സ്ത്രീ പുരുഷന്റെയും പുരുഷന്‍ സ്ത്രീയുടെയും പ്രകൃതിയറിഞ്ഞ് പെരുമാറണം
ഒരു സംഘം ലേഖകര്‍
സ്ത്രീകളുടെ ബൗദ്ധിക നിലവാരത്തെയും മതപരമായ സ്ഥാനത്തെയും കുറിച്ച് സമൂഹത്തില്‍ മോശമായ പ്രതിഛായ സൃഷ്ടിക്കുന്നതില്‍ വ്യാജവും ദുര്‍ബലവുമായ ഹദീസുകള്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ അത്തരം ഹദീസുകളെക്കുറിച്ച വിശകലനം സംഗതവും പ്രധാനവുമാണ്.
ചില വ്യാജ ഹദീസുകള്‍
لا تنزلوهنّ الغرف ولا تعلموهنّ الكتابة
'നിങ്ങള്‍ സ്ത്രീകളെ റൂമുകളില്‍ താമസിപ്പിക്കുകയോ അവര്‍ക്ക് എഴുത്ത് വിദ്യ പഠിപ്പിക്കുകയോ അരുത്.' 1
طاعة المرأة ندامة
'സ്ത്രീയെ അനുസരിച്ചാല്‍ ഖേദിക്കേണ്ടി വരും'2
لولا النّساء لعبد الله حقّا حقّا
'സ്ത്രീകള്‍ ഇല്ലായിരുന്നുവെങ്കില്‍ അല്ലാഹു യഥാര്‍ഹം ഇബാദത്ത് ചെയ്യപ്പെടുമായിരുന്നു'3
شاورهنّ وخالفوهنّ
'നിങ്ങള്‍ സ്ത്രീകളോട് കൂടിയാലോചിക്കുകയും അവരുടെ അഭിപ്രായങ്ങള്‍ക്ക് വിരുദ്ധമായ പ്രവര്‍ത്തിക്കുകയും ചെയ്യുക'4
هلكت الرّجال حين أطاعت النّساء
'സ്ത്രീകളെ അനുസരിച്ചതോടെ പുരുഷന്മാര്‍ നശിച്ചു'5
أعدى عدوّك زوجتك
'നിന്റെ ഏറ്റവും കടുത്ത ശത്രു നിന്റെ ഭാര്യയാണ്'6
خالفوا النّساء فإنّ في خلافهنّ بركة
'നിങ്ങള്‍ സ്ത്രീകളോട് വിയോജിക്കുക. അവരോടുള്ള വിയോജിപ്പ് ബര്‍കത്താണ്'7
പുരുഷന്‍ സ്ത്രീയുടെയും സ്ത്രീ പുരുഷന്റെയും പ്രകൃതിയറിഞ്ഞ് പെരുമാറുക
സ്ത്രീകളുമായി ബന്ധപ്പെട്ട് നബി(സ)യില്‍നിന്ന് ഉദ്ധരിക്കപ്പെടുന്ന ഹദീസുകളുടെ യഥാര്‍ഥ ആശയങ്ങള്‍ വിശദീകരിക്കപ്പെട്ടു കഴിഞ്ഞതാണ്. നാട്ടുനടപ്പുകളുടെയും പാരമ്പര്യ ശീലങ്ങളുടെയും ഭാഗമായി മൂടുറച്ചു പോയ പലധാരണകളില്‍നിന്നും സ്ത്രീകള്‍ വിമോചിതരായിരിക്കുന്നു.
സ്ത്രീകളുടെ വിമോചനവും സ്വാതന്ത്ര്യവും ദശാബ്ദങ്ങളായി ലോകസമൂഹങ്ങളില്‍ ചര്‍ച്ചാ വിഷയമാണ്. മുസ് ലിം പണ്ഡിതന്മാരും ചിന്തകന്മാരും പാശ്ചാത്യ ബുദ്ധിജീവികളും ഈ മേഖലയില്‍ സജീവമായി ഇടപെടുന്നുണ്ട്. മോചനവും സ്വാതന്ത്ര്യവും ഏതുതരത്തിലാവണം എന്നതിലാണ് രണ്ടുപക്ഷവും തമ്മിലുള്ള വ്യത്യാസം. പുരുഷനും സ്ത്രീയും ഒരുപോലെ സമന്മാരാണെന്ന് പാശ്ചാത്യര്‍ വാദിക്കുന്നു. ഇസ്്ലാമാകട്ടെ, സ്ത്രീയും പുരുഷനും തുല്യരല്ല, പ്രത്യുത പരസ്പര സഹവര്‍ത്തിത്വത്തിലൂടെ പൂര്‍ണത കണ്ടെത്തുന്ന ഒന്നിന്റെ രണ്ടു പാതികളാണ് എന്ന് പഠിപ്പിക്കുന്നു. സ്ത്രീയായിക്കൊണ്ടു തന്നെ സ്ത്രീയും പുരുഷനായിക്കൊണ്ടുതന്നെ പുരുഷനും തങ്ങളുടെ സ്വത്വവും സ്വാതന്ത്ര്യവും കണ്ടെത്തണം. ഈ പ്രകൃതിപരമായ വ്യത്യസ്തതയാണ് ഇരുവിഭാഗത്തിന്റെയും നിലനില്‍പും സ്വീകാര്യതയും ആകര്‍ഷണവും ആഗ്രഹവും സന്തോഷവും ഉറപ്പുവരുത്തുക.
ഈ വ്യതിരിക്തമായ സവിശേഷതയെക്കുറിച്ചാണ് ഖുര്‍ആന്‍ ഇങ്ങനെ പറയുന്നത്:
وَلَهُنَّ مِثْلُ الَّذِي عَلَيْهِنَّ بِالْمَعْرُوفِۚ وَلِلرِّجَالِ عَلَيْهِنَّ دَرَجَةٌۗ وَاللَّهُ عَزِيزٌ حَكِيمٌ
'സ്ത്രീകള്‍ക്ക് ബാധ്യതകൾ ഉള്ളതുപോലെ ന്യായമായ അവകാശങ്ങളുമുണ്ട്. എന്നാല്‍, പുരുഷന്മാര്‍ക്ക് അവരേക്കാള്‍ ഒരു പദവി കൂടുതലുണ്ട്. അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു' (അൽബഖറ 228).
وَلَيْسَ الذَّكَرُ كَالْأُنثَىٰۖ
'പുരുഷന്‍ സ്ത്രീയെ പോലെയല്ല' (ആലുഇംറാന്‍ 36).
അമേരിക്കയില്‍ ഏതാനും മനഃശാസ്ത്ര വിദഗ്ധര്‍ ഇരുപത് വര്‍ഷക്കാലം നടത്തിയ ഗവേഷണ ഫലം 'അല്‍അഹ്‌റാം' പത്രം പ്രസിദ്ധീകരിക്കുകയുണ്ടായി. പേശിബലം, പരുഷത, ധൈര്യം, സ്ത്രീകളെ സഹായിക്കാനും പിന്തുണക്കാനും സംരക്ഷിക്കാനും അവര്‍ക്കെതിരെ ഉണ്ടാകാവുന്ന ആക്രമണങ്ങളെ പ്രതിരോധിക്കാനുമുള്ള ശേഷി, ആര്‍ജവം, സ്‌നേഹം, അനുകമ്പ മുതലായ ഗുണങ്ങള്‍ പുരുഷന്റെയും വൈകാരികത, മൃദുത്വം, മസൃണത, ത്യാഗം, ക്ഷമ, കുടുംബബന്ധങ്ങള്‍ ചേര്‍ത്തു നിര്‍ത്താനുള്ള താല്‍പര്യം, സന്താനപരിപാലനം മുതലായവ സ്ത്രീയുടെയും സവിശേഷ ഗുണങ്ങളാണെന്നാണ് പഠനത്തിന്റെ ഫലം.
