ഡോ. അബ്ദുല്‍കരീം സൈദാന്‍ ഫിഖ്ഹിനെ സമകാലിക പ്രശ്‌നങ്ങളുമായി കോര്‍ത്തിണക്കിയ പണ്ഡിത പ്രതിഭ
പി.കെ ജമാൽ
ഇസ്‌ലാമിമിക നവോത്ഥാന പ്രസ്ഥാനത്തിന്റെ ഒരു നൂറ്റാണ്ട് നീണ്ട കുതിപ്പിനും കിതപ്പിനും സാക്ഷിയായി ജീവിച്ച ശൈഖ് അബ്ദുല്‍ കരീം സൈദാന്‍, സമകാലിക പ്രശ്‌നങ്ങളെ ഫിഖ്ഹിന്റെയും നിയമ താരതമ്യ പഠനത്തിന്റെയും വെളിച്ചത്തില്‍ അപഗ്രഥിക്കുകയും ഗവേഷണം നടത്തുകയും ചെയ്ത വിഖ്യാത പണ്ഡിതനും മുജ്തഹിദുമാണ്. പഠന ഗവേഷണങ്ങളുടെ ഫലമായി വെളിച്ചം കണ്ട ബൃഹത്തായ റഫറന്‍സ് ഗ്രന്ഥങ്ങളുടെ രചയിതാവ് എന്ന നിലക്കാണ് പണ്ഡിത ലോകം അദ്ദേഹത്തെ അറിഞ്ഞതും ആദരിച്ചതും. കാല്‍നൂറ്റാണ്ടുകാലം ഇറാഖിലെ ഇഖ് വാനുല്‍ മുസ് ലിമൂന്‍ പ്രസ്ഥാനത്തിന്റെ സാരഥിയായി പ്രവര്‍ത്തിച്ചു. ഇഖ്്വാന്റെ 'മുറാഖിബുല്‍ ആം' ആയിരുന്നു അദ്ദേഹം. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍വകലാശാലകളിലും അധ്യാപനവും നിര്‍വഹിച്ചു.
ഇറാഖിന്റെ തലസ്ഥാനമായ ബഗ്ദാദില്‍ 1917 ലാണ് അബ്ദുല്‍ കരീം സൈദാന്റെ ജനനം. അബ്ദുല്‍ കരീമിന് മൂന്ന് വയസ്സായപ്പോള്‍ പിതാവ് മരണമടഞ്ഞു. ഇറാഖിലെ പ്രശസ്ത പണ്ഡിതന്മാരുടെ ശിക്ഷണത്തില്‍ പ്രാഥമിക വിദ്യാഭ്യാസം. ചെറുപ്പന്നേ ഖുര്‍ആന്‍ മനഃപാഠമാക്കി. സാമ്പത്തിക ഞെരുക്കം അനുഭവിച്ചിരുന്ന കുടുംബത്തിന് താങ്ങായി നില്‍ക്കാന്‍ അധ്യാപന വൃത്തിയില്‍ ഏര്‍പ്പെട്ടു. അധ്യാപനത്തില്‍ ബിരുദമെടുത്ത അബ്ദുല്‍കരീം സൈദാന്‍ വിവിധ കലാലയങ്ങളില്‍ അധ്യാപകനായി തുടര്‍ന്നു.
ബഗ്ദാദിലെ ലോ കോളേജില്‍നിന്ന് നിയമത്തില്‍ ബിരുദമെടുത്ത ആദ്യതലമുറയിലെ പ്രശസ്തനാണദ്ദേഹം. നിയമഗ്രന്ഥങ്ങളുമായുള്ള നിരന്തര സമ്പര്‍ക്കം, ഇസ്്ലാമിക ഫിഖ്ഹില്‍ അവഗാഹം നേടേണ്ടതുണ്ടെന്ന ചിന്തയിലേക്ക് അദ്ദേഹത്തെ നയിച്ചു. കൈറോ യൂനിവേഴ്‌സിറ്റിയുടെ കീഴിലുള്ള ഇസ് ലാമിക് ശരീഅഃ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് മാസ്റ്റര്‍ ബിരുദമെടുത്തു. തുടര്‍ന്ന് 1962-ല്‍ ഇസ് ലാമിക ഫിഖ്ഹില്‍ ഡോക്ടറേറ്റും സമ്പാദിച്ചു. വൈജ്ഞാനിക ലോകത്തിലൂടെയുള്ള നിരന്തര സഞ്ചാരം 'വിദ്യാഭ്യാസ മേഖലക്ക് സമഗ്ര സംഭാവനകള്‍ അര്‍പ്പിച്ച വിശിഷ്ട വ്യക്തിത്വം' എന്ന പരമോന്നത ബഹുമതി അദ്ദേഹത്തിന് നേടിക്കൊടുത്തു.
