നബി(സ)യും കായിക വിനോദങ്ങളും

അസ്‌ലം റാശിദ്‌‌
img

കായികാഭ്യാസവും വിനോദവും ഇസ്‌ലാമിക സംസ്‌കാരത്തില്‍ - 2/3

നബി(സ) കായിക ശക്തിക്കുവേണ്ടി പ്രത്യേകം പ്രാര്‍ഥിക്കുകയും പ്രാര്‍ഥിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
إذا جاء الرجُلُ يعودُ مريضًا فلْيقُلْ: اللهم اشْفِ عبدَكَ يَنْكأُ لكَ عدُوًّا، أو يَمْشي لكَ إلى صلاةٍ
'ഒരാള്‍ രോഗിയെ സന്ദര്‍ശിക്കാനായി ചെന്നാല്‍, 'അല്ലാഹുവേ, നിന്റെ ദാസന് നീ ശമനം നല്‍കേണമേ! അയാള്‍ നിന്റെ ശത്രുവെ പിടികൂടിയേക്കാം, നിനക്കു വേണ്ടിയുള്ള നമസ്‌കാരത്തിനായി അയാള്‍ നടന്നു പോയേക്കാം' (1)
اللهم اقسم لنا من خشيتك ما تحول به بيننا وبين معاصيك ، ومن طاعتك ما تبلغنا به جنتك ، ومن اليقين ما تُـهون به علينا مصيبات الدنيا ، ومتّعنا بأسماعنا وأبصارنا وقوتنا ما أحييتنا واجعله الوارث مِـنّـا
'അല്ലാഹുവേ! ഞങ്ങളുടെയും ഞങ്ങളുടെ പാപങ്ങളുടെയും ഇടയില്‍ തടയും വിധമുള്ള ഭയവും, നിന്റെ സ്വര്‍ഗം ഞങ്ങള്‍ പ്രാപ്യമാക്കുന്ന നിനക്കുള്ള അനുസരണവും, ദുന്‍യാവിലെ വിപത്തുകളെ ഞങ്ങള്‍ക്ക് നിസ്സാരമാക്കും വിധമുള്ള ദൃഢബോധ്യവും നീ ഞങ്ങള്‍ക്ക് വീതിച്ചു തരേണമേ! നീ ഞങ്ങളുടെ കാതുകളെയും കണ്ണുകളെയും ശക്തിയെയും കൊണ്ട് ഞങ്ങള്‍ ജീവിച്ചിരിക്കുവോളം ഞങ്ങളെ നീ ആനന്ദിപ്പിക്കേണമേ! ഞങ്ങള്‍ മരിക്കുംവരെയും അത് നീ നിലനിര്‍ത്തിത്തരേണമേ!' 2
اللهم ما رزقتني مما أحب فاجعله قوة لي فيما تحب
'ഞാന്‍ ഇഷ്ടപ്പെടുന്നതായ എന്ത് നീ എനിക്ക് നല്‍കിയോ, അതിനെ നീ ഇഷ്ടപ്പെടുന്ന കാര്യങ്ങള്‍ക്ക് കരുത്താക്കി മാറ്റേണമേ!' 3
أفضل ما أوتي الإنسان اليقين والعافية
'മനുഷ്യന് നല്‍കപ്പെട്ടതില്‍ ഏറ്റവും ശ്രേഷ്ഠം ഉറച്ച ബോധ്യവും സൗഖ്യവുമാണ്' 4
الْحَمْد لِلَّهِ الَّذِي أَذَاقَنِي لَذَّته وَأَبْقَى فِي قُوَّته وَأَذْهَبَ عَنِّي أَذَاهُ
'എന്നെ ഭക്ഷണത്തിന്റെ രുചി ആസ്വദിപ്പിക്കുകയും, എന്നില്‍ അതിന്റെ ശക്തി അവശേഷിപ്പിക്കുകയും, എന്നില്‍നിന്ന് അതിന്റെ ദുഷിപ്പ് നീക്കുകയും ചെയ്ത അല്ലാഹുവിന് സര്‍വസ്തുതിയും' 5

കായികാഭ്യാസം: മതവിധി
ഏതൊരു കാര്യവും അടിസ്ഥാനപരമായി അനുവദനീയമാണെന്നാണ് ഇസ് ലാമിക വിധി. അതേസമയം, ഇബാദത്തുകള്‍ അടിസ്ഥാനപരമായി നിരോധിതമാണ്. ഖണ്ഡിതമായ തെളിവുകളുണ്ടെങ്കില്‍ മാത്രമെ ഇബാദത്തുകള്‍ അനുവദനീയമാവൂ. കായികാഭ്യാസങ്ങളുടെ ലക്ഷ്യം ശരീരത്തിന്റെ ശാക്തീകരണവും അനുവദനീയമായ വിനോദവുമാണെങ്കില്‍ കായികാഭ്യാസം അനുവദനീയം മാത്രമല്ല അനുപേക്ഷണീയവുമായിരിക്കും. തെറ്റുകളില്‍നിന്ന് മുക്തമാവുക, ഒരേസമയം ആത്മാവിനെയും ശരീരത്തെയും പോഷിപ്പിക്കുന്നതാവുക എന്നിവയാണ് അവ ഇസ്്ലാമികമായി സാധുവാകുന്നതിന്റെ നിദാനം. സത്യവിശ്വാസി ഒരേസമയം ശാരീരികമായും ബൗദ്ധികമായും സ്വഭാവപരമായും ആത്മീയമായും ശക്തനായിരിക്കണം. കാരണം, പരമസത്യത്തെ ജയിപ്പിച്ചെടുക്കുക എന്നതാണ് അയാളുടെ ഉത്തരവാദിത്തം. അതിന് എല്ലാ ശേഷികളും ഒരുപോലെ വേണം. മതപരവും ഭൗതികവുമായ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കാന്‍ ശരീരം എത്രമാത്രം കരുത്തുറ്റതാകണമെന്ന് പറയേണ്ടതില്ല.

കായിക വളര്‍ച്ചയും ആത്മീയപോഷണവും ഒന്നിച്ചു നേടണം
നബി(സ)യുടെ അദ്ബാഅ് എന്ന പെണ്ണൊട്ടകം പങ്കെടുത്ത മത്സരങ്ങളിലൊന്നും തോറ്റിരുന്നില്ല. ഒരിക്കല്‍ ഒരു ഗ്രാമീണനായ അറബി തന്റെ ഒട്ടകവുമായി നബി(സ)യുടെ ഒട്ടകത്തെ തോല്‍പ്പിച്ചു. അത് സ്വാഹാബികള്‍ക്ക് പ്രയാസമുണ്ടാക്കി. തദവസരം പ്രതികരിച്ചുകൊണ്ട് അവിടുന്ന് പറഞ്ഞു:
إن حقا على الله أن لا يرفع شيئا من الدنيا إلا وضعه
'ദുന്‍യാവിലെ ഏതൊന്ന് ഉയര്‍ന്നാലും അതിനെ താഴ്ത്തികളയുക എന്നത് അല്ലാഹുവിന്റെ ബാധ്യതയാണ്. 6

