മരിച്ചവരോട്
ജീവിച്ചിരിക്കുന്നവരോട് പ്രാര്‍ഥിക്കാന്‍ ആവശ്യപ്പെടുന്നത് ശരീഅത്തനുസൃതമായ നടപടിയാണ്. അതേസമയം മരിച്ചവരോട് പ്രാര്‍ഥിക്കാന്‍ ആവശ്യപ്പെടാന്‍ പാടില്ല. ജീവിച്ചിരിക്കുന്നവരോട് പ്രാര്‍ഥിക്കാന്‍ ആവശ്യപ്പെടാമെന്നും മരിച്ചവരോട് പാടില്ലെന്നും തെളിവുകളില്‍നിന്ന് മനസ്സിലാക്കാം. ആയതിനാല്‍, മരിച്ചുപോയ നബിമാരോടോ ഔലിയാക്കളോടോ നിങ്ങള്‍ പ്രാര്‍ഥിച്ച് സഹായിക്കണം എന്നു ആവശ്യപ്പെടുന്നത് ഇസ്‌ലാമികമായി ശരിയല്ല.
ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യയുടെ 'അല്‍ ഇസ്തിഗാസ ഫിര്‍റദ്ദി അലല്‍ ബക്‌രി' എന്ന കൃതിയില്‍ ഇങ്ങനെ കാണാം:
إذا كان معنى الاستغاثة هو الطلب منه، فما الدليل على أن الطلب منه ميتًا كالطلب منه حيًّا؟ وعلو درجته بعد الموت لا يقتضي أن يُسأل، كما لا يقتضي أن يُستفتى، ولا يمكن أحدًا أن يذكر دليلًا شرعيًّا على أن سؤال الموتى من الأنبياء والصالحين وغيرهم مشروع، بل الأدلة الدالة على تحريم ذلك كثيرة. حتى إذا قُدر أن الله وكَّلهم بأعمال يعملونها بعد الموت؛ لم يلزم من ذلك جواز دعائهم، كما لا يجوز دعاء الملائكة؛ وإن كان الله وكّلهم بأعمال يعملونها؛ لما في ذلك من الشرك، والذريعة إلى الشرك.
'ഇസ്തിഗാസ എന്നതിന്റെ അര്‍ഥം സഹായം ആവശ്യപ്പെടലാണെങ്കില്‍ മരിച്ചവരോട് ആവശ്യപ്പെടുന്നത്, ജീവിച്ചിരിക്കുന്നവരോട് ആവശ്യപ്പെടുന്നതുപോലെയാണെന്നതിന് എന്താണ് തെളിവ്? മരിച്ചയാളുടെ പദവി മരണശേഷം ഉയരുന്നു എന്നതുകൊണ്ട് അയാളോട് ഫത്‌വ ചോദിക്കാന്‍ പാടില്ല എന്നതുപോലെ അയാളോട് ചോദിക്കാം എന്നും വരുന്നില്ല. മരിച്ചുപോയ നബിമാരോടോ സ്വാലിഹുകളോടോ മറ്റോ ചോദിക്കാമെന്നതിന് ശര്‍ഇയായ തെളിവുകള്‍ സമര്‍പ്പിക്കാന്‍ ഒരാള്‍ക്കും കഴിയുകയില്ല. എന്നുമാത്രമല്ല, അത് ഹറാമാണെന്നതിന് തെളിവുകള്‍ ധാരാളമുണ്ടുതാനും. മരണാനന്തരം പ്രവര്‍ത്തിക്കാന്‍ അല്ലാഹു അവരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് സങ്കല്‍പിച്ചാല്‍ പോലും അവരോട് പ്രാര്‍ഥിക്കല്‍ അനുവദനീയമാണെന്നു വരുന്നില്ല. മലക്കുകളെ അല്ലാഹു ജോലികള്‍ ഏല്‍പിച്ചിട്ടുണ്ടെങ്കിലും ശിര്‍ക്കാണെന്നതിനാലും ശിര്‍ക്കിലേക്കുള്ള വഴിയാണെന്നതിനാലും അവരോടു പ്രാര്‍ഥിക്കല്‍ അനുവദനീയമല്ല എന്നതുപോലെയാണിതും.
