സത്യനിഷേധികളുമായി ചങ്ങാത്തം വിവക്ഷയും വിശാലതയും
ഡോ. മുഹമ്മദ് നഈം യാസീന്
സത്യനിഷേധികളുമായും ബഹുദൈവ വിശ്വാസികളുമായും ആദര്ശ വിരുദ്ധമായ ചങ്ങാത്തം സ്ഥാപിക്കുന്നതുവഴി ഇസ് ലാം പരിത്യാഗിയായി മാറുന്നതിനെ സംബന്ധിച്ച് പരാമര്ശിക്കുന്നവയാണ് ഇതുസംബന്ധമായ ഓരോ സൂക്തവും. ഇസ് ലാമില്നിന്ന് ഭ്രഷ്ടനാവാന് അവയില് ഏതെങ്കിലും ഒരു കാരണമോ ഇവിടെ പറഞ്ഞിട്ടില്ലാത്ത മറ്റു കാരണങ്ങളോ മതിയെങ്കില് അവയെല്ലാം ഒരാളില് സമ്മേളിച്ചാല് പിന്നെ പറയാനുണ്ടോ?
ഇതുമായി ബന്ധപ്പെട്ട് നാം മനസ്സിലാക്കേണ്ട ഒരടിസ്ഥാന വസ്തുതയുണ്ട്.
സത്യനിഷേധിയെയും സത്യനിഷേധി അല്ലാത്തവരെയും തിരിച്ചറിയാനുള്ള മാനദണ്ഡമായി നമുക്ക് സ്വീകരിക്കാന് കഴിയാത്ത ധാരാളം കാര്യങ്ങള് ഉള്ളതിനാല് അഹിതകരമായ ചങ്ങാത്തം എന്നതിന്റെ വിവക്ഷ നിര്ണിതമല്ല എന്നു പറയാവതല്ല. എന്തുകൊണ്ടെന്നാല് അല്ലാഹു നിര്ണിതമോ അറിയപ്പെട്ടതോ അല്ലാത്ത ഒരു കാര്യം വിലക്കുകയില്ല, സാധുവെന്നോ അസാധുവെന്നോ അവ്യക്തമായ ഒരു കാര്യത്തിന്റെ പേരില് ഒരാള് മതപരിത്യാഗിയാണെന്ന് വിധിക്കുകയില്ല. അങ്ങനെ സംഭവിച്ചാല് അല്ലാഹുവിന്റെ ആജ്ഞാനിരോധങ്ങള് അപ്രായോഗികമാണെന്നു പറയേണ്ടിവരും.
അല്ലാഹുവിലും അവന്റെ വിശേഷ ഗുണങ്ങളിലും വിശ്വസിക്കുന്ന സത്യവിശ്വാസിക്ക് അങ്ങനെ പറയാന് കഴിയില്ല.
ആദര്ശ വിരുദ്ധ ചങ്ങാത്തത്തിന്റെ വിവക്ഷ
'വലാഅ്' എന്ന പദത്തില്നിന്ന് നിഷ്പന്നമായതാണ് മുവാലാത്ത്. അടുക്കുക, സമീപിക്കുക, ശത്രുവിന്നെതിരില് സഹകരിക്കുക എന്നൊക്കെയാണ് അതിന്റെ അര്ഥം. ശത്രുവിന്റെ വിപരീതമായി വലിയ്യ് എന്ന പദം ഉപയോഗിക്കും. സത്യവിശ്വാസികള് പരമകാരുണികനായ അല്ലാഹുവിന്റെ മിത്രങ്ങളാണ്. സത്യനിഷേധികൾ ത്വാഗൂത്തിന്റെയും പിശാചിന്റെയും മിത്രങ്ങളും. സത്യവിശ്വാസികള് അല്ലാഹുവിനുള്ള ഇബാദത്തിലൂടെയും അനുസരണത്തിലൂടെയും അല്ലാഹുവുമായി അടുക്കുന്നു. സത്യനിഷേധികള് അല്ലാഹുവിനെ ധിക്കരിച്ചും അവനോട് എതിര് പ്രവര്ത്തിച്ചും പിശാചുമായി അടുക്കുന്നു.
ഇതില്നിന്ന് സത്യനിഷേധികളുമായി ആത്മബന്ധം സ്ഥാപിക്കുക എന്നതിന്റെ വിവക്ഷ അവരോട് മനസാ-വാചാ-കര്മണാ ആദര്ശ വിരുദ്ധമായ സ്നേഹം പ്രകടിപ്പിക്കുക എന്നത്രെ. സത്യനിഷേധികളോട് സ്നേഹബന്ധം സ്ഥാപിക്കലായി പരിഗണിക്കപ്പെടുന്ന ധാരാളം കാര്യങ്ങള് ഖുര്ആനില് വിഷയീഭവിച്ചിട്ടുണ്ട്. ചില ഉദാഹരണങ്ങള്:
وَلَن تَرْضَىٰ عَنكَ الْيَهُودُ وَلَا النَّصَارَىٰ حَتَّىٰ تَتَّبِعَ مِلَّتَهُمْۗ قُلْ إِنَّ هُدَى اللَّهِ هُوَ الْهُدَىٰۗ وَلَئِنِ اتَّبَعْتَ أَهْوَاءَهُم بَعْدَ الَّذِي جَاءَكَ مِنَ الْعِلْمِۙ مَا لَكَ مِنَ اللَّهِ مِن وَلِيٍّ وَلَا نَصِيرٍ
'യഹൂദര്ക്കോ ക്രൈസ്തവര്ക്കോ ഒരിക്കലും നിന്നെപ്പറ്റി തൃപ്തിവരികയില്ല, നീ അവരുടെ മാര്ഗം പിന്പറ്റുന്നതുവരെ പറയുക. അല്ലാഹുവിന്റെ മാര്ഗദര്ശനമാണ് യഥാര്ഥ മാര്ഗദര്ശനം. നിനക്ക് അറിവു വന്നുകിട്ടിയതിനു ശേഷം അവരുടെ തന്നിഷ്ടങ്ങളെയെങ്ങാനും നീ പിന്പറ്റിപ്പോയാല് അല്ലാഹുവില്നിന്ന് നിന്നെ രക്ഷിക്കുവാനോ സഹായിക്കുവാനോ ആരുമുണ്ടാവില്ല' (ബഖറ 120)
അവരുടെ കല്പനകള് അനുസരിക്കുന്നതാണ് മറ്റൊരു തരം.
يَا أَيُّهَا الَّذِينَ آمَنُوا إِن تُطِيعُوا الَّذِينَ كَفَرُوا يَرُدُّوكُمْ عَلَىٰ أَعْقَابِكُمْ فَتَنقَلِبُوا خَاسِرِينَ
'സത്യവിശ്വാസികളേ, സത്യനിഷേധികളെ നിങ്ങള് അനുസരിച്ചു പോയാല് അവര് നിങ്ങളെ പുറകോട്ടു തിരിച്ചു കൊണ്ടുപോകും. അങ്ങനെ നിങ്ങള് നഷ്ടക്കാരായി മാറിപ്പോകും' (ആലുഇംറാന് 149).
