സെക്കുലറിസം വിമര്‍ശിക്കപ്പെടുന്നു

ഷഹ്നാസ് ബീഗം‌‌
img

പുതിയൊരു പഠന ശാഖയാണ് പോസ്റ്റ് സെക്കുലറിസം. ഇപ്പോഴും അതിന്റെ പ്രാരംഭദശ പിന്നിട്ടു കഴിഞ്ഞിട്ടില്ല. രണ്ടായിരമാണ്ടിന്റെ ആദ്യ ദശകത്തിലാണ് തല്‍സംബന്ധമായ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കുന്നത്. 2009-ല്‍ 'പോസ്റ്റ് സെക്കുലര്‍ കണ്ടെത്തല്‍' എന്ന ശീര്‍ഷകത്തില്‍ ഹാര്‍വാര്‍ഡ് യൂനിവേഴ്‌സിറ്റിയില്‍ ഒരു സെമിനാര്‍ നടക്കുകയുണ്ടായി. 2010-ല്‍ വാഷിംഗ്ടണിലെ സെയിന്റ് ലൂയിസ് യൂനിവേഴ്‌സിറ്റി മതപഠന ഫാക്കല്‍റ്റി 'പോസ്റ്റ് സെക്കുലര്‍ ലോകത്തിലെ സെക്കുലര്‍ ചര്‍ച്ചകള്‍' എന്ന ശീര്‍ഷകത്തില്‍ മറ്റൊരു സെമിനാര്‍ സംഘടിപ്പിച്ചു. ജര്‍മന്‍ തത്ത്വശാസ്ത്രജ്ഞന്‍ യൂര്‍ഗിന്‍ ഹൈബര്‍മാസ് (Jurgen Habermas), അദ്ദേഹത്തിന്റെ കനേഡിയന്‍ സുഹൃത്ത് ചാള്‍സ് ടൈലര്‍, അമേരിക്കന്‍ അക്കാദമികന്‍ പീറ്റര്‍ ബെര്‍ഗര്‍, സ്പാനിഷ് വംശജനായ നരവംശ ശാസ്ത്രജ്ഞന്‍ ഖോസെ കാസനോവ (Jose Casanova) എന്നിവരടക്കം ഒരുകൂട്ടം അക്കാദമികര്‍ ഈ സെമിനാറില്‍ പങ്കെടുക്കുകയുണ്ടായി. മതത്തെയും മതാനുബന്ധ പ്രശ്‌നങ്ങളെയും തുറന്ന ചര്‍ച്ചക്ക് വിധേയമാക്കിയ സെമിനാര്‍ സമൂഹത്തെയും ജീവിതത്തിന്റെ നിഖില മേഖലകളെയും കൈപ്പിടിയിലൊതുക്കിയ സെക്കുലര്‍ യുഗം അതിന്റെ അപചയ ഘട്ടത്തിലേക്ക് പ്രവേശിപ്പിച്ചിരിക്കുയാണെന്ന് അഭിപ്രായപ്പെട്ടു. പടിഞ്ഞാറ് അഭിമുഖീകരിക്കുന്ന പ്രതിസന്ധികള്‍ക്കുള്ള ഏറ്റവും മികച്ച പരിഹാരമൊന്നുമല്ല സെക്കുലറിസം എന്ന കാഴ്ചപ്പാടാണ് ഈ സെമിനാറില്‍ ഉയര്‍ന്ന് വന്നത്. 'പോസ്റ്റ് സെക്കുലര്‍ സമൂഹത്തിലെ രാഷ്ട്രീയവും സംസ്‌കാരവും' എന്ന വിഷയത്തില്‍ പൊളോണിയ (Polonia) യൂനിവേഴ്‌സിറ്റിയില്‍ നടന്നതാണ് മറ്റൊരു സെമിനാര്‍.

