കൃത്രിമത്വം വെടിയുക സ്വാഭാവിക ജീവിതം നയിക്കുക
സലീല
നാം എല്ലാവരും സന്തോഷകരമായ ജീവിതം ആഗ്രഹിക്കുന്നവരാണ്. അത് സാധ്യമാകണമെങ്കില്‍ ചില ഘടകങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കണം. അതില്‍ പ്രധാനമാണ് യാഥാര്‍ഥ്യബോധം. തനിക്ക് എന്തെല്ലാം കഴിയും, കഴിയില്ല, പരിമിതികളുണ്ടോ, ഉണ്ടെങ്കില്‍ എന്തെല്ലാം, അവ മറികടക്കാന്‍ എന്തു ചെയ്യണം മുതലായവ സംബന്ധിച്ച് കൃത്യമായ ധാരണ ഉണ്ടാവണം.
ശാരീരിക ശേഷി ഇല്ലാത്തവര്‍ തങ്ങള്‍ക്ക് കഴിയാത്ത കാര്യങ്ങളില്‍നിന്ന് മാറിനില്‍ക്കുന്നതും ചില രോഗികളെ തനിക്ക് ചികിത്സിക്കാന്‍ കഴിയില്ലെന്ന് ബോധ്യമുള്ള ഡോക്ടര്‍ മറ്റു ഡോക്ടര്‍മാരെ നിര്‍ദേശിക്കുന്നതുമെല്ലാം മേല്‍ യാഥാര്‍ഥ്യബോധത്തിന്റെ അടിസ്ഥാനത്തിലാണ്.
എന്നാല്‍ ചിലയാളുകള്‍ ഈ യാഥാര്‍ഥ്യബോധമില്ലാതെ, തങ്ങള്‍ക്കില്ലാത്ത യോഗ്യതകള്‍ എടുത്തണിയുകയും മുന്‍പിന്‍ ചിന്തയില്ലാതെ ഭാരങ്ങള്‍ തലയില്‍ കയറ്റുകയും ചെയ്യും. ഇവിടെ ഇസ് ലാം ഉപദേശിക്കുന്നത് ജീവിതത്തെ കൃത്രിമത്വമില്ലാതെ അനുഭവിക്കുകയും സ്വാഭാവികതയോടെ മുന്നോട്ട് കൊണ്ടുപോവുകയും ചെയ്യണമെന്നാണ്. അല്ലാഹു നബി(സ)യോട് പറയുന്നത് കാണുക:
قُلْ مَا أَسْأَلُكُمْ عَلَيْهِ مِنْ أَجْرٍ وَمَا أَنَا مِنَ الْمُتَكَلِّفِينَ
(നബിയേ) താങ്കള്‍ പ്രഖ്യാപിക്കുക. ഇതിന്റെ പേരില്‍ ഞാന്‍ നിങ്ങളോട് പ്രതിഫലം ചോദിക്കുന്നില്ല. ഞാന്‍ കൃത്രിമത്വം ചമയ്്ക്കുന്നവരില്‍ പെട്ടവനുമല്ല' (സ്വാദ് 86). ജീവിതത്തിന്റെ ഒരു മേഖലയിലും കൃത്രിമത്വം തന്റെ രീതിയല്ല, സ്വാഭാവികതയാണ് തന്റെ മുഖമുദ്ര എന്നു സാരം.
അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ) പറയുന്നു:
يا أيها الناس، من عَلِم شيئا فَلْيَقُلْ به، ومن لم يَعْلَم، فَلْيَقُلْ: الله أعلم، فإن من العلم أن يقول لما لا يَعْلَم: الله أعلم. قال الله تعالى لنبيه صلى الله عليه وسلم :قل ما أسألكم عليه من أجر وما أنا من المتكلفين
'ജനങ്ങളേ, അറിയുന്നതേ പറയാവൂ. അറിയാത്തവര്‍, അല്ലാഹുവാണ് ഏറ്റവും നന്നായി അറിയുന്നവന്‍ എന്നു പറയട്ടെ. 'തനിക്ക് അറിയാത്തതിനെപ്പറ്റി അല്ലാഹുവാണ് ഏറ്റവും നന്നായി അറിയുന്നവന്‍ എന്നു പറയുന്നത് വിജ്ഞാനത്തിന്റെ ഭാഗമാണ്' അല്ലാഹു നബി(സ)യോട് 'ഞാന്‍ കൃത്രിമത്വമുള്ളവനല്ലെന്ന് പ്രഖ്യാപിക്കാന്‍ പറഞ്ഞതാണല്ലോ' (ബുഖാരി).
