പണ്ഡിതന്മാരുടെ ഭരണകൂട വിമര്‍ശനങ്ങള്‍
ബറാഅ് നിസാര്‍ റയാന്‍
ആധുനികരായ ചില പണ്ഡിതന്മാര്‍ അധികാരികളുടെ മുമ്പാകെ തലകുനിക്കുകയും അവരുടെ താല്‍പര്യങ്ങള്‍ക്കനുസൃതമായി ഫത്്വകള്‍ നല്‍കുകയും വാക്കുകൊണ്ടുപോലും അവരെ മുഷിപ്പിക്കാതിരിക്കുകയും ചെയ്യുന്നത് നാം കാണുന്നു. എന്നാല്‍ പൂര്‍വികരായ ഇസ്്ലാമിക പണ്ഡിതന്മാര്‍ ഭരണാധികാരികളെ ഈ വിധം പ്രീണിപ്പിച്ചതായി നാം കാണുന്നില്ല. ഭരണാധികാരികള്‍ക്ക് അനുകൂലമായി ഫത് വകള്‍ ചമച്ച് അതുവഴി പ്രജകളെ പീഡിപ്പിക്കാന്‍ അവര്‍ വഴി ഒരുക്കിയിരുന്നില്ല. ഹസനുല്‍ ബസ്വ്്രി (മ.ഹി 110/ക്രി. 729) സുഫ് യാനു ബ്്നു ഉയൈന (മ.ഹി 198 ക്രി. 814) മുതലായവര്‍ അക്രമിയായ ഭരണാധികാരികളെക്കുറിച്ച് പരദൂഷണം പറയുന്നത് ഇസ് ലാമില്‍ വിലക്കപ്പെട്ട ഇനത്തില്‍ പെട്ടതല്ലെന്ന പക്ഷക്കാരാണ്. അതേസമയം, 'പുത്തന്‍ പണ്ഡിതന്മാരാ'കട്ടെ അക്രമികളായ ഭരണാധികാരികളുടെ പക്ഷം ചേര്‍ന്ന് പൗരജനങ്ങളുടെ വിവരങ്ങൾ ചോര്‍ത്തുകയും അവര്‍ക്കെതിരെ ഏഷണി പരത്തുകയും ചെയ്യുന്നു. ഖണ്ഡിതമായ നബിവചനം പറയുന്നത്, 'ഏഷണിക്കാരന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല' എന്നാണ്.
ഭരണകൂട വിമര്‍ശനത്തിന്റെ മാനദണ്ഡം
അക്രമികളായ ഭരണാധികാരികളോട് എന്ത് നിലപാടു സ്വീകരിക്കണം എന്നതുസംബന്ധിച്ച് പൂര്‍വിക പണ്ഡിതന്മാര്‍ക്കിടയില്‍ വ്യത്യസ്ത നിലപാടുകളുണ്ട്. അത്തരം ഭരണാധികാരികള്‍ക്കെതിരെ സായുധമായി രംഗത്തിറങ്ങിയില്ലെങ്കിലും യുദ്ധമൊഴികെയുള്ള രീതികള്‍ സ്വീകരിച്ചുകൊണ്ട് അവരുടെ അക്രമങ്ങളെ ചെറുക്കണമെന്ന കാര്യത്തില്‍ അവര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമില്ല. ഹദീസ് പണ്ഡിതന്മാര്‍ ഇക്കാര്യത്തില്‍ സ്വീകരിച്ചു പോന്ന രീതികളെക്കുറിച്ച് ചരിത്രം പറയുന്നുണ്ട്.
ഹദീസ് വിജ്ഞാനീയങ്ങളുടെ അടിത്തറകളില്‍ പ്രധാനം അവയുടെ നിരൂപണമാണ്. ഹദീസ് സാങ്കേതിക ശാസ്ത്രത്തില്‍ അതേക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്:
تمييز الصّحيح من سقيم الحديث
'ഹദീസുകളിലെ സാധുവും അസാധുവും വേര്‍തിരിക്കല്‍'
ഉയര്‍ന്ന നിരൂപണ ശേഷിയുള്ളവര്‍ക്കു മാത്രമെ ഇത് സാധ്യമാകൂ. റിപ്പോര്‍ട്ടര്‍മാരെയും നിവേദക പരമ്പരകളെയും മൂലവാക്യങ്ങളെയും ഇതിന്നായി നിരൂപണ വിധേയമാക്കണം. ഉയര്‍ന്ന നിരൂപണ-വിശകലന നൈപുണിയുള്ളവര്‍ക്കെ അതു കഴിയൂ.
പാരമ്പര്യ ഇസ്്ലാമിക സാഹിത്യങ്ങള്‍ പരദൂഷണത്തെ ആക്ഷേപിക്കുകയും മറ്റുള്ളവരുടെ കുറ്റങ്ങളുടെയും കുറവുകളുടെയും നേരെ കണ്ണടക്കുകയും ചെയ്യുമ്പോള്‍ ഹദീസ് നിവേദകന്മാരുടെ അവസ്ഥകളെ കണിശമായി നിരൂപണം നടത്തുന്നു. അവരെക്കുറിച്ച് കൈപുറ്റ സത്യങ്ങള്‍ പുറത്തുപറയേണ്ടി വരുന്നു.
ഹദീസ് പണ്ഡിതന്മാര്‍ ഭരണവര്‍ഗവുമായി അകലം പാലിക്കാനുള്ള പ്രധാന കാരണം അത് നിവേദകനുണ്ടായിരിക്കേണ്ട നീതിബോധത്തിനും സത്യസന്ധതക്കും എതിരാവും എന്നതിനാലാണ്. അധികാരികളുമായി അടുപ്പമുള്ളവര്‍ ഹലാലോ ഹറാമോ എന്നറിയാത്ത അവരുടെ സമ്പത്ത് ഉപയോഗപ്പെടുത്തുന്ന അവസ്ഥയുണ്ടാവും. പണ്ഡിതന്മാരുടെ സ്വാതന്ത്ര്യത്തെ അത് ദോഷകരമായി ബാധിച്ചേക്കാം.
നിവേദകരെക്കുറിച്ച് കൂലങ്കശമായി പഠിച്ച് ഹദീസുകള്‍ സ്വീകാര്യമോ അസ്വീകാര്യമോ എന്ന് വിധിക്കുന്ന 'ജര്‍ഹ് വ തഅ്ദീൽ' ഗ്രന്ഥങ്ങള്‍, അധികാരികളില്‍നിന്ന് ഏതെങ്കിലും തരത്തിലുള്ള ആനുകൂല്യങ്ങള്‍ പറ്റുന്നത് ആക്ഷേപകരമായാണ് കാണുന്നത്.
പിതൃവ്യന്‍ ഇസ്ഹാഖുബ്‌നു ഹമ്പലും രണ്ടു മക്കളും സുല്‍ത്വാന്റെ ആനുകൂല്യങ്ങള്‍ പറ്റിയിരുന്നതിനാല്‍ അഹ്്മദുബ്‌നു ഹമ്പല്‍ (മ.ഹി 241/ ക്രി. 855) അവരുടെ പിന്നില്‍ നമസ്‌കരിച്ചിരുന്നില്ല.
ഹദീസ് പണ്ഡിതന്മാര്‍ പ്രവാചകത്വത്തിന്റെ അനന്തരാവകാശികള്‍ എന്ന നിലയില്‍ പ്രകൃത്യാ അധികാരികളുമായി അകലം പാലിച്ചു. നബി(സ)യുടെയും ഖുലഫാഉര്‍റാശിദുകളുടെയും ചര്യയാണ് അവര്‍ തങ്ങളുടെ മാനദണ്ഡമായി അംഗീകരിച്ചത്. അവരെയും അക്രമികളായ ഭരണാധികാരികളെയും പണ്ഡിതന്മാര്‍ രണ്ടായിത്തന്നെ കാണുന്നു. ഭരണാധികാരികളെ അത്രനല്ല പ്രതിഛായയോടെയല്ല അവര്‍ നോക്കിക്കാണുന്നത്.