ഉയര്‍ച്ചയും താഴ്ചയും ജയവും പരാജയവും ദുന്‍യാവില്‍ അല്ലാഹു സ്വീകരിക്കുന്ന നടപടിക്രമത്തിന്റെ ഭാഗമാണെന്ന് പഠിപ്പിക്കുകയായിരുന്നു ഇതിലൂടെ നബി(സ). 'അല്‍ ഖാഫിദ്' 'അര്‍റാഫിഅ്' 'അല്‍ മുഇസ്സ്' 'അല്‍ മുദില്ല്' എന്നീ സവിശേഷ നാമങ്ങള്‍ ഈ ആശയത്തെയാണ് സൂചിപ്പിക്കുന്നത്. ആലു ഇംറാന്‍ 26-ാം സൂക്തം ഇത് അടിവരയിടുന്നു. അഭ്യാസങ്ങള്‍ കായിക പ്രധാനം മാത്രമാകരുതെന്നും ആത്മീയം കൂടിയാവണമെന്നും അപ്പോള്‍ മാത്രമെ പരാജയം ഉള്‍ക്കൊള്ളാന്‍ കഴിയൂ എന്നുമുള്ള വലിയ പാഠമാണ് തന്റെ ഒട്ടകം പരാജയപ്പെട്ടപ്പോള്‍ നബി(സ) നടത്തിയ പ്രതികരണം നല്‍കുന്നത്.
സമാനമായ മറ്റൊരു സംഭവം ഇങ്ങനെ: നബി പത്‌നി ആഇശ(റ) പറയുന്നു: 'ഞാന്‍ ഒരു യാത്രയില്‍ നബി(സ)യോടൊപ്പമുണ്ടായിരുന്നു. അന്നു ഞാന്‍ തടിച്ചിട്ടില്ലാത്ത ഒരു പെണ്‍കുട്ടിയായിരുന്നു. അദ്ദേഹം ആളുകളോട് പറഞ്ഞു: 'നിങ്ങൾ മുന്നോട്ടു പോകൂ.' അതുപ്രകാരം അവര്‍ മുന്നോട്ടു പോയി. അതുകഴിഞ്ഞ് അദ്ദേഹം എന്നോട് 'വരൂ, ഞാന്‍ നീയുമായി ഒന്നു മത്സരിച്ചു നോക്കട്ടെ!' എന്നു പറഞ്ഞു. അങ്ങനെ ഞാന്‍ അദ്ദേഹത്തോട് മത്സരിച്ചു. ഞാന്‍ ഓടി അദ്ദേഹത്തെ മറികടന്നു. അദ്ദേഹം മൗനം ഭജിച്ചു. പിന്നെ കുറച്ചു കാലം കഴിഞ്ഞ് ഞാന്‍ തടിച്ച ശേഷം മറ്റൊരു യാത്രയില്‍ അദ്ദേഹം കൂടെയുണ്ടായിരുന്നവരോട് പറഞ്ഞു: 'നിങ്ങള്‍ മുന്നോട്ടു പോകൂ! ശേഷം എന്നോടു പറഞ്ഞു: 'വരൂ! ഞാന്‍ നീയുമായി ഒന്നു മത്സരിക്കട്ടെ' അങ്ങനെ അദ്ദേഹവുമായി മത്സരിച്ചു. മത്സരത്തില്‍ അദ്ദേഹം ജയിച്ചു. അപ്പോള്‍ ചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: 'ഇത് അന്നത്തേതിന് പകരമാണ്.'7

ജയപരാജയങ്ങളെ ശാരീരിക പ്രധാനമായല്ല, ആത്മീയ പ്രധാനമായാണ് നോക്കിക്കാണേണ്ടതെന്ന വലിയ പാഠമാണ് ഇതിലൂടെ നമുക്ക് ലഭിക്കുന്നത്. ശാരീരിക ക്ഷമത പോലെയോ, അതിനേക്കാളോ പ്രധാനമാണ് മാനസിക ക്ഷമത എന്നു പാഠം.

ശരീരത്തിന്റെ അവകാശം
ശരീരത്തിന്റെ ആരോഗ്യക്ഷമതയെയും ക്രിയാശേഷിയെയും ദോഷകരമായി ബാധിക്കുന്ന ഒന്നും ഇസ് ലാം അനുവദിക്കുന്നില്ല. എല്ലാ ദിവസവും നോമ്പു നോറ്റിരുന്ന അബുദ്ദര്‍ദാഇനെ 'നിന്റെ ശരീരത്തോട് നിനക്ക് ചില ബാധ്യതകളുണ്ട്' എന്ന് ഉപദേശിച്ച സുഹൃത്ത് സല്‍മാനെ നബി(സ) ശരിവെക്കുകയുണ്ടായി. 'ശരീരത്തെ എന്തിനായി നശിപ്പിച്ചു' എന്ന് ഓരോരുത്തരും പരലോകത്ത് വിചാരണ ചെയ്യപ്പെടുമെന്ന് നബി(സ) താക്കീതു ചെയ്തിട്ടുണ്ട്. 'മുടിയുള്ളവര്‍ അതിനെ ആദരിക്കട്ടെ!' 8 എന്ന നബിവചനം മൊത്തം ശരീരത്തിലേക്ക് വികസിപ്പിച്ചു മനസ്സിലാക്കേണ്ടതാണ്.

അല്ലാഹുവിനു വഴിപ്പെട്ടു ജീവിക്കാന്‍ ആരോഗ്യം വേണം
خُذُوا مَا آتَيْنَاكُم بِقُوَّةٍ 'നാം നിങ്ങള്‍ക്ക് നല്‍കിയത് ശക്തിയോടെ സ്വീകരിക്കുക' (ബഖറ 93)
فَخُذْهَا بِقُوَّةٍ 'നീ അത് ശക്തിയോടെ സ്വീകരിക്കുക' (അഅ്‌റാഫ് 145)
يَا يَحْيَىٰ خُذِ الْكِتَابَ بِقُوَّةٍۖ 'യഹ് യാ! നീ ഗ്രന്ഥം ശക്തിയോടെ സ്വീകരിക്കുക' (മർയം 12)
وَاذْكُرْ عِبَادَنَا إِبْرَاهِيمَ وَإِسْحَاقَ وَيَعْقُوبَ أُولِي الْأَيْدِي وَالْأَبْصَارِ
'കൈക്കരുത്തും കാഴ്ചപ്പാടുകളും ഉള്ളവരായിരുന്ന നമ്മുടെ ദാസന്മാരായ ഇബ്‌റാഹീം, ഇസ്ഹാഖ്, യഅ്ഖൂബ് എന്നിവരെയും ഓര്‍ക്കുക' (സ്വാദ് 45) തങ്ങള്‍ക്ക് ഒരു പ്രതിനിധിയെ അയച്ചു തരണം എന്ന് ആവശ്യപ്പെട്ട ക്രൈസ്തവ നജ്‌റാന്‍ സംഘത്തോട് നബി(സ) പറഞ്ഞത്, 'എന്നെ സത്യവുമായി അയച്ചവനാണ, ഞാന്‍ തീര്‍ച്ചയായും നിങ്ങളുടെ കൂടെ വിശ്വസ്തനും ശക്തനുമായ ഒരാളെ -അബൂ ഉബൈദയെ- അയച്ചു തരിക തന്നെ ചെയ്യും' എന്നാണ്.
ഏതാനും യുവാക്കള്‍ ജീവഛവങ്ങളെ പോലെ നടന്നു പോകുന്നതു കണ്ട സ്വഹാബി വനിത ശിഫാ ബിന്‍ത് അബ്ദില്ല അവരോട് പറഞ്ഞത്, 'ഉമര്‍ വേഗത്തിലാണ് നടന്നിരുന്നത്. സംസാരിക്കുമ്പോള്‍ ആളുകളെ കേള്‍പ്പിക്കത്തക്കവിധമാണ് സംസാരിച്ചിരുന്നത്, അടിച്ചാല്‍ വേദനിക്കും, അദ്ദേഹമായിരുന്നു യഥാര്‍ഥ ഭക്തന്‍, അദ്ദേഹം സംസാരത്തിലും ചലനങ്ങളിലും ശക്തനായിരുന്നു. ഇവര്‍ ഭക്തന്മാരല്ല, ഭക്തന്‍ ഉമറാണ്, ഉമര്‍ ശക്തി പ്രദര്‍ശിപ്പിച്ചിരുന്നു.'9

സുഖസൗകര്യങ്ങളില്‍നിന്നു പുറത്തു കടക്കുക
ശരീരത്തെ സുഖാലസ്യങ്ങളില്‍ തളച്ചിടാതെ പരുക്കന്‍ യാഥാര്‍ഥ്യങ്ങള്‍ക്ക് വിധേയമാക്കി വേണം മനുഷ്യര്‍ ജീവിക്കാന്‍. അത് സാധ്യമാകാന്‍ അത്തരം ശീലങ്ങളിലൂടെ ശരീരത്തെ വഴക്കിയെടുക്കണം. ഇക്കാര്യം നബി(സ) സ്വഹാബികളെ ഉല്‍ബോധിപ്പിച്ചിരുന്നു. അബ്ദുല്ലാഹിബ്‌നു ബുറൈദ റിപ്പോര്‍ട്ടു ചെയ്യുന്നു:

ഒരു സ്വഹാബി ഒരിക്കല്‍ ഈജിപ്തിലായിരുന്ന ഫുദാലബ്‌നു ഉബൈദിനെ സമീപിച്ചിങ്ങനെ പറഞ്ഞു: 'ഞാന്‍ നിങ്ങളെ സന്ദര്‍ശിക്കാനായി മാത്രം വന്നതല്ല. ഞാനും നിങ്ങളും നബി(സ)യില്‍നിന്ന് ഒരു ഹദീസ് കേട്ടിരുന്നു. അതേപറ്റി നിങ്ങള്‍ക്ക് കൂടുതല്‍ അറിവുണ്ടോ എന്നറിയാനായാണ് വന്നത്. ഫുദാല: 'നിങ്ങൾ വല്ലാതെ ക്ഷീണിച്ചതുപോലെയുണ്ടല്ലോ.' ആഗതന്‍: 'കൂടുതല്‍ സുഖസൗകര്യങ്ങള്‍ ഉപയോഗിക്കുന്നത് നബി(സ) നമ്മോട് വിലക്കിയതായിരുന്നുവല്ലോ.'
ഫുദാല: 'നിങ്ങള്‍ ചെരിപ്പ് ധരിച്ചിട്ടില്ലല്ലോ.
ആഗതന്‍: 'ഇടക്ക് ചെരിപ്പ് ധരിക്കാതെയും നടക്കണമെന്ന് നബി(സ) നമ്മോട് കല്‍പിക്കാറുണ്ടായിരുന്നുവല്ലോ.' 10
അസര്‍ ബൈജാനിലെ ഗവര്‍ണര്‍ക്ക് ഉമര്‍(റ) അയച്ച കത്തിലെ വാചകങ്ങള്‍ ഇത്തരം ഒരു മാര്‍ഗരേഖയാണ്.

