ഖുർആനെയും മുഹമ്മദ് നബി(സ)യെയും കുറിച്ച് ചില ഊഹാപോഹങ്ങളും അബദ്ധ ധാരണകളും
ഡോ. യൂസുഫുല്‍ ഖറദാവി
ജൂത-ക്രൈസ്തവ മതങ്ങൾ ഇസ്‌ലാമിക വീക്ഷണത്തിൽ-4
ലേഖിക പറയുന്നു: 'മുഹമ്മദ് നബിയുടെ സമുദായത്തിലെ വിശ്വാസികളോട് അല്ലാഹു കല്‍പിച്ചിരിക്കുന്നത്, ഖുര്‍ആനിനു മുമ്പ് മനുഷ്യരാശിക്ക് നല്‍കപ്പെട്ട നിയമ സംഹിതകളിലെല്ലാം വിശ്വസിക്കണമെന്നാണ്. കാരണം, അത് അവരുടെ ബാധ്യതാ മണ്ഡലത്തില്‍ പെട്ടതാണ്. ഖുര്‍ആനിന്റെ മൂന്നില്‍ രണ്ടു ഭാഗവും മുന്‍കഴിഞ്ഞ പ്രവാചകന്മാരുടെ ചരിത്ര കഥകളാണ്. പ്രത്യേകിച്ചും ഇബ്‌റാഹീം, മൂസാ, ഈസാ എന്നിവരുടെ കഥകള്‍. അതുപോലെ അവര്‍ക്കവതീര്‍ണമായ സത്യവേദത്തിലും തൗറാത്തിലും ഇഞ്ചീലിലും വിശ്വസിക്കാനും കല്‍പിക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ മുന്‍കഴിഞ്ഞ നിയമ സംഹിതകളില്‍ വിശ്വസിക്കുന്നവരോട്, അവരുടെ നിയമ സംഹിതക്ക് ശേഷം വന്നവയില്‍ വിശ്വസിക്കാന്‍ കല്‍പിക്കപ്പെടാതിരിക്കുകയെന്നതാണ് യുക്തിസഹം. വിശുദ്ധ ഖുര്‍ആന്റെ നിയമസംഹിതപോലുള്ളവയില്‍ വിശ്വസിക്കുന്നത് അവരുടെ കഴിവിന്നതീതമാണ്. ഖുര്‍ആനിലെ ചരിത്ര കഥകളോ വിധികളോ അവരുടെ പുണ്യഗ്രന്ഥങ്ങളില്‍ പ്രതിപാദിക്കപ്പെട്ടിട്ടില്ലല്ലോ. പ്രവാചക തിരുമേനിയുടെ ആഗമനത്തെക്കുറിച്ച സുവിശേഷം മാത്രമേ അതില്‍ പരാമര്‍ശിക്കപ്പെടുന്നുള്ളൂ.'
അബദ്ധങ്ങളും ഊഹാപോഹങ്ങളും നിറഞ്ഞതാണ് ഈ പ്രസ്താവന. സത്യവും അസത്യവും കൂടിക്കലര്‍ന്ന് ആശയക്കുഴപ്പം സൃഷ്ടിക്കുന്നതാണത്. ഒന്നാമതായി, ലേഖികയുടെ ധാരണ മുഹമ്മദീയ സമുദായം എന്ന് പറയുന്നത് അറബികളോ അവരിലെ ബിംബാരാധകരോ മാത്രമെണെന്നത്രെ. ലോകം മുഴുവന്‍ മുഹമ്മദീയ സമുദായം അഥവാ തിരുമേനിയുടെ പ്രബോധന സമുദായ(ഉമ്മത്തുദ്ദഅ്‌വ)മാണ്. അല്ലാഹു പറയുന്നു: ജനങ്ങളെ; ഞാന്‍ നിങ്ങളിലേക്കഖിലമുള്ള അല്ലാഹുവിന്റെ പ്രവാചകനാണെന്ന് പറയുക. (അല്‍ അഅ്റാഫ് 158).
