പാരത്രിക വിചാരണക്കുമുമ്പ് ഖബ്‌റിലും ജീവിതകാലത്തും ശിക്ഷ; ഖുര്‍ആന് പറയാനുള്ളത്

യാസിര്‍ രിഫാഈ സുറൂര്‍‌‌
img

നീതിമാനും കരുണാനിധിയുമായ അല്ലാഹു പാരത്രിക വിചാരണ പൂര്‍ത്തിയാക്കിയ ശേഷം മാത്രമെ രക്ഷാശിക്ഷകള്‍ നല്‍കുകയുള്ളൂ എന്നാണ് ഖബ്‌റ്‌ ശിക്ഷയെ നിരാകരിക്കുന്നവരുടെ വാദം. ഖബ്‌റ്‌ ശിക്ഷയുണ്ടെന്ന് വാദിക്കുന്നവര്‍ അല്ലാഹുവിന്റെ കാരുണ്യത്തെ നിരാകരിക്കുകയാണെന്നാണ് വിമര്‍ശനം.
എന്നാല്‍ ഖുര്‍ആന്‍ പരിശോധിച്ചാല്‍, ദുന്‍യാവില്‍ ഭാഗിക ശിക്ഷ നല്‍കിയ ശേഷം അല്ലാഹുവിന്റെ കാരുണ്യത്താല്‍ അന്തിമ ശിക്ഷ പരലോകത്തേക്ക് നീട്ടിവെക്കപ്പെടുകയാണെന്നാണ് മനസ്സിലാവുക.

وَرَبُّكَ الْغَفُورُ ذُو الرَّحْمَةِۖ لَوْ يُؤَاخِذُهُم بِمَا كَسَبُوا لَعَجَّلَ لَهُمُ الْعَذَابَۚ بَل لَّهُم مَّوْعِدٌ لَّن يَجِدُوا مِن دُونِهِ مَوْئِلًا
'നിന്റെ രക്ഷിതാവ് ഏറെ പൊറുക്കുന്നവനും കരുണയുള്ളവനുമാകുന്നു. അവര്‍ ചെയ്തു കൂട്ടിയതിന് അവന്‍ അവര്‍ക്കെതിരില്‍ നടപടി എടുക്കുകയായിരുന്നുവെങ്കില്‍ അവര്‍ക്കവന്‍ ഉടന്‍ തന്നെ ശിക്ഷ നല്‍കുമായിരുന്നു. പക്ഷെ, അവര്‍ക്കൊരു നിശ്ചിത അവധിയുണ്ട്. അതിനെ മറികടന്നു കൊണ്ട് രക്ഷപ്രാപിക്കാവുന്ന ഒരു സ്ഥാനവും അവര്‍ കണ്ടെത്തുകയേയില്ല' (കഹ്ഫ്: 58) പാരത്രിക ശിക്ഷ അന്തിമ ശിക്ഷയാണെന്നും അതിനു മുമ്പെ ജീവിത കാലത്തും ഖബ്‌റിലും ശിക്ഷയുണ്ടെന്നും സാരം. ശിക്ഷ പരലോകത്ത് മാത്രം പരിമിതമല്ല. പരലോകത്തെ അന്തിമ ശിക്ഷക്കു മുമ്പ് ശിക്ഷയുടെ വിവിധ തലങ്ങള്‍ മനുഷ്യര്‍ കടന്നുപോവണമെന്നര്‍ഥം. ഇവ വരാനിരിക്കുന്ന ശിക്ഷയെക്കുറിച്ച മുന്നറിവാണ്.

വിചാരണയെ അടിസ്ഥാനപ്പെടുത്തി മാത്രമല്ല ശിക്ഷ. മുന്നറിയിപ്പുകളും താക്കീതുകളുമായി പ്രാഥമിക ശിക്ഷകള്‍ നടന്നുകൊണ്ടിരിക്കും. ചിലരെ മരണത്തിനു മുമ്പ് ദുന്‍യാവില്‍ ശിക്ഷിച്ചെന്നിരിക്കും.
ഖുര്‍ആന്‍ പറയുന്നു:
لَّهُمْ عَذَابٌ فِي الْحَيَاةِ الدُّنْيَاۖ وَلَعَذَابُ الْآخِرَةِ أَشَقُّۖ وَمَا لَهُم مِّنَ اللَّهِ مِن وَاقٍ

'അവര്‍ക്ക് ഇഹലോകത്തില്‍ ശിക്ഷയുണ്ടായിരിക്കും. പരലോക ശിക്ഷയാകട്ടെ ഏറ്റവും വിഷമമേറിയതു തന്നെയായിരിക്കും. അവര്‍ക്ക് അല്ലാഹുവിന്റെ ശിക്ഷയില്‍നിന്ന് (തങ്ങളെ) കാത്തു രക്ഷിക്കാന്‍ ആരുമില്ല' (റഅ്ദ്: 34).

