രാപ്പകലുകള്‍ അധ്വാന-വിശ്രമ വേളകള്‍

അബ്ദുല്ലത്വീഫ് കൊടുവള്ളി‌‌
img

സൂറത്തുന്നബഅ്: വ്യാഖ്യാന വിശേഷങ്ങള്‍ - 2

وَجَعَلْنَا اللَّيْلَ لِبَاسًا . وَجَعَلْنَا النَّهَارَ مَعَاشًا 
(രാത്രിയെ വസ്ത്രമാക്കുകയും പകലിനെ നാം ജീവസന്ധാരണ വേളയാക്കുകയും ചെയ്തിരിക്കുന്നു - അന്നബഅ്: 9,10)

രാത്രിയെ നാം നിങ്ങള്‍ക്ക് ആവരണമാക്കി. അതിന്റെ കറുപ്പ് നിങ്ങളെ ആവരണം ചെയ്യുന്നു. വസ്ത്രം ശരീരത്തെ എന്ന പോലെ ഇരുട്ട് നിങ്ങളെ പൊതിയുന്നു. 
പകലിനെ നിങ്ങളുടെ ജീവിത സന്ധാരണത്തിനും ഭൗതികമായ ആവശ്യങ്ങള്‍ക്കും അവസരമാക്കി. അല്ലാഹുവിന്റെ ഔദാര്യം നേടാന്‍ വേണ്ടി പ്രവര്‍ത്തിക്കാന്‍ കഴിയുമാറ് പ്രകാശപൂര്‍ണമാക്കി.1

രാത്രിയുടെ ഇരുട്ടും കറുപ്പും ജനങ്ങളെ പൊതിയുന്നു. 'രാവു സാക്ഷി, അത് സൂര്യനെ മൂടുമ്പോള്‍' (അശ്ശംസ് 4) 'ലിബാസന്‍' എന്നതിനെ 'സകനന്‍ (ശാന്തിയായി) എന്നാണ് ഖതാദ വ്യാഖ്യാനിച്ചിരിക്കുന്നത്.
ജനങ്ങള്‍ക്ക് പോക്കു വരവുകള്‍ക്കും അധ്വാനിക്കാനും സമ്പാദിക്കാനും വ്യാപാരങ്ങള്‍ക്കും മറ്റും സൗകര്യപ്പെടുമാറ് പകലിനെ പ്രകാശ ദായകമാക്കി'2

ശാന്തി (സഈദുബ്‌നു ജുബൈര്‍, സുദ്ദീ) ആവരണം (ത്വബരി)3
രാത്രിയുടെ ഇരുട്ടിനെ നാം നിങ്ങളെ ധരിപ്പിക്കുകയും വസ്ത്രം നിങ്ങളെ ആവരണം ചെയ്യുന്നതുപോലെ നാം അതുവഴി നിങ്ങളെ ആവരണം ചെയ്യുകയും ചെയ്യുന്നു. രാത്രിയെ വസ്ത്രത്തോട് സാദൃശ്യപ്പെടുത്തി. കാരണം രാത്രിയിലും വസ്ത്രത്തിലും മറയ്ക്കുക എന്ന ഗുണമുണ്ട്. ഇത് ആലങ്കാരിക പ്രയോഗമാണ്.
മരണം എന്ന് അര്‍ഥമുള്ള 'സുബാത്തി'ന്റെ വിപരീതമായി ജീവിക്കുന്ന വേള അഥവാ ജീവിതം എന്ന അര്‍ഥമാണ്  സമഖ്ശരി നല്‍കിയിട്ടുള്ളത്.4

അല്ലാഹു രാത്രിയെയും ഉറക്കത്തെയും ജനങ്ങളെ ആവരണം ചെയ്യുന്നതാക്കി. ഉപദ്രവകരമായ ചലനങ്ങളില്‍നിന്ന് വിട്ടുനിൽക്കാനും പ്രയോജനകരമായ സൗഖ്യം ലഭിക്കാനും അതുവഴി സാധിക്കുന്നു. പകലിനെ നാം അധ്വാനിക്കാനും ആഹാരം കണ്ടെത്താനുമുള്ള വേളയാക്കിയിരിക്കുന്നു.5

വസ്ത്രം നിങ്ങളെ മറയ്ക്കുന്നതുപോലെ രാത്രിയുടെ ഇരുട്ട് നിങ്ങളെ മറയ്ക്കുന്നു, ഉറങ്ങുമ്പോള്‍ പുതപ്പ് ഉപയോഗിച്ച് മറയ്ക്കുന്നതുപോലെ. ശത്രുവില്‍നിന്ന് ഓടി മറയാനും, ശത്രുവെ കാത്തിരിക്കാനും ആളുകൾ കാണുന്നത് ഇഷ്ടപ്പെടാത്തവ മറച്ചു പിടിക്കാനുമെല്ലാം രാത്രി സഹായിക്കുന്നു.

