ബഹുസ്വര സമൂഹത്തിലെ സഹജീവിതം ഇസ്‌ലാമിന്റെ നിലപാട്‌

ഡോ. മുസ്വ്ത്വഫാ മക്കീ അല്‍കുബൈസി‌‌
img

മതപരമായോ ചിന്താപരമായോ മേഖലാപരമായോ വംശീയമായോ മറ്റോ വ്യത്യസ്തരായ ജനങ്ങള്‍ തങ്ങളുടെ വിഭവസ്രോതസ്സുകളും നേട്ടങ്ങളും ലാഭനഷ്ട പങ്കാളിത്തത്തോടെയും പരസ്പര ആദരബഹുമാനങ്ങളോടെയും എല്ലാവരുടെയും അനുഭവ സമ്പത്തുകള്‍ പ്രയോജനപ്പെടുത്തിയും അതോടൊപ്പം ഓരോ വിഭാഗത്തിന്റെയും സവിശേഷതകളും അസ്തിത്വവും വ്യക്തിത്വവും പരസ്പരം അംഗീകരിച്ചും കൂട്ടു ജീവിതം നയിക്കുന്നതിന് സഹജീവിതം (تعايش) എന്നു പറയുന്നു.

ഇത് സാധ്യമാകണമെങ്കില്‍ ആദര്‍ശപരമായും ചിന്താപരമായും ഭിന്നതലങ്ങളില്‍ കഴിയുന്നവര്‍ക്ക് പങ്കാളിത്ത ജീവിതത്തില്‍ താല്‍പര്യമുണ്ടാകണം. പരസ്പര ഭിന്നതയുള്ള വിഷയങ്ങളില്‍ സഹിഷ്ണുത പുലര്‍ത്താന്‍ കഴിയണം. വ്യത്യസ്ത ആദര്‍ശ വിശ്വാസങ്ങളെ പരസ്പരം ആദരവോടെ കാണാന്‍ സാധിക്കണം. ഈവക കാര്യങ്ങള്‍ ഏതെങ്കിലും ഒരു പക്ഷം നിരാകരിച്ചാല്‍ സഹജീവിതം സാധ്യമല്ല. എല്ലാ പക്ഷങ്ങളും ഒരുപോലെ താല്‍പര്യപ്പെടുന്ന മൗലികവും മഹോന്നതവുമായ വശങ്ങള്‍ ഉറപ്പുവരുത്താന്‍ കഴിയുമ്പോഴാണ് എല്ലാവര്‍ക്കും സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികം ഉൾപ്പെടെയുള്ള മേഖലകളില്‍ സമാധാനവും സ്വാസ്ഥ്യവും ലഭിക്കുകയുള്ളൂ.

ഖുര്‍ആനില്‍
അല്ലാഹുവിന്റെ കഴിവിന്റെയും യുക്തിയുടെയും ഭാഗമായി അവന്‍ മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നത് തെരഞ്ഞെടുപ്പു സ്വാതന്ത്ര്യമുള്ള സൃഷ്ടിയായാണ്. മനുഷ്യർ രണ്ടു തരമാണ്. സത്യവിശ്വാസിയും സത്യനിഷേധിയും. നല്ലവനും ചീത്തയും. സത്യപ്പെടുത്തിയവനും കളവാക്കിയവനും.
هُوَ الَّذِي خَلَقَكُمْ فَمِنكُمْ كَافِرٌ وَمِنكُم مُّؤْمِنٌۚ وَاللَّهُ بِمَا تَعْمَلُونَ بَصِيرٌ
'അവനാണ് നിങ്ങളെ സൃഷ്ടിച്ചവന്‍. എന്നിട്ട് നിങ്ങളുടെ കൂട്ടത്തില്‍ സത്യനിഷേധിയുണ്ട്. നിങ്ങളുടെ കൂട്ടത്തില്‍ സത്യവിശ്വാസിയുമുണ്ട്. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി കണ്ടറിയുന്നവനാകുന്നു' (തഗാബുന്‍ 2).

സഹജമായോ നിര്‍ബന്ധിതമായോ ഇസ് ലാം സ്വീകരിക്കണമെന്ന് അല്ലാഹുവിന്  വേണമെങ്കില്‍ നിര്‍ബന്ധിക്കാമായിരുന്നു. അത് ചെയ്തില്ല എന്നു മാത്രമല്ല, ആദര്‍ശപരമായ വൈവിധ്യം ഒരു ലോകസത്യമാണെന്നു തന്നെ ഖുര്‍ആന്‍ എടുത്തു പറയുന്നുണ്ട്.
وَلَوْ شَاءَ رَبُّكَ لَجَعَلَ النَّاسَ أُمَّةً وَاحِدَةًۖ وَلَا يَزَالُونَ مُخْتَلِفِينَ . إِلَّا مَن رَّحِمَ رَبُّكَۚ وَلِذَٰلِكَ خَلَقَهُمْۗ
'നിന്റെ രക്ഷിതാവ് ഉദ്ദേശിച്ചിരുന്നുവെങ്കില്‍ മനുഷ്യരെ അവന്‍ ഒരൊറ്റ സമുദായമാക്കുമായിരുന്നു. (എന്നാല്‍) അവര്‍ ഭിന്നിച്ചു കൊണ്ടേയിരിക്കുന്നതാണ്. നിന്റെ രക്ഷിതാവ് കരുണ ചെയ്തവരൊഴികെ. അതിനുവേണ്ടിയാണ് അവന്‍ അവരെ സൃഷ്ടിച്ചത്. (ഹൂദ് 118,119) (ഭിന്നങ്ങളായ ആശയാദര്‍ശങ്ങള്‍ സ്വീകരിക്കാന്‍ സ്വാതന്ത്ര്യമുള്ള നിലയിലാണ് അല്ലാഹു മനുഷ്യരെ സൃഷ്ടിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ സ്വന്തം കര്‍മങ്ങളുടെ ഫലം അനുഭവിക്കാന്‍ അവര്‍ വിധിക്കപ്പെടുകയും ചെയ്തിരിക്കുന്നു).
ഭിന്നരീതികളിൽ ചിന്തിക്കുന്ന മനുഷ്യരിലെ മതപരമായ അന്തരങ്ങള്‍ ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളില്‍ വിവിധ രീതികളില്‍ പ്രതിഫലിച്ചുകൊണ്ടിരിക്കുന്നു.
وَمَا أَكْثَرُ النَّاسِ وَلَوْ حَرَصْتَ بِمُؤْمِنِينَ
'നീ അതിയായി ആഗ്രഹിച്ചാലും മനുഷ്യരില്‍ അധികപേരും വിശ്വസിക്കുന്നവരല്ല' (യൂസുഫ് 103).

പ്രകൃതിപരവും സ്വാഭാവികവുമായ ഈ ഭിന്നതയെ മുന്‍നിറുത്തി ചിന്തിക്കുമ്പോള്‍ ഖുര്‍ആന്‍ അതിന്റെ എതിരാളികളോട് എങ്ങനെയാണ് ഇടപഴകുന്നത് എന്ന ചോദ്യമുയരുന്നു. ഇതിന്റെ ഉത്തരം കണ്ടെത്താന്‍, മുസ് ലിംകള്‍ ഇതര മതസ്ഥരുമായി എങ്ങനെയാവണം സഹവര്‍ത്തിക്കുന്നതെന്നത് സംബന്ധിച്ച് ഖുര്‍ആന്‍ നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്.

ഖുര്‍ആനിക വീക്ഷണത്തില്‍ എല്ലാ മനുഷ്യരും ഒരേ ആത്മാവില്‍നിന്നാണ് സൃഷ്ടിക്കപ്പെട്ടത്. എല്ലാവരും ഒരേ മാതാവിന്റെയും പിതാവിന്റെയും മക്കള്‍. ആദര്‍ശങ്ങളും ഭാഷകളും ദേശങ്ങളും വ്യത്യസ്തമാണെങ്കിലും എല്ലാവരുടെയും വംശമൂലം ഒന്നുതന്നെ.
يَا أَيُّهَا النَّاسُ اتَّقُوا رَبَّكُمُ الَّذِي خَلَقَكُم مِّن نَّفْسٍ وَاحِدَةٍ وَخَلَقَ مِنْهَا زَوْجَهَا وَبَثَّ مِنْهُمَا رِجَالًا كَثِيرًا وَنِسَاءًۚ وَاتَّقُوا اللَّهَ الَّذِي تَسَاءَلُونَ بِهِ وَالْأَرْحَامَۚ إِنَّ اللَّهَ كَانَ عَلَيْكُمْ رَقِيبًا 
'മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവില്‍നിന്ന് സൃഷ്ടിക്കുകയും അതില്‍നിന്നു തന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും അവരില്‍ ഇരുവരില്‍നിന്നുമായി ധാരാളം പുരുഷന്മാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങള്‍ സൂക്ഷിക്കുവിന്‍. ഏതൊരു അല്ലാഹുവിന്റെ പേരില്‍ നിങ്ങള്‍ അന്യോന്യം ചോദിച്ചുകൊണ്ടിരിക്കുന്നുവോ അവനെ നിങ്ങള്‍ സൂക്ഷിക്കുക. കുടുംബ ബന്ധങ്ങളെയും (നിങ്ങള്‍ സൂക്ഷിക്കുക) തീര്‍ച്ചയായും അല്ലാഹു നിങ്ങളെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നവനാകുന്നു. (നിസാഅ് 1).

ഇസ് ലാമിക വീക്ഷണത്തില്‍ മനുഷ്യരെല്ലാവരും മാനവ കുടുംബത്തിലെ അംഗങ്ങളാണ്. എല്ലാവര്‍ക്കും വിവേചനമന്യെ ജീവിക്കാന്‍ അവകാശമുണ്ട്. മതമോ നിറമോ വര്‍ഗമോ നോക്കാതെ മനുഷ്യത്വത്തിന്റെ പേരില്‍മാത്രം ആദരിക്കപ്പെടേണ്ടവരാണ് മനുഷ്യര്‍.

وَلَقَدْ كَرَّمْنَا بَنِي آدَمَ وَحَمَلْنَاهُمْ فِي الْبَرِّ وَالْبَحْرِ وَرَزَقْنَاهُم مِّنَ الطَّيِّبَاتِ وَفَضَّلْنَاهُمْ عَلَىٰ كَثِيرٍ مِّمَّنْ خَلَقْنَا تَفْضِيلًا
'തീര്‍ച്ചയായും ആദം സന്തതികളെ നാം ആദരിക്കുകയും കടലിലും കരയിലും അവരെ നാം വാഹനത്തില്‍ കയറ്റുകയും വിശിഷ്ട വസ്തുക്കളില്‍നിന്ന് നാം അവര്‍ക്ക് ഉപജീവനം നല്‍കുകയും നാം സൃഷ്ടിച്ചിട്ടുള്ളവരില്‍ മിക്കവരെക്കാളും അവര്‍ക്കു നാം സവിശേഷമായ ശ്രേഷ്ഠത നല്‍കുകയും ചെയ്തിരിക്കുന്നു' (ഇസ്‌റാഅ് 70).
വര്‍ഗപരവും ഭാഷാപരവും വര്‍ണപരവുമായി മനുഷ്യര്‍ക്കിടയില്‍ നിലനില്‍ക്കുന്ന വ്യത്യാസങ്ങള്‍ അല്ലാഹുവിന്റെ നിസ്തുലമായ സൃഷ്ടി വൈഭവത്തിന്റെ മഹത്തായ ദൃഷ്ടാന്തങ്ങളായാണ് ഖുര്‍ആന്‍ അവതരിപ്പിക്കുന്നത്; അല്ലാതെ മനുഷ്യർക്കിടയിലെ ഉച്ചനീചത്വങ്ങൾക്ക് നിദാനമാക്കിയല്ല.
وَمِنْ آيَاتِهِ خَلْقُ السَّمَاوَاتِ وَالْأَرْضِ وَاخْتِلَافُ أَلْسِنَتِكُمْ وَأَلْوَانِكُمْۚ إِنَّ فِي ذَٰلِكَ لَآيَاتٍ لِّلْعَالِمِينَ
'ആകാശ ഭൂമികളുടെ സൃഷ്ടിയും നിങ്ങളുടെ ഭാഷകളിലും വര്‍ണങ്ങളിലുമുള്ള വ്യത്യാസവും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ അറിവുള്ളവര്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്' (റൂം 22).

