര്‍ ബന്ധുക്കളാകട്ടെ, സഹപ്രവര്‍ത്തകരാകട്ടെ, പരസ്പര സഹായ ഉടമ്പടിയിലേര്‍പ്പെട്ടവരാകട്ടെ ആരായാലും ശരി. ഗോത്ര വ്യവസ്ഥ നിലനില്‍ക്കുന്നിടത്ത് മാത്രം പ്രസക്തമാകുന്നതാണ് ശാഫിഈകളുടെ വീക്ഷണം. എന്നാല്‍ ഹനഫികളുടെ വീക്ഷണമാകട്ടെ ഗോത്രങ്ങള്‍ക്ക് പകരം ഇതര സാമൂഹിക-നാഗരിക ബന്ധുക്കളുടെ അടിസ്ഥാനത്തില്‍ ജനങ്ങള്‍ പരസ്പരം സഹകരിക്കുന്ന സമൂഹങ്ങള്‍ക്കും ബാധകമാക്കാവുന്നതാണ്. ഹനഫീ വീക്ഷണ പ്രകാരം ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും ഒരു വ്യക്തിയുടെ 'ആഖില' (നഷ്ടപരിഹാര ബാധ്യതയുള്ള കുടുംബ) ആകാവുന്നതാണ്. കാരണം, അതിലെ അംഗങ്ങള്‍ ജീവിതത്തിന്റെ മുഖ്യ വ്യവഹാരങ്ങളില്‍ പരസ്പരം സഹകരിക്കുന്നവരും സംരക്ഷിക്കുന്നവരുമാണ്. കൂട്ടുത്തരവാദിത്വത്തില്‍ വലിയൊരളവോളം പരസ്പരം പങ്കാളിത്തമുള്ളവരാണെന്ന് മനസ്സിലാക്കിപ്പോരുന്നവരുമാണ്. ഇക്കാരത്താല്‍ തന്നെയാണ് സമൂഹം ഗോത്ര വ്യവസ്ഥയില്‍നിന്ന് കൂടുതല്‍ വികാസം പ്രാപിച്ചപ്പോള്‍ ഒരു പട്ടാളക്കാരന്റെ ദിയാധനം അയാള്‍ ഉള്‍പ്പെട്ട മുഴുവന്‍ സേനാദളത്തിനും ബാധകമാക്കിയത്. സഹാബിമാരുടെ ഒരു സഭയില്‍ വെച്ചായിരുന്നു ഹസ്രത്ത് ഉമറിന്റെ ഈ നടപടി. ഫത്ഹുല്‍ ഖദീറില്‍ അത് ഇപ്രകാരം കാണാവുന്നതാണ്.
فإنّه لمّا دوّن الدواوين جعل العقل على أهل الديوان وكان ذلك بمحضر من الصحابة (رض) من غير نكير منهم
(ഹസ്രത്ത് ഉമര്‍ സൈന്യത്തിന് ക്രമവും വ്യവസ്ഥയുമുണ്ടാക്കിയപ്പോള്‍ ദിയയുടെ ഉത്തരവാദിത്വം പൂര്‍ണമായും സേനയുടെ മേല്‍ ചുമത്തി) സ്വഹാബിവര്യന്മാരുടെ സാന്നിധ്യത്തില്‍ വെച്ചായിരുന്നു അദ്ദേഹത്തിന്റെ ഈ നടപടി. അദ്ദേഹം അത്തരമൊരു നടപടി സ്ഥിരീകരിച്ചപ്പോള്‍ ആരും അതില്‍ എതിര്‍പ്പ് പ്രകടിപ്പിക്കുകയുണ്ടായില്ല.2
ഘാതകന്റെ കുടുംബത്തിന്റെ മേല്‍ നഷ്ടപരിഹാര ബാധ്യത ചുമത്തുന്നത് കുറ്റവാളിയുടെ കുറ്റകൃത്യം നിരപരാധികളുടെ മേല്‍ ചുമത്തുന്നതിന് തുല്യമാവില്ലേ എന്ന താങ്കളുടെ ചോദ്യമാണിനി.