ശത്രുവെ കാത്തിരിക്കാനും ഇഷ്ടപ്പെട്ടവരെ സന്ദര്‍ശിക്കാനും കണ്ടുമുട്ടാനും രാത്രി സഹായിക്കുന്നു. നന്മകള്‍ പ്രകാശവുമായും തിന്മകള്‍ ഇരുട്ടുമായും ബന്ധപ്പെട്ടു നില്‍ക്കുന്നു എന്ന പേര്‍ഷ്യന്‍ മാനവിയ്യ വിഭാഗത്തിന്റെ വാദത്തെ നിരാകരിച്ചുകൊണ്ട് പ്രശസ്ത കവി മുതനബ്ബി പാടുന്നു.
وكم لظلام اليل عندك من يد   تخبّر أن المانويّة تكذب
(രാത്രി തിന്മയുടെ പ്രതീകമാണെന്ന മാനവിയ്യ വിഭാഗത്തിന്റെ വാദം കള്ളമാണെന്ന് സ്ഥാപിക്കുന്ന എത്രയെത്ര അനുഗ്രഹങ്ങൾ രാത്രി നിനക്ക് നൽകുന്നു'

അണിയാനും അഴിക്കാനും എളുപ്പമുള്ള വസ്ത്രം എന്ന പോലെ ദിവസത്തിന്റെ വസ്ത്രമാണ് രാത്രി. ഈ വീക്ഷണം മുന്‍നിര്‍ത്തി ഇരുട്ടിലോ രാത്രിയിലോ നഗ്നനായി നമസ്‌കരിക്കുന്നയാളുടെ നമസ്‌കാരം ശരിയാണെന്ന് ചിലര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.

عَيْشْ എന്ന അര്‍ഥത്തിലുള്ള മീം എന്ന അക്ഷരം കൊണ്ടു തുടങ്ങുന്ന ക്രിയാധാതുവാണ് معاش എന്നത്. ജീവികളുമായി ബന്ധപ്പെട്ട സവിശേഷ ജീവിതം എന്നാണ് 'മആശി'ന്റെ വിവക്ഷ.
പകല്‍ ജീവിതായോധന വേളയാണെന്നര്‍ഥം. ഉറക്കത്തെ മരണമെന്ന് ആലങ്കാരികമായി ചിത്രീകരിച്ച അല്ലാഹു ഉണര്‍ച്ചയെ ജീവിതവേള എന്ന് വിശേഷിപ്പിച്ചു. ചലനങ്ങളില്‍നിന്നുള്ള വിരാമം എന്ന അര്‍ഥത്തില്‍ സബ്ത്ത് എന്ന് നേരത്തെ ഉപയോഗിച്ചു. ഇവിടെ അതിന്റെ വിപരീതമായി ജീവിത വിഭവങ്ങള്‍ കണ്ടെത്താനുള്ള ചലനവേളയായി പകലിനെ പരിചയപ്പെടുത്തി. ഉറക്കിനെ വിശ്രമം, വിരാമം എന്ന് വിശേഷിപ്പിച്ച ശേഷം രാത്രിയെ വസ്ത്രമായി ചിത്രീകരിച്ചത് ഉറക്കവേളയായി രാത്രിയെ നിശ്ചയിച്ചതിലെ യുക്തി സൂചിപ്പിക്കാന്‍ കൂടിയാണ്. ഉറങ്ങുന്നയാള്‍ക്ക് പഞ്ചേന്ദ്രിയബോധങ്ങള്‍ നഷ്ടപ്പെട്ടിരിക്കും. അത്തരം അവസ്ഥയില്‍ ഉപദ്രവകരമായി മാറുന്ന വസ്തുക്കളില്‍നിന്ന് അയാള്‍ക്ക് ഒരുമറവേണം. പുതപ്പുവേണം, തമ്പുവേണം.5 അതാണ് രാത്രി എന്ന ആവരണം. സമാന ആശയമുള്ള ഫുര്‍ഖാന്‍ 47 വിശദീകരിച്ചുകൊണ്ട് മുതവല്ലി ശഅ്‌റാവി എഴുതുന്നു: 'രാത്രി എന്നതിന്റെ വിവക്ഷ ഇരുട്ടാണ്, നിഴലല്ല. ഇരുട്ടാണ് പ്രകാശത്തെ തടയുന്നത്. മനുഷ്യ നിര്‍മിത പ്രകാശം ഉപയോഗിച്ച് സ്വാഭാവിക ഇരുട്ടിനെ ഇല്ലാതാക്കാന്‍ ആധുനിക നാഗരിക ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഇപ്പോള്‍ രാത്രിയും പകലാണെന്നു തോന്നുമാറ് പ്രകാശമയമാണ്. രാത്രിയിലെ പ്രകാശ രശ്മികള്‍ മനുഷ്യാരോഗ്യത്തിന് ദോഷകരമാണെന്ന് ആധുനിക ശാസ്ത്രം സ്ഥാപിക്കുന്നു.
أطفئوا المصابيح بالليل اذا ر قدتم
'നിങ്ങള്‍ ഉറങ്ങുമ്പോള്‍ വിളക്കുകള്‍ കെടുത്തുക' എന്ന നബിവചനം ശ്രദ്ധേയമാണ്6 മനുഷ്യരുടെ ചലന വേളയിലാണ് പ്രകാശ രശ്മികളുടെ ആവശ്യം. നാം ഉറങ്ങുമ്പോള്‍ വെളിച്ചത്തിന് ഒന്നും നിര്‍വഹിക്കാനില്ല. തന്നെയുമല്ല ഉറങ്ങുമ്പോള്‍ വെളിച്ചത്തിന്റെ സാന്നിധ്യം ശല്യമാണ്. ഖസ്വസ്വ് 71-72 ല്‍ രാപ്പകലുകള്‍ എങ്ങനെയാണ് അനുഗ്രഹമായി മാറുന്നതെന്ന് വിവരിക്കുന്നുണ്ട്. ചുരുക്കത്തില്‍ രാവിനും പകലിനും പ്രത്യേകം പ്രത്യേകം ധര്‍മങ്ങള്‍ നിര്‍വഹിക്കാനുണ്ട്. അവ നിര്‍വഹിക്കാന്‍ അവയെ നാം അനുവദിക്കണം.
സ്വൂഫീ വീക്ഷണത്തില്‍ ഉറക്കത്തിന് ചില സൂക്ഷ്മാശയങ്ങളുണ്ട്. അതിങ്ങനെ: സത്യനിഷേധിയുടെ ശരീരത്തിലെ എല്ലാ അണുക്കളും സത്യവിശ്വാസികളാണ്.
كُلٌّ قَدْ عَلِمَ صَلَاتَهُ وَتَسْبِيحَهُۗ
'എല്ലാറ്റിനും അതിന്റെ നമസ്‌കാരവും പ്രകീര്‍ത്തനവും അറിയാം' (അന്നൂര്‍ 41) സത്യനിഷേധി അല്ലാഹുവെ ധിക്കരിക്കുമ്പോള്‍ അയാളുടെ ശരീരത്തിലെ ഓരോ അണുവും അയാളെ വെറുക്കുന്നു. പരലോകത്ത് അയാള്‍ക്കെതിരെ സാക്ഷ്യം വഹിക്കുന്നു. ദുന്‍യാവില്‍ സത്യനിഷേധിയുടെ താല്‍പര്യങ്ങള്‍ക്ക് വിധേയമായ ശരീരാവയവങ്ങള്‍ പരലോകത്ത് അല്ലാഹുവിന് മാത്രം വിധേയരായിരിക്കും. അതുകൊണ്ടുതന്നെ അയാളുടെ ശരീരം ഉറങ്ങുമ്പോള്‍ ശരീരാവയവങ്ങള്‍ക്ക് അയാളുടെ പാപങ്ങളില്‍നിന്ന് ആശ്വാസം ലഭിക്കുന്നു. ഉറക്കിനെ ഈ അര്‍ഥത്തില്‍ പാപമുക്തിക്ക് സഹായകമായി കൂടി മനസ്സിലാക്കാം.7