അശ്‌റഫിന്റെ പുസ്തകത്തിന്റെ ഉള്ളടക്കത്തിലേക്ക് കടക്കും മുമ്പ് പടിഞ്ഞാറ് സെക്കുലര്‍ ചിന്താഗതിയുടെ ഉദ്ഭവ പശ്ചാത്തലത്തെക്കുറിച്ച് ഒരു ഓട്ട പ്രദക്ഷിണം നന്നായിരിക്കും. ആധുനിക സമൂഹത്തിന്റെ നിര്‍മാണത്തില്‍ മാത്രമല്ല വ്യക്തികളുടെ ജീവിതത്തില്‍ പോലും സര്‍വാധികാരത്തോടെ പിടിമുറുക്കിയ ഒരു ചിന്താഗതിയാണ് സെക്കുലറിസം. പാശ്ചാത്യ സംസ്‌കാരത്തിന്റെ മുഖ്യ ആരൂഢങ്ങളിലൊന്നായാണ് അത് എണ്ണപ്പെടുന്നത്. മതം പവിത്രമായി കരുതുന്ന എല്ലാ മൂല്യമണ്ഡലങ്ങളെയും നിരാകരിക്കുന്നതാണ് അതിന്റെ അടിസ്ഥാനം. മനുഷ്യ ജീവിതത്തിന്റെ സാമൂഹിക രാഷ്ട്രീയ മേഖലകളിലുള്ള മതത്തിന്റെ ഇടപെടലിനെ സെക്കുലറിസം വിസമ്മതിക്കുന്നു. ക്രൈസ്തവമതത്തെ കേവല മതാചാരങ്ങളായി ചുരുക്കിക്കെട്ടിയതിനെ തങ്ങളുടെ വിജയമായി സെക്കുലറിസ്റ്റുകള്‍ അഭിമാനിക്കുന്നു. അതുകൊണ്ട് മാത്രമാണ് യൂറോപ്പ് പുരോഗതി പ്രാപിച്ചതെന്നാണ് അവരുടെ വാദം. സാമൂഹിക ജീവിതത്തില്‍ മതാധ്യാപനങ്ങളുടെ പങ്കിനെ നിഷേധിക്കുന്ന, മനുഷ്യ ജീവിതം കറങ്ങുന്ന ഈ അച്ചുതണ്ടാണ് സെക്യുലറിസത്തിന്റെ അകക്കാമ്പ്. എങ്കിലും ഏകമുഖമായ ഒരു സിദ്ധാന്തമല്ല സെക്കുലറിസം എന്ന വാദഗതിക്കാരുമുണ്ട്. ഒരേയൊരു സെക്കുലറിസമല്ല, അനേകം സെക്കുലറിസമുണ്ട് എന്നാണ് അവരുടെ നിലപാട്. സര്‍ക്കാര്‍ ഡിപ്പാര്‍ട്ടുമെന്റുകളില്‍ മാത്രമല്ല പൊതുരംഗത്തും മതപരമായ പ്രകാശനം തടയുന്ന ഫ്രഞ്ച് സെക്കുലറിസ(Laicite)ത്തില്‍നിന്ന് വ്യത്യസ്തമാണ് പൊതുമണ്ഡലത്തില്‍ ഹിജാബും സ്‌കാര്‍ഫും അനുവദിക്കുന്ന അമേരിക്കന്‍ സെക്കുലറിസം.

അറബ് ലോകത്ത് സെക്കുലറിസത്തിന് വിവിധ വായനകളുണ്ട്. അതിനെ ചരിത്രപരമായി വായിച്ച ഈജിപ്ഷ്യന്‍ ചിന്തകനാണ് പരേതനായ ഹസന്‍ ഹനഫി (1935-2021). തീര്‍ത്തും പാശ്ചാത്യമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി യൂറോ-ക്രൈസ്തവ ചരിത്രത്തിന്റെ ഉള്ളടരുകളില്‍ നിന്നുടലെടുത്ത പടിഞ്ഞാറന്‍ ചിന്തയാണ് അതെന്നാണ് ഹനഫിയുടെ പക്ഷം. സലാമ മൂസ, ഫറഹ് അന്‍ത്വോന്‍, ശിബ്‌ലി ശമീല്‍ തുടങ്ങിയ പൗരസ്ത്യ ക്രൈസ്തവരുടെ കവാടങ്ങളിലൂടെ ഇറക്കുമതി ചെയ്യപ്പെട്ട പാശ്ചാത്യ ചരക്കാണ് സെക്കുലറിസമെന്ന് അദ്ദേഹം പറയുന്നു. ന്യൂനപക്ഷ സംരക്ഷണത്തിന്റെ പേരില്‍ മതത്തെ രാഷ്ട്രത്തില്‍നിന്ന് അടര്‍ത്തി മാറ്റലായിരുന്നു അവരുടെ ലക്ഷ്യം. മുസ്‌ലിം ഭൂരിപക്ഷം തിങ്ങിപ്പാര്‍ക്കുന്ന അറബ് രാജ്യങ്ങളിലേക്കുള്ള സെക്കുലറിസത്തിന്റെ നുഴഞ്ഞുകയറ്റം സെക്കുലറിസവും ഇസ്‌ലാമിക ശരീഅത്തും തമ്മിലുള്ള സംഘട്ടനത്തിന് വഴിവെച്ചു. ഇസ്‌ലാമിക ശരീഅത്തിന്റെ പ്രയോഗവല്‍ക്കരണവും സെക്കുലറിസത്തിന്റെ സാക്ഷാല്‍ക്കാരവും ഒരേ സമയത്ത് എങ്ങനെ നടക്കും? അതിന് ഹനഫി കാണുന്ന പരിഹാരം ഇതാണ്: ശരീഅത്തിന്റെ മൗലിക ലക്ഷ്യങ്ങളായ (മഖാസ്വിദ) അവശ്യപഞ്ചകത്തില്‍ പെട്ട ദീന്‍ (മതം), ജീവന്‍, ബുദ്ധി, മാനം, ധനം എന്നിവയുടെ സംരക്ഷണം തന്നെയാണ് സെക്കുലറിസവും ലക്ഷ്യംവെക്കുന്ന പൊതു താല്‍പര്യങ്ങള്‍. ഇസ്‌ലാം അതിന്റെ മൗലികതയില്‍ ഒരേസമയം തന്നെ സെക്കുലറും മതപരവുമാണ്. അതിനാല്‍ മറ്റൊരു നാഗരികതയില്‍നിന്ന് കൂടുതലായൊരു സെക്കുലറിസം കടംകൊള്ളേണ്ട ആവശ്യം ഇസ്‌ലാമിനില്ല. ന്യൂനപക്ഷ സംരക്ഷണമാകട്ടെ, വ്യത്യസ്ത മതന്യൂനപക്ഷങ്ങള്‍ നൂറ്റാണ്ടുകളോളം സമാധാനത്തിലും സഹവര്‍ത്തിത്വത്തിലും പുലര്‍ന്ന ചരിത്രം ഇസ്‌ലാമിന് അവകാശപ്പെടാനുണ്ട് താനും.