وَلَا تُطِعْ مَنْ أَغْفَلْنَا قَلْبَهُ عَن ذِكْرِنَا
'ഏതൊരുവന്റെ ഹൃദയത്തെ നമ്മുടെ സ്മരണയെ വിട്ട് നം അശ്രദ്ധമാക്കിയിരിക്കുന്നുവോ അവനെ നീ അനുസരിച്ചു പോകരുത്' (കഹ്ഫ് 28).
وَإِنَّ الشَّيَاطِينَ لَيُوحُونَ إِلَىٰ أَوْلِيَائِهِمْ لِيُجَادِلُوكُمْۖ وَإِنْ أَطَعْتُمُوهُمْ إِنَّكُمْ لَمُشْرِكُونَ
'നിങ്ങളോട് തര്ക്കിക്കുവാന് വേണ്ടി പിശാചുക്കള് അവരുടെ മിത്രങ്ങള്ക്ക് തീര്ച്ചയായും ദുര്ബോധനം നല്കിക്കൊണ്ടിരിക്കും നിങ്ങള് അവരെ അനുസരിക്കുന്നപക്ഷം തീര്ച്ചയായും നിങ്ങള് (അല്ലാഹുവിനോട്) പങ്കുചേര്ക്കുന്നവരായിപ്പോകും' (അന്ആം 121).
وَلَا تَرْكَنُوا إِلَى الَّذِينَ ظَلَمُوا فَتَمَسَّكُمُ النَّارُ
'അക്രമം പ്രവര്ത്തിച്ചവരുടെ പക്ഷത്തേക്ക് നിങ്ങള് ചായരുത്. എങ്കില് നരകം നിങ്ങളെ സ്പര്ശിക്കുന്നതാണ്' (ഹൂദ് 113).
وَدُّوا لَوْ تُدْهِنُ فَيُدْهِنُونَ
'നീ വഴങ്ങിക്കൊടുത്തിരുന്നുവെങ്കില് വഴങ്ങിത്തരാമായിരുന്നു എന്ന് അവരും ആഗ്രഹിക്കുന്നു' (ഖലം 9).
لَّا تَجِدُ قَوْمًا يُؤْمِنُونَ بِاللَّهِ وَالْيَوْمِ الْآخِرِ يُوَادُّونَ مَنْ حَادَّ اللَّهَ وَرَسُولَهُ
'അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന ഒരു ജനത അല്ലാഹുവോടും അവന്റെ റസൂലിനോടും എതിര്ത്തുനില്ക്കുന്നവരുമായി സ്നേഹം പുലര്ത്തുന്നത് നീ കണ്ടെത്തുകയില്ല' (മുജാദല 22).
ഇസ്ലാമികാദര്ശ താല്പര്യങ്ങള്ക്ക് വിരുദ്ധമായി സത്യനിഷേധികളെ ആദരിക്കുന്നതും അടുപ്പക്കാരായി കാണുന്നതും ഇതേ ഗണത്തില് വരുന്നതാണ്. വിശേഷിച്ച് സത്യനിഷേധികളായ ഭരണാധികാരികളുമായി സുപ്രധാന കാര്യങ്ങളില് കൂടിയാലോചിക്കുന്നതും സത്യവിശ്വാസികള്ക്കു പുറമെ അവരെ സ്വന്തക്കാരായി സ്വീകരിക്കുന്നതും വിലക്കപ്പെട്ടതാണ്. അവരുടെ ഭാഗത്തുനിന്നുണ്ടാകുന്ന അക്രമങ്ങളില് അവരെ സഹായിക്കുന്നതും അവരുടെ പ്രവര്ത്തനങ്ങളിലും വിശ്വാസങ്ങളിലും ആചാരങ്ങളിലും സദൃശ നിലപാടുകള് സ്വീകരിക്കുന്നതും ജീവിത വിഷയങ്ങളില് അവരെ അനുകരിക്കാനും സദൃശരാവാനും ആളുകളെ ഭയപ്പെടുത്തിയോ മോഹിപ്പിച്ചോ ശ്രമിക്കുന്നതും സമുദായ ഭരണത്തിലോ തലമുറകളുടെ വിദ്യാഭ്യാസത്തിലോ അവരുടെ പാഠ്യപദ്ധതികളും തത്ത്വങ്ങളും സ്വീകരിക്കുന്നതും തഥൈവ.
അവരെ സഹായിക്കുന്നതും അവരുമായി കൂടിയാലോചന നടത്തുന്നതും അവര്ക്കുവേണ്ടി പദ്ധതികള് ആസൂത്രണം ചെയ്യുന്നതും അവരുടെ പദ്ധതികള് നടപ്പില് വരുത്തുന്നതും അവരുടെ സംഘടനകളിലും സഖ്യങ്ങളിലും പങ്കാളികളാവുന്നതും അവര്ക്കുവേണ്ടി ചാരപ്പണി നടത്തുന്നതും മുസ് ലിംകളുടെയും സമുദായത്തിന്റെയും രഹസ്യങ്ങള് അവരുമായി പങ്കുവെക്കുന്നതും അവരോടൊപ്പം ചേര്ന്ന് പോരാടുന്നതും അവരെ വിശ്വസ്തരായി സ്വീകരിക്കുന്നതുമെല്ലാം ഈ ഗണത്തില് ഉള്പ്പെടുന്നതാണ്. അല്ലാഹു അവരെ ചതിയന്മാരായി വിശേഷിപ്പിച്ചതിനാല് പ്രധാന കേന്ദ്രസ്ഥാനങ്ങള് അവരെ ചുമതലപ്പെടുത്തുന്നതും സൈന്യം, പൊതു പ്രാധാന്യമുള്ള മേഖലകള് പോലുള്ള നിര്ണായകവും മുഖ്യവുമായ ഉദ്യോഗങ്ങളില് അവരോധിക്കുന്നതും ഇതേവിധം പാടില്ലാത്തതാണ്.
ഇസ്്ലാം വിരുദ്ധരുടെ ചിന്തകളെയും പദ്ധതികളെയും മൂല്യങ്ങളെയും കാഴ്ചപ്പാടുകളെയും മോഹനീയമായി അവതരിപ്പിക്കുന്നതും അതിലേക്ക് ക്ഷണിക്കുന്നതും മുസ് ലിം പണ്ഡിതന്മാരേക്കാള് അവരിലെ പണ്ഡിതന്മാരെ ശ്രേഷ്ഠരായി അവതരിപ്പിക്കുന്നതും ഇസ് ലാം വിലക്കിയ ചങ്ങാത്തത്തില് പെട്ടതാണ്.
