മഹ്ദി വിശ്വാസം അഖീദയുടെ ഭാഗമല്ല

അബ്ദുല്ലാഹിബ്‌നു സൈദ് ആലു മഹ്മൂദ്‌‌‌

മുന്‍ ലക്കത്തിലുദ്ധരിച്ച ഹദീസുകളെല്ലാം പ്രബലമാണെന്നോ അവയുടെ ആശയം മുതവാതിറാണെന്നോ അംഗീകരിക്കുന്നതിന് ഇസ് ലാമിലെ 'അഖീദ'യുമായി യാതൊരു ബന്ധവുമില്ല. അഹ്‌ലുസ്സുന്നയിലെ പണ്ഡിതന്മാര്‍ അത് അഖീദാ ഗ്രന്ഥങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുമില്ല. ഇബ്‌നു തൈമിയ്യയുടെ വാസിത്വിയ്യ, ഇസ്വ്ഫഹാനിയ്യ, സബ്ഈനിയ്യ, തിസ്ഈനിയ്യ എന്നിവയിലൊന്നും അത് കാണപ്പെടുന്നില്ല. അഖീദത്തുത്ത്വഹാവിയ്യയിലോ അതിന്റെ ശര്‍ഹിലോ ഇബ്‌നു ഖുദാമയുടെ അഖീദയിലോ പരാമര്‍ശിച്ചിട്ടില്ല. അശ്അരിയുടെ 'അല്‍ഇബാന' എന്ന ഗ്രന്ഥത്തിലും അത് കാണപ്പെടുന്നില്ല. അല്‍ ഇബാന അശ്അരിയുടെ അവസാനത്തെ കൃതിയാണ്. മഹ്ദി വിശ്വാസം മുസ് ലിംകളുടെ അഖീദയുടെ ഭാഗമായി അവരാരും അംഗീകരിച്ചിട്ടില്ല.
മഹ്ദി വാദികളായ എല്ലാ വിഭാഗങ്ങളെയും അധിക്ഷേപിച്ചുകൊണ്ട് ഇമാം ഇബ്‌നുല്‍ ഖയ്യിം തന്റെ المنار المنيف في الصحيح والضعيف എന്ന കൃതിയില്‍ വിശദമായി എഴുതിയിട്ടുണ്ട്. മഹ്ദി വാദികളായ എല്ലാ വിഭാഗങ്ങളെയും ആക്ഷേപിച്ചുകൊണ്ടും അടിസ്ഥാന രഹിതമായ ഒരു വാദമാണതെന്ന് സ്ഥാപിച്ചുകൊണ്ടും അദ്ദേഹം വിശദീകരിച്ചിട്ടുണ്ട്. ഈ വാദവുമായി രംഗപ്രവേശം ചെയ്തവരാരും ഭൂമിയില്‍ നീതി സ്ഥാപിച്ചിട്ടില്ലെന്നും മറിച്ച് അക്രമവും അനീതിയും ശത്രുതയുമാണ് വിതച്ചതെന്നും രക്തം ചിന്തുകയും പവിത്രതകള്‍ നിഹനിക്കുകയുമായിരുന്നു അവരുടെ പതിവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

'അല്‍ ഇഅ്തിസ്വാം' എന്ന ഗ്രന്ഥത്തില്‍ ഇമാം ശാത്വിബിയും മഹ്ദി വാദത്തെ ഖണ്ഡിച്ചിട്ടുണ്ട്. പ്രസ്തുത വാദം ബിദ്അത്താണ് എന്നാണദ്ദേഹത്തിന്റെ അഭിപ്രായം. ഇബ്‌നു ഖല്‍ദൂന്‍ തന്റെ 'മുഖദ്ദിമ'യില്‍ മഹ്ദി വാദത്തിനുപോദ്ബലകമായി ഉദ്ധരിക്കപ്പെടുന്ന ഹദീസുകള്‍ പരിശോധിക്കുകയും അവ സ്വഹീഹാണെന്ന വാദത്തെ ഖണ്ഡിക്കുകയും ചെയ്തിട്ടുണ്ട്. പ്രസ്തുത ഹദീസുകളില്‍ കാണപ്പെടുന്ന വ്യക്തമായ വൈരുധ്യങ്ങളും തെളിയിച്ചിരിക്കുന്നു. അവയുടെ റിപ്പോര്‍ട്ടര്‍മാര്‍ വിശ്വസ്തരല്ലെന്നും ശീഈ പക്ഷപാതികളും കളവ് പറയുന്നവരും ഓര്‍മശക്തി കുറഞ്ഞവരുമാണെന്നും അദ്ദേഹം സമര്‍ഥിച്ചിട്ടുണ്ട്.