ഈ ശിക്ഷക്ക് ഒരു ലക്ഷ്യമുണ്ട്. പരലോകത്തെ ശിക്ഷയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് ശിക്ഷയേറ്റു വാങ്ങുന്നയാള്‍ക്കും അയാളെ അറിയുന്നവര്‍ക്കും ഒരു ഉണര്‍ത്തലും മുന്നറിയിപ്പുമായാണ് ഭവിക്കുക. ഏത് അക്രമിക്ക്, ഏതവസരത്തില്‍, ഏതളവില്‍ ശിക്ഷ നല്‍കണമെന്നത് അല്ലാഹുവിന്റെ മാത്രം അറിവിനും തീരുമാനത്തിനും വിധേയമാണ്. അയാള്‍ സ്വന്തം നിലപാട് മാറുമോ, മറ്റുള്ളവര്‍ അതില്‍നിന്ന് പാഠമുള്‍ക്കൊള്ളുമോ എന്നതൊക്കെ അല്ലാഹുവിന്റെ ലക്ഷ്യമാവാം. സത്യവിശ്വാസികള്‍ക്ക് ആശ്വാസം പകരുന്ന നടപടികളാവാം ചില ശിക്ഷാനടപടികള്‍. അല്ലാഹുവിന്റെ ശിക്ഷാനടപടികള്‍ക്ക് ബഹുമുഖ മാനങ്ങളുമുണ്ടാവാം. നമുക്കത് മനസ്സിലാകണമെന്നില്ല.
വിചാരണ നേരിടുന്നതിനു മുമ്പ് വിചാരണയുടെ മുന്നേയുള്ള പ്രക്രിയകള്‍ വെളിപ്പെടുത്തി എന്നത് മനുഷ്യരോടുള്ള അല്ലാഹുവിന്റെ ദയയുടെ ഭാഗമായി നാം മനസ്സിലാക്കണം. അതിലേറെ പ്രധാനം വിചാരണ കൃത്യമാവാന്‍ അവന്‍ സ്വീകരിച്ച നീതിയിലധിഷ്ഠിതമായ സംവിധാനമാണ്. ഒരാള്‍ തെറ്റുകാരനാണോ, അഥവാ അയാള്‍ നിരപരാധിയാണോ എന്നറിയാന്‍ പല സംവിധാനങ്ങളും അല്ലാഹു നേരത്തെ തന്നെ ചെയ്തുവെച്ചു. വ്യക്തിയുടെ നന്മകള്‍ മാത്രം എഴുതാന്‍ ഒരു മലക്ക്, തിന്മകള്‍ മാത്രം രേഖപ്പെടുത്താന്‍ മറ്റൊരു മലക്ക്. നന്മകളോ തിന്മകളോ കൂടുതല്‍ എന്ന് കൃത്യമായറിയാന്‍ ത്രാസ്. വിചാരണ സ്വന്തത്തെ ബോധ്യപ്പെടുത്താന്‍ തന്റെ തന്നെ ശരീരത്തിലെ സകല അവയവങ്ങളും സാക്ഷികള്‍.

يَوْمَ تَشْهَدُ عَلَيْهِمْ أَلْسِنَتُهُمْ وَأَيْدِيهِمْ وَأَرْجُلُهُم بِمَا كَانُوا يَعْمَلُونَ
'അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിനെപ്പറ്റി അവരുടെ നാവുകളും അവരുടെ കൈകളും അവരുടെ കാലുകളും അവര്‍ക്കെതിരായി സാക്ഷി പറയുന്ന ദിവസത്തിലത്രെ അത് (ശിക്ഷ) (നൂര്‍: 24).

