ബനൂ ഖൈനുഖാഅ്, ബനുന്നദീര്‍ നബി(സ)യുടെ സമീപനത്തിന്റെ ചരിത്രപശ്ചാത്തലം
ഇ.എന്‍ ഇബ്‌റാഹീം ചെറുവാടി
സ്വന്തം മതത്തില്‍ പെടാത്ത വരെ പിരടിക്ക് വെട്ടിക്കൊല്ലാന്‍ ഇസ്‌ലാം അല്ലാതെ മറ്റൊരു മതവും പറയുന്നില്ല. മറ്റൊരു ഗ്രന്ഥത്തിലും സ്വന്തം മതത്തില്‍ അല്ലാത്ത വനെ ഉറ്റമിത്രം ആക്കരുതെന്നു പറഞ്ഞിട്ടില്ല. ഉപനിഷത്തുകള്‍, വേദങ്ങള്‍, ബൈബിള്‍..... ഇവയിലൊന്നും അന്യന്റെ കഴുത്തില്‍ കത്തി വയ്ക്കാന്‍ പറയുന്നില്ല. കൊല്ലാനും കൊല്ലി ക്കാനും വേണ്ടി സ്വന്തം സൃഷ്ടികളെ തെരഞ്ഞെടുക്കുന്ന ഒരു സ്രഷ്ടാവ് ഇസ്‌ലാമിലും ഖുര്‍ആനിലും മാത്രമേ കണ്ടിട്ടുള്ളൂ.' യുക്തിവാദികളുടെതാണ് മേല്‍ ആരോപണം.
ആരോപണത്തിലെ ഉള്ളടക്കം:
1. മറ്റു മതസ്ഥരെ വെട്ടിക്കൊല്ലാനാണ് ഇസ്‌ലാം അതിന്റെ അനുയായികളെ പഠിപ്പിക്കുന്നത്.
2. അന്യമതസ്ഥരെ വെട്ടിക്കൊല്ലാന്‍ മറ്റുമതങ്ങള്‍ പറയുന്നില്ല.
3. മറ്റു മതസ്ഥരെ ഉറ്റമിത്രങ്ങളാക്കരുതെന്ന് ഖുര്‍ആനില്‍ മാത്രമേ കാണൂ.
4. അന്യന്റെ കഴുത്തില്‍ കത്തി വെയ്ക്കാനാണു ഖുര്‍ആന്‍ പഠിപ്പിക്കുന്നത്.
5. സ്രഷ്ടാവ് തന്നെ സൃഷ്ടികളെ കൊല്ലുന്ന വരെയും കൊല്ലപ്പെടേണ്ടവരെയും തെരഞ്ഞെടുക്കുന്നു.
ഇസ്‌ലാം മറ്റു മതാനുയായികളെ, അവര്‍ മുസ്‌ലിംകള്‍ അല്ലാത്തതുകൊണ്ട് അഥവാ മറ്റു മതങ്ങളുടെ അനുയായികള്‍ ആയതുകൊണ്ട് കൊല്ലാന്‍ കല്പിക്കുന്നു എന്ന വാദം തന്നെ ബാലിശമാണ്. ഖുര്‍ആനിലോ നബിവചനങ്ങളിലോ എവിടെയാണ് അത്തരമൊരു പരാമര്‍ശം ഉള്ളത്? അത് കാണിക്കാന്‍ ശത്രുക്കള്‍ക്ക് സാധ്യമേ അല്ല. അങ്ങനെ ഒരു നിര്‍ദേശം ഖുര്‍ആനില്‍ ഉണ്ടായിരുന്നുവെങ്കില്‍ കഴിഞ്ഞ പതിനാല് നൂറ്റാണ്ട് കാലം മുസ്‌ലിം ആയില്ല എന്നതിന്റെ പേരില്‍ മുസ്‌ലിംകള്‍ മറ്റുള്ളവരെ വെട്ടിക്കൊന്നതിന്റെ കണക്ക് ഇവരുടെ കൈയില്‍ ഉണ്ടാവുമല്ലോ. അത് അവര്‍ കൊണ്ടുവരട്ടെ!
വെട്ടിക്കൊല്ലാന്‍ പറഞ്ഞത് ആരെയാണ്? ഏതു സാഹചര്യത്തിലാണ്? സത്യസന്ധമായി ആ കാര്യം വ്യക്തമാക്കാന്‍ ഇവര്‍ തയാറാണോ? തയാറാവുകയില്ലെന്നുറപ്പ്.
