'അകംപൊരുളി'ലെ ഒളിയിടങ്ങളും ചതിക്കുഴികളും

ഖാലിദ് മൂസാ നദ്‌വി‌‌
img

മതപ്രബോധനമോ മതപ്രചാരണമോ ലക്ഷ്യമല്ല എന്ന് പ്രഖ്യാപിച്ചു കൊണ്ടാണ് ഖുര്‍ആന്‍ അകംപൊരുള്‍ എന്ന ഗ്രന്ഥം തയാറാക്കിയിരിക്കുന്നത്. മനുഷ്യരെ ഒന്നായി കാണുന്ന നാനാജാതി മതബോധ്യങ്ങളും മതാചാരങ്ങളും പിന്തുടരുന്ന കുറേ സുമനസ്സുകളുടെ കൂട്ടായ്മയാണ് ഈ ഗ്രന്ഥത്തിന്റെ പിറവിയിലെന്ന് പ്രസാധകര്‍ പറയുന്നുണ്ട്. മത, ജാതി ചിന്തകള്‍ക്കതീതമാണ് / എതിരാണ് / ഈ ഗ്രന്ഥം എന്നും പ്രസാധകക്കുറിപ്പിലുണ്ട്. (ഖുര്‍ആന്‍ അകംപൊരുള്‍, മാനവിക വ്യാഖ്യാനം വാള്യം: 1 പേജ്: 5,6)
'മതജാതിചിന്ത' എന്ന് ഒറ്റ ശ്വാസത്തില്‍ പറഞ്ഞത് ഈ ഗ്രന്ഥം സ്വീകരിച്ച പ്രധാന ചതിപ്രയോഗമാണ്. മനുഷ്യന്‍ ബോധപൂർവം തെരഞ്ഞെടുക്കുന്ന ആശയവും ജീവിത രീതിയുമാണ് മതം. 'ജാതി' ജന്മംകൊണ്ട് അടിച്ചേല്‍പിക്കപ്പെടുന്ന മാനവ വിരുദ്ധ മേല്‍വിലാസമാണ്. മതവിരുദ്ധരായ കമ്യൂണിസ്റ്റുകളും യുക്തിവാദികളും പറയുന്ന അതേ ശൈലിയില്‍ 'മതവും ജാതിയും' ഒരുപോലെ തിന്മകളാണെന്ന ചിന്ത ഉല്‍പാദിപ്പിക്കാനാണ് അകംപൊരുളും ശ്രമിക്കുന്നതെന്ന യാഥാര്‍ഥ്യം കാണാതെ പോകരുത്. ഖുര്‍ആനിനും ഉണ്ട് തെളിഞ്ഞ മത ഉള്ളടക്കം. അതിനെയും നിരാകരിക്കുന്ന ഒരു ലിബറല്‍ മുസ്‌ലിമിന്റെ വേദപുസ്തകമായിട്ടാണ് 'അകംപൊരുള്‍' സ്വയം സാക്ഷ്യപ്പെടുത്തുന്നത് എന്ന സത്യം വായനക്കാരന്‍ തിരിച്ചറിയേണ്ടതുണ്ട്. ഇസ്‌ലാമിന് വ്യക്തമായ 'മത' ഉള്ളടക്കമുണ്ട്. എന്നാല്‍ ജാതി ഇല്ലേയില്ല. ജാതിവ്യവസ്ഥ ഇന്ത്യയിലെ സവര്‍ണ ഹിന്ദു സമൂഹത്തില്‍ അതിശക്തമായി വേരൂന്നിയ ഭയാനകവും ഭീകരവുമായൊരു തിന്മയാണ്. ഇതു രണ്ടിനെയും കൂട്ടിക്കലര്‍ത്തി ജാതിയെ ലഘൂകരിക്കലും മതത്തെ കൊച്ചാക്കലും ഗ്രന്ഥകാരന്റെ ലക്ഷ്യമാണ്. ജാതിപോലെ മതവും തിന്മയാണെന്ന് വന്നാല്‍ ഹിന്ദുമതംപോലെ ഇസ് ലാം മതവും അപകടകാരിയാണെന്ന് വരുത്താം, അല്ലെങ്കില്‍ അതു രണ്ടും തുല്യമാണെന്നെങ്കിലും സ്ഥാപിക്കാം. രണ്ടായാലും ഗ്രന്ഥകാരന് പ്രശ്‌നമില്ലല്ലോ. കാരണം ഇസ്‌ലാമിന്റെ വ്യക്തിത്വം നശിപ്പിക്കുകയെന്ന ലക്ഷ്യം രണ്ടായാലും നടന്നുകിട്ടുമല്ലോ.

ഇസ്‌ലാമിന്റെ വ്യക്തിത്വം തകര്‍ക്കുകയെന്നതാണ് അകം പൊരുളിന്റെ അജണ്ട. ഖുര്‍ആനിലെ രണ്ടാം അധ്യായമായ അല്‍ബഖറ ആരംഭിക്കുന്നത് 'അലിഫ്-ലാം-മീം' എന്ന് പറഞ്ഞുകൊണ്ടാണ്. അകംപൊരുള്‍ എഴുത്തുകാരന്‍ അതില്‍ കാണുന്നത് 'ഓം' എന്ന ഹിന്ദുമതശബ്ദമാണ്. അല്‍ബഖറയിലെ 21-ാം സൂക്തം ഏകദൈവദര്‍ശനം ഉദ്‌ഘോഷിക്കുന്ന അടിസ്ഥാനസൂക്തമാണ്. ഗ്രന്ഥകാരന്‍ അതില്‍ കാണുന്നത് 'തത്വമസി'യാണ്. ഹിന്ദു-ഹിന്ദുത്വ-അദ്വൈത വാദികള്‍ കൊണ്ടുനടക്കുന്ന ശബ്ദങ്ങളെ ഖുര്‍ആനുമായി സമീകരിച്ച് ഇസ്‌ലാമിന്റെ മൗലികവും സ്വതന്ത്രവും സുഗ്രാഹ്യവുമായ ഏകദൈവത്വ സങ്കല്‍പത്തില്‍ മായം ചേര്‍ക്കാനാണ് ഈ പുസ്തകം ശ്രമിച്ചു വരുന്നത്. ഹിന്ദുത്വവാദികള്‍ക്ക് പ്രിയങ്കരനായിരുന്ന വഹീദുദ്ദീന്‍ ഖാനെ തന്നെ ഈ ഗ്രന്ഥത്തിന്റെ ആമുഖമെഴുത്തുകാരനാക്കിയതും ബോധപൂർവമായ അജണ്ടയുടെ ഭാഗം തന്നെ. ബാബരി മസ്ജിദ് ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുക്കാനും ആര്‍.എസ്.എസുമായി സമന്വയപ്പെടാനും ഇന്ത്യന്‍ മുസ്‌ലിംകളെ ഉപദേശിച്ച 'മൗലാന'യായിരുന്നു അദ്ദേഹം. ഇന്ത്യന്‍ മുസ്‌ലിം സമൂഹത്തില്‍നിന്ന് സ്വയം പുറത്ത് ചാടുകയും ആര്‍.എസ്.എസ് കൂടാരത്തോട് ചേര്‍ന്ന് നില്‍ക്കുകയും ചെയ്ത ഒരു 'ഭാരതീയ മൗലാന' ആമുഖമെഴുതിയ ഗ്രന്ഥമാണ് അകംപൊരുള്‍ എന്നത്, അകംപൊരുളിന്റെ ദിശ ഏതെന്ന് ചിന്തിക്കാന്‍ നല്ലൊരു ചൂണ്ടാണി തന്നെയാണ്.
സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ പേരിലുള്ള ആശംസാ സന്ദേശവും ഗ്രന്ഥത്തിന്റെ ഒന്നാം ഭാഗത്തിലുണ്ട്. പ്രവാചകന്‍ കാണിച്ചു തന്ന 'മതസമന്വയ സംസ്‌കാര'മാണ് ഈ ഗ്രന്ഥം മുന്നോട്ടു വെക്കുന്നതെന്നും ഈ രീതി ആശാവഹമാണെന്നും അദ്ദേഹത്തിന്റെ പേരില്‍ എഴുതിവെച്ചിട്ടുണ്ട്. പ്രവാചകന്‍ രംഗത്തുവരുമ്പോള്‍ ബഹുദൈവമതം, യഹൂദമതം, ക്രൈസ്തവ മതം എന്നിവ നിലവിലുണ്ടായിരുന്നു. അവയിലെ തിന്മകളെ ചൂണ്ടിക്കാട്ടി 'യഥാര്‍ഥ സത്യമതം' സ്ഥാപിക്കുകയായിരുന്നു നബിയെന്ന വസ്തുത മറച്ചുവെക്കുന്നതാണ് ഈ 'സമന്വയ സംസ്‌കാര' സിദ്ധാന്തം. അതിനാല്‍ തന്നെ ഈ രീതി ജനപ്രിയത സാക്ഷാത്കരിക്കാന്‍ ആശാവഹമാണെങ്കിലും ഖുര്‍ആന്റെ സന്ദേശത്തെ അട്ടിമറിക്കലാണ്. അട്ടിമറിയാണ് അകംപൊരുളിന്റെ അകംപേജുകള്‍ നിറയെ. ആ അട്ടിമറിക്ക് 'തങ്ങളവര്‍കളുടെ' കൈയൊപ്പ് വാങ്ങുകയാണ് 'പുരോഹിത വിരുദ്ധനായി' സ്വയം സാക്ഷ്യപ്പെടുത്തുന്ന നവ പുരോഹിതനായ ഗ്രന്ഥകാരന്‍.
അകംപൊരുളിന്റെ 5,6 പേജുകളില്‍ മതം, ജാതി പോലെ തിന്മയാണ് എന്നു എഴുതിവെച്ചിരിക്കുന്നു. ഏഴാം പേജില്‍ 'മതസമന്വയം' വേണമെന്നും അതൊരു പ്രവാചക രീതിയാണെന്നും' തങ്ങളവര്‍കളെ കൊണ്ട് പറയിപ്പിക്കുകയും ചെയ്യുന്നു. തിന്മകള്‍ പരസ്പരം സമന്വയിപ്പിക്കണമെന്നോ? എങ്കില്‍ 'മതസമന്വയം' മാത്രം മതിയോ? ജാതി സമന്വയവും' വേണ്ടേ!? - മുന്‍ പേജുകളില്‍ 'മത-ജാതി' എന്ന് ഒറ്റശ്വാസത്തില്‍ പറഞ്ഞ സ്ഥിതിക്ക് തൊട്ടടുത്ത പേജില്‍ 'മത-ജാതി സമന്വയം' എന്ന് തന്നെ 'തങ്ങളവര്‍കളെക്കൊണ്ട് എഴുതിപ്പിക്കാമായിരുന്നില്ലേ!? അല്ലാഹുവിന്റെ ഗ്രന്ഥത്തെ അവമതിക്കുന്നതിന് ആശയങ്ങള്‍ ഒളിച്ചു കടത്തുന്ന ചതിക്കുഴികള്‍ തീര്‍ത്താല്‍, അതില്‍ താന്‍ തന്നെ വീഴുമെന്ന് മറക്കണ്ട. അത്തരം വൈരുധ്യങ്ങള്‍ ഈ ഗ്രന്ഥ പരമ്പരയില്‍ ഒരുപാടുണ്ട്.

