മുസ്‌ലിം പണ്ഡിതന്മാര്‍ സ്വത്വവും സ്വാതന്ത്ര്യവും സംരക്ഷിച്ചതെങ്ങനെ?
മുഹമ്മദുസ്സ്വയ്യാദ്
ഹദീസ് പണ്ഡിതനായ യസീദുബ്‌നു സുറൈഇന്റെ പിതാവ് ഇറാഖിലെ ഉബുല്ലയിലെ ഗവര്‍ണറായിരുന്നു. ക്രി. 809/ഹി. 183-ല്‍ നിര്യാതനായ പിതാവ് വലിയൊരു സമ്പാദ്യം തന്നെ മകന് വിട്ടേച്ചിരുന്നു. മകന്‍ യസീദ് അവ സ്വീകരിച്ചില്ല. കാരണം പിതാവ് ഭരണകൂടത്തിന്റെ പ്രധാന ഉദ്യോഗം വഹിച്ചിരുന്ന ആളായിരുന്നു. അബുല്‍ ഖാസിം അല്‍ ബാജീ അല്‍ അന്ദലുസിയും ഇതേ നിലപാടാണ് സ്വീകരിച്ചത്. സുല്‍ത്വാനില്‍നിന്ന് പിതാവ് ധാരാളം പാരിതോഷികങ്ങള്‍ സ്വീകരിച്ചിരുന്നതിനാല്‍ ക്രി. 1100/ഹി. 493-ല്‍ മരിച്ച പിതാവിന്റെ സ്വത്ത് അബുല്‍ ഖാസിം വേണ്ടെന്നു വെച്ചു. ഇമാം ദഹബി (ക്രി. 1347 ഹി. 748) പങ്കുവെച്ചതാണ് മേല്‍ വസ്തുതകള്‍.
ഇസ്‌ലാമിക ശരീഅത്ത്, ഫത് വ, വിധിന്യായം, വിദ്യാഭ്യാസം മുതലായ മേഖലകളില്‍ പണ്ഡിതന്മാര്‍ സ്വതന്ത്രമായ വ്യക്തിത്വം നിലനിര്‍ത്തണമെന്ന് പഴയകാലത്തെ വലിയൊരു വിഭാഗം പണ്ഡിതന്മാര്‍ ദൃഢപ്രതിജ്ഞയെടുത്തിരുന്നു. ഒരേസമയം സമുദായത്തെ മഹത്വവല്‍ക്കരിക്കാനും രാഷ്ട്രത്തെ ശാക്തീകരിക്കാനും അവരുടെ നിലപാടുകള്‍ക്ക് കഴിഞ്ഞിരുന്നു.
തങ്ങളും അധികാരികളും തമ്മില്‍ എവ്വിധം, എത്രയകലം പാലിച്ചിരിക്കണമെന്ന് പണ്ഡിതന്മാര്‍ നിലപാടുകള്‍ സ്വീകരിച്ചിരുന്നു എന്നതു സംബന്ധിച്ച അന്വേഷണമാണ് മുഖ്യമെങ്കിലും പണ്ഡിതന്മാര്‍ ഈ വിഷയകമായി സ്വന്തം നിലയില്‍ എത്രമാത്രം ജാഗരൂകരായിരുന്നു എന്നതാണ് ഈ പഠനത്തിന്റെ മര്‍മം. പണ്ഡിതന്മാരുടെ, വ്യക്തിത്വമുള്ള മേല്‍നിലപാടിന് സമുദായ മനഃസാക്ഷിയില്‍ വലിയ സ്ഥാനം ലഭിക്കുകയുണ്ടായി. വൈജ്ഞാനിക മേഖല താല്‍പര്യങ്ങള്‍ക്കതീതമായി പ്രതിഷ്ഠിക്കാന്‍ അവര്‍ക്കു കഴിഞ്ഞു. അതേസമയം ചില പണ്ഡിതന്മാര്‍ ഭരണാധികാരികളുടെ അകത്തളങ്ങളില്‍ തമ്പടിച്ചിരുന്നു എന്നത് മറക്കുന്നില്ല.
അകല പാലനം
വൈജ്ഞാനിക സംഘങ്ങള്‍ അധികാരസ്ഥാപനങ്ങളുമായി രണ്ടുതലത്തില്‍ അകലം കാത്തു സൂക്ഷിച്ചിരുന്നു. ഒന്ന്, ആഭ്യന്തര തലത്തില്‍ പണ്ഡിതന്മാര്‍ തമ്മില്‍. രണ്ട്: ബാഹ്യ തലത്തില്‍. പണ്ഡിതന്മാരും സാധാരണ ജനങ്ങളും തമ്മില്‍ ഇത് അധികാരികളുമായി അകലം പാലിക്കാന്‍ സാധാരണക്കാര്‍ക്ക് പ്രചോദനമായി.
വൈജ്ഞാനിക രംഗത്തുള്ളവര്‍ ഭരണാധികാരികളും അമീറുമാരുമായും ഇടപഴകുന്നതും അവരുടെ ശമ്പളമോ പാരിതോഷികങ്ങളോ പറ്റുന്നതും ഗൗരവതരമായി കണ്ടു. ഇമാം സുഫ് യാനുസ്സൗരി സുല്‍ത്താന്മാര്‍ വീതിച്ചു നല്‍കിയിരുന്ന യുദ്ധമുതലുകൾ സ്വീകരിക്കാന്‍ കൂട്ടാക്കാതിരുന്നതിന്റെ ന്യായമായി പറയുന്നു:
أعلم انه لي حلال ولكن اكره ان يقع لهم في قلبي مودّة
'അത് എനിക്ക് ഹലാലാണെന്ന് എനിക്കറിയാം. പക്ഷെ അതുവഴി എന്റെ ഹൃദയത്തില്‍ അവരോട് സ്‌നേഹമുണ്ടാകുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നില്ല.'
യസീദുബ്‌നു സുറൈഅ്
ഹദീസ് പണ്ഡിതനായ യസീദുബ്‌നു സുറൈഇന്റെ പിതാവ് ഇറാഖിലെ അബുല്ലയില്‍ ഗവര്‍ണറായിരിക്കെ മരിക്കുമ്പോള്‍ അഞ്ചുലക്ഷം നാണയം കൈവശമുണ്ടായിരുന്നുവെങ്കില്‍ മകന്‍ യസീദ് അവയില്‍ ഒന്നുപോലും സ്വീകരിച്ചില്ല. മാലികീ പണ്ഡിതനായ അബുല്‍ ഖാസിം അല്‍ ബാജിയും തന്റെ പിതാവിന്റെ സ്വത്ത് സ്വീകരിക്കാന്‍ കൂട്ടാക്കിയില്ല.