നേരത്തെയുള്ള എതിര്‍പ്പ്
സ്വഹാബികളിലെ ഹദീസ് പണ്ഡിതന്മാര്‍ ഈ രംഗത്ത് കടുത്ത നിലപാട് സ്വീകരിച്ചവരായിരുന്നു. അവര്‍ ഭരണാധികാരികളോട് കാര്യങ്ങള്‍ വെട്ടിത്തുറന്നു പറഞ്ഞു. നബി(സ) കടന്നുപോയ നേരായ വഴിയില്‍നിന്ന് അവര്‍ വ്യതിചലിച്ചപ്പോഴെല്ലാം അവര്‍ തിരുത്തി. ഉസ്മാനുബ്‌നു അഫ്ഫാന്റെ (മ.ഹി 35/ക്രി. 656) കാലത്ത് സ്വഹാബികള്‍ക്കിടയിലുണ്ടായ ആഭ്യന്തര പ്രശ്‌നങ്ങള്‍ മാറ്റി നിർത്തി, മറ്റു ചില കാര്യങ്ങള്‍ നമുക്ക് പരിശോധിക്കാം.
അബൂദര്‍റ്(റ)
മുസ്‌നദുല്‍ ഇമാം അഹ്്മദില്‍ മുന്നൂറോളം ഹദീസുകളുള്ള അബൂദര്‍റുല്‍ ഗിഫാരി (മ.ഹി 32/ക്രി. 654) സ്വഹാബികള്‍ക്കിടയിലെ ഏറ്റവും ശക്തനായ രാഷ്ട്രീയ എതിരാളിയായിരുന്നു. ഉസ്മാനുബ്‌നു അഫ്ഫാന്റെയും ശാമിലെ അദ്ദേഹത്തിന്റെ ഗവര്‍ണറായിരുന്ന മുആവിയ (മ.ഹി 60/ക്രി. 681) യുടെയും നിലപാടുകളെ അബൂദര്‍റ് നിശിതമായി വിമര്‍ശിച്ചു. ഇമാം ബുഖാരി (മ.ഹി 256 / ക്രി. 870) തന്റെ 'അല്‍ജാമിഉസ്സ്വഹീഹി'ല്‍ സൈദുബ്‌നു വഹ്ബി (മ.ഹി 96 ക്രി. 716) ല്‍നിന്ന് ഉദ്ധരിക്കുന്നു:
'മദീനയുടെ കിഴക്കായി ഏകദേശം ഇരുനൂറ് കി.മീ. അകലെയുള്ള റബദയിലൂടെ ഞാന്‍ കടന്നുപോവുകയായിരുന്നു. അവിടെ വെച്ച് ഞാന്‍ അബൂദര്‍റിനെ കണ്ടുമുട്ടി. ഞാന്‍ ചോദിച്ചു: 'നിങ്ങള്‍ എന്താണ് ഇവിടെ താമസിക്കുന്നത്? 'അബൂദര്‍റ്: 'ഞാന്‍ ശാമിലായിരുന്നു. അവിടെ വെച്ച് ഞാനും മുആവിയയും തമ്മില്‍ 'സ്വര്‍ണവും വെള്ളിയും സൂക്ഷിച്ചു വെക്കുകയും അവ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവര്‍' (തൗബ 34) എന്ന സൂക്തത്തെ സംബന്ധിച്ച് അഭിപ്രായ ഭിന്നതയുണ്ടായി. അത് വേദവിശ്വാസികളെ -യഹൂദരെയും ക്രൈസ്തവരെയും- ഉദ്ദേശിച്ചാണെന്നായിരുന്നു മുആവിയയുടെ വാദം. ഞാന്‍: 'അത് നമ്മെയും അവരെയും ഉദ്ദേശിച്ചാണ്.' അതേതുടര്‍ന്ന് ഞങ്ങള്‍ തമ്മില്‍ ചില പ്രശ്‌നങ്ങളായി. മുആവിയ, ഉസ്മാന് എന്നെപ്പറ്റി പരാതി പറഞ്ഞ് കത്തയച്ചു. അതുപ്രകാരം ഉസ്മാന്‍ എനിക്ക് ഇങ്ങനെ ഒരു കത്തയച്ചു: 'മദീനയിലേക്ക് ഒന്നു വരണം' ഞാന്‍ മദീനയില്‍ ചെന്നു. ആളുകള്‍ ചുറ്റുംകൂടി. ഇതിനു മുമ്പ് എന്നെ കണ്ടിട്ടില്ലാത്തവിധമായിരുന്നു ജനങ്ങളുടെ നോട്ടം. ഞാന്‍ അതേക്കുറിച്ച് ഉസ്മാനോട് സംസാരിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: 'താങ്കള്‍ ഉദ്ദേശിക്കുന്ന പക്ഷം കുറച്ചൊന്ന് മാറിത്താമസിക്കണം. അടുത്തുണ്ടാവുകയും വേണം.' ഇങ്ങനെയാണ് ഞാന്‍ ഇവിടെ എത്തിയത്. ഒരു എത്യോപ്യനെയാണ് എന്റെ അമീറായി തെരഞ്ഞെടുക്കുന്നതെങ്കിലും ഞാന്‍ അദ്ദേഹത്തെ കേട്ടിരിക്കും, അനുസരിച്ചിരിക്കും.'
അബുദ്ദര്‍ദാഅ്(റ)
പ്രസിദ്ധ വൈരാഗിയായ അബുദ്ദര്‍ദാഉം (മ.ഹി 32 / ക്രി. 654) മുആവിയയും തമ്മില്‍ ഒരു കച്ചവടവുമായി ബന്ധപ്പെട്ട് അഭിപ്രായ വ്യത്യാസമുണ്ടായി. അതുസംബന്ധമായി അബൂദര്‍റ്(റ) നബി(സ)യുടെ ഒരുവചനം ഉദ്ധരിച്ച ശേഷം പറഞ്ഞു: മുആവിയയുമായുള്ള വിഷയത്തില്‍ എന്നെ ആര്‍ കുറ്റ വിമുക്തനാക്കും? ഞാന്‍ അദ്ദേഹത്തോട് നബി(സ)യുടെ ഹദീസ് പറയുന്നു, അദ്ദേഹകമാട്ടെ, എന്നോട് സ്വന്തം അഭിപ്രായം പറയുന്നു. നിങ്ങള്‍ ഉള്ള നാട്ടില്‍ ഞാന്‍ താമസിക്കുകയില്ല.'
അബൂഹുറൈറ(റ)
നബി(സ)യില്‍നിന്ന് ഏറ്റവും കൂടുതല്‍ ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്ത അബൂഹുറൈറ(റ) (മ.ഹി 59 / ക്രി. 680) ശിയാക്കള്‍ പ്രചരിപ്പിക്കുന്നതുപോലെ ഉമയ്യ വംശത്തെ പ്രീണിപ്പിച്ചയാളായിരുന്നില്ല. അദ്ദേഹം അവരുടെ ഭരണത്തെ പലപ്പോഴും വിമര്‍ശിച്ചിരുന്നു. അതൃപ്തി രേഖപ്പെടുത്തിയിരുന്നു. പക്ഷെ, അവരുടെ ആക്രമണം ഭയന്ന് ഏറ്റുമുട്ടലിനു പോയിരുന്നില്ല എന്നുമാത്രം. മുആവിയയുടെ അവസാന ഘട്ടത്തില്‍ അബൂഹുറയ്റ കൂടുതല്‍ ശക്തമായ നിലപാട് സ്വീകരിച്ചു. ബുഖാരി അബൂഹുറൈറയില്‍നിന്ന് ഉദ്ധരിക്കുന്നു: 'ഞാന്‍ നബി(സ)യില്‍നിന്ന് രണ്ടു സൂക്ഷിപ്പുകള്‍ മനഃപാഠമാക്കി. അവയിലൊന്ന് ഞാന്‍ പ്രചരിപ്പിച്ചു. മറ്റേത് ഞാന്‍ പ്രചരിപ്പിച്ചിരുന്നുവെങ്കില്‍ എന്റെ കണ്ഠനാളം ഛേദിക്കപ്പെട്ടേനെ.'
ഇബ്‌നു ഹജറില്‍ അസ്ഖലാനി (മ.ഹി 852 / ക്രി. 1448) ഫത്ഹുല്‍ ബാരിയില്‍ മേല്‍ നബിവചനം വിശദീകരിച്ചെഴുതുന്നു: 'പണ്ഡിതന്മാര്‍ പ്രചരിപ്പിക്കാതിരുന്ന സൂക്ഷിപ്പിലുണ്ടായിരുന്നത് മോശം ഭരണാധികാരികളുടെ പേരുകളും അവരുടെ അവസ്ഥകളും കാലങ്ങളുമായിരുന്നു. അവരില്‍ ചിലരെക്കുറിച്ച് അബൂഹുറൈറ വ്യംഗ്യമായി സൂചിപ്പിച്ചിരുന്നു. പരസ്യപ്പെടുത്താതിരുന്നത് ജീവഭയത്താലായിരുന്നു.'