 واياكم والتنعّم ..... وعليكم بالشمس فانّها حمام العرب وتمعد دوا واحشوشنوا واخلو لقوا
'നിങ്ങള്‍ സുഖജീവിതത്തെ കരുതിയിരിക്കുക. നിങ്ങള്‍ വെയിലുകൊള്ളണം. കാരണം അത് അറബികളുടെ കുളിപ്പുരയാണ്, നിങ്ങള്‍ മഅദ്ദ് ബ്‌നു അദ്‌നാനിന്റെ പരുക്കന്‍ ജീവിതം ശീലിക്കുക, നിങ്ങള്‍ പഴകിയ വസ്ത്രങ്ങള്‍ ധരിക്കുക.'11

നടത്തം: നബിവചനങ്ങളില്‍
മനുഷ്യനിലെ സ്വാഭാവികവും പ്രാഥമികവുമായ ചലന ഭാവമാണ് നടത്തം. മനുഷ്യരെക്കുറിച്ച് 'രണ്ടു കാലുകളില്‍ നടക്കുന്നവന്‍' എന്ന് അന്നൂര്‍: 45-ല്‍ പരാമര്‍ശമുണ്ട്. നബിമാരുടെ നടത്തം, സത്യവിശ്വാസികളുടെ നടത്തം, അഹങ്കാരികളുടെ നടത്തം, മൂസാനബിയുടെ ജ്യേഷ്ഠത്തിയുടെ നടത്തം, ശുഐബ് നബിയുടെ രണ്ടു പെണ്‍മക്കളുടെ നടത്തം എന്നിവ ഖുര്‍ആനില്‍ വിഷയീഭവിച്ചിട്ടുണ്ട്.
നബി(സ)യുടെ നടത്തത്തെക്കുറിച്ച് അലി(റ) പറഞ്ഞതായി കാണാം:
كاَنَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِذَا مَشَى تَكَفَّأَ تَكَفُّؤًا ؛ كَأَنَّمَا يَنْحَطُّ مِنْ صَبَبٍ
'ഇറക്കം ഇറങ്ങി വരുന്നതുപോലെ, നിലത്തുനിന്ന് കാലുകള്‍ പൊക്കി ശക്തമായും വേഗതയോടെയുമായിരുന്നു അദ്ദേഹം നടന്നിരുന്നത്.'12
ഇബ്‌നു അബ്ബാസ്(റ) പറയുന്നു:
  كان النّبي صلى الله عليه وسلم إذا مشى مشى مجتمعا يعرف أنه ليس بمشي عاجز ولا كسلان
'നബി(സ) നടക്കുമ്പോള്‍ ശരീരം ഒന്നിച്ച് പങ്കെടുക്കും വിധമായിരുന്നു നന്നിരുന്നത്, അലസനോ ദുര്‍ബലനോ അല്ലെന്ന് മനസ്സിലാവുന്നവിധം' 13
അബൂഹുറൈറ(റ) പറയുന്നു:
ما رأيت أحدا أسرع في مشيه من رسول الله - صلى الله عليه وسلم - كأنما الأرض تطوى له ، إنا لنجهد أنفسنا وإنه لغير مكترث
'നബി(സ)യേക്കാള്‍ വേഗത്തില്‍ നടക്കുന്ന മറ്റൊരാളെ ഞാന്‍ കണ്ടിട്ടില്ല. ഭൂമി അദ്ദേഹത്തിനുവേണ്ടി ചുരുട്ടപ്പെടുന്നതു പോലെയായിരുന്നു നടത്തം. (കുറഞ്ഞ സമയം കൊണ്ട് കൂടുതല്‍ ദൂരം കടന്നു പോകാന്‍ കഴിഞ്ഞിരുന്നു) ഞങ്ങളാകട്ടെ, നടക്കാന്‍ നന്നായി ബുദ്ധിമുട്ടിയിരുന്നു. അദ്ദേഹത്തിനാവട്ടെ, അത് പ്രയാസകരമായിരുന്നില്ല' 14
ഹുദൈബിയ സന്ധിക്കുശേഷം ഉംറക്കായി മക്കയിലേക്കു പോയ വേളയില്‍ മുസ്്ലിംകള്‍ ജ്വര ബാധയാല്‍ ക്ഷീണിതരായിരുന്നു. തദവസരം ശത്രുക്കളുടെ മുമ്പാകെ നല്ല കരുത്തോടെ തന്നെ വേണം ത്വവാഫ് ചെയ്യാനെന്ന് നബി(സ) നിര്‍ദേശിച്ചു.
رحم الله امرأ أراهم من نفسه قوّة
'തന്റെ ശക്തി ശത്രുക്കളെ കാണിച്ചു കൊടുക്കുന്നവരെ അല്ലാഹു അനുഗ്രഹിക്കട്ടെ!' 15 ഇതുപ്രകാരം, ശത്രുക്കള്‍ നോക്കി നില്‍ക്കുന്ന ഭാഗത്തെത്തുമ്പോള്‍ സ്വഹാബികള്‍ കാലുകള്‍ അടുപ്പിച്ച് വെച്ച് വേഗത്തില്‍ നടന്നു.
ത്വാഇഫിലേക്കുള്ള യാത്രയില്‍ ദുര്‍ഘട പാതകളത്രയും നബി(സ) താണ്ടിയത് കാല്‍നടയായാണ്. ബദ്‌റിലേക്കുള്ള യാത്രയില്‍ തന്നോടൊപ്പമുണ്ടായിരുന്ന അലി(റ)യും അബ്ദുല്ലാഹിബ്‌നു റവാഹ(റ)യും തങ്ങള്‍ നടന്നുകൊള്ളാം, താങ്കള്‍ വാഹനപ്പുറത്ത് യാത്രചെയ്‌തോളൂ എന്നു പറഞ്ഞപ്പോള്‍, അവിടുത്തെ പ്രതികരണം ഇങ്ങനെയായിരുന്നു;
انكما لستما بأقدر مِنِّي عَلَى الْمَشْيِ وَلاَ أَنَا بِأَغْنَى مِنْكُمَا عَنْ  الْأَجْرِ
'നിങ്ങള്‍ രണ്ടുപേര്‍ക്കും എന്നേക്കാള്‍ നടക്കാന്‍ ശേഷിയില്ല. ഞാനാണെങ്കില്‍ (നടന്നുള്ള) പ്രതിഫലം വേണ്ടാത്തവനുമല്ല' 16 ജാബിര്‍(റ) പറയുന്നു. ചിലര്‍ നബി(സ)യെ സമീപിച്ച് തങ്ങള്‍ക്ക് വല്ലാത്ത ക്ഷീണമുണ്ടെന്ന് പ്രയാസം പറഞ്ഞു. അവര്‍ക്കുവേണ്ടി പ്രാര്‍ഥിച്ച ശേഷം അവിടുന്ന് പറഞ്ഞു:
عليكم بالنّسلان 'നിങ്ങള്‍ വേഗത്തിലുള്ള നടത്തം ശീലമാക്കുക' അതിനുശേഷം അവര്‍ വേഗത്തില്‍ നടന്നു ശീലിച്ചു. അത് അവര്‍ക്ക് വളരെ ലഘുവായി തോന്നി. 17
നബി(സ) നടന്നും വാഹനപ്പുറത്തേറിയും ഖുബാഅ് പള്ളിയില്‍ വന്നു നമസ്‌കരിക്കാറുണ്ടായിരുന്നു.
من مشى بين الغرضين كان له بكلّ خطوة حسنة
'രണ്ട് ലക്ഷ്യസ്ഥാനങ്ങള്‍ക്കിടയില്‍ -അമ്പെയ്യുന്ന സ്ഥലവും അമ്പ് കൊള്ളുന്ന ലക്ഷ്യസ്ഥാനവും- നടക്കുന്ന ആള്‍ക്ക് ഓരോ കാലടിക്കും നന്മയുണ്ടായിരിക്കും' 18
أعظم الناس أجرًا في الصلاة أبعدهم فأبعدهم ممشى
'നമസ്‌കാരത്തില്‍ ഏറ്റവും മഹത്തായ പ്രതിഫലം ലഭിക്കുക അകലെ നിന്നും ഏറ്റവും അകലെനിന്നും നടന്നുവരുന്നവര്‍ക്കായിരിക്കും' 19
നബി(സ) തന്റെ ആറുവയസ്സിനിടയില്‍ മാതാവിനോടൊപ്പം അമ്മാവന്മാരെ സന്ദര്‍ശിക്കാനായി നാനൂറ്റി അന്‍പത് കിലോമീറ്ററെങ്കിലും മക്കക്കും മദീനക്കുമിടയില്‍ സഞ്ചരിച്ചിട്ടുണ്ടാവുമെന്ന് ഒരു ചരിത്രകാരന്‍ രേഖപ്പെടുത്തുന്നു.