മേല്‍ പ്രസ്താവം വഴി അവര്‍ ഉദ്ദേശിക്കുന്നത് സൂറ അന്‍ഫാലിലെ 12-ാം വചനമാണെങ്കില്‍ ആ അദ്ധ്യായം മൊത്തം യുദ്ധവുമായി ബന്ധപ്പെട്ട അവതരിച്ചതാണ്. പഠനത്തില്‍ പ്രയോഗിച്ച അവരുടെ കഴുത്തിനു വെട്ടുക (ഫദ്‌രിബൂ ഫൗഖല്‍ അഅ്‌നാഖി) എന്ന ഭാഗമാണ് ശത്രുവിന്റെ തുറുപ്പുചീട്ട്. വചന ത്തിന്റെ പൂര്‍ണരൂപം ഇതാണ്:
إِذْ يُوحِي رَبُّكَ إِلَى الْمَلَائِكَةِ أَنِّي مَعَكُمْ فَثَبِّتُوا الَّذِينَ آمَنُواۚ سَأُلْقِي فِي قُلُوبِ الَّذِينَ كَفَرُوا الرُّعْبَ فَاضْرِبُوا فَوْقَ الْأَعْنَاقِ وَاضْرِبُوا مِنْهُمْ كُلَّ بَنَانٍ
(നിന്റെ നാഥന്‍ മാലാഖമാര്‍ക്ക് സന്ദേശം നല്‍കിയ സന്ദര്‍ഭം; ഞാന്‍ നിങ്ങള്‍ക്കൊപ്പമുണ്ട്. അതിനാല്‍ വിശ്വാസികള്‍ക്ക് സ്ഥൈര്യം നല്‍കുവിന്‍. ശത്രുക്കളുടെ ഹൃദയത്തില്‍ ഞാന്‍ ഭീതി നിറയ്ക്കുന്നതായിരിക്കും. അതിനാല്‍ നിങ്ങള്‍ കഴുത്തിനു വെട്ടുക. അവരില്‍നിന്ന് വിരല്‍ കൊടികള്‍ അറുത്തു മാറ്റുകയും ചെയ്യുക.)
വചനത്തില്‍ പ്രയോഗിച്ച 'അല്ലദീന കഫറൂ' എന്നതിലെ കഫറൂ എന്ന പദത്തിനാണ് ഇവര്‍ 'അമുസ്‌ലിംകള്‍' എന്ന് അര്‍ഥം നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ലക്കത്തില്‍ കുഫ്‌റിന്റെ ഭാഷാര്‍ഥവും അത് ഏതൊക്കെ ആശയത്തില്‍ ഖുര്‍ആന്‍ ഉപയോഗിച്ചിട്ടുണ്ട് എന്നും വിവരിച്ചിട്ടുണ്ട്. കാഫിര്‍ എന്ന പദം ശത്രു എന്ന അര്‍ഥത്തില്‍ പ്രയോഗിച്ച ഒന്നിലധികം സന്ദര്‍ഭങ്ങളും എടുത്തു കൊടുത്തതാണ്. ഇവിടെ അന്‍ഫാല്‍:12-ല്‍ കഫറൂ എന്നതിന് ശത്രുത പുലര്‍ത്തി എന്നാണര്‍ഥം. 'അല്ലദീന കഫറൂ' എന്നാല്‍ ശത്രുത പുലര്‍ത്തിയവര്‍ എന്ന അര്‍ഥമാണ്. യുദ്ധരംഗത്ത് മിത്രങ്ങളല്ല, ശത്രുക്കളാവും അണിനിരക്കുക എന്നത് ഏത് സാധാരണക്കാരനും ഗ്രഹിക്കാന്‍ കഴിയും. ശത്രുവിനെ യുദ്ധമുഖത്ത് സ്വീകരിക്കുക ലഡുവും ജിലേബിയും പാല്‍പ്പായസവും ഒക്കെ നല്‍കിയായിരിക്കില്ലെന്നും ശത്രു ഉപയോഗിക്കുന്ന അതേ ആയുധമുപയോഗിച്ചാവുമെന്നും സാമാന്യബോധമുള്ളവര്‍ക്കൊക്കെ ബോധ്യമാണ്. ഖുര്‍ആന്‍ അവതരിച്ച കാലത്ത് വാളും കുന്തവും ചാട്ടുളിയും ഒക്കെയായിരുന്നു യുദ്ധത്തിന് ഉപയോഗിച്ചിരുന്നത്. അതുകൊണ്ട് ശത്രുവിന്റെ കഴുത്തില്‍ വെട്ടാന്‍ പറഞ്ഞു. ശത്രുവും വെട്ടുകയാണ് ചെയ്യുക. ഇന്നാണ് ഖുര്‍ആന്‍ അവതരിക്കുന്ന തെങ്കില്‍ അവന്റെ നെറുകയില്‍ ബോംബ് ഇടുക എന്നാവും പറയുക. യുദ്ധമുഖത്ത് സമാനരീതി സ്വീകരിക്കാത്ത ഒരു മതവുമില്ല, പ്രത്യയശാസ്ത്രവും ഇല്ല. ഇസ്‌ലാമും അതിന് അപവാദമല്ലെന്നു മാത്രം. വെട്ടാന്‍ വരുന്ന പോത്തിനോട് ആരും വേദം ഓതാറില്ല.