أعوذ بالله من رأس السّبي وامارة الصّبيان
'കുട്ടികളുടെ നേതൃത്വത്തില്‍നിന്നും അറുപതുകളുടെ നേതൃത്വത്തില്‍നിന്നും ഞാന്‍ അല്ലാഹുവോട് അഭയം തേടുന്നു' എന്ന് അദ്ദേഹം പറഞ്ഞിരുന്നു. യസീദുബ്‌നു മുആവിയ (മ.ഹി 64 ക്രി. 685)യുടെ ഭരണമാണ് വിവക്ഷ. ഹി. 60-ലാണ് യസീദുബ്‌നു മുആവിയ അധികാരത്തിലെത്തിയത്. അതിന് ഒരുവര്‍ഷം മുമ്പായി അല്ലാഹു അബൂഹുറൈറ(റ)യെ തിരിച്ചു വിളിച്ചു.'
സ്വഹാബികളുടെ വിപ്ലവങ്ങള്‍
നബി(സ)യുടെ പൗത്രനും സ്വഹാബിയുമായ ഹുസൈനുബ്‌നു അലി (മ.ഹി 61 ക്രി. 681) യസീദുബ്‌നു മുആവിയ (മ.ഹി 61 ക്രി. 682)ക്കെതിരെ നടത്തിയ പടപ്പുറപ്പാട് അധികാരികള്‍ക്കെതിരെ സ്വഹാബികള്‍ നടത്തിയ കടുത്ത നിലപാടായിരുന്നു. അതേതുടര്‍ന്ന് പണ്ഡിതന്മാര്‍ സായുധ വിപ്ലവങ്ങള്‍ക്ക് തീ കൊളുത്തി. ഹി. 61-നും 145-നും/ ക്രി. 682-നും 764-നും മധ്യേ ദീര്‍ഘമായ എണ്‍പത്തിയഞ്ചുവര്‍ഷം അടുത്തടുത്തായല്ലെങ്കിലും ഈ സംഘര്‍ഷങ്ങള്‍ നീണ്ടുനിന്നു.
ഹുസൈന്‍(റ) തുടക്കം കുറിച്ച വിപ്ലവത്തിനുശേഷം മറ്റൊരു സ്വഹാബിയായ സുലൈമാനുബ്‌നു സ്വുറദ് അല്‍ ഖുസാഈ- ഇദ്ദേഹം നബി(സ)യില്‍നിന്ന് ഹദീസുകള്‍ ഉദ്ധരിച്ചിട്ടുണ്ട്- ഇറാഖില്‍നിന്ന് 'ജൈശുത്തവ്വാബീന്‍' (പശ്ചാത്തപിക്കുന്നവരുടെ സൈന്യം) എന്ന പേരില്‍ ഹി. 64 ക്രി. 685-ല്‍ ഉമയ്യ വംശത്തിന്റെ അക്രമങ്ങള്‍ക്കെതിരെ പടനയിക്കുകയുണ്ടായി. നാലായിരം സൈനികരായിരുന്നു പോരാട്ടത്തില്‍ പങ്കെടുത്തത്.
പ്രമുഖ സ്വഹാബി അബ്ദുല്ലാഹിബ്‌നു സ്സുബൈര്‍ (മ.ഹി 73 ക്രി. 693) അബ്ദുല്‍ മലിക് ബ്‌നു മര്‍വാനും (മ.ഹി 86 ക്രി. 706) അദ്ദേഹത്തിന്റെ ഗവര്‍ണര്‍ ഹജ്ജാജുബ്‌നു യൂസുഫി (മ.ഹി 95 ക്രി. 715)നുമെതിരില്‍ നടത്തിയ പോരാട്ടവും ഈയിനത്തില്‍ ശ്രദ്ധേയമാണ്.
സ്വഹാബികളുടെ കാലത്ത് ശക്തി ഉപയോഗിച്ച് അധികാര മാറ്റത്തിനു ശ്രമിച്ച ഏറ്റവും വലിയ വിപ്ലവം ഹദീസ് പണ്ഡിതന്മാരുടെ തലസ്ഥാനമായ മദീനക്കാര്‍ ഹി. 63 ക്രി. 684-ല്‍ യസീദിനെതിരെ നടത്തിയതാണ്. ഇതേക്കുറിച്ച് ഇമാം ദഹബി മഹി 748 ക്രി. 1347) തന്റെ 'സിയറു അഅ്‌ലാമിന്നുബലാഇ'ല്‍ എഴുതിയത് ഇങ്ങനെ: 'ഹുസൈനു ശേഷം യസീദിനെതിരില്‍ മദീനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ അല്ലാഹുവിനു വേണ്ടി രംഗത്തിറങ്ങി.'
മദീനക്കാര്‍ നടത്തിയ ഈ വിപ്ലവം 'സൗറത്തുല്‍ ഹര്‍റ' (ഹര്‍റ വിപ്ലവം) എന്നറിയപ്പെടുന്നു. മുഹാജിറുകളുടെ നേതാവായ അബ്ദുല്ലാഹിബ്‌നു മുത്വീഇന്റെയും (മ.ഹി 73 ക്രി. 693), അന്‍സ്വാരികളുടെ നേതാവായ അബ്ദുല്ലാഹിബ്‌നു ഹന്‍ളല അല്‍ അന്‍സ്വാരിയുടെയും സംയുക്ത നേതൃത്വത്തിലായിരുന്നു വിപ്ലവം. യസീദ് മദ്യപിക്കുകയും നമസ്‌കാരം ഉപേക്ഷിക്കുകയും ഖുര്‍ആന്റെ വിധികളെ ലംഘിക്കുകയും ചെയ്യുന്നു എന്നതായിരുന്നു ഉന്നയിക്കപ്പെട്ട കുറ്റം. ഇമാം ഇബ്‌നു കസീര്‍ (മ.ഹി 774 ക്രി. 1372) അല്‍ബിദായ വന്നിഹായ'യില്‍ രേഖപ്പെടുത്തിയതാണീ വിവരം.
ഇപ്രകാരം മദീനക്കാര്‍ യസീദിനെ സ്ഥാനഭ്രഷ്ഠനാക്കകുകയും അബ്ദുല്ലാഹിബ്‌നു മുത്വീഇന് നബി(സ)യുടെ മിമ്പറിനടുത്ത് വെച്ച് അനുസരണ പ്രതിജ്ഞ ചെയ്യുകയും ചെയ്തു. മദീനാ പള്ളിയായിരുന്നു അദ്ദേഹത്തിന്റെ ഭരണസിരാകേന്ദ്രം. മദീനയിലെ കൂടുതല്‍ പേരും അദ്ദേഹത്തോടൊപ്പം, ശാമില്‍നിന്ന് വരികയായിരുന്ന യസീദിന്റെ സൈന്യത്തെ നേരിടാനായി അബ്ദുല്ലയോടൊപ്പം പുറപ്പെട്ടു. ഇബ്‌നു ശിഹാബ് അസ്സുഹ് രി (മ.ഹി 124 ക്രി. 743)യെ ഉദ്ധരിച്ച് ഇബ്‌നു കസീര്‍ എഴുതുന്നു: 'ഹര്‍റ' ദിവസം എത്രപേര്‍ കൊല്ലപ്പെട്ടു എന്ന ചോദ്യത്തിന് ഇബ്‌നു ശിഹാബ് പറഞ്ഞത്, മുഹാജിറുകളില്‍നിന്നും അന്‍സ്വാറുകളില്‍നിന്നും വിമോചിത അടിമകളില്‍നിന്നുമായി എഴുന്നൂറു പ്രമുഖര്‍ എന്നാണ്. ഇതിനു പുറമെ സ്വതന്ത്രരും അടിമകളുമായി പതിനായിരം പേര്‍ വേറെയും.
