കായികവിനോദങ്ങള്‍ ഇസ്‌ലാമിക നാഗരികതയില്‍ - 2/2

ബറാഅ് നിസാര്‍ റയാന്‍‌‌
img

പന്തുകളി
ഇസ്‌ലാമിക നാഗരിക ചരിത്രത്തില്‍ പൗരപ്രമുഖരെന്നോ സാധാരണക്കാരെന്നോ വ്യത്യാസമില്ലാതെ സാര്‍വജനീനമായ സ്വീകാര്യത ലഭിച്ചിരുന്ന വിനോദമായിരുന്നു പന്തുകളി. കുതിരപ്പുറത്തു കയറിയായിരുന്നു കളി. പന്തടിക്കാന്‍ ഉപയോഗിച്ചിരുന്ന ബാറ്റ് 'സ്വൗലജാന്‍' 'ജൗകാന്‍' എന്നറിയപ്പെട്ടു. അബൂമന്‍സ്വൂര്‍ അല്‍ അസ്ഹരി (മ.ഹി 370 / ക്രി. 981) 'തഹ് ദീബുല്ലുഗ എന്ന പദകോശത്തില്‍ 'സ്വൗലജാന്‍' എന്ന പദത്തിന്റെ അര്‍ഥം വിവരിക്കുന്നത് ഇങ്ങനെ: സ്വൗലജാന്‍= അറ്റം വളഞ്ഞ വടി. മൃഗങ്ങളുടെ പുറത്തിരുന്ന് കൊണ്ട് അതുപയോഗിച്ച് പന്തടിക്കുന്നു. മരത്തിലുള്ളപ്പോള്‍ തന്നെ സ്വാഭാവികമായി വളഞ്ഞിരുന്ന വടിയെ 'മിഹ്ജൻ' എന്നു വ ിളിക്കുന്നു. പേര്‍ഷ്യന്‍ പദമായ സ്വൗലജാന്‍ പിന്നീട് അറബിവല്‍ക്കരിക്കപ്പെടുകയായിരുന്നു. അല്ലാമാ ഇബ്‌നുല്‍ അംശാത്വി (മ.ഹി 1288 / ക്രി. 1497) ഇബ്‌നു ന്നഫീസി (ഹി. 687/ ക്രി. 1288) ന്റെ 'അല്‍ മൂജസുഫിത്ത്വിബ്ബ്' വിശദീകരിച്ചെഴുതിയത് അല്ലാമാ അഹ്്മദ് തൈമൂര്‍ പാഷ (മ.ഹി. 1348 / ക്രി. 1930) ഉദ്ധരിക്കുന്നതിങ്ങനെ: 'അശ്വാഭ്യാസികള്‍ പന്തുപയോഗിച്ച് കളിക്കുന്ന വിനോദമാണ് സ്വൗലജാന്‍. - സ്വൗലജാന്‍ ബാറ്റു മാത്രമല്ല, കളിയുടെ പേരുകൂടിയാണെന്നര്‍ഥം- കുതിരപ്പുറത്തു വരുന്ന ഒരു അശ്വാഭ്യാസി നിലത്തുള്ള വലിയ പന്ത്, അറ്റത്ത് ഒരുചാണോളം വലുപ്പമുള്ള വടികൊണ്ട് അടിച്ചു തെറിപ്പിക്കുന്നു. തുടര്‍ന്ന് മറ്റു അശ്വാഭ്യാസികള്‍ ആ പന്തിനു പിന്നാലെ ചെന്ന് അടിക്കുന്നു. മത്സരിച്ചെത്തി ആദ്യം അടിക്കുന്നവര്‍ ജയിച്ചതായി പ്രഖ്യാപിക്കുന്നു.'

ഇതേ പന്തിന് സാധാരണക്കാര്‍ 'അത്ത്വാബ്' എന്നും വിളിച്ചിരുന്നു. ശാമുകാര്‍ ഇപ്പോഴും അതേപേരാണ് ഉപയോഗിക്കുന്നത്. ഇന്ന് പ്രചാരത്തിലുള്ള പോളോ കളിയുടെ ഉത്ഭവം ഇതില്‍നിന്നാണെന്ന് വ്യക്തമാണ്. മുന്‍കാല ഡോക്ടര്‍മാര്‍ രോഗികള്‍ക്ക് ഈ കളി നിര്‍ദേശിച്ചിരുന്നു. ഇബ്‌നു അബീ ഉസ്വൈബീഅ (മ.ഹി 668/ക്രി. 1269) 'ഉയൂനുല്‍ അമ്പാഅ് ഫീ അഖ്ബാരില്‍ അത്വിബ്ബാഅ്' എന്ന കൃതിയില്‍ എഴുതുന്നു. ക്രി. 216-ല്‍ നിര്യാതനായ Aelius Galenus / Claudius Galenus 'കിതാബുര്‍രിയാദ ബില്‍കുറത്തി സ്സ്വഗീറ' (ചെറിയ പന്തുപയോഗിച്ച് കായികാഭ്യാസം പരിശീലിക്കുന്നതിനെക്കുറിച്ച് പ്രതിപാദിക്കുന്ന ഗ്രന്ഥം) എന്ന പേരില്‍ ഒരു പുസ്തകം എഴുതിയിരുന്നു. ചെറിയ പന്തും സ്വൗലജാനും ഉപയോഗിച്ചുള്ള കളിയെ Galensu മറ്റേതു തരം കളികളേക്കാളും മികച്ചതായി കാണുന്നു.'

