അന്ദലുസിലെ ഇസ്‌ലാമോഫോബിയയുടെ ചരിത്രം 2/2
മുഹമ്മദ് വാഹ്‌മാന്‍
അന്ദലുസ് അമീര്‍ അബ്ദുര്‍റഹ്‌മാന്‍ രണ്ടാമന്റെ മരണത്തിനു തൊട്ടുമുമ്പായി ക്രൈസ്തവ തീവ്രവിഭാഗങ്ങളോട് അനുഭാവം പുലര്‍ത്തുന്നവര്‍ കൊര്‍ദോവയിലെ വലിയ പള്ളിയിലേക്ക് അതിക്രമിച്ചു കയറി. ഇത് പുരോഹിതന്‍ Eulogio-യുടെ വീര്യം വളര്‍ത്തി.
വലതുപക്ഷ തീവ്രവാദം രാജ്യത്തിന്റെ സമാധാനാന്തരീക്ഷത്തിന് വലിയ അപകടം വരുത്തുമെന്ന് മനസ്സിലാക്കിയ അന്ദലുസിയന്‍ അധികാരികള്‍ സ്‌പെയിനിലെ വലിയ പുരോഹിതന്മാരെ വിളിച്ചുകൂട്ടി വിഷയം ചര്‍ച്ചചെയ്തു. പ്രശ്‌നം പഠിക്കാനും തീവ്രനിലപാടുകാരെ സമൂഹ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍നിന്ന് പിന്തിരിപ്പിക്കാനും ചര്‍ച്ചുകളുടെ സംയുക്തയോഗം വിളിക്കാനും ആവശ്യപ്പെട്ടു. ഇപ്രകാരം വിളിച്ചു ചേര്‍ത്ത സമ്മേളനത്തില്‍ തീവ്രവാദികളുടെ രക്തസാക്ഷിത്വ നിലപാടുകളുടെ അപകടകാരികതയെക്കുറിച്ച് നല്ല ബോധ്യമുണ്ടായിരുന്ന ദക്ഷിണഭാഗത്തെ സെവില്ലയിലെ എപ്പിസ്‌കോപ്പയായ Recadrido, ഉമവി കൊട്ടാരത്തിലെ ഉയര്‍ന്ന രാഷ്ട്രീയ നേതാവായിരുന്ന Gomes Antoniano (മ.ഹി 246/ക്രി. 860) മുതലായവരുണ്ടായിരുന്നു. ഇരുവരും രക്തസാക്ഷിപ്രസ്ഥാനം ക്രൈസ്തവ മൂല്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് കുറ്റപ്പെടുത്തുകയുണ്ടായി.
ഇതേക്കുറിച്ച് ഫ്രഞ്ച് ഓറിയന്റലിസ്റ്റ് de Castries എഴുതുന്നു: 'അമീര്‍ അബ്ദുര്‍റഹ്്മാന്‍ രണ്ടാമന്‍ സിവില്ലയിലെ എപ്പിസ്‌കോപ Recadrido യുടെ നേതൃത്വത്തില്‍ ഹി. 237/ക്രി. 852-ല്‍ മുതിര്‍ന്ന ക്രൈസ്തവ പുരോഹിതന്മാരെ വിളിച്ചുകൂട്ടുകയും Eulogio-ഉം കോര്‍ഡോവക്കാരനായ Alvaro യും നേതൃത്വം നല്‍കുന്ന വിധ്വംസക പ്രവര്‍ത്തനങ്ങളെ അപലപിക്കുകയും ചെയ്തു. പക്ഷെ, ക്രൈസ്തവ പുരോഹിതന്മാര്‍ യേശുവിനെ വഞ്ചിക്കുകയാണെന്ന് മറുപക്ഷം കുറ്റപ്പെടുത്തി.
അബ്ദുര്‍റഹ്മാന്‍ രണ്ടാമന്റെ പിന്‍ഗാമിയായി മകന്‍ അമീര്‍ മുഹമ്മദ് അന്ദലുസില്‍ ഭരണമേറ്റപ്പോള്‍ രക്തസാക്ഷി നേതാവായ Eulogio-യെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടു. ജയിലിലടക്കപ്പെട്ട അദ്ദേഹത്തെ ത്വുലൈത്വില (ടോളിഡോ)യിലെ മെത്രാന്‍ സ്ഥാനം ഏല്‍ക്കുകയാണെന്ന അഭ്യര്‍ഥന പ്രകാരം മോചിപ്പിച്ചു. കൊര്‍ഡോവയില്‍നിന്ന് വിട്ടുപോകാമെന്ന് സമ്മതിച്ചു. പക്ഷെ, ടോളിഡോയിലും അയാള്‍ വിദ്വേഷ പ്രചാരണം തുടര്‍ന്നു.
Eulogio-യെ വീണ്ടും അറസ്റ്റു ചെയ്യാന്‍ അമീര്‍ മുഹമ്മദ് ഉത്തരവിട്ടു. വിചാരണാനന്തരം ഹി. 244 ദുല്‍ഹിജ്ജ 2-ന് /ക്രി. 859 മാര്‍ച്ച് 11-ന് അയാൾ തൂക്കിലേറ്റപ്പെട്ടു.
ഇതോടെ അന്ദലുസിലെ ഇസ് ലാമിക ഭരണത്തെ ശല്യം ചെയ്തിരുന്ന ക്രൈസ്തവ വലതുപക്ഷ തീവ്രവാദത്തിന്റെ ഒരധ്യായം അവസാനിച്ചു. ചരിത്രകാരന്‍ ഡ്യുറന്റ് എഴുതുന്നു:
Eulogio യുടെ മരണാനന്തരം ഏഴുവര്‍ഷങ്ങള്‍ കഴിഞ്ഞ് ഫിത്‌നകള്‍ കെട്ടടങ്ങി. ഹി. 244-372/ക്രി. 859-983 നുമിടയില്‍ ഇത്തരം രണ്ടു സംഭവങ്ങള്‍ മാത്രമെ ഉണ്ടായുള്ളൂ. സ്‌പെയിനിലെ ഇസ് ലാമിക ഭരണത്തിനിടയില്‍ പിന്നീട് മേല്‍ സംഭവങ്ങള്‍ ആവര്‍ത്തിച്ചതായി കാണുന്നില്ല.' യൂറോപ്പില്‍ ഇസ് ലാമോഫോബിയയുടെ ആദ്യ വിത്തുകള്‍ വിതറപ്പെട്ടതും മുളച്ചുപൊന്തിയതും ഹി. മൂന്നാം നൂറ്റാണ്ടിന്റെ /ക്രി. ഒമ്പതാം നൂറ്റാണ്ടിലെ തുടക്കത്തിലായിരുന്നു എന്നാണ് ഇതിലൂടെ നാം കണ്ടത്.
