ദമ്പതികളുടെ പങ്കാളിത്ത ധനം

(സംവാദം): നിഹായ മുഹമ്മദ് - അശ്‌റഫ് അബൂഹയ്യ‌‌
img

ദമ്പതികളുടെ പങ്കാളിത്തധനം എന്നതുകൊണ്ട് വിവക്ഷിക്കുന്നത്, വിവാഹശേഷം കുടുംബം സമ്പാദിക്കുന്ന ധനമാണ്. വീട്ടില്‍ ജോലി ചെയ്യുന്ന ഭാര്യയുടെയും വീടിനുപുറത്ത് ജോലി ചെയ്യുന്ന ഭര്‍ത്താവിന്റെയും ഭാര്യയുടെയും ധനവരുമാനങ്ങള്‍ ഇതില്‍പെടും. വിവാഹത്തിനു മുമ്പ് ഇരുവര്‍ക്കുമുള്ള സ്വത്ത് ഓരോരുത്തരുടെയും വ്യക്തിപരമായ സ്വത്തായിരിക്കും, പങ്കാളിത്തധനമാവില്ല. ജംഗമമോ സ്ഥാവരമോ ആയ സ്വത്തുക്കള്‍ രണ്ടുപേരുടെയും അധ്വാനഫലമായി വളര്‍ന്നാല്‍ മാത്രമേ പങ്കാളിത്ത ധനമാവുകയുള്ളൂ.

ഒരു ഭാര്യ ഭര്‍തൃ ഗൃഹത്തില്‍ ചെയ്യുന്ന ജോലി ദമ്പതികളുടെ പങ്കാളിത്ത ധനമായി പരിഗണിക്കുമോ ഇല്ലയോ എന്നതാണ് ഇവിടെ പരിശോധിക്കുന്നത്. സമൂഹത്തില്‍ നിര്‍ബന്ധമെന്നോണം അടിച്ചേല്‍പിക്കപ്പെട്ട ചില നടപടിക്രമങ്ങള്‍ പരമ്പരാഗതമായി നാം ശീലിച്ചു പോന്നിട്ടുണ്ട്. അവയില്‍ പലതും പുരുഷ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനുള്ളതാണ്. അവയാകട്ടെ, ദമ്പതികളുടെയും കുടുംബത്തിന്റെയും വിഷയങ്ങളുമായി നേരിട്ടു ബന്ധപ്പെടുന്നവയുമാണ്.

ഇസ്്ലാം നിരോധിച്ച പലിശയുമായി നേരിട്ട് ഏറ്റുമുട്ടുന്നതായിട്ടും ബാങ്ക് പലിശയെ ന്യായീകരിക്കുന്നവര്‍ ദമ്പതികളുടെ സാമ്പത്തികാവകാശങ്ങളില്‍ പുരുഷാനുകൂല നിലപാട് സ്വീകരിക്കുന്നതു കാണാം. നിയമങ്ങള്‍ നിര്‍മിക്കുന്നത് മിക്കവാറും പുരുഷന്മാരും, എപ്പോഴും വിവേചനത്തിനിരയാക്കുന്നത് സ്ത്രീകളുമാണെന്നതാണ് ഇതിനുകാരണം.

പുരുഷന്മാര്‍ ശക്തിയും മേല്‍ക്കൈയും സ്വന്തമാക്കിവെക്കുന്ന സമൂഹത്തില്‍ അവരാണ് നിയമാവിഷ്‌കാരം നടത്തുന്നത് എന്നതിനാല്‍ ഉദ്ദേശ്യപൂര്‍വമായോ അല്ലാതെയോ അവര്‍ക്ക് സവിശേഷത കൈവരുന്നു. സ്വാഭാവികമായും ഏതു നിയമവും പുരുഷാനുകൂലമാവുന്നു. ഈ അവസരം വനിതകള്‍ക്കാണ് ലഭിക്കുന്നതെങ്കിലും ഇതുതന്നെയാണ് സംഭവിക്കുക. നീതിയും സന്തുലിതത്വവും സാധ്യമാകണമെങ്കില്‍ സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും നിയമാവിഷ്‌കാരത്തില്‍ പങ്കാളിത്തം ഉറപ്പാക്കണം.

തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയാത്ത അയോഗ്യകളാണ് വനിതകള്‍ എന്ന സാമ്പ്രദായിക ധാരണയാണ് രണ്ടാമത്തെ പ്രശ്‌നം. കുടുംബത്തിന്റെ ഭദ്രതയും സ്ഥിരതയും സാക്ഷാല്‍ക്കരിക്കാന്‍ പാകത്തില്‍ ദമ്പതികളുടെ കുടുംബ ധര്‍മങ്ങള്‍ പാരമ്പര്യ സാമ്പ്രദായിക രീതിയില്‍ നിയമവല്‍ക്കരിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ഇതനുസരിച്ച് ഭാര്യയുടെ ജീവനാംശം ഭര്‍ത്താവിന്റെ ചുമതലയാണ്. അതുവഴി കുടുംബത്തിന്റെ നേതൃത്വം പുരുഷന് കൈവന്നു. ഭാര്യ ചെയ്യുന്ന ഗൃഹജോലികള്‍ പ്രത്യുല്‍പ്പാദനപരമായി പരിഗണിക്കപ്പെട്ടില്ല. കുടുംബത്തിനുള്ള വിനിയോഗമായി അംഗീകരിക്കപ്പെട്ടില്ല. അവളുടെ അധ്വാനം സമ്പത്തായി വിലമതിക്കപ്പെട്ടില്ല. ദാമ്പത്യ ജീവിതത്തിനിടയില്‍ ഇരുവരുടെയും പങ്കാളിത്തത്തിലൂടെ സ്വായത്തമാക്കുന്ന ധനത്തെ / പ്രതിഫലത്തെ/ വിനിയോഗിക്കുന്ന അധ്വാനത്തെ നിയമം രണ്ടുപേര്‍ക്കും അവകാശപ്പെട്ട പങ്കാളിത്ത ധനമായി കാണുന്നില്ല. ദാമ്പത്യ ജീവിതം നടന്നുകൊണ്ടിരിക്കുന്ന ഗൃഹം ഉള്‍പ്പെടെയുള്ള സ്വത്തുക്കള്‍ ഭര്‍ത്താവിന്റെ പേരില്‍ ചാര്‍ത്തപ്പെടുന്നു. വിവാഹവേളയില്‍ ഉഭയസമ്മതപ്രകാരം വ്യവസ്ഥ ചെയ്തവയൊഴികെയുള്ളതെല്ലാം ഭര്‍ത്താവിന്റെ പേരില്‍ തന്നെ. ഭര്‍ത്താവിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തവയെല്ലാം അയാളുടെ അവകാശത്തിലായിരിക്കും. അയാളുടെ സമ്മതത്തോടെ മാത്രമെ ഭാര്യക്ക് അതില്‍ പങ്കാളിത്തം ലഭിക്കുകയുള്ളൂ. അതേസമയം ഇവ സ്വായത്തമാക്കുന്നതില്‍ രണ്ടുപേര്‍ക്കും തുല്യമോ ആനുപാതികമോ ആയ പങ്കാളിത്തം ഉണ്ട് എന്നത് അവഗണിക്കപ്പെടുന്നു. ഭാര്യ വീടനുവെളിയില്‍ ജോലിക്കു പോകുന്നുണ്ടാവാം. നന്നെച്ചുരുങ്ങിയത് അവള്‍ വീടിനകത്ത് ജോലി ചെയ്യുന്നുണ്ട്.

