മുസ്‌ലിംകളും മാനവതയുടെ പൊതു പ്രശ്‌നങ്ങളും
ഡോ. നജാത്തുല്ലാ സ്വിദ്ദീഖി
മനുഷ്യര്‍ എന്ന നിലയില്‍ നമ്മുടെ എല്ലാവരുടെയും അടിസ്ഥാനമൂലം ഒന്നാണ്. നാം ഒരേ ഭൂമിയില്‍ ജീവിക്കുന്നു. നമ്മുടെ എല്ലാ പ്രശ്‌നങ്ങളും ഒന്നുതന്നെ. ഇക്കാര്യം വിശദീകരിക്കാന്‍ മനുഷ്യരുടെ പ്രശ്‌നങ്ങളെ രണ്ടായി തരം തിരിക്കാം:
(ഒന്ന്) സവിശേഷ പ്രശ്‌നങ്ങളെങ്കിലും വലിയൊരു വിഭാഗം ജനങ്ങളെ ബാധിക്കുന്നവ. ഇവയുടെ പരിഹാരത്തിനു എല്ലാവരും അന്യോന്യം സഹകരിച്ചെ പറ്റുകയുള്ളൂ. ഉദാ: ഒരേ നാട്ടിലെ പൗരന്മാരെ പൊതുവെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍, ഒരേ മതത്തിന്റെ അനുയായികള്‍ അഭിമുഖീകരിക്കുന്ന പ്രതിസന്ധികള്‍, ഒരേ ഭാഷ സംസാരിക്കുന്നവരെ അലട്ടുന്ന പ്രയാസങ്ങള്‍, ഒരേ വംശവും നിറവുമുള്ളവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എന്നിങ്ങനെ ഇവ ബഹുവിധമാണ്.
(രണ്ട്) മൊത്തം മാനവ സമൂഹത്തെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍. അവയുടെ പരിഹാരത്തിനു ലോകത്താകമാനമുള്ള മനുഷ്യര്‍ മത-വംശ-ഭാഷ-വര്‍ണ വ്യത്യാസങ്ങള്‍ക്കതീതമായി പരസ്പരം സഹകരിച്ചുപ്രവര്‍ത്തിക്കേണ്ടി വരും. ഉദാ: പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍. ലോകതലത്തില്‍ ചൂടുകൂടുന്നതുമായി ബന്ധപ്പെട്ട് മനുഷ്യര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ ഈയിനത്തില്‍ മുന്‍പന്തിയില്‍നില്‍ക്കുന്നു. പരിസ്ഥിതി ദൂഷണത്തിന്റെ ഫലമായുണ്ടാവുന്ന വിനാശകരമായ പ്രത്യാഘാതങ്ങള്‍ വേറെ. സാംക്രമിക രോഗങ്ങളും വിനാശകരമായ വിധ്വംസക യുദ്ധോപകരണങ്ങളുമാണ് മറ്റൊരുതരം. ലോകത്തിന്റെ രക്ഷയും നിര്‍ഭയത്വവും ഉറപ്പുവരുത്തുന്നതിന് സ്വീകരിക്കേണ്ട പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എന്നിവയും പ്രധാനം തന്നെ. മേല്‍വക പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടത് ഭൂമിയില്‍ മനുഷ്യ ജീവിതം തുടരണമോ വേണ്ടയോ എന്നു തീരുമാനിക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നു.
ദാരിദ്ര്യനിര്‍മാര്‍ജനവും വിശപ്പിനു പരിഹാരം കാണലുമാണ് മറ്റൊരു പ്രധാന പ്രശ്നം. എല്ലാ മനുഷ്യരുടെയും മൗലികാവകാശങ്ങള്‍ ഉറപ്പുവരുത്തുക, വികസനത്തിനുള്ള വഴികള്‍ ലഭ്യമാക്കുക, രാഷ്ട്രങ്ങള്‍ക്കും ജനങ്ങള്‍ക്കുമിടയില്‍ അന്താരാഷ്ട്ര തലത്തില്‍ വ്യാപാര-സഹകരണ ബന്ധങ്ങള്‍ വികസിപ്പിക്കുക മുതലായവയും പ്രധാനം തന്നെ. മാനവസമൂഹത്തെ സംബന്ധിച്ചേടത്തോളം സുപ്രധാനമായ ലക്ഷ്യങ്ങള്‍ സാക്ഷാല്‍ക്കരിക്കുന്നതിന് മേല്‍ ആവശ്യങ്ങളെല്ലാം സാധിതമാകേണ്ടതുണ്ട്.
അക്രമം അവസാനിപ്പിച്ച് നീതി സ്ഥാപിക്കുക എന്നത് സ്വയം തന്നെ ഉദ്ദിഷ്ടമായ കാര്യമാണ് അതിന്റെ അഭാവത്തില്‍ ലോക സമാധാനം സാധ്യമല്ല. അക്രമവും കൈയേറ്റവും നേരിടുന്ന വ്യക്തികളോ സമൂഹങ്ങളോ ഉള്ള ലോകത്ത്, മനുഷ്യര്‍ പൊതുവെ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എല്ലാവരുടെയും കൂട്ടായ സഹകരണം തേടാന്‍ കഴിയുകയില്ല.
ഭീകരത
ലോകസമാധാനം യാഥാര്‍ഥ്യമാകണമെങ്കിൽ ഭീകരതയെ അടിയോടെ വേരറുക്കാന്‍ കഴിയണം. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ ചില വ്യക്തികളും സമൂഹങ്ങളും ആശ്രയിക്കുന്ന ആയുധമാണ് ഭീകര പ്രവര്‍ത്തനങ്ങള്‍. രണ്ടാം ലോകയുദ്ധത്തിനു ശേഷം ഈ പ്രതിഭാസം വ്യാപകമായിരിക്കുന്നു. ഫലസ്ത്വീനികളുടെ ഭൂമി പിടിച്ചെടുത്ത് അവിടെ യഹൂദരാഷ്ട്രം സ്ഥാപിക്കാനായി സിയോണിസ്റ്റുകളാണ് ലോകത്താദ്യമായി ഭീകരത പയറ്റിത്തുടങ്ങിയത്. അതിനായി അവര്‍ എല്ലാ ഭീകരതകളും പുറത്തെടുത്തു. കഴിഞ്ഞ നൂറ്റാണ്ടിന്റെ നാല്‍പതുകളില്‍ തുടങ്ങിയ ഇത് കിരാതമായ നിലയില്‍ ഇന്നും തുടരുന്നു.
പില്‍ക്കാലത്ത്, സ്‌പെയിന്‍, അയര്‍ലന്റ്, ശ്രീലങ്ക മുതലായ നാടുകളില്‍ ഗവണ്‍മെന്റുകളുടെ പിടിത്തത്തില്‍നിന്നും നിയന്ത്രണത്തില്‍നിന്നും സ്വതന്ത്രരാവുക എന്ന ലക്ഷ്യത്തോടെ അവിടങ്ങളിലെ പ്രതിയോഗികള്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു. അത് വിഘടനവാദങ്ങളായി വികസിച്ചു.
തുടര്‍ന്ന് എഴുപതുകളില്‍ ഭീകര പ്രവര്‍ത്തനം വിമാനറാഞ്ചലിലേക്ക് കടന്നു. ലൈലാ ഖാലിദ് എന്ന അറബി വനിത ഇസ്‌റായേലിന്റെ ഫലസ്ത്വീന്‍ അധിനിവേശത്തില്‍ പ്രതിഷേധിച്ച് വിമാനം റാഞ്ചി. എണ്‍പതുകളില്‍ ചില ഫലസ്ത്വീനികളും വിമാനങ്ങള്‍ റാഞ്ചി. തൊണ്ണൂറുകളില്‍ ആത്മഹത്യാ സ്‌കോഡുകള്‍ നടത്തി. ചെച്‌നിയ ഉള്‍പ്പെടെ ചില നാടുകളില്‍ ഈ രീതി അങ്ങേറുകയുണ്ടായി.