'അകംപൊരുളി'ല്‍ ശീഇസത്തിന് 
ഒരു മുറിയുണ്ട്

കേരളത്തില്‍ വേരില്ലാത്ത, മുസ്‌ലിം സമുദായത്തിലെ ഏറെ വിമര്‍ശിക്കപ്പെട്ട, വ്യതിചലിച്ചതെന്ന് പലര്‍ക്കും അഭിപ്രായമുള്ള അവാന്തര വിഭാഗമാണ് ശീഈകള്‍ അകംപൊരുള്‍ എഴുതിയ ഗ്രന്ഥകാരന്‍ 'ശീഈ' ധാരയുടെ ഏജന്റാണോ? അങ്ങനെ കരുതാനുള്ള വക ഈ ഗ്രന്ഥത്തില്‍ ഗ്രന്ഥകാരന്‍ എഴുതിയ കുറിപ്പിലുണ്ട്. അല്ലാഹുവിനെ സ്തുതിക്കുകയും നബി(സ)ക്ക് അഭിവാദ്യം അര്‍പ്പിക്കുകയും - ഹംദും, സ്വലാത്തും- ചെയ്തതിനു ശേഷം ഒരു പ്രത്യേക പ്രാര്‍ഥന ഈ ഗ്രന്ഥത്തില്‍ ചേര്‍ത്തിട്ടുണ്ട്. അതിങ്ങനെയാണ്: 'പ്രവാചകന്റെ പ്രിയപത്‌നി ഖദീജ, അവരുടെ പുത്രി ഫാത്വിമ, അവരുടെ ഭര്‍ത്താവ് അലി, പേരമക്കളായ ഹസന്‍, ഹുസൈന്‍ തുടങ്ങിയ കുടുംബാംഗങ്ങളിലും' ഈശ്വരാനുഗ്രഹം ഇടമുറിയാതെ വന്നണയുമാറാകട്ടെ എന്നാണ് ആ സ്‌പെഷല്‍ പ്രാര്‍ഥന. (ഭാഗം: 1 പേജ്: 21).

ഈ പ്രാര്‍ഥനയും ഒരു ഒളിയിടമാണ്. ഗ്രന്ഥകാരന്റെ ശീഈ പ്രീണനനയം' ഈ ഒളിയിടത്തിലുണ്ട്. മതത്തിനും ജാതിക്കും അപ്പുറമെന്ന് പറഞ്ഞ ഈ ഗ്രന്ഥത്തില്‍ എങ്ങനെയാണ് ഈ ഒരു 'കുടുംബപുരാണം' കടന്നുവന്നിരിക്കുന്നത് എന്നാലോചിക്കേണ്ടതുണ്ട്. ഇസ്‌ലാമിനെ ഒരു 'ഫാമിലി പ്രൊജക്ട്' ആയി അവതരിപ്പിക്കുന്ന ശിയാ വ്യതിചലനത്തിന്റെ ഭാഗമാണ് 'ഖുര്‍ആന്‍ അകംപൊരുള്‍' എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവും എന്ന് വ്യക്തം. നബിയുടെ ഒരു ഭാര്യയെ മാത്രം ഇവിടെ പരാമര്‍ശിക്കുന്നത് ഫാത്വിമയുടെ മാതാവ് എന്ന നിലക്കാണ്. എങ്കില്‍ 'ഖദീജ' ഫാത്വിമയുടെ മാത്രം മാതാവാണോ? ഒരു ഉമ്മാക്ക് ഒരുപാട് മക്കള്‍ ഉണ്ടായിരിക്കെ ഒരു മകളെ മാത്രം പ്രത്യേകം പരാമര്‍ശിക്കുന്നതിന്റെ യുക്തി എന്താണ്? ഫാത്വിമ 'സവര്‍ണ' സ്ത്രീയും ബാക്കി മക്കള്‍ 'അവര്‍ണരുമാണോ' ഗ്രന്ഥകാരന്റെ ദൃഷ്ടിയില്‍? പിന്നെ 'അലി' യുടെ പേര് കടന്നുവരുന്നത് ഫാത്വിമയുടെ ഭര്‍ത്താവ് എന്ന നിലക്കാണ്. നബിക്ക് ഒരു മകളും ഒരു മരുമകനും മാത്രമാണോ ഉള്ളത്. ഖദീജ എന്ന അമ്മായിക്ക് ഒരു പുതിയാപ്ല മാത്രമാണോ ഉള്ളത്!? നബിയുടെ/ ഖദീജയുടെ മറ്റ് പെണ്‍മക്കളും അവരെ വിവാഹം ചെയ്തവരും എന്തുകൊണ്ട് ഈ സ്‌പെഷ്യല്‍ പ്രാര്‍ഥനയുടെ പരിധിക്ക് പുറത്തായി? അലിയെപ്പോലെ നബിയുടെ മറ്റൊരു മരുമകനായ ഉസ്മാന്‍ പരാമര്‍ശിക്കപ്പെടാന്‍ അയോഗ്യനായത് എങ്ങനെ? പിന്നെ നബിയുടെ രണ്ട് പേരമക്കളായ ഹസന്‍, ഹുസൈന്‍ എന്നിവര്‍ക്കാണ് പ്രാര്‍ഥന. നബി മക്കള്‍ക്കില്ലാത്ത പരിഗണന എങ്ങനെ പേരക്കുട്ടികള്‍ക്ക് കിട്ടി?!...
ഈ സംശയങ്ങള്‍ക്കെല്ലാം ഒരു ഉന്നം മാത്രമേയുള്ളൂ. ഈ പ്രാര്‍ഥനയുടെ ഉള്ളടക്കം ഖുര്‍ആനില്‍നിന്നോ പ്രവാചക പാരമ്പര്യ(സുന്നത്ത്)ത്തില്‍നിന്നോ രൂപപ്പെട്ടതല്ല. 'ശിയാധാരയുടെ മത'ത്തെ കേരളത്തിലേക്ക് ഒളിച്ചു കടത്തുന്നതിന്റെ ഭാഗമാണ് ഈ പ്രാര്‍ഥനാവതരണം. നബി(സ)ക്ക് ലക്ഷക്കണക്കിന് സ്വഹാബികളുണ്ട്. അവരില്‍നിന്ന് വല്ലവര്‍ക്കും പ്രത്യേക പരിഗണനയുണ്ടെങ്കില്‍ ഒന്നാം പരിഗണന നാലു ഖലീഫമാര്‍ക്കാണ്. അബൂബക്ര്‍, ഉമര്‍, ഉസ്മാന്‍, അലി. അതില്‍ പെട്ട ആദ്യത്തെ മൂന്നുപേരെ അവഗണിച്ച് നാലാമന്റെ പേര്‍ മാത്രം പരാമര്‍ശിക്കുക വഴി ശീഇസം ഉല്‍പാദിപ്പിച്ച 'ജാഹിലിയ്യാ വിവേചന'ത്തെയാണ് ഗ്രന്ഥകാരന്‍ പ്രതിനിധീകരിക്കുന്നത്. മുഹമ്മദ് നബിക്ക് ശേഷം ഇസ്‌ലാമിന്റെ മാതൃകാ പ്രതിനിധി ഭരണം നിർവഹിച്ച അബൂബക്ര്‍, ഉമര്‍ ഉള്‍പ്പെടെയുള്ള മഹാന്മാരായ ഖലീഫമാരെ അവമതിക്കുന്ന ശീഈ പ്രോജക്ടിന്റെ വക്താവാണ് അകംപൊരുള്‍ എഴുത്തുകാരന്‍ എന്ന് തിരിച്ചറിയേണ്ടതുണ്ട്. ഒരു വശത്ത് 'മതസമന്വയ' മെന്ന വിശാല കാന്‍വാസ് വരച്ച് കച്ചവട സാധ്യത വര്‍ധിപ്പിക്കുകയും മറുവശത്ത് കേരളത്തില്‍ യാതൊരു വേരുമില്ലാത്ത 'ശീഇസത്തിന്റെ' പക്ഷം ചേര്‍ന്ന് 'ഇസ്‌ലാമി'നെ ഒരു കുടുംബമായി ചുരുക്കി കെട്ടുകയും ചെയ്യുന്ന ഗ്രന്ഥകാന്റെ ഒളിയജണ്ട മനസ്സിലാക്കപ്പെടാതെ പോവരുത്.

