വ്യക്തി ഉടമാവകാശം ഇസ്‌ലാമിൽ
സൈനുൽ ആബിദീൻ ദാരിമി
മനുഷ്യജീവിതത്തിലെ വ്യത്യസ്തമായ സാമ്പത്തിക വിനിയമയങ്ങളുടെ അടിസ്ഥാനദർശനങ്ങൾ ഇസ്്ലാം മുന്നോട്ട് വെക്കുന്നുണ്ട്. ആ അടിത്തറകളിൽ ഊന്നിനിന്നുകൊണ്ടാണ് മാറുന്ന കാലത്തിന്റെ താല്പര്യങ്ങോൾക്ക് അനുസരിച്ച് പുതിയ പ്രായോഗിക രീതികൾ വികസിപ്പിച്ചെടുക്കുന്നത്. അതിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന ഒന്നാണ് സമ്പത്തിന്റെ ഉടമാവകാശവുമായി ബന്ധപ്പെട്ട ഇസ്‌ലാമിന്റെ കാഴ്ചപ്പാട്. പരിശുദ്ധ ഖുർആനും തിരുചര്യയും പരിശോധിച്ചാൽ സമ്പത്തിന്റെ ഉടമാവകാശവുമായി ബന്ധപ്പെട്ട ഇസ്‌ലാമിന്റെ സവിശേഷ കാഴ്ചപ്പാട് വ്യക്തമാക്കുന്ന ധാരാളം പ്രമാണങ്ങൾ കാണാം. വ്യക്തിയുടമാവകാശത്തിനും സാമൂഹ്യ ഉടമാവകാശത്തിനുമിടയിൽ സന്തുലിതവും നീതിയുക്തവുമായ വീക്ഷണമാണ് ഇസ്്ലാം അവതരിപ്പിക്കുന്നത്. അത് വ്യക്തിയുടെയും സമൂഹത്തിന്റെയും ആവശ്യങ്ങളെ സമ്പൂർണമായി മനസ്സിലാക്കിയതിൽ നിന്ന് രൂപം കൊള്ളുന്നതാണ്. സാമ്പത്തിക നിർമിതിയുടെ അടിസ്ഥാനമായി വ്യക്തി ഉടമസ്ഥാവകാശത്തെ ഇസ്്ലാം അംഗീകരിച്ചു എന്നത് ഈ സന്തുലിത വീക്ഷണത്തിന്റെ പ്രകടിത രൂപത്തിൽ പെട്ടതാണ്. അതോടൊപ്പം തന്നെ നിയമവിധേയവും നിയമവിരുദ്ധവുമായ ഉടമസ്ഥാവകാശം നേടിയെടുക്കുന്നതിന്റെ കാരണങ്ങൾ നിർണയിക്കുകയും ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട അനുശാസനങ്ങളും ബാധ്യതകളും സമർപ്പിക്കുകയും ജനങ്ങളുടെ അനിവാര്യ കാര്യങ്ങളിൽ പൊതു ഉടമാവകാശത്തെ അംഗീകരിക്കുകയും ചെയ്തു. ഈ നിലപാട് ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട കമ്യൂണിസത്തിന്റെയും ക്യാപ്പിറ്റലിസത്തിന്റെയും നിലപാടുകൾക്ക് മധ്യേയായാണ് നിലകൊള്ളുന്നത്.
1) വ്യക്തിയുടമസ്ഥാവകാശം സാമ്പത്തിക നിർമ്മിതിയുടെ അടിത്തറ
ചരിത്രത്തിലാദ്യമായി വ്യക്തിയുടമസ്ഥാവകാശത്തെ അംഗീകരിക്കുന്നത് ഇസ്്ലാം അല്ല. അതിനുമുമ്പ് പല മതദർശനങ്ങളിലും അത് നിയമവിധേയമായത് കാണാം. ആധുനികവും പൗരാണികവുമായ പല സമൂഹങ്ങളിലും വ്യക്തിയുടമാവകാശം അംഗീകരിക്കപ്പെട്ടിട്ടുണ്ട്.
വ്യക്തിയുടമാവകാശം ജൂത സമൂഹത്തിൽ
കുടുംബത്തിന്റെ ഉടമാവകാശത്തിലോ പൊതു ഉടമാവകാശത്തിലോ ആയിട്ടാണ് ജൂതർ വ്യക്തി ഉടമാവകാശത്തെ കണ്ടിരുന്നത്. ജൂതന്മാർ കൻ ആനിൽ പ്രവേശിച്ചപ്പോൾ അവിടെയുള്ള ഭൂമി ബനു ഇസ്രാഈൽ ഗോത്രങ്ങൾക്ക് അവയുടെ അംഗസംഖ്യ അനുസരിച്ച് വീതിച്ചു നൽകുകയുണ്ടായി. അങ്ങനെ ഓരോ ഗോത്രവും അതിൽ നിന്ന് ലഭിക്കുന്ന വരുമാനം നിശ്ചിത അളവിൽ അതിലെ കുടുംബങ്ങൾക്ക് നൽകിപ്പോന്നു. ശേഷം ഈ കുടുംബപരമായ ഉടമാവകാശം തനി വ്യക്തി ഉടമാവകാശത്തിലേക്ക് പരിണമിച്ചെത്തി. അത് അനന്തരാവകാശ വ്യവസ്ഥയനുസരിച്ച് കുടുംബ സ്വത്ത് വ്യക്തികളിലേക്ക് നീങ്ങുകയാണ് ചെയ്തത്. എന്നാൽ ഈ വ്യക്തിയുടമാവകാശം ക്രമേണ അപകടകരമായ സാമ്പത്തിക ചൂഷണത്തിലേക്ക് വളർന്നു. കാരണം ജൂതന്മാർ അല്ലാഹുവിന്റെ നിയമങ്ങളെയും ധാർമിക മൂല്യങ്ങളെയും അവഗണിച്ചതിന്റെ ഫലമായി കൂടുതൽ ഭൗതിക പ്രമത്തരും സമ്പത്തിനോട് അത്യാർത്തിയുള്ളവരായി തീരുകയും ചെയ്തപ്പോൾ അവർ ദരിദ്രനെ അതികഠിനമായി ചൂഷണം ചെയ്യാൻ തുടങ്ങി. അവരെ നേരായ മാർഗത്തിലേക്ക് നയിക്കാൻ പുരോഹിതന്മാർക്ക് കഴിഞ്ഞില്ല അത് കാരണം അവർ കഠിന ഹൃദയരായി മാറുകയും നാനാവിധ ആക്രമണ വാസനകൾ അവരിൽ വളർന്നുവരികയും ചെയ്തു. അങ്ങനെ ജൂതന്മാരിൽ ഒരു സംഘം ചൂഷകരും മർദ്ദകരുമായി മാറ്റുകയും ദരിദ്രരുടെ മേൽ നിന്ദ്യതയുടെയും അപമാനത്തിന്റെയും ജീവിതം അടിച്ചേൽപ്പിക്കുകയും ചെയ്തു.(1)
അതുപോലെ ഗ്രീക്ക് സമൂഹവും വ്യക്തി ഉടമസ്ഥാവകാശത്തെ അംഗീകരിച്ചിരുന്നു. പക്ഷേ അതിന്റെ പ്രയോഗങ്ങൾ അതികഠിനമായതുകൊണ്ട് അത് ക്രൂരമായ ചൂഷണത്തിലേക്കും അത്യാഡംബരങ്ങളിലേക്കും വഴിവെച്ചു . ആ വിഷയത്തിൽ സോക്രട്ടീസിന്റെ ഒരു പരാമർശം കാണാം: "സമ്പന്നർ അവർക്ക് താഴെയുള്ള മറ്റു വിഭാഗങ്ങളെ അധികഠിനമായി വെറുത്തിരുന്നു. എത്രത്തോളം എന്നാൽ അവരുടെ സമ്പത്ത് കടലിലേക്ക് വലിച്ചെറിയേണ്ടി വന്നാൽ പോലും അവർ പാവങ്ങളെ സഹായിക്കുമായിരുന്നില്ല."(2)
ഈ സാഹചര്യം മുൻനിർത്തിക്കൊണ്ട് പ്ലാറ്റോ തന്റെ പ്രസിദ്ധമായ റിപ്പബ്ലിക്കിൽ സമൂഹത്തെ മൂന്ന് വിഭാഗമായി തിരിച്ചു കൊണ്ട് ചില നിർദേശങ്ങൾ സമർപ്പിക്കുന്നുണ്ട്.
1- ഒന്നാം വിഭാഗം: ഭരണവർഗം അവർ അവരുടെ ഉപജീവന വ്യവസ്ഥയെ വ്യക്തിയുടമസ്ഥാവകാശത്തിലല്ലാതെ സംവിധാനിക്കുക.
2- രാഷ്ട്രത്തെ പ്രതിരോധിക്കുന്ന സൈനിക വിഭാഗം: അവർ പൊതുവായ സൈനിക ക്യാമ്പുകളിൽ ആണ് ജീവിക്കേണ്ടത്. രാഷ്ട്രം അവർക്ക് ആവശ്യമായ ഭക്ഷണം, വെള്ളം, വസ്ത്രം എന്നിവ ലഭ്യമാക്കണം. ഇതിൽ സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക പരിഗണനയില്ല.
3- വ്യാപാര വ്യവസായിക കാർഷിക വിഭാഗം: ഇവർക്ക് മാത്രമേ വ്യക്തിയുടമാവകാശവും സ്ത്രീകൾക്കും കുട്ടികൾക്കുമിടയിൽ സവിശേഷാധികാരവും അനുവദിക്കുകയുള്ളൂ. പക്ഷേ ഈ വർഗത്തിലെ വ്യക്തികൾക്ക് അനന്തരാവകാശമില്ല. അതായത് അവരിലൊരാൾ മരണപ്പെട്ടാൽ അയാളുടെ ഉടമാവകാശം രാഷ്ട്രത്തിലേക്കാണ് വന്നുചേരുക. അതോടൊപ്പം അവരുടെ മക്കളെ രാഷ്ട്രം ഏറ്റെടുക്കുകയും, അവരെ കഠിനമായി പരിശീലിപ്പിച്ചതിന് ശേഷം മൂന്നുവർഗങ്ങളിൽ ഉൾപ്പെടുത്തുകയും ചെയ്യും.(3)
അനവധി ആളുകൾ വിമർശനവുമായി രംഗത്ത് വന്നതോടുകൂടി ഈ നിർദേശം ഗ്രീക്ക് സമൂഹത്തിൽ നടപ്പിലായില്ല. ഇത് പ്രയോഗിക്കാൻ ബുദ്ധിമുട്ടാണ് എന്ന് അഭിപ്രായം പ്ലാറ്റോക്ക് തന്നെയുണ്ടായിരുന്നു. അങ്ങനെ ആ നിലപാടിൽ നിന്ന് അദ്ദേഹം പിന്തിരുകയും തന്റെ 'ഖവാനീൻ' എന്ന കൃതിയിൽ ജനങ്ങൾക്കിടയിൽ നീതിപൂർവമായി സമ്പത്ത് വിതരണം ചെയ്യാനുള്ള മറ്റൊരു നിർദേശം അവതരിപ്പിക്കുകയും ചെയ്തു.
