ضرّ، ضُرّ، ضَرَر، ضَرّاء، فَعَل، عَمِلَ، صنعَ അർഥ വ്യത്യാസങ്ങൾ ഖുർആനിൽ

നൗഷാദ് ചേനപ്പാടി‌‌

ഉപദ്രവം, പീഡ എന്നീ അര്‍ഥങ്ങളില്‍ ഉപയോഗിക്കുന്ന ദര്‍റ്, ദുര്‍റ് എന്നീ പദങ്ങള്‍ ضَرّ، يضرّ എന്ന ക്രിയയുടെ ധാതുവാണ്. ഈ ക്രിയക്ക് നാല് ക്രിയാധാതുക്കളുണ്ട്. ദര്‍റ്, ദുര്‍റ്, ദററ്, ദര്‍റാഅ്.
ദര്‍റ്: യൂനുസ് 12 (മൂന്നിടത്ത്), യൂസുഫ് 88, അന്നഹ് ല്‍ 53,54, അല്‍ ഇസ് റാഅ് 56,57, അല്‍ അമ്പിയാഅ് 83, അല്‍ അന്‍ആം 17.
ദര്‍റ്: അല്‍മാഇദ 76, അല്‍അഅ്‌റാഫ് 188, യൂനുസ് 49.
ദററ്: അന്നിസാഅ് 95.
ദര്‍റാഅ്: അല്‍ബഖറ 177, 214, ആലുഇംറാന്‍ 134, അല്‍ അന്‍ആം 42, അല്‍ അഅ്‌റാഫ് 94,95, യൂനുസ് 21, ഹൂദ് 10, ഫുസ്സ്വിലത്ത് 50.

ضَرّْ എന്ന പദത്തിന് മുമ്പ് എപ്പോഴും ഒരു നിഷേധകക്രിയ ഉണ്ടായിരിക്കും. അതേപോലെ ഈ പദത്തിന് മുമ്പോ ശേഷമോ അതിന്റെ വിപരീതപദമായ പ്രയോജനം എന്നർത്ഥമുള്ള نفع എന്ന പദം ഉണ്ടായിരിക്കും. ഉദാ:
قل أتعبدون من دون الله ما لا يملك لكم ضرٌاً و لا نفعاً
(താങ്കൾ പറയുക അല്ലാഹുവിനെയല്ലാതെ, അവർക്കു യാതൊരുവിധ ഉപദ്രവമോ ഉപകാരമോ വരുത്തുവാൻ സാധിക്കാത്തവരെയാണോ അവർ ആരാധിക്കുന്നത്? - അൽ മാഇദ 76).

രണ്ടാമത്തെ ക്രിയാധാതു 'ദറർ' (ضرر) ആണ്. ഇത് ഒരു തവണ മാത്രമേ ഖുർആനിൽ വന്നിട്ടുള്ളു. സൂറ: അന്നിസാഅ് 95-ാമത്തെ സൂക്തത്തിൽ. ഇവിടെ 'ദററി'ന്റെ അർഥം മനുഷ്യനിൽ പ്രകൃതിപരമായുണ്ടാകുന്ന  വൈകല്യത്താലുള്ള ഉപദ്രവമാണ്. ശരീരത്തിന് പുറമേയുള്ള ഉപദ്രവമല്ല, ഉള്ളിൽത്തന്നെയുള്ള ഉപദ്രവമാണ് എന്നർഥം. അന്ധതയോ മറ്റു ശാരീരികവൈകല്യമോ  മൂലം  ജിഹാദിന് പോകാൻ കഴിയാതെ വീട്ടിൽ ഇരുന്നുപോയവർ എന്ന അർഥമാണ് മേൽപറഞ്ഞ സൂക്തത്തിൽ വന്നിട്ടുള്ളത്.

