ത്വൂഫാനുല്‍ അഖ്‌സ്വാ

‌‌

ചരിത്രം ആവര്‍ത്തിക്കുന്നത് മാര്‍ക്‌സ് പറഞ്ഞപോലെ ചിലപ്പോള്‍ പ്രഹസനമായി കൊണ്ട് മാത്രമല്ല; ചില മിഥ്യാധാരണകള്‍ തിരുത്താന്‍ കൂടിയാണ്. ഭൗതികമായ പരിപ്രേക്ഷ്യത്തിലൂടെ ചരിത്രത്തെ വ്യാഖ്യാനിക്കുന്നവരുണ്ട്. മാര്‍ക്‌സിസത്തിന്റെ ഭൗതിക വ്യാഖ്യാനം അതില്‍ പെടുന്നതാണ്. എന്നാല്‍ ചരിത്രത്തിന്റെ ദൈവിക വ്യാഖ്യാനത്തെ കുറിച്ചു വിശുദ്ധ ഖുര്‍ആന്‍ സംസാരിക്കുന്നത് കാണാം. സംഖ്യാ ബലമില്ലാത്ത എത്രയെത്ര വിഭാഗങ്ങളാണ് സംഖ്യാബലമുള്ളവരെ കീഴടക്കിയത് എന്ന ഖുര്‍ആന്റെ ചോദ്യം (2:249) ശ്രദ്ധേയമാണ്. ഇസ്രായേല്യരിലെ ത്വാലൂത്ത് (ശൗല്‍ രാജാവ്) - ജാലൂത്ത് (ഗോല്യാത്ത്) യുദ്ധത്തില്‍ ഒരു കൂട്ടര്‍ ഭീരുത്വം പ്രകടിപ്പിക്കുകയും ഗോല്യാത്തിനെ ദാവീദ് വധിച്ചു ശത്രുസേനയെ പരാജയപ്പെടുത്തുകയും ചെയ്ത വേളയിലാണ് ഖുര്‍ആന്റെ ഈ പരാമര്‍ശം. ചരിത്രഗതി എപ്പോഴും രേഖീയമായിരിക്കില്ലെന്നും മറിച്ച് ചാക്രികമായിരിക്കുമെന്നും ഖുര്‍ആന്‍ ചൂണ്ടിക്കാട്ടുന്നുണ്ട്: 'ജയാപജയങ്ങളുടെ ആ ദിനങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ നാം കറക്കിക്കൊണ്ടിരിക്കുന്നു'' എന്ന് ഖുര്‍ആനില്‍ അല്ലാഹു പറയുന്നത് (3:140) ബദ്്ര്‍ വിജയാനന്തരം നടന്ന ഉഹുദ് യുദ്ധത്തില്‍ മുസ് ലിംകള്‍ അച്ചടക്ക ലംഘനത്തിന്റെ പശ്ചാത്തലത്തില്‍ പരാജയം രുചിക്കേണ്ടി വന്നപ്പോഴാണ്. 'ജനങ്ങളില്‍ ചിലരെ ചിലരെക്കൊണ്ട് പ്രതിരോധിച്ചില്ലായിരുന്നെങ്കില്‍ ഭൂതലമാകെ നശിച്ചു പോയേനെ എന്നും ഖുര്‍ആനില്‍ കാണാം (2:249).

