തൗഹീദ് (ഏകദൈവവിശ്വാസം)

മൗലാനാ മൗദൂദി‌‌

ദൈവം എങ്ങനെ ഉണ്ടായി?
ചോദ്യം: കാലങ്ങളായി എന്റെ ഒരു പ്രിയ സുഹൃത്തിനെ അലട്ടുന്നതാണ് താഴെ കൊടുക്കുന്ന ചോദ്യം. ഏറെ ശ്രമിച്ചെങ്കിലും ശരിയായൊരു മറുപടി നല്‍കാന്‍ എനിക്ക് സാധിച്ചില്ല. ദയവായി മറുപടി നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു.
എങ്ങനെയാണ് അല്ലാഹു ഉണ്ടായത്? എല്ലാ വസ്തുവിനും ഒരു സ്രഷ്ടാവുണ്ടായിരിക്കണമെന്നാണല്ലോ ബുദ്ധിയുടെ താല്‍പര്യം.
ഉത്തരം: അസ്തിത്വമുള്ളതിനെല്ലാം അത് ഉണ്ടാക്കിയ ഒരാള്‍ ഉണ്ടാവണമെന്ന് താല്‍പര്യപ്പെടുന്ന അതേ ബുദ്ധിതന്നെ താല്‍പര്യപ്പെടുന്നതാണ് സമസ്ത പ്രപഞ്ചത്തിന്റെയും സ്രഷ്ടാവ് ഒരു സ്രഷ്ടാവില്ലാതെ സ്വയം ഉണ്ടായവനായിരിക്കണമെന്നത്. എല്ലാ ഉണ്മക്കും ഒരു സ്രഷ്ടാവുണ്ടായിരിക്കല്‍ അനിവാര്യമല്ല. അങ്ങനെയാണെങ്കില്‍ ഈ പരമ്പരക്ക് ഒരു അറ്റമുണ്ടാവില്ല. ആരുടെയും സൃഷ്ടിയല്ലാത്ത എല്ലാറ്റിന്റെയും സ്രഷ്ടാവിനാണ് ദൈവം എന്ന് പറയുന്നത്. അതും സൃഷ്ടിയാണെങ്കില്‍ പിന്നെ സ്രഷ്ടാവാവുകയില്ല. മറിച്ച് ആരാണോ അതിനെ സൃഷ്ടിച്ചത് അവനായിരിക്കും സ്രഷ്ടാവ്
(തര്‍ജുമാനുല്‍ ഖുര്‍ആന്‍ 1965 നവംബര്‍)

ദൈവം എവിടെനിന്ന് വന്നു?
ചോദ്യം: കുറച്ച് മുമ്പ് ഒരു സുഹൃത്തുമായി ഒരു വിഷയം ചര്‍ച്ച ചെയ്യാനിടയായി. ദൈവം ഉണ്ടോ ഇല്ലേ എന്നതായിരുന്നു വിഷയം. ഉണ്ടെങ്കില്‍ അവന്‍ എവിടെനിന്നാണ് വന്നത്? ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും ഇത് സംബന്ധമായി അറിവൊന്നുമില്ലായിരുന്നു. ആദ്യ ചോദ്യത്തിന് സുഹൃത്തിനെ തൃപ്തിപ്പെടുത്തും വിധം മറുപടി നല്‍കുന്നതില്‍ ഞാന്‍ വിജയിച്ചു. എന്നാല്‍ രണ്ടാമത്തെ ചോദ്യത്തിന് ഒരു മറുപടിയും നല്‍കാന്‍ എനിക്ക് സാധിച്ചില്ല. അതിനാല്‍ എന്നെ അലട്ടിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍ ഈ ചോദ്യം.
നബിതിരുമേനിയോട് ഈ ചോദ്യം ചോദിച്ചതായി എവിടെയോ ഒരിക്കല്‍ കണ്ടിരുന്നു. ചില കാര്യങ്ങള്‍ മനുഷ്യ ചിന്തക്കും ഗ്രാഹ്യതക്കും അപ്പുറമാണെന്നും അതില്‍പെട്ടതാണ് ഈ ചോദ്യമെന്നും നബിതിരുമേനി ഇതിന് മറുപടി പറയുകയുണ്ടായി. നബിതിരുമേനിയുടെ ഈ മറുപടിയില്‍ ആശ്വാസം കണ്ടെത്താന്‍ ഒരുപാട് ശ്രമിച്ചെങ്കിലും വിജയിക്കുകയുണ്ടായില്ല. ദയവായി താങ്കള്‍ എന്നെ സഹായിച്ചാലും.