ഇബ്‌നു ന്നഫീസ് പറഞ്ഞതായി തൈമൂര്‍ പാഷ എഴുതുന്നു: 'സ്വൗലജാന്‍ ഉപയോഗിച്ചുള്ള കളി മനസ്സിനും ശരീരത്തിനും ഒരുപോലെ ഉന്മേഷദായകവും പ്രയോജനകരവുമാണ്' അറബികള്‍ പേര്‍ഷ്യക്കാരില്‍നിന്ന് ഈ കളി പഠിച്ചെടുത്തു. പേര്‍ഷ്യന്‍ ചക്രവര്‍ത്തി അര്‍ദശീര്‍ ബാബകി (മ.ക്രി. 242)ന്റെ സവിധത്തില്‍ ഈ കളി സംഘടിപ്പിച്ചിരുന്നു. രാജാക്കന്മാര്‍ക്കും ഖലീഫമാര്‍ക്കും നേതാക്കള്‍ക്കുമെല്ലാം ഏറ്റവും പ്രിയങ്കരം ഈ കളിയായിരുന്നു. ഇബ്‌നുല്‍ അജ്മിയുടെ പൗത്രന്‍ (മ.ഹി. 884/ക്രി. 1479) 'കുനൂസുദ്ദഹബി'ല്‍ എഴുതുന്നു: 'പന്തുകളിച്ച ഒന്നാമത്തെ ഖലീഫ ഹാറൂന്‍ റശീദാ (മ.ഹി 193/ക്രി. 809)ണ്. മകന്‍ മുഹമ്മദുൽ അമീന്‍ (മ.ഹി 198/ക്രി. 814) ഈ കളി പ്രേമം പിതാവില്‍നിന്ന് ഏറ്റുവാങ്ങി തന്റെ ഭരണകാലത്ത് പന്തുകളിക്ക് മുന്തിയ പരിഗണന നല്‍കി. ഇമാം സുയൂത്വി മ.ഹി 911/ക്രി. 1506) 'താരീഖുല്‍ ഖുലഫാഇ'ല്‍ എഴുതുന്നു: അധികാരമേറ്റെടുത്തതിന്റെ രണ്ടാം നാള്‍ മുഹമ്മദുല്‍ അമീന്‍, മന്‍സ്വൂറിന്റെ കൊട്ടാരത്തിനടുത്തായി പന്തുകളിക്കാനായി മൈതാനം തയാറാക്കാന്‍ ഉത്തരവിട്ടു'

ഈജിപ്തിലെ ത്വൂലൂനിയ രാഷ്ട്ര സ്ഥാപകന്‍ അമീര്‍ അഹ് മദ് ബ്‌നു ത്വൂലൂന്‍ (മ.ഹി 270/ ക്രി. 883). ഇതേ മാതൃകയില്‍ പന്തുകളി പ്രേമിയായിരുന്നു. നൂറ്റാണ്ടുകളോളം പന്തുകളി ഭ്രമം ഈജിപ്തിന്റെ ഭാഗമായിരുന്നു. ചരിത്രകാരനായ ഇബ്‌നു തഗ്്രീ ബര്‍ദീ (മ.ഹി 874/ ക്രി. 1470) 'അന്നുജുമുസ്സാഹിറ'യില്‍ എഴുതുന്നു: ഇബ്‌നു ത്വൂലൂന്‍ പന്തുകളിക്കാനായി വലിയ മൈതാനം ഉള്‍പ്പെടെയുള്ള ഒരു കൊട്ടാരം പണിതു. കൊട്ടാരത്തിന്റെ പേരു തന്നെ 'മൈദാന്‍' (മൈതാനം) എന്നായിരുന്നു.

ആദ്യകാലങ്ങള്‍ക്കുശേഷം പന്തുകളിച്ചവരില്‍ പ്രധാനി സുല്‍ത്വാന്‍ ശഹീദ് നൂറുദ്ദീന്‍ മഹ്്മൂദ് സങ്കീ (മ.ഹി 569/ക്രി. 1173)യായിരുന്നു. അന്നത്തെ ചരിത്രകാരനായ അബൂശാമ മഖ്ദിസി (മ.ഹി 665/ക്രി. 1266) 'താരീഖുര്‍റൗദത്തൈനി'യില്‍ എഴുതുന്നു: 'കുതിരപ്പുറത്ത് അദ്ദേഹത്തേക്കാള്‍ മനോഹരനായ മറ്റൊരു അശ്വാഭ്യാസിയെ കണ്ടിട്ടില്ല. കുതിരക്കുവേണ്ടി സൃഷ്ടിക്കപ്പെട്ടതുപോലെയായിരുന്നു അദ്ദേഹത്തിന്റെ അഭ്യാസങ്ങളെല്ലാം. കുതിര എങ്ങനെയെല്ലാം ഓടിയാലും അചഞ്ചലനായി ഇരിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. കുതിരപ്പുറത്തിരുന്നു പന്തുകളിക്കാന്‍ അതിവിദഗ്ധനായിരുന്നു. അദ്ദേഹത്തിന്റെ ബാറ്റ് തലക്കുമീതെ ഉയര്‍ന്നിരുന്നില്ല. താന്‍ അടിക്കുന്ന പന്ത് കുതിര ഓടുന്നതിനിടയില്‍ തന്നെ തന്റെ കൈകൊണ്ട് വായുവില്‍ വെച്ചു പിടിച്ച് മൈതാനത്തിന്റെ അങ്ങേയറ്റത്തേക്കെത്തിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. കൈയില്‍ ബാറ്റ് കാണുമായിരുന്നില്ല. അത് ജുബ്ബയുടെ കൈക്കുള്ളില്‍ തിരുകി വെക്കാറായിരുന്നു.'

കളിഭ്രമം പക്ഷെ, ഇബാദത്ത്, ജിഹാദ്, ഭരണനിര്‍വഹണം, പ്രജാക്ഷേമ താല്‍പര്യങ്ങള്‍ മുതലായവയില്‍ അലംഭാവം വരുത്തിയിരുന്നില്ല. 'താരീഖുല്‍ ഇസ്്ലാമി'ല്‍ ദഹബി എഴുതുന്നു: 'നൂറുദ്ദീന്‍ മഹ് മൂദ് സങ്കീ ധാരാളമായി നോമ്പു നോറ്റിരുന്നു. രാപ്പകല്‍ ദിക്‌റുകള്‍ ചൊല്ലുമായിരുന്നു. അതോടൊപ്പം ധാരാളമായി പന്തു കളിച്ചിരുന്നു; സച്ചരിതരായ ചിലര്‍, 'നിങ്ങള്‍ കുതിരകളെ ഒരു കാര്യവുമില്ലാതെ ക്ഷീണിപ്പിക്കുന്നു' എന്ന് നീരസം പ്രകടിപ്പിച്ചപ്പോള്‍ അദ്ദേഹം പ്രതികരിച്ചതിങ്ങനെ: 'അല്ലാഹുവാണ, കേവല കളിയല്ല എന്റെ ലക്ഷ്യം. കുരിശു സേന ഞങ്ങളുടെ അതിര്‍ത്തികളില്‍ തമ്പടിച്ചിരിക്കുകയാണ്. ശത്രുവിന്റെ ഭാഗത്തുനിന്ന് ആക്രമണത്തിന്റെ ശബ്ദം കേള്‍ക്കുമ്പോഴേക്കും കുതിരക്ക് എങ്ങനെയും തിരിയാനും മറിയാനും ഓടാനും ചാടാനും കഴിയണം'.