ഖുര്‍ആന്റെ ചരിത്ര ദര്‍ശനത്തെ സാധൂകരിക്കുന്ന സംഭവവികാസങ്ങളാണ് മൂന്ന് മാസങ്ങളിലേറെയായി നാം ഗസ്സയില്‍ കണ്ടുകൊണ്ടിരിക്കുന്നത്. ഗസ്സയില്‍ ഇസ്രയേല്‍ നടത്തുന്ന വംശഹത്യയുടെ യുദ്ധതാണ്ഡവം ഇപ്പോഴും അവസാനിച്ചിട്ടില്ല. യുദ്ധാന്ത്യപരിണതി എന്തായിരിക്കുമെന്ന് ഇനിയും കാണാനിരിക്കുന്നേയുള്ളൂ. എന്നാല്‍ ഒക്ടോബര്‍ 7-ന് ഹമാസിന്റെ ചുണക്കുട്ടികള്‍ നടത്തിയ ധീര സാഹസികത രാഷ്ട്രാന്തരീയ തലത്തില്‍ സൃഷ്ടിച്ച മാറ്റങ്ങള്‍ നിര്‍ണായകമാണെന്ന കാര്യം അവിതര്‍ക്കിതമാണ്. ഇസ്രയേലിന്റെയും അമേരിക്കയുടെയും അജയ്യത എന്ന മിഥ്യ, അറബ് ക്ലീബ ചിന്ത എന്നും അതിനെ കുറിച്ചു പറയാം, തകര്‍ക്കപ്പെട്ടു എന്നതാണ് കഴിഞ്ഞ വര്‍ഷത്തെ ഒക്ടോബര്‍ 7-ന്റെ ചരിത്ര പ്രാധാന്യം. മില്യന്‍ ഡോളറുകളുടെ പ്രതിരോധ സന്നാഹങ്ങളെ ഭേദിച്ചാണ് 'കരകൗശല' നിര്‍മിതികളായ ഗ്ലൈഡറുകളിലൂടെ ഇസ്സുദ്ദീന്‍ ഖസ്സാം ബ്രിഗേഡ് ഇസ്രയേലീ സൈനികത്താവളത്തിലെത്തി ബന്ദികളെയുമായി ടണലുകളില്‍ സുരക്ഷിതരായി തിരിച്ചെത്തിയത്. അതിന് ശേഷം യു.എസ് സൈനിക സഹായത്തോടെ പ്രതികാര മൂര്‍ത്തിയായ ഇസ്രയേല്‍ സേന കരയുദ്ധം നടത്തിയെങ്കിലും ലക്ഷ്യം നേടാതെ ജീവനും പടക്കോപ്പുകളും നഷ്ടപ്പെട്ടു പിന്‍വലിയാന്‍ നിര്‍ബന്ധിതമായി.
ഇതുപോലൊരു ഒക്ടോബറില്‍ തന്നെയാണ്, 1973-ലെ റമദാനില്‍, ഇസ്രയേലിന്റെ മറ്റൊരു മിഥ്യയായ ബാര്‍ലൈന്‍ ഈജിപ്ഷ്യന്‍ സേന തകര്‍ത്തതെന്നതും ഇവിടെ ഓര്‍ക്കാവുന്നതാണ്. ദശകങ്ങളുടെ പീഡനങ്ങള്‍ക്ക് ശേഷം നാസിറാനന്തര ഈജിപ്തില്‍ ഇഖ്്വാനുല്‍ മുസ് ലിമൂന്ന് പ്രവര്‍ത്തന സ്വാതന്ത്ര്യം ലഭിച്ച കാലം കൂടിയായിരുന്നു അത്. പക്ഷേ, അമേരിക്കയുടെ പ്രലോഭനത്തിനും ഭീഷണിക്കും വിധേയനായ പ്രസിഡന്റ് സാദാത്തിന് ആ വിജയത്തിന് അനുസ്യൂതിയുണ്ടാക്കാന്‍ സാധിച്ചില്ല. 1967-ലെ ജൂണ്‍ യുദ്ധത്തില്‍ ഇസ്രയേല്‍ പിടിച്ചടക്കിയ സീനായിയുടെ വീണ്ടെടുപ്പില്‍ സംതൃപ്തി അടഞ്ഞ സാദാത്ത്, അറബ് ലോകത്തെ മുഴുവന്‍ അവഗണിച്ചുകൊണ്ട് കേമ്പ് ഡേവിഡ് കരാറില്‍ ഒപ്പ് ചാര്‍ത്തി ഇസ്രയേലുമായുള്ള ബന്ധങ്ങള്‍ സാധാരണ നിലയിലാക്കി. പിന്നീട് സ്വന്തം ജീവന്‍ തന്നെ അതിന്റെ വിലയായി അദ്ദേഹത്തിന് നൽകേണ്ടി വന്നു. യുദ്ധത്തിൽ സൈനിക നേതൃത്വം വഹിച്ച ലഫ്റ്റനന്റ് ജനറല്‍ സഅ്ദുദ്ദീന്‍ ശാദുലിക്ക് ഇസ്രയേല്‍ അനുകൂല നയത്തിന് എതിര്‍ നില്‍ക്കേണ്ടി വന്നതിനാല്‍ നാടുവിടേണ്ടി വന്നു എന്നതാണ് ഈ വിഷയത്തിലെ പരിതാപകരമായ മറ്റൊരു പരിണതി. വിജയത്തോടടുക്കുമ്പോള്‍ വിദേശ കരങ്ങളുടെ ഇടപെടലില്‍ അറബികള്‍ കബളിപ്പിക്കപ്പെടുന്നത് ഇതാദ്യമല്ല. മുമ്പും ഇങ്ങനെ ഉണ്ടായിട്ടുണ്ട്.