അധ്യാപന രംഗത്തെ സേവനത്തോടൊപ്പം പ്രബോധന പ്രവര്‍ത്തനങ്ങളിലും മുഴുകി. ബഗ്ദാദിലെ ഉസ്‌ബെക് പള്ളി കേന്ദ്രീകരിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍. അറുപതുകളുടെ അവസാനത്തില്‍, ബഗ്ദാദില്‍ 'കുല്ലിയത്തുദ്ദിറാസാത്തില്‍ ഇസ് ലാമിയ്യ' എന്ന ഉപരിപഠന കേന്ദ്രവും അദ്ദേഹം സ്ഥാപിച്ചു.
ആധുനിക കാലഘട്ടത്തിലെ 'ഇസ്്ലാമിക ഫിഖ്ഹില്‍ സൈദ്ധാന്തികന്‍' എന്ന നിലക്കാണ് പണ്ഡിതലോകം അദ്ദേഹത്തെ വിലയിരുത്തുന്നത്. നിരവധി അറബ്-മുസ് ലിം രാജ്യങ്ങളില്‍ ഫിഖ്ഹ് കോണ്‍ഫ്രന്‍സുകളിലും സെമിനാറുകളിലും പങ്കെടുത്തു. കുവൈത്ത് ഗവണ്‍മെന്റ് പുറത്തിറക്കിയ ഫിഖ്ഹ് എന്‍സൈക്ലോപീഡിയ വിദഗ്ധ സമിതി അംഗമായിരുന്നു. റാബിത്വത്തുല്‍ ആലമില്‍ ഇസ് ലാമിയുടെ ഫിഖ്ഹ് അക്കാദമി അംഗമായിരുന്നു. സഊദി അറേബ്യയിലെ റേഡിയോ പരിപാടികളിലെ സജീവ സാന്നിധ്യമായിരുന്നു അബ്ദുല്‍കരീം സൈദാന്‍.
മുറാഖിബുല്‍ ആം
1960-ല്‍ ആണ് ഇറാഖിലെ ഇഖ്്വാനുല്‍ മുസ് ലിമൂന്‍' സംഘടനയുടെ മജ്‌ലിസ് ശൂറാ അബ്ദുല്‍ കരീം സൈദാനെ 'മുറാഖിബുല്‍ ആം' ആയി തെരഞ്ഞെടുത്തത്. ഇറാഖില്‍ ബഅസ് സോഷ്യലിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ വന്നതോടെ ഇഖ് വാന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ വന്ന് ചേര്‍ന്നു. നാനാവിധേന ഭരണകൂടം ഇഖ് വാന്‍ പ്രസ്ഥാനത്തെ വരിഞ്ഞു മുറുക്കി. പുതിയ സാഹചര്യത്തെ നേരിടാന്‍ പുതിയ നയ-സമീപനങ്ങള്‍ ആവശ്യമാണെന്ന് മനസ്സിലാക്കിയ സംഘടനാ സാരഥിയായ അബ്ദുല്‍ കരീം സൈദാന്‍, സംഘടിത പ്രബോധന പ്രവര്‍ത്തന പാതയില്‍നിന്ന് മാറി വ്യക്തിതല പ്രബോധന രീതി സ്വീകരിക്കാന്‍ സംഘടനാംഗങ്ങളെ ആഹ്വാനം ചെയ്തു. ഇഖ്്വാന്‍ നിരോധിക്കപ്പെട്ടിട്ടുകൂടി, അബ്ദുല്‍ കരീം സൈദാന്‍ തന്റെ പദവിയില്‍ ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറു വരെ തുടര്‍ന്നു. ഇറാഖിലെ പ്രതികൂലമായ രാഷ്ട്രീയ സാഹചര്യങ്ങള്‍ അദ്ദേത്തെ ജന്മദേശമായ ഇറാഖ് വിട്ട് യമനിലേക്ക് കുടിയേറാന്‍ നിര്‍ബന്ധിതനാക്കി.