നൂറുദ്ദീനെ പോലെ സ്വലാഹുദ്ദീന്‍ അയ്യൂബി (മ.ഹി 589/ക്രി. 1193)യും പന്തുകളിയില്‍ പ്രഗത്ഭനായിരുന്നു. ഇമാം ഇബ്‌നു കസീര്‍ എഴുതുന്നു: 'നൂറുദ്ദീന്‍, സ്വലാഹുദ്ദീന്‍ അയ്യൂബിയെ കൂടുതല്‍ ചേര്‍ത്തുനിര്‍ത്താന്‍ പ്രചോദനമായതും നാട്ടിലും യാത്രയിലും ഇഴപിരിയാ ബന്ധമായി അവരുടെ സൗഹൃദം വളര്‍ന്നതും സ്വലാഹുദ്ദീന്‍ അയ്യൂബിയുടെ കളിയിലുള്ള താല്‍പര്യം കൊണ്ടുകൂടിയായിരുന്നു.

ഇതൊക്കെയാണെങ്കിലും നൂറുദ്ദീന്‍ നിര്യാതനായതും പന്തുകളിയെ തുടര്‍ന്നുണ്ടായ ഒരു തര്‍ക്കത്തെ തുടര്‍ന്നാണ്. ഇബ്‌നു കസീര്‍ എഴുതുന്നു: 'നൂറുദ്ദീന്‍ ഒരു ദിവസം പന്തുകളിക്കുന്നതിനിടെ, തന്റെ സ്വഭാവമല്ലാതിരുന്നിട്ടും, ചിലരുമായി ശണ്ഠ കൂടേണ്ടി വന്നു. തുടര്‍ന്ന് കോപത്തോടെ കോട്ടക്കകത്ത് കയറി ഏകനായി ജീവിച്ചുപോന്നു. ജനങ്ങളുമായി അകന്നു ജീവിച്ച അദ്ദേഹം വൈകാതെ മരിക്കുകയായിരുന്നു.'
പന്തുകളയില്‍ മികവുറ്റ അടിമവംശ രാജാവ് നാസ്വിര്‍ മുഹമ്മദ് ബ്‌നു ഖലാവൂന്‍ (മ.ഹി 741/ക്രി. 1340) മലയുടെ മുകളിലെ കോട്ടയുടെ താഴെ ഒരു മൈതാനമുണ്ടാക്കുകയും അവിടേക്ക് ജലവിതരണമൊരുക്കുകയും ഈത്തപ്പനകളും മറ്റു മരങ്ങളും നട്ടുപിടിപ്പിക്കുകയും ചെയ്തതായി ഇബ്‌നു തഗ്്രീ ബര്‍ദി രേഖപ്പെടുത്തുന്നു. എല്ലാ ചൊവ്വാഴ്ചകളിലും അമീറുമാര്‍ക്കും പരിവാരങ്ങള്‍ക്കും രാജകുമാരന്മാര്‍ക്കുമൊപ്പം അദ്ദേഹം പന്തുകളിച്ചിരുന്നു. രാജാവ് നാസ്വിറിനോളം കളി നിലവാരം മറ്റാര്‍ക്കുമുണ്ടായിരുന്നില്ല.

സുല്‍ത്വാന്‍ നൂറുദ്ദീന്‍ പന്തുകളിയെ കുരിശു ശത്രുക്കളെ നേരിടാനുള്ള പരിശീലനത്തിന് ഉപയോഗിച്ചപ്പോള്‍ മറ്റു ചില ഭരണാധികാരികള്‍ കേവല വിനോദം എന്ന നിലയിലാണ് അവയെ കണ്ടത്. അടിമവംശ ഭരണാധികാരിയായിരുന്ന അലാഉദ്ദീന്‍ സ്വാലിഹി (മ.ഹി 690/ക്രി. 1291) തന്റെ മക്കളുടെ കൂടെ മൈതാനത്ത് കളിച്ചിരുന്നതായി സ്വിഫ്ദി 'അല്‍വാഫീ ബില്‍ വഫയാത്തി'ല്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

റമദാനിലെ പകലില്‍ മനസ്സിന് ആശ്വാസം എന്ന നിലയിലും പന്തുകളിയിലേര്‍പ്പെട്ടിരുന്നു. ചരിത്രകാരന്‍ ഇബ്‌നു ഖല്ലികാന്‍ (മ.ഹി. 681/ക്രി. 1282) 'വഫയാത്തുല്‍ അഅ്യാനി'ല്‍ എഴുതുന്നു: അയ്യൂബി ഭരണാധികാരികളായിരുന്ന അൽകാമിലും അശ്‌റഫും (ഇരുവരുടെയും മരണം ഹി. 635/ക്രി. 1237) ഒന്നിച്ചു യാത്ര ചെയ്യുകയും എല്ലാ ദിവസവും പച്ചപ്പുല്ലുള്ള മൈതാനിയില്‍ കളിക്കുകയും ചെയ്തിരുന്നു.
അടിമവംശരാജാവായിരുന്ന മുളഫ്ഫര്‍ ഹാജി മ.ഹി 748/ക്രി. 1347) ഗുസ്‌തി, വാള്‍പയറ്റ്, ഓട്ടം, കോഴികൊത്ത്, ആടുകുത്തു മത്സരങ്ങള്‍ സംഘടിപ്പിച്ചിരുന്നു. ഈജിപ്തില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ ആഹ്വാനം ചെയ്തിരുന്നു.'

പന്തുകളി പലപ്പോഴും കളിക്കാരുടെ ജീവനെടുത്തിരുന്നു. ഇബ്‌നു വാസ്വിലില്‍ ഹമവി മ.ഹി 697/ക്രി. 1301 'മുഫര്‍രിജുല്‍ കുറൂബി'ല്‍ സുല്‍ത്വാന്‍ സ്വലാഹുദ്ദീന്‍ അയ്യൂബിയുടെ പിതാവ് നജ്മുദ്ദീന്‍ അയ്യൂബി (മ.ഹി 568/ക്രി. 1172) യുടെ മരണത്തെക്കുറിച്ചെഴുതുന്നു: 'നജ്മുദ്ദീന്‍ പന്തുകളിയില്‍ വലിയ തല്‍പരനായിരുന്നു. ഓട്ടത്തിലും മിടുക്കനായിരുന്നു. കതിരപ്പുറത്തുനിന്ന് വീണായിരിക്കും അദ്ദേഹം മരിക്കുക എന്ന് ആളുകള്‍ പറയാറുണ്ടായിരുന്നു. അതു തന്നെ സംഭവിച്ചു. കുതിരപ്പുറത്തുനിന്നു വീണായിരുന്നു അദ്ദേഹത്തിന്റെ മരണം.

