"സത്യവിശ്വാസികള്‍ക്കെതിരെ നടക്കുന്നത് വിദ്വേഷ പ്രേരിത യുദ്ധം'
ഡോ. സ്വലാഹ് അബ്ദുല്‍ ഫത്താഹ് ഖാലിദി
نِقْمَة (പ്രതികാരവാഞ്ഛ, വൈരനിര്യാതനം) എന്ന പദവും അതിന്റെ വ്യത്യസ്ത രൂപങ്ങളും ഖുര്‍ആനില്‍ ധാരാളമായി വന്നിട്ടുണ്ട്. മറ്റൊരു പദമായ انتقام (പ്രതികാരം ചെയ്യുക, പ്രതികാരമെടുക്കുക) എന്ന പദവും തഥൈവ.
നിഖ്മത്തും ഇൻതിഖാമും തമ്മിലെ അന്തരം
രണ്ടു പദങ്ങളെയും ഖുര്‍ആന്‍ വ്യത്യസ്ത രീതിയിലാണ് അവതരിപ്പിക്കുന്നത്.
1- النّقمة: 'നഖമ' എന്ന മൂന്നക്ഷര ക്രിയയുടെ ക്രിയാധാതുവാണ് 'നിഖ്മത്ത്.'
الإنتقام എന്നത് 'ഇന്‍തഖമ' എന്ന നാലക്ഷര ക്രിയയുടെ ക്രിയാധാതുവാണ്.
2- 'നിഖ്മത്ത്' എന്ന പദവും അതിന്റെ വ്യത്യസ്ത രൂപങ്ങളും അല്ലാഹുവിലേക്കല്ലാതെ, സത്യനിഷേധികളായ ശത്രുക്കളിലേക്ക് ചേര്‍ത്താണ് ഖുര്‍ആനില്‍ ഉപയോഗിച്ചിരിക്കുന്നത്.
എന്നാല്‍ 'ഇന്‍തിഖാം' എന്നതിന്റെ വ്യത്യസ്ത രൂപങ്ങള്‍ അല്ലാഹുവിലേക്ക് മാത്രം ചേര്‍ത്താണ് ഉപയോഗിച്ചിരിക്കുന്നത്.
3- 'നിഖ്മത്ത്' എന്നത് വെറുപ്പിനെയും വിദ്വേഷത്തെയും സൂചിപ്പിക്കുന്ന ഒരുതരം മാനസികാവസ്ഥയിൽനിന്നുണ്ടാകുന്നതാണ്. അതുകൊണ്ടാണ് സത്യനിഷേധികളും അവരുടെ പ്രവര്‍ത്തനങ്ങളും ആ തരത്തില്‍ വിശേഷിപ്പിക്കപ്പെട്ടത്.
തെറ്റുകള്‍ക്കും വ്യതിചലനങ്ങള്‍ക്കുമുള്ള ശിക്ഷയാണ് 'ഇന്‍തിഖാം'. അതുകൊണ്ടുതന്നെ സത്യനിഷേധികളുടെ നേരെയുള്ള അല്ലാഹുവിന്റെ ശിക്ഷ എന്ന നിലയിലാണ് 'ഇന്‍തിഖാമി'ന്റെ പ്രയോഗം.
നിഖ്മത്ത്: പ്രയോഗ പശ്ചാത്തലം
'നഖമ' എന്ന ഭൂതകാല പദവും 'യന്‍ഖുമു' എന്ന വര്‍ത്തമാന ഭാവികാല ക്രിയയും രണ്ടുതവണ വീതം ഖുര്‍ആനില്‍ പ്രയോഗിച്ചിരിക്കുന്നു.
1- സത്യനിഷേധികളായ കിടങ്ങുകാര്‍ സത്യവിശ്വാസികളെ തീയിലിട്ട് കൊന്നതിനെപറ്റി പരാമര്‍ശിക്കവെയാണ് ഒന്നാമത്തെ പ്രയോഗം. ആ യുദ്ധത്തെ വിദ്വേഷ ജന്യമായ പ്രതികാര യുദ്ധം എന്നാണ് ഖുര്‍ആന്‍ വിശേഷിപ്പിച്ചിരിക്കുന്നത്.