ഈ വിഷയകമായ മനുഷ്യരോടുള്ള ഖുര്‍ആന്റെ അഭിസംബോധന ബുദ്ധിപരമാണ്. എന്തുകൊണ്ടെന്നാല്‍ അത് പരലോകത്ത് പ്രത്യക്ഷീഭവിക്കുന്ന യാഥാര്‍ഥ്യങ്ങളാണ്. ഭൗതിക ജീവിതത്തിലെ എല്ലാ തെറ്റുകുറ്റങ്ങളും അന്ന് കുറ്റവാളികളുടെ മുമ്പാകെ വെളിവാകും. തന്റെ തെറ്റുകള്‍ക്ക് താന്‍ തന്നെ സാക്ഷിയാണെന്നയാള്‍ സമ്മതിക്കും. ഇതുതന്നെപോരെ, അല്ലാഹുവിന് ധിക്കാരികളെ ശിക്ഷിക്കാന്‍. അങ്ങനെയെങ്കില്‍ ശിക്ഷിക്കാന്‍ വിചാരണ വരെ അല്ലാഹു എന്തിന് കാത്തു നില്‍ക്കണം?
തന്റെ ഭാഗത്തുനിന്ന് നീതിപൂര്‍വമായ സമീപനമെ ഉണ്ടാവു എന്ന് ബോധ്യപ്പെടുത്തുകയാണ് അല്ലാഹുവിന്റെ രീതി. ഏതൊരു മനുഷ്യന്റെയും തെറ്റുകള്‍ സ്ഥാപിക്കാനും ബോധ്യപ്പെടുത്താനും കഴിയുന്നവനാണെങ്കിലും മലക്കുകളും ശരീരാവയവങ്ങളുമായ സാക്ഷികള്‍ വഴി അവ ബോധ്യപ്പെടുത്തുക എന്നതാണ് അല്ലാഹുവിന്റെ നടപടിക്രമം. നിഷ്‌കൃഷ്ടമായ പരിശോധനയും നീതിപൂര്‍വമായ വിധിതീര്‍പ്പും നടന്നിരിക്കുന്നു എന്ന് കുറ്റവാളികളെ ബോധ്യപ്പെടുത്താന്‍ ഇതില്‍പ്പരം മറ്റെന്തു മാര്‍ഗമുണ്ട്? അപരാധികളെ ഒന്നിലധികം മാര്‍ഗങ്ങളിലൂടെ തങ്ങളുടെ അപരാധം ബോധ്യപ്പെടുത്തുമ്പോള്‍ അത് നിരാകരിക്കാന്‍ അവര്‍ക്ക് കഴിയുന്നതെങ്ങനെ?
മനുഷ്യബുദ്ധിയെ അഭിസംബോധന ചെയ്തുകൊണ്ട് അല്ലാഹു പറയുന്നതു കാണുക:

يا عبادي لو أن أولكم وآخركم وإنسكم وجنكم كانوا على أفجرِ قلب واحد منكم ما نقص من ملكي شيئا، يا عبادي لو أن أولكم وآخركم وإنسكم وجنكم قاموا في صعيد واحد فسألوني، فأعطيت كل واحد مسألته ما نقص ذلك مما عندي إلا كما ينقص المخيط إذا أدخل البحر

'എന്റെ ദാസന്മാരേ, നിങ്ങളിലെ ആദ്യത്തെയാളും അവസാനത്തെയാളും (ആദം നബി മുതല്‍ ലോകാവസാനത്തിനു തൊട്ടുമുമ്പു ജനിക്കുന്ന മനുഷ്യർ വരെ) നിങ്ങളിലെ മനുഷ്യരും ജിന്നുകളും ഏറ്റവും അധര്‍മമുള്ളവനെ പോലെ ആയാല്‍ പോലും അതുവഴി എന്റെ അധികാരത്തിന് ഒരു കുറവും സംഭവിക്കില്ല. എന്റെ ദാസന്മാരേ, നിങ്ങളിലെ ആദ്യത്തെയാളും അവസാനത്തെയാളും നിങ്ങളിലെ മനുഷ്യരും ജിന്നുകളും ഒരിടത്തുനിന്ന് എന്നോട് ചോദിക്കുകയും എല്ലാ ഓരോരുത്തര്‍ക്കും അവര്‍ ചോദിച്ചത് നല്‍കുകയും ചെയ്താലും, കടലില്‍ ഒരു സൂചി കടത്തി പുറത്തെടുത്താല്‍ അതില്‍ പറ്റുന്ന വെള്ളത്തിന്റെ അളവുമാത്രമെ എന്റെ അടുത്തുള്ളതില്‍നിന്ന് കുറയുന്നുള്ളൂ.''