സമൂഹത്തില്‍ ജീവിച്ചുകൊണ്ടിരിക്കെ ഒരാള്‍ കൊലപാതകം പോലുള്ള ഒരു സാമൂഹ്യ ദ്രോഹം പ്രവര്‍ത്തിക്കുകയാണെങ്കില്‍ പൊതുവെ അത് തന്നെ സംരക്ഷിക്കാന്‍ ആളുണ്ടെന്ന തോന്നല്‍ മൂലമാണ് സംഭവിക്കുന്നത്. ഈ കാര്യം ചിന്തിച്ചാല്‍ നിങ്ങളുടെ ചോദ്യത്തിന് താനേ നിങ്ങള്‍ക്ക് ഉത്തരം കിട്ടുന്നതാണ്. അയാളുടെ അത്തരം നീക്കങ്ങളുടെ ഉത്തരവാദിത്വത്തില്‍ തങ്ങളും പങ്കാളികളാണെന്ന് ഇവര്‍ മനസ്സിലാക്കിയാല്‍ അയാളെ നിയന്ത്രിക്കാന്‍ അവന്‍ സ്വയം ശ്രമിക്കും. മറ്റുള്ളവരുടെ ജീവൻ അപഹരിച്ചു വിഹരിക്കാന്‍ അയാളെ അവര്‍ വിടുകയില്ല. ദിയ നല്‍കാന്‍ ബാധ്യസ്ഥരായ ബന്ധുക്കളെ കുറിക്കാന്‍ 'ആഖില' എന്ന അറബി വാക്ക് ഉപയോഗിച്ചത് തന്നെ ഈയൊരു പരിഗണനയിലാണെന്നത് എത്രമാത്രം കൗതുകകരമല്ല! 'അഖല' എന്ന വാക്ക് നിങ്ങള്‍ക്കറിയാവുന്നത് പോലെ 'തടയുക', ബന്ധനത്തിലാക്കുക എന്നീ അര്‍ഥങ്ങളെ കുറിക്കുന്ന അറബി വാക്കാണ്. ഒരാളെ നിയന്ത്രിച്ചു നിറുത്തുന്നവര്‍, കൊലയും കൊള്ളയും തടഞ്ഞുനിറുത്തുന്നവര്‍ എന്ന പരിഗണനയിലാണ് തുടക്കത്തിലേ ഈ വാക്ക് സ്വീകരിച്ചിട്ടുള്ളത് (തര്‍ജുമാനുല്‍ ഖുര്‍ആന്‍ 1952 ജൂണ്‍-ജൂലൈ)

അനന്തരാവകാശി ഇല്ലാത്ത ഘാതകന്റെ ബന്ധുക്കള്‍
ചോദ്യം: ഘാതകന് അന്തരാവകാശികളേ ഇല്ല. ഉണ്ടെങ്കില്‍ തന്നെ, ആഗ്രഹിച്ചാലും ദിയാധനം നല്‍കാന്‍ കഴിവില്ലാത്തവിധം പാപ്പരാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഘാതകന് പ്രതിക്രിയക്കോ ദിയക്കോ പകരം (കഠിനതടവ്) പോലുള്ള ശിക്ഷ നിര്‍ദേശിക്കപ്പെടാന്‍ സാധ്യതയുണ്ടോ? ഇല്ലെങ്കില്‍ പിന്നെ എന്താണ് ചെയ്യുക?