വസ്ത്രം മനുഷ്യന്റെ സൗന്ദര്യം വര്‍ധിപ്പിക്കുന്നു. അതിലൂടെ ശക്തി പൂര്‍ണത തേടുന്നു. ചൂടും തണുപ്പും തടയുന്നു. ഇതുപോലെ ഉറക്കം വഴി മനുഷ്യന്റെ സൗന്ദര്യം വര്‍ധിക്കുന്നു. അവയവങ്ങള്‍ക്ക് മൃദുത്വവും മസൃണതയും ലഭിക്കുന്നു. പഞ്ചേന്ദ്രിയങ്ങളും ചലനശേഷിയും ഒരുപോല പൂര്‍ണത തേടുന്നു, ശാരീരിക ക്ഷീണം അകലുന്നു. മനസ്സില്‍നിന്ന് മോശമായ ചിന്തകളുടെ പീഡകള്‍ ഇല്ലാതാവുന്നു, രാത്രിയില്‍ ഉറങ്ങുന്നതോടെ വല്ലാത്തൊരു ലാഘവത്വം അനുഭവിക്കാന്‍ കഴിയുന്നു.

ഐശ്, മഈശത്ത്, ഈശത്ത് പോലെ ത്തന്നെയുള്ള ഒരു ക്രിയാധാതുവാണ് മആശ്. ഇതിന് രണ്ട് വ്യാഖ്യാനങ്ങളാവാം. ഒന്ന്: പകലിനെ നാം ജീവിതായോധന വേളയാക്കി' എന്ന്. രണ്ട്: ജീവിക്കാനുള്ള അവസരം എന്ന രീതിയില്‍ സൗകര്യപ്രദമാക്കി പകലിനെ ജീവിതാവസരമാക്കി എന്നതിന്റെ വിവക്ഷ ജീവിതാവശ്യങ്ങള്‍ക്കുള്ള സമ്പാദനങ്ങളെല്ലാം രാത്രിയിലല്ല, പകലിലാണ് സാധ്യമാക്കുക എന്ന് സൂചിപ്പിക്കുന്നു.8
ഉറക്കിനെക്കുറിച്ച് പറഞ്ഞശേഷം അതിന് ഏറ്റവും അനുയോജ്യമായ സമയം എന്ന നിലയില്‍ ظرف مكان (സ്ഥലവാചി) പറഞ്ഞശേഷം ظرف زمان (കാലവാചി) എന്ന അനുഗ്രഹം എടുത്തുപറയുന്നു. പ്രകാശം ഉണ്ടായിട്ടില്ല എന്നവിധം വെളിച്ചം പോയ്ക്കഴിഞ്ഞ ശേഷം പ്രത്യക്ഷമാവുന്ന രാത്രിയെ ആവരണമായും വസ്ത്രം പോലെ വസ്തുക്കളെ കണ്ണുകളില്‍നിന്ന് മറയ്ക്കുന്ന ഇരുട്ടെന്ന മറയായും ചിത്രീകരിച്ചിരിക്കുന്നു.
പകല്‍ ഒരേസമയം ജീവിതവും ജീവിതവേളയും ജീവിതസ്ഥലവുമാകുന്നു. രാത്രി മറച്ചുവെച്ചതെല്ലം പകലില്‍ വെളിപ്പെടുന്നു.9

രാത്രിയുടെ കറുപ്പ് മറയായി വര്‍ത്തിക്കുന്നു10 കണ്ണുകളില്‍നിന്ന് നിങ്ങളെ മറയ്ക്കുന്ന ആവരണം. നിങ്ങളുടെ ജീവിത സന്ധാരണത്തിന്നാവശ്യമായവ നേടിയെടുക്കാനുള്ള അധ്വാനവേള.11

മറഞ്ഞിരിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഇരുട്ടില്‍ മറഞ്ഞിരിക്കാന്‍ ആവരണമായി  രാത്രിയെയും ജീവിത വിഭവങ്ങള്‍ കണ്ടെത്താനുള്ള പോക്കുവരവുകള്‍ക്ക് അവസരമായി പകലിനെയും സൃഷ്ടിച്ചു. അഥവാ ഉറക്കം വിട്ട് ജീവിതത്തിലേക്ക് ഉണരുന്ന സമയം എന്ന നിലയില്‍ പകലിനെയും സംവിധാനിച്ചു.12