ഖബ്‌റിലും വിചാരണയുണ്ട്
നാം എല്ലാവരും അല്ലാഹുവിന്റെ അധികാരത്തിനു കീഴിലുള്ളവരാണ്. താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അല്ലാഹു തന്റെ വിഹിതം നല്‍കിയാല്‍ അതെങ്ങനെയാണ് കുറയുക? കടലില്‍ മുക്കിയെടുത്ത സൂചിയില്‍ പറ്റിപ്പിടിക്കുന്ന ജലാംശം പറയാവുന്ന അളവേ അല്ലെന്ന് നമ്മുടെ ബുദ്ധി നമ്മോട് പറയുന്നു. ഖബ്‌റിലെ ശിക്ഷയിലേക്ക് തന്നെ നമുക്ക് വരാം. അന്തിമമായ ശിക്ഷ ഖബ്‌റിലല്ല നടക്കുന്നത്, വിചാരണക്കുശേഷമാണ് അത് നടക്കുക. അതിനുമുമ്പ് ദുന്‍യാവില്‍ ബഹുവിധ ശിക്ഷകള്‍ നടക്കുന്നുണ്ട്. പിന്നീട് ഖബ്‌റിലും നടക്കുന്നുണ്ട്, ഖബ്‌റിലും ശിക്ഷക്കുമുമ്പായി വിചാരണ നടക്കുന്നുണ്ട്. നബി(സ) പറയുന്നു:
إن العبد إذا وضع في قبره، وتولى عنه أصحابه، إنه ليسمع قرع نعالهم، إذا انصرفوا: أتاه ملكان، فيقعدانه، فيقولان له: ما كنت تقول في هذا الرجل، محمد؟ فأما المؤمن، فيقول: أشهد أنه عبد الله ورسوله..، وأما الكافر أو المنافق، وفي رواية: وأما الكافر والمنافق- فيقول: لا أدري كنت أقول ما يقول الناس فيه فيقال: لا دريت ولا تليت
'ദാസനെ ഖബ്‌റില്‍ വെക്കപ്പെടുകയും അയാളുടെ ആളുകള്‍ പിരിഞ്ഞുപോവുകയും ചെയ്താല്‍... അയാള്‍ അവരുടെ ചെരുപ്പുകളുടെ ശബ്ദം കേള്‍ക്കുന്ന ദൂരത്തെത്തിയാല്‍: രണ്ടു മലക്കുകള്‍ അയാളുടെ അടുത്തുവരും. അവര്‍ അവനെ ഇരുത്തും. എന്നിട്ട് രണ്ടുപേരും അയാളോട് ചോദിക്കും: 'ഇദ്ദേഹത്തെപ്പറ്റി -മുഹമ്മദ് നബി(സ)യെപ്പറ്റി- നീ എന്താണ് പറഞ്ഞിരുന്നത്?' മരിച്ചയാള്‍ സത്യവിശ്വാസിയാണെങ്കില്‍ ഇങ്ങനെ പറയും: 'തീര്‍ച്ചയായും അദ്ദേഹം അല്ലാഹുവിന്റെ അടിമയും ദൂതനുമാണെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു.' എന്നാല്‍, സത്യനിഷേധിയോ കപടനോ ആണെങ്കില്‍ അയാള്‍ ഇങ്ങനെ പറയും: 'എനിക്കറിയില്ല. അദ്ദേഹത്തെപ്പറ്റി ആളുകള്‍ പറഞ്ഞിരുന്നത് ഞാനും പറഞ്ഞിരുന്നു.' അപ്പോള്‍ പറയപ്പെടും; 'നീ സത്യം എന്താണെന്ന് അറിഞ്ഞില്ല, നീ അദ്ദേഹത്തെ പിന്‍പറ്റിയുമില്ല' (ബുഖാരി, മുസ്‌ലിം)

മുകളിലെ നബിവചനം അന്തിമവിചാരണക്കു മുമ്പ് ഖബ്‌റില്‍ വിചാരണയുണ്ടെന്ന് സ്ഥാപിക്കുന്നു. യഥാര്‍ഥത്തില്‍ അത് അടിസ്ഥാന വിചാരണയല്ല. പരേതരുടെ ഭാവിയെക്കുറിച്ച് വ്യക്തമായ സൂചന മാത്രമാണ്. ഖബ്‌റിലെ ചോദ്യങ്ങളുടെ ഉത്തരത്തിനനുസരിച്ചല്ല രക്ഷാശിക്ഷകള്‍, ഭാവിയില്‍ നേരിടാനിരിക്കുന്ന രക്ഷാ-ശിക്ഷകളുടെ കാരണവും ന്യായവുമാണ് ഖബ്‌റില്‍ അനാവരണം ചെയ്യപ്പെടുന്നത്. ഇത്രയുമാണ് മരണാനന്തര വിചാരണയുടെ തത്ത്വശാസ്ത്രം. തന്റെ അറിവാലും കഴിവാലും യുക്തിയാലും നീതിയാലും അല്ലാഹുവാണ് ആരൊക്കെയാണ് ശിക്ഷാവിധേയര്‍, കരുണാര്‍ഹര്‍ എന്ന് തീരുമാനിക്കുക. വിചാരണയെക്കുറിച്ച ഈ വക കാര്യങ്ങള്‍ അല്ലാഹു വെളിപ്പെടുത്തിയത് അല്ലാഹുവില്‍ മനുഷ്യര്‍ക്ക് ആത്മവിശ്വാസം വളര്‍ത്താനാണ്. മറ്റൊരു വസ്തുത, വിചാരണയുടെ മൗലിക ലക്ഷ്യം കുറ്റവാളികളുടെ യാഥാര്‍ഥ്യം അവരെയും മറ്റുള്ളവരെയും ബോധ്യപ്പെടുത്തലാണ്.