അതുപോലെ, ഇസ്്ലാമിക ശരീഅത്തില്‍ സ്ത്രീയുടെ അനന്തരാവകാശം ഏകകണ്ഠമാണ്. അതേസമയം, മിക്ക സ്ത്രീകള്‍ക്കും അവരുടെ ന്യായാനുസൃത അനന്തരാവകാശം ലഭിക്കുന്നില്ല. 2005 ഏപ്രില്‍ 9 മുതല്‍ 14 വരെ ദുബൈയില്‍ സംഘടിപ്പിക്കപ്പെട്ട അന്താരാഷ്ട്ര ഫിഖ്ഹ് അക്കാദമിയുടെ പതിനാറാം സമ്മേളനം ഉദ്യോഗസ്ഥ ദമ്പതികള്‍ തമ്മില്‍ ഉണ്ടാകുന്ന അഭിപ്രായ വ്യത്യാസങ്ങളുമായി ബന്ധപ്പെട്ട് ഒരു തീരുമാനവും ഫത് വയും പുറപ്പെടുവിക്കുകയുണ്ടായി. ദമ്പതികള്‍ തമ്മില്‍ സാമ്പത്തിക ഉത്തരവാദിത്വം വേര്‍പിരിയുന്നതു സംബന്ധിച്ചും ചില തീരുമാനങ്ങളുണ്ടായി. അതനുസരിച്ച് ദമ്പതികള്‍ക്ക് സാമ്പത്തിക ഉത്തരവാദിത്വങ്ങളില്‍നിന്ന് പിന്‍വാങ്ങാമെന്ന് അംഗീകരിക്കപ്പെട്ടു. അഥവാ, ഭാര്യക്ക് പൂര്‍ണമായ സമ്പാദന അര്‍ഹതയും സ്വതന്ത്രമായ സാമ്പത്തിക ഉത്തരവാദിത്വവുമുണ്ടായിരിക്കും. അവള്‍ സ്വന്തം നിലയില്‍ സമ്പാദിച്ചു നേടുന്നവയില്‍ ശരീഅത്തു വിധികള്‍ക്കനുസൃതമായി നിരുപാധികാവകാശമുണ്ടായിരിക്കും. അവളുടെ സ്വത്ത് അവള്‍ക്ക് അവകാശപ്പെട്ടതായിരിക്കും. അവളുടെ സ്വത്തിന്റെ പൂര്‍ണ ഉടമസ്ഥതയും കൈകാര്യാവകാശങ്ങളും അവള്‍ക്കായിരിക്കും. അവളുടെ സ്വത്തില്‍ ഭര്‍ത്താവിന് അധികാരമുണ്ടായിരിക്കുന്നതല്ല. സമ്പാദിക്കാനോ കൈകാര്യം ചെയ്യാനോ ഭര്‍ത്താവിന്റെ സമ്മതം ആവശ്യമില്ല.

പങ്കാളിത്തധനം
ദാമ്പത്യ ജീവിതത്തിനിടയില്‍ ഭാര്യയോ ഭര്‍ത്താവോ സമ്പാദിച്ച സമ്പത്തുക്കള്‍ പരിഗണിക്കുമ്പോള്‍ വിഭജനത്തില്‍ വരുന്നവ ഏവ? രണ്ടുപേരുടെയും സ്വതന്ത്ര ഉത്തരവാദിത്വത്തില്‍ ഒരു പോലെ വരുന്നവ ഏവ? എന്ന് രണ്ടായി പരിഗണിക്കേണ്ടിയിരിക്കുന്നു. ദമ്പതികളില്‍ ഓരോരുത്തരുടെയും സ്വതന്ത്ര സാമ്പത്തിക ഉത്തരവാദിത്വമാണ് വിഷയമെങ്കില്‍ അത് വിവാഹം തീരുമാനിക്കുന്നതിനു മുമ്പ് സംസാരിക്കണം. വിവാഹ ശേഷവും തുടരാം. ഭര്‍ത്താവിനും ഭാര്യക്കും അനന്തരാവകാശമായി ലഭിക്കുന്ന സ്വത്ത് സ്വതന്ത്ര ഉടമസ്ഥാവകാശത്തില്‍ പെടുന്നു. വിവാഹത്തനുമുമ്പ് സമ്പാദിച്ചവയും വിവാഹത്തിന് മുമ്പുള്ളതും വിവാഹത്തിനു മുമ്പുള്ള വീട്ടിത്തീര്‍ക്കാനുള്ള കടങ്ങളും വസ്വിയ്യത്തായോ ദാനമായോ ലഭിക്കുന്ന സ്വത്തുക്കളും ഓരോരുത്തരുടെയും സ്വതന്ത്ര നിയന്ത്രണത്തിലുള്ള സ്വത്തായിരിക്കും. ദാമ്പത്യ കാലയളവില്‍ വികസിച്ചു വന്നതല്ലാത്ത സ്വത്തുക്കളെല്ലാം ഓരോരുത്തരുടെയും സ്വതന്ത്ര സ്വത്തായാണ് പരിഗണിക്കുക എന്നര്‍ഥം.

പങ്കാളിത്ത സമ്പത്തിനെക്കുറിച്ച ചര്‍ച്ചയില്‍ പ്രതിഫലം ലഭിക്കുന്നവയും അല്ലാത്തവയും പെടും. മറ്റൊരുവിധം പറഞ്ഞാല്‍, വീടിനകത്ത് സ്ത്രീ നിര്‍വഹിക്കുന്ന ജോലി ഏതിനത്തില്‍ പെടും എന്ന് നിര്‍ണയിക്കേണ്ടി വരും. ഭാര്യമാര്‍ വീടകങ്ങളില്‍ നിര്‍വഹിക്കുന്ന ജോലി പ്രതിഫലാര്‍ഹമാണോ? അല്ലയോ? അത് ജോലിയുടെ ലോക തലത്തിലെ നിര്‍വചനത്തില്‍ വരുന്നതാണോ? സാമ്പത്തികവശം പരിഗണിക്കുമ്പോള്‍ മൂല്യവത്താണോ?