ഉത്തരം: താങ്കളുടെ മനസ്സിനെ അലട്ടുന്ന ചോദ്യത്തിന് ഒരു വിധത്തിലും പരിഹാരം സാധ്യമായെന്ന് വരില്ല. എങ്കിലും താങ്കളുടെ പരിഭ്രാന്തിക്ക് തീര്‍ച്ചയായും ശമനസാധ്യതയുണ്ട്. അതിന് ഒരു വഴി മാത്രമേ ഉള്ളൂ. ഇത്തരം പ്രശ്‌നങ്ങളെ കുറിച്ചു ചിന്തിക്കാന്‍ തുടങ്ങും മുമ്പ് സ്വന്തം അറിവിന്റെ പരിമിതികളെ കുറിച്ച് ബോധവാനാവുക എന്നതാണത്. മനുഷ്യന് എന്തെല്ലാം അറിയാന്‍ സാധിക്കും, എന്തെല്ലാം അറിയാന്‍ സാധിക്കുകയില്ല എന്ന് താങ്കള്‍ക്ക് ബോധ്യം വന്നാല്‍ താങ്കളുടെ കഴിവിന്നതീതമായ കാര്യങ്ങള്‍ അറിയാന്‍ പരിശ്രമിക്കുന്നതില്‍നിന്ന് താങ്കള്‍ സ്വയം തന്നെ മാറിനില്‍ക്കും. പ്രാപഞ്ചിക ദൃഷ്ടാന്തങ്ങളെ കുറിച്ചു ചിന്തിച്ച് ഒരു നിഗമനത്തിലെത്തുക എന്നത് മാത്രമാണ് ദൈവാസ്തിക്യത്തെക്കുറിച്ച് ഏറിയാല്‍ മനുഷ്യന് സാധിക്കുക. ദൈവം ഉണ്ടോ, അവനില്‍ ഇന്നിന്ന വിശേഷണങ്ങളൊക്കെ ഉണ്ടെന്ന് അവന്റെ പ്രവര്‍ത്തനങ്ങള്‍ സാക്ഷ്യം വഹിക്കുന്നുണ്ടോ എന്നൊക്കെ ഇത് വഴി മനസ്സിലാക്കാന്‍ സാധിക്കും. എന്നാല്‍ ഈ നിഗമനത്തിന് തന്നെയും 'ജ്ഞാന'ത്തിന്റെ സ്വഭാവമുണ്ടായിരിക്കില്ല. ബൗദ്ധിക തലത്തിലുള്ള നിഗമനത്തിന്റെയും മികച്ച ഊഹത്തിന്റെയും സ്വഭാവമേ അതിനുമുള്ളൂ. ഈ നിഗമനത്തെയും ഊഹത്തെയും ദൃഢീകരിക്കുന്നതിനാണ് യഖീന്‍, ഈമാന്‍ (വിശ്വാസദാര്‍ഢ്യം) എന്ന് പറയുന്നത്. അതിനെ 'അറിവി'ന്റെ തലത്തിലോളം എത്തിക്കുന്ന ഒരു വഴിയും നമ്മുടെ അടുത്തില്ല. ഇനി നിങ്ങള്‍ സ്വയം തന്നെ ആലോചിച്ചു നോക്കുക. ദൈവത്തിന്റെ അസ്തിത്വത്തെ കുറിച്ചു അവന്‍ ഉണ്ടെന്നതിനുള്ള അറിവ് നമുക്കുണ്ടെന്ന് വാദിക്കാന്‍ നമുക്ക് സാധ്യമല്ലെങ്കില്‍ അവന്റെ യാഥാര്‍ഥ്യത്തെ കുറിച്ച വിശദാംശങ്ങള്‍ അറിയാന്‍ നമുക്കെങ്ങനെ സാധിക്കാനാണ്? ദൈവത്തിന്റെ സത്തയാണെങ്കില്‍ അപ്രാപ്യമാംവിധം വളരെ ഉയരത്തിലാണ്. ജീവിതത്തിന്റെ പൊരുളും ഉല്‍പത്തിയും (Origin) എന്താണ്? പദാര്‍ഥത്തിന്റെ രൂപം ആര്‍ജിച്ചതായും അതില്‍നിന്ന് ഈ പ്രപഞ്ചം നിലവില്‍ വന്നതായും നമ്മുടെ ശാസ്ത്രജ്ഞന്മാര്‍ പറയുന്ന ഊര്‍ജ (Energy) ത്തിന്റെ യാഥാര്‍ഥ്യം നമുക്കറിയില്ല. അതെവിടെനിന്ന് വന്നുവെന്നോ എങ്ങനെയാണത് പദാര്‍ഥത്തിന്റെ നാനാവിധ രൂപങ്ങള്‍ കൈക്കൊള്ളുന്നതെന്നോ നമുക്കൊരു പിടിയുമില്ല. ഇമ്മാതിരി വിഷയങ്ങളില്‍ 'എന്തുകൊണ്ട്? എങ്ങനെ?' എന്നീ ചോദ്യങ്ങളെപ്പറ്റി ചിന്തിക്കുക എന്നാല്‍ നിര്‍വഹിക്കാനുള്ള ശക്തിയോ ഉപാധികളോ ഇല്ലാത്ത ഒരു ദൗത്യം ബുദ്ധിയെ അടിച്ചേല്‍പിക്കുക എന്നാണര്‍ഥം. അതിനാല്‍ ഇത്തരം ചിന്തകളും ആലോചനകളും മുമ്പും ഒരു നിഗമനത്തിലേക്കും എത്തിച്ചിട്ടില്ല, ഇനി എത്തിക്കാന്‍ പോകുന്നുമില്ല. അതിനാല്‍ ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം നിങ്ങളുടെ ജീവിതവുമായി ബന്ധമുള്ളതും പരിഹാര സാധ്യതയുള്ളതുമായ പ്രശ്‌നങ്ങളെ കുറിച്ചു ചിന്തിക്കുക. ദൈവം ഉണ്ടോ ഇല്ലേ എന്നത് നിസ്സംശയം നമ്മുടെ ജീവിതവുമായി ബന്ധപ്പെട്ടത് തന്നെ. ഉണ്ടെങ്കില്‍ എന്തൊക്കെയാണ് അവന്റെ ഗുണങ്ങള്‍? അവനുമായുള്ള നമ്മുടെ ബന്ധത്തിന്റെ സ്വഭാവം എന്താണ്? ഇവ്വിഷയകമായി എന്തെങ്കിലുമൊക്കെ അഭിപ്രായങ്ങള്‍ രൂപീകരിക്കേണ്ടത് അത്യാവശ്യമാണ്. എന്തുകൊണ്ടെന്നാല്‍ അതിന്റെ അഭാവത്തില്‍ സ്വന്തം ജീവിതപ്പാത നിര്‍ണയിക്കാന്‍ നമുക്ക് സാധിക്കുകയില്ല. ഈ വിഷയത്തില്‍ ഒരു അഭിപ്രായം രൂപീകരിക്കാന്‍ ആവശ്യമായത്ര ഉപാധികള്‍ നമുക്ക് ലഭ്യമാണ്. എന്നാല്‍ ദൈവം എവിടെനിന്ന് വന്നു എന്ന് തുടങ്ങിയ ചോദ്യങ്ങള്‍ക്ക് നമ്മുടെ ജീവിത പ്രശ്‌നങ്ങളുമായി ഒരു ബന്ധവുമില്ല. അത് സംബന്ധമായി എന്തെങ്കിലും നിഗമനത്തിലെത്താന്‍ സഹായകമായ ഉപാധികളും നമുക്ക് ലഭ്യമല്ല.
(തര്‍ജുമാനുല്‍ ഖുര്‍ആന്‍, 1950 ഒക്ടോബര്‍)

അല്ലാഹുവിന്റെ ജ്ഞാനഗുണം, 'ലഅല്ല' എന്ന അവ്യയത്തിന്റെ പ്രയോഗം
ചോദ്യം
وَيَضْرِبُ اللَّهُ الْأَمْثَالَ لِلنَّاسِ لَعَلَّهُمْ يَتَذَكَّرُونَ 
'ജനങ്ങള്‍ക്ക് ഗുണപാഠമായേക്കാം എന്നതിനാലാണ് ഉപമകള്‍ അല്ലാഹു അവതരിപ്പിക്കുന്നത്.' (ഇബ്റാഹീം 25)
ഈ സൂക്തത്തില്‍ വന്ന لَعَلَّ എന്ന അവ്യയം സംശയത്തെ ധ്വനിപ്പിക്കുന്നതാണ്. അല്ലാഹുവിന്നാകട്ടെ എല്ലാറ്റിനെ സംബന്ധിച്ചും ഖണ്ഡിതമായ അറിവുണ്ടുതാനും. അപ്പോള്‍ പിന്നെ ഈ പ്രയോഗത്തിന് എന്ത് ന്യായമാണ് പറയുക?

ഉത്തരം: അല്ലാഹു മനുഷ്യര്‍ക്ക് സ്വാതന്ത്ര്യം നല്‍കിയ കാര്യങ്ങളില്‍ മനുഷ്യരുടെ സംസ്‌കരണത്തിനുവേണ്ടിയുള്ള നിര്‍ദിഷ്ട പരിപാടികളുടെ ഉദ്ദിഷ്ടഫലം മനുഷ്യന്‍ ആ സ്വാതന്ത്ര്യം ശരിയായ രീതിയില്‍ പ്രയോഗിക്കുന്നതിനെ ആസ്പദിച്ചാണ് നില്‍ക്കുന്നത്. എന്നാല്‍ അല്ലാഹു മനുഷ്യനെ അതിന് നിര്‍ബന്ധിക്കുന്നില്ല. അതിനാലാണ് ആ ഉദ്ദിഷ്ട ഫലത്തിന്റെ സാക്ഷാല്‍ക്കാരത്തെ സൂചിപ്പിക്കാൻ لَعَلَّ എന്ന പദം പ്രയോഗിച്ചത്.  അതായത് അതിന്റെ ഫലം സംജാതമായിരിക്കൊള്ളുമെന്ന് ഉറപ്പൊന്നുമില്ല. മനുഷ്യന്‍ ശരിയായ ചിന്താരീതി സ്വീകരിക്കുമ്പോള്‍ മാത്രമേ അത്തരം ഒരു ഫലം പ്രകടമാകുന്നതിനെക്കുറിച്ചു പ്രതീക്ഷിക്കാന്‍ സാധിക്കുകയുള്ളൂ.
(തര്‍ജുമാനുല്‍ ഖുര്‍ആന്‍ 1957 മാര്‍ച്ച്)