21-ാം നൂറ്റാണ്ടിന്റെ ഒന്നാം ദശകത്തിലും ഇറാഖിലെ അമേരിക്കന്‍ യുദ്ധത്തിനു ശേഷവുമായി ഇറാഖില്‍ അമേരിക്കന്‍ ശക്തികള്‍ക്കും അവരുടെ പിണിയാളുകള്‍ക്കുമെതിരെ ഇത്തരം രീതികള്‍ സ്വീകരിക്കപ്പെട്ടു. ഈ ഭീകര പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് അമേരിക്കയും സഖ്യശക്തികളും 'ഭീകരതക്കെതിരെ ആഗോള യുദ്ധം' പ്രഖ്യാപിച്ചു. അതേതുടര്‍ന്ന് അമേരിക്കന്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര ഒത്തുതീര്‍പ്പുകള്‍ ലംഘിച്ചുകൊണ്ട് അഴിഞ്ഞാട്ടം തന്നെ നടന്നു. വിചാരണ കുറ്റവാളിയോ നിരപരാധിയോ എന്ന വിവേചനമില്ലാതെയും ലോകമൊന്നാകെ അവര്‍ തകര്‍ത്താടി. ഇതിന്റെ ഫലമായി, അവിചാരിതമായ ഏതു ചെറിയ ചലനവും ഭീകരപ്രവര്‍ത്തനമാണെന്ന ഭീതി ലോകത്തു വളര്‍ന്നു. വിമാന-തീവണ്ടി-ബസ് യാത്രികര്‍ ഭയാധീനരായി. എല്ലാറ്റിന്റെയും ആകത്തുകയായി ലോകം യുദ്ധത്തിന്റെയും തജ്ജന്യമായ അശാന്തിയുടെയും ചുടലക്കളമായി മാറി. എല്ലാ ജനവിഭാഗങ്ങളെയും ബാധിക്കുന്ന പ്രശ്‌നങ്ങള്‍ എന്ന നിലയില്‍ ഇവ മൊത്തം മാനവ സമൂഹത്തിന്റെ പ്രതിസന്ധികളുടെ സ്ഥാനത്തു നില്‍ക്കുന്നു. വിനാശകരമായ യുദ്ധം അവസാനിപ്പിക്കുന്നതിന് ക്രിയാത്മക പരിഹാരം എന്ത് എന്നതു സംബന്ധിച്ച് ഇപ്പോഴും ലോകം ഇരുട്ടില്‍ തപ്പുകയാണ്.
മുസ്‌ലിംകളും മാനവതയുടെ പൊതു പ്രശ്‌നങ്ങളും
മുകളില്‍ എണ്ണിപ്പറഞ്ഞതുള്‍പ്പെടെ മാനവസമൂഹം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ മുസ് ലിംകള്‍ നിഷേധാത്മകവും വൈകാരികവുമായാണ് സമീപിക്കുന്നത്. പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ തങ്ങള്‍ക്ക് ഒന്നും ചെയ്യാനാവില്ല എന്ന അപകര്‍ഷ ചിന്തയാണ് അതിനുകാരണം. ആഗോള നിയന്ത്രണം പാശ്ചാത്യ ശക്തികളുടെ കൈകളിലായിരിക്കെ തങ്ങള്‍ക്ക് എന്തു ചെയ്യാന്‍ കഴിയും എന്ന് അവര്‍ കൈമലര്‍ത്തുന്നു.
ഇത്തരം വിഷയങ്ങളുടെ നേരെ നമുക്ക് നിലപാടുകളും സമീപനങ്ങളും ഇല്ല എന്നു പറയാവുന്നേടത്തോളമാണ് ഇപ്പോഴത്തെ അവസ്ഥ. സ്വയം വിചാരണക്കാവശ്യമായ ശക്തിയും സന്തുതിലതത്വവും നാം നഷ്ടപ്പെടുത്തിയിരിക്കുന്നു. അതേതുടര്‍ന്ന് എല്ലാറ്റിന്റെയും ഉത്തരവാദിത്വം ലോകത്തെ മറ്റു മനുഷ്യരുടെ ചുമലുകളില്‍ ഇട്ടൊഴിയാനാണ് നമുക്ക് താല്‍പര്യം.
അക്രമത്തിന്റെയും ചൂഷണത്തിന്റെയും എല്ലാ രൂപങ്ങളും മുസ്്ലിം സമൂഹങ്ങളെയും രാഷ്ട്രങ്ങളെയും ഗ്രസിച്ചിരിക്കുന്നു. ഓരോ ദിവസവും കഴിയുംതോറും സമ്പത്തിന്റെ വിതരണത്തില്‍ അസന്തുലിതത്വം കൂടി വരുന്നു. പൊതുദേശീയ സമ്പത്തുക്കളുടെ വിനിയോഗം നീതിപൂര്‍വകമല്ല. മറ്റൊരുവശത്ത്, മുസ് ലിം നാടുകള്‍ കടുത്ത ദാരിദ്ര്യം അനുഭവിക്കുന്നു. അതേസമയം അവടിങ്ങളിലെ ന്യൂനപക്ഷം ധൂര്‍ത്തിന്റെയും ദുര്‍വ്യയത്തിന്റെയും പരമകാഷ്ടയിലെത്തിയിരിക്കുന്നു.
ഈ സങ്കീര്‍ണ പ്രശ്‌നങ്ങള്‍ എന്നല്ല, പൊതുപ്രശ്‌നങ്ങളും പക്ഷെ, നാം വളരെ കുറച്ചു മാത്രമെ കൈകാര്യം ചെയ്യാറുള്ളൂ. നബിമാരും ദൂതന്മാരും പരിഷ്‌കര്‍ത്താക്കളും മുഖ്യപരിഗണന നല്‍കിയിരുന്ന ഇത്തരം വിഷയങ്ങള്‍ ശ്രദ്ധിക്കാന്‍ ഇന്ന് ആരുമില്ല. നമ്മുടെ ദൈനംദിന ജീവിതവുമായി ഏറെ ബന്ധപ്പെട്ടു നില്‍ക്കുന്ന ഇത്തരം വിഷയങ്ങളില്‍ പോലും നാം അലംഭാവം തുടരുകയാണെങ്കില്‍, ലോകം അഭിമുഖീകരിക്കുന്ന പുത്തന്‍ വിഷയങ്ങളില്‍ എങ്ങനെയാണ് നമുക്ക് നിലപാടെടുക്കാനാവുക?
മുസ്‌ലിം നാടുകളുടെയും സമൂഹങ്ങളുടെയും ഇന്നത്തെ നിലപാടുകള്‍ അത്യന്തം അപകടകരവും ബുദ്ധിശൂന്യവുമാണ്. കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നേടത്ത് നിലവിലെ രീതികള്‍ക്ക് അടിയന്തര മാറ്റം വേണം. മാനവ സമൂഹം നേരിടുന്ന പ്രശ്‌നങ്ങളുടെ പരിഹാരത്തിന് അര്‍ഥവത്തായ ഇടപെടലുകളും വൈജ്ഞാനിക-വൈകാരിക-കര്‍മ മേഖലകളില്‍ പങ്കാളിത്തവുമുണ്ടാകേണ്ടതുണ്ട്. ഇതാണ് ശരീഅത്തിന്റെ തേട്ടം. ഇതാണ് ഇസ്്ലാം മുസ്‌ലിംകളോട് ആവശ്യപ്പെടുന്നത്.