ഗാര്‍ഹിക ജോലി വ്യത്യസ്ത
സമീപനങ്ങള്‍

പരസ്പരം കൈമാറ്റം ചെയ്യപ്പെടുന്ന മൂല്യം ഉല്‍പ്പാദിപ്പിക്കുന്ന ജോലിയാണ് സാമൂഹിക വികസനത്തിലും ജനകീയോല്‍പാദനത്തിലും പങ്കുവഹിക്കുന്ന തരം ജോലികള്‍. ഈയടിസ്ഥാനത്തില്‍ പ്രതിഫലം ലഭിക്കുന്ന ജോലികള്‍ മാത്രമേ സാമ്പത്തികമായി പരിഗണിക്കപ്പെടുകയുള്ളൂ. അറബ് നാടുകളിലെ സ്ഥിതി വിവരക്കണക്കുകളില്‍ കൂടുതലും അന്താരാഷ്ട്ര തൊഴില്‍ സംഘടന പിന്തുടരുന്ന നിര്‍വചനമനുസരിച്ചാണ്. അതായത്, 'പതിനഞ്ചുവയസ്സോ അതിലധികമോ ഉള്ള ഒരാള്‍ കുടുംബത്തിന്റെ പ്രത്യേക താല്‍പര്യാര്‍ഥമോ, കുടുംബത്തിലെ ഒരാളുടെ ആവശ്യാര്‍ഥമോ, വസ്തുവോ പണമോ ഈടാക്കാതെ ചെയ്യുന്ന പ്രവൃത്തിയാണ് ജോലി എന്നതിന്റെ വിവക്ഷയില്‍ വരിക.
മേല്‍ നിര്‍വചനമനുസരിച്ച് ഭാര്യമാരുടെ ഗാര്‍ഹിക ജോലികള്‍ പ്രതിഫലാര്‍ഹമല്ല. കൃഷിപോലെ ഭാര്യമാര്‍ നടത്തുന്ന ജോലികള്‍ അവളുടെ ഗാര്‍ഹിക ഉത്തരവാദിത്വത്തിന്റെ ഭാഗമായോ, ഗാര്‍ഹിക ജോലിയുടെ വികസിത രൂപമായോ ആണ് പരിഗണിക്കുക. അതിന് പ്രത്യേക പ്രതിഫലം ഉണ്ടായിരിക്കുന്നതല്ല. അതനുസരിച്ച് സമൂഹത്തില്‍ പ്രത്യുല്‍പാദനപരമായ സാമ്പത്തിക പ്രവര്‍ത്തനം എന്ന നിര്‍വചനത്തില്‍ അത്തരം ജോലികള്‍ ഉള്‍പ്പെടില്ല.

വനിതകൾ നിര്‍വഹിക്കുന്ന ചില ജോലികളുമായി താരതമ്യം ചെയ്തുകൊണ്ട്, ഗാര്‍ഹിക ജോലികളില്‍ ആവശ്യമായ ശാരീരിക ശക്തിയെ മുന്‍നിര്‍ത്തി വിഷയത്തെ സമീപിക്കുന്നവരാണ് ചിലര്‍. ഇവരുടെ വീക്ഷണത്തില്‍ വീടിനകത്ത് സ്ത്രീകള്‍ നിര്‍വഹിക്കുന്ന ജോലികള്‍ കൈതൊഴിലാളികള്‍ ചെയ്യുന്ന തൊഴിലുകള്‍ പോലെ ശാരീരിക ശേഷിയും പേശീബലവും ആവശ്യമുള്ളവയാണ്. അതനുസരിച്ച് ഗാര്‍ഹിക ജോലി ഉല്‍പാദനപരമാണ്. സമൂഹത്തിലെ ഉല്‍പാദന പ്രധാനമായ ജോലികളില്‍ അവ ഉള്‍പ്പെടുത്തണം. അതായത്, സ്ത്രീയും പുരുഷനും ഒരുപോലെ കുടുംബത്തിലും സമൂഹത്തിലും പ്രത്യുല്‍പാദകരാണ്. നേരിട്ടോ അല്ലാതെയോ ഇരുവരും കുടുംബത്തിന്റെ സ്വത്ത് വര്‍ധിപ്പിക്കാന്‍ ജോലി ചെയ്യുന്നുണ്ട്.

ഗാര്‍ഹിക ജോലികള്‍ ചെയ്യാന്‍ ആവശ്യമായ ശാരീരിക ശേഷിക്കൊപ്പം അവ ചെയ്യാനാവശ്യമായ സമയവും വിലമതിക്കണമെന്ന് ചിലര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. സാധാരണയായി സ്ത്രീകള്‍ വീട്ടില്‍ പതിനാറു മണിക്കൂര്‍ ജോലി ചെയ്യുന്നുണ്ട്. അതേസമയം പുരുഷന്മാരും സ്ത്രീകളും എട്ടുമണിക്കൂര്‍ മാത്രമെ പുറത്തു ജോലി ചെയ്യുന്നുള്ളൂ. അതിന്റെ അര്‍ഥം കൂടുതല്‍ സമയം അപഹരിക്കുന്നു എന്നതിനാല്‍ ഗാര്‍ഹിക ജോലിയെ പ്രത്യുല്‍പാദനപരമായ പ്രവൃത്തിയായി പരിഗണിക്കണമെന്നാണ്.
ചില കുടുംബങ്ങളില്‍ ഗാര്‍ഹിക ജോലികള്‍ക്കായി പുറം തൊഴിലാളി സ്ത്രീകളെ ഉപയോഗപ്പെടുത്താറുണ്ട്. അതിന് അവര്‍ക്ക് പ്രതിഫലം നല്‍കുന്നുമുണ്ട്. ഇതു തെളിയിക്കുന്നത് സ്ത്രീയുടെ ജോലി പ്രത്യുല്‍പാദനപരവും കുടുംബത്തിന്റെ സമ്പത്തും വര്‍ധിപ്പിക്കുന്നതില്‍ നേരിട്ടു തന്നെ ഭാഗഭാക്കാവുന്നതാണ് അവളുടെ ജോലി എന്നുമാണ്. തന്നെയുമല്ല, സ്ത്രീകള്‍ ഗാര്‍ഹിക ജോലികള്‍ നിര്‍വഹിക്കുന്നതിനാല്‍ ഈ രംഗത്ത് പുരുഷന്മാര്‍ ഉത്തരവാദിത്വങ്ങളില്‍നിന്ന് ഒഴിവാകുന്നു എന്നൊരു വശവുമുണ്ട്. ഇതിലൂടെ, ഭാര്യമാര്‍ ഭാരങ്ങള്‍ പേറേണ്ടി വരികയും പുരുഷന്മാര്‍ ഉത്തരവാദിത്വമുക്തരാവുകയും ചെയ്യുന്നു.