എന്നാല്‍, മൊറോക്കന്‍ ചിന്തകനായ മുഹമ്മദ് ആബിദ് അല്‍ജാബിരി അറബ് ലോകത്തിലെ സെക്കുലര്‍ പ്രശ്‌നത്തെ കാണുന്നത് മറ്റൊരു കോണിലൂടെയാണ്. അറബ് ലോകത്തെ സംബന്ധിച്ചിടത്തോളം വ്യാജവും കൃത്രിമവുമായ ഒരു ചിന്താ വൈകൃതമാണതെന്നാണ് അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. മനുഷ്യാവകാശങ്ങളെ മാനിക്കുന്ന ജനാധിപത്യവുമായി പൊരുത്തപ്പെടുന്നതല്ല അതെന്നാണ് അതിന്റെ കാരണമായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. പാശ്ചാത്യ സെക്കുലറിസത്തിന്റെ ജീവനാകട്ടെ ഈ മനുഷ്യാവകാശങ്ങളാണു താനും. ക്രൈസ്തവ പൗരോഹിത്യത്തിന്റെ അധികാര ചട്ടക്കൂട്ടില്‍നിന്ന് രാഷ്ട്രത്തെ രക്ഷിച്ചെടുക്കാനാണ് സെക്കുലറിസം ഉല്‍ഭവിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇസ്‌ലാമിക ലോകത്തിന് അപരിചിതമായൊരു അനുഭവമാണത്. അതില്‍നാല്‍തന്നെ ഇസ്‌ലാമിന് ആവശ്യമില്ലാത്തതാണ് അതെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു.

ഫ്രാങ്കോഫോന്‍ ചിന്തകനായ മുഹമ്മദ് അര്‍കൂനാകട്ടെ മതപരവുമായതും രാഷ്ട്രീയമായതും തമ്മില്‍ വേര്‍പെടുത്തുന്ന പ്രക്രിയയായി സെക്കുലറിസത്തെ ചുരുക്കിക്കെട്ടുന്നതിനോട് യോജിക്കുന്നില്ല. കാരണം അതിനേക്കാള്‍ ആഴം അദ്ദേഹത്തിന്റെ ദൃഷ്ടിയില്‍ സെക്കുലറിസത്തിനുണ്ട്. യാഥാര്‍ഥ്യാന്വേഷണവുമായി ബന്ധപ്പെട്ടതാണത്. സത്യം സാക്ഷാല്‍ക്കരിക്കുന്നതിന് സമരം ചെയ്യുന്ന ജ്ഞാന സിദ്ധാന്തത്തിന്റെ ഒരു മാനം അതിനദ്ദേഹം കാണുന്നു. അതിനാല്‍ ജ്ഞാനവുമായി കൂടി ബന്ധപ്പെട്ട പ്രശ്‌നമാണതെന്ന് അര്‍കൂന്‍ പറയുന്നു. എന്നാല്‍ ഫ്രഞ്ച് സെക്കുലറിസത്തിന്റെ ആവിഷ്‌കാര രൂപത്തിലുള്ളത് പോലെ ചിന്താ സ്വാതന്ത്ര്യത്തിന് കടിഞ്ഞാണിടുന്ന ഐഡിയോളജിയായി അതിനെ മാറ്റുന്നതിന് എതിരാണദ്ദേഹം.
സെക്കുലറിസത്തെ ദാര്‍ശനിക സിദ്ധാന്തമായി പരിഗണിച്ചവരുടെ കൂട്ടത്തിലാണ് ആദില്‍ ളാഹിര്‍. മൃദു സെക്കുലറിസം അമൃദു സെക്കുലറിസം എന്നിങ്ങനെ സെക്കുലറിസത്തെ അദ്ദേഹം രണ്ടായി പിരിക്കുന്നു. ഈ നോട്ടപ്പാടില്‍ മനുഷ്യന്‍ ഒന്നുകില്‍ മതപരനോ അല്ലെങ്കില്‍ സെക്കുലറോ ആണ്. രണ്ടിനെയും കൂട്ടിയിണക്കുന്ന മൂന്നാമതൊരു രീതി ഇല്ല. ആദില്‍ ളാഹിരിനെപ്പോലെത്തന്നെ സെക്കുലറിസത്തെ രണ്ടായി വിഭജിച്ച ചിന്തകനാണ് യശഃശരീരനായ ഈജിപ്ഷ്യന്‍ പണ്ഡിതന്‍ അബ്ദുല്‍ വഹാബ് മസീരി (1938-2008). ഭാഗിക സെക്കുലറിസം, സമഗ്ര സെക്കുലറിസം എന്നിങ്ങനെയാണ് അദ്ദേഹത്തിന്റെ വിഭജനം. ഒന്നാമത്തേത് മതത്തെ രാഷ്ട്രത്തില്‍നിന്ന് വേര്‍പെടുത്തുമ്പോള്‍ രണ്ടാമത്തേത് അതിനെയും കവച്ചുവെച്ചു മതപരവും ധാര്‍മികവും മാനവികവുമായ എല്ലാ മൂല്യങ്ങളെയും രാഷ്ട്രത്തില്‍നിന്ന് മാറ്റിനിര്‍ത്തുന്നു; രാഷ്ട്രത്തില്‍നിന്ന് മാത്രമല്ല പ്രകൃതിയില്‍നിന്നും ജീവിതത്തില്‍നിന്ന് പോലും മാറ്റിനിര്‍ത്തുന്ന തലത്തോളം അത് ചെന്നെത്തുന്നു. പാശ്ചാത്യ രാജ്യങ്ങളില്‍ പുലരുന്ന ഈ സെക്കുലറിസം മസീരിയുടെ ദൃഷ്ടിയില്‍ ഇസ്‌ലാമിക സമൂഹങ്ങളില്‍ നടപ്പിലാക്കാന്‍ കൊള്ളാത്തതാണ്. എന്നാല്‍, ഭാഗിക സെക്കുലറിസമാകട്ടെ അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ നൂറ്റാണ്ടുകളോളം സമൂഹങ്ങളിലുടനീളം നിലനിന്നു പോന്നിട്ടുള്ളതുമാണ്. കാരണം അതിന്റെ നിലനില്‍പ് മതത്തോട് ശത്രുത പുലര്‍ത്താതെ മതപരമായതിനെയും രാഷ്ട്രീയമായതിനെയും വെവ്വേറെ കാണുന്നതില്‍ മാത്രമാണ്.