النفي عاد إلى الشيئين: إلى الاستغاثة به بعد الموت، وإلى أن يطلب منه ما لا يقدر عليه إلا الله، فكيف إذا اجتمعا جميعًا؟ فإن من الناس من يستغيث بالموتى من الأنبياء والصالحين، ويطلب منهم ما لا يقدر عليه إلا الله.
'രണ്ടു കാര്യങ്ങള്‍ പാടില്ല. മരണാനന്തരം സഹായാര്‍ഥന നടത്തുന്നതും അല്ലാഹുവിനല്ലാതെ കഴിയാത്തവ ആവശ്യപ്പെടുന്നതും. അല്ലാഹുവിനല്ലാതെ കഴിയാത്തകാര്യം മരിച്ചവരോട് ചോദിച്ചാല്‍ പിന്നെ എങ്ങനെയിരിക്കും? ജനങ്ങളില്‍ മരിച്ചുപോയ നബിമാരോടും സ്വാലിഹുകളോടും സഹായം തേടുന്നവരും അല്ലാഹുവിനല്ലാതെ കഴിയാത്തവ അവരോട് ചോദിക്കുന്നവരുമുണ്ട്.'
لا يمكن أحد أن يقول: إن النبي صلى الله عليه وسلم شرع لأمته أن يستغيثوا بميت، لا نبي، ولا غيره، لا في جلب منفعة، ولا دفع مضرة، لا بهذا اللفظ، ولا معناه. فلا يشرع لهم أن يدعوا ميتًا، ولا يسألوه، ولا يدعوا إليه، ولا أن يستجيروا به، ولا يدعوه لا رهبة، ولا رغبة، ولا يقول أحد لميت: أنا في حسبك، أو أنا في جوارك، أو أنا أريد أن تفعل كذا وكذا ... ولا يشرع لأحد أن يقول لميت: سل الله لي، أو ادع لي. ولا يشرع لهم أن يشكوا إلى ميت؛ فيقول أحدهم مشتكيًا إليه: عليّ دين، أو آذاني فلان، أو قد نزل بها العدو، أو أنا مريض، أو أنا خائف، ونحو ذلك من الشكاوى، سواء كان هذا السائل عند قبر الميت، أو كان بعيدًا منه، وسواء كان الميت نبيًّا أو غيره.
'മരിച്ചത് നബിയോ അല്ലാത്തവരോ ആവട്ടെ- ആരെയും ഉപകാരം നേടാനായോ, ഉപദ്രവം തടുക്കാനായോ ഈ പദമോ ആശയമോ ഉപയോഗിച്ച് സഹായാര്‍ഥന നടത്താമെന്ന് നബി(സ) അനുവദിച്ചതായി ആര്‍ക്കും പറയുക സാധ്യമല്ല. മരിച്ചവരോട് പ്രാര്‍ഥിക്കാനോ ചോദിക്കാനോ വിളിക്കാനോ അഭയം തേടാനോ, ഭയത്തോടും ആഗ്രഹത്തോടും പ്രാര്‍ഥിക്കാനോ ഞാന്‍ നിങ്ങളുടെ സവിധത്തിലാണ്, നിങ്ങള്‍ ഇന്നയിന്ന കാര്യങ്ങള്‍ ചെയ്തുതരണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.... എന്നിങ്ങനെയൊന്നും പറയാവതല്ല. മരിച്ചവരോട്, നിങ്ങള്‍ എനിക്ക് വേണ്ടി അല്ലാഹുവോട് ചോദിക്കുക എന്നൊക്കെ പറയുന്നത് അനുവദനീയമല്ല. മരിച്ചവരോട്, എനിക്ക് കടബാധ്യതയുണ്ട്, ശത്രു എന്നെ സമീപിച്ചിരിക്കുന്നു, ഞാന്‍ രോഗിയാണ്, ഞാന്‍ ഭയന്നിരിക്കുകയാണ് മുതലായ ആവലാതികള്‍ പറയാവതല്ല. ചോദിക്കുന്ന ആള്‍ ഖബ്‌റിനടുത്തായാലും ദൂരെയായാലും, മരിച്ചയാള്‍ നബിയാണെങ്കിലും അല്ലെങ്കിലും ഇതുതന്നെയാണ് നിയമം.'