ഇതും ഇതുപോലുള്ളതുമായ പഠനങ്ങള്‍ വ്യക്തമാക്കിത്തരുന്നത്, പുരുഷന്മാര്‍ക്ക് സ്ത്രീകളുടെയും സ്ത്രീകള്‍ക്ക് പുരുഷന്മാരുടെയും പ്രകൃതികളെക്കുറിച്ച് ശരിയായ ധാരണ ഉണ്ടാവണം എന്നാണ്. ഏതു വ്യക്തിയുമായും അയാളുടെ സവിശേഷത മനസ്സിലാക്കിവേണം ബന്ധപ്പെടാന്‍ എന്നു പറയുന്നതുപോലെ തന്നെയാണ് പൗരുഷവും സ്‌ത്രൈണതയും മനസ്സിലാക്കി പെരുമാറുക എന്നതും.8
'ദീനും ബുദ്ധിയും കുറഞ്ഞവര്‍' എന്ന നബിവചനം നിരുപാധികം എടുത്ത് കൈകാര്യം ചെയ്യേണ്ടതല്ല.
إنما النساء شقائق الرّجال 'സ്ത്രീകള്‍ പുരുഷന്മാരുടെ കൂടെപ്പിറപ്പുകള്‍ മാത്രമാണ്'9 എന്ന നബിവചനത്തോട് ചേര്‍ത്തുവെച്ച് വേണം ഇതു മനസ്സിലാക്കാന്‍. 'നിങ്ങള്‍ നമസ്‌കാരത്തോടടുക്കരുത്', 'നമസ്‌കരിക്കുന്നവര്‍ക്ക് നാശം' എന്നിങ്ങനെ സൂക്തങ്ങല്‍ കഷ്ണിച്ച് പാരായണം ചെയ്യുന്നത് തെറ്റാണെന്നത് പോലെ, മേല്‍ നബിവചനത്തെ പൂരകവും സമാനവുമായ മറ്റ് ഹദീസുകളുമായി ചേര്‍ത്ത് വായിക്കാതിരിക്കുന്നത് തെറ്റാണ്. നബി(സ) ഉദ്ദേശിക്കാത്തത് അദ്ദേഹത്തിന്റെ പേരില്‍ ആരോപിക്കാവതല്ല.
പരസ്പരം തൃപ്തിപ്പെടുത്താന്‍ മത്സരിക്കുന്നവരാകണം ദമ്പതികള്‍
ഇസ് ലാം സ്ത്രീകളെ നിന്ദിക്കുന്നു എന്നതിന് ഉദാഹരണമായി എടുത്തുപറയാറുള്ള മറ്റൊരു നബിവചനമാണ് താഴെ:
لو أمرت أحدًا أن يسجد لأحد لأمرت المرأة أن تسجد لزوجها
'ഞാന്‍ ആരോടെങ്കിലും മറ്റൊരാള്‍ക്ക് സുജൂദ് ചെയ്യാന്‍ കല്‍പിക്കുമായിരുന്നുവെങ്കില്‍ തന്റെ ഭര്‍ത്താവിന് സുജൂദ് ചെയ്യാന്‍ അയാളുടെ ഭാര്യയോട് കല്‍പിക്കുമായിരുന്നു'10 ഇതിലൂടെ ഭര്‍ത്താക്കന്മാരോടുള്ള ബാധ്യതകളെക്കുറിച്ച് നബി(സ) ഭാര്യമാരെ ബോധവല്‍ക്കരിക്കുകയായിരുന്നു. ഇതിനുസമാനമായി നബി(സ) ഭര്‍ത്താക്കന്മാരെ ബോധവല്‍ക്കരിക്കുന്ന സന്ദര്‍ഭങ്ങളും കാണാം. ഈ രണ്ടുതരം ബോധവല്‍ക്കരണങ്ങളും കണ്ടു കഴിഞ്ഞാല്‍ നബിവചനങ്ങള്‍ പ്രകാരം ഭര്‍ത്താവ് ഭാര്യക്കു വേണ്ടിയോ, ഭാര്യ ഭര്‍ത്താവിനു വേണ്ടിയോ കൂടുതല്‍ ഭാരം പേറേണ്ടത് എന്ന ചോദ്യമുയരും. കാരണം ഭര്‍ത്താക്കന്മാരുടെയും ഭാര്യമാരുടെയും ഉത്തരവാദിത്വങ്ങള്‍ സംബന്ധിച്ച നബിവചനങ്ങല്‍ ഇരുവരിലും ഒരുപോലെ ബാധ്യതകള്‍ ചുമത്തുന്നുണ്ടെന്നാണ് മനസ്സിലാവുക.
ഭര്‍ത്താവിനോടുള്ള കടമകളെ പറ്റി ഭാര്യയുടെയും ഭാര്യയോടുള്ള ബാധ്യതകളെ പറ്റി ഭര്‍ത്താവിന്റെയും കാതുകളില്‍ പറയുന്ന നബി(സ) എന്തായിരിക്കണം അതിലൂടെ ഉദ്ദേശിച്ചത്? ഭാര്യമാരെ ഭര്‍ത്താക്കന്മാരെയും ഭര്‍ത്താക്കന്മാരെ ഭാര്യമാരെയും മുന്‍നിറുത്തി ഉപദേശിച്ചത് എന്തുകൊണ്ടായിരിക്കും? ഭര്‍ത്താക്കന്മാരുമായി നല്ല നിലയില്‍ സഹവര്‍ത്തിക്കാന്‍ ഭാര്യമാരെ ഉപദേശിച്ച നബി(സ) ഭാര്യമാരോട് നല്ല നിലയില്‍ പെരുമാറാന്‍ ഭര്‍ത്താക്കന്മാരെ ഉപദേശിച്ചിട്ടുണ്ടോ? ഇത്യാദി ചോദ്യങ്ങള്‍ സ്വാഭാവികമാണ്.
ഭാര്യമാരെ ഏറ്റവും നല്ല രീതിയിലും ഉത്തരവാദിത്വ പൂര്‍ണമായും പരിപാലിച്ചിരിക്കണമെന്ന് ധാരാളം നബി വചനങ്ങളില്‍ കാണാം.