രാഷ്ട്രത്തെയും സമൂഹത്തെയും വരിഞ്ഞു മുറുക്കുന്ന ഒരു ഐഡിയോളജിയായി മാറി എന്നതാണ് സെക്കുലറിസത്തെ കുറിച്ച് ഉന്നയിക്കപ്പെടുന്ന ഒരു വിമര്‍ശം; പ്രസിദ്ധ നരവംശശാസ്ത്രജ്ഞയും ത്വലാല്‍ അസദിന്റെ (മുഹമ്മദ് അസദിന്റെ പുത്രന്‍) ശിഷ്യയുമായ സബാഹ് മഹ്മൂദിന്റെ ഭാഷയില്‍ മറ്റൊരു മതം തന്നെയായി മാറിയിട്ടുണ്ട് സെക്കുലറിസം. നിര്‍ദയം സ്വന്തം ഉത്തരവുകള്‍ പുറപ്പെടുവിക്കുന്ന അടിച്ചമര്‍ത്തലിന്റെ ദൈവശാസ്ത്രാധികാരം പോലെയാണ് ഇന്ന് സെക്കുലറിസത്തിന്റെ പെരുമാറ്റം. രൂക്ഷമായ വിമര്‍ശനത്തിന് മുന്നില്‍ അതിന്റെ അടിയുറപ്പിന് ഇളക്കം തട്ടിത്തുടങ്ങിയിരിക്കയാണ്. സകലത്തിലും സംശയം വിതച്ച അതിന്റെ വിശ്വാസ ദാര്‍ഢ്യത്തിന് വിള്ളലുകള്‍ സൃഷ്ടിക്കാന്‍ ആ വിമര്‍ശനങ്ങള്‍ക്ക് സാധിച്ചിരിക്കുന്നു. സെക്കുലറിസത്തിന്റെ അടിസ്ഥാന സംരചനാ പ്രതിസന്ധികളുടെ ഈ പശ്ചാത്തലത്തില്‍ ഉരുവം പ്രാപിച്ച പുത്തന്‍ സങ്കല്‍പനമാണ് പോസ്റ്റ്് സെക്കുലറിസം.
അശ്‌റഫിന്റെ 'പോസ്റ്റ് സെക്കുലറിസം' മലയാളത്തില്‍ ഈ വിഷയകമായി ഇറങ്ങുന്ന പ്രഥമ കൃതിയാണ്. ആധുനിക സെക്കുലറിസത്തിന്റെ രേഖയീ സഞ്ചാരവും, സെക്കുലറിസ്റ്റ് വിഭാവനയുടെ പരിമിതികളും ആ രേഖീയ സങ്കല്‍പത്തെ വെല്ലുവിളിച്ചു കൊണ്ട് രംഗപ്രവേശം ചെയ്ത രാഷ്ട്രീയ സാമൂഹിക പ്രതിഭാസങ്ങളും, സെക്കുലറിസം പില്‍ക്കാലത്ത് വിധേയമായ വിമര്‍ശനങ്ങളും വ്യത്യസ്ത സാഹചര്യങ്ങളില്‍ വികസിച്ച പ്രസ്തുത വിമര്‍ശനങ്ങളുടെ വൈവിധ്യമാര്‍ന്ന അടരുകളുമാണ് ഈ പുസ്തകത്തിലെ പ്രതിപാദ്യം. മതവും സെക്കുലറിസവും തമ്മിലുള്ള അധികാര ബന്ധങ്ങള്‍ മാത്രമാണ് ഇതിലൂടെ ഗ്രന്ഥകാരന്‍ പരിശോധിക്കുന്നത്. രണ്ടില്‍ ഏതാണ് മെച്ചമെന്ന വിലയിരുത്തല്‍ പുസ്തക രചനയുടെ ലക്ഷ്യമല്ലെന്ന് ഗ്രന്ഥകാരന്‍ തന്നെ പറയുന്നുണ്ട്. മതം, സെക്കുലറിസം പോലുള്ള ദ്വന്ദങ്ങള്‍ തമ്മിലുള്ള ബന്ധത്തിന്റെ സാഹചര്യങ്ങളാണ് എഴുത്തുകാരന്റെ അന്വേഷണ മേഖല. ഒന്ന് മറ്റൊന്നിനെ കീഴ്‌പ്പെടുത്താതെ പരസ്പര പൂരകമാകുന്നതിന്റെ സാധ്യത തേടുന്ന പഠനം. പൊതുവെ കേരളത്തിലെ സാമൂഹിക പ്രസ്ഥാനങ്ങളും രാഷ്ട്രീയ കക്ഷികളുമൊക്കെ സെക്കുലറിസത്തെ കാണുന്നത് ഒരു വിശുദ്ധ പശുവായാണ്. അതിനെ വിമര്‍ശന ദൃഷ്ടിയോടെ കാണുന്നവര്‍ വിരളമാണ്. മാത്രമല്ല, അന്താരാഷ്ട്ര അക്കാദമിക വേദികളില്‍ ഈ വിഷയകമായി നടക്കുന്ന വിമര്‍ശന പഠനങ്ങളെക്കുറിച്ച് അവരില്‍ മിക്കവരും അജ്ഞരുമാണ്. ഈ പഠനത്തിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്ന ഘടകമാണിത്. കേരളത്തില്‍ നിലനില്‍ക്കുന്ന ഈ പരിമിതികളെ അതിവര്‍ത്തിക്കുകയും രാഷ്ട്രാന്തരീയ അക്കാദമിക വേദികളില്‍ സെക്കുലറിസത്തെ കുറിച്ചു നടക്കുന്ന പുനരാലോചനകള്‍ പരിചയപ്പെടുത്തുകയുമാണ് ഈ പുസ്തകം നിര്‍വഹിക്കുന്ന ധര്‍മമെന്ന് ഗ്രന്ഥകാരന്‍ അവകാശപ്പെടുന്നു.

ഏഴ് അധ്യായങ്ങളാണ് പുസ്തകത്തിനുള്ളത്. ആദ്യ അധ്യായത്തില്‍ പോസ്റ്റ് സെക്കുലറിസം പഠനങ്ങള്‍ വികസിച്ച രാഷ്ട്രീയ സാഹചര്യങ്ങളും അത് സ്വീകരിച്ച വിമര്‍ശ പദ്ധതിയും ഈ പഠനങ്ങള്‍ പ്രതിപാദിക്കുന്ന വിഷയങ്ങളും വിവരിക്കുന്നു. മതവും സെക്കുലറിസവും തമ്മിലുള്ള അധികാര ബന്ധങ്ങളുടെ ചരിത്രവും വര്‍ത്തമാനവും ആഴത്തില്‍ പഠനവിധേയമാക്കിയ രണ്ട് പ്രധാന ചിന്തകന്മാരാണ് തലാല്‍ അസദും ചാള്‍സ് ടൈലറും. ഈ വിഷയകമായുള്ള അവരുടെ വിശകലനങ്ങളാണ് രണ്ടാം അധ്യായത്തില്‍. ഈ അധ്യായത്തെ മൂന്ന് ഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ആദ്യഭാഗത്ത് ടൈലറുടെ വിശകലനങ്ങളാണ്. മതത്തിന്റെ കേവലമായ അഭാവമായല്ല ടൈലര്‍ സെക്കുലറിസത്തെ കാണുന്നത്. ചരിത്രപരമായ നിര്‍മാണമെന്ന നിലയില്‍ കാണേണ്ട രാഷ്ട്രീയ ചിന്താ പ്രശ്‌നമാണ് അതെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. അതിനാല്‍ തന്നെ പരസ്പരം മത്സരിക്കുന്ന അഭിവീക്ഷണങ്ങളല്ല അവ. ജീവിതത്തെ ഒന്നല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ മനസ്സിലാക്കുന്ന ഗാഢരൂപവുമായി ബന്ധമുള്ള ജൈവികാനുഭവത്തിന്റെ വൈവിധ്യമാര്‍ന്ന ഇനങ്ങളാണവ. പോസ്റ്റ് സെക്കുലറിസത്തോടുള്ള സമീപനത്തില്‍ തലാല്‍ അസദ് പുലര്‍ത്തുന്ന സമീപന സവിശേഷതകളാണ് രണ്ടാം ഭാഗത്ത് ചര്‍ച്ച ചെയ്യുന്നത്. ഈ ചര്‍ച്ചകളില്‍ ഇസ് ലാമിന് സവിശേഷ ഇടം നല്‍കിയ പ്രധാന ചിന്തകന്മാരിലൊരാളാണ് അസദ്. മധ്യകാലഘട്ടത്തിലെ ക്രൈസ്തവ യൂറോപ്പിലാണ് സെക്കുലറിസത്തിന്റെ വംശാവലി അസദ് കണ്ടെത്തുന്നത്. മൂന്നാം ഭാഗത്ത് ടൈലറുടെയും അസദിന്റെയും രീതി ശാസ്ത്രങ്ങള്‍ തമ്മിലുള്ള വ്യത്യാസങ്ങള്‍ ഗ്രന്ഥകാരന്‍ ചൂണ്ടിക്കാട്ടുന്നു. ഈ വിശകലനങ്ങളിലൂടെ കടന്നുപോകുന്ന വായനക്കാരന് പ്രസ്തുത പഠനമേഖലയിലെ ചര്‍ച്ചകളുടെ സാര്‍വലൗകിക സ്വഭാവവും പൊതുവെ അതിന്റെ ആന്തര വൈവിധ്യവും മനസ്സിലാക്കാന്‍ സാധിക്കും.