ഇസ്രയേല്‍ സ്ഥാപിതമാകുന്നതിന് മുമ്പ് സെറ്റ് ലര്‍ കുടിയേറ്റം ഫലസ്ത്വീനില്‍ സംഘര്‍ഷം സൃഷ്ടിച്ചു കൊണ്ടിരുന്നു. 1929 ആഗസ്റ്റ് 9-ന് ഫലസ്ത്വീനില്‍ പൊട്ടിപ്പുറപ്പെട്ട 'ബുറാഖ് വിപ്ലവം' മേല്‍ചൊന്ന സംഭവങ്ങളിലൊന്നാണ്. ബ്രിട്ടീഷ്-മാന്‍ഡേറ്റിന്‍ കീഴിലായിരുന്നു അന്ന് ഫലസ്ത്വീന്‍. സംഘട്ടനത്തില്‍ ഫലസ്ത്വീനികള്‍ക്ക് മേല്‍ക്കൈ കിട്ടിയപ്പോള്‍ ബ്രിട്ടന്‍ അതില്‍ ഇടപെട്ടു. അറബ് നേതൃത്വത്തെ സംഭാഷണത്തിന് ക്ഷണിക്കുകയും ലീഗ് ഓഫ് നാഷന്റെ മാധ്യസ്ഥത്തിലൂടെ സമാധാനപരമായി പ്രശ്‌നപരിഹാരം തേടാമെന്ന് ബ്രിട്ടന്‍ നിര്‍ദേശിക്കുകയും ചെയ്തു.

അന്നത്തെ ജോര്‍ഡന്‍ ഭരണാധികാരി അബ്ദുല്ല രാജാവ് മാത്രമല്ല ഫലസ്ത്വീന്‍ മുഫ്തി അമീനുല്‍ ഹുസൈനി വരെ ആ കെണിയില്‍ വീണു. പോരാളിയായ ഇസ്സുദ്ദീന്‍ ഖസ്സാം അവരെ അതില്‍നിന്ന് പിന്‍വാങ്ങാന്‍ ആകുന്നത്ര ശ്രമിക്കുകയുണ്ടായെങ്കിലും അത് ഫലം ചെയ്തില്ല. ആ ഇസ്സുദ്ദീന്‍ ഖസ്സാമിന്റെ പേരിലുള്ള ബ്രിഗേഡാണ് ഇന്ന് 'ത്വൂഫാനുല്‍ അഖ്‌സ്വാ'യിലൂടെ അദ്ദേഹത്തോടുള്ള കടം വീട്ടിയിരിക്കുന്നത് എന്നത് ചരിത്രത്തിന്റെ ചാരിതാര്‍ഥ്യമാകാം.

സാദാത്ത് തുടങ്ങിവെച്ച 'വിധേയത്വ നയം' അന്ന് അറബ് ലോകം നിരാകരിക്കുകയുണ്ടായെങ്കിലും പില്‍ക്കാലത്ത് അവരും സാദാത്തിന്റെ പിന്നാലെ പോകുന്നതാണ് നാം കണ്ടത്. 'ദാഹിയതുല്‍ അറബ്' (അറബികളിലെ മഹാബുദ്ധി രാക്ഷസന്‍) എന്നറിയപ്പെടുന്ന മൊറോക്കോവിലെ ഹസന്‍ രാജാവ് തന്റെ ആത്മകഥയില്‍ ഇസ്രയേലുമായി ഒത്തുതീര്‍പ്പിലെത്തുന്നതിനെ കുറിച്ചു സഹോദരഭരണാധികാരികളെ സ്വകാര്യ സംഭാഷണത്തില്‍ ഉപദേശിക്കാറുള്ള കാര്യം തുറന്നെഴുതുകയുണ്ടായി. അദ്ദേഹത്തിന്റെ മകന്‍ മുഹമ്മദ് രാജാവ് ഇസ്രയേലിനെ ഈയിടെ അംഗീകരിച്ചപ്പോള്‍ ഭരണകക്ഷിയായ ഇസ് ലാമിസ്റ്റ് പാര്‍ട്ടി പോലും ഭരണം നിലനിര്‍ത്തുന്നതിനാണ് മുന്‍ഗണന നല്‍കിയത്. പിന്നീട് നടന്ന പൊതുതെരഞ്ഞെടുപ്പില്‍ തോല്‍പിച്ചുകൊണ്ട് ജനം അവരെ പാഠംപഠിപ്പിക്കുകയും ചെയ്തു.