'ഹര്‍റ' സംഭവത്തോടെ, മദീനയിലെ മുഹദ്ദിസും ഇമാമുമായിരുന്ന സഈദുബ്‌നു മുസയ്യ'ബും (മ.ഹി 94 ക്രി. 714) ഉമയ്യ വംശവുമായുള്ള ബന്ധങ്ങള്‍ വഷളായി. അവരുടെ ഭരണകൂട അതിക്രമങ്ങളെ അദ്ദേഹം നിശിതമായി എതിര്‍ത്തു.
ഇമാം അബൂനുഐം അല്‍ അസ്വ്്ബഹാനി (മ.ഹി 430 ക്രി. 1040) ബദ്‌റില്‍ പങ്കെടുത്തു എന്നു പറഞ്ഞ അബ്ദുല്ലാഹിബ്‌നു സൈദുബ്‌നി ആസ്വിം അല്‍ അന്‍സ്വാരി (മ.ഹി 63 ക്രി. 684), ഇബ്‌നു സഅ്ദ് (മ.ഹി 230 ക്രി. 845) പരിചയപ്പെടുത്തിയ മസ്‌റൂഖുബ്‌നുല്‍ അജ്ദഅ് മുതലായവരും ഭരണകൂടങ്ങള്‍ക്കെതിരെ രംഗത്തിറങ്ങിയ ഹദീസ് പണ്ഡിതന്മാരാണ്.
'ഖുര്‍റാഉ'കളുടെ വിപ്ലവം
സ്വഹാബികളുടെ കാലശേഷം താബിഈങ്ങളുടെ കാലമായി. ഹദീസു പണ്ഡിതന്മാര്‍ ഏറ്റവും കൂടുതല്‍ സജീവമായി പൊതുരംഗത്ത് ഇടപെട്ട കാലമായിരുന്നു അത്. 'സൗറത്തുല്‍ ഖുര്‍റാഅ്' (പണ്ഡിതന്മാരുടെ വിപ്ലവം) എന്ന പേരില്‍ അത് അറിയപ്പെടുന്നു. (ഇസ്്ലാമായി ശരീഅത്തു പണ്ഡിതന്മാര്‍ക്ക് അന്ന് ഉപയോഗിച്ചിരുന്ന പേരാണ് ഖുര്‍റാഅ്. അന്ന് ഫിഖ്ഹും ഹദീസും ഖുര്‍ആനും വെവ്വേറെ വൈജ്ഞാനിക ശാഖകളായി മാറിക്കഴിഞ്ഞിരുന്നില്ല.)
ഇറാഖില്‍ കൃത്യമായി പറഞ്ഞാല്‍ രണ്ടു വന്‍ നഗരങ്ങളായ ബസ്വ്‌റയിലും കൂഫയിലുമാണ് ഈ വിപ്ലവം പൊട്ടിപ്പുറപ്പെട്ടത്. വലിയൊരു വിഭാഗം പണ്ഡിതന്മാര്‍ സേനാനായകനായ അബ്ദുര്‍റഹ്്മാന്‍ ഇബ്‌നുല്‍ അശ്അസില്‍ കിന്ദി (മ.ഹി 84 ക്രി. 704) യുടെ നേതൃത്വത്തില്‍ അബ്ദുല്‍ മലികിനെയും ഇറാഖിലെ അദ്ദേഹത്തിന്റെ ഗവര്‍ണറായ ഹജ്ജാജിനെയും സ്ഥാനഭ്രഷ്ടരാക്കാനായി പുറപ്പെട്ടു. അല്ലാഹുവിന്റെ കിതാബും നബി(സ)യുടെ സുന്നത്തും സ്ഥാപിക്കുമെന്നും വഴികേടിന്റെ നേതാക്കളെ സ്ഥാനഭ്രഷ്ഠരാക്കുമെന്നും അവര്‍ക്കെതിരെ പൊരുതുമെന്നും അദ്ദേഹം അവര്‍ക്ക് ഉറപ്പു കൊടുത്തു. മുപ്പത്തിമൂന്നായിരം കുതിരപ്പടയാളികളും ഇരുപതിനായിരം കാലാള്‍പടയാളികളും സേനയിലുണ്ടായിരുന്നതായി ഇബ്‌നുകസീര്‍ എഴുതുന്നു. ഭരണകൂടത്തിന്റെ ആനുകൂല്യങ്ങള്‍ പറ്റിയിരുന്ന ഒരുലക്ഷം പേരും അവരുടെ വിമോചിത അടിമകളും കൂട്ടത്തിലുണ്ടായിരുന്നു.
ഈ വിപ്ലവത്തിന്റെ കാരണമായി ഇമാം ദഹബി 'സിയറി'ല്‍ എഴുതുന്നതിങ്ങനെ: 'ഹജ്ജാജ് നമസ്‌കാരത്തിന്റെ സമയം എടുത്തുകളയുകയും സ്വേഛാധിപത്യം നടത്തുകയും ചെയ്തതാണ് വിപ്ലവത്തിലേക്ക് നയിച്ചത്. ചരിത്രകാരനും ഹദീസ് പണ്ഡിതനുമായ ഖലീഫബ്‌നു ഖയ്യാത്വ് (മ.ഹി 240 ക്രി. 854) തന്റെ 'താരീഖു ഖലീഫ ബ്‌നു ഖയ്യാത്വ്' എന്ന കൃതിയില്‍ താബിഈ പണ്ഡിതനായ മാലികുബ്‌നു ദീനാറി (മ.ഹി 127 ക്രി. 746) നെ ഉദ്ധരിച്ച് എഴുതുന്നു: 'അബ്ദുര്‍റഹ്്മാന്‍ ഇബ്‌നുല്‍ അശ്അസിനൊപ്പം അഞ്ഞൂറ് പണ്ഡിതന്മാര്‍ യുദ്ധത്തില്‍ പങ്കെടുത്തു.'
വിപ്ലവകാരികളായ പണ്ഡിതന്മാര്‍ ബസ്വ്‌റയിലും കൂഫയിലും പിടിമുറുക്കി. ഉമവി ഭരണ നേതൃത്വങ്ങളെ ഓടിച്ചുവിട്ടു. ഇറാഖ് മുഴുവന്‍ മോചിപ്പിക്കുന്ന സാഹചര്യമെത്തി. ശാമുകാര്‍ക്കെതിരെ പലപ്പോഴും ഇറാഖുകാര്‍ ജയിച്ചു.
നബി(സ)യില്‍നിന്ന് ഏറ്റവും കൂടുതല്‍ ഹദീസുകള്‍ റിപ്പോര്‍ട്ടു ചെയ്തവരിലൊരാളായ പ്രമുഖ സ്വഹാബി അനസുബ്‌നു മാലിക്(റ) (മ.ഹി 93 ക്രി. 713) പ്രായം തൊണ്ണൂറുകഴിഞ്ഞിട്ടും സൗറത്തുല്‍ ഖുര്‍റാഅ് വിപ്ലവസേനയില്‍ അംഗമായിരുന്നു.
അനസുബ്‌നു മാലികിന്റെ മകന്‍ നദ്‌റുബ്‌നു അനസ് (മഹി 110 ക്രി. 729), സഅ്ദുബ്‌നു അബീ വഖ്ഖാസ്വി (മഹി 55 ക്രി. 676) ന്റെ പൗത്രന്‍ മുഹമ്മദുബ്‌നു സഅ്ദ് (മഹി 83 ക്രി. 703) മുതലായ ഹദീസ് പണ്ഡിതന്മാര്‍ ഈ വിപ്ലവത്തില്‍ പങ്കാളികളായിരുന്നു. 'ദയ്‌റുൽ ജമാജിം' സംഘട്ടനത്തില്‍ ബന്ദിയാക്കപ്പെട്ട മുഹമ്മദുബ്‌നു സഅ്ദിനെ ഹജ്ജാജ് വധിക്കുകയായിരുന്നു.
പ്രമുഖ സ്വഹാബി അബ്ദുല്ലാഹിബ്‌നു മസ്ഊദി (മ.ഹി 32 ക്രി. 654) ന്റെ പൗത്രന്‍ അബൂ ഉബൈദ ആമിറുബ്‌നു മസ്ഊദും (മഹി 81 ക്രി. 701) ഖുര്‍ആന്‍-ഹദീസ് പണ്ഡിതനായ മുജാഹിദുബ്‌നു ജബ്‌റും (മഹി 104 ക്രി. 723), ഹറമിലെ ശൈഖായിരുന്ന അംറുബ്‌നു ദീനാറും (മഹി 126 ക്രി. 745) മേല്‍ സൈനിക സംഘത്തിലെ അംഗങ്ങളായിരുന്നു.