وَمَا نَقَمُوا مِنْهُمْ إِلَّا أَن يُؤْمِنُوا بِاللَّهِ الْعَزِيزِ الْحَمِيدِ . الَّذِي لَهُ مُلْكُ السَّمَاوَاتِ وَالْأَرْضِۚ وَاللَّهُ عَلَىٰ كُلِّ شَيْءٍ شَهِيدٌ
'പ്രതാപശാലിയും സ്തുത്യര്‍ഹനും ആകാശങ്ങളുടെയും ഭൂമിയുടെയും മേല്‍ ആധിപത്യം ഉള്ളവനുമായ അല്ലാഹുവില്‍ അവര്‍ വിശ്വസിക്കുന്നു എന്നത് മാത്രമായിരുന്നു അവരുടെ (സത്യവിശ്വാസികളുടെ) മേല്‍ അവര്‍ (മര്‍ദകര്‍) പ്രതികാര പൂര്‍വം ചുമത്തിയ കുറ്റം. അല്ലാഹു എല്ലാ കാര്യത്തിനും സാക്ഷിയാകുന്നു. (അല്‍ ബുറൂജ് 8,9).
2- സത്യവിശ്വാസികളോട് കപടവിശ്വാസികള്‍ വെച്ചു പുലര്‍ത്തുന്ന ശത്രുതയുടെ കാരണം വിവരിക്കവെ ആ ശത്രുത പ്രതികാര പൂര്‍വമാണെന്ന് എടുത്തുപറയുന്നത് കാണാം.
وَمَا نَقَمُوا إِلَّا أَنْ أَغْنَاهُمُ اللَّهُ وَرَسُولُهُ مِن فَضْلِهِۚ
'അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ അവനും അവന്റെ ദൂതനും അവര്‍ക്ക് ഐശ്വര്യമുണ്ടാക്കിക്കൊടുത്തു എന്നതൊഴിച്ച് അവരുടെ എതിര്‍പ്പിന് ഒരു കാരണവുമില്ല' (അത്തൗബ 74).
3- മായാജാലക്കാർ മൂസാനബിയില്‍ വിശ്വസിച്ചപ്പോള്‍ ഫിര്‍ഔന്‍ അവരെ ഭീഷണിപ്പെടുത്തി. ദേശീയ താല്‍പര്യങ്ങള്‍ക്കെതിരെ മൂസയോടൊപ്പം ഗൂഢാലോചനയില്‍ പങ്കാളികളായെന്ന് തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു. പക്ഷെ മായാജാലക്കാര്‍ ഫിര്‍ഔന്‍ തങ്ങളോട് ശത്രുത പുലര്‍ത്തുകയാണെന്ന് തുറന്നടിച്ചു.
قَالَ فِرْعَوْنُ آمَنتُم بِهِ قَبْلَ أَنْ آذَنَ لَكُمْۖ إِنَّ هَٰذَا لَمَكْرٌ مَّكَرْتُمُوهُ فِي الْمَدِينَةِ لِتُخْرِجُوا مِنْهَا أَهْلَهَاۖ فَسَوْفَ تَعْلَمُونَ . لَأُقَطِّعَنَّ أَيْدِيَكُمْ وَأَرْجُلَكُم مِّنْ خِلَافٍ ثُمَّ لَأُصَلِّبَنَّكُمْ أَجْمَعِينَ قَالُوا إِنَّا إِلَىٰ رَبِّنَا مُنقَلِبُونَ . وَمَا تَنقِمُ مِنَّا إِلَّا أَنْ آمَنَّا بِآيَاتِ رَبِّنَا لَمَّا جَاءَتْنَاۚ رَبَّنَا أَفْرِغْ عَلَيْنَا صَبْرًا وَتَوَفَّنَا مُسْلِمِينَ