അതുപോലെ അരിസ്റ്റോട്ടിൽ അവതരിപ്പിച്ച ഒരു നിർദേശം ഇതാണ്: നിയമം അനുശാസിക്കുന്ന ധാർമിക മൂല്യങ്ങൾക്കടിസ്ഥാനമായി സമൂഹത്തിന് പ്രയോജനമെടുക്കാൻ സാധിക്കുന്ന വിധത്തിൽ വ്യക്തികൾക്ക് ഉടമാവകാശം നൽകുക. ഉടമാവകാശത്തോടുള്ള മനുഷ്യന്റെ പ്രകൃതിപരമായ ഇഷ്ടം ഒരു യാഥാർഥ്യമാണ്. അതിനോട് ചേർന്ന് നിൽക്കുന്ന ഒരു നിലപാടാണത്. കാരണം സമ്പത്തിലെ വ്യക്തിയുടമാവകാശം മനുഷ്യനെ ഉൽപ്പാദനത്തിലെ പരസ്പരം മത്സരത്തിലേക്കും അതുവഴി ഉല്പാദന വർധനവിലേക്കും നയിക്കുന്നു. എന്നാൽ വ്യക്തി ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട ഉയർന്നുവരുന്ന പ്രശ്നങ്ങൾ അതിൽ നിന്നുണ്ടാകുന്നതല്ല. മറിച്ച് അതിന്റെ പ്രയോഗത്തിൽ മനുഷ്യൻ മോശമായ വഴികൾ സ്വീകരിക്കുന്നത് മൂലം വരുന്നതാണ്. വ്യക്തിയുടമസ്ഥാവകാശം എന്ന ആശയത്തെ അദ്ദേഹം സ്ഥാപിച്ചത് നിയമങ്ങളിലും ധാർമിക സദാചാര മൂല്യങ്ങളിലുമാണ്. അങ്ങനെ വരുമ്പോൾ അത് വ്യക്തിയുടമാവകാശത്തെ വ്യവസ്ഥപ്പെടുത്താൻ സഹായിക്കും.(4)
വ്യക്തിയുടമാവകാശം
റോമൻ പാരമ്പര്യങ്ങളിൽ
വ്യക്തിയുടമാവകാശം റോമൻ സമൂഹത്തിൽ അംഗീകരിക്കപ്പെടുകയും അവരുടെ വ്യവസ്ഥയിലും നിയമ സംവിധാനങ്ങളിലും പരിശുദ്ധമായി ഗണിക്കപ്പെടുകയും ചെയ്തിരുന്നതിന്റെ തെളിവുകൾ ലഭ്യമാണ്. അതിനവർ ചില നിബന്ധനകൾ മുന്നോട്ടു വച്ചിരുന്നു:
1. ഉടമസ്ഥൻ റോമൻ പൗരത്വം ഉള്ളവനായിരിക്കണം.
2. ഉടമാവകാശം റോം എന്ന രാഷ്ട്രത്തിന്റേത് മാത്രമായിരിക്കും. അതായത് യുദ്ധത്തിലൂടെയും മറ്റും റോമൻ സാമ്രാജ്യം പിടിച്ചെടുക്കുന്ന ഭൂമി പോലെയുള്ള സമ്പത്തിൽ വ്യക്തിയുടമാവകാശമില്ല. ഇങ്ങനെ വ്യക്തി ഉടമാവകാശത്തിന് കൈവന്ന പരിശുദ്ധ പരിവേഷം റോമൻ സമൂഹത്തിനിടയിൽ സമ്പത്തിന്റെ പേരിലുള്ള വലിയ വേർതിരവുകൾക്ക് കാരണമായി. അതോടൊപ്പം തന്നെ അധാർമികമായ രീതിയിലുള്ള സ്വത്ത് സമ്പാദനങ്ങൾ വർധിച്ചുവന്നു. എത്രത്തോളമെന്നാൽ കടം തിരിച്ചടക്കാൻ കഴിയാതെ വന്നാൽ കടക്കാരനെ അടിമയാക്കുന്ന രീതി വരെ നിലവിൽ വന്നു.(5)
വ്യക്തി ഉടമാവകാശം പുരാതന അറബ് സമൂഹത്തിൽ
പുരാതന അറബ് സമൂഹത്തിലും വ്യക്തിപരമായ സാദനം അംഗീകരിച്ചതായി കാണാം. സ്വീകാര്യവും അസ്വീകാര്യവുമായ വ്യത്യസ്ത ഉടമാവകാശത്തിന്റെ കാരണങ്ങൾ അവിടെ നിലനിന്നിരുന്നു. അതിൽ ഒരിനമാണ് ഗോത്രങ്ങൾ തമ്മിൽ നിലനിന്നിരുന്ന ആഭ്യന്തരയുദ്ധങ്ങളിലൂടെ ആർജിച്ചെടുത്തിരുന്ന ഉടമാവകാശം. യുദ്ധം ചെയ്യാൻ കഴിയുന്ന പുരുഷന്മാർക്ക് മാത്രമേ അനന്തരാവകാശം ഉണ്ടായിരുന്നുള്ളൂ. യുദ്ധ മുതലകളും അവർക്ക് മാത്രം അവകാശപ്പെട്ടതായിരുന്നു. എന്നാൽ സ്ത്രീകൾക്കും കുട്ടികൾക്കും അനന്തര സ്വത്തിൽ അല്പം പോലും അവകാശം ഉണ്ടായിരുന്നില്ല.
അറബ് സമൂഹം വ്യക്തിയുടമാവകാശത്തിന് പവിത്ര പദവി കൽപ്പിച്ചിരുന്നെങ്കിലും പറയത്തക്ക സമ്പൽ സമൃദ്ധി അവരിൽ പ്രകടമായിരുന്നില്ല. അതിന്റെ പ്രധാനകാരണം ആ കാലഘട്ടത്തിൽ അറബ് ഉപഭൂഖണ്ഡത്തിൽ സാമ്പത്തിക സ്രോതസ്സുകൾ വളരെ ദുർബലവും അപൂർവവുമായിരുന്നു എന്നാണ്. അതോടൊപ്പം അറബികളുടെ സ്വഭാവമനുസരിച്ച് അവർ ധനം കുന്നു കൂട്ടാൻ ആഗ്രഹിക്കുന്നവരും ദരിദ്രർക്ക് ധാരാളം സമ്പത്ത് ദാനം നൽകുന്ന വരുമായിരുന്നു എന്നതാണ്. അതുകൊണ്ടൊക്കെ തന്നെ അവരിൽ വലിയ അളവിലുള്ള സാമ്പത്തിക പുരോഗതിയുടെ പ്രകടനങ്ങൾ അധികം കാണപ്പെട്ടില്ല.(6)
1- വ്യക്തിയുടമാവകാശം ഇസ്്ലാമിൽ
ക്രി. ആറാം നൂറ്റാണ്ടിൽ ഇസ്്ലാം രംഗപ്രവേശനം ചെയ്യുകയും വ്യക്തി ഉടമാവകാശം അംഗീകരിച്ചുകൊണ്ട് അതിന്റെ സംരക്ഷണത്തിന് അനവധി നിയമങ്ങൾ അവതരിപ്പിക്കുകയും ചെയ്തു.