രണ്ടാമതായി, അല്ലാഹു നിയോഗിച്ച എല്ലാ പ്രവാചകന്മാരിലും അവതരിപ്പിച്ച വേദങ്ങളിലും വിശ്വസിക്കുന്നത് മനുഷ്യ കഴിവിന്നതീതമാണെന്ന് ലേഖിക വിചാരിക്കുന്നു. എന്നാല്‍, അല്ലാഹു തന്റെ അടിമകളെ അലക്ഷ്യമായി വിട്ടിട്ടില്ലെന്നും അവന്‍ പ്രവാചകന്മാരെ മുന്നറിയിപ്പുകാരും സന്തോഷവാര്‍ത്ത നല്‍കുന്നവരുമായി അവരിലേക്ക് നിയോഗിച്ചിരിക്കുന്നുവെന്നും അവര്‍ക്ക് സത്യവേദ പുസ്തകം ഇറക്കിയത് അവര്‍ക്കിടയില്‍ അഭിപ്രായാന്തരമുള്ള കാര്യങ്ങളില്‍ അതനുസരിച്ച് തീരുമാനം കാണാനാണെന്നും വിശ്വസിക്കാന്‍ എന്താണ് പ്രയാസം!
തത്ത്വം അംഗീകരിക്കുക എന്നതാണ് പ്രധാനം. പ്രവാചകന്മാരുടെ പേരുകള്‍ ദിവ്യബോധനം വഴി അവനറിയിക്കും. മുഹമ്മദീയ പ്രവാചകത്വത്തില്‍ വിശ്വസിക്കുന്നത് സത്യസന്ധമായ പ്രമാണങ്ങളുടെ താല്‍പര്യമാണ്. അത് അംഗീകരിക്കാന്‍ സര്‍വഥാ ബാധ്യസ്ഥര്‍ വേദക്കാര്‍ തന്നെ. മുഹമ്മദ് നബി വന്നത് അദ്ദേഹത്തിന് മുമ്പുള്ള ഗ്രന്ഥങ്ങളെ ശരിവെച്ചുമാണ്. മുന്‍കാലവേദങ്ങളിലെല്ലാം അദ്ദേഹത്തിന്റെ ആഗമനത്തെക്കുറിച്ച സുവാര്‍ത്തകളുണ്ട്. ബിംബാരാധകനും അഗ്നിയാരാധകനും നിരീശ്വരനുമെല്ലാം മുഹമ്മദ് നബിയില്‍ വിശ്വസിക്കാന്‍ കല്‍പിക്കപ്പെട്ടവരാണെങ്കില്‍ വേദക്കാരാണ് അതിന് ഏറ്റവും അര്‍ഹര്‍.
മുന്നാമതായി, ഈമാന്‍ (സത്യവിശ്വാസം) കാലങ്ങളുടെ മാറ്റങ്ങളനുസരിച്ച് മാറുന്ന ഒന്നല്ല. അല്ലാഹുവെക്കുറിച്ചും താന്‍ ജീവിക്കുന്ന പ്രപഞ്ചത്തെക്കുറിച്ചും ദൈവപ്രതിനിധിയായ മനുഷ്യനെക്കുറിച്ചും അവന്റെ ദൗത്യത്തെക്കുറിച്ചും സൃഷ്ടികര്‍ത്താവുമായുള്ള അവന്റെ ബന്ധത്തെക്കുറിച്ചുമെല്ലാമുള്ള സ്ഥിരപ്പെട്ട യാഥാര്‍ഥ്യങ്ങളിലുള്ള വിശ്വാസമാണത്. ഈ യാഥാര്‍ഥ്യങ്ങള്‍ക്ക് മാറ്റമില്ല. ഈ യാഥാര്‍ഥ്യങ്ങളെ എക്കാലത്തുമുള്ള വിശ്വാസികള്‍ അംഗീകരിക്കുകയാണ് വേണ്ടത്.
നാലാമതായി, മുന്‍കഴിഞ്ഞ വേദക്കാരും നിയമസംഹിതക്കാരും ഖുര്‍ആന്റെ മാര്‍ഗദര്‍ശനം പിന്‍പറ്റണമെന്നത് എങ്ങനെ യുക്തിഹീനമാകും? ഇവരുടെയൊന്നും വേദഗ്രന്ഥങ്ങളുടെ സംരക്ഷണോത്തരവാദിത്തം അല്ലാഹു ഏറ്റെടുക്കാതെ അവരെത്തന്നെ ഏല്‍പിക്കുകയാണ് ചെയ്തത്. അത്‌കൊണ്ടാണ് അവയില്‍ മാറ്റത്തിരുത്തലുകള്‍ വന്നത്. കാരണം, അവയെല്ലാം ഏതെങ്കിലും പ്രത്യേക പ്രദേശങ്ങളിലേക്കോ കാലഘട്ടങ്ങളിലേക്കോ ഉള്ളവയായിരുന്നു. ഇവരിലേക്ക് വന്ന പ്രവാചകരെല്ലാം ഏതെങ്കിലും സമുദായങ്ങളിലേക്ക് നിയുക്തരുമായിരുന്നു. ജനങ്ങള്‍ മുഴുവനല്ല അവരുടെ പ്രബോധിതര്‍, അവര്‍ നിയുക്തരായത് ശാശ്വത മാര്‍ഗദര്‍ശനമേന്തിയല്ല. അടുത്ത പ്രവാചകന്‍ വരുന്നത് വരെ മാത്രമായിരുന്നു അവരുടെ ദൗത്യം.