خيركم خيركم لأهله وأنا خيركم لأهلي
'നിങ്ങളില്‍ ഏറ്റവും ഉത്തമന്‍ തന്റെ കുടുംബത്തോട് ഏറ്റവും നല്ല നിലയില്‍ പെരുമാറുന്നവനാണ്. ഞാന്‍ നിങ്ങളില്‍ തന്റെ കുടുംബത്തോട് ഏറ്റവും ഉത്തമമായി പെരുമാറുന്നവനാണ്.11
اكمل المؤمنين ايمانا أحسنهم أخلاقا وخياركم لنسائهم
'സത്യവിശ്വാസികളില്‍ സത്യവിശ്വാസത്താല്‍ ഏറ്റവും പൂര്‍ണരായവര്‍ അവരിലെ ഏറ്റവും നല്ല സല്‍സ്വഭാവികളും തങ്ങളുടെ ഭാര്യമാരോട് ഉത്തമമായി പെരുമാറുന്നവരുമാണ്.'12
اتقوا الله فى النساء فإنكم اخذتموهنّ بأمان الله واستحللتم فروجهنّ بكلمة الله ولكم عليهنّ الّا يوطئن فرشكم أحدًا تكرهونه
'നിങ്ങള്‍ സ്ത്രീകളുടെ കാര്യത്തില്‍ അല്ലാഹുവെ ഭയപ്പെടണം. നിങ്ങള്‍ അവരെ സ്വീകരിച്ചിരിക്കുന്നത് അല്ലാഹുവിന്റെ അഭയത്താലും, നിങ്ങള്‍ അവരുടെ ഗുഹ്യാവയവങ്ങളെ അനുഭവിക്കുന്നത് അല്ലാഹുവിന്റെ വചനത്തിലുമാണ്. നിങ്ങള്‍ ഇഷ്ടപ്പെടാത്ത ഒരാളെയും നിങ്ങളുടെ വിരിപ്പുകളില്‍ ചവിട്ടിപ്പിക്കാതിരിക്കുക എന്നത് നിങ്ങള്‍ക്കുവേണ്ടി അവരുടെ ബാധ്യതയാണ്.'13
ഭര്‍ത്താക്കന്മാരുടെ ഭാഗത്തുനിന്ന് ഭാര്യമാര്‍ക്ക് ലഭിക്കേണ്ടുന്ന കരുതലിന്റെയും പരിരക്ഷയുടെയും ചില ഉദാഹരണങ്ങളാണ് മേല്‍ നബിവചനങ്ങള്‍. അവയത്രയും നബി(സ)യുടേതാണെന്ന് മനസ്സിലാക്കുന്ന ഭാര്യാഭര്‍ത്താക്കന്മാര്‍ പരസ്പരം അവ മാതൃകാപരമായി അനുസരിച്ചിരിക്കും. ഭര്‍ത്താവിനെ സന്തോഷിപ്പിക്കാന്‍ ലഭിക്കുന്ന ഏതവസരവും സേവനവും ഭാര്യ ഉപയോഗപ്പെടുത്തും. ഗാര്‍ഹികവും ഗാര്‍ഹികേതരവുമായ എല്ലാ കാര്യങ്ങളിലും ഭാര്യയെ സന്തോഷിപ്പിക്കാനും സ്‌നേഹ മസൃണമായി പെരുമാറാനും ഭര്‍ത്താവ് അവസരം പാര്‍ത്തിരിക്കും. ഇത്, രണ്ടുപേരും തമ്മില്‍ സന്തോഷം പകരാനുള്ള മത്സരമായി മാറും. എത്ര ചേതോഹരമായിരിക്കും ഈ ദാമ്പത്യം!
ഇത്തരം ദമ്പതികളില്‍ ചെറുതായി തുടങ്ങുന്ന സ്‌നേഹം ക്രമേണ വലുതായി വികസിച്ച് ദാമ്പത്യ ജീവിതത്തില്‍ ശാദ്വലഛായ പരത്തുന്ന മരമായി വളരും. ജീവിതകാലമത്രയും മധുവിധുമയമായിരിക്കും.
നബി(സ)യുടെ ഉപദേശ നിര്‍ദേശങ്ങള്‍ കണക്കിലെടുക്കാതെയുള്ള ദാമ്പത്യ ബന്ധങ്ങള്‍ ക്രമേണ ചെറുതാവുകയും അതിന്റെ ഊഷ്മളത നഷ്ടപ്പെടുകയും ആചാരപരമായി മാറുകയും ചെയ്യും.
പാശ്ചാത്യ ലോകത്തെയും ഇസ് ലാമിക ഗാര്‍ഹിക സാഹചര്യത്തിലെയും ദാമ്പത്യ ബന്ധങ്ങള്‍ തമ്മിലെ വ്യത്യാസങ്ങല്‍ പരിശോധിച്ചാല്‍ ഇത് മനസ്സിലാകും. പാശ്ചാത്യ ലോകത്ത് ഭര്‍ത്താവിന്റെ ലൈംഗിക താല്‍പര്യവും തനിക്ക് സംരക്ഷണവും പരിരക്ഷയും ലഭിക്കാന്‍ ഭര്‍ത്താവ് വേണം എന്ന ഭാര്യയുടെ താല്‍പര്യവുമാണ് ദാമ്പത്യത്തിന്നാധാരം. അതായത് ഭര്‍ത്താവ് ഭാര്യയെയും ഭാര്യഭര്‍ത്താവിനെയും തങ്ങളുടെ താല്‍പര്യങ്ങള്‍ക്കുവേണ്ടി ചൂഷണം ചെയ്യുന്നു. രണ്ടുപേര്‍ക്കും പരസ്പരം ചൂഷണം ചെയ്യാനുള്ള ശേഷി നഷ്ടപ്പെട്ടു തുടങ്ങുന്നതോടെ അഭിപ്രായ വ്യത്യാസങ്ങള്‍ ഉടലെടുക്കുന്നു. ബന്ധം ശിഥിലമാവുന്നു. പുരുഷന്‍ വിവാഹം കഴിക്കാന്‍ ഒന്നിലധികം കാരണങ്ങളുണ്ട്' എന്ന കൃതിയില്‍ ജര്‍മന്‍ ഡോക്ടറും എഴുത്തുകാരിയും മനഃശാസ്ത്രജ്ഞയുമായ Esther Margareta Viral നിരീക്ഷിക്കുന്നു.
എന്നാല്‍ ഇസ് ലാമിക താല്‍പര്യമനുസരിച്ച് ജീവിക്കുന്ന ദമ്പതികള്‍ അല്ലാഹുവിന്റെ തൃപ്തി ലാക്കാക്കി ഇണയുടെ താല്‍പര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്നു. ഇരുവരും അപരനുവേണ്ടി ത്യാഗം ചെയ്യുന്നതോടെ ദാമ്പത്യച്ചരട് പൊട്ടാതിരിക്കുന്നു.14
ഭര്‍ത്താവിനു മുമ്പില്‍ ഭാര്യയുടെ സുജൂദ്
എല്ലാ സുജൂദുകളും ആരാധനാപരമല്ല. കീഴൊതുക്കം വിധേയത്വം, ആദരവ്, ഉപകാരസ്മരണ മുതലായവയാണ് മുകളിലെ ഹദീസിലെ സുജൂദിന്റെ വിവക്ഷ. മലക്കുകള്‍ ആദമിനും സഹോദരന്മാര്‍ യൂസുഫിനും മുമ്പാകെ ചെയ്തത് ഈ അര്‍ഥത്തിലുള്ള സുജൂദാണ്, അല്ലാതെ ആരാധനാപരമായിരുന്നില്ല. നല്ലവനായ മകന്‍ മാതാപിതാക്കളുടെയും ശിഷ്യന്മാര്‍ ഗുരുനാഥന്മാരുടെയും കൈകള്‍ ചുംബിക്കുന്നത് ഈ അര്‍ഥത്തിലാണ്. 'അല്ലാഹു അല്ലാത്ത ആര്‍ക്കെങ്കിലും സുജൂദ് ചെയ്യാന്‍ ഞാന്‍ കല്‍പിക്കുമായിരുന്നുവെങ്കില്‍ എന്നതിലെ 'എങ്കില്‍' (لَوْ) എന്ന പദം മനുഷ്യര്‍ മറ്റു മനുഷ്യര്‍ക്ക് സുജൂദ് ചെയ്തുകൂടാ എന്നാണ് സൂചിപ്പിക്കുന്നത്. അതേ സമയം അത് ഭര്‍ത്താവിനോടുള്ള ഭാര്യയുടെ കടപ്പാടിനെ ഊന്നി സ്ഥാപിക്കുകയും െചയ്യുന്നു.