ഓസ്്ലോ കരാറില്‍ പി.എല്‍.ഒവിന്റെ നട്ടെല്ല് ഒടിഞ്ഞതോടെ ഫലസ്ത്വീന് പുനര്‍ ലഭിച്ച നട്ടെല്ലാണ് ഹമാസ്. വൈറ്റ് ഹൗസിന്റെ ദൃഷ്ടിയില്‍ മുമ്പേ അവര്‍ ഭീകര സംഘടനയാണ്; 'സമാധാന കാംക്ഷികളായ' 'അറബ് വസന്ത അപഹര്‍ത്താക്കള്‍ക്ക്, ഇഖ്്വാന്റെ പ്രതിനിധാനമാകയാല്‍ ഒഴിവാക്കേണ്ട നിത്യ ശല്യവും. തങ്ങളുടെയും ഫലസ്ത്വീന്റെയും നേരെയുള്ള ലോകാഭിപ്രായത്തില്‍ ഗണ്യമായ മാറ്റങ്ങളുണ്ടായി എന്നതും ത്വൂഫാനുല്‍ അഖ്‌സ്വായുടെ നേട്ടങ്ങളില്‍ പെടുന്നു. അരമന നിരങ്ങികളായ ചില അല്‍പന്മാരൊഴികെ, ഇസ് ലാമിസ്റ്റ് വിരോധികളായ കേരളത്തിലെ ഇടത് പക്ഷമടക്കം ഹമാസ് അനുകൂല റാലികള്‍ നയിക്കുന്ന കാഴ്ചകളുണ്ടായി. പണ്ടത്തെപ്പോലെ മീഡിയാ പക്ഷപാതം വലിയ തോതിലുണ്ടായില്ല.

ഇസ്രയേലിന്റെ മനുഷ്യത്വവിരുദ്ധമായ രാക്ഷസ മുഖം മാത്രമല്ല കുറ്റകരമായ അറബ് നിഷ്‌ക്രിയത്വവും അനാവൃതമായി എന്നതാണ് ഈ സംഭവങ്ങളിലൂടെ ഉരുത്തിരിഞ്ഞു വന്ന മറ്റൊരു സവിശേഷത. ഇസ്രയേല്‍ തിരിച്ചടിക്കുമെന്നത് അറിയാതെ ആയിരുന്നില്ല ഖസ്സാം ബ്രിഗേഡിന്റെ സാഹസം. എന്നാല്‍ ഇസ്രയേലിന്റെ തിരിച്ചടിയില്‍ വളരെ പെട്ടെന്ന് ഹമാസ് കഥാവശേഷമാകുമെന്ന ശുഭപ്രതീക്ഷയിലായിരുന്നു ഇസ്രയേലിനൊപ്പം അറബ് നേതൃത്വങ്ങളും. റിയാദില്‍ അടിയന്തര ഉച്ചകോടി ചേരാന്‍ വൈകിയത് അതുകൊണ്ടായിരുന്നു. ചേര്‍ന്നപ്പോഴാകട്ടെ ഇസ്രയേലി ബോംബ് വര്‍ഷത്തോടൊപ്പം ഖസ്സാം ബ്രിഗേഡ് 'അധിനിവേശ'ത്തെയും ഒന്നിച്ചപലപിക്കുന്ന പ്രമേയം അവതരിപ്പിക്കാനായിരുന്നുവത്രെ ചില രാജ്യങ്ങളുടെ ശ്രമം. ആര്‍ജവമുള്ള മറ്റ് ചില അംഗരാഷ്ട്രങ്ങളുടെ ഇടപെടല്‍ മൂലമാണ് ആ ശ്രമം ഉപേക്ഷിക്കപ്പെട്ടത്. ഹിസ്ബുല്ല, ഹൂഥികള്‍, ഇറാന്‍ എന്നിവ ഒഴിച്ചു നിറുത്തിയാല്‍ പരോക്ഷമെങ്കിലുമുള്ള സൈനിക പിന്തുണ ഹമാസിന് എങ്ങുനിന്നുമില്ലെന്നതും ശ്രദ്ധേയമാണ്. ഗസ്സ ചുടലക്കളമാക്കിയിട്ടും ഇസ്രയേലിനെതിരെ വംശഹത്യാ കുറ്റം ചുമത്തി അന്താരാഷ്ട്ര കോടതിയില്‍ കേസ് ഫയല്‍ ചെയ്തതും മുസ്്ലിം കൂട്ടായ്മക്ക് പുറത്ത് നിന്നുള്ള ദക്ഷിണാഫ്രിക്കയാണെന്നും ഓര്‍ക്കുക.