ഇബ്‌നു തൈമിയ്യ തുടരുന്നു:
ما نُفي عنه -صلى الله عليه وسلم-، وعن غيره من الأنبياء والمؤمنين؛ أنهم لا يُطلب منهم بعد الموت شيء؛ ولا يطلب منهم في الغيبة شيء؛ لا بلفظ الاستغاثة، ولا الاستعاذة، ولا غير ذلك، ولا يطلب منهم ما لا يقدر عليه إلا الله: حكم ثابت بالنص، وإجماع علماء الأمة، مع دلالة العقل على ذلك؛ فلا يحتاج إلى ذكر حديث فيه نفي ذلك عن نفسه، كقوله: “إنه لا يستغاث بي، وإنما يستغاث بالله”، فإن هذا اللفظ هو بمنزلة أن يقال: لا يستعاذ به، ولا غيره من المخلوقين، وإنما يستعاذ بالله عز وجل، وهذا كله معلوم، وكذلك لفظ الاستجارة، وأما طلب ما يقدر عليه في حياته، فهذا جائز، سواء سُمي استغاثة، أو استعاذة، أو غير ذلك.
'മുഹമ്മദ് നബി(സ) ഉള്‍പ്പെടെയുള്ള നബിമാരോടോ സത്യവിശ്വാസികളോടോ അവരുടെ അസാന്നിധ്യത്തിലോ മരണാനന്തരമോ ശരണം തേടുന്നതും സഹായാര്‍ഥനയോ മറ്റോ നടത്തുന്നതും അല്ലാഹുവിനല്ലാതെ കഴിയാത്ത കാര്യങ്ങള്‍ ആവശ്യപ്പെടുന്നതും പാടില്ല എന്നത് ഖണ്ഡിതമായ വിധിയും മുസ്‌ലിം സമുദായത്തിലെ പണ്ഡിതന്മാരുടെ ഏകകണ്ഠാഭിപ്രായവും ബുദ്ധിസാക്ഷ്യം വഹിക്കുന്ന കാര്യവുമാണ്. ഇത് തന്നോട് പാടില്ലെന്ന് നബി(സ) പ്രത്യേകിച്ച് പറയേണ്ടതായിട്ടില്ല. അതായത്, 'എന്നോട് സഹായം തേടരുത്, അല്ലാഹുവിനോട് മാത്രമെ സഹായം തേടാന്‍ പാടുള്ളൂ' എന്ന് നബി(സ) വിലക്കേണ്ടതില്ല. 'നബി(സ)യോടോ ഇതര സൃഷ്ടികളോടോ ശരണം തേടാന്‍ പാടില്ല. അല്ലാഹുവിനോട് മാത്രമെ ശരണം തേടാന്‍ പാടുള്ളൂ' എന്ന വാചകത്തിന്റെ സ്ഥാനമാണ് മേല്‍വാചകം. (അല്ലാഹുവിനോടെ പാടുള്ളൂ എന്നുപറഞ്ഞാല്‍ മറ്റുള്ളവരോട് പാടില്ല എന്നു പ്രത്യേകം പറയേണ്ടതില്ല എന്നര്‍ഥം) ഇതെല്ലാം അറിയപ്പെട്ട വസ്തുതയാണ്. ഇതുപോലെത്തന്നെയാണ് അഭയം തേടിക്കൊണ്ടുള്ള വാചകവും. അതേസമയം ജീവിച്ചിരിക്കുന്നവരോട് അവര്‍ക്കു കഴിയുന്ന കാര്യങ്ങള്‍ ചെയ്തു തരാന്‍ ആവശ്യപ്പെടുന്നത് അനുവദനീയമാണ്. അതിന് സഹായാര്‍ഥന, ശരണാര്‍ഥന എന്നൊക്കെ പറഞ്ഞാലും ശരി.'