ഹി. 5-ാം നൂറ്റാണ്ടോടെ പണ്ഡിതന്മാര്‍ ഭരണാധികാരികളെ ആശ്രയിക്കാന്‍ തുടങ്ങി. തങ്ങളെ സേവിക്കുന്നവരെ പാരിതോഷികങ്ങള്‍ നല്‍കി പ്രീണിപ്പിക്കാന്‍ ഭരണാധികാരികള്‍ താല്‍പര്യമെടുത്തു.
ഇമാം ഗസ്സാലി
ഇതേക്കുറിച്ച് ഇമാം ഗസ്സാലി (മ.ഹി 505): ഒന്നാമതായി, ഭരണാധികാരികളോട് സമ്പത്ത് ചോദിച്ച് സ്വീകരിച്ചുകൊണ്ട് പണ്ഡിതന്‍ സ്വന്തത്തെ നിന്ദിക്കണം, രണ്ടാമതായി, ഇടക്കിടെ അവരെ ചെന്നു കാണണം, മൂന്നാമതായി-സ്തുതി പാടണം, നാലാമതായി, സഹായം തേടുമ്പോള്‍ ആവശ്യമായ ഒത്താശകള്‍ ചെയ്യണം, അഞ്ചാമതായി, അവരുടെ സദസ്സുകളില്‍ ആളുകളെ സംഘടിപ്പിച്ചു നല്‍കണം, ആറാമതായി, ശത്രുക്കള്‍ക്കെതിരെ സഹായിക്കണം, ഏഴാമതായി, അക്രമങ്ങളും തെറ്റുകളും മറച്ചുവെക്കണം. ഇതൊന്നും ചെയ്തില്ലെങ്കില്‍ ഒരു ദിര്‍ഹമിന്റെയും ആനുകൂല്യം ലഭിക്കില്ല. ഉദാഹരണമായി, ഇമാം ശാഫിഈയെ പോലുള്ള മഹാനാണെങ്കിലും. ആയതിനാല്‍ ഇക്കാലത്ത് മേല്‍ ആശയങ്ങള്‍ ഉള്ളതിനാല്‍ ഹലാലായതുപോലും സ്വീകരിക്കുന്നത് അനുവദനീയമല്ല. പിന്നെ എങ്ങനെയാണ് നിഷിദ്ധവും നിഷിദ്ധമെന്നു സംശയിക്കപ്പെടുന്നതും ഭുജിക്കുക. ഭരണാധികാരികളുടെ സമ്പത്തുക്കള്‍ നേടാന്‍ ശ്രമിക്കുകയും അതോടൊപ്പം തങ്ങളെ സ്വഹാബികളോടും താബിഈങ്ങളോടും സാദൃശ്യപ്പെടുത്തുകയും ചെയ്യുന്നവര്‍ മലക്കുകളെ ഇരുമ്പു പണിക്കാരോട് താരതമ്യപ്പെടുത്തുകയാണ് ചെയ്യുന്നത്'
ശന്തറീനീ അന്ദലൂസി
ഇസ്്ലാമിക ലോകത്തിന്റെ പടിഞ്ഞാറുദേശത്ത് പ്രമുഖ പണ്ഡിതന്‍ ശന്‍തറീനീ അന്ദലുസി (മ.ഹി 542) തന്റെ 'അദ്ദഖീറത്തു ഫീ മഹാസിനി അഹ് ലില്‍ ജസീറ' എന്ന കൃതിയില്‍, വളരെമോശമായ രീതിയില്‍ നികുതികള്‍ ചുമത്തുകയും ചുങ്കം ഏര്‍പ്പെടുത്തുകയും ചെയ്ത ഭരണാധികാരികളില്‍നിന്ന് ആനുകൂല്യങ്ങള്‍ പറ്റുന്നതിനെ ഭത്സിക്കുകയുണ്ടായി. ഏറ്റവും നല്ല പുണ്യവാനായി മനസ്സിലാകപ്പെടുന്നവര്‍പോലും ഭരണാധികാരികളെ സമീപിക്കാന്‍ തന്റെ അവസരം കാത്തുനില്‍ക്കുകയാണ് എന്ന കാര്യം എനിക്ക് മനസ്സിലായി. അല്ലാഹു അവരെ നമ്മുടെ സംഘത്തില്‍ പെടുത്താതിരിക്കട്ടെ!
അബൂശുജാഅ് അദ്ദൈലമി
ഹദീസ് പണ്ഡിതനായ അബൂശുജാഅ് അദ്ദൈലമി (മ.ഹി 509) പറയുന്നു: 'ചീത്ത പണ്ഡിതന്മാര്‍ എന്നതിന്റെ വിവക്ഷ തങ്ങളുടെ താല്‍പര്യങ്ങള്‍ക്കുവേണ്ടി തങ്ങളുടെ വിജ്ഞാനത്തെ ഭരണാധികാരികള്‍ക്കുവേണ്ടി വില്‍ക്കുന്നവരാണ്. അല്ലാഹു അവരുടെ കച്ചവടത്തെ ലാഭകരമാക്കാതിരിക്കട്ടെ!'
ഇമാം സമഖ്ശരി
ഇമാം സമഖ്ശരി (മ.ഹി 539) തന്റെ 'മഖാമാത്തി'ല്‍ എഴുതുന്നു: 'ദുഷിച്ച പണ്ഡിതന്മാര്‍ക്കെന്തുപറ്റി? ഇസ് ലാമിക ശരീഅത്തിലെ ഖണ്ഡിതമായ കാര്യങ്ങളെല്ലാം അവര്‍ രേഖപ്പെടുത്തി ക്രോഡീകരിച്ചു. എന്നിട്ടവര്‍ അവയെ മോശം ഭരണാധികാരികള്‍ക്കുവേണ്ടി ലഘൂകരിച്ചുകൊടുത്തു.