തലകുത്തനെയുള്ള സാക്ഷ്യപത്രങ്ങള്‍
ലേഖിക തുടരുന്നു: 'ഖുര്‍ആന്‍ ഓരോ സമുദായത്തെയും ക്ഷണിക്കുന്നത് അവരുടെ നിയമവ്യവസ്ഥ പ്രകാരം ജീവിക്കാനാണ്; ഖുര്‍ആനിന്റെ ജീവിത പദ്ധതി അവര്‍ക്ക് തൃപ്തികരമല്ലെങ്കില്‍' ഖുര്‍ആന്റെ നിയമാവലിപ്രകാരം ജീവിക്കുന്നത് ഒരാളുടെ സ്വന്തം ഇഷ്ടമാണെന്നാണ് ഇവരുടെ പക്ഷം. അതിന് തെളിവായുദ്ധരിക്കുന്ന പ്രമാണം ഒരിക്കലും അവരെ അനുകൂലിക്കുകയല്ല, എതിര്‍ക്കുകയാണ്. അല്ലാഹു പറയുന്നു: 'സത്യസമേതം ഈ ഗ്രന്ഥം നാം നിനക്ക് അവതരിപ്പിച്ചു. ഇതിനു മുമ്പുള്ള ഗ്രന്ഥങ്ങളെ ശരിവെച്ചുകൊണ്ടും അവയുടെ മേല്‍നോട്ടം വഹിച്ചുകൊണ്ടും. അതിനാല്‍ അവര്‍ക്കിടയില്‍ അല്ലാഹു അവതരിപ്പിച്ചത് പ്രകാരം നീ വിധി നടത്തുക... അവരുടെ ദേഹേഛകളെ നീ പിന്‍പറ്റരുത്; നിനക്ക് ലഭിച്ച സത്യം കൈവെടിഞ്ഞുകൊണ്ട്. നിങ്ങളില്‍ ഓരോരുത്തര്‍ക്കും പ്രത്യേകം ജീവിത രീതിയും കര്‍മപദ്ധതിയും നാം നിശ്ചയിച്ചിട്ടുണ്ട്. (അല്‍മാഇദ 48).
1. ഖുര്‍ആന്‍ അതിനു മുമ്പുള്ള ഗ്രന്ഥങ്ങളുടെ മേല്‍ ആധിപത്യം വാഴുന്നു എന്ന് ഈ സൂക്തം സ്ഥിരീകരിക്കുന്നു. മനുഷ്യരുടെ പിഴവുകളും ഇഛകളും അത് ശരിപ്പെടുത്തുന്നു.
2. പിന്നീടത് ആവശ്യപ്പെടുന്നത് അല്ലാഹു അവതരിപ്പിച്ചത് പ്രകാരം ഭൂമിയില്‍ വിധിന്യായം നടത്താനാണ്. അഥവാ മാറ്റത്തിരുത്തലുകളില്‍നിന്ന് സുരക്ഷിതമായ ഖുര്‍ആന്‍ പ്രകാരം തീര്‍പ്പുകല്‍പിക്കുക.
3. അല്ലാഹുവിനെക്കുറിച്ച സങ്കല്‍പം വെടിഞ്ഞ്, സ്വന്തം ഇഛകളെ പിന്തുടരുന്നതിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നു.
