യൂസുഫ് നബിയുടെ ചാരിത്ര്യ ശുദ്ധി

ഡോ. സ്വലാഹ് അബ്ദുല്‍ ഫത്താഹ് ഖാലിദി‌‌

ഈജിപ്തിലെ ചക്രവര്‍ത്തിയുടെ ഭാര്യ യൂസുഫ് നബി(അ)യെ വശീകരിക്കാന്‍ ശ്രമിച്ചതായി ഖുര്‍ആന്‍ സ്ഥാപിക്കുന്നുണ്ട്.
وَرَاوَدَتْهُ الَّتِي هُوَ فِي بَيْتِهَا عَن نَّفْسِهِ وَغَلَّقَتِ الْأَبْوَابَ وَقَالَتْ هَيْتَ لَكَۚ قَالَ مَعَاذَ اللَّهِۖ إِنَّهُ رَبِّي أَحْسَنَ مَثْوَايَۖ إِنَّهُ لَا يُفْلِحُ الظَّالِمُونَ . وَلَقَدْ هَمَّتْ بِهِۖ وَهَمَّ بِهَا لَوْلَا أَن رَّأَىٰ بُرْهَانَ رَبِّهِۚ كَذَٰلِكَ لِنَصْرِفَ عَنْهُ السُّوءَ وَالْفَحْشَاءَۚ إِنَّهُ مِنْ عِبَادِنَا الْمُخْلَصِينَ 
'അവന്‍ -യൂസുഫ്- ഏതൊരുവളുടെ വീട്ടിലാണോ അവള്‍ അവനെ വശീകരിക്കാന്‍ ശ്രമം നടത്തി. വാതിലുകള്‍ അടച്ചുപൂട്ടിയിട്ട് അവള്‍ പറഞ്ഞു: ഇങ്ങോട്ടു വാ! അവന്‍ പറഞ്ഞു: അല്ലാഹുവില്‍ ശരണം! നിശ്ചയമായും അവനാണ് എന്റെ രക്ഷിതാവ്. അവന്‍ എന്റെ താമസം ക്ഷേമകരമാക്കിയിരിക്കുന്നു. തീര്‍ച്ചയായും അക്രമം പ്രവര്‍ത്തിക്കുന്നവര്‍ വിജയിക്കുകയില്ല. അവള്‍ക്ക് അവനില്‍ ആഗ്രഹം ജനിച്ചു. തന്റെ രക്ഷിതാവിന്റെ പ്രമാണം കണ്ടറിഞ്ഞില്ലായിരുന്നുവെങ്കില്‍ അവന്ന് അവളിലും ആഗ്രഹം ജനിച്ചേനെ. അപ്രകാരം (സംഭവിച്ചത്) തിന്മയും നീചവൃത്തിയും അവനില്‍നിന്ന് നാം തിരിച്ചുവിടുന്നതിന് വേണ്ടിയത്രെ. തീര്‍ച്ചയായും അവന്‍ നമ്മുടെ നിഷ്‌കളങ്കരായ ദാസന്മാരില്‍ പെട്ടവനാകുന്നു' (യൂസുഫ് 23,24)

ചക്രവര്‍ത്തിയുടെ ഭാര്യ യൂസുഫിനെ മോഹിച്ചു എന്നതില്‍ സംശയമില്ല. 'അവള്‍ക്ക് അവനില്‍ ആഗ്രഹം ജനിച്ചു' എന്ന് ഖുര്‍ആന്‍ വ്യക്തമായി പറയുന്നുണ്ടല്ലോ. അവളുടെ മോഹം അദ്ദേഹവുമായുള്ള ലൈംഗിക വേഴ്ചയായിരുന്നു എന്ന് മുന്‍സൂക്തത്തില്‍നിന്ന് വ്യക്തമാണ്.

അതേസമയം 'തന്റെ പ്രമാണം കണ്ടറിഞ്ഞില്ലായിരുന്നുവെങ്കില്‍ അവന്ന് അവളിലും ആഗ്രഹം ജനിച്ചേനെ' എന്നതിനെ എങ്ങനെയാണ് നാം മനസ്സിലാക്കുക?

യൂസുഫ് മോഹിച്ചുവോ?
ചില ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ യൂസുഫ് ചക്രവര്‍ത്തിയുടെ ഭാര്യയെ ലൈംഗികമായി മോഹിച്ചു എന്നതരത്തില്‍ വ്യാഖ്യാനിച്ചിട്ടുണ്ട്.  وَهَمَّ بِهَا എന്നതിലെ واو നെ 'അവള്‍ മോഹിച്ചു' എന്നതിലേക്ക് ചേര്‍ത്താണ് അവര്‍ വ്യാഖ്യാനിക്കുന്നത്. അതനുസരിച്ച് وَلَقَدْ هَمَّتْ بِهِۖ وَهَمَّ بِهَاഎന്നാവും വാചകം. അതായത്, 'അവള്‍ അവനെയും അവന്‍ അവളെയും മോഹിച്ചു' എന്നര്‍ഥം.