ഉത്തരം: ഇത്തരം സന്ദര്‍ഭങ്ങളില്‍ ദിയാധനത്തിന്റെ ഭാരം ബന്ധുക്കളുടെ വിശാല വൃത്തത്തില്‍ ചുമത്തപ്പെടും. ആരുമില്ലെങ്കില്‍ അവസാനം അത് രാഷ്ട്രത്തിന്റെ ട്രഷറിയുടെ മേല്‍ ചുമത്തപ്പെടും. കാരണം പൗരനെ സംബന്ധിച്ചേടത്തോളം വിശാലാര്‍ഥത്തിലുള്ള അവന്റെ രക്ഷാബന്ധു സ്‌റ്റേറ്റാണ്. നബിതിരുമേനി രാഷ്ട്രത്തലവന്‍ എന്ന നിലയില്‍ നടത്തിയ താഴെ പറയുന്ന പ്രസ്താവനയാണ് അതിന്റെ തെളിവ്:
من تَرَكَ كَلًّا فَإِليَّ  ورُبَّمَا قال: إلى الله وإلى رسوله، ومن تَرَكَ مَالًا فِلَوَرَثَتِهِ، وأنا وَارِثُ من لا وارثَ له، أَعْقِلُ له وأَرِثُهُ
(ആരും സംരക്ഷകനില്ലാതെ ഉപേക്ഷിക്കപ്പെടുന്നവന്റെ സംരക്ഷണോത്തരവാദിത്തം എനിക്കാണ്. ആരെങ്കിലും ധനം വിട്ടേച്ചു മരിച്ചു പോയാല്‍ ആ ധനം അവന്റെ അനന്തരാവകാശികള്‍ക്കുള്ളതാകുന്നു. അനന്തരാവകാശി ഇല്ലാത്തവന്റെ അനന്തരാവകാശി ഞാനാകുന്നു. അവന്‍ നല്‍കേണ്ട ദിയാധനം ഞാന്‍ നല്‍കിവീട്ടും. അവനെ ഞാന്‍ അനന്തരമെടുക്കുകയും ചെയ്യും).

ഈ ഹദീസിന്റെ വെളിച്ചത്തില്‍ അനന്തരാവകാശികളില്ലാതെ മരിച്ചവരുടെയെല്ലാം അനന്തരാവകാശി സ്‌റ്റേറ്റാകുന്നു, ദിയാധനം നല്‍കാന്‍ ബാധ്യസ്ഥരായവരില്ലാത്തവരുടെ ഉത്തരവാദിത്വവും സ്‌റ്റേറ്റിന് തന്നെ.

ബുദ്ധിപരമായി നോക്കിയാലും അങ്ങനെത്തന്നെയാണ് വേണ്ടത്. കാരണം രാജ്യത്തിന്റെ സുരക്ഷയും സമാധാനവും സ്‌റ്റേറ്റിന്റെ ഉത്തരവാദിത്വത്തില്‍ പെട്ടതത്രെ. കൊല തടയുന്നതില്‍ സ്റ്റേറ്റ് പരാജയപ്പെട്ടാല്‍ കൊല്ലപ്പെട്ടവന്റെ അനന്തരാവകാശികള്‍ക്ക് തന്മൂലം വന്ന് ഭവിച്ച നഷ്ടം ഘാതകന്റെ അനന്തരാവകാശികളില്‍നിന്നോ രക്ഷാബന്ധുക്കളില്‍നിന്നോ സ്റ്റേറ്റ് നികത്തിക്കൊടുക്കേണ്ടതാണ്. അല്ലെങ്കിൽ സ്‌റ്റേറ്റ് സ്വയം അതിന്റെ ഭാരം ചുമക്കേണ്ടതാണ്.

ദിയാധനം അടച്ചുവീട്ടാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ഘാതകന് അതിന് പകരമായി മറ്റ് ശിക്ഷകള്‍ നല്‍കുന്നതിനുള്ള തെളിവ് ഖുര്‍ആനിലോ സുന്നത്തിലോ എവിടെയും എനിക്ക് കണ്ടെത്താന്‍ സാധിച്ചിട്ടില്ല; പൂര്‍വഗാമികളില്‍ ആരില്‍നിന്നും പരിഗണനീയമായ അഭിപ്രായം ഈ വിഷയകമായി ഉദ്ധരിച്ചു കണ്ടിട്ടുമില്ല (തര്‍ജുമാനുല്‍ ഖുര്‍ആന്‍ 1952 ജൂണ്‍-ജൂലൈ)

തെറ്റായ മരുന്ന് നല്‍കി മരിച്ചാല്‍ ആരാണ് ഉത്തരവാദി
ചോദ്യം: ഒരു ഔഷധശാലക്കാരന്‍ ഒരു ഉപഭോക്താവിന് അബദ്ധത്തില്‍ ഒരു മരുന്ന് നല്‍കിയതിന്റെ ഫലമായി ഉപഭോക്താവും (നിരുപദ്രവമെന്ന് കരുതി ആ ഔഷധം കഴിച്ച) പാവം രണ്ട് കുഞ്ഞുങ്ങളും മരിച്ചുപോയി. ഔഷധശാലക്കാരന്റെ അബദ്ധം ബോധപൂര്‍വമായിരുന്നില്ല. നഷ്ടപരിഹാരത്തിനും അല്ലാഹുവിങ്കല്‍ മാപ്പ് ലഭിക്കുന്നതിനും ഇനി എന്താണ് വഴി? നഷ്ടപരിഹാര തുക വാങ്ങി മാപ്പു നല്‍കേണ്ടത് ഇനി ആരാണ്?