'ഖുര്‍ആന്‍ അകംപൊരുള്‍ മാനവിക വ്യാഖ്യാനം' എന്ന നാം നിരൂപണ വിധേയമാക്കുന്ന ഈ ഗ്രന്ഥത്തിന്റെ 38-ാം പേജില്‍ 'വൈജ്ഞാനിക സംഭാവനകള്‍' എന്നൊരു തലക്കെട്ടുണ്ട്. അതിലെ ഒന്നാമത്തെ വരി ഇങ്ങനെ വായിക്കാം: 'പ്രവാചക ശിഷ്യനായ അലി തന്നെയായിരുന്നു അതില്‍ ഒന്നാമന്‍. സാഹിത്യകാരന്‍, നീതിമാനായ ഭരണാധികാരി, ശാസ്ത്രജ്ഞന്‍, തത്ത്വചിന്തകന്‍, മനഃശാസ്ത്രജ്ഞന്‍, ഭാഷാപണ്ഡിതന്‍, പ്രഭാഷകന്‍, സേനാനായകന്‍ തുടങ്ങി ഒട്ടധികം വിശേഷണങ്ങള്‍ക്ക് എന്തുകൊണ്ടും അര്‍ഹനായ അലി ഖുര്‍ആന്റെ അകംപൊരുള്‍ അറിഞ്ഞ മഹാജ്ഞാനിയാണ്.'

ഇവിടെ ഗ്രന്ഥകാരനോട് ഒരു ചോദ്യമുണ്ട്. അലിക്കാണോ അല്ലാഹു ഖുര്‍ആന്‍ നല്‍കിയത് അതല്ല മുഹമ്മദ് നബി(സ)ക്കോ? മുഹമ്മദ് നബി(സ) ഖുര്‍ആന്റെ അകംപൊരുള്‍ അറിഞ്ഞിരുന്നോ? നബി(സ) ഖുര്‍ആനിന് വൈജ്ഞാനിക സംഭാവനകള്‍ നല്‍കിയ ഒന്നാമനായി അകംപൊരുള്‍ എഴുത്തുകാരന്‍ പരിഗണിക്കുന്നുണ്ടോ? അലിയുടെ വൈജ്ഞാനിക സംഭാവനകളെക്കുറിച്ച് ഇത്രയും വാചാലനാവുന്ന ഗ്രന്ഥകാരന് എവിടെനിന്നാണ് അലി നല്‍കിയ വൈജ്ഞാനിക സംഭാവനകള്‍ ലഭ്യമായത്!? ഏതാണ് അതിന്റെ സ്രോതസ്സ്? ആ സ്രോതസ്സുകളുടെ പൂര്‍ണ വിശ്വാസ്യത ഗ്രന്ഥകാരന്‍ ഒരു സംശയവും ഇല്ലാതെ ഉറപ്പുവരുത്തി പ്രഖ്യാപിക്കുന്നത് എങ്ങനെയാണ്?
മേല്‍ ചോദ്യങ്ങളെല്ലാം ഉയര്‍ത്താന്‍ മറ്റൊരു കാരണം കൂടിയുണ്ട്. ഖുര്‍ആന്‍ വ്യാഖ്യാനത്തില്‍ പ്രവാചകന്റെ പങ്ക് പറയുന്നേടത്ത് 'പ്രവാചക ജീവിതത്തെ എഴുതി വെച്ച വിജ്ഞാനശാഖയെന്ന നിലയ്ക്ക് ഹദീസുകള്‍ നല്ലത് തന്നെ' (പേജ്: 26) എന്ന് ഒഴുക്കന്‍ മട്ടിലാണ് ഗ്രന്ഥകര്‍ത്താവ് എഴുതുന്നത്. 'ഹദീസുകളെ പാടേ നിരാകരിക്കുന്ന പ്രവണത അഭികാമ്യമല്ല, മുഹമ്മദ് നബി ഒരു ചരിത്ര പുരുഷനാണ്...... പ്രവാചകന്റെ വാക്കുകളും പ്രവൃത്തികളും ശിഷ്യന്‍മാരിലൂടെ കൈമാറ്റം ചെയ്യപ്പെട്ടിരിക്കും എന്ന കാര്യത്തില്‍ സംശയമേതുമില്ല'' (പേജ്  27) എന്നും തുടര്‍ന്ന് എഴുതുന്നുണ്ട്.

പ്രവാചക ശിഷ്യന്‍ മാത്രമായ അലി അകംപൊരുള്‍ അറിയുന്ന ഖുര്‍ആന്റെ ആധികാരിക വ്യാഖ്യാതാവ്! മുഹമ്മദ് നബി കേവലം 'ഒരു ചരിത്ര പുരുഷന്‍, അദ്ദേഹത്തിന്റെ വചനങ്ങള്‍ നല്ലതുതന്നെ' ഈ ശൈലിയില്‍നിന്ന് ഗ്രന്ഥകാരന്റെ ഉള്ളിലിരുപ്പ് വ്യക്തം തന്നെ. കേരളത്തില്‍ ഖുര്‍ആന്റെ ഒരു ശീഈ വ്യാഖ്യാനത്തിന്റെ കുറവുണ്ട്. പക്ഷെ, അത് ശീഇസത്തിന്റെ മേല്‍വിലാസത്തില്‍ എഴുതിയാല്‍ ചിലവാകില്ല. 'തഖിയ്യ' അഥവാ 'ഒളിച്ചുകടത്തല്‍' എന്ന ശീഈ കുതന്ത്രം തന്നെ പ്രയോഗിക്കാം 'മാനവിക വ്യാഖ്യാനം' എന്ന ലേബലിന് കേരളത്തില്‍ നല്ല  മാര്‍ക്കറ്റുണ്ട്. അങ്ങനെ ശീഇസത്തെ അവതരിപ്പിക്കാന്‍ 'മാനവികത'യുടെ ആട്ടിന്‍തോലണിഞ്ഞതാണ് യഥാര്‍ഥത്തില്‍ ഈ വ്യാഖ്യാന പുസ്തകം.
മുഹമ്മദ് നബി(സ)യും നബിവചനങ്ങളും വേണമെങ്കില്‍ എടുക്കാം നല്ലത് തന്നെ എന്ന നിലവാരത്തിലേക്ക് താഴുമ്പോള്‍ അലി ആധികാരിക വ്യാഖ്യാതാവായി മാറുന്ന അകംപൊരുള്‍ അജണ്ട ശീഇസമല്ലാതെ മറ്റെന്താണ്!?