മറ്റുള്ളവര്‍ കാണുന്നത് നിങ്ങള്‍ ഇഷ്ടപ്പെടാത്തവ അന്യരുടെ കണ്ണുകളില്‍ മറയ്ക്കാനുള്ള മറയായി രാത്രിയെയും ആവശ്യങ്ങള്‍ക്കും അധ്വാനങ്ങള്‍ക്കുമായി നിങ്ങള്‍ക്കു പോക്കുവരവുകള്‍ സാധ്യമാവുന്ന ജീവനവേളയായി പകലിനെയും സംവിധാനിച്ചു.13
രാത്രിയെ വസ്ത്രമാക്കി എന്നത് ആലങ്കാരിക പ്രയോഗമാണ്. 'മആശ്' എന്നാല്‍ ജീവിതായോധന വേള എന്നാണര്‍ഥം.14

മുന്‍സൂക്തങ്ങളില്‍ പരാമര്‍ശിച്ച തെളിവുകളുടെയും അനുഗ്രഹങ്ങളുടെയും പൂര്‍ണത എന്നനിലയിലാണ് ഉറക്കിനെ സ്വീകരിക്കാനും പ്രയോജനപ്പെടുത്താനും അതിന്റെ സന്തോഷം അനുഭവിക്കാനും കഴിയുംവിധം രാത്രിയുടെ വസ്ത്രം എന്ന അവസ്ഥ എടുത്തു പറഞ്ഞത്. ഭൂഗോളത്തിന്റെ ഒരു ഭാഗത്തുനിന്ന് സൂര്യപ്രകാശം നീങ്ങുന്നതോടെ അന്തരീക്ഷത്തിലുണ്ടാകുന്ന താല്‍ക്കാലിക അന്ധകാരത്തെയാണ് നാം രാത്രി എന്ന് വിളിക്കുന്നത്. ഇരുട്ടോടെ വസ്തുക്കള്‍ കണ്ണുകളില്‍നിന്ന് മറയുന്നു. അതോടെ നടക്കാനും ജോലി ചെയ്യാനും മറ്റും പ്രയാസമാകുന്നു. ഉന്മേഷം പോകുന്നു. പേശികളെ ക്ഷീണം ബാധിക്കുന്നു. ക്രമേണ ഉറക്കത്തിന്റെ മുന്നോടിയായി മയക്കം വരുന്നു. ഏകനായ അല്ലാഹുവിന്റെ സൃഷ്ടിപ്പിന്റെയും നിസ്തുലമായ നിര്‍ണയത്തിന്റെയും ദൃഷ്ടാന്തമാണ് രാത്രി എന്നത് തീര്‍ച്ച.

നശിച്ചുപോയ ശരീരങ്ങളെ പുനര്‍ജീവിപ്പിക്കാന്‍ അല്ലാഹുവിന് പ്രയാസമില്ല എന്നതിനും ഇത് തെളിവാണ്. പുനരുത്ഥാനത്തെ നിരാകരിക്കുന്നവര്‍ ഇതേപറ്റി ചിന്തിച്ചാല്‍ അല്ലാഹുവിന് അത് നിഷ്പ്രയാസമാണെന്ന് മനസ്സിലാക്കാം. അതേപറ്റി നബി(സ) പറഞ്ഞതിനെ അവര്‍ക്ക് കളവാക്കാനാവില്ല. തങ്ങളുടെ ജീവിതത്തില്‍ സൗഖ്യവും തങ്ങളോട് ദയയും പ്രദാനം ചെയ്യുന്ന ഈ വ്യവസ്ഥ അല്ലാഹുവിന്റെ ഭാഗത്ത്നിന്ന് തങ്ങളോടുള്ള ഔദാര്യമായി അവര്‍ മനസ്സിലാക്കിയിരുന്നുവെങ്കില്‍ അവര്‍ അവന് നന്ദി ചെയ്യുമായിരുന്നു, അവര്‍ അവനില്‍ പങ്ക് ചേര്‍ക്കുമായിരുന്നില്ല.
ഉറങ്ങുമ്പോഴുള്ള അവസ്ഥയെക്കുറിച്ച് ഓര്‍ക്കുമ്പോഴെല്ലാം രാത്രിയെക്കുറിച്ച ഓര്‍മ പെട്ടെന്ന് കടന്നുവരും.

അതുകൊണ്ടുതന്നെ മുന്‍ സൂക്തത്തില്‍ ഉറക്കത്തെക്കുറിച്ച് പറഞ്ഞത് രാത്രിയെക്കുറിച്ച ശ്രോതാക്കളുടെ ധാരണകള്‍ക്കനുസൃതമായാണ്.