ഉത്തരം: ഇസ് ലാമിക നിയമപ്രകാരം വധം നാല് വിധമാണ്. മനഃപൂര്‍വമുള്ളത്, മനഃപൂര്‍വ വധത്തിനോട് സദൃശമായത് (ശിബ്ഹ് ഉംദ), അബദ്ധത്തില്‍ സംഭവിക്കുന്നത്, ഈ മൂന്ന് ഇനത്തിന്റെയും നിര്‍വചനത്തില്‍ പെടാത്തത്. ഒടുവില്‍ പറഞ്ഞതാണ് ഔഷധ വ്യാപാരിയുടെ ഭാഗത്ത്‌നിന്ന് സംഭവിച്ചത്. അത് ആദ്യം പറഞ്ഞ മൂന്ന് ഇനത്തില്‍ പെടുകയില്ല. ഇത് തീര്‍ച്ചയായും മനഃപൂര്‍വമോ അങ്ങനെ സംശയിക്കത്തക്കതോ ആയ സംഭവമല്ല, അബദ്ധത്തിലുള്ള കൊലയുമല്ല. എന്തുകൊണ്ടെന്നാല്‍ ഒരാള്‍ ഒരു മാരകായുധം മനുഷ്യേതര വസ്തുവിനെ ലക്ഷ്യം വെച്ചു പ്രയോഗിക്കുകയും അബദ്ധത്തില്‍ അത് താന്‍ ഉദ്ദേശിക്കാത്ത ഒരു മനുഷ്യന് കൊണ്ട് അയാള്‍ മരണപ്പെടുകയും ചെയ്യുന്നതാണ് അബദ്ധത്തിലുള്ള കൊലയുടെ നിര്‍വചനം. ഇതാകട്ടെ ആരെയും ദ്രോഹിക്കുക എന്ന ലക്ഷ്യം ഒട്ടുമല്ലാതെയും നാലാമത്തെ ഇനത്തില്‍ പെട്ട പ്രവൃത്തിയാണ്. ഒരു മാരകായുധം അറിഞ്ഞുകൊണ്ട് പ്രയോഗിക്കുന്ന പ്രവൃത്തിയും അതിലില്ല. അറിയാതെയോ അശ്രദ്ധയാലോ സംഭവിച്ച മരണം മാത്രമാണിത്.

എന്നാല്‍, ഖുര്‍ആനിലെ അബദ്ധത്തില്‍ സംഭവിച്ച കൊലപാതകത്തില്‍ തന്നെയാണ് ഇസ് ലാമിക നിയമജ്ഞന്മാര്‍ (ഫുഖഹാ) ഈ നാലാമത്തെ ഇനത്തെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതായത് വധിക്കപ്പെട്ടവന്‍ ഇസ് ലാമിക രാഷ്ട്രത്തിലെ പൗരനാണെങ്കില്‍ കൊലയാളി പ്രായശ്ചിത്തം (കഫ്ഫാറഃ) ചെയ്യുകയും ദിയാധനം നല്‍കുകയും വേണം. പ്രായശ്ചിത്തം എന്താണെന്ന് വിശുദ്ധ ഖുര്‍ആന്‍ തന്നെ വിശദീകരിച്ചു തന്നിട്ടുണ്ട്. വിശ്വാസിയായ ഒരു അടിമയെ മോചിപ്പിക്കുകയോ തുടര്‍ച്ചയായി രണ്ട് മാസം ഉപവസിക്കുകയോ ചെയ്യുക എന്നതാണത്. എന്നാല്‍, ദിയാധനത്തിന് ഒരു നിര്‍ണിത അളവ് ഖുര്‍ആന്‍ പറഞ്ഞിട്ടില്ല. എങ്കിലും ദിയ 100 ഒട്ടകമാണെന്ന് സന്ദേഹരഹിതമാം വിധമുള്ള (മുതവാതിര്‍) നബിവചനങ്ങളിലൂടെ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. അക്കാലത്ത് അതിന്റെ വിലപതിനായിരം ദിര്‍ഹം അഥവാ 221/2 സേര്‍ രണ്ട് ഔണ്‍സ് വെള്ളിയാണ്.

