വാചിക സുന്നത്തിന്റെ പ്രാമാണികത
കെ. ഇൽയാസ് മൗലവി
എന്താണ് സുന്നത്ത്?
ഭാഷാപരമായി: വഴി, മാര്‍ഗം, സരണി, ചര്യ എന്നിവക്ക് സുന്നത്ത് എന്ന് ഉപയോഗിക്കും. അതുപോലെ നടപ്പ്, നടപടിക്രമം തുടങ്ങിയവയ്ക്കും സുന്നത്ത് എന്ന് പറയുന്നു. അല്ലാഹുവിന്റെ സുന്നത്ത് എന്ന് പറയുമ്പോള്‍ അല്ലാഹുവിന്റെ നടപടിക്രമം എന്നാണ് ഉദ്ദേശ്യം.
സാങ്കേതികമായി:
ما صدَرَ عَنْ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ غَيْرُ الْقُرْآنِ مِنْ قَوْلٍ أَوْ فِعْلٍ أَوْ تَقْرِيرٍ
'മുഹമ്മദ് നബി(സ)യില്‍ നിന്നു വന്നിട്ടുള്ള (ഖുര്‍ആന്‍ അല്ലാത്ത) വാക്കുകളും, അവിടുത്തെ പ്രവൃത്തികളും, അവിടുത്തെ മൗനാനുവാദങ്ങളുമാണുദ്ദേശ്യം.'
ഫിഖ്ഹില്‍ സുന്നത്ത് എന്ന് പറയുമ്പോള്‍ ഇതല്ല ഉദ്ദേശിക്കുന്നത്. പ്രത്യുത, നിര്‍ബന്ധമായവ(വാജിബ്) അല്ലാത്തതിനെ കുറിക്കുന്ന ഐച്ഛികം എന്ന അര്‍ത്ഥത്തിലാണ്.
അതുപോലെ തന്നെ ബിദ്അത്ത് എന്നതിന്റെ എതിര്‍പദമായും സുന്നത്ത് ഉപയോഗിക്കപ്പെടാറുണ്ട്. ബിദ്അത്തായ ത്വലാഖ്, (നിയമാനുസൃതമല്ലാത്ത വിവാഹമോചനം) സുന്നത്തായ ത്വലാഖ് (നിയമാനുസൃതമായ വിവാഹമോചനം) എന്ന് പറയുന്നത് ഈ അർഥത്തിലാണ്.
ഇതിനു പുറമെ പ്രവാചകന്റെ സ്വഭാവഗുണങ്ങളെ സംബന്ധിച്ചും അവിടുത്തെ ശരീരപ്രകൃതിയെ സംബന്ധിച്ചും ഘടനയെ സംബന്ധിച്ചും വന്നിട്ടുള്ള വിവരങ്ങളെയും സുന്നത്തിന്റെ ഗണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അവയെല്ലാം പക്ഷേ പ്രവാചകന്റെ വ്യക്തിത്വത്തെ വര്‍ണ്ണിക്കുന്നു എന്നതിലുപരി നിയമ നിർധാരണവുമായി അവയ്ക്ക് പ്രത്യേകിച്ച് ബന്ധമൊന്നുമില്ല.
സുന്നത്തിന്റെ ഇനങ്ങള്‍
വാചിക സുന്നത്ത് (പ്രവാചക മൊഴികള്‍) രണ്ടു വിധമുണ്ട്.
1. പ്രവാചകന്റെ തന്നെ വാക്കുകള്‍
2. പ്രവാചകന്റെ വാക്കുകളല്ലെങ്കിലും അവിടുന്ന് കല്‍പിച്ചതായോ വിലക്കിയതായോ أَمَرَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كَذَا (നബി (സ) ഞങ്ങളോട് കല്‍പ്പിച്ചു)
نَهَى رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَنْ كَذَا (നബി (സ) ഞങ്ങള്‍ക്ക് വിലക്കി തുടങ്ങിയ പ്രയോഗങ്ങളിലൂടെ സ്വഹാബിമാര്‍ റിപ്പോര്‍ട്ട് ചെയ്തവ.
അതുപോലെ أُمِرْنَا بِكَذَا. نُهِينَا عَنْ كَذَا ഇങ്ങനെയുള്ളവയും വാചിക സുന്നത്തില്‍ പെടുന്നു.
എന്നാല്‍ مِنَ السُّنَّةِ 'സുന്നത്തില്‍ പെട്ടതാണ്' എന്ന് സ്വഹാബികള്‍ പറഞ്ഞാല്‍ അതു വാചികം തന്നെ ആയിക്കൊള്ളണമെന്നില്ല, കർമപരവും ആവാം.
വാചിക സുന്നത്തിന്റെ പ്രാമാണികത
എല്ലാ പ്രവാചക വചനങ്ങള്‍ക്കും പ്രാമാണികതയുണ്ടോ? അഥവാ അവിടുത്തെ മുഴുവന്‍ വാക്കുകളും നിയമ നിർധാരണത്തിന് അവലംബമാണോ? നബി (സ) ചെയ്തതെല്ലാം ദീന്‍ ആണോ?
നബി(സ)യുടെ പ്രവൃത്തികളെക്കുറിച്ച മൗലികമായ തത്ത്വം, നിയമാവിഷ്കാര ലക്ഷ്യത്തോടെയാണ് എന്ന് തെളിയുന്നതുവരെ അദ്ദേഹത്തിന്റെ പ്രവൃത്തി പ്രമാണമല്ല എന്നതാണ്. പ്രവാചകന്റെ വാക്കുകള്‍ സ്വന്തം നിലക്ക് തന്നെ പ്രമാണമാണ്, നിയമ നിർധാരണത്തിന്റെ സ്രോതസ്സുമാണ്, അതോടൊപ്പം മറ്റൊന്നിന്റെയും ആവശ്യമില്ല. കാരണം അല്ലാഹു പറയുന്നു :
وَمَا يَنطِقُ عَنِ الْهَوَىٰ إِنْ هُوَ إِلَّا وَحْيٌ يُوحَىٰ
അദ്ദേഹം തോന്നിയപോലെ സംസാരിക്കുന്നുമില്ല. ഈ സന്ദേശം അദ്ദേഹത്തിനു നല്‍കപ്പെട്ട ദിവ്യ ബോധനം മാത്രമാണ്. (അന്ന്ജ്മ് : 3-4).
എന്നാല്‍ നബി(സ) ചിലപ്പോള്‍ ചില കാര്യങ്ങള്‍ പറഞ്ഞെന്നിരിക്കും. അതുകൊണ്ട് ഒരു മതവിധി അവിടുന്ന് ഉദ്ദേശിച്ചിട്ടുണ്ടാവില്ല. പക്ഷേ അത് തിരിച്ചറിയുവാന്‍ നമ്മുടെ മുമ്പില്‍ ഇന്ന് പ്രത്യേകിച്ച് മാര്‍ഗങ്ങളൊന്നുമില്ല. അവിടുത്തെ ജീവിത കാലത്ത് സ്വഹാബിമാര്‍ക്ക് അതിനുള്ള സൗകര്യം ഉണ്ടായിരുന്നു. തിരുമേനിയോട് നേരിട്ട് ചോദിക്കുവാനും തങ്ങളുടെ സംശയങ്ങള്‍ക്ക് നിവാരണം വരുത്തുവാനും അവര്‍ക്ക് കഴിയുമായിരുന്നു. എന്നാല്‍ പ്രവാചകന്റെ വിയോഗത്തോടെ ആ സൗകര്യം ഇല്ലാതായി. അതുകൊണ്ടു തന്നെ പില്‍ക്കാലത്ത് പ്രവാചകന്റെ ഏതെങ്കിലും ഒരു വചനം, സന്ദര്‍ഭമോ പശ്ചാത്തലമോ മനസ്സിലാക്കാന്‍ കഴിയാത്തവ വിശേഷിച്ചും പ്രമാണം ആണോ, അല്ലേ എന്ന് വിധിതീര്‍പ്പില്‍ എത്താന്‍ യാതൊരു നിര്‍വ്വാഹവുമില്ല. മുജ്തഹിദുകളായ പണ്ഡിതന്മാര്‍ക്ക് ഒരുപക്ഷേ അത് വ്യക്തമാക്കാന്‍ കഴിഞ്ഞെന്നിരിക്കും. എന്നാല്‍ അതുപോലും കേവലം നിഗമനങ്ങളോ അനുമാനങ്ങളോ ആയി അവശേഷിക്കും. ഖണ്ഡിതമായ തീര്‍പ്പ് പറയാന്‍ അവര്‍ക്കും സാധ്യമല്ല എന്നർഥം.