അല്ലാഹു പറയുന്നു:
يَا أَيُّهَا الَّذِينَ آمَنُوا لَا تَأْكُلُوا أَمْوَالَكُم بَيْنَكُم بِالْبَاطِلِ إِلَّا أَن تَكُونَ تِجَارَةً عَن تَرَاضٍ مِّنكُمْۚ وَلَا تَقْتُلُوا أَنفُسَكُمْۚ إِنَّ اللَّهَ كَانَ بِكُمْ رَحِيمًا
"അല്ലയോ വിശ്വസിച്ചവരെ നിങ്ങളുടെ മുതലുകൾ നിഷിദ്ധ മാർഗങ്ങളിലൂടെ പരസ്പരം തിന്നാതിരിക്കുക. അത് ഉഭയസമ്മതത്തോടെയുള്ള ക്രയവിക്രിയമായിരിക്കണം. നിങ്ങൾ സ്വയം കൊല്ലരുത്. അല്ലാഹു നിങ്ങളോട് കരുണയുള്ളവനെന്നറിയുവിൻ" (അന്നിസാഅ് 29)
وَلَا تَأْكُلُوا أَمْوَالَكُم بَيْنَكُم بِالْبَاطِلِ وَتُدْلُوا بِهَا إِلَى الْحُكَّامِ لِتَأْكُلُوا فَرِيقًا مِّنْ أَمْوَالِ النَّاسِ بِالْإِثْمِ وَأَنتُمْ تَعْلَمُونَ
"നിങ്ങളുടെ ധനം അന്യോന്യം അന്യായമായി ആഹരിക്കാതിരിക്കുക. അന്യരുടെ ധനത്തിൽ നിന്നൊരു ഭാഗം മനപ്പൂർവം അന്യായമായി അനുഭവിക്കുന്നതിന് വേണ്ടി നിങ്ങളതുമായി ഭരണാധികാരികളെ സമീപിക്കരുത്" (അൽ ബഖറ 188).
ഈ സൂക്തത്തെ വ്യാഖ്യാനിച്ചുകൊണ്ട് ഇമാം ഖുർതുബി എഴുതുന്നു: "ഈ സൂക്തത്തിൽ അഭിസംബോധന- മുഹമ്മദ്(സ)യുടെ മുഴുവൻ സമൂഹത്തെയും ഉൾക്കൊള്ളുന്നതാണ്. ഒരാളും അന്യന്റെ സമ്പത്ത് അന്യായമായി ഭുജിക്കാൻ പാടില്ല. ചൂതാട്ടം(ലോട്ടറി) വഞ്ചന, മോഷണം, അവകാശലംഘനം, വ്യഭിചാരിണിക്കുള്ള പ്രതിഫലം, ജോത്സ്യന്റെ പ്രതിഫലം തുടങ്ങിയ ഉടമസ്ഥന്റെ ഇഷ്ടത്തോടെയും അല്ലാതെയും ഉള്ള സമ്പത്ത്, മദ്യത്തിന്റെയും പന്നിയുടെയും വില തുടങ്ങിയവയെല്ലാം അതിൽ ഉൾപ്പെടും.(7)
وَلَا تَقْرَبُوا مَالَ الْيَتِيمِ إِلَّا بِالَّتِي هِيَ أَحْسَنُ حَتَّىٰ يَبْلُغَ أَشُدَّهُۖ وَأَوْفُوا الْكَيْلَ وَالْمِيزَانَ بِالْقِسْطِۖ لَا نُكَلِّفُ نَفْسًا إِلَّا وُسْعَهَاۖ وَإِذَا قُلْتُمْ فَاعْدِلُوا وَلَوْ كَانَ ذَا قُرْبَىٰۖ وَبِعَهْدِ اللَّهِ أَوْفُواۚ ذَٰلِكُمْ وَصَّاكُم بِهِ لَعَلَّكُمْ تَذَكَّرُونَ
സ്ത്രീകൾ, അനാഥർ ഉൾപ്പെടെയുള്ള ദുർബല വിഭാഗത്തിന്റെ സമ്പത്ത് സംരക്ഷിക്കുന്നതിൽ ഇസ്ലാം പ്രാധാന്യം കൽപ്പിച്ചു. അല്ലാഹു പറയുന്നു: "നിങ്ങൾ അനാഥന്റെ മുതലിനോട് അടുത്തു പോവുകയും അരുത് നല്ല രീതിയിൽ അല്ലാതെ അവൻ കരുത്ത് പ്രാപിക്കുന്നത് വരെ. അളവ് തൂക്കങ്ങളിൽ തികഞ്ഞ നീതി പാലിക്കുക" (അൽ അൻആം 152).
وَآتُوا الْيَتَامَىٰ أَمْوَالَهُمْۖ وَلَا تَتَبَدَّلُوا الْخَبِيثَ بِالطَّيِّبِۖ وَلَا تَأْكُلُوا أَمْوَالَهُمْ إِلَىٰ أَمْوَالِكُمْۚ إِنَّهُ كَانَ حُوبًا كَبِيرًا
"അനാഥരുടെ മുതൽ നിങ്ങൾ അവർക്ക് തിരിച്ചു കൊടുക്കേണ്ടതാകുന്നു. നല്ല മുതലിനെ ചീത്ത മുതലാക്കി മാറ്റാതിരിക്കുക. നിങ്ങൾ അവരുടെ മുതൽ സ്വന്തം മുതലിനോട് കൂട്ടിക്കലർത്തി ഭുജിക്കാവതല്ല. അത് വലിയ പാപമാകുന്നു" (അന്നിസാഅ് 2).