വിശുദ്ധ ഖുര്‍ആനില്‍ ആജ്ഞാപിക്കപ്പെട്ടതിനാല്‍ ഈ നഷ്ടപരിഹാരം പ്രക്രിയക്ക് വലിയ പ്രാധാന്യമുണ്ട്. അല്ലാഹുവിങ്കല്‍ കൊലപാതകക്രിയ പൊറുക്കപ്പെടണമെങ്കില്‍ കഫ്ഫാറ (പ്രായശ്ചിത്തം)ക്കൊപ്പം പ്രസ്തുത നഷ്ടപരിഹാരത്തുക കൂടി നൽകേണ്ടത് നിര്‍ബന്ധമാണെന്ന് വ്യക്തമായി ഖുര്‍ആന്‍ പറയുന്നുണ്ട്. നമ്മുടെ രാജ്യത്തെ നിയമപ്രകാരം അബദ്ധക്കൊലപാതകത്തിന് മറ്റെന്ത് ശിക്ഷ നല്‍കിയാലും അത് തടങ്കലാകട്ടെ, പിഴയാകട്ടെ മറ്റെന്തെങ്കിലുമാകട്ടെ, പരലോകത്ത് അല്ലാഹുവിന്റെ സമക്ഷത്തിങ്കല്‍ ഒരു മുസ് ലിം നിരപരാധിയാകാന്‍ നിര്‍ബന്ധമായ കഫ്ഫാറത്തിനോ ദിയക്കോ ഒരിക്കലും അത് പകരമാവുകയില്ല. അതിനാല്‍ മുസ് ലിംകള്‍ക്ക് ദിയയെക്കുറിച്ചു വ്യക്തമായ ധാരണയുണ്ടാകാനായി തല്‍സംബന്ധമായി അല്‍പം വിസ്തരിച്ചു തന്നെ വ്യക്തമാക്കുകയാണ് നാമിവിടെ.

'ആഖില' സങ്കല്പം
1. ദിയ നല്‍കാനുള്ള ഉത്തരവാദിത്തം കൊലപാതകിയുടെ മേല്‍ മാത്രം ചുമത്തുകയല്ല ശരീഅത്ത് ചെയ്തിട്ടുള്ളത്. പ്രത്യുത 'ആഖില'യെകൂടി അതില്‍ തുല്യ പങ്കാളിയാക്കിയിരിക്കയാണ്.
2. ഹനഫീ നിയമജ്ഞന്മാരുടെ (ഫുഖഹാ) വീക്ഷണത്തില്‍ ഒരാളുടെ സഹായികളും ബന്ധുക്കളുമായി ആരെല്ലാമുണ്ടോ അവരൊക്കെയും 'ആഖില'യില്‍ പെടും. കൊലപാതകി ഏതെങ്കിലും സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ ഉദ്യോഗസ്ഥനാണെങ്കില്‍ ആ ഡിപ്പാര്‍ട്ട്‌മെന്റിലെ ജീവനക്കാരൊക്കെയും 'ആഖില'യില്‍ പെടും. അപ്രകാരം ക്രമത്തില്‍ അവസാനം സര്‍ക്കാര്‍ ട്രഷറിയും അയാള്‍ക്ക് വേണ്ടി ദിയ നല്‍കാന്‍ ബാധ്യസ്ഥമായിത്തീരുന്നതാണ്.