ഗാഫിര്‍ 46-ന്റെ വിശദീകരണത്തില്‍ ഇബ്‌നു കസീര്‍ എഴുതുന്നു: 'ആഇശ(റ)യെ ഒരു യഹൂദ വനിത സേവിച്ചിരുന്നു. ആഇശ(റ) അവര്‍ക്ക് എന്തു നന്മ ചെയ്താലും അവര്‍ 'അല്ലാഹു നിങ്ങളെ ഖബ്‌റിലെ ശിക്ഷയില്‍നിന്ന് രക്ഷിക്കുമാറാവട്ടെ!' എന്ന് പ്രാര്‍ഥിക്കുമായിരുന്നു. ഒരിക്കല്‍ നബി(സ) വന്നപ്പോള്‍ ആഇശ(റ) നബി(സ)യോട് ചോദിച്ചു. 'അല്ലാഹുവിന്റെ ദൂതരേ, ഖിയാമത്തു നാളിനു മുമ്പ് ഖബ്‌റില്‍ ശിക്ഷയുണ്ടോ? നബി(സ) പറഞ്ഞു: 'ഇല്ല, ആരാണ് അങ്ങനെ വാദിച്ചത്?' ആഇശ(റ): 'ഈ യഹൂദ വനിത. ഞാന്‍ അവര്‍ക്ക് എന്തു നന്മ ചെയ്താലും, അല്ലാഹു നിങ്ങളെ ഖബ്്റ് ശിക്ഷയില്‍നിന്ന് രക്ഷിക്കട്ടെ!' എന്ന് പറയുന്നു. നബി(സ): 'യഹൂദികള്‍ കള്ളം പറയുകയാണ്. അല്ലാഹുവിന്റെ പേരില്‍ ഏറ്റവും വലിയ കള്ളം പറയുന്നവരാണ് അവര്‍. അന്ത്യനാളിലല്ലാതെ ശിക്ഷയില്ല.' ഇതു പറഞ്ഞ്, അല്ലാഹു ഉദ്ദേശിച്ച അത്രയും സമയം കഴിഞ്ഞ ശേഷം, നബി(സ) ഉച്ചയോടെ, വസ്ത്രം പുതച്ച്, ചുവന്ന കണ്ണുകളോടെ, ഉറക്കെ ഇങ്ങനെ വിളിച്ചു പറഞ്ഞുകൊണ്ട് വന്നു.
أَيُّهَا النَّاسُ أظلّتكم الفتن كقطع اللّيل المظلم. أَيُّهَا النَّاسُ لو تعلمون ما أعلم لبكيتم كثيرًا وضحكتم قليلًا. أَيُّهَا النَّاسُ استعيذوا بالله من عذاب القبر فان عذاب القبر حق.
''ജനങ്ങളെ! ഇരുണ്ട രാത്രിയുടെ ഖണ്ഡങ്ങള്‍ പോലുള്ള കുഴപ്പങ്ങള്‍ നിങ്ങള്‍ക്കുമേല്‍ നിഴല്‍ വിരിച്ചിരിക്കുന്നു. ജനങ്ങളേ, ഞാന്‍ അറിയുന്നത് നിങ്ങള്‍ അറിഞ്ഞിരുന്നുവെങ്കില്‍ നിങ്ങള്‍ കൂടുതലായി കരയുകയും കുറച്ചുമാത്രം ചിരിക്കുകയും ചെയ്യുമായിരുന്നു. ജനങ്ങളേ, നിങ്ങള്‍ ഖബ്‌റിലെ ശിക്ഷയില്‍നിന്ന് അല്ലാഹുവിനോട് ശരണം തേടുക. കാരണം, ഖബ്‌റിലെ ശിക്ഷ സത്യമാണ്.''
(ബുഖാരിയുടെയും മുസ്‌ലിമിന്റെയും മാനദണ്ഡമനുസരിച്ച് സാധുവായ നിവേദക പരമ്പര - അഹ്മദ്).
മറ്റൊരു റിപ്പോര്‍ട്ട് ഇങ്ങനെ: ഒരു യഹൂദ സ്ത്രീ ആഇശ(റ)യോട് എന്തോ ചോദിച്ചു. ആഇശ(റ) അവര്‍ക്ക് നല്‍കി. യഹൂദ വനിത പറഞ്ഞു: 'അല്ലാഹു നിങ്ങളെ ഖബ്‌റിലെ ശിക്ഷയില്‍നിന്ന് രക്ഷിക്കട്ടെ! അവര്‍ നബി(സ)യോട് ഇതേപ്പറ്റി പറഞ്ഞു. അപ്പോള്‍ (ശിക്ഷ) ഇല്ല എന്ന് നബി(സ) പ്രതികരിച്ചു. പിന്നീട് അവിടുന്ന് പറഞ്ഞു:
وإنه أوحى إليّ أنكم تفتنون في قبوركم
'നിങ്ങള്‍ നിങ്ങളുടെ ഖബ്‌റുകളില്‍ തീര്‍ച്ചയായും പരീക്ഷിക്കപ്പെടുന്നതാണെന്ന് എനിക്ക് വഹ്‌യ് നല്‍കപ്പെട്ടിരിക്കുന്നു' (അഹ്മദ്).