ഉദാഹരണമായി, ബദ്്്റ് യുദ്ധത്തിന്റെ സന്ദര്‍ഭത്തില്‍ മുസ്‌ലിം സൈന്യത്തിന്റെ താവളം നിര്‍ണയിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ സംഭവം. ഇവിടെ ആദ്യം സ്ഥാനം നിര്‍ണയിച്ചത് വഹ്്യിന്റെ അടിസ്ഥാനത്തിലല്ല എന്ന് വ്യക്തം. അങ്ങനെയായിരുന്നെങ്കില്‍ മറ്റൊരു സ്ഥലത്തേക്ക് നീങ്ങാന്‍ നബി(സ) തയ്യാറാവുമായിരുന്നില്ല. മാത്രമല്ല, അതിനെ ചോദ്യംചെയ്യാന്‍ സ്വഹാബിമാരും മുതിരുമായിരുന്നില്ല.
أَنّ الْحُبَابَ بْنَ الْمُنْذِرِ بْنِ الْجَمُوحِ قَالَ: يَا رَسُولَ اللّهِ، أَرَأَيْت هَذَا الْمَنْزِلَ أَمَنْزِلًا أَنْزَلَكَهُ اللّهُ، لَيْسَ لَنَا أَنْ نَتَقَدّمَهُ وَلَا نَتَأَخّرَ عَنْهُ، أَمْ هُوَ الرّأْيُ وَالْحَرْبُ وَالْمَكِيدَةُ؟ قَالَ: « بَلْ هُوَ الرّأْيُ وَالْحَرْبُ وَالْمَكِيدَةُ ». فَقَالَ: يَا رَسُولَ اللّهِ، فَإِنّ هَذَا لَيْسَ بِمَنْزِلِ، فَانْهَضْ بِالنّاسِ حَتّى نَأْتِيَ أَدْنَى مَاءٍ مِنْ الْقَوْمِ، فَنَنْزِلَهُ ثُمّ نُعَوّرَ مَا وَرَاءَهُ مِنْ الْقُلُبِ، ثُمّ نَبْنِيَ عَلَيْهِ حَوْضًا فَنَمْلَؤُهُ مَاءً، ثُمّ نُقَاتِلَ الْقَوْمَ فَنَشْرَبَ، وَلَا يَشْرَبُونَ. فَقَالَ رَسُولُ اللّهِ صَلّى اللّهُ عَلَيْهِ وَسَلّمَ
'ഹുബാബ് ബിന്‍ മുന്‍ദിര്‍ എഴുന്നേറ്റുനിന്ന് ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ! ഈ സ്ഥലം യുദ്ധതന്ത്രമെന്ന നിലയ്ക്ക് താങ്കളുടെ വ്യക്തിപരമായ വീക്ഷണമനുസരിച്ചോ അതല്ല, മാറ്റത്തിരുത്തലുകള്‍ക്ക് വിധേയമല്ലാത്ത അല്ലാഹുവിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലോ? എങ്ങനെയാണ് തെരഞ്ഞെടുത്തത്. 'ഇതെന്റെ വീക്ഷണം മാത്രമാണ്' നബി(സ) പറഞ്ഞു. എന്നാല്‍ ഇത് അനുയോജ്യമായ സ്ഥലമല്ല, നമുക്ക് അല്പം മുന്നോട്ടുനീങ്ങി ഖുറൈശികളുടെ ക്യാുകൾക്ക് സമീപമുള്ള ജലാശയം മൂടി അതിനടുത്ത് ഒരു സംഭരണിയില്‍ ജലം ശേഖരിച്ചശേഷം ബാക്കി കിണറുകള്‍ നികത്തിക്കളയാം. അങ്ങനെയായാല്‍ നമുക്ക് വെള്ളം ലഭിക്കും. അവര്‍ക്ക് വെള്ളം ലഭിക്കുകയുമില്ല. ഹുബാബ് പറഞ്ഞു: 'ഇതാണ് ശരിയായ അഭിപ്രായം' നബി(സ) പറഞ്ഞു.1
വാചിക സുന്നത്തുകള്‍ എല്ലാം വഹ്്യാണ് എന്നതിന്റെ തെളിവ്. അല്ലാഹു പറയുന്നു:
وَمَا يَنطِقُ عَنِ الْهَوَىٰ . إِنْ هُوَ إِلَّا وَحْيٌ يُوحَىٰ
'അദ്ദേഹം (പ്രവാചകന്‍) സ്വേഛാനുസാരം ഒന്നും മൊഴിയുകയില്ല, അത് തനിക്ക് ലഭിക്കുന്ന ദിവ്യ ബോധനമനുസരിച്ചു മാത്രമായിരിക്കും. (അന്നജ്മ്: 3, 4)
ഈ സൂക്തങ്ങളില്‍ വഹ്്യ് എന്നതിന്റെ ഉദ്ദേശ്യം ഖുര്‍ആനാണ് എന്ന് വേണമെങ്കില്‍ പറയാം, പക്ഷെ, ഖുര്‍ആന്‍ തന്നെയാണ് മറ്റൊന്നുമല്ല, സുന്നത്ത് വഹ്്യല്ല എന്നൊക്കെ കട്ടായം പറയാന്‍ മാത്രം ഇതില്‍ തെളിവൊന്നുമില്ല. കാരണം അതിന്റെ മുമ്പും പിമ്പുമുള്ള സൂക്തങ്ങളില്‍ ഖുര്‍ആനാണ് എന്ന് വ്യക്തമായി പറയുന്നേ ഇല്ല. അറബി ഭാഷാ നിയമപ്രകാരം, ഇവിടെയുള്ള സര്‍വ നാമം (الضَّمِير) തൊട്ടു മുമ്പ് പരാമർശിക്കപ്പെട്ടതിലേക്ക് മടങ്ങുമെന്നാണ് നിയമം, അപൂര്‍വം ചില സന്ദര്‍ഭങ്ങളിലൊഴിച്ച് പൊതുവെ ഇതാണ് നിയമം. ഇവിടെയാകട്ടെ എങ്ങനെ മടക്കിയാലും തൊട്ടുമുമ്പ് പരാമര്‍ശിക്കപ്പെട്ടത് ഖുര്‍ആന്‍ ആണെന്ന് ഖണ്ഡിതമായി പറയുക സാധ്യമല്ല. ഇവിടെ പറയപ്പെട്ട (وَالنَّجْمِ)അഥവാ നക്ഷത്രത്തെ ഖുര്‍ആനാണെന്ന് വ്യാഖ്യാനിച്ചവരുണ്ടെന്നത് ശരിയാണ്, പക്ഷെ അതുപോലും അവരുടെ വ്യാഖ്യാനം മാത്രമാണ്, നബിവചനമൊന്നുമല്ല, അല്ലെന്നു വ്യാഖ്യാനിച്ചവരുമുണ്ട്, അവരൊന്നും അപ്രധാനികളല്ല എന്നതും ശ്രദ്ധേയമാണ്. അതുകൊണ്ടുതന്നെ ഈ വ്യാഖ്യാനവും കേവലം നിഗമനമായി അവശേഷിക്കും. പിന്നെയുള്ളത് (وَمَا يَنْطِقُ) 'അദ്ദേഹം മൊഴിയുകയില്ല ' എന്ന പ്രയോഗമാണ്. അതാകട്ടെ വാചിക സുന്നത്തിനെക്കൂടി ഉള്‍ക്കൊള്ളുകയും ചെയ്യുന്നു. കാരണം പ്രവാചകന്റെ വാക്കുകള്‍ക്കാണല്ലോ (سُنَّةٌ قَولِيَّةٌ) വാചിക സുന്നത്ത് എന്ന് പറയുന്നത്. ആ നിലക്ക് പ്രവാചകന്‍ മൊഴിയുന്നത് എന്ന പ്രയോഗത്തില്‍ വാചിക സുന്നത്തുകള്‍ കൂടി പെടുമെന്ന വാദത്തിനാണ് ഇവിടെ കൂടുതല്‍ തെളിവ്, പ്രവാചകന്‍ മൊഴിയുന്നത് എന്ന പ്രയോഗത്തില്‍ 'വാചിക സുന്നത്ത് പെടില്ല' എന്നു പറഞ്ഞു മാറ്റി നിര്‍ത്താനാണ് തെളിവ് വേണ്ടത് എന്ന് ചുരുക്കം.