ഇസ് ലാമിക ചരിത്രത്തില്‍ ഒരു ഭാര്യയും തന്റെ ഭര്‍ത്താവിന്റെ മുമ്പില്‍ സുജൂദ് ചെയ്തിട്ടില്ല. ദമ്പതികളുടെ ബാധ്യതകളും അവകാശങ്ങളുമായി ബന്ധപ്പെട്ട മൊത്തം ഹദീസുകളെ ഒന്നിച്ചു പരിഗണിക്കാതെ ഒന്നുമാത്രം എടുത്ത് വിമര്‍ശിക്കുന്നത് ക്ഷന്തവ്യമല്ല.
സ്‌നേഹം എന്ന ആശയത്തെ ലൈംഗികമായി മാത്രം നോക്കിക്കാണുന്നവര്‍
حبّب اليّ من الدّنيا النساء والطّيب
'ദുന്‍യാവില്‍നിന്ന് എനിക്ക് സ്ത്രീകളും സുഗന്ധവും പ്രയങ്കരമാക്കപ്പെട്ടിരിക്കുന്നു.'15 എന്ന നബി വചനത്തെ കേവല ഭൗതികാര്‍ഥത്തില്‍ തങ്ങളുടെ സങ്കല്‍പമനുസരിച്ച് വ്യാഖ്യാനിക്കുന്നവര്‍ വിഷയത്തെ ഉപരിപ്ലവമായി മാത്രം കാണുന്നവരാണ്. നബി(സ) ജീവിതം ആദ്യന്തം പഠിച്ചാല്‍ അദ്ദേഹത്തിലെ മനുഷ്യത്വത്തിന്റെയും സ്വത്വ പ്രകൃതിയുടെയും സത്യസന്ധമായ പ്രകാശനമായിരുന്നു അതെന്ന് ഗ്രഹിക്കാം.
പ്രവാചക നിയോഗകാലത്ത് അറബികള്‍ ശ്രേഷ്ഠത, പൗരുഷം, ശൗര്യം, ധീരത എന്നീ ആശയങ്ങള്‍ വിലമതിച്ചിരുന്നു. പക്ഷെ അവര്‍ അവയെ രചനാത്കമായല്ലാതെ നിഷേധാത്മകമായാണ് ഉപയോഗപ്പെടുത്തിയിരുന്നത്. സ്ത്രീകളെ അവര്‍ സ്‌നേഹിക്കുകയും തങ്ങളുടെ ലൈംഗിക ബന്ധങ്ങളിലൂടെയും ശൃംഗാര കവിതകളിലൂടെയും അത് ആഘോഷിക്കുകയും ചെയ്തിരുന്നു. പക്ഷെ അതും മൂല്യരഹിതമായും തന്‍ പ്രമാണിതത്വത്തോടെയുമായിരുന്നു. ജാഹിലി അറബികള്‍ സ്ത്രീകളെ സ്‌നേഹിച്ചിരുന്നത് ലൈംഗികാവശ്യങ്ങള്‍ക്ക് മാത്രമായിരുന്നു. അതുകഴിഞ്ഞാല്‍ അവരെ ഉപേക്ഷിക്കുകയായിരുന്നു രീതി. വീണ്ടും താല്‍പര്യം തോന്നിയാല്‍ അവരെ പ്രാപിക്കും, പിന്നെയും ഉപേക്ഷിക്കും. ആവശ്യക്കാര്‍ക്ക് ആവശ്യമുള്ളപ്പോള്‍ കൈകാര്യം ചെയ്യാവുന്ന ഒരു ചരക്ക് - അത്രമാത്രം. നബി(സ)യുടെ നിയോഗം ഈ അവസ്ഥകള്‍ മാറ്റിയെടുക്കാനും നിലപാടുകള്‍ തിരുത്താനും തലതിരിഞ്ഞ ജീവിത വീക്ഷണങ്ങല്‍ ശരിപ്പെടുത്താനം കൂടിയായിരുന്നു.
സ്ത്രീ പുരുഷ ബന്ധങ്ങളെ കേവല ലൈംഗികതയില്‍നിന്ന് വിശാലമായ മാനുഷിക പരിപ്രേക്ഷ്യത്തിലേക്ക് നബി(സ) പുനഃസ്ഥാപിച്ചു. ദാമ്പത്യത്തിന് മാനുഷികവും സാമൂഹികവുമായ മാനങ്ങള്‍ നല്‍കി. സൈദ്ധാന്തികവും ഉപദേശപരവുമായ തലങ്ങളില്‍നിന്ന് മാതൃകാപരമായ ജീവിതത്തിലൂടെയും പ്രായോഗിക ഇടപെടലുകളിലൂടെയും കുടുംബ ജീവിതത്തെ മഹത്തരമാക്കി. ലൈംഗികതയുള്‍പ്പെടെയുള്ള വികാരങ്ങളെ അച്ചടക്ക പൂര്‍ണമായ സംയമനത്തിലൂടെ വിശുദ്ധീകരിച്ചു.
അറബികളുടെ മാത്രമല്ല, മൊത്തം മാനവരുടെ മുമ്പാകെ, പുരുഷന്‍ എങ്ങനെയായിരിക്കണം സ്ത്രീയെ സ്‌നേഹിക്കേണ്ടതെന്ന്' നബി(സ) പ്രായോഗികമായി കാണിച്ചു കൊടുക്കുകയും അതുവഴി എക്കാലത്തെയും സാമൂഹിക ജീവിതത്തിന്റെ കര്‍മശാസ്ത്രത്തിന് അടിത്തറ ഇടുകയും ചെയ്യേണ്ടതുണ്ടായിരുന്നു. ഇതിലൂടെ സ്ത്രീ പുരുഷ ബന്ധങ്ങളുടെ മാനുഷികവും സാമൂഹികവുമായ മാതൃകാവശം പൊതുവിലും പുരുഷന്‍ എങ്ങനെയായിരിക്കണം സ്ത്രീയെ സ്‌നേഹിക്കേണ്ടതെന്ന് സവിശേഷമായും തിരുദൂതരുടെ ജീവിതത്തിലൂടെ ലോകത്തിന് മനസ്സിലായി.
ദുന്‍യാവില്‍നിന്ന് എനിക്ക് സ്ത്രീകളും സുഗന്ധദ്രവ്യവും പ്രിയങ്കരമായിരിക്കുന്നു' എന്ന നബിവചനം സ്ത്രീകളോടുള്ള വിശുദ്ധ സ്‌നേഹത്തെയാണ് സൂചിപ്പിക്കുന്നത്. സ്ത്രീ പുരുഷ ബന്ധത്തിന്റെ ഏറ്റവും ഉയര്‍ന്ന മാനുഷികവും സാമൂഹികവുമായ തലങ്ങളിലേക്ക് സ്‌നേഹത്തെ പരിഭാഷപ്പെടുത്തുകയായിരുന്നു അദ്ദേഹം.
ഇസ്്ലാമിന്റെ തണലില്‍ അവളുടെ അര്‍ഹത പൂര്‍ണമായി പരിഗണിക്കപ്പെട്ടു. പുരുഷന്മാരെ പോലെ കൂടിയാലോചനകളില്‍ അവള്‍ക്ക് ഇടം ലഭിച്ചു. അവളുടെ സുബദ്ധാഭിപ്രായങ്ങള്‍ സ്വീകരിക്കപ്പെട്ടു. പുരുഷന്മാരുമായി കൊടുക്കല്‍ വാങ്ങലുകള്‍ നടന്നു. സ്വത്ത് അനന്തരമെടുത്തു, അവളുടെ സ്വത്ത് അനന്തരമെടുക്കപ്പെട്ടു. പുരുഷന്മാരെ പോലെ സ്ത്രീകളും പ്രതിഫലാര്‍ഹരായി. സ്ത്രീകളോടുള്ള നബി(സ)യുടെ പരസ്യ സ്‌നേഹം പ്രകൃതിയുടെയും മാനുഷിക വികാരങ്ങളുടെയും അടിസ്ഥാനത്തില്‍ എങ്ങനെയായിരിക്കണമെന്നതിന്റെ പ്രായോഗിക മാതൃകയായി.