രാത്രിയെ വസ്ത്രമായി വിശേഷിപ്പിച്ചത് അതിന്റെ സവിശേഷതകള്‍ പരിഗണിച്ചാണ്. മനുഷ്യര്‍ ധരിക്കാന്‍ ഉപയോഗിക്കുന്നത് എന്ന അര്‍ഥത്തിലാവാം 'ലിബാസ്' എന്ന് ഉപയോഗിച്ചിരിക്കുന്നത് അതായത്, രാത്രിയെ മനുഷ്യന് തന്റെ വസ്ത്രം പോലെയാക്കി സംവിധാനിച്ചു. ആവരണം എന്ന സവിശേഷതയാണ് രാത്രിയെയും വസ്ത്രത്തെയും തമ്മില്‍ സാദൃശ്യപ്പെടുത്തുന്നത്. ഇതിനു മൂന്നു വിവക്ഷകളുണ്ട്:
1) വസ്ത്രം മനുഷ്യനെ മറയ്ക്കുന്നതുപോലെ രാത്രി മനുഷ്യനെ മറയ്ക്കുന്നു. സാധാരണ ഗതിയില്‍ പകലില്‍ ചെയ്യാത്തതും ആളുകള്‍ കാണാന്‍ ഇഷ്ടപ്പെടാത്തതുമായ പ്രവൃത്തികളില്‍ രാത്രികാലങ്ങളില്‍ നാം ഏര്‍പ്പെടുന്നു. ഇരുട്ടിന്റെ ദൈവം രാത്രിയാണെന്ന അഗ്നിയാരാധക വിഭാഗത്തിന്റെ വിശ്വാസത്തിന്റെ ഖണ്ഡനം കൂടിയാണിത്. അവരുടെ വിശ്വാസമനുസരിച്ച് ദൈവങ്ങള്‍ രണ്ടാണ്. നന്മയുടെ സ്രഷ്ടാവായ പ്രകാശം എന്ന ദൈവം. തിന്മയുടെ സ്രഷ്ടാവായ ഇരുട്ടിന്റെ മറ്റൊരു ദൈവം.
രണ്ടു ദൈവങ്ങളില്‍ വിശ്വസിക്കുന്ന ഇവര്‍ 'സനവിയ്യ' എന്നറിയപ്പെടുന്നു. ഈ രണ്ട് അടിസ്ഥാനങ്ങളിലാണ് പ്രപഞ്ചത്തിന്റെ നിലനില്‍പ് എന്ന അവര്‍ വിശ്വസിക്കുന്നു. ജാഹിലിയ്യ കാലഘട്ടത്തില്‍, പേര്‍ഷ്യക്കാരനായ മാനീ എന്ന് പേരുള്ള ഒരാളിലേക്ക് ചേര്‍ത്തു പറയുന്ന മാനവിയ്യ വിഭാഗമാണ് ഇവരില്‍ പ്രധാനം. ജാഹിലിയ്യ കാലത്തുതന്നെ പേര്‍ഷ്യക്കാരനായ മസ്ദക് എന്ന ആളിലേക്ക് ചേര്‍ത്തു പറയുന്ന മസ്ദകിയ്യ ഗ്രൂപ്പാണ് മറ്റൊന്ന്.

(ഇതുമായി ബന്ധപ്പെട്ട കവിത ലേഖനത്തിന്റെ തുടക്കത്തില്‍ ഉദ്ധരിച്ചത് ശ്രദ്ധിക്കുക)
രാത്രിയെ വസ്ത്രവുമായി സാദൃശ്യപ്പെടുത്തിയതിന്റെ രണ്ടാമത്തെ വശം, വസ്ത്രം ധരിക്കുന്ന ആളുടെ സുഖത്തിന് യോജിച്ച വിധവും അയാളോട് ദയാമസൃണമായി ഇണങ്ങും വിധവും രാത്രി അനുഭവപ്പെടുന്നു എന്നതാണ്. രാത്രി മനുഷ്യന് സുഖവും ആശ്വാസവും പകരുകയും അവന്റെ പഞ്ചേന്ദ്രിയങ്ങളെയും നാഡിഞരമ്പുകളെയും വലയം ചെയ്യുകയും ചെയ്യുന്നതിനാല്‍ രാത്രിയെ വസ്ത്രവുമായ സാദൃശ്യപ്പെടുത്തിയത് സംഗതമായി. സഈദുബ്‌നു ഉബൈദും സുദ്ദീയും ഖതാദയും 'സുബാത്തന്‍' എന്നതിനെ 'സകനന്‍' (ശാന്തി) എന്ന് വിശദീകരിച്ചത് മുന്‍നിര്‍ത്തിയാണ് ഈ വ്യാഖ്യാനം.
രാത്രിയെ വസ്ത്രവുമായി സാദൃശ്യപ്പെടുത്തിയതിന്റെ മുന്നാമത്തെ ന്യായം അത് സംരക്ഷണമാണ് എന്നതത്രെ. രാത്രി മനുഷ്യനെ അപകടങ്ങളില്‍നിന്നും അതിക്രമങ്ങളില്‍നിന്നും രക്ഷിക്കുന്നു. അറബികള്‍ പൊതുവെ രാത്രി വേളകളിൽ ആരെയും ആക്രമിച്ചിരുന്നില്ല. രാവിലെയായിരുന്നു അവര്‍ ആക്രമിച്ചിരുന്നത്. അതുകൊണ്ട് ആക്രമണ വിധേയരായവര്‍ 'യാ സ്വബാഹാ!' എന്ന് ഉച്ചത്തില്‍ ശബ്ദമുണ്ടാക്കിയാണ് സ്വന്തക്കാരെ വിളിച്ചിരുന്നത്. സ്വബ്ബഹഹുമുല്‍ അദുവ്വു (അവരെ ശത്രു രാവിലെ കടന്നാക്രമിച്ചു) എന്ന പ്രയോഗവും ഇതാണ് സൂചിപ്പിക്കുന്നത്. ശത്രുക്കള്‍ വരുന്നുണ്ടോ എന്നറിയാനായി കുന്നിനുമുകളില്‍ നിരീക്ഷകരെ നിര്‍ത്തുന്ന രീതിയുണ്ടായിരുന്നു. നേരം ഇരുട്ടിയാല്‍ നിരീക്ഷകരായ കാവല്‍ക്കാര്‍ കുന്നിറങ്ങിപ്പോകുമായിരുന്നു.