ഇത്തരം കാര്യങ്ങള് മുഴുവനായോ അഥവാ ഭാഗികമായ അളവിലോ ആരിലെങ്കിലും ഉണ്ടാവുകയും അത് അയാളുടെ സ്വഭാവവും സമ്പ്രദായവുമാവുകയും താന് സത്യനിഷേധികളുടെ സത്യനിഷേധത്തെ തൃപ്തിപ്പെടുന്നതായി സലക്ഷ്യം സ്ഥാപിക്കുകയുമാണെങ്കില് അയാള് അവരെ പോലെ അഥവാ അവരില് ഒരാള് തന്നെയായാണ് പരിഗണിക്കപ്പെടുക. സത്യനിഷേധിയായിക്കഴിഞ്ഞ അയാള്ക്ക് ഇസ് ലാമിലേക്ക് തിരിച്ചു വരണമെങ്കില് അയാള് പുതിയതായി സത്യവിശ്വാസം സ്വീകരിച്ചിരിക്കണം, സത്യനിഷേധികളുമായുള്ള ആദര്ശവിരുദ്ധ ചങ്ങാത്തത്തില്നിന്ന് മോചിതനായിരിക്കണം.
സ്വീകാര്യവും അസ്വീകാര്യവുമായ ഒഴികഴിവുകള്
സത്യനിഷേധികളുമായി ചങ്ങാത്തം സ്ഥാപിക്കുന്ന ചിലര് അതിന് ന്യായമായി പറയാറ്, തങ്ങളുടെ അധികാരവും സമ്പത്തും കേന്ദ്രങ്ങളും നഷ്ടപ്പെടുമോ എന്ന ഭയമാണ്. ഇത്തരം ഭയങ്ങള് സാധുവല്ല. അല്ലാഹു അത് പരിഗണിക്കുകയില്ല. അവരുടെ ഒഴികഴിവ് സ്വീകരിക്കുകയില്ല. കാരണം അത് പിശാച് സൗന്ദര്യാത്മകമായി അവതരിപ്പിക്കുകയാണ്.
നിര്ബന്ധിത സാഹചര്യങ്ങളില് അനിവാര്യമായും സ്വീകരിക്കേണ്ടി വരുന്ന ചങ്ങാത്തം മാത്രമെ ഈ ഇനത്തില് അല്ലാഹു ഒഴികഴിവായി അംഗീകരിച്ചിട്ടുള്ളൂ. ഖുര്ആന് പറയുന്നത് കാണുക:
مَن كَفَرَ بِاللَّهِ مِن بَعْدِ إِيمَانِهِ إِلَّا مَنْ أُكْرِهَ وَقَلْبُهُ مُطْمَئِنٌّ بِالْإِيمَانِ وَلَٰكِن مَّن شَرَحَ بِالْكُفْرِ صَدْرًا فَعَلَيْهِمْ غَضَبٌ مِّنَ اللَّهِ وَلَهُمْ عَذَابٌ عَظِيمٌ . ذَٰلِكَ بِأَنَّهُمُ اسْتَحَبُّوا الْحَيَاةَ الدُّنْيَا عَلَى الْآخِرَةِ وَأَنَّ اللَّهَ لَا يَهْدِي الْقَوْمَ الْكَافِرِينَ
'വിശ്വസിച്ചതിനുശേഷം അല്ലാഹുവില് അവിശ്വസിച്ചവരാരോ അവരുടെ - തങ്ങളുടെ ഹൃദയം വിശ്വാസത്താല് സമാധാനം പൂണ്ടതായിരിക്കെ നിര്ബന്ധിക്കപ്പെട്ടവരല്ല; പ്രത്യുത, തുറന്ന മനസ്സോടെ അവിശ്വാസം സ്വീകരിച്ചതാരോ അവരുടെ- മേല് അല്ലാഹുവിങ്കല് നിന്നുള്ള കോപമുണ്ടായിരിക്കും. അവര്ക്ക് ഭയങ്കരമായ ശിക്ഷയുമുണ്ടായിരിക്കും. അതെന്തു കൊണ്ടെന്നാല് ഇഹലോക ജീവിതത്തെ പരലോകത്തെക്കാള് കൂടുതല് അവര് ഇഷ്ടപ്പെട്ടിരിക്കുന്നു. അല്ലാഹുവാകട്ടെ സത്യനിഷേധികളെ നേര്വഴിയിലാക്കുന്നതുമല്ല' (അന്നഹ് ല് 106, 107).
لَّا يَتَّخِذِ الْمُؤْمِنُونَ الْكَافِرِينَ أَوْلِيَاءَ مِن دُونِ الْمُؤْمِنِينَۖ وَمَن يَفْعَلْ ذَٰلِكَ فَلَيْسَ مِنَ اللَّهِ فِي شَيْءٍ إِلَّا أَن تَتَّقُوا مِنْهُمْ تُقَاةًۗ
'സത്യവിശ്വാസികള് സത്യവിശ്വാസികളെയെല്ലാതെ മിത്രങ്ങളാക്കി വെക്കാവതല്ല- അങ്ങനെ വല്ലവനും ചെയ്യുന്ന പക്ഷം അല്ലാഹുവുമായി അവന് യാതൊരു ബന്ധവുമില്ല- നിങ്ങള് അവരോട് കരുതലോടെ വര്ത്തിക്കുകയാണെങ്കിലല്ലാതെ' (ആലുഇംറാന് 28).
ആരെയെങ്കിലും നിര്ബന്ധിച്ചതുകൊണ്ട് സത്യനിഷേധികളോട് ഹൃദയംഗമമായ തൃപ്തിയും ആന്തരികമായ ആകര്ഷണവും ചായ്്വും ഉണ്ടാവില്ല. അങ്ങനെ ഒരു സാഹചര്യത്തിലും ഉണ്ടാകാവുന്നതുമല്ല. നിര്ബന്ധിച്ച് ഹൃദയങ്ങളെ സ്വാധീനിക്കാന് കഴിയുകയില്ല. നിര്ബന്ധിക്കപ്പെടുമ്പോള് നാവുകൊണ്ട് സത്യനിഷേധം ഉച്ചരിക്കുകയും അവയവങ്ങള് കൊണ്ട് അതനുസരിച്ച് പ്രവര്ത്തിക്കുകയും ചെയ്തു എന്നുവരും. ഹൃദയംകൊണ്ട് സത്യനിഷേധികളിലേക്ക് ചാഞ്ഞു നില്ക്കുന്നവന് ഏതവസ്ഥയിലും സത്യനിഷേധികള് തന്നെ. നാവുകൊണ്ടും പ്രവൃത്തികൊണ്ടും സത്യനിഷേധികളോട് സത്യനിഷേധപരമായ ചങ്ങാത്തം പ്രകടമാക്കിയാല് അത്തരക്കാരെ ദുന്യാവില് സത്യനിഷേധികളായാണ് പരിഗണിക്കുക. പരലോകത്ത് അവർ നരകത്തില് ശാശ്വതവാസികളുമായിരിക്കും. അതേസമയം ഒരാള് സത്യനിഷേധം വാക്കാലോ കര്മങ്ങളാലോ പ്രകടമാക്കാതെ പ്രത്യക്ഷത്തില് മുസ് ലിമായി പ്രവര്ത്തിക്കുകയാണെങ്കില് അയാളുടെ രക്തവും സമ്പത്തും സുരക്ഷിതമായിരിക്കും. എങ്കിലും അയാള് പരലോകത്ത് നരകത്തില് അധോതലത്തിലായിരിക്കും.