ദൈവിക ഗുണങ്ങള്‍: പൊരുത്തമോ പൊരുത്തക്കേടോ
ചോദ്യം: താങ്കള്‍ തഫ്ഹീമാത്ത് ഒന്നാം ഭാഗത്തിലെ 'കോതാഹെ നസ്‌റീ' (ഹ്രസ്വ വീക്ഷണം) എന്ന ലേഖനത്തില്‍' കാരുണ്യത്തിന്റെയും ഔദാര്യത്തിന്റെയും വാത്സല്യത്തിന്റെയും ദയയുടെയും ഉറവിടമായതിനോടൊപ്പം അല്ലാഹു നിരപരാധികളായ പിഞ്ചു പൈതങ്ങള്‍ക്ക് എന്തുകൊണ്ട് പീഡകളും കഷ്ടപ്പാടുകളും നല്‍കുന്നു' എന്ന ഏതോ ചോദ്യകര്‍ത്താവിന്റെ അന്വേഷണത്തിന് നല്‍കിയ മറുപടിയില്‍ ദൈവിക വ്യവസ്ഥയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന 'വിനകള്‍'ക്ക് ബൗദ്ധിക ന്യായീകരണം ചമക്കുന്നതിന് താഴെപറയുന്ന സങ്കല്‍പനങ്ങളുടെ സഹായം സ്വീകരിക്കുകയുണ്ടായി:
(1) ദൈവത്തിന്റെ നോട്ടം മൊത്തം പ്രപഞ്ചത്തിലാണ്. താങ്കളതിനെ പൊതു നന്മ' (ഖൈറെ കുല്ല്) എന്ന് വിശേഷിപ്പിക്കുന്നു.
(2) പൊതു നന്മ ഏതെങ്കിലും വ്യവസ്ഥയിലൂടെ മാത്രമേ സാധിക്കുകയുള്ളൂ. ദൈവം യുക്തിജ്ഞനും സര്‍വജ്ഞനുമാണ്. അതിനാല്‍ അവന്‍ തീര്‍ച്ചയായും ഈ ഉദ്ദേശ്യാര്‍ഥം തന്റെ കാര്യക്ഷമതയും പ്രവര്‍ത്തനത്തിന്റെ ഫലപ്രാപ്തിയും പരിഗണിച്ച് ഏറ്റവും മെച്ചപ്പെട്ട അത്തരം ഏതെങ്കിലും ഒരു വ്യവസ്ഥ തെരഞ്ഞെടുത്തിട്ടുണ്ടാകണം.
(3) 'തിന്മകൾ' സംഭവിക്കാതെ 'പൊതു നന്മ' ലഭ്യമാകുന്ന, നിലവിലുള്ള വ്യവസ്ഥയേക്കാള്‍ കൂടുതല്‍ മെച്ചപ്പെട്ട വ്യവസ്ഥ സാധ്യമാവുകയാണെങ്കില്‍ തീര്‍ച്ചയായും ദൈവം മെച്ചപ്പെട്ട ആ വ്യവസ്ഥ തെരഞ്ഞെടുക്കുന്നതാണ്.

ദൈവത്തിന്റെ ഗുണങ്ങള്‍ പരാമര്‍ശിച്ചുകൊണ്ട് താങ്കള്‍ എഴുതുന്നു:
'നമ്മുടെ ആശകള്‍ അറിഞ്ഞിട്ടും അത് പൂര്‍ത്തീകരിക്കാന്‍ അവന്‍ വിസമ്മതിച്ചിട്ടുണ്ടെങ്കില്‍, അങ്ങനെ ചെയ്യേണ്ടത് തീര്‍ച്ചയായും ഒരാവശ്യമാണെന്ന് അതിലും മെച്ചപ്പെട്ട മറ്റൊരു രൂപം അതിനില്ലെന്നും ആ സര്‍വജ്ഞന് അറിയാമെന്നാണ് നാം മനസ്സിലാക്കേണ്ടത്. അല്ലാത്തപക്ഷം മെച്ചപ്പെട്ട ആ രൂപം മാത്രമേ അവന്‍ സ്വീകരിക്കുമായിരുന്നുള്ളൂ. എന്തുകൊണ്ടെന്നാല്‍ യുക്തിജ്ഞനാണവന്‍. മെച്ചപ്പെട്ട ആസൂത്രണം സാധ്യമാകുന്നിടത്ത് മോശമായ രൂപം സ്വീകരിക്കുക എന്നത് ഒരു യുക്തിമാനെ സംബന്ധിച്ചു ഒരിക്കലും ഊഹിക്കാന്‍ സാധിക്കുകയില്ല.''
ഉപര്യുക്ത വാക്യത്തിലെ 'സര്‍വജ്ഞനും സൂക്ഷ്മജ്ഞനുമായവന്റെ ജ്ഞാനത്തില്‍ അതിനേക്കാള്‍ മെച്ചപ്പെട്ട ഒരു രൂപം ഉണ്ടാവുകയില്ല, ഉണ്ടായിരുന്നുവെങ്കില്‍ ആ മെച്ചപ്പെട്ട രൂപമാണ് അവന്‍ സ്വീകരിക്കുമായിരുന്നത്' എന്ന പരാമര്‍ശം രണ്ട് വൈരുധ്യങ്ങളുടെ വ്യാമിശ്രത്തിന്റെ സ്പഷ്ടമായ ഉദാഹരണം മാത്രമല്ല കാഴ്ചവെക്കുന്നത്. പ്രത്യുത, സര്‍വജ്ഞനും സൂക്ഷ്മജ്ഞനും യുക്തിമാനും എന്ന ദൈവത്തിന്റെ ഗുണനാമങ്ങളെക്കുറിച്ച അതിവിചിത്രമായൊരു ചിത്രവും വായനക്കാരുടെ മനസ്സില്‍ സൃഷ്ടിക്കുന്നുണ്ട്. അല്ലാഹു സര്‍വജ്ഞനും സൂക്ഷ്മജ്ഞനുമാണെന്ന് അംഗീകരിച്ചശേഷം അതിനെ ഒരു സവിശേഷ 'രൂപ'ത്തിലോ 'ആസൂത്രണ'ത്തിലോ പരിമിതപ്പെടുത്തുന്നത് സ്വയം തന്നെ അവന്‍ സര്‍വജ്ഞനും സൂക്ഷ്മജ്ഞനുമാണെന്നതിനെ നിഷേധിക്കുന്നതിന് തുല്യമത്രെ. ഈ 'തിന്മകള്‍' ഒന്നും സംഭവിക്കാതെ സാര്‍വത്രിക നന്മ സാധ്യമാകുന്ന ഒരു വ്യവസ്ഥ നടപ്പിലാക്കാന്‍ യഥാര്‍ഥത്തില്‍ തന്നെ അവന് കഴിയുമായിരുന്നു എന്ന് സ്ഥാപിക്കപ്പെടുകയാണെങ്കില്‍ ചുരുങ്ങിയത് അല്ലാഹു സര്‍വജ്ഞനോ യുക്തിജ്ഞനോ അല്ല എന്നതാകും അതിന്റെ ഫലം. കാരണം, അത്തരമൊരു വ്യവസ്ഥ നടപ്പിലാക്കാന്‍ ശക്തനായിട്ടും നടപ്പിലാക്കാതിരിക്കുന്നത് താങ്കളുടെ വീക്ഷണത്തില്‍ യുക്തിദീക്ഷയുടെയും ജ്ഞാനത്തിന്റെയും അഭാവത്തിനുള്ള തെളിവായിത്തീരുകയാണ്. അല്ലാഹുവിന്റെ ജ്ഞാനത്തിലും യുക്തിയിലും ഏതെങ്കിലും വിധത്തിൽ സംശയിക്കുന്നത് കുഫ്‌റാണെങ്കില്‍ അല്ലാഹുവിന്റെ യുക്തിയും ജ്ഞാനവും എല്ലാവിധ സംശയങ്ങള്‍ക്കും അതീതമാണെന്നാണ് മനസ്സിലാക്കപ്പെടുന്നതെങ്കില്‍ പിന്നെ, (ഈ തിന്മകളൊന്നും സംഭവിക്കാത്ത സാര്‍വത്രിക നന്മ നിലനില്‍ക്കുന്ന) വ്യവസ്ഥ നടപ്പിലാക്കാന്‍ മുമ്പേ ശക്തനായിരുന്നില്ല, ഇപ്പോഴും ശക്തനല്ല ഇനിയൊരിക്കലും ശക്തനായിരിക്കുകയുമില്ല എന്നത് മാത്രമായിരിക്കും അതിന്റെ ഫലം.