രാത്രിയുടെ ഘടനയും വിശേഷവും എടുത്തു പറഞ്ഞശേഷം അതിനു വിരുദ്ധമായ പകലിന്റെ സൃഷ്ടി ഘടനയെക്കുറിച്ചാണ് തുടര്‍ന്നു പറയുന്നത്. ഭൂഗോളത്തിന്റെ വലിയൊരു ഭാഗത്ത് സൂര്യപ്രകാശം പതിക്കുന്ന സമയത്തെയാണ് നാം പകല്‍ എന്നു വിളിക്കുന്നത്. നിര്‍മാണത്തിലെ കൃത്യതയും കണിശതയും ഭദ്രതയും സംബന്ധിച്ച നല്ലൊരു പാഠമാണ് രാപ്പകലുകളുടെ ഗതി മാറ്റം എന്ന ഈ പ്രതിഭാസം.

ഭൂഗോളത്തിനു മുകളില്‍ സൂര്യപ്രകാശത്തിന്റെ സാന്നിധ്യവും അസാന്നിധ്യവുമാണ് വ്യത്യസ്തവും അതോടൊപ്പം പരസ്പര വിരുദ്ധവുമായ ഈ ഘടനക്കാധാരം. രാവും പകലും വ്യത്യസ്ത രീതികളില്‍ സൃഷ്ടികള്‍ക്ക് അനുഗ്രഹമായി ഭവിക്കുന്നു. രാത്രി എന്ന അനുഗ്രഹം ശാന്തിയും സ്വസ്ഥതയും തരുന്നു. പകല്‍ എന്ന അനുഗ്രഹം കര്‍മത്തിന്റെയും അധ്വാനത്തിന്റെയും വേളയാണ്. രാത്രി കഴിഞ്ഞ് പകലാവുന്നതോടെ ഉന്മേഷവും ആശ്വാസവും വീണ്ടെടുക്കാന്‍ കഴിയുന്നു. ആളുകളെയും വഴികളും തിരിച്ചറിയാന്‍ കഴിയുന്നതോടെ ജോലികളിലേര്‍പ്പെടാന്‍ സാധിക്കുന്നു.

പകലിലെ കൂടുതല്‍ ജോലികളും ജീവിക്കാന്‍ വേണ്ടി ആയതിനാലാണ് പകലിനെ ജീവനവേള/ജീവിതവേള എന്ന് വിശേഷിപ്പിച്ചത്. ഉറക്കത്തെയും രാത്രിയെയും പരാമര്‍ശിച്ച ശേഷം പകലിനെ പരാമര്‍ശിച്ചത് ഉറക്കിന്റെ വിപരീതമായ ഉണര്‍ച്ചയുടെ സമയം ആരംഭിക്കുന്നത് പകലോടെയാണ് എന്ന് ശ്രദ്ധയില്‍ കൊണ്ടുവരാനാണ്. ഉറക്കത്തിന്റെയും രാത്രിയുടെയും വിരുദ്ധമായ ഉണര്‍ച്ചയെയും പകലിനെയും ജീവിതവേളയാക്കി എന്നു സാരം. ഉറക്കം, രാത്രി, ജീവിതവേള, പകല്‍ എന്നീ പദങ്ങള്‍ തമ്മില്‍ പദപരമായും ഉള്ളടക്കപരമായും ചേതോഹരമായ ചേര്‍ച്ചയുണ്ടെന്ന് കാണാം.
عاش (ജീവിച്ചു) എന്ന പദത്തിന്റെ ക്രിയാധാതുവാണ് 'മആശ്'. ജീവിതം എന്നര്‍ഥം. മനുഷ്യ ജീവിതത്തിന്നാധാരമായ ഭക്ഷണ പാനീയങ്ങള്‍ക്കും 'മആശ്' എന്നു പറയാം. ജീവിതം, ജീവനാംശം എന്നീ രണ്ടര്‍ഥങ്ങളും സാധുവാണ്. അതായത്, പകലിനെ നാം നിങ്ങള്‍ക്ക് ജീവിതമാക്കി. (പകലിലെ ഉണര്‍ച്ചയെ ജീവിതമാക്കി) അഥവാ, പകലിനെ നിങ്ങള്‍ക്ക് ജീവനവേളയാക്കി. ജീവനോപാധി എന്ന നിലയില്‍ ആലങ്കാരികമായാണ് ഈ പ്രയോഗം. ജീവിതോപാധികള്‍ സമ്പാദിക്കാന്‍ കാരണമാകുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് അവസരമൊരുക്കുന്നത് പകലാണെന്നു സാരം. പ്രവര്‍ത്തനങ്ങളില്‍നിന്ന് വിരമിക്കുന്ന എന്ന അര്‍ഥത്തില്‍ രാത്രിയെ വിശ്രമാവസരം എന്നും പറയുന്നു.
ഈ പരിഗണന വെച്ച് നോക്കുമ്പോള്‍ 'സുബാത്ത്' 'മആശ്' എന്നീ പദങ്ങള്‍ സുന്ദര ദ്വയങ്ങളാണ്.15

നിങ്ങള്‍ക്ക് ശാന്തിയും അഭയവും നേടാനുള്ള അവസരമാക്കി മാറ്റി. ഭാര്യമാര്‍ നിങ്ങളുടെ വസ്ത്രമാണ് (ബഖറ 187) എന്ന പ്രയോഗം പോലെയാണിതും. രാത്രിയെ വസ്ത്രം എന്ന് വിശേഷിപ്പിച്ചത് അത് രാത്രി എല്ലാവസ്തുക്കളെയും ഇരുട്ടുകൊണ്ട് പൊതിയുന്നു എന്നതിനാലാണ്.16
മരണസമാനമായ ഉറക്കിനുശേഷം ഉയിര്‍ത്തെഴുന്നേൽപ്പിക്കപ്പെടുന്ന സമയമാണ് പകല്‍
وَهُوَ الَّذِي جَعَلَ لَكُمُ اللَّيْلَ لِبَاسًا وَالنَّوْمَ سُبَاتًا وَجَعَلَ النَّهَارَ نُشُورًا 
'അവനത്രെ നിങ്ങള്‍ക്കു വേണ്ടി രാത്രിയെ ഒരു വസ്ത്രവും ഉറക്കത്തെ ഒരു വിശ്രമവും ആക്കിത്തന്നവന്‍. പകലിനെ അവന്‍ എഴുന്നേല്‍പു സമയമാക്കുകയും ചെയ്തിരിക്കുന്നു' (ഫുര്‍ഖാന്‍ 47)17