4. ഈ സൂക്തത്തിന് തൊട്ട് താഴെയുള്ള സൂക്തം ഇത് ഉറപ്പിച്ചു പറയുന്നു. 'അവര്‍ക്കിടയില്‍ അല്ലാഹു അവതരിപ്പിച്ച പ്രകാരം നീ തീര്‍പ്പ് കല്‍പിക്കുക. അവരുടെ ഇഛകളെ നീ പിന്‍പറ്റരുത്. അല്ലാഹു നിനക്ക് ഇറക്കിയ ചില കാര്യങ്ങളില്‍നിന്ന് അവര്‍ നിന്നെ ഫിത്‌നയില്‍ പെടുത്തുന്നത് നീ സൂക്ഷിക്കുക. അവര്‍ പിൻതിരിയുകയാണെങ്കില്‍ നീ അറിയുക, അവരുടെ ചില കുറ്റങ്ങള്‍ കാരണം അവര്‍ക്ക് നാശമേല്‍പിക്കാനാണ് അല്ലാഹു ഉദ്ദേശിക്കുന്നത്. മിക്ക ജനങ്ങളും അധര്‍മികളാണ്. ജാഹിലിയ്യത്തിന്റെ വിധികളാണോ അവര്‍ തേടി പോകുന്നത്. ദൃഢവിശ്വാസമുള്ള ജനതക്ക് അല്ലാഹുവിനെക്കാൾ ഉത്തമമായ വിധി നല്‍കുന്നവന്‍ ആരുണ്ട്? (അല്‍മാഇദ 50).
ലേഖിക തുടരുന്നു: 'വേദക്കാരെ! തൗറൗത്തും ഇഞ്ചീലും നിങ്ങളുടെ രക്ഷിതാക്കളില്‍നിന്ന് നിങ്ങള്‍ക്ക് അവതീര്‍ണമായതും നിലനിര്‍ത്തുവോളം നിങ്ങള്‍ ഒന്നിലുമല്ല എന്ന് പറയുക.' ഈ സൂക്തം വേദക്കാരോട് ആവശ്യപ്പെടുന്നത് തൗറാത്തും ഇഞ്ചീലും നിലനിര്‍ത്താനാണ്; അവ രണ്ടിലൂടെയും അവര്‍ക്ക് ലഭിച്ച വിധികളില്‍ ഒന്നും കൂട്ടരുതെന്നും.
ഈ സൂക്തത്തില്‍ വളരെ വ്യക്തമായി തൗറൗത്തിനും ഇഞ്ചീലിനും ശേഷം (നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനില്‍നിന്ന് അവതരിപ്പിക്കപ്പെട്ടതിലും അഥവാ വിശുദ്ധ ഖുര്‍ആനിലും എന്ന് പ്രത്യേകം എടുത്തു പറഞ്ഞത് ലേഖികക്കെങ്ങനെ വിട്ടുപോയി എന്ന് ഞാന്‍ അത്ഭുതപ്പെടുകയാണ്. എന്നാല്‍, ഖുര്‍ആന്‍ മുഹമ്മദ് നബിയുടെ അനുയായികള്‍ക്ക് അവതരിച്ചതല്ലേ; അതെങ്ങനെ യഹൂദര്‍ക്കും ക്രൈസ്തവര്‍ക്കും അവതരിച്ചതാകുമെന്ന് ചോദിച്ചേക്കും. അവരും മുഹമ്മദ് നബിയുടെ സമുദായം തന്നെയാണ്. പ്രബോധിത സമുദായം. മുഹമ്മദ് നബി ലോകമാകെയുള്ള മനുഷ്യരിലേക്ക് നിയോഗിക്കപ്പെട്ട പ്രവാചകനാണ്. അവരും അതില്‍ പെടുന്നു 'നിങ്ങളുടെ രക്ഷിതാവില്‍നിന്ന് നിങ്ങള്‍ക്ക് അവതീര്‍ണമായതില്‍ നിങ്ങള്‍ വിശ്വസിക്കുക' എന്ന ആഹ്വാനം അവര്‍ക്കും ബാധകമാണ്.