എന്റെ ഈ സംശയം ദൂരീകരിക്കാന്‍ താങ്കള്‍ ശ്രമിക്കുമെന്ന് പ്രതീക്ഷിക്കട്ടെ. അല്ലാഹു യുക്തിജ്ഞനും സര്‍വജ്ഞനുമാണോ, അല്ലെങ്കില്‍ കേവല സര്‍വശക്തനാണോ, അഥവാ അല്ലാഹു ഒരേസമയം യുക്തിജ്ഞനും സര്‍വജ്ഞനും കേവല ശക്തനുമാണോ എന്ന് ചുരുങ്ങിയത് എനിക്ക് എളുപ്പത്തില്‍ തീരുമാനിക്കാന്‍ കഴിയുന്ന തൃപ്തികരമായ ഒരു മറുപടി നല്‍കിയാലും.

ഉത്തരം: മാസങ്ങള്‍ക്ക് മുമ്പേ താങ്കളുടെ കത്ത് ജയിലില്‍ എനിക്ക് കിട്ടിയിരുന്നു. പക്ഷേ, ജയിലില്‍ ബുദ്ധി ശൂന്യവും അസംബന്ധ പൂരിതവുമായ സെന്‍സര്‍ഷിപ്പ് നിയമങ്ങളാണ് നിലനിന്നിരുന്നത്. അതിനാല്‍ എഴുത്തുകുത്തുകള്‍ പാടെ ഉപേക്ഷിച്ചിരിക്കുകയായിരുന്നു ഞാന്‍. അതിനാല്‍ മറ്റനേകം കത്തുകള്‍ക്കെന്നപോലെ താങ്കളുടെ കത്തിനും മറുപടി എഴുതുകയുണ്ടായില്ല. ഇപ്പോള്‍ ഈ സംക്ഷിപ്ത മറുപടി എഴുതുകയാണ്.
താങ്കള്‍ പരാമര്‍ശിച്ച ആശയക്കുഴപ്പത്തിന്റെ യഥാര്‍ഥ കാരണം അല്ലാഹുവിന്റെ ശക്തിയുടെയും ജ്ഞാനത്തിന്റെയും യുക്തിയുടെയും താല്‍പര്യങ്ങള്‍ പരസ്പരം പൊരുത്തപ്പെടുത്തുന്നതിന് പകരം അവയുടെ വൈരുധ്യങ്ങള്‍ തേടുന്ന ചിന്തയില്‍ അകപ്പെട്ടിരിക്കുകയാണ് എന്നതത്രെ. ആ ചിന്ത അവയില്‍ ഏതെങ്കിലുമൊന്ന് നിഷേധിക്കുകയല്ലാതെ നിര്‍വാഹമില്ലാത്ത ഒരു നിലപാടില്‍ താങ്കളെ കൊണ്ടെത്തിച്ചു നിറുത്തിയിരിക്കുകയാണ്. ഈ ലോകത്ത് തിന്മ നിലനില്‍ക്കുന്നുണ്ടെന്ന വാസ്തവികത നിഷേധിക്കാന്‍ താങ്കള്‍ക്ക് സാധ്യമല്ല. പിശാച് ഉണ്ടെന്നും താങ്കള്‍ക്കറിയാം. അവിശ്വാസം (കുഫ്‌റ്), ബഹുദൈവാരാധന (ശിര്‍ക്ക്), നിര്‍മതത്വം (ദഹ്്രിയ്യ) തുടങ്ങിയ വിശ്വാസ ഭ്രംശങ്ങളും ഈ ലോകത്ത് നിലനില്‍ക്കുന്ന യാഥാര്‍ഥ്യങ്ങളാണ്. കൊല, രക്തച്ചൊരിച്ചില്‍, മോഷണം, കൊള്ള, വ്യഭിചാരം, സ്വവര്‍ഗഭോഗം തുടങ്ങിയ എണ്ണിയാലൊടുങ്ങാത്ത ഇതര ധര്‍മദോഷങ്ങളും നിലവിലുണ്ട്. നന്മക്കെതിരെ തിന്മയുടെ ശക്തികള്‍ നാനാഭാഗത്തും പരസ്യമായി പ്രവര്‍ത്തനനിരതമാണ്. അത് കാരണം പലജാതി അക്രമങ്ങളും തലപൊക്കുന്നു. ഈ തിന്മകളൊന്നും നിലനില്‍ക്കാത്ത, അവയുടെ അഭാവത്തില്‍ നന്മകള്‍ക്ക് വളരാന്‍ അവസരം ലഭിക്കുകയും ചെയ്യുന്ന ഒരു ലോകം സൃഷ്ടിക്കാന്‍ ദൈവം പ്രാപ്തനാണോ അല്ലേ എന്നതാണ് ചോദ്യം. അവന്‍ അതിന് പ്രാപ്തനാവുകയും എന്നിട്ട് അങ്ങനെ ചെയ്യാതിരിക്കുകയുമാണെങ്കില്‍, ദൈവം ക്ഷമിക്കട്ടെ, താങ്കള്‍ക്കതിനെ യുക്തിയില്‍നിന്നും നീതിയില്‍നിന്നും നന്മയില്‍നിന്നും ശൂന്യമാക്കാതെ എങ്ങനെ അടങ്ങിയിരിക്കാന്‍ കഴിയുന്നു? ഇനി സാധിക്കുകയില്ല എന്നാണെങ്കില്‍, താങ്കളുടെ സമര്‍ഥന രീതിയിലൂടെ തന്നെ അനിവാര്യമായും അവന്‍ കഴിവില്ലാത്തവനാണെന്ന് തെളിഞ്ഞു കഴിഞ്ഞു. ദൈവിക ഗുണങ്ങളെ പൊരുത്തപ്പെടുത്തുന്നതിന് പകരം വൈരുധ്യങ്ങള്‍ തേടിപ്പിടിക്കുന്നതിലേക്ക് മനുഷ്യനെ കൊണ്ടുപോകുന്ന യുക്തി പ്രയോഗിക്കുമ്പോള്‍ അനിവാര്യമായും സംഭവിക്കുന്ന അനന്തരഫലമാണിത്. ഇതിന്ന് വിപരീതമായി ഞാന്‍ ശ്രമിച്ചത് അവപൊരുത്തപ്പെടുത്താനാണ്. അല്ലാഹുവിനാല്‍ സൃഷ്ടിക്കപ്പെട്ട ഈ ലോകത്ത് തിന്മകള്‍ കാണപ്പെടുന്നതില്‍ പരിഭ്രമിക്കേണ്ടതില്ലെന്നും പ്രത്യുത അവന്റെ യുക്തിയില്‍ ഭരമേല്‍പിക്കയാണ് വേണ്ടതെന്നും മനസ്സിലാക്കാനാണ് ഞാന്‍ ശ്രമിച്ചത്. ലോകത്തെ അവന്‍ ഇമ്മട്ടില്‍ സൃഷ്ടിച്ചിട്ടുണ്ടെങ്കില്‍ അത്തരമൊരു സംവിധാനമുണ്ടാക്കലായിരിക്കും അവന്റെ യുക്തിയുടെ താല്‍പര്യം. അല്ലാതെ എല്ലാ തിന്മകളില്‍നിന്നും മുക്തമായൊരു സംവിധാനം അവന്റെ യുക്തിക്ക് വിരുദ്ധമായിരിക്കും. എന്റെ ഈ ന്യായീകരണത്തില്‍ താങ്കള്‍ സംതൃപ്തനല്ലെങ്കില്‍ താങ്കള്‍ക്ക് രണ്ടാലൊരു രൂപം സ്വീകരിക്കാം. പൊരുത്തപ്പെടുത്താന്‍ ഇതിനേക്കാള്‍ മെച്ചപ്പെട്ട മറ്റൊരു രൂപം നിര്‍ദേശിച്ചുകൊണ്ട് എനിക്ക് വഴികാണിച്ചു തരിക. അല്ലെങ്കില്‍ ദൈവം കഴിവില്ലാത്തവനാണെന്നാണോ അല്ലെങ്കില്‍ യുക്തിശൂന്യനാണെന്നാണോ താങ്കള്‍ കരുതുന്നതെന്ന് ഒരു തീരുമാനത്തിലെത്തുക.
(തര്‍ജുമാനുല്‍ ഖുര്‍ആന്‍ 1965 ഫെബ്രുവരി)