ഇമാം ഖറാഫി
അധികാര സ്ഥാപനങ്ങളുടെ മാനദണ്ഡമനുസരിച്ച് ഫത് വകള്‍ നല്‍കുന്നതിനെ ഇമാം ഖറാഫി (മ.ക്രി 1385/ഹി. ഹി. 684) 'അല്‍ ഇഹ്കാം ഫീ തംയീസില്‍ ഫതാവാ അനില്‍ അഹ്കാം' എന്ന കൃതിയില്‍ കഠിനമായ ഭാഷയില്‍ വിമര്‍ശിക്കുകയുണ്ടായി. 'ഒരുവിഷയത്തില്‍ കടുത്തതും ലളിതവുമായ രണ്ടു വീക്ഷണങ്ങളുണ്ടെങ്കില്‍ സാധാരണ ജനങ്ങള്‍ക്ക് കടുത്ത വിധിയും, ഭരണാധികാരികള്‍ക്ക് ലളിതവിധിയും നല്‍കുന്നത് അധര്‍മമാണ്. ദീനിനെ വഞ്ചിക്കലാണ്, മുസ്്ലിംകളെ കളിപ്പിക്കലാണ്, മനസ്സില്‍ അല്ലാഹുവെക്കുറിച്ച ഭയമില്ലായ്മയാണ്'
മേല്‍വാചകത്തിലൂടെ, ഇമാം ഖറാഫി പണ്ഡിതന്മാരുടെ മനഃസാക്ഷിയെയും ഭയത്തെയുമാണ് ഉണര്‍ത്തുന്നത്. പണ്ഡിതന്മാര്‍ വിജ്ഞാനത്തെ മനഃസാക്ഷിയില്‍നിന്നും മതത്തില്‍നിന്നും മാറ്റിനിര്‍ത്താന്‍ പാടില്ലാത്തവരാണ്. ദൈവഭയമില്ലാത്ത വിജ്ഞാനം പണ്ഡിതന്മാരെ അവരുടെ താവളത്തില്‍നിന്ന് പുറത്തുകടത്തും. വിജ്ഞാനത്തിന്റെ തട്ടിനേക്കാള്‍ ദേഹേഛയുടെ തട്ടിന് മുന്‍തൂക്കം നല്‍കും. അതോടെ ജനങ്ങള്‍ പണ്ഡിതന്മാരെ പുഛിക്കുന്ന ദുരവസ്ഥയുണ്ടാവും. സമൂഹത്തില്‍ അവരുടെ സ്ഥാനവും സ്വാധീനവും നഷ്ടമാവും.
താജുദ്ദീന്‍ സുബുകി
താജുദ്ദീന്‍ സുബുകി (ക്രി. 1369/ഹി. 771) 'ത്വബഖാത്തുശ്ശാഫിഇയ്യ'യില്‍, ഭരണാധികാരികള്‍ ദുഷിക്കാനുള്ള കാരണം പണ്ഡിതന്മാരാണെന്ന് കുറ്റപ്പെടുത്തുന്നുണ്ട്. 'ഭരണാധികാരികളെ ദുഷിപ്പിക്കുന്നത് മോശം പണ്ഡിതന്മാരാണ്. പണ്ഡിതന്മാരില്‍ നല്ലവരും മോശക്കാരുമുണ്ട്. നല്ല പണ്ഡിതന്മാര്‍ മിക്കവാറും രാജാക്കന്മാരുടെ കവാടങ്ങളിലേക്ക് കൂടെക്കൂടെ പോവുകയില്ല. മോശം പണ്ഡിതന്മാര്‍ തങ്ങളെ ഭരണാധികാരികളുടെ മുമ്പിലേക്ക് എറിഞ്ഞുകൊടുക്കും. പിന്നെ അവരുടെ ഇഛകള്‍ക്കനുസരിച്ച് ചരിക്കാനെ അവര്‍ക്കു കഴിയുകയുള്ളൂ. വലിയ കാര്യങ്ങളെ അവര്‍ നിസ്സാരമായി അവതരിപ്പിക്കും. അത്തരക്കാര്‍ ആയിരം പിശാചുക്കളെക്കാള്‍ ചീത്തയാണ്. നല്ല പണ്ഡിതന്മാരാകട്ടെ, ആയിരം ആബിദുകളേക്കാള്‍ വിശിഷ്ടരുമാണ്.'
തഖിയുദ്ദീന്‍ ഹിസ്വ്‌നി
ശാഫിഈ പണ്ഡിതനായ തഖിയുദ്ദീന്‍ ഹിസ്വ്‌നി (മ.ക്രി. 1426/ഹി. 829) 'കിഫായത്തുല്‍ അഖ്്യാര്‍ ഫീ ഹല്ലിഗായത്തില്‍ ഇഖ്തിസ്വാര്‍' എന്ന കൃതിയില്‍ എഴുതുന്നു: 'മുസ്്ലിംകളിലെ ഏറ്റവും വലിയ തെമ്മാടികള്‍ ദുഷ്ടപണ്ഡിതന്മാരും സ്വൂഫീ ഫഖീറുകളുമാണ്. ഭരണാധികാരികള്‍ മദ്യപിക്കുന്നതും തെറ്റുകള്‍ ചെയ്യുന്നതും രക്തം ചിന്തുന്നതും, ഖുര്‍ആനിലേക്ക് ക്ഷണിക്കുന്നവരെ അടിച്ചമര്‍ത്തുന്നതും അറിഞ്ഞുകൊണ്ടുതന്നെ പണ്ഡിതന്മാര്‍ ഭരണാധികാരികളെ പിന്തുണക്കുന്നു. ഇത്തരം അധമന്മാരായ പണ്ഡിതന്മാരുടെയും സ്വൂഫീ ഫഖീറുമാരുടെയും പ്രവര്‍ത്തനങ്ങളില്‍ നിങ്ങള്‍ വഞ്ചിതരാവരുത്.
പണ്ഡിതന്മാര്‍ കരുതലില്ലാതെ ഭരണാധികാരികളുമായി നടത്തുന്ന ഇടപഴക്കത്തെ സാധാരണക്കാര്‍ നിയമാനുസൃതമായി മനസ്സിലാക്കരുതെന്ന് ഇമാം ഹിസ്വ്‌നി താക്കീതു നല്‍കുന്നുണ്ട്.
പാവങ്ങളെ സഹായിക്കാനെന്ന പേരില്‍ അവര്‍ സല്‍ക്കര്‍മങ്ങള്‍ ചെയ്‌തെന്നുവരും. യഥാര്‍ഥത്തില്‍ അത് നിഷിദ്ധഭോജനമാണ്. അതുപയോഗിച്ച് അവര്‍ കുറച്ച് ഭക്ഷണമുണ്ടാക്കി ദാനം ചെയ്‌തെന്നുവരും. അതോടെ അതിന്റെ ദുഷിപ്പ് ദരിദ്രരിലേക്ക് പകരും. അതിലൂടെ ഹറാമുകള്‍ അനുഭവിക്കാനുള്ള പരിശീലനമാണ് ഉദ്ദേശിക്കപ്പെടുന്നതെന്ന് വിവരമില്ലാത്ത ജനങ്ങളാകട്ടെ, മനസ്സിലാക്കുന്നുമില്ല'. അക്രമികളായ ഭരണാധികാരികള്‍ നടത്തുന്ന സദ്യകളില്‍ പണ്ഡിതന്മാര്‍ പങ്കെടുക്കരുതെന്നും അത് ജനങ്ങളെ തരം താഴ്ത്താനും തങ്ങളുടെ ദൂതന്മാരാക്കാനും കൈക്കൂലി ഇടപാടുകാരാക്കാനുമുള്ള ശ്രമമാണെന്നും തിരിച്ചറിയണമെന്ന് അദ്ദേഹം മുന്നറിയിപ്പു നല്‍കുന്നുണ്ട്.