പന്തുകളിക്കിടെ കുതിരപ്പുറത്തുനിന്നു വീണ് ധാരാളം അമീറുമാരും നേതാക്കളും മരിക്കുകയുണ്ടായി. ചക്രവര്‍ത്തി ളാഹിര്‍ ബൈബറസി (മ.ഹി 676/ക്രി. 1277) ന്റെ മകന്‍ സഈദ് ബര്‍കത്ത് (മ.ഹി 678/ക്രി. 1279) മരിച്ചത് പന്തുകളിക്കിടെ കുതിരപ്പുറത്തുനിന്നു വീണാണ്. വീഴ്ചയെ തുടര്‍ന്ന് ഏതാനും ദിവസം പനിച്ചു കിടന്ന ശേഷമായിരുന്നു മരണം. അയ്യൂബി ചക്രവര്‍ത്തി അബുല്‍ഫിദാ (മ.ഹി 732/ക്രി. 1332) യുടെ 'അല്‍ മുഖ്തസ്വര്‍ ഫീ താരീഖില്‍ ബശര്‍' എന്ന കൃതിയിലേതാണ് ഈ വിവരം.

കളിക്കാരനുമേല്‍ കുതിരവീണും മരണമുണ്ടായിട്ടുണ്ട്. 'നൈലുല്‍ അമലി'ല്‍ ഇബ്‌നു ശാഹീന്‍ അന്‍ മല്‍ത്വീ (മ.ഹി. 920/ക്രി. 1515) എഴുതുന്നു: 'സുല്‍ത്വാന്‍ കാമില്‍ (മ.ഹി. 747/ക്രി. 1346) മൈതാനത്ത് തന്റെ അമീറുമാര്‍ക്കൊപ്പം കളിക്കുന്നതിനിനിടെ മറ്റൊരാളുമായി കൂട്ടിയിടിക്കുകയും ഇരുവരും കുതിരപ്പുറത്തുനിന്നു വീഴുകയും കാമിലിന്റെ കുതിര അദ്ദേഹത്തിന്റെ നെഞ്ചത്തുവീഴുകയും അദ്ദേഹത്തിന്റെ സുഷുമ്‌ന മുറിയുകയും തല്‍ക്ഷണം മരിക്കുകയും ചെയ്തു.

സ്ത്രീകള്‍, കുട്ടികള്‍
പന്തുകളി അപകടകരവും ശക്തി ആവശ്യവുമുള്ളതുമായ കളിയാണെങ്കിലും വനിതകളും പന്തുകളിച്ചിരുന്നു. ഈജിപ്തിലെ അടിമ രാജാവ് സ്വാലിഹ് ഇസ്മാഈല്‍ ഇബ്‌നുന്നാസ്വിര്‍ ഖലാവൂന്റെ (മ.ഹി 746/ക്രി. 1345) ജീവചരിത്രമെഴുതിയ തഗ്്രീ ബര്‍ദീ എഴുതുന്നു: 'ചക്രവര്‍ത്തിയുടെ ഭാര്യമാര്‍ അറബിക്കുതിരകളുടെ പുറത്തു കയറി മത്സരിക്കുമായിരുന്നു. പന്തുകളിക്കുമായിരുന്നു. ആഘോഷാവകാവസരങ്ങളിലും ഇത്തരം വിനോദങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു.'

അബ്ബാസിയ ഖിലാഫത്തിന്റെ ആദ്യഘട്ടങ്ങളില്‍ വനിതകള്‍ പലതരം കളികളിലേര്‍പ്പെട്ടിരുന്നതായി ഇബ്‌നു ഖല്‍ദൂന്‍ (മ.ഹി. 808/ക്രി. 1446) 'മുഖദ്ദിമ'യില്‍ എഴുതിയിട്ടുണ്ട്. 'വനിതകള്‍ നൃത്തത്തിനുവേണ്ടി 'കുര്‍റജ്' എന്നു പേരുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ചു. വനിതകള്‍ ധരിക്കുന്ന വസ്ത്രങ്ങളുടെ അറ്റങ്ങളില്‍ കെട്ടിയിട്ട മരക്കുതിരകളാണ് 'കുര്‍റജ്'. ചലിപ്പിക്കുന്നതിനനുസരിച്ച് അവ ഓടുകയും ചാടുകയും ചെയ്യും. ഇറാഖിലെ നഗരങ്ങളില്‍ പ്രചാരത്തിലുണ്ടായിരുന്ന ഇത് മറ്റു നാടുകളിലേക്കും പ്രചരിച്ചു.'

പന്തുകളിയില്‍ കുട്ടികളും തല്‍പരരായിരുന്നു. ദഹബി 'താരീഖുല്‍ ഇസ് ലാമി'ല്‍ എഴുതുന്നു: 'മുഹമ്മദുബ്‌നു ഔഫ് (ഹി. 272/ക്രി. 885) പറയുന്നു: കുട്ടിയായിരിക്കെ ഞാന്‍ ഒരു ക്രിസ്ത്യന്‍ ചര്‍ച്ചില്‍ കളിക്കുകയായിരുന്നു. അതിനിടെ പന്ത് പള്ളിയില്‍ മുആഫ ബ്‌നു ഇംറാന്‍ അല്‍ഹിംസ്വി (മ.ഹി 200/ ക്രി. 815) ന്റെ അടുത്തേക്ക് തെറിച്ചു പോയി. ഞാന്‍ അതെടുക്കാനായി ചെന്നു. അദ്ദേഹം ചോദിച്ചു: 'നീ ആരുടെ മകനാ?' ഞാന്‍: 'ഔഫിന്റെ മകന്‍' അദ്ദേഹം: 'നിന്റെ പിതാവ് എന്റെ സുഹൃത്താണ്. ഞങ്ങളോടൊപ്പം ഇരുന്ന് പഠിച്ചയാളാണ്. പിതാവിന്റെ രീതി പിന്തുടരുകയാവും നിനക്ക് നന്നാവുക'. ഞാന്‍ വിവരം ഉമ്മയോട് പറഞ്ഞു: ഉമ്മയുടെ പ്രതികരണം: 'മകനേ, അദ്ദേഹം പറഞ്ഞത് സത്യമാണ്.' അവര്‍ എന്നെ തുണിയും കുപ്പായവും ധരിപ്പിച്ചു. ഞാന്‍ പേനയും കടലാസുമായി അദ്ദേഹത്തിന്റെ അടുത്തേക്കു പോയി.'