മുഹമ്മദ് ഫരീദ് വജ്ദി തന്റെ 'ദാഇറതുല്‍ മആരിഫ്' ല്‍ എഴുതുന്നു: പ്രതീക്ഷിക്കപ്പെടുന്ന മഹ്ദിയെക്കുറിച്ച് വന്ന ഹദീസുകള്‍ സൂക്ഷ്മമായി പഠിക്കുന്നവര്‍ക്ക് നബി(സ)യെ അവരുടെ ജല്‍പനങ്ങളില്‍നിന്ന് മുക്തമാക്കാന്‍ വിഷമം തോന്നുകയല്ല. അവയിലെ അതിശയോക്തിയും തീവ്രവാദവും തീയതികളുടെ പരസ്പര വൈരുധ്യവും അല്ലാഹുവിന്റെ നടപടിക്രമത്തെക്കുറിച്ച വിവരക്കേടും അവ വ്യാജ ഹദീസുകളാണെന്ന് ഒറ്റനോട്ടത്തില്‍തന്നെ മനസ്സിലാക്കാന്‍ സഹായകമാകും. അറബ് നാടുകളിലും മൊറോക്കോവിലും ഖിലാഫത്ത് പിടിച്ചെടുക്കാന്‍ ശ്രമിക്കുന്ന ചില പ്രസ്ഥാനങ്ങളുടെ അനുയായികള്‍ കൃത്രിമമായി നിര്‍മിച്ചവയാണീ ഹദീസുകള്‍.

മുസ്‌ലിം പണ്ഡിതരില്‍ ധാരാളം പേര്‍ മഹ്ദി വിഷയത്തില്‍വന്ന ഹദീസുകള്‍ ദുര്‍ബലങ്ങളാണെന്നും പരിഗണനാര്‍ഹമല്ലെന്നും പ്രസ്താവിച്ചിട്ടുണ്ട്. ദാറുഖുത്വ്‌നിയും ദഹബിയും അവരില്‍ ചിലരാണ്. ഈ വിഷയകമായി ഗവേഷണം നടത്തുന്നവരുടെ സൗകര്യത്തിന് പ്രസ്തുത ഹദീസുകള്‍ ഒന്നൊന്നായി നാം വിശദീകരിക്കുകയുണ്ടായി. അവ ഉപയോഗിച്ച് ഇനിയെങ്കിലും ജനങ്ങളെ വഴിപിഴപ്പിക്കാന്‍ ഇതിന്റെ പ്രചാരകര്‍ ധൃഷ്ടരാവാതിരിക്കട്ടെ.'' (ദാഇറതുല്‍ മആരിഫ് വാ: 9, പേജ് 480).
മുഹമ്മദ് റശീദ് രിദാ തന്റെ ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥമായ 'അല്‍മനാറി'ല്‍ അഅ്‌റാഫ് അധ്യായത്തിന്റെ വിശദീകരണത്തില്‍ മഹ്ദിയെക്കുറിച്ചു വന്ന ഹദീസുകള്‍ അപഗ്രഥനം ചെയ്യുന്നുണ്ട്. അദ്ദേഹം പറഞ്ഞതിന്റെ ചുരുക്കം:

മഹ്ദിയെക്കുറിച്ചുവന്ന ഹദീസുകളിലെ വൈരുധ്യങ്ങള്‍ ശക്തവും സ്പഷ്ടവുമാണ്. അവ സമന്വയിപ്പിക്കുക പ്രയാസം. അവയില്‍ മുഴച്ചു നില്‍ക്കുന്നതാകട്ടെ നിറയെ സംശയങ്ങളും. ഇക്കാരണത്താല്‍ തന്നെ ബുഖാരിയും മുസ്‌ലിമും ഈ റിപ്പോര്‍ട്ടുകള്‍ പരിഗണിച്ചിട്ടില്ല. മഹ്ദിയെക്കുറിച്ചു വന്ന ഹദീസുകള്‍ ഇസ്‌ലാമിക സമൂഹത്തില്‍ എന്നും കുഴപ്പങ്ങള്‍ക്കും സംശയങ്ങള്‍ക്കും കാരണമായിട്ടുണ്ട്. അധികാര ദുര്‍മോഹികളും പൈശാചിക ശക്തികളും മഹ്ദി വാദവുമായി രംഗപ്രവേശം ചെയ്യും. യുദ്ധവും കലാപവും സൃഷ്ടിച്ചുകൊണ്ട് അന്ധവിശ്വാസങ്ങളിലൂടെയും നശീകരണ പ്രവര്‍ത്തനങ്ങളിലൂടെയും തങ്ങളുടെ വാദത്തിന് ഊര്‍ജം നല്‍കും. അങ്ങനെ പതിനായിരങ്ങള്‍ പ്രവാചകചര്യയുടെ സന്മാര്‍ഗത്തില്‍നിന്ന് വ്യതിചലിച്ചു.