പരിഗണനീയമായ നിര്ബന്ധിതാവസ്ഥയുടെ പരിധികള്
ശൈഖുല് ഇസ് ലാം ഇബ്നുതൈമിയ്യ പറയുന്നു: 'വിവിധ മദ്ഹബുകള് ഈ വിഷയകമായി പറയുന്ന കാര്യങ്ങള് പരിശോധിച്ചപ്പോള്, നിര്ബന്ധിക്കപ്പെടുന്ന ആളുടെ അവസ്ഥാന്തമനുസരിച്ച് അത് സംബന്ധമായ വിധിയില് വ്യത്യാസമുള്ളതായി കണ്ടു. ഇമാം അഹ് മദ് ഒന്നിലധികം സ്ഥലങ്ങളില്, പ്രഹരിച്ചോ തടവിലിട്ടോ ശിക്ഷിച്ചാല് മാത്രമേ നിര്ബന്ധിതാവസ്ഥയുടെ ആനുകൂല്യം എടുക്കാന് അനുവാദമുള്ളൂ എന്നു രേഖപ്പെടുത്തിയിരിക്കുന്നു. അതനുസരിച്ച് വാക്കാലുള്ള നിര്ബന്ധം നിര്ബന്ധിതാവസ്ഥയായി കാണാന് പറ്റില്ല. ഒരു ഭാര്യ തന്റെ മഹ്്ര് ഭര്ത്താവിന് ദാനം നല്കിയാല്, ഭര്ത്താവ് തന്നെ ത്വലാഖ് ചൊല്ലുമെന്നോ മോശമായി പെരുമാറുമെന്നോ ഭയപ്പെടുകയാണെങ്കില് അത് തിരികെ വാങ്ങാവുന്നതാണ്. ഇവിടെ ത്വലാഖ് ചൊല്ലുമോ എന്ന ഭയത്തെയും ചീത്ത പെരുമാറ്റത്തെയും നിര്ബന്ധിതാവസ്ഥയായി പരിഗണിക്കുന്നു. എന്നാല് ഇത്തരം ഭയങ്ങള് സത്യനിഷേധം സ്വീകരിക്കാനുള്ള നിര്ബന്ധിതാവസ്ഥയല്ല. ഉദാഹരണമായി, സത്യനിഷേധികള് തനിക്ക് വിവാഹം ചെയ്തുതരില്ല, അഥവാ തന്നെയും ഭാര്യയെയും തമ്മില് വേര്പിരിക്കും മുതലായ ഭയങ്ങളൊന്നും സത്യനിഷേധ വചനം ഉച്ചരിക്കാനുള്ള ന്യായമല്ല.1 വാക്കുകൊണ്ടോ, സത്യനിഷേധികളോട് ചങ്ങാത്തം എന്ന നിലയിലോ സത്യനിഷേധം പ്രകടിപ്പിക്കുന്നത് പ്രഹരം, വധം പോലുള്ള പീഡനത്തിന്റെ പരിധിയിലെത്തുമ്പോഴെ പരിഗണിക്കപ്പെടുകയുള്ളൂ എന്നും അതൊഴികെ സത്യനിഷേധികളെ സഹായിക്കും വിധമുള്ള നേതൃത്വമോഹം, സമ്പത്ത്, കുടുംബം, ദേശം മുതലായവ നഷ്ടപ്പെടുമോ എന്ന ഭയം പോലുള്ളവയൊന്നും നിര്ബന്ധിതാവസ്ഥയുടെ പരിധിയില് വരില്ല എന്നും ഇമാം അഹ് മദും ഇബ്നു തൈമിയ്യയും അഭിപ്രായപ്പെടുന്നു.
സത്യനിഷേധികളുമായി ആദര്ശവിരുദ്ധ ചങ്ങാത്തം സ്ഥാപിക്കുന്നത് നിരോധിച്ച മുമ്പുദ്ധരിച്ച സൂക്തങ്ങള് മുന്നോട്ടുവെച്ച നിലപാടു തന്നെയാണ് ഇമാം അഹ് മദും ഇബ്നു തൈമിയ്യയും പ്രസ്താവിച്ചിരിക്കുന്നത്. നിര്ബന്ധാവസ്ഥയില് സത്യനിഷേധത്തിന്റെ വചനം ഉച്ചരിക്കേണ്ടി വരുന്നവര്ക്ക് ഇളവുണ്ടെന്ന് പറയുന്ന സൂക്തത്തിന്റെ തുടര്ച്ചയില് തന്നെ ദുന്യാപ്രേമവും താല്പര്യങ്ങളും മുന്നിര്ത്തി അസത്യവചനം ഉച്ചരിക്കുന്നത് അല്ലാഹുവിങ്കല് സ്വീകാര്യമാവില്ലെന്ന് ഉറപ്പിച്ചു പറയുന്നുണ്ട്. സൂക്തം ഇങ്ങനെ:
ذَٰلِكَ بِأَنَّهُمُ اسْتَحَبُّوا الْحَيَاةَ الدُّنْيَا عَلَى الْآخِرَةِ وَأَنَّ اللَّهَ لَا يَهْدِي الْقَوْمَ الْكَافِرِينَ
'അതെന്തുകൊണ്ടെന്നാല് ഇഹലോക ജീവിതത്തെ പരലോകത്തേക്കാള് കൂടുതല് അവര് ഇഷ്ടപ്പെട്ടിരിക്കുന്നു. അല്ലാഹുവാകട്ടെ സത്യനിഷേധികളെ നേര് വഴിയിലാക്കുന്നതുമല്ല' (അന്നഹ് ല് 107)
മറ്റൊരു സൂക്തത്തില് അല്ലാഹു പിതാക്കന്മാരെയും സഹോദരന്മാരെയും അഥവാ വേണ്ടപ്പെട്ടവരെയും അല്ലാഹുവിനു പുറമെ ആത്മ മിത്രങ്ങളായി സ്വീകരിക്കുന്നതിനെതിരെ താക്കീത് നല്കുന്നുണ്ട്.
يَا أَيُّهَا الَّذِينَ آمَنُوا لَا تَتَّخِذُوا آبَاءَكُمْ وَإِخْوَانَكُمْ أَوْلِيَاءَ إِنِ اسْتَحَبُّوا الْكُفْرَ عَلَى الْإِيمَانِۚ وَمَن يَتَوَلَّهُم مِّنكُمْ فَأُولَٰئِكَ هُمُ الظَّالِمُونَ
'സത്യവിശ്വാസികളെ, നിങ്ങളുടെ പിതാക്കളും നിങ്ങളുടെ സഹോദരങ്ങളും സത്യവിശ്വാസത്തെക്കാള് സത്യനിഷേധത്തെ പ്രിയങ്കരമായി കരുതുകയാണെങ്കില് അവരെ നിങ്ങള് രക്ഷാകര്ത്താക്കളായി സ്വീകരിക്കരുത്. നിങ്ങളില്നിന്ന് ആരെങ്കിലും അവരെ രക്ഷാകര്ത്താക്കളായി സ്വീകരിക്കുന്ന പക്ഷം അവര് തന്നെയാണ് അക്രമികള്' (അത്തൗബ 23).
