യഹൂദികള്‍ മദീനയില്‍

മുഹമ്മദുല്‍ ഗസ്സാലി‌‌
img

പ്രാഗ് ഇസ്‌ലാമിക (ജാഹിലിയ്യ) കാലത്ത് യഹൂദികള്‍ അറേബ്യയില്‍ താമസമാക്കി. മദീനയില്‍ അവര്‍ തങ്ങള്‍ക്കായി ഭദ്രമായ 'സാമ്രാജ്യങ്ങള്‍' പണിതു. മദീനയുടെ വടക്ക് ഖൈബര്‍ വരെ അത് നീണ്ടു. റോമന്‍ ഭരണാധികാരികളുടെ പീഡനങ്ങളില്‍നിന്ന് രക്ഷപ്പെടാനായാണ് അവര്‍ മദീനയിലെത്തിയതെന്നാണ് കൂടുതല്‍ ചരിത്രകാരന്മാരും രേഖപ്പെടുത്തിയിരിക്കുന്നത്. റോമന്‍ ഭരണത്തിന്റെ പിടിത്തത്തില്‍നിന്ന് അകലെയും മരുഭൂമിയുടെ വിശാല വിദൂരതയിലുമായി സ്വതന്ത്രമായി ജീവിക്കാന്‍ അതുവഴി അവര്‍ക്ക് കഴിഞ്ഞു. യഹൂദികള്‍ നിപുണരായ കച്ചവടക്കാരും കര്‍ഷകരുമായിരുന്നു. അവര്‍ കച്ചവടം ചെയ്തും കാര്‍ഷിക വൃത്തികളിലേര്‍പ്പെട്ടും കഴിഞ്ഞുവന്നു. തങ്ങളുടെ താല്‍പര്യങ്ങള്‍ക്കു മാത്രമായി അറബ് ഗോത്രങ്ങളെ അവര്‍ ചൂഷണം ചെയ്തു. അറബികള്‍ക്ക് ആയുധങ്ങള്‍ വിറ്റു. പലിശ ഈടാക്കി പണമിടപാടു നടത്തി.

അവര്‍ക്കിടയില്‍ ഛിദ്രതകളുണ്ടാക്കി യുദ്ധത്തിന് തീകൊടുത്തു. അറബികള്‍ക്കിടയിലെ സംഘര്‍ഷങ്ങളും തജ്ജന്യമായ അസ്ഥിരതയും തങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുമെന്ന് യഹൂദികള്‍ കണക്കുകൂട്ടി. ഇതാണ് യഹൂദികളുടെ പ്രകൃതിയും സ്വഭാവവും.

'ദൈവം തെരഞ്ഞെടുത്ത ജനവിഭാഗം'
അറേബ്യയില്‍ തങ്ങളുടെ മതം പ്രചരിപ്പിക്കാന്‍ അവര്‍ ഉദ്ദേശിച്ചിരുന്നില്ല. കാരണം അവര്‍ മതപ്രബോധകരല്ല. തങ്ങള്‍ ദൈവത്താല്‍ തെരഞ്ഞെടുക്കപ്പെട്ട സവിശേഷ ജനവിഭാഗമാണ് എന്നാണവരുടെ വിശ്വാസം. അതുകൊണ്ടുതന്നെ ലോകത്തെ ഭരിക്കാനും ചൂഷണം ചെയ്യാനും തങ്ങള്‍ക്ക് അധികാരമുണ്ടെന്ന് അവര്‍ വിശ്വസിച്ചു പോന്നു.
ഏകദൈവവിശ്വാസത്തിലേക്കുള്ള ക്ഷണം നിര്‍വഹിച്ചില്ല എന്നതോടൊപ്പം പലിശഭോജനം അവര്‍ അനുവദനീയമായി കണ്ടു. വ്യഭിചാരത്തിന്റെ ശിക്ഷ എടുത്തുകളഞ്ഞു. വ്യഭിചാരം തന്നെ തെറ്റല്ലാതായി. ആദര്‍ശത്തെയും അതിനെ ആധാരമാക്കിയുള്ള മൂല്യങ്ങളെയും അധര്‍മങ്ങളെ വെറുക്കുന്ന മനഃസാക്ഷിയെയും അവഗണിക്കുന്ന രീതി ഇപ്പോഴും യഹൂദികളുടെ കൂടപ്പിറപ്പാണ്.

യഹൂദികള്‍ ലോകം കീഴ്‌പ്പെടുത്തി ഭരിച്ചാലും അവര്‍ അല്ലാഹുവിന്റെ ദീനിന് വല്ല ഗുണവും സമര്‍പ്പിക്കുമോ? ദൈവികാധ്യാപനങ്ങളെ ഉയര്‍ത്തിപ്പിടിക്കുമോ? അവര്‍ സംസ്‌കൃതരായി മാറുമോ? യഥാര്‍ഥത്തില്‍ ഇതൊന്നും അവരെ ബാധിക്കുന്ന വിഷയങ്ങളായി അവർ കാണുന്നില്ല എന്നതാണ് വാസ്തവം.

അല്ലാഹുവിനെപ്പറ്റിയുള്ള അവരുടെ ചിന്ത അല്ലാഹു തങ്ങളെ സര്‍വോല്‍കൃഷ്ടരായി തെരഞ്ഞെടുത്തിരിക്കുന്നു, ഭൂമിയിലുള്ളവരെയും അതിലെ വസ്തുക്കളെയും അധീനപ്പെടുത്താന്‍ അവൻ അനുവദിച്ചിരിക്കുന്നു എന്നതുമാത്രമാണ്.
ഇങ്ങനെയാണ് അവര്‍ ജീവിച്ചുപോന്നത്, ഇപ്പോഴും ജീവിച്ചുകൊണ്ടിരിക്കുന്നത്.
മക്കയിലെ പീഡനങ്ങളില്‍നിന്ന് രക്ഷപ്പെടാനായി ഇസ് ലാം മദീനയിലെത്തിയപ്പോള്‍ ഇതായിരുന്നു അവിടത്തെ യഹൂദികളുടെ അവസ്ഥ. സമ്പന്നവും ശക്തവും ഭദ്രവുമായ ഫലഭൂയിഷ്ഠ ഭൂനിലങ്ങളില്‍ കഴിയുന്ന ഒരു ജനത. അവര്‍ അവിടെ പുതിയ ചരിത്രമെഴുതി. വിശാലമായ താല്‍പര്യങ്ങള്‍ അവര്‍ക്ക് കൂട്ടുണ്ടായിരുന്നു. അറബികളുടെ ഭിന്നതയും വിഗ്രഹാരാധനയും അവര്‍ ചൂഷണം ചെയ്തു. സമ്പത്തുക്കള്‍ വളര്‍ത്തിയെടുത്തു.

ഇസ്‌ലാം വന്നപ്പോള്‍
നീതിയുടെ മതമായ ഇസ് ലാം യഹൂദികള്‍ക്കു മുമ്പാകെ അവര്‍ക്ക് നിരാകരിക്കാന്‍ പറ്റാത്ത താഴെ നിര്‍ദേശം സമര്‍പ്പിച്ചു: 'ഞങ്ങള്‍ മതസ്വാതന്ത്ര്യം അംഗീകരിക്കുന്നു. ബുദ്ധിയുടെയും മനഃസാക്ഷിയുടെയും ആവിഷ്‌കാരങ്ങളെ ബഹുമാനിക്കുന്നു. ഏതൊരാള്‍ക്കും അയാള്‍ ഇഷ്ടപ്പെടുന്ന മതം സ്വീകരിക്കാം, ആചരിക്കാം, അയാള്‍ ഉദ്ദേശിക്കുന്ന കാലമത്രയും അങ്ങനെ തുടരാം. നമുക്കും നിങ്ങള്‍ക്കും മദീനയില്‍ അയല്‍ക്കാരായി ഒത്തു കഴിയാം. അയല്‍പക്ക ബാധ്യതകളും അവകാശങ്ങളും ഒരുപോലെ കാത്തു പരിപാലിക്കാം. നമ്മെ ചേര്‍ത്തു പിടിക്കുകയും നമുക്ക് അഭയം തരികയും ചെയ്ത, നമുക്ക് പങ്കാളിത്ത താല്‍പര്യങ്ങളുള്ള നമ്മുടെ ദേശം എന്ന നിലയില്‍ മദീനക്കെതിരെ പുറമെ നിന്നുണ്ടാകാവുന്ന ആക്രമണങ്ങളെ നമുക്ക് ഒന്നിച്ചു ചേര്‍ന്ന് ചെറുക്കാം.'

നീതിയിലധിഷ്ഠിതമായിരുന്നതിനാല്‍ മേല്‍ നിര്‍ദേശം സ്വീകരിക്കാതിരിക്കാന്‍ യഹൂദികള്‍ക്ക് നിവൃത്തിയുണ്ടായിരുന്നില്ല. മനമില്ലാ മനസ്സോടെ അവര്‍ അതംഗീകരിച്ചു. ബാഹ്യമായി അവര്‍ അത് സ്വീകരിച്ചു. നാളുകള്‍ അധികം കഴിയുന്നതിനു മുമ്പെ അവരുടെ ഉള്ളിലിരുപ്പ് പുറത്തായി. എങ്ങനെയെന്നോ?