ഓട്ടം
ഒരു യുദ്ധം കഴിഞ്ഞു മദീനയിലേക്ക് തിരിച്ചു വരികയായിരുന്ന നബി(സ) ഒരു അന്‍സ്വാരിയുമായി മത്സരിച്ചോടാന്‍ സലമത്തുബ്‌നുല്‍ അക് വഇനെ അനുവദിക്കുകയുണ്ടായി. സലമ, അന്‍സ്വാരിയെ ഓട്ടത്തില്‍ തോല്‍പിച്ചു. 20
ഉമറി(റ)ന്റെ കുടുംബം മോചിപ്പിച്ച ദക് വാന്‍ അക്കാലത്തെ ഏറ്റവും വലിയ ഓട്ടക്കാരില്‍ ഒരാളായിരുന്നു. ഒരു ദിവസം കൊണ്ട് മക്കയില്‍നിന്ന് മദീനയിലേക്ക് അഞ്ഞൂറ് കി.മീ അദ്ദേഹം ഓടുകയുണ്ടായി.

ഒരു ഹജ്ജുവേളയില്‍ ദക് വാന്‍ മദീനയിലെ മര്‍വാന്റെ ഖലീഫയായ അബൂഹുറൈറയോടൊപ്പം ഇശാ നമസ്‌കാരത്തിനെത്തിയപ്പോള്‍ അബൂഹുറൈറ പറഞ്ഞു: 'താങ്കളുടെ ഹജ്ജ് സ്വീകരിക്കപ്പെടില്ല' ദക് വാന്‍: എന്തുകൊണ്ട്?' അബൂഹുറൈറ(റ): 'നിങ്ങള്‍ ഉച്ചക്കു മുമ്പെ മക്കയില്‍നിന്നു പോന്നു' (ഉച്ചക്ക് ജംറയില്‍ എറിയുന്നതിനു മുമ്പെ മദീനയിലേക്ക് മടങ്ങി) അപ്പോള്‍ ദക് വാന്‍, മര്‍വാന്‍ ഉച്ചക്കു ശേഷം ഒപ്പിട്ടു നല്‍കിയ കത്ത് അബൂഹുറൈറ(റ)യെ കാണിച്ചു. അബൂഹുറൈറ(റ) ശരിവെച്ചു.
നബി(സ) അബ്ബാസിന്റെ മക്കളായ അബ്ദുല്ലയെയും ഉബൈദുല്ലയെയും കുസൈറിനെയും വരിയില്‍ നിര്‍ത്തിയിട്ട് 'എന്റെ അടുത്തേക്ക് ഓടിയെത്തുന്നവര്‍ക്ക് ഇന്നാലിന്ന സമ്മാനങ്ങളുണ്ടെന്ന് പറയുമായിരുന്നു. അതുപ്രകാരം അവര്‍ മത്സരിച്ചോടി നബി(സ)യുടെ മുതുകത്തും നെഞ്ചത്തും വന്നു വീഴുമായിരുന്നു. അവിടുന്ന് അവരെ ചുംബിക്കുകയും ആശ്ലേഷിക്കുകയും ചെയ്തിരുന്നു.'

ഭാരദ്വഹനം
നബി(സ)യുടെ കാലത്ത് അറബികള്‍ക്കിടയില്‍ പ്രചാരത്തിലുണ്ടായിരുന്ന ഒരു കായികാഭ്യാസമാണ് ഭാരദ്വഹനം. ഇത് 'റബ്അ്' എന്നറയിപ്പെടുന്നു. ആളുകളുടെ ശക്തിയും ആരോഗ്യവും പരിശോധിക്കാനായി ഇത് ഉപയോഗപ്പെടുത്തപ്പെട്ടു. 'റബീഅ്' 'മര്‍ബൂഅ്' എന്നാല്‍ പൊക്കപ്പെടുന്ന കല്ല് എന്നര്‍ഥം. ഒരു നബി വചനത്തില്‍ ഇങ്ങനെ കാണാം:
أن النبى صلى الله عليه وسلم "مَرَّ بقوم يَرْبَعون حَجَراً يُرِيدُونَ الشِّدَّةَ  فقال: عمال الله أقوى من هؤلاء
'നബി(സ) കല്ലെടുത്ത് പൊക്കുകയായിരുന്ന ഒരു സംഘത്തിനടുത്തു കൂടി നടന്നുപോയി. (നബി(സ) അനിഷ്ടം പ്രകടിപ്പിച്ചില്ല) അപ്പോള്‍ അദ്ദേഹം പറഞ്ഞു: 'അല്ലാഹുവിന്റെ തൊഴിലാളികള്‍ ഇവരേക്കാള്‍ ശക്തരായിരിക്കും.'21 മറ്റൊരു റിപ്പോര്‍ട്ടില്‍ ഇങ്ങനെ കാണാം:
 الا اخبركم باشدّكم- قالوا: بلى، قال: من ملك نَفْسَهُ عِنْدَ الْغَضَبِ
'നിങ്ങളില്‍ ഏറ്റവും ശക്തന്‍ ആരാണെന്ന് ഞാന്‍ പറഞ്ഞു തരട്ടെയോ? അവര്‍: 'അതെ!' നബി(സ); 'ദേഷ്യം വരുമ്പോള്‍ സ്വന്തത്തെ നിയന്ത്രിക്കുന്നവനാണ്.'22
'ഒരിക്കല്‍ നബി (സ), വുദു ചെയ്യാനുണ്ടാക്കിയ നീളമുള്ളതും തുരന്നുണ്ടാക്കിയതുമായ ശിലാ നിര്‍മിത പാത്രം ചിലര്‍ പൊക്കുന്നതു കണ്ടു. അപ്പോള്‍ നബി(സ)
أتحسبون الشدّة في حمل الحجارة إنّما الشدّة أن يمشي أحدكم غيظا ثمّ يغلبه
'കല്ല് പൊക്കുന്നതാണോ ബലമായി നിങ്ങള്‍ വിചാരിക്കുന്നത്? യഥാര്‍ഥ ബലം എന്നാല്‍ കോപം നിറഞ്ഞു വരുമ്പോള്‍ അതിനെ ജയിക്കലാണ്'23 ശാരീരിക ബലത്തേക്കാള്‍ ആത്മീയ ബലം നേടുകയാണ് പ്രധാനം എന്നര്‍ഥം.

മികച്ച ശാരീരിക ശേഷിയുണ്ടായിരുന്ന ജാബിറുബ്‌നു അബ്ദില്ല(റ)യാണ് സ്വഹാബികളില്‍ ഈ അഭ്യാസത്തില്‍ മികച്ചയാള്‍. അലിയ്യുബ്‌നു അബീത്വാലിബും പ്രഗത്ഭ അഭ്യാസിയായിരുന്നു. ഖൈബര്‍ യുദ്ധവേളയില്‍ അലി(റ) പ്രദര്‍ശിപ്പിച്ച അസാമാന്യമായ ഭാരദ്വഹന ശേഷിയെക്കുറിച്ച് നബി(സ)യുടെ വിമോചിത അടിമ അബൂറാഫിഅ് പറയുന്നു: 'ഞങ്ങൾ യഹൂദരുടെ കോട്ടയോടടുത്തപ്പോള്‍ അകത്തുണ്ടായിരുന്നവര്‍ പുറത്തേക്കു വന്നു. അലി(റ) അവരുമായി പൊരുതി. അതിനിടെ അദ്ദേഹത്തിന്റെ പരിച കൈയില്‍നിന്നു വീണുപോയി. അലി(റ) കോട്ടയുടെ അടുത്തുണ്ടായിരുന്ന ഒരു വാതില്‍ കൈയിലെടുത്തു, അത് പരിചയാക്കി. യുദ്ധം ജയിച്ചശേഷം വാതില്‍ അവിടെ വെച്ചു. ഞങ്ങള്‍ ഏഴു പേര്‍ ചേര്‍ന്ന് ആ വാതില്‍ പൊക്കാന്‍ ശ്രമിച്ചിട്ടും പൊങ്ങിയിരുന്നില്ല.24

