അഖീദ പഠനത്തിന് ഒരു മുഖവുര
ഡോ. യൂസുഫുല്‍ ഖറദാവി
അസ്ഹറില്‍ പ്രാഥമിക ക്ലാസുകളില്‍ 'ഇല്‍മുത്തൗഹീദ്' (ഏകദൈവ വിജ്ഞാനീയം) പഠിപ്പിച്ചിരുന്ന ശൈഖുമാര്‍ തദ്വിഷയകമായ അടിസ്ഥാനങ്ങളായ ഇലാഹിയ്യാത്ത് (ദൈവശാസ്ത്രകാര്യങ്ങള്‍), നുബുവ്വാത്ത് (നബിമാരുമായി ബന്ധപ്പെട്ട വിജ്ഞാനീയങ്ങള്‍) സംഇയ്യാത്ത് (സ്വര്‍ഗ നരകാദികള്‍, ഖിയാമത്തിലെ ഭയനാകതകള്‍ എന്നിത്യാദി ദിവ്യസന്ദേശ (വഹ് യ്) ത്തെ ആശ്രയിച്ചറിയേണ്ട വിഷയങ്ങള്‍) എന്നിവ സംബന്ധിച്ച് ഞങ്ങള്‍ക്ക് ചില കുറിപ്പുകള്‍ തരുമായിരുന്നു.
ബൗദ്ധിക വിധി, ശര്‍ഈ വിധി എന്നിവ സംബന്ധിച്ച് ഗഹന പഠനങ്ങൾക്ക് അവര്‍ ഞങ്ങള്‍ക്ക് അവസരം ഒരുക്കിത്തന്നിരുന്നു. ബൗദ്ധിക വിധികള്‍ വാജിബ് (അനിവാര്യം) മുസ്തഹീല്‍ (അസംഭവ്യം) ജാഇസ് (അനുവദനീയം) എന്നിങ്ങനെ മൂന്നിനങ്ങളുണ്ടെന്നും, അനിവാര്യം എന്നാല്‍ ഇല്ല എന്ന് ബുദ്ധിക്ക് ചിന്തിക്കാന്‍ കഴിയാത്തതാണെന്നും, അസംഭവ്യം എന്നാല്‍ ഉണ്ട് എന്ന് ബുദ്ധിക്ക് ചിന്തിക്കാന്‍ കഴിയാത്തതാണെന്നും, സാധ്യം എന്നാല്‍ ഉണ്ടാകാനും ഉണ്ടാകാതിരിക്കാനും ഒരുപോലെ സാധ്യതയുള്ളത് എന്നും ഞങ്ങള്‍ പഠിച്ചു.
അല്ലാഹുവിന് നിര്‍ബന്ധമായി ഉണ്ടായിരിക്കേണ്ടവയും, അവന് ഉണ്ടാകാന്‍ പാടില്ലാത്തവയും, അവന് ഉണ്ടാകാവുന്നവയും സംബന്ധിച്ച് നാം പഠിക്കുന്നത് തൗഹീദ് വിജ്ഞാനീയത്തില്‍നിന്നാണ്. അല്ലാഹുവിന്റെ സ്വത്വ സവിശേഷതകള്‍ക്ക് യോജിച്ച വിധമുള്ള എല്ലാം അവനുണ്ടായിരിക്കല്‍ അനിവാര്യമാണ്. അവയ്ക്ക് വിരുദ്ധമായ ഒരു ന്യൂനത പോലും അല്ലാഹുവില്‍ ആരോപിക്കാവതല്ല.
ചില ഖുര്‍ആന്‍ സൂക്തങ്ങളും നബിവചനങ്ങളും അല്ലാഹു സൃഷ്ടികള്‍ക്ക് സമാനനാണെന്ന് തോന്നിപ്പിക്കുന്നവയാണ്. ചില ഉദാഹരണങ്ങള്‍:
تَبَارَكَ الَّذِي بِيَدِهِ الْمُلْكُ
'ആധിപത്യം ഏതൊരുവന്റെ കൈയിലാണോ അവന്‍ അനുഗ്രഹപൂര്‍ണനായിരിക്കുന്നു' (അല്‍മുല്‍ക് 1)
وَلِتُصْنَعَ عَلَىٰ عَيْنِي
'എന്റെ നോട്ടത്തിലായിക്കൊണ്ട് നീ വളര്‍ത്തിയെടുക്കപ്പെടാന്‍ വേണ്ടിയും' (ത്വാഹാ 39)
كُلُّ شَيْءٍ هَالِكٌ إِلَّا وَجْهَهُۚ
'അവന്റെ -അല്ലാഹുവിന്റെ- മുഖം ഒഴികെ എല്ലാം നശിക്കുന്നതാകുന്നു' (അല്‍ ഖസ്വസ്വ് 88)
ينزل ربّنا فى الثلث الأخير من الّليل
'രാത്രിയിലെ അവസാനത്തെ മൂന്നിലൊന്നില്‍ നമ്മുടെ റബ്ബ് ഇറങ്ങിവരുന്നതായിരിക്കും'1
ഇത്തരം ഖുര്‍ആന്‍ സൂക്തങ്ങളെയും നബി വചനങ്ങളെയും ഒന്നുകില്‍ വ്യാഖ്യാനിക്കാതെ മൗനം ഭജിക്കുകയോ, അവയെക്കുറിച്ച യഥാര്‍ഥ അറിവ് അല്ലാഹുവിന് മാത്രമാണെന്ന് സമ്മതിച്ച് നാം മാറിനില്‍ക്കുകയോ ആണ് വേണ്ടത്. കാരണം അല്ലാഹുവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നമ്മുടെ ബുദ്ധികള്‍ക്ക് എത്തിപ്പിടിക്കാന്‍ കഴിയുന്ന പരിധികള്‍ക്കും എത്രയോ അപ്പുറമാണ്. സൃഷ്ടികള്‍ക്കും സംഭവങ്ങള്‍ക്കും സദൃശനാവുക എന്നതില്‍നിന്ന് അല്ലാഹു തീർത്തും പരിശുദ്ധനാണെന്ന് നാം നിര്‍ബന്ധമായും വിശ്വസിച്ചിരിക്കണം.