തെറ്റായ ധാരണ
നമുക്ക് കഴിവും അധികാരവുമില്ലെങ്കില്‍ ഇത്തരം ഭയാനകമായ പ്രതിസന്ധികള്‍ നാം പരിഹരിക്കുന്നതെങ്ങനെ എന്ന ചോദ്യം ചിലരെങ്കിലും ഉന്നയിച്ചേക്കാം. ആരും നമ്മുടെ അഭിപ്രായങ്ങള്‍ കേള്‍ക്കുകയില്ല, പ്രശ്‌നപരിഹാരങ്ങള്‍ക്ക് സ്വീകരിക്കുകയില്ല എന്നൊക്കെ.
നമ്മുടെ എല്ലാ ശേഷികളെയും അധികാരത്തിലെത്താന്‍ ഉപയോഗിക്കുന്നതിനു പകരം മറ്റുവഴിക്ക് വഴിതിരിച്ചു വിടണമെന്നാണ് ചില മുസ്്ലിംകളുടെ ആവശ്യം. അധികാരത്തിലെത്താനുള്ള ശ്രമത്തെ തുടര്‍ന്ന് അധികാരശക്തികളുമായി ഏറ്റുമുട്ടലുണ്ടായാല്‍ എല്ലാ ഊര്‍ജവും വൃഥാവിലാകുമെന്ന് അവര്‍ ആശങ്കിക്കുന്നു.
ശരിയായ പ്രവര്‍ത്തനത്തിനാവശ്യമായ ചിന്തയിലെത്താന്‍ കഴിയില്ല എന്നതാണ് നാം നേരിടുന്ന പ്രതിസന്ധി. ഇതേക്കുറിച്ച് താത്ത്വികമായും ചരിത്രപരമായും പരിശോധിച്ച് അവ എത്രത്തോളം നാമുമായി ബന്ധപ്പെടുന്നുണ്ടെന്ന് വിശകലനം ചെയ്യേണ്ടിയിരിക്കുന്നു.
ഇതേക്കുറിച്ച് കൂടുതല്‍ പറഞ്ഞാല്‍ നാം അടിസ്ഥാന വിഷയങ്ങളില്‍നിന്ന് കൂടുതല്‍ അകന്നുപോകും. ആയതിനാല്‍, ഇത്തരം ചിന്തകള്‍ തെറ്റും നബിമാരുടെ പ്രബോധനത്തിന്റെ ആത്മാവുമായി ഒട്ടും പൊരുത്തപ്പെടാത്തതുമാണ്. അവര്‍ തങ്ങളുടെ സമൂഹങ്ങളുടെ പരിഷ്‌കരണവും പരിവര്‍ത്തനവും നീട്ടി വെച്ചിട്ടില്ല. ഉത്തരവാദിത്വം നിര്‍വഹിക്കുന്നതില്‍നിന്ന് ഒന്നും അവരെ തടഞ്ഞില്ല. പ്രവര്‍ത്തനങ്ങള്‍ക്ക് അവര്‍ ഉപാധി മുന്നോട്ടു വെച്ചില്ല. ഒഴികഴിവുകള്‍ നിരത്തിയില്ല. അധ്യായം ഹൂദ 84-95 സൂക്തങ്ങള്‍ വായിച്ചാല്‍ അത് ബോധ്യമാവും. 88-ാം സൂക്തത്തില്‍ അല്ലാഹുവിന്റെ പ്രവാചകന്‍ ആത്മാര്‍ഥത മുറ്റിയ സ്വരത്തില്‍ വ്യക്തതയോടെ തന്റെ പ്രബോധന ലക്ഷ്യത്തെപ്പറ്റി പറയുന്നു.
إِنْ أُرِيدُ إِلَّا الْإِصْلَاحَ مَا اسْتَطَعْتُۚ وَمَا تَوْفِيقِي إِلَّا بِاللَّهِۚ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ
'സാധ്യമായത്ര നന്മ വരുത്താനല്ലാതെ മറ്റൊന്നും ഞാനുദ്ദേശിക്കുന്നില്ല.' അല്ലാഹു മുഖേന മാത്രമാണ് എനിക്ക് (അതിനു) ഉതവി ലഭിക്കുന്നത്. അവന്റെ മേലാണ് ഞാന്‍ ഭരമേല്‍പിച്ചിരിക്കുന്നത്. അവനിലേക്ക് ഞാന്‍ താഴ്മയോടെ മടങ്ങുകയും ചെയ്യുന്നു' (ഹൂദ് 88)
മേല്‍സൂക്തത്തിലെ ആശയം വീണ്ടും വീണ്ടും വായിച്ച് നാം അതിലെ പാഠങ്ങള്‍ കണ്ടെത്തേണ്ടിയിരിക്കുന്നു.
നിലവില്‍ ലോകത്ത് നിലനില്‍ക്കുന്ന നാശങ്ങളെയും ദൂഷ്യങ്ങളെയും മുമ്പില്‍ വെച്ച് താരതമ്യം ചെയ്താല്‍ മാത്രമേ നമ്മുടെ പരിഷ്‌കരണ ശ്രമങ്ങളും അവയുടെ ശക്തിയും ക്ഷമതയും നമുക്ക് മനസ്സിലാക്കാന്‍ കഴിയുകയുള്ളൂ. ഖുര്‍ആന്‍ പരാമര്‍ശിച്ച ഫസാദിന്റെ ചിലവശങ്ങളെക്കുറിച്ചു മാത്രമെ നാം പറഞ്ഞുള്ളൂ. പരിഷ്‌കരണ ശ്രമങ്ങള്‍ എല്ലാ വശങ്ങളെയും സ്പര്‍ശിച്ചു കൊണ്ടാവണം. അതോടൊപ്പം, പരിഷ്‌കരണത്തിലൂടെ എത്തിച്ചേരേണ്ട സംസ്‌കരണത്തെക്കുറിച്ച ഖുര്‍ആനിക സങ്കല്‍പവും പ്രധാനമാണ്.