മൂന്നാംഭാഗത്ത് വായില്‍ ഹല്ലാഖ്, സല്‍മാന്‍ സഈദ്, ഷെര്‍മണ്‍ ജാക്‌സന്‍, ഉവൈമിര്‍ അന്‍ജും തുടങ്ങി അസദ് ചിന്തയെ വിശാലമായ ചട്ടക്കൂട്ടില്‍ വികസിപ്പിച്ചെടുക്കുന്ന ദൗത്യം ഏറ്റെടുത്ത അക്കാദമികരെ വായനക്കാരന് പരിചയപ്പെടാം. പോസ്റ്റ് സെക്കുലര്‍ ലോകത്തിലെ ഇസ്‌ലാമിന്റെ ഇടമാണ് ഈ അക്കാദമികരുടെ അന്വേഷണ മേഖല. മറുവശത്ത് അബ്ദുല്ല നഈം, അഖീല്‍ ബല്‍ഗ്രാമി, ഹാമിദ് ഇനായത്ത് തുടങ്ങി പോസ്റ്റ് സെക്കുലര്‍ ഇസ്‌ലാമിന്റെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുകയും ഒരു സെക്കുലര്‍ ഇസ്‌ലാമിന്റെ സാധ്യതകള്‍ ഊന്നിപ്പറയുകയും ചെയ്ത വേറെ ചിന്തകരുമുണ്ട്. സെക്കുലറിസത്തെ ഒറ്റ സെക്കുലറിസമായി കാണുന്നതിന് പകരം അനേകം സെക്കുലറിസമായി കാണാന്‍ ഇഷ്ടപ്പെടുന്ന ഫ്രഞ്ചു ചരിത്രകാരനും സോഷ്യോളജിസ്റ്റുമായ ഴാന്‍ ബോബേറിയോ (Jan Bauberiot) ഇവരോടൊപ്പം ചേരുന്നു. ഈ വ്യത്യസ്ത സെക്കുലറിസം ഓരോന്നും അതതിന്റെ സമൂഹത്തിലെ സാഹചര്യങ്ങളും സാമൂഹിക ഘടകങ്ങളുമായി

പൊരുത്തപ്പെടുന്നതായിരിക്കും എന്നതാണ് ബോബേറിയോവിന്റെ കാഴ്ചപ്പാട്. ഇസ്‌ലാമിക സെക്കുലറിസത്തിന്റെ സാധ്യത പോലും അദ്ദേഹം ഇതില്‍നിന്ന് മാറ്റിനിര്‍ത്തുന്നില്ല. രാഷ്ട്രീയാധികാരത്തിന്റെ നിഷ്പക്ഷത മാത്രമാണ് അദ്ദേഹത്തിന്റെ വീക്ഷണത്തില്‍ സെക്കുലറിസത്തിന്റെ സത്ത. പൊതുമണ്ഡലത്തില്‍ മതപരവും സാംസ്‌കാരികവുമായ ആവിഷ്‌കാരങ്ങളും അവയുടെ പ്രകടനവും തടയാതിരിക്കുക എന്നതാണ് ഈ നിഷ്പക്ഷതയുടെ അനിവാര്യ താല്‍പര്യം.

നാലാം അധ്യായത്തില്‍ ജന്റര്‍, മതം, സാമൂഹിക ശ്രേണികള്‍ എന്നീ തലങ്ങളിലുള്ള സെക്കുലറിസം ചര്‍ച്ചകളുടെ പുതിയ വായനകള്‍ കാണാം. ജന്‍ഡര്‍, കീഴാള വര്‍ഗങ്ങള്‍, മുസ്‌ലിം ന്യൂനപക്ഷം എന്നിവരുടെ നേരെ വിദ്വേഷവും ശത്രുതയും പ്രകടിപ്പിക്കാന്‍ ഭാഷ എന്ന നിലയില്‍ സെക്കുലറിസം എങ്ങനെ ദുരുപയോഗം ചെയ്യുന്നു എന്ന് കാണിച്ചുതരാനാണ് ഈ ചര്‍ച്ചകള്‍ ശ്രമിക്കുന്നത്. മൂന്ന് ഭാഗങ്ങളായി തിരിച്ച ഈ അധ്യായത്തിലെ ഒന്നാം ഭാഗത്ത് അശീഷ് നന്ദി, ലതാമണി, ടി.എന്‍ മദനന്‍, സുമിത് സര്‍ക്കാര്‍ എന്നിവര്‍ ഈ മണ്ഡലത്തില്‍ നടത്തിയ വിമര്‍ശനങ്ങളുടെ സംഭാവനകള്‍ പരിചയപ്പെടുത്താനുള്ള ശ്രമമാണ്. അശിഷ് നന്ദി സെക്കുലറിസത്തെ പാടേ തള്ളിപ്പറയുമ്പോള്‍ കുറവുകള്‍ പരിഹരിച്ചു മുന്നോട്ടു പോകുന്നതാണ് നല്ലതെന്ന കാഴ്ചപ്പാടാണ് സുമിതി സര്‍ക്കാര്‍ സമര്‍പ്പിക്കുന്നത്. തുടര്‍ന്നുള്ള ഭാഗത്ത് സഹീര്‍ ബാബര്‍, ആദ്യത്യ നിഗം, രാജീവ് ഭാര്‍ഗവ, അഖീല്‍ ബല്‍ഗ്രാമി, റോമില ഥാപ്പര്‍ തുടങ്ങിയ ബുദ്ധിജീവികള്‍ സെക്കുലറിസത്തോട് സ്വീകരിച്ച നിലപാടുകള്‍ വിശദീകരിക്കുന്നു. പാര്‍ഥാ ചാറ്റര്‍ജി, വിവേക് ധരേശ്വര്‍, ശബ്‌നം തീജാനി, ഇര്‍ഫാന്‍ അഹ്മദ്, സല്‍മാന്‍ സഈദ്, എം.എസ്.എസ് പാണ്ഡ്യന്‍ തുടങ്ങിയ അനുകൂലമോ പ്രതികൂലമോ ആയ നിലപാടുകളില്‍നിന്ന് അകലം പാലിച്ച് സെക്കുലറിസം വിമര്‍ശത്തെ പുനര്‍നിര്‍മിക്കാന്‍ ശ്രമിച്ചവരുടെ നിരീക്ഷണങ്ങളാണ് ഈ അധ്യായത്തിന്റെ അവസാന ഭാഗത്ത് വരുന്നത്.