ബന്ധുത്വം എത്രതന്നെ ശക്തമാണെങ്കിലും സത്യനിഷേധികളുമായി ആദർശവിരുദ്ധ ചങ്ങാത്തം സ്ഥാപിക്കുന്നതിന് അത് ഒഴികഴിവല്ല എന്ന് മേല് സൂക്തം അടിവരയിടുന്നു. പിതാവിനോടും സഹോദരനോടും സന്താനത്തോടുമുള്ള സ്നേഹം സത്യനിഷേധികളുമായി ആദര്ശ വിരുദ്ധ ചങ്ങാത്തം സ്ഥാപിക്കുന്നതിന് ന്യായമല്ലെങ്കില് നേതൃമോഹവും സമ്പദ് സ്നേഹവും ഐഹിക ജീവിതത്തിന്റെ മോഹനാലങ്കാരവും എങ്ങനെയാണ് പരിഗണിക്കപ്പെടുക? അല്ലാഹുവും നബി(സ)യും ഇഷ്ടപ്പെടുന്നത് ഉപേക്ഷിക്കുന്നതിന് മനുഷ്യര് കൂടുതലായും ഒഴികഴിവായി കാണുന്ന എട്ടു കാര്യങ്ങളെ മുന്നിര്ത്തി ഇളവുതേടുന്നതിനെ ഖുര്ആന് അതിശക്തമായി തള്ളിപ്പറയുന്നുണ്ട്.
قُلْ إِن كَانَ آبَاؤُكُمْ وَأَبْنَاؤُكُمْ وَإِخْوَانُكُمْ وَأَزْوَاجُكُمْ وَعَشِيرَتُكُمْ وَأَمْوَالٌ اقْتَرَفْتُمُوهَا وَتِجَارَةٌ تَخْشَوْنَ كَسَادَهَا وَمَسَاكِنُ تَرْضَوْنَهَا أَحَبَّ إِلَيْكُم مِّنَ اللَّهِ وَرَسُولِهِ وَجِهَادٍ فِي سَبِيلِهِ فَتَرَبَّصُوا حَتَّىٰ يَأْتِيَ اللَّهُ بِأَمْرِهِۗ وَاللَّهُ لَا يَهْدِي الْقَوْمَ الْفَاسِقِينَ
'(നബിയേ) പറയുക: നിങ്ങളുടെ പിതാക്കളും നിങ്ങളുടെ പുത്രന്മാരും നിങ്ങളുടെ സഹോദരങ്ങളും നിങ്ങളുടെ ഇണകളും നിങ്ങളുടെ ബന്ധുക്കളും നിങ്ങള് സമ്പാദിച്ചുണ്ടാക്കിയ സ്വത്തുക്കളും മാന്ദ്യം നേരിടുമെന്ന് നിങ്ങള് ഭയപ്പെടുന്ന കച്ചവടവും നിങ്ങള് തൃപ്തിപ്പെടുന്ന പാര്പ്പിടങ്ങളും നിങ്ങള്ക്ക് അല്ലാഹുവെക്കാളും അവന്റെ മാര്ഗത്തിലെ സമരത്തെക്കാളും പ്രിയപ്പെട്ടതായിരുന്നാല് അല്ലാഹു അവന്റെ കല്പ്പനകൊണ്ടുവരുന്നതുവരെ നിങ്ങള് കാത്തിരിക്കുക. അല്ലാഹു ധിക്കാരികളായ ജനങ്ങളെ നേര്വഴിയിലാക്കുന്നതല്ല' (അത്തൗബ 24).
സത്യനിഷേധികളുമായി ചങ്ങാത്തം എന്നതിന്റെ വിവക്ഷ അവരെ സ്നേഹിക്കലും അല്ലാഹുവിനെക്കാളും നബി(സ)യെക്കാളും അവന്റെ മാര്ഗത്തിലെ ജിഹാദിനെക്കാളും അവര്ക്ക് ശ്രേഷ്ഠത വകവെച്ചു കൊടുക്കലുമാണ്.
لَّا تَجِدُ قَوْمًا يُؤْمِنُونَ بِاللَّهِ وَالْيَوْمِ الْآخِرِ يُوَادُّونَ مَنْ حَادَّ اللَّهَ وَرَسُولَهُ وَلَوْ كَانُوا آبَاءَهُمْ أَوْ أَبْنَاءَهُمْ أَوْ إِخْوَانَهُمْ أَوْ عَشِيرَتَهُمْۚ
'അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന ഒരു ജനത അല്ലാഹുവോടും അവന്റെ ദൂതനോടും എതിര്ത്തു നില്ക്കുന്നവരുമായി സ്നേഹബന്ധം പുലര്ത്തുന്നത് നീ കണ്ടെത്തുകയില്ല. അവര് (എതിര്പ്പുകാര്) അവരുടെ പിതാക്കളോ പുത്രന്മാരോ സഹോദരന്മാരോ ബന്ധുക്കളോ ആയിരുന്നാല് പോലും' (അല്മുജാദില 22).
ചുരുക്കത്തില്, സമ്പത്തുക്കളെയോ ഭാര്യാഭര്ത്താക്കളെയോ മക്കളെയോ ബന്ധുമിത്രാദികളെയോ കുറിച്ച ഭയത്തെ മുന്നിര്ത്തി സത്യനിഷേധികളുമായി ചങ്ങാത്തം സ്ഥാപിക്കുന്നതിന് യാതൊരു ഇളവുമില്ല.