ഇസ്‌ലാമോഫോബിയ അന്ദലുസില്‍നിന്ന് പുറത്തേക്ക്
അന്ദലുസിലെ രക്തസാക്ഷി പ്രസ്ഥാനത്തെക്കുറിച്ച വാര്‍ത്തകള്‍ ക്രൈസ്തവ യൂറോപ്പിന്റെ എല്ലാ ഭാഗങ്ങളിലും പ്രചരിച്ചു. അവരോട് അനുഭാവവും മുസ് ലിംകളോട് വൈരവും വര്‍ധിച്ചു. ഡോ. സുഹൈല്‍ ത്വഖൂസ് 'താരീഖുല്‍ മുസ് ലിമീന്‍ ഫില്‍ അന്ദലുസ്' എന്ന കൃതിയില്‍ ഫ്രഞ്ച് ചരിത്രകാരനായ Levi Provencal നെ ഉദ്ധരിച്ചെഴുതുന്നു: 'രക്തസാക്ഷി പ്രസ്ഥാനത്തിന് പുറം നാടുകളില്‍ ക്രൈസ്തവമാനം കൈവരികയുണ്ടായി.' ഫ്രാന്‍സിലെ Saint Germain മഠത്തിലെ രണ്ട് പുരോഹിതന്മാര്‍ കോര്‍ദോവ സന്ദര്‍ശിക്കുകയും അവിടെ വെച്ച് പ്രസ്ഥാനത്തിന്റെ ആത്മീയ നേതാവുമായി സ്വകാര്യമായി സന്ധിക്കുകയും വിശുദ്ധ രക്തസാക്ഷികളുടെ ഭൗതികാവശിഷ്ടം ഫ്രാന്‍സിലേക്ക് കൊണ്ടുപോവുകയുമുണ്ടായി. യൂറോപ്പിന്റെ ശ്രദ്ധ കൊര്‍ദോവയിലേക്ക് തിരിക്കുകയായിരുന്നു ലക്ഷ്യം. അതോടെ പ്രസ്ഥാനത്തിന് മതപരവും രാഷ്ട്രീയവുമായ മാനം കൈവന്നു. അന്ദലുസിലെ ഇസ് ലാമിക രാഷ്ട്രത്തെ ദുര്‍ബലപ്പെടുത്താനും അതുവഴി തകര്‍ക്കാനും കഴിയുമെന്ന് അവര്‍ കണക്കുകൂട്ടി.
ഹി. 3/ക്രി. 10 നൂറ്റാണ്ടുകളുടെ അന്ത്യത്തോടെ കൊര്‍ദോവന്‍ രക്തസാക്ഷി പ്രസ്ഥാനം പത്തിമടക്കിയതായി വില്‍ഡ്യൂറന്റ് പറയുന്നുണ്ടെങ്കിലും ഓറിയന്റലിസ്റ്റ് Henoric de Castries പറയുന്നത് സമാനമായ പ്രസ്ഥാനങ്ങള്‍ പിന്നീടും ഉണ്ടായിട്ടുണ്ട് എന്നാണ്. മുവഹ്ഹിദീങ്ങളുടെ ഭരണകാലത്ത് അന്ദലുസിലെ രണ്ടാമത്തെ പ്രധാന നഗരമായ സെവില്ലയില്‍ ഇത് ആവര്‍ത്തിക്കുകയുണ്ടായി.
ഹി. 623/ക്രി. 1226-ല്‍ അന്തരിച്ച San Francisco de Assi മുസ് ലിംകള്‍ക്കിടയില്‍ ക്രിസ്തുമതം പ്രചരിപ്പിക്കാന്‍ സൈനിക സഹായം ഉപയോഗപ്പെടുത്താന്‍ ബന്ധപ്പെട്ടവരെ പ്രേരിപ്പിക്കുകയുണ്ടായി. സെവില്ലയിലെ പള്ളിയില്‍ നമസ്‌കരിക്കുകയായിരുന്ന മുസ് ലിംകള്‍ക്കിടയില്‍ ബൈബിള്‍ വിതരണം ചെയ്തും ക്രിസ്തുമതപ്രചാരണം നടത്തിയുമായിരുന്നു ഇതിന് തുടക്കം കുറിച്ചത്. മുസ് ലിംകള്‍ അവരെ പള്ളിയില്‍നിന്ന് ഇറക്കിവിട്ടുവെങ്കിലും അവര്‍ രാജാവിന്റെ കൊട്ടാരത്തിലെത്തി ഖുര്‍ആനെ അധിക്ഷേപിച്ചു. അവരെ ജയിലിലടച്ചുവെങ്കിലും വിദ്വേഷ പ്രചാരണത്തിന് കുറവുണ്ടായില്ല. തല്‍ഫലമായി, അവരെ മുവഹ്ഹിദുകളുടെ തലസ്ഥാനമായ Marrakesh ലേക്ക് നാടുകടത്തി. നേരത്തെ പറഞ്ഞ de Assi ഏതാനും ഫ്രാന്‍സിസ്‌കന്‍ പുരോഹിതന്മാരെ മുസ് ലിംകളെ ക്രൈസ്തവവല്‍ക്കരിക്കാനായി മൊറോക്കോവിലേക്ക് അയച്ചിരുന്നതായി de Castries രേഖപ്പെടുത്തിയിട്ടുണ്ട്.
ഇസ്‌ലാമിന്റെ സഹിഷ്ണുതയും അമുസ് ലിംകളോട് മുസ് ലിംകള്‍ കാഴ്ചവെച്ച നല്ലപെരുമാറ്റവും ഇസ് ലാമിന്റെ വിശുദ്ധ ചിഹ്നങ്ങളെ അവമതിക്കാന്‍ ക്രൈസ്തവ തീവ്രവാദികള്‍ക്ക് പ്രചോദനമായി എന്നതാണ് അത്ഭുതകരം! Henri de Castris എഴുതുന്നു: 'മുസ് ലിംകള്‍ തങ്ങളുടെ പ്രതിയോഗികളോട് കാണിച്ച കവിഞ്ഞ തോതിലുള്ള നന്മകള്‍ പ്രതി വിപ്ലവത്തിന് വഴിവെച്ചു എന്നതാണ് വസ്തുത. ക്രൈസ്തവ തീവ്രവാദികള്‍ ഇത് ഒരവസരമായി മുതലെടുത്ത് ജീവിക്കാനും മതം ആചരിക്കാനും തങ്ങള്‍ക്ക് അവസരമൊരുക്കിയ രാഷ്ട്രത്തിന്റെ കഥകഴിക്കാന്‍ ഇറങ്ങിപ്പുറപ്പെടുകയായിരുന്നു.
പുതിയ ആയുധം
അന്ദലുസ് നവോത്ഥാനത്തിന്റെ ഉച്ചിയിലെത്തുകയും ആഢംബര പ്രമത്തത വ്യാപകമാവുകയും ചെയ്തപ്പോള്‍ ശൈഥില്യത്തിന്റെയും ജാഹിലിയ്യത്തിന്റെയും പിശാച് ഉണര്‍ന്നെണീറ്റു. അന്ദലുസ് ഛിന്നഭിന്നമായി. യഹൂദികളും ക്രൈസ്തവരും സാഹചര്യം മുതലെടുത്തു. ഇസ് ലാമിനെയും മുസ് ലിംകളെയും ആക്രമിക്കാന്‍ അവര്‍ ഇതൊരവസരമാക്കി.