ജീവിതത്തിന്റെ വിവിധ തുറകളില്‍ വിശിഷ്യ സാമ്പത്തിക മേഖലയില്‍ കൃത്രിമവും അസ്വാഭാവികവും അതിനാല്‍ തന്നെ അച്ചടക്ക രഹിതവുമായ ജീവിതം നയിക്കുന്നവരെ നമുക്കു ചുറ്റും കാണാം. ഈ ഇനത്തില്‍പെട്ട മൂന്നുപേരെ കുറിച്ച് നബി(സ) പറയുന്നത് കാണുക:
ثلاثةٌ لا يُكلمهم الله يوم القيامة، ولا يُزَكِّيهم، ولا يَنظُر إليهم، ولهم عذابٌ أليم: شَيخٌ زَانٍ، ومَلِكٌ كذَّاب، وعَائِل مُسْتكبر
'അന്ത്യനാളില്‍ അല്ലാഹു മൂന്നുപേരോട് സംസാരിക്കുകയോ അവരെ വിശുദ്ധരാക്കുകയോ അവരെ കടാക്ഷിക്കുകയോ ഇല്ല. വ്യഭിചാരിയായ വൃദ്ധന്‍, കള്ളം പറയുന്ന രാജാവ്, അഹങ്കാരിയായ ദരിദ്രന്‍' (മുസ് ലിം).
വൃദ്ധനായ വ്യഭിചാരി
മനുഷ്യരിലെ സഹജവും പ്രകൃതിപരവുമായ വികാരമാണ് ലൈംഗികത. യൗവനത്തില്‍ ശക്തിപ്രാപിക്കുന്ന അത് വാര്‍ധക്യത്തിലെത്തുന്നതോടെ ക്ഷയിച്ചു തുടങ്ങുകയും മക്കളും പേരമക്കളുമൊക്കെ ആകുന്നതോടെ നിയന്ത്രിതവും പക്വവുമായൊരു നിലപാട് ലൈംഗികതയുടെ നേരെ സാധാരണയായി മനുഷ്യര്‍ സ്വീകരിച്ചു തുടങ്ങുകയും ചെയ്യും. എന്നാല്‍ ചിലയാളുകള്‍ മാത്രം പ്രായവും അവസ്ഥയും കുടുംബ സാഹചര്യങ്ങളുമെല്ലാം മറന്ന് താന്തോന്നിയായി തുടര്‍ ജീവിതം നയിക്കുന്നത് കാണാം. മറ്റൊരു നബിവചനത്തില്‍ ഇത്തരക്കാരെ أشيمط زان (നരച്ച വ്യഭിചാരി) എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ലൈംഗിക പ്രചോദനം കുറവായിട്ടുംആയുസ്സറുതിയിലെത്തിയിട്ടും വ്യഭിചാരത്തിന് ഒരുമ്പെട്ടു കളയുന്നു എന്നതാണ് അയാളുടെ കുറ്റം. അത്തരക്കാര്‍ അല്ലാഹുവിന്റെ കടാക്ഷത്തിന് അര്‍ഹരാകാതിരിക്കാന്‍ കാരണം അവരുടെ യാഥാര്‍ഥ്യബോധമില്ലായ്മയും കൃത്രിമമായ യൗവനാഭിമുഖ്യവും ലൈംഗികമായ അച്ചടക്കരാഹിത്യവുമാണ്.
ഏതു പ്രായക്കാര്‍ക്കും വ്യഭിചാരം നിഷിദ്ധമാണെങ്കിലും ചെയ്യുന്ന ആളുകളുടെ തരം നോക്കി പാപത്തിന്റെ തീവ്രത കൂടുകയും കുറയുകയും ചെയ്യും. സല്‍ക്കാര്യങ്ങള്‍ക്ക് പ്രതിഫലം ലഭിക്കുന്നതും വ്യത്യസ്ത നിലവാരത്തിലാണ്. രണ്ടുപേര്‍ നല്‍കുന്ന സ്വദഖകള്‍ക്ക് ലഭിക്കുന്ന പ്രതിഫലങ്ങള്‍ തമ്മില്‍ ആകാശവും ഭൂമിയും തമ്മലുള്ള വ്യത്യാസമുണ്ടാകാം. അല്ലാഹുവെ ഭയക്കുന്ന ഒരാളില്‍നിന്നുണ്ടാകുന്ന പാപവും എല്ലാം നിസ്സാരമായി മാത്രം കാണുന്നയാളില്‍നിന്നുണ്ടാകുന്ന പാപവും തമ്മില്‍ അന്തരമുണ്ട്. ലൈംഗിക ശേഷി ക്ഷയിക്കുകയും ബുദ്ധിയും അറിവും അനുഭവവും പൂര്‍ണതയിലെത്തുകയും ചെയ്തശേഷം എല്ലാം അവധാനതയോടെ സമീപിക്കേണ്ട അയാള്‍ തനിക്ക് ദ്രോഹം മാത്രം വരുത്തുന്ന കാര്യങ്ങളില്‍ ജാഗ്രത പാലിക്കേണ്ടതുണ്ട് എന്നുസാരം.