യഹൂദരെയും ക്രൈസ്തവരെയും ആത്മ മിത്രങ്ങളായി സ്വീകരിച്ചവരെക്കുറിച്ച് ഖുര്ആന് പറയുന്നു:
يَا أَيُّهَا الَّذِينَ آمَنُوا لَا تَتَّخِذُوا الْيَهُودَ وَالنَّصَارَىٰ أَوْلِيَاءَۘ بَعْضُهُمْ أَوْلِيَاءُ بَعْضٍۚ وَمَن يَتَوَلَّهُم مِّنكُمْ فَإِنَّهُ مِنْهُمْۗ إِنَّ اللَّهَ لَا يَهْدِي الْقَوْمَ الظَّالِمِينَ ﴿٥١﴾ فَتَرَى الَّذِينَ فِي قُلُوبِهِم مَّرَضٌ يُسَارِعُونَ فِيهِمْ يَقُولُونَ نَخْشَىٰ أَن تُصِيبَنَا دَائِرَةٌۚ
'സത്യവിശ്വാസികളേ, യഹൂദരെയും ക്രൈസ്തവരെയും നിങ്ങള് ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്. അവരാകട്ടെ, അന്യോന്യം ഉറ്റമിത്രങ്ങളാണുതാനും. നിങ്ങളില് നിന്നാരെങ്കിലും അവരെ ഉറ്റമിത്രങ്ങളായി സ്വീകരിക്കുന്ന പക്ഷം അവനും അവരില് പെട്ടവന് തന്നെയാണ്. അക്രമികളെ അല്ലാഹു നേര്വഴിയിലാക്കുകയില്ല, തീര്ച്ച. എന്നാല്, മനസ്സുകള്ക്ക് രോഗം ബാധിച്ച ചില ആളുകള് അവരുടെ കാര്യത്തില് (അവരുമായി സ്നേഹബന്ധം സ്ഥാപിക്കുന്നതില്) തിടുക്കം കൂട്ടുന്നതായി നിനക്ക് കാണാം. 'ഞങ്ങള്ക്ക് വല്ല ആപത്തും സംഭവിക്കുമോ എന്ന് ഞങ്ങള് ഭയപ്പെടുന്നു' എന്നായിരിക്കും അവര് പറയുന്നത്.....' (അല്മാഇദ 51, 52).
ആധുനിക കാലത്തെ മതപരിത്യാഗികളുടെ അവസ്ഥയും ഇതു തന്നെ. പഴയകാല സത്യനിഷേധികളും ഇക്കാലത്തെ സത്യനിഷേധികളും തമ്മില് എന്തൊരു സാദൃശ്യം! അന്നത്തെ സത്യനിഷേധികള് തങ്ങള് ആപത്തുകളെ ഭയക്കുന്നു എന്നു പറഞ്ഞതുപോലെ ഇക്കാലത്തെ ആളുകളും അതുതന്നെ പറയുന്നു. 'ഇന്ന ആളുകളുമായി, ഇന്ന ഗ്രൂപ്പുകളുമായി ഞങ്ങള് എങ്ങനെയാണ് ചങ്ങാത്തം കൂടാതിരിക്കുക? അവരോട് എങ്ങനെയാണ് സ്നേഹം പ്രകടിപ്പിക്കാതിരിക്കുക? മതത്തിന്റെയും ആദര്ശത്തിന്റെയും താല്പര്യങ്ങളെ ബലികൊടുത്താണെങ്കിലും വന്കിട രാഷ്ട്രങ്ങളുടെ ദയയും സംരക്ഷണവും നാം നേടിയെടുക്കേണ്ടി വരില്ലെ? അത്തരം രാഷ്ട്രങ്ങള് മുസ് ലിംകളെ വധിക്കാനും തുരത്തിയോടിക്കാനും സ്വഭാവ സംസ്കാരങ്ങളെ മലിനമാക്കാനും ദീനില്നിന്ന് അകറ്റാനും തങ്ങളുടെ ഭൂനിലങ്ങളില്നിന്ന് പിന്മാറ്റാനും ശ്രമിച്ചാൽ അവരുടെ താല്പര്യങ്ങളെ നാം എങ്ങനെയാണ് കണ്ടില്ലെന്ന് നടിക്കുക എന്ന ചോദ്യവും ചിലര് ഉയര്ത്താറുണ്ട്.
നമ്മെ പോലുള്ളവര്ക്ക് ഇത്തരം സന്ദര്ഭങ്ങളില് പിടിച്ചുനില്ക്കാന് കഴിയുകയില്ലെന്ന് നമുക്കറിയാം.
നമ്മുടെ കേന്ദ്രങ്ങളും സമ്പാദ്യങ്ങളും ബലി നല്കാന് നമുക്ക് കഴിയുകയില്ല. എങ്കിലും ഇത്തരം സന്ദര്ഭങ്ങളില് അവരുടെ താല്പര്യങ്ങള് നടപ്പിലാക്കിയില്ലെങ്കില് നമ്മെ പോലുള്ളവര്ക്ക് പിടിച്ചു നില്ക്കാന് കഴിയുകയില്ല. സത്യമായും അല്ലാഹു മാത്രം അര്ഹിക്കുന്നതാണ് ഈ ഭയം. അല്ലാഹു അല്ലാത്തവരെ ഭയക്കുന്നത് സത്യനിഷേധമാണ്. ഇങ്ങനെ ഭയക്കുന്നവര് രണ്ടുതവണ സത്യനിഷേധികളായിരിക്കുന്നു; സത്യനിഷേധികളുമായി ചങ്ങാത്തം സ്ഥാപിച്ചതിലൂടെയും അല്ലാഹു മാത്രം അര്ഹിക്കുന്ന ഭയം അവര്ക്ക് വകവെച്ചുകൊടുത്തുകൊണ്ട് അവരെ ഇബാദത്ത് ചെയ്തതിലൂടെയും.
മേല് പ്രമാണങ്ങളും മറ്റും വ്യക്തമായി സൂചിപ്പിക്കുന്നത്, അമ്മാറുബ്നു യാസിറും കുടുംബവും അനുഭവിച്ച തരം 'ഹൃദയം സത്യവിശ്വാസത്താൽ ശാന്തമായിരിക്കെ നിര്ബന്ധിക്കപ്പെട്ടവര്' എന്ന ഗണത്തില് പെടുന്നവര്ക്കാണ് ഈ ഇളവ് ലഭിക്കുക എന്നാണ്. (യാസിര് കുടുംബത്തിന്റെ വിഷയത്തിലാണല്ലോ മേല് സൂക്തം അവതരിച്ചത്).
സത്യനിഷേധികളുടെ അധികാരത്തിനു കീഴില് അവര്ക്ക് പിടികൂടാന് കഴിയുംവിധം നിര്ബന്ധിതാവസ്ഥയില് കഴിയുന്നവര്ക്കാണ് ഈ ഇളവ് ലഭിക്കുക. പീഡനം നിലച്ച ശേഷം ഇളവ് നിലനില്ക്കുകയില്ല. വീണ്ടും പീഡനത്തിനിരയായാല് ഇളവ് ലഭിക്കുന്നതായിരിക്കും. 'അവര് ആവര്ത്തിച്ചാല് നീയും ആവര്ത്തിച്ചുകൊള്ളുക' (فإن عادوا فعد) എന്ന് നബി(സ) അമ്മാറിനോട് പറഞ്ഞിരുന്നു. അഥവാ പീഡനം ആവര്ത്തിക്കുകയാണെങ്കില് ഹൃദയംഗമമായല്ലാതെ സത്യനിഷേധം വീണ്ടും ഉച്ചരിക്കാം എന്നര്ഥം.