അന്ദലുസില്‍ ലഭിച്ചിരുന്ന അനിയന്ത്രിതമായ വിശ്വാസ സ്വാതന്ത്ര്യം ഇസ് ലാമിനും നബി(സ)യുടെ വ്യക്തിത്വത്തിനുമെതിരെ കെട്ടുകഥകള്‍ മെനയാന്‍ ക്രൈസ്തവ പക്ഷപാതികള്‍ക്ക് അവസരം നല്‍കി. Mahoma എന്ന വിഗ്രഹത്തെ മുസ് ലിംകള്‍ ആദരിക്കുന്നു എന്ന വ്യാജ ആരോപണം ഉദാഹരണം. പതിനൊന്നാം നൂറ്റാണ്ടിന്റെ ഒടുവില്‍ ആയിരക്കണക്കിന് ഈരടികളിലായി വിരചിതമായ The Song of Roland എന്ന കവിതാസമാഹാരം ഇതിന്റെ മികച്ച ഉദാഹരണമാണ്.
ഹി. ഏഴും ഒമ്പതും (ക്രി. 13-15) നൂറ്റാണ്ടുകള്‍ക്കിടയില്‍ സ്‌പെയിനില്‍ ധാരാളം ഇസ് ലാം - പ്രവാചക വിരുദ്ധ രചനകള്‍ പുറത്തിറങ്ങുകയുണ്ടായി. അവയത്രയും വ്യക്തികളുടെ ഭാവനകളും അന്ധവിശ്വാസങ്ങളും ഐതിഹ്യങ്ങളും നിറഞ്ഞവയായിരുന്നു; വസ്തുതകളുമായോ സംഭവങ്ങളുമായോ അവയ്ക്ക് ബന്ധമുണ്ടായിരുന്നില്ല.' Aldomso of Castile (El sabio) (മ.ഹി 683/ക്രി. 1284) ന്റെ 'സ്‌പെയിനിന്റെ ചരിത്രം' എന്ന കൃതി ഈ ഗണത്തില്‍ ശ്രദ്ധേയമാണ്. ഈ ചക്രവര്‍ത്തിയുടെ കാലത്ത് അറബിയില്‍നിന്ന് സാഹിത്യ, ഊര്‍ജതന്ത്ര, ഗോളശാസ്ത്ര കൃതികള്‍ സ്പാനിഷ്, ലാറ്റിന്‍ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്താന്‍ പദ്ധതികളിട്ടു.
പരിഭാഷാ യത്‌നങ്ങളും മതസംവാദങ്ങളും ക്രൈസ്തവ വല്‍ക്കരണവും നടക്കുന്നതിനിടയിൽ തന്നെ ഫലമായി ഖുര്‍ആനും സുന്നത്തും ഉള്‍പ്പെടെ ധാരാളം ഗ്രന്ഥങ്ങള്‍ ലാറ്റിന്‍ Castile ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടു. അവയെക്കുറിച്ച പഠന വിശകലനങ്ങള്‍ പുറത്തുവന്നു. അതുവഴി ഇസ് ലാമിക പാരമ്പര്യം യൂറോപ്പുകാര്‍ക്ക് പരിചിതമായി. മതപരമായ സഹവര്‍ത്തിത്വത്തിന്റെയും സഹിഷ്ണുതയുടെയും സംസ്‌കാരം നിലവില്‍വന്നു.
വ്യത്യസ്തമായ സഞ്ചാരം
എങ്കിലും പയ്യെപയ്യെ അന്ദലുസിലെ ഇസ് ലാമിന്റെ മുന്നേറ്റം മന്ദഗതിയിലായി. അന്ദലുസിലെ വടക്കന്‍ നഗരങ്ങള്‍ പൊതുവിലും വിശിഷ്യാ ഹി. 478/ക്രി. 1086-ല്‍ ഒടുവിലായി നിലംപതിച്ച ത്വുലൈത്വില(ടോളിഡോ)യും ക്രൈസ്തവ അധീനതയിലായി. പാശ്ചാത്യ യൂറോപ്പില്‍ പരിഭാഷ യജ്ഞനത്തിന് മഹത്തായ സ്ഥാനമുണ്ടായിരുന്നു ടോളിഡോക്ക്. പരിഭാഷ കേന്ദ്രത്തിന് തുടക്കമിട്ടത് Ramvon Llull (മ.ഹി 716/ക്രി. 1316) എന്ന ദൈവശാസ്ത്രജ്ഞനാണ്. Catalonia സാഹിത്യത്തില്‍ സ്‌പെഷലൈസ് ചെയ്ത ഫ്രഞ്ച് എഴുത്തുകാരന്‍, അര്‍മോണ്ട ലെനാരിസ് (മ.ഹി 1418/ക്രി. 1997) തന്റെ കൃതിയില്‍ പറയുന്നത്, Ramon Llull അള്‍ജീരിയയിലെ ബജായയില്‍ നടത്തിയ സന്ദര്‍ശനത്തിനിടെ അറബിയില്‍ നടത്തിയ പ്രഭാഷണത്തില്‍ ഇസ് ലാമിക വിശ്വാസത്തെ കടന്നാക്രമിച്ചു കൊണ്ട് സംസാരിക്കുകയുണ്ടായി. ഫ്രാന്‍സില്‍നിന്നും ഇംഗ്ലണ്ടില്‍നിന്നും വിശിഷ്യാ യൂറോപ്പില്‍നിന്ന് പുരോഹിതന്മാര്‍ ധാരമുറിയാതെ വരികയും പോവുകയും ചെയ്തുകൊണ്ടിരുന്നു.
ടോളിഡോ സ്‌കൂളില്‍ ചിന്തകളും പ്രസ്ഥാനങ്ങളും തമ്മില്‍ സംവാദങ്ങള്‍ നടന്നു. ഇസ് ലാമിക പൗരസ്ത്യ ലോകത്തെ കുരിശുയുദ്ധങ്ങള്‍ക്ക് നാന്ദി കുറിച്ചത് ഈ മതാന്തര സംവാദങ്ങളാണ്. അന്ദലുസിനെ മുസ് ലിംകളില്‍നിന്ന് തിരിച്ചു പിടിക്കാനുള്ള ശ്രമങ്ങള്‍ക്ക് തുടക്കമായത് അവിടം മുതല്‍ക്കാണ്. അമ്പുകളെക്കാളും വാളുകളെക്കാളും വാക് - തൂലികകള്‍ക്ക് ശക്തിയുണ്ടെന്ന് ആ കാലയളവില്‍ തെളിയിക്കപ്പെട്ടു.
ചരിത്രകാരനായ Sir Richard William (മ.ഹി 1422/ക്രി. 2001) തന്റെ 'മധ്യകാല നൂറ്റാണ്ടുകളില്‍ യൂറോപ്പിലെ ഇസ് ലാമിന്റെ ചിത്രം' എന്ന കൃതിയില്‍ ഹി. 538/ക്രി. 1143-ല്‍ പരിഭാഷ പൂര്‍ത്തിയായ ഖുര്‍ആന്‍ ലാറ്റിന്‍ തര്‍ജമയുടെ കര്‍ത്താവ് Peter the Venerable (മ.ഹി 551/ക്രി. 1156) ന്റെ പ്രസ്താവനയായി ഇങ്ങനെ ഉദ്ധരിക്കുന്നു: 'ഞങ്ങളുടെ കൂട്ടത്തിലെ അധികമാളുകളെയും പോലെ ഞാന്‍ നിങ്ങളെ -മുസ് ലിംകളെ- ആക്രമിക്കുകയില്ല. പരുഷമായല്ലാതെ ശാന്തവും ബൗദ്ധികവുമായ ശൈലിയില്‍ ഞാന്‍ നിങ്ങളോട് ചില കാര്യങ്ങള്‍ പറയാനുദ്ദേശിക്കുന്നു.'