ഖാദി ആമിറുബ്‌നു ശറാഹീല്‍ അശ്ശഅ്ബി (മഹി 106 ക്രി. 725), പ്രസിദ്ധ കര്‍മശാസ്ത്രകാരനും ഹദീസു പണ്ഡിതനുമായ അബ്ദുര്‍റഹ്്മാന്‍ ബ്‌നു അബീലൈലായും ഹജ്ജാജ് കൊന്നുകളഞ്ഞ സഈദുബ്‌നു ജുബൈറും (മ.ഹി 95 ക്രി. 715) സൈന്യത്തിലെ പ്രധാനികളാണ്. ബുഖാരി, മുസ്്ലിം, അബൂദാവൂദ്, തുര്‍മുദി, നസാഈ, ഇബ്‌നുമാജ എന്നിവര്‍ ഇവരുടെ ഹദീസുകള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. അറിവിനും പാണ്ഡിത്യത്തിനുമൊപ്പം രക്തസാക്ഷ്യം വരിച്ചവര്‍ കൂടിയാണ് ഇവരിലധികവും. ഖുര്‍റാഉകളുടെ നേതാവായ ജബലത്തുബ്‌നു സഹ്‌റ് അല്‍ ജുഅ്ഫി (മ.ഹി 82 ക്രി. 720) രണാങ്കണത്തില്‍വെച്ച് പ്രഖ്യാപിച്ചത്, 'നിങ്ങള്‍ നിങ്ങളുടെ ദീനിനും ദുന്‍യാവിനും വേണ്ടി പോരാടുക' എന്നായിരുന്നു. ശഅ്ബി പ്രഖ്യാപിച്ചത്, 'അവരുടെ അക്രമങ്ങള്‍ക്കെതിരെയും ദുര്‍ബലരെ നിന്ദ്യരാക്കുന്നതിനെതിരെയും നിങ്ങള്‍ പോരാടുക' എന്നായിരുന്നു. രാഷ്ട്രീയ നേതൃത്വത്തെ താഴെയിറക്കുക, സാമൂഹിക രംഗത്തെ അക്രമങ്ങളെ ചെറുക്കുക എന്നതായിരുന്നു മൊത്തത്തില്‍ പണ്ഡിതന്മാര്‍ ഏറ്റെടുത്ത ദൗത്യം. ഹി. 83 ക്രി. 703-ലെ ദൈറുല്‍ ജമാജിം സംഭവം ഹി. 81 ക്രി. 701-ല്‍ തുടങ്ങിയ ദീര്‍ഘമായ പോരാട്ടങ്ങളുടെ പരിസമാപ്തിയായിരുന്നു. അതിനിടയില്‍ എണ്‍പത് സംഘട്ടനങ്ങള്‍ നടന്നിട്ടുണ്ട്. ഇവയില്‍ മിക്കതിലും പണ്ഡിതന്മാര്‍ക്കും ഇബ്‌നുല്‍ അശ്അസിനുമായിരുന്നു വിജയം; ദയ്‌റുല്‍ ജമാജിമില്‍ അവര്‍ പരാജയപ്പെട്ടുവെങ്കിലും.
വിപ്ലവത്തിന് പിന്തുണ
പ്രമുഖ താബിഈങ്ങളുടെ കാലം അക്രമത്തെയും അതിനെതിരെയുള്ള സായുധ വിപ്ലവത്തെയും സംബന്ധിച്ച സുന്നി നിലപാട് വ്യക്തമാക്കിയ കാലമായിരുന്നു. 'ദൈറുല്‍ ജമാജിമി'ല്‍ ഹജ്ജാജിന്റെ കൈയാല്‍ പണ്ഡിതന്മാര്‍ക്ക് പരാജയമുണ്ടായതോടെ, അക്രമികളായ ഭരണാധികാരികള്‍ക്കെതിരെ പടപ്പുറപ്പാട് നടത്തുന്നത് ഹറാമാണെന്ന ഫത് വകള്‍ വ്യാപകമായി. കൈപ്പുറ്റ പരാജയാനുഭവം 'ജബരിയ്യ' 'മുർജിഅ' ചിന്തകള്‍ക്ക് വളംവെച്ചു.
പണ്ഡിതന്മാര്‍ പിന്തുണച്ച വിപ്ലവങ്ങള്‍ തുടരെത്തുടരെ പരാജയപ്പെട്ടുവെങ്കിലും ഭരണാധികാരികള്‍ക്കെതിരിലുള്ള ചെറുത്തുനില്‍പ്പുകള്‍ 'നന്മകല്‍പ്പിക്കുക, തിന്മ വിലക്കുക' എന്ന നിര്‍ബന്ധ ബാധ്യതയുടെ ഭാഗമായി തുടര്‍ന്നു. 'അക്രമിയായ ഭരണാധികാരിയുടെ മുമ്പില്‍ സത്യം തുറന്നു പ്രഖ്യാപിക്കുക' എന്നതും പ്രചോദനമായി. ഭരണാധികാരികളോട് സന്ധിയായ പ്രമുഖ ഹദീസ് പണ്ഡിതന്‍ ഇമാം ഇബ്‌നു ശിഹാബുസ്സുഹ് രിയെ പോലുള്ളവര്‍ പോലും ഈ നിലപാട് സ്വീകരിച്ചു; അദ്ദേഹത്തിന്റെ കുടുംബം ഉമവികളുടെ ശത്രുവായിരുന്നുവെങ്കിലും.
ചുരുക്കത്തില്‍, താബിഈങ്ങളുടെ അവസാന കാലമായപ്പോള്‍ വിപ്ലവം 'സമാധാനപരമായ' രാഷ്ട്രീയ എതിര്‍പ്പായി ചുരുങ്ങി. സായുധ വിപ്ലവങ്ങള്‍ അവസാനിച്ചു. എങ്കിലും ഒരു സംഘം പണ്ഡിതന്മാര്‍ സായുധ വിപ്ലവം എന്ന കാഴ്ചപ്പാടിന്റെ ഭാഗമായി നിലനിന്നു- ഇമാം അബൂഹനീഫ (മ.ഹി 150 ക്രി. 768) ഉദാഹരണം. ഹുസൈന്‍(റ)വിന്റെ മകന്‍ സൈദ്, ഹിശാമുബ്‌നു അബ്ദില്‍ മലികി (മഹി 125 ക്രി. 744) ന്റെ ഭരണത്തിനെതിരെ നടത്തിയ വിപ്ലവത്തില്‍ ഇമാം അബൂഹനീഫ പങ്കാളിയായി.