യമനിലെ പ്രവാസ ജീവിതകാലത്തും ഇറാഖിലെ സംഭവ വികാസങ്ങളെ അദ്ദേഹം സസൂക്ഷ്മം നിരീക്ഷിച്ചു കൊണ്ടിരുന്നു. 2012 ഡിസംബര്‍ 31-ന് അബ്ദുല്‍ കരീം സൈദാന്‍ പുറപ്പെടുവിച്ച പ്രസ്താവനയില്‍ ഇറാഖില്‍ നടന്നുകൊണ്ടിരുന്ന സത്യഗ്രഹങ്ങളെയും സമരങ്ങളെയും പിന്തുണച്ചുകൊണ്ട് തന്റെ കാഴ്ചപ്പാട് അദ്ദേഹം വിശദീകരിച്ചു. ഐക്യം മുറുകെ പിടിച്ചും ഭിന്നതകള്‍ വര്‍ജിച്ചും മുന്നോട്ടുപോകാന്‍ പ്രസ്ഥാന പ്രവര്‍ത്തകരെ അദ്ദേഹം ഉണര്‍ത്തി.
യൗവനകാലത്ത് ചില സൂഫി ത്വരീഖത്തുകളോട് ആഭിമുഖ്യമുണ്ടായിരുന്നു. ശൈഖുല്‍ ഇസ്്ലാം ഇബ്‌നു തൈമിയ്യയുടെ കൃതികളുമായി ഇടപഴകിയ അബ്ദുല്‍കരീം സൈദാന്റെ ചിന്തയില്‍ സമൂലമാറ്റം ദൃശ്യമായി- 'അഖീദയില്‍ സലഫിയും മദ്ഹബില്‍ ഹമ്പലി'യുമാണ് താനെന്ന് പറഞ്ഞ അദ്ദേഹം അമ്പതുകളോടെ ഇഖ് വാനുല്‍ മുസ്്ലിമൂന്‍ പ്രസ്ഥാനത്തിന്റെ ഭാഗമായിത്തീര്‍ന്നു. ഇഖ് വാന്റെ ചിന്താരീതി തന്നെ അത്യധികം ആകര്‍ഷിച്ചതായി അദ്ദേഹം തുറന്നു പ്രഖ്യാപിച്ചു. ഇസ്്ലാമിക ശരീഅത്തിനെക്കുറിച്ച എഴുത്തും രചനയും കടമയും തന്റെ ബാധ്യതയാണ്. നാളെ അതിന്റെ പേരില്‍ മാത്രം വിചാരണ നേരിടേണ്ടി വരും. ശര്‍ഇനെക്കുറിച്ച ഏത് പ്രസ്താവനയും സത്യസന്ധതയും വിശ്വസ്തതയും ആവശ്യപ്പെടുന്നുണ്ട്. അതില്‍ മാറ്റത്തിരുത്തലുകള്‍ അനുവദനീയമല്ല.'' ഇതായിരുന്നു അദ്ദേഹത്തിന്റെ ഉറച്ച നിലപാട്.
'സൗമ്യമായ സംസാരം, മന്ദസ്മിതം, പുഞ്ചിരി, വിനയം എന്നീ സ്വഭാവ ഗുണങ്ങളില്‍ പരിമിതപ്പെടുത്തരുത് 'അഖ്‌ലാഖ്' സ്വഭാവം എന്ന പദത്തെ. സ്വഭാവത്തിന്റെ വൃത്തം വളരെ വിശാലമാണ്. ഖുര്‍ആന്‍ ആഹ്വാനം ചെയ്ത സുന്ദരവും മനോഹരവും ഉദാത്തവുമായ സ്വഭാവ-സംസ്‌കാര ഗുണങ്ങളെല്ലാം 'അഖ്‌ലാഖ്' എന്ന പരികല്‍പനയില്‍ പെടുന്നു.' സൈദാന്‍ എഴുതി.
ഇറാഖില്‍ നിലനിന്ന രാജഭരണമാണ് പിന്നീട് വന്ന സൈനിക അട്ടിമറികളെക്കാളും ഭരണമാറ്റങ്ങളെക്കാളും നല്ലതും അഭികാമ്യവുമെന്ന അഭിപ്രായമാണ് അബ്ദുല്‍കരീം സൈദാന്ന് ഉണ്ടായിരുന്നത്.