ഇസ്‌ലാമിനെ പുനരുദ്ധരിക്കുകയും സൃഷ്ടികളില്‍നീതി നടപ്പിലാക്കുകയും ചെയ്യുന്ന മഹ്ദിയെ ജനങ്ങള്‍ അംഗീകരിക്കാന്‍ കാരണം മഹ്ദിയെക്കുറിച്ച് വിശ്വസിക്കാന്‍ അവര്‍ പാകപ്പെടുത്തപ്പെട്ടിരുന്നു എന്നതാണ്. ഇബ്‌നു ഖല്‍ദൂന്‍ ഇത്തരക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി: ''നാഗരികതകളിലും രാഷ്ട്രങ്ങളിലും സമുദായങ്ങളിലും സ്ഥലകാല ഭേദമന്യെ അനുവര്‍ത്തിച്ചുവരുന്ന നടപടിക്രമമുണ്ട്. എല്ലാ കാലത്തും സ്ഥലത്തും അത് ഒരു പോലെ നിലനില്‍ക്കുന്നു. വിശുദ്ധ ഖുര്‍ആനിലും പ്രപഞ്ചത്തിന്റെ ഏടുകളിലും അത് വ്യക്തമാണ്.

മഹ്ദിയെകുറിച്ചു വന്ന ഹദീസുകള്‍ കാണുക. ഇസ്‌ലാമിനെയും മുസ്‌ലിംകളെയും നശിപ്പിക്കുകയും അവരെ അധികാരത്തില്‍നിന്ന് പിഴുതെറിയുകയും ചെയ്യാന്‍ പ്രതിജ്ഞാബദ്ധരായ ജൂതനിര്‍മതന്മാരും ശീഈകളും ഉമവി-അബ്ബാസി പക്ഷപാതികളും ധാരാളം ഹദീസുകള്‍ കെട്ടിച്ചമച്ചിട്ടുണ്ട്. ഇതിനു പുറമെ ശരിയായ ഹദീസുകള്‍ക്ക് വ്യാജ അര്‍ഥങ്ങള്‍ നല്‍കിയിട്ടുമുണ്ട്. ഇതിന്റെ നിവേദകര്‍ പ്രത്യക്ഷത്തില്‍ ഭക്തരും സാത്വികരുമായി അഭിനയിക്കും. ഇത്തരം വ്യാജഹദീസുകളില്‍ പലതും അതിന്റെ നിവേദകര്‍ സ്വയം ഏറ്റു പറഞ്ഞപ്പോഴാണ് തിരിച്ചറിയാന്‍ കഴിഞ്ഞത്.''
റശദീ രിദാ തുടരുന്നു: മഹ്ദിയെക്കുറിച്ച് ധാരാളം ഹദീസുകള്‍ വന്നിട്ടുണ്ട്. ചിലതിന്റെ നിവേദന പരമ്പര പ്രബലമാണെന്ന് പറയപ്പെടുന്നുണ്ട്. എന്നാല്‍ ഇബ്‌നു ഖല്‍ദൂന്‍ അവ ദുര്‍ബലങ്ങളാണെന്നും അനഭിമതങ്ങളാണെന്നും സമര്‍ഥിച്ചിരിക്കുന്നു. പ്രതീക്ഷിക്കപ്പെടുന്ന മഹ്ദിയെക്കുറിച്ച് വന്ന ഹദീസുകളും സ്വഹാബി വചനങ്ങളും സമഗ്രമായി പരിശോധിക്കുകയും അവയുടെ ഉത്ഭവവും നിവേദക പരമ്പരയും ഗ്രഹിക്കുകയും ചെയ്യുന്നവര്‍ക്ക് അവയെല്ലാം ശീഈകളില്‍നിന്നു പകര്‍ത്തിയതാണെന്ന് വ്യക്തമാകും. ബനൂഉമയ്യയുടെ ഭരണാധികാരം സ്വേഛാധിപത്യത്തിലേക്ക് നീങ്ങുകയും അക്രമവും അനീതിയും പതിവാവുകയും ഖുര്‍ആന്‍ കാണിച്ചുതന്നതും ഖുലഫാഉര്‍റാശിദുകള്‍ മാതൃകയായംഗീകരിച്ചതുമായ കൂടിയാലോചനാ മാര്‍ഗത്തില്‍നിന്ന് ഇസ്‌ലാമിക ഭരണക്രമത്തെ മാറ്റിപ്പണിയുകയും ചെയ്തു. അബ്ദുല്‍ മലിക് ബ്‌നു മർവാന്‍ മിമ്പറില്‍നിന്നുകൊണ്ടു പറഞ്ഞു: അല്ലാഹുവിനെ സൂക്ഷിക്കുകയെന്ന് എന്നോടാരെങ്കിലും പറഞ്ഞാല്‍ ഞാനവന്റെ തലവെട്ടും.' ഈ സാഹചര്യത്തില്‍ ഏറ്റവുമധികം വേദനിക്കുകയും മുസ്‌ലിംകളുടെ അവസ്ഥയില്‍ അനുശോചിക്കുകയും ചെയ്തത് നബികുടുംബമായിരുന്നു. നീതിയുടെ നിർവഹണം തങ്ങളുടെ ബാധ്യതയാണെന്നും ബനൂഉമയ്യയുടെ സ്വേഛാധിപത്യവും അക്രമവും അവസാനിപ്പിച്ച് ദീനിനെ സഹായിക്കുന്നവനും നീതിനിർവഹിക്കുന്നവനുമായ ഒരു സുവിശേഷകന്‍ തങ്ങളില്‍നിന്നും ഉയിര്‍ത്തെഴുന്നേറ്റു വരുമെന്നും വാദിച്ചുകൊണ്ട് നബി കുടുംബത്തിന് വേണ്ടി വാദിച്ചവര്‍ മതപരമായൊരടിത്തറ തങ്ങള്‍ക്കുണ്ടാക്കാന്‍ ശ്രമിച്ചു. ഈ വിശ്വാസത്തില്‍നിന്നാണ് പ്രസ്തുത റിപ്പോര്‍ട്ടുകള്‍ ഉണ്ടായിത്തീര്‍ന്നത്. അവമൊത്തമായി പരിശോധിച്ചാല്‍ മഹ്ദിയുടെ ആഗമനം അവര്‍ പ്രതീക്ഷിക്കുന്നത് ഹിജ്‌റ രണ്ടോ മൂന്നോ നൂറ്റാണ്ടുകളിലാണെന്നാണ് മനസ്സിലാവുക. നബികുടുംബത്തിലെ ഉത്തമരായ വ്യക്തികളെ തെരഞ്ഞെടുത്ത് അവര്‍ മഹ്ദിയാകാന്‍ സാധ്യതയുണ്ടെന്ന് വാദിക്കാന്‍ തുടങ്ങി. പക്ഷെ, അവരാരും മഹ്ദിയായില്ല. നൂറ്റാണ്ടുകള്‍ കഴിഞ്ഞുപോയിട്ടും അവര്‍ നിര്‍ണയിച്ച മഹ്ദികളാരും വന്നില്ല.

ദീര്‍ഘകാലത്തെ ദൗര്‍ഭാഗ്യമാണ് ഈ വിശ്വാസം മുസ്‌ലിംകള്‍ക്ക് പ്രദാനം ചെയ്തത്. ഭരണാധികാരികള്‍ക്കെതിരില്‍ വിപ്ലവം നയിക്കുകയും രക്തപ്പുഴയൊഴുക്കുകയുമാണ് ഇതിന്റെ വക്താക്കള്‍ ചെയ്തത്. ശീഈ ചിന്താഗതിക്കാരിലാണ് ഇതാദ്യം പ്രകടമായത്. പിന്നീടത് വികസിച്ചു. മറ്റുള്ളവരിലേക്കും വ്യാപിച്ചു. മഹ്ദി പ്രത്യക്ഷപ്പെടുമെന്നും അയാള്‍ വഴി ഇസ്‌ലാം വിജയിക്കുമെന്നും അവരും വിശ്വസിക്കുന്നു. പ്രതീക്ഷിക്കപ്പെടുന്ന ഈ മഹ്ദിയില്‍ നമുക്ക് വിശ്വാസമില്ല. ഇനി മഹ്ദി പ്രത്യക്ഷപ്പെട്ടാല്‍ തന്നെ അയാള്‍ അമാനുഷ കഴിവുള്ള ഒരാള്‍ ആയിരിക്കുകയുമില്ല.