لَيْسَ كَمِثْلِهِ شَيْءٌۖ وَهُوَ السَّمِيعُ الْبَصِيرُ
'അവനു തുല്യമായി യാതൊന്നുമില്ല. അവന്‍ എല്ലാം കാണുന്നവനും കേള്‍ക്കുന്നവനുമാകുന്നു' (അശ്ശൂറാ 11)
قُلْ هُوَ اللَّهُ أَحَدٌ . اللَّهُ الصَّمَدُ . لَمْ يَلِدْ وَلَمْ يُولَدْ . وَلَمْ يَكُن لَّهُ كُفُوًا أَحَدٌ
(നബിയേ) പറയുക: അവന്‍, അല്ലാഹു ഏകനാകുന്നു. അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു. അവന്‍ (ആര്‍ക്കും) ജന്മം നല്‍കിയിട്ടില്ല. (ആരുടെയും സന്തതിയായി) ജനിച്ചിട്ടുമില്ല. അവന്ന് തുല്യനായി ആരും ഇല്ല താനും' (അല്‍ ഇഖ്‌ലാസ്വ് 1-4)
അറബി ഭാഷയിലെ അലങ്കാരം, രൂപാലങ്കാരം, വ്യംഗ്യാര്‍ഥ പ്രയോഗം മുതലായവ അനുവദിക്കുന്ന പരിധിയില്‍ നിന്നുകൊണ്ടുമാത്രം അത്തരം സൂക്തങ്ങളെയും നബി വചനങ്ങളെയും വ്യാഖ്യാനിച്ചു മനസ്സിലാക്കുകയാണ് നമുക്ക് സ്വീകരിക്കാവുന്ന രണ്ടാമത്തെ രീതി. ഉദാഹരണം:
بيده الملك (അവന്റെ കൈയിലാണ് അധികാരം) എന്നത് 'അവന്റെ കഴിവിനും അധികാരത്തിനും കീഴില്‍', على عيني (എന്റെ കണ്ണാലെ) എന്നത് 'എന്റെ സംരക്ഷണത്തിലും പരിപാലനത്തിലും', كل شيئ هالك الّا وجهه എന്നത് 'അല്ലാഹുവിന്റെ സത്തയല്ലാതെ', ينزل ربّنا (നമ്മുടെ നാഥന്‍ ഇറങ്ങിവരും) എന്നത് 'അല്ലാഹുഅവന്റെ കാരുണ്യത്താലും ഔദാര്യത്താലും തന്റെ അടിമകള്‍ക്കു മേല്‍ പ്രകാശിതനാകും' എന്നൊക്കെ മനസ്സിലാക്കണം.
പണ്ഡിതന്മാര്‍ ഇത്തരം സൂക്തങ്ങളെ 'ആയാത്തുസ്സ്വിഫാത്ത്' എന്നും, ഹദീസുകളെ 'അഹാദീസുസ്സ്വിഫാത്ത്' എന്നും വിളിക്കുന്നു. സൃഷ്ടികളുമായി സാമ്യം തോന്നിപ്പിക്കുന്ന വിശേഷണങ്ങള്‍ എന്ന അര്‍ഥത്തില്‍ ഇവ الصفات الخبريّة എന്നും അറിയപ്പെടുന്നു. അഥവാ അല്ലാഹുവില്‍ നിന്നോ നബി(സ)യില്‍ നിന്നോ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം മനസ്സിലാക്കാന്‍ കഴിയുന്നവ.
സെക്കന്ററി തലം
സെക്കന്ററി തലത്തില്‍ തൗഹീദ് വിഷയകമായി അല്ലാമാ ലഖ്ഖാനി (മ.ഹി 1041) പദ്യ രൂപത്തില്‍ തയാറാക്കിയ 'അല്‍ ജൗഹറ' യും ശൈഖ് ബൈജൂരി (മ.ഹി 1277) തയാറാക്കിയ വ്യാഖ്യാനവുമായിരുന്നു പഠിക്കാനുണ്ടായിരുന്നത്.
എല്ലാ വിജ്ഞാനീയങ്ങളുടെയും അടിസ്ഥാന തത്ത്വങ്ങള്‍ പദ്യങ്ങളിലായി ആവിഷ്‌കരിക്കുക എന്നത് പഴയ കാല പണ്ഡിതന്മാരുടെ രീതിയായിരുന്നു. ഗ്രാമറില്‍ 'അല്‍ഫിയ്യത്തുബ്‌നു മാലിക് (മ.ഹി 672), തര്‍ക്കശാസ്ത്രത്തില്‍ അല്‍ അഖ്ദരി (മ.ഹി 983) യുടെ 'അല്‍ ജൗഹറ' എന്നീ പദ്യകൃതികളാണ് പഠിപ്പിക്കപ്പെട്ടിരുന്നത്. കവികള്‍ക്ക് എളുപ്പത്തില്‍ വഴങ്ങുന്ന 'അര്‍റജ്‌സ്' വൃത്തത്തിലായിരുന്നു ഇവയെല്ലാം വിരചിതമായിരുന്നത്.