هُوَ الَّذِي بَعَثَ فِي الْأُمِّيِّينَ رَسُولًا مِّنْهُمْ يَتْلُو عَلَيْهِمْ آيَاتِهِ وَيُزَكِّيهِمْ وَيُعَلِّمُهُمُ الْكِتَابَ وَالْحِكْمَةَ وَإِن كَانُوا مِن قَبْلُ لَفِي ضَلَالٍ مُّبِينٍ
തന്റെ ദൃഷ്ടാന്തങ്ങള്‍ അവര്‍ക്ക് വായിച്ച് കേള്‍പ്പിക്കുകയും വേദഗ്രന്ഥവും തത്വജ്ഞാനവും പഠിപ്പിക്കുകയും ചെയ്യാന്‍ അക്ഷരജ്ഞാനമില്ലാത്തവര്‍ക്കിടയില്‍ അവരില്‍നിന്നു തന്നെയുള്ള ഒരു ദൂതനെ നിയോഗിച്ചവനാകുന്നു അവൻ. അവർ തീര്‍ച്ചയായും മുമ്പേ വ്യക്തമായ വഴികേടിലായിരുന്നു' (ജുമുഅ 2)
നബി(സ) മക്കയില്‍ പതിമൂന്നു വര്‍ഷക്കാലം പരിഷ്‌കരണ-സംസ്‌കരണ ശ്രമങ്ങളില്‍ മുഴുകി ജീവിച്ചു. അവിടുന്ന് ആ കാലയളവില്‍ അധികാരത്തിനും നേതൃത്വത്തിനും ശ്രമിച്ചില്ല. ആ കാലയളവില്‍ അവതരിച്ച ഖുര്‍ആനിലെ അധ്യായങ്ങള്‍ക്കിടയിലൂടെ സഞ്ചരിച്ചാല്‍ അതിന്റെ വിവിധ രൂപങ്ങള്‍ നമുക്ക് കാണാം. മക്കയില്‍ ബഹുദൈവ വിശ്വാസികള്‍ക്കിടയില്‍ നബി(സ)യും സ്വഹാബികളും കാഴ്ചവെച്ച പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചാല്‍ ഇത് നമുക്ക് മനസ്സിലാക്കാം. ഒരു ഉദാഹരണം:
അബൂബക്്ര്‍(റ) എത്യോപ്യ ലക്ഷ്യമാക്കി പലായനം ചെയ്തു. ബര്‍കുല്‍ ഗിമാദില്‍ എത്തിയപ്പോള്‍ ഖാറയിലെ നേതാവായ ഇബ്‌നുദ്ദുഗുന്നഃ അദ്ദേഹത്തെ കണ്ടുമുട്ടി. ഇബ്‌നുദ്ദുഗുന്നഃ ചോദിച്ചു: 'അബൂബക് ര്‍, നിങ്ങള്‍ എങ്ങോട്ടാണ് പോകുന്നത്?' അബൂബക്്ര്‍: 'എന്റെ നാട്ടുകാര്‍ എന്നെ പുറത്താക്കി. ഭൂമിയിലൂടെ സഞ്ചരിച്ച് എനിക്ക് എന്റെ റബ്ബിന് ഇബാദത്ത് ചെയ്യണം.' ഇബ്‌നു ദ്ദുഗുന്നഃ 'തീര്‍ച്ചയായും നിങ്ങളെപ്പോലുള്ളവര്‍ പുറത്തുപോകാനോ, പുറത്താക്കപ്പെടാനോ പാടില്ല. നിങ്ങള്‍ കഷ്ടപ്പെടുന്നവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നു, കുടുംബബന്ധം ചേര്‍ക്കുന്നു, ഭാരം വഹിക്കുന്നു, അതിഥിയെ സല്‍ക്കരിക്കുന്നു, സത്യത്തിനുനേരെ വരുന്ന ആപത്തുകളുടെ പേരില്‍ സഹായിക്കുന്നു. ഞാന്‍ നിങ്ങളെ സഹായിക്കാനുണ്ട്. നിങ്ങള്‍ മടങ്ങിപ്പോവുക. നിങ്ങള്‍ നിങ്ങളുടെ നാട്ടില്‍ പോയി നിങ്ങളുടെ റബ്ബിന് ഇബാദത്ത് ചെയ്യുക.'1
നേരത്തെ നാം പറഞ്ഞ മാനവത നേരിടുന്ന പൊതുപ്രശ്‌നങ്ങള്‍ ഇതുവരെയും പരിഹരിക്കപ്പെട്ടിട്ടില്ല. തീരുമാനങ്ങള്‍ക്കും നടപടികള്‍ക്കും ആധാരമാക്കാവുന്ന അറിയപ്പെട്ട ഒരു പരിഹാരവും ഈ വിഷയകമായി ആരും സമര്‍പ്പിച്ചിട്ടില്ല. എല്ലാവരും പരിഹാരം അന്വേഷിച്ചുകൊണ്ടിരിക്കുന്ന ലോകത്ത് നമ്മുടെ ബാധ്യത അതിനായി ക്രിയാത്മകമായ പങ്കാളിത്തം വഹിക്കുക എന്നതാണ്. നമ്മുടെ വേദികളില്‍ അതേക്കുറിച്ച ചര്‍ച്ചകള്‍ നടക്കണം. വാര്‍ത്താ മാധ്യമങ്ങളില്‍ അതിലേക്ക് വെളിച്ചം വീശുന്ന രചനകള്‍ വരണം. ഇതര മതനേതൃത്വങ്ങളുമായി ചര്‍ച്ചകളുണ്ടാവണം.
വ്യക്തി-പ്രാദേശിക-രാഷ്ട്രാന്തരീയ തലങ്ങളില്‍ ചര്‍ച്ചകള്‍ നടക്കുക എന്നതും പ്രധാനമാണ്. മുൻപന്തിയില്‍ മുസ്്ലിംകളുണ്ടാവണം. ജലം, പ്രകൃതി വിഭവങ്ങള്‍ മുതലായവ സാധ്യമായത്രയും മിതമായി ഉപയോഗിക്കുക എന്ന സംസ്‌കാരം പ്രചുരമാവണം. പരിസ്ഥിതി മലിനീകരണത്തിനു കാരണമാകുന്നവയുടെ ഉപയോഗത്തെക്കുറിച്ച് മാര്‍ഗദര്‍ശനം നല്‍കണം. അക്രമം, കൈയേറ്റം മുതലായവയില്‍നിന്നു വിട്ടുനില്‍ക്കാനും, സാമൂഹിക ബന്ധങ്ങള്‍ കാത്തുരക്ഷിക്കാനും കഴിയണം.
നമ്മുടെ ബാധ്യത എന്ത്?
മുകളില്‍ പറഞ്ഞ എല്ലാ ജീവല്‍ വിഷയങ്ങളിലും ശരീഅത്തിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ മുഖവിലക്കെടുക്കണം. കര്‍മശാസ്ത്രത്തിന്റെ ശാഖാവശങ്ങളില്‍ മാത്രം ഊന്നിക്കൊണ്ടാവരുത് നമ്മുടെ നിലപാടുകള്‍. കര്‍മശാസ്ത്രത്തിന്റെ ക്രോ ഡീകരണം നടന്നു കഴിഞ്ഞ നൂറ്റാണ്ടുകള്‍ക്കുശേഷം ലോകം എത്രയോ വികസിച്ചിരിക്കുന്നു. ഇന്നു നാം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് അന്നത്തെ ഫിഖ്ഹില്‍ പരിഹാരം പരതുന്നതില്‍ അര്‍ഥമില്ല. പുതിയ ഇജ്തിഹാദ് നടക്കണം. അല്ലാതിരുന്നാല്‍ അത് തെറ്റായ നിലപാടാവും.
രാഷ്ട്രീയക്കാരില്‍നിന്നു തീര്‍ത്തും ഭിന്നമാണ് പണ്ഡിതന്മാരുടെ ദൗത്യം. ഖുര്‍ആനും സുന്നത്തും മുന്നോട്ടുവെക്കുന്നത് സാര്‍വജനീനവും സമ്പൂര്‍ണവും സമഗ്രവുമായ ജീവിത വ്യവസ്ഥയാണ് എന്നതിനാല്‍ മേല്‍ പ്രശ്‌നങ്ങൾ മുഖ്യ പരിഗണനയിലുണ്ടാവണം. ക്രിയാത്മകമായി പ്രതികരിക്കണം. അവയിലൊക്കെയും ശരീഅത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്താണെന്ന് കണ്ടെത്തണം.
ശരീഅത്തിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളെ റദ്ദു ചെയ്യുന്ന നിലപാടുകള്‍
1. ശരീഅത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ക്ക് വിരുദ്ധമാകുംവിധം മുസ്്ലിംകള്‍ ഇന്നു സ്വീകരിക്കുന്ന ചില നിഷേധാത്മക വശങ്ങള്‍ മനസ്സിലാക്കണം.
2. മേല്‍ പ്രശ്‌നങ്ങളുടെ പരിഹാരത്തിന്നായി മുസ്്ലിംകള്‍ സ്വീകരിക്കേണ്ടുന്ന ചുവടുവെയ്പ്പുകളും അതേസമയം അവര്‍ പൂര്‍ണമായി നിര്‍വഹിക്കാത്തതും വിവേചിച്ച് മനസ്സിലാക്കണം.