നീന്തല്‍
നബി(സ) പ്രത്യേകം പ്രോത്സാഹിപ്പിച്ചിട്ടുള്ള ഒരിനമാണ് നീന്തല്‍. ബാലനായിരിക്കെ മദീനയിലെ അമ്മാവന്മാരുടെ കൂടെ കഴിയുമ്പോള്‍ നബി(സ) നീന്തല്‍ വശമാക്കിയിരുന്നു. പിന്നീടൊരിക്കല്‍ മദീനയില്‍ പോയപ്പോള്‍ പിതാവിനെ മറമാടിയ സ്ഥലത്തെത്തിയപ്പോള്‍ നബി(സ) കൂടെയുണ്ടായിരുന്ന സ്വഹാബികളോടായി പറഞ്ഞു:
ها هنا نزلت بي أمي، وأحسنت العوم في بئر بني عدي بن النجار
'ഇവിടെയാണ് എന്റെ മാതാവ് എന്നെയുമായി താമസിച്ചിരുന്നത്. അദിയ്യുബ്‌നു ന്നജ്ജാറിന്റെ കിണറില്‍ വെച്ച് ഞാന്‍ നന്നായി നീന്തിപ്പഠിച്ചു.'25 (നീന്തല്‍ പഠിച്ചു എന്നല്ല, നീന്തല്‍ നന്നായി പഠിച്ചു' എന്നാണ് പ്രയോഗം).
ഇബ്‌നു അബ്ബാസ്(റ) പറയുന്നു: 'നബി(സ)യും ഏതാനും സ്വഹാബികളും ഒരു അരുവിയില്‍ കുളിച്ചു. അപ്പോള്‍ അവിടുന്ന് പറഞ്ഞു:

ليسبح كل رجل الى صاحبه. فسبح إلى أبي بكر حتى عانقه فقال: أنا وصاحبي
'ഓരോരുത്തരും തന്റെ സ്‌നേഹിതന്റെ അടുത്തേക്ക് നീന്തട്ടെ! അതുപ്രകാരം നബി(സ) അബൂബക്‌റി(റ)ന്റെ അടുത്തേക്ക് നീന്തിച്ചെന്ന് അദ്ദേഹത്തെ ആശ്ലേഷിച്ചു കൊണ്ടു പറഞ്ഞു: 'ഞാനും എന്റെ കൂട്ടുകാരനും.'26

അത്വാഉബ്‌നു അബീറബാഹില്‍നിന്ന് നിവേദനം: ജാബിറുബ്‌നു അബ്ദില്ലയും ജാബിറുബ്‌നു ഉമൈര്‍ അല്‍ അന്‍സ്വാരിയും അമ്പെയ്തു കളിച്ചു. അതിനിടെ അവരിലൊരാള്‍ മടുത്ത് അവിടെ ഇരുന്നു. അപ്പോള്‍ മറ്റെയാള്‍ പറഞ്ഞു: 'നീ മടിയനായോ?' നബി(സ) ഇങ്ങനെ പറയുന്നതായി ഞാന്‍ കേട്ടിരിക്കുന്നു: 
كُلُّ شَيْءٍ لَيْسَ مِنْ ذِكْرِ اللَّهِ عزّوجل فَهُوَ لَهو أو سهو إلا اربع خصال:  وَمَشْيُ الرَّجُلِ بَيْنَ الْغَرَضَيْنِ ، وتأديبه لفرسه وملاعبته أهله وتعليم السباحة
'അല്ലാഹുവിനെ ഓര്‍ക്കാന്‍ അവസരമില്ലാത്ത എല്ലാം കേവല വിനോദമാണ്, വിസ്്മൃതിയാണ്, നാലു കാര്യങ്ങളൊഴികെ. അമ്പെയ്ത്തിനായി നില്‍ക്കുന്ന സ്ഥലത്തിനും ലക്ഷ്യസ്ഥാനത്തിനും ഇടയിലെ നടത്തം, കുതിരയെ പരിശീലിപ്പിക്കല്‍, ഭാര്യയോടൊത്തുള്ള കളി, നീന്തല്‍ പഠിപ്പിക്കല്‍'27

ഇബ്‌നു അബ്ബാസ്(റ) പറയുന്നു: 'ചിലപ്പോഴൊക്കെ ഉമര്‍(റ) എന്നോട്, 'നമുക്ക് വെള്ളത്തില്‍ മുങ്ങിയിട്ട് ആര്‍ക്കാണ് കൂടുതല്‍ ശ്വാസം പിടിച്ചു നിൽക്കാൻ കഴിയുക എന്നു പരീക്ഷിക്കാം എന്നുപ റയുമായിരുന്നു.
മുഇസ്സുദ്ദൗല അഹ്്മദ് ബ്‌നു ബുവൈഹ് ബഗ്ദാദില്‍ അധികാരത്തിലെത്തിയപ്പോള്‍ നീന്തലും ഗുസ്തിയും പ്രോത്സാഹിപ്പിച്ചു.

ഉമര്‍(റ), ഗവര്‍ണ അബൂഉബൈദക്ക് അയച്ച കത്തില്‍, കുട്ടികളെ നീന്തലും അമ്പെയ്ത്തും പഠിപ്പിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു.

പ്രവാചകത്വത്തിന്റെ പ്രാരംഭ വര്‍ഷങ്ങളില്‍ ശത്രുക്കളുടെ പീഡനം സഹിക്കവയ്യാതെ ഏതാനും മുസ് ലിംകള്‍ എത്യോപ്യയിലെ ക്രിസ്ത്യന്‍ രാജാവ് നജ്ജാശിയുടെ അഭയം തേടിപോവുകയുണ്ടായല്ലോ. മുസ് ലിംകള്‍ക്ക് അഭയം നല്‍കിയതിന്റെ പേരില്‍ നജ്ജാശിക്കെതിരില്‍ ആഭ്യന്തര കലാപമുണ്ടായി. തിരിച്ചുവന്ന ശേഷം  എത്യോപ്യയിലെ എല്ലാ അനുഭവങ്ങളും നബി(സ)യുമായി പങ്കുവെച്ച ഉമ്മുസലമ(റ) സംഭവം വിവരിക്കുന്നതു കാണുക:

'ഒരു എത്യോപ്യന്‍ നജ്ജാശിയോട് അധികാരത്തിന്നായി മത്സരിച്ചു. അപ്പോള്‍ മുസ്‌ലിം
മുസ്‌ലിംകള്‍ ദുഃഖിച്ചു. പ്രതിയോഗി നജ്ജാശിയെ തോല്‍പ്പിക്കുമോ എന്ന് അവര്‍ ഭയന്നു. നജ്ജാശിയും പ്രതിയോഗിയും തമ്മില്‍ നൈല്‍ നദിയുടെ അക്കരെ നടക്കുന്ന പോരാട്ടത്തിന്റെ വിവരങ്ങളറിയാന്‍ സ്വഹാബികള്‍ ഉദ്ദേശിച്ചു. 'നമ്മുടെ കൂട്ടത്തില്‍ ആരാണ് അവിടെ പോയി വിവരമറിഞ്ഞു വരിക? അപ്പോള്‍ സുബൈറുബ്‌നുല്‍ അവ്വാം പറഞ്ഞു: 'ഞാന്‍' മറ്റുള്ളവര്‍: 'എങ്കില്‍ നിങ്ങള്‍ തന്നെ.' ഉമ്മുസലമ(റ) തുടരുന്നു: 'അവര്‍ ഒരു തുകല്‍ സഞ്ചി ഊതിനിറച്ച് വീര്‍പ്പിച്ച് സുബൈറിനു നല്‍കി. അത് അദ്ദേഹം നെഞ്ചത്തു വെച്ചു കെട്ടി നൈല്‍നദി കടന്ന് പോരാട്ടം നടക്കുന്നിടത്തെത്തി. ഞങ്ങള്‍ നജ്ജാശിയെ ജയിപ്പിക്കാനായി പ്രാര്‍ഥിച്ചു. അങ്ങനെയിയിരിക്കെ, സുബൈര്‍ ഓടിക്കൊണ്ട് ഞങ്ങളുടെ അടുത്തേക്കുവന്നു. ഓട്ടത്തിനിടെ അദ്ദേഹം തന്റെ വസ്ത്രം വീശിക്കാണിച്ച് 'സന്തോഷിച്ചോളൂ, നജ്ജാശി ജയിച്ചിരിക്കുന്നു. രാജ്യം അദ്ദേഹത്തിന്റെ നിയന്ത്രണത്തിലായിരിക്കുന്നു. അദ്ദേഹത്തെ ശത്രുവിനെ തോല്‍പ്പിച്ചിരിക്കുന്നു.' എന്നു വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു.27