ദമ്പതികളുടെ പങ്കാളിത്തധനത്തിന്റെ യാഥാർഥ്യം
അന്താരാഷ്ട്ര തലത്തിലെയും ഐക്യരാഷ്ട്രസഭയുടെയും കണക്കുകള്‍ പ്രകാരം വീടിനുപുറത്ത് ഏറ്റവും കൂടുതലായി ജോലി ചെയ്യുന്നത് സ്ത്രീകളെക്കാള്‍ പുരുഷന്മാരാണ്. സ്ത്രീകള്‍ കൂടുതലായും ജോലി ചെയ്യുന്നത് വീടുകളിലാണ്. ഈജിപ്തില്‍ 2005-ല്‍ നടത്തിയ കണക്കെടുപ്പനുസരിച്ച് 77 ശതമാനം പുരുഷന്മാര്‍ ജോലി ചെയ്യുമ്പോള്‍ 23 ശതമാനം സ്ത്രീകള്‍ മാത്രമെ പുറം ജോലികള്‍ ചെയ്യുന്നുള്ളൂ. ലബനാനില്‍ പതിനഞ്ചു വയസ്സുമുതല്‍ പ്രായമുള്ള 23.3 ശതമാനം സ്ത്രീകള്‍ ജോലി ചെയ്യുമ്പോള്‍ 73.4 ശതമാനം പുരുഷന്മാര്‍ ജോലി ചെയ്യുന്നു. ഫലസ്ത്വീനില്‍ 67.8 ശതമാനം പുരുഷന്മാര്‍ ജോലി ചെയ്യുമ്പോള്‍ 14.1 ശതമാനം സ്ത്രീകളാണ് തൊഴില്‍ രംഗത്തുള്ളത്. വീട്ടില്‍ ജോലി ചെയ്യുന്ന സ്ത്രീകളെക്കാള്‍ കൂടുതല്‍ പുരുഷന്മാര്‍ പുറത്തു ജോലി ചെയ്യുന്നു എന്ന് ഇതില്‍നിന്നു മനസ്സിലാക്കാം. അകത്തായാലും പുറത്തായാലും ആണും പെണ്ണും കുടുംബത്തിനുവേണ്ടി ജോലി ചെയ്യുന്നു. ചില സ്ത്രീകള്‍ വീടിനകത്തും പുറത്തും ജോലി ചെയ്യുന്നു. ഇവരില്‍ പല സ്ത്രീകളും കുടുംബം പോറ്റുന്നവരാണ്. ഇത് ഓരോന്നായി നമുക്ക് പരിശോധിച്ചു നോക്കാം:

ഭര്‍ത്താവിന്റെ തൊഴിലിന് ഭാര്യയുടെ സഹായം
ഭര്‍ത്താവിനു വീടിനു പുറത്തു ജോലിക്കു പോകാന്‍ കഴിയുന്നത് ഭാര്യ വീടിനകത്തെ ജോലികള്‍ ഏറ്റെടുക്കുന്നതുകൊണ്ടാണ്. അയാളുടെ ജോലി പുറത്തും അവളുടേത് അകത്തുമാണ് എന്ന വ്യത്യാസമേയുള്ളൂ. ഈ വിഭജനത്തിലൂടെ ഭര്‍ത്താവിന് വരുമാനം ലഭിക്കുന്നു. ഭാര്യക്ക് ജോലിയുണ്ടെങ്കിലും വരുമാനം ലഭിക്കുന്നില്ല. ഇത് നീതിപൂര്‍വകമല്ല.
വിവാഹശേഷം ഭര്‍ത്താവിനോ ഭാര്യക്കോ ലഭിക്കുന്ന സ്വത്തുക്കള്‍ സ്ഥാവരമോ ജംഗമമോ ആവാം. കാര്‍, വീട്ടുപകരണം പോലുള്ള ജംഗമവും ഭൂനിലം പോലെയുള്ള സ്ഥാവരവുമായ സ്വത്തുക്കള്‍ വിവാഹശേഷം സമ്പാദിക്കുന്നവയില്‍ വരാം. ഒരു സ്ത്രീക്ക് കുടുംബത്തിന്നായോ അല്ലാതെയോ കാര്‍ സ്വന്തമാക്കാം. അതുപോലെ വീട് നിര്‍മിക്കുകയോ വാങ്ങുകയോ ഭൂനിലം ഉടമപ്പെടുത്തുകയോ ആവാം. സ്വത്തുക്കള്‍ ഭര്‍ത്താവിന്റേതു മാത്രമോ ഭാര്യയുടേതു മാത്രമോ ആവാം. ഉദാഹരണമായി, ഭര്‍ത്താവിന് അനന്തരാവകാശമായി വീടു ലഭിക്കാം. ഭാര്യക്ക് അനന്തരാവകാശമായി ഭൂനിലം ലഭിക്കാം. ഇവ അതാതാളുകളുടെ വ്യക്തിപരമായ സാമ്പത്തിക ആസ്തിയായിരിക്കും. എന്നാല്‍ വിവാഹശേഷം ഇരുവരും ഭൂമിയില്‍ ഒരു കെട്ടിടം ഉണ്ടാക്കാന്‍ തീരുമാനിക്കുന്നു. അല്ലെങ്കില്‍ ദമ്പതികളില്‍ ഒരാളുടെ ഉടമസ്ഥതയിലുള്ള പഴയ കെട്ടിടത്തിനു മുകളില്‍ മറ്റൊരു നില പണിയാന്‍ തീരുമാനിക്കുന്നു. അങ്ങനെയെങ്കില്‍ വിവാഹശേഷമുള്ള ഈ മുതല്‍ (മുകള്‍ നില) വിവാഹശേഷം ദമ്പതികൾ സംയുക്തമായി സമ്പാദിച്ച സ്വത്തായാണ് പരിഗണിക്കുക.

വനിതകളുടെ എല്ലാതരം പ്രവര്‍ത്തനങ്ങളെയും പങ്കാളിത്തങ്ങളെയും സമ്മതിക്കുകയും വിലമതിക്കുകയും ചെയ്യുന്ന വിധത്തില്‍ അന്താരാഷ്ട്ര തലത്തില്‍ ഇപ്പോള്‍ ജനങ്ങള്‍ക്ക് അവബോധമുണ്ടായിത്തുടങ്ങിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഇപ്പോള്‍ പ്രതിഫലം ലഭിക്കാത്ത ജോലികളെയും അതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഭര്‍ത്താവിന്റെ കൃഷിയിടങ്ങളിലെയും കച്ചവടസ്ഥാപനങ്ങളിലെയും സേവനങ്ങള്‍ മുതലായവ ഉദാഹരണം.