ലൈംഗിക വേഴ്ചയില്‍നിന്ന് യൂസുഫിനെ പിന്തിരിപ്പിച്ച 'പ്രമാണം' എന്ത് എന്ന് മനസ്സിലാക്കാന്‍ അവര്‍ അവലംബിക്കുന്നത് ഇസ്‌റാഈലി ഐതിഹ്യങ്ങളെയാണ്. റൂമിന്റെ ചുമരിനടുത്ത് തന്നെ ദുര്‍വൃത്തിയില്‍നിന്ന് തടയാനായി വന്ന പിതാവ് യഅ്ഖൂബിന്റെ രൂപം കണ്ടതാണ് 'പ്രമാണം' എന്നത്രെ ആ വ്യാഖ്യാനം. വ്യഭിചാരത്തിന്റെ നിഷിദ്ധത വ്യക്തമാക്കുന്ന ഖുര്‍ആനിലെ സൂക്തങ്ങള്‍ എഴുതിക്കണ്ടതാണ് 'പ്രമാണം' എന്നാണ് മറ്റൊരു വ്യാഖ്യാനം. പ്രത്യക്ഷപ്പെട്ടതാണെന്ന് ജിബ്്രീൽ പ്രത്യക്ഷപ്പെട്ടതാണെന്ന് മൂന്നാമതൊരു വ്യാഖ്യാനം. യൂസുഫ് രാജാവിന്റെ ഭാര്യയുടെ അടുത്തിരിക്കുമ്പോള്‍ ജിബ് രീല്‍ പ്രത്യക്ഷപ്പെട്ട് യൂസുഫിന്റെ പുറത്ത് അടിച്ചു. അതോടെ യൂസുഫിന്റെ വികാരത്തെ നിര്‍വീര്യമാക്കി. ഈ വ്യാഖ്യാനം ശുദ്ധ ഐതിഹ്യമാണ്.

മറ്റു ചില വ്യാഖ്യാതാക്കള്‍ യൂസുഫ് ലൈംഗികാഭിമുഖ്യം കാണിച്ചു എന്ന വാദത്തെ നിരാകരിക്കുന്നു. 'ആഗ്രഹം' എന്നതിന്റെ വിവക്ഷ മറ്റൊന്നാണെന്ന് അവര്‍ അഭിപ്രായപ്പെടുന്നു. യൂസുഫ് ലൈംഗികമായി മോഹിച്ചിട്ടില്ല. കാരണം, നബിമാര്‍ പ്രവാചകത്വത്തിനു മുമ്പും ശേഷവും പാപ സുരക്ഷിതരാണ്. യൂസുഫ് ലൈംഗികമായി മോഹിച്ചില്ല എന്നു തന്നെയാണ് നാമും മനസ്സിലാക്കുന്നത്. 'അവന്‍ -യൂസുഫ്- അവളെ ഉദ്ദേശിച്ചു' എന്നതിന്റെ വിവക്ഷ അവളെ അടിക്കാന്‍ ഉദ്ദേശിച്ചു എന്നത്രെ. അടിക്കാനായി കൈകളുയര്‍ത്തിയപ്പോള്‍ തന്റെ റബ്ബിന്റെ പ്രമാണം അവന്‍ കണ്ടു. അവളെ അടിക്കുന്നത് ലജ്ജാകരമാണ് എന്ന ബോധമാണ് പ്രമാണം എന്നതിന്റെ വിവക്ഷയെന്ന് അവര്‍ മനസ്സിലാക്കുന്നു. ഒരു സ്ത്രീയെ അടിക്കുക എന്നത് പുരുഷന് ചേര്‍ന്ന നടപടിയല്ല; രാജാവിന്റെ ഭാര്യയാവുമ്പോള്‍ വിശേഷിച്ചും.