ഖുര്‍ആന്‍ പറയുന്നത്
യഹൂദികളും മുസ്‌ലിംകളും തമ്മിലുള്ള ബന്ധത്തെപ്പറ്റി നാം ചിന്തിച്ചു ഗ്രഹിക്കേണ്ട ചില വസ്തുതകള്‍ ഖുര്‍ആന്‍ അനാവരണം ചെയ്യുന്നുണ്ട്.
യഹൂദികള്‍ ഇസ് ലാമിനെ വെറുത്തു. ഇസ് ലാമിനെ ഒരു രീതിയിലും അവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുമായിരുന്നില്ല. ഇത് വിചിത്രമായ സമീപനമായിരുന്നു. കാരണം ഇസ് ലാം ഏകദൈവവിശ്വാസത്തിലധിഷ്ഠിതമായ മതമാണ്. അതിനെ എതിര്‍ക്കുന്നത് വിഗ്രഹാരാധകരാണ്. യഹൂദികള്‍ക്ക് അല്ലാഹുവിനോട് ആത്മാര്‍ഥമായ കൂറും ഭക്തിയും ഉണ്ടായിരുന്നുവെങ്കില്‍, പാരമ്പര്യമായി അവര്‍ കൈമാറിപ്പോന്ന അധ്യാപനങ്ങളോട് അവര്‍ക്ക് ആദരവുണ്ടായിരുന്നുവെങ്കില്‍, ബഹുദൈവത്വത്തേക്കാള്‍ ഇസ് ലാമിനാണ് ഞങ്ങളോട് അടുപ്പമെന്നും വിഗ്രഹാരാധനയെക്കാള്‍ അല്ലാഹുവിനുള്ള ഇബാദത്താണ് ഞങ്ങളുടെ മതവുമായി പൊരുത്തപ്പെടുകയെന്നും അവര്‍ പറയുമായിരുന്നു. ഇതെല്ലാം പരിഗണിക്കുമ്പോള്‍ അവര്‍ മുസ് ലിംകളുടെ പക്ഷം ചേരേണ്ടതായിരുന്നു. ചുരുങ്ങിയ പക്ഷം മുസ്്ലിംകള്‍ക്കുവേണ്ടി വാദിക്കുകയെങ്കിലും ചെയ്യേണ്ടതായിരുന്നു. സ്‌നേഹവും വെറുപ്പും ഇല്ലാത്ത നയം സ്വീകരിക്കാമായിരുന്നു. അതേസമയം അവരുടെ മനോഗതം എന്തായിരുന്നു എന്ന് ഖുര്‍ആന്‍ അനാവരണം ചെയ്യുന്നത് കാണുക:
وَدَّ كَثِيرٌ مِّنْ أَهْلِ الْكِتَابِ لَوْ يَرُدُّونَكُم مِّن بَعْدِ إِيمَانِكُمْ كُفَّارًا 
'നിങ്ങള്‍ സത്യവിശ്വാസം സ്വീകരിച്ച ശേഷം നിങ്ങളെ അവിശ്വാസികളാക്കി മാറ്റിയെടുക്കുവാനാണ് വേദക്കാരില്‍ മിക്കവരും ആഗ്രഹിക്കുന്നത്.'
ഏകദൈവവിശ്വാസികള്‍ വിഗ്രഹാരാധകരായ സത്യനിഷേധികളായി മാറണമെന്ന് അവര്‍ ആഗ്രഹിക്കുന്നത് എന്തുകൊണ്ടായിരിക്കണം?
حَسَدًا مِّنْ عِندِ أَنفُسِهِم مِّن بَعْدِ مَا تَبَيَّنَ لَهُمُ الْحَقُّۖ 
'സത്യം വ്യക്തമായി ബോധ്യമായിട്ടും സ്വാര്‍ഥപരമായ അസൂയ നിമിത്തമാണ് (അവരാ നിലപാട് സ്വീകരിക്കുന്നത്) അവരുടെ നേരെ മുസ് ലിംകള്‍ എന്തു നിലപാട് സ്വീകരിക്കണം?
فَاعْفُوا وَاصْفَحُوا حَتَّىٰ يَأْتِيَ اللَّهُ بِأَمْرِهِۗ إِنَّ اللَّهَ عَلَىٰ كُلِّ شَيْءٍ قَدِيرٌ 
'അല്ലാഹു അവന്റെ കല്‍പന കൊണ്ടുവരുന്നതു വരെ നിങ്ങള്‍ പൊറുക്കുകയും ക്ഷമിക്കുകയും ചെയ്യുക. നിസ്സംശയം അല്ലാഹു ഏതു കാര്യത്തിനും കഴിവുള്ളവനത്രെ' (ബഖറ 109).

മറ്റൊരുകാര്യം ഖുര്‍ആന്‍ ഉദ്ധരിക്കുന്നത് ഇങ്ങനെ: ഒരു സംഘം യഹൂദികള്‍ നബി(സ)ക്കും സ്വഹാബികള്‍ക്കുമെതിരെ തിരിച്ചുവിടാനായി മക്കയിലെ ബഹുദൈവവിശ്വാസികളെ ചെന്നു കണ്ടു. മക്കയിലെ നേതാക്കള്‍ യഹൂദി നേതാക്കളോട് ചോദിച്ചു:
'നിങ്ങള്‍ വേദക്കാരാണല്ലോ. ഞങ്ങള്‍ എന്താണ് അംഗീകരിക്കുന്നതെന്നും മുഹമ്മദ് എന്തിലേക്കാണ് ക്ഷണിക്കുന്നതെന്നും നിങ്ങള്‍ക്കറിയാമല്ലോ! ഞങ്ങളാണോ അവനേക്കാള്‍ ഉത്തമര്‍, അതോ, അവര്‍ ഞങ്ങളേക്കാള്‍ ഉത്തമനോ? യഹൂദ നേതാക്കള്‍ പറഞ്ഞു: 'നിങ്ങളാണ് അവനേക്കാള്‍ ഉത്തമരും ശ്രേഷ്ഠരും.'