ഈ വ്യത്യാസങ്ങള്‍ പരസ്പരം ശത്രുത പുലര്‍ത്താനോ അകലാനോ ന്യായമല്ല. പ്രത്യുത, അറിയാനും അടുക്കാനും നന്മകളിലും പൊതുതാല്‍പര്യങ്ങളിലും സഹകരിക്കാനും അതിനെ ഉപാധിയാക്കുകയാണ് വേണ്ടത്.
يَا أَيُّهَا النَّاسُ إِنَّا خَلَقْنَاكُم مِّن ذَكَرٍ وَأُنثَىٰ وَجَعَلْنَاكُمْ شُعُوبًا وَقَبَائِلَ لِتَعَارَفُواۚ إِنَّ أَكْرَمَكُمْ عِندَ اللَّهِ أَتْقَاكُمْۚ إِنَّ اللَّهَ عَلِيمٌ خَبِيرٌ 
'ഹേ, മനുഷ്യരേ! തീര്‍ച്ചയായും നിങ്ങളെ നാം ഒരാണില്‍നിന്നും ഒരു പെണ്ണില്‍നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ അന്യോന്യം അറിയേണ്ടതിന് നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹുവിന്റെ അടുത്ത് നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും ധര്‍മനിഷ്ഠ പാലിക്കുന്നവനാകുന്നു. തീര്‍ച്ചയായും അല്ലാഹു സര്‍വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു' (ഹുജുറാത്ത് 13).

എല്ലാ മനുഷ്യബന്ധങ്ങളെയും സമഗ്രമായ മാനുഷിക ഐക്യത്തിന്റെ അടിസ്ഥാനത്തിലാണ് ഇസ്്ലാം വ്യവസ്ഥപ്പെടുത്തുന്നത്. അല്ലാതെ ദേശത്തിന്റെയോ ഭാഷയുടെയോ ഗോത്രത്തിന്റെയോ അടിസ്ഥാനത്തിലല്ല. ശാശ്വതമായ സ്വഭാവത്തില്‍ മനുഷ്യ ബന്ധങ്ങളെ സ്ഥാപിച്ചെടുക്കാന്‍ മനുഷ്യത്വത്തിനും നീതിക്കും പകരം മറ്റൊരു മാനദണ്ഡവുമില്ല.

അമുസ്‌ലിംകളുമായി ഇടപഴകുന്നതിന് ഇസ്്ലാം നിശ്ചയിച്ച മാര്‍ഗനിര്‍ദേശങ്ങളില്‍ മൗലിക പ്രധാനമായ മൂന്നു കാര്യങ്ങള്‍ സംബന്ധിച്ച് ചില കാര്യങ്ങള്‍.

മതവിഷയത്തില്‍ നിര്‍ബന്ധമേയില്ല

لَا إِكْرَاهَ فِي الدِّينِۖ قَد تَّبَيَّنَ الرُّشْدُ مِنَ الْغَيِّۚ فَمَن يَكْفُرْ بِالطَّاغُوتِ وَيُؤْمِن بِاللَّهِ فَقَدِ اسْتَمْسَكَ بِالْعُرْوَةِ الْوُثْقَىٰ لَا انفِصَامَ لَهَاۗ وَاللَّهُ سَمِيعٌ عَلِيمٌ
'മതത്തിന്റെ കാര്യത്തില്‍ ബലപ്രയോഗമേ ഇല്ല. സന്മാര്‍ഗം ദുര്‍മാര്‍ഗത്തില്‍നിന്ന് വ്യക്തമായി വേര്‍തിരിഞ്ഞു കഴിഞ്ഞിരിക്കുന്നു. ആകയാല്‍ ഏതൊരാള്‍ ദുര്‍മൂര്‍ത്തികളെ അവിശ്വസിക്കുയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നുവോ അവന്‍ പിടിച്ചിട്ടുള്ളത് ബലമുള്ള ഒരു കയറിലാകുന്നു. അത് പൊട്ടിപ്പോകുകയേ ഇല്ല. അല്ലാഹു (എല്ലാം) കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു' (ബഖറ 256).
ഈ സൂക്തത്തിന്റെ അവതരണ പശ്ചാത്തലം മനസ്സിലാക്കുന്നത് വിഷയം ഗ്രഹിക്കാന്‍ സഹായകമാവും.
ഇബ്‌നു അബ്ബാസ് (റ) പറയുന്നു:
كانتِ المرأةُ تكونُ مِقْلاةً فتجعلُ على نفسِها إنْ عاش لها ولدٌ أنْ تُهَوِّدَهُ ، فلمَّا أُجْلِيَتْ بَنو النَّضير ِكانَ فيهِمْ أبناءُ الأنصارِ ، فقالوا : لا ندعُ أبناءَنا ، فأنزل اللهُ : { لاَ إِكْرَاهَ فِي الدِّينِ} ا
'കുഞ്ഞുങ്ങള്‍ മരിച്ചു പോയിരുന്ന ചില സ്ത്രീകള്‍ തങ്ങള്‍ക്ക് ഇനി കുഞ്ഞുങ്ങള്‍ ജനിക്കുകയാണെങ്കില്‍ അവരെ യഹൂദികളായി വളര്‍ത്തുമെന്ന് തീരുമാനിച്ചിരുന്നു. യഹൂദ ഗോത്രമായ ബനുന്നദീറിനെ നാടു കടത്തിയപ്പോള്‍ അവരില്‍ അന്‍സ്വാറുകള്‍ക്ക് യഹൂദ സ്ത്രീകളില്‍ ജനിച്ച കുട്ടികളുമുണ്ടായിരുന്നു. അപ്പോള്‍ അന്‍സ്വാറുകളായ പിതാക്കള്‍ പറഞ്ഞു: 'ഞങ്ങള്‍ ഞങ്ങളുടെ മക്കളെ അവരോടൊപ്പം പോകാന്‍ അനുവദിക്കില്ല.' അപ്പോള്‍ അല്ലാഹു 'ലാ ഇക്‌റാഹ ഫിദ്ദീന്‍' എന്ന സൂക്തം അവതരിപ്പിച്ചു.1
അവതരണ പശ്ചാത്തലമായി വേറെയും സംഭവങ്ങള്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ടെങ്കിലും എല്ലാറ്റിലെയും ആശയം ഒന്നു തന്നെ. 'ആരെയും ഇസ്്ലാം ആശ്ലേഷിക്കാന്‍ നിര്‍ബന്ധിക്കാവതല്ല' എന്ന്.

ചില ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ ഈ സൂക്തം യുദ്ധസംബന്ധമായ സൂക്തങ്ങളുടെ അവതരണത്തോടെ ദുര്‍ബലമായതായി അഭിപ്രായപ്പെട്ടിട്ടുണ്ടെങ്കിലും കൂടുതല്‍ ഖുര്‍ആന്‍ വ്യാഖ്യാതാക്കളും സൂക്തം ഖണ്ഡിതമാണെന്ന പക്ഷക്കാരാണ്. ഇമാം ത്വബരി പറയുന്നു:
ولا معنى لقول من زعم أن الآية منسوخة الحكم بالإذن بالمحاربة
'യുദ്ധാനുവാദം ലഭിച്ചതോടെ സൂക്തം ദുര്‍ബലമായി എന്ന വാദത്തില്‍ അര്‍ഥമില്ല.'2 ശൈഖ് മുഹമ്മദ് അബൂ സഹ്‌റ വിശദീകരിക്കുന്നു. 'ഈ സൂക്തം ദുര്‍ബലപ്പെടുത്തപ്പെട്ടിട്ടില്ല, ഖണ്ഡിതമാണ്. ദുര്‍ബലപ്പെടുത്തപ്പെട്ടു എന്നതിന് തെളിവില്ല. രണ്ടു സൂക്തങ്ങളെ സംയോജിപ്പിച്ച് മനസ്സിലാക്കാന്‍ കഴിയില്ലെങ്കില്‍ മാത്രമെ ദുര്‍ബലപ്പെട്ടതായി മനസ്സിലാക്കേണ്ടതുള്ളൂ. രണ്ട് സൂക്തങ്ങളില്‍ ഒന്നിനെ സവിശേഷമായെടുത്ത് സംയോജിപ്പിച്ച് മനസ്സിലാക്കാന്‍ കഴിഞ്ഞാല്‍ ദുര്‍ബലമായതായി പരിഗണിക്കാതെ അതനുസരിച്ച് നിലപാടെടുക്കണം. ഈ സൂക്തത്തെയും യുദ്ധവുമായി ബന്ധപ്പെട്ട സൂക്തങ്ങളെയും യോജിപ്പിച്ച് മനസ്സിലാക്കുക സാധ്യമാണ്. ഇങ്ങനെ പറയാം: ഇസ്്ലാം യുദ്ധം അനുവദിച്ചത് ഇസ് ലാം സ്വീകരിക്കാന്‍ ജനങ്ങളെ നിര്‍ബന്ധിക്കാന്‍ വേണ്ടിയല്ല. ശത്രുക്കളെ പ്രതിരോധിക്കുക എന്നതായിരുന്നു യുദ്ധത്തിന്റെ പ്രഥമ ലക്ഷ്യം. ഇസ് ലാമിക പ്രബോധനത്തിന് വഴി തുറന്നുകിട്ടുകയായിരുന്നു രണ്ടാമത്തെ ലക്ഷ്യം. സത്യവചനം അസത്യ വചനത്തേക്കാള്‍ ഉന്നതമായിരിക്കുക എന്നതായിരുന്നു മൂന്നാമത്തെ ലക്ഷ്യം. ഏതവസ്ഥയിലും ജനങ്ങള്‍ക്ക് വിശ്വാസ വിഷയകമായി സ്വാതന്ത്ര്യം ഉണ്ടായിരിക്കും'.3
إِنَّكَ لَا تَهْدِي مَنْ أَحْبَبْتَ وَلَٰكِنَّ اللَّهَ يَهْدِي مَن يَشَاءُۚ وَهُوَ أَعْلَمُ بِالْمُهْتَدِينَ
'തീര്‍ച്ചയായും നീ നിനക്ക് ഇഷ്ടപ്പെടുന്നവരെ സന്മാര്‍ഗത്തിലാക്കുകയില്ല. എന്നാല്‍ അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നവരെ സന്മാര്‍ഗത്തിലാക്കുന്നു. സന്മാര്‍ഗികളെക്കുറിച്ച് ഏറ്റവും നന്നായി അറിയുന്നവന്‍ അവനത്രെ' (ഖസ്വസ്വ് 56).