സന്താനപരിപാലനം
സാമൂഹിക രീതിയനുസരിച്ച് സന്താനോല്‍പാദനത്തിന്റെയും പരിപാലനത്തിന്റെയും കൂടുതല്‍ ഉത്തരവാദിത്വവും സ്ത്രീകള്‍ക്കാണ്. ഇതോടൊപ്പം കുട്ടികള്‍, മുതിര്‍ന്നവര്‍, വൃദ്ധര്‍, വികലാംഗര്‍ മുതലായവരുടെ പരിപാലനം, വ്യത്യസ്ത ഗാര്‍ഹിക ജോലികള്‍, കൃഷിയിടങ്ങളിലെ കാര്‍ഷിക വൃത്തികള്‍ മുതലായവയും ചില വനിതകള്‍ നിര്‍വഹിച്ചു പോരുന്നുണ്ട്. ഇവ എങ്ങനെയാണ് ജോലി അല്ലാതെയാവുക? അതെങ്ങനെയാണ് പ്രയോജനമോ പ്രതിഫലമോ ഭൗതിക മൂല്യമോ ഇല്ലാത്ത തികച്ചും വ്യക്തിപരമായ ഉത്സാഹം മാത്രമായി പരിഗണിക്കുക? അതെങ്ങനെയാണ് രാജ്യത്തിന്റെ സമ്പദ്‌മേഖലയിലും സുഖൗസകാര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിലും വിലമതിക്കപ്പെടാതെ പോവുക?

ഐക്യരാഷ്ട്രസഭ രണ്ടായിരത്തില്‍ അംഗീകരിച്ച പ്രമേയം ജോലിക്ക് വിശാലമായ അര്‍ഥതലങ്ങള്‍ നല്‍കിയിരിക്കുന്നു. ഇതനുസരിച്ച്, ജോലി അഥവാ തൊഴില്‍ എന്നതിന്റെ വിവക്ഷ, വ്യക്തികള്‍ ഉല്‍പാദനത്തില്‍ പങ്കാളികളാവുക എന്നാണ്. പങ്കാളിത്തം വഴി ഭൗതിക ലാഭങ്ങള്‍ ലഭിക്കാം, കുടുംബത്തിന്റെ ഏതെങ്കിലും സംരംഭത്തില്‍ പ്രതിഫലം ഈടാക്കാതെ ഏര്‍പ്പെടുന്നതും ജോലിയാണ്. ഗാര്‍ഹികോപഭോഗത്തിനായി വസ്തുക്കള്‍ നിര്‍മിക്കുക, ഗാര്‍ഹിക ജോലി, കുടുംബാഗങ്ങളെ പരിപാലിക്കുക, പ്രായമായവരെ സംരക്ഷിക്കുക മുതലായ സാമ്പത്തികേതര പ്രവര്‍ത്തനങ്ങളുമെല്ലാം ജോലി തന്നെ. വ്യക്തിയുടെയോ കുടുംബത്തിന്റെയോ ഉടമസ്ഥതയില്‍ കെട്ടിടങ്ങള്‍ നിര്‍മിക്കുക, നന്നാക്കുക മുതലായവയും ജോലിയാണ്. പകരം പ്രതിഫലം സ്വീകരിക്കാതെ ചെയ്യുന്ന സ്വയം സന്നദ്ധ തൊഴിലുകളും ജോലിയുടെ ഭാഗമാണ്.

വിവിധ സമൂഹങ്ങള്‍ക്കിടയില്‍ ഈ വിഷയകമായി വ്യത്യാസങ്ങള്‍ ഉള്ളതിനാലും അനൗദ്യോഗിക ജോലിക്ക് കൃത്യമായ നിര്‍വചനമില്ലാത്തതിനാലും വീടിനകത്തു നടക്കുന്ന സാമ്പത്തിക-സാമ്പത്തികേതര പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് മതിയായ വിവരങ്ങള്‍ ലഭ്യമല്ലാത്തതിനാലും ഇതുസംബന്ധമായി അതാതു നാടുകള്‍ തങ്ങള്‍ക്കു ചേര്‍ന്ന നിലപാടുകള്‍ സ്വീകരിച്ചു വരികയാണ് ചെയ്യുന്നത്.

വീടിനു പുറത്ത് ജോലി ചെയ്യുന്ന ദമ്പതികള്‍ സ്വായത്തമാക്കുന്ന സമ്പത്തുകള്‍
ദമ്പതികള്‍ രണ്ടുപേരും പുറത്തു ജോലിക്കു പോയി കുടുംബത്തിനു ഒരുപോലെ വരുമാനമുണ്ടാക്കുന്ന ചില സാഹചര്യങ്ങളുണ്ടാവാം. ഇത്തരം ഘട്ടങ്ങളില്‍ ലഭിക്കുന്ന നിര്‍ണിത ശമ്പളം കുടുംബത്തിന്റെ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കും അഥവാ അതുപയോഗിച്ച് കുടുംബത്തിന്റെ സമ്പത്ത് വര്‍ധിക്കുന്നുണ്ടാവും. ഇവിടെ രണ്ടുപേരും കുടുംബസ്വത്ത് വര്‍ധിക്കുന്നതില്‍ പങ്കുവഹിക്കുന്നു. കാറുപോലെ ജംഗമവസ്തുക്കളോ പറമ്പുപോലെ സ്ഥാവര സ്വത്തുക്കളോ വാങ്ങുന്നു. ഇതിലെ പങ്കാളിയായ ഭാര്യ വീട്ടിലെ ജോലിക്കു പുറമെ പുറം ജോലിക്ക് ഇരട്ടി സമയം വിനിയോഗിക്കുന്നു. വീട്ടുജോലിക്ക് പുരുഷന്‍ സാധാരണ ഗതിയില്‍ പങ്കാളിയാവുന്നില്ല.

ഇത്തരം സംഭവങ്ങളില്‍ ആര്‍ജിത സമ്പത്തിന്റെ നിയമപരമായ സ്വഭാവം മനസ്സിലാക്കപ്പെടേണ്ടതുണ്ട്. വീടിനുപുറത്ത് ജോലി ചെയ്ത ഭാര്യ അതുവഴി നേടിയ വരുമാനം കൂടി കുടുംബത്തിന്റെ സ്വത്തു വര്‍ധിക്കുന്നതില്‍ പങ്കു വഹിച്ചിട്ടുണ്ട്. അതോടൊപ്പം വീട്ടുജോലിയും അതിനായുള്ള സമയ വിനിയോഗവും വഴിയും അവള്‍ പങ്കാളിയായി. അങ്ങനെ വരുമ്പോള്‍ വിവാഹാനന്തരം കുടുംബത്തിന്റേതായി സ്വായത്തമായ സ്വത്തുക്കള്‍ ദമ്പതികള്‍ക്കിടയില്‍ പപ്പാതിയായി അഥവാ പങ്കാളിത്തത്തിന്റെ തോതനുസരിച്ച് വീതിക്കപ്പെടണം. ഭര്‍ത്താവിന്റെ മരണത്തോടെ അവരുടെ ദാമ്പത്യം അവസാനിക്കുന്നതിനാല്‍ ദാമ്പത്യത്തിനിടയില്‍ ഇരുവരും സമ്പാദിച്ചവ ആദ്യം വീതിക്കപ്പെടണം. ആ സമ്പത്തിന്റെ പകുതി ഭാര്യക്ക് കിട്ടണം. ബാക്കി പകുതി ഭാര്യയുള്‍പ്പെടെയുള്ള അനന്തരാവകാശികള്‍ ശരീഅത്തു വിഹിത പ്രകാരം വീതിച്ചെടുക്കണം.