ഈ സൂക്തങ്ങൾ സ്വഹാബത്തിന്റെ മനസ്സിനെ അസ്വസ്ഥപ്പെടുത്തുകയും സ്വന്തം സ്വത്തിനോട് അവരുടെ സമ്പത്തിനെ ചേർത്ത് വെക്കുന്നതിൽ നിന്ന് അവർ വിട്ടുനിൽക്കുകയും ചെയ്തു. എത്രത്തോളമെന്നാൽ അതിന്റെ ഫലമായി അനാഥകളുടെ സമ്പത്ത് നശിച്ചു പോകാൻ കാരണമായി. ഈ സാഹചര്യത്തിൽ അല്ലാഹു പറഞ്ഞു:
فِي الدُّنْيَا وَالْآخِرَةِۗ وَيَسْأَلُونَكَ عَنِ الْيَتَامَىٰۖ قُلْ إِصْلَاحٌ لَّهُمْ خَيْرٌۖ وَإِن تُخَالِطُوهُمْ فَإِخْوَانُكُمْۚ وَاللَّهُ يَعْلَمُ الْمُفْسِدَ مِنَ الْمُصْلِحِۚ وَلَوْ شَاءَ اللَّهُ لَأَعْنَتَكُمْۚ إِنَّ اللَّهَ عَزِيزٌ حَكِيمٌ
"അനാഥകളോട് എങ്ങനെ വർത്തിക്കണമെന്നും നിന്നോടവർ ചോദിക്കുന്നു. പറയുക എങ്ങനെ വർത്തിക്കുന്നതാണോ അവർക്ക് ഗുണകരം, അങ്ങനെ വർത്തിക്കുന്നതാണ് ഉൽകൃഷ്ടം. നിങ്ങൾ ചെലവും താമസവും അവരുടെതിനോട് കൂട്ടിച്ചേർത്താലും അഹിതമില്ല. അവർ നിങ്ങളുടെ സഹോദരങ്ങൾ തന്നെയാണല്ലോ. നന്മ ചെയ്യുന്നവരുടെയും തിന്മ ചെയ്യുന്നവരുടെയും അവസ്ഥകൾ അല്ലാഹുവിങ്കൽ സുവ്യക്തമാക്കുന്നു. അല്ലാഹു ഇച്ഛിക്കുന്നുവെങ്കിൽ ഇക്കാര്യത്തിൽ അവൻ നിങ്ങളെ ഞെരുക്കുമായിരുന്നു. എന്നാൽ അവൻ പരമാധികാരി ആയതോടൊപ്പം യുക്തിമാനും കൂടിയാണല്ലോ" (അൽ ബഖറ 220).
അതുപോലെ സ്ത്രീകളുടെ സമ്പത്ത് സംരക്ഷിക്കുന്ന കാര്യത്തിലും ഇസ്്ലാം പ്രാമുഖ്യം കൽപ്പിച്ചു. അല്ലാഹു പറയുന്നു: സ്ത്രീകളുടെ വിവാഹ മൂല്യം നിങ്ങൾ(ബാധ്യതയായി മനസ്സിലാക്കി) സന്തോഷത്തോടെ കൊടുത്തു വീട്ടേണ്ടതാകുന്നു. അവർ സ്വമനസാലെ അതിൽ വല്ലതും വിട്ടു തന്നാൽ ആയത് സസന്തോഷം അനുഭവിച്ചു കൊള്ളുവിൻ" (അന്നിസാഅ് 4).
وَإِنْ أَرَدتُّمُ اسْتِبْدَالَ زَوْجٍ مَّكَانَ زَوْجٍ وَآتَيْتُمْ إِحْدَاهُنَّ قِنطَارًا فَلَا تَأْخُذُوا مِنْهُ شَيْئًاۚ أَتَأْخُذُونَهُ بُهْتَانًا وَإِثْمًا مُّبِينًا
"നിങ്ങൾ ഒരു ഭാര്യയുടെ സ്ഥാനത്ത് മറ്റൊരു ഭാര്യയെ സ്വീകരിക്കാൻ തന്നെ നിശ്ചയിച്ചാൽ, ആദ്യ ഭാര്യക്ക് സമ്പത്തിന്റെ ഒരു കൂമ്പാരം തന്നെ നൽകിയിട്ടുണ്ടെങ്കിലും അതിൽനിന്ന് ഒന്നും തിരിച്ചു വാങ്ങാവുന്നതല്ല. ദുർ ന്യായങ്ങൾ ഉന്നയിച്ചും വ്യക്തമായ അക്രമമായും നിങ്ങൾ അത് തിരിച്ചു വാങ്ങുകയോ(അന്നിസാഅ് 20).