അല്ലാഹുവിലുള്ള വിശ്വാസം എത്രതന്നെ പ്രധാനമാണെങ്കിലും അവനില്‍ വിശ്വസിക്കാൻ ഇസ് ലാം ആരെയും നിര്‍ബന്ധിക്കുന്ന പ്രശ്‌നമില്ലെന്ന് ചുരുക്കം; മാര്‍ഗഭ്രംശത്തിന്റെ പാഴ്ക്കുണ്ടില്‍നിന്ന് മാനവതയെ രക്ഷിക്കാന്‍ ഇസ് ലാമിക ശരീഅത്തിനോടുള്ള പ്രതിബദ്ധതയും, ഇസ് ലാം പരമ സത്യമാണെന്ന ബോധ്യവും മുഹമ്മദ് നബി അന്ത്യപ്രവാചകനാണെന്ന വിശ്വാസവും അനിവാര്യമാണെങ്കിലും അല്ലാഹു മനുഷ്യന് ബുദ്ധി നല്‍കിയനുഗ്രഹിക്കുകയും അസ്തിത്വത്തിന്റെ ഉത്തരവാദിത്വം ചുമത്തുകയും ജീവിത സരണി തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നല്‍കുകയും ചെയ്തിരിക്കയാല്‍ ഒരുതരം നിര്‍ബന്ധവും സംഗതമല്ല. എന്തുകൊണ്ടെന്നാല്‍ ഇസ് ലാം സ്വീകരിക്കാന്‍ നിര്‍ബന്ധിക്കുന്നതിലൂടെ ഭൂമിയിലെ മനുഷ്യന്റെ പ്രാതിനിധ്യം, ഉത്തരവാദിത്വം, രക്ഷാ-ശിക്ഷകള്‍ മുതലായവ സംബന്ധിച്ച മൂല്യങ്ങള്‍ നിരര്‍ഥകമാവും. ജനങ്ങള്‍ക്ക് സമാധാനവും സുരക്ഷയും നന്മയും ഉണ്ടാക്കാനായി അവരെല്ലാവരും ഇസ്്ലാം സ്വീകരിക്കണമെന്ന് കൊതിക്കുന്നേടത്തോളം മോഹിക്കുന്നത് ഫലിക്കുകയില്ലെന്ന് ഖുര്‍ആനില്‍ അല്ലാഹു നബി(സ)യെ ധരിപ്പിക്കുന്നത് കാണാം. പ്രവാചകന്റെ ഉത്തരവാദിത്വം പ്രബോധനം എത്തിക്കല്‍ മാത്രമാണെന്ന് അടിക്കടി ഉണര്‍ത്തിയതും കാണാം.
وَمَا أَكْثَرُ النَّاسِ وَلَوْ حَرَصْتَ بِمُؤْمِنِينَ
'നീ കൊതിച്ചാലും അധികജനങ്ങളും സത്യവിശ്വാസികളാവുകയില്ല' (യൂസുഫ് 103)
فَإِنْ أَسْلَمُوا فَقَدِ اهْتَدَواۖ وَّإِن تَوَلَّوْا فَإِنَّمَا عَلَيْكَ الْبَلَاغُۗ وَاللَّهُ بَصِيرٌ بِالْعِبَادِ
'അവര്‍ ഇസ്്ലാം സ്വീകരിച്ചാല്‍ അവര്‍ സന്മാര്‍ഗികളായി. ഇനി അവന്‍ പിന്തിരിഞ്ഞു പോയാലോ, സന്ദേശം എത്തിക്കല്‍മാത്രമാണ് നിങ്ങളുടെ മേലുള്ള ബാധ്യത. അല്ലാഹു ദാസന്മാരുടെ കാര്യങ്ങള്‍ കണ്ടറിയുന്നവനാകുന്നു' (ആലുഇംറാന്‍ 20).
فَإِن تَوَلَّوْا فَإِنَّمَا عَلَيْكَ الْبَلَاغُ الْمُبِينُ
'അവര്‍ പിന്തിരിഞ്ഞു പോകുന്നപക്ഷം വ്യക്തമായ സന്ദേശം എത്തിച്ചു കൊടുക്കല്‍ മാത്രമെ താങ്കളുടെ ബാധ്യതയുള്ളൂ' (നഹ് ല്‍ 82).

ഇവയും സമാനസൂക്തങ്ങളും പ്രബോധകന്റെ മുമ്പില്‍ ഒരേയൊരു യാഥാര്‍ഥ്യമാണ് സമര്‍പ്പിക്കുന്നത്. അതായത്, പ്രബോധകന്റെ ഉത്തരവാദിത്വം അബദ്ധ ധാരണകളില്‍നിന്ന് മനുഷ്യരുടെ ബുദ്ധികളെ മോചിപ്പിക്കുക, കാര്യഗ്രഹണ നിലവാരത്തിലേക്ക് അവരെ ഉയര്‍ത്തുക, അവരുമായി സ്വതന്ത്രമായി ഇടപഴകുക എന്നിവയാണ്. അവരുടെ താല്‍പര്യങ്ങള്‍ക്കു വേണ്ടിയാണെങ്കിലും അവരെ നിര്‍ബന്ധിക്കേണ്ടതില്ല. മാര്‍ഗഭ്രഷ്ടന്‍ മാര്‍ഗഭ്രംശത്തില്‍ കഴിഞ്ഞതിന്റെയോ സത്യനിഷേധി സത്യനിഷേധത്തില്‍ അടിയുറച്ചു നിന്നതിന്റെയോ പേരില്‍ പ്രബോധകര്‍ ആക്ഷേപിക്കപ്പെടുകയില്ല. പ്രബോധന പ്രവര്‍ത്തനങ്ങളില്‍ വീഴ്ച വരുത്തിയതിന്റെ പേരില്‍ മാത്രമേ ആക്ഷേപിക്കപ്പെടുകയുള്ളൂ.

فَإِنْ أَسْلَمُوا فَقَدِ اهْتَدَواۖ وَّإِن تَوَلَّوْا فَإِنَّمَا عَلَيْكَ الْبَلَاغُۗ 
'അവര്‍ ഇസ് ലാം സ്വീകരിക്കുന്ന പക്ഷം തീര്‍ച്ചയായും അവര്‍ സന്മാര്‍ഗപ്രാപ്തരായി. ഇനി അവര്‍ പിന്തിരിഞ്ഞാലോ സന്ദേശം എത്തിച്ചു കൊടുക്കുക എന്ന ബാധ്യതയെ താങ്കള്‍ക്കുള്ളൂ' (ആലുഇംറാന്‍ 20) എന്ന സൂക്തത്തിന്റെ വിവരണത്തില്‍ ഖുര്‍ത്വുബി എഴുതുന്നു: 'അവര്‍ ചിന്തിക്കാതെയും തെളിവുകള്‍ കണക്കിലെടുക്കാതെയും വിശ്വസിക്കാതെയും പിന്മാറുകയാണെങ്കില്‍ അവര്‍ക്ക് സന്ദേശമെത്തിക്കുക മാത്രമാണ് താങ്കളുടെ ബാധ്യത. അവരെ സന്മാര്‍ഗത്തിലാക്കേണ്ടത് നാമാണ്.'

فَإِنَّمَا عَلَيْكَ الْبَلَاغُ وَعَلَيْنَا الْحِسَابُ
'സന്ദേശമെത്തിക്കുക മാത്രമാണ് താങ്കളുടെ ബാധ്യത. അവരുടെ വിചാരണ നമ്മുടെ ബാധ്യതയാണ്' (റഅ്ദ് 40) എന്ന സൂക്തം വിശദീകരിച്ചുകൊണ്ട് അല്ലാമാ ശൗകാനി എഴുതുന്നു: 'ഇസ് ലാമിക സന്ദേശത്തിന്റെ വിധികള്‍ എത്തിച്ചുകൊടുക്കുക എന്നതല്ലാത്ത ഒരു ഉത്തരവാദിത്വവും താങ്കള്‍ക്കില്ല. അത് എത്തിച്ചുകൊടുക്കേണ്ടതിന് അവരുടെ മറുപടി വാങ്ങേണ്ട ബാധ്യതയും താങ്കള്‍ക്കില്ല. അതായത്, അവരുടെ പ്രവര്‍ത്തനങ്ങളുടെ പേരില്‍ അവരെ വിചാരണ ചെയ്യേണ്ടയോ അതിന് അവര്‍ക്ക് പ്രതിഫലം നല്‍കേണ്ടയോ ഉത്തരവാദിത്വം താങ്കള്‍ക്കില്ല.

ചുരുക്കത്തില്‍, ഇസ്്ലാം സ്വീകരിക്കാനായി ആളുകളെ നിര്‍ബന്ധിക്കുന്ന തരത്തിലുള്ള എല്ലാ ശ്രമങ്ങളെയും ഖുര്‍ആന്‍ തീര്‍ത്തും നിരാകരിക്കുന്നതായും അതില്‍ ആശ്ചര്യം പ്രകടിപ്പിക്കുന്നതായും നമുക്ക് കാണാം.
وَلَوْ شَاءَ رَبُّكَ لَآمَنَ مَن فِي الْأَرْضِ كُلُّهُمْ جَمِيعًاۚ أَفَأَنتَ تُكْرِهُ النَّاسَ حَتَّىٰ يَكُونُوا مُؤْمِنِينَ
'നിന്റെ രക്ഷിതാവ് ഉദ്ദേശിച്ചിരുന്നുവെങ്കില്‍ ഭൂമിയിലുള്ള എല്ലാവരും ഒന്നടങ്കം തീര്‍ച്ചയായും വിശ്വസിക്കുമായിരുന്നു. ജനങ്ങളെ വിശ്വാസികളാകാന്‍ വേണ്ടി താങ്കള്‍ നിര്‍ബന്ധിക്കുകയോ?' (യൂനുസ് 99).

ജനങ്ങളെ ഇസ് ലാമിലേക്ക് ക്ഷണിച്ച ശേഷം തങ്ങളുടെ അസ്തിത്വത്തിന്റെ ഉത്തരവാദിത്തം സ്വയം വഹിക്കാന്‍ അവരെ വിട്ടേക്കാനാണ് ഖുര്‍ആന്‍ നമ്മെ ഉപദേശിക്കുന്നത്.
فَمَن شَاءَ فَلْيُؤْمِن وَمَن شَاءَ فَلْيَكْفُرْۚ 
'ഉദ്ദേശിക്കുന്നവര്‍ വിശ്വസിക്കട്ടെ, ഉദ്ദേശിക്കുന്നവര്‍ അവിശ്വസിക്കട്ടെ' (കഹ്ഫ് 29) ഇത് വിശദീകരിച്ചു കൊണ്ട് ഇബ്‌നു ആശൂര്‍ എഴുതുന്നു: 'ഖുര്‍ആന്‍ ഉള്‍ക്കൊള്ളുന്ന ഏക ദൈവത്വത്തിന്റെ തെളിവുകളും സ്രഷ്ടാവായ അല്ലാഹുവിന്റെ മഹത്വവും, പലകാല സമുദായങ്ങളുടെ മാലിന്യക്കലര്‍പ്പുകളില്‍നിന്ന് അല്ലാഹുവിനെ ശുദ്ധീകരിച്ച് സ്ഥാപിച്ചതുമെല്ലാം ബുദ്ധിയുള്ള ആളുകളെ വ്യക്തമായ ആദര്‍ശമുള്ള ഇസ് ലാമിനെ സമ്മര്‍ദമോ ഇല്ലാതെ സ്വീകരിക്കാന്‍ പ്രാപ്തമാക്കും.'

ഈ വിഷയകമായ ഇസ് ലാമിന്റെ നിലപാട് ഇത്രയും വ്യക്തമാണെന്നതുകൊണ്ടാണ് അല്ലാഹുവിന്റെ ഏകത്വം സ്ഥാപിക്കുന്നതിനാവശ്യമായ തെളിവുകള്‍ ഉള്‍ക്കൊള്ളുന്ന 'ആയത്തുല്‍ കുര്‍സി' യുടെ തൊട്ടുടനെയായി 'ലാ ഇക്‌റാഹ ഫിദ്ദീന്‍' എന്ന സൂക്തം വിന്യസിച്ചിരിക്കുന്നത്. സത്യവും മിഥ്യയും സുതരാം വ്യക്തമായിരിക്കെ എന്തിന് നിര്‍ബന്ധിക്കണം? എന്നു മനസ്സിലാക്കാനായാണ്.