സൂറത്തുല്‍ ബഖറയിലെ 124-ാം സൂക്തത്തെ വ്യാഖ്യാനിക്കുമ്പോള്‍ ശീഇസം വ്യക്തമായും പുറത്തു ചാടുന്നു. ഈ സൂക്തത്തില്‍വന്ന, ഇബ്‌റാഹീം നബിയെ 'മനുഷ്യരുടെ ഇമാമായി നിശ്ചയിക്കുകയാണ്' എന്ന സൂക്തത്തിന്റെ വ്യാഖ്യാനത്തിലാണ് ശീഇകളുടെ മര്‍മപ്രധാന വിഷയമായ 'ഇമാമത്ത്' ചര്‍ച്ചാ വിഷയമാക്കിയിരിക്കുന്നത്. ശീഇസം അവതരിപ്പിക്കാന്‍ സാധ്യത തെളിഞ്ഞപ്പോള്‍  എന്ന വചനത്തിലെ 'മാനവരാശിയുടെ ഇമാം' എന്ന പ്രയോഗത്തെ തന്നെ ഗ്രന്ഥകാരന് മുസ്‌ലിം സമൂഹത്തിനകത്തെ ഒരു ധാരയുടെ നിലപാടിനെ വിശദീകരിക്കുന്നതിന് അടിസ്ഥാനമാക്കാന്‍ ഒരു മടിയുമില്ല. 'മാനവികത' ശീഇസത്തിന് വഴിമാറുന്ന കാഴ്ചയാണ് നാം ഇവിടെ ദര്‍ശിക്കുന്നത്.
മുസ്‌ലിംകളിലെ അംഗീകൃത വിഭാഗങ്ങളായി അഹ്‌ലുസ്സുന്നയും അഹ്‌ലുബൈത്തും ഇവിടെ അംഗീകരിക്കപ്പെട്ടിരിക്കുന്നു. (ഭാഗം: 1 പേജ്: 232). ഇസ്‌ലാം ഒരു മതമല്ലെന്നും 'മുസ്‌ലിം' എന്നാല്‍ ഒരു സമുദായ നാമമല്ലെന്നും പലതവണ എഴുതിക്കൂട്ടി, മാനവിക വേഷമണിയുന്ന ഗ്രന്ഥകാരന്‍ തന്നെയാണ് ഈ ഘട്ടത്തില്‍ രണ്ട് അംഗീകൃത സരണികളുള്ള സമുദായമായി മുസ്‌ലിം സമൂഹത്തെ അംഗീകരിച്ചിരിക്കുന്നത്. ഹദീസ് പ്രസ്ഥാനത്തെയും കര്‍മശാസ്ത്ര പ്രസ്ഥാനത്തെയും പൗരോഹിത്യമെന്ന് പറഞ്ഞ് ആക്ഷേപിക്കുന്ന ഗ്രന്ഥകാരന്‍ തന്നെയാണ് അഹ് ലുബൈത്ത് - അഹ് ലുസ്സുന്ന വിഭിന്നതയില്‍ കക്ഷിചേരുന്നത്. അതെ, ശീഈ തത്വങ്ങള്‍ക്ക് ഖുര്‍ആനിക ന്യായമുണ്ടെന്ന് സ്ഥാപിക്കല്‍ തന്നെയാണ് ഈ 'നവ പുരോഹിതന്റെ ലക്ഷ്യമെന്ന് വ്യക്തം. അതിന് മാനവിക വ്യാഖ്യാനമെന്ന കുപ്പായം ധരിപ്പിച്ചുവെന്ന് മാത്രം. വസ്തുവില്‍ക്കപ്പെടണമെങ്കില്‍ ജനപ്രിയ കുപ്പായം വേണമല്ലോ. അല്‍ബഖറ 124-ാം സൂക്തത്തിലെ 'ഇമാമത്ത്' വ്യാഖ്യാനം ഇങ്ങനെ വായിക്കാം:
അഹ്‌ലുസ്സുന്നയെക്കുറിച്ച് അലസമായി പറഞ്ഞ ശേഷം ശീഈ ഇമാമത്ത് സങ്കല്‍പം ഗ്രന്ഥകാരന്‍ ഇങ്ങനെ വിശദീകരിക്കുന്നു 'അന്ത്യപ്രവാചകനായ മുഹമ്മദ് നബിക്ക് ശേഷം ദൈവകല്‍പിതമായ ഇമാമുകള്‍ ഉണ്ടായിരിക്കുമെന്നും അവര്‍ മുഹമ്മദീയ പ്രകാശത്താല്‍ വലയം ചെയ്യപ്പെട്ടവര്‍ ആയിരിക്കുമെന്നും അവര്‍ വിശ്വസിക്കുന്നു. ഒന്നാമത്തെ ഇമാം, മുഹമ്മദ് നബിയുടെ പ്രിയ ശിഷ്യനും പിതൃവ്യ പുത്രനും മരുമകനുമായ, അബൂത്വാലിബിന്റെ മകന്‍ അലിയാണ്. പരിശുദ്ധ വ്യക്തിത്വത്തിന്റെ  ഉടമയും മഹാജ്ഞാനിയും കളങ്കരഹിതനുമായ അലിയെ തുടര്‍ന്ന് 11 ഇമാമുമാര്‍ വരുമെന്നും അവസാനത്തെ അഥവാ 12-ാമത്തെ ഇമാം പ്രതീക്ഷിക്കപ്പെടുന്ന മഹ്ദി ആയിരിക്കുമെന്നും അവര്‍ പറയുന്നു. ഈ ഇമാമുമാരെല്ലാം മുഹമ്മദ് നബിയുടെ മകളായ ഫാത്വിമയുടെയും ഒന്നാം ഇമാമായ അലിയുടെയും സന്തതി പരമ്പരയില്‍ പെട്ടവരായിരിക്കും. ഇബ്‌റാഹീം നബിയുടെ പുത്രനായ ഇസ്മാഈല്‍ നബിയുടെ സന്തതി പരമ്പരയാണല്ലോ മുഹമ്മദ് നബിയിലൂടെ അഹ്‌ലുബൈത്തായി തുടര്‍ന്നുവരുന്നത്.'' മഹ്ദി വിശ്വാസത്തില്‍ 'അഹ്‌ലുസ്സുന്ന അഹ് ലുബൈത്തിനൊപ്പം തന്നെയാണ്' തുടര്‍ന്നു പറയുകയും ചെയ്യുന്നുണ്ട്. (അകംപൊരുള്‍ ഭാഗം 1 പേജ്; 232-233).

ഇത് കേവലമായ ഒരു പരാമര്‍ശമല്ലെന്ന് വിവരണ ശൈലിയില്‍നിന്ന് ആര്‍ക്കും ഗ്രഹിക്കാവുന്നതേയുള്ളൂ. 124-ാം സൂക്തത്തിന്റെ വ്യാഖ്യാനത്തില്‍ 'ശീഈ ഇമാമത്ത്' സിദ്ധാന്തം യഥാര്‍ഥത്തില്‍ വിഷയമല്ലതന്നെ. എന്നാല്‍ ഗ്രന്ഥകാരന്‍ സമര്‍ഥിക്കുന്നത് ശീഇസം ആദ്യ ഇമാമും തുടര്‍ന്ന് ഇസ്മാഈലും ഇസ്മാഈലിന്റെ മക്കള്‍ പരമ്പരയില്‍ മുഹമ്മദ് നബിയും തുടര്‍ന്ന് മുഹമ്മദ് നബിയുടെ മകള്‍ ഫാത്വിമയും പിന്നെ ഭര്‍ത്താവ് അലിയും അതുവഴി മഹ്ദി വരെ എത്തുന്ന ഒരു സങ്കല്‍പം പറയാന്‍ ഈ സൂക്തം തെരഞ്ഞെടുക്കുക വഴി ഗ്രന്ഥകാരന്റെ അജണ്ട വ്യക്തം. മഹ്ദിയിലെത്തുമ്പോള്‍ അഹ് ലുസ്സുന്നയും അഹ് ലു ബൈത്തും ഒന്നായി വരുന്നത് ചൂണ്ടിക്കാട്ടിയതിലൂടെ ഇസ്‌ലാമിക സമൂഹത്തിന്റെ മുഖ്യ ധാര ശീഇസമാണെന്ന് ചൂണ്ടിക്കാണിക്കാനുള്ള ശ്രമമാണ് ഗ്രന്ഥകാരന്‍ നടത്തിയിരിക്കുന്നത്. സൂറ ബഖറ 154-ാം സൂക്തം ശുഹദാക്കളുടെ മഹത്വമാണ് വിളംബരം ചെയ്യുന്നത്. പ്രസ്തുത സൂക്തത്തിന്റെ വ്യാഖ്യാനത്തില്‍ അകംപൊരുള്‍ ഒന്നാം വാള്യം, പേജ്: 269) ബദ്‌റിലെ പോരാളികള്‍ എന്ന ഒരു പരാമര്‍ശവും ഗോലിയോത്തിനോട് പൊരുതിയ 'താലൂത്തിയന്‍' സംഘം എന്ന പരാമര്‍ശവും കാണാം. എന്നാല്‍ ഇമാം ഹുസൈന്‍ കടന്നുവരുന്നത് രണ്ട് തവണയാണ്. ബദ്‌രീങ്ങള്‍, ത്വാലൂത്തിയന്‍ സംഘം, ഇമാം ഹുസൈന്‍ എന്ന ക്രമത്തില്‍ 'രക്തസാക്ഷിത്വ ചരിത്രം' പരാമര്‍ശിച്ച ശേഷം അടുത്ത പാരഗ്രാഫില്‍ ഇമാം ഹുസൈനെ സവിശേഷം ഉയര്‍ത്തിപ്പിടിക്കുന്നത് കാണാം. ബദ്‌രീങ്ങളായ ശുഹദാക്കള്‍ ഒരു പരാമര്‍ശത്തില്‍ ഒതുങ്ങുമ്പോള്‍ ഇമാം ഹുസൈനെപ്പറ്റി വാചാലനാവുന്നതിന്റെ പിന്നില്‍ 'ഹിഡന്‍ അജണ്ട' ഉണ്ടെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്? ബദ്‌രീങ്ങളായ ശുഹദാക്കള്‍ക്കും മീതെ, ഇമാം ഹുസൈന്‍ നിലയുറപ്പിക്കണമെന്നത് ഒരു സ്വാഭാവിക നിലപാടായോ ഇസ്‌ലാമിക ജിഹാദിനോടുള്ള ആത്മാര്‍ഥമായ അഭിനിവേശമായോ കാണാന്‍ കഴിയില്ല. മറിച്ച് 'ശിയാഇസവുമായി' ചേര്‍ന്ന് എന്തോ കച്ചവടം ഉറപ്പിച്ചതിന്റെ ലക്ഷണമായി മാത്രമേ വിലയിരുത്താനാവൂ.
'അകംപൊരുളെഴുത്തുകാരന്‍' പുസ്തകത്തിലുടനീളം പൗരോഹിത്യത്തിന്റെ ശത്രുവായാണ് പ്രത്യക്ഷപ്പെടുന്നത്. 'ഇസ്‌ലാം മാത്രമാണ് സത്യമതം' എന്ന് പറയുന്നത് പോലും പൗരോഹിത്യമാണെന്ന് എഴുതിവിട്ടിട്ടുണ്ട് (അകംപൊരുള്‍ രണ്ടാംവാള്യം, പേജ് 47). മുന്‍വേദങ്ങള്‍ കാലഹരണപ്പെട്ടുവെന്ന് പറയുന്നതും മോക്ഷത്തിന് മുഹമ്മദ് നബി(സ)യുടെ നുബുവ്വത്തും ശരീഅത്തും അംഗീകരിക്കല്‍ ഉപാധിയാക്കുന്നതുമെല്ലാം പൗരോഹിത്യജല്‍പനങ്ങളാണെന്നാണ് ഗ്രന്ഥകാരന്റെ വാദം. പൗരോഹിത്യത്തിന്റെ ഈ 'കഠിന ശത്രു' ശീഈ പൗരോഹിത്യത്തിന്റെ ആധാരമായി വര്‍ത്തിക്കുന്ന 'ഇമാമിയ്യത്തി'നെ അതിമനോഹരമായി വിശദീകരിച്ച് ഇബ്‌റാഹീം നബി(അ) മുതല്‍ തുടങ്ങിയ 'ഇമാമത്തി'ന്റെ തുടര്‍ച്ചയെന്ന വിധത്തില്‍ അവതരിപ്പിക്കുന്നത് രസാവഹമായിരിക്കുന്നു. ഈ വൈരുധ്യത്തില്‍ ചിന്തിക്കുന്നവര്‍ക്ക് പാഠമുണ്ട്.