തന്റെ ഭാര്യമാരുമായുള്ള നബി(സ)യുടെ ബന്ധങ്ങളെക്കുറിച്ച് പഠിച്ചാല്‍ അവിടുത്തെ സ്‌നേഹത്തിന്‍ മാനുഷികമോ സാന്മാര്‍ഗികമോ മൂല്യപരമോ ആയ ഒന്നിനും നിരക്കാത്തതായി നാം കാണുന്നില്ല.
നബി(സ) ഭാര്യമാരെ സ്‌നേഹിച്ചിരുന്നത് കേവല ശാരീരിക ലൈംഗിക താല്‍പര്യങ്ങള്‍ക്കുവേണ്ടിയായിരുന്നുവെങ്കില്‍ അത് അവരുമായുള്ള ഗാര്‍ഹിക ജീവിതത്തില്‍ തെളിഞ്ഞു കാണുമായിരുന്നു. ഭൗതിക വിരക്തിയും ആഢംബര മുക്തിയും ആ ജീവിതത്തിന്റെ മുഖമുദ്രയാകുമായിരുന്നില്ല. ഭാര്യമാര്‍ കൂടുതല്‍ ജീവിത സൗകര്യങ്ങള്‍ ആവശ്യപ്പെട്ടപ്പോള്‍ ഒന്നുകില്‍ ഭാര്യാപദവി ഒഴിവാക്കിത്തരാം, അല്ലെങ്കില്‍ തന്റെ കൂടെ അനാര്‍ഭാഢ ജീവിതം നയിക്കാം എന്ന നിര്‍ദേശം വെക്കുമായിരുന്നില്ല. നബി(സ) ഭൗതിക പ്രിയനായിരുന്നുവെങ്കില്‍ ഭാര്യമാരേക്കാള്‍ അതില്‍ അദ്ദേഹം തല്‍പരനാകേണ്ടതായിരുന്നു. പക്ഷെ, അദ്ദേഹത്തില്‍നിന്ന് അങ്ങനെ നാം കാണുകയുണ്ടായില്ല.
നബി(സ)യുടെ ഏറ്റവും പ്രകടമായ സവിശേഷതയായി നിഷ്‌ക്കളങ്കതയും നിഷ്‌കപടവുമായ സ്‌നേഹത്തെ നമുക്ക് എടുത്തു പറയാന്‍ കഴിയും.16
'നരകവാസികളില്‍ കൂടുതലും സ്ത്രീകള്‍'
അല്ലാഹു നീതിമാനാണെന്നതില്‍ സംശയമില്ല. അതുകൊണ്ടുതന്നെ അല്ലാഹു ഒരാളെയും അയാള്‍ ചെയ്യാത്തതിന്റെ പേരില്‍ ശിക്ഷിക്കുകയില്ല. സ്ത്രീയായി ജനിക്കുന്നത് അവളുടെ തെറ്റല്ല. അല്ലാഹുവാണ് അവളെ സ്ത്രീയായി സൃഷ്ടിച്ചത്. അവനിച്ഛിക്കുന്ന പക്ഷം അവളെ ആണായി സൃഷ്ടിക്കുമായിരുന്നു. സ്ത്രീയായി എന്നതുകൊണ്ടുമാത്രം ശിക്ഷിക്കപ്പെടുന്നത് യുക്തിസഹമല്ല. ആണുങ്ങളായി ജനിച്ചില്ല, പെണ്ണുങ്ങളായി ജനിച്ചു എന്നതുകൊണ്ടുമാത്രമാണ് നരകവാസികളില്‍ ഭൂരിപക്ഷവും സ്ത്രീകളായതെന്ന് പറയുന്നത് നീതിപരമല്ല. ശരീര പ്രകൃതി വെച്ചല്ല, ചെയ്ത പ്രവൃത്തികള്‍ പരിഗണിച്ചാണ് വിചാരണയും ശിക്ഷയും നടക്കുക.
ഉസ്താദ് അബൂശഖ്ഖ ഈ നബി വചനത്തെക്കുറിച്ച് നിരീക്ഷിക്കുന്നത് ശ്രദ്ധേയമാണ്.
സ്ത്രീകള്‍ പ്രകൃത്യാ തന്നെ മോശക്കാരാണെങ്കില്‍ അവര്‍ കൂടുതല്‍ മോശമാവുമ്പോള്‍ ചോദ്യം ചെയ്യപ്പെടാവതല്ല. മേല്‍ നബി വചനമാകട്ടെ, കുടുംബ ബന്ധങ്ങള്‍ വിഛേദിച്ചതിന്റെയും കൃതഘ്‌നതയുടെയും പേരിലാണ് സ്ത്രീകള്‍ വിചാരണക്കും ശിക്ഷക്കും വിധേയകളാകുന്നതെന്ന് കൃത്യമായിത്തന്നെ പ്രസ്താവിക്കുന്നുമുണ്ട്. താഴെ നബിവചനം നേരത്തെ ഉദ്ധരിച്ച നബിവചനത്തിന്റെ വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളുന്നു. അബ്ദുര്‍റഹ് മാനുബ്‌നു ശിബ് ല്‍ നബി(സ)യില്‍നിന്ന് ഉദ്ധരിക്കുന്നു:
ان الفسّاق هم أهل النّار قيل: يا رسول الله، ومن الفسّاق؟ قال: النساء قال رجل: يا رسول الله، أولسن أمّهاتنا وأخواتنا وازواجنا؟ قال: بلى ولكنهم إذا أعطين لم يشكرن واذا ابتلين لم يصبرن
'തീര്‍ച്ചയായും അധര്‍മികളായിരിക്കും നരകവാസികള്‍ അപ്പോള്‍ ആരോ ചോദിച്ചു: അല്ലാഹുവിന്റെ ദുതരേ, ആരാണ് അധര്‍മികള്‍? നബി(സ): 'സ്ത്രീകള്‍' അപ്പോള്‍ ഒരാള്‍ ചോദിച്ചു: 'അല്ലാഹുവിന്റെ ദുതരേ, അവര്‍ നമ്മുടെ ഉമ്മമാരും സഹോദരിമാരും ഇണകളുമല്ലെ? നബി(സ): 'അതെ' പക്ഷെ അവര്‍ കിട്ടിയതിന്റെ പേരില്‍ നന്ദി ചെയ്യില്ല, പരീക്ഷിക്കപ്പെട്ടാല്‍ ക്ഷമിക്കില്ല.17
'ഞാന്‍ സ്വര്‍ഗത്തിലേക്ക് എത്തിനോക്കി. അതിലെ ഭൂരിപക്ഷവും ദരിദ്രരാണെന്ന് ഞാന്‍ കണ്ടു'18
(اطلعت فى الجنّة فرأيت أكثر اهلها الفقراء) എന്ന നബിവചനത്തിന് സമാനമാണ് ഈ നബിവചനം. നിഷിദ്ധ ധനം വാരിക്കൂട്ടുന്നതും വിഷിദ്ധങ്ങളിലായി ധനം വിനിയോഗിക്കുന്നതും നല്ല കാര്യങ്ങള്‍ക്കായി സമ്പത്ത് ചെലവഴിക്കാത്തതുമാണ് സ്വര്‍ഗത്തില്‍ സമ്പന്നര്‍ കുറയാന്‍ കാരണം. അല്ലാതെ, സമ്പന്നരോട് മാത്രമായുള്ള പ്രത്യേക വിവേചനമല്ല.