ദൈവത്തിന്റെ സൃഷ്ടിവൈഭവം
(പഴങ്ങളുടെ രുചിവ്യത്യാസത്തിന്റെ കാരണം)
ചോദ്യം: ഒരു സസ്യശാസ്ത്ര വിദഗ്ധനൊന്നുമല്ല ഞാന്‍. എങ്കിലും താങ്കളുടെ ഖുര്‍ആന്‍ വ്യാഖ്യാനമായ 'തഫ്ഹീമുല്‍ ഖുര്‍ആന്‍' പാരായണം ചെയ്തപ്പോള്‍ ചില ചോദ്യങ്ങള്‍ ഉയര്‍ന്നുവന്നു. സമാധാനത്തിനായി അവ ഇവിടെ സമര്‍പ്പിക്കട്ടെ:
1951-ലെ തര്‍ജുമാനുല്‍ ഖുര്‍ആന്‍ ജനു-ഫെബ്രുവരി ലക്കത്തില്‍ 143-ാം പേജിന്റെ മാര്‍ജിനില്‍ ഇങ്ങനെ കാണുന്നു:

'ഒരേ വൃക്ഷത്തിന്റെ എല്ലാ പഴങ്ങളും ഇതര പഴങ്ങളോട് സ്വഭാവത്തില്‍ ഒന്നായിരിക്കുന്നതോടൊപ്പം തന്നെ രൂപത്തിലും വണ്ണത്തിലും രസത്തിലും പരസ്പരം വൈവിധ്യം പുലര്‍ത്തുന്നു. ഒരേ വേരില്‍നിന്ന് തന്നെ രണ്ട് തണ്ടുകള്‍ പൊട്ടിപ്പുറപ്പെടുന്നു. അവ ഓരോന്നിലും കായ്ക്കുന്ന പഴങ്ങളാകട്ടെ പരസ്പരം ഭിന്നവും.'
'രസവൈവിധ്യത്തെക്കുറിച്ചുള്ള താങ്കളുടെ ഈ അഭിപ്രായം കാഴ്ചയുടെ അടിസ്ഥാനത്തിലുള്ളതാണോ അതോ പുസ്തക വിവരത്തിന്റെ അടിസ്ഥാനത്തിലുള്ളതോ? ഇത് യഥാര്‍ഥത്തിലുള്ളതാണെങ്കില്‍ ഏതെങ്കിലും ചില വൃക്ഷങ്ങളുടെ ഉദാഹരണങ്ങള്‍ കൂടി കൊടുക്കുന്നത് നന്നായിരുന്നു. ഒരേ വൃക്ഷത്തില്‍ ഭിന്നരസദായിനികളായ പഴങ്ങള്‍ ഇല്ലെന്നാണ് ഞാന്‍ വിചാരിക്കുന്നത്. വൃക്ഷത്തില്‍ സൂര്യപ്രകാശം ധാരാളം കിട്ടുന്ന ഭാഗത്ത് പഴം ആദ്യം പഴുക്കും എന്നത് ശരിതന്നെ. പഴങ്ങളുടെ ആകൃതിയിലും വലുപ്പത്തിലും വൈവിധ്യമുണ്ടാകാം. എന്നാല്‍ രസത്തിലുള്ള വ്യത്യാസം മനസ്സിലാകുന്നില്ല.

ഉത്തരം: എല്ലാ വൃക്ഷങ്ങളുടെയും പഴങ്ങളുടെ വലുപ്പവും ആകൃതിയും നിറവും രസവും വേരുകളിലൂടെ അതിന് ലഭിക്കുന്ന ആഹാരത്തെ ആസ്പദിച്ചാണ് നില്‍ക്കുന്നത്. അവയ്ക്ക് വെയിലും വായുവും നല്‍കുന്ന ഉഷ്ണശൈത്യങ്ങള്‍ക്കും ദിനരാത്രങ്ങളുടെ സ്വാധീനത്തിനും അതില്‍ പങ്കുണ്ട്. ഈ ഘടകങ്ങളെല്ലാം ഒരേ വിധത്തിലല്ല പഴങ്ങളെ ബാധിക്കുന്നത്. ഇക്കാര്യത്തില്‍ ഓരോ പഴവും മറ്റു പഴങ്ങളെ അപേക്ഷിച്ചു വ്യത്യസ്ത തോതിലാണ് ഈ ഘടകങ്ങളാല്‍ സ്വാധീനിക്കപ്പെടുന്നത്. ഇക്കാരണത്താല്‍ വലുപ്പത്തിലും നിറത്തിലും തീര്‍ച്ചയായും അവയ്ക്കിടയില്‍ വലിയ തോതില്‍ വ്യത്യാസങ്ങളുള്ള പോലെത്തന്നെ രുചിയിലുമുണ്ട്, കൂടിയും കുറഞ്ഞുമുള്ള വ്യത്യാസം. വളരെ കൂടിയ അളവില്‍ അവ പ്രകടമാവുകയില്ലെങ്കിലും.