സംഘര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ യു.എസ് പ്രതിനിധി ബ്ലിങ്കന്‍ നടത്തിയ അറബ് പര്യടനത്തിന് പിന്നില്‍ ഒരു ഗൂഢോദ്ദേശ്യമുണ്ടായിരുന്നു. ഹമാസിനെ ഇല്ലാതാക്കി ഗസ്സയില്‍നിന്ന് ഫലസ്ത്വീനികളെ മാറ്റിപ്പാര്‍പ്പിച്ച്, അവിടം ഇസ്രയേലിന്റെയോ ഫതഹിന്റെയോ കീഴിലാക്കുക എന്നതായിരുന്നു ബ്ലിങ്കന്‍ പദ്ധതി. ഒരു ഒഴിച്ചുപോക്ക് സംഭവിക്കുകയാണെങ്കില്‍ അതിന്റെ ഭാരം ജോര്‍ഡന്റെ തലയിലാകുമായിരുന്നു; യു.എസിന്റെ സാമ്പത്തിക സഹായമുണ്ടാവുമെങ്കിലും. രാജഭരണമാണെങ്കിലും രാഷ്ട്രീയ പ്രബുദ്ധതയുള്ള രാജ്യമായതിനാല്‍ അവിടത്തെ ജനവും രാഷ്ട്രീയ പാര്‍ട്ടികളും അത് വേഗം തിരിച്ചറിഞ്ഞു. അവര്‍ തെരുവിലിറങ്ങിയതിനാല്‍ ബ്ലിങ്കന് നിരാശയോടെ അവിടെനിന്ന് മടങ്ങേണ്ടി വന്നു. അതോടെയാണ് ബ്ലിങ്കന്‍ സന്ദര്‍ശിച്ച മറ്റ് രണ്ട് ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നിലപാട് മാറ്റേണ്ടി വന്നത്.

ഒരു രാജ്യം എങ്ങെനെയാണ് ജീര്‍ണിക്കുന്നതെന്ന് ചരിത്ര ദാര്‍ശനികനായ ഇബ്‌നു ഖല്‍ദൂന്‍ വിശകലനം ചെയ്യുന്നുണ്ട്. ശത്രുവിനെയും മിത്രത്തെയും തിരിച്ചറിയാന്‍ കഴിയാത്ത അറബ് മുസ് ലിം രാഷ്ട്രങ്ങള്‍ ഇബ്‌നു ഖല്‍ദൂന്‍ ചൂണ്ടിക്കാണിച്ച ആ പതനത്തിലാണിപ്പോള്‍. ശൈഥില്യം, ഇഛാശക്തിയുടെ അഭാവം, ദുര്‍ഭരണം, ദിശാബോധം നഷ്ടപ്പെട്ട ആസൂത്രണം ഇതൊക്കെ കാര്‍ന്ന് തിന്നുന്നതാണ് പല അറബ് രാജ്യങ്ങളുടെയും അവസ്ഥ. മൂല്യബോധം നഷ്ടപ്പെട്ട് സുഖലോലുപതയിലും അഹന്തയിലും അഭിരമിച്ചപ്പോള്‍ അപരിഷ്‌കൃതരായ താര്‍ത്താരികള്‍ ബഗ്ദാദ് കീഴടക്കിയ ചരിത്രത്തിലേക്ക് ഉള്‍ക്കാഴ്ച നല്‍കുന്നുണ്ട് ഇബ്‌നു ഖല്‍ദൂന്‍. ആ താര്‍ത്താരികള്‍ തന്നെ ഇസ് ലാമിക നാഗരികതയുടെ കാവല്‍ക്കാരായി മാറിയതും ലോക ചരിത്രത്തിലെ പാഠങ്ങളിലൊന്നാണ്. അതിന്റെ മറ്റൊരു പതിപ്പ് ഇപ്പോള്‍ ഗസ്സയിലും കാണാം. ശാസ്ത്ര സാങ്കേതിക വിദ്യയില്‍ മികച്ചു നില്‍ക്കുന്നതായി പറയപ്പെടുന്ന ഇസ്രയേലിന്റെ മില്യനുകള്‍ ചിലവഴിച്ചു നിര്‍മിച്ച പ്രതിരോധ കവചങ്ങള്‍ ഖസ്സാം ബ്രിഗേഡിന്റെ കൈകൊണ്ട് നിര്‍മിച്ച ആയുധങ്ങള്‍ക്ക് മുന്നില്‍ തകരുന്ന കാഴ്ച ലോകം വിസ്മയത്തോടെയാണ് നോക്കിക്കണ്ടത്.