'ഞങ്ങള്‍ നിങ്ങളെ അല്ലാഹുവിന്റെ കിതാബിലേക്കും നബി(സ)യുടെ സുന്നത്തിലേക്കും, അക്രമികള്‍ക്കെതിരെയുള്ള ജിഹാദിലേക്കും ദുര്‍ബലര്‍ക്കായുള്ള പ്രതിരോധത്തിലേക്കും അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടവര്‍ക്ക് നല്‍കാനുമായി ക്ഷണിക്കുന്നു' എന്ന സൈദിന്റെ പ്രഖ്യാപനമാണ് അബൂഹനീഫയെ ആകര്‍ഷിച്ച ഘടകം. പതിനയ്യായിരം അഥവാ നല്‍പതിനായിരം പേര്‍ സൈദിന് അനുസരണ പ്രതിജ്ഞ ചെയ്തതായി ഇബ്‌നുല്‍ അസീര്‍ (മഹി 630) 'അല്‍ കാമിലി'ല്‍ രേഖപ്പെടുത്തുന്നു-
പുതിയ പരമ്പരകള്‍
അബൂഹനീഫ
സൈദുബ്‌നു അലിയുടെ വിപ്ലവം പരാജയപ്പെട്ടശേഷം, അബൂഹനീഫ, അലിയ്യുബ്‌നു അബീത്വാലിബിന്റെ മകന്‍ ഹസന്റെ മകന്‍ ഹസന്റെ മകന്‍ അബ്ദുല്ലയുടെ മകന്‍ മുഹമ്മദിന്റെ നേതൃത്വത്തില്‍ നടന്ന വിപ്ലവത്തെ പിന്തുണച്ചു. 'അന്നഫ്‌സുസ്സകിയ്യ' എന്ന അപരാഭിധാനത്തില്‍ പ്രശസ്തനായ മുഹമ്മദ് (മഹി 145 ക്രി. 763) അബ്ബാസി ഖലീഫയായ മന്‍സ്വൂറി (മഹി 158 ക്രി. 776) നെതിരില്‍ ക്രി. 145 ക്രി. 763 നടന്ന വിപ്ലവത്തെ പിന്തുണച്ചു. അബ്ദുല്ലാഹിബ്‌നു അബ്ബാസീ (മഹി 69 ക്രി. 689)ല്‍നിന്ന് ഇമാം ഇക്്രിമ (മഹി 105 ക്രി. 724) വഴി അബൂഹനീഫ ഉദ്ധരിച്ച ഹദീസില്‍ ഇങ്ങനെ കാണാം:
سيّد الشهداء حمزة ورجل قام الى إمام جائر فأمره ونهاه
'രക്തസാക്ഷികളുടെ നേതാവ് ഹംസയും അക്രമിയായ നേതാവിന്റെ അടുത്തേക്ക് കടന്നുചെന്ന് അയാളോട് കല്‍പ്പിക്കുന്നവനും വിലക്കുന്നവനുമാണ്' ന്യായാധിപസ്ഥാനം ഏറ്റെടുക്കാനായി ഉമവി ഭരണകൂടം അബൂഹനീഫയെ പ്രഹരിച്ചു. ഇറാഖിലെ ഗവര്‍ണറായിരുന്ന ഇബ്‌നു ഹുബൈറ ഫസാരി (മ.ഹി 132 ക്രി. 750) അദ്ദേഹത്തെ പ്രഹരിച്ചുവെങ്കിലും അബൂ ഹനീഫ ഏറ്റെടുക്കാന്‍ തയാറായില്ല എന്ന് 'സിയറി'ല്‍ ഇമാം ദഹബി എഴുതുന്നു: അബ്ബാസി രാഷ്ട്രം നിലവില്‍ വന്നപ്പോള്‍ ഖലീഫ മന്‍സ്വൂര്‍ ന്യായാധിപസ്ഥാനം ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടപ്പോഴും അദ്ദേഹം നിരസിച്ചു. അതിന്റെ പേരില്‍ അദ്ദേഹം പ്രഹരിക്കപ്പെട്ടു. ജയിലിലടക്കപ്പെട്ടു. അവിടെവെച്ച് നിര്യാതനായി. ന്യായാധിപ പദവി ഏറ്റെടുക്കാന്‍ തയാറാകാതിരുന്നതിനാല്‍ അബ്ബാസി ഖലീഫ മന്‍സ്വൂര്‍ വിഷം നല്‍കി വധിക്കുകയായിരുന്നു എന്ന മറ്റൊരു ചരിത്രവുമുണ്ട്.
മാലികുബ്‌നു അനസ്
മാലികി മദ്ഹബിന് തുടക്കമിടുകയും മുവത്വ എന്ന ഹദീസ് കൃതി സമാഹരിക്കുകയും ചെയ്ത മാലികുബ്‌നു അനസ് (മഹി 179 ക്രി. 795), ഇമാം അന്നഫ്‌സുസ്സകിയ്യയുടെ വിപ്ലവത്തെ പിന്തുണച്ചു. 'നിര്‍ബന്ധിക്കപ്പെടുന്ന ആളുടെ ത്വലാഖ് ത്വലാഖാവില്ല' എന്ന നബിവചനം ഉദ്ധരിച്ചുകൊണ്ട് അബ്ബാസി ഖലീഫയായ മന്‍സ്വൂറിന് അനുസരണ പ്രതിജ്ഞ ചെയ്യാന്‍ ജനങ്ങള്‍ നിര്‍ബന്ധിക്കപ്പെടുന്നതായി അദ്ദേഹം വ്യംഗ്യമായി പ്രകടിപ്പിച്ചിരുന്നു. ഇക്കാരണത്താല്‍ മദീനയിലെ ഗവര്‍ണര്‍ ഇമാം മാലികിനെ അറസ്റ്റു ചെയ്തു. അദ്ദേഹത്തെ പ്രഹരിച്ചു. അതുകാരണം അദ്ദേഹത്തിന്റെ തോള്‍ ഒടിഞ്ഞു തൂങ്ങി. ബോധരഹിതനായി എങ്കിലും നിലപാട് മാറാന്‍ അദ്ദേഹം തയാറായില്ല. വഴിതെറ്റുന്ന ഭരണാധികാരികളെ ചെറുക്കേണ്ടത് നിര്‍ബന്ധമാണെന്ന് വ്യക്തമാക്കുന്ന അദ്ദേഹത്തിന്റെ പ്രസ്താവന ഇമാം ദഹബി ഉദ്ധരിക്കുന്നത് ഇങ്ങനെ:
ضربت فيما ضرب فيه سعيد بن المسيّب ومحمّد بن المنكدر وربيعة بن عبد الرحمن ولا خير فيمن لا يؤدّي في هذا الأمر
'സഈദുബ്‌നുല്‍ മുസയ്യബും മുഹമ്മദുബ്‌നുല്‍ മുന്‍കദിറും (മഹി 130 ക്രി. 749) റബീഅ ബ്‌നു അബ്ദിര്‍റഹ് മാനും (മഹി 136 ക്രി. 754) എന്തിന്റെ പേരില്‍ പ്രഹരിക്കപ്പെട്ടുവോ അതിന്റെ പേരില്‍ ഞാനും പ്രഹരിക്കപ്പെട്ടു. ഈ ഉത്തരവാദിത്വം നിര്‍വഹിക്കാത്തവരില്‍ യാതൊരു നന്മയുമില്ല.
വിപ്ലവാത്മക നിലപാടുകള്‍
തനിക്കെതിരെ യമന്‍ കേന്ദ്രീകരിച്ച് ഇമാം ശാഫിഈ അണിയറ നീക്കം നടത്തുന്നുണ്ടെന്ന് ആരോ ധരിപ്പിച്ചതിനാല്‍ അബ്ബാസി ഖലീഫ റശീദ് (മഹി 193 ക്രി. 809) ഹി. 184 ക്രി. 800-ല്‍ ഇമാം ശാഫിഈയെ ബന്ദിയാക്കി കൊണ്ടുവരാന്‍ ആളുകളെ വിട്ടു. ഈ നടപടിയില്‍ അത്ഭുതമില്ല. കാരണം ഇമാം ശാഫിഈയുടെ രാഷ്ട്രീയ നിലപാടുകള്‍ അത്രക്ക് സ്വതന്ത്രമായിരുന്നു. ഏവര്‍ക്കും സമാധാനപൂര്‍ണമായ പ്രതിഷേധങ്ങള്‍ക്ക് അവകാശമുണ്ട് എന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. പ്രതിഷേധക്കാര്‍ സായുധമായി ശക്തി സംഭരിച്ച് പോരാട്ടത്തിനൊരുമ്പെടുന്നതുവരെ അതു തുടരാം. തങ്ങൾക്ക് തിരിച്ചുകിട്ടേണ്ട ന്യായമായ അവകാശങ്ങള്‍ക്കു വേണ്ടിയാണ് അവര്‍ ആയുധമെടുത്തതെങ്കില്‍ അവരുടെ അവകാശം വകവെച്ചു കൊടുക്കണം, അവരോട് യുദ്ധം ചെയ്യാവതല്ല. അക്രമപരവും ശത്രുതാപരവുമായ പോരാട്ടത്തിനു വന്നാല്‍ മാത്രമെ അവരോട് യുദ്ധം ചെയ്യാവൂ. ഏതെങ്കിലും കാരണത്താല്‍ അവര്‍ യുദ്ധം ഉപേക്ഷിക്കുന്ന പക്ഷം അവരോട് യുദ്ധം ചെയ്യാവതല്ല. പ്രതിഷേധക്കാര്‍ തുടക്കം കുറിക്കുകയും ശക്തി സംഭരിക്കുകയും യുദ്ധോദ്ദേശ്യത്തോടെ ഒരുമ്പെട്ടു വരികയുമാണെങ്കില്‍ മാത്രമെ അവരോട് യുദ്ധം ചെയ്യാവൂ എന്ന ഉപാധികളും ഇമാം ശാഫിഈ മുന്നോട്ട് വെച്ചു. അവരുടെ വരവ് ഈ സ്വഭാവത്തോടെയല്ലെങ്കില്‍ അവരോട് യുദ്ധമരുതെന്ന് അദ്ദേഹം 'അല്‍ ഉമ്മി'ല്‍ രേഖപ്പെടുത്തിയിരിക്കുന്നു. കലാപകാരികളിലെ സത്യസന്ധരുടെ സാക്ഷ്യം സ്വീകരിക്കാം. അവര്‍ക്ക് ബൈത്തുല്‍ മാലില്‍നിന്ന് വിഹിതം നല്‍കാം. അവരുടെ ഭൗതികമോ ധാര്‍മികമോ ആയ ഏതവകാശവും വകവെച്ചു കൊടുക്കണം.