പകല്‍ ജോലികളില്‍ വ്യാപൃതരാകുവാനും രാത്രി വിശ്രമിക്കാനുമുള്ള അവസരമാണെന്ന് ഖുര്‍ആന്‍ പലയിടങ്ങളിലായി സ്ഥാപിക്കുന്നുണ്ട്. യൂനുസ് 67, ഫുര്‍ഖാന്‍ 47, നംല് 86, നബഅ് 10,11. ആധുനിക ശാസ്ത്രം വൈദ്യുതി കണ്ടു പിടിച്ച ശേഷം രാത്രിയെ വിശ്രമത്തിനായി നിജപ്പെടുത്തിക്കൊണ്ടുള്ള ഖുര്‍ആനിക വിളംബരത്തിന് പ്രസക്തിയില്ലെന്ന് ചിലര്‍ വാദിക്കാറുണ്ട്. ഏത് ജീവജാലങ്ങളുമായും ബന്ധപ്പെട്ട് ഈ വിഷയത്തില്‍ നടത്തിയിട്ടുള്ള പഠനങ്ങള്‍ ഖുര്‍ആന്റെ നിലപാടിനെ സാധുകരിച്ചിട്ടേയുള്ളൂ. രാപ്പകലുകളില്‍ ജീവജാലങ്ങളിലുണ്ടാകുന്ന മാറ്റങ്ങള്‍ വിശദപഠനത്തിനു വിധേയമാക്കിയാല്‍ ഇക്കാര്യം ബോധ്യപ്പെടും.

രാത്രിയിലെ ആദ്യയാമത്തിലെ ഉറക്കമാണ് മനുഷ്യര്‍ക്ക് ഏറ്റവും ആരോഗ്യപ്രദമെന്ന് ശാസ്ത്രീയ പഠനങ്ങള്‍ തെളിയിക്കുന്നു. നവോന്മേഷം ലഭിക്കാനും ഓര്‍മശക്തി വര്‍ധിപ്പിക്കാനും അത് സഹായിക്കും. കുറഞ്ഞ സമയത്തിനപ്പുറമുള്ള പകലുറക്കം ദോഷം ചെയ്യും. രക്തപര്യയനത്തെ ബാധിക്കും. രാപ്പകലുകളില്‍ ഭൂമിയുടെ അന്തരീക്ഷത്തില്‍ സംഭവിക്കുന്ന പലതരം മാറ്റങ്ങള്‍ക്ക് ജൈവലോകം വിധേയമാണ്. തലച്ചോറിന് താഴെ സ്ഥിതിചെയ്യുന്ന Pineal Gland രാത്രിയില്‍ ഉല്‍പാദിപ്പിക്കുന്ന Melatonin ഹോര്‍മോണ്‍ മനുഷ്യശരീരത്തിന് അത്യന്താപേക്ഷിതമാണ്. ഇവ Oxidats - Antiയായി പ്രവര്‍ത്തിച്ച് ഹൃദ്രോഗങ്ങളെ തടയുന്നു. തലച്ചോറിലെയും പേശികളിലെയും കോശങ്ങളെ സംരക്ഷിക്കുന്നു. പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നു. വാര്‍ധക്യ ലക്ഷണങ്ങളെ തടഞ്ഞു നിര്‍ത്തുന്നു. പകലില്‍ വെയിലേല്‍ക്കുന്നത് പകലില്‍ Serotonin ഹോര്‍മോണിന്റെയും രാത്രിയില്‍ Melatonin ന്റെയും ഉല്‍പ്പാദനത്തെ സഹായിക്കുന്നു. അതേസമയം രാത്രി കൃത്രിമ പ്രകാശമേല്‍ക്കുന്നത് വഴി Serotonin ഹോര്‍മോണ്‍ വര്‍ധിക്കുന്നില്ല. തന്നെയുമല്ല രാത്രിയില്‍ Melatonin ന്റെ ഉല്‍പ്പാദനത്തെ അത് തടസ്സപ്പെടുത്തുകയും ചെയ്യുന്നു. പകലിലെ പ്രകാശം കണ്ണില്‍പതിയുന്നതോടെ മനുഷ്യശരീരം ജൈവികമായി കര്‍മനിരതമാവുന്നു. Melatonin ന്റെ ഉല്‍പാദനം നിര്‍ത്തിവെച്ച് Serotonin ന്റെ ഉല്‍പാദനം തുടങ്ങുന്നു.

മനുഷ്യശരീരത്തിലെ താപം രാത്രിയില്‍ താഴെ നിലയിലെത്തുന്നു. രാവിലെ ആറുമണിയോടെ ഉയര്‍ന്നതോതിലെത്തുന്നു. ഹൃദയ മിടിപ്പുകളില്‍ വ്യത്യാസമുണ്ടാവുന്നു. പകലില്‍നിന്ന് വ്യത്യസ്തമായി രാത്രിയില്‍ ദഹനം കുറയുന്നു. ഒരു രാത്രി മാത്രമാണ് ഉറങ്ങാതിരിക്കുന്നതെങ്കിലും അത് ബുദ്ധിയെ വല്ലാതെ ദോഷകരമായി ബാധിക്കുമെന്ന് ബ്രിട്ടനില്‍ നടത്തിയ ഒരു പഠനം പറയുന്നു.