3. ഒരാളുടെ കുറ്റത്തിനുള്ള ശിക്ഷ മറ്റെല്ലാവര്‍ക്കും നല്‍കുക എന്ന അടിസ്ഥാനത്തിലല്ല അബദ്ധക്കൊലയുടെ ദിയ 'ആഖില'യുടെ മേല്‍ ചുമത്തിയിരിക്കുന്നത്. മറിച്ച് ഒരു സഹോദരന്റെ മേല്‍ ഒരു അബദ്ധത്തിന്റെ ഭാരം വന്ന് ഭവിച്ചാല്‍ അയാളുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്ന എല്ലാവരും അയാള്‍ക്കൊരു കൈത്താങ്ങാവുക എന്ന അടിസ്ഥാനത്തിലാണ്. ഭാരം മുഴുവന്‍ ചുമക്കാന്‍ അയാളെ ഒറ്റക്കാക്കാതെ അയാള്‍ക്ക് ലഘൂകരണം നല്‍കുകയാണ് ഇതിന്റെ ഉദ്ദേശ്യം. അങ്ങനെ അയാളുടെ അബദ്ധം മൂലം ജീവനാശം സംഭവിച്ച കുടുംബത്തിനുള്ള നഷ്ടപരിഹാരം എളുപ്പത്തില്‍ ലഭ്യമാക്കിത്തീര്‍ക്കുകയാണ് ഇതിലൂടെ. ഇത് ഒരു തരത്തിലുള്ള സ്വദഖ-ദാനം- ആണ്. അല്ലെങ്കില്‍ തങ്ങളില്‍പെട്ട ഒരാളില്‍നിന്ന് സംഭവിച്ച മാരകമായൊരു അബദ്ധത്തില്‍ അയാളെ സഹായിക്കാന്‍ അയാളുടെ വിശാലാര്‍ഥത്തിലുള്ള അടുത്ത ബന്ധു ജനങ്ങളില്‍നിന്ന് സഹായം ലഭ്യമാക്കാന്‍ ദൈവമാര്‍ഗത്തില്‍ നല്‍കപ്പെടുന്ന ഒരു സംഭാവന. നമുക്കിതിനെ ധാര്‍മിക ഇന്‍ഷുറന്‍സ് എന്നും വ്യവഹരിക്കാവുന്നതാണ്.
4. 'ആഖില'യില്‍നിന്ന് നഷ്ടപരിഹാരത്തുക തീര്‍ത്തും ഒറ്റയടിക്ക് ഈടാക്കി കൊള്ളണമെന്നില്ല. മൂന്ന് വര്‍ഷത്തിനിടയില്‍ കുറേശ്ശയായും ഈടാക്കാം. 'ആഖില'യുടെ വിശാലാര്‍ഥം പരിഗണിച്ചാല്‍ പ്രതിശീര്‍ഷം രണ്ട് മൂന്ന് ശമ്പളത്തേക്കാളധികം സംഭാവന ആര്‍ക്കും ഭാരമായി ഭവിക്കയില്ലെന്ന് മനസ്സിലാക്കാവുന്നതാണ്.
5. ഈ സംഭാവന പുരുഷന്മാരില്‍നിന്നാണ് ഈടാക്കുക. സ്ത്രീകൾ ആഖില'യുടെ നിര്‍വചനത്തില്‍ പെടുകയില്ല.
6. നഷ്ടപരിഹാരത്തുകക്ക് വധിക്കപ്പെട്ടവന്റെ അനന്തരാവകാശികള്‍ക്കാണ് അര്‍ഹതയുണ്ടാവുക. അനന്തരാവകാശം ഏത് നിയമപ്രകാരമാണോ വിതരണം ചെയ്യപ്പെടുക അതേപ്രകാരം തന്നെ ഈ തുകയും വീതം വെക്കും.
7. മാപ്പു നല്‍കാനുള്ള അവകാശവും വധിക്കപ്പെട്ടവന്റെ അനന്തരാവകാശികള്‍ക്ക് മാത്രമായിരിക്കും.