'ഫിര്‍ഔന്‍ പറഞ്ഞു: ഞാന്‍ നിങ്ങള്‍ക്ക് അനുവാദം നല്‍കുന്നതിനു മുമ്പ് നിങ്ങള്‍ വിശ്വസിച്ചിരിക്കുകയാണോ? ഈ നഗരത്തിലുള്ളവരെ ഇവിടെനിന്ന് പുറത്താക്കാന്‍ വേണ്ടി നിങ്ങളെല്ലാം കൂടി ഇവിടെവെച്ച് നടത്തിയ ഒരു ഗൂഢതന്ത്രം തന്നെയാണിത്. അതിനാല്‍ വഴിയെ നിങ്ങള്‍ മനസ്സിലാക്കിക്കൊള്ളും. നിങ്ങളുടെ കൈകളും കാലുകളും എതിര്‍ വശങ്ങളില്‍ നിന്നായി ഞാന്‍ മുറിച്ച് കളയുക തന്നെ ചെയ്യും. പിന്നെ നിങ്ങളെ മുഴുവന്‍ ഞാന്‍ ക്രൂശിക്കുകയും ചെയ്യും, തീര്‍ച്ച. അവന്‍ പറഞ്ഞു: തീര്‍ച്ചയായും ഞങ്ങളുടെ രക്ഷിതാവിങ്കലേക്കാണല്ലോ ഞങ്ങള്‍ തിരിച്ചെത്തുന്നത്. ഞങ്ങളുടെ രക്ഷിതാവിന്റെ ദൃഷ്ടാന്തങ്ങള്‍ ഞങ്ങള്‍ക്ക് വന്നപ്പോള്‍ ഞങ്ങള്‍ അത് വിശ്വസിച്ചു എന്നതിന്നാണല്ലോ നീ ഞങ്ങളോട് പ്രതികാരം ചെയ്യുന്നത്. ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ മേല്‍ നീ ക്ഷമ ചൊരിഞ്ഞുതരികയും ഞങ്ങളെ നീ മുസ് ലിംകളായി കൊണ്ട് മരിപ്പിക്കുകയും ചെയ്യേണമേ! (അല്‍ അഅ്‌റാഫ് 123-126)
4- ശത്രുക്കളെ അഭിസംബോധന ചെയ്തുകൊണ്ട്, നിങ്ങള്‍ ഞങ്ങള്‍ക്കെതിരെ യുദ്ധം ചെയ്യുന്നതിന്റെ കാരണം അവരുടെ മുമ്പാകെ വിശദീകരിക്കാനും, അത് വിദ്വേഷാധിഷ്ഠിതമായ യുദ്ധമാണെന്ന് എടുത്തുപറയാനും അല്ലാഹു നബി(സ)യോടും അദ്ദേഹത്തിനു ശേഷമുള്ള എല്ലാ മുസ് ലിംകളോടും കല്‍പിക്കുന്നു.
قُلْ يَا أَهْلَ الْكِتَابِ هَلْ تَنقِمُونَ مِنَّا إِلَّا أَنْ آمَنَّا بِاللَّهِ وَمَا أُنزِلَ إِلَيْنَا وَمَا أُنزِلَ مِن قَبْلُ وَأَنَّ أَكْثَرَكُمْ فَاسِقُونَ
'(നബിയേ) താങ്കള്‍ പറയുക: വേദക്കാരേ, അല്ലാഹുവിലും (അവങ്കല്‍നിന്ന്) ഞങ്ങള്‍ക്ക് അവതരിപ്പിക്കപ്പെട്ട വേദത്തിലും, മുമ്പ് അവതരിപ്പിക്കപ്പെട്ട വേദത്തിലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു എന്നതുകൊണ്ടും, നിങ്ങളില്‍ അധികപേരും ധിക്കാരികളാണ് എന്നതുകൊണ്ടും മാത്രമല്ലേ നിങ്ങള്‍ ഞങ്ങളെ കുറ്റപ്പെടുത്തുന്നത്?'
‘നിഖ്മ’ എന്നത് മുസ് ലിംകൾക്കെതിരെ നടക്കുന്ന യുദ്ധത്തിന്റെ വിശേഷണം
മുകളിലെ നാലു സൂക്തങ്ങളില്‍നിന്ന് (നഖമ, യന്‍ഖിമു) എന്ന ക്രിയ മുസ് ലിംകളും സത്യനിഷേധികളും തമ്മില്‍ നടന്ന/നടക്കുന്ന/ നടക്കാനിരിക്കുന്ന യുദ്ധങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രയോഗിച്ചിരിക്കുന്നത് എന്നു കാണാം.