'അല്‍ജൗഹറ'യിലെ ഒരു വരി ഇങ്ങനെ വായിക്കാം:
وكل نصّ أوهم التشبيها أوّله أو فوّض ورم تنزيها
'അല്ലാഹുവിന് സൃഷ്ടികളുമായി സാമ്യമുണ്ടെന്ന് തോന്നിപ്പിക്കുന്ന എല്ലാ പ്രമാണങ്ങളെയും വ്യാഖ്യാനിച്ച് മനസ്സിലാക്കണം. അല്ലെങ്കില്‍ അവയുടെ ഉദ്ദേശ്യം അല്ലാഹുവിനു മാത്രമെ അറിയൂ എന്ന് വെക്കണം, അല്ലാഹു എല്ലാ ന്യൂനതകളില്‍നിന്നും വിശുദ്ധനാണെന്ന് നീ ഉദ്ദേശിക്കണം.'
അല്ലാഹു സൃഷ്ടികള്‍ക്ക് സമാനനാണ്, അവന് ശരീരമുണ്ട്, അവന്‍ ഒരിടത്ത് കേന്ദ്രീകരിച്ചിരിക്കുന്നു, അവന്‍ ചിലേടങ്ങളില്‍ അവതരിക്കുന്നു മുതലായ വിശ്വാസങ്ങളില്‍നിന്ന് നാം മോചിതരായിരിക്കണം.
ഇമാം നസഫി (മ.ഹി 701) യുടെ തഫ് സീര്‍ പഠിച്ചിരുന്നപ്പോള്‍ ഖുര്‍ആന്‍ വ്യാഖ്യാനത്തില്‍ പില്‍ക്കാല പണ്ഡിതന്മാരുടെ അഭിപ്രായങ്ങളെയാണ് അദ്ദേഹം അവലംബിച്ചിരുന്നത് എന്ന് മനസ്സിലാക്കാനായി.
فإنّك بأعيننا 'തീര്‍ച്ചയായും താങ്കള്‍ നമ്മുടെ ദൃഷ്ടികളിലാകുന്നു' (അത്ത്വൂര്‍ 48) എന്നതിനെ 'നാം താങ്കളെ കാണത്തക്കവിധവും സംരക്ഷിക്കത്തക്കവിധവും' എന്നാണ് ഇമാം നസഫി വ്യാഖ്യാനിച്ചിരിക്കുന്നത്. 'ആധിപത്യം ഏതൊരുവന്റെ കൈയിലാണോ അവന്‍ അനുഗ്രഹപൂര്‍ണനായിരിക്കുന്നു' (അല്‍ മുല്‍ക് 1) എന്ന സൂക്തത്തെ, 'എല്ലാ സൃഷ്ടികള്‍ക്കും മേല്‍ അധികാരവും ആധിപത്യവും കൈകാര്യം ചെയ്യുന്നതില്‍' എന്നാണ് വ്യാഖ്യാനിച്ചിരിക്കുന്നത്. 'ആകാശത്തുള്ളവനെ പ്പറ്റി നിങ്ങള്‍ നിര്‍ഭയരാണോ?' (അല്‍ മുല്‍ക് 16) എന്നതിനെ 'ആകാശ ലോകങ്ങളില്‍ അധികാരാധിപത്യമുള്ളവനെന്നും, ആകാശം മലക്കുകളുടെ വിഹാരയിടമാണെന്നും, അവന്റെ വിധികളും ഗ്രന്ഥങ്ങളും ശാസനാ നിരോധങ്ങളും അവിടെ നിന്നാണ് അവതരിക്കുന്നതെന്നുമാണ് ഇമാം നസഫിയുടെ വ്യാഖ്യാനം.
പ്രാഥമിക, ദ്വിതീയ ഘട്ടങ്ങള്‍ക്കുശേഷം ഉസ്വൂലുദ്ദീന്‍ കോളേജില്‍, അശ്അരി ധാരയിലെ പ്രസിദ്ധമായ 'അല്‍ അഖാഇദുന്നസഫിയ്യ' യാണ് ആദ്യമായി പഠിച്ചത്. അതിന് അല്ലാമ സഅ്ദുദ്ദീന്‍ തഫ്്താസാനി (മ.ഹി 792) എഴുതിയ വ്യാഖ്യാനവും വ്യാഖ്യാനത്തിന് ഖയാലി (മ.ഹി 862), ഇസ്ഫറായീനീ (മ.ഹി 944) എന്നിവര്‍ എഴുതിയ അടിക്കുറിപ്പുകളും ഖയാലിയുടെ അടിക്കുറിപ്പുകള്‍ക്ക് അബ്ദുല്‍ ഹകീം സിയാല്‍ക്കോട്ടി (മ.ഹി 1067) എഴുതിയ കുറിപ്പും ചേര്‍ത്ത് അഞ്ചു കൃതികള്‍ ഒരു കൃതിയിലായി ക്രോഡീകരിച്ചതായിരുന്നു ഞങ്ങൾ പഠിച്ചിരുന്നത്.
കോളേജിലെ അവസാന വര്‍ഷം അദുദുദ്ദീന്‍ അല്‍ഈജീ (മ.ഹി 756) യുടെ അല്‍ മവാഖിഫും അതിന് അല്ലാമാ ശരീഫ് അല്‍ ജുര്‍ജാനി (മ.ഹി 816) തയാറാക്കിയ വ്യാഖ്യാനവും പഠിക്കാനവസരമുണ്ടായി.