പുരുഷന്മാരും സ്ത്രീകളും ഒരുപോലെ പാഠമുള്‍ക്കൊള്ളണം
ആണ്‍-പെണ്‍ ഭേദമില്ലാതെ എല്ലാവരും നരകത്തില്‍നിന്ന് മോചനം നേടാനും സ്വര്‍ഗപ്രവേശം ഉറപ്പുവരുത്താനും ശ്രമിക്കുകയാണ് വേണ്ടതെന്ന പാഠമാണ് മേല്‍ നബിവചനങ്ങള്‍ നമുക്ക് നല്‍കുന്നത്. സ്ത്രീകള്‍ എങ്ങനെയാണ് നരകത്തില്‍നിന്ന് രക്ഷനേടേണ്ടത്? പങ്കാളിയുടെ നന്മകളെ വിലമതിച്ചുകൊണ്ട് പങ്കാളിയോട് കൃതഘ്‌നത കാണിക്കുന്നത് എങ്ങനെ ഒഴിവാക്കാം? അല്ലാഹുവെക്കുറിച്ച ഭക്തി വര്‍ധിപ്പിച്ചും ഹൃദയത്തില്‍ അവനോടുള്ള അനുസരണ വികാരം വളര്‍ത്തിയെടുത്തും. എന്നിട്ടും പൈശാചിക പ്രേരണകള്‍ക്ക് വശം വദകളാകുന്നുവെങ്കില്‍ പശ്ചാത്തപിച്ചും പാപമോചന പ്രാര്‍ഥന നടത്തിയും സ്വദഖകള്‍ നല്‍കിയും പരിഹാരം ചെയ്യണം. അബൂസഈദില്‍ ഖുദ് രിയില്‍നിന്ന നിവേദനം:
خَرَجَ رَسولُ اللَّهِ صَلَّى اللهُ عليه وسلَّمَ في أضْحَى أوْ فِطْرٍ إلى المُصَلَّى، فَمَرَّ علَى النِّسَاءِ، فَقالَ: يا مَعْشَرَ النِّسَاءِ تَصَدَّقْنَ فإنِّي أُرِيتُكُنَّ أكْثَرَ أهْلِ النَّارِ
'നബി (സ) ഒരു ബലിപെരുന്നാള്‍ ദിനത്തില്‍ അഥവാ ചെറിയപെരുന്നാള്‍ ദിനത്തില്‍ നമസ്‌കാര സ്ഥലത്തേക്ക് പുറപ്പെട്ടു. അവിടെവെച്ച് അവിടുന്ന് പറഞ്ഞു: സ്ത്രീ സമൂഹമേ! നിങ്ങള്‍ സ്വദഖ ചെയ്യണം. തീര്‍ച്ചയായും നരക വാസികളില്‍ ഏറ്റവും കൂടുതല്‍ നിങ്ങളാണെന്ന് ഞാന്‍ കണ്ടിരിക്കുന്നു' അപ്പോള്‍ അവര്‍ പറഞ്ഞു: 'അല്ലാഹുവിന്റെ ദൂതരേ, അതെന്തുകൊണ്ടാണ്? നബി(സ): 'നിങ്ങള്‍ കൂടുതലായി ശപിക്കുന്നു, പങ്കാളിയോട് നന്ദികേട് കാണിക്കുന്നു'19
ഈ ഹദീസിന്റെ വിശദീകരണത്തില്‍ ഇബ്‌നു ഹജര്‍ അസ്ഖലാനി എഴുതുന്നു:
وفى هذا الحديث الإغلاظ في النصح بما يكون سببالإزالة الصّفة الّتي تعاب وفيه أن الصّدقة تدفع العذاب وأنها قد تكفر الذنوب التي بين المخلوقين
ഈ നബിവചനം ന്യൂനതയായി വിശേഷിപ്പിക്കപ്പെട്ട നന്ദികേട് എന്ന ദുര്‍ഗുണം നീക്കം ചെയ്യാന്‍ ശക്തമായി ഉപദേശിക്കുന്നു, സ്വദഖ നല്‍കുക വഴി ശിക്ഷ തടയപ്പെടുന്നു, സൃഷ്ടികളോട് ചെയ്ത തെറ്റുകള്‍ മായ്ചു കളയുന്നു. എന്ന് വ്യക്തമാക്കുന്നു.20
മേല്‍ നബിവചനങ്ങളോട് യോജിച്ചതും നീതിയോടും നിഷ്പക്ഷതയോടും ഏറ്റവും അടുത്ത് നില്‍ക്കുന്നതും പൗരുഷവും സ്‌ത്രൈണതയുമല്ല, സ്വര്‍ഗ-നരക പ്രവേശനത്തിന്റെ മാനദണ്ഡം, നന്മയും തിന്മയും പുണ്യവും പാപവും ഋജുത്വവും വക്രതയുമാണ് എന്നത്രെ.
സ്ത്രീകളുടെ വക്രത എന്നതിന്റെ വിവക്ഷ തീവ്രവൈകാരികതയും ചാഞ്ചല്യവുമാണ്
സ്ത്രീകള്‍ക്കിടയില്‍ ധാരാളം ശ്രേഷ്ഠ സത്യവിശ്വാസികളും മഹതികളായ പണ്ഡിതകളും സത്യസന്ധകളായ പോരാളികളുമുണ്ട്. ഋജുവായ ജീവിതം നയിക്കുക എന്നതിന്റെ വിപരീതമായ വക്രത സ്ത്രീകളുടെ സഹജമായ പ്രകൃതിയായിരുന്നുവെങ്കില്‍ അവരില്‍ ഒരാള്‍ പോലും ഉത്തമകളാകുമായിരുന്നില്ല. സ്ത്രീകളില്‍ ചില സന്ദര്‍ഭങ്ങളില്‍ പ്രകടമാവാറുള്ള വൈകാരിക ത്തള്ളിച്ചകളും പലതരം അഭിപ്രായങ്ങള്‍ മാറിമാറി പ്രകടിപ്പിക്കുന്ന അവസ്ഥാ ഭേദങ്ങളുമാണ് ഹദീസിന്റെ ഉള്ളടക്കം.
പണ്ഡിതന്മാര്‍ ഇങ്ങനെയാണ് ഈ നബിവചനം വിശദീകരിച്ചിരിക്കുന്നത്. ഉദാഹരണമായി ഡോ. മുഹമ്മദ് ബല്‍ത്താജി എഴുതുന്നു: 'ഹദീസിന്റെ പശ്ചാത്തലം മനസ്സിലാക്കാത്തവര്‍ അതിനെ അന്യഥാ വ്യാഖ്യാനിക്കുകയാണ്. വിവിധ പരമ്പരകളിലൂടെ ഉദ്ധരിച്ചുവന്ന ഈ ഹദീസ് സ്ത്രീകളുടെ വിലയും നിലയും ഉയര്‍ത്തിക്കാട്ടുന്നതാണ്. 'ദുന്‍യാവിലെ ഏറ്റവും നല്ല വിഭവം സച്ചരിതയായ ഭാര്യയാണ്' എന്ന പ്രസ്താവനയോളം സ്ത്രീകളെ വിലമതിക്കുന്നതായി മറ്റെന്തുണ്ട്' അതിനപ്പുറം മറ്റൊരു പരിഗണനയുണ്ടോ? ദുന്‍യാവില്‍ മനുഷ്യര്‍ നേടുന്ന ഏറ്റവും നല്ല സമ്പാദ്യം സച്ചരിതയായ ഭാര്യയാണെന്നതിനപ്പുറം ഒരു സ്ത്രീക്ക് മറ്റെന്തു പരിഗണനയാണ് ലഭിക്കാനുള്ളത്?