ഖുര്‍ആന്‍ മേല്‍ ചോദ്യവും ഉത്തരവും ഉദ്ധരിക്കുന്നുണ്ട്. ആ ഉത്തരം വളരെ നിന്ദ്യമായിരുന്നു. ചില യഹൂദ ചരിത്രകാരന്മാര്‍ തന്നെ മേല്‍ മറുപടി ശരിയായില്ലെന്ന പക്ഷക്കാരാണ്. കാരണം ബഹുദൈവത്വ വിശ്വാസത്തെയും വിഗ്രഹാരാധനയെയും ഏകദൈവവിശ്വാസത്തെക്കാള്‍ മഹത്വവല്‍ക്കരിക്കുന്നത് വലിയ പാതകമാണ്. ഇതേക്കുറിച്ച് ഖുര്‍ആന്‍ പറയുന്നത് കാണുക:
أَلَمْ تَرَ إِلَى الَّذِينَ أُوتُوا نَصِيبًا مِّنَ الْكِتَابِ يُؤْمِنُونَ بِالْجِبْتِ وَالطَّاغُوتِ وَيَقُولُونَ لِلَّذِينَ كَفَرُوا هَٰؤُلَاءِ أَهْدَىٰ مِنَ الَّذِينَ آمَنُوا سَبِيلًا . أُولَٰئِكَ الَّذِينَ لَعَنَهُمُ اللَّهُۖ وَمَن يَلْعَنِ اللَّهُ فَلَن تَجِدَ لَهُ نَصِيرًا . أَمْ لَهُمْ نَصِيبٌ مِّنَ الْمُلْكِ فَإِذًا لَّا يُؤْتُونَ النَّاسَ نَقِيرًا . أَمْ يَحْسُدُونَ النَّاسَ عَلَىٰ مَا آتَاهُمُ اللَّهُ مِن فَضْلِهِۖ فَقَدْ آتَيْنَا آلَ إِبْرَاهِيمَ الْكِتَابَ وَالْحِكْمَةَ وَآتَيْنَاهُم مُّلْكًا عَظِيمًا 
'വേദത്തില്‍നിന്ന് ഒരു വിഹിതം നല്‍കപ്പെട്ടവരെ നീ നോക്കിയില്ലെ? അവര്‍ ക്ഷുദ്രവിദ്യകളിലും ദൈവേതര ശക്തിയിലും വിശ്വസിക്കുന്നു. സത്യനിഷേധികളെപ്പറ്റി അവര്‍ പറയുന്നു: ഇക്കൂട്ടരാണ് വിശ്വാസികളെക്കാള്‍ നേര്‍മാര്‍ഗം പ്രാപിച്ചവരെന്ന്. എന്നാല്‍ അവരെയാണ് അല്ലാഹു ശപിച്ചിരിക്കുന്നത്. ഏതൊരുവനെ അല്ലാഹു ശപിക്കുന്നുവോ അവന്ന് ഒരു സഹായിയെയും നീ കണ്ടെത്തുകയില്ല. അതല്ല, ആധിപത്യത്തില്‍ വല്ല വിഹിതവും അവര്‍ക്കുണ്ടോ? എങ്കില്‍ ഒരണുവോളവും അവര്‍ക്ക് മനുഷ്യര്‍ക്ക് നല്‍കുമായിരുന്നില്ല. അതല്ല, അല്ലാഹു അവന്റെ ഔദാര്യത്തില്‍നിന്ന് മറ്റു മനുഷ്യര്‍ക്ക് നല്‍കിയിട്ടുള്ളതിന്റെ പേരില്‍ അവര്‍ അസൂയപ്പെടുകയാണോ? എന്നാല്‍ ഇബ്‌റാഹീം കുടുംബത്തിന് നാം വേദവും ജ്ഞാനവും നല്‍കിയിട്ടുണ്ട്. അവര്‍ക്ക് നാം മഹത്തായ ആധിപത്യവും നല്‍കിയിട്ടുണ്ട്' (അന്നിസാഅ് 51-54)
ഇസ്്ലാമുമായുള്ള ബന്ധങ്ങളിലും ഇടപഴക്കങ്ങളിലും യഹൂദികള്‍ വല്ലാതെ അതിരുകടന്നു. മുസ് ലിംകളുമായുണ്ടാക്കിയ കരാര്‍ പാലിക്കാന്‍ അവര്‍ മുന്‍കൈയെടുക്കേണ്ടവരായിരുന്നു. പക്ഷെ, അവര്‍ ഇസ് ലാമിനെതിരെ കുതന്ത്രങ്ങള്‍ പയറ്റി. 'നാം പക്ഷപാതികളാണെന്ന ധാരണ തിരുത്താനായി നമ്മിലെ ചിലര്‍ ഇസ് ലാമില്‍ പ്രവേശിച്ച് കുറച്ച് നാള്‍ കഴിഞ്ഞ് ജൂതമതത്തിലേക്കു തന്നെ തിരിച്ചു പോരട്ടെ. തിരിച്ചു വന്നിട്ട്, ഇസ്്ലാം നമുക്ക് പറ്റിയ മതമല്ല, പക്ഷപാതികളല്ലാത്ത ഞങ്ങള്‍ അതിനകത്തേക്ക് കടന്നു ചെന്നപ്പോള്‍ അത് മിഥ്യയും വഴികേടുമാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമായി എന്ന് പ്രഖ്യാപിക്കാം.' ഇതായിരുന്നു പദ്ധതി. ഇതേപ്പറ്റി ഖുര്‍ആന്‍ പറയുന്നു:
وَقَالَت طَّائِفَةٌ مِّنْ أَهْلِ الْكِتَابِ آمِنُوا بِالَّذِي أُنزِلَ عَلَى الَّذِينَ آمَنُوا وَجْهَ النَّهَارِ وَاكْفُرُوا آخِرَهُ لَعَلَّهُمْ يَرْجِعُونَ . وَلَا تُؤْمِنُوا إِلَّا لِمَن تَبِعَ دِينَكُمْ قُلْ إِنَّ الْهُدَىٰ هُدَى اللَّهِ أَن يُؤْتَىٰ أَحَدٌ مِّثْلَ مَا أُوتِيتُمْ أَوْ يُحَاجُّوكُمْ عِندَ رَبِّكُمْۗ قُلْ إِنَّ الْفَضْلَ بِيَدِ اللَّهِ يُؤْتِيهِ مَن يَشَاءُۗ وَاللَّهُ وَاسِعٌ عَلِيمٌ . يَخْتَصُّ بِرَحْمَتِهِ مَن يَشَاءُۗ وَاللَّهُ ذُو الْفَضْلِ الْعَظِيمِ 
'വേദക്കാരില്‍ ഒരുവിഭാഗം (സ്വന്തം അനുയായികളോട്) പറഞ്ഞു: ഈ വിശ്വാസികള്‍ക്ക് അവതരിപ്പിക്കപ്പെട്ടതില്‍ പകലിന്റെ ആരംഭത്തില്‍ നിങ്ങള്‍ വിശ്വസിച്ചുകൊള്ളുക. പകലിന്റെ അവസാനത്തില്‍ നിങ്ങള്‍ അത് അവിശ്വസിക്കുകയും ചെയ്യുക. (അതുകണ്ട്) അവര്‍ (വിശ്വാസികള്‍) പന്മാറിയേക്കാം. നിങ്ങളുടെ മതത്തെ പിന്‍പറ്റിയവരെയല്ലാതെ നിങ്ങള്‍ വിശ്വസിച്ചു പോകരുത്. (നബിയേ) പറയുക: (ശരിയായ) മാര്‍ഗദര്‍ശനം അല്ലാഹുവിന്റെ മാര്‍ഗദര്‍ശന മത്രെ. (വേദക്കാരായ) മറ്റാര്‍ക്കെങ്കിലും നല്‍കപ്പെടുമെന്നോ നിങ്ങളുടെ രക്ഷിതാവിന്റെ അടുക്കല്‍ അവരാരെങ്കിലും നിങ്ങളോട് ന്യായവാദം നടത്തുമെന്നോ (നിങ്ങള്‍ വിശ്വസിക്കരുത് എന്നും ആ വേദക്കാര്‍ പറഞ്ഞു) (നബിയേ) പറയുക: തീര്‍ച്ചയായും അനുഗ്രഹം അല്ലാഹുവിന്റെ കൈയിലാകുന്നു. അവനുദ്ദേശിക്കുന്നവര്‍ക്ക് അത് നല്‍കുന്നു. അല്ലാഹു വിപുലമായ കഴിവുള്ളവനും എല്ലാം അറിയുന്നവനുമാകുന്നു. അവനുദ്ദേശിക്കുന്നവരോട് അവന്‍ പ്രത്യേകം കരുണകാണിക്കുന്നു. അല്ലാഹു മഹത്തായ അനുഗ്രഹം ചെയ്യുന്നവനാകുന്നു. (ആലുഇംറാന്‍ 72-74)