ഈ ഗ്രന്ഥങ്ങളെല്ലാം അശ്അരി -മാതുരീദി സരണികള്‍ക്കനുസൃതമായി അഖീദ വിഷയങ്ങള്‍ വിശദീകരിക്കുന്നവയാണ്. അവ രണ്ടുമായി ചിലവിഷയങ്ങളില്‍ മാത്രമെ ഭിന്നതകള്‍ ഉണ്ടായിരുന്നുള്ളൂ.
തുനീഷ്യയിലെ സൈത്തൂന, മൊറോക്കോവിലെ ഫെസിലെ ഖര്‍വിയ്യീന്‍, ഇന്ത്യയിലെ ദയൂബന്ദ് മുതലായ ഇസ് ലാമിക സര്‍വകലാശാലകളിലെല്ലാം ഇവയായിരുന്നു പഠിപ്പിച്ചിരുന്നത്. ഇപ്പോഴും അശ്അരി സരണിക്കാണ് മേല്‍ക്കൈ. അല്ലാഹുവിന്റെ വിശേഷണങ്ങളുമായി ബന്ധപ്പെട്ട ഖുര്‍ആന്‍ സൂക്തങ്ങളും ഹദീസുകളുമായി ബന്ധപ്പെട്ട വിഷയങ്ങളിലെല്ലാം മേല്‍ ഗ്രന്ഥങ്ങളെല്ലാം ഏകോപിതമായി അഭിപ്രായപ്പെടുന്നത്, അവയുടെ യഥാര്‍ഥ ആശയം സംബന്ധിച്ച് മൗനം ഭജിക്കുകയും അവയുടെ അര്‍ഥവും വിവക്ഷയും അല്ലാഹുവിനു മാത്രമേ അറിയുകയുള്ളൂ എന്ന് സമ്മതിക്കുകയും വേണമെന്നാണ്. ഇതാണ് മുന്‍ഗാമികളുടെ അഭിപ്രായം. അറബി ഭാഷയുടെ വ്യാഖ്യാന സാധ്യതകള്‍ക്കകത്തു നിന്നുകൊണ്ട് അത്തരം പ്രമാണങ്ങളെ വ്യാഖ്യാനിച്ചു മനസ്സിലാക്കണം എന്നതാണ് പിന്‍ഗാമികളായ പണ്ഡിതന്മാരുടെ പക്ഷം. ഈ രണ്ടു നിലപാടുകളും മുന്‍ഗ്രന്ഥങ്ങള്‍ മുന്നോട്ട് വെക്കുന്നുണ്ട്. അതോടൊപ്പം, ഈ വിഷത്തില്‍ 'മുന്‍ഗാമികളുടെ വീക്ഷണം കൂടുതല്‍ സുരക്ഷിതമാണ്, പിന്‍ഗാമികളുടെ വീക്ഷണം കൂടുതല്‍ അറിവധിഷ്ഠിതമാണ്' എന്ന് അവര്‍ രേഖപ്പെടുത്തുന്നുമുണ്ട്.
(مذهب السلف أسلم ومذهب الخلف أعلم)
പിന്‍ഗാമികള്‍ മുന്‍ഗാമികളെക്കാള്‍ വിവരമുള്ളവരാണ് എന്നല്ല അവര്‍ ഉദ്ദേശിച്ചത്, അവരുടെ ചിന്താ സരണി കൂടുതല്‍ അറിവധിഷ്ഠിതമാണ് എന്നാണ്. പിന്‍ഗാമികളുടെ ചിന്താസരണി കൂടുതല്‍ അറിവധിഷ്ഠിതമാണ് എന്നു പറയാന്‍ കാരണം അത് സംശയം ദൂരീകരിക്കുകയും തെളിവ് സ്ഥാപിക്കുകയും ചെയ്യുന്നു. എപ്പോഴും അറിവിലേക്ക് ആകാംക്ഷാ പൂര്‍വം എത്തിനോക്കുന്ന ബുദ്ധിയെ തൃപ്തിപ്പെടുത്തുന്നു, 'അതിന്റെ ഉദ്ദേശ്യം ഏറ്റവും നന്നായി അറിയുക അല്ലാഹുവിന്നാണ്' എന്ന പ്രസ്താവന കൊണ്ടുമാത്രം തൃപ്തിവരില്ല. നിഷേധിക്കുന്നവരെയും സംശയാലുക്കളെയും മറ്റും തൃപ്തിപ്പെടുത്താനും ഏറ്റവും അനുയോജ്യം ഈ വ്യാഖ്യാനമാണ്.
അസ്ഹറിലെ പഠനകാലത്ത് ഈ വിഷയകമായി ഇത്രയുമാണ് ഞാന്‍ പഠിച്ചറിഞ്ഞത്.