നബി(സ) പറയുന്നു:
أعذرَ اللهُ إلى امرئ أخَّر أجلَه حتى بلغَ ستِّين سنةً
'ഒരാൾക്ക് അറുപത് വയസ്സുവരെ ആയുസ്സ് നീട്ടിനല്‍കിയിട്ടുണ്ടെങ്കില്‍ അല്ലാഹു അയാള്‍ക്ക് ഒഴികഴിവു നല്‍കുകയില്ല' (ബുഖാരി).
أَوَلَمْ نُعَمِّرْكُم مَّا يَتَذَكَّرُ فِيهِ مَن تَذَكَّرَ وَجَاءَكُمُ النَّذِيرُۖ
'ആലോചിക്കുന്നവന് ആലോചിക്കാന്‍ മാത്രം നിങ്ങള്‍ക്ക് നാം ആയുസ്സ് തന്നില്ലേ? താക്കീതുകാരന്‍ നിങ്ങളുടെ അടുത്ത് വരികയും ചെയ്തു' (ഫാത്വിര്‍ 37). താക്കീതുകാരൻ എന്നതിന്റെ വിവക്ഷ നരയാണെന്ന് വ്യാഖ്യാനമുണ്ട്.
കള്ളം പറയുന്ന രാജാവ്
മനുഷ്യര്‍ സാധാരണ കളവുപറയുക ദുര്‍ബലാവസ്ഥയിലാണ്. അന്യരെ സത്യവുമായി അഭിമുഖീകരിക്കാന്‍ ശേഷി ഇല്ലാതാകുമ്പോഴാണ് കളവു പറഞ്ഞ് രക്ഷപ്പെടാന്‍ ആളുകള്‍ ശ്രമിക്കുക. എന്നാല്‍ ഒരു രാജാവിനെ സംബന്ധിച്ചേടത്തോളം സാധാരണക്കാരുടെ ദുര്‍ബലാവസ്ഥയില്ല. രാജാവ് കളവുപറയുക എന്നതിനര്‍ഥം അത് അയാളുടെ പ്രവണതയാണ് എന്നത്രെ. മക്കളോട് കളവുപറയുന്ന മാതാപിതാക്കളുടെ കളവും മിക്കപ്പോഴും ഇതേവിധം ഗുരുതരമായ തെറ്റായി മാറുന്നു. കളവു പറയേണ്ടുന്ന നിര്‍ബന്ധിതാവസ്ഥ ഉണ്ടെങ്കിലേ ഇളവുണ്ടാകുകയുള്ളൂ. അനിവാര്യത ഇല്ലാതെ കളവുപറയുന്നത് കൃത്രിമത്വമാണ്.
അഹങ്കാരിയായ ദരിദ്രന്‍
സാധാരണ ഗതിയില്‍ സാമ്പത്തിക ശേഷിയുള്ളവരില്‍ കാണുന്ന ദുഷ്പ്രവണതയാണ് അഹങ്കാരം.