സത്യനിഷേധികള്‍ മുസ് ലിംകള്‍ക്കെതിരെ നടത്തുന്ന യുദ്ധങ്ങള്‍ വിദ്വേഷാധിഷ്ഠിതമാണെന്നും ഹൃദയാന്തരാളങ്ങളില്‍ അവര്‍ ഒളിപ്പിച്ചു വെക്കുന്ന വിദ്വേഷത്തിന്റെ ബഹിര്‍സ്ഫുരണങ്ങളാണ് അവയെന്നും മേല്‍സൂക്തങ്ങള്‍ വ്യക്തമാക്കുന്നു.
وَدُّوا مَا عَنِتُّمْ قَدْ بَدَتِ الْبَغْضَاءُ مِنْ أَفْوَاهِهِمْ وَمَا تُخْفِي صُدُورُهُمْ أَكْبَرُۚ
'നിങ്ങൾ ബുദ്ധിമുട്ടണമെന്ന് അവർ ആഗ്രഹിക്കുന്നു. വിദ്വേഷം അവരുടെ വായില്‍നിന്ന് വെളിപ്പെട്ടിരിക്കുന്നു. അവരുടെ മനസ്സുകള്‍ ഒളിപ്പിച്ചുവെക്കുന്നത് കൂടുതല്‍ ഗുരുതരമാകുന്നു' (ആലുഇംറാന്‍ 118)
വിദ്വേഷാക്രമണം ദുഷ്ട മനസ്സിന്റെ സന്തതി
'നിഖ്മത്ത്' (വിദ്വേഷാക്രമണം) സത്യവിശ്വാസികള്‍ക്കെതിരെ സത്യനിഷേധികള്‍ നടത്തുന്ന ആക്രമണത്തില്‍ പരിമിതപ്പെടുത്തിയതെന്തുകൊണ്ട്? കാരണം വ്യക്തമാണ്. വിദ്വേഷജന്യമായ ആക്രമണങ്ങള്‍ രോഗാതുരമായ ചീത്ത മനസ്സിന്റെ പ്രകാശനമാണ്. സത്യവാദികള്‍ക്കെതിരെ സത്യനിഷേധികള്‍ മനസ്സകമെ കൊണ്ടുനടക്കുന്ന തരാതരം വിദ്വേഷങ്ങളെയാണ് അത് സൂചിപ്പിക്കുന്നത്. ഒരുതരം മൂല്യവുമില്ലാത്ത മാനസികരോഗികളും കരിങ്കറുപ്പ് മനസ്‌കരും അസൂയാലുക്കളും പകയാല്‍ പുകയുന്നവരും മാത്രമെ ഈ തരത്തില്‍ പ്രവര്‍ത്തിക്കുകയുള്ളൂ.
അത്തരം ആക്രമണങ്ങളുടെ ജുഗുപ്‌സയും വഷളത്തവും മനുഷ്യത്വരാഹിത്യവും കാഠിന്യവുമെല്ലാം 'നിഖ്മത്ത്' എന്ന പദത്തില്‍ ഉള്ളടങ്ങിയിട്ടുണ്ട്.
സത്യനിഷേധികൾ സത്യവിശ്വാസികള്‍ക്കെതിരെ യുദ്ധം ചെയ്യുമ്പോഴെല്ലാം തങ്ങളുടെ കൈമുതലുകളായ പക, അസൂയ, വെറുപ്പ്, അക്രമോത്സുകത മുതലായവ പരമാവധി ആയുധമാക്കിയാണ് പോരാട്ടത്തിനിറങ്ങുന്നത്.
ഈ പോരാട്ടത്തില്‍ നിങ്ങളെയോ, നാട്ടുനടപ്പുകളെയോ പൊതുതത്ത്വങ്ങളെയോ ബന്ധങ്ങളെയോ അവര്‍ വിലമതിക്കുന്നില്ല, മാനിക്കുന്നില്ല.