ഇമാം ഹസനുല്‍ ബന്നായില്‍ നിന്ന് പഠിക്കാനായത്
ഇഖ്്വാനുല്‍ മുസ്ലിമൂനുമായി ബന്ധപ്പെടുകയും അതിന്റെ സ്ഥാപകന്‍ ഇമാം ഹസനുല്‍ ബന്നയുടെ 'അര്‍റസാഇല്‍' വായിക്കുകയും ചെയ്തപ്പോള്‍ രണ്ടു വീക്ഷണങ്ങള്‍ക്കുമിടയില്‍ നീതിപൂര്‍വകമായ സമന്വയം അദ്ദേഹം അതില്‍ മുന്നോട്ടു വെക്കുന്നത് കാണാനായി. അഖീദ കാര്യങ്ങളെ അല്ലാഹുവില്‍ ഭരമേല്‍പ്പിക്കുന്ന പൂര്‍വസൂരികളുടെ നിലപാടും വ്യാഖ്യാനിച്ചു മനസ്സിലാക്കുന്ന പില്‍ക്കാല പണ്ഡിതന്മാരുടെ രീതിയും ഇമാം ബന്ന സമന്വയിപ്പിച്ചവതരിപ്പിച്ചത് ഇങ്ങനെ വായിക്കാം:
ആദര്‍ശപരമായ വിഷയങ്ങളില്‍ ഇഖ് വാന്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ ആശയപരമായ ഐക്യം ഉണ്ടാവണം എന്ന ലക്ഷ്യത്തോടെ അദ്ദേഹം തയാറാക്കിയ 'അല്‍ ഉസ്വൂലുല്‍ ഇശ്്രീനി' (ഇരുപത് അടിത്തറകള്‍) ലെ പത്താമത്തെ അടിത്തറ വിശദീകരിച്ചുകൊണ്ട് അദ്ദേഹം എഴുതുന്നു: 'അല്ലാഹുവിന്റെ വിശേഷണങ്ങളുള്ള സൂക്തങ്ങളും സ്വഹീഹായ ഹദീസുകളും വ്യാഖ്യാനിക്കാതെയും നിരാകരിക്കാതെയും, അതുസംബന്ധമായി പണ്ഡിതന്മാര്‍ക്കിടയില്‍ നിലവിലുള്ള അഭിപ്രായവ്യത്യാസങ്ങളുടെ പക്ഷം ചേരാതെയും, 'അറിവിൽ അഗാധ പാണ്ഡിത്യമുള്ളവര്‍ ഞങ്ങള്‍ അതില്‍ വിശ്വസിച്ചിരിക്കുന്നു, എല്ലാം ഞങ്ങളുടെ റബ്ബില്‍ നിന്നുള്ളവയാണ് എന്നു പറയുന്നു (ആലു ഇംറാന്‍ 7) എന്ന സൂക്തം നബി(സ)യും സ്വഹാബികളും ഉള്‍ക്കൊണ്ടപോലെ നാം ഉള്‍ക്കൊള്ളുകയും വേണം.
തന്റെ 'രിസാല'യില്‍ അഖീദ കാര്യങ്ങള്‍ വിവരിക്കവെ, ഇമാം ബന്ന, അല്ലാഹുവില്‍ മനുഷ്യ ഗുണങ്ങളും ശരീരവും ആരോപിക്കുന്നതിനെ ഒരു വശത്തിലൂടെയും അല്ലാഹുവിന്റെ നാമങ്ങളെയും വിശേഷണങ്ങളെയും നിഷേധിക്കുന്ന ജഹ്്മികളെ മറ്റൊരു വശത്തിലൂടെയും അവതരിപ്പിക്കുന്നുണ്ട്. തുടര്‍ന്ന് മുന്‍ഗാമികളും പിന്‍ഗാമികളുമായ പണ്ഡിതന്മാരുടെ തദ്വിഷയകമായ അഭിപ്രായങ്ങള്‍ വിശദീകരിക്കുന്നു. മുന്‍ഗാമികള്‍ അല്ലാഹുവിന്റെ വിശേഷണങ്ങളുമായി ബന്ധപ്പെട്ട സൂക്തങ്ങളെയും നബിവചനങ്ങളെയും അപ്പടി വിശ്വസിക്കുന്നു, അവയുടെ ഉദ്ദേശ്യം അല്ലാഹുവിനു മാത്രമെ അറിയുകയുള്ളൂ എന്ന് പ്രഖ്യാപിക്കുന്നതോടൊപ്പം അല്ലാഹു സൃഷ്ടികളില്‍നിന്ന് തീര്‍ത്തും വ്യത്യസ്തനാണെന്ന് വിശ്വസിക്കുകയും ചെയ്യുന്നു.
മുന്‍ഗാമികള്‍ക്കും പിന്‍ഗാമികള്‍ക്കുമിടയില്‍
'അല്‍ അഖാഇദ്' എന്ന രി രിസലയില്‍ ഇമാം ബന്ന എഴുതുന്നു: 'അല്ലാഹുവിന്റെ വിശേഷണങ്ങളുമായി ബന്ധപ്പെട്ട സൂക്തങ്ങളും ഹദീസുകളും അവ എങ്ങനെയാണോ വന്നത്, അതേവിധം, വ്യാഖ്യാനിക്കാതെയും വിശദീകരിക്കാതെയും വിശ്വസിക്കുകയാണ് മുന്‍കാല പണ്ഡിതന്മാര്‍ ചെയ്തുപോന്നത്. അതേസമയം, പില്‍ക്കാല പണ്ഡിതന്മാരാകട്ടെ, അല്ലാഹുവിനെ സൃഷ്ടികളുമായി സാദൃശ്യപ്പെടുത്താതെ അവന്റെ വിശുദ്ധിയെ ഉയര്‍ത്തിപ്പിടിക്കുംവിധം അവയെ വ്യാഖ്യാനിച്ചുപോന്നു. രണ്ടുവീക്ഷണക്കാര്‍ക്കിടയിലും കടുത്ത അഭിപ്രായ ഭിന്നതകൾ നിലനിന്നിരുന്നു. അത് പക്ഷപാതപരമായ നിലപാടുകളിലേക്ക് തരംതാഴുകയും ചെയ്തിരുന്നു.'