ഇതു സംബന്ധമായി ഇബ്നു ഖുദാമ എഴുതുന്നു: 'നിര്ബന്ധിതാവസ്ഥയില് സത്യനിഷേധ വചനം ഉച്ചരിക്കുന്നവര് ആ അവസ്ഥ നീങ്ങുന്നതോടെ തന്റെ ഇസ്്ലാം പ്രഖ്യാപിച്ചിരിക്കണം. അങ്ങനെ പ്രഖ്യാപിക്കുന്നതോടെ അയാള് മുസ് ലിമായി തുടരും. അതിനു പകരം തുടര്ന്നും സത്യനിഷേധം പ്രകടമാക്കിയാല് സത്യനിഷേധം പ്രഖ്യാപിച്ചതുമുതല് തന്നെ കാഫിറായി പരിഗണിക്കപ്പെടും. കാരണം, അയാള് കുഫ്റ് ഉച്ചരിച്ചപ്പോള് മുതല് ഹൃദയംഗമമായി തന്നെ അത് ഉള്ക്കൊണ്ടിരുന്നു എന്നാണ് നമുക്ക് മനസ്സിലാവുക.2
സത്യനിഷേധ വചനം ഉച്ചരിക്കാനോ സത്യനിഷേധികളോട് ആദര്ശ വിരുദ്ധ ചങ്ങാത്തം സ്ഥാപിക്കാനോ അവരുടെ ദീനുമായി യോജിക്കാനോ നിര്ബന്ധിക്കപ്പെടുന്ന സാഹചര്യത്തില് ക്ഷമപാലിക്കുകയാണ് ഏറ്റവും ഉത്തമം. ആത്മത്യാഗം വേണ്ടി വന്നാല് അങ്ങനെയും.
ഖബ്ബാബ്(റ) നബി(സ)യില്നിന്ന് ഉദ്ധരിക്കുന്നു:
قد كان من قبلكم يُؤخذ الرجل فيُحفر له في الأرض، فيُجعل فيها، ثمَّ يُؤتى بالمِنْشَارِ فيوضع على رأسه فيُجعل نصفين، ويُمشط بأمشاطِ الحديد ما دون لحمه وعظمه، ما يَصُدُّهُ ذلك عن دينه
'നിങ്ങളുടെ (നബി(സ)യുടെ സ്വഹാബികളുടെ) മുമ്പുള്ള സത്യവിശ്വാസി(കള്) നിഷേധികളാല് പിടികൂടപ്പെടുകയും ഭൂമിയില് കുഴിച്ച കുഴിയില് വെക്കപ്പെടുകയും വാള് തലയില് വെച്ച് രണ്ടായി പിളര്ക്കപ്പെടുകയും എല്ലിനും മാംസത്തിനുമിടയില് ഇരുമ്പ് ചീര്പ്പുകള് കൊണ്ട് ചീകപ്പെടുകയും ചെയ്തിരുന്നു. എന്നാല് അതൊന്നും അയാളെ അയാളുടെ ദീനില്നിന്ന് തടഞ്ഞിരുന്നില്ല'3
കിടങ്ങില് അഗ്നിയാല് പീഡിപ്പിക്കപ്പെട്ട സത്യവിശ്വാസികളുടെ അനുഭവവും ഇതുതന്നെയാണ് നമ്മെ പഠിപ്പിക്കുന്നത്.
قُتِلَ أَصْحَابُ الْأُخْدُودِ . النَّارِ ذَاتِ الْوَقُودِ . إِذْ هُمْ عَلَيْهَا قُعُودٌ . وَهُمْ عَلَىٰ مَا يَفْعَلُونَ بِالْمُؤْمِنِينَ شُهُودٌ
'ആ കിടങ്ങിന്റെ ആളുകള് നശിച്ചു പോകട്ടെ. അതായത് വിറകു നിറച്ച തീയുടെ ആളുകള്. അവര് അതിങ്കല് ഇരിക്കുന്നവരായിരുന്ന സന്ദര്ഭം! സത്യവിശ്വാസികളെക്കൊണ്ട് തങ്ങള് ചെയ്യുന്നതിന് അവര് ദൃക്സാക്ഷികളായിരുന്നു.' (ബുറൂജ് 4-7).
ഇമാം ഖുര്ത്വുബി എഴുതുന്നു: 'സത്യനിഷേധത്തിന്റെ വചനം ഉച്ചരിക്കാന് നിര്ബന്ധിക്കപ്പെടുന്നവര് ഇളവെടുക്കാതെ വധം തെരഞ്ഞെടുത്താല് ഇളവെടുത്തവരേക്കാള് പ്രതിഫലാര്ഹരായിരിക്കും'4
ഇസ്ലാമിനെ തൃപ്തിപ്പെടാതിരിക്കുന്നതിന്റെ ചില പ്രകട ലക്ഷണങ്ങള്
രണ്ടു ശഹാദത്ത് കലിമകള് ഉച്ചരിക്കുകയും മുസ് ലിമാണെന്ന് അവകാശപ്പെടുകയും ചെയ്താലും താഴെ പറയുന്ന കാരണങ്ങളാല് മതപരിത്യാഗം സംഭവിക്കും: (1) ഇസ് ലാമിന്റെ ഭാഗമായി മനസ്സിലാക്കപ്പെടുന്ന ഏതെങ്കിലും കാര്യത്തെ പരിഹസിക്കുക. അല്ലാഹുവിനെയോ നബി(സ)യെയോ ഖുര്ആനെയോ വിശ്വാസത്തിന്റെ പേരില് സത്യവിശ്വാസികളെയോ പരിഹസിക്കുന്നത് ഉദാഹരണം.
അല്ലാഹു പറയുന്നു:
قُلْ أَبِاللَّهِ وَآيَاتِهِ وَرَسُولِهِ كُنتُمْ تَسْتَهْزِئُونَ . لَا تَعْتَذِرُوا قَدْ كَفَرْتُم بَعْدَ إِيمَانِكُمْۚ إِن نَّعْفُ عَن طَائِفَةٍ مِّنكُمْ نُعَذِّبْ طَائِفَةً بِأَنَّهُمْ كَانُوا مُجْرِمِينَ
'അല്ലാഹുവെയും അവന്റെ ദൃഷ്ടാന്തങ്ങളെയും അവന്റെ ദൂതനെയുമാണോ നിങ്ങള് പരിഹസിച്ച് കൊണ്ടിരിക്കുന്നത്? നിങ്ങള് ഒഴികഴിവുകളൊന്നും പറയേണ്ട. വിശ്വസിച്ചതിനുശേഷം നിങ്ങള് അവിശ്വസിച്ചു കഴിഞ്ഞിരിക്കുന്നു. നിങ്ങളില് ഒരു വിഭാഗത്തിനു നാം മാപ്പു നല്കുകയാണെങ്കില് തന്നെ മറ്റൊരു വിഭാഗത്തിന്, അവര് കുറ്റവാളികളായിരുന്നതിനാല് നാം ശിക്ഷനല്കുന്നതാണ്' (തൗബ 65,66).