പറഞ്ഞു വരുന്നത്, ഈ സൂക്തത്തില്‍ ഖുര്‍ആന്‍ മാത്രമേ ഉദ്ദേശ്യമുള്ളൂ എന്നു പറഞ്ഞാല്‍ അത് ആധികാരികമായ വാദമല്ല എന്നാണ്, അങ്ങനെയും ഒരു വ്യാഖ്യാനം ഉണ്ടെന്നു പറയാനേ ഏറിവന്നാല്‍ സാധിക്കുകയുള്ളൂ.
ഇനി പ്രസ്തുത സൂക്തത്തിന് അങ്ങനെയൊരര്‍ഥം ഉണ്ടോ, ഉണ്ടെന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ, പറഞ്ഞിട്ടുണ്ടെങ്കില്‍ അത് തെറ്റാവുമോ? നമുക്കു പരിശോധിക്കാം. അതിനു മുമ്പ് ഖുര്‍ആനിലും സുന്നത്തിലും പൊതുവായി ഒരു കാര്യം പറഞ്ഞാല്‍ അതിന് അപവാദങ്ങള്‍ ഉണ്ടാവില്ല എന്ന് ആരും മനസ്സിലാക്കാന്‍ പടില്ല എന്ന് വ്യക്തമാക്കേണ്ടിയിരിക്കുന്നു.
മൗലാനാ മൗദൂദി സാഹിബ് വളരെ മനോഹരമായി ഈ കാര്യം വ്യക്തമാക്കുന്നത് കാണുക.
وَمَا يَنطِقُ عَنِ الْهَوَىٰ . إِنْ هُوَ إِلَّا وَحْيٌ يُوحَىٰ
'അദ്ദേഹം സ്വേച്ഛാനുസാരം സംസാരിക്കുന്നില്ല. അദ്ദേഹം സംസാരിക്കുന്നതാവട്ടെ, അദ്ദേഹത്തിനിറങ്ങിയ ദിവ്യബോധനമാകുന്നു' എന്ന പ്രസ്താവന തിരുമേനിയില്‍നിന്നുണ്ടാകുന്ന ഏതെല്ലാം സംസാരങ്ങളെ സംബന്ധിച്ചാണ്?
തിരുമേനിയുടെ എല്ലാ സംസാരങ്ങള്‍ക്കും ഇത് ബാധകമാണോ? അതോ ചിലതിനു ബാധകവും മറ്റു ചിലത് അതില്‍നിന്ന് ഒഴിവുമാണോ?
മറുപടി ഇതാണ്: അത് പ്രാഥമികമായി ബാധകമാകുന്നത്, വിശുദ്ധ ഖുര്‍ആനുമായി ബന്ധപ്പെട്ട കാര്യങ്ങളിലാകുന്നു. ഖുര്‍ആന്‍ അല്ലാത്ത മറ്റു കാര്യങ്ങളെ സംബന്ധിച്ചിടത്തോളം തിരുവായില്‍നിന്നുള്ള കാര്യങ്ങളെ മൂന്നായി തരംതിരിക്കാം:
ഒന്ന്: ആളുകളെ അല്ലാഹുവിങ്കലേക്ക് ക്ഷണിക്കാനും ദീനീപ്രചാരണത്തിനുംവേണ്ടി അവിടുന്ന് സംസാരിച്ചത്. അല്ലെങ്കില്‍ ഖുര്‍ആനികാധ്യാപനങ്ങളുടെയും വിധിവിലക്കുകളുടെയും വിശദീകരണമായി അരുളിയത്. അല്ലെങ്കില്‍ ഖുര്‍ആനിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളുടെ പൂര്‍ത്തീകരണത്തിനായി ജനങ്ങള്‍ക്കു നല്‍കിയ ഉപദേശ നിര്‍ദേശങ്ങളും പാഠങ്ങളും. ഇത്തരം കാര്യങ്ങള്‍-മആദല്ലാഹ്-അവിടുന്ന് സ്വന്തം വകയായി കെട്ടിച്ചമച്ചു എന്ന് സംശയിക്കാനേ പഴുതില്ല. ഇത്തരം കാര്യങ്ങളില്‍ ഖുര്‍ആനിന്റെ ആധികാരിക ഭാഷ്യകാരനും അല്ലാഹുവിന്റെ പ്രതിനിധിയും എന്ന നിലപാടേ തിരുമേനിക്കുള്ളൂ. ഈ കാര്യങ്ങള്‍ ഖുര്‍ആന്‍പോലെ പദാനുപദം ദിവ്യബോധനമായി ഇറങ്ങിയതല്ലെങ്കിലും ആ ജ്ഞാനം അടിസ്ഥാനപരമായി ദിവ്യബോധനത്തിലൂടെ ലഭിച്ചതായിരിക്കുക അനിവാര്യമാകുന്നു. അവയും ഖുര്‍ആനും തമ്മിലുള്ള അന്തരം ഇതുമാത്രമാണ്: ഖുര്‍ആനിലെ പദങ്ങളും ആശയങ്ങളും സമ്പൂര്‍ണമായി അല്ലാഹുവിങ്കല്‍നിന്നുള്ളതാകുന്നു. മറ്റു കാര്യങ്ങളെ സംബന്ധിച്ചിടത്തോളം ആശയങ്ങളും താല്‍പര്യങ്ങളും അല്ലാഹുവിങ്കല്‍നിന്നുള്ളതാണെങ്കിലും അവ അവതരിപ്പിച്ചിട്ടുള്ളത് തിരുമേനിയുടെ വാക്കുകളിലാണ്. ഈ അന്തരത്തെ ആധാരമാക്കി ആദ്യത്തേത് 'പ്രത്യക്ഷ വെളിപാട്' الوَحْيُ الْجَلِي എന്നും രണ്ടാമത്തേത് 'പരോക്ഷ വെളിപാട്' الوَحْيُ الْخَفِي എന്നും വിളിക്കപ്പെടുന്നു.
രണ്ട്: ദൈവിക വചനത്തിന്റെ ഉന്നമനത്തിനുവേണ്ടിയുള്ള പരിശ്രമങ്ങളിലായും ഇഖാമതുദ്ദീനിനുവേണ്ടിയുള്ള സേവനങ്ങളിലായും തിരുമേനി നടത്തിയിരുന്ന സംസാരങ്ങളാണ് പ്രവാചക ഭാഷണത്തിന്റെ രണ്ടാമത്തെ ഇനം. മുസ്്ലിം സമൂഹത്തിന്റെ നായകനും മാര്‍ഗദര്‍ശകനും എന്ന നിലക്ക് ഈ രംഗത്ത് അദ്ദേഹത്തിന് എണ്ണമറ്റ പലതരം ചുമതലകള്‍ നിര്‍വഹിക്കേണ്ടതുണ്ടായിരുന്നു. ഈ രംഗത്ത് പലപ്പോഴും അവിടുന്ന് അനുയായികളുമായി കൂടിയാലോചന നടത്തുകയും സ്വാഭിപ്രായം വെടിഞ്ഞ് അവരുടെ അഭിപ്രായം സ്വീകരിക്കുകയും ചെയ്തിരുന്നു. ചിലപ്പോള്‍ അദ്ദേഹത്തിന്റെ അഭിപ്രായത്തിന്റെ സ്വഭാവത്തെക്കുറിച്ച് ശിഷ്യന്മാര്‍ അന്വേഷിക്കുമ്പോള്‍ അത് ദൈവകല്‍പനയല്ലെന്നും സ്വന്തം നിലക്ക് എത്തിച്ചേര്‍ന്ന അഭിപ്രായമാണെന്നും അവിടുന്ന് വ്യക്തമാക്കാറുണ്ടായിരുന്നു.