ചില കളികള്‍ കൂടുതല്‍ ശ്രമകരവും അതോടൊപ്പം ആനന്ദദായകവുമായിരുന്നു. 'ലബ്ഖ്' എന്ന മരത്തോട് ചേര്‍ത്തി 'ലബ്്ഖ' എന്ന പേരില്‍ അറിയപ്പെട്ട ഒരുതരം കളിയും പ്രചാരത്തിലുണ്ടായിരുന്നു. ഈജിപ്തില്‍ ഇത് 'തഹ്ത്വീബ്' എന്നാണ് ഇപ്പോള്‍ അറിയപ്പെടുന്നത്.

ഹി. 746/ക്രി. 1345 ലെ സംഭവങ്ങള്‍ വിവരിക്കവെ ഇബ്‌നു തഗ്്രീബര്‍ദീ ഈ കളിയെക്കുറിച്ചെഴുതുന്നു: 'സുല്‍ത്വാന്‍ കാമില്‍ ശഅ്ബാന്‍ (മ.ഹി 747/ക്രി. 1346) സര്‍യാഖൂസ് മേഖലയിലേക്ക് യാത്രയായി. അവിടെവെച്ച് ചില ഗ്രാമീണര്‍ അദ്ദേഹത്തിന്റെ മുമ്പില്‍വെച്ച് ലബ്ഖ കളിച്ചു. (വലിയ ഒരുതരം വടികള്‍ കൊണ്ടുള്ള ഒരിനം കളിയാണ് ലബ്ഖ) സുല്‍ത്വാന്‍ എല്ലാവര്‍ക്കും പാരിതോഷികങ്ങള്‍ നല്‍കി. ക്രമേണ കളികളില്‍ മുഴുകിയ സുല്‍ത്വാന്‍ രാജ്യകാര്യങ്ങളില്‍ ശ്രദ്ധിക്കാതെയായി. നാട് അരാജകത്വത്തിലേക്ക് നീങ്ങി.

ഭാരദ്വഹനം
ഭാരദ്വഹനമായിരുന്നു മറ്റൊരു പ്രധാന ഇനം. അമീറുമാരും വലിയ ഉദ്യോഗസ്ഥരുമെല്ലാം ഇതില്‍ തല്‍പരരായിരുന്നു. അമീര്‍ അലമുദ്ദീന്‍ സിന്‍ജര്‍ അല്‍ ഹലബീ മഹി 692/ക്രി. 1293) ഔദ്യോഗിക ജോലി കഴിഞ്ഞാല്‍ ഭാരദ്വഹനത്തിലേര്‍പ്പെട്ടിരുന്നു. ഇമാം ബദ്‌റുദ്ദീന്‍ ഐനീ (മ.ഹി 855/ക്രി. 1451) 'ഇഖ്ദുല്‍ ജമാനി'ല്‍ എഴുതുന്നു: 'ശാമില്‍ ഭരണം നടത്തിയ അലമുദ്ദീന്‍ സന്‍ജര്‍ വലിയ പ്രമുഖനായിരുന്നു. ഔദ്യോഗിക ജോലി കഴിഞ്ഞ് വീട്ടിലെത്തിയാല്‍ കുതിരപ്പുറത്തു നിന്നിറങ്ങാതെതന്നെ, ഈയം നിറച്ച കനത്ത ഭാരംകൊണ്ട് കളിക്കുമായിരുന്നു. അതുകഴിഞ്ഞ് വൈക്കോല്‍ കൂന കൈകൊണ്ട് കുത്തി ശിഥിലമാക്കും. അതും കഴിഞ്ഞ്, ഉദ്ദേശ്യം നാല്‍പതു കി.ഗ്രാം ഭാരമുള്ള ഇരുമ്പുദണ്ഡെടുത്ത് വലത്-ഇടതു വശങ്ങളിലായി ചുഴറ്റി കളിക്കും.

മാനസികോല്ലാസങ്ങള്‍
ശാരീരിക ക്ഷമത ആവശ്യമുള്ള കളികള്‍ക്കൊപ്പം ധൈഷണികവും മാനസികവുമായ വിനോദങ്ങളും മുസ് ലിം ലോകത്ത് പ്രചാരം നേടിയിരുന്നു. ചതുരംഗമായിരുന്നു ഇവയില്‍ പ്രധാനം. ഭാരതീയ സംസ്‌കാരത്തെപ്പറ്റി ജാഹിള് 'അര്‍റസാഇലി'ല്‍ എഴുതുന്നു: 'ഭാരതത്തില്‍ ചതുരംഗം എന്നൊരു കളിയുണ്ട്. ഏറ്റവും ശ്രേഷ്ഠവും ധൈഷണികവുമാണാ കളി. ചരിത്രകാരനായ ഇബ്‌നു ഖല്ലികാന്‍, ചതുരംഗം ഒരു ഭാരതീയ കണ്ടുപിടിത്തമാണെന്ന് രേഖപ്പെടുത്തിയതായി കാണാം. ശ്രീരാം എന്ന ചക്രവര്‍ത്തിക്കുവേണ്ടി ഭാരതീയ ഗണിതജ്ഞനായ സിസായാണ് അത് ആവിഷ്‌കരിച്ചതെന്നും ഇബ്‌നു ഖല്ലികാന്‍ എഴുതുന്നു.

ഹി. ഒന്നാം ശതകം മുതല്‍ മുസ് ലിംകള്‍ ചതുരംഗത്തില്‍ അതീവതാല്‍പര്യം കാണിച്ചു വന്നതായി രേഖകളിലുണ്ട്. പണ്ഡിതന്മാരും സച്ചരിതരും ഭരണാധികാരികളും സാധാരണക്കാരുമെല്ലാം ചതുരംഗം കളിച്ചിരുന്നു. ഹിജ്‌റ ഒന്നാം ശതകത്തിന്റെ അന്ത്യത്തോടെ മക്കയില്‍ ഹറമിനോട് ചേര്‍ന്ന് ചതുരംഗം ഉള്‍പ്പെടെയുള്ള കളികള്‍ക്ക് പ്രത്യേക സൗകര്യങ്ങള്‍ ഉണ്ടായിരുന്നു.