കട്ടവന്റെ കൈവെട്ടുക, കളഞ്ഞു കിട്ടിയ സമ്പത്ത് ഒരു വർഷം വരെ പരസ്യം ചെയ്യുക തുടങ്ങിയ നിയമങ്ങളെല്ലാം ഇസ്്ലാം മുന്നോട്ട് വെച്ചത് ഉടമാവകാശം സംരക്ഷിക്കാൻ വേണ്ടിയാണ്. "ഒരിക്കൽ ഒരാൾ റസൂലിന്റെ അടുത്ത് വന്ന് കളഞ്ഞു കിട്ടിയ സമ്പത്തിന്റെ വിധിയെ കുറിച്ച് ചോദിച്ചു. അപ്പോൾ പ്രവാചകൻ പറഞ്ഞു ഒരു വർഷം അത് നീ പരസ്യം ചെയ്യുക. ഉടമസ്ഥൻ വന്നാൽ അയാളെ തിരിച്ചേൽപ്പിക്കുക അല്ലെങ്കിൽ അത് നിന്റെ ഉടമസ്ഥതയിൽ വെക്കുക."(8)
വ്യക്തിയുടെ സ്വത്താവകാശം സംരക്ഷിക്കാൻ ഇസ്്ലാം അനവധി നിയമനിർമാണങ്ങൾ നടത്തിയിട്ടുണ്ട്. അതേസമയം അത് ദുരുപയോഗം ചെയ്യാതിരിക്കാൻ മുൻകരുതൽ സ്വീകരിക്കുകയും ചെയ്തു. എന്നാൽ അനവധി സമൂഹങ്ങളിൽ സ്വകാര്യസമ്പത്തിന്റെ പേരിൽ ധാരാളം ചൂഷണങ്ങളും അവകാശ ധ്വംസനങ്ങളും നില നിന്നതായി കാണാം. യൂറോപ്പിൽ തന്നെ ഫ്യൂഡൽ വ്യവസ്ഥ നിലനിന്ന കാലത്ത് അരങ്ങേറിയ സാമ്പത്തിക അരാജകത്വം അതിന്റെ തെളിവാണ്. രാജാക്കന്മാർ പ്രഭുക്കന്മാർക്കും സമൂഹത്തിലെ മേലാളന്മാർക്കും അവരുടെ തൃപ്തിയും പിന്തുണയും നേടാൻ ഭൂമി വ്യാപകമായി പതിച്ചു നൽകി. അങ്ങനെ ഭീമമായ ഭൂസ്വത്തിന് ഉടമകളായ പ്രഭുക്കന്മാർ കർഷക തൊഴിലാളികൾക്കുമേൽ അതിക്രൂരമായ മേധാവിത്വം സ്ഥാപിക്കുകയും കഠിനമായ ചൂഷണങ്ങൾ നടത്തുകയും അവരെ കേവലം കാർഷിക ഉപകരണങ്ങൾ ആയി കണക്കാക്കുകയും ചെയ്തു. ഭൂമി വിൽക്കുമ്പോൾ അതോടൊപ്പം കർഷകരെ കൂടി വിൽക്കുന്ന സമ്പ്രദായം നിലവിൽ വന്നു. ക്രൂരതയും ചൂഷണവും അതിന്റെ സകലവിധ രൗദ്രഭാവത്തോടുകൂടി യൂറോപ്പിൽ നടമാടി. ഫ്യൂഡൽ പ്രഭുക്കന്മാർ അതിരുകളില്ലാത്ത സ്വാതന്ത്രത്തോടെ സാമ്പത്തിക വിനിമയം നടത്തിയതോടുകൂടി അക്രമവും അനീതിയും വിവരണാതീതമായി പെരുകുകയും യൂറോപ്യൻ ജനതകൾക്കിടയിൽ അതിഭീകരമായ ധ്രുവീകരണം പ്രകടമാവുകയും ചെയ്തു.(9)
എന്നാൽ വ്യക്തിയുടെമാവകാശത്തിന്റെ ഭീകരത അതിൽ മാത്രം പരിമിതമായില്ല. അത് വ്യക്തി യുടമാവകാശത്തെ തീവ്രമായ വിശുദ്ധിയുടെ പരിവേഷമണയിച്ചു. അതാണ് മുതലാളിത്ത വ്യവസ്ഥിതിക്ക് ജന്മം നൽകിയത്. രാഷ്ട്രത്തിന്റെയോ, നിയമത്തിന്റെയോ യാതൊരുവിധ ഇടപെടലും ഇല്ലാതെ വ്യക്തിക്ക് അനിയന്ത്രിതമായി ധനം ഉടമപ്പെടുത്താനുള്ള അവസരം അത് തുറന്നു നൽകി. അങ്ങനെ വ്യക്തിപരമായ താല്പര്യങ്ങൾക്ക് പ്രഥമവും അന്തിമവുമായ പരിഗണന നൽകുന്ന അധാർമികമായ കിടമൽസരത്തിന്റെ പുതിയ ലോകം തുറക്കുന്ന ഒരു സാമ്പത്തിക വ്യവസ്ഥിതി രൂപം കൊണ്ടു. അതിന്റെ ഉപോൽപ്പന്നമായി, ജീവിതത്തെ സങ്കീർണമാക്കുകയും സാമ്പത്തിക അസമത്വങ്ങൾക്ക് അകലം വർധിപ്പിക്കുകയും ചെയ്യുന്ന പൂഴ്്ത്തിവെപ്പ്, ചതി, ചൂതാട്ടം, പലിശ, മദ്യം, മയക്കുമരുന്നുകൾ തുടങ്ങിയവയുടെ വിപണനം മുതലായവ സമൂഹത്തിൽ വർധിച്ചു വന്നു. അത് സമൂഹത്തിൽ ധനികർ, ദരിദ്രർ എന്ന് രണ്ട് വിരുദ്ധ ധ്രുവങ്ങളുടെ സൃഷ്ടിപ്പിന് കാരണമായി. ധനികർ സമൂഹത്തിലെ സാമ്പത്തികവും രാഷ്ട്രീയവും പ്രചരണപരവുമായ കുത്തകയും മേധാവിത്വവും കൈവശപ്പെടുത്തുകയും അത് ഉപയോഗിച്ച് വസ്തുക്കളെ വക്രീകരിക്കുകയും അവക്ക് കേവല ഭൗതികതയുടെ വ്യാഖ്യാനം ചമയ്ക്കുകയും ചെയ്തു. എന്നാൽ ദരിദ്രർ അവകാശലംഘനങ്ങൾക്ക് വിധേയരാവുകയും സാമൂഹ്യ സംവിധാനങ്ങളിൽ നിന്ന് പൂർണമായി പുറന്തള്ളപ്പെടുകയും ചെയ്തു.