ഹി. 6/ക്രി. 12 നൂറ്റാണ്ടുകള്‍ അന്ദലുസില്‍ മൃദുവും സൗമ്യവുമായ ക്രൈസ്തവവല്‍ക്കരണത്തിന്റെ ഘട്ടമായിരുന്നു എന്നു കാണാം.
സഹിഷ്ണുത കൈവിടാതെ മുസ് ലിംകള്‍
ഇസ് ലാമിനും നബിക്കുമെതിരെ പുരോഹിതന്മാര്‍ തന്നെ നേതൃത്വം നല്‍കുന്ന ദുഷ്പ്രചാരണങ്ങള്‍ നടന്നിട്ടും അന്ദലുസിലെ ഭൂരിപക്ഷപക്ഷ മുസ് ലിംകളും വിശാലമായ വിട്ടുവീഴ്ചാ നിലപാട് കൈക്കൊണ്ടു. 'വേദക്കാരോട് ഏറ്റവും നല്ല രീതിയിലല്ലാതെ നിങ്ങള്‍ സംവാദം നടത്തരുത്. അവരില്‍നിന്ന് അക്രമം പ്രവര്‍ത്തിച്ചവരോടൊഴികെ' (അന്‍കബൂത്ത് 46) എന്ന സൂക്തത്തിന്റെ ആത്മാവ് ഉള്‍ക്കൊണ്ടായിരുന്നു അവര്‍ പ്രവര്‍ത്തിച്ചിരുന്നത്.
മതപരമായ സംവാദങ്ങള്‍ വര്‍ധിച്ചപ്പോള്‍ അന്ദലുസിലെ അമുസ് ലിംകള്‍ അറബിഭാഷയും സംസ്‌കാരവും ഇസ് ലാമിക വിജ്ഞാനീയങ്ങളും അഭ്യസിക്കാന്‍ മുന്നോട്ടുവന്നു. Angel Gonzalez Palacia തന്റെ 'അന്ദലുസിലെ ചിന്തയുടെ ചരിത്രം' എന്ന കൃതിയില്‍ എഴുതുന്നു: 'മുസ് ലിംകളുടെ ഗ്രന്ഥങ്ങള്‍ വായിക്കാന്‍ വേണ്ടി മാത്രമായിരുന്നില്ല അറബി ഭാഷ അഭ്യസിച്ചിരുന്നത്. ചിലരെങ്കിലും ഇസ് ലാമിനെയും മുസ് ലിംകളെയും നേരിടാന്‍ വേണ്ടിയായിരുന്നു അറബിഭാഷ പഠിച്ചിരുന്നത്.
അന്ദലുസിലെ അമുസ് ലിംകളില്‍ മാത്രമല്ല, വടക്കന്‍ അയല്‍പക്കങ്ങളിലും ഇതിന്റെ അനുരണനങ്ങളുണ്ടായി. ഹി. അഞ്ച്, എട്ട് /ക്രി. പതിനൊന്ന്, പതിനാല് നൂറ്റാണ്ടുകള്‍ക്കിടയില്‍ ധാരാളം യൂറോപ്യന്‍ വിദ്യാര്‍ഥികള്‍ അന്ദലുസിലെയും മൊറോക്കോവിലെയും ഇസ് ലാമിക കേന്ദ്രങ്ങളിലേക്ക് പോവുകയുണ്ടായി. വൈദ്യം, തത്ത്വശാസ്ത്രം, ഗണിതം, ഇതര വിജ്ഞാനീയങ്ങള്‍ മുതലായവ അവര്‍ വേണ്ടുവോളം സ്വായത്തമാക്കി. യൂറോപ്പില്‍ തങ്ങള്‍ അനുഭവിച്ചിട്ടില്ലാത്ത മതസൗഹാര്‍ദവും സഹിഷ്ണുതയും അവര്‍ക്ക് അനുഭവിക്കാനുമായി. അറബി ഭാഷ പഠിക്കാനായി മൊറോക്കോവിലെ വൈജ്ഞാനിക തലസ്ഥാനമായ ഫെസിലെ 'ജാമിഅത്തുല്‍ ഖര്‍വീനി'ല്‍ ചക്രവര്‍ത്തിമാരും പുരോഹിതന്മാരും വരെ പഠന സന്ദര്‍ശനം നടത്തുകയുണ്ടായി.
മേല്‍ വൈജ്ഞാനിക അനുഭവ സമ്പത്തുക്കള്‍ അവര്‍ ഉപയോഗപ്പെടുത്തി. ഹി. 7 ക്രി. 13 നൂറ്റാണ്ടുകളില്‍ നടന്ന തിരിച്ചെടുപ്പ് യുദ്ധങ്ങളുടെ ഫലമായി മുസ് ലിംകള്‍ ന്യൂനപക്ഷമായപ്പോള്‍, സംരക്ഷിത പ്രജകളോട് ഇസ് ലാം സ്വീകരിച്ചിരുന്ന നിലപാടുകള്‍ മാതൃകയാക്കിയാണ് സ്‌പെയിനിലെ ക്രൈസ്തവഭരണകൂടങ്ങള്‍ മുസ് ലിംകളോട് സഹവര്‍ത്തിച്ചിരുന്നത് എന്നു കാണാം. പോര്‍ച്ചുഗല്‍ ചരിത്രകാരനായ അല്‍ബര്‍ട്ടോ അല്‍ഫീസ് തന്റെ 'അല്‍ബുര്‍തുഗാൽ; അസ്വ്്ദാഉമാദിന്‍ അറബി' എന്ന കൃതിയില്‍ രേഖപ്പെടുത്തിയതാണ് ഈ വിവരം.
അന്ദലുസിന്റെ പടിഞ്ഞാറുള്ള പോര്‍ച്ചുഗലിലെ ക്രൈസ്തവ ഭരണാധികാരികളും ഈ മാതൃക സ്വീകരിച്ചു. അന്ദലുസിലെ ഇസ് ലാമിക രാഷ്ട്രത്തിന്റെ തണലില്‍ ന്യൂനപക്ഷങ്ങള്‍ അനുഭവിച്ചിരുന്ന സൗകര്യങ്ങള്‍ പോര്‍ച്ചുഗലിലെ ആദ്യകാല ഭരണാധികാരികള്‍ അനുവദിച്ചിരുന്നു. കത്തോലിക്കര്‍ക്കും പ്രൊട്ടസ്റ്റന്റുകാര്‍ക്കുമിടയിലെ മതപരമായ പ്രശ്‌നങ്ങളില്‍ യൂറോപ്പും ഇതു മാതൃകയായി സ്വീകരിക്കുകയുണ്ടായി.