ഖുറൈശി ചരിത്രകാരനായ സുബൈറുബ്‌നു ബക്കാര്‍ (മ.ഹി 256/ക്രി. 870) 'ജുംഹറത്തു നസബി ഖുറൈശ് വഅഖ്ബാറുഹാ'യില്‍, അബ്ദുല്‍ ഹകം ബ്‌നു അംറ് അല്‍ ജുമഹി ചതുരംഗവും പകിടയും മറ്റും കളിക്കാനായി ഒരു വീട് നിര്‍മിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. പലതരം വിജ്ഞാനീയങ്ങള്‍ രേഖപ്പെടുത്തിയ പുസ്തകങ്ങളും അവിടെ സൂക്ഷിച്ചിരുന്നു. അവിടെ എത്തുന്നവര്‍ വസ്ത്രങ്ങള്‍ ചുമരിലെ ആണികളില്‍ തൂക്കിയിടും. വായിക്കേണ്ടവര്‍ക്ക് വായിക്കാം, കളിക്കേണ്ടവര്‍ക്ക് കളിക്കാം. ഇതായിരുന്നു രീതി.

ചില താബിഈ പണ്ഡിതന്മാര്‍ അഭിമുഖമായല്ലാതെ, പുറം തിരിഞ്ഞുനിന്ന് കളിക്കാന്‍ പോലും വിദഗ്ധരായിരുന്നു. ചതുരംഗ പലകയിലേക്ക് നോക്കാതെ, കരുക്കള്‍ നീക്കാന്‍ നിര്‍ദേശിക്കുമായിരുന്നു. ഇമാം ബൈഹഖി (മ.ഹി 458/ക്രി. 1067) 'മഅ്‌രിഫത്തുസ്സുനന്‍ വല്‍ ആസാര്‍' എന്ന കൃതിയില്‍ എഴുതുന്നു: 'സഈദുബ്‌നു ജുബൈര്‍ (മ.ഹി 95/ക്രി. 714) ഈ വിധം ചതുരംഗപ്പലകയിലേക്ക് നോക്കാതെ കളിച്ചിരുന്നു. ചതുരംഗപ്പലകയിലേക്ക് നോക്കാതെ പിന്തിരിഞ്ഞുനിന്ന് കരുനീക്കാന്‍ കൂടെയുള്ളവരോട് നിര്‍ദേശിക്കാന്‍ മാത്രം സഈദുബ്‌നു ജുബൈറിന് ചതുരംഗത്തില്‍ വൈദഗ്ധ്യമുണ്ടായിരുന്നു എന്ന് ഇമാം ശാഫിഈ എന്നോട് പറയുകയുണ്ടായി. മുഹമ്മദുബ്‌നു സീരീനും (മ.ഹി 110/ ക്രി. 729), ഹിശാമുബ്‌നു ഉര്‍വ (മ.ഹി 146/ ക്രി. 763)യും പുറം തിരിഞ്ഞുനിന്ന് ചതുരംഗം കളിച്ചിരുന്നു എന്നും ഇമാം ശാഫിഈ പ്രസ്താവിക്കുകയുണ്ടായി. ഇമാം ശഅ്ബി (മ.ഹി 106/ക്രി. 725) യും ചതുരംഗം കളിച്ചിരുന്നതായി ബൈഹഖി രേഖപ്പെടുത്തിയിട്ടുണ്ട്.

കാലം മുന്നോട്ടു പോയതോടെ മുസ് ലിംകള്‍ ചതുരംഗത്തില്‍ കൂടുതല്‍ പ്രാവീണ്യം നേടി. ചിലര്‍, മാതൃകയായി എടുത്തു പറയപ്പെടുവോളം പ്രശസ്തരായി. ചരിത്രകാരന്‍ ഇബ്‌നു ഖല്ലികാന്‍ സാഹിത്യകാരന്‍ അബൂബക് ര്‍ സ്വൗലി (മ.ഹി. 330/ക്രി. 942) യുടെ ജീവചരിത്രത്തിലെഴുതുന്നു: 'തന്റെ കാലത്തെ ചതുരംഗക്കളിയിലെ ഒറ്റയാനായിരുന്നു അബൂബക് ര്‍ സ്വൗലി. ചതുരംഗത്തില്‍ അദ്ദേഹത്തോളം മികവുള്ള ആരും അന്നുണ്ടായിരുന്നില്ല. പിന്നീടുവന്ന വലിയ കളിക്കാരെ അബൂബക് ര്‍ സ്വൗലിയെപോലെ പ്രഗത്ഭന്‍ എന്നു വിളിച്ചുവന്നു. ചിലര്‍ സ്വൗലിയാണ് ചതുരംഗം കണ്ടുപിടിച്ചതെന്നുപോലും പറയുമാറ് അദ്ദേഹത്തിന്റെ ഖ്യാതി വളര്‍ന്നു.

അന്ദലുസിലെ പ്രഗത്ഭ ഭിഷഗ്വരനായിരുന്ന അബൂബക്‌റ് ബ്‌നു അബില്‍ ഹസന്‍ സുഹ് രി അല്‍ ഇശ്ബീലി (മ.ഹി 620/ക്രി. 1223)യെക്കുറിച്ച് ഇബ്‌നു ഉസ്വൈബിഅ 'ഉയൂനുല്‍ അന്‍ബാഇ'ല്‍ എഴുതുന്നു: ചതുരംഗം നന്നായി ഇഷ്ടപ്പെടുകയും കളിക്കുകയും ചെയ്തിരുന്ന അദ്ദേഹത്തെ ജനങ്ങള്‍ അബൂബക് ര്‍ അസ്സുഹ് രി അശ്ശത്വ്‌റഞ്ചീ (ചതുരംഗക്കളിക്കാരന്‍) എന്നായിരുന്നു വിളിച്ചിരുന്നത്. ഇത് ഇഷ്ടപ്പെടാതിരുന്ന അദ്ദേഹം പിന്നീട് വൈദ്യശാസ്ത്ര പഠനത്തിലേക്ക് ശ്രദ്ധതിരിച്ചു. ഇതേക്കുറിച്ച് അദ്ദേഹം പറഞ്ഞത്, 'ശത്വ്‌റഞ്ചീ (ചതുരംഗക്കളിക്കാരന്‍) എന്ന വിളിപ്പേര് മാറിക്കിട്ടാന്‍ ഞാന്‍ മറ്റേതെങ്കിലും വിജ്ഞാനശാഖയിലേക്ക് തിരിയേണ്ടിയിരിക്കുന്നു' എന്നാണ്.