3. ആധുനിക കാലത്ത് സ്വീകരിക്കപ്പെട്ടുവരുന്ന സൈദ്ധാന്തികവും പ്രായോഗികവുമായ പരീക്ഷണങ്ങള്‍ പഠന വിധേയമാക്കിയ ശേഷം ഇസ്്ലാമികമായ സൈദ്ധാന്തികവും പ്രായോഗികവുമായ വശങ്ങള്‍ ലോകത്തിനു മുമ്പാകെ സമര്‍പ്പിക്കുക. ഉദാഹരണമായി വിധ്വംസക യുദ്ധോപകരണങ്ങളുടെ വിഷയമെടുക്കാം.
വിധ്വംസകായുധങ്ങള്‍
ഖുര്‍ആനും സുന്നത്തും ആധാരമാക്കി നാം ഒരു നിലപാടെടുക്കുക. തുടര്‍ന്ന് ആധുനിക മുസ് ലിംകള്‍ ഈ വിഷയകമായി സ്വീകരിച്ചുപോരുന്ന നിലപാടുമായി അത് എത്രമാത്രം പൊരുത്തപ്പെടുമെന്നും ഈ വിഷയകമായി ആധുനിക ലോകത്തിന്റെ അഭിപ്രായം എന്താണെന്നും പരിശോധിക്കുക.
വിനാശകരമായ യുദ്ധോപകരണങ്ങളുടെ പ്രത്യാഘാതങ്ങള്‍ ശത്രുവെന്നോ മിത്രമെന്നോ ഭേദമില്ലാതെ എല്ലാവരെയും ബാധിക്കുന്നു. കുട്ടികളും സ്ത്രീകളും വൃദ്ധരും വികലാംഗരും അതിന്റെ ഇരകളാണ്. അവയുടെ നാശം തലമുറകളോളം തുടരുന്നു. പ്രയോഗിക്കപ്പെടുന്ന മേഖലയില്‍ മാത്രമായി അത് ഒതുങ്ങുന്നില്ല. ഈ അര്‍ഥത്തില്‍ ഭൂമിയിലെ ഏറ്റവും വലിയ ഫസാദുതന്നെയാണ് വിനാശകരമായ ആയുധങ്ങള്‍. അതുകൊണ്ടു തന്നെ ഇവയുടെ നിര്‍മാര്‍ജനം ഇസ് ലാമിക ശരീഅത്തിന്റെ ലക്ഷ്യങ്ങളില്‍ പെട്ടതാണ്. ആണവ-ജൈവ-രാസ ആയുധങ്ങളുടെ നിര്‍മാണവും വില്‍പനയും വാങ്ങലും പൂര്‍ണമായി നിരോധിക്കപ്പെടണം. കര്‍മശാസ്ത്ര വീക്ഷണത്തില്‍ ഇവയുടെ നിര്‍മാണവും വില്‍പനയും ഇവ വാങ്ങലും നിഷിദ്ധമാണ്. ഈ നിഷിദ്ധത നിരുപാധികമാവണം. കാരണം ഭൂമിയില്‍ വിനാശമുണ്ടാക്കൽ ഒരു സാഹചര്യത്തിലും അനുവദനീയമല്ല.
ആണവായുധങ്ങള്‍ വിനാശകരമാണെന്ന കാര്യത്തില്‍ ലോകം ഒറ്റക്കെട്ടാണ്. എന്നാല്‍ പ്രയോഗത്തില്‍ തീര്‍ത്തും വ്യത്യസ്തമാണ് നിലപാട്. ഇവ കൈവശമുള്ള രാജ്യങ്ങള്‍ അവ സംരക്ഷിക്കപ്പെടണമെന്ന് സ്വകാര്യമായും പരസ്യമായും ആഗ്രഹിക്കുന്നു. ഇപ്പോള്‍ കൈവശമില്ലാത്തവരാകട്ടെ, ഭാവിയില്‍ അവ സ്വായത്തമാക്കണമെന്ന് ആഗ്രഹിക്കുന്നു.
ദരിദ്രം, സമ്പന്നം, ചെറുത്, വലുത് എന്ന വ്യത്യാസമില്ലാതെ എല്ലാവരും ആയുധ മത്സരത്തില്‍ പങ്കാളികളാവുന്നു.
ഉദാഹരണമായി ഉത്തരകൊറിയയെ എടുക്കാം. പൗരന്മാര്‍ക്ക് അടിസ്ഥാന ആവശ്യങ്ങള്‍ പോലും വേണ്ടയളവില്‍ ലഭ്യമാക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത അവര്‍ തങ്ങളുടെ മുഴുശേഷിയും നിലവിലെ ആണവശേഷിയെ സംരക്ഷിക്കാനും കൂടുതല്‍ ആണവായുധങ്ങള്‍ വികസിപ്പിക്കാനുമാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
പല ഏഷ്യനാഫ്രിക്കന്‍ രാജ്യങ്ങളും ഇതേ വഴി തന്നെയാണ് സ്വീകരിച്ചു പോരുന്നത്. ശത്രുവെ പ്രതിരോധിക്കാനായാണ് ആണവായുധങ്ങള്‍ സംഭരിക്കുന്നത് എന്നാണ് എല്ലാവരുടെയും ന്യായം. തങ്ങളാരും ആക്രമണത്തിനൊരുമ്പെടുകയില്ലെന്നും ആണവവിരുദ്ധ കരാറുകളില്‍ ഒപ്പിടാന്‍ തയാറാണെന്നും എല്ലാവരും പറയുന്നു.
അമേരിക്കയും റഷ്യയും പരസ്പരം ആണവായുധ ഭീഷണി മുഴക്കിയ കഴിഞ്ഞ നൂറ്റാണ്ടില്‍ മാനവ സമൂഹം അതിന്റെ പ്രയാസങ്ങള്‍ അനുഭവിച്ചു. ആണവായുധം എപ്പോഴും പ്രയോഗിക്കപ്പെടാമെന്ന സാഹചര്യം നിലനിന്നു. എന്നാല്‍ ഇന്നാകട്ടെ, ഓരോ രാജ്യവും അയല്‍ രാജ്യത്തെ ഭയക്കേണ്ടുന്ന അവസ്ഥയായി. അതിനുമപ്പുറം എല്ലാ രാജ്യങ്ങളും ആണവായുധം നേടാനോ വികസിപ്പിക്കാനോ ഉള്ള തത്രപ്പാടിലുമാണിപ്പോള്‍. പല രാജ്യങ്ങളുടെയും ബജറ്റിന്റെ സിംഹഭാഗം യുദ്ധോപകരണങ്ങള്‍ വാരിക്കൂട്ടാനായി നീക്കി വെച്ചിരിക്കുകയാണ്. അതോടൊപ്പം അപൂര്‍വ ശാസ്ത്രപ്രതിഭകളുടെ സേവനങ്ങള്‍ അതിനു മാത്രമായി മാറ്റിവെച്ചിരിക്കുന്നു. സൈനിക നേതൃത്വങ്ങളുടെ മുഴുശ്രദ്ധയും അതില്‍ കേന്ദ്രീകരിച്ചിരിക്കുന്നു. ഈ മേഖലയില്‍ സംഭവിക്കാവുന്ന ഏതൊരു വീഴ്ചയും ലോകവ്യാപകമായി വമ്പിച്ച പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതുമാണ്. റഷ്യയിലെ ചെര്‍ണോബില്‍ ആണവ ദുരന്തം നമുക്കറിയാമല്ലോ.