യൂറോപ്പിലെയും അമേരിക്കയിലെയും പോസ്റ്റ് സെക്കുലറിസം പഠനങ്ങളില്‍ കാണപ്പെടുന്ന പുതിയ പ്രവണതകളാണ് അഞ്ചാം അധ്യായത്തിലെ ഉള്ളടക്കം. പോസ്റ്റ് സെക്കുലറിസം ചിന്തക്കകത്തെ വൈവിധ്യം അനാവരണം ചെയ്യുന്ന യൂര്‍ഗിന്‍ ഹൈബര്‍മാസും വില്യം കോണ്‍വാലീയും തമ്മില്‍ നടന്ന സംവാദം ഇവിടെ പരാമര്‍ശിക്കപ്പെടുന്നു. ലൂക്കാ മാവെല്ലി(Luca Mavelli)യുടെ വായനയെ ഗ്രന്ഥകാരന്‍ ഇവിടെ പ്രയോജനപ്പെടുത്തുന്നു. മിഷേല്‍ ഫൂക്കോ, കാള്‍ ഷ്മിറ്റ് എന്നിവര്‍ ഈ രംഗത്ത് നടത്തിയ പുനര്‍വായനയുടെ സംഗ്രഹം ഈ അധ്യായത്തിന്റെ മൂന്നാം ഭാഗത്ത് ഗ്രന്ഥകാരന്‍ സമര്‍പ്പിക്കുന്നു. പോസ്റ്റ് സെക്കുലറിസത്തില്‍ എന്നും വളരെ പ്രധാനമായ പരമാധികാരത്തിന്റെ പ്രശ്‌നമാണ് ഈ പുനര്‍വായനയില്‍ വിശകലനം ചെയ്യപ്പെടുന്നത്.
സെക്കുലറിസം വിമര്‍ശത്തില്‍ സിഗ്മണ്ട് ഫ്രോയ്ഡും ഴാക്ക് ലാക്കാനും നിര്‍വഹിച്ച മാനസികാപഗ്രഥനത്തെക്കുറിച്ചു രാഷ്ട്രീയ-ദൈവശാസ്ത്ര പുനര്‍വായന നടത്താനുള്ള  സോള്‍ ന്യൂമാന്റെ (Soul Newman) ശ്രമങ്ങളിലേക്ക് വെളിച്ചം വീശുന്നതാണ് ഈ അധ്യായത്തിലെ നാലാംഭാഗം. അഞ്ചാം ഭാഗത്ത് സ്ലാവോയ് സീസെക്ക്, ടെറി ഈഗ്ള്‍ടന്‍ എന്നിവര്‍ പോസ്റ്റ് സെക്കുലറിസത്തിന്റെ വിവക്ഷയെ കുറിച്ചു നടന്ന ചര്‍ച്ചകളില്‍ പങ്കെടുത്തുകൊണ്ട് വിശ്വാസം, മതം, മാര്‍ക്‌സിസം, ദൈവശാസ്ത്ര പ്രശ്‌നങ്ങള്‍ എന്നിവയോടു പുലര്‍ത്തുന്ന സമീപന വ്യതിരിക്തത അനാവരണം ചെയ്യുന്നു. കൂടാതെ മധ്യകാല ഘട്ടത്തിലെ തോമസ് അക്വിനാസ്, അഗസ്റ്റിന്‍ പുണ്യവാളന്‍ എന്നിവരുടെ സംഭാവനകളെ കൂടി സീസെക്കും ഈഗ്ള്‍ടണും പുനര്‍വായന നടത്തുന്നുണ്ട്. മാര്‍ക്‌സിസത്തിലും മാനസികാപഗ്രഥനത്തിലും തല്‍പരനായ സീസെക്ക് ക്രൈസ്തവതയില്‍ നാസ്തികതക്ക് അടിസ്ഥാനം കണ്ടെത്താനും പ്രതിസന്ധികളില്‍നിന്ന് മോചനം നേടാനും പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഇതാണ് ഏകവഴി എന്ന് ഊന്നിപ്പറയുകയും ചെയ്യുന്നു.