സ്ഥാനസംരക്ഷണം
അധര്‍മികളായ പണ്ഡിതന്മാരില്‍നിന്ന് അറിവുനേടുന്ന വിഷയത്തില്‍ നിദാന ശാസ്ത്രപണ്ഡിതന്മാര്‍ വ്യത്യസ്ത അഭിപ്രായക്കാരാണ്. മുഫ്തിമാര്‍ ദൈവാനുസരണത്തില്‍ സൂക്ഷ്മതയും നിഷ്ഠയുമുള്ളവരാകണമെന്ന മിക്ക നിദാനശാസ്ത്രകാരന്മാരും നിബന്ധന വെച്ചിരിക്കുന്നു. അധികാര സ്ഥാപനങ്ങളുമായുള്ള പണ്ഡിതന്മാരുടെ ബന്ധം ഈ ഗണത്തില്‍വരുന്നതാണ്. ഇത്തരം പണ്ഡിതന്മാരെയും മുഫ്തിമാരെയും സുബുകിയും ഖറാഫിയും 'ഫുസൂഖ്' (അധര്‍മം) എന്ന സാങ്കേതിക പദം ഉപയോഗിച്ചാണ് പരാമര്‍ശിച്ചിരിക്കുന്നത്. വന്‍പാപങ്ങള്‍ ചെയ്യുന്നവരെ മാത്രമെ 'ഫാസിഖ്' എന്നു സാധാരണഗതിയില്‍ വിശേഷിപ്പിക്കുകയുള്ളൂ.
പണ്ഡിതന്മാര്‍ സമൂഹത്തെ സ്വാധീനിക്കുന്നത് ഭക്തിസമന്വിതമായ വൈജ്ഞാനിക പ്രഭാവത്താലും സാധാരണക്കാര്‍ വെച്ചു പുലര്‍ത്തുന്ന അനുകരണ ഭാവത്താലുമാണ്. ആ പ്രഭാവം ഇല്ലാതെ പോയാല്‍ അഥവാ അതിന് വല്ലതും ദോഷകരമായി ബാധിച്ചാല്‍ അത് ഇസ് ലാമിക വൈജ്ഞാനിക മേഖലയെ തന്നെ തകര്‍ത്തുകളയും. മതപണ്ഡിതന്മാരുടെ തെറ്റായ നിലപാടുകള്‍ നിരീശ്വര നിര്‍മത ചിന്തകള്‍ക്ക് ഹേതുവാകുന്നത് നാം കാണുന്നുണ്ടല്ലോ.
സാധാരണ ജനങ്ങള്‍ പണ്ഡിതന്മാരെ മതത്തിന്റെ ശരീരാവതാരങ്ങളായാണ് മനസ്സിലാക്കുന്നത്. വഹിക്കുന്നവനെയും വഹിക്കപ്പെടുന്നതിനെയും വേര്‍തിരിച്ചു മനസ്സിലാക്കാന്‍ അവര്‍ക്കു കഴിയില്ല. വൈജ്ഞാനിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശനങ്ങളുണ്ടാകുന്നത് ഈ പശ്ചാത്തലത്തിലാണ്. ചില പണ്ഡിതന്മാര്‍ മറ്റു ചില പണ്ഡിതന്മാരെ ഇഷ്ടപ്പെടാത്തതിനു കാരണം ഈ വിമര്‍ശനബുദ്ധിയാണെന്ന് ഇബ്‌നു ഹജറില്‍ ഹൈതമി (മ.ഹി 973) 'അല്‍ഫതാവാ അല്‍ ഫിഖ്ഹിയ്യ അല്‍ കുബ്‌റാ' എന്ന കൃതിയില്‍ എഴുതിയിട്ടുണ്ട്.
പ്രമുഖ പണ്ഡിതനായ അലിയ്യുബ്‌നുല്‍ മദീനി (മ.ഹി 234) ഖുര്‍ആന്‍ സൃഷ്ടി വാദത്തില്‍ വിധിപറഞ്ഞ മുഅ്തസിലി ന്യായാധിപനായ അഹ് മദ്ബ്‌നു അബീ ദുആദി (മ.ഹി 240) ന്റെ സേവനത്തില്‍ പ്രവേശിച്ചപ്പോള്‍ അഹ്്മദുബ്‌നു ഹന്‍ബല്‍ അദ്ദേഹവുമായി അകലം പാലിച്ചു. രണ്ടുപേരും തമ്മില്‍ വൈജ്ഞാനിക മേഖലയില്‍ ദീര്‍ഘകാലം ഗാഢ ബന്ധമുണ്ടായിരുന്നു. ഇമാം ദഹബി പറയുന്നു: 'ഇബ്‌നു അബീദുആദ്, അലിയ്യുബ്‌നു മദീനിയെ നാട്ടുകാരന്‍ എന്ന നിലയിലും മറ്റു നിലയിലും സാമ്പത്തികമായി സഹായിച്ചിരുന്നു. 'മറ്റു നിലയില്‍' എന്നത് എന്ത് ഉദ്ദേശിച്ചാണെന്ന് ദഹബി വിശദീകരിച്ചിട്ടില്ല. പണ്ഡിതന്മാര്‍ക്ക് ചേരാത്ത എന്തെങ്കിലുമായിരിക്കും എന്നു മനസ്സിലാക്കാം.
ഇബ്‌നു റജബില്‍ ഹമ്പലി
തന്റെ കാലത്തെ പണ്ഡിതന്മാര്‍ ഈ നിലപാടിനെ എത്രമാത്രം മോശമായാണ് കണ്ടിരുന്നതെന്ന് ഇബ്‌നുറജബില്‍ ഹമ്പലി(മ.ഹി 795) രേഖപ്പെടുത്തിയിട്ടുണ്ട്. 'ഇബ്‌നുല്‍ മദീനിയെ മുര്‍തദ്ദായി പോലും ചിലര്‍ കണ്ടു. അഹ്്മദ് അദ്ദേഹത്തിന്റെ ഹദീസുകള്‍ ഉദ്ധരിക്കുന്നത് ഉപേക്ഷിച്ചു. ഇബ്‌റാഹീമുല്‍ ഹര്‍ബി (മ.ഹി 285) യെ പോലെ വേറെ ചിലരും ഇതേ നിലപാട് സ്വീകരിച്ചു.' പണ്ഡിതന്മാര്‍ ശരീഅത്തിനെയും ഫിഖ്ഹിനെയും എത്രമാത്രം കരുതലോടെയാണ് നോക്കിക്കണ്ടിരുന്നതെന്ന് ഇതില്‍നിന്നു മനസ്സിലാക്കാം.