ക്രൈസ്തവരും ത്രിയേകത്വവും
യേശുവിനെ ദൈവമാക്കുക എന്നതില്‍നിന്ന് ക്രിസ്ത്യാനികളെയും കുറ്റമുക്തരാക്കാന്‍ ലേഖിക ശ്രമിക്കുന്നു. അതിന് തെളിവായി മൂന്നു കാര്യങ്ങള്‍ പറയുന്നു: 1) പത്തു കല്‍പനകളില്‍ ഒന്നാമത്തേത് ഇങ്ങനെയാണ്: ഞാനാണ് നിന്റെ ദൈവം. ഞാനല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാവതല്ല.' യഥാര്‍ഥത്തില്‍ ഇത് അവര്‍ക്കെതിരായ തെളിവാണ്. അവർ ആ കല്‍പന വലിച്ചെറിയുകയും ദൈവസൃഷ്ടികളെ ദൈവങ്ങളാക്കുകയും ചെയ്തു. 2) ക്രൈസ്തവര്‍ മസീഹിനെ 'ദൈവപുത്രന്‍' എന്ന് വിശേഷിപ്പിക്കുന്നുണ്ടെങ്കില്‍ അവര്‍ വിശ്വാസികളെയെല്ലാം ദൈവപുത്രന്മാര്‍ എന്ന് വിശേഷിപ്പിക്കാറുണ്ടല്ലോ. ഉദാ: 'സമാധാനം ഉണ്ടാക്കുന്നവര്‍ ഭാഗ്യവാന്മാര്‍. അവര്‍ ദൈവത്തിന്റെ പുത്രന്മാര്‍' എന്നു വിളിക്കപ്പെടും.' (മത്താ: 5:9)
- ഇത് ഞങ്ങള്‍ അംഗീകരിക്കുന്നു. പക്ഷെ, യേശുവും മറ്റു മനുഷ്യരെ പോലുള്ള ഒരാളാണെന്ന് അവര്‍ അംഗീകരിക്കുന്നില്ല. അദ്ദേഹം സാക്ഷാല്‍ ദൈവമാണ്. ദൈവപുത്രന്‍ എന്നതും പിതാവായ ദൈവം എന്നതും അവര്‍ക്കിടയില്‍ സുപരിചിതമായ പ്രയോഗങ്ങളാണല്ലോ.
മാറ്റത്തിരുത്തലുകള്‍ക്ക് വിധേയമായ ഇഞ്ചീല്‍
ലേഖിക പറയുന്നു: ഇഞ്ചീലുകളില്‍ മാറ്റത്തിരുത്തലുകളുണ്ട് എന്ന് വാദത്തിന് വേണ്ടി സമ്മതിച്ചാല്‍ തന്നെ പൂര്‍വികരായ ക്രൈസ്തവരുടെ ചെയ്തികളുടെ പേരില്‍ ഇന്നുള്ള വിശ്വാസികളെ ശിക്ഷിക്കുകയെന്നത് അല്ലാഹുവിന്റെ നീതിക്ക് ചേര്‍ന്നതല്ല. 'ഒരാളും മറ്റൊരാളുടെ പാപഭാരം ചുമക്കുകയില്ല.' (വി.ഖു)
'വാദത്തിനുവേണ്ടി സമ്മതിച്ചാല്‍' എന്ന പ്രയോഗം എന്നെ അത്ഭുതപ്പെടുത്തുന്നു. അവരിത് നിഷേധിക്കുന്ന പോലെ തോന്നുന്നു. തൗറാത്തിലും ഇഞ്ചീലിലുമുള്ള മാറ്റത്തിരുത്തലുകള്‍ മുസ് ലിം പണ്ഡിതന്മാര്‍ നൂറ്റാണ്ടുകള്‍ക്കു മുമ്പെ സ്ഥിരീകരിച്ചതാണ്. ഇന്നും അത് ചെയ്തുകൊണ്ടിരിക്കുന്നു. ശൈഖ് റഹ് മത്തുല്ലയുടെ (ഇള്ഹാറുല്‍ ഹഖ്ഖ്) എന്ന പുസ്തകത്തിലും അഹ്്മദ് ദീദാത്തിന്റെ രചനകളിലും അത് തെളിഞ്ഞു കാണാം. യൂറോപ്യരായ നിഷ്പക്ഷ ചിന്തകന്മാരും അത് വ്യക്തമാക്കിയിട്ടുണ്ട്. ഈസാ നബിക്ക് നല്‍കിയ ഇഞ്ചീല്‍ ഇന്ന് ലഭ്യമല്ല എന്നതിന്റെ വ്യക്തമായ തെളിവ്, അദ്ദേഹത്തിന്റെ ശിഷ്യന്മാരോ ശിഷ്യരുടെ ശിഷ്യന്മാരോ എഴുതിയ അദ്ദേഹത്തിന്റെ ചില ഉപദേശങ്ങളും ജീവിത കഥകളും മാത്രമാണ് ബൈബിളിലുള്ളത് എന്നതാണ്. ഇന്ന് അറിയപ്പെടുന്ന ആദ്യത്തെ നാലു ഇഞ്ചീലുകളും ഈ ഇനത്തില്‍ പെട്ടതാണ്. മത്തായി, മാര്‍ക്കോസ്, ലൂക്കാ, യോഹന്നാന്‍ എന്നിവരുടെ സുവിശേഷങ്ങളാണ് ഇവിടെ ഉദ്ദേശിക്കുന്നത്. ഇവ എഴുതപ്പെട്ട ആദ്യത്തെ ഭാഷയിലുള്ള പ്രതികളൊന്നും ഇന്ന് ലഭ്യമല്ല. ആകെയുള്ളത് അവയുടെ പരിഭാഷകളാണ്. ഈ നാലെണ്ണം എഴുപതോളം സുവിശേഷണങ്ങളില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ടവയാണ്. മറ്റുള്ളവയെല്ലാം കത്തിച്ചു കളയുകയാണുണ്ടായത്.