2003-ല്‍ ഇറാഖില്‍ ഉണ്ടായ അമേരിക്കന്‍ അധിനിവേശത്തിന്റെ കടുത്ത എതിരാളിയായിരുന്നു. അധിനിവേശത്തിന് ശേഷം നിലവില്‍ വന്ന ഫെഡറല്‍ രാഷ്ട്രീയ ഘടന ഇറാഖിനെ വിഭജിക്കുന്നതും ജനതയുടെ ഐക്യത്തിന് തുരങ്കം വെക്കുന്നതുമാണെന്ന് അദ്ദേഹം തുറന്നടിച്ചു.
ബഗ്ദാദിലും സ്വന്‍ആയിലും നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സേവനമനുഷ്ഠിച്ചു അബ്ദുല്‍ കരീം സൈദാന്‍. 1960-ല്‍ ഇറാഖിലെ വിപ്ലവഗണ്‍മെന്റ് അദ്ദേഹത്തിന്റെ അനുവാദമില്ലാതെ ഔഖാഫ് മന്ത്രിയായി നിശ്ചയിച്ചിരുന്നു.
ബൃഹദ് ഗ്രന്ഥങ്ങള്‍
30 ഗ്രന്ഥങ്ങളും 35 ഗവേഷണ പ്രബന്ധങ്ങളും വൈജ്ഞാനിക ലോകത്തിന് സമര്‍പ്പിച്ചാണ് 2014-ല്‍ യമന്റെ തലസ്ഥാനമായ സ്വന്‍ആയില്‍ അദ്ദേഹം മരണമടഞ്ഞത്. ബഗ്ദാദിലാണ് മറമാടിയത്.
അബ്ദുല്‍ കരീം സൈദാന്റെ വിഖ്യാത ഗ്രന്ഥങ്ങളില്‍ ചിലത്:
1. അഹ്കാമു ദ്ദിമ്മിയ്യീന വല്‍ മുസ്തഅ്മനീന ഫീ ദാരില്‍ ഇസ്്ലാം
2. ഉസ്വൂലുദ്ദഅ്‌വഃ
3. അസ്സുനനുല്‍ ഇലാഹിയ്യ ഫില്‍ ഉമമി വല്‍ ജമാആത്തി വല്‍ അഫ്‌റാദി ഫിശ്ശരീഅത്തില്‍ ഇസ് ലാമിയ്യ
4. അല്‍ ഖിസ്വാസു വദ്ദിയാത്തു ഫിശ്ശരീഅത്തില്‍ ഇസ്്ലാമിയ്യ
5. അല്‍ ഖുയൂദുല്‍ വാരിദത്തു അലൽ മില്‍കിയ്യത്തില്‍ ഫര്‍ദിയ്യ ലില്‍ മസ്വ്‌ലഹത്തില്‍ ആമ്മ ഫിശ്ശരീഅത്തില്‍ ഇസ്്ലാമിയ്യ
6. അല്‍ കഫാലത്തു വല്‍ ഹവാല.
7. അല്‍ മദ്ഖലു ലിദിറാസത്തിശ്ശരീഅത്തില്‍ ഇസ്്ലാമിയ്യ
8. അല്‍ മുസ്തഫാദു മിന്‍ ഖിസ്വസ്വില്‍ ഖുര്‍ആന്‍ ലിദ്ദഅ്‌വത്തി വദ്ദുആത്ത്.
9. അല്‍ വജീസു ഫീ ഉസ്വൂലില്‍ ഫിഖ്ഹ്
ഗവേഷണ പഠനങ്ങള്‍
1. നദ്്രിയ്യത്തു ത്തജ്ദീദി ഫില്‍ ഫിക്്രില്‍ ഇസ് ലാമി.
2. ഇസ്ബാത്തുല്‍ അഹില്ലത്തി വല്‍ മറാസ്വിദില്‍ ഫിക്്രിയ്യ
3. അദ്ദഅ്‌വത്തു ഫില്‍ അസ്വ്്രില്‍ ഹാദിരില്‍ വാഖിഇ.
4. അര്‍രിഖു ഫില്‍ ഇസ്്ലാം
തുടങ്ങി കാലിക പ്രസക്തിയുള്ള 35-ഓളം ഗവേഷണ പ്രബന്ധങ്ങളും അബ്ദുല്‍ കരീം സൈദാന്റെതായുണ്ട്.