ഇത് കൂടാതെ, എല്ലാ വശങ്ങളിലും ഒരുപോലെ സാമ്യമായ രണ്ടു വസ്തുക്കള്‍ ലോകത്തെവിടെയും ഇല്ലെന്നതും ഒരു സാര്‍വലൗകിക യാഥാര്‍ഥ്യമാണ്. ഓരോ വസ്തുവിനും മറ്റൊരു വസ്തുവിനില്ലാത്ത ഒരു വ്യതിരിക്തത അല്ലാഹു സൃഷ്ടിച്ചു വെച്ചിട്ടുണ്ട്. എത്രത്തോളമെന്നാല്‍ ഒരേ ആളുടെ ഒരു കൈക്കുള്ള അടയാളങ്ങള്‍ മറ്റേ കൈയിന്റെ അടയാളങ്ങളില്‍നിന്ന് വ്യത്യസ്തമായിരിക്കും. ഒരേ ആളുടെ ഇടത് കവിള്‍ വലത് കവിള്‍ പോലെയായിരിക്കില്ല. ഒരേ തലയുടെ തന്നെ രണ്ട് മുടികള്‍ ഒട്ടും ഒരുപോലെയായിരിക്കില്ല. തന്റെ നിര്‍മാണത്തികവിന്റെ മൗലിക ഔന്നത്യം എല്ലാം തികഞ്ഞ മഹോന്നതനായ സ്രഷ്ടാവ് ഇപ്രകാരം തന്നിരിക്കയാണ്. വിസ്മയാവഹമായ ഈ സൃഷ്ടിവൈഭവത്തില്‍ മനുഷ്യദൃഷ്ടി പതിയുകയാണെങ്കില്‍ ഈ അളവറ്റ പ്രപഞ്ചത്തിന്റെ ഓരോ കോണിലും എല്ലാ വസ്തുക്കളും അനുനിമിഷം അവന്‍ ശ്രദ്ധിച്ചു കൈകാര്യം ചെയ്തു കൊണ്ടിരിക്കയാണെന്നും അവന്റെ സൃഷ്ടിപരവും ആസൂത്രണ പൂര്‍വവുമായ ഈ പ്രക്രിയ സാര്‍വലൗകികമായ അളവില്‍ നടന്ന് കൊണ്ടിരിക്കുകയാണെന്നും ബോധ്യപ്പെടുന്നതാണ്. ദൈവം ഈ പ്രപഞ്ച നിര്‍മാണ ശാല ചലിപ്പിച്ചു വിട്ടിട്ടു, ഏതോ മൂലയില്‍ ചെന്നിരിക്കയാണെന്നും അങ്ങനെ ഇപ്പോള്‍ ഈ ഫാക്ടറി ഒരു നിശ്ചിത നിയമമനുസരിച്ചു സ്വയം ചലിച്ചുകൊണ്ടിരിക്കയാണെന്നും ധരിച്ചുവച്ചിരിക്കുന്നവര്‍ തികഞ്ഞ മൗഢ്യത്തിലത്രെ. അങ്ങനെയാണെങ്കില്‍ സൃഷ്ടി പ്രക്രിയയില്‍ ഈ അളവറ്റ വൈവിധ്യവും സൃഷ്ടിയാല്‍ പുതുമയുടെ പൂര്‍ണ പദവിയും എങ്ങനെ കൈവരാനാണ്?
(തര്‍ജുമാനുല്‍ ഖുര്‍ആന്‍ 195 ഏപ്രില്‍-മെയ്).

അല്ലാഹു അന്നദാതാവാണ് എന്നതിന്റെ താല്‍പര്യം
ചോദ്യം: താഴെ കൊടുത്ത ഖുര്‍ആന്‍ സൂക്തത്തിന്റെ ശരിയായ വിവക്ഷ താങ്കളില്‍നിന്നറിയാന്‍ ആഗ്രഹിക്കുന്നു:
وَمَا مِن دَابَّةٍ فِي الْأَرْضِ إِلَّا عَلَى اللَّهِ رِزْقُهَا وَيَعْلَمُ مُسْتَقَرَّهَا وَمُسْتَوْدَعَهَاۚ
'ദൈവം ആഹാരവിഭവം ഏറ്റെടുത്തിട്ടില്ലാത്ത ഒരു ജീവിയും ഭൂമിയിലില്ല. അതെവിടെ വസിക്കുന്നുവെന്നും എങ്ങോട്ടാണ് ചെന്നവസാനിക്കുന്നതെന്നും അവന്‍ അറിയുന്നു'' (ഹൂദ് 6).
എന്നെ അലട്ടുന്ന ചോദ്യം ഇതാണ്: 1943-1944 കാലത്ത് ബംഗാളിലെ കൊടും ക്ഷാമകാലത്ത് മുപ്പതിനായിരം ആളുകള്‍ മരിച്ചൊടുങ്ങുകയുണ്ടായി. അന്നം നല്‍കുന്നതിന്റെ ഉത്തരവാദിത്തം അല്ലാഹുവിനാണെങ്കില്‍ ഇതെങ്ങനെ സംഭവിച്ചു?
ഉത്തരം: ഭൂമിയില്‍ എത്രമാത്രം സൃഷ്ടികളുണ്ടോ അവര്‍ക്ക് മുഴുവന്‍ ആവശ്യമായ ആഹാര വിഭവങ്ങള്‍ അല്ലാഹു ഇവിടെ ഒരുക്കിവെച്ചിട്ടുണ്ട് എന്നാണ് മേല്‍ ഖുര്‍ആന്‍ സൂക്തത്തിന്റെ താല്‍പര്യം. ദൈവം അത് സൃഷ്ടിച്ചു വെച്ചിട്ടില്ലെങ്കില്‍ നിസ്സാര കീടങ്ങളും സസ്യങ്ങളും മുതല്‍ മനുഷ്യരാശി വരെയുള്ള കൈയും കണക്കുമില്ലാത്ത സൃഷ്ടി ജാലങ്ങള്‍ക്ക് ഓരോരുത്തരുടെയും ആഹാരം ശേഖരിച്ചുകൊടുക്കാന്‍ ആര്‍ക്കാണ് കഴിയുക? സൃഷ്ടികളില്‍ ഏതാനും പേരെങ്കിലും ചിലപ്പോള്‍ ആഹാരം ലഭിക്കാതെ മരിക്കുന്നുണ്ട് എന്നതാണ് ഇനി പ്രശ്‌നമെങ്കില്‍, അല്ലാഹു അന്നദാതാവല്ലെന്ന് എങ്ങനെയാണ് അതില്‍നിന്ന് അനിവാര്യമാകുന്നത്? ഒന്നാമതായി സൃഷ്ടികളില്‍ ഒരു കോടിയില്‍ അല്ലെങ്കില്‍ ലക്ഷങ്ങളില്‍ ഇങ്ങനെ ആഹാരം കിട്ടാതെ മരിച്ചവര്‍ എത്രയുണ്ടെന്ന് താങ്കള്‍ ഒന്ന് ഊഹിച്ചുനോക്കുക. രണ്ടാമതായി ദൈവം തന്റെ സൃഷ്ടികളുടെ ജീവിതത്തിന് വേണ്ടി അതിരും കണക്കുമില്ലാതെ വിഭവങ്ങള്‍ സൃഷ്ടിച്ചത് പോലെത്തന്നെ അവരുടെ മരണത്തിനും അളവറ്റ കാരണങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ദിനേന ലക്ഷക്കണക്കിലും കോടിക്കണക്കിലും ആളുകള്‍ ജനിച്ചു വീഴുന്ന പോലെ മരിച്ചൊടുങ്ങുന്നുമുണ്ട്. മരിക്കുന്നവര്‍ ഒരേ വിധത്തിലല്ല മരിക്കുന്നത്. മറിച്ചു, പല രൂപത്തിലുമാണു മരിക്കുന്നത്. ഈ നിരവധി മരണരൂപങ്ങളില്‍ ഒന്ന് മാത്രമാണ് ആഹാരത്തിന്റെ അഭാവം മൂലമുള്ള മരണം. നിശ്ചിത സമയത്ത് മരണം ആസന്നമാകുമ്പോള്‍ ആ സമയത്ത് ആഹാരം ഉണ്ടെന്നത് ആരുടെയും ശ്വാസഗതിയെ മരണത്തില്‍നിന്ന് രക്ഷപ്പെടുത്തുന്നില്ല. കേവലം ആഹാരവിഭവം മാത്രമല്ല, ജീവിതത്തിന്റെയും മരണത്തിന്റെയും ഉപകരണങ്ങളും ദൈവ ഹസ്തത്തില്‍ നിക്ഷിപ്തമത്രെ. അതുകൊണ്ടാണ് عَلَى اللَّهِ رِزْقُهَا (അവയുടെ ആഹാരം അല്ലാഹു ഏറ്റെടുത്തിരിക്കുകയാണ്) എന്ന് പറഞ്ഞതിനൊപ്പം തന്നെ مُسْتَقَرَّهَا وَمُسْتَوْدَعَهَا (അവയുടെ താമസസ്ഥലവും ചെന്നെത്തുന്ന ഇടവും അവന്‍ അറിയുന്നു) എന്ന് കൂടി അതോടൊപ്പം പറഞ്ഞിരിക്കുന്നത്. (തര്‍ജുമാനുല്‍ ഖുര്‍ആന്‍ 1966 ജനുവരി)