ഇതെല്ലാം നമുക്ക് വിട്ടുകളയാം. പൂര്‍വികര്‍ ചെയ്ത കുറ്റത്തിന് ഇന്നത്തെ ഒരു ക്രിസ്ത്യാനിയെ ശിക്ഷിക്കുക എന്നതിലുള്ള 'ദൈവത്തിന്റെ അനീതി'യെപ്പറ്റി നമുക്ക് പരിശോധിക്കാം. ഇത് ഒരു പക്ഷെ ക്രൈസ്തവര്‍ക്കെല്ലാം സ്വീകാര്യമായ ഒരു ന്യായമാകാം. ആദ്യ പിതാവായ ആദമിന്റെ പാപഭാരം മക്കള്‍ക്കെല്ലാം ബാധകമാണെന്നാണല്ലോ അവര്‍ വിശ്വസിക്കുന്നത്.
എന്നാല്‍ ഇസ്‌ലാമിന്റെ നീതിബോധമനുസരിച്ച് ഒരാളും മറ്റൊരാളുടെ കുറ്റം പേറുകയില്ല; ആ കുറ്റത്തില്‍ സംതൃപ്തിയടയുകയും അതിനെ പ്രതിരോധിക്കുകയും അതേ നിലപാട് പിന്തുടരുകയും ചെയ്താലല്ലാതെ. ഈ അവസ്ഥയില്‍ അവന്‍ മറ്റുള്ളവരുടെ പാപഭാരം വഹിക്കും. അത് അവന്റെ മുമ്പുള്ളവരുടെ കുറ്റത്തിന്റെ തുടര്‍ച്ചയാണെങ്കിലും. ഈ അടിസ്ഥാനത്തിലാണ് ഖുര്‍ആന്‍ പ്രവാചക കാലഘട്ടത്തിലെ ഇസ്രാഈല്യരെ അഭിസംബോധന ചെയ്യുന്നത്. അവരാണ് അവരുടെ പൂര്‍വികരുടെ കുറ്റം ചെയ്‌തെന്ന രീതിയില്‍ സംസാരിക്കുന്നത്. കാരണം, അവര്‍ അതിനെക്കുറിച്ച് സംതൃപ്തികൊള്ളുകയും പൂർവികരുടെ ചര്യ പിന്തുടരുകയും ചെയ്തു. അപ്പോള്‍ സ്വാഭാവികമായും അവരുടെ കുറ്റത്തിന് ഇവരും ഉത്തരവാദികളാകും. അല്ലാഹു പറയുന്നു: മൂസാക്ക് നാല്‍പത് ദിനങ്ങള്‍ നാം നിര്‍ണയിച്ചു. അദ്ദേഹത്തിന്റെ അഭാവത്തില്‍ അവര്‍ പശുക്കിടാവിനെ ആരാധ്യവസ്തുവാക്കി. അവര്‍ അക്രമികളായിരുന്നു. 'നിങ്ങള്‍ പറഞ്ഞ സന്ദര്‍ഭം ഓര്‍ക്കുക. മൂസാ! അല്ലാഹുവെ നേര്‍ക്കുനേര്‍ കാണുന്നത് വരെ ഞങ്ങള്‍ നിന്നില്‍ വിശ്വസിക്കുകയില്ല. അന്നേരം ഘോരാട്ടഹാസം നിങ്ങളെ പിടികൂടി; നിങ്ങള്‍ നോക്കിനില്‍ക്കെ. (അല്‍ബഖറ 55). ഇത്തരം സൂക്തങ്ങളിലേക്കും പിതാക്കളുടെ കുറ്റങ്ങള്‍ ഇവരിലേക്ക് ചേര്‍ത്തു പറഞ്ഞിട്ടുണ്ട്. കാരണം, അവരെ പിന്തുടര്‍ന്ന് അതേപടി ജീവിക്കുന്നവരായിരുന്നു അവര്‍.