അദ്ദേഹം സ്വയം ചിന്തിച്ച് ഒരു നിലപാട് സ്വീകരിക്കുകയും പിന്നീട് അതിനെതിരായി അല്ലാഹുവിങ്കല്‍നിന്ന് മാര്‍ഗദര്‍ശനം ലഭിക്കുകയും ചെയ്തിട്ടുണ്ട്. ഈ ഇനത്തിലും അവിടുന്ന് നടത്തിയ സംസാരങ്ങളില്‍ ഒന്നുംതന്നെ ദേഹേച്ഛകളെ ആസ്പദമാക്കിയായിരുന്നില്ല.
എന്നാല്‍, അവയെല്ലാം ദിവ്യബോധനത്തെ ആസ്പദിച്ച് ആയിരുന്നുവോ എന്നു ചോദിച്ചാല്‍ അതിന്റെ മറുപടി ഇതാണ്: ഇത് അല്ലാഹുവിന്റെ വിധിയല്ല എന്ന് തിരുമേനി സ്വയം വ്യക്തമാക്കിയിട്ടുള്ള കാര്യങ്ങള്‍, അവിടുന്ന് ശിഷ്യന്മാരുമായി കൂടിയാലോചിക്കുകയും അവരുടെ അഭിപ്രായം സ്വീകരിക്കുകയും ചെയ്തത്, തിരുമേനിയില്‍നിന്ന് ഒരു പ്രവൃത്തിയോ വാക്കോ ഉണ്ടായ ശേഷം അല്ലാഹു അതിനെതിരായി മാര്‍ഗദര്‍ശനം നല്‍കിയത് എന്നിങ്ങനെയുള്ളവ ഒഴിച്ച് ബാക്കിയെല്ലാം ഒന്നാം ഇനത്തിലെ ഭാഷണങ്ങള്‍പോലെത്തന്നെ പരോക്ഷ വെളിപാടിനെ (അല്‍വഹ്്യുല്‍ ഖഫിയ്യ്) ആസ്പദിച്ചുള്ളതാകുന്നു. കാരണം, ഇസ്്ലാമിക പ്രബോധനത്തിന്റെ നേതാവ്, മാര്‍ഗദര്‍ശകന്‍, വിശ്വാസി സമാജത്തിന്റെ നായകന്‍, ഇസ്്ലാമിക ഗവണ്‍മെന്റിന്റെ അധിപന്‍ എന്നീ നിലകളിലെല്ലാം അദ്ദേഹത്തിനു ലഭിച്ച സ്ഥാനം അദ്ദേഹം സ്വയം തരപ്പെടുത്തിയതോ, ആളുകള്‍ അദ്ദേഹത്തില്‍ അര്‍പ്പിച്ചതോ അല്ല. പിന്നെയോ, ആ സ്ഥാനങ്ങളിലേക്ക് അല്ലാഹുവിങ്കല്‍നിന്ന് അദ്ദേഹം നിയുക്തനാവുകയായിരുന്നു. ഈ സ്ഥാനങ്ങളുടെ ചുമതലകള്‍ നിര്‍വഹിക്കുന്നതിനുവേണ്ടി അദ്ദേഹം പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്ത എല്ലാകാര്യങ്ങളിലും അദ്ദേഹത്തിന്റെ നിലപാട് ദൈവപ്രീതിയുടെ പ്രാതിനിധ്യം എന്നതായിരുന്നു. ഈ രംഗത്ത് സ്വന്തം ഗവേഷണമനുസരിച്ച് അദ്ദേഹം ചെയ്ത കാര്യങ്ങളിലും അദ്ദേഹത്തിന്റെ ഗവേഷണം അല്ലാഹുവിന്റെ ഇഷ്ടമായിരുന്നു. അല്ലാഹു അദ്ദേഹത്തിനു നല്‍കിയ ജ്ഞാനത്തില്‍നിന്നാണ് അതിനദ്ദേഹം വെളിച്ചം സ്വീകരിച്ചിരുന്നത്. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ ഗവേഷണം എവിടെയെങ്കിലും അല്ലാഹുവിന്റെ തൃപ്തിയില്‍നിന്ന് അല്‍പം തെറ്റിപ്പോയാല്‍ ഉടനെ പ്രത്യക്ഷ ദിവ്യബോധനത്താല്‍ (അല്‍വഹ്്യുല്‍ ജലിയ്യ്) അത് നേരെയാക്കപ്പെട്ടിരുന്നത്. തിരുമേനിയുടെ ചില ഗവേഷണങ്ങളിലുണ്ടായ ഈ സംസ്‌കരണംതന്നെ മറ്റു ഗവേഷണങ്ങളെല്ലാം തികച്ചും ദൈവപ്രീതിക്കനുസൃതമാണെന്നതിനു തെളിവാകുന്നു.
മൂന്ന്: ഒരു മനുഷ്യന്‍ എന്ന നിലക്ക് അദ്ദേഹം ജീവിതത്തിന്റെ പൊതു ഇടപാടുകളില്‍ നടത്തിയിരുന്ന സംസാരങ്ങള്‍. പ്രവാചകത്വത്തിന്റെ ചുമതലകളുമായി അതിനു ബന്ധമുണ്ടായിരുന്നില്ല. പ്രവാചകത്വലബ്ധിക്കു മുമ്പും അതിനുശേഷവും അത്തരം സംസാരങ്ങള്‍ നടന്നിരുന്നു. ഈ ഇനത്തില്‍പെട്ട കാര്യങ്ങളെ സംബന്ധിച്ച് പ്രഥമമായി മനസ്സിലാക്കിയിരിക്കേണ്ടത് അവ സംബന്ധിച്ച് അവിശ്വാസികള്‍ക്ക് ഒരു തര്‍ക്കവുമുണ്ടായിരുന്നില്ല എന്നതാണ്. അവയുടെ പേരില്‍ അവർ അദ്ദേഹത്തെ ധിക്കാരിയെന്നോ ദുര്‍മാര്‍ഗിയെന്നോ ആരോപിച്ചിരുന്നില്ല. എന്നാല്‍, നേരത്തെ പറഞ്ഞ രണ്ടിനം കാര്യങ്ങളുടെ പേരിലും അവർ അദ്ദേഹത്തെക്കുറിച്ച് അങ്ങനെയൊക്കെ ആരോപണമുന്നയിച്ചിരുന്നു.
മൂന്നാമത്തെ ഇനത്തില്‍ പെട്ട കാര്യങ്ങള്‍ ഈ ദൈവികവചനം അവതരിക്കുമ്പോള്‍ ചര്‍ച്ചാവിഷയമായിരുന്നില്ല. അതിനാല്‍, ഈ ഇനം കാര്യങ്ങളെക്കുറിച്ചാണീ സൂക്തമെന്നു കരുതുന്നത് സംഗതമല്ല. എന്നാല്‍, ഈ സന്ദര്‍ഭത്തില്‍ അവ ചര്‍ച്ചക്ക് പുറത്താണ് എന്നതോടൊപ്പം മറ്റൊരു സംഗതികൂടി അനുസ്മരിക്കേണ്ടതുണ്ട്. നബിതിരുമേനിയുടെ ജീവിതത്തിന്റെ സ്വകാര്യവശങ്ങളില്‍പോലും അവിടുത്തെ തിരുവായില്‍നിന്ന് സത്യവിരുദ്ധമായി ഒന്നും പുറത്തുവന്നിരുന്നില്ല എന്നതാണത്. ഏതു സന്ദര്‍ഭത്തിലും പ്രവാചകത്വപരവും ഭക്തിമയവുമായ ജീവിതത്തിന് അല്ലാഹു നിശ്ചയിച്ചുകൊടുത്ത പരിധികള്‍ക്കകത്ത് നിലക്കൊള്ളുന്നതായിരുന്നു അവിടുത്തെ വാക്കും പ്രവൃത്തിയും. അതിനാല്‍, ദിവ്യബോധനത്തിന്റെ ചൈതന്യം അതിലും പ്രവര്‍ത്തിച്ചിരുന്നുവെന്നതാണ് യാഥാര്‍ഥ്യം. ഇക്കാര്യം ചില സ്വഹീഹായ ഹദീസുകളിലൂടെ തിരുമേനി (സ)യില്‍നിന്ന് ഉദ്ധരിക്കപ്പെട്ടിട്ടുള്ളതാണ്.2
മുഫസ്സിറുകൾ എന്തുപറയുന്നു?