എന്നാല്‍ മുസ് ലിംകളെ ക്രൈസ്തവവല്‍ക്കരിക്കാനായുള്ള തിരിച്ചെടുപ്പ് യുദ്ധങ്ങളെ തുടര്‍ന്ന് ഹി. 897/ക്രി. 1492-ല്‍ ഗ്രാനഡയുടെ പതനം സംഭവിച്ചതോടെ മതപക്ഷപാതിത്വം തിടംവെച്ചു. മുസ് ലിംകളെ ഉന്മൂലനം ചെയ്യാന്‍ തുടങ്ങി. സ്‌പെയിനിലെയും പോര്‍ച്ചുഗലിലെയും ചക്രവര്‍ത്തിമാരായിരുന്ന ഇസബല്ലയും (മ.ഹി 910/ക്രി. 1504)യും ഭര്‍ത്താവ് Ferdinand Argon രണ്ടാമനും (മ.ഹി 922/ക്രി. 1516) ഗ്രാനഡയുടെ താക്കോലുകള്‍ ഏറ്റുവാങ്ങിയ ഉടമ്പടിയില്‍ മുസ് ലിംകളെ ക്രിസ്തുമതം സ്വീകരിക്കാന്‍ നിര്‍ബന്ധിക്കുകയില്ലെന്ന് വ്യവസ്ഥ ചെയ്തിരുന്നുവെങ്കിലും അത് ലംഘിക്കപ്പെടുകയായിരുന്നു.
സ്പാനിഷ് ചരിത്രകാരനും നരവംശശാസ്ത്രജ്ഞനുമായ Julio Caro Baroja (മ.ഹി 1416/ക്രി. 1995) ക്രി. 1492-നുശേഷം ഗ്രാനഡയിലെ മുസ് ലിംകള്‍' എന്ന കൃതിയില്‍ എഴുതുന്നു: 'Francisco Jimenez de Cisnerso (മ.ഹി 922/ക്രി. 1517) എന്ന മുഖ്യപുരോഹിതന്‍ മുസ് ലിംകളെ വംശോന്മൂലനം നടത്താന്‍ ആഹ്വാനം ചെയ്തു. ക്രിസ്തുമതം സ്വീകരിക്കാത്തവര്‍ ജയിലിലടക്കപ്പെടുകയോ ക്രൂരമായ പീഡനങ്ങള്‍ക്ക് വിധേയമാവുകയോ ചെയ്തു.
പീഡനങ്ങള്‍ സഹിക്കവയ്യാതെ ചില മുസ് ലിംകള്‍ പ്രതിഷേധിച്ചു. ധാരാളം പേര്‍ ഉത്തരാഫ്രിക്കയിലേക്ക് ഹിജ്‌റ പോയി. നെത്വ് വാന്‍, ഫെഡ്, സലെ, റബാത്വ്, തില്‍മിസാന്‍, വഹ്‌റാന്‍, അള്‍ജീരിയ, തുണീഷ്യ, ട്രിപ്പോളി, അലക്‌സാണ്ട്രിയ, ശാമിന്റെ തീരദേശങ്ങള്‍ മുതലായ ഇടങ്ങളില്‍ കുടിയേറിപ്പാര്‍ത്തു. കൂടുതല്‍ മുസ് ലിംകളും ക്രിസ്തുമതം സ്വീകരിച്ച് സ്വദേശത്ത് തന്നെ കഴിയാന്‍ നിര്‍ബന്ധിതരായി. സ്വകാര്യ ആശയ വിനിമയങ്ങള്‍ക്കായി അറബി അക്ഷരങ്ങള്‍ ഉപയോഗിച്ചുള്ള Aljamiado എന്ന നിഗൂഢ ഭാഷ വികസിപ്പിച്ചെടുത്തു.
എട്ടുനൂറ്റാണ്ടുകാലം മാതൃകാപരമായ സഹിഷ്ണുതയോടെ മുസ് ലിംകള്‍ നിലനിറുത്തിപ്പോന്ന സമുദായ സഹവര്‍ത്തിത്വം കഥാവശേഷമായി. അബുല്‍ ഫവാരിസ് അത്തമീമി അല്‍ ബഗ്ദാദി (അല്‍ മുതന്നബ്ബി രണ്ടാമന്‍) (മഹി. 574/ക്രി. 1178) യുടെ താഴെ വരികള്‍ അന്വര്‍ഥമാകും വിധമായിരുന്നു സംഭവങ്ങള്‍:
مَلكْنا فكان العَفْو منَّا سَجيَّةً
فلمَّا ملكْتُمْ سالَ بالدَّمِ أبْطَحُ
وحَلَّلْتُمُ قتلَ الأسارى وطالَما
غَدوْنا عن الأسْرى نَعفُّ ونصفَح
فحسْبُكُمُ هذا التَّفاوتُ بيْنَنا
وكلُّ إِناءٍ بالذي فيهِ يَنْضَحُ
'ഞങ്ങള്‍ ഭരിച്ചപ്പോള്‍ നീതി ഞങ്ങളുടെ പ്രകൃതിയായിരുന്നു. നിങ്ങള്‍ ഭരിച്ചപ്പോള്‍ താഴ് വരയിലൂടെ രക്തം ചാലിട്ടൊഴുകി. നിങ്ങള്‍ ബന്ദികളെ വധിക്കുന്നത് അനുവദനീയമാക്കി. ഞങ്ങളാണെ ദീര്‍ഘകാലം ബന്ദികളോട് വിട്ടുവീഴ്ചാ നയം സ്വീകരിച്ചു. ഇതാണ് നമുക്കിടയിലെ വ്യത്യാസം. ഓരോ പാത്രത്തിലും എന്താണോ നിറയുന്നത്, അതാണ് പുറത്തേക്ക് കവിഞ്ഞ് തൂവുക' (പണ്ടുകാലത്ത് ഒരിടത്ത് മൂന്നു സുഹൃത്തുക്കൾ ജീവിച്ചിരുന്നു. മൂവരും എല്ലാ ദിവസവും രാവിലെ നടക്കാനിറങ്ങും. ഒരിക്കൽ നടക്കവെ, ദൂരെ ഒരാൾ വഴിയോരത്ത് കിണർ കുഴിക്കുന്നത് കണ്ട മൂവരിലെ ഒരാൾ, അയാൾ ആരെയോ കൊന്നു കാണും, മറമാടാൻ കുഴിയെടുക്കുകയാവും എന്നു പറഞ്ഞു. അപ്പോൾ രണ്ടാമൻ പറഞ്ഞു: 'നിങ്ങൾ പറഞ്ഞതിനോട് എനിക്ക് യോജിപ്പില്ല. അയാൾ കൊലയാളിയല്ല, പിശുക്കനായ അയാൾ തന്റെ സത്ത് ആരും കാണാതിരിക്കാൻ മൂടാനായി കുഴിയെടുക്കുകയാണ്. രണ്ടഭിപ്രായങ്ങളും കേട്ട മൂന്നാമൻ പറഞ്ഞു: 'നിങ്ങൾ രണ്ടുപേരും പറഞ്ഞതല്ല കാര്യം, നല്ലവനായ അയാൾ ഇതിലൂടെ കടന്നുപോകുന്ന യാത്രക്കാർക്ക് കുടിവെള്ളം ലഭ്യമാക്കാനായി കിണർ കുഴിക്കുകയാണ്. അതിരാവിലെ തന്നെ കിണർ കുഴിക്കുന്നതാണ് നാം കണ്ടത്'
മൂവരുടെയും സംസാരം കേട്ടിരുന്ന ഒരു വൃദ്ധ ഇടയൻ അവരോടായി പറഞ്ഞു: 'പാത്രത്തിൽ എന്താണോ നിറയുക, അതാണ് പുറത്തേക്ക് തൂവുക' വൃദ്ധന്റെ ഈ പ്രതികരണം പിൽക്കാലത്ത് അറബി ഭാഷയിലെ പഴമൊഴിയായി പ്രചാരത്തിലായി)
സഹിഷ്ണുത സൃഷ്ടിച്ച വിപ്ലവം
ഇസ്‌ലാമും പാശ്ചാത്യലോകവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് സൂക്ഷ്മതലത്തില്‍ പഠനം നടത്തിയ യൂറോപ്യന്‍ ഓറിയന്റലിസ്റ്റുകളെ പോലെ ഹുസൈന്‍ മുഅ്‌നിസ് (മഹി 1417/ക്രി. 1996) 'ഫജ്‌റുല്‍ അന്ദലുസ്', ഡോ. അഹ് മദ് ശലബി (മ.ഹി 1421/ക്രി. 2000) 'മൗസൂഅത്തുത്താരീഖില്‍ ഇസ് ലാമി' എന്നീ കൃതികളില്‍ അന്ദലുസിലെ ഇസ് ലാമിക ഭരണത്തിനു കീഴില്‍ പടര്‍ന്നു പന്തലിച്ച സാഹിഷ്ണുതയാണ് യൂറോപ്പിലാകമാനം പില്‍ക്കാലത്തുണ്ടായ ചിന്താസ്വാതന്ത്ര്യത്തിനും നവോത്ഥാനങ്ങള്‍ക്കും വഴിമരുന്നിട്ടതെന്ന് എടുത്തുപറയുന്നുണ്ട്.