ഗുസ്തി
നബി(സ)യുടെ കാലത്തെ പ്രമുഖ മല്‍പിടിത്തക്കാരനായിരുന്നു ഖുറൈശ് ഗോത്രജനും ഹാശിം വംശജനുമായ റുകാനബ്‌നു യസീദ്. (മ.ഹി 42) ഒരിക്കല്‍ നബി(സ) റുകാനയോട് പറഞ്ഞു: 'നിങ്ങള്‍ ഇസ് ലാം ആശ്ലേഷിക്കൂ' റുകാന: 'നിങ്ങള്‍ പറയുന്നത് സത്യമാണെന്ന് മനസ്സിലാക്കിയിരുന്നുവെങ്കില്‍ ഞാന്‍ സ്വീകരിക്കുമായിരുന്നുവല്ലോ.' അപ്പോള്‍ നബി(സ) പറഞ്ഞു:
أرأيت إن صرعتك ، أتعلم أن ذلك حق
'ഞാന്‍ നിന്നെ മല്‍പിടിത്തത്തില്‍ വീഴ്ത്തിയാല്‍ അത് സത്യമാണെന്ന് നീ മനസ്സിലാക്കുമോ?' തുടര്‍ന്ന് അവിടുന്ന് റുകാനയെ മലര്‍ത്തിയടിച്ചു. റുകാന വീണ്ടും നബി(സ)യെ മല്‍പിടിത്തത്തിനായി ക്ഷണിച്ചു. രണ്ടാമതും റുകാന തോറ്റു. അയാള്‍ പറഞ്ഞു:

'ഇദ്ദേഹം മാരണക്കാരനാണ്. ഇതുപോലൊരു മാരണം ഞാന്‍ കണ്ടിട്ടില്ല. എനിക്ക് എന്നെ നിയന്ത്രിക്കാനായില്ല. അപ്പോഴേക്ക് മുഹമ്മദ് എന്നെ നിലത്ത് വീഴ്ത്തിയിരുന്നു.'28

ഇബ്‌നു കലദ
നബി(സ)യുടെ കാലത്തെ മറ്റൊരു ഗുസ്തി വീരനായിരുന്നു അബുല്‍ അശദ്ദ് ഉസൈദുബ്‌നു കലദബ്‌നു ജുമഹ് അല്‍ ജുമഹി. രണ്ടു കാലുകള്‍ക്കുമടിയില്‍ പശുവിന്റെ തുകല്‍ വിരിച്ച് അതില്‍ കയറി നിന്നശേഷം നില്‍ക്കുന്ന ഇടത്തുനിന്ന് തുകൽ വലിച്ചു നീക്കി തന്നെ ആരെങ്കിലും മാറ്റിയാല്‍ അവര്‍ക്ക് സമ്മാനം തരാമെന്ന് അയാള്‍ പറഞ്ഞിരുന്നു. പിടിവലിയില്‍ തുകല്‍ മുഴുവന്‍ കീറിപ്പോയാലും ഇബ്‌നു കലദയുടെ പാദങ്ങള്‍ അവിടത്തന്നെയുണ്ടാവും. ഒരിക്കല്‍ അയാള്‍ നബി(സ) മത്സരത്തിന് ക്ഷണിച്ചു. 'എന്നെ ഗുസ്തിയില്‍ വീഴ്ത്തിയാല്‍ ഞാന്‍ നിന്നില്‍ വിശ്വസിക്കും..' നബി(സ) അയാളെ പല തവണ വീഴ്ത്തിയെങ്കിലും അയാള്‍ വിശ്വസിക്കാന്‍ കൂട്ടാക്കിയില്ല.'29
ഉമറും അലിയും അക്കാലത്തെ ഗുസ്തി വീരന്മാരായിരുന്നു.

സമുറയും റാഫിഉം
ഉഹുദ് യുദ്ധത്തിന്റെ മുന്നോടിയായി സൈനികരായി ആളുകളെ തെരഞ്ഞെടുത്തപ്പോള്‍ ചെറിയവരാണെന്നതിന്റെ പേരില്‍ നബി(സ) സമുറത്തുബ്‌നു ജുന്‍ദുബി(മ.ഹി 58) നെയും റാഫിഉബ്‌നു ഖദീജി(മ.ഹി 74)നെയും തിരിച്ചയച്ചു. പതിനഞ്ചു വയസ്സ് തികഞ്ഞവരെ മാത്രമെ തെരഞ്ഞെടുത്തിരുന്നുള്ളൂ. (റാഫിഇനെ പിന്നീട് തെരഞ്ഞെടുത്തു). സമുറ തന്റെ പിതൃവ്യന്‍ റബീഅയെ സമീപിച്ച് പറഞ്ഞു: 'നബി(സ) റാഫിഇനെ തെരഞ്ഞെടുത്തു. എന്നെ തിരിച്ചയച്ചു. ഞാന്‍ റാഫിഇനെ തോല്‍പിച്ചു കാണിച്ചു തരാം.' റബീഅ നബി(സ)യെ സമീപിച്ച് പറഞ്ഞു: 'അല്ലാഹുവിന്റെ ദൂതരേ, താങ്കള്‍ എന്റെ മകനെ തിരിച്ചയച്ചു. റാഫിഇന് അവസരം നല്‍കുകയും ചെയ്തു.' അപ്പോള്‍ നബി(സ) റാഫിഇനോടും സമുറയോടും മല്‍പിടിത്തം നടത്തി കാണിച്ചു കൊടുക്കാന്‍ പറഞ്ഞു. സമുറ റാഫിഇനെ തോല്‍പ്പിച്ചു. അതോടെ ഉഹുദില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചു.
ഗുസ്തിക്ക് 'മുസ്വാറഅ്' എന്നതിനൊപ്പം 'മുറാവഗഃ' (തന്ത്രപ്രയോഗം) എന്നും അറബിയില്‍ ഉപയോഗിക്കുന്നു:

മുആവിയയുടെ ഭരണകാലത്ത് റോമന്‍ ചക്രവര്‍ത്തി രണ്ടു മല്ലന്മാരെ ഖിലാഫത്ത് ആസ്ഥാനത്തേക്ക് അയച്ചു. ഒരാള്‍ റോമിലെ ഏറ്റവും ശക്തനെന്നും മറ്റെയാൾ അവിടത്തെ ആജാനബാഹുവെന്നും അറിയപ്പെടുന്നവരായിരുന്നു. നിങ്ങളുടെ സൈന്യത്തില്‍ ഇവരെ കവച്ചു വെക്കുന്ന ആരെങ്കിലുമുണ്ടെങ്കില്‍ ഞാന്‍ മുസ് ലിം തടവുകാരെ വിട്ടയക്കാം. അവര്‍ക്ക് സമാനരായി നിങ്ങളുടെ സൈന്യത്തില്‍ ആരെങ്കിലും ഉണ്ടെങ്കില്‍ മൂന്ന് വര്‍ഷത്തേക്ക് ഞാനുമായി സന്ധിക്ക് നിങ്ങള്‍ തയാറാവണം. ഇതുപ്രകാരം മുആവിയ തന്റെ സേനയിലെ ഏറ്റവും ശക്തനായ മുഹമ്മദുബ്‌നുല്‍ ഹനഫിയ്യയെ വിളിച്ചു. മുഹമ്മദ് റോമന്‍ മല്ലന്റെ മുമ്പില്‍ ഇരുന്നു. കൈകൊടുത്തു. മല്ലന് മുഹമ്മദിനെ അല്‍പം പോലും നീക്കാന്‍ കഴിഞ്ഞില്ല. പിന്നീട് റോമക്കാരന്‍ തന്റെ കൈ മുഹമ്മദിന് കൊടുത്തു. മുഹമ്മദ് അയാളെ ക്ഷണം മേലോട്ട് പൊക്കി താഴേക്ക് എറിഞ്ഞു. ഇതുകണ്ട് മുആവിയ സന്തോഷിച്ചു.30