എന്തുകൊണ്ട് ശീഇസം?

മേല്‍ വിശദീകരണത്തില്‍നിന്ന് അകംപൊരുളെഴുത്തുകാരന്‍ 'മൗലവി' ശീഇസത്തില്‍ ആത്മാര്‍ഥതയുള്ള ആളാണെന്ന് കരുതിപ്പോവരുത്. കേരളത്തില്‍ അവിടെയും ഇവിടെയുമായി പ്രത്യക്ഷപ്പെടുന്ന 'ശിയാ പ്രേമികളെ' തന്റെ പുതിയ കച്ചവടത്തില്‍ പങ്കാളിയാക്കല്‍ മാത്രമായിരിക്കും തന്റെ പുസ്തകത്തില്‍ അവര്‍ക്ക് 'ഒരു മുറി' അനുവദിച്ചതിന്റെ ലക്ഷ്യം. സർവമതസത്യവാദികള്‍ക്കും ഹദീസ് നിഷേധികള്‍ക്കും ലിബറല്‍ സെക്യുലരിസ്റ്റുകള്‍ക്കും 'മുറികള്‍' അനുവദിച്ചത് പോലെ എന്ന് കരുതിയാല്‍ മതി. കച്ചവടം വിപുലപ്പെടുത്തുന്നതിലും ഫണ്ടുകള്‍ തരപ്പെടുത്തുന്നതിലും ഗ്രന്ഥകാരന്റെ വിരുതാണ് ഈ ശിയാ പ്രേമത്തില്‍ പ്രതിഫലിക്കുന്നത് എന്ന് മനസ്സിലാക്കലാണ് ബുദ്ധി. ആത്മാര്‍ഥതയുള്ള സമീപനമാണെങ്കില്‍ ഒരേസമയം ഒരു വ്യക്തി ശിയയും ഹദീസ് നിഷേധിയും സർവമത സത്യവാദിയും ലിബറല്‍ സെക്യുലറിസ്റ്റും ആകില്ലല്ലോ!?

വ്യാഖ്യാന തത്വത്തെ സ്വയം റദ്ദ് ചെയ്യുന്നു
'ഖുര്‍ആന്‍ വചനങ്ങള്‍ പരസ്പരം വിശദീകരിക്കുന്നു എന്ന തത്വമാണ് ഈ വ്യാഖ്യാനത്തിന് അവലംബിച്ചിരിക്കുന്നത്' (ഭാഗം 1, പേജ് 25) എന്ന പ്രസ്താവനയോട് നീതി ചെയ്യുന്നതല്ല രണ്ട് വാള്യത്തിന്റെയും സമീപനം.

ചില ഉദാഹരണങ്ങളിലൂടെ ഇതൊന്ന് വ്യക്തമാക്കാം:
1) സൂറ അല്‍ബഖറയിലെ 62-ാം സൂക്തത്തെ വ്യാഖ്യാനിച്ചുകൊണ്ട് മോക്ഷത്തിന്, മുഹമ്മദ് നബി(സ)യില്‍ വിശ്വസിക്കേണ്ടതില്ല എന്ന ആശയമാണ് 'അകംപൊരുള്‍' സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്.

ഈമാന്‍കാര്യം പഠിപ്പിക്കുന്ന സൂക്തമല്ല, 62-ാം വചനമെന്ന് സന്ദര്‍ഭത്തില്‍നിന്ന് വ്യക്തമാണ്. സൂക്തം വന്നിരിക്കുന്നത് ദൈവസാമീപ്യം നേടിക്കൊടുക്കുന്ന ഘടകം കുടുംബമോ വംശമോ മറ്റ് ബന്ധങ്ങളോ അല്ലെന്ന് സ്ഥാപിക്കാന്‍ വേണ്ടിയാണ്. പരലോക മോക്ഷം ഏതെങ്കിലും വംശ-വര്‍ഗ-സാമുദായിക വിഭാഗത്തിന്റെ കുത്തകയല്ലെന്നാണ് 62-ാം സൂക്തത്തിന്റെ പ്രഖ്യാപനം.

''ഖുര്‍ആന്‍ പരസ്പരം വ്യാഖ്യാനിക്കുന്നു'' എന്ന തത്വം ഗ്രന്ഥകാരന്‍ അംഗീകരിക്കുന്നുണ്ടെങ്കില്‍ ആദ്യം വിലയിരുത്തേണ്ടത് സൂക്തം വന്ന അധ്യായത്തിന്റെ കേന്ദ്രപ്രമേയം എന്തു എന്നുള്ളതാണ്. അല്ലാഹുവിലും മുഹമ്മദ് നബി(സ)യിലും വിശ്വസിക്കാനുള്ള ആഹ്വാനമാണ് അല്‍ബഖറ അധ്യായത്തിന്റെ കേന്ദ്രപ്രമേയമെന്ന് ഒരു സാമാന്യ വായനക്കാരന് തന്നെ ഗ്രഹിക്കാന്‍ കഴിയും. അതിലുപരി മുഹമ്മദ് നബി(സ)യിലും ഖുര്‍ആനിലും വിശ്വസിക്കാന്‍ ജൂത-ക്രൈസ്തവരോട് പ്രത്യേകം വിളിച്ചാഹ്വാനം ചെയ്യുന്ന വചനങ്ങളും ധാരാളമായി ഈ അധ്യായത്തിലുണ്ട് താനും.
62-ാം സൂക്തത്തില്‍ ചെന്നവസാനിക്കുന്ന പ്രഭാഷണം ആരംഭിക്കുന്നത് 40-41 സൂക്തങ്ങളിലാണ്. അതിങ്ങനെ വായിക്കാം:
'ഓ, ഇസ്‌റാഈല്‍ സമൂഹമേ! ഞാന്‍ നിങ്ങള്‍ക്ക് ചെയ്ത അനുഗ്രഹമോര്‍ത്ത് നിങ്ങള്‍ എന്നോട് ചെയ്ത പ്രതിജ്ഞകള്‍ പാലിക്കുക. നിങ്ങള്‍ എന്നെ മാത്രം ഭയപ്പെടുക. നിങ്ങള്‍ ഞാന്‍ ഇറക്കിയ ഈ വെളിപാടില്‍ വിശ്വസിക്കുക. നിങ്ങളുടെ കൈവശമുള്ള വേദത്തെ സത്യപ്പെടുത്തുന്ന വെളിപാടാണത്. അതില്‍ ആദ്യം അവിശ്വസിക്കുന്നവര്‍ നിങ്ങളാവരുത്. നിങ്ങള്‍ എന്റെ സൂക്തങ്ങള്‍ നിസ്സാരവിലയ്ക്ക് വിറ്റുകളയരുത്. നിങ്ങള്‍ സൂക്ഷ്മാലുക്കളാകുവിന്‍'' (സൂറ അല്‍ബഖറ 40-41).