എങ്കിലും രണ്ടു വിഭാഗങ്ങളും അംഗീകരിച്ചിരുന്ന മൂന്നു തത്വങ്ങള്‍ ഇമാം ബന്ന രേഖപ്പെടുത്തുന്നതിങ്ങനെ:
1. അല്ലാഹുവിനെ സൃഷ്ടികളുമായി ഏതെങ്കിലും തരത്തില്‍ സാദൃശ്യപ്പെടുത്തി അവതരിപ്പിക്കാവതല്ല.
2. അല്ലാഹുവുമായി ബന്ധപ്പെട്ട് ഖുര്‍ആനിലും ഹദീസുകളിലും വന്നിട്ടുള്ള പദങ്ങളെ മനുഷ്യരുമായി ബന്ധപ്പെട്ട് ആ പദങ്ങളെ മനസ്സിലാക്കും വിധം മനസ്സിലാക്കാവതല്ല.
3. അനുഭവ വേദ്യമോ മനസ്സുകളിലുള്ളതോ ആയ ആശയങ്ങളെ പ്രകാശിപ്പിക്കാനായാണ് പദങ്ങളെന്ന് രണ്ടു പക്ഷവും മനസ്സിലാക്കുന്നു. ഭാഷകള്‍ എത്രതന്നെ വികസിച്ചാലും ഭാഷയുടെ ഉപജ്ഞാതാക്കള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാത്ത അറിവുകളെ സ്വാംശീകരിക്കാനാവില്ല. അല്ലാഹുവുമായി ബന്ധപ്പെട്ട യാഥാര്‍ഥ്യങ്ങള്‍ ഈ ഗണത്തില്‍പെട്ടവയാണ്. ഈ വക ദൈവിക യാഥാര്‍ഥ്യങ്ങളെ ആവാഹിക്കാന്‍ ഭാഷകള്‍ പര്യാപ്തമല്ല. ഈ വക ആശയങ്ങളെ ഭാഷയിലൂടെ നിര്‍ണയിക്കാന്‍ കഴിയുമെന്ന് വിചാരിക്കുന്നത് ഭോഷത്വമാണ്.
ഇത് അംഗീകരിച്ചുകഴിഞ്ഞാല്‍ മുന്‍ഗാമികളും പിന്‍ഗാമികളും വ്യാഖ്യാനത്തിന്റെ അടിസ്ഥാനത്തില്‍ യോജിച്ചു. അല്ലാഹുവിനെ സൃഷ്ടികളുമായി സാദൃശ്യപ്പെടുത്തി സാധാരണക്കാര്‍ മനസ്സിലാക്കുന്നത് ഒഴിവാക്കാനായി അത്തരം സൂക്തങ്ങളെയും നബിവചനങ്ങളെയും പില്‍ക്കാല പണ്ഡിതന്മാര്‍ ആശയവ്യക്തത വരുംവിധം അര്‍ഥനിര്‍ണയം നടത്തുകയായിരുന്നു. അതിന്റെ പേരില്‍ ബഹളം വെക്കാനൊന്നുമില്ല.
ഇത്തരം ആശയങ്ങളെക്കുറിച്ച അറിവ് അല്ലാഹുവിലേക്ക് ഏല്‍പ്പിച്ച് മൗനം ഭജിക്കുന്ന പൂര്‍വകാല പണ്ഡിതന്മാരുടെ രീതിയാണ് കൂടുതല്‍ സുരക്ഷിതവും പിന്‍പറ്റാന്‍ കൂടുതല്‍ അര്‍ഹവും. ഈമാനിന്റെ ശാന്തിയും ബോധ്യത്തിന്റെ ശീതളിമയും അനുഭവിക്കാന്‍ ഭാഗ്യമുള്ളവനാണ് നീയെങ്കില്‍ ഈ നിലപാടിനു പകരം മറ്റൊരു നിലപാട് സ്വീകരിക്കാതിരിക്കുക.2
ഇബ്‌നു തൈമിയ്യയും ഇബ്‌നുല്‍ ഖയ്യിമും
അതോടൊപ്പം തന്നെ, ഇബ്‌നു തൈമിയ്യ (മ.ഹി 728) യുടെയും ശിഷ്യന്‍ ഇബ്‌നുല്‍ ഖയ്യിമി (മ.ഹി 751) ന്റെയും ചിന്തകളുടെ നേരെ വലിയ തോതിലുള്ള താല്‍പര്യവുമുണ്ടായി. ഇസ് ലാമിക ശരീഅത്തിന്റെ ഫിഖ്ഹിലും അതിന്റെ നന്മകള്‍ വിശദീകരിക്കുന്നതിലും അതിനെ പ്രതിരോധിക്കുന്നതിലുമെല്ലാം അവരുടെ വൈജ്ഞാനിക ധാരക്ക് വലിയ പങ്കുണ്ട്. ആദര്‍ശപരമായ വിഷയങ്ങളിലും അവര്‍ക്ക് സവിശേഷമായ വീക്ഷണങ്ങളുണ്ട്.
ഈജിപ്തില്‍ ഈ ധാരയെ പ്രതിനിധീകരിച്ചിരുന്നത് മുഹമ്മദ് റശീദ് രിദയായിരുന്നു. ശൈഖ് മുഹമ്മദ് ഹാമിദ് ഫഖ്ഖീ നേതൃത്വം വഹിച്ചിരുന്ന 'അന്‍സ്വാറുസ്സുന്നത്തില്‍ മുഹമ്മദിയ്യ'യും ഈ ധാരയെയാണ് പ്രതിനിധീകരിച്ചിരുന്നത്.