മൂന്നാമത്തെ ക്രിയാനാമം- 'ദുർറ്' -ضُرٌ- ആണ്.  ഖുർആനിൽ ഇത് പത്തൊമ്പത് തവണ ആവർത്തിച്ചു വന്നിട്ടുണ്ട്. 'ദർറി'നേക്കാളും 'ദററി'നേക്കാളും കൂടുതൽ  ഉപദ്രവകരമായതും ഏറെ പ്രയാസകരവുമായതാണ് 'ദുർറ്'. ഇതോടൊപ്പം, കൂടുതൽ സൂക്തങ്ങളിലും  'മസ്സ' -مسٌ- എന്ന ക്രിയയും അതോടു ചേർന്നു വന്നതായിക്കാണാം. 'മസ്സ' എന്നാൽ ബാധിക്കുക, ഏൽക്കുക എന്നർഥം. ദുർറ് എന്ന ക്രിയാധാതു 'മഅ്രിഫ'- നിർണിതനാമം- യായും 'നകിറ:'- സാമാന്യനാമം- യായും ഖുർആനിൽ വന്നിട്ടുണ്ട്. ഈ ഉപദ്രവം വരുത്തുവാൻ അല്ലാഹുവിനേ സാധിക്കുകയുള്ളു. അത് നീക്കിക്കളയുവാനും അവനു മാത്രമേ സാധിക്കുകയുള്ളു. ഈ പ്രയോഗം വന്ന ആയത്തുകൾ ശ്രദ്ധിക്കുക. 

(إِن يَمْسَسْكَ اللَّهُ بِضُرٍّ فَلَا كَاشِفَ لَهُ - (لانعام: ١٧
അയ്യൂബ് നബി(അ) യെ ഈ രീതിയിലുള്ള ഉപദ്രവമാണ് -ضُرٌ- ബാധിച്ചതെന്ന് ഖുർആൻ പറയുന്നു. സൂറ: അൽഅമ്പിയാഅ് 83-84.
ഈ 'ദുർറ്' മൂന്നു തവണ ഒരേ ആയത്തിൽ ആവർത്തിച്ചു വന്നിരിക്കുന്നു. സൂറ: യൂനുസ്:12-ാമത്തെ സൂക്തത്തിൽ. 'ഇഅ്റാബിന്റെ' - വ്യാകരണത്തിന്റെ- മൂന്നവസ്ഥകളിലുമായി. 

و اذا مسّ الإنسان الضّرُّ  പിന്തിവരുന്ന കർത്താവായും ال ചേർത്ത് നിർണിത നാമമായും,  كشفنا عنه ضُرَّه  മഫ്ഊലുൻ ബിഹി- കർമ്മം-യായും ഇദാഫത്ത് ചെയ്ത് മഅ്രിഫയായും,  إلي ضُرّٕ مّسّه  ജർറിന്റെ ഹർഫ് മുൻകടന്നതിനാൽ ജർറ് ചെയ്തുകൊണ്ടും അഥവാ അവസാനം ഇകാരത്തിലും.
നാലാമത്തെ ക്രിയാനാമം 'ദർറാഅ്' - ضرٌاء- ആണ്. ഈ ക്രിയാധാതുവിൽ ഒരു അലിഫും ഹംസ:യും കൂടുതലായുണ്ട്. ഒരു പദത്തിൽ വരുന്ന അക്ഷരത്തിന്റെ വർധനവ് അതിന്റെ അർഥവൈപുല്യത്തെ സൂചിപ്പിക്കുന്നു എന്നാണ് അറബിഭാഷയിലെ തത്വം. 