പണ്ഡിതന്മാര്‍ ഭരണാധികാരികളുമായി ഏതുതരം ബന്ധമായിരിക്കണം സ്ഥാപിക്കേണ്ടത് എന്നതു സംബന്ധിച്ച് ധാരാളം രചനകള്‍ ഉണ്ടായിട്ടുണ്ട്. മുഹ്്മൂദ്ബ്‌നു ഇസ്മാഈല്‍ അല്‍ ഖൈറബൈത്തീ (മ.ഹി. 843) യുടെ 'അദ്ദുര്‍റത്തുല്‍ ഗറാഅ് ഫീ നസ്വീഹത്തിസ്സലാത്വീന്‍ വല്‍ ഖുദാത്ത് വല്‍ ഉമറാഅ്' ജലാലുദ്ദീന്‍ സുയൂത്വി (മ.ഹി 911) യുടെ 'മാറവാഹുല്‍ അസാത്വീന്‍ ഫീ അദ്മില്‍ മജിഇ ഇലസ്സലാത്വീന്‍' മുതലായ കൃതികള്‍ ഈയിനത്തില്‍ ശ്രദ്ധേയങ്ങളാണ്.
പൊതുജനജിഹ്വ
ഭരണാധികാര വിഭാഗങ്ങളുമായി പണ്ഡിതന്മാര്‍ അകലം പാലിച്ചു എന്നതിനര്‍ഥം പൊതുജനങ്ങളുടെ ജീവിതപ്രശ്‌നങ്ങളില്‍നിന്ന് അവര്‍ അകന്നു കഴിഞ്ഞു എന്നല്ല. ഇസ്്ലാമിക ചരിത്രത്തില്‍ പണ്ഡിതന്മാര്‍ എക്കാലത്തും പാവങ്ങളുടെയും മര്‍ദിതരുടെയും ജിഹ്വകളായിരുന്നു.
ഏതു പ്രതിസന്ധി ഘട്ടത്തിലും സാധാരണ ജനങ്ങള്‍ പണ്ഡിതന്മാരെയാണ് ആശ്രയിച്ചിരുന്നത്. സമൂഹത്തിന്റെ അവസ്ഥകള്‍ പഠിക്കുന്ന വൈജ്ഞാനിക-സാമൂഹിക സ്ഥാപനം എന്ന നിലയില്‍ പണ്ഡിതന്മാര്‍ക്ക് സ്ഥാനം കല്‍പിക്കപ്പെട്ടിരുന്നു. നിളാമുദ്ദീന്‍ അല്‍ഖുമ്മീ അന്നൈസാബൂരി (മ.ഹി 850നു ശേഷം) തന്റെ ഖുര്‍ആന്‍ വ്യാഖ്യാനത്തില്‍, സാധാരണക്കാര്‍ക്ക് പ്രതീക്ഷകളും വ്യാമോഹങ്ങളും നല്‍കി വഞ്ചിക്കുകയും, അവര്‍ക്കു മുമ്പാകെ അന്വേഷണത്തിന്റെയും അധ്വാനത്തിന്റെയും വഴികള്‍ അടക്കുകയും ചെയ്യുന്ന ദുഷ്ടപണ്ഡിതന്മാരെക്കുറിച്ച് ശക്തമായി താക്കീതു നല്‍കുന്നുണ്ട്.
അബൂഅബ്ദില്ല ബ്‌നുല്‍ ഫര്‍റാഅ് അന്ദലുസി
പണ്ഡിതന്മാര്‍ സ്വതന്ത്രാഭിപ്രായം പ്രകടിപ്പിച്ചിരുന്നു എന്നതിന്റെ ഏറ്റവും പ്രകടമായ തെളിവാണ്, ഖാദീശഹീദ് അബൂഅബ്ദില്ല ബ്‌നുല്‍ ഫര്‍റാഅ് അല്‍ അന്ദലുസി (മ.ഹി 514), അന്ദലുസിലെയും മഗ് രിബിലെയും മുറാബിത്വി സുല്‍ത്വാനായ അലിബ്‌നു യൂസുഫ് ബ്‌നു താശഫീന്‍ അല്ലംതൂനീ (മ.ഹി 537)ക്ക് എഴുതിയ കത്ത്. സൈനികാവശ്യങ്ങള്‍ക്ക് കൂടുതല്‍ നികുതി ഏര്‍പ്പെടുത്തിയ സാഹചര്യത്തിലായിരുന്നു കത്ത്. അതിലെ വാചകം ഇങ്ങനെ: 'അല്‍മഊന' (സഹായം) എന്ന് വിളിക്കപ്പെടുന്ന ഈ ധനം യതീമുകളുടെയും പാവങ്ങളുടെയും പണം ബലാല്‍ക്കാരം ശേഖരിച്ചുണ്ടാക്കുന്നതാണ്. നിങ്ങളാണ് അതിന്റെ ഉത്തരവാദി. ഏതോ പണ്ഡിത ദുഷ്ടന്മാര്‍ നിര്‍ദേശിച്ചതായിരിക്കും ഇത്.' കത്ത് വായിച്ച സുല്‍ത്വാന്‍ ഈടാക്കിയ പണത്തിന്റെ മൂന്നിലൊന്ന് ഉടമകള്‍ക്ക് തിരിച്ചുകൊടുത്തു. ദഹബിയുടെ 'താരീഖുന്‍ ഇസ്്ലാമി'ല്‍ നിന്നാണ് ഈ വിവരം.
അല്‍ ഇസ്സുബ്‌നു അബ്ദിസ്സലാം
സമുദായത്തിന്റെ താല്‍പര്യങ്ങള്‍ക്കൊപ്പം നില്‍ക്കുകയും, അധികാര ശക്തികളുടെ കടന്നുകയറ്റത്തെ ചെറുത്ത പ്രമുഖനായിരുന്നു അല്‍ ഇസ്സുബ്‌നു അബ്ദിസ്സലാം അസ്സുലമി (മ.ഹി 660) ഇതിന്റെ പേരില്‍ അദ്ദേഹം 'സുല്‍ത്വാനുല്‍ ഉലമാ ബാഇഉല്‍ ഉമറാഅ്' (ഉലമാക്കളുടെ രാജാവ്, ഭരണാധികാരികളെ വിറ്റവന്‍) എന്നീ അപരാഭിധാനങ്ങളാല്‍ വിശ്രുതനായി.