കുരിശ് യുദ്ധങ്ങളിലേക്ക് കൂടി ഒന്ന് തിരിഞ്ഞു നോക്കുക. മുസ ്‌ലിം രാജ്യങ്ങള്‍ പരസ്പരം പോരടിച്ച് ശിഥിലമായിക്കൊണ്ടിരുന്നപ്പോഴാണ് കുരിശ് പട മുന്നേറിയതെന്ന് ആ ചരിത്രം പരിശോധിച്ചാല്‍ കാണാവുന്നതാണ്. ക്രൈസ്തവ രാജ്യങ്ങളാകട്ടെ അപ്പോള്‍ നല്ല ഐക്യത്തിലുമായിരുന്നുവെന്ന് ചരിത്രകാരനായ ഇബ്‌നുല്‍ അസീര്‍ തന്റെ 'അല്‍ കാമിലി'ല്‍ എഴുതിയിട്ടുണ്ട്. ഒന്നാം കുരിശു പടക്ക് അകമ്പടി സേവിച്ച ക്രൈസ്തവ ചരിത്രകാരനായ വോള്‍ഷറും അഭിമാനത്തോടെ ഈ വസ്തുത എടുത്ത് പറയുന്നുണ്ട്: വ്യത്യസ്ത ഭാഷക്കാരായിരുന്നിട്ടും കര്‍ത്താവിനോടുള്ള സ്‌നേഹത്തില്‍ ഐക്യപ്പെടാനും ഏകബുദ്ധിയോടെ ചിന്തിക്കാനും നമുക്ക് സാധിച്ചു.''

മുഹമ്മദ് മുഖ്താര്‍ ശന്‍ഖീതിയുടെ  ഈയിടെ പുറത്തിറങ്ങിയ ഡോക്ടറല്‍ തീസിസായ 'സുന്നീ-ശീഈ ബന്ധങ്ങളില്‍ കുരിശുയുദ്ധങ്ങളുടെ സ്വാധീനം' (അസറുല്‍ ഹുറൂബിസ്വലീബിയ്യ അലല്‍ അലാഖാത്തിസ്സുന്നിയ്യശ്ശീഇയ്യ) എന്ന കൃതിയിൽ അക്കാലത്തെ അവസ്ഥകളുടെയും പരിണതികളുടെയും വിശദാംശങ്ങള്‍ വായിക്കാവുന്നതാണ്. ഫാത്വിമീ ഇസ്മാഈലി, ബുഹൈവി സല്‍ത്തന, ഹംദാനി സല്‍ത്തന എന്നീ ഭരണകൂടങ്ങളുടെ അവസ്ഥകള്‍ വിശകലനം ചെയ്ത് കൊണ്ട് സുന്നീ-ശീഈ വിഭാഗീയതയില്‍ അഭിരമിച്ചുകൊണ്ട് പരസ്പരം പോരടിച്ചപ്പോഴൊക്കെ കുരിശ് പട മുന്നേറുകയും എപ്പോള്‍ അവര്‍ ഐക്യപ്പെട്ടോ അപ്പോഴൊക്കെ കുരിശുപടയാളികള്‍ക്ക് പിന്‍വാങ്ങേണ്ടി വരികയും ചെയ്ത അനുഭവങ്ങള്‍ ഈ കൃതിയില്‍ ഉദാഹരണ സഹിതം അനാവരണം ചെയ്യപ്പെടുന്നുണ്ട്. മന്ത്രിസ്ഥാനമലങ്കരിച്ചിരുന്ന നിസാമുല്‍ മുല്‍കും, ചിന്തകനായ അബൂഹാമിദുല്‍ ഗസ്സാലിയും രാഷ്ട്രീയ തലത്തിൽ ഇമാമിയ്യ ശീയാക്കളുമായി സഹവര്‍ത്തന സാധ്യത കണ്ടെത്തിയ ഉദാഹരണം ശന്‍ഖീത്വി എടുത്ത് കാണിക്കുന്നു. അക്കാലത്ത് ബിലാദുശ്ശാമിലെ ഇമാമികള്‍, അസ്തമിക്കാന്‍ പോകുന്ന ഫാത്വിമീ ഭരണകൂടത്തിന് പകരം ഉയര്‍ന്ന് വരുന്ന സുന്നീ സല്‍ജൂഖി ഭരണകൂടത്തിന്റെ പിന്തുണ തേടാന്‍ വിവേകം കാണിച്ചതും മറ്റൊരു ഉദാഹരണമാണ്. ശിയാ ശക്തി ക്ഷയിച്ചപ്പോള്‍ കുരിശു ഭീഷണിയെ തടുത്ത് നിര്‍ത്താന്‍ ഒടുവില്‍ അവര്‍ക്ക് സുന്നീ പക്ഷവുമായി ഒത്ത് തീര്‍പ്പിലെത്താതെ വയ്യെന്നായി.