أنٌ زيادة المبني تدلٌ علي زيادة المعني
അതിനാൽ ദർറിലും  ദുർറിലും ദററിലും ഉള്ളടങ്ങിയതിനേക്കാൾ ഉപദ്രവവും പീഡനവും മോശമായ അവസ്ഥയും 'ദർറായി'ൽ അടങ്ങിയിരിക്കുന്നു. ضرٌاء എന്ന പദം ഒമ്പത് തവണ ഖുർആനിൽ വന്നിട്ടുണ്ട്. അതോടൊപ്പം  سرٌاء، نعماء، بأساء، رحمة എന്നീ ഏതെങ്കിലും ഒരു വാക്കും അതിനോടൊപ്പം വന്നിരിക്കും. തത്സംബന്ധമായ ആയത്തുകൾ നോക്കുക. ചുരുക്കത്തിൽ ഈ നാലു ക്രിയാനാമങ്ങളും സൂക്ഷ്മമായ അർഥവ്യത്യാസങ്ങൾ ഉള്ളതാണെന്ന് വ്യക്തമായല്ലോ; അവ പര്യായപദങ്ങളല്ലെന്നും.

وَالصَّابِرِينَ فِي الْبَأْسَاءِ وَالضَّرَّاءِ وَحِينَ الْبَأْسِ -البقرة : ١٧٧-
ഈ ആയത്തിലെ بأساء പൊതുവായി ബാധിക്കുന്ന കഠിനമായ പ്രയാസങ്ങളേയും ദുരന്തങ്ങളേയും കുറിക്കുന്നതാണെങ്കിലും ഇവിടെ ഉദ്ദേശ്യം സമ്പത്തിക ബുദ്ധിമുട്ടും  പ്രതിസന്ധിയുമാണെന്നും ضرّاء ശാരീരിക ബുദ്ധിമുട്ടുകളും വൈകല്യങ്ങളുമാണെന്നും ഖുർആൻ പണ്ഡിതനായ ഡോ. ഫാദിൽ സാമർറാഈ വ്യാഖ്യാനിച്ചിരിക്കുന്നു.

فعل، عمل،صنع എന്നീ പദങ്ങൾ തമ്മിലുള്ള സൂക്ഷ്മമായ അർഥവ്യത്യാസം
فعل എന്ന ക്രിയയിൽനിന്ന് വ്യത്യസ്തമായി عمل എന്നതിന്റെ വിവക്ഷ ഉദ്ദേശ്യപൂർവ്വം പ്രവർത്തിക്കുക എന്നാണ്. മൃഗങ്ങളിലേക്കും നിർജീവ വസ്തുക്കളിലേക്കും ചേർത്ത് عمل പറയാറില്ല. അതിന് 'ഫിഅ്ൽ' എന്നാണ് ഉപയോഗിക്കുക. ചെറിയ വിഗ്രഹങ്ങളെയെല്ലാം തകർത്തത് വലിയ വിഗ്രഹമാണെന്ന് ഇബ്രാഹിം നബി(അ) പറഞ്ഞപ്പോൾ 'ഫഅല' فعل എന്ന ക്രിയയാണ് ഖുർആൻ  പ്രയോഗിച്ചത്. 

قَالَ بَلْ فَعَلَهُ كَبِيرُهُمْ هَٰذَا  (അവരിലെ ഈ വലിയവനാണ് അത് ചെയ്തത് - അൽ അിയാഅ് 63).
കാരണം വിഗ്രഹം നിർജീവ  വസ്തുവാണല്ലോ. അന്നൂർ 41-ഉം നോക്കുക. 
അപൂർവമായി നിലമുഴാൻ ഉപയോഗിക്കുന്ന പശുവിനും കാളക്കും عمل ൽ നിന്നുള്ള 'അവാമിൽ' എന്ന് പ്രയോഗിക്കും. കാരണം നിലമുഴുക എന്ന ഉദ്ദേശ്യത്തോടുകൂടിയാണല്ലോ അവയെക്കൊണ്ട് ആ പണി ചെയ്യിപ്പിക്കുന്നത്. 