كَلَّا إِنَّ الْإِنسَانَ لَيَطْغَىٰ . أَن رَّآهُ اسْتَغْنَىٰ
'വേണ്ട, തീര്‍ച്ചയായും മനുഷ്യന്‍ പരിധിവിടുന്നു, തന്നെ സ്വയം പര്യാപ്തനായി കണ്ടതിനാല്‍' (അലഖ് 6,7) എന്ന സൂക്തം ഐശ്വര്യമാണ് അഹങ്കാരത്തിന്റെ കാരണമെന്ന് സൂചിപ്പിക്കുന്നു. എന്നാല്‍ ജീവിക്കാന്‍ തന്നെ പ്രയാസപ്പെടുന്ന ഒരു ദരിദ്രന്‍ അഹങ്കാരിയാകുന്നുണ്ടെങ്കില്‍ അയാളുടെ അകം ചീത്തയാണെന്ന് തീര്‍ച്ച. ജനങ്ങള്‍ക്ക് മുന്നില്‍ യോഗ്യനായി ചമയാനുള്ള അയാളുടെ മാനസികമായ തൃഷ്ണയുടെ ബഹിര്‍ പ്രകാശനമാണ് അയാളില്‍നിന്ന് പുറത്തേക്ക് വരുന്ന അഹങ്കാരഭാവം. കാല്‍കാശിനു ഗതിയില്ലെങ്കിലും ഇത്തരം നാട്യങ്ങളുമായി നടക്കുന്ന ചിലരെ നമുക്ക് കാണാം. അന്യരില്‍നിന്ന് പങ്കാളിത്ത ബിസിനസിനായി സ്വരൂപിച്ച പണം ഉദാരമതിയെന്ന പേരു ലഭിക്കാനായി മുന്‍പിന്‍ ചിന്തയില്ലാതെ ചെലവഴിച്ച് കുത്തുപാളയെടുക്കുന്ന ചില സംഭവങ്ങള്‍ നാം കേള്‍ക്കാറുള്ളതാണല്ലോ. തങ്ങള്‍ എന്താണ് ചെയ്യുന്നതെന്ന് അവര്‍ക്ക് നിശ്ചയമില്ലാത്തതിനാല്‍ അത് അവര്‍ക്ക് തന്നെ എതിരായ അക്രമമായി പരിണമിക്കുന്നു.
إِنَّهُ كَانَ ظَلُومًا جَهُولًا
'തീര്‍ച്ചയായും -മനുഷ്യന്‍- വലിയ അക്രമിയും വിവരദോഷിയുമാണ്' (അഹ്‌സാബ് 72).
തകല്ലുഫ് (ബുദ്ധിമുട്ടോടെ
ശീലമാക്കുക) ആശാസ്യവും
അനാശാസ്യവും
അസാധ്യമായത് വിഷമിച്ചും സാധ്യമാക്കുക എന്ന അര്‍ഥത്തില്‍ കൃത്രിമത്വം രണ്ടു തരമുണ്ട്; ആശാസ്യവും അനാശാസ്യവും
ആശാസ്യം
وهو ما يتحراه الإنسان ليتوصل به إلى أن يصير الفعل الذي يتعاطاه سهلا عليه ويصير كلفا به ومحبا له، وبهذا النظر يستعمل التكليف في تكلف العبادات
'താന്‍ ചെയ്തുകൊണ്ടിരിക്കുന്ന പ്രവൃത്തിയിലൂടെ നന്മയിലേക്ക് എത്താനും ആ പ്രവൃത്തി തനിക്ക് സുഗമവും ലളിതവും പ്രിയങ്കരവുമാകാനും വേണ്ടി ഒരാള്‍ ശ്രദ്ധയോടെ പരിപാലിച്ചു പോരുന്നതാണ് ആശാസ്യമായ തകല്ലുഫ് (ബുദ്ധിമുട്ടോടെ ശീലമാക്കല്‍). ഇബാദത്തുകള്‍ അല്ലാഹു നിര്‍ബന്ധമാക്കുന്നതും (തക്‌ലീഫ്) വിശ്വാസികള്‍ (മുകല്ലഫുകള്‍) അവ നിര്‍ബന്ധമെന്നോണം ശീലിക്കുന്നതും വഴക്കിയെടുക്കുന്നതും ഇതിന്റെ ഭാഗമായാണ്. ക്രമേണ സ്വേഷ്ടപ്രകാരം അവര്‍ അവ സ്വാഭാവികമെന്നോണം നിര്‍വഹിച്ചുകൊണ്ടിരിക്കുന്നു.
അനാശാസ്യകരമായ കൃത്രിമത്വമാണ് രണ്ടാമത്തെ ഇനം.
ആളുകളെ കാണിക്കാനും നാട്യഭാവത്തിലും നിലനിര്‍ത്തിപ്പോരുന്ന കൃത്രിമഭാവമാണ് ഇത്. 'ഞാന്‍ കൃത്രിമത്വമുള്ളവരില്‍ പെട്ടവനല്ല' (സ്വാദ് 86) എന്ന് നബി(സ) പ്രഖ്യാപിച്ചത് ഈ ഇനത്തെ ഉദ്ദേശിച്ചാണ്.