ദിയ നിയമങ്ങളെക്കുറിച്ചു ചിന്തിക്കുന്ന ഒരാള്‍, നാഗരികമായും ധാര്‍മികവുമായും ഇന്ന് രാജ്യത്ത് നിലനില്‍ക്കുന്ന നിയമത്തെ അപേക്ഷിച്ച് എത്രയോ മെച്ചപ്പെട്ടതാണ് ഈ രീതി എന്ന് യാതൊരു മടിയും കൂടാതെ പറയാന്‍ നിര്‍ബന്ധിതനാകും. ഒരു വശത്ത് ഇതിലെ 60 ദിവസത്തെ നോമ്പിന്റെ പ്രായശ്ചിത്തത്തിലൂടെ, അബദ്ധവശാലോ അശ്രദ്ധയാലോ ജീവഹാനിക്ക് നിമിത്തമായ വ്യക്തിയുടെ ഹൃദയ ശുദ്ധീകരണം നടക്കുന്നു. മറ്റൊരു വശത്ത് ഇതേ പ്രായശ്ചിത്തം സമീപവാസികളായ എല്ലാ ആളുകളുടെയും അത്തരം അബദ്ധങ്ങളിലും അശ്രദ്ധയിലും ആപതിക്കുന്നതിനെതിരെ ജാഗ്രതയുള്ളവരാക്കി മാറ്റുന്നു. കൂടാതെ നഷ്ടപരിഹാരം നല്‍കാനുള്ള ആജ്ഞാപനത്തിലൂടെ ഒരു കൊലയാളിയുടെ അബദ്ധത്തിന്നിരയായ വ്യക്തിയുടെ കുടുംബത്തിന്റെ കണ്ണീരൊപ്പുന്ന ഘടകവും അതിലുണ്ട്. മറ്റൊരു വശത്ത് നഷ്ടപരിഹാരഭാരം 'ആഖില'യുടെ മേല്‍ ചുമത്തുക വഴി അതിന്റെ നിര്‍വഹണ പ്രക്രിയ അനായാസകരമാക്കുകയും ചെയ്തിരിക്കുന്നു. പിന്നെ, ദിയ നല്‍കുക എന്ന കൂട്ടുത്തരവാദിത്തം തങ്ങളുടെ കൂട്ടത്തിലുള്ള ആളുകളെ നിരീക്ഷിച്ചുകൊണ്ടിരിക്കാന്‍ 'ആഖില'യെ ജാഗരൂകമാക്കുമ്പോള്‍ മറുവശത്ത് ആ കുടുംബത്തിലെ അംഗങ്ങളില്‍ 'തങ്ങള്‍' ആര്‍ക്കും ഒരു പ്രയോജനവുമില്ലാത്ത സമുദായത്തിലല്ല' യാതനകളും വേദനകളും സുഖദുഖങ്ങളും പരസ്പരം പങ്കിട്ടെടുക്കുന്ന ഒരു വിഭാഗത്തിലാണ് ഉള്‍ച്ചേർന്നിരിക്കുന്നത് എന്ന ഒരു വികാരവും അത് അവരില്‍ സൃഷ്ടിക്കുന്നു (തര്‍ജുമാനുല്‍ ഖുര്‍ആന്‍ 1952 സെപ്റ്റംബര്‍)

ഘാതകന് അനന്തരാവകാശികളില്‍ ഒരാള്‍ മാപ്പ് കൊടുത്താല്‍
ചോദ്യം: വധിക്കപ്പെട്ടവന്റെ അനന്തരാവകാശികളില്‍ ആരെങ്കിലും ഒരാള്‍ ദിയാധനം സ്വീകരിച്ചോ അല്ലാതെയോ മാപ്പു കൊടുത്താല്‍ കൊലയാളി വധശിക്ഷയില്‍നിന്ന് മുക്തനാകുമോ! അവരുടെ തീരുമാനത്തില്‍ ഭൂരിപക്ഷ-ന്യൂനപക്ഷ പരിഗണനക്ക് സാധ്യതയുണ്ടോ ഇല്ലേ? ഉദാഹരണത്തിന് മൂന്ന് ആണ്‍മക്കളില്‍ ഒരാള്‍ പ്രതിക്രിയക്ക് മാപ്പു നല്‍കി എന്ന് സങ്കല്‍പിക്കുക. രണ്ടുപേര്‍ പ്രതിക്രിയ ചെയ്യണമെന്നതില്‍ ഉറച്ചു നില്‍ക്കുകയാണ്. എങ്കില്‍ ന്യായാധിപന്‍ ഇതില്‍ ഏതാണ് സ്വീകരിക്കുക?