പ്രത്യക്ഷത്തിൽ ഖുർആനിൽ  എവിടെയെങ്കിലും ഇപ്പറഞ്ഞതിന് വിരുദ്ധമായിക്കാണുന്നുവെങ്കിൽ വ്യക്തമായ കാരണവും അതിനുണ്ടാവും. വാക്കുമായി പൊരുത്തപ്പെടാത്ത പ്രവൃത്തിയെയും 'ഫിഅ്ൽ' എന്നാണ് ഖുർആൻ പ്രയോഗിച്ചിട്ടുള്ളത്. ഉദാ:
لِمَ تَقُولُونَ مَا لَا تَفْعَلُونَ (നിങ്ങൾ എന്തിനാണ് പ്രവർത്തിക്കാത്തത് പറയുന്നത് - അസ്സ്വഫ്ഫ് 2).
'ഒറ്റയടിക്കു' ചെയ്യുന്ന പ്രവർത്തനമാണ് فعل . ഉദാ: 
أَلَمْ تَرَ كَيْفَ فَعَلَ رَبُّكَ بِعَادٍ (അൽ ഫജ്ർ 6)
أَلَمْ تَرَ كَيْفَ فَعَلَ رَبُّكَ بِأَصْحَابِ الْفِيلِ (അൽ ഫീൽ 1)
وَفَعَلْتَ فَعْلَتَكَ الَّتِي فَعَلْتَ (അശ്ശുഅറാഅ് 18)
ഇവിടെ പരാമർശിച്ച പ്രവർത്തനങ്ങളെല്ലാം നീണ്ടുനിൽക്കുന്ന സമയമെടുക്കാതെ 'ഒറ്റയടിക്കു' നടന്ന പ്രവർത്തനങ്ങളാണ്. 

فعلൽ നിന്നു വ്യത്യസ്തമായി عمل നീണ്ട സമയമെടുത്തും സ്ഥിരതയോടേയും ചെയ്യുന്ന പ്രവൃത്തികളാണ്. നിരവധി ഉദാഹരണങ്ങൾ ഖുർആനിലുണ്ട്. ഏതാനും ചിലത്: 
وَعَمِلُوا الصَّالِحَاتِ (അവർ സൽക്കർമങ്ങൾ പ്രവർത്തിക്കുന്നു - മർയം 96).
يَعْمَلُونَ لَهُ مَا يَشَاءُ مِن مَّحَارِيبَ وَتَمَاثِيلَ  (അവർ അദ്ദേഹത്തിനു വേണ്ടി ഉന്നത സൗധങ്ങൾ, ശിൽപങ്ങൾ.... നിർമിച്ചിരുന്നു - സബഅ് 13). 
وَقُلِ اعْمَلُوا  (താങ്കൾ പറയുക: നിങ്ങൾ പ്രവർത്തിച്ചുകൊള്ളുക - അത്തൗബ 105)
ഈ സൂക്തങ്ങളിലെ പ്രവർത്തനത്തിന് നീണ്ട സമയവും സ്ഥിരതയും ആവശ്യമാണെന്ന് കാണാം.