ഖലീഫ ഉമറിന്റെ ന്യായവിധി
ഇബ്‌നു അബീ സംനൈനി 'മുന്‍തഖബുല്‍ അഹ്കാമി'ലും ഇബ്‌നു ഹബീബ് 'അല്‍ വാദിഹ'യിലും വിവരിച്ച താഴെ സംഭവം കാണുക:
ആമിറു ബ്‌നു ഹാരിസ് എന്നയാള്‍ അലക്കുകാരനായിരുന്നു. ഭാര്യ ഹബീബ ബിന്‍തു സുറൈഫ് (ഖ്) തയ്യല്‍ക്കാരിയും. രണ്ടുപേരും ജോലി ചെയ്ത് പണം സമ്പാദിച്ചു. ആമിര്‍ മരിച്ചു. മരിക്കുമ്പോള്‍ സമ്പത്തുണ്ടായിരുന്നു. ആമിറിന്റെ ബന്ധുക്കള്‍ പണപ്പെട്ടികളുടെ താക്കോല്‍ കൈക്കലാക്കി വീതിച്ചെടുത്തു. ഭാര്യ ഹബീബ തന്റെ കൂടി സമ്പാദ്യമാണ് അതെന്നു പറഞ്ഞു രംഗത്തു വന്നു. അവര്‍ ഖലീഫ ഉമറി(റ)നെ സമീപിച്ച് വിഷയം ബോധിപ്പിച്ചു. അദ്ദേഹം പരേതന്റെ സമ്പത്ത് രണ്ടു പാതിയാക്കി. അതിലൊരുപാതി ഹബീബക്ക് വിട്ടുകൊടുത്തു. മക്കളില്ലാതിരുന്നതിനാല്‍ മറ്റെ പകുതിയില്‍നിന്ന് ഭര്‍ത്താവിന്റെ വിഹിതമായി നാലിലൊന്നും നല്‍കി. മിച്ചമുള്ളത് മറ്റ് അനന്തരാവകാശികള്‍ വീതിച്ചെടുത്തു.

സ്ത്രീകള്‍ നിര്‍വഹിക്കുന്നവയും മൊത്തം സാമ്പത്തിക രംഗത്ത് പ്രതിഫലിക്കുന്നവയുമായ പ്രവര്‍ത്തനങ്ങള്‍ അനിവാര്യമായും പരിഗണിക്കപ്പെടേണ്ടതുണ്ടെന്ന് മേല്‍ സംഭവം വ്യക്തമാക്കുന്നു. ആരോഗ്യരംഗം, വിദ്യാഭ്യാസ മേഖല മുതലായവയില്‍ രോഗികളെ പരിചരിച്ചും കുട്ടികളെ പഠിപ്പിച്ചും അവര്‍ സേവനമനുഷ്ഠിക്കുന്നുണ്ട്. രാജ്യത്തിന്റെ ഉല്‍പാദനത്തെയോ പാചകം, കുട്ടികളുടെ പരിപാലനം, ഗാര്‍ഹിക ഭാരങ്ങള്‍ മുതലായവ നിര്‍വഹിക്കുന്നതിലൂടെ വിനിയോഗിക്കപ്പെടുന്ന പങ്കാളിത്തത്തെയൊപ്പറ്റി സംസാരിക്കുമ്പോള്‍ വനിതകളുടെ ഉല്‍പാദനപരമായ ഭാഗഭാഗിത്വത്തെ പരിഗണിക്കാതിരിക്കുന്നത് ക്ഷന്തവ്യമല്ല. ഈ വിഷകമായി രചനാത്മകമായ മാറ്റമുണ്ടാകണമെങ്കില്‍ വ്യക്തിനിയമങ്ങളില്‍ മൗലികമായ മാറ്റം വരുത്തേണ്ടതുണ്ട്. ഗാര്‍ഹിക ജോലികളെ കുടുംബത്തിനായുള്ള വിനിയോഗമായി കാണുക എന്നതാണ് ഇതില്‍ പ്രധാനം.

ഐക്യരാഷ്ട്രസഭയുടെ 
വിജ്ഞാപനം

1985-ല്‍ നെയ്‌റോബിയില്‍ ചേര്‍ന്ന ഐക്യരാഷ്ട്രസഭയുടെ ഒരു വകുപ്പുതലത്തില്‍ പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ സ്ത്രീകളുടെ ഗാര്‍ഹിക ജോലി സംബന്ധിച്ച് പറയുന്നത് ഇങ്ങനെ: 'ഗാര്‍ഹിക ജോലികള്‍ക്ക് ലോകത്തെ സ്ത്രീകള്‍ക്ക് ലഭിക്കാവുന്ന പ്രതിഫലം കണക്കുകൂട്ടിയാല്‍ അത് ഓരോ രാജ്യത്തിന്റെയും ദേശീയ വരുമാനത്തിന്റെ പകുതിയുണ്ടാവും. ഭാര്യമാര്‍ ഗാര്‍ഹിക ജോലികള്‍ നിര്‍ത്തിവെക്കുകയാണെങ്കില്‍ ലോകം അരാജകമാവും. കുട്ടികള്‍ തെരുവുകളില്‍ തെണ്ടി നടക്കും. മുലകുടി പ്രായത്തിലെ ശിശുക്കള്‍ വിശന്നു കരയും. അഴുക്കു വസ്ത്രങ്ങള്‍ അലക്കാന്‍ ആളില്ലാതെ കുന്നുകൂടും. തിന്നാന്‍ ഭക്ഷണമോ കുടിക്കാന്‍ വെള്ളമോ ഉണ്ടാവില്ല. ഇത്തരമൊരു പണിമുടക്കു നടന്നാല്‍ മാത്രമേ വനിതകളുടെ അധ്വാനത്തിന്റെ മൂല്യം നാം വിലമതിക്കുകയുള്ളൂ. ഈ ജോലികള്‍ക്കൊന്നും തത്തുല്യമായ പ്രതിഫലം അവര്‍ക്കു ലഭിക്കുന്നില്ല. പ്രതിഫലമില്ലാത്ത ജോലിയായതിനാല്‍ അധികമാളുകളും അവരുടെ ത്യാഗം തിരിച്ചറിയുന്നില്ല... ഗാര്‍ഹിക ജോലികള്‍ക്ക് സ്ത്രീ പ്രതിഫലം ആവശ്യപ്പെടുകയാണെങ്കില്‍ അത് വര്‍ഷാന്തം 145000 ഡോളര്‍ മൂല്യം വരും. വ്യാവസായിക സമൂഹങ്ങളില്‍ സ്ത്രീകള്‍ ഗാര്‍ഹിക ജോലികളിലൂടെ ദേശീയ വരുമാനത്തിന്റെ 25-40 ശതമാനം നേടിത്തരുന്നുണ്ട്.'