ഇനി ഈ ആയത്തിന്റെ വിശദീകരണത്തില്‍ മറ്റു മുഫസ്സിറുകള്‍ പറഞ്ഞത് കാണുക.
وَقَالَ الْبِقَاعِيُّ: {إِنْ} أَيْ مَا {هُوَ} أَيْ الَّذِي يَتَكَلَّمُ بِهِ مِنَ القُرْانِ وَبَيَانِهِ، وَكُلُّ أَقْوَالِهِ وَأَفْعَالِهِ وَأَحْوَالِهِ بَيَانُهُ {إلَّا وَحْيٌ} أَيْ مِنَ اللَّه تَعَالَى
ബിഖാഈ പറഞ്ഞു: (إِنْ) അതായത് അത് (هُوَ) അദ്ദേഹം ഖുര്‍ആനില്‍ നിന്നുള്ളതും അതിന്റെ വിശദീകരണമായിക്കൊണ്ടും സംസാരിക്കുന്നത് എന്നർഥം. അദ്ദേഹത്തിന്റെ വാക്കുകളും പ്രവൃത്തികളും അവസ്ഥകളും എല്ലാം ഖുര്‍ആനിന്റെ വിശദീകരണമാകുന്നു. (إلَّا وَحْيٌ) അതായത് അല്ലാഹു വില്‍ നിന്നുള്ളതാണ്.3
وَقَالَ الإِمَامُ ابْنُ جَرِيرٍ الطَّبَرِيِّ: عَنْ قَتَادَةَ: {وَنُعَلِّمُهُ الْكِتَابَ وَالْحِكْمَةَ} قَالَ: الْحِكْمَةُ: السُّنَّة
ഇമാം ഇബ്‌നു ജരീര്‍ അത്ത്വബരി ഖതാദയില്‍നിന്ന് ഉദ്ധരിക്കുന്നു: (وَنُعَلِّمُهُ الْكِتَابَ وَالْحِكْمَةَ) അദ്ദേഹം പറഞ്ഞു: ഹിക്മത്ത് എന്നാല്‍ സുന്നത്താണ്.4
وَقَالَ الإِمَامُ الْبَغَوِيُّ: { إِنْ هُوَ } مَا نَطَقَهُ فِي الدِّينِ، وَقِيلَ: القُرْآنُ { إِلَّا وَحْيٌ يُوْحَى } أَيْ: وَحْيٌ مِنَ اللهِ يُوحَى إِلَيْهِ
ഇമാം ബഗവി പറയുന്നു: 'അത് അല്ല' എന്നതിന്റെ വിവക്ഷ മതവിഷയകമായി അവിടുന്ന് സംസാരിച്ചത് എന്നത്രെ. അതിന്റെ ഉദ്ദേശ്യം ഖുര്‍ആനാണെന്നും ഒരഭിപ്രായമുണ്ട്. 'ദിവ്യബോധനം നല്‍കപ്പെടുന്ന വഹ്്യല്ലാതെ' എന്നാല്‍ 'അദ്ദേഹത്തിലേക്ക് വഹ്്യ് നല്‍കപ്പെടുന്ന അല്ലാഹുവില്‍നിന്നുള്ള വഹ്്യല്ലാതെ എന്നു സാരം.5
وَقَالَ الإِمَامُ الشَّوْكَانِيُّ: {وَمَا يَنْطِقُ عَنِ الْهَوَى } أَيْ: مَا يَصْدُرُ نُطْقُهُ عَنِ الهَوَى لَا بِالقُرْآنِ وَلَا بِغَيْرِه
ഇമാം ശൗകാനി പറയുന്നു: 'അദ്ദേഹം സ്വേഛയനുസരിച്ച് സംസാരിക്കുന്നില്ല' എന്നതിന്റെ വിവക്ഷ, ഖുര്‍ആനായോ അതല്ലാത്തതായോ യാതൊന്നും അദ്ദേഹത്തില്‍നിന്ന് സ്വേഛാനുസാരം പുറത്തുവരുന്നില്ല എന്നാണ്.6
وَقَالَ الإِمَامُ الآلُوسِي: وَلَا يَبْعُدُ عِنْدَي أَنْ يُحْمَلَ قَوْلُهُ تَعَالَى: {وَمَا يَنْطِقُ عَنِ الْهَوَى} عَلَى العُمُومِ فَإِنَّ مَنْ يَرَى الاِجْتِهَادَ لَهُ عَلَيْهِ الصَلَاةُ وَالسَلَامُ كَالإِمَامِ أَحْمَدَ وَأَبِي يوسُفَ عَلَيْهِمَا الرَّحْمَةُ لَا يَقُولُ بِأَنَّ مَا يَنْطِقُ بِهِ صَلَّى اللهُ عَلَيْهِ وَسَلَّمَ مِمَّا أَدَّى إِلَيْهِ اِجْتِهَادُهُ صَادِرٌ عَنْ هَوَى النَّفْسِ وَشَهْوَتِهَا
ഇമാം ആലൂസി പറയുന്നു: 'അദ്ദേഹം സ്വേഛാനുസാരം സംസാരിക്കുന്നില്ല' എന്ന വചനത്തെ പൊതുവായെടുക്കുന്നത് വിദൂര വ്യാഖ്യാനമല്ല എന്നാണ് എന്റെ പക്ഷം. നബി(സ)ക്ക് ഇജ്തിഹാദാവാം എന്നഭിപ്രായപ്പെടുന്ന ഇമാം അഹ് മദ്, അബൂയൂസുഫ് എന്നിവര്‍ അദ്ദേഹത്തിന്റെ ഇജ്തിഹാദ് സ്വേഛാനുസാരമോ വൈകാരികമോ ആണെന്ന് വാദിക്കുന്നില്ല.....7
وَقَالَ الإِمَامُ الرَّازِي: قَوْلُهُ {إِنْ أَتَّبِعُ إِلَّا مَا يُوْحَى اِلِيَّ} ظَاهِرَهُ يَدُلُّ عَلَى أَنَّهُ لَا يَعْمَلُ إِلَّا بِالوَحْيِ وَهُوَ يَدُلُّ عَلَى حُكْمَيْنِ.. الحُكْمُ الأَوَّلُ:. أَنَّ هَذَا النَّصَّ يَدُلُّ عَلَى أَنَّهُ صَلَّى اللهُ عَلَيْهِ وَسَلَّمَ لَمْ يَكُنْ يَحْكُمُ مِنْ تِلْقَاءِ نَفْسِهِ فِي شَيْءٍ مِنَ الأَحْكَامِ وَأَنَّهُ مَا كَانَ يَجْتَهِدُ بَلْ جَمِيعُ أَحْكَامِهِ صَادِرَةٌ عَنِ الوَحْيِ، وَيَتَأَكَّدُ هَذَا بِقَولِهِ {وَمَا يَنْطِقُ عَنِ الْهَوَى. إِنْ هُوَ إِلَّا وَحْيٌ يُوحَى}. - سُورَةُ الْأَنْعَامِ
ഇമാം റാസി പറയുന്നു: 'എനിക്ക് വഹ്്യ് നല്‍കപ്പെട്ടതല്ലാതെ ഞാന്‍ പിന്‍പറ്റുന്നില്ല' എന്ന വചനത്തിന്റെ പ്രത്യക്ഷാശയം നബി(സ) വഹ് യനുസരിച്ചല്ലാതെ പ്രവര്‍ത്തിക്കുന്നില്ല എന്നത്രെ. ഇതില്‍നിന്ന് രണ്ടു വിധികള്‍ നിര്‍ധാരണം ചെയ്യാം. ഒന്ന്: നബി(സ) തന്റെ സ്വന്തം വകയായി ഒരു നിയമവും ആവിഷ്‌കരിച്ചിരുന്നില്ല, വിധി അദ്ദേഹം ഗവേഷണം ചെയ്ത് കണ്ടെത്തുകയുമായിരുന്നില്ല. അദ്ദേഹത്തിന്റെ എല്ലാ നിയമങ്ങളും വഹ്്യില്‍നിന്ന് ഉത്ഭൂതമായവയാണ്. നജ്മ് 3,4 സൂക്തങ്ങള്‍8
ഇമാം ശാഫിഈ:
قَالَ الشَّافِعِيُّ: وَمَا فَرَضَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ شَيْئًا قَطُّ إلاَّ بِوَحْيٍ، فَمِنَ الْوَحْيِ مَا يُتْلَى وَمِنْهُ مَا يَكُونُ وَحْيًا إِلَى رَسُولِ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ فَيَسْتَنُّ بِه
'വഹ്‌യനുസരിച്ചല്ലാതെ, അല്ലാഹുവിന്റെ റസൂല്‍ ഒന്നും തന്നെ നിയമമാക്കിയിട്ടില്ല, വഹ്്യില്‍ ഓതുന്നതുണ്ട്, അതുപോലെ തന്നെ സുന്നത്തിന്റെ രൂപത്തില്‍ റസൂലിനു ലഭിച്ചതും വഹ്‌യില്‍ ഉണ്ട്. അപ്പോള്‍ അതനുസരിച്ച് ചെയ്യലും നിയമമായി.'9
ഇമാം ശാഫിഈയുടെ ഈ പ്രസ്താവന എടുത്തുദ്ധരിച്ച ശേഷം ഇമാം ഇബ്‌നു തൈമിയ്യ എഴുതുന്നു:
قال شَيْخُ الْإِسْلَامِ ابْنُ تَيْمِيَّةَ: وَالسُّنَّةُ أَيْضًا تَنْزِلُ عَلَيْهِ بِالْوَحْيِ كَمَا يَنْزِلُ الْقُرْآنُ؛ لَا أَنَّهَا تُتْلَى كَمَا يُتْلَى
'ഖുര്‍ആന്‍ അവതരിച്ചിരുന്നതു പോലെ തന്നെ, സുന്നത്തും അദ്ദേഹത്തിന് അവതരിച്ചിരുന്നത് വഹ്‌യ് മുഖേനയായിരുന്നു, പക്ഷെ, ഖുര്‍ആന്‍ ഓതാറുള്ളതുപോലെ അത് ഓതാറില്ല എന്നു മാത്രം.'10
عنْ أَبِي هُرَيْرَةَ، قَالَ: قِيلَ: يَا رَسُولَ اللهِ، إِنَّكَ تُدَاعِبُنَا، قَالَ: « إِنِّي لَا أَقُولُ إِلَّا حَقًّا ».- رَوَاهُ أَحْمَدُ: 8723، وَقَالَ الشَّيْخُ شُعَيْبٌ الْأَرْنَاؤُوطُ: إِسْنَادُهُ حَسَنٌ
അബൂഹുറയ്റ(റ)യില്‍നിന്ന് നിവേദനം: ''ഒരിക്കല്‍ തിരുമേനി പ്രസ്താവിച്ചു: 'ഞാന്‍ സത്യമല്ലാതെ പറയില്ല.' ഒരു സ്വഹാബി ചോദിച്ചു: 'തിരുദൂതരേ, ചിലപ്പോള്‍ അങ്ങ് ഞങ്ങളോട് തമാശ പറയാറുണ്ടല്ലോ.' അവിടുന്ന് പറഞ്ഞു: 'ഞാന്‍ സത്യമേ പറയൂ.''11
ഇമാം ഗസ്സാലി:
وَقَالَ الإِمَامُ الْغَزَّالِيُّ: الأَصْلُ الثَّانِي مِنْ أُصُولِ الأَدِلَّةِ سُنَّةُ رَسُولِ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَقَولُ رَسُولِ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ حُجَّةٌ لِدَلَالَةِ المُعْجِزَةِ عَلَى صِدْقِهِ وَلِأَمْرِ اللَّهِ تَعَالَى إِيَّانَا بِاِتِّبَاعِهِ وَلِأَنَّهُ {وَمَا يَنْطِقُ عَنِ الْهَوَى. إِنْ هُوَ إِلَّا وَحْيٌ يُوحَى}- النَّجْمُ: ٣. لَكِنَّ بَعْضَ الوَحْيِ يُتْلَى فَيُسَمَّى كِتَابًا، وَبَعْضُهُ لَا يُتْلَى وَهُوَ السَّنَةُ
'മൗലിക പ്രമാണങ്ങളില്‍ രണ്ടാമത്തേത് അല്ലാഹുവിന്റെ റസൂലിന്റെ സുന്നത്താണ്, റസൂലിന്റെ വാക്കുകള്‍ പ്രമാണമാണെന്ന കാര്യം, അദ്ദേഹത്തിന്റെ സത്യസന്ധത ഖുര്‍ആന്‍ കൊണ്ട് തന്നെ തെളിഞ്ഞതിനാലും, അദ്ദേഹത്തെ അനുധാവനം ചെയ്യണമെന്ന് അല്ലാഹു നമ്മോട് ആവശ്യപ്പെട്ടതിനാലും, പ്രവാചകന്‍ സ്വേഛാനുസാരം ഒന്നും മൊഴിയുകയില്ല എന്നും, അത് തനിക്ക് ലഭിക്കുന്ന ദിവ്യ ബോധനമനുസരിച്ചു മാത്രമായിരിക്കുമെന്നതിനാലും (അന്നജ്മ്: 3, 4) തെളിഞ്ഞ കാര്യമാണ്. എന്നാല്‍ വഹ്്യിൽ ചിലത് പാരായണം ചെയ്യപ്പെടുന്നു. അതാണ് 'കിതാബ്' എന്നറിപ്പെടുന്നത്. മറ്റു ചിലത് പാരായണം ചെയ്യപ്പെടുന്നതല്ല. അതത്രെ 'സുന്നത്ത്.'12
ഇമാം ശാത്വിബി:
وَقَالَ الإِمَامُ الشَّاطِبِيُّ: فَإِنَّ الحَدِيثَ إِمَّا وَحْيٌ مِنَ اللهِ صِرْفٌ، وَإِمَّا اِجْتِهَادٌ مِنَ الرَّسُولِ عَلَيْهِ الصَلَاةُ وَالسَلَامُ مُعْتَبَرٌ بِوَحْيٍ صَحِيحٍ مِنْ كِتَابٍ أَوْ سَنَةٍ، وَعَلَى كِلَا التَّقْدِيرَيْنِ لَا يُمْكِنُ فِيهِ التَّنَاقُضُ مَعَ كِتَابِ اللهِ؛ لِأَنَّهُ عَلَيْهِ الصَلَاةُ وَالسَّلَامُ مَا يَنْطِقُ عَنِ الهَوَى، {إِنْ هُوَ إِلَّا وَحْيٌ يُوحَى
'ഹദീസ്' എന്ന് പറയുന്നത് ഒന്നുകില്‍ അല്ലാഹുവില്‍ നിന്നുള്ള കലര്‍പ്പില്ലാത്ത വഹ്‌യായിരിക്കും, അല്ലെങ്കില്‍ ഖുര്‍ആനും സുന്നത്തുമാകുന്ന വഹ്‌യ് പരിഗണിച്ച് റസൂല്‍ നടത്തുന്ന ഇജ്തിഹാദായിരിക്കും. ഏതര്‍ഥത്തിലെടുത്താലും സുന്നത്ത് വേദഗ്രന്ഥവുമായി ഏറ്റുമുട്ടുക അസംഭവ്യമാണ്. കാരണം, അവിടുന്ന് സ്വാഭീഷ്ടപ്രകാരം ഒന്നും പറയുകയില്ല, അത് അല്ലാഹുവില്‍ നിന്നുള്ള വഹ്‌യല്ലാതെ മറ്റൊന്നുമായിരിക്കുകയില്ല.13
ചുരുക്കത്തില്‍ ഈ ആയത്തിന്റെ വിവക്ഷയില്‍ സുന്നത്തു കൂടി ഉള്‍പ്പെടുമെന്ന് പറഞ്ഞത് അപ്രധാനികളല്ല എന്നും അതും പരിഗണനീയമായ വീക്ഷണമാണെന്നും തന്നെയാണ് ബോധ്യമാകുന്നത്. മാത്രമല്ല, ഈ വ്യാഖ്യാനത്തെ സാധൂകരിക്കുന്ന ചില ഹദീസുകള്‍ കൂടി കാണുക. ഇതുകൂടി ചേരുന്നതോടെ ഈ വ്യാഖ്യാനം കൂടുതല്‍ പ്രബലമായ വ്യാഖ്യാനമായി മനസ്സിലാക്കാവുന്നതാണ്.