عمل , فعل എന്നീ  പദങ്ങളിൽ നിന്ന് വ്യത്യസ്തമായി صنع എന്ന പദത്തിന് പ്രത്യേകതയുണ്ട്. ഒരു പ്രവൃത്തി നന്നായും പരിപക്വമായു തന്ത്രപരമായും ചെയ്യുന്നതിനാണ് صَنَع  പ്രയോഗിക്കുക. നിർമിക്കുക എന്ന അർഥമാണ് അതിന് ഏറ്റവും ഫിറ്റാവുക. ഒരു  കാര്യം ചെയ്യുമ്പോൾ അതിനെപ്പറ്റി അറിവുണ്ടാകണം. ആ പ്രവൃത്തി ചെയ്തുകഴിഞ്ഞാൽ അതിന്റെ ഫലവും- ഉൽപന്നവും- ലഭിച്ചിരിക്കണം. നജ്ജാറിനെ- ആശാരി- 'സ്വാനിഉ' صانِع എന്നു പറയും. ആഭരണം ഉണ്ടാക്കുന്നവനേയും അങ്ങനെ വിളിക്കും. ആശാരിക്ക് ഒരു കസേരയോ മേശയോ ഉണ്ടാക്കുന്നതിന് മുമ്പായി അതിനെപ്പറ്റി വ്യക്തമായ അറിവുണ്ട്. അയാൾ പണിയെടുത്തു കഴിയുമ്പോൾ അതിന്റെ ഫലമായ, ഉൽപന്നമായ കസേരയോ മേശയോ ലഭിച്ചിരിക്കും. എന്നാൽ താജിറിനെ- تاجر  കച്ചവടക്കാരനെ- സ്വാനിഅ് എന്ന് പറയില്ല. അയാൾ കച്ചവടം ചെയ്തുകഴിഞ്ഞാൽ അതിന്റെ ഫലം- ലാഭം- കിട്ടുമോ എന്ന് ഒരു ഉറപ്പുമില്ല. صنع ൽ വസ്തുക്കളെ ഒരുമിച്ചു കൂട്ടി അതൊരു പുതിയ രൂപത്തിലായി വരുക എന്ന ആശയവും മേളിച്ചിട്ടുണ്ട്. 

وَيَصْنَعُ الْفُلْكَ (ഹൂദ് 38), صَنْعَةَ لَبُوسٍ (അൽ അിയാഅ് 80) എന്നീ സൂക്തങ്ങൾ നോക്കുക. കപ്പലും പടയങ്കിയും അത്  നിർമിക്കാൻ വേണ്ടതിനെ  ഒരുമിച്ചുകൂട്ടി വളരെ നന്നായും പരിപക്വമായും തന്ത്രപരമായും പണിയെടുക്കുമ്പോഴാണല്ലോ കപ്പലും പടയങ്കിയുമെന്ന ഉൽപന്നവും ഒരു രൂപത്തിലായി നമുക്കു ലഭിക്കുന്നത്.
صنع جاريته : ربٌاها  എന്നാൽ അയാൾ തന്റെ പെൺകുട്ടിയെ നന്നായി പോറ്റി വളർത്തി എന്നർഥം.

صنع فلان فرسه : قام بعلفه و تسمينه എന്നാൽ അയാൾ തന്റെ പടക്കുതിരയെ നന്നായി തീറ്റ കൊടുത്ത് തടിപ്പിച്ച് നല്ല രീതിയിൽ യുദ്ധം ചെയ്യാൻ പാകത്തിൽ പരിപക്വമായി വളർത്തിയെടുത്തു എന്നർഥം. ഈ അർഥത്തിലായിരിക്കാം മൂസനബി(അ) യെപ്പറ്റി അല്ലാഹു പറഞ്ഞു: 
وَلِتُصْنَعَ عَلَىٰ عَيْنِي : يعني تُربٌي (ത്വാഹാ 39) അതായത് ഒരു ലക്ഷ്യത്തിനുവേണ്ടി നന്നായും പരിപക്വമായും തന്ത്രപരമായും പോറ്റിവളർത്തിയെടുത്തു എന്നർഥം. 

وَاصْطَنَعْتُكَ لِنَفْسِي (ത്വാഹാ 41) നിന്നെക്കൊണ്ട് ഒരു ലക്ഷ്യം സാധിക്കാൻ എനിക്കുവേണ്ടി ഞാൻ നിന്നെ നന്നായും പരിപക്വമായും തന്ത്രപരമായും പോറ്റി വളർത്തി എന്നർഥം.
അസംസ്കൃത വസ്തുക്കൾ ഒരുമിച്ചുകൂട്ടി  പുതിയ രൂപത്തിലും ഭാവത്തിലും ഉൽപന്നങ്ങൾ ഉണ്ടാക്കുന്ന സ്ഥാപനത്തിന് 'മസ്വ്്നഅ്' مصنع ഫാക്ടറി  എന്നാണ് പറയുക. 

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top