മുസ് ലിംകള്‍ ഈ വെല്ലുവിളിയും കുതന്ത്രവും ഗൂഢാലോചനകളും ക്ഷമിച്ചു. യഹൂദികള്‍ പിന്നെയും മുന്നോട്ടു പോയി. പുതിയ വിമര്‍ശനമായി. ഇയാളെന്താ ഞങ്ങളുടെ ഖിബ് ലയെ പിന്‍പറ്റിയിട്ടും ഞങ്ങളുടെ മതം പിന്‍പറ്റാത്തത്?
വിഗ്രഹങ്ങളാല്‍ വലയം ചെയ്ത കഅ്ബയെ ഖിബ്്ലയായി സ്വീകരിക്കാന്‍ പറ്റില്ലെന്ന് നബി(സ)ക്ക് അഭിപ്രായമുണ്ടായിരുന്നു. സ്വന്തമായി ഗ്രന്ഥമുള്ള നബി എന്ന നിലയിലും ഏകദൈവവിശ്വാസി എന്ന നിലയിലും വിഗ്രഹങ്ങളെ നിരാകരിക്കുന്നയാള്‍ എന്ന രീതിയിലും അവിടുന്ന് ബൈത്തുല്‍ മുഖദ്ദസിലേക്ക് തിരിഞ്ഞ് നമസ്‌കരിച്ചു. അദ്ദേഹവും സ്വഹാബികളും മദിനയിലേക്ക് പലായനം ചെയ്തപ്പോഴും അതേനില തുടര്‍ന്നു. ഇതും യഹൂദികളെ പ്രയാസപ്പെടുത്തി. അവര്‍ ചോദിച്ചു: ഇദ്ദേഹം ഞങ്ങളുടെ ഖിബ്്ലയിലേക്ക് തിരിഞ്ഞ് നമസ്‌കരിച്ചിട്ടും ഞങ്ങളുടെ മതം സ്വീകരിക്കാത്തതെന്ത്?
മസ്ജിദുല്‍ അഖ്‌സ്വക്കു പകരം മറ്റേതെങ്കിലും ഖിബ്്ല നിശ്ചയിച്ചു തരാന്‍ നബി(സ) അല്ലാഹുവോട് തീക്ഷ്ണമായി പ്രാര്‍ഥിച്ചു. പുതിയ ഉത്തരവ് വരുന്നതും പ്രതീക്ഷിച്ച് അവിടുന്ന് ആകാശത്തേക്ക് കണ്ണുകളയച്ചു. ഇതേക്കുറിച്ച് ഖുര്‍ആന്‍ പറയുന്നു:
قَدْ نَرَىٰ تَقَلُّبَ وَجْهِكَ فِي السَّمَاءِۖ فَلَنُوَلِّيَنَّكَ قِبْلَةً تَرْضَاهَاۚ فَوَلِّ وَجْهَكَ شَطْرَ الْمَسْجِدِ الْحَرَامِۚ وَحَيْثُ مَا كُنتُمْ فَوَلُّوا وُجُوهَكُمْ شَطْرَهُۗ وَإِنَّ الَّذِينَ أُوتُوا الْكِتَابَ لَيَعْلَمُونَ أَنَّهُ الْحَقُّ مِن رَّبِّهِمْۗ وَمَا اللَّهُ بِغَافِلٍ عَمَّا يَعْمَلُونَ
(നബിയേ) നിന്റെ മുഖം ആകാശത്തേക്ക് തിരിഞ്ഞുകൊണ്ടിരിക്കുന്നത് നാം കാണുന്നുണ്ട്. അതിനാല്‍ നിനക്കിഷ്ടപ്പെടമാകുന്ന ഒരു ഖിബ് ലയിലേക്ക് നിന്നെ നാം തിരിക്കുകയാണ്. ഇനി മേല്‍ നീ നിന്റെ മുഖം മസ്ജിദുല്‍ ഹറാമിന്റെ നേര്‍ക്ക് തിരിക്കുക. നിങ്ങള്‍ എവിടെയായിരുന്നാലും അതിന്റെ നേര്‍ക്കാണ് നിങ്ങള്‍ മുഖംതിരിക്കേണ്ടത്. വേദം നല്‍കപ്പെട്ടവര്‍ക്ക് ഇത് തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള സത്യമാണെന്ന് നന്നായി അറിയാം. അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റിയൊന്നും അല്ലാഹു അശ്രദ്ധനല്ല' (ബഖറ 144)
ഖിബ്്ല മാറ്റത്തെക്കുറിച്ച് ശത്രുതാപരമായും വെല്ലുവിളിയുടെ രീതിയിലും യഹൂദികള്‍ സംസാരിച്ചപ്പോള്‍ ഖുര്‍ആന്‍ അവരോട് പറഞ്ഞു: ആത്മാവ് ഉള്‍ക്കൊള്ളാതെ രൂപങ്ങളില്‍ കടിച്ചു തൂങ്ങുക എന്നത് വിലകുറഞ്ഞ മനുഷ്യരുടെ രീതിയാണ്. അല്ലാഹുവിങ്കല്‍ കിഴക്കിനോ പടിഞ്ഞാറിനോ തെക്കിനോ വടക്കിനോ പ്രത്യേകിച്ച് പ്രസക്തിയില്ല. അതിനപ്പുറമാണ് കാര്യം. അല്ലാഹു മനുഷ്യനെ തന്നിലേക്കടുപ്പിച്ചു നിറുത്തുക സത്യസന്ധമായ വിശ്വാസ ദാര്‍ഢ്യവും സല്‍സ്വഭാവവും നേടുമ്പോഴും ജനങ്ങളുമായി നല്ല രീതിയില്‍ സഹകരിക്കുമ്പോഴും ദുരിതങ്ങളിലും പ്രയാസങ്ങളിലും ക്ഷമിക്കുമ്പോഴും തന്റെ രക്ഷിതാവിനോടുള്ള കടമകള്‍ നിര്‍വഹിക്കുമ്പോഴും അവനുവേണ്ടി നമസ്‌കരിക്കുകയും നോമ്പനുഷ്ഠിക്കുകയും സകാത്ത് നല്‍കുകയും അതിനുപുറമെയും സമ്പത്ത് വിനിയോഗിക്കുമ്പോഴുമാണ്. എന്നാല്‍ ഇതെല്ലാം മാറ്റി നിറുത്തിയുള്ള മതത്തിന്റെ ബാഹ്യരൂപഭാവങ്ങള്‍ക്ക് യാതൊരു മൂല്യവുമില്ല. ഖിബ് ല ബൈത്തുല്‍ മുഖദ്ദസോ കഅ്ബയോ എന്നതുമായി മതത്തിന് എന്ത് ബന്ധം? ഖിബ് ല എന്നത് ഒരു പ്രതീകം മാത്രമാണ്
لَّيْسَ الْبِرَّ أَن تُوَلُّوا وُجُوهَكُمْ قِبَلَ الْمَشْرِقِ وَالْمَغْرِبِ
'നിങ്ങള്‍ നിങ്ങളുടെ മഖങ്ങളെ കിഴക്കോട്ടോ പടിഞ്ഞാറോട്ടോ തിരിക്കുക എന്നതല്ല പുണ്യം' (ബഖറ 177).
പിന്നെയോ? ആറു കാര്യങ്ങളാണ് പുണ്യം.
وَلَٰكِنَّ الْبِرَّ مَنْ آمَنَ بِاللَّهِ وَالْيَوْمِ الْآخِرِ وَالْمَلَائِكَةِ وَالْكِتَابِ وَالنَّبِيِّينَ وَآتَى الْمَالَ عَلَىٰ حُبِّهِ ذَوِي الْقُرْبَىٰ وَالْيَتَامَىٰ وَالْمَسَاكِينَ وَابْنَ السَّبِيلِ وَالسَّائِلِينَ وَفِي الرِّقَابِ وَأَقَامَ الصَّلَاةَ وَآتَى الزَّكَاةَ وَالْمُوفُونَ بِعَهْدِهِمْ إِذَا عَاهَدُواۖ وَالصَّابِرِينَ فِي الْبَأْسَاءِ وَالضَّرَّاءِ وَحِينَ الْبَأْسِۗ أُولَٰئِكَ الَّذِينَ صَدَقُواۖ وَأُولَٰئِكَ هُمُ الْمُتَّقُونَ
'നിങ്ങളുടെ മുഖങ്ങള്‍ കിഴക്കോട്ടോ പടിഞ്ഞാറോട്ടോ തിരിക്കുക എന്നതല്ല പുണ്യം. എന്നാല്‍ അല്ലാഹുവിലും അന്ത്യദിനത്തിലും മലക്കുകളിലും വേദഗ്രന്ഥത്തിലും നബിമാരിലും വിശ്വസിക്കുകയും സ്വത്തിനോട് പ്രിയമുണ്ടായിട്ടും അത് ബന്ധുക്കള്‍ക്കും അനാഥകള്‍ക്കും അഗതികള്‍ക്കും വഴിപോക്കനും ചോദിച്ചു വരുന്നവര്‍ക്കും അടിമമോചനത്തിനും നല്‍കുകയും പ്രാര്‍ഥന (നമസ്‌കാരം) മുറപ്രകാരം നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും കരാറിലേര്‍പ്പെട്ടാല്‍ അത് നിറവേറ്റുകയും വിഷമതകളും ദുരിതങ്ങളും നേരിടുമ്പോഴും യുദ്ധരംഗത്തും ക്ഷമകൈക്കൊള്ളുകയും ചെയ്തവരാരോ അവരാകുന്നു പുണ്യവാന്മാര്‍. അവരാകുന്നു സത്യംപാലിച്ചവര്‍. അവര്‍ തന്നെയാകുന്നു (ദോഷബാധയെ) സൂക്ഷിച്ചവര്‍' (ബഖറ 177).

യഹൂദികള്‍ വെല്ലുവിളി തുടരുന്നു
യഹൂദികള്‍ വെല്ലുവിളി തുടര്‍ന്നു. ബൈത്തുല്‍ മുഖദ്ദസിനെയും മസ്ജിദുല്‍ ഹറാമിനെയും മുന്‍നിറുത്തി ഖിബ് ല മാറ്റവുമായി ബന്ധപ്പെട്ട് ചര്‍ച്ചയും തര്‍ക്കവുമെല്ലാം നടന്നത് ശഅ്ബാന്‍ മാസത്തിലായിരുന്നു. റമദാനില്‍ ബദ് ര്‍ യുദ്ധം നടന്നു. ബദ്‌റില്‍ മുസ് ലിംകള്‍ ജേതാക്കളായപ്പോള്‍ മുസ് ലിംകളോടായി അവര്‍ പറഞ്ഞു:
'യുദ്ധം ചെയ്യാനറിയാത്ത ഒരു ജനതയെ തോല്‍പിച്ചെന്നു കരുതി നിങ്ങള്‍ ഞെളിയുകയൊന്നും വേണ്ട. ഞങ്ങളുമായി ഏറ്റുമുട്ടിയാല്‍ ഞങ്ങള്‍ ആരാണെന്ന് നിങ്ങള്‍ വിവരമറിയും.'

ഇത്തരം വെല്ലുവിളികള്‍ അപൂര്‍വമായിരുന്നു. യഹൂദ കവികള്‍ ബദ്‌റില്‍ വധിക്കപ്പെട്ട ഖുറൈശികളുടെ പേരില്‍ അനുശോചന കവിതകള്‍ പാടുകവരെയുണ്ടായി.
ഇത് വിചിത്രമായ പെരുമാറ്റമായിരുന്നു. നബി(സ)യും യഹൂദികളും തമ്മിലുണ്ടാക്കിയ കരാര്‍ കടലാസിലെ മഷി മാത്രമായി അവശേഷിച്ചു.

മദീനയിലെ യഹൂദികള്‍ ഇവ്വിധമാണ് മുസ് ലിംകളോട് പെരുമാറിയത് എന്നിരിക്കെ മുസ് ലിംകള്‍ കരാര്‍പാലിച്ചിരിക്കണം എന്നു പറയുന്നത് ദൗര്‍ബല്യമാകുമായിരുന്നു.
ഇതെല്ലാമായിട്ടും നബി(സ)യും സ്വഹാബികളും ക്ഷമിച്ചു തന്നെ മുന്നോട്ടു പോയി. അതിനിടെ ഒരു മുസ് ലിം വനിത ഒരു ആഭരണം വാങ്ങാനായി ബനൂഖൈനുഖാഇന്റെ ചന്തയിലേക്ക് പോയി. സ്വര്‍ണ വ്യാപാരിയായ യഹൂദി യുവതിയെ പരിഹസിച്ചു. അവരുടെ വസ്ത്രത്തിന്റെ അറ്റത്ത് ഒരു മുള്ളുകൊളുത്തി. അവര്‍ എഴുന്നേറ്റതോടെ വസ്ത്രം നീങ്ങി അവരുടെ നഗ്നത വെളിപ്പെട്ടു. അവര്‍ അട്ടഹസിച്ചു. ഇത് ഒരു മുസ് ലിമിന്റെ ശ്രദ്ധയില്‍പെട്ടു. അദ്ദേഹം യഹൂദിയെ വധിച്ചു. യഹൂദികള്‍ അദ്ദേഹത്തെ വധിച്ചുകളഞ്ഞു. വിവരം അറിഞ്ഞ നബി(സ) സൈന്യത്തെ തയാറാക്കി. ബനൂഖൈനുഖാഇനെയും അവരുടെ വിപണിയെയും ആക്രമിച്ചു. ഉപരോധത്തിലാക്കി അവരെ മദീന വിട്ടുപോകാന്‍ നിര്‍ബന്ധിച്ചു.