ഗൃഹാങ്കണങ്ങളിലെ കളിവേദികള്‍
ചില പണ്ഡിതന്മാര്‍ തങ്ങളുടെ വീടുകളിലെത്തുന്ന പഠിതാക്കള്‍ക്ക് കളിക്കാന്‍ അവസരമൊരുക്കിയിരുന്നു. ഇബ്‌നുല്‍ അസീര്‍ 'അല്‍കാമിലി'ല്‍ ഫഖ്‌റുദ്ദീന്‍ മുബാറക് ഷാ ബ്‌നുന്‍ ഹസന്‍ അല്‍മര്‍ വര്‍റൂദി (മ.ഹി 602/ക്രി. 1205) യെക്കുറിച്ച് എഴുതുന്നു: 'പേര്‍ഷ്യനിലും അറബിയിലും അദ്ദേഹം നന്നായി കവിത രചിച്ചിരുന്നു. അദ്ദേഹത്തിന്റെ വീടിനോട് ചേര്‍ന്ന് അതിഥികള്‍ക്കായി ഒരു ആലയമുണ്ടായിരുന്നു. പണ്ഡിതന്മാര്‍ അവിടെയെത്തി ഗ്രന്ഥങ്ങള്‍ വായിക്കും, അല്ലാത്തവര്‍ ചതുരംഗം കളിക്കും.'
ഇബ്‌നു ഫദ്‌ലില്ലാഹില്‍ അംരി (മ.ഹി 749/ ക്രി. 1348) 'മസാലികുല്‍ അബ്‌സ്വാറി'ല്‍, അല്ലാമാ ബഹാഉദ്ദീന്‍ ഇബ്‌നു ന്നഹാസില്‍ ഹലബി (മ.ഹി 698/ക്രി. 1300) യെക്കുറിച്ചെഴുതുന്നു:
'ഈജിപ്തിലെ 'ശൈഖുല്‍ അറബിയ്യ' എന്ന വിശ്രുത നാമത്തില്‍ അറിയപ്പെട്ട ആളായിരുന്നു അല്ലാമാ ബഹാഉദ്ദീന്‍. അദ്ദേഹത്തിന്റെ വീടിന്റെ ഒരു ഭാഗത്ത് വിദ്യാര്‍ഥികള്‍ പഠിച്ചുകൊണ്ടിരുന്നു. മറ്റൊരു ഭാഗത്ത് ചില വിദ്യാര്‍ഥികള്‍ ചതുരംഗം കളിക്കുന്നുണ്ടാവും. ആര്‍ക്കും അതില്‍ പ്രയാസമുണ്ടായിരുന്നില്ല. ക്ലാസിന്റെ സമയമായാല്‍ എല്ലാവരും ക്ലാസിലെത്തണം. അതായിരുന്നു വ്യവസ്ഥ.'

ഇതോടൊപ്പം വിവിധ വീടുകളില്‍ ഊഴം വെച്ച് കളികള്‍ സംഘടിപ്പിക്കുന്ന രീതിയും ഉണ്ടായിരുന്നു. ഇമാം സഖാവീ (മ.ഹി 902/ക്രി. 1497) 'അദ്ദൗഉല്ലാമിഇ'ല്‍ അല്ലാമാ മുഹമ്മദ് ബ്‌നു മുഹമ്മദ് ബ്‌നു മുഹമ്മദ് അല്‍ കിനാനി സ്സന്‍മൂദിശ്ശാഫിഈ (മ.ഹി 879/ക്രി. 1474) ഈ വിധം കളികള്‍ സംഘടിപ്പിച്ചിരുന്നതായി എഴുതിയിട്ടുണ്ട്. സന്‍മൂദി വൈജ്ഞാനികമായും ഔദ്യോഗികമായും ഉയര്‍ന്ന നിലവാരത്തിലായിരുന്നുവെങ്കിലും വൃത്തിയായി കളിക്കുന്ന ഗണത്തിലായിരുന്നില്ല. അതുകൊണ്ടുതന്നെ കളികള്‍ക്കിടെ പരിധിവിട്ട വാക്കുകള്‍ ഉപയോഗിച്ചിരുന്നു.

കളിക്കാര്‍ക്ക് പ്രോത്സാഹനം
ഖലീഫമാരും അമീറുമാരും കളിക്കാരെ പ്രോത്സാഹിപ്പിച്ചിരുന്നു. ഇബ്‌നു ഖല്ലികാന്‍, നേരത്തെ പരാമര്‍ശിച്ച സ്വൗലയുടെ ജീവചരിത്രത്തില്‍ എഴുതുന്നു: 'ചതുരംഗ കളിയില്‍ വിദഗ്ധനായിരുന്ന സ്വൗലി ഒരിക്കല്‍ അബ്ബാസി ഖലീഫ മുക്തഫി (മ.ഹി 295/ക്രി. 908) യെ സമീപിച്ചു. അദ്ദേഹത്തിന്റെ കളിമികവിനെ പറ്റി ഖലീഫക്ക് അറിയാമായിരുന്നു. ചതുരംഗം കളിക്കാരന്‍ തന്നെയായ മാ വര്‍ദിക്ക് ഖലീഫ മുക്തഫി നല്ല പരിഗണന നല്‍കിയിരുന്നു. ഒരിക്കല്‍ സ്വൗലിയും മാവര്‍ദിയും ഖലീഫയുടെ ദര്‍ബാറില്‍ വെച്ചു കളിച്ചപ്പോള്‍ അദ്ദേഹം മാവര്‍ദിയെ പ്രാത്സാഹിപ്പിച്ചു കൊണ്ടിരുന്നു. പക്ഷെ, സ്വൗലി കളിയില്‍ മികവു പുറത്തെടുത്തതോടെ ഖലീഫ മുക്തഫി, മാവര്‍ദിക്കു പകരം സ്വൗലിയെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു.