ദൈവേതരര്‍ക്ക് സാഷ്ടാംഗം
ചോദ്യം: ഞാന്‍ 'തഫ്ഹീമുല്‍ ഖുര്‍ആന്‍' വായിച്ചുകൊണ്ടിരിക്കയാണ്. അതിനിടെ ശിര്‍ക്ക് അഥവാ ബഹുദൈവത്വം ചില ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിച്ചു. ദയവായി വഴികാട്ടിതന്നാലും. ശ്രദ്ധാപൂര്‍വം 'തഫ്ഹീമുല്‍ ഖുര്‍ആന്‍' പാരായണം ചെയ്തപ്പോള്‍ ദൈവത്തിന്റെ സവിശേഷ ഗുണങ്ങളില്‍ അതിഭൗതിക കാര്യങ്ങളുടെ ജ്ഞാനവും എല്ലാം കാണുന്നവനും കേള്‍ക്കുന്നവനുമെന്ന വിശേഷണങ്ങളും (ഉര്‍ദുവില്‍ ഹാളിര്‍ വ നാളിര്‍ എന്ന് നടപ്പ് പ്രയോഗത്തിന്റെ ആധാരം ഇതാണല്ലോ) ഉള്‍പ്പെടുമെന്ന വസ്തുത മനസ്സിലായി. ദൈവത്തിനൊഴികെ മറ്റാര്‍ക്കും ഈ വിശേഷണങ്ങള്‍ ചാര്‍ത്തുന്നത് ശിര്‍ക്ക് അഥവാ ബഹുദൈവത്വമാണ്. സാഷ്ടാംഗ പ്രണാമം (സജദ), തലകുനിക്കല്‍ (റുകൂഅ്) എന്നിവയും ദൈവത്തിന്റെ മഹാസ്തിത്വത്തിന് മാത്രം അവകാശപ്പെട്ടതാണ്. ശിര്‍ക്ക് ദൈവദൃഷ്ടിയില്‍ മാപ്പര്‍ഹിക്കാത്ത മഹാപാപമാണ്. അത്തരമൊരു പെരും കുറ്റം പ്രവര്‍ത്തിക്കാന്‍ ആരോടും അവന്‍ ആജ്ഞാപിക്കാന്‍ സാധ്യതയില്ല. പക്ഷേ, ആദമിന് സുജൂദ് ചെയ്യാന്‍ ദൈവം മാലാഖമാരോട് ആജ്ഞാപിച്ചു. ഇതേപ്രകാരം ഒരു പ്രവാചകനും ശിര്‍ക്ക് ചെയ്യുകയോ ചെയ്യിക്കുകയോ ചെയ്യുന്നില്ല. എന്നാല്‍ ഹസ്രത്ത് യൂസുഫ് നബിയുടെ മുമ്പാകെ അദ്ദേഹത്തിന്റെ സഹോദരന്മാരും മാതാപിതാക്കളും സുജൂദ് ചെയ്യുകയുണ്ടായി. അപ്പോള്‍ ഉദ്ഭവിക്കുന്ന ചോദ്യം ഇതാണ്; അല്ലാഹു അല്ലാത്തവര്‍ക്ക് സാഷ്ടാംഗം ചെയ്യുന്നത് ശിര്‍ക്കാണെങ്കില്‍ മേല്‍പറഞ്ഞ സംഭവങ്ങള്‍ക്ക് എന്ത് ന്യായീകരണമാണുള്ളത്?