(ഫതാവാ റശീദ് രിദാ വാ: 1 പേ: 106) പില്‍ക്കാല പണ്ഡിതന്മാര്‍ ഈ വിഷയകമായി ധാരാളം എഴുതിയിട്ടുമുണ്ട്. മഹ്ദി വിഷയത്തില്‍ ഏറ്റവും ശരിയെന്ന് എനിക്ക് തോന്നുന്ന അഭിപ്രായം അബുല്‍ അഅ്‌ലാ മൗദൂദിയുടേതാണ്. അദ്ദേഹം പറയുന്നു: ഈ വിഷയത്തില്‍ വന്ന ഹദീസുകള്‍ രണ്ടു തരമാണ്. വ്യക്തമായി മഹ്ദിയെന്ന വാക്ക് പ്രയോഗിക്കുന്നവയാണ് ഒരിനം. അവസാനകാലത്ത് ഇസ്‌ലാമിന്റെ പേര്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഒരു ഭരണാധികാരിയെക്കുറിച്ചാണ് മറ്റുള്ളവ പ്രസ്താവിക്കുന്നത്. ഈ രണ്ടിനത്തില്‍പെട്ട ഒന്നിന്റെയും പരമ്പര ഇമാം ബുഖാരിയുടെ മാനദണ്ഡത്തോളം ഉയരുന്നില്ല. അതിനാല്‍ ബുഖാരിയില്‍ അവയൊന്നും അദ്ദേഹം ഉദ്ധരിച്ചിട്ടില്ല. അതിലാണെങ്കില്‍ മഹ്ദിയെ പേരെടുത്ത് വ്യക്തമായി പറഞ്ഞിട്ടുമില്ല.
'മഹ്ദി'യെന്ന ഒരു ദീനീ പദവി ഇസ്‌ലാമിലുണ്ടെന്നും എല്ലാ മുസ് ലിംകളും അദ്ദേഹത്തില്‍ വിശ്വസിക്കണമെന്നും അദ്ദേഹത്തില്‍ വിശ്വസിച്ചില്ലെങ്കില്‍ വിശ്വാസപരമായും സാമൂഹികമായും പ്രത്യാഘാതങ്ങളുണ്ടാകുമെന്നും വിദൂരമായ ഒരു വ്യാഖ്യാനത്തിലൂടെ പോലും സ്ഥാപിക്കുക സാധ്യമല്ല.''

തുടര്‍ന്ന് അദ്ദേഹം പറയുന്നത്, മഹ്ദിയിലുള്ള വിശ്വാസം ഇസ്‌ലാമിന്റെ അഖീദയില്‍ പെടുന്നതല്ല. വിശ്വാസപരമായ കാര്യങ്ങള്‍ വിശദീകരിക്കുന്ന അഹ്‌ലുസ്സുന്നയുടെ അഖീദാ ഗ്രന്ഥങ്ങളിലൊന്നും അങ്ങനെ പറഞ്ഞിട്ടുമില്ല.''
അവസാനമായി, നമുക്ക് പറയാനുള്ളത് പ്രവാചകനു ശേഷം ഇനി ഒരു മഹ്ദിയെ പ്രതീക്ഷിക്കേണ്ടതില്ല. അത് നിഷേധിക്കുന്നവരെ ആക്ഷേപിക്കുകയും ചെയ്യേണ്ടതില്ല. അത് നിഷേധിക്കുന്നത് മൂലം ഈമാനിന് തകരാറും സംഭവിക്കില്ല. 
(മഹ്ദി എന്ന മിഥ്യ' എന്ന പുസ്തകത്തില്‍നിന്ന്). വിവ: എം.വി മുഹമ്മദ് സലീം
 

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top