പണയം വെച്ചുള്ള കളി
കുതിര, ഒട്ടകം, അമ്പെയ്ത്തു മത്സരങ്ങളില്‍ പണയം മുസ്്ലിംകളില്‍ വ്യാപകമായിരുന്നു. ഇത് ചതുരംഗകളിയിലേക്കും വ്യാപിച്ചു. അബുല്‍ ഹസന്‍ ശാബുശ്തി (മ.ഹി 388/ക്രി. 999) 'അദ്ദിയാറാത്തി'ല്‍ എഴുതുന്നു: 'അബുല്‍ ഐനാഅ് (മ.ഹി 283/896) പറയുന്നു: 'ഞാന്‍ ഒരു വേനല്‍ക്കാലത്ത് ഉബൈദുല്ല ബ്‌നു അബ്ദില്ല ബ്‌നു ത്വാഹിരി (മ.ഹി 300/ക്രി. 913) നെ കാണാനായി പോയിരുന്നു. അവിടെ അപ്പോള്‍ ഏതാനും പേര്‍ ചതുരംഗം കളിക്കുന്നുണ്ടായിരുന്നു. അപ്പോള്‍ അദ്ദേഹം ചോദിച്ചു: 'താങ്കള്‍ ഏതു ഗ്രൂപ്പിനെയാണ് പിന്തുണക്കുന്നത്? ഞാന്‍: 'അമീറിന്റെ ഗ്രൂപ്പിനെ' ഞങ്ങളുടെ ഗ്രൂപ് കളിയില്‍ തോറ്റു. അപ്പോള്‍ ഉബൈദുല്ല പറഞ്ഞു: 'നാം തോറ്റിരിക്കുന്നു; നിങ്ങള്‍ക്ക് നിങ്ങളുടെ വിഹിതമായി ഇരുനൂറ് റാത്തല്‍ (ഉദ്ദേശം പത്ത് കിലോഗ്രാം) ഐസ് ലഭിക്കും.

ചതുരംഗത്തിന് പല രൂപങ്ങളും വലിപ്പങ്ങളുമുണ്ടായിരുന്നു. ചരിത്രകാരന്‍ മസ്ഊദി (മ.ഹി 346/ക്രി. 957) 'മുറൂജുദ്ദഹബി'ല്‍, ഭാരതീയര്‍ മനുഷ്യരുടെയും മൃഗങ്ങളുടെയും രൂപത്തിലുള്ള കരുക്കളാണ് ഉപയോഗിച്ചിരുന്നത് എന്ന് രേഖപ്പെടുത്തുന്നു. ഓരോ കരുവിനും ഒരു ചാണോ അതിലധികമോ നീളമുണ്ടായിരുന്നു. അത്തരം വലിയ കരുക്കള്‍ കണ്ടിട്ടാവാം, സുല്‍ത്വാന്‍ തൈമൂര്‍ ലിങ്ക് (മ.ഹി 807/ ക്രി. 1405) തനിക്കുമാത്രമായി വലിയ കരുക്കള്‍ ഉണ്ടാക്കിയത്. ഇബ്‌നു തഗ് രീബർദീ, 'അല്‍മന്‍ ഹലുസ്സ്വാഫി'യില്‍ എഴുതുന്നു: 'തൈമൂര്‍ ലിങ്ക് കൂടെക്കൂടെ ചതുരംഗം കളിക്കുമായിരുന്നു. ആളുകള്‍ പൊതുവെ ഉപയോഗിച്ചിരുന്ന ചെറുചതുരംഗക്കരുക്കള്‍ക്കു പകരം പിന്നീടദ്ദേഹം വലിയവ ഉപയോഗിച്ചു തുടങ്ങി.'

പാമ്പു പ്രദര്‍ശനം
മുകളില്‍ പറഞ്ഞതരം കളികള്‍ക്കു പുറമെ മറ്റുചില കളികളും പ്രചാരത്തിലുണ്ടായിരുന്നു. ഇബ്‌നുല്‍ ജൗസിയുടെ പൗത്രന്‍ 'മിര്‍ആത്തുസ്സമാനി'ല്‍ എഴുതുന്നു: 'ഹാഫിള് അബൂമുഹമ്മദ് ബ്‌നു അബീ ഹാതിം റാസി (മ.ഹി. 327/ക്രി. 941) പറയുന്നു: ഞാന്‍ ഒരിക്കല്‍ പിതാവിനോടൊപ്പം ശാമിലേക്കു പോയി. ഞങ്ങള്‍ അവിടെ ഒരു നഗരത്തില്‍ പ്രവേശിച്ചു. അവിടെ ഒരാള്‍ കൈയില്‍ പാമ്പിനെയുമായി നില്‍ക്കുന്നതു കണ്ടു. 'പണം തന്നാല്‍ പാമ്പിനെ വിഴുങ്ങിക്കാണിച്ചു തരാം' എന്നയാള്‍ പറയുന്നുണ്ടായിരുന്നു. അപ്പോള്‍ പിതാവ് എന്നോടു പറഞ്ഞു: 'പൊന്നു മകനേ, നിന്റെ കൈവശമുള്ള പണം നന്നായി സൂക്ഷിച്ചോളണം. പണത്തിനുവേണ്ടിയാണ് ഇയാള്‍ കഷ്ടപ്പെട്ട് പാമ്പിനെ വിഴുങ്ങുന്നത്.' മഖ്്രീസി മ.ഹി 845/ ക്രി. 1441) 'അല്‍ മവാഇള് വല്‍ ഇഅ്തിബാറി'ല്‍ എഴുതുന്നു: 'കൈറോവിലെ 'റഹ്ബത്തുബാബില്ലൗഖ്' മൈതാനത്ത് പാമ്പാട്ടികളും മാജിക്കുകാരും മറ്റു പലതരം കളിക്കാരും പ്രദര്‍ശനങ്ങൾ നടത്തിയിരുന്നു.

പ്രാവുകള്‍ ഉള്‍പ്പെടെയുള്ള പക്ഷികളെ വേട്ടയാടുക പോലുള്ള വിനോദങ്ങളും മുസ് ലിം ലോകത്ത് വ്യാപകമായിരുന്നു. ഉമവി ഖലീഫ വലീദുബ്‌നു അബ്ദില്‍ മലിക് (മ.ഹി 96/ക്രി. 715) വലിയ പ്രാവു പ്രേമിയായിരുന്നു. അബ്ബാസി ഖലീഫ മുസ്തക്ഫീ ബില്ലാഹ് (മ.ഹി 334/ക്രി. 946) ഭരണമേറ്റെടുക്കുന്നതിനു മുമ്പ് പക്ഷികളെയും കൊണ്ടു കളിക്കുമായിരുന്നു. ഉല്ലാസത്തിന്നായി തോട്ടങ്ങളിലേക്ക് പോകാറുണ്ടായിരുന്നു.

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top