ഉത്തരം: ശിര്‍ക്ക് വിഷയകമായി താങ്കള്‍ക്കുണ്ടായ സംശയങ്ങള്‍ 'തഫ്ഹീമുല്‍ ഖുര്‍ആന്‍' തുടര്‍ച്ചയായി പാരായണം ചെയ്താല്‍ പരിഹരിക്കാന്‍ സാധിക്കും. കേവലം ഒരു കത്തിലൂടെ അത് പരിഹരിക്കാന്‍ എനിക്ക് പ്രയാസമുണ്ട്. ശിര്‍ക്ക് വളരെ സങ്കീര്‍ണവും അപകടകരവുമായ ഒരു പ്രശ്‌നമാകയാല്‍ ഇനിയും ആ സംശയത്തിലകപ്പെട്ടു, താങ്കള്‍ കഷ്ടപ്പെടരുതെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അതിനാല്‍ സംക്ഷിപ്തമായ ഏതാനും വാക്കുകളാല്‍ താങ്കള്‍ക്ക് ആശ്വാസം പകരാനാണ് ഞാനിവിടെ ശ്രമിക്കുന്നത്.
ആദ്യമായി താങ്കള്‍ മനസ്സിലാക്കേണ്ടത് സുജൂദ് (സാഷ്ടാംഗ പ്രണാമം) സ്വന്തം നിലക്ക് ഒരു ശിര്‍ക്കല്ല, ശിര്‍ക്കിന്റെ അടയാളമാണെന്നാണ്. അല്ലാഹുവിന്റെ കൂടെ അവന്റെ സത്തയിലോ ഗുണവിശേഷങ്ങളിലോ അവകാശങ്ങളിലോ പങ്കാളിയെ ചേര്‍ക്കുന്നതാണ് യഥാര്‍ഥത്തില്‍ ശിര്‍ക്ക്. ഇത്തരം ഏതെങ്കിലും വിശ്വാസവുമായി ചേര്‍ന്ന് വരികയാണെങ്കില്‍ അത് ശിര്‍ക്കായിരിക്കും. അല്ലാത്തപക്ഷം, അത് ബഹുദൈവവിശ്വാസികളുടെ (മുശ്്രിക്കുകള്‍) പ്രവര്‍ത്തനത്തോട് സദൃശമായതിനാലാണ്, സ്വയം ഒരു ശിര്‍ക്ക് ആയതിനാലല്ല, നിരോധിക്കപ്പെട്ടിരിക്കുന്നത്. ആദാമിന്റെ സൃഷ്ടിവേളയില്‍ ആദാമിന് സുജൂദ് ചെയ്യാന്‍ അല്ലാഹു സ്വയം തന്നെയാണ് മാലാഖമാരോടു കല്‍പിച്ചത്. അതിനാല്‍ മാലാഖമാര്‍ എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അത് ദൈവകല്‍പന ശിരസാവഹിക്കുക മാത്രമായിരുന്നു. ആദാം സ്വയം തന്നെ പൂജക്കോ മഹത്വവല്‍ക്കരണത്തിനോ അര്‍ഹനാണെന്ന് വിശ്വസിച്ചുകൊണ്ടായിരുന്നില്ല ആദാമിന്റെ മുന്നില്‍ അവര്‍ നമിച്ചത്. അതിനാല്‍ ശിര്‍ക്കിന്റെ യാതൊരു ലാഞ്ഛനയും അതിലുണ്ടായിരുന്നില്ലെന്ന് വ്യക്തം.

ഹസ്രത്ത് യൂസുഫ് നബിയുടെ മുമ്പാകെ മാതാപിതാക്കളും സഹോദരന്മാരും സുജൂദ് ചെയ്തതാകട്ടെ, ഖുര്‍ആന്‍ പറയുന്നത് പോലെ അല്ലാഹു തന്നെ കാണിച്ചുകൊടുത്തതും യൂസുഫിന്റെ പിതാവായ ഹസ്രത്ത് യഅ്ഖൂബ് ദൈവിക സൂചനയായി സ്ഥിരീകരിച്ചതുമായ സത്യസ്വപ്‌നത്തിന്റെ അടിസ്ഥാനത്തിലാണ് (സൂറ യൂസുഫ് 4-6). ഹസ്രത്ത് യൂസുഫും അവസാനം ആ സ്വപ്‌നം സത്യമാണെന്ന് തെളിയിക്കുകയും ചെയ്തു (സൂറ യൂസുഫ് 100). അതിനാല്‍, ഇവിടെയും എന്തൊക്കെ സംഭവിച്ചോ അതൊക്കെയും അല്ലാഹുവിന്റെ ആജ്ഞയാല്‍ സംഭവിച്ചതാണ്.

ഇനി, അല്ലാഹുവിന്റെ ഏതെങ്കിലും കല്‍പനയില്ലാതെ ഏതെങ്കിലും മനുഷ്യനെ വിശുദ്ധനും പൂജനീയനുമായി കരുതി അയാളുടെ മുന്നില്‍ സുജൂദ് ചെയ്യുന്ന ഒരാളുടെ വിഷയമെടുക്കാം. ഒരു തെളിവുമില്ലാതെ ആ പ്രവൃത്തിയെയും ശിര്‍ക്ക് പരമല്ലാത്തതെന്ന് പറയാന്‍ സാധിക്കുമോ? മുന്‍ചൊന്ന രണ്ട് സംഭവങ്ങളിലും തനിക്കല്ലാത്തവര്‍ക്ക് സുജൂദ് ചെയ്യുന്നത് അല്ലാഹു അനുവദനീയമാക്കിയിരിക്കുന്നു എന്ന് തെളിവാക്കിക്കൊണ്ട് ഈ പ്രവൃത്തിയും നിരുപാധികം അനുവദനീയമാണെന്ന് പറയുന്നത് ശരിയാകുമോ? അല്ലെങ്കില്‍ ദൈവകല്‍പനയില്ലാതെ തന്നെ നമുക്ക് തോന്നും പോലെ ആദരസൂചകമായി സുജൂദ് ചെയ്യാമോ? ഖുര്‍ആനിലെ 'അല്‍ കഹ്ഫ് അധ്യായത്തില്‍ ഒരു ദൈവദാസന്റെ കഥ പറയുന്നുണ്ട്. അയാള്‍ ഇന്നിന്ന താല്‍പര്യങ്ങള്‍ക്ക് വേണ്ടി ദൈവകല്‍പനയില്‍ പാവങ്ങളുടെ ഒരു കപ്പലിന് കേടുപാടുണ്ടാക്കിയതായും, ഒരു കുട്ടിയെ കൊന്നുകളഞ്ഞതായും ആ കഥയില്‍ പറയുന്നുണ്ട്. അതിനെ തെളിവാക്കി, നാം ഗുണമെന്ന് കരുതുന്ന എന്തിന്റെയെങ്കിലും അടിസ്ഥാനത്തില്‍ ആരാന്റെ സ്വത്തിന് നമുക്ക് നാശനഷ്ടമുണ്ടാക്കുന്നതും തോന്നുന്ന ആളെ വധിക്കുന്നതും നമുക്ക് അനുവദനീയമാകുമോ? അല്ലാഹുവും അവന്റെ തിരുദൂതരും ശറഈ പ്രമാണങ്ങളിലൂടെ അല്ലാഹുഅല്ലാത്തവര്‍ക്ക് സുജൂദ് ചെയ്യുന്നത് ഹറാമാക്കുകയും അപരന്റെ ജീവധനാദികള്‍ കൈകാര്യം ചെയ്യുന്നതിന് അതിരുകള്‍ നിര്‍ണയിക്കുകയും ചെയ്യുമ്പോള്‍, അല്ലാഹുവിന്റെ ചില സവിശേഷ പ്രവര്‍ത്തനങ്ങളെ മാതൃകയാക്കിയും അതിനോട് സദൃശപ്പെടുത്തിയും നിരോധിത കാര്യങ്ങളെ അനുവദനീയമാക്കാന്‍ ആര്‍ക്കെങ്കിലും എങ്ങനെയാണ് അവകാശമുണ്ടാവുക? (തര്‍ജുമാനുല്‍ ഖുര്‍ആന്‍ 1962 മാര്‍ച്ച്) 

(തുടരും)

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top