ഇസ്‌ലാമില്‍ വിശ്വാസ സ്വാതന്ത്ര്യം എത്രമേല്‍ പ്രധാനമാണെന്നും പ്രബോധനോത്തരവാദിത്വം നിര്‍വഹിച്ച ശേഷം നിര്‍ബന്ധിക്കേണ്ടതില്ലെന്നും ഇതില്‍നിന്നെല്ലാം വ്യക്തമായി.
'മതത്തില്‍ ബലാല്‍ക്കാരമേ ഇല്ല' എന്ന സൂക്തം വിശദീകരിച്ചുകൊണ്ട് ഡോ. മുഹമ്മദ് സഈദ് റമദാന്‍ ബൂത്വി എഴുതുന്നു:
إنّ لا هنا نافية وليست ناهية اي لا يتحقّق الدّين عن طريق الإكرا وليس المعنى لا تكرهوا الناس، لأن النَّهي عن الشيئ فرع من تصوّرْ ولا يتصوّر الإكراه 
'ഈ സൂക്തത്തിലെ 'ലാ' എന്നത് നിഷേധാത്മകമാണ്, നിരോധനാത്മകമല്ല. അതായത്, നിര്‍ബന്ധിക്കുക വഴി ദീന്‍ സാക്ഷാല്‍ക്കരിക്കപ്പെടുകയില്ല എന്നാണ്. അല്ലാതെ, നിങ്ങള്‍ ജനങ്ങളെ നിര്‍ബന്ധിക്കരുത് എന്ന നിരോധനാര്‍ഥത്തിലല്ല. സംഭവിക്കുമെന്ന് സങ്കല്‍പിക്കാവുന്ന ഒന്നിനെ മാത്രമെ നിരോധിക്കാന്‍ കഴിയുകയുള്ളൂ. നിര്‍ബന്ധിക്കുക എന്നത് സങ്കല്‍പിക്കാന്‍ കഴിയുന്നതല്ല.'

നജ്‌റാനിലെ ക്രൈസ്തവര്‍
നബി ചരിത്രം പഠിക്കുമ്പോള്‍ ഇതിനെ ബലപ്പെടുത്തുന്ന പല സംഭവങ്ങളും കാണാന്‍ കഴിയും. നജ്‌റാനിലെ ക്രൈസ്തവരുമായി നബി(സ) നടത്തിയ സംഭാഷണവും അവരുമായുണ്ടാക്കിയ കരാറും ഉദാഹരണം. അവര്‍ക്ക് അവരുടെ മതപരമായ സ്വാതന്ത്ര്യങ്ങള്‍ വകവെച്ചു നല്‍കി. ആരാധനാലയങ്ങള്‍ക്കും മഠങ്ങള്‍ക്കും സംരക്ഷണം നല്‍കി. പുരോഹിതന്മാരെ തല്‍സ്ഥാനങ്ങളില്‍നിന്ന് നീക്കം ചെയ്തില്ല. അധികാരാവകാശങ്ങള്‍ ധ്വംസിക്കപ്പെട്ടില്ല. നിലവിലുണ്ടായിരുന്ന ഒന്നിലും മാറ്റം വരുത്തിയില്ല. നബി(സ)യുടെ നേതൃത്വത്തോട് ഗുണകാംക്ഷാപൂര്‍ണമായ നിലപാട് സ്വീകരിക്കുവോളം അവര്‍ക്ക് ഒന്നും ഭയക്കേണ്ടതുണ്ടായിരുന്നില്ല.'4

മസ്ജിദുന്നബവിയില്‍ അസ്വ് ര്‍ നമസ്‌കാരത്തിനു ശേഷം ക്രൈസ്തവ നിവേദക സംഘത്തിന് പ്രാര്‍ഥന നടത്താന്‍ നബി(സ) അനുവാദം നല്‍കി. ചില സ്വഹാബികള്‍ തടയാന്‍ ശ്രമിച്ചെങ്കിലും അവരുടെ ദിശയായ കിഴക്കോട്ടു തിരിഞ്ഞ് പ്രാര്‍ഥിക്കാന്‍ അവിടുന്ന് അവരെ അനുവദിക്കുകയാണുണ്ടായത്.'5

നബി(സ)യുടെ ഇതേ മാതൃക പിന്‍പറ്റിയാണ് ഖലീഫമാരും സ്വഹാബികളും പ്രവര്‍ത്തിച്ചിരുന്നതെന്ന് ചരിത്രത്തില്‍ കാണാം.

ഉമറും അമുസ്‌ലിം വനിതയും
ഒരു അമുസ് ലിം വനിത ഖലീഫ ഉമറി(റ)നെ കാണാനായി വന്നു. അദ്ദേഹം അവരോടായി പറഞ്ഞു:
أسلمي تسلمي ان الله بعث محمدا بالحقّ
'നിങ്ങള്‍ ഇസ് ലാം സ്വീകരിക്കുക, നിങ്ങള്‍ക്ക് രക്ഷപ്പെടാം. തീര്‍ച്ചയായും അല്ലാഹു മുഹമ്മദ് നബി(സ)യെ സത്യവുമായി നിയോഗിച്ചിരിക്കുന്നു.' വനിത ഇസ് ലാം സ്വീകരിക്കാന്‍ കൂട്ടാക്കിയില്ല. അവര്‍ പറഞ്ഞു: 'ഞാന്‍ വയോവൃദ്ധയാണ്, മരിക്കാറായി.' വന്ന കാര്യം സാധിച്ച ശേഷം അവര്‍ പോയപ്പോള്‍ താന്‍ അവരെ ഇസ് ലാം സ്വീകരിക്കാന്‍ നിര്‍ബന്ധിച്ചുവോ എന്ന് ആശങ്ക തോന്നിയ അദ്ദേഹം
اللهم اشهد انّي ارشدت ولم أكرِه
'അല്ലാഹുവേ, ഞാന്‍ ഹിദായത്തിലേക്ക് ക്ഷണിക്കുക മാത്രമായിരുന്നു, നിര്‍ബന്ധിച്ചിട്ടില്ലായിരുന്നു എന്ന് നീ സാക്ഷ്യം വഹിക്കണം' എന്നു പറയുകയുണ്ടായി. തുടര്‍ന്ന് 'ലാ ഇക്‌റാഹ ഫിദ്ദീന്‍' എന്ന സൂക്തം അദ്ദേഹം പാരായണം ചെയ്തു.'6
നബി(സ)യുടെയും ഖലീഫമാരുടെയും പ്രായോഗിക നടപടികള്‍ മുന്‍നിറുത്തി പണ്ഡിതന്മാര്‍ താഴെ വിധം അഭിപ്രായപ്പെട്ടിരിക്കുന്നു:

قرّر الفقهاء بأنه اذا اكره غير المسلم على الإسلام فأسلم لم يثبت له حكم الاسلام حتى يوجد منه ما يدل على اسلامه طوعًا مثل ان يثبت على الإسلام بعد زوال الإكراه عنه وان مات قبل فحكمه حكم الكفار وان رجع الى دين الكفر لم يجز قتله ولا اكراهه على الإسلام
ഇസ് ലാം സ്വീകരിക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടതുപ്രകാരം ഒരാള്‍ ഇസ് ലാം സ്വീകരിക്കുകയും അയാള്‍ ഇസ് ലാം സ്വീകരിക്കുകയും ചെയ്താല്‍, സ്വമേധയാ ഇസ് ലാം സ്വീകരിച്ചതാണെന്ന് തെളിയുന്നതുവരെ അയാള്‍ക്ക് ഇസ് ലാമിക വിധി ബാധകമാവില്ല. നിര്‍ബന്ധിതാവസ്ഥ ഇല്ലാതായ ശേഷം, സ്വാഭീഷ്ട പ്രകാരമാണ് ഇസ് ലാം സ്വീകരിച്ചതെന്ന് സ്ഥാപിതമാവണം. അതിനു മുമ്പ് അയാള്‍ മരിച്ചാല്‍ സത്യനിഷേധിയായാണ് അയാള്‍ പരിഗണിക്കപ്പെടുക. അയാള്‍ അസത്യമതത്തിലേക്ക് തിരിച്ചു പോയാല്‍ അയാളെ വധിക്കാവതല്ല, ഇസ് ലാം സ്വീകരിക്കാന്‍ നിര്‍ബന്ധിക്കാവതുമല്ല'7
ഇസ്്ലാമിക ചരിത്രത്തിലെ ഇത്രയും തെളിഞ്ഞ സാക്ഷ്യങ്ങളെ മുന്‍നിര്‍ത്തിയാണ് ഇസ് ലാം ഒരേസമയം തീഷ്ണതയും സഹിഷ്ണുതയും (التحمّس والسّماحة) സമ്മേളിച്ച മതമാണെന്ന് അമുസ് ലിംകള്‍ പോലും സാക്ഷ്യപ്പെടുത്തിയത്.
സ്‌കോട്ട്‌ലന്റ് ഓറിയന്റലിസ്റ്റ് William Robertson Smith (1846-1894) എഴുതുന്നു: കാരുണ്യത്തിന്റെയും വാളിന്റെയും ഇടയില്‍ ഒരേസമയം തീഷ്ണതയും സഹിഷ്ണുതയും സംയോജിപ്പിക്കാന്‍ കഴിഞ്ഞ ഏക സമുദായമാണ് മുഹമ്മദിന്റെ അനുയായികള്‍. മുസ്്ലിംകള്‍ തങ്ങളുടെ മതത്തില്‍ അടിയുറച്ചു നിന്നതോടൊപ്പം മറ്റാരെയും ഇസ് ലാം സ്വീകരിക്കാന്‍ തയാറായില്ല.'8
ക്രൈസ്തവ പുരോഹിതനായ എലോഗെ പറയുന്നു: 'ഞങ്ങളുടെ വിശ്വാസങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മുസ് ലിംകളുടെ ഭാഗത്തുനിന്ന് യാതൊരു സമ്മര്‍ദവും നേരിടാതെയാണ് ഞങ്ങള്‍ അവര്‍ക്കിടയില്‍ ജീവിച്ചുകൊണ്ടിരിക്കുന്നത്.'9
ആദര്‍ശാധിഷ്ഠിതവും സാര്‍വലൗകികവുമായ ഒരു സമൂഹമാണ് ഇസ് ലാമിന്റെ ലക്ഷ്യമെന്നതിനാല്‍ ആളുകളെ നിര്‍ബന്ധിച്ച് ഇസ് ലാം വിശ്വാസികളാക്കുന്നതിന് യാതൊരു ന്യായവുമില്ല. ചിന്താപരമായും ആശയപരമായും മനുഷ്യര്‍ വ്യത്യസ്തരായിരിക്കുമെന്ന് അല്ലാഹു തന്നെ പ്രഖ്യാപിച്ചിരിക്കെ ഇസ് ലാമിന്റെ മുമ്പില്‍ രണ്ടേ രണ്ടു മാര്‍ഗങ്ങളേ ഉള്ളൂ. ഒന്ന്: പ്രബോധിതരെ തൃപ്തിപ്പെടുത്തും വിധമുള്ള ആദര്‍ശ പ്രചാരണം. രണ്ട്: ഏത് ആദര്‍ശങ്ങളില്‍ വിശ്വസിക്കുന്നവര്‍ക്കും അവ വിശ്വസിക്കാനും പ്രകാശിപ്പിക്കാനും കഴിയുന്നതോടൊപ്പം നീതിയിലധിഷ്ഠിതമായ ഒരു സമൂഹത്തിന്റെ നിര്‍മാണം. ഇസ് ലാമിക സമൂഹം ആദര്‍ശ സമൂഹം ആയിരിക്കുന്നതോടൊപ്പം തന്നെ എല്ലാ വിശ്വാസാദര്‍ശങ്ങള്‍ക്കും മാര്‍ഗങ്ങള്‍ക്കും വാതിലുകള്‍ തുറന്നിട്ടു കൊടുക്കുന്നതായിരിക്കും.10

2- നീതിപൂര്‍വകമായ സഹവര്‍ത്തിത്വം
മത-വര്‍ഗ ഭേദമന്യെ എല്ലാവിഭാഗം ജനങ്ങളുമായും നീതിപൂര്‍വകമായ സഹവര്‍ത്തിത്വം ഉറപ്പുവരുത്തിയിരിക്കണമെന്ന് ഖുര്‍ആന്‍ മുസ് ലിംകളെ ശക്തിയായി  ഉദ്‌ബോധിപ്പിക്കുന്നുണ്ട്. വിശ്വാസത്തിന്റെയോ വര്‍ഗത്തിന്റെയോ വര്‍ണത്തിന്റെയോ അടിസ്ഥാനത്തില്‍ ഭൗതിക കാര്യങ്ങളില്‍ വിവേചനം കല്‍പ്പിക്കുന്നത് ഇസ് ലാമിന്റെ രീതിയല്ല.