വിഭാഗീയ ശക്തികളെ അടിച്ചമര്‍ത്താന്‍ അനേക വര്‍ഷങ്ങള്‍ പൊരുതിയ ശേഷമാണ് ഇമാമുദ്ദീന്‍ സിന്‍കിയും സ്വലാഹുദ്ദീന്‍ അയ്യൂബിയുമൊക്കെ കുരിശു പടയെ തോല്‍പിച്ചത്. ശാം നാടുകള്‍ വിഭജിച്ചു ഭരിച്ച അമീറുമാരോടു ഇമാമുദ്ദീന്‍ സിന്‍കിക്ക് എട്ടുവര്‍ഷം പൊരുതേണ്ടി വന്നു. പശ്ചിമ ഇറാഖിലെയും ശാമിലെയും അമീറുമാരുമായി പന്ത്രണ്ട് വര്‍ഷം യുദ്ധം ചെയ്ത ശേഷമാണ് ഈ നാടുകളടക്കം മുന്നണിയുണ്ടാക്കി സ്വലാഹുദ്ദീന്‍ അയ്യൂബി ഫലസ്ത്വീനിലേക്ക് മാര്‍ച്ചു ചെയ്തത്. ഇതേ ഉമറാക്കളുടെ അനന്തിരവന്മാരെയാണ് ഇന്ന് നാം അറബ് നാടുകളില്‍ കാണുന്നത്. അവര്‍ മസ്ജിദുല്‍ അഖ്‌സ്വാ പരസ്യ ലേലത്തിന് വെച്ചപ്പോഴുണ്ടായ കറാമത്താണ് 'ത്വൂഫാനുല്‍ അഖ്‌സ്വാ.'

ഇത്തിഹാദുൽ ഉലമാ സമ്മേളനം
ലോക മുസ് ലിം പണ്ഡിത സഭ (അല്‍ ഇത്തിഹാദുല്‍ ആലമി ലിഉലമാഇല്‍ മുസ് ലിമീന്‍) ആറാമത് ജനറല്‍ ബോഡി സമ്മേളനം 2024 ജനുവരി 6-10 തീയതികളില്‍ ദോഹയില്‍ ചേരുകയുണ്ടായി. അഞ്ച് ഭൂഖണ്ഡങ്ങളില്‍ നിന്നായി 900 പണ്ഡിതന്മാര്‍ പങ്കെടുത്ത സമ്മേളനത്തിന്റെ മുദ്രാവാക്യം 'നാം നമ്മുടെ ദീന്‍ നിലനിറുത്തും, സമുദായത്തിന്റെ നവോത്ഥാനത്തിന് യത്‌നിക്കും, ദീനിനെ സഹായിക്കും' (നുഖീമുദീനനാ, നന്‍ഹദു ബീ ഉമ്മതിനാ, നന്‍സ്വുറു ദീനനാ') എന്നായിരുന്നു. 'ഇത്തിഹാദുല്‍ ഉലമാ കേരള'യുടെ പ്രതിനിധികളായി ഡോ. ഇല്‍യാസ് മൗലവി, ഡോ. അബ്ദുസ്സലാം അഹ്്മദ്, കെ.എം അശ്‌റഫ് എന്നിവരും സമ്മേളനത്തില്‍ പങ്കെടുക്കുകയുണ്ടായി. സംഘടനാ സംബന്ധിയായ സിറ്റിംഗുകള്‍ക്ക് പുറമെ സമ്മേളനത്തോടനുബന്ധിച്ച് 'ത്വൂഫാനുല്‍ അഖ്‌സ്വായും മുസ് ലിം ഉമ്മത്തിന്റെ പങ്കും' എന്ന വിഷയത്തില്‍ ഡോ. മുഹ്‌സിന്‍ സ്വാലിഹ്, ഡോ. മുഹമ്മദ് ഗുര്‍മാസ്, ഡോ. അസാം അയ്യൂബി എന്നിവര്‍ പങ്കെടുത്ത ധൈഷണിക സെമിനാറും 'മതാത്മകതയും നിര്‍മതത്ത്വ പ്രശ്‌നവും, സാംസ്‌കാരികത്തകര്‍ച്ചയുടെ കാലത്തെ കുടുംബ സംരക്ഷണം എന്നീ വിഷയങ്ങളില്‍ മറ്റ് രണ്ട് ചര്‍ച്ചാ സമ്മേളനങ്ങളും ചേരുകയുണ്ടായി. തികച്ചും സമകാലികവും പ്രസക്തവുമായ വിഷയങ്ങള്‍ തന്നെയാണ് സമ്മേളനം ചര്‍ച്ച ചെയ്തത്. ഫലസ്ത്വീന്‍ വിഷയത്തില്‍ ലോക മുസ് ലിം സമൂഹത്തിന്റെ കടമകളിലേക്ക് സമ്മേളനം പ്രത്യേകം ശ്രദ്ധക്ഷണിക്കുകയുണ്ടായി. ഹമാസ് തലവന്‍ ഇസ് മാഈല്‍ ഹനിയ്യ തദ്വിഷയകമായി കോണ്‍ഫ്രന്‍സില്‍ ചെയ്ത പ്രസംഗം ഗസ്സയിലെ പുതിയ സംഭവവികാസങ്ങളിലേക്ക് വെളിച്ചം വീശി. പണ്ഡിത വേദിയുടെ പ്രസിഡന്റായി ഡോ. അലി ഖുറദാഗി തെരഞ്ഞെടുക്കപ്പെട്ടു. കുര്‍ദിസ്താനില്‍നിന്നുള്ള ഈ പണ്ഡിത പ്രതിഭയെ അഭിനന്ദിച്ചുകൊണ്ട് കുര്‍ദിസ്താന്‍ പ്രസിഡന്റ് മസ്ഊദ് ബാര്‍സാനിയും പ്രധാനമന്ത്രി മസ്റുര്‍ ബര്‍സാനിയും സന്ദേശങ്ങള്‍ അയക്കുകയുണ്ടായി. പണ്ഡിത വേദിയെ വിവേകപൂര്‍വവും ഫലപ്രദമായും നയിക്കാന്‍ അല്ലാഹു അദ്ദേഹത്തിന് തൗഫീഖ് നല്‍കട്ടെ എന്ന് ഞങ്ങളും പ്രാര്‍ഥിക്കുന്നു. വേദിയുടെ സ്ഥാപകാംഗവും മുന്‍ പ്രസിഡന്റുമായ ഡോ. ഖര്‍ദാവിയുടെ അഭാവത്തില്‍ നടക്കുന്ന ആദ്യസമ്മേളനമായിരുന്നു ഇത്. അദ്ദേഹത്തിന്റെ ഒരു അനുസ്്മരണ സമ്മേളനവും അനുബന്ധവുമായുണ്ടായിരുന്നു. ഖർദാവിയുടെ വിടവ് നികത്താന്‍ ഡോ. ഖുറദാഗിക്ക് സാധിക്കുമാറാകട്ടെ.