മേല്‍ വിജ്ഞാപന പ്രകാരം സ്വാഭാവികമായും തര്‍ക്കശാസ്ത്രപരമായും വീടിനുപുറത്തെ പുരുഷന്റെയും വീടിനകത്തെ സ്ത്രീയുടെയും ജോലി പരസ്പര പൂരകമാണ്. അതുകൊണ്ടുതന്നെ, വിവാഹശേഷം കുടുംബം സ്വായത്തമാക്കുന്ന സ്വത്തുക്കള്‍ ഭര്‍ത്താവിന്റെ എന്ന പോലെ ഭാര്യയുടെയും അധ്വാനഫലമാണ്. ദാമ്പത്യം അവസാനിക്കുന്നതോടെ അത് ഇരുവര്‍ക്കുമായി സമമായി ഭാഗിക്കണം.
ഗാര്‍ഹിക ജോലികള്‍ക്കൊപ്പം തയ്യല്‍, കൃഷി, മൃഗങ്ങളെ വളര്‍ത്തല്‍ മുതലായവ ചെയ്യുന്ന സ്ത്രീകളുമുണ്ട്. അനൗദ്യോഗികമായി ഇത്തരം ജോലികള്‍ ചെയ്യുന്ന സ്ത്രീകള്‍ കുടുംബത്തിന്റെ സ്വത്ത് വര്‍ധിപ്പിക്കുന്നതില്‍ പങ്കുവഹിക്കുന്നു. ഒരു കണക്കനുസരിച്ച് ജലസേചന രംഗത്ത് അനൗദ്യോഗികമായി ജോലി ചെയ്യുന്ന ഈജിപ്തിലെ 64.1 ശതമാനം സ്ത്രീകളും പ്രതിഫലം വാങ്ങുന്നില്ല. അതേസമയം നഗരമേഖലയിലെ 57.5 ശതമാനം സ്ത്രീകള്‍ മാത്രമെ ഇങ്ങനെയുള്ളൂ. ഇതില്‍നിന്നെല്ലാം നമുക്ക് മനസ്സിലാവുന്നത്, അധിക ജോലി ചെയ്ത് സ്ത്രീകള്‍ കുടുംബത്തിന്റെയും രാജ്യത്തിന്റെയും സമ്പത്ത് വര്‍ധിപ്പിക്കുന്നു എന്നാണ്. അതുകൊണ്ടുതന്നെ ദാമ്പത്യം അവസാനിക്കുന്നതോടെ അതിന്റെ വിഹിതം അവര്‍ക്കു ലഭിച്ചിരിക്കണം എന്നാണ്.

ഗൃഹനാഥകളായ വനിതകള്‍
രോഗമോ, ആരോഗ്യക്ഷയമോ കാരണം ഭര്‍ത്താക്കന്മാര്‍ ജോലിക്കു പോകാത്തതിനാല്‍ കുറഞ്ഞ കാലമോ കൂടുതല്‍ കാലമോ വീടിനുപുറത്ത് ജോലിക്ക് പോകേണ്ടി വരുന്ന സ്ത്രീകളുണ്ട്. പുരുഷനുണ്ടായിട്ടും സ്ത്രീ കുടുംബത്തെ പോറ്റേണ്ടി വരുന്നതാണ് ഈ സാഹചര്യം. ഇത്തരം സ്ത്രീകള്‍ വീടിനകത്തും പുറത്തും ജോലി ചെയ്ത് കുടുംബത്തിന്റെ വരുമാനം വര്‍ധിക്കുന്നുവെങ്കിലും അവരുടെ ദാമ്പത്യം അവസാനിക്കുന്നതോടെ അവള്‍ സ്വന്തമായി ഒന്നുമില്ലാത്തവളായി മാറുന്നു. തന്നെയുമല്ല, അവള്‍ വഴി കുടുംബം നേടിയ സ്വത്തുക്കളെല്ലാം നിലവിലെ രീതിയനുസരിച്ച് ഭര്‍ത്താവിന് ലഭിക്കുന്നു. ഇത് ന്യായമോ നീതിയോ അല്ല.

ഭര്‍ത്താവിന്റെ വിയോഗശേഷം കുടുംബം പരിപാലിക്കുന്ന സ്ത്രീ
ഭര്‍ത്താവിന്റെ വിയോഗശേഷം ഭാര്യ കുടുംബം പുലര്‍ത്തുന്ന കുടുംബങ്ങളുണ്ട്. ഇത്തരം സ്ത്രീകള്‍ വീടിനകത്തും പുറത്തും ഒരു പോലെ ജോലി ചെയ്യുന്നുണ്ട്. ഭര്‍ത്താവ് മരിക്കുന്നതോടെ കുടുംബത്തിന്റെ എല്ലാ സ്വത്തുക്കളും ഭര്‍ത്താവിന്റെ അനന്തരാവകാശമായി മാറുന്നു. അതായത്, ഭര്‍ത്താവിന്റെ ജീവിതകാലമത്രയും ഭാര്യ സമ്പാദിച്ചവയും അയാളുടെ അനന്തര സ്വത്തായി മാറുന്നു. ഇവിടെ രണ്ടവസ്ഥകള്‍ ഉണ്ടാവും. ഒന്ന്, വലിയ കുടുംബമാണെങ്കില്‍ സ്ത്രീയുടെ ജോലിയോ അധ്വാനമോ പരിഗണിക്കാതെ അനന്തരസ്വത്ത് വിഭജിക്കപ്പെടും. രണ്ട്, വലിയ കുടുംബമല്ലെങ്കില്‍ ആണ്‍ മക്കളും പെണ്‍മക്കളും സ്വത്തുക്കള്‍ പങ്കിട്ടെടുക്കും. കുടുംബസ്വത്ത് വര്‍ധിപ്പിക്കുന്നതില്‍ ഭര്‍ത്താവിനോടൊപ്പം കഷ്ടപ്പെട്ട സ്ത്രീക്ക് അനന്തരാവകാശ വിഹിതമായ എട്ടിലൊന്നെ ലഭിക്കുന്നുള്ളൂ. ഇതെല്ലാം പരിഗണിക്കുമ്പോള്‍ വിവാഹാനന്തരം കുടുംബം സമ്പാദിക്കുന്ന സ്വത്ത് ദമ്പതികള്‍ക്കിടയില്‍ പപ്പാതിയായി വീതിക്കണം. ഇവിടെ ഭാര്യ സ്വീകരിക്കുന്നത് ഭര്‍ത്താവിന്റെ മാത്രമായ സ്വത്തിനു പുറമെയുള്ള വിഹിതമാണ്. അതോടൊപ്പം ഭര്‍ത്താവിന്റെ മാത്രമായ സ്വത്തിന്റെ പകുതിയും അവള്‍ക്ക് കിട്ടും. ഇവ്വിധമായിരുന്നു ഉമര്‍(റ) വിധിച്ചതെന്നു മുകളില്‍ നാം കണ്ടു.