ഖുര്‍ആന്‍ പ്രകാരം ഒരേ ആത്മാവില്‍നിന്ന് സൃഷ്ടിക്കപ്പെട്ടവര്‍ എന്ന നിലയില്‍ എല്ലാവരും സമന്മാരാണെന്നതും പരമ നീതിമാന്‍ എന്നത് അല്ലാഹുവിന്റെ വിശിഷ്ടനാമമാണെന്നതും മര്‍ദ്ദകന്‍ മുസ് ലിമും മര്‍ദിതന്‍ അമുസ് ലിമുമാണെങ്കിലും അല്ലാഹു അക്രമത്തെ വെറുക്കുയും അക്രമിയെ ശിക്ഷിക്കുമെന്നതും ഈ വിഷയത്തിലെ അടിസ്ഥാന സിദ്ധാന്തമായി നാം മനസ്സിലാക്കണം.11

يَا أَيُّهَا الَّذِينَ آمَنُوا كُونُوا قَوَّامِينَ لِلَّهِ شُهَدَاءَ بِالْقِسْطِۖ وَلَا يَجْرِمَنَّكُمْ شَنَآنُ قَوْمٍ عَلَىٰ أَلَّا تَعْدِلُواۚ اعْدِلُوا هُوَ أَقْرَبُ لِلتَّقْوَىٰۖ وَاتَّقُوا اللَّهَۚ إِنَّ اللَّهَ خَبِيرٌ بِمَا تَعْمَلُونَ
'സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനുവേണ്ടി നിലകൊള്ളുന്നവരും, നീതിക്ക് സാക്ഷ്യം വഹിക്കുന്നവരുമായിരിക്കുക. ഒരു ജനതയോടുള്ള അമര്‍ഷം നീതി പാലിക്കാതിരിക്കാന്‍ നിങ്ങള്‍ക്ക് പ്രേരകമാകരുത്. നിങ്ങള്‍ നീതിപാലിക്കുക. അതാണ് ധര്‍മനിഷ്ഠയോട് ഏറ്റവും അടുത്തത്. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ കുറിച്ചെല്ലാം അല്ലാഹു സൂക്ഷ്മമായി അറിയുന്നവനാകുന്നു' (മാഇദ 8).

സ്വന്തക്കാര്‍ക്കെന്നപോലെ, അന്യര്‍ക്കും അവകാശപ്പെട്ടതാണ് നീതി. സയ്യിദ് ഖുത്വുബ് എഴുതുന്നു: 'അവസാനത്തെ മാനവീയവും സാര്‍വലൗകികവുമായ മതമെന്ന നിലയില്‍ ഇസ് ലാം, മുസ് ലിംകള്‍ അമുസ് ലിംകള്‍ എന്ന ഭേദമില്ലാതെ നീതി ഉറപ്പുവരുത്തുന്നു. ജനങ്ങളില്‍നിന്ന് ഏതുതരം വിദ്വേഷവും ശത്രുതയും നേരിട്ടാലും നിര്‍ബന്ധമായും നീതിപാലിച്ചിരിക്കണമെന്ന് അത് ആവശ്യപ്പെടുന്നു. മാനവസമൂഹത്തിന്റെ മേല്‍ നോട്ടക്കാര്‍ എന്ന നിലയില്‍, എത്ര പ്രയാസങ്ങള്‍ അനുഭവപ്പെട്ടാലും നീതിനിഷ്ഠ അവരുടെ ബാധ്യതയായിരിക്കും.12

അപരരോടുള്ള വിദ്വേഷം അതിക്രമത്തിനോ അവകാശ നിഷേധത്തിനോ കാരണമായിക്കൂടാത്തതാണ്. എല്ലാവര്‍ക്കും അവരുടേതായ അവകാശങ്ങള്‍ വകവെച്ചു കൊടുത്തിരിക്കണം, അവകാശി പ്രത്യക്ഷ ശത്രുവാണെങ്കില്‍ പോലും. സ്വന്തം മതക്കാരുടെ അവകാശങ്ങള്‍ മാത്രമേ വകവെച്ചു കൊടുക്കുകയുള്ളൂ എന്നുവന്നാല്‍ സമൂഹം അരാജകമാവും. വെറുപ്പും ശത്രുതയും നാശം വിതക്കും. നീതിയുടെ അഭാവത്തില്‍ സമൂഹത്തിിന് നിലനില്‍ക്കാന്‍ കഴിയില്ല. അമുസ്്ലിംകൾ പീഡിപ്പിക്കപ്പെടുന്ന രാഷ്ട്രം ഇസ്്ലാമിക രാഷ്ട്രമായല്ല, ശത്രുരാഷ്ട്രമായാണ് പരിഗണിക്കപ്പെടുക.13

മേല്‍ ആശയം നബി(സ)യില്‍നിന്നുള്ള ഒരു ദുര്‍ബല നിവേദനത്തില്‍ കാണാം:
اذا ظلم أهل الذّمّة كانت الدولة دولة العدوّ
'ഇസ് ലാമിക രാഷ്ട്രത്തിന്റെ സംരക്ഷണയിലുള്ള പ്രജകള്‍ പീഡിപ്പിക്കപ്പെട്ടാല്‍ രാഷ്ട്രം ശത്രു രാഷ്ട്രമായിരിക്കും.'14 ഇങ്ങനെ അക്രമിക്കുന്നവര്‍ക്കെതിരെ അല്ലാഹുവിന്റെ മുമ്പില്‍ നബി(സ) മര്‍ദിതര്‍ക്കുവേണ്ടി വാദിക്കുമെന്ന് ധാരാളം നബിവചനങ്ങളില്‍ കാണാം.
ألا من ظلم معاهدًا اوانتقصه أوكلفه فوق طاقته اوأخذ منه شيئًا بغير طيب نفس فانا حجيجه يوم القيامة
'അറിയുക, ആരെങ്കിലും ഉടമ്പടി ചെയ്തയാളെ അക്രമിക്കുകയോ, അയാളുടെ അവകാശത്തില്‍ കുറവു വരുത്തുകയോ, അയാള്‍ക്ക് കഴിയാത്ത ഭാരം ചുമത്തുകയോ, അയാളുടെ മനഃസംതൃപ്തി ഇല്ലാതെ അയാളില്‍നിന്ന് വല്ലതും ഈടാക്കുകയോ ചെയ്താല്‍ അന്ത്യനാളില്‍ ഞാന്‍ അയാള്‍ക്കുവേണ്ടി വാദിക്കുന്നതായിരിക്കും.'15
മര്‍ദകന്‍ മുസ് ലിമാണെങ്കിലും അമുസ് ലിമായ മര്‍ദിതന്റെ പ്രാര്‍ഥന അല്ലാഹു സ്വീകരിക്കുന്നതായിരിക്കും.
اتقوا دعوة المظلوم وان كان كافرًا فانه ليس دونها حجاب
'മര്‍ദിതന്റെ പ്രാര്‍ഥന നിങ്ങള്‍ സൂക്ഷിക്കണം; മര്‍ദിതന്‍ സത്യനിഷേധിയാണെങ്കിലും അയാളുടെ പ്രാര്‍ഥനക്കിടയില്‍ മറയുണ്ടാവില്ല'16

ഇത്രയും പറഞ്ഞത് മുഖ്യമായും ഇതു സംബന്ധമായ താത്ത്വികവശം. പ്രയോഗ തലത്തില്‍ ഏറ്റവും ശ്രദ്ധേയമായ ഇത്തരം ഒരു സംഭവം ഖുര്‍ആന്‍ ഉദ്ധരിക്കുന്നുണ്ട്. സംഭവം ഇങ്ങനെ:
ഏതാനും അന്‍സ്വാറുകള്‍ സൈദുബ്‌നു സ്സമീന്‍ എന്ന യഹൂദി ഒരു മുസ്്ലിമിന്റെ പടയങ്കി മോഷ്ടിച്ചതായി തെറ്റിദ്ധരിച്ചു. യഥാര്‍ഥ മോഷ്ടാവായ ത്വുഅ്മത്തുബ്‌നു ഉബൈരിഖ് എന്ന മുസ് ലിം പടയങ്കി സ്വകാര്യമായി യഹൂദിയുടെ വീട്ടില്‍ കൊണ്ടുപോയിവെക്കുകയായിരുന്നു. സൈദിന്റെ വീട്ടില്‍നിന്ന് പടയങ്കി കണ്ടെടുക്കപ്പെട്ടതോടെ അയാള്‍ കള്ളനായി മുദ്രയടിക്കപ്പെട്ടു. അയാളുടെ കരം ഛേദിക്കാന്‍ നബി(സ) ഉദ്ദേശിച്ചു. ശിക്ഷ നടപ്പിലാക്കുന്നതിനു മുമ്പായി മുസ് ലിംകളെ ആക്ഷേപിച്ചും യഹൂദിയെ നിരപരാധിയായി പ്രഖ്യാപിച്ചും ഖുര്‍ആന്‍ അവതരിച്ചു.
إِنَّا أَنزَلْنَا إِلَيْكَ الْكِتَابَ بِالْحَقِّ لِتَحْكُمَ بَيْنَ النَّاسِ بِمَا أَرَاكَ اللَّهُۚ وَلَا تَكُن لِّلْخَائِنِينَ خَصِيمًا . وَاسْتَغْفِرِ اللَّهَۖ إِنَّ اللَّهَ كَانَ غَفُورًا رَّحِيمًا . وَلَا تُجَادِلْ عَنِ الَّذِينَ يَخْتَانُونَ أَنفُسَهُمْۚ إِنَّ اللَّهَ لَا يُحِبُّ مَن كَانَ خَوَّانًا أَثِيمًا . يَسْتَخْفُونَ مِنَ النَّاسِ وَلَا يَسْتَخْفُونَ مِنَ اللَّهِ وَهُوَ مَعَهُمْ إِذْ يُبَيِّتُونَ مَا لَا يَرْضَىٰ مِنَ الْقَوْلِۚ وَكَانَ اللَّهُ بِمَا يَعْمَلُونَ مُحِيطًا . هَا أَنتُمْ هَٰؤُلَاءِ جَادَلْتُمْ عَنْهُمْ فِي الْحَيَاةِ الدُّنْيَا فَمَن يُجَادِلُ اللَّهَ عَنْهُمْ يَوْمَ الْقِيَامَةِ أَم مَّن يَكُونُ عَلَيْهِمْ وَكِيلًا . وَمَن يَعْمَلْ سُوءًا أَوْ يَظْلِمْ نَفْسَهُ ثُمَّ يَسْتَغْفِرِ اللَّهَ يَجِدِ اللَّهَ غَفُورًا رَّحِيمًا . وَمَن يَكْسِبْ إِثْمًا فَإِنَّمَا يَكْسِبُهُ عَلَىٰ نَفْسِهِۚ وَكَانَ اللَّهُ عَلِيمًا حَكِيمًا . وَمَن يَكْسِبْ خَطِيئَةً أَوْ إِثْمًا ثُمَّ يَرْمِ بِهِ بَرِيئًا فَقَدِ احْتَمَلَ بُهْتَانًا وَإِثْمًا مُّبِينًا 
'നിനക്ക് അല്ലാഹു കാണിച്ചുതന്നതനുസരിച്ച് ജനങ്ങള്‍ക്കിടയില്‍ നീ വിധികല്‍പിക്കുവാന്‍ വേണ്ടിയാണ് സത്യപ്രകാരം നാം നിനക്ക് വേദഗ്രന്ഥം അവതരിപ്പിച്ചു തന്നിട്ടുള്ളത്. നീ വഞ്ചകന്മാര്‍ക്കുവേണ്ടി വാദിക്കുന്നവനാകരുത്. അല്ലാഹുവോട് പാപമോചനം തേടുക. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു. ആത്മവഞ്ചന നടത്തിക്കൊണ്ടിരിക്കുന്ന ആളുകള്‍ക്കുവേണ്ടി നീ തര്‍ക്കിക്കരുത്. മഹാവഞ്ചകനും അധര്‍മകാരിയുമായ ഒരാളെയും അല്ലാഹു ഇഷ്ടപ്പെടുകയേ ഇല്ല. അവര്‍ ജനങ്ങളില്‍നിന്ന് (കാര്യങ്ങള്‍) ഒളിച്ചുവെക്കുന്നു. എന്നാല്‍ അല്ലാഹുവില്‍നിന്ന് (ഒന്നും) ഒളിച്ചു വെക്കാന്‍ അവര്‍ക്ക് കഴിയില്ല. അല്ലാഹു ഇഷ്ടപ്പെടാത്ത വാക്കുകളിലൂടെ അവര്‍ രാത്രിയില്‍ ഗൂഢാലോചന നടത്തിക്കൊണ്ടിരിക്കുമ്പോള്‍ അവന്‍ അവരുടെ കൂടെത്തന്നെയുണ്ട്. അവര്‍ പ്രവര്‍ത്തിക്കുന്നതെല്ലാം സമ്പൂര്‍ണമായി അറിയുന്നവനാകുന്നു അല്ലാഹു. ഹേ, കൂട്ടരേ, ഐഹിക ജീവിതത്തില്‍ നിങ്ങള്‍ അവര്‍ക്കുവേണ്ടി വാദിക്കുന്നു. പരലോകത്ത് അവർക്കുവേണ്ടി അല്ലാഹുവോട് തര്‍ക്കിക്കാന്‍ ആരാണുള്ളത്? അല്ലെങ്കില്‍ അവരുടെ കാര്യം ഏറ്റെടുക്കാന്‍ ആരാണുണ്ടായിരിക്കുക? ആരെങ്കിലും വല്ല തിന്മയും ചെയ്യുകയോ, സ്വന്തത്തോട് തന്നെ അക്രമം പ്രവര്‍ത്തിക്കുകയോ ചെയ്തിട്ട് അല്ലാഹുവോട് പാപമോചനം തേടുന്ന പക്ഷം ഏറെ പൊറുക്കുന്നവനും കരുണാനിധിയുമായി അല്ലാഹുവെ അവര്‍ കണ്ടെത്തുന്നതാണ്. വല്ലവനും പാപം സമ്പാദിച്ചു വെക്കുന്നപക്ഷം അവന്റെ തന്നെ ദോഷത്തിനായിട്ടാണ് അവൻ അത് സമ്പാദിച്ചുവെക്കുന്നത്. അല്ലാഹു സര്‍വജ്ഞനും യുക്തിമാനുമാകുന്നു. ആരെങ്കിലും വല്ലതെറ്റോ കുറ്റമോ പ്രവര്‍ത്തിക്കുകയും എന്നിട്ട് അത് ഒരു നിരപരാധിയുടെ പേരില്‍ ആരോപിക്കുകയും ചെയ്യുന്ന പക്ഷം തീര്‍ച്ചയായും അവര്‍ ഒരു കള്ള ആരോപണവും പ്രത്യക്ഷമായ ഒരു പാപവും പേറുകയാണ് ചെയ്തിരിക്കുന്നത്' (നിസാഅ് 105-112).