ചുരുക്കത്തില്‍ പ്രവാചകനാണെന്ന നിലയില്‍ തിരുമേനിയില്‍നിന്ന് ഉണ്ടായിട്ടുള്ളതാണ് സുന്നത്ത് എന്നത് കൊണ്ടുദ്ദേശ്യമെങ്കില്‍ (അങ്ങനെ ധാരാളമായി വന്നത് നാം കണ്ടല്ലോ) അത് തീര്‍ച്ചയായും വഹ്‌യ് തന്നെയാണ്, സംശയം വേണ്ടതില്ല.
عنْ حَسَّانَ بْنِ عَطِيَّةَ، قَالَ: «كَانَ جِبْرِيلُ يَنْزِلُ عَلَى رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّم بِالسُّنَّةِ كَمَا يَنْزِلُ عَلَيْهِ بِالْقُرْآنِ، يُعَلِّمُهُ إِيَّاهَا كَمَا يُعَلِّمُهُ الْقُرْآنَ
ഹസ്സാനുബ്‌നു അത്വിയ്യയില്‍നിന്ന് നിവേദനം, അദ്ദേഹം പറഞ്ഞു: ജിബ്്രീല്‍ ഖുര്‍ആനുമായി എങ്ങനെയായിരുന്നുവോ അല്ലാഹുവിന്റെ റസൂലിനു മേല്‍ ഇറങ്ങിയിരുന്നത്, അതേ പ്രകാരം സുന്നത്തുമായും ഇറങ്ങിയിരുന്നു. ഖുര്‍ആന്‍ പഠിപ്പിച്ചിരുന്ന അതേ രൂപത്തില്‍ തന്നെ അത് പഠിപ്പിക്കുകയും ചെയ്തിരുന്നു.14
عنْ عَبْدِ اللَّهِ بْنِ عَمْرٍو قَالَ: كُنْتُ أَكْتُبُ كُلَّ شَىْءٍ أَسْمَعُهُ مِنْ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أُرِيدُ حِفْظَهُ فَنَهَتْنِى قُرَيْشٌ وَقَالُوا أَتَكْتُبُ كُلَّ شَىْءٍ تَسْمَعُهُ وَرَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ بَشَرٌ يَتَكَلَّمُ فِى الْغَضَبِ وَالرِّضَا فَأَمْسَكْتُ عَنِ الْكِتَابِ فَذَكَرْتُ ذَلِكَ لِرَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَأَوْمَأَ بِأُصْبُعِهِ إِلَى فِيهِ فَقَالَ « اكْتُبْ فَوَالَّذِى نَفْسِى بِيَدِهِ مَا يَخْرُجُ مِنْهُ إِلاَّ حَقٌّ
അബ്ദുല്ലാഹിബ്‌നു അംറ്ബ്‌നുല്‍ ആസ്വില്‍(റ)നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: സൂക്ഷിച്ചു വെക്കണം എന്ന ഉദ്ദേശ്യത്തോടെ അല്ലാഹുവിന്റെ റസൂലില്‍ നിന്നും കേള്‍ക്കുന്നതെല്ലാം ഞാന്‍ രേഖപ്പെടുത്തിവെക്കാറുണ്ടായിരുന്നു. അപ്പോള്‍ ഖുറൈശികള്‍ എന്നെ തടഞ്ഞു. അവര്‍ ചോദിച്ചു: കേള്‍ക്കുന്നത് മുഴുവന്‍ നീ എഴുതിവെക്കുകയാണോ? അല്ലാഹുവിന്റെ റസൂലും ഒരു മനുഷ്യനാണ്. കോപമുള്ള സന്ദര്‍ഭത്തിലും സംതൃപ്തിയുള്ള സന്ദര്‍ഭത്തിലും അവിടുന്ന് സംസാരിക്കും. അതോടെ രേഖപ്പെടുത്തിവെക്കുന്നത് ഞാന്‍ നിര്‍ത്തി. എന്നിട്ട് അക്കാര്യം അല്ലാഹുവിന്റെ റസൂലിനോട് ഞാന്‍ പറയുകയും ചെയ്തു. അപ്പോള്‍ തന്റെ വിരല്‍ വായിലേക്ക് ചൂണ്ടിക്കൊണ്ട് അവിടുന്ന് പറഞ്ഞു: നീ എഴുതിവെച്ചുകൊള്ളുക, എന്റെ ആത്മാവ് ആരുടെ കൈയിലാണോ അവന്‍ തന്നെയാണ് സത്യം, ഇതില്‍ നിന്നു സത്യമല്ലാതെ പുറത്തു വരികയില്ല.15
പ്രത്യേകിച്ച് വിധികള്‍ ഒന്നും ഉദ്ദേശിക്കാതെ നബി(സ) ചിലപ്പോള്‍ വല്ലതും പറഞ്ഞേക്കാം. പക്ഷേ നമ്മെ സംബന്ധിച്ചിടത്തോളം വ്യക്തമായ തെളിവ് ഇല്ലാതെ ആ കാര്യത്തില്‍ ഖണ്ഡിതമായ ഒരു വിധിതീര്‍പ്പില്‍ എത്താന്‍ നിര്‍വാഹമില്ല. ഇതിന് ഏറ്റവും മികച്ച ഉദാഹരണമാണ് ഈത്തപ്പനയുടെ പരാഗണവുമായി ബന്ധപ്പെട്ട സംഭവം. സംഭവത്തിലെ കഥാപുരുഷനായ ത്വല്‍ഹ(റ) തന്നെ ആ സംഭവം ഇങ്ങനെ ഉദ്ധരിക്കുന്നു:
عنْْ طَلْحَةَ بْنِ عُبيدِ الله رَضِيَ اللهُ عَنْهُ قَالَ: مَرَرْتُ مَعَ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ بِقَوْمٍ عَلَى رُءُوسِ النَّخْلِ فَقَالَ: « مَا يَصْنَعُ هَؤُلاَءِ ». فَقَالُوا: يُلَقِّحُونَهُ يَجْعَلُونَ الذَّكَرَ فِى الأُنْثَى فَيَلْقَحُ. فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: « مَا أَظُنُّ يُغْنِى ذَلِكَ شَيْئًا ». قَالَ: فَأُخْبِرُوا بِذَلِكَ فَتَرَكُوهُ فَأُخْبِرَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ بِذَلِكَ فَقَالَ: « إِنْ كَانَ يَنْفَعُهُمْ ذَلِكَ فَلْيَصْنَعُوهُ فَإِنِّى إِنَّمَا ظَنَنْتُ ظَنًّا فَلاَ تُؤَاخِذُونِى بِالظَّنِّ وَلَكِنْ إِذَا حَدَّثْتُكُمْ عَنِ اللَّهِ شَيْئًا فَخُذُوا بِهِ فَإِنِّى لَنْ أَكْذِبَ عَلَى اللَّهِ عَزَّ وَجَلَّ