അലിയ്യുബ്‌നു അബീത്വാലിബും (മഹി 40 ക്രി 662) ഉമറുബ്‌നു അബ്ദില്‍ അസീസും (മഹി 101 ക്രി 720) ഇങ്ങനെയാണ് ചെയ്തിരുന്നതെന്ന് 'ഉമ്മി'ല്‍ രേഖപ്പെടുത്തിയിരിക്കുന്നു.
ഇപ്രകാരം, ഹി ഒന്നാം/ ക്രി. ഏഴാം നൂറ്റാണ്ടില്‍ പണ്ഡിതന്മാര്‍ സായുധ വിപ്ലവത്തിന്നായിരുന്നു പ്രഥമ പരിഗണന നല്‍കിയിരുന്നത്. ഹി: രണ്ടാം നൂറ്റാണ്ടില്‍ സായുധ വിപ്ലവത്തെ പിന്തുണക്കുന്നവര്‍, സത്യം ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് സമാധാനപരമായി പ്രതിഷേധിക്കുന്നവര്‍ എന്നിങ്ങനെ രണ്ടു തരക്കാരായി. അതേസമയം, അവരിലാരും അക്രമികളായ ഭരണാധികാരികളുമായി ആത്മബന്ധം സ്ഥാപിക്കുകയോ അവരെ സഹായിക്കുകയോ അവര്‍ക്കുവേണ്ടി പ്രതിരോധിക്കുകയോ അവരെ ന്യായീകരിക്കുകയോ എതിരാളികള്‍ പിഴച്ച നിലപാടുകാരായിരുന്നാല്‍ പോലും അവരുടെ രക്തം അനുവദനീയമായി കാണുകയോ ചെയ്തിരുന്നില്ല.
മിക്ക പണ്ഡിതന്മാരും അധികാരികളുമായി ബന്ധപ്പെടുന്നതിനെ വളരെ കരുതലോടെയാണ് കണ്ടിരുന്നത്. ചില പണ്ഡിതന്മാര്‍ മറ്റു ചില പണ്ഡിതന്മാരെ ഉപദേശിച്ചിരുന്നത് ഇങ്ങനെയായിരുന്നു: 'അല്ലാഹുവിനെ അനുസരിക്കാന്‍ കല്‍പിക്കാനാണെങ്കിലും ഭരണാധികാരികളെ നിങ്ങള്‍ സമീപിക്കരുത്' അങ്ങനെയായാല്‍ ചിലപ്പോള്‍ വധിക്കപ്പെട്ടെന്നു വരും. സ്വര്‍ണം ഉള്‍പ്പെടെയുള്ള ഭൗതിക ഭവനങ്ങളിലൂടെ വശത്താക്കാന്‍ ശ്രമിച്ചെന്നുവരും. 'ഭരണാധികാരികളെ സമീപിക്കുന്ന പണ്ഡിതന്മാര്‍ എത്ര ചീത്ത!' എന്നൊരു പ്രയോഗം തന്നെ അന്നുണ്ടായിരുന്നു. അധികാരികളുടെ സമ്പത്ത് സംശയാസ്പദമായതിനാല്‍ അവരില്‍നിന്ന് പാരിതോഷികങ്ങള്‍ സ്വീകരിക്കരുതെന്ന് പണ്ഡിതന്മാര്‍ക്കിടയില്‍ സംസാരമുണ്ടായിരുന്നു. ഭരണകേന്ദ്രങ്ങളില്‍ സ്ഥാനമാനങ്ങള്‍ വഹിച്ചിരുന്ന പ്രസിദ്ധരായ ഹദീസ് നിവേദകരുടെ ഹദീസുകള്‍ സ്വീകരിക്കുന്നത് നിരാകരിച്ചിരുന്നു. ഉദാഹരണമായി, സുഫ്്യാനുബ്‌നു ഉയൈയ്‌ന (മഹി 198 ക്രി. 814) എന്ന പ്രമുഖ ഹദീസ്, ഫിഖ്ഹ് പണ്ഡിതനെപ്പറ്റി അധികാരികളുമായി ഇടപഴകി കഴിഞ്ഞ ആള്‍' എന്നാണ് ഇമാം ദഹബി രേഖപ്പെടുത്തിയിരിക്കുന്നത്.
പരീക്ഷണങ്ങള്‍, ചെറുത്തുനില്‍പ്പ്
ഹി. മൂന്ന് ക്രി. ഒമ്പത് നൂറ്റാണ്ട് ഹദീസുകളുടെ സമാഹരണത്തിന്റെയും സംശോധനയുടെയും ക്രോഡീകരണത്തിന്റെയും സുവര്‍ണ കാലമായിരുന്നു. ഹദീസിന്റെ ചരിത്രത്തിലെ ശ്രദ്ധേയവും ശാശ്വതവുമായ ചില അധ്യായങ്ങള്‍ അന്ന് തുന്നിച്ചേര്‍ക്കപ്പെടുകയുണ്ടായി. അബ്ബാസി ഖലീഫമാര്‍ മുഅ്തസിലി ചിന്തകള്‍ സ്വീകരിക്കുകയും അത് സ്വീകരിക്കാന്‍ ജനങ്ങളെ നിര്‍ബന്ധിക്കുകയും വിശിഷ്യാ ഖുര്‍ആന്‍ സൃഷ്ടിയാണെന്ന് അവര്‍ വാദിക്കുകയും ചെയ്തപ്പോള്‍. അവര്‍ക്കെതിരെ അഹ്്മദുബ്‌നു ഹമ്പല്‍ മുന്‍നിരയില്‍ നിന്നു.
ഖലീഫ മഅ്മൂനി(മഹി 218 ക്രി. 833)ന്റെ ഭരണകാലത്തിനൊടുവില്‍ ആരംഭിക്കുകയും മുഅ്തസ്വിമി (മഹി 227 ക്രി. 842)ന്റെയും വാസിഖി (മഹി 232, ക്രി 847) ന്റെയും ഭരണകാലത്ത് ശക്തിപ്പെടുകയും മുതവക്കിലി(മഹി 247 ക്രി 861)ന്റെ ഭരണകാലത്തിന്റെ തുടക്കത്തില്‍ അവസാനിക്കുകയും ചെയ്ത ഖുര്‍ആന്‍ സൃഷ്ടി വാദത്തിന്റെ പേരില്‍ ഹദീസ് പണ്ഡിതന്മാരെ പീഡിപ്പിച്ചത് മുഅ്തസിലുകളായിരുന്നു. ഖുര്‍ആനിലും സുന്നത്തിലും കണ്ടെത്താത്ത വിഷയങ്ങളില്‍ സ്വകീയാഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചിരുന്നതിന്റെ പേരില്‍ ചില ഹദീസു പണ്ഡിതരുടെ പിന്തുണയോടെ ഏതാനും ശതകങ്ങള്‍ക്കുമുമ്പ് പീഡനത്തിനു വിധേയരായവരായിരുന്നു മുഅ്തസിലികള്‍ എന്നത് ചിന്തനീയമാണ്.