നബി(സ)യുടെ വിയോഗശേഷം സ്വഹാബികള്‍ സ്വീകരിച്ച നിലപാട് ഇതിന് ഏറ്റവും നല്ല തെളിവാണ്. കഠിനമായ സാഹചര്യങ്ങളുണ്ടായിട്ടും അവര്‍ നബി(സ)യുടെ മരണാനന്തരം അവിടുത്തോട് സഹായാര്‍ഥന നടത്തിയില്ല, പ്രാര്‍ഥിക്കാന്‍ ആവശ്യപ്പെട്ടില്ല. ചില അറബ് ഗോത്രങ്ങള്‍ ഇസ്‌ലാം പരിത്യജിച്ചു; റോമും പേര്‍ഷ്യയും ഇസ്‌ലാമിനെതിരെ യുദ്ധം പ്രഖ്യാപിച്ചു. ഉമറി(റ)ന്റെ ഭരണകാലത്ത് വരള്‍ച്ചയുണ്ടായപ്പോള്‍ നബി(സ)യോട് സഹായാര്‍ഥന നടത്തിയില്ല. നബി(സ)യുടെ ജീവിച്ചിരിപ്പുള്ള പിതൃവ്യന്‍ അബ്ബാസിനെ പ്രാര്‍ഥനക്ക് മധ്യവര്‍ത്തിയാക്കുകയായിരുന്നു. ശൈഖ് അല്‍ബാനി 'അത്തവസ്സുലു, അന്‍വാഉഹു വഅഹ്കാമുഹു' എന്ന കൃതിയില്‍ എഴുതുന്നു: 'സ്വാലിഹുകളെ മാധ്യമമാക്കി ഇടതേട്ടം നടത്തുക എന്നാല്‍ അവരുടെ സത്തയെയോ, പദവി ബഹുമതികളെയോ, അവകാശത്തെയോ മുന്‍നിര്‍ത്തി ഇടതേട്ടം നടത്തുക എന്നല്ല, പ്രത്യുത, അദ്ദേഹം വിനയാന്വിതനായി പ്രാര്‍ഥിക്കുക, അല്ലാഹുവോട് സഹായാര്‍ഥന നടത്തുക എന്നതാണ്. ഇതേക്കുറിച്ചാണ് ഉമര്‍(റ) اللهم إنا كنا نتوسل إليك بنبينا، فتسقينا
'അല്ലാഹുവേ, ഞങ്ങള്‍ ഞങ്ങളുടെ നബി(സ)യെ മുന്‍നിര്‍ത്തി നിന്നോട് ഇടതേട്ടം നടത്തിയിരുന്നു. അപ്പോള്‍ നീ ഞങ്ങള്‍ക്ക് മഴ വര്‍ഷിച്ചിരുന്നു' എന്ന് വ്യക്തമാക്കിയത്. അതായത്, 'ഞങ്ങളുടെ നബി(സ)യുടെ വിയോഗശേഷം, അദ്ദേഹത്തിന്റെ പിതൃവ്യന്‍ അബ്ബാസിനെയുമായി ഞങ്ങള്‍ വന്നിരിക്കുന്നു, അദ്ദേഹത്തോട് ഞങ്ങള്‍ക്ക് മഴവര്‍ഷിച്ചു തരാനായി നിന്നോട് പ്രാര്‍ഥിക്കാന്‍ ഞങ്ങള്‍ ആവശ്യപ്പെട്ടിരിക്കുന്നു. ഉമര്‍(റ), മരിച്ചുപോയ നബി(സ)യോട് ഇടതേടാതെ നബി(സ)യുടെ മഹത്വത്തിന്റെ എത്രയോ താഴെയുള്ള ജീവിച്ചിരിക്കുന്ന അബ്ബാസിനെ മുന്‍നിറുത്തി മഴക്കുവേണ്ടി പ്രാര്‍ഥിച്ചതാണ് ഇവിടെ നാം കണ്ടത്.