ഇതര മതസ്ഥരോടുള്ള ഇസ്‌ലാമിക സമീപനം
ലേഖിക എഴുതുന്നു: വേദക്കാരെക്കുറിച്ച് ഇസ് ലാമിക കര്‍മശാസ്ത്രം കുഫ്്ര്‍ (സത്യനിഷേധം) ശിര്‍ക്ക് (ബഹുദൈവവിശ്വാസം) എന്നീ വിധികള്‍ പുറപ്പെടുവിക്കുമ്പോള്‍ വേദക്കാരെയും മറ്റുള്ളവരെയുമെല്ലാം ഒരുപോലെ കാണുകയാണ് ചെയ്യുന്നത്. അവര്‍ക്ക് ഇസ്്ലാമില്‍ പ്രത്യേക പദവിയുണ്ടെന്നതൊന്നും അന്നേരം ഫലം ചെയ്യുന്നില്ല. ഇതാണ് ക്രൈസ്തവ വിഭാഗങ്ങള്‍ക്കെതിരെ ഭീകര പ്രവര്‍ത്തനങ്ങളും ഭീകര പ്രവര്‍ത്തനങ്ങളും വിഭാഗീയ സംഘട്ടനങ്ങളും നടത്താന്‍ പ്രേരണ നല്‍കുന്നത്. മുസ് ലിംകളിലെ സങ്കുചിത മനസ്‌കര്‍ അതിന് സന്നദ്ധരാവുകയും ചെയ്യുന്നു. പുണ്യമാസങ്ങള്‍ അവസാനിച്ചാല്‍ ബഹുദൈവവിശ്വാസികളോട് കണ്ടേടത്ത് വെച്ച് നിങ്ങള്‍ സമരം ചെയ്യുക. അവരെ പിടികൂടുകയും ബന്ധനസ്ഥരാക്കുകയും എല്ലാ പതിസ്ഥലത്തും അവര്‍ക്കായി കാത്തിരിക്കുകയും ചെയ്യുക. ഇനി അവര്‍ പശ്ചാത്തപിക്കുകയും നമസ്‌കാരം നിലനിര്‍ത്തുകയും സകാത്ത് നല്‍കുകയും ചെയ്താല്‍ അവരെ വിട്ടയക്കുകയും ചെയ്യുക.'
ഈ സഹോദരിയോട് നമുക്ക് പറയാനുള്ളത്, ഇത് ഇസ്്ലാമിക കര്‍മശാസ്ത്ര പണ്ഡിതരുടെ അഭിപ്രായമല്ല, വേദക്കാരുടെ മേല്‍ 'കുഫ് ര്‍' ചുമത്തിയത് അവരല്ല. അല്ലാഹുവും അവന്റെ പ്രവാചകനുമാണ്. അതുകൊണ്ടാണ് കര്‍മശാസ്ത്ര പണ്ഡിതരും വചനശാസ്ത്ര പണ്ഡിതരും ഖുര്‍ആന്‍ വ്യാഖ്യാതാക്കളും ഹദീസ് പണ്ഡിതരും സമുദായത്തിലെ മുഴുവന്‍ പണ്ഡിതരും ഇതില്‍ ഏകോപിച്ചത്.