ഹി. 491-690 ക്രി. 1096-1291 കാലത്ത് നടന്ന കുരിശു യുദ്ധങ്ങള്‍ക്കിടയില്‍ ക്രൈസ്തവ ഗ്രൂപ്പുകള്‍ക്കിടയിലെ ഐക്യം സാധിതമായത് ഇസ് ലാമിക കാലഘട്ടത്തില്‍ നിലനിന്നിരുന്ന സഹിഷ്ണുതയുടെ മാതൃക പിന്‍പറ്റിക്കൊണ്ടായിരുന്നു.
ഹി. 11 ക്രി. 17 നൂറ്റാണ്ടുകളുടെ തുടക്കത്തില്‍ അന്ദലുസിലെ ഇസ് ലാമിക സഹിഷ്ണുതയെക്കുറിച്ച് നവോത്ഥാന നായകന്മാരുടെ ഭാഗത്തുനിന്ന് ആദ്യമായി ചര്‍ച്ചകള്‍ നടന്നു. കത്തോലിക്കാ രാജ്ഞി മുസ് ലിംകളെ വിചാരണ ചെയ്യുന്നതും നാടുകടത്തുന്നതും സാമൂഹികാന്തരീക്ഷത്തില്‍ നിറഞ്ഞുനിന്നു. 'ഒന്നുകില്‍ ക്രിസ്തുമതം സ്വീകരിക്കുക, അല്ലെങ്കില്‍ മരിക്കാന്‍ തയാറാവുക'. ഇതായിരുന്നു അന്നത്തെ സ്പാനിഷ് കത്തോലിക്കാരാജ്ഞിയുടെ തിട്ടൂരം.
ഹി. 1178 ക്രി. 1765 ല്‍ Denis Dominique Cardonne (മ.ഹി 1197 ക്രി. 1783) 'അറബികളുടെ ഭരണത്തിനു കീഴിലെ ആഫ്രിക്കയുടെയും സ്‌പെയിനിന്റെയും ചരിത്രം' എന്ന പുസ്തകം പ്രസിദ്ധീകരിച്ചതോടെ യൂറോപ്പിലെ നവോത്ഥാന നായകന്മാര്‍ക്ക് നല്ലൊരു വെളിച്ചമായി.
ഹി. 1203/ക്രി. 1791-ല്‍ ഫ്രഞ്ചു വിപ്ലവത്തിന്റെ പ്രതാപ ഘട്ടത്തില്‍ Jean- Pierr Claris de Florian തന്റെ 'സ്പാനിഷ് മുസ് ലിംകളുടെ ചരിത്രശേഷിപ്പുകള്‍' എന്ന ഗ്രന്ഥം പുറത്തിറക്കിയതോടെ ഇസ് ലാമിക അന്ദലുസില്‍ നിലനിന്നിരുന്ന ഇസ് ലാമിക സഹിഷ്ണുതയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അനാവരണം ചെയ്യപ്പെട്ടു.
താരതമ്യം
Florian തന്റെ കൃതിയില്‍ എഴുതുന്നു: 'ധാരാളം ചരിത്രകാരന്മാര്‍ രക്തദാഹികള്‍ എന്ന് വിശേഷിപ്പിക്കുന്ന മുസ്്ലിംകള്‍, അന്ദലുസിലെ ജനങ്ങള്‍ക്ക് തങ്ങള്‍ക്കിഷ്ടമുള്ള വിശ്വാസങ്ങളും ആരാധനാരീതികളും തുടരാന്‍ സ്വാതന്ത്ര്യം നല്‍കിയവരാണ്.' ഇസ്്ലാമിക ഭരണകാലത്ത് ക്രൈസ്തവര്‍ അനുഭവിച്ച മതസ്വാതന്ത്ര്യവും ഗ്രാനഡയുടെ പതനശേഷം ക്രൈസ്തവര്‍ മുസ് ലിംകളോട് സ്വീകരിച്ച ശത്രുതാ നിലപാടും ഗ്രന്ഥകാരന്‍ വിശകലനം ചെയ്യുന്നുണ്ട്.
ഇസ്‌ലാമിക അന്ദലുസിന്റെ ഈ നാഗരിക സ്വാധീനം അതിന്റെ യൂറോപ്യന്‍ പരിസരങ്ങളില്‍ വലിയ തോതിലായിരുന്നു. വ്യത്യസ്ത ജനവിഭാഗങ്ങളുമായി മതപരമായും വംശീയമായുമുള്ള സമ്പര്‍ക്കത്തിന്റെ നിയമപരമായ മാനങ്ങള്‍ ഇസ് ലാമിക നാഗരികതയിലുണ്ടായിരുന്നു. ഇരുപതാം നൂറ്റാണ്ടിലെ പോര്‍ച്ചുഗീസ് സാഹിത്യത്തിലെ മഹാപ്രതിഭകളിലൊരാളായ Fernando Pessoa (മ.ഹി 1354/ക്രി. 1935) പോര്‍ച്ചുഗീസ് ജനത അറബി-ലാറ്റിന്‍ വംശജരാണെന്ന് ഉറപ്പിച്ചു പറയുന്നു. 'അറബികളും മുസ് ലിംകളുമാണ് നമ്മുടെ ഗുരുനാഥന്മാര്‍' എന്നു കൂടി അദ്ദേഹം എടുത്തു പറയുന്നുണ്ട്. സ്‌പെയിന്‍കാരനായ Amerigo Castro (മ.ഹി 1392/ക്രി. 1972) തന്റെ 'അല്‍വാഖിഉത്താരിഖീ ലി ഇസ്ബാനിയാ' എന്ന കൃതിയില്‍, കത്തോലിക്ക സ്‌പെയിന്‍, അന്ദലുസിന്റെ യഹൂദ- ഇസ് ലാം പൈതൃകങ്ങളെ പൂര്‍ണമായും തള്ളിക്കളഞ്ഞതായും ഇസ് ലാമിക കാലഘട്ടത്തില്‍ ഗതകാല ചരിത്രത്തില്‍ ഇല്ലാത്തവിധം സഹിഷ്ണുതയും സമൃദ്ധിയും കളിയാടിയതായും എടുത്തു പറയുന്നുണ്ട്.