എന്നാൽ വ്യക്തിയുടമാവകാശത്തിന് വിശുദ്ധി കൽപ്പിക്കുന്ന മുതലാളിത്ത ഫ്യൂഡലിസ്റ്റ് വ്യവസ്ഥിതിക്കെതിരെ ബദലായി മറ്റൊരു വ്യവസ്ഥ രംഗപ്രവേശനം ചെയ്തു. അത് വ്യക്തിയുടമാവകാശത്തെ സമ്പൂർണമായി നിരാകരിച്ചു കൊണ്ടാണ് നിലവിൽ വന്നത് ചരിത്രത്തിൽ ഇന്നോളംസംഭവിച്ച മുഴുവൻ കുഴപ്പങ്ങളുടെയും പാപഭാരം.
വ്യക്തി ഉടമസ്ഥാവകാശത്തിൽ അവർ ആരോപിച്ചു. അത് കമ്മ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് വ്യവസ്ഥയായിരുന്നു. വ്യക്തിയുടമസ്ഥാവകാശത്തിന് പകരം പൊതു ഉടമാവകാശത്തെ കമ്യൂണിസം മുന്നോട്ടുവച്ചു. വ്യക്തി ഉടമസ്ഥാവകാശം സാമ്പത്തിക ചൂഷണത്തിലേക്കും സാമൂഹ്യ ശിഥിലീകരണത്തിലേക്കും നയിക്കുമെന്ന് വാദിച്ചു
സത്യത്തിൽ മുതലാളിത്തത്തിന്റെ സാമ്പത്തിക വ്യവസ്ഥയുൽപാദിപ്പിക്കുന്ന ചൂഷണത്തെ പ്രതിരോധിക്കാൻ കമ്മ്യൂണിസത്തിനും സാധിച്ചില്ല. അത് കേവലം തൊലിപ്പുറമുള്ള ചികിത്സയായി പരിമിതപ്പെട്ടു. അവസാനം മുതലാളിത്തത്തെ അതിന്റെ മുഴുവൻ മാരക സ്വഭാവത്തോടും കൂടി ജീവിക്കാൻ വിട്ട് കമ്മ്യൂണിസം കാലയവനികക്കുള്ളിൽ മറഞ്ഞു.
2- വ്യക്തിയുടമാവകാശം ദൈവിക പ്രാതിനിധ്യം
ഇസ്‌ലാമിന്റെ വീക്ഷണത്തിൽ സമ്പത്തിന്റെ സമ്പൂർണ ഉടമസ്ഥാവകാശം അല്ലാഹുവിനാണ്. പ്രാതിനിധ്യ ഉടമസ്ഥാവകാശം മാത്രമേ മനുഷ്യന് നൽകപ്പെട്ടിട്ടുള്ളൂ.
3- നിയമവിധേയമായ ഉടമാവകാശത്തെ ഇസ്്ലാം പ്രോത്സാഹിപ്പിക്കുന്നു
ഇസ്‌ലാം വ്യക്തിയുടമാവകാശത്തെ അംഗീകരിക്കുമ്പോൾ തന്നെ സമ്പത്ത് ഉടമപ്പെടുത്താനുള്ള ന്യായമായ വഴികൾ സ്വീകരിക്കാൻ ശക്തമായി പ്രേരിപ്പിക്കുകയും അന്യായമായി വഴികൾ സ്വീകരിക്കുന്നത് ശക്തമായി വിലക്കുകയും ചെയ്യുന്നു. നിയമപരമായ വഴികൾ ഇസ്്ലാം ഇങ്ങനെ പരിചയപ്പെടുത്തുന്നു.
1: ഒരാളുടെ ഉടമസ്ഥതയിൽ പെടാത്ത അനുവദനീയമായ കാര്യങ്ങൾ ഉടമപ്പെടുത്തുന്നത് ഇസ്‌ലാം അനുവദനീയമാക്കി. നിർജീവമായ ഭൂമി കൃഷി യോഗ്യമാക്കുക, നിധികളും ഖനികളും സ്വായത്തമാക്കുക, വേട്ടയാടുകയും വിറക് ശേഖരിക്കുകയും ചെയ്യുക.
2: കച്ചവടം, വാടകക്ക് കൊടുക്കൽ പോലെ പകരം കൊടുത്ത് കൊണ്ടോ പരസ്പര തൃപ്തിയിലൂടെയോ ഉടമപ്പെടുത്തുന്നതും അനുവദനീയമാക്കി.
3: പകരം കൊടുക്കാതെ പരസ്പര തൃപ്തിയിലൂടെയുള്ള ദാനം/വസിയ്യത്ത് തുടങ്ങിയവ. അതുപോലെ അനന്തര സ്വത്ത് ഉടമപ്പെടുത്തുന്നതും അനുവദനീയമാക്കി.
ഇതെല്ലാം ഇസ്്ലാം അനുവദിച്ച മാർഗങ്ങളാണെങ്കിൽ, നിരോധിച്ച മാർഗങ്ങളും കാണാം.
1: അന്യായവും അധാർമികവുമായ രീതിയിലുള്ള സ്വത്ത് സമ്പാദനം, മോഷണം, പൂഴ്ത്തിവെപ്പ്, ചതി തുടങ്ങിയവ മാർഗങ്ങളിലൂടെ സമ്പാദിക്കുന്നവ.
4) കുഴപ്പം സൃഷ്ടിക്കാൻ ഉടമസ്ഥാവകാശത്തെ വിനിയോഗിക്കുന്നത് വിലക്കി
ഭൂമിയിൽ കുഴപ്പം സൃഷ്ടിക്കാനും ജനങ്ങളെ ദ്രോഹിക്കാനും അല്ലാഹുവിന്റെ മാർഗത്തിൽ നിന്ന് ജനങ്ങളെ വഴിതെറ്റിക്കാനും പണം ചെലവഴിക്കുന്നത് ശക്തമായി വിലക്കി. അല്ലാഹു പറയുന്നു: 'സത്യം സ്വീകരിക്കാൻ വിസമ്മതിച്ചവർ ദൈവികമാർഗത്തിൽനിന്ന് തടയുന്നതിന് വേണ്ടി തങ്ങളുടെ ധനം ചെലവാക്കി കൊണ്ടിരിക്കുകയാകുന്നു. ഇനിയും അവർ ചെലവാക്കിക്കൊണ്ടിരിക്കും. ഒടുവിൽ ഈ പ്രവർത്തനങ്ങൾ അവർക്ക് തന്നെ നെടും ഖേദത്തിന് നിമിത്തമാകും. പിന്നീട് അവർ പരാജിതരാവുകയും ചെയ്യും. (അൽ അൻഫാൽ-39)
പ്രവാചകൻ(സ) പറഞ്ഞു: "ഒരു മുസ്്ലിം ഒരു ചെടി നടുകയോ കൃഷി ചെയ്യുകയും അങ്ങനെ അതിൽ നിന്ന് മനുഷ്യരോ മൃഗങ്ങളോ ഭക്ഷിക്കുകയും ചെയ്യുന്നുവെങ്കിൽ അത് അദ്ദേഹത്തിന് ഒരു ദാനമായി രേഖപ്പെടുത്തപ്പെടും" (മുസ് ലിം).