അല്ലാഹുവിന്റെ വിശേഷണങ്ങളുമായി ബന്ധപ്പെട്ട സൂക്തങ്ങളെയും നബിവചനങ്ങളെയും വ്യാഖ്യാനിക്കാതെയും അതിലെ ആശയങ്ങളെ സംബന്ധിച്ച് സംസാരിക്കാതെയും അവയുടെ വ്യാഖ്യാനം അല്ലാഹുവിനു മാത്രമെ അറിയുകയുള്ളൂ (ആലുഇംറാന്‍ 7) എന്ന നിലപാടു പുലര്‍ത്തുന്ന മുന്‍കാല പണ്ഡിതന്മാരുടെ കാഴ്ചപ്പാടിനോട് ഇബ്‌നു തൈമിയ്യയും ശിഷ്യന്മാരും വിയോജിപ്പ് പ്രകടിപ്പിച്ചു.
ഇതുസംബന്ധിച്ച് ഇബ്‌നു തൈമിയ്യ പറയുന്നു: മുന്‍കാല പണ്ഡിതന്മാരുടെ വീക്ഷണം ഇതല്ല. അല്ലാഹു തനിക്കുള്ളതായി സ്ഥാപിച്ചു പറഞ്ഞവ സ്ഥാപിച്ചു നല്‍കുകയും, അവന്‍ തനിക്കില്ലെന്ന് നിഷേധിച്ചവ നിഷേധിക്കുകയുമാണ് മുന്‍കാല പണ്ഡിതന്മാരുടെ രീതി. ഉദാഹരണമായി, 'അല്ല, അവന്റെ -അല്ലാഹുവിന്റെ- ഇരുകൈകളും നിവര്‍ത്തപ്പെട്ടവയാകുന്നു' (അല്‍മ ാഇദ 64) എന്ന സൂക്തത്തെ അല്ലാഹുവിന് രണ്ടു കൈകളുണ്ടെന്നും എന്നാല്‍ അവ നമ്മുടെ കൈകള്‍ പോലെയല്ലെന്നും മനസ്സിലാക്കണം. 'എന്റെ കഷ്ടമേ, അല്ലാഹുവിന്റെ ഭാഗത്തേക്ക് ഞാന്‍ ചെയ്യേണ്ടതില്‍ ഞാന്‍ വീഴ്ച വരുത്തിയല്ലോ' (അസ്സുമര്‍ 56) എന്ന സൂക്തത്തെ, അല്ലാഹുവിന് പാര്‍ശ്വമുണ്ട്, അതു പക്ഷെ, നമ്മുടെ പാര്‍ശ്വം പോലെയല്ല എന്ന് വ്യാഖ്യാനിക്കുകയാണ് മുന്‍ഗാമികളുടെ രീതി.
'നമ്മുടെ നാഥന്‍ -അല്ലാഹു- സമീപവാനത്തിലേക്ക് രാത്രിയുടെ അവസാന മൂന്നിലൊന്നില്‍ ഇറങ്ങിവരും' എന്ന നബിവചനത്തെ, അല്ലാഹു ഇറങ്ങിവരും, അതുപക്ഷെ നാം ഇറങ്ങിവരുന്നതുപോലെയല്ല എന്നാണ് മുന്‍ഗാമികള്‍ വ്യാഖ്യാനിച്ചിരുന്നത്. എല്ലാം അല്ലാഹുവില്‍ ഏല്‍പ്പിക്കുന്ന തരത്തില്‍ പ്രചാരത്തിലുള്ള നിലപാട് മുന്‍ഗാമികളുടേതല്ല. അത് പുത്തന്‍ ചിന്താസരണിയാണ്. ഇതായിരുന്നു അത് സംബന്ധമായി ഇബ്‌നു തൈമിയ്യയുടെ വിശദീകരണം.
ഈ വിഷകമായി ഞാന്‍ എത്തിച്ചേര്‍ന്ന നിലപാട് ഇങ്ങനെ സംഗ്രഹിക്കാം: മനുഷ്യര്‍ക്കും അല്ലാഹുവിനും ഉള്ളതായി നാം മനസ്സിലാക്കുന്ന കരുണ, ദേഷ്യം, സ്‌നേഹം, വെറുപ്പ്, സന്തോഷം, അഭിമാന രോഷം, അത്ഭുതം പോലുള്ള വികാരങ്ങളെ അല്ലാഹു തന്റെ കാര്യത്തില്‍ എങ്ങനെയാണോ സ്ഥാപിച്ചിരിക്കുന്നത് അങ്ങനെത്തന്നെ വ്യാഖ്യാനിക്കാതെ മനസ്സിലാക്കണം. അതായത്, അല്ലാഹുവിന്റെ കാരുണ്യം നമ്മുടെ കാരുണ്യം പോലെയല്ല, അവന്റെ ദേഷ്യം നമ്മുടെ ദേഷ്യം പോലെയല്ല, അവന്റെ സന്തോഷം നമ്മുടെ സന്തോഷം പോലെയല്ല എന്നിങ്ങനെ. അല്ലാഹുവിന്റെ അറിവ് നമ്മുടെ അറിവുപോലെയല്ല, അവന്റെ കേള്‍വി നമ്മുടെ കേള്‍വിപോലെയല്ല, അവന്റെ കാഴ്ച നമ്മുടെ കാഴ്ചപോലെയല്ല എന്നു പറയുന്നതുപോലെത്തന്നെയാണ് അവന്റെ വിശേഷണങ്ങളുടെ കാര്യവും.