മുസ്‌ലിംകളുടെ ഈ നടപടിയിലെവിടെയെങ്കിലും ശത്രുതയുടെ ഗന്ധം മണക്കുന്നുണ്ടോ? ഇല്ല!. മുസ് ലിംകള്‍ എത്രയോ ക്ഷമിച്ചു. ഇനിയും മൗനം ഭജിക്കാന്‍ പറ്റാത്ത അവസ്ഥയായി. തിരിച്ചടിക്കാന്‍ കഴിയാത്തവിധം ഝടുതിയിലും ഓര്‍ക്കാപ്പുറത്തുമായി മുസ് ലിംകള്‍ ബനൂഖൈനുഖാഇനെ പാഠം പഠിപ്പിച്ചു. അവര്‍ക്ക് ഒന്നിനും കഴിഞ്ഞില്ല. നബി(സ)യുടെ മാത്രമായ സൈനിക മികവ് ലക്ഷ്യം കണ്ടതായി മേല്‍സംഭവം. നബി(സ) തല്‍ക്കാലം അവിടംകൊണ്ടു നിര്‍ത്തി.

ഖുറൈശികളാകട്ടെ, നടന്ന സംഭവങ്ങളില്‍നിന്ന് ഒന്നും പഠിക്കാന്‍ തയാറായില്ല. ബനുന്നദീറിലെ യഹൂദികള്‍ നബി(സ) വധിക്കാന്‍ ഗൂഢാലോചന നടത്തി. നിലവിലെ കരാറുമായി ബന്ധപ്പെട്ട് സംസാരിക്കാനായി നബി(സ) അവിടെ എത്തിയപ്പോള്‍ അത് വധാവസരമായി ഉപയോഗിക്കാന്‍ അവര്‍ തീരുമാനിച്ചു. ബനുന്നദീര്‍ ഗോത്ര നേതാക്കളുമായി സംസാരിക്കുന്നതിനിടെ വീടിന്റെ മുകളില്‍നിന്ന് കല്ലുവീഴ്ത്തിക്കൊല്ലാനായിരുന്നു പദ്ധതി.

യഹൂദികളുടെ ചലനങ്ങളിലും പെരുമാറ്റങ്ങളിലും അസ്വാഭാവികത തോന്നിയ നബി(സ) മദീനയിലേക്ക് തിരിച്ചു. യഹൂദികളുടെ ദുരുദ്ദേശ്യത്തെക്കുറിച്ച് സ്വഹാബികളുമായി സംസാരിച്ചു. സൈന്യത്തെ തയാറാക്കി അവരെ നേരിടാനായി പുറപ്പെട്ടു. ബനുന്നദീറുകാരെ ഉപരോധിച്ചു. അവരുടെ കോട്ടകള്‍ തകര്‍ത്തു, കൃഷിയിടങ്ങള്‍ കത്തിച്ചു. അല്ലാഹുവിന്റെ വിധി പ്രകാരം അവരെ കോട്ടകളില്‍നിന്ന് പുറത്തിറക്കി. ബനൂഖൈനുഖാഇനെപ്പോലെ മദീന വിട്ടുപോകാന്‍ ബനുന്നദീറും നിര്‍ബന്ധിതരായി.
മദീനയില്‍ പിന്നെ ബാക്കിയുണ്ടായിരുന്ന ബനൂഖുറൈള ഈ അനുഭവങ്ങളില്‍നിന്ന് പാഠം പഠിക്കേണ്ടതായിരുന്നു. ബനുന്നദീര്‍ നേതാവ് ഹുയയ്യുബ്‌നു അഖ്ത്വബിനോട് ബനൂഖുറൈള നേതാവ് കഅ്ബ് പറഞ്ഞു: 'ഹുയയ്യ്! നീ എന്റെ മുമ്പില്‍ നിന്നു പോകണം. നിങ്ങള്‍ മുഹമ്മദിനെ ചതിച്ചു. അതുകൊണ്ടാണ് നിങ്ങള്‍ക്ക് ഈ ഗതിവന്നത്. മുഹമ്മദ് പുണ്യവാനും കരാര്‍ പാലിക്കുന്നവനുമാകുന്നു. കഅ്ബ് വാതില്‍ തുറക്കാനോ ഹുയയ്യിനെ കാണാനോ കൂട്ടാക്കിയില്ല. ഹുയയ്യ് വാതിലില്‍ മുട്ടിക്കൊണ്ടിരുന്നു. അയാള്‍ പറഞ്ഞു: 'എടോ വിഡ്ഢി! ഞാന്‍ ദുന്‍യാവിലെ പ്രതാപവുമായാണ് വന്നിരിക്കുന്നത്. മൊത്തം അറബികളെയും കൊണ്ടാണ് ഞാന്‍ വന്നിരിക്കുന്നത്. അവര്‍ മദീനയെ ഉപരോധിച്ചു കഴിഞ്ഞു. മുഹമ്മദിനെയും അനുയായികളെയും വകവരുത്തിക്കഴിഞ്ഞെ അവര്‍ പോവുകയുള്ളൂ.' ഇതുകേട്ടതോടെ കഅ്ബ് മാറിച്ചിന്തിച്ചു. മുഹമ്മദ് നബി(സ) കരാർ പൂർണമായി പാലിച്ചു എന്നു ബോധ്യമായിട്ടും ഇസ് ലാമിനെ തകര്‍ക്കാന്‍ കച്ചകെട്ടി ഇറങ്ങിയ സഖ്യസേനയില്‍, ബനൂഖുറൈളയും കക്ഷിയായി.
يَا أَيُّهَا الَّذِينَ آمَنُوا اذْكُرُوا نِعْمَةَ اللَّهِ عَلَيْكُمْ إِذْ جَاءَتْكُمْ جُنُودٌ فَأَرْسَلْنَا عَلَيْهِمْ رِيحًا وَجُنُودًا لَّمْ تَرَوْهَاۚ وَكَانَ اللَّهُ بِمَا تَعْمَلُونَ بَصِيرًا . إِذْ جَاءُوكُم مِّن فَوْقِكُمْ وَمِنْ أَسْفَلَ مِنكُمْ وَإِذْ زَاغَتِ الْأَبْصَارُ وَبَلَغَتِ الْقُلُوبُ الْحَنَاجِرَ وَتَظُنُّونَ بِاللَّهِ الظُّنُونَا . هُنَالِكَ ابْتُلِيَ الْمُؤْمِنُونَ وَزُلْزِلُوا زِلْزَالًا شَدِيدًا
'സത്യവിശ്വാസികളേ, നിങ്ങളുടെ അടുത്ത് കുറെ സൈന്യങ്ങള്‍ വരികയും, അപ്പോള്‍ അവരുടെ നേരെ നാം ഒരു കാറ്റും നിങ്ങള്‍ കാണാത്ത സൈന്യങ്ങളെയും അയക്കുകയും ചെയ്ത സന്ദര്‍ഭത്തില്‍ അല്ലാഹു നിങ്ങള്‍ക്ക് ചെയ്തുതന്ന അനുഗ്രഹം നിങ്ങള്‍ ഓര്‍മിക്കുക. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത് കണ്ടറിയുന്നവനാകുന്നു. നിങ്ങളുടെ മുകള്‍ഭാഗത്തുകൂടിയും നിങ്ങളുടെ താഴ്ഭാഗത്തുകൂടിയും അവര്‍ നിങ്ങളുടെ അടുക്കല്‍ വന്ന സന്ദര്‍ഭം. ദൃഷ്ടികള്‍ തെന്നിപ്പോവുകയും ഹൃദയങ്ങള്‍ തൊണ്ടകളിലെത്തുകയും നിങ്ങള്‍ അല്ലാഹുവെപ്പറ്റി പലധാരണകളും ധരിച്ചുപോവുകയും ചെയ്തിരുന്ന സന്ദര്‍ഭം. അവിടെ വെച്ച് വിശ്വാസികള്‍ പരീക്ഷിക്കപ്പെടുകയും അവര്‍ കിടുകിടെ വിറപ്പിക്കപ്പെടുകയും ചെയ്തു.' (അഹ്‌സാബ് 9-11).