മൂന്ന് ഭാഗങ്ങളില്‍ വിഭജിതമാണ് ആറാം അധ്യായം. അവ 'ഡികൊളോണിയല്‍' വീക്ഷണത്തിലൂടെയുള്ള സെക്കുലറിസം പഠനത്തില്‍ കേന്ദ്രീകരിക്കുന്നു. ഡികൊളോണിയല്‍ പഠന മേഖലക്ക് മികച്ച സംഭാവനകള്‍ നല്‍കിയ വാള്‍ട്ടര്‍ ഡി മാഗ്നോലൊ (Water D Magnolo), ആനിബല്‍ ക്വയാനോ (Anibal Quijano), സില്‍വിയാ വിന്റര്‍ (Sylvia Wynter) സോഫിയ അര്‍ജാന (Sophia Arjana) തോമസ് മസ്റ്റാക്ക് (Thomas Mastac) എന്നിവരുടെ അപഗ്രഥനങ്ങളാണ് ഈ ഭാഗത്തുള്ളത്. ഈ അക്കാദമികരുടെ നിരീക്ഷണങ്ങള്‍ വായിക്കുമ്പോള്‍ ഇസ്‌ലാമിന്റെയും ക്രൈസ്തവതയുടെയും വിഷയത്തില്‍ അവരുടെ അപനിര്‍മാണ പഠനങ്ങള്‍ പുതിയ ചക്രവാളങ്ങള്‍ എങ്ങനെയാണ് തുറന്നിടുന്നതെന്നും, ലാറ്റിന്‍ വായനകളുമായി ഈ വായനകള്‍ താരതമ്യം ചെയ്യുമ്പോള്‍ മതത്തെയും സെക്കുലറിസത്തെയും സംബന്ധിച്ച് പോസ്റ്റ് സെക്കുലറിസം ഉല്‍പാദിപ്പിക്കുന്ന നവ ചിന്തകളിലേക്ക് എങ്ങനെയാണ് നയിക്കുന്നതെന്നും മനസ്സിലാക്കാം.

ഏഴാം അധ്യായത്തിന് അഞ്ച് ഭാഗങ്ങളുണ്ട്. പഴയ ലോകത്തും പുതിയ ലോകത്തും മതത്തിന്റെ നിര്‍വചനത്തിലുണ്ടായിരുന്ന വീക്ഷണ വ്യത്യാസങ്ങളാണ് ഒന്നാം ഭാഗത്ത് ചര്‍ച്ച ചെയ്യുന്നത്. രണ്ടാം ഭാഗത്ത് മാനി മതത്തെയും ഇസ്‌ലാമിനെയും ക്രൈസ്തവതയെയും കുറിച്ച ഡമസ്‌കസിലെ യോഹന്നാന്റെ നിരീക്ഷണങ്ങള്‍ പരാമൃഷ്ടമാകുന്നു.

സാര്‍വലൗകിക മതങ്ങളുടെ വിവക്ഷയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് മൂന്നാം ഭാഗത്ത്. ഈ ഭാഗം വായിക്കുമ്പോള്‍ സാമ്രാജ്യ ശക്തികള്‍ തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് വേണ്ടി മതത്തെ എങ്ങനെ ചൂഷണം ചെയ്തു എന്ന ചിത്രം അനാവൃതമാകും. ഇന്ത്യയില്‍ ബ്രിട്ടീഷ് സാമ്രാജ്യത്വം ഹിന്ദുക്കളിലെ ജാതി ശ്രേണിയെ ചൂഷണം ചെയ്ത് താഴെ തട്ടിലുള്ള വിഭാഗങ്ങള്‍ക്കെതിരെ സവര്‍ണ വിഭാഗത്തെ കൂട്ടുപിടിച്ചു സ്വന്തം താല്‍പര്യങ്ങള്‍ പരിരക്ഷിക്കാന്‍ ശ്രമിക്കുകയുണ്ടായി. അമേരിക്കയിലെയും ജപ്പാനിലെയും അവസ്ഥയും ഏറെ ഭിന്നമല്ല. മതത്തിന്റെ പുരോയാനത്തിന് മുന്നിലെ കടമ്പകള്‍ എങ്ങനെ മറികടക്കാം എന്ന ആലോചനകളാണ് അവസാന അധ്യായത്തില്‍. മത-മതേതര പഠനത്തില്‍ പോസ്റ്റ് സെക്കുലറിസം മുന്നോട്ടുവെക്കുന്ന ജ്ഞാനപദ്ധതികളെ സംബന്ധിച്ച നിര്‍ദേശങ്ങളും ഈ ഭാഗത്ത് ചര്‍ച്ചക്കെടുക്കുന്നുണ്ട്. പോസ്റ്റ് സെക്കുലറിസത്തെക്കുറിച്ചു തനിക്ക് സ്വന്തമായ വീക്ഷണങ്ങളുണ്ടെങ്കിലും അതൊന്നും ഈ ഗ്രന്ഥത്തിന്റെ വിഷയമല്ലെന്നും ആ വിഷയകമായി വിധികള്‍ പ്രസ്താവിക്കാതെ തദ്‌സംബന്ധമായ ഒരു പ്രവേശിക മാത്രമേ ഈ ഗ്രന്ഥത്തിലൂടെ ഉദ്ദേശിച്ചിട്ടുള്ളൂ എന്നും ഗ്രന്ഥകാരന്‍ ഊന്നിപ്പറയുന്നു.

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top