5) പൊതുജനങ്ങൾക്ക് അനിവാര്യമായ കാര്യങ്ങളിൽ ഇസ്്ലാം പൊതു ഉടമാവകാശം അംഗീകരിക്കുന്നു
വെള്ളം, പുല്ല്, തീ, ഉപ്പ്, പോലെ പൊതുജനങ്ങൾക്ക് ആവശ്യമുള്ള കാര്യങ്ങളിൽ ഇസ്്ലാം പൊതു ഉടമാവകാശത്തെ അംഗീകരിച്ചു. പ്രവാചകൻ (സ) പറഞ്ഞു: "മുസ്്ലിംകൾ മൂന്ന് കാര്യങ്ങളിൽ പൊതു പങ്കാളിത്തമുള്ളവരാണ് പുല്ല്, വെള്ളം, തീ" (അബു ദാവൂദ്).
ഒരിക്കൽ ഒരാൾ പ്രവാചകനോട് ചോദിച്ചു അല്ലാഹുവിന്റെ പ്രവാചകരേ: തടയാൻ പാടില്ലാത്ത കാര്യം എന്താണ്? അപ്പോൾ പ്രവാചകൻ പറഞ്ഞു: 'വെള്ളം.' പിന്നെ എന്ത്?' അവിടുന്ന് പറഞ്ഞു: ഉപ്പ്. (അബൂ ദാവൂദ്) ഈ ഹദീസിൽ ഉദ്ദേശിക്കപ്പെട്ട ഉപ്പ് പർവതങ്ങളിലും മരുഭൂമികളിലും കണ്ടുവരുന്നതാണ്. എന്നാൽ പ്രത്യേകം കൈകാര്യം ചെയ്ത് എടുക്കുന്നവ പൊതു ഉടമാവകാശത്തിന്റെ പരിധിയിൽ വരുന്നതല്ല.
ഈ നാല് വസ്തുക്കളെ മാത്രം ഹദീസിൽ പരാമർശിച്ചത് പ്രവാചക കാലഘട്ടത്തിലെ അറബ് സാഹചര്യത്തിൽ സാമൂഹ്യ ജീവിതത്തിൽ ഏറെ അനിവാര്യമായ വസ്തുക്കൾ ഇവയായിരുന്നു എന്ന നിലയിലാണ്.
സാമൂഹ്യ ജീവിതത്തിലെ അനിവാര്യ കാര്യങ്ങൾ കാലവും പരിസ്ഥിതിയും മാറുന്നതിനനുസരിച്ച് വ്യത്യാസപ്പെട്ടുകൊണ്ടിരിക്കും. അതുകൊണ്ടുതന്നെ ഖിയാസിലൂടെ അതേ സ്വഭാവത്തിലുള്ള മറ്റു കാര്യങ്ങളെ അതിനോട് ചേർത്ത് പറയാവുന്നതാണ്. ഇത്തരത്തിൽ ഭൂമിക്കടിയിൽ നിന്ന് ലഭിക്കുന്ന ഖനികളെ പൊതു ഉടമാവസ്ഥതയിൽ ഉൾപ്പെടുത്തുകയും വ്യക്തികൾ അത് കൈവശപ്പെടുത്തുന്നത് തടയുകയും ചെയ്യുന്ന നിയമങ്ങൾ കർമശാസ്ത്ര പണ്ഡിതന്മാർ മുന്നോട്ടുവെക്കുന്നുണ്ട്. മാലികി മദ്ഹബിലെ പ്രബലഭിപ്രായം ഇതാണ്:- കൃഷിയിടം, സ്ഥാവര ജംഗമ സ്വത്തുക്കൾ, പള്ളികൾ, മദ്റസകൾ ഹോസ്പിറ്റലുകൾ ഉടമസ്ഥരില്ലാത്ത ഭൂമി തുടങ്ങിയ സമ്പത്തുക്കളെല്ലാം ഈ വിഭാഗത്തിൽ പെടുന്നതാണ്.
ചുരുക്കത്തിൽ ഇസ്‌ലാം സ്വകാര്യ ഉടമാവകാശത്തെ അംഗീകരിക്കുന്നതോടൊപ്പം അതിന്റെ സംരക്ഷണത്തിന് നിയമം അവതരിപ്പിക്കുകയും നിയമവിരുദ്ധ മാർഗ്ഗങ്ങളിലൂടെയുള്ള ഉടമാവകാശം നിരാകരിക്കുകയും ചെയ്യുന്നു. കാരണം ഭൂമിയിലെ ദൈവത്തിന്റെ പ്രതിനിധിയാണ് മനുഷ്യൻ.
المراجع
1. الملكية في الشريعة الإسلامية– للعبادي 1/60
2. قصة الحضارة لديورانت 2/290
3. قصة الملكية لعلي عبد الواحد واحي 101/105
4. الملكية للعبادي 1/71
5. قصة الحضارة لديورانت 3/158
6. الملكية للعبادي 1/67
7. الجامع لأحكام القرآن للقرطبي 2/238
8. بخاري – كتاب اللقطة
9. الملكية للعبادي 1/76