ഇമാം നവവി
അടിമവംശ രാജാവായിരുന്ന ളാഹിര്‍ ബൈബറസ് (മ.ഹി 676) താര്‍ത്താരികളെ നേരിടാന്‍ തുക കണ്ടെത്താനായി ഹി. 666-ല്‍ പണ്ഡിതന്മാരുടെ പിന്തുണയോടെ ശാമുകാര്‍ക്ക് നികുതികള്‍ ചുമത്തി. ഇമാം നവവി അതിനെ ചോദ്യം ചെയ്തു. സുല്‍ത്വാന്‍ കാരണം അന്വേഷിച്ചു. ഇമാം നവവിയുടെ വിശദീകരണം ഇങ്ങനെയായിരുന്നു: 'നിങ്ങള്‍ അമീര്‍ അലാഉദ്ദീന്‍ ബന്ദ് ഖദാറിന്റെ അടിമയായിരുന്നു. നിങ്ങളുടെ വശം പണമുണ്ടായിരുന്നില്ല. പിന്നീട് അല്ലാഹു നിങ്ങള്‍ക്ക് സൗകര്യങ്ങള്‍ തന്നു. നിങ്ങള്‍ അധികാരമേറ്റു. നിങ്ങള്‍ക്ക് ആയിരം അടിമകള്‍ ഉണ്ടെന്നാണ് എന്റെ അറിവ്. അവരില്‍ ഓരോരുത്തര്‍ക്കും ആയിരം ദീനാര്‍ വിലയുള്ള കുതിര ജീനിയുണ്ട്.
നിങ്ങള്‍ക്ക് ഇരുനൂറ് അടിമപ്പെണ്‍കുട്ടികളുണ്ട്. ഓരോ അടിമപ്പെണ്‍കുട്ടിക്കും പതിനായിരം ദീനാറിന്റെ ആഭരണം സൂക്ഷിക്കാനുള്ള പെട്ടിയുണ്ട്. ഇവയെല്ലാം സൈനികാവശ്യത്തിനുവേണ്ടി വിനിയോഗിച്ചാല്‍ ജനങ്ങളില്‍നിന്ന് കാശുപിരിക്കാന്‍ ഞാന്‍ നിങ്ങള്‍ക്ക് ഫത് വ തരുന്നതായിരിക്കും.''
നിശിത നിലപാടുകള്‍
നീതിനിഷ്ഠരല്ലാത്ത ഭരണാധികാരികളോടു മാത്രമല്ല നീതിമാന്മാരെന്നു പേരുകേട്ട ഭരണാധികാരികളോടും പണ്ഡിതന്മാര്‍ കര്‍ശന നിലപാട് സ്വീകരിച്ചിരുന്നു. പണ്ഡിതന്മാരുടെ ഇത്തരം നിലപാടുകള്‍ അവരുടെ ജീവചരിത്ര കൃതികളില്‍ ഒതുങ്ങുന്നതിനു പകരം വരും തലമുറകളുടെ വിദ്യാഭ്യാസത്തിന്റെ ഭാഗമായി ഫിഖ്ഹീ, ഉസ്വൂലീ (നിദാനശാസ്ത്രം) ഗ്രന്ഥങ്ങളില്‍ പാഠഭാഗങ്ങളായി ഉൾപ്പെടുത്തുകയുമുണ്ടായി.
ഹനഫി, മാലികി മദ്ഹബുകളിലെ ഭൂരിപക്ഷ പണ്ഡിതന്മാരുടെയും വീക്ഷണത്തില്‍ നീതിമാനല്ലാത്ത ഭരണാധികാരിയെ സകാത്ത് ഏല്‍പ്പിക്കാവതല്ല. കാരണം, സകാത്ത് ശര്‍ഈ താല്‍പര്യങ്ങള്‍ക്കനുസൃതമായി വിതരണം ചെയ്യപ്പെടുകയില്ല. അത് സമൂഹത്തിന് വലിയ തോതില്‍ ദോഷം ചെയ്യുന്നതായിരിക്കും. ഇത്തരം ഫിഖ്ഹീ ഫത്്വകള്‍ സമുദായവും ഭരണവിഭാഗവും തമ്മില്‍ അകലമുണ്ടാക്കുന്നു. അധികാര സ്ഥാപനങ്ങളെ ധാര്‍മികമായി ശിക്ഷിക്കുന്ന നടപടിയായി വിലയിരുത്തപ്പെടുന്നു. അതായത്, ഭരണാധികാരികള്‍ പ്രജകളാല്‍ ശിക്ഷിക്കപ്പെടുന്നുണ്ടെന്നും ജനങ്ങളാല്‍ പരിത്യജിക്കപ്പെടുന്നുണ്ടെന്നും ബോധ്യപ്പെടുത്താന്‍ കഴിയുന്നു.
ഇമാം മാലിക്
ഭരണാധികാരികളെ തിരുത്താന്‍ കഴിയില്ല എന്നു കാണുമ്പോള്‍ പല പണ്ഡിതന്മാരും കടുത്ത നിലപാടുകള്‍ സ്വീകരിച്ചിരുന്നു. കുഴപ്പങ്ങള്‍ വര്‍ധിക്കുകയും, അധികാരി വര്‍ഗം തങ്ങളുടെ ലക്ഷ്യങ്ങള്‍ സാക്ഷാല്‍ക്കരിക്കാന്‍ തന്നെ ഉദ്യോഗത്തിലിരുത്താന്‍ ശ്രമിക്കുകയും ചെയ്തപ്പോള്‍ ഇമാം മാലിക് മദീനാപള്ളിയില്‍ നമസ്‌കരിക്കുന്നതും അധ്യാപനം നടത്തുന്നതും കുറച്ചു കാലത്തേക്ക് നിര്‍ത്തിവെക്കുകയും സ്വന്തം വീട്ടില്‍ ഇഅ്തികാഫ് ഇരിക്കുകയും ചെയ്തു. സാമൂഹിക-രാഷ്ട്രീയ ജീവിതത്തില്‍ പങ്കെടുക്കാതെ മാറി നില്‍ക്കുന്നതിനു തുല്യമായിരുന്നു. ഇമാം മാലികിന്റെ ഈ നടപടി. ഇമാം ഖുര്‍ത്വുബി 'അത്തദ്കിറ' എന്ന കൃതിയില്‍, മാലികി ഇമാമുമാര്‍ ജുമുഅ ജമാഅത്തുകളില്‍ പങ്കെടുക്കാതിരുന്നത് അധികാരികള്‍ സ്ഥാനം നല്‍കുമോ എന്നു ഭയന്നതിനാലാണെന്നു ന്യായീകരിച്ചതു കാണാം. ' അധികാരത്തിലേക്ക് കടന്നു ചെല്ലാതിരിക്കാന്‍' എന്നാണ് ഖുര്‍ത്വുബിയുടെ ഭാഷ്യം.
വാസ്വിലുബ്‌നു അത്വാഅ്, അംറുബ്‌നു ഉബൈദ്, മൂസല്‍ മുര്‍ദാര്‍
കര്‍മശാസ്ത്ര-ശരീഅത്തു പണ്ഡിതന്മാര്‍ മാത്രമല്ല, വാസ്വിലുബ്‌നു അത്വാഅ് (മ.ഹി 131), അംറുബ്‌നു ഉബൈദ് (മ.ഹി 144) മുതലായ മുഅ്തസിലി പണ്ഡിതന്മാരും അധികാരികളുമായി അകലം പാലിച്ചവരായിരുന്നു.