നബി(സ) പറഞ്ഞതും സ്വഹാബികള്‍ മാതൃകയാക്കിയതും
അവിടുന്ന് ഒരിക്കല്‍ പറഞ്ഞു:
أنا وأتقياء أمتي برآء من التكلف
'ഞാനും എന്റെ സമുദായത്തിലെ ഭക്തരും കൃത്രിമത്വത്തില്‍നിന്ന് മുക്തരാണ്' (അല്‍ മസാഇലുൽ മന്‍സൂറ ലിന്നവവി)
ഇബ്‌നു മസ്ഊദ്(റ) നബി(സ)യുടെ സ്വഹാബികളെ വിശേഷിപ്പിച്ചുകൊണ്ടു പറഞ്ഞത് وأقلّها تكلّفا
'കൃത്രിമത്വം ഏറ്റവും കുറഞ്ഞവര്‍' എന്നത്രെ.
ഇബ്‌നുല്‍ ജൗസി പറയുന്നു:
'പണ്ഡിതന്‍ സദുദ്ദേശിയാണെങ്കില്‍ അയാള്‍ക്ക് കൃത്രിമത്വത്തില്‍നിന്ന് രക്ഷപ്പെടാന്‍ കഴിയും. പക്ഷെ മിക്ക പണ്ഡിതന്മാരും 'തങ്ങള്‍ക്കറിയില്ല' എന്നു പറയാന്‍ മടിച്ച്, അറിയാത്ത വിഷയങ്ങളില്‍ ഫത് വ നല്‍കി ജനങ്ങളുടെ മുമ്പാകെ വിജ്ഞരായി നടിക്കുന്നവരാണ്.'
لَا يَسْتَأْذِنُكَ الَّذِينَ يُؤْمِنُونَ بِاللَّهِ وَالْيَوْمِ الْآخِرِ أَن يُجَاهِدُوا بِأَمْوَالِهِمْ وَأَنفُسِهِمْۗ وَاللَّهُ عَلِيمٌ بِالْمُتَّقِينَ
'അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നവര്‍ തങ്ങളുടെ സമ്പത്തുക്കള്‍കൊണ്ടും ശരീരങ്ങള്‍ കൊണ്ടും സമരം ചെയ്യുന്നതിന് താങ്കളോട് സമ്മതം ചോദിക്കുകയില്ല. അല്ലാഹു ഭക്തരെക്കുറിച്ച് നന്നായി അറിയുന്നവനാണ്' (തൗബ 44) എന്ന സൂക്തം വിശദീകരിച്ചുകൊണ്ട് ശൈഖ് ആലൂസി എഴുതുന്നു.
'ഒരാള്‍ തന്റെ സുഹൃത്തിനോട്, ഞാന്‍ നിനക്ക് ഉപകാരം ചെയ്യട്ടെ എന്ന് ചോദിക്കുന്നതും, ആതിഥേയന്‍ അഥിതിയോട് ഭക്ഷണം തരട്ടെ എന്നു ചോദിക്കുന്നതും കൃത്രിമത്വത്തിന്റെ ലക്ഷണങ്ങളാണ്'- അതിഥി അറിയാതെയാവണം സല്‍ക്കാര വിഭവങ്ങള്‍ ഒരുക്കുന്നത്. തന്റെ വീട്ടിലെത്തിയ അതിഥികളെ സല്‍ക്കരിക്കാനായി ഇബ്‌റാഹീം നബി ഈ രീതിയാണ് സ്വീകരിച്ചത്.
فَرَاغَ إِلَىٰ أَهْلِهِ فَجَاءَ بِعِجْلٍ سَمِينٍ
'അനന്തരം അദ്ദേഹം (ഇബ്‌റാഹീം നബി) തന്റെ ഭാര്യയുടെ അടുത്തേക്ക് ചെന്നു. എന്നിട്ട് ഒരു തടിച്ച കാളക്കുട്ടിയെ (വേവിച്ചു) കൊണ്ടുവന്നു' (ദാരിയാത്ത് 26).