ഇസ്‌റാഈല്യരെ നേരില്‍ അഭിസംബോധന ചെയ്തുകൊണ്ട് ഖുര്‍ആനില്‍ വിശ്വസിക്കാന്‍ വ്യക്തമായ ഭാഷയിലുള്ള ആഹ്വാനമാണത്. ദൈവദൂതനില്‍ വിശ്വസിക്കാതെ എങ്ങനെയാണ് ഖുര്‍ആനില്‍ വിശ്വസിക്കുകയെന്ന് ഒന്ന് ആലോചിച്ചു നോക്കൂ. ഖുര്‍ആനെയും നബിയെയും അറിഞ്ഞ് മനസ്സാ സമ്മതിച്ച് പിന്നെ അവിശ്വാസം പ്രഖ്യാപിക്കുന്നത് 'കുഫ്ര്‍' ആണെന്നും അത്തരക്കാര്‍ 'കാഫിര്‍' ആണെന്നും 40-41 സൂക്തത്തില്‍ വ്യക്തമായി പ്രസ്താവിച്ചിരിക്കുന്നു وَلَا تَكُونُوا أَوَّلَ كَافِرٍ بِهِۖ  ഇതിനു ശേഷം ഇതേ പരമ്പരയില്‍, ഏതാനും സൂക്തങ്ങള്‍ക്ക് ശേഷം വേദക്കാരോട് 'ഖുര്‍ആനിലും മുഹമ്മദ് നബിയിലും വിശ്വസിക്കല്‍ നിര്‍ബന്ധമല്ലെന്ന്' ഖുര്‍ആന്‍ തന്നെ പറയുമെന്നത് സാമാന്യ ബുദ്ധിക്ക് നിരക്കുന്നതാണോ? ഇതാണോ 'പരസ്പര വ്യാഖ്യാന തത്ത്വം!? അല്ലാഹുവിന്റെ ഗ്രന്ഥത്തില്‍ വൈരുധ്യമുണ്ടെന്ന് എതിരാളികള്‍ക്ക് ന്യായമുണ്ടാക്കിയെടുക്കുന്ന വികല വ്യാഖ്യാനമല്ലേയിത്? ഇത്തരം വൈരുധ്യം ഒരു സാദാ ഗ്രന്ഥത്തില്‍ പോലും വലിയ ന്യൂനതയായിട്ടാണ് വിലയിരുത്തപ്പെടുക. ഒരു ദിവ്യമഹാഗ്രന്ഥത്തെ മുന്‍നിര്‍ത്തി ഇങ്ങനെയൊരു വൈരുധ്യമുണ്ടെന്ന് വരുത്തി തീര്‍ക്കാന്‍ ഈ ഗ്രന്ഥകാരന്റെ യഥാര്‍ഥ ചേതോവികാരമെന്താണ്?

'ഖുര്‍ആന്‍ പരസ്പരം വ്യാഖ്യാനിക്കുന്നു' എന്ന തത്വം അടിസ്ഥാനമാക്കുന്നവര്‍ ഒരു സൂറയിലെ അധ്യായങ്ങള്‍ തമ്മിലുള്ള പരസ്പര ബന്ധം പോലും പരിഗണിച്ചാല്‍ പോരാ. ഖുര്‍ആന്‍ ആദ്യാവസാനം നല്ല ധാരണയോടെ പഠിച്ച് മനസ്സിലാക്കിയ ഒരു വ്യക്തിക്ക് മാത്രമേ അത്തരമൊരു വ്യാഖ്യാന തത്വം പ്രയോഗിക്കാന്‍ കഴിയുകയുള്ളൂ. അകംപൊരുള്‍ വ്യാഖ്യാനത്തിന് അത്തരം യാതൊരു യോഗ്യതയും ഇല്ല.

അല്‍ബഖറ: 62-ാം സൂക്തം മുന്‍നിര്‍ത്തി അകംപൊരുള്‍ നടത്തുന്ന വ്യാഖ്യാന കസര്‍ത്തിന് അല്‍ മാഇദ 68-ാം സൂക്തത്തില്‍ വ്യക്തമായ ഖണ്ഡനമുണ്ട്. ''തൗറാത്തും ഇഞ്ചീലും നിങ്ങളുടെ റബ്ബില്‍നിന്ന് അവതീര്‍ണമായതും നിലനിര്‍ത്തുന്നത് വരെ അഹ്‌ലുല്‍ കിതാബിന്റെ നിലപാടിന് യാതൊരു അടിസ്ഥാനവുമില്ലെന്ന് അല്‍മാഇദ 68-ാം സൂക്തത്തിലെ പ്രഖ്യാപനം. ഈ സൂക്തത്തില്‍ തൗറാത്ത്, ഇഞ്ചീല്‍ എന്നിവക്ക് പുറമെ وَمَا أُنزِلَ إِلَيْكُم مِّن رَّبِّكُمْۗ എന്ന് വിശേഷിപ്പിച്ചത് 'ഖുര്‍ആന്‍' ആണെന്ന കാര്യം സന്ദര്‍ഭം കൊണ്ട് സ്പഷ്ടമാണ്. 

ആലുഇംറാന്‍ 81-ാം സൂക്തത്തില്‍ അക്കാര്യം വ്യക്തമായി വന്നത് ഇങ്ങനെ വായിക്കാം;
'ഓര്‍ക്കുവിന്‍! അല്ലാഹു പ്രവാചകന്മാരില്‍നിന്നും ഇങ്ങനെ പ്രതിജ്ഞ വാങ്ങിയിട്ടുണ്ടായിരുന്നു. 'ഇന്നു ഞാന്‍ നിങ്ങള്‍ക്ക് വേദവും തത്വജ്ഞാനവും നല്‍കിയിട്ടുണ്ടല്ലോ. നിങ്ങളുടെ കൂടെയുള്ളതിനെ സര്യപ്പെടുത്തിക്കൊണ്ട് നാളെ ഒരു ദൈവദൂതന്‍ ആഗതനായാല്‍ നിങ്ങള്‍ അദ്ദേഹത്തെ വിശ്വസിക്കേണ്ടതും സഹായിക്കേണ്ടതുമാകുന്നു'' (ആലുഇംറാന്‍ 81).
ഈ സൂക്തത്തിനു നേരെ കണ്ണു ചിമ്മിക്കൊണ്ട് ബഖറയിലെ 62-ാം സൂക്തം വ്യാഖ്യാനിച്ചത് വഴി അകംപൊരുള്‍ തന്നെ ഉയര്‍ത്തിപ്പിടിച്ച തത്വത്തിന്റെ നഗ്നമായ ലംഘനമല്ലേ ഗ്രന്ഥകാരന്‍ നടത്തുന്നത്.

എന്നാല്‍ രസകരമായ വൈരുധ്യം 'അകംപൊരുള്‍ ഒന്നാംഭാഗം, സൂറ ബഖറ 62-ാം സൂക്തത്തിന്റെ വ്യാഖ്യാനത്തില്‍ ഗ്രന്ഥകാരന്‍ പറഞ്ഞത്, രണ്ടാം ഭാഗം സൂറ ആലുഇംറാന്‍ 81-ാം സൂക്തത്തിന്റെ വ്യാഖ്യാനത്തില്‍ നിഷേധിച്ചിരിക്കുന്നുവെന്നുള്ളതാണ്. ഖുര്‍ആന്‍ വ്യാഖ്യാനത്തിന്റെ പ്രാഥമിക തത്വം അട്ടിമറിച്ചപ്പോള്‍ സംഭവിച്ച ആ വൈരുധ്യത്തിന് മറ്റ് വ്യാഖ്യാനം ഇങ്ങനെ വായിക്കാം:
'പ്രവാചകന്മാര്‍ പരസ്പരം ശക്തിപ്പെടുത്താനും വിശ്വസിക്കാനും കല്‍പിക്കപ്പെട്ടിരിക്കുന്നു. അതിനാല്‍ പ്രവാചകാനുയായികളും ആ കല്‍പന പാലിക്കാന്‍ ബാധ്യസ്ഥരാണ്. പരസ്പരം അംഗീകരിക്കുകയും സഹകരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യേണ്ടത് പ്രവാചകനുയായികളുടെ ധര്‍മമാകുന്നു. ഒരു പ്രവാചകനെ നിഷേധിക്കുന്ന മറ്റൊരു പ്രവാചകന്‍ അധര്‍മകാരിയായിരിക്കും. ഒരു പ്രവാചക പാരമ്പര്യത്തെയോ ശരീഅത്തിനെയോ നിഷേധിക്കുന്ന അനുയായികള്‍ അധര്‍മകാരികളുമാണ്'' (അകംപൊരുള്‍ ഭാഗം 2, പേജ് 126).