നാമും ഇതേവിധം ആണവവല്‍ക്കരണത്തിലേക്കു പോവുകയാണെങ്കില്‍ എല്ലാ രാജ്യങ്ങളും ഒരുപോലെ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നമുക്ക് കഴിയാതെയാവും. ഭൗതിക സാധ്യതകള്‍ ഇല്ലാതെയാവും. മാനവവിഭവശേഷി ലഭ്യമല്ലാതെ വരും. ലോകരാഷ്ട്രങ്ങള്‍ തമ്മിലെ ശത്രുതാ രീതി പ്രശ്‌നപരിഹാരങ്ങള്‍ക്ക് തടസ്സമാവും. പിന്നീട് നടക്കുക ആയുധ മത്സരമാവും. തെറ്റുകള്‍ ആവര്‍ത്തിക്കുമ്പോള്‍ സ്വാഭാവികമായും അവയ്ക്ക് തിരിച്ചടികളുമുണ്ടാവും. അവ അനന്തമായി തുടര്‍ന്നുകൊണ്ടേ പോകും.
ഇത്തരം വിഷയങ്ങളില്‍ അനുയോജ്യമായ നിലപാട് തെരഞ്ഞെടുക്കുക എന്നാല്‍ മറ്റുള്ളവരുടെ പ്രവര്‍ത്തനരീതിയെ പിൻപറ്റുക, തിരിച്ചടിക്കുക എന്നിവയില്‍ ഒതുങ്ങുന്നില്ല. കാരണം നമ്മെ സംബന്ധിച്ചേടത്തോളം അത് പ്രാഥമികമായി താത്ത്വികമാണ്, മൂല്യ ബദ്ധമാണ്. പ്രതിപ്രവര്‍ത്തനം മാത്രമല്ല.
ആണവായുധം ഇസ്‌ലാമിക നിലപാട്
ഖുര്‍ആനും സുന്നത്തും ആധാരമാക്കി ആണവായുധ വിഷയത്തില്‍ എന്തു നിലപാട് സ്വീകരിക്കാം? ഈ വിഷയകമായി എല്ലാവരും സ്വീകരിക്കുന്ന നിലപാടു തന്നെയാണോ നാമും സ്വീകരിക്കേണ്ടത്. ഇവിടെ ആദമിന്റെ രണ്ടു മക്കളുടെ ചരിത്രം പ്രധാനമാവുന്നു. ഖുര്‍ആന്‍ പറയുന്നു:
وَاتْلُ عَلَيْهِمْ نَبَأَ ابْنَيْ آدَمَ بِالْحَقِّ إِذْ قَرَّبَا قُرْبَانًا فَتُقُبِّلَ مِنْ أَحَدِهِمَا وَلَمْ يُتَقَبَّلْ مِنَ الْآخَرِ قَالَ لَأَقْتُلَنَّكَۖ قَالَ إِنَّمَا يَتَقَبَّلُ اللَّهُ مِنَ الْمُتَّقِينَ . لَئِن بَسَطتَ إِلَيَّ يَدَكَ لِتَقْتُلَنِي مَا أَنَا بِبَاسِطٍ يَدِيَ إِلَيْكَ لِأَقْتُلَكَۖ إِنِّي أَخَافُ اللَّهَ رَبَّ الْعَالَمِينَ . إِنِّي أُرِيدُ أَن تَبُوءَ بِإِثْمِي وَإِثْمِكَ فَتَكُونَ مِنْ أَصْحَابِ النَّارِۚ وَذَٰلِكَ جَزَاءُ الظَّالِمِينَ . فَطَوَّعَتْ لَهُ نَفْسُهُ قَتْلَ أَخِيهِ فَقَتَلَهُ فَأَصْبَحَ مِنَ الْخَاسِرِينَ . فَبَعَثَ اللَّهُ غُرَابًا يَبْحَثُ فِي الْأَرْضِ لِيُرِيَهُ كَيْفَ يُوَارِي سَوْءَةَ أَخِيهِۚ قَالَ يَا وَيْلَتَا أَعَجَزْتُ أَنْ أَكُونَ مِثْلَ هَٰذَا الْغُرَابِ فَأُوَارِيَ سَوْءَةَ أَخِيۖ فَأَصْبَحَ مِنَ النَّادِمِينَ . مِنْ أَجْلِ ذَٰلِكَ كَتَبْنَا عَلَىٰ بَنِي إِسْرَائِيلَ أَنَّهُ مَن قَتَلَ نَفْسًا بِغَيْرِ نَفْسٍ أَوْ فَسَادٍ فِي الْأَرْضِ فَكَأَنَّمَا قَتَلَ النَّاسَ جَمِيعًا وَمَنْ أَحْيَاهَا فَكَأَنَّمَا أَحْيَا النَّاسَ جَمِيعًاۚ وَلَقَدْ جَاءَتْهُمْ رُسُلُنَا بِالْبَيِّنَاتِ ثُمَّ إِنَّ كَثِيرًا مِّنْهُم بَعْدَ ذَٰلِكَ فِي الْأَرْضِ لَمُسْرِفُونَ
നീ അവര്‍ക്ക് ആദമിന്റെ രണ്ടു പുത്രന്മാരുടെ കഥ വസ്തുനിഷ്ഠമായി വിവരിച്ചുകൊടുക്കുക. അവരിരുവരും ബലി നടത്തിയപ്പോള്‍ ഒരാളുടെ ബലി സ്വീകാര്യമായി. അപരന്റേത് സ്വീകരിക്കപ്പെട്ടില്ല. അപ്പോൾ അവന്‍ പറഞ്ഞു: ''ഞാന്‍ നിന്നെ കൊല്ലുക തന്നെ ചെയ്യും.'' അപരന്‍ പറഞ്ഞു: ''ഭക്തന്മാരുടെ ബലിയേ അല്ലാഹു സ്വീകരിക്കുകയുള്ളൂ.
''എന്നെ കൊല്ലാന്‍ നീ എന്റെ നേരെ കൈനീട്ടിയാലും നിന്നെ കൊല്ലാന്‍ ഞാന്‍ നിന്റെ നേരെ കൈനീട്ടുകയില്ല. തീര്‍ച്ചയായും ഞാന്‍ പ്രപഞ്ചനാഥനായ അല്ലാഹുവെ ഭയപ്പെടുന്നു.
''എന്റെ പാപവും നിന്റെ പാപവും നീ തന്നെ പേറണമെന്ന് ഞാന്‍ ഉദ്ദേശിക്കുന്നു; അങ്ങനെ നീ നരകാവകാശിയായിത്തീരണമെന്നും. അക്രമികള്‍ക്കുള്ള പ്രതിഫലം അതാണല്ലോ.''
എന്നിട്ടും അവന്റെ മനസ്സ് തന്റെ സഹോദരനെ വധിക്കാന്‍ അവനെ പ്രേരിപ്പിച്ചു. അങ്ങനെ അവന്‍ അയാളെ കൊന്നു. അതിനാല്‍ അവന്‍ നഷ്ടം പറ്റിയവരുടെ കൂട്ടത്തിലായി.
പിന്നീട് അവന് തന്റെ സഹോദരന്റെ മൃതദേഹം മറവുചെയ്യേണ്ടതെങ്ങനെയെന്ന് കാണിച്ചുകൊടുക്കാനായി ഒരു കാക്കയെ അല്ലാഹു അയച്ചു. അത് ഭൂമിയില്‍ ഒരു കുഴിമാന്തുകയായിരുന്നു. ഇതുകണ്ട് അയാള്‍ വിലപിച്ചു: ''കഷ്ടം! എന്റെ സഹോദരന്റെ മൃതദേഹം മറമാടുന്ന കാര്യത്തില്‍ ഈ കാക്കയെപ്പോലെയാകാന്‍ പോലും എനിക്കു കഴിഞ്ഞില്ലല്ലോ.'' അങ്ങനെ അവന്‍ കൊടും ഖേദത്തിലകപ്പെട്ടു.