ഇതിന്നര്‍ഥം അവരെല്ലാം ബഹുദൈവവിശ്വാസികളെ പോലെ ഒരേ പദവിയിലാണ് എന്നല്ല. മുകളില്‍ പറഞ്ഞ സൂക്തത്തില്‍ ഉദ്ദേശിക്കുന്നത് ബിംബാരാധകരായ ബഹുദൈവ വിശ്വാസികളെയാണ്. ഖുര്‍ആന്‍ ബഹുദൈവവിശ്വാസിനികളുമായുള്ള വിവാഹം നിഷിദ്ധമാക്കുകയും വേദക്കാരികളുമായുള്ളത് അനുവദിക്കുകയും ചെയ്തിരിക്കുന്നു. അവരുമായി നല്ല സംവാദം നടത്താനാണത് കല്‍പിക്കുന്നത്. മാത്രമല്ല, എല്ലാ കാഫിറുകള്‍ക്കും ബഹുദൈവവിശ്വാസികള്‍ക്കും ഒരേ നിലപാടല്ല ഇസ്്ലാമിനോടുള്ളത്. അവരില്‍ സമാധാന കാംക്ഷികളും യുദ്ധ പ്രേമികളുമുണ്ടാകും. ഇസ്്ലാമിനോടും മുസ് ലിംകളോടുമുള്ള അവരുടെ നിലപാട് പോലെയാണ് ഇസ് ലാം അവരോടും നിലപാടെടുക്കുന്നത്.
അമുസ്്ലിംകളുമായുള്ള പെരുമാറ്റത്തില്‍ ആധാരമാക്കാവുന്ന രണ്ട് സൂക്തങ്ങളില്‍ വിശുദ്ധ ഖുര്‍ആന്‍ ഇത് വ്യക്തമാക്കിയിട്ടുണ്ട്. 'നിങ്ങളോട് മതസംഘട്ടനത്തിലേര്‍പ്പെടാത്തവരും നിങ്ങളുടെ ഭവനങ്ങളില്‍നിന്ന് നിങ്ങളെ പുറത്താക്കാത്തവരുമായവര്‍ക്ക് പുണ്യം ചെയ്യുന്നതും അവരോട് നീതി ചെയ്യുന്നതും അല്ലാഹു നിങ്ങള്‍ക്ക് വിലക്കുന്നില്ല. നിങ്ങളോട് മതത്തിന്റെ പേരില്‍ സംഘട്ടനത്തിലേര്‍പ്പെടുകയും നിങ്ങളുടെ ഭവനങ്ങളില്‍നിന്ന് നിങ്ങളെ പുറത്താക്കുകയും നിങ്ങളെ പുറത്താക്കാന്‍ സഹായിക്കുകയും ചെയ്തവരോട് ചങ്ങാത്തം സ്ഥാപിക്കുന്നതാണ് അല്ലാഹു വിലക്കുന്നത്. (അല്‍ മുംതഹിന 9).
അല്ലാഹു ഇവിടെ വ്യക്തമാക്കുന്നത്, മതവിശ്വാസത്തിലെ എതിരാളികളോട് പുണ്യം ചെയ്യുന്നതും അവരോട് നീതിപൂര്‍വം വര്‍ത്തിക്കുന്നതും അവന്‍ വിരോധിച്ചിട്ടില്ല. അവര്‍ ബഹുദൈവവിശ്വാസികളാണെങ്കിലും ഇവിടെ ബിര്‍റ് എന്ന പദമാണ് ഖുര്‍ആന്‍ പ്രയോഗിച്ചത്. അല്ലാഹുവിനോടുള്ള ബാധ്യത കഴിഞ്ഞാല്‍ പിന്നീട് തൊട്ടടുത്ത് നില്‍ക്കുന്ന മാതാപിതാക്കളോടുള്ള പുണ്യം എന്ന പദമാണിവിടെ പ്രയോഗിച്ചത്. ഇസ് ലാമില്‍ ഏതെങ്കിലും ഒരു വിഭാഗത്തിന് പ്രത്യേക പദവി നല്‍കിയാല്‍ അതുകൊണ്ട് പ്രയോജനമൊന്നുമില്ലെന്ന ലേഖികയുടെ വാദം ഇവിടെ പൊളിയുന്നു. വളരെയേറെ മുസ് ലിംകള്‍ ക്രൈസ്തവ സ്ത്രീകളെ വിവാഹം ചെയ്യുന്നത് നാം കാണുന്നു. അവരുടെ മതവിശ്വാസത്തിന് ഒരു തകരാറും സംഭവിക്കുന്നില്ല. അവര്‍ മുസ് ലിം ഭര്‍ത്താക്കന്മാർക്കൊപ്പം മാന്യമായും അന്തസ്സോടെയും സന്തുഷ്ട കുടുംബമായി ജീവിക്കുന്നത് നാം കാണുന്നു.
(തുടരും)
വിവ: വി.കെ അലി