സമ്മേളനം അംഗീകരിച്ച പ്രമേയത്തിൽ ഗസ്സക്ക് പിന്തുണ നൽകിയ ഇസ് ലാമിക ലോകത്തിന് പുറത്തുള്ളവരെ, വിശിഷ്യാ ഇസ്രായേലിന്നെതിരെ വംശഹത്യാ കുറ്റം ചുമത്തി ലോക കോടതിയെ സമീപിച്ച ദ. ആഫ്രിക്കയെ അഭിനന്ദിക്കുകയുണ്ടായി. 900 ആളുകള്‍ പങ്കെടുത്ത നാലുദിവസം നീണ്ടുനിന്ന ഇത്തരമൊരു മഹാസമ്മേളനത്തിന് ആതിഥ്യമരുളാന്‍ സന്നദ്ധമായ ഖത്തര്‍ എന്ന ചെറിയ രാജ്യവും അഭിനന്ദനമര്‍ഹിക്കുന്നുണ്ട്.

 

തിരുത്ത്

കഴിഞ്ഞ ലക്കം 'ബോധനം' എഡിറ്റോറിയലില്‍ നബിയുടെ ജന്മദിനാഘോഷത്തിന് തുടക്കം കുറിച്ചത് ശീഈ വിഭാഗത്തില്‍ പെട്ട ഫാത്വിമി ഭരണാധികാരി ളാഹിര്‍ രാജാവാണെന്ന പരാമര്‍ശം അബദ്ധമാണ്. ഇപ്പോള്‍ ഉത്തര ഇറാഖില്‍ സ്ഥിതിചെയ്യുന്ന ഇര്‍ബില്‍ ഭരണാധികാരി മുളഫ്ഫറുദ്ദീന്‍ കോക്ബാരി (1153-1232)യായിരുന്നു അതിന് തുടക്കമിട്ടത്. സ്വലാഹുദ്ദീന്‍ അയ്യൂബിയുടെ സഹോദരിയെ വിവാഹം കഴിക്കുകയും കുരിശു യുദ്ധത്തില്‍ പങ്കെടുക്കുകയും ചെയ്ത അദ്ദേഹം ശീഇയായിരുന്നില്ല. അബദ്ധം സംഭവിച്ചതില്‍ ഖേദിക്കുന്നു.

പത്രാധിപര്‍

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top