ഖുര്‍ആനിലെ പദകൗതുകങ്ങള്‍ اَلرَّوْعُ .......... اَلرَّوْغُ
ഡോ. സ്വലാഹ് അബ്ദുല്‍ ഫത്താഹ് ഖാലിദി
എന്നീ പദങ്ങള്‍ ഖുര്‍ആനില്‍ ഇബ്‌റാഹീം നബിയുടെ കഥ വിവരിക്കുന്നേടത്തു മാത്രമേ പ്രയോഗിക്കപ്പെട്ടിട്ടുള്ളൂ. അല്ലാഹു പറയുന്നു.
فَلَمَّا ذَهَبَ عَنْ إِبْرَاهِيمَ الرَّوْعُ وَجَاءَتْهُ الْبُشْرَىٰ يُجَادِلُنَا فِي قَوْمِ لُوطٍ ﴿٧٤﴾
(അങ്ങനെ ഇബ്‌റാഹീമില്‍നിന്ന് 'റൗഅ്' വിട്ടുമാറുകയും അദ്ദേഹത്തിന് സന്തോഷവാര്‍ത്ത വന്നു കിട്ടുകയും ചെയ്തപ്പോള്‍ അദ്ദേഹമതാ ലൂത്വിന്റെ ജനതയുടെ കാര്യത്തില്‍ നമ്മോട് തര്‍ക്കിക്കുന്നു - ഹൂദ്: 74).
സൂക്തത്തിലെ 'റൗഅ്' എന്നതിന്റെ വിവക്ഷ, വൃദ്ധനായ തനിക്കും വന്ധ്യയായ ഭാര്യക്കും പ്രതീക്ഷയറ്റ പ്രായത്തില്‍ സന്താനം ജനിക്കും എന്ന സന്തോഷവാര്‍ത്ത മലക്കില്‍നിന്ന് കേട്ടപ്പോള്‍ പെട്ടെന്നുണ്ടായ ഭയജന്യമായ അങ്കലാപ്പ് എന്നാണ്. ഭയവും അങ്കലാപ്പും നീങ്ങിയപ്പോള്‍ ഇബ്‌റാഹീം നബി ലൂത്വിന്റെയും അദ്ദേഹത്തിന്റെ ജനതയുടെയും വിഷയത്തില്‍ മലക്കുകളോട് സംവാദം നടത്താന്‍ തുടങ്ങി.
എന്നാല്‍, الرَّوَغَان ، الرّوغ എന്നീ പദങ്ങളുടെ ഭൂതകാല ക്രിയാരൂപമായ رَاغَ എന്നത് ഇബ്‌റാഹീം നബിയെക്കുറിച്ചു തന്നെ മൂന്നു സ്ഥലങ്ങളില്‍ പ്രയോഗിച്ചിട്ടുണ്ട്. എന്നാല്‍ സൂത്രത്തില്‍ ഒഴിഞ്ഞുമാറുക, തന്ത്രത്തില്‍ മാറിക്കളയുക എന്നത്രെ.
ഇബ്‌റാഹീം നബിയുടെ ജനത തങ്ങളുടെ ഉത്സവത്തില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ തന്ത്രത്തില്‍ പിന്തിനിന്ന അദ്ദേഹം വിഗ്രഹങ്ങളെ തകര്‍ക്കാനായി പോയി.
فَرَاغَ إِلَىٰ آلِهَتِهِمْ فَقَالَ أَلَا تَأْكُلُونَ ﴿٩١﴾ مَا لَكُمْ لَا تَنطِقُونَ ﴿٩٢﴾ فَرَاغَ عَلَيْهِمْ ضَرْبًا بِالْيَمِينِ
(എന്നിട്ട് അദ്ദേഹം അവരുടെ ദൈവങ്ങളുടെ നേര്‍ക്ക് ചെന്നിട്ട് പറഞ്ഞു: നിങ്ങള്‍ തിന്നുന്നില്ലേ? നിങ്ങള്‍ക്കെന്തുപറ്റി? നിങ്ങള്‍ മിണ്ടുന്നില്ലല്ലോ. തുടര്‍ന്ന് അദ്ദേഹം അവയുടെ നേരെ തിരിഞ്ഞു വലതുകൈകൊണ്ട് ഊക്കോടെ അവയെ വെട്ടിക്കളഞ്ഞു - സ്വഫ്ഫാത്ത്: 90-93).
എന്നതിന് ഇവിടെ കൗശല പൂർവവും തന്ത്രപൂർവവുമായ എന്ന യഥാര്‍ഥ ആശയമല്ല വിവക്ഷ. കാരണം, അത് അദ്ദേഹത്തിന് ചേരുകയില്ല. ഇവിടെ വിവക്ഷ, വേഗതയും ലാഘവത്വവുമാണ്. രഹസ്യമായ തയാറെടുപ്പും സ്വകാര്യതയും ക്രമവും പാലിച്ചുകൊണ്ടുള്ള പ്രവര്‍ത്തനമാണ്.
മലക്കുകള്‍ മനുഷ്യരൂപത്തില്‍ ഇബ്‌റാഹീം നബിയുടെ അടുത്തുവന്നപ്പോള്‍ അവര്‍ മനുഷ്യാതിഥികളാവും എന്ന് അദ്ദേഹം കണക്കുകൂട്ടി. അവരെ ആദരപൂർവം സ്വീകരിക്കാനാവശ്യമായത് ചെയ്യാന്‍ തയാറെടുത്തു.
إِذْ دَخَلُوا عَلَيْهِ فَقَالُوا سَلَامًاۖ قَالَ سَلَامٌ قَوْمٌ مُّنكَرُونَ ﴿٢٥﴾ فَرَاغَ إِلَىٰ أَهْلِهِ فَجَاءَ بِعِجْلٍ سَمِينٍ ﴿٢٦﴾ فَقَرَّبَهُ إِلَيْهِمْ قَالَ أَلَا تَأْكُلُونَ ﴿٢٧﴾
(അവര്‍ അദ്ദേഹത്തിന്റെ അടുത്ത് കടന്നുവന്നിട്ട് സലാം പറഞ്ഞ സമയത്ത് അദ്ദേഹം പറഞ്ഞു: സലാം (നിങ്ങള്‍) അപരിചിതരായ ആളുകളാണല്ലോ. അനന്തരം അദ്ദേഹം ധൃതിയില്‍ തന്റെ ഭാര്യയുടെ അടുത്തേക്ക് ചെന്നു. (റാഗ ഇലാ) എന്നിട്ട് അത് അവരുടെ അടുത്തേക്ക് വെച്ച് അദ്ദേഹം പറഞ്ഞു: നിങ്ങള്‍ തിന്നുന്നില്ലേ? - ദാരിയാത്ത്: 25-27).
സൂക്തത്തിലെ 'റാഗ ഇലാ' എന്നതിന്റെ വിവക്ഷ അതിഥികളെ സല്‍ക്കരിച്ചാദരിക്കാനും കാളക്കുട്ടിയെ വേവിച്ചു നല്‍കാനുമായി ലാഘവത്തോടെയും സ്വകാര്യമായും അദ്ദേഹം തത്രപ്പെട്ടു എന്നത്രെ.