അല്ലാഹു ഉയരത്തിലാണ്, മുകളിലാണ് പോലുള്ള പ്രമാണങ്ങളെ മുന്‍കാല പണ്ഡിതന്മാര്‍ വ്യാഖ്യാനിച്ചതുപോലെ മനസ്സിലാക്കണം. അതിന് ഏറ്റവും നല്ല മാതൃക അല്ലാമാ വാസിത്വിയുടെ 'അന്നസ്വീഹ' എന്ന കൃതിയില്‍ കാണാം.
അല്ലാഹുവിന് മനുഷ്യരുടേതുപോലെ അവയവങ്ങളുണ്ട് എന്ന് പ്രത്യക്ഷത്തില്‍ തോന്നുന്ന പ്രമാണങ്ങളെ സ്വീകാര്യവും സമീപസ്ഥവും ഉള്‍ക്കൊള്ളാവുന്ന വിധവും, വിദൂരവും കൃത്രിമവുമല്ലാത്തവിധവും വ്യാഖ്യാനിച്ച് മനസ്സിലാക്കുകയാണ് വേണ്ടതെന്ന ഇസ്സുബ്‌നു അബ്ദിസ്സലാമിന്റെയും ഇബ്‌നു ദഖീഖിൽ ഈദിന്റെയും വീക്ഷണത്തെയാണ് ഞാന്‍ പിന്തുണക്കുന്നത്.3
അല്ലാഹുവിന്റെ വിശേഷണങ്ങളെ വിശ്വസിക്കുന്നതും ജനങ്ങള്‍ക്ക് പഠിപ്പിക്കുന്നതും മുന്‍ഗാമികളുടെ മാതൃകയിലാവണം. അതായത്, ഖുര്‍ആനിലും സുന്നത്തിലും അവ വന്നതുപോലെ, ഒന്നിച്ചായല്ലാതെ വെവ്വേറെ തന്നെയായി കൈകാര്യം ചെയ്യണം. എല്ലാ മുസ് ലിംകളും അവ വിശ്വസിക്കുകയും അവ അല്ലാഹുവിന് സ്ഥാപിച്ച് നല്‍കുകയും വേണം. അല്ലാഹുവിന്റെ വിശേഷണങ്ങളുമായി ബന്ധപ്പെട്ട പ്രമാണങ്ങളെ ഒന്നിച്ചെടുത്ത് അവന്റെ പൂര്‍ണതക്ക് യോജിക്കാത്ത വിഭാവനക്കൊത്ത വിധം വ്യാഖ്യാനിക്കുന്നത് ഖുര്‍ആനിനും സുന്നത്തിനും യോജിക്കുകയില്ല. ഉദാഹരണമായി, അല്ലാഹുവിന് മുഖവും കണ്ണുകളും രണ്ടു കൈകളും വിരലുകളും പാദവും തണ്ടങ്കാലും മറ്റും ഉണ്ടെന്ന് നീ വിശ്വസിക്കണം എന്നു പറഞ്ഞു കേള്‍ക്കുമ്പോള്‍ അല്ലാഹുവിന് ഈ അവയവങ്ങളെല്ലാം ഉണ്ട് അഥവാ അവയവങ്ങളാല്‍ സുഘടിതനായ അസ്തിത്വമാണ് അല്ലാഹു എന്ന തോന്നല്‍ ബലപ്പെടും. ഈ രീതിയില്‍ ഖുര്‍ആനിലോ സുന്നത്തിലോ അല്ലാഹുവിനെ പരിചയപ്പെടുത്തിയിട്ടില്ല. ഈയൊരു സ്വഭാവത്തില്‍ അവയവങ്ങളെ ഒന്നിച്ചവതരിപ്പിച്ചുള്ള രീതി കാണാനും കഴിയില്ല. ഇസ് ലാമില്‍ പ്രവേശിക്കാന്‍ അത്തരം വിശ്വാസം വേണമെന്ന് നബി(സ) നിഷ്‌കര്‍ഷിച്ചിട്ടുമില്ല. സ്വഹാബികളോ താബിഈങ്ങളോ അല്ലാഹുവിന്റെ വിശേഷണങ്ങളെ ചേര്‍ത്തവതരിപ്പിച്ച് പഠിപ്പിച്ചിട്ടുമില്ല.
ഖുര്‍ആനിലോ ഹദീസിലോ ഇത്തരം വിശേഷണങ്ങള്‍ വായിക്കുമ്പോള്‍ അവിടെ പരാമര്‍ശിച്ച വിധവും ഏറ്റമാറ്റങ്ങളില്ലാതെയും അവയെ നിര്‍വീര്യമാക്കാതെയും രൂപഭാവങ്ങള്‍ സങ്കല്‍പിക്കാതെയും ഉപമിക്കാതെയും അവ വിശ്വസിക്കുകയാണ് വേണ്ടത്. ഈ രീതി സ്വീകരിച്ചാല്‍ സത്യമായും നാം മുന്‍ഗാമികളെ പിന്തുടര്‍ന്നവരാവും.4
കുറിപ്പുകൾ
1. البخاري فى التهجّد 1145, مسلم في صلاة المسافرين 758، مسند أحمد 7592، ابوداود في قيام اليل 1315، الترمذي في الدّعوات 3498، ابن ماجه في إقامة الصّلاة 1366 عن أبي هريرة
2. رسالة العقائد ص 408 - 418 من مجموعة رسائل الإمام الشهيد حسن البنا
3. فصول في العقيدة (موقفنا من قضيّة الصفات ص 118-132
4. الإخوان المسلمون ص 343