നബി(സ)യുടെ വിയോഗശേഷം അവിടുത്തെ മുന്‍നിറുത്തി ഇടതേട്ടം സാധ്യമല്ല. സ്വഹാബികള്‍ എങ്ങനെയാണ് ജീവിച്ചിരിപ്പില്ലാത്ത നബി(സ)യെ സമീപിച്ച് കാര്യങ്ങള്‍ വിശദീകരിച്ചു നല്‍കുക? പ്രാര്‍ഥിക്കാന്‍ ആവശ്യപ്പെടുക? പ്രാര്‍ഥന സ്വീകരിക്കേണമേ എന്ന് ജീവിച്ചിരിപ്പില്ലാത്ത അദ്ദേഹം ആമീന്‍ പറയുക? ഭൗതിക ലോകസാഹചര്യങ്ങളില്‍നിന്ന് തീര്‍ത്തും വ്യത്യസ്തവും അല്ലാഹുവിനു മാത്രം അറിയാവുന്നതുമായ പാരത്രിക സാഹചര്യങ്ങളിലാണല്ലോ ഇപ്പോള്‍ അവിടുന്നുള്ളത്. പിന്നെ എങ്ങനെയാണ് നബി(സ)യുടെ പ്രാര്‍ഥന ലഭിക്കുക? ശുപാര്‍ശ പ്രതീക്ഷിക്കുക? 'അവര്‍ക്കു പിന്നില്‍ -മരണാനന്തരം- പുനരുത്ഥാന ദിവസം വരെ ഒരു മറയുണ്ട്.' എന്ന് അല്ലാഹു പ്രസ്താവിച്ചിരിക്കെ, നബി(സ)യുടെയും സ്വഹാബികളുടെ ഇടയില്‍ എങ്ങനെയാണ് ഈ വിധമുള്ള ഇടപെടലുകളുണ്ടാവുക?
ഇതുകൊണ്ടെല്ലാമാണ് ജീവിതത്തിന്റെ സിംഹഭാഗവും നബി(സ)യോടൊപ്പം കഴിച്ചുകൂട്ടിയ, പലസന്ദര്‍ഭങ്ങളിലും തന്റെ അഭിപ്രായങ്ങളുമായി ഖുര്‍ആന്‍ ഒത്തുവന്ന, ഇസ് ലാമിനെ ശരിയാംവണ്ണം മനസ്സിലാക്കിയ ഉമര്‍(റ) സാധ്യവും പ്രാപ്യവുമായ ഇടതേട്ടത്തിന് നബി(സ)യുടെ ബന്ധു എന്ന നിലയിലും ഭക്തി പരിഗണിച്ചും അബ്ബാസിനെ ക്ഷണിച്ചുവരുത്തിയത്. നബി(സ)യെ മാധ്യമമാക്കി ഇടതേടാന്‍ ഏതെങ്കിലും സാധ്യത ഉണ്ടായിരുന്നുവെങ്കില്‍ ഒരു കാരണവശാലും അബ്ബാസിനേയോ മറ്റാരേയെങ്കിലുമോ ഉമര്‍(റ) ഉപയോഗപ്പെടുത്തുമായിരുന്നില്ല. ഇക്കാര്യം നാം നന്നായി ധരിച്ചിരിക്കണം. സ്വഹാബികള്‍ അതിന് ഉമറി(റ)നെ അനുവദിക്കുകയുമില്ലായിരുന്നു. നബി(സ)യെ മാധ്യമമാക്കി ഇടതേടാതെ മറ്റുള്ളവരെ മാധ്യമങ്ങളായി സ്വീകരിക്കുന്നത്, നമസ്‌കാരത്തില്‍ നബി(സ)യെ പിന്‍പറ്റാതെ മറ്റുള്ളവരെ പിന്തുടരുന്നതു പോലെയാണ്.
الإستغاثة والتوسّل بالأولياء الموتى islamweb.net