ഈ സന്ദിഗ്ധ ഘട്ടത്തില്‍ യഹൂദികള്‍ അക്രമികള്‍ക്കൊപ്പം ചേര്‍ന്നു. യുദ്ധത്തില്‍ മുസ് ലിംകള്‍ക്ക് അപ്രതീക്ഷിത വിജയം കൈവന്നു. വിജയിച്ച ഘട്ടത്തില്‍ സ്വാഭാവികമായും ഖുറൈശികളെയും ഗ്രാമീണ അറബികളെയും പിന്തുടരാതെ ചതിയന്മാരായ ബനൂഖുറൈളയെ പാഠംപഠിപ്പിക്കാനായി നബി(സ) പുറപ്പെടുകയായിരുന്നു. അതൊടുവില്‍ ബനൂഖുറൈള ഗോത്രജരുടെ ഗളച്ഛേദത്തിലാണ് അവസാനിച്ചത്.
ബനൂഖുറൈളയുടെ നിഷ്‌കാസനത്തോടെ മദീനയില്‍ യഹൂദികളുടെ ശല്യം അവസാനിച്ചു. പിന്നീട് ഖൈബറില്‍നിന്ന് ചില ശ്രമങ്ങളുണ്ടായപ്പോള്‍ അവിടത്തെയും യഹൂദ സൈനിക സാന്നിധ്യത്തെ തുടച്ചു നീക്കുകയുണ്ടായി. അങ്ങനെ, സായുധ സജ്ജരായ യഹൂദഗോത്രങ്ങള്‍ക്കെതിരെ തുടരെത്തുടരെ നടന്ന നാലു യുദ്ധങ്ങളിലൂടെ അവരുടെ സാന്നിധ്യം മദീനയില്‍നിന്നു തുരത്തി. മുസ് ലിംകള്‍ വിജയക്കൊടി പാറിച്ചു.
ഇവിടെ ഓറിയന്റലിസ്റ്റുകളുടെയും സുവിശേഷകരുടെയും ഭാഗത്ത് നിന്ന് ചോദ്യങ്ങളുയരാം. എന്തിനായിരുന്നു ഈ യുദ്ധങ്ങള്‍? അത് മതപരമായ യുദ്ധങ്ങളായിരുന്നില്ലെ?

മറുപടി: ആ യുദ്ധങ്ങള്‍ ആധുനിക കാലത്ത് നാം മനസ്സിലാക്കുന്ന തരത്തിലുള്ള മതപരമായ യുദ്ധങ്ങളായിരുന്നില്ല, തീര്‍ത്തും, സൈനികവും രാഷ്ട്രീയവുമായ ഇടപെടലുകളായിരുന്നു.

യഹൂദികള്‍ മദീനയില്‍ കഴിയുന്നതിന് മുസ് ലിംകള്‍ക്ക് യാതൊരു വിരോധവുമുണ്ടായിരുന്നില്ല. മാന്യതയുടെയും കരാര്‍ പാലനത്തിന്റെയും പരിധികളില്‍ ഒതുങ്ങി ജീവിക്കാന്‍ അവര്‍ തയാറായിരുന്നുവെങ്കില്‍ അവര്‍ അവിടെനിന്ന് പുറത്താക്കപ്പെടുകയോ ഭയപ്പെടുത്തപ്പെടുകയോ ചെയ്യുമായിരുന്നില്ല. തങ്ങളുടെ സൈനികശക്തിയിലൂടെ ഇസ് ലാമിനെ തുടച്ചു നീക്കാന്‍ കഴിയുമെന്ന് അഹങ്കരിച്ചപ്പോള്‍ നേരത്തെ വിശദീകരിച്ചതുപോലെ ഇസ് ലാം അവരെ കൈകാര്യം ചെയ്യുകയായിരുന്നു. ഇസ് ലാം അവരുടെ നഖങ്ങള്‍ പറിച്ചെടുക്കുകയും അവരുടെ തേറ്റകള്‍ പിഴുതെടുക്കുകയും അവരെ നിരായുധീകരിക്കുകയും ചെയ്തശേഷം മതം പിന്‍പറ്റി മദീനയില്‍ കഴിയാന്‍ ഇസ് ലാം അവരെ അനുവദിക്കുകയുണ്ടായി. മുസ് ലിംകള്‍ അവരോട് നല്ലനിലയില്‍ സഹവര്‍ത്തിത്വത്തിലേര്‍പ്പെടുകയുമുണ്ടായി.

ഇമാം ബുഖാരി തന്റെ 'അല്‍ അദബുല്‍ മുഫ്‌റദി'ല്‍ ഉദ്ധരിച്ചത് കാണുക:
عن عبد الله بن عمرو ، أنه ذبحت له شاة ، فجعل يقول لغلامه : أهديت لجارنا اليهودي ؟ أهديت لجارنا اليهودي ؟ سمعت رسول الله صلى الله عليه وسلم يقول : " ما زال جبريل يوصيني بالجار حتى ظننت أنه سيورثه
അബ്ദ്ദുല്ലാഹിബ്‌നു അംറില്‍നിന്ന് നിവേദനം: ഒരിക്കല്‍ അദ്ദേഹത്തിനു വേണ്ടി ഒരു ആടിനെ അറുത്തു. അപ്പോള്‍ അദ്ദേഹം തന്റെ വേലക്കാരനോടായി പറഞ്ഞു: 'നീ നമ്മുടെ അയല്‍വാസിയായ യഹൂദിക്ക് മാംസം നല്‍കിയോ? നീ നമ്മുടെ അയല്‍വാസിയായ യഹൂദിക്ക് മാംസം നല്‍കിയോ? ജിബ് രീല്‍ എന്നെ അയല്‍വാസിയുടെ വിഷയത്തില്‍ ഉപദേശിച്ചു കൊണ്ടേയിരുന്നു. എത്രത്തോളമെന്നാല്‍ ജിബ്്രീല്‍ അയല്‍വാസിക്ക് അനന്തരാവകാശം വിധിക്കുമെന്ന് വരെ ഞാന്‍ വിചാരിച്ചുപോയി.'1

ഇത്തരം ന്യൂനപക്ഷങ്ങള്‍ ശക്തിഹീനരും ദ്രോഹവൃത്തികളില്‍നിന്ന് മാറിനില്‍ക്കുന്നവരും ആര്‍ക്കുമെതിരെ കുതന്ത്രങ്ങള്‍ നടത്താതിരിക്കുന്നവരും തങ്ങളുടെ മതമനുസരിച്ച് ജീവിക്കാന്‍ തയാറുള്ളവരുമാണെങ്കില്‍ ഇസ് ലാം അവരുടെ ഒരു കാര്യത്തിലും ഇടപെടുന്ന പ്രശ്‌നമില്ല.

ഇസ് ലാം ചതിയും ഗൂഢാലോചനകളെയും തരംതാണ നടപടികളെയും വെറുക്കുന്നു.
മുസ്‌ലിംകള്‍ ഭൂരിപക്ഷമുള്ള, മുസ് ലിം ഭരണകൂടം നിലവിലുള്ള ഒരു രാജ്യത്തിന്റെ ഭരണാധികാരിയായ പ്രഥമ പൗരന്‍ അവിടത്തെ ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ട ഒരാളോട് വല്ലതും വാങ്ങുമ്പോള്‍ 'ഞാന്‍ നിങ്ങള്‍ക്ക് വിലയ്‌ക്കോ പണയത്തിനോ മാത്രമേ തരികയുള്ളൂ' എന്നു പറയുന്ന അനുഭവം ചരിത്രത്തില്‍ എവിടെയെങ്കിലും ഉണ്ടാകാനിടയില്ല. മദീനയില്‍ അങ്ങനെ ഒരനുഭവമുണ്ടായി.

തന്റെ വിയോഗത്തിനു തൊട്ടുമുമ്പായി നബി (സ) മദീനയിലെ ഒരു യഹൂദിയോട് ഒരു സാധനം ആവശ്യപ്പെടുന്നു. നബി(സ) അന്ന് അറേബ്യയിലെ ഭരണ നായകനാണ്. ഇസ് ലാമിക സൈന്യം റോമിനെ പരാജയപ്പെടുത്തിയ, പേര്‍ഷ്യയെ ഭയപ്പെടുത്തിയ, യഹൂദ സൈനിക ശക്തി ചളിയില്‍ പൂണ്ട, മക്കയിലെ ശത്രുക്കള്‍ ദുര്‍ബലരായി സന്ധിക്ക് വന്ന കാലം.

ഇത്തരമൊരു ഭരണത്തിന്റെ നായകനായ മുഹമ്മദ് നബിയുടെ ഭരണത്തിനു കീഴില്‍ ജീവിക്കുന്ന യഹൂദി തന്റെ ജീവന്റെയും അഭിമാനത്തിന്റെയും സമ്പത്തിന്റെയും സന്തതികളുടെയും സ്വാതന്ത്ര്യത്തിന്റെയും കാര്യത്തില്‍ പൂര്‍ണ സംതൃപ്തിയോടെ ജീവിക്കുമ്പോഴും 'ഞാന്‍ നിങ്ങള്‍ക്ക് വല്ലതും തരണമെങ്കില്‍ വല്ലതും പണയവസ്തുവായി തരണം.' എന്നു പറയുന്നു. ഇതുപ്രകാരം നബി(സ) തന്റെ പടയങ്കി യഹൂദിക്ക് പണമായി നല്‍കുന്നു.