അബൂഹുറൈറ(റ) നബി(സ)യില്‍നിന്ന് ഉദ്ധരിച്ച ഹദീസുകളുടെ തുടക്കത്തിലും ഒടുക്കത്തിലും ഉപദേശമുണ്ട്. ചുരുക്കത്തില്‍, ഹദീസുകളുടെ മൊത്തം പശ്ചാത്തലം പരിശോധിച്ചാല്‍ സ്ത്രീകളെ വിലമതിക്കണമെന്നും കൂടുതല്‍ പരിഗണിക്കണമെന്നുമുള്ള ഊന്നലുകളാണ് നബിവചനങ്ങളിൽ കാണാന്‍ കഴിയുക.
'വാരിയെല്ലില്‍നിന്ന് സൃഷ്ടിക്കപ്പെട്ട സ്ത്രീ'
'വാരിയെല്ലില്‍നിന്നാണ് സ്ത്രീ സൃഷ്ടിക്കപ്പെട്ടത്' (المرأة خلقت من ضلع) എന്ന നബിവചനം, 'ജനങ്ങളേ! നിങ്ങള്‍ നിങ്ങളെ ഒരു ആത്മാവില്‍നിന്ന് സൃഷ്ടിക്കുകയും അതില്‍നിന്ന് അതിന്റെ ഇണയെ സൃഷ്ടിക്കുകയും അവര്‍ രണ്ടുപേരില്‍നിന്നുമായി ധാരാളം പുരുഷന്മാരെയും സ്ത്രീകളെയും പരത്തുകയും ചെയ്ത നിങ്ങളുടെ റബ്ബിനോട് തഖ് വയുള്ളവരാകുക' (അന്നിസാഅ് 1) എന്ന സൂക്തത്തിലേക്കുള്ള സൂചനയാണ്. 'ഒരു ആത്മാവ്' എന്നതിന്റെ വിവക്ഷ ആദമും 'അതിൽനിന്ന് അതിന്റെ ഇണയെ സൃഷ്ടിച്ചു' എന്നതിന്റെ വിവക്ഷ ആദമിന്റെ വാരിയെല്ലില്‍നിന്ന് സൃഷ്ടിക്കപ്പെട്ട ഹവ്വായുമാണ്.
ان أعوج شيئ في الضلع أعلاه إن ذهبت تقيمة كسرته
'ഏറ്റവും മുകളിലെ വാരിയെല്ലാണ് ഏറ്റവും വളഞ്ഞിരിക്കുക. നീ അത് നിവര്‍ത്താന്‍ ശ്രമിച്ചാല്‍ നീ അതിനെ പൊട്ടിച്ചു കളയും' എന്ന നബിവചനം എടുക്കാം. വളഞ്ഞിരിക്കുമ്പോഴെ വളഞ്ഞ വാരിയെല്ലുകൊണ്ട് പ്രയോജനമുള്ളൂ. വാരിയെല്ലിന്റെ വളവാണ് ഹൃദയത്തെ സംരക്ഷിക്കുന്ന നെഞ്ചിന് രൂപകല്‍പന നല്‍കുന്നത്.
ആദമിന്റെയും ഹവ്വയുടെയും സൃഷ്ടിപ്പ് വ്യത്യസ്തമാണ് എന്ന പാഠമാണ് മേല്‍ നബിവചനം നമുക്ക് നല്‍കുന്നത്. പുരുഷവര്‍ഗം തങ്ങളുടെ പിതാവ് ആദമിന്റെ പ്രകൃതവും സ്ത്രീവര്‍ഗം തങ്ങളുടെ മാതാവ് ഹവ്വായുടെ പ്രകൃതവും സ്വാംശീകരിച്ചിരിക്കുന്നു. ആണ്‍-പെണ്‍ പ്രകൃതികളിലെ ഈ അന്തരം നാം പരിഗണിക്കണം. രണ്ടു വിഭാഗങ്ങളും തമ്മിലെ ഇടപഴക്കങ്ങളും ബന്ധങ്ങളും ഇതിന് അനുരോധമായിരിക്കണം.
ഇത് മനസ്സിലാക്കാതെയും ഇതിന് വിരുദ്ധമായും സ്ത്രീകള്‍ പൂര്‍ണമായും പുരുഷന്മാരെ പോലെ പെരുമാറണം എന്ന് നാം താല്‍പര്യപ്പെടരുത്. അത് വളഞ്ഞവാരിയെല്ലിനെ നിവര്‍ത്താന്‍ ശ്രമിക്കുന്നതുപോലെ അപകടകരമാണ്. പൊട്ടിയവാരിയെല്ലുകൊണ്ട് ശരീരത്തിന് എന്തു പ്രയോജനം? സ്ത്രീകളുടെ പ്രകൃതി അറിഞ്ഞുകൊണ്ട് പെരുമാറിയില്ലെങ്കില്‍ അത് വിവാഹമോചനത്തിലാണ് കലാശിക്കുക.
ചിലര്‍ ഈ നബിവചനത്തെ ഇസ് ലാമിനെ വിമര്‍ശിക്കാനായി ഉപയോഗിക്കുമ്പോള്‍ യഥാര്‍ഥത്തില്‍ അതിനെ പ്രവാചകത്വത്തിന്റെ അടയാളങ്ങളിലൊന്നായും സ്ത്രീകള്‍ക്കുള്ള ആദരവായുമാണ് അതിനെ നമുക്ക് കാണാന്‍ കഴിയുക. സ്ത്രീകള്‍ക്കിണങ്ങിയ വിദ്യാഭ്യാസം, ശിക്ഷണം, പെരുമാറ്റം..... (മകള്‍, ഭാര്യ, സഹോദരി, മാതാവ് എന്നീ നിലകളില്‍) പുരുഷനും സ്ത്രീയും തമ്മിലുള്ള അഭിപ്രായങ്ങളുടെ വ്യത്യാസ കാരണങ്ങള്‍ പരിശോധിച്ചാല്‍ അവയ്ക്കു പിന്നില്‍ ധാരാളം വസ്തുതകള്‍ കാണാം. അവയില്‍ പ്രധാനം സ്ത്രീ സ്ത്രീയാണെന്ന് മറന്നുകൊണ്ട് പുരുഷന്‍ സ്ത്രീയോട് പുരുഷനോടെന്ന പോലെ പെരുമാറുന്നു എന്നതാണ്. ആളെ മനസ്സിലാക്കാതെ പെരുമാറുക എന്നു പറയാറില്ലെ.... അതുപോലെ. 'പുരുഷന്‍ സ്ത്രീയെ പോലെയല്ല' (ആലുഇംറാന്‍ 36) എന്ന സൂക്തം നാം മറന്നുപോകുന്നു. ശരീരശാസ്ത്രപരമായും ജീവശാസ്ത്രപരമായും മാനസികമായുമെല്ലാം ആണും പെണ്ണും വ്യത്യസ്തരാണെന്ന വസ്തുതക്കനുസൃതമായി ബന്ധങ്ങള്‍ സ്ഥാപിക്കുക മാത്രമാണ് പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം.