ഒരിക്കല്‍ സല്‍മാനുല്‍ ഫാരിസിയുടെ ആതിഥേയത്വം സ്വീകരിച്ച ശഖീഖ് എന്നയാൾ പറയുന്നു: 'സല്‍മാന്‍ ഞങ്ങള്‍ക്ക് റൊട്ടിയും ഉപ്പും സല്‍ക്കരിച്ചുകൊണ്ട് പറഞ്ഞു: കൃത്രിമത്വം (സാമ്പത്തികമോ മറ്റോ ആയ കാരണത്താല്‍ ഉണ്ടാക്കാന്‍ പറ്റാത്ത വിഭവങ്ങള്‍ പ്രയാസപ്പെട്ട് തയാറാക്കുക) പാടില്ലെന്ന് നബി(സ) വിലക്കിയിരുന്നില്ലെങ്കില്‍ ഞാന്‍ നിങ്ങളെ സല്‍ക്കരിക്കാനായി ബുദ്ധിമുട്ടിയേനെ!' അതിനിടെ എന്റെ സുഹൃത്ത് ഉപ്പോടൊപ്പം കുറച്ച് സഅ്തർ (സുഗന്ധിയായ തുളസി വർഗ സസ്യം) കിട്ടിയിരുന്നെങ്കില്‍ നന്നായിരുന്നു എന്നു പറഞ്ഞു. സല്‍മാന്‍ തന്റെ വുദു എടുക്കാനുള്ള പാത്രം കടക്കാരന്റെ അടുത്തേക്ക് കൊടുത്തയച്ച് സുഗന്ധിയായ തുളസി വര്‍ഗ സസ്യം വാങ്ങിക്കൊണ്ട് വന്ന് ഉപ്പിലിട്ട് ഭക്ഷണം കൊണ്ടുവെച്ചു. സൽക്കാരം കഴിഞ്ഞപ്പോള്‍ ഞങ്ങളുടെ സുഹൃത്ത്, 'ഞങ്ങള്‍ക്ക് തന്ന ഭക്ഷണത്തിലൂടെ ഞങ്ങളെ തൃപ്തിപ്പെടുത്തിയ അല്ലാഹുവെ നിനക്ക് സര്‍വ സ്തുതിയും' എന്നു പറഞ്ഞു. അപ്പോള്‍ സല്‍മാന്‍ പറഞ്ഞു: 'താങ്കള്‍ക്ക് കിട്ടിയ ഭക്ഷണത്തില്‍ താങ്കള്‍ തൃപ്തിനായിരുന്നുവെങ്കില്‍ വുദു ചെയ്യാനുള്ള എന്റെ പാത്രം കടക്കാരന്റെ വശം പണയത്തിലാകുമായിരുന്നില്ല' (ത്വബരി).
നബി(സ) പറയുന്നു:
إن أعظم المسلمين في المسلمين جرما من سأل عن شيء لم يحرم على المسلمين فحرم عليهم من أجل مسألته
'മുസ് ലിംകളില്‍ ഏറ്റവും വലിയ തെറ്റു ചെയ്യുന്നവര്‍, ഹറാമല്ലാത്ത ഒരു കാര്യത്തെപ്പറ്റി ചോദിക്കുകയും ചോദിച്ചത് കാരണം അത് ഹറാമാകാനിടയാക്കുകയും ചെയ്തയാളാണ്' (ഇബ്‌നു ഹിബ്ബാന്‍)
അതിഥികളെ സല്‍ക്കരിക്കാനായി സാമ്പത്തിക ബാധ്യത ഏല്‍ക്കുക വഴി അതിഥികളെ വെറുക്കേണ്ടി വരുന്ന സാഹചര്യമുണ്ടാകുമെന്ന് നബി(സ) ഉപദേശിക്കുകയുണ്ടായി.
لا تكلفوا للضيف فتبغضوه
'നിങ്ങള്‍ അതിഥിക്കുവേണ്ടി കൃത്രിമമായി ബുദ്ധിമുട്ടരുത്. അങ്ങനെയായാല്‍ നിങ്ങൾ അദ്ദേഹത്തെ ദ്വേഷിക്കേണ്ടിവരാം' (അഹ് മദ്, ഇബ്‌നുമാജ, ഇബ്‌നു ഹിബ്ബാന്‍) കടം വാങ്ങി കല്യാണം നടത്തുകയും കല്യാണം കഴിഞ്ഞ് കടക്കാര്‍ അന്വേഷിച്ച് വരുമ്പോള്‍ പ്രയാസപ്പെടുകയും ചെയ്യുന്ന അനുഭവങ്ങള്‍ അസ്വാഭാവികവും കൃത്രിമവുമായ സല്‍ക്കാരത്തിന്റെ ബാക്കി പത്രമാണല്ലോ.