ആത്മാവുകള്‍ ബര്‍സഖീ ഘട്ടത്തില്‍ രാവിലെയും വൈകുന്നേരവും നരകത്തില്‍ കാണിക്കപ്പെടും. ഖബ്‌റുകളിലെ ശരീരങ്ങള്‍ അതനുസരിച്ച് വേദന അനുഭവിക്കും എന്നതിന് തെളിവില്ല. ശിക്ഷ ആത്മാവിന് മാത്രമായിരിക്കാം. എന്നാല്‍ ബര്‍സഖീ ഘട്ടത്തില്‍ ശരീരം ശിക്ഷ അനുഭവിക്കുമോ എന്നതു സംബന്ധിച്ച് താഴെ വരുന്ന ഹദീസുകള്‍ സൂചിപ്പിക്കുന്നുണ്ട്. മേല്‍ സൂക്തം ബര്‍സഖില്‍ സത്യനിഷേധികള്‍ ശിക്ഷിക്കപ്പെടുന്നതിനെക്കുറിച്ചാണെന്നും, സത്യവിശ്വാസികള്‍ തെറ്റുകളുടെ പേരില്‍ ഖബ്‌റില്‍ ശിക്ഷിക്കപ്പെട്ടുകൊള്ളണമെന്നില്ലെന്നും വാദിക്കപ്പെടാം. ഇമാം അഹ്മദ് ഉദ്ധരിച്ച താഴെ ഹദീസില്‍നിന്ന് അതാണ് മനസ്സിലാവുന്നത്. ആഇശ(റ) പറയുന്നു: 'തന്റെ അടുത്ത് ഒരു യഹൂദ വനിത ഉണ്ടായിരുന്നപ്പോള്‍ നബി(സ) അവിടേക്ക് കടന്നുവന്നു. അപ്പോള്‍ യഹൂദ വനിത, 'നിങ്ങള്‍ ഖബ്‌റുകളില്‍ ശിക്ഷിക്കപ്പെടുമെന്ന് നിങ്ങള്‍ക്കറിയുമോ?' എന്ന് ചോദിച്ചു. അപ്പോള്‍ നബി(സ) പറഞ്ഞു: 'യഹൂദികള്‍ മാത്രമാണ് പരീക്ഷിക്കപ്പെടുക.' പിന്നീട് ഏതാനും ദിവസങ്ങള്‍ക്കുശേഷം നബി(സ) പറഞ്ഞു:  ألا أوحي اليّ انكم تفتنون في القبور   'അറിയുക, നിങ്ങള്‍ ഖബ്‌റുകളില്‍ പരീക്ഷിക്കപ്പെടുമെന്ന് എനിക്ക് വഹ്‌യ് നല്‍കപ്പെട്ടിരിക്കുന്നു' ആഇശ(റ) തുടരുന്നു:

'ഇതിനുശേഷം നബി(സ) ഖബ്്റ് ശിക്ഷയില്‍നിന്ന് അഭയം തേടാറുണ്ടായിരുന്നു.' ഇമാം മുസ്‌ലിമും സമാനമായ ഹദീസ് നിവേദനം ചെയ്തിട്ടുണ്ട്. മേല്‍ സൂക്തം ബര്‍സഖില്‍ ആത്മാവുകള്‍ ശിക്ഷിക്കപ്പെടുന്നതിനെക്കുറിച്ചാണെന്നും ഖബ്‌റുകളിലെ ശരീരങ്ങളെ അത് ബാധിക്കില്ല എന്നും ഇതേപ്പറ്റി വഹ്‌യ് ലഭിച്ചപ്പോള്‍ നബി(സ) നരക ശിക്ഷയില്‍നിന്ന് അഭയം തേടുകയാണുണ്ടായത് എന്നും പറയാം. ഇതിനുശേഷം നബി(സ) ഖബ്‌റിലെ ശിക്ഷയില്‍നിന്ന് അല്ലാഹുവിനോട് ശരണം തേടാതിരുന്നിട്ടില്ല എന്ന് ആഇശ(റ) പറഞ്ഞിരുന്നു. (ഇബ്‌നുകസീര്‍)

വിചാരണാ പൂര്‍വശിക്ഷകളെക്കുറിച്ച് ഖുര്‍ആന്‍

وَلَنُذِيقَنَّهُم مِّنَ الْعَذَابِ الْأَدْنَىٰ دُونَ الْعَذَابِ الْأَكْبَرِ لَعَلَّهُمْ يَرْجِعُونَ