തബൂക്ക് യുദ്ധവേളയില് ഒരു കപടവിശ്വാസി നബി(സ)യെയും അദ്ദേഹത്തിന്റെ ഖുര്ആന് പണ്ഡിതരായ സ്വഹാബികളെയും പരിഹസിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു: 'ഞങ്ങളുടെ ഈ പണ്ഡിതന്മാരെ പോലെ ഉദരകാമികളും വ്യാജവക്താക്കളും ശത്രുക്കളെ കണ്ടുമുട്ടുമ്പോള് പരമഭീരുക്കളുമായ ഒരു വിഭാഗത്തെ ഞങ്ങള് കണ്ടിട്ടില്ല.' ഇതുകേട്ട ഔഫ് ബ്നു മാലിക് അയാളോട് പറഞ്ഞു: 'നീ കള്ളമാണ് പറഞ്ഞത്, നീ കപടവിശ്വാസിയാണ്. ഞാന് ഇക്കാര്യം നബി(സ)യോട് പറയും. ഔഫ് നബി(സ)യെ വിവരം ധരിപ്പിക്കാനായി പോയി. അപ്പോഴേക്കും ഖുര്ആന് അവതരിച്ചിരുന്നു. കപടവിശ്വാസി ഒട്ടകപ്പുറത്തേറി നബി(സ)യെ സമീപിച്ച് പറഞ്ഞു: 'അല്ലാഹുവിന്റെ ദൂതരേ, ഞങ്ങള് വെറുതെ കളി തമാശ പറഞ്ഞതായിരുന്നു.' ഇബ്നു ഉമര്(റ) പറയുന്നു: അയാള് നബി(സ)യുടെ ഒട്ടകക്കട്ടില് കെട്ടാന് ഉപയോഗിച്ച തോല്ക്കയറില് തൂങ്ങിനില്ക്കുന്നത് ഞാന് നോക്കി കാണുന്നുണ്ടായിരുന്നു. അയാള് നബി(സ)യോട് ഇങ്ങനെ ബോധിപ്പിച്ചു. 'ഞങ്ങള് കളിതമാശ പറഞ്ഞതായിരുന്നു' അയാളോട് അവിടുന്ന് പറഞ്ഞു: 'നിങ്ങള് അല്ലാഹുവിനെയും അവന്റെ സൂക്തങ്ങളെയും അവന്റെ ദൂതനെയുമാണോ പരിഹസിക്കുന്നത്?' നബി(സ) അയാളെ തിരിഞ്ഞു നോക്കുകയോ അതില് കൂടുതലായി അയാളോട് എന്തെങ്കിലും പറയുകയോ ചെയ്തില്ല'5
പരിഹാസം ചില രീതികളില് പരിമിതമല്ല. ധാരാളം രീതികളിലുണ്ടാവാം. ഏതു രീതിയിലായാലും അത് ദീനിനെ കൊച്ചാക്കലായും അതിനെയൊ അതില് ഏതെങ്കിലും ഒന്നിനെയോ തൃപ്തിപ്പെടാതിരിക്കലായും സംഭവിക്കാം. വാചികമായോ ചലനം, ആംഗ്യം എന്നിങ്ങനെ കര്മപരമായോ ആവാം. കണ്ണ് ചലിപ്പിച്ചോ, നാവ് പുറത്തു കാണിച്ചോ, ചുണ്ട് നീട്ടിയോ, കൈകൊണ്ട് കുത്തിക്കാണിച്ചോ ആവാം. ഖുര്ആനോ സുന്നത്തോ വായിക്കുമ്പോഴോ ഇസ് ലാമികാദര്ശത്തെക്കുറിച്ച് പറയുമ്പോഴോ, അനിവാര്യമായും ഇസ് ലാമിന്റെ ഭാഗമായ ഒരു കാര്യത്തെക്കുറിച്ച് പരാമര്ശിക്കുമ്പോഴോ ഒക്കെ ഈ പരിഹാസ പ്രകടനം നടക്കാം.
(2) അല്ലാഹുവിനെയോ നബി(സ)യെയോ കുറിച്ച് പറയുമ്പോഴോ ഖുര്ആന് പാരായണം ചെയ്യുമ്പോഴോ ഇസ് ലാമില് അറിയപ്പെട്ട ഒരു കാര്യത്തെക്കുറിച്ച് പറയുമ്പോഴോ അതിലേക്ക് ക്ഷണിക്കുമ്പോഴോ വെറുപ്പും ദേഷ്യവും പ്രകടിപ്പിക്കുക. അല്ലാഹു പറയുന്നു:
وَإِذَا تُتْلَىٰ عَلَيْهِمْ آيَاتُنَا بَيِّنَاتٍ تَعْرِفُ فِي وُجُوهِ الَّذِينَ كَفَرُوا الْمُنكَرَۖ يَكَادُونَ يَسْطُونَ بِالَّذِينَ يَتْلُونَ عَلَيْهِمْ آيَاتِنَاۗ قُلْ أَفَأُنَبِّئُكُم بِشَرٍّ مِّن ذَٰلِكُمُۗ النَّارُ وَعَدَهَا اللَّهُ الَّذِينَ كَفَرُواۖ وَبِئْسَ الْمَصِيرُ
'വ്യക്തമായ നിലയില് നമ്മുടെ ദൃഷ്ടാന്തങ്ങള് അവര്ക്ക് വായിച്ചു കേല്പ്പിക്കപ്പെടുകയാണെങ്കല് അവിശ്വാസികളുടെ മുഖങ്ങളില് അനിഷ്ടം (പ്രകടമാകുന്നത്) നിനക്ക് മനസ്സിലാക്കാം. നമ്മുടെ ദൃഷ്ടാന്തങ്ങള് അവര്ക്ക് വായിച്ചു കേള്പ്പിക്കുന്നവരെ കൈയേറ്റം ചെയ്യാന് തന്നെ അവര് മുതിര്ന്നേക്കാം. പറയുക: അതിനെക്കാളെല്ലാം ദോഷകരമായ കാര്യം ഞാന് നിങ്ങള്ക്ക് അറിയിച്ചു തരട്ടെയോ? നരകാഗ്നിയത്രെ അത്. അവിശ്വാസികള്ക്ക് അതാണ് അല്ലാഹു വാഗ്ദാനം ചെയ്തിട്ടുള്ളത്. ചെന്നുചേരാനുള്ള ആ സ്ഥലം എത്ര ചീത്ത' (ഹജ്ജ് 72)
ذَٰلِكَ بِأَنَّهُمْ كَرِهُوا مَا أَنزَلَ اللَّهُ فَأَحْبَطَ أَعْمَالَهُمْ
'അതെന്തുകൊണ്ടെന്നാല് അല്ലാഹു അവതരിപ്പിച്ചതിനെ അവര് വെറുത്തു കളഞ്ഞു. അപ്പോള് അവരുടെ കര്മങ്ങളെ അവന് നിഷ്ഫലമാക്കിത്തീര്ത്തു.' (മുഹമ്മദ് 9).
കുറിപ്പുകൾ
1. مجموعة التوحيد ص 297
2. المغني ج 9 ص 24
3. البخارى، رياض الصالحين ص 32
4. تفسير القرطبي ج 1ص 188
5. تفسير ابن كثير ج 2 ص 367