അല്‍ മാഇദ 65 മുതല്‍ 67 വരെ സൂക്തങ്ങളില്‍ ഈ ആശയം വീണ്ടും വ്യക്തമാക്കിയിരിക്കുന്നു: പ്രസ്തുത സൂക്തങ്ങളിലെ ആശയങ്ങള്‍ ഇങ്ങനെ മൊഴിമാറ്റം ചെയ്യാം:
1. വേദക്കാര്‍ ഈമാന്‍ കൈക്കൊള്ളണം. 
2. വേദക്കാര്‍ തഖ്‌വ പുലര്‍ത്തണം.
3. അവര്‍ തൗറാത്തും ഇഞ്ചീലും അവരുടെ റബ്ബിങ്കല്‍നിന്ന് അവര്‍ക്ക് ഇറക്കപ്പെട്ടതും നിലനിര്‍ത്തണം, നടപ്പാക്കണം.
4. വേദക്കാരില്‍ സന്തുലിത സമീപനം പുലര്‍ത്തുന്നവരും ദുഷ്‌കൃത്യം ചെയ്യുന്നവരും ഉണ്ട്. ദുഷ്‌കൃത്യം ചെയ്യുന്നവരാണ് കൂടുതല്‍.
5. മുഹമ്മദ് നബി(സ)ക്ക് ആല്ലാഹു അവതരിപ്പിച്ച വേദം, വേദക്കാര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മുഹമ്മദ് നബി(സ) ബാധ്യതപ്പെട്ടിരിക്കുന്നു.
6. മേല്‍കാര്യങ്ങള്‍ നിഷേധിക്കുന്നവര്‍ കാഫിറുകളായിരിക്കും. അല്ലാഹു കാഫിറുകള്‍ക്ക് സന്മാര്‍ഗം നല്‍കുകയില്ല.
7. ഈമാന്‍ കൈക്കൊള്ളുന്നവര്‍ക്ക് ഇഹലോക സൗഭാഗ്യങ്ങളും പരലോക മോക്ഷവും ലഭിക്കുന്നതാണ്.
അല്‍മാഇദയിലെ 65 മുതല്‍ 67 വരെയുള്ള സൂക്തങ്ങള്‍ വ്യക്തമാക്കുന്ന 7 കാര്യങ്ങള്‍ നിഷേധിച്ചുകൊണ്ടല്ലാതെ സൂറ ബഖറ 62-ാം സൂക്തത്തിന്റെ വ്യാഖ്യാനം നിലനില്‍ക്കുകയില്ല.
സൂറ അഅ്‌റാഫ് 156-157 സൂക്തങ്ങളില്‍ കാര്യങ്ങള്‍ ഒന്നുകൂടി സ്പഷ്ടമായി പറഞ്ഞിരിക്കുന്നു.

അതിങ്ങനെ ചുരുക്കാം:
എ) വേദക്കാര്‍ക്ക് മുഹമ്മദ് നബി(സ) സുപരിചിതനാണ്. കാരണം, അദ്ദേഹത്തെ കുറിച്ച രേഖാമൂലമുള്ള പരാമര്‍ശം തൗറാത്തിലും ഇഞ്ചീലിലും കണ്ടവരാണ് വേദക്കാര്‍.
ബി) അദ്ദേഹത്തില്‍ വിശ്വസിച്ച്, അദ്ദേഹത്തെ പിന്തുണക്കുകയും സഹായിക്കുകയും അദ്ദേഹത്തിന് അവതീര്‍ണമായ വെളിച്ചം -അഥവാ ഖുര്‍ആന്‍- പിന്തുടരുകയും ചെയ്തവര്‍ മാത്രമാണ് വിജയികള്‍ (അഅ്‌റാഫ്: 156-157).

ഈ വിശദീകരണങ്ങളില്‍നിന്നും പരലോക മോക്ഷം ലഭിക്കണമെങ്കില്‍ എല്ലാവരെയും പോലെ വേദക്കാരും മുഹമ്മദ് നബി(സ)യില്‍ വിശ്വസിക്കണമെന്ന് വ്യക്തമാണ്, എന്നല്ല മറ്റുള്ളവരെ അപേക്ഷിച്ച് അവര്‍ കൂടുതല്‍ ബാധ്യസ്ഥരാണ് എന്നതാണ് വസ്തുത. വരാനിരിക്കുന്ന അന്ത്യപ്രവാചകന്റെ ലക്ഷണങ്ങള്‍ നേരത്തെ തന്നെ അല്ലാഹു അവതരിപ്പിച്ചതാണ്. അദ്ദേഹത്തില്‍ വിശ്വസിക്കാമെന്നത് അല്ലാഹുവും വേദക്കാരും തമ്മിലുള്ള കരാറിന്റെ ഭാഗമാണ്. ആര്‍ക്ക് ഇളവ് ലഭിച്ചാലും വേദക്കാര്‍ക്ക് ഈ വിഷയത്തില്‍ ഒരു ഇളവും ലഭിക്കുകയില്ലെന്നാണ് القرآن يفسّربعضه بعضا എന്ന തത്വമനുസരിച്ച് ഖുര്‍ആന്‍ പരിശോധിച്ചാല്‍ മനസ്സിലാകുന്ന വസ്തുത. അകംപൊരുള്‍, അതിന്റെ ഗ്രന്ഥകാരന്‍ തന്നെ മുന്നോട്ടുവെച്ച വ്യാഖ്യാന തത്വത്തെ നഗ്നമായി ലംഘിക്കുന്നുവെന്ന് വ്യക്തം.

വിശുദ്ധ ഖുര്‍ആനില്‍ അധ്യായം ഹജ്ജിലെ പതിനേഴാമത് സൂക്തം കൂടി ശ്രദ്ധയില്‍ പെടുത്തികൊണ്ട് ഈ ചര്‍ച്ച ഇവിടെ അവസാനിപ്പിക്കാം.
''സത്യവിശ്വാസം കൈകൊണ്ടവരും യഹൂദരായവരും സാബിഉകളും നസാറാക്കളും മജൂസികളും വിഗ്രഹാരാധകരുമായ എല്ലാവര്‍ക്കുമിടയില്‍ ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ -അന്ത്യനാളിനെ തുടര്‍ന്ന്- അല്ലാഹു വിധി പറയുന്നതാകുന്നു. അല്ലാഹു എല്ലാ സംഗതികള്‍ക്കും സാക്ഷിയല്ലോ!

അധ്യായം ബഖറ 62-ഉം അധ്യായം മാഇദ 69-ാം സൂക്തം മുന്‍നിര്‍ത്തിയും ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുന്ന 'സർവമത -വേദ- സത്യവാദ'ത്തിന്റെ മുനയൊടിക്കുന്നതാണ് ഈ സൂക്തം. അന്ത്യനാളിനെ തുടര്‍ന്ന് എല്ലാ മത-വേദ വിഭാഗങ്ങള്‍ക്കുമിടയില്‍ 'തീര്‍പ്പ് കല്‍പിക്കും' (يَفْصِلُ) എന്നാണ് ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നത്. സർവര്‍ക്കും 'മോക്ഷം' നല്‍കലാണ് അല്ലാഹുവിന്റെ പദ്ധതിയെങ്കില്‍ يَفْصِلُ എന്ന പ്രയോഗം അസ്ഥാനത്താണ്. ആര് ശരി, ആര് തെറ്റ്, ആര് വിജയി, ആര് പരാജിതര്‍ എന്ന് തീരുമാനിക്കുന്നതിനാണ് 'തീര്‍പ്പ് കല്‍പിക്കല്‍ - فَصل- എന്ന പ്രയോഗം സംഗതമാവുകയുള്ളൂവെന്ന് അറബി ഭാഷ പ്രാഥമികമായി മനസ്സിലായവര്‍ക്ക് അറിയാവുന്ന സത്യമാണ്.
സൂറ ഹജ്ജിലെ 17-ാം സൂക്തം മറച്ചുവെച്ചു കൊണ്ടല്ലാതെ 'സർവമതസത്യവാദം' സ്ഥാപിതമാവുകയില്ലെന്ന് വ്യക്തം.

ഹദീസുകളോടുള്ള സമീപനം

നേരത്തെ സൂചിപ്പിച്ചതുപോലെ, ഹദീസുകളോടുള്ള അകംപൊരുളിന്റെ സമീപനം 'ഒരട്ട'യാണ്. താന്‍ ഹദീസ് നിഷേധിച്ചില്ലെന്ന് വരുത്തിത്തീര്‍ത്തുകൊണ്ടുള്ള 'ഹദീസ് നിഷേധ'മാണ് പൊരുളെഴുത്തുകാരന്‍ പ്രമോട്ട് ചെയ്തിട്ടുള്ളത്. ഒന്നാം ഭാഗത്തിന്റെ 26-27 പേജുകളും 'ഹദീസുകളോടുള്ള സമീപനം' (ഗ്രന്ഥകാരന്റെ കുറിപ്പ്) എഴുതിവെച്ചിട്ടുണ്ട്. പേജ് 45-ല്‍ വായനക്ക് മുമ്പ് എന്ന കുറിപ്പിലും ഹദീസിനോടുള്ള നിലപാടുണ്ട്.