കടുത്ത ഭാഷയില്‍ മുസ്്ലിംകളുടെ നിലപാടിനെ അപലപിക്കുന്നതാണ് നാം ഇവിടെ കാണുന്നത്. ഒരു യഹൂദിക്കുവേണ്ടി ഖുര്‍ആന്‍ നേരിട്ടിടപെട്ട അത്ഭുതകരമായ സംഭവം! ഇസ്്ലാമിക രാഷ്ട്രത്തിലെ അമുസ്്ലിം പ്രജകളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ അവിടത്തെ മുസ് ലിംകള്‍ക്ക് ബാധ്യതയുണ്ടെന്ന് പണ്ഡിതന്മാര്‍ പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്. തന്നെയുമല്ല, മുസ് ലിംകളെ മര്‍ദിക്കുന്നതിനേക്കാള്‍ കടുത്ത പാതകമാണ് അമുസ്്ലിമിനെ മര്‍ദിക്കുന്നത്. കാരണം ഇസ് ലാമിക രാഷ്ട്രത്തിലെ അമുസ് ലിം പൗരന്‍ മുസ് ലിമിനേക്കാള്‍ ദുര്‍ബലനായിരിക്കും. ശക്തന്‍ അശക്തനെ മര്‍ദിക്കുന്നത് കൂടുതല്‍ പാപകരമാണ്.'16

ഇതു സംബന്ധമായി ഇമാം ഖറാഫി രേഖപ്പെടുത്തിയത് കാണുക:
إن عقد الذّمّة يوجب حقوقا علينا لهم لأنّهم في جوارنا وفي خفارتنا وذمّة الله تعالى وذمّة رسوله ودين الإسلام فمن اعتدى عليهم ولو بكلمة سوء أو غيبة فى عرض أحدهم أو نوع من أنواع الأذيّة أو أعان على ذلك فقد ضيّع ذمّة الله وذمّة رسوله وذمّة دين الإسلام
'സംരക്ഷണ ബാധ്യത ഏറ്റെടുക്കുന്നതോടെ അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ നാം ബാധ്യസ്ഥരാണ്. കാരണം അവര്‍ ജീവിക്കുന്നത് നമ്മുടെ അയല്‍പക്കത്തിലും കാവലിലും അല്ലാഹുവിന്റെയും അവന്റെ ദൂതന്റെയും ഇസ്്ലാമിന്റെയും സംരക്ഷണയിലുമാണ്. അവരെ ആരെങ്കിലും മോശമായ വാക്കുകൊണ്ടോ അഭിമാനം ക്ഷതപ്പെടുത്തിയോ, ഏതെങ്കിലും തരത്തില്‍ ശല്യം ചെയ്‌തോ അതിന് മറ്റാരെയെങ്കിലും സഹായിച്ചോ പ്രവര്‍ത്തിച്ചാല്‍ അയാള്‍ അല്ലാഹുവിന്റെയും അവന്റെ ദൂതന്റെയും ഇസ് ലാമിന്റെയും സംരക്ഷണോത്തരവാദിത്വം നിര്‍വീര്യമാക്കിക്കളഞ്ഞു.17

ഈ തത്ത്വത്തിനു വിധേയമായാണ് ഇത്രയും കാലം മുസ് ലിംകള്‍ പ്രവര്‍ത്തിച്ചു പോന്നത്. സംരക്ഷിത പ്രജയായ അമുസ് ലിമിന്റെ സ്വത്ത് മോഷ്ടിച്ചവന്റെ കരം ഛേദിക്കപ്പെട്ടു. അയാളോട് കടം വാങ്ങിയിട്ട് വീട്ടാന്‍ കഴിവുണ്ടായിട്ടും വീട്ടിയില്ലെങ്കില്‍ നടപടിയെടുത്തു. തന്നെയുമല്ല, അമുസ് ലിംകള്‍ സമ്പത്തായി കാണുന്നവ മുസ് ലിംകളെ സംബന്ധിച്ചേടത്തോളം സമ്പത്തല്ലെങ്കിലും ആദരിക്കപ്പെട്ടു.
മദ്യവും പന്നിമാംസവും മുസ് ലിംകള്‍ക്ക് സ്വത്തല്ലെങ്കിലും അമുസ് ലിംകളുടേതാവുമ്പോള്‍ സ്വത്തായി പരിഗണിക്കപ്പെടും. ഒരു മുസ് ലിം അവ നശിപ്പിച്ചാല്‍ അതിന്റെ വിലയൊടുക്കേണ്ടി വരും.'18

മനുഷ്യ ജീവിതത്തില്‍ നീതിയുടെ പ്രാധാന്യം സംബന്ധിച്ച് ഇബ്‌നു തൈമിയ്യ(റ)യുടെ നിരീക്ഷണം ശ്രദ്ധേയമാണ്.
ان الله يقيم الدّولة العادلة وان كانت كافرة ولا يقيم الظالمة وان كانت مسلمة وان العدل نظام كلّ شيئ فاذا اقيم امر الدّنيا بعدل قامت وان لم يكن لصاحبها فى الآخرة من خلاق ومتى لم تقم بعدل لم تقم وان كان لصاحبها من الإيمان ما يجزى فى الآخرة
'തീര്‍ച്ചയായും അല്ലാഹു നീതിയിലധിഷ്ഠിതമായ രാഷ്ട്രത്തെ നിലനിര്‍ത്തും; അത് സത്യനിഷേധരാഷ്ട്രമാണെങ്കിലും. മര്‍ദക രാഷ്ട്രത്തെ അല്ലാഹു നിലനിര്‍ത്തുകയില്ല; അത് മുസ് ലിം രാഷ്ട്രമാണെങ്കിലും. തീര്‍ച്ചയായും നീതിയാണ് എല്ലാറ്റിന്റെയും വ്യവസ്ഥ.
ദുന്‍യാവിന്റെ കാര്യം നീതിയിലധിഷ്ഠിതമായിരുന്നാല്‍ അത് നിലനില്‍ക്കും; അതിന്റെ കാരണക്കാരനായ ആള്‍ക്ക് പരലോകത്ത് ഒരു വിഹിതവും ലഭിച്ചില്ലെങ്കിലും. നീതിനടപ്പിലാക്കിയില്ലെങ്കില്‍ ലോകം നിലനില്‍ക്കില്ല; നടപ്പിലാക്കേണ്ട ആള്‍ക്ക് പരലോകത്ത് രക്ഷകിട്ടാന്‍ ആവശ്യമായ സത്യവിശ്വാസമുണ്ടായാലും.'19
ഇബ്‌നു തൈമിയ്യ തന്നെ മറ്റൊരിടത്ത് എഴുതുന്നു;
إن الله أمرنا ألّا نقول إلّا الحقّ وأمرنا بالعدل والقسط، فلا يجوزلنا اذا قال يهوديّ أو نصرانيّ قولًا فيه حقّ أن نتركه أو نردّه كلّه بل لا نردّ إلّا ما فيه من الباطل دون مافيه من الحقّ
'സത്യമല്ലാത്തതൊന്നും പറയരുതെന്ന് തീര്‍ച്ചയായും അല്ലാഹു നമ്മോട് കല്‍പിച്ചിരിക്കുന്നു. നീതിപാലിക്കാനും അവന്‍ നമ്മോട് കല്‍പിച്ചിരിക്കുന്നു. ആയതിനാല്‍, ഒരു യഹൂദിയോ ക്രൈസ്തവനോ സത്യമുള്ള ഒരു വര്‍ത്തമാനം പറഞ്ഞാല്‍ നാം അത് ഉപേക്ഷിക്കാനോ അത് മുഴുവന്‍ തള്ളിക്കളയാനോ പാടില്ല. അഥവാ, അതിലെ സത്യം സ്വീകരിച്ച് അസത്യം തള്ളിക്കളയുകയാണ് വേണ്ടത്.'20

3- നന്മയിലധിഷ്ഠിതമായ സല്‍പെരുമാറ്റം
അമുസ് ലിംകളെ ഇസ് ലാം സ്വീകരിക്കാന്‍ നിര്‍ബന്ധിക്കാതിരിക്കുക, അവരോട് നീതിപൂര്‍വകമായി മാത്രം പെരുമാറുക എന്നതോടൊപ്പം അവരോട് ഏതവസ്ഥയിലും നന്മയിലധിഷ്ഠിതമായി പെരുമാറാന്‍ മുസ്്ലിംകള്‍ ബാധ്യസ്ഥരാണ്. ഖുര്‍ആന്‍ പറയുന്നു:
لَّا يَنْهَاكُمُ اللَّهُ عَنِ الَّذِينَ لَمْ يُقَاتِلُوكُمْ فِي الدِّينِ وَلَمْ يُخْرِجُوكُم مِّن دِيَارِكُمْ أَن تَبَرُّوهُمْ وَتُقْسِطُوا إِلَيْهِمْۚ إِنَّ اللَّهَ يُحِبُّ الْمُقْسِطِينَ . إِنَّمَا يَنْهَاكُمُ اللَّهُ عَنِ الَّذِينَ قَاتَلُوكُمْ فِي الدِّينِ وَأَخْرَجُوكُم مِّن دِيَارِكُمْ وَظَاهَرُوا عَلَىٰ إِخْرَاجِكُمْ أَن تَوَلَّوْهُمْۚ وَمَن يَتَوَلَّهُمْ فَأُولَٰئِكَ هُمُ الظَّالِمُونَ
'മതത്തിന്റെ പേരില്‍ നിങ്ങളോട് യുദ്ധം ചെയ്യാതിരിക്കുകയും, നിങ്ങളുടെ വീടുകളില്‍നിന്ന് നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചേടത്തോളം നിങ്ങളവര്‍ക്ക് നന്മ ചെയ്യുന്നതും നിങ്ങള്‍ അവരോട് നീതി കാണിക്കുന്നതും അല്ലാഹു നിങ്ങളോട് നിരോധിക്കുന്നില്ല. തീര്‍ച്ചയായും അല്ലാഹു നീതി കാണിക്കുന്നവരെ ഇഷ്ടപ്പെടുന്നു.