'ഏറ്റവും വലിയ (പാരത്രിക) ശിക്ഷ കൂടാതെ (ഐഹികമായ) ചില ചെറുതരം ശിക്ഷകളും നാം അവരെ ആസ്വദിപ്പിക്കുന്നതാണ്. അവര്‍ ഒരു വേള മടങ്ങിയേക്കാമല്ലോ.' (സജദ: 21)
سَنُعَذِّبُهُم مَّرَّتَيْنِ ثُمَّ يُرَدُّونَ إِلَىٰ عَذَابٍ عَظِيمٍ
  'രണ്ടു തവണ നാം അവരെ ശിക്ഷിക്കുന്നതാണ്. പിന്നീട് ഭയാനകമായ ശിക്ഷയിലേക്ക് അവര്‍ തള്ളപ്പെടുന്നതുമാണ് (തൗബ:101).

'ദുന്‍യാവില്‍ മുസ്‌ലിംകളാല്‍ ബന്ദിയാവുകയോ വധിക്കപ്പെടുകയോ വഷളാവുകയോ ചെയ്യുക, മരണാനന്തരം ഖബ്‌റില്‍ ശിക്ഷിക്കപ്പെടുക എന്നിവയാണ് രണ്ടു തവണയായുള്ള ശിക്ഷ എന്ന് വിശദീകരിക്കപ്പെട്ടിട്ടുണ്ട് - അത്തഫ്‌സീറുല്‍ മുയസ്സര്‍).
قَاتِلُوهُمْ يُعَذِّبْهُمُ اللَّهُ بِأَيْدِيكُمْ وَيُخْزِهِمْ وَيَنصُرْكُمْ عَلَيْهِمْ
 'നിങ്ങള്‍ അവരോട് യുദ്ധം ചെയ്യുക. അല്ലാഹു നിങ്ങളുടെ കൈകളാല്‍ അവരെ ശിക്ഷിക്കുകയും അവരെ നിന്ദ്യരാക്കുകയും അവര്‍ക്കെതിരെ നിങ്ങളെ അവന്‍ സഹായിക്കുകയും ചെയ്യും (തൗബ: 14).
إِنَّمَا يُرِيدُ اللَّهُ لِيُعَذِّبَهُم بِهَا فِي الْحَيَاةِ الدُّنْيَا 
  'അതുവഴി ഐഹിക ജീവിതത്തില്‍ അവരെ ശിക്ഷിക്കാന്‍ മാത്രമാണ് അല്ലാഹു ഉദ്ദേശിക്കുന്നത്' (തൗബ 55).
وَإِن يَتَوَلَّوْا يُعَذِّبْهُمُ اللَّهُ عَذَابًا أَلِيمًا فِي الدُّنْيَا وَالْآخِرَةِۚ   
'അവര്‍ പിന്തിരിയുന്ന പക്ഷം ദുന്‍യാവിലും പരലോകത്തും അല്ലാഹു അവരെ വേദനാജനകമായ ശിക്ഷ അനുഭവിപ്പിക്കുന്നതായിരിക്കും' (തൗബ 74).
إِنَّمَا يُرِيدُ اللَّهُ أَن يُعَذِّبَهُم بِهَا فِي الدُّنْيَا
 'അതുവഴി ദുന്‍യാവില്‍ അവരെ ശിക്ഷിക്കാന്‍ മാത്രമാണ് അല്ലാഹു ഉദ്ദേശിക്കുന്നത്' (തൗബ 85).
وَأَخَذْنَا الَّذِينَ ظَلَمُوا بِعَذَابٍ بَئِيسٍ بِمَا كَانُوا يَفْسُقُونَ
 'അക്രമികളായ ആളുകളെ അവര്‍ ധിക്കാരം കാണിച്ചിരുന്നതിന്റെ ഫലമായി നാം കഠിനമായ ശിക്ഷ മുഖേന പിടികൂടുകയും ചെയ്തു' (അഅ്‌റാഫ് 165).
وَإِذْ تَأَذَّنَ رَبُّكَ لَيَبْعَثَنَّ عَلَيْهِمْ إِلَىٰ يَوْمِ الْقِيَامَةِ مَن يَسُومُهُمْ سُوءَ الْعَذَابِۗ
'അവരുടെ (ഇസ്‌റാഈല്യരുടെ) മേല്‍ ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളുവരെ അവര്‍ക്ക് ഹീനമായ ശിക്ഷ ഏല്‍പിച്ചുകൊണ്ടിരിക്കുന്നവരെ നിന്റെ രക്ഷിതാവ് നിയോഗിക്കുക തന്നെ ചെയ്യുമെന്ന് അവന്‍ (അല്ലാഹു) പ്രഖ്യാപിച്ച സന്ദര്‍ഭം ഓര്‍ക്കുക.' (അഅ്‌റാഫ് 167).
لَمَّا آمَنُوا كَشَفْنَا عَنْهُمْ عَذَابَ الْخِزْيِ فِي الْحَيَاةِ الدُّنْيَا
'അവര്‍ വിശ്വസിച്ചപ്പോള്‍ ഐഹിക ജീവിതത്തില്‍ അവരില്‍നിന്ന് നാം നിന്ദ്യതയുടെ ശിക്ഷ നീക്കിക്കളഞ്ഞു' (യൂനുസ് 98).
وَأَتَاهُمُ الْعَذَابُ مِنْ حَيْثُ لَا يَشْعُرُونَ
'അവര്‍ ഓര്‍ക്കാത്ത വിധം ശിക്ഷ അവര്‍ക്ക് വരികയും ചെയ്തു' (നഹ്്ല് 26).