അബ്ദുല്‍ ഖാഹിര്‍ അല്‍ ബഗ്ദാദി (മ.ഹി 429), അല്‍ഫര്‍ഖു ബൈനല്‍ ഫിറഖ്' എന്ന കൃതിയില്‍, ബഗ്ദാദിലെ മുഅ്തസിലി പ്രമുഖനായ മൂസല്‍ മുര്‍ദാര്‍ (മ.ഹി 226) അധികാരികളുമായി ഒട്ടി നില്‍ക്കുന്നവര്‍ കാഫിറാണെന്ന് വിധിച്ചിരുന്നു. അദ്ദേഹത്തിന്റെ മുന്‍ഗാമികളായ മുഅ്തസിലികള്‍ അത്തരം ആളുകള്‍ സത്യവിശ്വാസികളോ സത്യനിഷേധികളോ അല്ലെന്ന പക്ഷക്കാരായിരുന്നു. പല പണ്ഡിതന്മാരും കച്ചവടമോ മറ്റു തൊഴിലുകളോ സ്വീകരിച്ചു പോന്നു.
വ്യത്യസ്ത നിലപാടുകള്‍
ഭരണാധികാരികളുടെ പാരിതോഷികങ്ങളും സമ്മാനങ്ങളും സ്വീകരിക്കുന്ന വിഷയത്തില്‍ പണ്ഡിതന്മാര്‍ വ്യത്യസ്ത നിലപാടുകള്‍ സ്വീകരിച്ചിരുന്നു. ചിലര്‍ ഏതു സാഹചര്യത്തിലും സ്വീകരിച്ചു കൂടാ എന്ന പക്ഷക്കാരായിരുന്നു. ഇത് ഭൂരിപക്ഷം പേരുടെയും നിലപാടായിരുന്നു എന്നു പറയാം. സ്വതന്ത്രമായി ഫത് വകള്‍ നല്‍കാന്‍ ഇതാവശ്യമാണെന്ന് അവര്‍ കരുതിയിരുന്നു.
ഇമാം അബൂഹനീഫ
പണ്ഡിതന്മാര്‍ എല്ലാ അര്‍ഥത്തിലും സ്വതന്ത്രരായിരിക്കണം എന്നതായിരുന്നു ഭൂരിപക്ഷ പണ്ഡിതന്മാരുടെയും നിലപാട്. ഇമാം അബൂഹനീഫ (മ.ഹി 150) അബ്ബാസി ഖലീഫ മന്‍സ്വൂറി(മ.ഹി 158) ന്റെ ഖാദിയാവാന്‍ കൂട്ടാക്കിയില്ല. തന്റെ വൈജ്ഞാനിക സ്വത്വവും സ്വാതന്ത്ര്യവും നിലനിര്‍ത്താനായി അദ്ദേഹം പട്ടുവ്യാപാരം നടത്തി ജീവിതസന്ധാരണത്തിനായി വഴികണ്ടെത്തുകയായിരുന്നു.
സുഫ് യാനുസ്സൗരി
മറ്റൊരു പണ്ഡിതനായ സുഫ് യാനുസ്സൗരി എണ്ണ വില്‍പന നടത്തിയായിരുന്നു ഉപജീവനത്തിനു ശ്രമിച്ചിരുന്നത്. ഇന്നത്തെ ഉസ്ബക്കിസ്താനിലെ ബുഖാറയില്‍ താമസിച്ചിരുന്ന പിതൃവ്യനില്‍നിന്നു കിട്ടിയ അനന്തര സ്വത്തുപയോഗിച്ചാണ് അദ്ദേഹം എണ്ണക്കച്ചവടത്തിന് മൂലധനം കണ്ടെത്തിയിരുന്നത്. ഖത്വീബുല്‍ ബഗ്ദാദി (മ.ഹി 463/ ക്രി. 1071) 'താരീഖു ബഗ്ദാദി'ല്‍ രേഖപ്പെടുത്തിയതാണ് ഈ വിവരം.
അബൂനുഐം അല്‍ അസ്വ്്ഫഹാനി (മ.ഹി 430 / ക്രി. 1040) 'ഹില്‍യത്തുല്‍ ഔലിയാഇ'ല്‍ ഇമാം സൗരി കച്ചവടത്തിലേര്‍പ്പെടുന്നത് അരോചകമായി കണ്ട തന്റെ ഒരു ശിഷ്യനോട് പറഞ്ഞതായി ഇങ്ങനെ രേഖപ്പെടുത്തുന്നു: 'ഒന്നു മിണ്ടാതിരി. നമ്മുടെ അടുത്ത് ഈ പണം ഇല്ലായിരുന്നുവെങ്കില്‍ ഈ രാജാക്കന്മാര്‍ നമ്മെ ആവശ്യം കഴിഞ്ഞ് വലിച്ചെറിയുന്ന ടിഷ്യുപേപ്പര്‍ ആക്കുമായിരുന്നു.'
ഇമാം ബൈഹഖി (മ.ഹി 458/ക്രി. 1067) സൗരി പറഞ്ഞതായി രേഖപ്പെടുത്തുന്നു: 'പണ്ഡിതന്‍ ഭരണാധികാരികളുടെ അടുത്ത് അഭയം തേടുന്നതായി കണ്ടാല്‍ അയാള്‍ കള്ളനാണെന്നു നീ മനസ്സിലാക്കണം. ധനികരുടെ അടുത്ത് അഭയം തേടുന്നതു കണ്ടാല്‍ അയാള്‍ പ്രദര്‍ശനപരതയുടെ ആളാണെന്ന് മനസ്സിലാക്കണം. അത്തരക്കാരുടെ ചതിയില്‍ നീ പെട്ടുപോകരുത്.'