എന്നാല്‍ മേല്‍ വ്യാഖ്യാനം യുക്തി സഹമായി തോന്നുന്നില്ല.
യൂസുഫ് 23,24 സൂക്തങ്ങളുടെ ഘടനയില്‍നിന്ന് യഥാര്‍ഥത്തില്‍ മനസ്സിലാവുന്നത് യൂസുഫിന് അങ്ങനെയൊരു മോഹം ഉണ്ടായിരുന്നില്ല എന്ന് നിഷേധിക്കുന്നതായാണ്.
(وَلَقَدْ هَمَّتْ بِهِۖ / وَهَمَّ بِهَا لَوْلَا أَن رَّأَىٰ بُرْهَانَ رَبِّهِۚ)
സൂക്തത്തിലെ وَهَمَّ بِهَا  എന്നതിലെ  واو പുനരാരംഭത്തെ സൂചിപ്പിക്കുന്നതാണ്, വാക്കുകളെയോ വാക്യങ്ങളെയോ കൂട്ടിച്ചേര്‍ക്കാനുള്ള സംയോജകാവ്യയമല്ല. സൂക്തത്തിലെ بِه എന്നതിലെ സര്‍വനാമത്തിലെത്തുമ്പോള്‍ പാരായണം നിർത്തുക. അതായത്, وَلَقَدْ هَمَّتْ بِهِۖ എന്ന് ഓതിവെച്ച ശേഷം وَهَمَّ بِهَا لَوْلَا أَن رَّأَىٰ بُرْهَانَ رَبِّهِۚ എന്ന് പാരായണം പുനരാരംഭിക്കുക.

لَوْلَا (ഇല്ലായിരുന്നുവെങ്കില്‍) എന്ന ഉപാധിയെ സൂചിപ്പിക്കുന്ന അക്ഷരത്തിന്റെ മറുപടിയായാണ് هَمَّ بِهَا (അവന്‍ അവളെ മോഹിക്കുമായിരുന്നു) എന്ന വാചകം. അതായത്, യഥാര്‍ഥ വാചക ഘടന ഇപ്രകാരമാണ്.
لَوْلَا أَن رَّأَىٰ بُرْهَانَ رَبِّهِۚ لهمّ بها
(അദ്ദേഹം തന്റെ രക്ഷിതാവിന്റെ പ്രമാണം കണ്ടില്ലായിരുന്നുവെങ്കില്‍ അവളെ മോഹിച്ചേനേ)
لَوْلَا എന്നത് ഒരു കാര്യം ഉണ്ടാകുന്നതിനെ തടയാന്‍ സൂചിപ്പിക്കുന്ന അക്ഷരമാണ്. അതായത്, 'തന്റെ രക്ഷിതാവിന്റെ പ്രമാണം കണ്ടില്ലായിരുന്നുവെങ്കില്‍' അദ്ദേഹം അവളെ മോഹിക്കുകയായിരുന്നു.' പ്രമാണം കണ്ടതിനാല്‍ മോഹിച്ചില്ല എന്നര്‍ഥം.
തന്റെ രക്ഷിതാവിന്റെ പ്രമാണം എന്നതിന്റെ വിവക്ഷ അല്ലാഹുവിനെക്കുറിച്ച യൂസുഫിന്റെ ശക്തമായ വിശ്വാസവും, അല്ലാഹു നിരീക്ഷിക്കുന്നു എന്ന ബോധ്യവും, അവനെ ധിക്കരിച്ചു കൂടാ എന്ന തീര്‍ച്ചയും പാപങ്ങളില്‍നിന്ന് വിട്ടുനില്‍ക്കാനുള്ള കടുത്ത ജാഗ്രതയുമാണ്.

മേല്‍ തെളിവുകളെ മുന്‍നിര്‍ത്തി, യൂസുഫ് രാജാവിന്റെ ഭാര്യയെ മോഹിച്ചില്ല എന്നുതന്നെയാണ് നമുക്ക് മനസ്സിലാവുന്നത്. പരിശുദ്ധനായതിനാല്‍ അദ്ദേഹം ലൈംഗികതക്ക് വശംവദനായിരുന്നില്ല. രാജ്ഞിയെ അടിച്ചു എന്നു പറയാന്‍ തെളിവുകള്‍ ഇല്ലാത്തതിനാല്‍ അദ്ദേഹം അടിക്കാന്‍ ഭാവിച്ചില്ല എന്നും നമുക്ക് മനസ്സിലാക്കാം.

മര്‍യം
അല്ലാഹു പറയുന്നു:
وَمَرْيَمَ ابْنَتَ عِمْرَانَ الَّتِي أَحْصَنَتْ فَرْجَهَا فَنَفَخْنَا فِيهِ مِن رُّوحِنَا وَصَدَّقَتْ بِكَلِمَاتِ رَبِّهَا وَكُتُبِهِ وَكَانَتْ مِنَ الْقَانِتِينَ 
'തന്റെ ഗുഹ്യസ്ഥാനം കാത്തു സൂക്ഷിച്ച ഇംറാന്റെ മകളായ മര്‍യമിനെയും (ഉപമയായി എടുത്തു കാണിച്ചിരിക്കുന്നു) അപ്പോള്‍ നമ്മുടെ ആത്മചൈതന്യത്തില്‍നിന്നു നാം അതില്‍ ഊതുകയുണ്ടായി. തന്റെ രക്ഷിതാവിന്റെ വചനങ്ങളിലും ഗ്രന്ഥങ്ങളിലും അവള്‍ വിശ്വസിക്കുകയും അവള്‍ ഭയഭക്തിയുള്ളവരുടെ കൂട്ടത്തിലാവുകയും ചെയ്തു.' (അത്തഹ്്രീം 12)