മനുഷ്യരില്‍ മാത്രമല്ല, ഇതര ജീവികളിലും ഇതുതന്നെയാണ് സംഭവിക്കുന്നത്. 
സൂര്യോദയത്തോടെ സസ്യങ്ങളിലെ ഇലകളില്‍ പ്രവർത്തനങ്ങൾ നടക്കുന്നു.
ഉച്ചക്ക് ശേഷം ഈ പ്രക്രിയ കുറയുകയും ശ്വസന പ്രക്രിയ വര്‍ധിക്കുകയും ചെയ്യുന്നു. ഇതനുസരിച്ച് രാത്രി ജീവജാലങ്ങള്‍ക്ക് മൊത്തം ആശ്വാസ പ്രദമായി മാറുന്നു. രാവും പകലുമായി ബന്ധപ്പെട്ട് ഖുര്‍ആന്‍ മുന്നോട്ട് വെച്ച കാര്യങ്ങളെ സാധൂകരിക്കുന്നതു തന്നെയാണ് ശാസ്ത്രത്തിന്റെ കണ്ടെത്തലുകളും18

ഉപമാനത്തിനും ഉപമേയത്തിനും ഇടയിലെ (കാഫ്= പോലെ) കളഞ്ഞ് പ്രയോഗിക്കുമ്പോള്‍ അതിനെ അതിശക്തമായ ഉപമ എന്നു പറയുന്നു. 'അബൂയൂസുഫ് ഫീ ഖിഖ്ഹിഹി കഅബീ ഹനീഫ' (ഫിഖ്ഹില്‍ അബൂഹനീഫയെ പോലെയാണ് അബൂയൂസുഫ്), എന്നു പറയാതെ, 'അബൂയൂസുഫ് അബൂഹനീഫ (അബൂയൂസുഫ് അബൂഹനീഫയാണ്) എന്നു പറയുമ്പോള്‍ ആശയ തീവ്രത കൂടുന്നു. 'രാത്രിയെ നാം വസ്ത്രം പോലെയാക്കി' എന്നതിനു പകരം 'രാത്രിയെ നാം വസ്ത്രമാക്കി' എന്ന പ്രയോഗവും ഇതേ രീതിയിലാണ്.19

പ്രപഞ്ചത്തിന്റെ ചലനം ജീവികളുടെ ചലനങ്ങള്‍ക്കനുസൃതമായാണ് അല്ലാഹു സംവിധാനിച്ചിരിക്കുന്നത്. അധ്വാന പരിശ്രമങ്ങള്‍ക്കുശേഷം ഉറക്കവും വിശ്രമവും മനുഷ്യനില്‍ നിക്ഷേപിച്ചു അല്ലാഹു. ഉറക്കവും ഏകാന്തതയും സാധ്യമാകും വിധം രാത്രി എന്ന പ്രതിഭാസത്തെ മറയായി അനുഭവവേദ്യമാക്കുന്ന വസ്ത്രമായി സംവിധാനിച്ചു.
പകല്‍ എന്ന പ്രതിഭാസം സംവിധാനിച്ചിരിക്കുന്നത് ചലനങ്ങളും പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാകാന്‍ വേണ്ടിയാണ്. അല്ലാഹുവിന്റെ സൃഷ്ടികള്‍ തമ്മിലുള്ള പൊരുത്തവും യോജിപ്പും ഇതിലൂടെയാണ് സാധ്യമാകുന്നത്. ജീവജാലങ്ങള്‍ക്ക് അനുയോജ്യമായ വിധമുള്ള പാരിസ്ഥിതിക ഘടനയാണ് ഈ ലോകത്തിന്റേത്. ജീവജാലങ്ങളില്‍ നിക്ഷേപിച്ച സവിശേഷതകള്‍ക്കനുസരിച്ച് പ്രകൃതി ഉത്തരം നല്‍കിക്കൊണ്ടിരിക്കും. പ്രകൃതിയില്‍ നിക്ഷിപ്തമായ സവിശേഷതകളും അനുകൂലനങ്ങളും സ്വീകരിക്കാന്‍ പാകത്തിലുള്ള ഘടനയാണ് ജീവജാലങ്ങള്‍ക്ക് നല്‍കപ്പെട്ടിരിക്കുന്നത്. ഇതും അതും- പ്രപഞ്ചവും വസ്തുക്കളും- അല്ലാഹുവിന്റെ നിസ്തുലമായ കഴിവിനാലാണ് സൃഷ്ടിക്കപ്പെട്ടതും സൂക്ഷ്മമാം വിധം സംയോജിച്ച് പ്രവര്‍ത്തിക്കുന്നതും.20 

കുറിപ്പുകൾ
1. تفسير الطبري
2. تفسير ابن كثير
3. الماوردي
4. تفسير ابن جريّ
5. المختصوفي التفسير ، الالوسي
6. البخاري 6296
7. متولّي شعراوي (الفرقان 47
8. تفسير الرّازي
9. نظم الدّرر للبقاعي
10. تفسير الجلالين
11. جامع البيان اللابحي
12. تفسير البيضاوي
13. تفسير النسفي
14. تفسير الشمعاني
15. التحرير والتنوير - ابن عاشور
16. البسيط لِلْوَاحدي
17. تفسير أبي السعود
18. بيان الإسلام للرّدّ على شبهات حول الاسلام
19. اللغة العربيّة والإنكار التربويّة
20. في ظلال القرآن

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top