കൃത്രിമത്വമുള്ളവരുടെ മൂന്നു ലക്ഷണങ്ങള്‍ നബി(സ) വശദീകരിച്ചത് കാണുക:
للمتكلف ثلاث علامات: ينازع من فوقه، ويقول ما لا يعلم، ويتعاطى ما لا ينال
'കൃത്രിമത്വം ചമയുന്നവന് മൂന്ന് അടയാളങ്ങളുണ്ട്. അയാള്‍ തന്റെ മീതെയുള്ളവരോട് തര്‍ക്കത്തിലേര്‍പ്പെടും. നേടാന്‍ കഴിഞ്ഞിട്ടില്ലാത്തത് വെച്ച് കാര്യങ്ങള്‍ കൈകാര്യം ചെയ്യും, അറിയാത്തത് പറയും' (തഫ്‌സീറുല്‍ ഖുര്‍ത്വുബി)
സ്വഹാബികളില്‍നിന്ന് ഇത്തരം കൃത്രിമ ഭാവങ്ങളും പെരുമാറ്റങ്ങളും ഉണ്ടാകുന്നത് നബി(സ) നിരുത്സാഹപ്പെടുത്തിയിരുന്നു. അബ്ദുല്ലാഹിബ്‌നു ഉമര്‍(റ) ഉദ്ധരിക്കുന്നു:
خرجَ رسولُ اللَّهِ صلَّى اللَّهُ علَيهِ وسلَّمَ في بَعضِ أسفارِهِ فسار ليلا فمرّوا على رجل جالس عند مقراة له. فقال له عمر: يا صاحب المقراة، أو لغت السّباع الّليلة في مقراتك فقال النّبي ص : يا صاحب المقراة لا تخبره هذا متكلّف- لها ما حملت في بطونها ولنا ما بقي شراب وطهور
'നബി(സ) യും ഏതാനും സ്വഹാബികളും ഒരിക്കല്‍ രാത്രി യാത്രയായി. വെള്ളം ശേഖരിച്ചു വെച്ച ഒരാളുടെ അടുത്തുകൂടി അവര്‍ കടന്നുപോകാനിടയായി. അപ്പോള്‍ ഉമര്‍(റ) അയാളോട് ചോദിച്ചു: 'വെള്ളം ശേഖരിച്ചയാളേ! രാത്രി ഹിംസ്ര മൃഗങ്ങള്‍ ഇതില്‍നിന്ന് വെള്ളം കുടിച്ചിട്ടുണ്ടോ? ഇതുകേട്ട നബി(സ) പറഞ്ഞു: വെള്ളത്തിന്റെ ഉടമസ്ഥാ, നിങ്ങള്‍ അതേപറ്റി ഇദ്ദേഹത്തോട് പറയേണ്ട, ഇദ്ദേഹം കൃത്രിമമായ ചോദ്യമാണ് ഉന്നയിക്കുന്നത്. അവയുടെ വയറ്റില്‍ അവ വഹിച്ചത് -കുടിച്ചത്- അവക്കുണ്ട്, അത് കഴിച്ചു ബാക്കിയുള്ളത് നമുക്ക് കുടിക്കാനും ശുദ്ധി ചെയ്യാനുമുള്ളതാണ്.' (ദാറുഖുത്‌നി). ശുദ്ധജലം ആവശ്യത്തിന് ലഭ്യമല്ലാത്ത മരുഭൂമിയിൽ പാടുപെട്ട് ലഭ്യമാക്കുന്ന വെള്ളം മൃഗങ്ങൾ കുടിച്ചതോ അല്ലയോ എന്ന് സംശയമുന്നയിക്കുന്നത് കൃത്രിമാന്വേഷണമാണെന്ന് സാരം.
ജീവിതം നയിക്കുന്നതിനായി അല്ലാഹു നല്‍കിയ വിഭവങ്ങളെ മിതമായി ഉപയോഗിച്ചും കൂടുതല്‍ ആവശ്യങ്ങള്‍ക്കായി കൂടുതല്‍ അധ്വാനിച്ചും അതോടൊപ്പം അല്ലാഹുവോട് പ്രാര്‍ഥിച്ചും മുന്നോട്ടു പോവുകയാണ് യാഥാര്‍ഥ്യബോധമുള്ള സത്യവിശ്വാസികള്‍ ചെയ്യേണ്ടത്; അല്ലാതെ കൃത്രിമമാര്‍ഗങ്ങളിലൂടെ അനാവശ്യമായ ഭാരങ്ങള്‍ തലയിലേറ്റുകയോ വ്യാജമുഖം മൂടിയുമായി ജീവിതകാലം തള്ളിനീക്കുകയോ അല്ല.