മുഇസ്സുദ്ദൗല അഹ്‌മദ്ബ്‌നു ബുവൈഹ് (മ.ഹി 976) മല്‍പിടിത്തക്കാരെ പങ്കെടുപ്പിച്ച് മത്സരങ്ങള്‍ നടത്തിയിരുന്നു. ജയിക്കുന്നവര്‍ക്ക് സമ്മാനങ്ങള്‍ കൊടുത്തു.31 പല മുസ്്ലിം നാടുകളിലും മല്‍പിടിത്തം വലിയ തോതില്‍ പ്രചാരത്തിലുണ്ടായിരുന്നു. യഹ് യബ്‌നു സഈദ് അല്‍ അന്‍ത്വാകി (മ.ഹി 458 ക്രി. 1066) തന്റെ 'താരീഖുല്‍ അന്‍ത്വാകി'യില്‍ എഴുതുന്നു: ഹി. 392 ക്രി. 1002 മേയില്‍ ഇടയന്മാരായ യുവാക്കള്‍ അങ്ങാടികളില്‍ കേന്ദ്രീകരിച്ച് ഗുസ്തി മത്സരങ്ങള്‍ നടത്തി. അത് ഒടുവില്‍ കൈറോവിലെയും ഫുസ്ത്വാത്വിലെയും യുവാക്കള്‍ക്കിടയില്‍ വലിയ സംഘര്‍ഷത്തിനു വഴിവെച്ചു. സംഘര്‍ഷം രണ്ടു പക്ഷത്തുനിന്നും ഒട്ടേറെ പേരുടെ മരണത്തിനിടയാക്കിയ യുദ്ധമായി മാറി.32 മധ്യേഷ്യയിലെ സമര്‍ഖന്ദ് മല്‍പിടിത്തക്കാരുടെ കേന്ദ്രമായിരുന്നു.
ചരിത്രകാരനായ ഇബ്‌നു അറബ് ഷാ 'അജാഇബുല്‍ മഖ്ദൂര്‍ ഫീ നവാഇബി തൈമൂര്‍' എന്ന കൃതിയില്‍ മംഗോളിയന്‍ ചക്രവര്‍ത്തി തൈമൂര്‍ ലിങ്ക് (മ.ഹി 808 ക്രി. 1407) മല്‍പിടിത്തക്കാരെ ഭയന്നിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. സര്‍വായുധ സജ്ജനായിരുന്നുവെങ്കിലും അവരുടെ ശൗര്യത്തിനു മുന്നില്‍ താന്‍പോറ്റുപോകുമോ എന്ന് അദ്ദേഹം ഭയന്നിരുന്നു. രാജ്യപര്യടനത്തിനായി പോകുമ്പോള്‍ പ്രതിനിധിയായി നിശ്ചയിച്ചു പോകുന്ന ആളെ മല്‍പിടിത്തഗ്രൂപ്പിലെ ആരെങ്കിലും വന്ന് സ്ഥാനഭ്രഷ്ഠനാക്കുന്ന അവസ്ഥ പോലുമുണ്ടായി. തൈമൂര്‍ തിരിച്ചെത്തുമ്പോഴേക്ക് ഭരണം അലങ്കോലമായിട്ടുണ്ടാവും.33

അടിമവംശത്തിന്റെ കാലത്ത്
അടിമവംശത്തിന്റെ ഭരണകാലത്ത് (ക്രി. 1250-1517) ഗുസ്തി കൂടുതല്‍ വികസിച്ചു. സ്വതന്ത്ര കായിക വിനോദമായി മാറി. ശൈശവം മുതല്‍ക്കെ സൈനിക കാമ്പുകളില്‍ തളച്ചിടപ്പെട്ട അടിമകള്‍ പ്രകൃത്യായും സാഹചര്യവശാലും മല്‍പിടിത്തത്തില്‍ കേമന്മാരായി വളര്‍ന്നു.
അടിമവംശരാജാക്കന്മാരും ഭരണാധികാരികളും മല്‍പിടിത്ത മത്സരങ്ങളെ എത്രകണ്ട് ഇഷ്ടപ്പെട്ടിരുന്നു എന്നതിന്റെ തെളിവാണ് സുല്‍ത്വാന്‍ മന്‍സ്വൂര്‍ സൈഫുദ്ദീന്‍ ഖലാവൂന്റെ (മ.ഹി 689 ക്രി. 1290) നടപടി. ഔദ്യോഗിക കര്‍ത്തവ്യങ്ങളില്‍ ഏര്‍പ്പെടാത്ത ദിവസങ്ങളില്‍ മലയില്‍ പണിത കോട്ടയുടെ മുറ്റത്ത് സുല്‍ത്വാന് ഇരിക്കാനായി ഇരിപ്പിടം തയാറാക്കും. അടിമക്കുട്ടികള്‍ ബാരക്കുകളില്‍നിന്ന് പുറത്തേക്കു വന്ന് കുന്തങ്ങള്‍ കൊണ്ട് കളിക്കും. അതു കഴിഞ്ഞ് ഉച്ചവരെ മല്‍പിടിത്തങ്ങളിലേര്‍പ്പെടും.34
സൈഫുദ്ദീന്‍ ഖലാവൂന്റെ പൗത്രന്‍ സുല്‍ത്വാന്‍ ഹാജി ബ്‌നു നാസ്വിര്‍ മുഹമ്മദ് ബ്‌നു മന്‍സ്വൂര്‍ ഖലാവൂന്‍ (മ.ഹി 748 ക്രി. 1347) കായിക വിനോദങ്ങളില്‍ തല്‍പരനായിരുന്നതിനാല്‍ സമൂഹത്തിലെ താണവരെങ്കിലും മല്‍പിടിത്തത്തില്‍ കേമന്മാരായവരെ പങ്കെടുപ്പിച്ച് മത്സരിപ്പിക്കുമായിരുന്നു. മറ്റു വസ്ത്രങ്ങള്‍ അഴിച്ചുവെച്ച് തുകലിന്റെ ട്രൗസറുത്ത് അവരോടൊപ്പം കളിക്കുമായിരുന്നു.35

അടിമ വംശത്തിലെ പല അമീറുമാരും 'മുസ്വാരിഅ്' (മല്‍പിടിത്തക്കാരന്‍) എന്ന അപരാഭിധാനത്തിലാണ് അറിയപ്പെട്ടിരുന്നത്. സുല്‍ത്വാന്‍ ളാഹിര്‍ ബര്‍ഖൂഖിന്റെ അമീറായിരുന്ന ജാരിസുബ്‌നു അബ്ദില്ല അല്‍ ഖാസിമി (മ.ഹി 810 ക്രി. 1407) ഇവരില്‍ പ്രധാനിയാണ്. ജര്‍കസ് അല്‍ മുസ്വാരിഅ് എന്നറിയപ്പെടുന്നു. ഇദ്ദേഹം മല്‍പിടിത്ത കായിക കലയുടെ അവസാന വാക്കായാണ് അറിയപ്പെടുന്നതെന്ന് ഇബ്‌നു തഗ്്രീ ബര്‍ദി എഴുതുന്നു.36  ഇവരില്‍ പലരും പേര്‍ഷ്യന്‍, തുര്‍ക്കി ഭാഷകളില്‍ ധീരന്‍, ഹീറോ എന്നീ അര്‍ഥങ്ങളുള്ള 'ബഹല്‍വാന്‍' എന്ന പേരില്‍ വിളിക്കപ്പെട്ടു. അമീര്‍ ഖുന്‍സ്വൂ അശ്‌റഫീ ബഹല്‍വാന്‍ (മ.ഹി 856 ക്രി. 1452) ഇവരില്‍ പ്രധാനിയാണ്. ബുഖാഈ തന്റെ ചരിത്ര കൃതിയില്‍ അദ്ദേഹത്തെക്കുറിച്ചെഴുതിയത് ഇങ്ങനെ: 'ആകാരസൗന്ദര്യം, ഉയരം, കായികശേഷി, മല്‍പിടിത്തത്തെക്കുറിച്ച അറിവ് എന്നിവയില്‍ അദ്ദേഹത്തെ കവച്ചു വെക്കുന്നവരായി അക്കാലത്ത് മറ്റാരും ഉണ്ടായിരുന്നില്ല. ജാനം ബഹല്‍വാന്‍ ജഖ്മഖീ (മ.ഹി 888 ക്രി. 1483) യാണ് മറ്റൊരു പ്രസിദ്ധതാരം.37

ഫിഖ്ഹ് ഉള്‍പ്പെടെ ശരീഅത്തു വിജ്ഞാനീയങ്ങളില്‍ പ്രഗത്ഭരായിരുന്ന അബ്ദുല്ലാഹിബ്‌നു അബില്‍ ഫറജ് ബ്‌നു മുര്‍സി അല്‍ മിസ്വരീ(ഹി. 844) അക്കാലത്തെ പ്രഗത്ഭ മല്‍പിടിത്തക്കാരനും കുന്തംകളിക്കാരനുമായിരുന്നു. ഹി. 9-ാം നൂറ്റാണ്ടിലെ പ്രശസ്തനായ മല്‍പിടിത്തക്കാരനായിരുന്നു 'ഇബ്‌നു അമീനിദ്ദൗല എന്ന് പ്രശസ്തനായ മുഹമ്മദുബ്‌നു അലി അല്‍ഹലബി (മ.ഹി 851 ക്രി. 1447)