ഈത്തപ്പനയുടെ മണ്ടയില്‍ കയറി ഇരിക്കുന്ന ചില ആളുകളുടെ അടുത്തുകൂടി ഞാന്‍ അല്ലാഹുവിന്റെ റസൂലിനോടൊപ്പം നടന്നു പോവുകയുണ്ടായി. അപ്പോള്‍ അവിടുന്ന് ചോദിച്ചു: 'ഇവര്‍ എന്താണ് ചെയ്യുന്നത്?' അപ്പോള്‍ അവര്‍, തങ്ങൾ പരാഗണം ചെയ്യുകയാണെന്ന് പറഞ്ഞു. ആണ്‍കുലകള്‍ പെണ്‍കുലകളില്‍ വച്ച് പരാഗണം നടത്തുകയാണ്. അപ്പോള്‍ അല്ലാഹുവിന്റെ റസൂല്‍ പറഞ്ഞു: 'അതുകൊണ്ട് വല്ല ഗുണവും ഉണ്ടാകും എന്ന് എനിക്ക് തോന്നുന്നില്ല. അതുകൊണ്ട് വല്ല പ്രയോജനവും ഉണ്ടാവും എന്ന് ഞാന്‍ വിചാരിക്കുന്നില്ല.' ത്വല്‍ഹ(റ) പറഞ്ഞു: 'അതേക്കുറിച്ച് അവര്‍ക്ക് വിവരം ലഭിക്കുകയും അങ്ങനെ അവര്‍ അത് ഉപേക്ഷിക്കുകയും ചെയ്തു.' ആ വിവരം അല്ലാഹുവിന്റെ റസൂലിന് ലഭിച്ചു. അന്നേരം തിരുമേനി പറഞ്ഞു: 'അതവര്‍ക്ക് ഗുണം ചെയ്യുമെങ്കില്‍ അവര്‍ അങ്ങനെ ചെയ്തുകൊള്ളട്ടെ. ഞാന്‍ കേവലം അനുമാനം പറഞ്ഞതാണ്. അനുമാനത്തിന്റെ പേരില്‍ നിങ്ങള്‍ എന്നെ പിടികൂടേണ്ടതില്ല. എന്നാല്‍ അല്ലാഹുവില്‍ നിന്നുള്ളത് വല്ലതും ഞാന്‍ നിങ്ങളോട് സംസാരിച്ചാല്‍ നിങ്ങള്‍ അത് സ്വീകരിച്ച് കൊള്ളണം. കാരണം ഞാന്‍ ഒരിക്കലും അല്ലാഹുവിന്റെ പേരില്‍ ഇല്ലാത്തത് പറയുകയില്ല.'16
عنْ رَافِعِ بْنِ خَدِيجٍ قَالَ: قَدِمَ نَبِىُّ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ الْمَدِينَةَ وَهُمْ يَأْبُرُونَ النَّخْلَ يَقُولُونَ يُلَقِّحُونَ النَّخْلَ فَقَالَ: « مَا تَصْنَعُونَ؟ ». قَالُوا: كُنَّا نَصْنَعُهُ. قَالَ: « لَعَلَّكُمْ لَوْ لَمْ تَفْعَلُوا كَانَ خَيْرًا ». فَتَرَكُوهُ، فَنَفَضَتْ أَوْ فَنَقَصَتْ - قَالَ - فَذَكَرُوا ذَلِكَ لَهُ فَقَالَ: « إِنَّمَا أَنَا بَشَرٌ إِذَا أَمَرْتُكُمْ بِشَىْءٍ مِنْ دِينِكُمْ فَخُذُوا بِهِ، وَإِذَا أَمَرْتُكُمْ بِشَىْءٍ مِنْ رَأْىٍ، فَإِنَّمَا أَنَا بَشَرٌ ». قَالَ عِكْرِمَةُ أَوْ نَحْوَ هَذَا. قَالَ الْمَعْقِرِىُّ فَنَفَضَتْ. وَلَمْ يَشُكَّ
റാഫിഉബ്്നു ഖദീജ്(റ) പറയുന്നു: നബി(സ) മദീനയില്‍ വന്നപ്പോള്‍ അവര്‍ പരാഗണം നടത്താറുണ്ടായിരുന്നു (ഈത്തപ്പനയുടെ ആണ്‍കുലയും പെണ്‍കുലയും ചേര്‍ത്തുവെക്കല്‍). നബി(സ) അവരോട് ചോദിച്ചു: 'നിങ്ങളെന്താണ് ചെയ്യുന്നത്?' അവര്‍ പറഞ്ഞു: 'ഞങ്ങള്‍ അപ്രകാരം ചെയ്യുന്നത് (കൂടുതല്‍ ഈത്തപ്പഴം) ലഭിക്കാനാണ്.' നബി(സ) പറഞ്ഞു: 'അപ്രകാരം ചെയ്യാതിരിക്കലാണ് നിങ്ങള്‍ക്ക് ഉത്തമമായിട്ടുള്ളത്.' അങ്ങനെ അവരത് ഉപേക്ഷിക്കുകയും ഈത്തപ്പഴത്തിന്റെ വിളവില്‍ കുറവ് വരികയും ചെയ്തു. അവര്‍ അത് നബി(സ)യുടെ ശ്രദ്ധയില്‍ പെടുത്തി. അപ്പോള്‍ അവരോട് നബി(സ) ഇപ്രകാരം പറഞ്ഞു: 'ഞാന്‍ നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യന്‍ മാത്രമാണ്. ഞാന്‍ ദീനിയായ വല്ല കാര്യവും നിങ്ങളോട് പറയുന്ന പക്ഷം നിര്‍ബന്ധമായും നിങ്ങളത് അനുസരിക്കണം. എന്റെ അഭിപ്രായ (ഗവേഷണ) മനുസരിച്ച് ഞാന്‍ വല്ലതും നിങ്ങളോട് കല്പിക്കുന്ന പക്ഷം ഞാനൊരു മനുഷ്യന്‍ മാത്രമാണ്'.17
ആഇശ, സാബിത്, അനസ് എന്നിവരില്‍നിന്ന് നിവേദനം:
عنْ أَنَسٍ أَنَّ النَّبِىَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مَرَّ بِقَوْمٍ يُلَقِّحُونَ فَقَالَ: « لَوْ لَمْ تَفْعَلُوا لَصَلُحَ ». قَالَ: فَخَرَجَ شِيصًا فَمَرَّ بِهِمْ فَقَالَ: « مَا لِنَخْلِكُمْ ». قَالُوا: قُلْتَ كَذَا وَكَذَا قَالَ: « أَنْتُمْ أَعْلَمُ بِأَمْرِ دُنْيَاكُمْ
നബി (സ) പരാഗണം നടത്തുന്നവര്‍ക്കരികിലൂടെ നടന്നുപോയി. അപ്പോള്‍ പ്രവാചകന്‍ പറഞ്ഞു: 'ഇവര്‍ ഇങ്ങനെ ചെയ്തില്ലെങ്കിലും അത് നന്നായി വരുമല്ലോ'. അനസ് പറയുന്നു: അങ്ങനെ ആ വര്‍ഷം പാകമാകാത്തവയാണ് ഉണ്ടായത്. അപ്പോള്‍ അവരുടെ ഈന്തപ്പന മരങ്ങള്‍ക്കരികിലൂടെ നടന്നു കൊണ്ട് നബി ചോദിച്ചു: 'നിങ്ങളുടെ ഈത്തപ്പനക്ക് എന്തു പറ്റി?.' അവര്‍ പറഞ്ഞു: 'നിങ്ങളല്ലേ ഇങ്ങനെയൊക്കെ പറഞ്ഞിരുന്നത്?!.' അപ്പോള്‍ നബി(സ) പറഞ്ഞു: 'നിങ്ങളുടെ ഭൗതിക കാര്യങ്ങള്‍ കൂടുതല്‍ അറിയുന്നവര്‍ നിങ്ങള്‍ തന്നെയയാണ്'.18