ഈസാനബിയുടെ മാതാവ് മര്‍യമിന്റെ ചാരിത്ര്യ ശുദ്ധിയാണ് സൂക്തത്തിലെ വിഷയം. അല്ലാഹുവിന്റെ ആത്മചൈതന്യം ഊതപ്പെട്ട അവര്‍ അല്ലാഹുവിന്റെ വചനങ്ങളെയും ഗ്രന്ഥങ്ങളെയും സത്യപ്പെടുത്തുകയുണ്ടായി.
كَانَتْ مِنَ الْقَانِتِينَ എന്ന സൂക്തഭാഗം ചിന്തനീയമാണ്. قَانِتِينَ എന്നാല്‍ ഭയഭക്തിയുള്ള പുരുഷന്മാര്‍ എന്നാണര്‍ഥം. മര്‍യം പെണ്ണാണെന്നിരിക്കെ, 'മര്‍യം ഭയഭക്തിയുള്ള പുരുഷന്മാരില്‍ പെട്ടവളായിരുന്നു' എന്ന പ്രയോഗത്തിന്റെ ഔചിത്യം എന്താണ്? كَانَتْ مِنَ الْقَانتات (അവള്‍ ഭയഭക്തിയുള്ള സ്ത്രീകളുടെ കൂട്ടത്തിലായിരുന്നു) എന്നല്ലെ വേണ്ടിയിരുന്നത്?
ഭയഭക്തിയുള്ള സ്ത്രീകള്‍ (ഖാനിത്താത്ത്) എന്നതിനു പകരം 'ഖാനിത്തീന്‍' (ഭയഭക്തിയുള്ള പുരുഷന്മാര്‍) എന്ന് പ്രയോഗിച്ചതിന്റെ ഉദ്ദേശ്യം എന്തായിരിക്കും?
മര്‍യമിന്റെ സവിശേഷ വ്യക്തിത്വമാവാം ആ പദപ്രയോഗത്തിന്റെ പശ്ചാത്തലം. അവര്‍ ഈസായെ ഗര്‍ഭം ധരിച്ചു, പ്രസവിച്ചു, പ്രതിസന്ധികള്‍ പലതും തരണം ചെയ്തു, കുഞ്ഞിനെയുമായി സമൂഹത്തിലേക്കിറങ്ങി. അതേക്കുറിച്ച് ഖുര്‍ആന്‍ പറയുന്നു:
فَأَتَتْ بِهِ قَوْمَهَا تَحْمِلُهُۖ 
'അനന്തരം അവനെ (കുട്ടിയെ) യും വഹിച്ചു കൊണ്ട് അവള്‍ തന്റെ ആളുകളുടെ അടുത്ത് ചെന്നു' (മര്‍യം 27)

തന്നെക്കുറിച്ച് അപഖ്യാതികള്‍ പരത്തിയ നാട്ടുകാരെ അവര്‍ ഉറച്ച മനസസ്സോടെയും ധൈര്യത്തോടെയും സ്ഥൈര്യത്തോടെയും അഭിമുഖീകരിച്ചു. അല്ലാഹുവിലുള്ള അവരുടെ വിശ്വാസവും അവന്റെ വാഗ്ദാനങ്ങളിലും ഗ്രന്ഥങ്ങളിലും വചനങ്ങളിലുമുള്ള അവരുടെ ബോധ്യവും അചഞ്ചലമായിരുന്നു, ഉയര്‍ന്ന നിലവാരത്തിലായിരുന്നു.
സാധാരണ ഗതിയില്‍ ഭയഭക്തരായ പുരുഷന്മാര്‍ക്കു മാത്രം സാധ്യമായ വിശ്വാസവും സ്ഥൈര്യവും ധൈര്യവും ദാര്‍ഢ്യവും അവര്‍ സ്വായത്തമാക്കിയതിനാല്‍ 'ഖാനിത്താത്ത്' (ഭയഭക്തകളായ സ്ത്രീകള്‍) എന്നു പറയാതെ 'ഖാനിത്തീന്‍' (ഭയഭക്തരായ പുരുഷന്മാര്‍) എന്നു ഖുര്‍ആന്‍ പ്രയോഗിച്ചു എന്നു മനസ്സിലാക്കുന്നതാണ് ഇവിടെ സംഗതം- അല്ലാഹു അഅ്‌ലം.

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top