കൈറോവില്‍ ജീവിച്ചിരുന്ന ജമാലുദ്ദീന്‍ എന്ന സുന്ദരനായ മല്‍പിടിത്തക്കാരനെക്കുറിച്ച് അസീറുദ്ദീന്‍ ബ്‌നു അബില്‍ ജൈ ആന്‍ അല്‍ അന്ദലുസി (മ.ഹി 745 ക്രി. 1344) എഴുതുന്നു: ഞാനും വൈയാകരണനായ ബഹാഉദ്ദീന്‍ ഇബ്‌നു ന്നുഹാസുല്‍ മിസ്വ് രിയും ഒരു ദിവസം രാത്രി കൈറോവിലെ മുഇസ്സ് റോഡിലെ രണ്ട് കൊട്ടാരങ്ങള്‍ക്കിടയിലൂടെ നടന്നുപോവുകയായിരുന്നു. അപ്പോള്‍ മല്‍പിടിത്തക്കാരനായ ജമാലുദ്ദീന്‍ എന്ന യുവാവിനെ കണ്ടു. ബഹാഉദ്ദീന്‍ എന്നോട് പറഞ്ഞു: 'നമുക്ക് ഈ മല്‍പിടിത്തക്കാരനെക്കുറിച്ച് ഒരു കവിത രചിക്കാം' ഇതും പറഞ്ഞ് അദ്ദേഹം യുവാവിനെക്കുറിച്ച് മനോഹരമായ കവിത പാടി.

മല്‍പിടിത്തത്തിന് എക്കാലത്തും ജനപ്രിയം എന്ന സ്വീകാര്യത ലഭിച്ചിരുന്നു. ഉസ്മാനികള്‍ ഈജിപ്തില്‍ ഭരണത്തിലുണ്ടായിരുന്ന കാലത്ത് ഈജിപ്തിലെ ഗവര്‍ണറായിരുന്ന ഖായിര്‍ ബക് ഹി. 925 ക്രി. 1519-ല്‍ ജബല്‍ കോട്ടയില്‍ ശാത്വിര്‍ അബുല്‍ ഗൈസ് സരീക്്ശി, മറ്റൊരു പേര്‍ഷ്യക്കാരനായ അനറബി എന്നീ മല്‍പിടിത്തക്കാരെ പങ്കെടുപ്പിച്ച് മത്സരം നടത്തുകയുണ്ടായി. അനറബി സരീക്ശിയെ മല്‍പിടിത്തത്തില്‍ നിലത്തുവീഴ്ത്തി. ഗവര്‍ണര്‍ അനറബിയെ രണ്ടു പട്ടു വസ്ത്രങ്ങള്‍ അണിയിച്ചു. വാദ്യാഘോഷങ്ങളോടെ അദ്ദേഹത്തെ കൈറോവിലൂടെ ആനയിച്ചു.

മല്‍പിടിത്തത്തിന്റെ വിധി നിര്‍ണയിക്കാന്‍ വിദഗ്ധരായ വിധികര്‍ത്താക്കളുണ്ടായിരുന്നു. സ്വഫ്‌രീ എന്ന പേരില്‍ പ്രശസ്തനായ മതഭക്തനായ മുഹമ്മദുബ്‌നു അലി (ഹി. 732 ക്രി. 1331) ഈജിപ്തിലെ അക്കാലത്തെ പ്രശസ്തനായ റഫറിയുമായിരുന്നു- ഇബ്‌നുല്‍ ഫുല്ലാത്തീ എന്ന പ്രശസ്തനായ അലിയ്യുബ്‌നു മുഹമ്മദ് (മ.ഹി 870 ക്രി. 1465) മറ്റൊരു റഫറിയാണ്.
കായിക വിനോദങ്ങള്‍ക്ക് വര്‍ഷാന്ത നികുതികള്‍ ഏര്‍പ്പെടുത്തിയിരുന്നതായി ചരിത്രകാരനായ മഖ് രീസി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ പിരിവുകാര്‍ 'കംജത്തീ' എന്നറിയപ്പെട്ടു. ഓരോ ഇനത്തിനും പ്രത്യേകം പ്രത്യേകം നിരക്കുകളായിരുന്നു. വ്യക്തിപരമായ കായിക മത്സരങ്ങള്‍ എന്നതില്‍നിന്ന് സാമൂഹിക പ്രാധാന്യമുള്ള സാമ്പത്തിക സംരംഭം എന്ന നിലയിലേക്ക് മത്സരങ്ങൾ വികസിച്ചു വന്നു.
അടിമവംശ, ഉസ്മാനി ഭരണകൂടങ്ങള്‍ കായികാഭ്യാസങ്ങളെ പ്രോത്സാഹിപ്പിച്ചതോടൊപ്പം മഹാന്മാരായ പണ്ഡിതന്മാര്‍ മനോല്ലാസം, ശാരീരിക ക്ഷമത വര്‍ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ കായികാഭ്യാസങ്ങളെ പ്രോത്സാഹിപ്പിക്കുകയുണ്ടായി. ഖുര്‍ആന്‍ വ്യാഖ്യാതാവും ഫഖീഹും സ്വൂഫിയും ഗണിതജ്ഞനും സൈത്തൂന സര്‍വകലാശാലയിലെ പണ്ഡിതനുമായ മുഹമ്മദുബ്‌നു സ്വാലിഹ് ബ്‌നു മലൂക അത്തൂനിസി (മ.ക്രി 1860) മല്‍പിടിത്തവും അമ്പെയ്ത്തും നടത്തുകയും ശിഷ്യന്മാരെ പരിശീലിപ്പിക്കുകയും ചെയ്തയാളായിരുന്നു.38

ചുരുക്കത്തില്‍, തന്റെ പ്രവാചകത്വത്തെക്കുറിച്ച് സംശയാലുക്കളായവരെ ബോധ്യപ്പെടുത്താന്‍ നബി(സ) തുടങ്ങിവെച്ച മല്‍പിടിത്തം നൂറ്റാണ്ടുകളിലൂടെ വികസിച്ച് ഏറ്റവും പ്രചാരമുള്ള കായിക വിനോദമായി മാറി.


കുറിപ്പുകൾ
1. سنن أبي داود، حسه الألباني (1365
2. سنن الترمذي، حسنة الألباني (2783
3. سنن الترمذي، كتاب الدعواة
4. الترمذي (3514) أحمد (1783(
5. حديث ضعيف
6. البخاري
7. مسند أحمد
8. سنن أبي داود
9. ابن سعد 3/290
10. أبو داود، إسناد حسن، صحيح على شرط الشيخين
11. مسند أحمد 1/43
12. الترمدي (3637(
13. البغوي، شرح السّنّة 12/320
14. ابن القيّم زاد المعاد
15. البداية والنهاية
16. مسند أحمد
17. ابن ءخزيمة (2537(
18. مجمع الزّوائد 5/269
19. متفق عليه
20. مسلم
21. لسان العرب
22. الفاخر (ص: 123 ثمار القلوب في المضاف والمنسوب ص: 33، محاضرات الأدباء ومحاورات الشعراء والبلغاء 1/277
23. الزّاهر فى معاني كلمات الناس 1/349
24. تاريخ الطبري، 3/13، الرّوض الأنف 2/239
25. تاريخ الخلفاء للسيوطي 264
26. الزرقاني المواهب اللّدنية 1/164
27. الطبراني باسناد جيّد، النسائي، السنن الكبرى 8889
28. رواية أم سلمة لهجرة الحبشة الثانية، دكتور راغب السّرجاني
29. السيوطي، المسارعة إلى المصارعة ص 18 (البيهقي من طريق ابن اسحاق)
30. حاجي خليفة، سلم الوصول الى طبقات الفحول 1/332
31. ابن عساكر، تاريخ دمشق 49/431،432
32. ابن الجوزي، المنتظم 6\341
33. تاريخ الأنطاكيى ص 251
34. عجائب المقدور  ص26 
35. بدر الدّين العيني، عقد الجمان حوادث سنة 689
36. المقربزي: السلوك لمعرفة دول الملوك 4/55
37. ابن تغري بردي: المنهل الصّافي والمستوفي 4/23
38. ابن إياس: بدائع الزّهور 3/203
المصارعة فى تاريخ المسلمين مارسها النّبي ومنح السّلاطين عليها الجوائز محمّد شعبان ايّوب

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top