മതത്തിന്റെ പേരില്‍ നിങ്ങളോട് യുദ്ധം ചെയ്യുകയും നിങ്ങളുടെ വീടുകളില്‍നിന്ന് നിങ്ങളെ പുറത്താക്കുകയും നിങ്ങളെ പുറത്താക്കുന്നതില്‍ പരസ്പരം സഹകരിക്കുകയും ചെയ്തവരെ സംബന്ധിച്ചു മാത്രമാണ് -അവരോട് മൈത്രി കാണിക്കുന്നത്- അല്ലാഹു നിരോധിക്കുന്നത്. വല്ലവരും അവരോട് മൈത്രീ ബന്ധം പുലര്‍ത്തുന്ന പക്ഷം അവര്‍ തന്നെയാകുന്നു അക്രമകാരികള്‍' (മുംതഹന 8,9)

മുസ്ലിംകളോട് യുദ്ധത്തിനു വരികയോ ഏതെങ്കിലും തരത്തിലുള്ള പീഡനങ്ങള്‍ക്കൊരുമ്പെടുകയോ ചെയ്യാത്ത അമുസ് ലിംകളോട് നന്മയില്‍ അധിഷ്ഠിതമായി വേണം പ്രവര്‍ത്തിക്കാന്‍ എന്നത്രെ മേല്‍സൂക്തങ്ങളുടെ താൽപര്യം.
ഈ സൂക്തങ്ങളുടെ അവതരണ പശ്ചാത്തലമായി നാലെണ്ണം ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.

1. മദീനയിലേക്ക് ഹിജ്‌റ പോകാതെ മക്കയില്‍ കഴിഞ്ഞുവന്ന മുസ് ലിംകളോടാണ് അല്ലാഹുവിന്റെ ഈ ആഹ്വാനം. മുജാഹിദ്, ത്വബരി, സമഖ്ശരി, റാസി, ഖുര്‍ത്വുബി മുതലായവര്‍ ഈ അഭിപ്രായക്കാരാണ്.

2. അബൂബക്‌റി(റ)ന്റെ ഭാര്യയും അസ്മാഇ(റ)ന്റെ മാതാവും ബഹുദൈവവിശ്വാസിനിയുമായ ഖുതൈല ബിന്‍ത് അബ്ദില്‍ ഉസ്സായുമായി ബന്ധപ്പെട്ടാണ് മേല്‍ സൂക്തങ്ങളുടെ അവതരണം. ഖുതൈല ചില പാരിതോഷികങ്ങളുമായി മകള്‍ അസ്മാഇന്റെ വീട്ടില്‍ വന്നപ്പോള്‍ 'നിങ്ങളുടെ പാരിതോഷികം ഞാന്‍ സ്വീകരിക്കില്ല. നബി(സ)യോട് വിഷയം സംസാരിക്കുന്നതുവരെ നിങ്ങള്‍ എന്റെ വീട്ടിലേക്ക് പ്രവേശിക്കരുത്' എന്ന് അസ്മാഅ് മാതാവിനോട് തടസ്സം പറഞ്ഞു. നബി(സ) മാതാവുമായി കുടുംബബന്ധം ചേര്‍ക്കാനും പാരിതോഷികം സ്വീകരിക്കാനും അവരെ ആദരിക്കാനും നിര്‍ദേശിച്ചു.

3. സത്യവിശ്വാസികളോട് യുദ്ധം ചെയ്യാത്ത ഖുറൈശികളിലെ സത്യനിഷേധികളാണ് വിവക്ഷയെന്നാണ് മൂന്നാമത്തെ അഭിപ്രായം. ഇവര്‍ മുസ് ലിംകളോട് പരസ്യമായ ശത്രുത പ്രകടിപ്പിക്കുകയോ, മുസ്്ലിംകളെ തങ്ങളുടെ വീടുകളില്‍നിന്ന് പുറത്താക്കുകയോ, ഏതെങ്കിലും തരത്തിലുള്ള ദ്രോഹം വരുത്തുകയോ ചെയ്തിരുന്നില്ല. ബദ്്ര്‍ യുദ്ധ ഘട്ടത്തില്‍ ശത്രുപക്ഷത്തോടൊപ്പം പുറപ്പെടാന്‍ നിര്‍ബന്ധിതരായ അബ്ബാസ് ഉള്‍പ്പെടെയുള്ള ഹാശിംവംശജരാണ് വിവക്ഷ.

4. വ്യത്യസ്ത മതവിഭാഗങ്ങളാണ് വിവക്ഷ. 'നിങ്ങളോട് യുദ്ധം ചെയ്യാത്തവര്‍' എന്ന ഖുര്‍ആനിക പ്രയോഗത്തില്‍നിന്ന് അത്തരം എല്ലാ ഇസ്്ലാമേതര വിഭാഗങ്ങളും ഉദ്ദേശ്യമാകാവുന്നതാണ്. മക്കയിലെ മുശ്‌രിക്കുകളാണ് സൂക്തത്തില്‍ പരാമൃഷ്ടരായതെങ്കിലും ആ സ്വഭാവത്തിലുള്ള എല്ലാവരും വിവക്ഷയാകാവുന്നതാണ്. ഇമാം ത്വബരിയും ഖാസിമിയും ഇബ്‌നു ആശൂറും ഈ അഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ട്.
ഇമാം ത്വബരി എഴുതുന്നു:

മേല്‍ സൂക്തങ്ങളുടെ വിവക്ഷ എല്ലാ മതവിഭാഗങ്ങളില്‍ പെട്ടവരുമാണ്. 'മതത്തിന്റെ പേരില്‍ യുദ്ധത്തിന് വരാത്തവരും വീടുകളില്‍നിന്ന് പുറത്താക്കാത്തവരും' എന്നത് വിശേഷണമായി വരുന്ന എല്ലാവരും ഇതിന്റെ പരിധിയില്‍ വരുന്നതാണ്.
മേല്‍സൂക്തങ്ങള്‍ പ്രാബല്യത്തിലില്ല എന്നു പറയുന്നതില്‍ അര്‍ഥമില്ല. കാരണം, ഒരു സത്യവിശ്വാസിയെ സംബന്ധിച്ചേടത്തോളം, താനുമായി ബന്ധുത്വമുള്ളവരോ ബന്ധുത്വമില്ലാത്തവരോ ആയ, മുസ് ലിംകളോട് യുദ്ധം പ്രഖ്യാപിച്ചവര്‍ക്ക് പുണ്യം ചെയ്യുന്നത് നിഷിദ്ധമോ നിരോധിതമോ അല്ല; അത് മുസ് ലിംകളുടെ രഹസ്യങ്ങള്‍ മനസ്സിലാക്കാന്‍ അവസരം നല്‍കാതെയും സൈനിക സഹായകമാകാതെയുമാവണം എന്നു മാത്രം.

ഇവിടെ പരിഗണിക്കേണ്ടത് സൂക്തങ്ങളുടെ സവിശേഷ പശ്ചാത്തലമല്ല. പദങ്ങള്‍ മൊത്തത്തിലെടുത്താണ് (بعموم اللّفظ لا بخصوص السّبب) സൂക്തത്തിന്റെ ആശയം പൊതുവാണെന്ന് അതിലെ 'അല്ലദീന' എന്ന സംബന്ധികാ സര്‍വനാമം വ്യക്തമാക്കുന്നുണ്ട്.
'തീര്‍ച്ചയായും അല്ലാഹു നീതിനിഷ്ഠരെ ഇഷ്ടപ്പെടുന്നു' ഇവിടെ ഖിസ്ത്വ് എന്നതിന്റെ വിവക്ഷ നീതിയാണ്. (ത്വബരി) അതേസമയം ശത്രുമിത്ര ഭേദമന്യെ എല്ലാവരോടും നീതി കാണിക്കണമെന്നിരിക്കെ, ഇവിടെ 'ഖിസ്ത്വ്' എന്നതിന്റെ വിവക്ഷ ബന്ധം ചേര്‍ക്കുന്നതിന്റെ ഭാഗമായി അവരെ സാമ്പത്തികമായി സഹായിക്കലാണെന്നാണ് ഇബ്‌നുല്‍ അറബിയുടെ വീക്ഷണം. യുദ്ധം ചെയ്യുന്നവരും ചെയ്യാത്തവരും നീതി അര്‍ഹിക്കുന്നുണ്ടല്ലോ.21

അമുസ്‌ലിംകളുമായുള്ള മുസ്്ലിംകളുടെ ബന്ധങ്ങളുടെ സ്വഭാവപരവും നിയമപരവുമായ വശങ്ങളാണ് സൂക്തത്തിലെ പ്രതിപാദ്യം. അതായത് ശത്രുക്കളല്ലാത്തവരോടുള്ള നന്മയും നീതിയും. നവംനവങ്ങളായ സമാന സാഹചര്യങ്ങളെയും സാധ്യതകളെയും അവയ്ക്കനുസൃതമായി വ്യാഖ്യാനിച്ചു മനസ്സിലാക്കുകയാണ് വേണ്ടത്. ഈ പൊതുമാനദണ്ഡത്തില്‍നിന്ന് മുസ് ലിംകള്‍ പുറത്തു കടക്കാവതല്ല.
لَقَدْ أَرْسَلْنَا رُسُلَنَا بِالْبَيِّنَاتِ وَأَنزَلْنَا مَعَهُمُ الْكِتَابَ وَالْمِيزَانَ لِيَقُومَ النَّاسُ بِالْقِسْطِ 
'തീര്‍ച്ചയായും നാം നമ്മുടെ ദൂതന്മാരെ വ്യക്തമായ തെളിവുകളുമായി അയച്ചിരിക്കുന്നു. ജനങ്ങള്‍ നീതി നിലനിര്‍ത്താനായി നാം അവരുടെ -ദൂതന്മാരുടെ- കൂടെ ഗ്രന്ഥവും ത്രാസും ഇറക്കുകയും ചെയ്തിരിക്കുന്നു (ഹദീദ് 25) എന്ന സൂക്തം ഈ മാനദണ്ഡമാണ് മുന്നോട്ട് വെക്കുന്നത്.