അക്കാരണത്താല്‍ ഇസ്രയേല്‍ സന്തതികളോടു നാം കല്‍പിച്ചു: ''ആരെയെങ്കിലും കൊന്നതിനോ ഭൂമിയില്‍ കുഴപ്പമുണ്ടാക്കിയതിനോ അല്ലാതെ വല്ലവനും ഒരാളെ വധിച്ചാല്‍ അവന്‍ മുഴുവന്‍ മനുഷ്യരെയും വധിച്ചവനെപ്പോലെയാണ്. ഒരാളുടെ ജീവന്‍ രക്ഷിച്ചാല്‍ മുഴുവന്‍ മനുഷ്യരുടെയും ജീവന്‍ രക്ഷിച്ചവനെപ്പോലെയും.'' നമ്മുടെ ദൂതന്മാര്‍ വ്യക്തമായ തെളിവുകളുമായി അവരുടെ അടുത്ത് വന്നിട്ടുണ്ടായിരുന്നു. എന്നിട്ട് പിന്നെയും അവരിലേറെപേരും ഭൂമിയില്‍ അതിക്രമം പ്രവര്‍ത്തിക്കുന്നവരാണ്.' (മാഇദ: 27-32)
മുകളിലെ 'നീ നിന്റെ കൈ എന്നെ കൊല്ലാനായി എന്റെ നേരെ നീട്ടിയാല്‍ നിന്നെകൊല്ലാനായി എന്റെ കൈ നിന്നിലേക്ക് ഞാന്‍ നീട്ടുന്നതല്ല' എന്ന ഭാഗം പ്രത്യക്ഷത്തില്‍ ലോജിക്കല്ല. പീഡിപ്പിക്കാനായി നീ കൈനീട്ടിയാല്‍ നിന്നെ ഞാന്‍ തിരിച്ച് പീഡിപ്പിക്കില്ല' എന്ന് പറയുന്നത് യുക്തിസഹമല്ല. സമാധാന സ്വരമുള്ള മുസ്്ലിംകളില്‍നിന്ന് തങ്ങള്‍ക്ക് ഒരു ഭീഷണിയുമുണ്ടാവില്ല എന്ന് ശത്രുക്കള്‍ വിചാരിക്കുന്ന അവസ്ഥയുണ്ടാവും. ശത്രുക്കള്‍ എപ്പോഴും തിരിച്ചടി ഭയക്കാതെ നിര്‍ഭീതരായിരിക്കും. ഇവിടെ ചോദ്യം ഇതാണ്: ആദമിന്റെ മകന്‍ എന്തുകൊണ്ടായിരിക്കും ഈ നിലപാട് സ്വീകരിച്ചിരിക്കുക? നിലപാട് വ്യക്തമായി പ്രഖ്യാപിച്ചിരിക്കുക? എന്നിട്ടെന്തു സംഭവിച്ചു എന്നു നാം കണ്ടതാണ്. അയാള്‍ക്ക് സ്വജീവന്‍ നഷ്ടപ്പെട്ടു. അത്രതന്നെ. എന്നിട്ടും ഖുര്‍ആന്‍ അദ്ദേഹത്തെ ഗുണപാഠമായി നമ്മുടെ മുമ്പാകെ അവതരിപ്പിച്ചു. മക്കയിലെ ബഹുദൈവവിശ്വാസികളും വേദവിശ്വാസികളും ഇസ്്ലാമിനും മുസ് ലിംകള്‍ക്കുമെതിരില്‍ നാനാതരത്തിലുള്ള മര്‍ദനമുറകൾ സ്വീകരിച്ചപ്പോള്‍ പോലും മുസ് ലിംകള്‍ക്ക് പിന്‍പറ്റാവുന്ന മാതൃകയായി അവതരിപ്പിച്ചു.
ഖേദകരമെന്നു പറയട്ടെ, നമുക്ക് നമ്മുടെ താൽക്കാലിക നേട്ടങ്ങളില്‍ മാത്രമെ താല്‍പര്യമുള്ളൂ. തത്ത്വങ്ങളും മൂല്യങ്ങളും മുറുകെ പിടിക്കുന്നതുവഴി ലഭിക്കുന്ന ഫലങ്ങളെ നാം മറന്നുകളയുന്നു. പക്ഷെ, ഖുര്‍ആന്‍ നമ്മോട് ആവശ്യപ്പെടുന്നതാവട്ടെ, താഴെ സൂക്തങ്ങളിലെ ആന്തരാശയം പ്രയോഗവല്‍ക്കരിക്കാനാണ്. 'നന്മയും തിന്മയും സമമാവില്ല. നീ ഏറ്റവും നല്ലതുകൊണ്ട് പ്രതിരോധിക്കുക. അങ്ങനെയെങ്കില്‍, നിനക്കും മറ്റൊരാള്‍ക്കുമിടയില്‍ ശത്രുതയുണ്ടെങ്കില്‍ അയാള്‍ ആത്മമിത്രത്തെപോലെയാവും. ക്ഷമിച്ചവര്‍ക്കല്ലാതെ അത് നേടാന്‍ കഴിയുകയില്ല, നല്ല ഭാഗ്യം ഉള്ളവര്‍ക്കല്ലാതെ അത് നേടാനുമാവില്ല' (ഫുസ്സ്വിലത്ത് 34,35).
മാഇദ 37-32-ലെ ഉള്ളടക്കം ആദമിന്റെ രണ്ടുമക്കള്‍ക്കിടയിലെ വ്യക്തിപരമായ അതിക്രമത്തെക്കുറിച്ചാണെന്നാണ് പ്രത്യക്ഷ വായനയില്‍ മനസ്സിലാവുക. പക്ഷെ അത് ശരിയല്ല. കാരണം മാഇദ എട്ടു മുതല്‍ക്കുള്ള സൂക്തങ്ങള്‍ ദഅ്‌വത്തും ജിഹാദും സവിശേഷം ചര്‍ച്ച ചെയ്യുന്ന സൂക്തങ്ങളാണ്, വ്യക്തിപരമായ ബാധ്യതകളല്ല അവയിലെ പ്രതിപാദ്യം. വേദവിശ്വാസികളോടുള്ള സംബോധനക്കുശേഷം ഇരുപതാം സൂക്തം മുതല്‍ ഇസ്‌റായേല്‍ സന്തതികള്‍ക്കുള്ള ഉദ്‌ബോധനമാണ്. മൂസാനബി അവരെ ഫറോവയുടെ പീഡനങ്ങളില്‍നിന്ന് രക്ഷപ്പെടുത്തി ഫലസ്ത്വീനിലേക്ക് കൊണ്ടുവന്നു. എന്നിട്ടും അവര്‍ യുദ്ധം ചെയ്യാന്‍ മടിച്ചു. ഭീരുക്കളായി മാറി. അതിന്റെ പേരില്‍ അല്ലാഹു അവരെ ശിക്ഷിച്ചു. ശത്രുക്കളെ ജയിക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല. ഇക്കാര്യം വിശദീകരിച്ച ശേഷമാണ് ആദമിന്റെ രണ്ടു മക്കളുടെ കഥ വിവരിക്കുന്നത്. ആദര്‍ശാത്മക താത്ത്വിക നിലപാട് സ്വീകരിച്ച് സുകൃതവാനായ ആദം പുത്രന്‍ സ്വജീവന്‍ അതിനായി ബലി നല്‍കി. സാമൂഹിക വിഷയങ്ങള്‍ പരിഗണിക്കുമ്പോള്‍ ആദമിന്റെ ആ മകനെ മാതൃകയാക്കണമെന്നാണ് മുസ്്ലിംകളോട് ഖുര്‍ആന്‍ പറയുന്നത്.