ഹദീസു പണ്ഡിതന്മാരെ ഇക്കാലത്തെ 'രാഷ്ട്രീയ ഇസ്്ലാമി'ന്റെയും മുഅ്തസിലികളെ 'നാഗരികധാര'യുടെയും വക്താക്കളായി നാം പരിഗണിച്ചാല്‍ ആ താരതമ്യം ഒരേസമയം തിക്തവും സത്യവും തമാശയുമായി അനുഭവപ്പെടും. അധികാരി വര്‍ഗം ഒരു കൂട്ടരെ കൂടെ നിര്‍ത്തി മറ്റൊരു കൂട്ടരെ അറുകൊലചെയ്യുക, പിന്നീടുവരുന്ന അധികാരികള്‍ അഥവാ ആദ്യത്തെ അധികാരികള്‍ തന്നെ ഇന്നലത്തെ പീഡിതരെ കൂടെ നിര്‍ത്തി പ്രതിയോഗികളെ അറുകൊല ചെയ്യുക എന്നിത്യാദി വിരോധാഭാസങ്ങള്‍ വരെ അന്ന് അരങ്ങേറുകയുണ്ടായി.
പീഡിതരായ ഹദീസ് പണ്ഡിതന്മാര്‍ ചങ്ങലകളില്‍ വലിച്ചിഴക്കപ്പെട്ടു. ചിലര്‍ അതേ അവസ്ഥയില്‍ മരണപ്പെട്ടു. ഇമാം അഹ്്മദ് ധീരമായി ഉറച്ചുനിന്നു. ഇമാം ശാഫിഈയുടെ ശിഷ്യനായ ഈജിപ്തുകാരനായ ഇമാം ബുവൈത്വി (മഹി 231 ക്രി. 846) ഈജിപ്തില്‍നിന്നു പിടികൂടപ്പെടുകയും ഇരുമ്പു ചങ്ങലയില്‍ ബന്ധിക്കപ്പെട്ട് ഇറാഖിലേക്ക് കൊണ്ടുവരപ്പെടുകയുമുണ്ടായി. അവിടെ ജയിലില്‍ കഴിയവെ അദ്ദേഹം മരിച്ചു. മരിക്കുന്നതിന് മുമ്പ് അദ്ദേഹം പറഞ്ഞ വാക്കുകള്‍ ഇങ്ങനെ വായിക്കാം: 'അല്ലാഹുവാണ, തീര്‍ച്ചയായും ഞാന്‍ ഈ ഇരുമ്പു ചങ്ങലയണിഞ്ഞ് മരിക്കുക തന്നെ ചെയ്യും. എന്റെ കാലം ശേഷം വരുന്ന ജനങ്ങള്‍ ഈ വിഷയത്തില്‍ ചിലയാളുകള്‍ ചങ്ങലകളില്‍ കഴിയവെ മരിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കുക തന്നെ ചെയ്യും' ഇബ്‌നുല്‍ ജൗസി(മഹി 597 ക്രി. 1202)യുടെ 'മനാഖിബുല്‍ ഇമാം അഹ് മദ്' എന്ന കൃതിയിലേതാണ് ഈ പരാമര്‍ശം.
തുടരുന്ന തലമുറകള്‍
'ഖുര്‍ആന്‍ സൃഷ്ടിവാദം' ഹദീസ് പണ്ഡിതന്മാരെ വല്ലാതെ പരീക്ഷണത്തിനു വിധേയമാക്കി. ഇമാം ദഹബി, മഹാനായ പണ്ഡിതനും രക്തസാക്ഷിയും എന്നു പരിചയപ്പെടുത്തിയ അഹ് മദുബ്‌നു നസ്വ്്ര്‍ അല്‍ ഖുസാഈ (മഹി 231 ക്രി. 850) തന്റെ സഹകാരികളും സഹായികളുമായ ചിലരുടെ സാമ്പത്തിക സഹായത്തോടെ സ്വകാര്യ രാഷ്ട്രീയ പ്രസ്ഥാനം സ്ഥാപിച്ചു. അബ്ബാസി ഖലീഫ വാസിഖിനെതിരില്‍ വിപ്ലവം നടത്തുക എന്നതായിരുന്നു ലക്ഷ്യം. ഇമാം ഖുസാഈ ബന്ദിയാക്കപ്പെടുകയും വാസിഖിന്റെ മുമ്പാകെ വെച്ച് വധിക്കപ്പെടുകയും ചെയ്തു.
ചരിത്രകാരനായ ഖത്വീബുല്‍ ബഗ്ദാദി (മഹി 634 ക്രി. 1071) 'താരീഖു ബഗ്ദാദി'ല്‍ ഇതേപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ നല്‍കുന്നുണ്ട്. അതനുസരിച്ച് ഇമാം ഖുസാഇയെ വാസിഖ് സ്വകരങ്ങളാല്‍ സാമര്‍റാഅ് കൊട്ടാരത്തില്‍ വെച്ച് വധിക്കുകയായിരുന്നുവത്രെ. അറുക്കപ്പെട്ട തല ബഗ്ദാദിലേക്കു കൊണ്ടുപോകാന്‍ ഉത്തരവായി. നഗരത്തിന്റെ കിഴക്ക് പടിഞ്ഞാറും അത് ഏതാനും ദിവസങ്ങളോളം പ്രദര്‍ശിപ്പിക്കപ്പെട്ടു.
ഭരണാധികാരികള്‍ക്കെതിരെ സമഗ്രാര്‍ഥത്തില്‍ വിപ്ലവം എന്ന ആശയം മിക്ക പണ്ഡിതന്മാര്‍ക്കും ഇല്ലായിരുന്നുവെങ്കിലും അവരെല്ലാം ഇമാം ഖുസാഈയുടെ നിലപാടിനെ വിലമതിക്കുകയും അദ്ദേഹത്തിന്റെ ആത്മാര്‍പ്പണത്തെ ബഹുമാനിക്കുകയും ചെയ്തു. ഇമാം അഹ്്മദുബ്‌നു ഹമ്പല്‍ പ്രതികരിച്ചതായി ഖത്വീബ് ബഗ്ദാദി എഴുതുന്നു: 'അല്ലാഹു അദ്ദേഹത്തോട് കരുണ ചെയ്യട്ടെ. അദ്ദേഹം എത്ര ഉദാരമതിയായിരുന്നു. അദ്ദേഹം തന്റെ ശരീരം ബലികൊടുത്തു.' പ്രമുഖ ഹദീസ് നിരൂപണ വിശാരദന്‍ യഹ് യബ്‌നു മഈന്‍ (മഹി 233 ക്രി. 847) പറഞ്ഞത്, 'അല്ലാഹു അദ്ദേഹത്തിന് രക്തസാക്ഷ്യത്തിന് അവസരമേകി' എന്നായിരുന്നു.
ഈ വിഷയകമായ മൊത്തം ചരിത്രം പരിശോധിക്കുമ്പോള്‍ നമുക്ക് മനസ്സിലാവുന്നത്, ഹി. ഒന്നാം ശതകത്തില്‍ ഹദീസ് പണ്ഡിതന്മാര്‍ സായുധ വിപ്ലവകാരികളായിരുന്നു. രണ്ടാം ശതകത്തില്‍ സായുധ വിപ്ലവമോ സമാധാനപൂര്‍ണമായ എതിര്‍പ്പോ സ്വീകരിക്കേണ്ടതെന്ന ശങ്ക നിലനിന്നു. മൂന്നാം നൂറ്റാണ്ടിലും ഇതേനില തുടര്‍ന്നുവെങ്കിലും സായുധ ഇടപെടലിനു പകരം സമാധാനപരമായ പ്രതിഷേധങ്ങള്‍ തുടര്‍ന്നാല്‍ മതി എന്ന നിലപാടിനു മുന്‍തൂക്കം ലഭിച്ചു.
വിപ്ലവങ്ങളുടെ കൈപ്പുറ്റ അനുഭവങ്ങളെ തുടര്‍ന്നാണ് സായുധ വിപ്ലവങ്ങള്‍ ഉപേക്ഷിക്കാന്‍ പണ്ഡിതന്മാര്‍ തീരുമാനിച്ചതെന്നാണ് മനസ്സിലാവുന്നത്. ഇത് വസ്തുനിഷ്ഠ നിലപാടായിക്കാണാം. അതേസമയം ഹദീസ് പണ്ഡിതന്മാര്‍ അധികാരികളെ ശക്തികളെ പിന്തുണക്കുന്ന നിലപാടിലേക്ക് പില്‍ക്കാലത്ത് മാറി എന്ന് അതിനെ തെറ്റായി വ്യാഖ്യാനിക്കുന്നത് ശരിയല്ല..
(ഫലസ്ത്വീനീ ഗവേഷകനും എഴുത്തുകാരനുമാണ് ലേഖകൻ)