قَالَ لَهُم مُّوسَىٰ وَيْلَكُمْ لَا تَفْتَرُوا عَلَى اللَّهِ كَذِبًا فَيُسْحِتَكُم بِعَذَابٍۖ وَقَدْ خَابَ مَنِ افْتَرَىٰ
മൂസാ അവരോട് പറഞ്ഞു: നിങ്ങള്‍ക്ക് നാശം! നിങ്ങള്‍ അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമക്കരുത്. ഏതെങ്കിലും ഒരു ശിക്ഷ മുഖേന അവന്‍ നിങ്ങളെ ഉന്മൂലനം ചെയ്‌തേക്കും. കള്ളം കെട്ടിച്ചമച്ചവനാരോ അവന്‍ തീര്‍ച്ചയായും പരാജയപ്പെട്ടിരിക്കുന്നു (ത്വാഹ: 61).

كَذَٰلِكَ الْعَذَابُۖ وَلَعَذَابُ الْآخِرَةِ أَكْبَرُۚ لَوْ كَانُوا يَعْلَمُونَ
'അവ്വിധമാണ് ശിക്ഷ. തീര്‍ച്ചയായും പാരത്രിക ശിക്ഷയാണ് ഏറ്റവും വലുത്; അവര്‍ അറിയുന്നുവെങ്കില്‍' (ഖലം 33).

വിശുദ്ധ ഖുര്‍ആനിലെ ധാരാളം സൂക്തങ്ങള്‍, ഖബ്‌റിലെയും പരലോകത്തെയും വിചാരണകള്‍ക്കും ശിക്ഷകള്‍ക്കും മുമ്പ് ദുന്‍യാവില്‍ വെച്ചുതന്നെ കുറ്റവാളികള്‍ ശിക്ഷാവിധേയരാവാം എന്ന് സ്ഥാപിക്കുന്നുണ്ട്. വിഷയം മനസ്സിലാക്കാന്‍ സഹായകമായ ചില സൂറത്തുകളും സൂക്തങ്ങളുടെ നമ്പറുകളും:

ബഖറ: 85, അന്‍ആം: 40,47,58,65 അഅ്‌റാഫ്: 73,165,167 അന്‍ഫാല്‍: 34,50 ത്വലാഖ്: 8 ഹശ്്റ്: 3 മാഇദ: 115 തൗബ: 14,26,25,66,74,55,85,106,61,101 യൂനുസ്: 70,98,50 ഹൂദ്: 58,64,76,84,93 യൂസുഫ് 107 റഅ്ദ്: 34 ഇബ്‌റാഹീം: 17 നഹ്്ല്: 26,45,94,113 കഹ്ഫ്: 55,58 മര്‍യം: 75 ത്വാഹാ: 127,134 അമ്പിയാഅ്: 46 ഹജ്ജ്: 2,25 മുഅ്മിനൂന്‍: 63,64,76,77 ശുഅറാഅ്: 156,158 അന്‍കബൂത്ത്: 55 സുമര്‍: 26 ഗാഫിര്‍: 45 ഫുസ്സ്വിലത്ത്: 16,17 ശൂറാ: 44 സുഖ്‌റുഫ് 48,50 ഇസ്‌റാഅ്: 58 ദുഖാന്‍: 12,15 അഹ്ഖാഫ്: 24,37,39 ഖമര്‍: 16,18,21,30,38 ഹശ്്റ്: 3 ഖലം: 33 ഫജ്‌റ്‌: 13 ഫത്ഹ്: 25
ഖുര്‍ആനില്‍ തെളിഞ്ഞ ഭാഷയില്‍ എടുത്തുപറഞ്ഞ വിചാരണാ പൂര്‍വശിക്ഷയെ സംബന്ധിച്ച് ഇനിയും സംശയിക്കേണ്ടതുണ്ടോ എന്ന് ചിന്തിക്കുക.
(ഈജിപ്തുകാരനായ ലേഖകൻ സർവകലാശാലാ അധ്യാപകനാണ്)

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top