അനന്തരാവകാശ വിഹിത പ്രകാരം ചില സന്ദര്‍ഭങ്ങളില്‍ ഭാര്യക്ക് എട്ടിലൊന്നു മാത്രമേ ലഭിക്കുകയുള്ളൂ. ബാക്കി മക്കള്‍ക്കു ലഭിക്കും. മക്കള്‍ വിവാഹിതരായി അവരുടെ വഴിക്കു പോകും. സ്ത്രീയാവട്ടെ മക്കളെ ആശ്രയിച്ചു ജീവിക്കണം. അല്ലെങ്കില്‍ പ്രയാസകരമായ സാഹചര്യത്തില്‍ ഒറ്റക്കു കഴിയേണ്ടി വരും. ഇതൊഴിവാക്കാനും ദാമ്പത്യ കാലത്ത് കുടുംബം നേടുന്ന സ്വത്ത് ദമ്പതികള്‍ക്കിടയില്‍ പപ്പാതിയായി വീതിക്കേണ്ടതാണെന്നു നമുക്കു ബോധ്യമാവും. സമ്പത്ത് വര്‍ധിപ്പിക്കുന്നതില്‍ സ്ത്രീ നടത്തിയിട്ടുള്ള പങ്കാളിത്തത്തെ വിലമതിക്കാന്‍ ഇതിലൂടെ സാധ്യമാവും.

ഇതുവരെ പറഞ്ഞതിന്റെ സാരം ഇത്രയുമാണ്: സ്ത്രീകള്‍ വീടിനകത്ത് ചെയ്യുന്ന ജോലി ഉയര്‍ന്ന സാമ്പത്തിക മൂല്യമുള്ളതാണ്. ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അത് രാഷ്ട്രത്തിന്റെ സമ്പത്തു വളര്‍ത്തുന്നതില്‍ പ്രാദേശികമായി പങ്കുവഹിക്കുന്നു. അതോടൊപ്പം അത് കുടുംബത്തിന്റെ സ്വത്ത് വര്‍ധിക്കാന്‍ ഇടയാകുന്നു. സ്ത്രീകള്‍ക്ക് അവകാശം നിഷേധിക്കുന്നത് വഴി സമൂഹത്തില്‍നിന്ന് അവള്‍ക്ക് ലഭിക്കാനുള്ള ന്യായമായ സാമൂഹിക-രാഷ്ട്രീയ-സാമ്പത്തിക അവകാശങ്ങള്‍ കൂടിയാണ് നഷ്ടമാവുന്നത്.
തുനീഷ്യയില്‍, ദാമ്പത്യാനന്തരം സമ്പാദിക്കുന്ന ജംഗമ സ്വത്തുക്കള്‍ ദമ്പതികള്‍ക്കിടയില്‍ വീതിക്കുന്ന തരത്തില്‍ നിയമം പാസാക്കിയിരിക്കുന്നു. (സ്ഥാവരസ്വത്തുക്കള്‍ ഉള്‍പ്പെടുത്തിയിട്ടില്ല)- ഇങ്ങനെ വേണമെന്നോ വേണ്ടെന്നോ വെക്കാന്‍ ദമ്പതികള്‍ക്ക് സ്വാതന്ത്ര്യമുണ്ടായിരിക്കും. എങ്കിലും ദാമ്പത്യശേഷം സമ്പാദിച്ചവ വീതം വെക്കുന്ന വിഷയത്തില്‍ അതൊരു രചനാത്മക സമീപനം തന്നെയാണെന്നു പറയാം.

സംഗ്രഹം
1. ഭര്‍ത്താവിനും ഭാര്യക്കും സ്വതന്ത്ര സാമ്പത്തിക ഉത്തരവാദിത്തം, അവകാശം ഉണ്ടായിരിക്കണം. ദാമ്പത്യത്തിനിടയില്‍ ഓരോരുത്തരും നേടിയ സ്ഥാവര-ജംഗമ സ്വത്തുക്കള്‍ വീതിച്ചെടുക്കുന്നതില്‍ ഇരുവര്‍ക്കും തുല്യാവകാശം ഉണ്ടായിരിക്കണം.
2. ഭര്‍ത്താവിന്റെ സാമ്പത്തിക ഉത്തരവാദിത്വം/അവകാശം: 
- വിവാഹത്തിനു മുമ്പ് അയാള്‍ നേടിയ സ്ഥാവര-ജംഗമ സ്വത്തുക്കള്‍.
- മറ്റുള്ളവര്‍ക്ക് അയാള്‍ സ്വന്തം നിലയില്‍ കൊടുത്തുവീട്ടേണ്ടതായ കടങ്ങള്‍.
- മറ്റുള്ളവര്‍ക്ക് അയാള്‍(നേരിട്ടല്ലാതെ) കൊടുത്തുവീട്ടേണ്ടതായ കടങ്ങള്‍.
- ദാനമായോ അന്തരാവകാശമായോ വസ്വിയ്യത്തായോ മറ്റോ അയാള്‍ക്ക് ലഭിക്കുന്നവ.
3. ഭാര്യയുടെ സാമ്പത്തിക ഉത്തരവാദിത്വം/അവകാശം.
-വിവാഹത്തിനു മുമ്പ് അവള്‍ സമ്പാദിച്ച സ്ഥാവര ജംഗമസ്വത്തുക്കള്‍.
- മറ്റുള്ളവര്‍ക്ക് അവള്‍ കൊടുത്തുവീട്ടാനുള്ള കടങ്ങള്‍
-നേരിട്ടല്ലെങ്കിലും അവള്‍ മറ്റുള്ളവര്‍ക്ക് കൊടുത്തു വീട്ടേണ്ടതായ കടങ്ങള്‍.
- ദാനം അനന്തരാവകാശം, വസ്വിയ്യത്ത് മുതലായ ഇനങ്ങളില്‍ ലഭിക്കുന്നവ.
- വിവാഹത്തിനു മുന്നോടിയായോ, വിവാഹം ഉറപ്പിക്കുമ്പോഴോ, ദാമ്പത്യ ജീവിത കാലത്തോ ഭര്‍ത്താവില്‍നിന്ന് ലഭിക്കുന്നവ.

(الإتحاد العام للمرأة الفلسطينية - الامانة العامة)

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top