ഫുസ്സ്വിലത്ത് 34,35 സൂക്തങ്ങളാകട്ടെ, മുസ് ലിംകള്‍ മക്കയില്‍ കൊടും പീഡനങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ടിരുന്ന സന്ദര്‍ഭത്തില്‍ അവതരിച്ചതാണ്. അതിനു മുമ്പുള്ള സൂക്തങ്ങളാകട്ടെ, ആദ്, സമൂദ് ഗോത്രങ്ങളുടെ ദൈവധിക്കാരത്തെയും തജ്ജന്യമായി അവര്‍ നേരിട്ട സര്‍വനാശത്തെയും എടുത്തു പറയുന്നവയുമാണ്. ശേഷമുള്ള സൂക്തങ്ങള്‍ മുസ്്ലിംകളോട് ക്ഷമപാലിക്കാന്‍ ആവശ്യപ്പെടുകയാണ്. ഇതില്‍നിന്നെല്ലാം നമുക്ക് മനസ്സിലാക്കാനുള്ളത്, തത്ത്വാധിഷ്ഠിത നിലപാടുണ്ടാവണം, അതില്‍ ഉറച്ചു നില്‍ക്കാന്‍ കഴിയണം എന്നതാണ്. തത്ത്വാധിഷ്ഠിത നിലപാടുകളുടെ ഫലങ്ങള്‍ കാണാന്‍ താമസമുണ്ടാവാം. പക്ഷെ, ആ നിലപാടാണ് ഹൃദയങ്ങളെ പരിപാലിക്കുക, പുഷ്ടിപ്പെടുത്തുക, ഉടനെയോ വൈകിയോ ഉണ്ടാവുന്ന അതിന്റെ പ്രയോജനത്തെക്കുറിച്ച് ജനങ്ങള്‍ക്ക് സ്വാഭാവിക ബോധ്യമുണ്ടാവും.
നിഷേധാത്മക നിലപാടിന്റെ അപകടങ്ങള്‍
മുകളില്‍ പറഞ്ഞ തത്ത്വാധിഷ്ഠിതവും വിവേകപൂര്‍ണവുമായ വീക്ഷണം മുൻനിർത്തി, മുസ്്ലിംകള്‍ ആണവ നിരായുധീകരണത്തെ പിന്തുണച്ചാല്‍ അവര്‍ ശത്രുക്കള്‍ക്ക് വിധേയരാവേണ്ടി വരും, അവരുടെ അസ്തിത്വം തന്നെ പ്രതിസന്ധിയിലാവും എന്നു പറഞ്ഞ് ഖണ്ഡിക്കാം. പക്ഷെ, അത് യാഥാര്‍ഥ്യനിഷ്ഠമല്ല. മറ്റുള്ളവരുടെ പിന്തുണയും സഹായവുമില്ലാതെ ഇന്നത്തെ സാഹചര്യത്തില്‍ ഒരു രാഷ്ട്രത്തിനും സ്വന്തം നിലയില്‍ മറ്റുള്ളവരെ ഒന്നും അടിച്ചേല്‍പ്പിക്കാന്‍ കഴിയുകയില്ല. അതിനു മറ്റു നാടുകളുടെ സഹായം വേണം.
അമേരിക്കയും മുന്‍ സോവിയറ്റ് യൂണിയനും തമ്മില്‍ നിലനിന്നിരുന്ന സംഘര്‍ഷങ്ങളുടെയും സംഘട്ടനങ്ങളുടെയും ഫലമായി രാജ്യങ്ങളുടെ പരസ്പര സഹകരണം എന്ന സ്ഥിതി സംജാതമായിട്ടുണ്ട് എന്നതും നാം കാണണം.
എല്ലാ ആണവശക്തികളും സഖ്യമുണ്ടാക്കി മുസ്്ലിംകളെ ഉന്മൂലനം പെയ്തുകളയും എന്നൊക്കെ ആശങ്കിക്കുന്നത് മിഥ്യാഭയം മാത്രമാണ്.
മുസ്്ലിംകള്‍ ഈ സമാധാന നിലപാട് സ്വീകരിച്ചാല്‍ ശത്രുക്കള്‍ അവരുടെ കഥ കഴിക്കും, ഭൂമിയില്‍ അവര്‍ക്ക് നിലനില്‍പുണ്ടാവുകയില്ല, ഇസ്്ലാമിക പ്രബോധനം അവസാനിച്ചു പോവും എന്നൊക്കെയുള്ള വാദങ്ങള്‍ അതിശയോക്തിപരമാണ്. കാരണം മുസ്്ലിംകള്‍ ഏറ്റവും കൂടുതല്‍ അധിവസിക്കുന്നത് ആണവ-രാസായുധങ്ങള്‍ കൈവശമുള്ള നാടുകളിലാണ്. അവര്‍ അതിന് അനുവദിക്കില്ല. ഇസ് ലാമിന്റെയും മുസ്്ലിംകളുടെയും താല്‍പര്യങ്ങള്‍ക്ക് ഭീഷണിയാവുന്ന ഒരു കാര്യം മുസ്്ലിം രാഷ്ട്രത്തിന്റെയോ മുസ്്ലിം രാഷ്ട്രകൂട്ടായ്മയുടെയോ താല്‍പര്യങ്ങള്‍ക്ക് ഭീഷണിയല്ല എന്നു പറയുന്നതും ഭോഷത്വമാണ്.
മനുഷ്യസമൂഹം നേരിടുന്ന ഒരു പൊതു പ്രശ്‌നവും ആവശ്യമായ അളവില്‍ പരിഗണിക്കപ്പെട്ടിട്ടില്ല. മുസ് ലിം അഭ്യസ്തവിദ്യര്‍ ഈ വക പ്രശ്‌നങ്ങള്‍ക്ക് മുന്തിയ പരിഗണന നല്‍കിയിട്ടില്ല. പണ്ഡിതന്മാരും ഫഖീഹുമാരും ഭീകരത, ദാരിദ്ര്യ നിര്‍മാര്‍ജനം എന്നീ വിഷയങ്ങളില്‍ മാത്രമേ പരിഹാരങ്ങള്‍ സമര്‍പ്പിച്ചിട്ടുള്ളൂ. മുസ്്ലിം പൊതുജനവിഭാഗങ്ങള്‍ ചില അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നുണ്ടെങ്കിലും അവയൊന്നും വൈജ്ഞാനികമായി സൂക്ഷ്മമോ മൗലികമോ അല്ല.
അന്‍ഫാല്‍ 60-ല്‍ 'ശത്രുക്കള്‍ക്കെതിരെ തയാറെടുപ്പുകള്‍ നടത്തുക' എന്ന ആഹ്വാനം മുന്‍നിര്‍ത്തി ആണവായുധീകരണം വേണ്ടതില്ലേ എന്ന് വാദിക്കുന്നവരുണ്ടാകാം. അവരുടെ വാദത്തെ മാനിക്കുന്നതോടൊപ്പം, ഏതൊരു കാര്യവും നന്മതിന്മകള്‍ താരതമ്യം ചെയ്തുവേണം വിലയിരുത്താന്‍ എന്നാണ് മറുപടി. ആണവായുധീകരണം നന്മയെക്കാള്‍ തിന്മകളാണ് സംഭാവന ചെയ്യുക എന്നതാണ് ലോകാനുഭവം എന്നത് നാം മറന്നുകൂടാത്തതാണ്.2
ഇത്രയും പറഞ്ഞതിന്റെ ഉദ്ദേശ്യം, മാനവത മൊത്തം നേരിടുന്ന ഏതു പ്രശ്‌നത്തിനും നമ്മുടേതായ പരിഹാരങ്ങള്‍ നിര്‍ദേശിക്കാന്‍ നമുക്കു കഴിയണം- ഇത് അതിനുള്ള ഒരു തുടക്കമാവട്ടെ. .
കുറിപ്പുകള്‍
1. صحيح البخاري ، كتاب الكفالة 2297
2. A Treatise on the Legal Status of Using Weapons of Mass Destruction against indidels, www.alfahad.com