അള്‍ജീരിയ യൂനിവേഴ്‌സിറ്റിയിലെ അധ്യാപകനും ഫ്രഞ്ച് സാമൂഹികശാസ്ത്രജ്ഞനുമായ Jacques Berque (മ.ഹി 1416/ക്രി. 1995) എഴുതിയത് കാണുക: 'പരസ്പരം വിവരക്കേടുകള്‍ കൈമാറുന്നതിനു പകരം വിഷയാധിഷ്ഠിതമായ ചര്‍ച്ചകള്‍ നടക്കണം. പുത്തന്‍ ആത്മാക്കളോടെ അന്ദലുസുകള്‍ ജനിക്കണം. ഒരിക്കലും തകരാത്ത പ്രതീക്ഷകള്‍ നാമ്പെടുക്കണം.'
പോര്‍ച്ചുഗീസ് കവിയും ചരിത്രകാരനുമായ Burgis Coelho എഴുതുന്നു: 'സ്‌പെയിനിലെയും പോര്‍ച്ചുഗലിലെയും ഇസ് ലാമിന്റെ സംഭാവനകള്‍ കണക്കിലെടുക്കാതെയുള്ള പഠനങ്ങള്‍ ഭൂതകാലം മറന്ന് വര്‍ത്തമാന കാലത്തെ വ്യാജവല്‍ക്കരിക്കലാണ്. യൂറോപ്പ് എക്കാലവും ഇസ് ലാമിക ലോകത്തെ പക്ഷപാത-ആധിപത്യ മനസ്സുകളോടെ മാത്രമേ നോക്കിക്കണ്ടിട്ടുള്ളൂ. അതാണ് കുരിശു യുദ്ധങ്ങളിലേക്ക് വഴി തെളിയിച്ചത്; കൂടാതെ സാമ്രാജ്യത മേല്‍ക്കോയ്മ മോഹങ്ങളും'
അജ്ഞതാ നാട്യം, പക്ഷപാതിത്വം
മുസ് ലിം നാടുകളില്‍ വിശിഷ്യ അന്ദലുസില്‍ നിലനിന്നിരുന്ന സാമൂഹിക സഹിഷ്ണുതയും മതപരമായ സഹവര്‍ത്തിത്വവും യൂറോപ്യന്‍ നാഗരികതയില്‍ ചെലുത്തിയ സ്വാധീനത്തെക്കുറിച്ച് ധാരാളം പഠനങ്ങളുണ്ടെങ്കിലും ചില ഓറിയന്റലിസ്റ്റുകള്‍ അത് സമ്മതിക്കാന്‍ കൂട്ടാക്കുന്നില്ല. തന്നെയുമല്ല മധ്യകാല നൂറ്റാണ്ടുകളില്‍ സ്‌പെയിനിനെ മുസ് ലിംകള്‍ പിന്നോട്ടടിപ്പിച്ചു എന്നുപോലും കുറ്റപ്പെടുത്തുന്നു. ഇതെല്ലാമാണ് യൂറോപ്പില്‍ മുഴുവന്‍ ഇസ് ലാഫോബിയക്ക് വിത്തു പാകിയത്.
Juan Goytisolo (മ.ഹി 1438/ക്രി. 2017) 'ഫില്‍ ഇസ്തിശ്‌റാഖിൽ ഇസ്ബാനി' എന്ന കൃതിയില്‍ ചില സ്പാനിഷ് ഓറിയന്റലിസ്റ്റുകള്‍ക്ക് ഇസ് ലാമിനോടുള്ള വിദ്വേഷത്തെക്കുറിച്ച് എഴുതുന്നു: 'നമ്മുടെ കൂടുതല്‍ ഗ്രന്ഥകാരന്മാരും ഇസ്്ലാമിനെക്കുറിച്ച് മുന്‍ വിധിയോടെ നടത്തുന്ന ശത്രുതാപരമായ പ്രസ്താവനകളെക്കുറിച്ച് അത്ഭുതപ്പെടേണ്ടതില്ല.' സ്പാനിഷ് ഗവേഷകനായ Marcelino Menendez Pelayo (മ.ഹി 1330/ക്രി. 1912). അന്ദലുസില്‍ മുസ് ലിംകള്‍ക്കുണ്ടായ പരാജയത്തെപ്പറ്റി എഴുതിയത് ഉദാഹരണം: 'അനിവാര്യമായ ചരിത്രത്തിന്റെ സാക്ഷാല്‍ക്കാരമായിരുന്നു മുസ് ലിം സ്‌പെയിനിന്റെ പതനം. അത് ഇത്രത്തോളം വൈകിപ്പോയതില്‍ ഞാന്‍ ദുഃഖിക്കുന്നു'
ചിലിയന്‍ നോവലിസ്റ്റ് Jose Donoso (മ.ഹി 1417/ക്രി. 1996) യെ ഉദ്ധരിച്ച് Juan Goytisolo എഴുതുന്നു: മുസ് ലിംകളുടെ നാഗരികത പൊള്ളയും കാടത്തവുമായിരുന്നു.' സ്പാനിഷ് ഫിലോസഫര്‍ Jose Ortega Gasset (ഹി. 1355/1955) ഇസ് ലാമിക സംസ്‌കാരം വന്ധ്യവും വരണ്ടതുമാണെന്ന് ആരോപിക്കുകയുണ്ടായി. സ്പാനിഷ് ദേശീയത വളര്‍ത്തിയെടുക്കുന്നതില്‍ അടിസ്ഥാനപരമായി ഇസ് ലാം ഒരു സംഭാവനയും നല്‍കിയിട്ടില്ല എന്ന് അദ്ദേഹം കുറ്റപ്പെടുത്തുന്നുമുണ്ട്.
Francisco Javier Simonet (മ.ഹി 1315/ക്രി. 1897) നെപോലുള്ള സ്പാനിഷ് ഓറിയന്റലിസ്റ്റുകള്‍ മതാത്മക നാഗരികതയെന്ന് പരിഗണിക്കപ്പെടുന്ന ഇസ് ലാമിനെതിരെ ക്രൈസ്തവതയെ മുന്‍നിറുത്തിയാണ് എഴുതുന്നതും പറയുന്നതുമെന്ന് Goytisolo എടുത്തുപറയുന്നുണ്ട്. തന്നെയുമല്ല, എല്ലാതരം പുരോഗതികള്‍ക്കും വിഘാതമാണ് ഇസ് ലാം എന്ന് Simonet കുറ്റപ്പെടുത്തുന്നുമുണ്ട്. മറ്റൊരു സ്പാനിഷ് ഓറിയന്റലിസ്റ്റ് ചരിത്രകാരനായ Claudio sanchez Alboranoz (ഹി. 1405/ക്രി. 1984) സ്പാനിഷ് നാഗരികതയുടെ സൃഷ്ടിപ്പില്‍ അന്ദലുസിലെ ഇസ് ലാമിന്റെ വാഴ്ചക്ക് ഒന്നും സംഭാവന ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്ന് ന്യൂനീകരിച്ച് പറയുന്നുണ്ട്.