ജാബിറുബ്‌നു അബ്ദില്ല (റ) പറയുന്നു: 'ഞങ്ങള്‍ ഒരു യാത്രയിലായിരുന്നു. കൂട്ടത്തിലൊരാള്‍ക്ക് തലയില്‍ മുറിവേറ്റു ശേഷം അയാള്‍ക്ക് സ്വപ്‌ന സ്ഖലനമുണ്ടായി. അദ്ദേഹം താൻ തയമ്മും ചെയ്താല്‍ മതിയോ? എന്ന് കൂട്ടുകാരോട് ചോദിച്ചു. പോരെന്ന് അവര്‍ അഭിപ്രായപ്പെട്ടു. അതുപ്രകാരം അയാള്‍ കുളിച്ചു, തുടര്‍ന്ന് അയാള്‍ മരിച്ചു. വിവരമറിഞ്ഞ നബി(സ) പറഞ്ഞത് ഇങ്ങനെയായിരുന്നു:
قَتَلوه قَتَلَهمُ اللهُ، ألَا سألوا إذْ لم يَعلَموا؛ فإنَّما شِفاءُ العِيِّ السُّؤالُ، إنَّما كان يَكفيه أنْ يَتيَمَّمَ ويَعصِرَ أو يَعصِبَ على جُرحِه خِرقةً، ثم يَمسَحَ عليها ويَغسِلَ سائِرَ جَسَدِه
'അവര്‍ അയാളെ കൊന്നു, അല്ലാഹു അവരെയും വധിക്കട്ടെ! (കനത്ത താക്കീത് നല്‍കുക എന്നതുമാത്രമാണ് 'വധിക്കട്ടെ' എന്നതിന്റെ ഉദ്ദേശ്യം) അവര്‍ക്ക് അറിയില്ലെങ്കില്‍ അവര്‍ക്ക് ചോദിച്ചു മനസ്സിലാക്കാമായിരുന്നില്ലെ! അറിവില്ലായ്മക്ക് ശമനം ലഭിക്കുക ചോദിച്ചു മനസ്സിലാക്കുമ്പോഴാണ്. അയാള്‍ തയമ്മും ചെയ്താല്‍ മതിയായിരുന്നു. മുറിവില്‍ തുണിത്തുണ്ടം വെച്ചു കെട്ടി അതിന്മേല്‍ തടവുകയും ബാക്കി ഭാഗം കഴുകുകയും ചെയ്താല്‍ മതിയായിരുന്നു (അബൂദാവൂദ്).
പാണ്ഡിത്യമില്ലാതെ പണ്ഡിതനെന്ന് ഭാവിക്കുന്നവരും, നേതൃശേഷിയില്ലാതെ നേതാവായി ചമയുന്നവരും, സമാധാനത്തിന്നെതിരില്‍ പ്രവര്‍ത്തിക്കുന്നവര്‍ സമാധാന കാംക്ഷികളായി കൊട്ടിഘോഷിക്കപ്പെടുന്നതും, നവോത്ഥാന വിരുദ്ധര്‍ നവോത്ഥാന വാദികളായി വിശേഷിപ്പിക്കപ്പെടുന്നതും സ്ഥാപനങ്ങള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും എതിരായി പ്രവര്‍ത്തിച്ചവര്‍ അവയുടെ ഉത്തമ വിശ്വസ്തരായി വിശേഷിപ്പിക്കപ്പെടുന്നതും നാം കാണുന്നു. ഇത്തരമൊരു ലോകത്ത് യഥാര്‍ഥ സത്യവിശ്വാസികള്‍ കൃത്രിമത്വത്തിനും കാപട്യത്തിനും അതീതരായി ജീവിക്കേണ്ടവരാണ്. ഏതര്‍ഥത്തിലും സ്വാഭാവികമായ ജീവിതം മാത്രമേ നമുക്ക് ആത്യന്തികമായി ഗുണകരമായി ഭവിക്കുകയുള്ളൂ, ഈ ലോകത്തും പരലോകത്തും.