ഫുദൈലുബ്‌നു ഇയാദ്
ഈ ഇനത്തില്‍ ശ്രദ്ധേയനായ വ്യക്തിത്വമായിരുന്നു ഫുദൈലുബ്‌നു ഇയാദ് (മ.ഹി 187/ക്രി. 804). ഭരണാധികാരികളില്‍നിന്ന് പണം പറ്റാന്‍ അദ്ദേഹം കൂട്ടാക്കിയിരുന്നില്ലെന്ന് ഖത്വീബുല്‍ ബഗ്ദാദി എഴുതുന്നു. രാഷ്ട്രത്തിന്റെ വകയായ ഒന്നും സ്വീകരിക്കുകയില്ലെന്ന് ദൃഢനിശ്ചയം ചെയ്തയാളായിരുന്നു അഹ് മദുബ്‌നു ഹമ്പല്‍ (മ.ഹി 241/ക്രി. 856). തന്റെ ചില ബന്ധുക്കള്‍ ഭരണാധികാരികളുടെ ആനുകൂല്യങ്ങള്‍ പറ്റിയിരുന്നതിനാല്‍ അവരുടെ വീടുകളില്‍ പോകാന്‍ ഇമാം അഹ്്മദ് കൂട്ടാക്കിയിരുന്നില്ലെന്ന് ഇബ്‌നു കസീര്‍ 'ബിദായ'യില്‍ രേഖപ്പെടുത്തുന്നു. അതേസമയം രാഷ്ട്രീയ നേതൃത്വത്തിനെതിരെ കലാപത്തിനിറങ്ങിയവരില്‍ അദ്ദേഹമുണ്ടായിരുന്നില്ല. അധികാരികളുമായി അകലം പാലിക്കുന്നത് വേറെ, അവര്‍ക്കെതിരെ വിപ്ലവത്തിനിറങ്ങുന്നത് വേറെ എന്ന് വേര്‍തിരിച്ചു മനസ്സിലാക്കാന്‍ കഴിയും. രണ്ടും രണ്ടായിത്തന്നെ കാണണം.
വേറെ ചിലര്‍ ഭരണാധികാരികളില്‍നിന്ന് പാരിതോഷികങ്ങള്‍ സ്വീകരിച്ചു. തങ്ങളുടെ കാലത്തെ സാമൂഹിക സാമ്പത്തിക സാഹചര്യം വിട്ടുനില്‍ക്കാന്‍ അനുവദിക്കുന്നതായിരുന്നില്ല എന്നതായിരുന്നു അവരുടെ ന്യായം. മാലികുബ്‌നു അനസ് (മ.ഹി 179/ക്രി. 796) ഉദാഹരണം. മാലികിന്റെ ശിഷ്യനായിരുന്ന അബൂഇംറാന്‍ അസ്സ്വദഫിയെ ഉദ്ധരിച്ച് ഖാദീ ഇയാദ് എഴുതുന്നു 'ഞാന്‍ -അബൂഇംറാന്‍- ഒരിക്കല്‍ മാലികിന്റെ അടുത്തു ചെന്നു. ഭരണാധികാരികളില്‍നിന്ന് പാരിതോഷികങ്ങള്‍ സ്വീകരിക്കുന്നത് ശരിയോ എന്ന് ഞാന്‍ ചോദിച്ചു. സ്വീകരിക്കുന്നത് ഇഷ്ടപ്പെടുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഞാന്‍: 'എന്നിട്ട് നിങ്ങള്‍ സ്വീകരിക്കുന്നുണ്ടല്ലോ?' മാലിക്: 'എന്റെയും നിന്റെയും പാപം നീ ഏറ്റെടുക്കുകയാണോ?'
അഹ്‌മദുബ്‌നു ഹമ്പലിന്റെ മക്കള്‍
പണ്ഡിതന്മാരായ തന്റെ മക്കള്‍ക്ക് അബ്ബാസി ഖലീഫ മുതവക്കില്‍ (മ.ഹി 247) മാസാന്തം നാലായിരം ദീനാര്‍ അനുവദിച്ചതറിഞ്ഞ ഇമാം അഹ് മദുബ്‌നു ഹമ്പല്‍ അതില്‍ നീരസം പ്രകടിപ്പിച്ചു. 'നിങ്ങള്‍ എന്തിന് അത് വാങ്ങണം? രാജ്യത്തിന്റെ അതിര്‍ത്തികളില്‍ പട്ടാളമില്ല. യുദ്ധമുതലുകള്‍ അവകാശികള്‍ക്കിടയില്‍ ഭാഗിക്കുന്നുമില്ല.' വിതരണത്തിലെ അനീതി മുന്‍നിര്‍ത്തിയാണ് ഇമാം അവര്‍കള്‍ ഇങ്ങനെ പറഞ്ഞത്. 'ഈ സമ്പത്തില്‍ അക്രമമോ അനീതിയോ കലര്‍ന്നിട്ടില്ലെങ്കില്‍ അത് സ്വീകരിക്കുന്നതിനെ ഞാന്‍ എതിര്‍ക്കുമായിരുന്നില്ല' എന്നുകൂടി അദ്ദേഹം പറഞ്ഞു.
പ്രാദേശിക വഖ്ഫ് സ്വത്തുക്കളെ ആശ്രയിച്ചായിരുന്നു പണ്ഡിതന്മാര്‍ വൈജ്ഞാനിക മേഖലയില്‍ മുഴുകിയിരുന്നത്.
അധികാരികളില്‍നിന്ന് ആനുകൂല്യങ്ങള്‍ പറ്റുന്നത് സംബന്ധിച്ച് നൂറ്റാണ്ടുകള്‍ക്കു മുമ്പു മുതല്‍ക്കെ ശീഈ വിഭാഗത്തില്‍ വലിയ ചര്‍ച്ചകള്‍ നടക്കുകയുണ്ടായിട്ടുണ്ട്. ശൈഖ് കര്‍കീ അല്‍ ആമിലി (മ.ഹി 940) സ്വഫവി ഭരണാധികാരികളില്‍നിന്ന് പാരിതോഷികങ്ങള്‍ സ്വീകരിച്ചിരുന്നു. ഭരണകൂടത്തിന്റെ മതോപദേശകനായിരുന്നു അദ്ദേഹം. അതേസമയം ശീഈ ഫിഖ്ഹനുസരിച്ച് ഇത് ശരിയായിരുന്നില്ല. കര്‍കിയുടെ ഫത് വകളെ അദ്ദേഹത്തിന്റെ സുഹൃത്തും സമകാലികനുമായ ഇബ്‌റാഹീം ഖത്വീഫി (മ.ഹി 950) വിമര്‍ശിച്ചിരുന്നു.
ഈ അഭിപ്രായ വ്യത്യാസം ശീഈ വൃത്തങ്ങളില്‍ വലിയ അനുരണനം സൃഷ്ടിച്ചു. ഇന്നും അത് തുടരുന്നു. മതനേതൃത്വം രാഷ്ട്രീയത്തില്‍ പിടിമുറുക്കിയ ഇന്നത്തെ സാഹചര്യത്തില്‍ പണ്ഡിതന്മാര്‍ക്ക് ഭരണാധികാരികളുമായി സഹവര്‍ത്തിത്വമാവാം എന്നാണ് ഇപ്പോഴത്തെ ശീഈ പക്ഷം. ചിലര്‍ ആനുകൂല്യങ്ങള്‍ പറ്റാറുമില്ല..
(സുന്നി-ശീഈ രാഷ്ട്ര മീംമാസയിൽ ഗവേഷണകനായ ലേഖകൻ ഇസ്്ലാമിക ശരീഅത്തിൽ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്).