മനുഷ്യ ശരീരത്തില്‍നിന്ന് ലഭിക്കുന്ന മുടിയും എല്ലും മറ്റും പരിശോധിച്ചാല്‍ അത് ആണിന്റേതോ പെണ്ണിന്റേതോ എന്ന് കൃത്യമായി നിര്‍ണയിക്കാന്‍ കഴിയുമെന്ന് ശാസ്ത്രം സ്ഥാപിക്കുന്നു. പിന്നെ എങ്ങനെയാണ് ആണും പെണ്ണും ഒരുപോലെയാണെന്നു പറയുക? സ്ത്രീ തന്നെപോലെയാകണമെന്ന് പുരുഷന്‍ താല്‍പര്യപ്പെട്ടു കൂടാ എന്നാണ് മേല്‍ നബിവചനത്തിന്റെ ഉദ്ദേശ്യം.
ആണും പെണ്ണും എല്ലാ അര്‍ഥത്തിലും വ്യത്യസ്തരാണെന്നു പറഞ്ഞതുകൊണ്ട് പെണ്ണിന്റെ സ്ഥാനം കുറയുമോ? അവളുടെ സവിശേഷ ഘടന പരിഗണിച്ചുകൊണ്ടുവേണം അവളോട് ഇടപഴകാനെന്നും ആ ഘടന മാറ്റാന്‍ ശ്രമിച്ചുകൂടെന്നും പറയുന്നത് സ്ത്രീ വിരുദ്ധമാകുന്നതെങ്ങനെ? മാതാവിന് പിതാവിനേക്കാള്‍ പരിഗണനയുണ്ടെന്ന നബിവചനവും ഇതേ പ്രകൃതി വ്യത്യാസം പരിഗണിച്ചല്ലെ? ഇതെങ്ങനെയാണ് സ്ത്രീകളെ അവമതിക്കലാകുക? സ്ത്രീകളുടെ സഹജമായ പ്രകൃതികളെ തുറക്കാന്‍ അവയുടേതായ താക്കോലുകള്‍ ഉപയോഗിക്കണമെന്ന ഉല്‍ബോധനമാണ് മേല്‍ നബിവചനത്തിന്റെ ആകെ സത്ത. അത് ആവര്‍ത്തിച്ചു പറയുന്നത് തെറ്റായി പ്രവര്‍ത്തിച്ച് അവിവേകത്തില്‍ പെടാതിരിക്കാനും അതുവഴി ബന്ധങ്ങള്‍ വഷളാകാതിരിക്കാനുമാണ്.21
(അവലംബം:
الزّعم أن بعض الأحاديث النبويّة موحية بدونية المرأة - بيان الإسلام
കുറിപ്പുകള്‍
1. الطبراني في الأوسط (5713) الحاكم في المستدرك (3494)، ا لذّهبي في التلخيص (3494)
ഇതിന്റെ നിവേദക പരമ്പരയിലെ മുഹമ്മദുബ്‌നു ഇബ്‌റാഹീം അശ്ശാമീ വ്യാജ ഹദീസുകള്‍ നിര്‍മിച്ചിരുന്നതായി ഇബ്‌നുല്‍ ജൗസി രേഖപ്പെടുത്തുന്നു. അയാള്‍ കള്ളം പറയുന്നവനാണെന്ന് ദാറുഖുത്‌നിയും അയാള്‍ മുന്‍കറുല്‍ ഹദീസ് ആണെന്ന് ഇമാം ദഹബിയും ഇബ്‌നു ഹജറും രേഖപ്പെടുത്തുന്നു.
2. اللالئ المصنوعة، السّيوطي 2/147 الألباني في السلسلة الضعيفة (435)
ഇബ്‌നു അസാകിറും ഇബ്‌നു അദിയ്യും ഉഖൈലിയും ഉദ്ധരിച്ച ഈ ഹദീസ് ദുര്‍ബലമാണെന്ന് ബൈറൂത്തിയും അല്‍ബാനിയും വ്യാജമാണെന്ന് ശൗകാനിയും രേഖപ്പെടുത്തിയിരിക്കുന്നു. ഹുദൈബിയ്യ വേളയില്‍ നബി(സ) ഉമ്മു സലമയുടെ അഭിപ്രായം സ്വീകരിച്ചതും മദ് യനിലെ പെണ്‍കുട്ടി മൂസാനബിയെ പറ്റി പിതാവിനോട് 'നിങ്ങള്‍ അദ്ദേഹത്തെ കൂലിപ്പണിക്ക് നിര്‍ത്തുക, നിങ്ങള്‍ കൂലിവേലക്ക് നിര്‍ത്തുന്നയാള്‍ ശക്തനും വിശ്വസ്തനുമാണെന്ന് പറഞ്ഞതുമെല്ലാം മുകളിലുദ്ധരിച്ച ഹദീസിനെ പ്രാമാണികമായി നിരാകരിക്കുന്നവയാണ്.
3. اللّالئ المصنوعة، السيوطي (2/134) الألباني فى الضعيفة (56)
ഈ ഹദീസിന്റെ പരമ്പരയിലെ അബ്ദുര്‍റഹീം ബ്‌നു സൈദ് അല്‍ അമീയുടെ എല്ലാ ഹദീസുകളും വിശ്വസ്തരായ പണ്ഡിതന്മാര്‍ തള്ളിക്കളഞ്ഞിരിക്കുന്നു. ബുഖാരിയും അബൂഹാതിമും അദ്ദേഹത്തെ പരിത്യക്തനായാണ് പരിഗണിച്ചിരിക്കുന്നത്. പെരുങ്കള്ളനും ചീത്തയുമാണയാള്‍ എന്നത്രെ ഇബ്‌നു മഈൻ രേഖപ്പെടുത്തിയിരിക്കുന്നത്.
4. الفتني في تذكرة الموضوعات (1/128) الألباني فى السلسلة الضعيفة (43)
സഖാവിയും ശൗകാനിയും ദുര്‍ബലമാണെന്ന് രേഖപ്പെടുത്തിയ ഈ ഹദീസ് വ്യാജമാണെന്ന് ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇമാം സുയൂത്വി, ഇമാം മനാവി, ഹാഫിള് സഖാവി എന്നിവര്‍ മേല്‍ ഹദീസിന് അടിസ്ഥാനമില്ലെന്ന് രേഖപ്പെടുത്തുന്നു.
5. مسند أحمد 20473 ضعيف - الطبراني في الأوسط 425 ضعفه الألباني 436
6. السيوطي في جامع الأحاديث (ضعيف) 3709 ، المتقي الهندي 44483 ضعفه الألباني 2820
7. مسند ابن الجعد، مسند ابي عقيل 2971 (ضعيف) ذكره الفتني في تذكرة الموضوعات 1/128
8. تحرير المرأة، أبو شقّة ص- 1/275 الغرب والإسلام، د. محمد عمارة 1/205
9. مسند أحمد 26238، أبوداود 236، صحّحه الألباني 2863
10. مسند أحمد 24515، ابن ماجه 1852، صححه الألباني 3366
11. سنن ابن ماجه 1977، سنن الترمذي 3895، صححه الألباني 285
12. مسند أحمد 7396، سنن الترمذي 1162، صححه الألباني 284
13. صحيح مسلم 3009
14. المرأة بين طغيان النظام الغربي ولطائف التشريع الربّاني د. سعيد رمضان البوطي ص 180 وما بعدها
15. مسند أحمد 12315، النسائي 3940، صححه الألباني 3124
16. المرأة بين طعيان ص. 183 وما بعدها
17. مصنّف عبد الرّزاق 19444، مسند أحمد 25570، صحّحه الألباني 3058
18. صحيح البخارى 3069، صحيح مسلم 7114
19. صحيح البخارى 298، صحيح مسلم 250
20. تحرير المرأة ..... عبد الحليم أبو شقّة 1/273274
21. مكانة المرأة في القرآن والسنّة، د. محمد بلتاجي ص 456