നബിപത്‌നി ആഇശ(റ) പറയുന്നു:
أنَّ النبيَّ صَلَّى اللهُ عليه وسلَّمَ اشْتَرَى طَعَامًا مِن يَهُودِيٍّ إلى أجَلٍ، ورَهَنَهُ دِرْعًا مِن حَدِيدٍ
'നബി(സ) ഒരു ഇരുമ്പു പടയങ്കി ഒരു യഹൂദന് പണയമായി നല്‍കി അയാളില്‍നിന്ന് ഭക്ഷണം വാങ്ങുകയുണ്ടായി' (ബുഖാരി)
ആഇശ(റ) തന്നെ ഉദ്ധരിക്കുന്ന മറ്റൊരു നബിവചനം ഇങ്ങനെ:
تُوُفِّيَ رَسولُ اللَّهِ صَلَّى اللهُ عليه وسلَّمَ ودِرْعُهُ مَرْهُونَةٌ عِنْدَ يَهُودِيٍّ، بثَلَاثِينَ صَاعًا مِن شَعِيرٍ
'നബി(സ) മരിച്ചപ്പോള്‍ അവിടുത്തെ പടയങ്കി ഒരു യഹൂദിയുടെ അടുത്ത് മുപ്പത് സ്വാഅ് ബാര്‍ലിക്ക് പണയത്തിലായിരുന്നു' (ബുഖാരി)

ബഹുസ്വര സമൂഹത്തിലെ ബന്ധങ്ങളും ഇടപാടുകളും എങ്ങനെയായിരിക്കണമെന്നതിനെപ്പറ്റി ജനങ്ങളെ പഠിപ്പിക്കുകയായിരുന്നു ഇതിലൂടെ നബി(സ). ന്യൂനപക്ഷങ്ങളെ വിലമതിച്ചു കാണണമെന്നും അവരുടെ നന്മകളെ തള്ളിപ്പറയരുതെന്നും അവര്‍ക്കെതിരെ രാത്രി ഗൂഢാലോചന നടത്തരുതെന്നും ശത്രുത കടന്നുവരുന്ന പാലമാകരുതെന്നു മുള്ള ബൃഹത്തായ സന്ദേശമായിരുന്നു ആ പടയങ്കിപ്പണയം.

 ചുരുക്കത്തില്‍ യഹൂദികളുമായി നടന്ന യുദ്ധങ്ങളുടെയൊന്നും ലക്ഷ്യം അവരെ ഇസ് ലാമിലേക്ക് പരിവര്‍ത്തനം ചെയ്യുക എന്നതായിരുന്നില്ല. ഇസ് ലാം ആരെയും ഇസ് ലാം സ്വീകരിക്കാന്‍ നിര്‍ബന്ധിച്ചിട്ടില്ല. നിര്‍ഭയരായ ജീവിക്കുന്നവരെ കടിക്കാന്‍ ഓടിയെത്തുന്ന ചെന്നായ്ക്കളില്‍നിന്ന് തടയുക, യാതൊരു കൂസലുമില്ലാതെ അരാജകത്വം സൃഷ്ടിക്കുന്നവരെ ഭയപ്പെടുത്തുക എന്നതു മാത്രമായിരുന്നു ഇസ് ലാമിന്റെ ലക്ഷ്യം.
എന്നിട്ടും യഹൂദികള്‍ അവരുടെ നീചമായ ശീലങ്ങള്‍ തുടര്‍ന്നുകൊണ്ടിരുന്നു. നബി(സ) ഖൈബറിലെ ഏതാനും ഭൂമി യഹൂദര്‍ക്ക് കൃഷിയാവശ്യത്തിന് വിട്ടുകൊടുത്തിരുന്നു. അതിന്റെ വിഹിതം സ്വീകരിക്കാനായി നബി(സ) നിയോഗിച്ച ഉദ്യോഗസ്ഥന് കൈക്കൂലി കൊടുക്കുവാന്‍ ചില യഹൂദികൾ ശ്രമിക്കുന്നു. തദവസരം നബി(സ)യുടെ പ്രതിനിധി അവരോടായി പറയുന്നു:
يا معشرَ اليهودِ والله إنكم لمن أبغض خلق الله إلي، وما ذاك بحاملي على أن أحيف عليكم، فلمَّا رأي اليهود أمانة الرّجل قالوا له هذا هو العدل به قامَتِ السماواتُ والأرضُ
'യഹൂദസമൂഹമേ! അല്ലാഹുവാണ, തീര്‍ച്ചയായും നിങ്ങള്‍ അല്ലാഹുവിന്റെ സൃഷ്ടികളില്‍ എനിക്ക് ഏറ്റവും വെറുക്കപ്പെട്ടവരാണ് എന്നുവെച്ച് ഞാന്‍ നിങ്ങളോട്

അനീതിചെയ്യുകയില്ല. അദ്ദേഹത്തിന്റെ വിശ്വസ്തത ബോധ്യപ്പെട്ട യഹൂദികള്‍ പറഞ്ഞു: 'ആകാശ ഭൂമികളില്‍ സ്ഥാപിതമായ നീതിയാണിത്' (അല്‍ മഗാസി ലില്‍ വാഖിദി 2/691).
ഉമറുബ്‌നുല്‍ ഖത്ത്വാബിന്റെ ഭരണകാലത്ത് അറേബ്യയില്‍നിന്ന് യഹൂദികളെ അന്തിമമായി നാട് കടത്തേണ്ടി വന്നു. പിന്നെയും യഹൂദികള്‍ ഇസ് ലാമിക ലോകത്ത് താമസിച്ചുവന്നു. ആരും അവരോട് മോശമായി പെരുമാറിയിട്ടില്ല. അവര്‍ മുസ് ലിംകളോട് മോശമായി പെരുമാറുകയെ ഉണ്ടായിട്ടുള്ളൂ.

മുസ്‌ലിം വിരുദ്ധ സാമ്രാജ്യത്വ ഏജന്റുകള്‍
ഇസ് ലാമിക ലോകത്തെ അമുസ്‌ലിംകളെ സാമ്രാജ്യത്വത്തിന്റെയോ സിയോണിസത്തിന്റെയോ ഏജന്റുമാരാക്കി നമ്മുടെ പിറകില്‍ ആഞ്ഞുതറക്കുന്ന കുന്തമായും നമ്മുടെ വാരിയെല്ലുകള്‍ തുളക്കുന്ന ചാട്ടുളിയായും ഉപയോഗപ്പെടുത്താന്‍ ലോകത്തെ ചില ദുഷ്ടശക്തികള്‍ ശ്രമിക്കുന്നുണ്ട്. ഇതേക്കുറിച്ച് മുസ് ലിംകള്‍ അശ്രദ്ധരാവരുത്.

لا يُلدَغُ المؤمنُ من جُحْرٍ مرتين
'ഒരു സത്യവിശ്വാസിക്ക് ഒരു മാളത്തില്‍നിന്ന് രണ്ടുതവണ കടിയേല്‍ക്കുകയില്ല.'
യൂറോപ്പിലും അമേരിക്കയിലും ഇസ് ലാമിനെതിരെ ഗൂഢാലോചനകള്‍ നടന്നിട്ടുണ്ട്. നാം ജാഗരൂകരായില്ലെങ്കില്‍ അവര്‍ നമുക്ക് ദോഷം വരുത്തും.
നബി(സ)യുടെ അധ്യാപനങ്ങളും കഴിഞ്ഞകാല അനുഭവങ്ങളും മുമ്പില്‍വെച്ച് നാം പലതും പഠിക്കേണ്ടതുണ്ട്. ഭൂതകാലത്തില്‍നിന്ന് പാഠം പഠിക്കാത്തവര്‍ക്ക് വര്‍ത്തമാനകാലം പ്രയോജനപ്പെടുകയില്ല, ഭാവികാലം സുരക്ഷ ഉറപ്പാക്കുമെന്ന് തീര്‍ച്ചപ്പെടുകയുമില്ല. ലോകം കണ്ട ഏറ്റവും നല്ല നീതിമാനായിരുന്നു ഖലീഫ ഉമര്‍(റ). തന്നോട് അക്രമപരമായി പ്രവര്‍ത്തിച്ചു എന്നു തോന്നിയതിനാല്‍ ഒരു അഗ്നിയാരാധകന്‍ അദ്ദേഹത്തെ വധിച്ചു കളഞ്ഞു. സുബ്ഹാനല്ലാഹ്! താന്‍ അക്രമിക്കപ്പെട്ടു എന്ന് സത്യമായോ അസത്യമായോ ധരിച്ചുവശായ ഒരാള്‍ വ്യക്തിപരമായി നടത്തിയ കൊലപാതകമായിരുന്നില്ല അത്. അത് യഹൂദികളുടെ ഗൂഢാലോചനയുടെ ഭാഗമായിരുന്നു. കൊലപാതകം നടക്കുന്നതിന്റെ മുമ്പ് ഒരു യഹൂദി ഉമറിനെ സമീപിച്ച് മൂന്നു ദിവസം കഴിഞ്ഞ് നിങ്ങള്‍ വധിക്കപ്പെടുമെന്ന് പറഞ്ഞിട്ടുണ്ട്. ഖുര്‍ആന്‍ ഓതിക്കൊണ്ടിരുന്ന ഉസ്മാന്റെ വധത്തിനു പിന്നില്‍ അബ്ദുല്ലാഹിബ്‌നു സബഅ് എന്ന യഹൂദിയായിരുന്നു. അലി(റ)യുടെ രക്തസാക്ഷ്യവും തഥൈവ.