സ്‌പെയിനിലെ മുസ് ലിം-യഹൂദ സാന്നിധ്യം സ്‌പെയിനിന്റെ നിലനില്‍പിനു തന്നെ ഭീഷണിയായിരുന്നുവെന്നും, മുസ് ലിംകള്‍ക്കെതിരില്‍ നടന്ന യുദ്ധങ്ങളും അവരെ ക്രിസ്തുമതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള രക്തച്ചൊരിച്ചിലുകളും സാമ്പത്തിക വളര്‍ച്ചക്കുവേണ്ടി ചെലവഴിക്കാമായിരുന്ന ശേഷികളെ ചോര്‍ത്തിക്കളഞ്ഞു. യഹൂദികളാവട്ടെ, ജനങ്ങളുടെ ദാരിദ്ര്യത്തെ മുതലെടുത്ത് തടിച്ചു കൊഴുത്ത പലിശ മുതലാളിമാരായിരുന്നു. ഇംഗ്ലണ്ടു പോലുള്ള യൂറോപ്യന്‍ നാടുകള്‍ ചെയ്തതുപോലെ ഗ്രാനഡയുടെ പതനത്തിനു മുമ്പുതന്നെ അവരെ സ്‌പെയിനില്‍നിന്ന് നാടുകടത്തേണ്ടതായിരുന്നു.
നിഷ്പക്ഷവും നീതിപരവുമായ സാക്ഷ്യങ്ങള്‍
സ്‌പെയിനിലും പടിഞ്ഞാറന്‍ ലോകത്തും ഇസ് ലാമിക അന്ദലുസ് നല്‍കിയ സംഭാവനകളെ തീര്‍ത്തും നിരാകരിക്കുന്ന മുകളിലെ പ്രസ്താവനകള്‍ക്ക് വിരുദ്ധമായി ധാരാളം പാശ്ചാത്യ ഓറിയന്റലിസ്റ്റുകള്‍ ഇസ് ലാമിന്റെ സംഭാവനകളെ നന്ദിപൂര്‍വം അനുസ്മരിക്കുന്നുമുണ്ട്.
ഡച്ച് ഓറിയന്റലിസ്റ്റ് Rein hart Dozy തന്റെ 'മുലൂകുത്ത്വവാഇഫ് വനള്‌റാത്ത് ഫീ താരിഖിൽ ഇസ്‌ലാം' എന്ന കൃതിയില്‍ എഴുതുന്നു:
'ഇസ്‌ലാം കടന്നുചെന്ന എല്ലാ രാജ്യങ്ങളിലും അത് വളരെ വേഗം പ്രചാരം നേടിയിട്ടുണ്ട്. ഇത് ലോകം മുമ്പു കണ്ടിട്ടില്ലാത്ത പ്രതിഭാസമാണ്. വിശകലനം ചെയ്യാനോ കാരണം നിരത്താനോ കഴിയാത്ത വിധം അവിശ്വസനീയമാണ്. ഇസ് ലാം ആരെയും നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം ചെയ്തില്ല എന്ന വസ്തുത വെച്ചു നോക്കുമ്പോള്‍ നമ്മുടെ അമ്പരമ്പ് വര്‍ധിക്കും. യഹൂദരോടും ക്രൈസ്തവരോടും സഹിഷ്ണുതയോടെ വര്‍ത്തിക്കാന്‍ മുഹമ്മദ് അനുയായികളെ ഉപദേശിച്ചു. ജിസ്്യ ഒടുക്കണമെന്ന വ്യവസ്ഥയോടൊപ്പം അവര്‍ക്ക് മതസ്വാതന്ത്ര്യം അനുവദിച്ചു, കവിഞ്ഞ സഹിഷ്ണുതയോടെ സഹവര്‍ത്തിത്വം പുലര്‍ത്തി. അതോടൊപ്പം തങ്ങളല്ലാത്ത വിഭാഗങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരെ കൊട്ടാരങ്ങളില്‍ പോലും നിയമിച്ചു.'
ഫ്രഞ്ച് ഓറിയന്റലിസ്റ്റ് Henori de Castries അന്ദലുസില്‍ പരമാവധി മതസ്വാതന്ത്ര്യം അനുവദിച്ചിരുന്നതായി എടുത്തോതുന്നു. യൂറോപ്പ് ജൂതന്മാരെ പീഡിപ്പിച്ചപ്പോള്‍ അവര്‍ അഭയം തേടിയത് കൊര്‍ദോവയിലായിരുന്നു. അതേസമയം കാര്‍ലോസ് ചക്രവര്‍ത്തി Zaragoza നഗരം കീഴടക്കിയപ്പോള്‍ ജൂതദേവാലയങ്ങളും മുസ് ലിം പള്ളികളും തകര്‍ക്കാന്‍ ഉത്തരവിടുകയായിരുന്നു- കുരിശു യുദ്ധവേളയില്‍ ക്രൈസ്തവര്‍ മുസ് ലിംകളെയും യഹൂദികളെയും വാളിന്നിരയാക്കി. ജൂതന്മാര്‍ക്ക് ഇപ്പോള്‍ എന്തെങ്കിലും മിച്ചമുണ്ടെങ്കില്‍ അതിന് അവര്‍ കടപ്പെട്ടിരിക്കുന്നത് മുസ് ലിംകളോട് മാത്രമാണ്.
അന്ദലുസിലെ ഇസ് ലാമിന്റെ ചരിത്രം പഠിക്കുമ്പോള്‍ നാം എത്തിച്ചേരുന്ന വസ്തുത, മുസ് ലിംകളുടെ കവിഞ്ഞതോതിലുള്ള സഹിഷ്ണുതയാണ്' അവരുടെ ഭരണകൂടത്തിന്റെ തകര്‍ച്ചക്ക് കാരണമായത് എന്നത്രെ.
(അവസാനിച്ചു)
റഫറന്‍സ്
1- Ángel Gonzales Palencia, Historia de la literatura arábigo-española.
2- Henri de Castro, L'Islam : impressions et études.
3- Juan Vernet, lo que Europa debe al Islam de España.
4- Sonia Aguilar Gómez, Memorial de los santos de Córdoba de san Eulogio de Córdoba.
5- Pierre Guichard, La España musulmana:Al-Andalús omeya (siglos VIII-XI).
6- Memoralis Sanctorum, Liber primus, edición de Córdoba.
7- Reinhart Dozy, Historia de los musulmanes de España.
8- Lévi-Provençal, La civilisation arabe en Espagne.
9- Llinarès, Dominique, Le sejour de Armond Lulle a Bougie. Et, Dominique Urvoy, Ramon Llule et L'islam.
10- Fernando de la Granja Santamaría, Estudios de la Historia de Al-Ándalus.
11- Julio Goytisolo Gay, Crónicas sarracinas.
12- Francisco Javier Simonet , Historia de los mozárabes españoles.
13- Julio Caro Baroja Los Musulmanes de Granada.
14- Sánchez-Albornoz Claudio, España: Un enigma histórico.
15- Américo Castro, La realidad histórica de España.
16- Adalberto, Alves, Portugal, um eco de um passado arabe.
17- Cardonne, Denis Dominique, Histoire de l'Afrique et de l'Espagne sous la domination des Arabe.
18- Jean-Pierre Claris de Florian, Précis historique sur les Maures d'Espagne.