അതിങ്ങനെ ചുരുക്കാം:
1. 'ഹദീസുകള്‍ പൂര്‍ണമായി മാറ്റിവെക്കേണ്ടതോ തള്ളേണ്ടതോ അല്ല, ഹദീസുകള്‍ നല്ലതു തന്നെ;
2. ഹദീസുകളെ പാടേ നിരാകരിക്കുന്ന പ്രവണത അഭികാമ്യമല്ല.
3. ചരിത്ര പുരുഷനായ മുഹമ്മദ് നബിയുടെ വാക്കുകളും പ്രവൃത്തികളും കൈമാറ്റം ചെയ്യപ്പെട്ടിരിക്കും.
4. പ്രവാചക വചനങ്ങള്‍ ഉദ്ധരിക്കുമ്പോള്‍ റഫറന്‍സ് കാണിക്കുകയില്ല.
ഗ്രന്ഥകാരന്റെ ഈ നാല് നിലപാടുകള്‍ വായിക്കുന്ന  സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് കാര്യം പിടികിട്ടാതിരിക്കില്ല. 'ഹദീസ് നിഷേധം' കൃത്യമായി പ്രഖ്യാപിക്കാനുള്ള ധൈര്യം ഗ്രന്ഥകര്‍ത്താവിനില്ല. അതേയവസരം ഹദീസിനെ തള്ളുന്ന 'പുരോഗമന മുസ്‌ലിം' വേഷം കെട്ടുകയും വേണം. ഹദീസ് നിഷേധം 'അഭികാമ്യമല്ല' എന്ന് ഒഴുക്കന്‍ മട്ടില്‍ പറഞ്ഞ് 'ഹദീസ് നിഷേധ'ത്തെ നിസ്സാരവല്‍ക്കരിക്കുകയാണ് ഗ്രന്ഥകാരന്റെ ഒളിയജണ്ട.
ഇസ്‌ലാമിന്റെ ഒരു ചരിത്ര ഘട്ടത്തിലെ ഉജ്വലമായ നവോത്ഥാന പ്രവര്‍ത്തനത്തെ അപ്പാടെ നിരാകരിക്കുന്ന നടപടിയാണ് ഹദീസിന്റെ റഫറന്‍സ് കാണിക്കില്ലെന്ന നിലപാട്. ......... കഠിനാധ്വാനികളും സൂക്ഷ്മാലുക്കളും അല്ലാഹുവിന്റെ മുഖര്‍റബുകളുമായ മുഹദ്ദിസുകള്‍ ഇന്നോളം വരില്ലെന്നാണ് ഈ അഭിനവ 'മുഫസ്സിര്‍' പറയാതെ പറയുന്നത്. ഒരു വചനത്തെ പറ്റി ഗ്രന്ഥകാരനായ മൗലവി ഹദീസ് എന്ന് പറഞ്ഞാല്‍ അത് ഹദീസാണത്രെ! ഇമാം ബുഖാരിയും ഇമാം മുസ്‌ലിമും ഒരു വചനത്തെപ്പറ്റി 'ഹദീസ്' എന്ന് പറയുന്നതില്‍ ഒരു കാര്യവുമില്ലെന്നും ഹദീസ് വിജ്ഞാനശാഖയെ അപ്പാടെ ചരിത്രത്തില്‍നിന്ന് എടുത്തെറിയാനുള്ള കുല്‍സിത നീക്കത്തിന് ഏണിവെക്കുകയാണ് ഗ്രന്ഥകാരന്‍ എന്ന് വ്യക്തം. ഹദീസിനോടുള്ള ഈ 'ഉദാസീന-അലസ' നിലപാട് പ്രഖ്യാപിക്കുക വഴി ദീനിന്റെ പാതിയെ റദ്ദ് ചെയ്യുന്ന നിലപാടാണ് അകംപൊരുളെഴുത്തുകാരന്‍ സ്വീകരിക്കുന്നതെന്ന് വ്യക്തം.

'സ്വിഹാഹുസ്സിത്ത' എന്ന ബൃഹത്തായ ഹദീസ് വിജ്ഞാന ശേഖരത്തെ ഹദീസ് വിജ്ഞാനീയത്തില്‍ വിവാദമുള്ളവര്‍ക്ക് വിശകലന-നിരൂപണ വിധേയമാക്കാം എന്നതില്‍ ആര്‍ക്കുമില്ല തര്‍ക്കം. ഇമാം നാസ്വിറുദ്ദീന്‍ അല്‍ബാനിയെ പോലുള്ളവര്‍ ആ ദൗത്യം നിർവഹിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷെ അതൊന്നും ഉദ്ധരിക്കാനേ കൊള്ളാത്ത വിധം എടുക്കാ ചരക്കുകളാണെന്ന് വരികള്‍ക്കിടയില്‍ തിരുകി വെക്കുന്ന ഈ 'നവപുരോഹിതന്' ഹദീസ് എന്ന ബൃഹത്തായ വിജ്ഞാന ശാഖയെ പറ്റി എന്തറിയാം എന്നറിയാന്‍ വായനക്കാര്‍ക്ക് കൗതുകമുണ്ട്.

ഖുര്‍ആന്‍ ക്രോഡീകരണം ഹിജ്‌റ ഒന്നാം നൂറ്റാണ്ടില്‍ ഖലീഫ അബൂബക്‌റിന്റെ കാലത്തല്ലെന്നം മറിച്ച് ഖുര്‍ആന്‍ പൂര്‍ണ രൂപത്തില്‍ ഗ്രന്ഥമായിട്ട് തന്നെ നബി(സ) മനുഷ്യ സമൂഹത്തിന് കൈമാറിയെന്നതിന് തെളിവായി ഒരു ഹദീസ് ഉദ്ധരിക്കുന്നുണ്ട് അകം പൊരുളില്‍. 'ഞാന്‍ നിങ്ങള്‍ക്കു ദൈവിക ഗ്രന്ഥം വിട്ടേച്ചുപോകുന്നു, അതു മുറുകെ പിടിച്ചാല്‍ നിങ്ങള്‍ വഴി തെറ്റില്ല' എന്നതാണ് റഫറന്‍സില്ലാതെ തന്നെ മുസ്ത്വഫ കണ്ടെത്തിയ നബിവചനം. (ഒന്നാം ഭാഗം: പേ. 31), ഖുര്‍ആന്‍ നബി(സ) വഫാത്താകും മുമ്പ് പൂര്‍ണമായും ഗ്രന്ഥമായി ക്രോഡീകൃതമായി കിട്ടിയതിന് ഇത് തെളിവാണെങ്കില്‍ ഗ്രന്ഥകാരന്‍ മൗലവി വാദിക്കേണ്ടത് അതുപോലെ 'നബിയുടെ സുന്നത്തും' നബി വഫാത്താകും മുമ്പ് പൂര്‍ണമായി ക്രോഡീകരിച്ച് കൈമാറ്റപ്പെട്ടിരുന്നു എന്നും മൂന്നാം നൂറ്റാണ്ടിലാണ് 'സുന്നത്ത് ക്രോഡീകരണം' എന്ന് പറയുന്നത് ശരിയല്ല എന്നുമല്ലേ? കാരണം ഗ്രന്ഥകാരന്‍ മൗലവി ഉദ്ധരിച്ച ഹദീസിന്റെ ബാക്കിയില്‍ 'എന്റെ സുന്നത്തും ഞാന്‍ വിട്ടേച്ചു പോകുന്നുവെന്നും അതും മുറുകെ പിടിക്കണമെന്നും ഉണ്ടല്ലേ? തന്റെ വാദം സ്ഥാപിക്കാന്‍ ഏത് ഹദീസും കഷ്ണം മറിച്ച് എഴുന്നള്ളിക്കുമെന്നും തന്റെ വാദത്തിന് തടസ്സമാണെങ്കില്‍ താന്‍ അംഗീകരിക്കുന്ന ഹദീസിന്റെ തന്നെ ചില ഭാഗങ്ങള്‍ തള്ളിക്കളയണമെന്നും വരുമ്പോള്‍ നമുക്ക് ചോദിക്കേണ്ടി വരുന്നു: 'ഈ മൗലവി ആരുടെ ഏജന്റാണ്? 'എന്താണ് പുള്ളിക്കാരന്റെ അജണ്ട?  (അപൂര്‍ണം) 

- പ്രസിദ്ധീകരിക്കാനിരിക്കുന്ന 'ഖുര്‍ആന്‍: ആധുനിക ദുർവ്യാഖ്യാനങ്ങള്‍' എന്ന കൃതിയില്‍നിന്ന്.

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top