ഉത്തരം: കൊല്ലപ്പെട്ടവന്റെ അനന്തരാവകാശികളില്‍ ആരെങ്കിലുമൊരാള്‍ മാപ്പു നല്‍കാനോ ദിയാധനം സ്വീകരിക്കാനോ തയാറാവുകയാണെങ്കില്‍ അനിവാര്യമായും വധശിക്ഷ റദ്ദാകും. അപ്പോള്‍ മറ്റവകാശികള്‍ ദിയാധനം സ്വീകരിക്കുന്നതില്‍ തൃപ്തിപ്പെടേണ്ടി വരും. ഇതില്‍ ന്യൂനപക്ഷ-ഭൂരിപക്ഷ തീരുമാനത്തിന് ഒരു പ്രസക്തിയുമില്ല. ഏതൊരു അന്തരാവകാശിയുടെ തീരുമാനപ്രകാരമാണോ മാപ്പു നല്‍കിയോ ദിയാധനം സ്വീകരിച്ചോ കൊലയാളിയെ ജീവിക്കാനനുവദിക്കുന്നത് ആ അനുവാദം പ്രതിക്രിയ (ഖിസ്വാസ്വ്)യില്‍ എങ്ങനെ നടപ്പിലാക്കും എന്നത് മാത്രമാണ് പ്രശ്‌നം. ഉദാഹരണത്തിന്, മൂന്ന് അനന്തരാവകാശികളില്‍ ഒരാള്‍ ഘാതകന് മാപ്പു നല്‍കയാല്‍ അതിനര്‍ഥം അയാളുടെ ജീവനില്‍ മൂന്നിലൊന്ന് നിലനിറുത്താമെന്നാണ്. അങ്ങനെ വരുമ്പോള്‍ അവശേഷിക്കുന്ന രണ്ട് അവകാശികളുടെ ആവശ്യപ്രകാരം മൂന്നില്‍ രണ്ട് ജീവനെടുത്ത് ബാക്കി ഒന്ന് നിലനിറുത്താന്‍ സാധിക്കുമോ? അങ്ങനെ സാധ്യമല്ലെങ്കില്‍ പിന്നെ അവശേഷിക്കുന്ന രണ്ടു അവകാശികള്‍ ദിയാധനം സ്വീകരിക്കുകയേ നിര്‍വാഹമുള്ളൂ. ഇതേ അഭിപ്രായം തന്നെയാണ് ഹസ്രത്ത് അബ്ദുല്ലാഹിബ്‌നു മസ്ഊദ് സമാനമായ ഒരു കേസില്‍ അഭിപ്രായപ്പെട്ടിട്ടുള്ളതും. ഹസ്രത്ത് ഉമര്‍ ആ അഭിപ്രായമനുസരിച്ചാണ് വിധി നടത്തിയത്. അതിനാലാണ് മബ്‌സൂത്വില്‍ ഇങ്ങനെ കാണുന്നത്:
أرَى هذا قَدْ أَحْيا بَعْضَ نَفْسِهِ فَلَيْسَ لِلآخَرِ أن يُتْلِفَهُ فأمضَى عمر القضاء عَلَيْهِ
'ഒരാള്‍ തന്റെ അവകാശമനുസരിച്ചു കൊലയാളിയുടെ ജീവനില്‍ ഒരു ഭാഗം നിലനിറുത്താന്‍ അനുവദിച്ചാല്‍ മറ്റുള്ള അവകാശികള്‍ക്ക് അത് നശിപ്പിക്കാന്‍ അവകാശമില്ലെന്നാണ് എന്റെ അഭിപ്രായം'' എന്നാണ് ഇബ്‌നു മസ്ഊദ് ഇവിടെ പറഞ്ഞിരിക്കുന്നത്. അത്പ്രകാരം ഹസ്രത്ത് ഉമര്‍ കേസ് തീര്‍പ്പാക്കുകയും ചെയ്തു. (തര്‍ജുമാനുല്‍ ഖുര്‍ആന്‍ 1952, ജൂണ്‍-ജൂലൈ). 


വിവ: വി.എ കബീർ

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top