البرّ حسن الخلق 'പുണ്യമെന്നാല്‍ സല്‍സ്വഭാവമാണ്' (മുസ്‌ലിം) എന്ന നബിവചനം പരസ്പര ബന്ധങ്ങളില്‍ മനോഹരമായി പ്രതിഫലിക്കുമ്പോഴാണ് യാഥാർഥ്യമാവുക. സഹജീവിതത്തിന്റെ ആണിക്കല്ലായി ഈ മൂല്യങ്ങള്‍ മാറണം.
ഇമാം ഖറാഫിയുടെ വീക്ഷണത്തിൽ മേല്‍ സൂക്തത്തിലെ പുണ്യത്തെ അവരിലെ ദുര്‍ബലര്‍ക്ക് നന്മ ചെയ്യുക, ദരിദ്രരുടെ ആവശ്യങ്ങള്‍ പരിഹരിക്കുക, വിശക്കുന്നവരെ ഊട്ടുക, നഗ്നരെ ഉടുപ്പിക്കുക, സ്‌നേഹമസൃണമായി സംസാരിക്കുക, അയൽക്കാണെന്ന നിലയില്‍ അവരില്‍നിന്നുള്ള പ്രയാസങ്ങള്‍ സഹിക്കുക, അവര്‍ക്ക് സന്മാര്‍ഗം ലഭിക്കാനായി പ്രാര്‍ഥിക്കുക, അവരുടെ വ്യക്തിപരവും കുടുംബപരവുമായ കാര്യങ്ങളില്‍ ഗുണകാംക്ഷ പുലര്‍ത്തുക, അവരുടെ അവകാശങ്ങളില്‍ താല്‍പര്യം കാണിക്കുക, അവര്‍ക്കു നേരെയുള്ള അക്രമം ചെറുക്കുക പോലുള്ളവയെല്ലാം സൂക്തത്തിന്റെ വിവക്ഷയാണ്.22

അമുസ്‌ലിംകളുമായുള്ള ബന്ധം എത്രമാത്രം ജാഗ്രതയോടെ പരിപാലിക്കണമെന്ന് ഖുര്‍ആനും സുന്നത്തും കര്‍ശന നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഒരുദാഹരണം
وَإِن جَاهَدَاكَ عَلَىٰ أَن تُشْرِكَ بِي مَا لَيْسَ لَكَ بِهِ عِلْمٌ فَلَا تُطِعْهُمَاۖ وَصَاحِبْهُمَا فِي الدُّنْيَا مَعْرُوفًا
'നിനക്ക് യാതൊരു അറിവുമില്ലാത്ത വല്ലതിനെയും എന്നോട് നീ പങ്കുചേര്‍ക്കുന്ന കാര്യത്തില്‍ അവര്‍ ഇരുവരും- മാതാപിതാക്കള്‍- നിന്റെ മേല്‍ സമ്മര്‍ദം ചെലുത്തുന്ന പക്ഷം അവരെ നീ അനുസരിക്കരുത്. ഇഹലോകത്ത് അവരോട് നീ നല്ല നിലയില്‍ സഹവസിക്കുക...' (ലുഖ്മാന്‍ 15).

ഇതിന്റെ വിശദീകരണത്തില്‍ ഇബ്‌നു കസീര്‍ എഴുതുന്നു:
إن حرصا عليك كلّ الحرص على أن تتابعهما على دينهما فلا تقبل منهما ذلك ولا يمنعنّك ذلك من أن تصاحبهما فى الدّنيا معروفا ايّ: محسنا اليهما
'നീ അവരിരുവരുടെയും മതം പിന്‍പറ്റാന്‍ അവര്‍ എത്രതന്നെ കൊതിച്ചാലും നീ അത് സ്വീകരിക്കരുത്. അതേസമയം, അതിന്റെ പേരില്‍ അവരുമായി ദുന്‍യാവില്‍ നല്ലനിലയില്‍ നീ പെരുമാറാതിരിക്കുകയും അരുത്'.23

സത്യനിഷേധികളായ മാതാപിതാക്കള്‍ക്ക് ജീവനാംശം നല്‍കാന്‍ മുസ് ലിംകളായ മക്കള്‍ക്ക് ബാധ്യതയുണ്ടെന്ന് മേല്‍ സൂക്തത്തിന്റെ വെളിച്ചത്തില്‍ കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇമാം സര്‍ഖസി എഴുതുന്നു:
يجب على الولد المسلم نفقة أبويه الذّمّيّين لقوله تعالى: (وصاحبهما فى الدّنيا معروفا) وليس من المصاحبة بالمعروف ان يتقلّب في نعم الله ويدعهما يموتان جوعًا والنّوافل والأجداد والجدّات من قبل الأب والأم بمنزلة الأبوين في ذلك
'നീ അവരുമായി നല്ലനിലയില്‍ പെരുമാറുക' എന്ന സൂക്തപ്രകാരം ഇസ്്ലാമിക ഗവണ്‍മെന്റിന്റെ സംരക്ഷണയില്‍ കഴിയുന്ന മാതാപിതാക്കള്‍ക്ക് ചെലവിനു നല്‍കാന്‍ മുസ്്ലിമായ മകന് ബാധ്യതയുണ്ട്. മകന്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ അനുഭവിച്ച് ജീവിക്കുകയും മാതാപിതാക്കളെയും പേരമക്കളെയും മാതാപിതാക്കളുടെ സ്ഥാനത്തുള്ള പിതാമഹന്മാരെയും മാതാമഹികളെയും വിശന്നു മരിക്കാന്‍ വിടുകയും ചെയ്യുന്നത് 'നല്ല നിലയില്‍ പെരുമാറുക' എന്ന നിര്‍ദേശത്തിന് വിരുദ്ധമാണ്.24
മറ്റൊരു ഉദാഹരണം;
وَلَا تُجَادِلُوا أَهْلَ الْكِتَابِ إِلَّا بِالَّتِي هِيَ أَحْسَنُ إِلَّا الَّذِينَ ظَلَمُوا مِنْهُمْۖ وَقُولُوا آمَنَّا بِالَّذِي أُنزِلَ إِلَيْنَا وَأُنزِلَ إِلَيْكُمْ وَإِلَٰهُنَا وَإِلَٰهُكُمْ وَاحِدٌ وَنَحْنُ لَهُ مُسْلِمُونَ
'വേദക്കാരോട് ഏറ്റവും നല്ല രീതിയിലല്ലാതെ നിങ്ങള്‍ സംവാദം നടത്തരുത്-അവരില്‍നിന്ന് അതിക്രമം പ്രവര്‍ത്തിച്ചവരോടൊഴികെ. നിങ്ങള്‍ (അവരോട്) പറയുക: ഞങ്ങള്‍ക്ക് അവതരിപ്പിക്കപ്പെട്ടതിലും നിങ്ങള്‍ക്ക് അവതരിപ്പിക്കപ്പെട്ടതിലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങളുടെ ദൈവവും നിങ്ങളുടെ ദൈവവും ഒരുവനാകുന്നു. ഞങ്ങള്‍ അവന്ന് കീഴ്‌പ്പെട്ടവരുമാകുന്നു' (അന്‍കബൂത്ത് 46) വേദവിശ്വാസികളായ പ്രതിയോഗികളോട് ഇസ് ലാം കാഴ്ചവെക്കുന്ന സഹിഷ്ണുത എത്രത്തോളം ഉദാത്തമാണെന്ന് വ്യക്തമാക്കുന്ന വചനമാണിത്.

മതപരവും ആദര്‍ശപരവുമായ വിഷയങ്ങളില്‍ അവരുമായി മുസ്്ലിംകള്‍ തര്‍ക്കത്തിലേര്‍പ്പെട്ടു കൂടാ. തര്‍ക്കംവഴി തമ്മില്‍ ഉണ്ടാകാവുന്ന കുഴപ്പം തുടക്കത്തിലേ ഒഴിവാക്കുക എന്നതാണ് അതിന്റെ ഉദ്ദേശ്യം. അവര്‍ നാമുമായി സംവാദത്തിന് തുടക്കം കുറിച്ചാല്‍ സംവാദത്തിന്റെ ഏറ്റവും നല്ല തലത്തില്‍ നിന്നുകൊണ്ടായിരിക്കണം പ്രതികരിക്കേണ്ടത്. വൈകാരികമായ പ്രകോപനങ്ങള്‍ക്ക് വഴിയൊരുക്കും വിധമായിരിക്കരുത് ഇടപെടലുകള്‍.
മുസ് ലിംകളും വേദവിശ്വാസികളും അടിസ്ഥാനമായി അംഗീകരിക്കേണ്ട തത്ത്വങ്ങളില്‍നിന്ന് വഴിമാറുംവിധം ചര്‍ച്ചകള്‍ കൊണ്ടുപോകരുത്. ഇക്കാര്യം താഴെ സൂക്തം അടിവരയിടുന്നു:
قُلْ يَا أَهْلَ الْكِتَابِ تَعَالَوْا إِلَىٰ كَلِمَةٍ سَوَاءٍ بَيْنَنَا وَبَيْنَكُمْ أَلَّا نَعْبُدَ إِلَّا اللَّهَ وَلَا نُشْرِكَ بِهِ شَيْئًا وَلَا يَتَّخِذَ بَعْضُنَا بَعْضًا أَرْبَابًا مِّن دُونِ اللَّهِۚ فَإِن تَوَلَّوْا فَقُولُوا اشْهَدُوا بِأَنَّا مُسْلِمُونَ
(നബിയേ) പറയുക: വേദക്കാരേ, ഞങ്ങള്‍ക്കും നിങ്ങള്‍ക്കുമിടയില്‍ സമമായുള്ള ഒരു വാക്യത്തിലേക്ക് നിങ്ങള്‍ വരുവിന്‍. അതായത്, അല്ലാഹുവെയല്ലാതെ നാം ഇബാദത്ത് ചെയ്യാതിരിക്കുകയും, അവനോട് യാതൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുകയും നമ്മില്‍ ചിലര്‍ ചിലരെ അല്ലാഹുവിന്നു പുറമെ രക്ഷിതാക്കളാക്കാതിരിക്കുകയും ചെയ്യുക (എന്ന തത്വത്തിലേക്ക്) എന്നിട്ട് അവര്‍ പിന്തിരിഞ്ഞു കളയുന്ന പക്ഷം നിങ്ങള്‍ പറയുക: ഞങ്ങള്‍ (അല്ലാഹുവിന്ന്) കീഴ്‌പ്പെട്ടവരാണ് എന്നതിന് നിങ്ങള്‍ സാക്ഷ്യം വഹിച്ചുകൊള്ളുക' (ആലുഇംറാന്‍ 64). 

ഇറാഖീ പണ്ഡിതനാണ് ലേഖകൻ . 1954-2016)
(അടുത്ത ലക്കത്തില്‍: ബഹുസ്വര സമൂഹത്തിലെ സഹജീവിതം നബിചര്യയിലും ഖുലഫാഉര്‍റാശിദുകളുടെ കാലത്തും)

 

കുറിപ്പുകൾ

1. سنن أبي دود 2682
2. تفسير الطبري
3. زهرة التفاسير ج 1 ص 950
4. الطبقات الكبرى 264/1
5. زاد المعاد ص 549-550
6. المحلّى بالآثار لابن حزم 12 ص 120
7. المغني لإبن قدامة 23/9
8. تسامح الإسلام و تعصّب خصومه، دكتور شوقِى أبي خليل ص123
9. حوار الثقافات فِى الغرب الإسلامي، مسعد بوفالًا قة ص14
10. حقوق غير المسلم فى المجتمع الإسلامي ص 55-56 الإستاذ راشد الغنوشي
11. معاملة غير المسلمين في المجتمع المسلم  الدكتور ادوار دغالي الذّهبي ص 53
12. في ظلال القرآن ج 2 ص 852
13. زهرة التفاسير لأبي زهرة ج 4 ص 2059
14. المعجم الكبير للطّبراني ج 2 ص 184 (1752(
15. سنن أبي داود ج 3 ص 170 (3052(
16. غير المسلمين في المجتمع الإسلاميّ ص 11, د. يوسف القرضاوي
17. أنوار البروق في أنواء الفروق ج 3 ص 14. القرافي (ت: 684 ه(
18. المبسوط للسّرخسي ج 5 ص 43
19. الأمر بالمعروف والنّهي عن المنكر ص 42 - 43 لابن تيميّة
20. منهاج السّنّة النبويّة ج 2 ص 342
21. أحكام القرآن 228/4
22. الفروق 15/3
23. ابن كثير 337/6
24. المبسوط 226/5

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top