ഇസ് ലാമിക ചരിത്രത്തിലെ ഏറ്റവും പ്രഗത്ഭമതികളായ ഖലീഫമാരില്‍ മൂന്നുപേരും വധിക്കപ്പെട്ടു. എന്തായിരുന്നു കാരണം? ചരിത്രത്തെ നാം സശ്രദ്ധം പഠിച്ചു വിലയിരുത്തണം. ഇസ് ലാമിനും മുസ് ലിംകള്‍ക്കുമെതിരെ ഒളിഞ്ഞും തെളിഞ്ഞും ഗൂഢാലോചനകള്‍ നടക്കുകയാണ്.

അന്താരാഷ്ട്ര വേദികളിൽ തേന്‍ പുരട്ടിയ വാക്കുകള്‍ കേള്‍ക്കാം, മധുരമൂറുന്ന പ്രഖ്യാപനങ്ങള്‍ കാണാം. എന്നാല്‍ രാത്രിയുടെ മറവില്‍ നടപ്പിലാക്കുന്ന പ്രവൃത്തികളാണ് ഫലത്തില്‍ പ്രയോഗത്തില്‍ വരുന്നത്. അറബികള്‍ക്കും മുസ് ലിംകള്‍ക്കുമെതിരെ ഒന്നാം കുരിശ് യുദ്ധവേളയിൽ യൂറോപ്യരെ ഇളക്കിവിട്ട Pierre L'Ermite (മ.ക്രി: 1115 ജൂലൈ 8)ന്റെ വിഷജ്വാലകള്‍ തന്നെയാണ് യൂറോപ്പിലെ യഹൂദ-ക്രൈസ്തവ നേതാക്കളുടെ ഹൃദയങ്ങളില്‍ ഇപ്പോഴും കത്തിയാളുന്നത്.

ഇതിന്റെ ഉത്തരവാദിത്വം, പക്ഷെ, അവരില്‍ ചുമത്താന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. മുസ് ലിം ഭരണാധികാരികള്‍ക്കും പണ്ഡിതന്മാര്‍ക്കുമാണ് അതിന്റെ ഉത്തരവാദിത്വം. ബാല്‍ സമ്മേളനം പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഒടുവിലാണ് സംഘടിപ്പിക്കപ്പെട്ടതെങ്കിലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തന്നെ അതിന്റെ ജോലികള്‍ നടപ്പാക്കിത്തുടങ്ങിയിരുന്നു.

അന്ന് അവരുടെ സമ്മേളനങ്ങളെയും പ്രവൃത്തികളെയും മുസ് ലിം ലോകം നിസ്സംഗരായി നോക്കി നില്‍ക്കുകയാണുണ്ടായത്. തലമറയ്ക്കാതെ നമസ്‌കരിച്ചവനെ കുറ്റപ്പെടുത്താനും നിസ്സാര തെറ്റുകളെ വന്‍പാപങ്ങളായി അവതരിപ്പിക്കാനും ശ്രമിക്കുന്നതിനിടയില്‍ മുസ് ലിംകളുടെ രക്തവും മാനവും പിച്ചിച്ചീന്തിപ്പെടുന്നത് നാം ശ്രദ്ധിച്ചില്ല. മുസ്്ലിം സമുദായം ഗുരുതരമായ കാര്യങ്ങള്‍ മാറ്റിവെച്ച് ചെറുകാര്യങ്ങളുടെ പേരില്‍ കടിപിടി കൂടുന്നത് കണ്ട നമ്മുടെ ശത്രുക്കള്‍ക്ക് കാര്യങ്ങള്‍ എളുപ്പമായി. ശത്രുക്കള്‍ ഇക്കണ്ട രീതിയില്‍ നമ്മുടെ ഭാവിപരിണതി രൂപപ്പെടുത്തിയപ്പോള്‍ നാം എന്തെടുക്കുകയായിരുന്നു?
നാം മനസ്സിലാക്കേണ്ട മറ്റൊരു കാര്യം, ശത്രുക്കള്‍ നിശ്ശബ്ദമായും ബഹളരഹിതമായുമാണ് ഗൂഢാലോചനകള്‍ നടപ്പിലാക്കുന്നത്. വെളുക്കെ ചിരിച്ചുകൊണ്ട് പലരും നമുക്കിടയില്‍ തന്നെ ചുറ്റിനടക്കുന്നുമുണ്ട്.

പശു സേവകരുടെ തലയിലെ കിരീടത്തിന് മാന്യത കല്‍പ്പിക്കുന്നവര്‍ തന്നെ ഇസ് ലാമിന്റെ വെള്ളത്തലപ്പാവെടുത്ത് മാലിന്യത്തിലേക്ക് വലിച്ചെറിയുന്നു. ജേതാവായ ഇസ് ലാമിനേക്കാള്‍ പശുക്കിടാങ്ങളുടെ പാലകര്‍ക്ക് മാന്യത കല്‍പ്പിക്കപ്പെടുന്നു. ചരിത്രബോധമില്ലാത്ത മുസ് ലിംകളുടെ നിസ്സംഗതയാണ് ഇതിനെല്ലാം കാരണം. നാം ഇതേ അവസ്ഥ തുടര്‍ന്നാല്‍ മുസ് ലിംകളുടെ ഭാവി കൂടുതല്‍ നിരാശാജനകമായിരിക്കും.
ഇതര സമൂഹങ്ങളോട് മുസ് ലിംകള്‍ മാന്യമായി മാത്രമെ പെരുമാറിയിട്ടുള്ളൂ. പക്ഷെ, അല്ലാഹു ഖുര്‍ആനില്‍ പറഞ്ഞതുപോലെയാണ് നമ്മുടെ അവസ്ഥ.

هَا أَنتُمْ أُولَاءِ تُحِبُّونَهُمْ وَلَا يُحِبُّونَكُمْ وَتُؤْمِنُونَ بِالْكِتَابِ كُلِّهِ وَإِذَا لَقُوكُمْ قَالُوا آمَنَّا وَإِذَا خَلَوْا عَضُّوا عَلَيْكُمُ الْأَنَامِلَ مِنَ الْغَيْظِۚ قُلْ مُوتُوا بِغَيْظِكُمْۗ إِنَّ اللَّهَ عَلِيمٌ بِذَاتِ الصُّدُورِ . إِن تَمْسَسْكُمْ حَسَنَةٌ تَسُؤْهُمْ وَإِن تُصِبْكُمْ سَيِّئَةٌ يَفْرَحُوا بِهَاۖ وَإِن تَصْبِرُوا وَتَتَّقُوا لَا يَضُرُّكُمْ كَيْدُهُمْ شَيْئًاۗ إِنَّ اللَّهَ بِمَا يَعْمَلُونَ مُحِيطٌ 
'നോക്കൂ; നിങ്ങളുടെ സ്ഥിതി. നിങ്ങള്‍ അവരെ സ്‌നേഹിക്കുന്നു. അവര്‍ നിങ്ങളെ സ്‌നേഹിക്കുന്നില്ല. നിങ്ങള്‍ എല്ലാ വേദഗ്രന്ഥങ്ങളിലും വിശ്വസിക്കുകയും ചെയ്യുന്നു. നിങ്ങളെ കണ്ടുമുട്ടുമ്പോള്‍ അവര്‍ പറയും: ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു എന്ന്. എന്നാല്‍ അവര്‍ തനിച്ചാകുമ്പോള്‍ നിങ്ങളോടുള്ള അരിശംകൊണ്ട് അവര്‍ വിരലുകള്‍ കടിക്കുകയും ചെയ്യും. (നബിയേ,) പറയുക: നിങ്ങളുടെ അരിശംകൊണ്ട് നിങ്ങള്‍ മരിച്ചുകൊള്ളുക. തീര്‍ച്ചയായും അല്ലാഹു മനസ്സുകളിലുള്ളത് അറിയുന്നവനാകുന്നു. നിങ്ങള്‍ക്ക് വല്ല നേട്ടവും ലഭിക്കുന്ന പക്ഷം അതവര്‍ക്ക് മനഃപ്രയാസമുണ്ടാക്കും. തങ്ങള്‍ക്ക് വല്ല ദോഷവും നേരിട്ടാല്‍ അവരതില്‍ സന്തോഷിക്കുകയും ചെയ്യും. നിങ്ങള്‍ ക്ഷമിക്കുകയും സൂക്ഷ്മത പാലിക്കുകയും ചെയ്യുന്ന പക്ഷം അവരുടെ കുതന്ത്രം നിങ്ങള്‍ക്കൊരു ഉപദ്രവവും വരുത്തുകയില്ല. തീര്‍ച്ചയായും അല്ലാഹു അവരുടെ പ്രവര്‍ത്തനങ്ങളുടെ എല്ലാവശവും അറിയുന്നവനാകുന്നു
(ആലുഇംറാന്‍ 119-120).

ഉപരിപ്ലവമായ ശബ്ദബഹളങ്ങളിലൂടെയോ ഉള്ളുപൊള്ളയായ പ്രസംഗങ്ങളിലൂടെയോ നമുക്ക് ഇസ് ലാമിനെ സേവിക്കാനാവില്ല. കാര്യഗൗരവ ബോധമുള്ളവര്‍ തങ്ങളുടെ ലക്ഷ്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നതുപോലെ വേണം പ്രവര്‍ത്തിക്കുന്നുവെങ്കില്‍ നാം പ്രവര്‍ത്തിക്കാന്‍.  

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top