പിരടിക്ക് വെട്ടാന്‍ പറഞ്ഞ് മറ്റൊരു വചനം കൂടി ഉണ്ട് ഖുര്‍ആനില്‍. അതും യുദ്ധവുമായി ബന്ധപ്പെട്ടതാണ്. അത് ഇങ്ങനെ വായിക്കാം:
فَإِذَا لَقِيتُمُ الَّذِينَ كَفَرُوا فَضَرْبَ الرِّقَابِ حَتَّىٰ إِذَا أَثْخَنتُمُوهُمْ فَشُدُّوا الْوَثَاقَ فَإِمَّا مَنًّا بَعْدُ وَإِمَّا فِدَاءً حَتَّىٰ تَضَعَ الْحَرْبُ أَوْزَارَهَاۚ
(ശത്രുക്കളുമായി ഏറ്റുമുട്ടേണ്ടി വന്നാല്‍ കഴുത്തിനു വെട്ടുക. അങ്ങനെ അവരെ ഒതുക്കി കഴിഞ്ഞാല്‍ ബന്ധനം മുറുക്കുക. തുടര്‍ന്ന് ഔദാര്യ പൂർവം വിട്ടയക്കാം. മോചനദ്രവ്യം വാങ്ങി യും വിട്ടയക്കാം. യുദ്ധം അതിന്റെ ഭാരം ഇറക്കി വയ്ക്കും വരെയുള്ള നിലപാട് ആവും ഇത് -മുഹമ്മദ് 4).
യുദ്ധസാഹചര്യവുമായി ബന്ധപ്പെട്ട ഒരു നിര്‍ദ്ദേശം പൊക്കിയെടുത്താണ് ഇസ്‌ലാം അന്യമതസ്ഥരുടെ കഴുത്തിന് വെട്ടാന്‍ ആജ്ഞാപിക്കുന്നു എന്ന് നിര്‍ലജ്ജം വിളിച്ചു കൂവുന്നത്. അങ്ങനെ ആയിരുന്നെങ്കില്‍ മുസ്‌ലിംകള്‍ അല്ലാത്തവര്‍ക്ക് നന്മ ചെയ്യാനും അവരോട് നീതിപൂർവം വര്‍ത്തിക്കാനും ഇസ്‌ലാം തദനുയായികളോട് നിര്‍ദേശിക്കുമായിരുന്നുവോ? ഖുര്‍ആന്‍ പറയുന്നത് കാണുക:
لَّا يَنْهَاكُمُ اللَّهُ عَنِ الَّذِينَ لَمْ يُقَاتِلُوكُمْ فِي الدِّينِ وَلَمْ يُخْرِجُوكُم مِّن دِيَارِكُمْ أَن تَبَرُّوهُمْ وَتُقْسِطُوا إِلَيْهِمْۚ إِنَّ اللَّهَ يُحِبُّ الْمُقْسِطِينَ ﴿٨﴾ إِنَّمَا يَنْهَاكُمُ اللَّهُ عَنِ الَّذِينَ قَاتَلُوكُمْ فِي الدِّينِ وَأَخْرَجُوكُم مِّن دِيَارِكُمْ وَظَاهَرُوا عَلَىٰ إِخْرَاجِكُمْ أَن تَوَلَّوْهُمْۚ وَمَن يَتَوَلَّهُمْ فَأُولَٰئِكَ هُمُ الظَّالِمُونَ ﴿٩﴾
(ആദര്‍ശ തലത്തില്‍ നിങ്ങളോട് യുദ്ധത്തില്‍ ഏര്‍പ്പെടുകയോ നിങ്ങളുടെ ഭവനങ്ങളില്‍ നിന്ന് നിങ്ങളെ പുറത്താക്കുകയോ പുറത്താക്കാന്‍ ശത്രുക്കളെ സഹായിക്കുകയോ ചെയ്തിട്ടില്ലാത്തവര്‍ക്ക് നന്മ ചെയ്യുന്നതും അവരോട് നീതിപൂർവം വര്‍ത്തിക്കുന്നതുമല്ല അല്ലാഹു നിങ്ങള്‍ക്ക് വിലക്കിയിട്ടുള്ളത്. നീതിപൂർവ്വം വര്‍ത്തിക്കുന്നവരെയത്ര അല്ലാഹു ഇഷ്ടപ്പെടുന്നത്. ആദര്‍ശ തലത്തില്‍ നിങ്ങളോട് യുദ്ധം ചെയ്യുകയും നിങ്ങളുടെ ഭവനങ്ങളില്‍ നിന്ന് നിങ്ങളെ പുറത്താക്കുകയും നിങ്ങളെ പുറത്താക്കാന്‍ ശത്രുക്കളെ സഹായിക്കുകയും ചെയ്യുന്നവരെ ആത്മമിത്രങ്ങളും നേതാക്കളുമൊക്കെ യാക്കുന്നതാണ് അല്ലാഹു നിങ്ങള്‍ക്ക് തടഞ്ഞിരിക്കുന്നത്. അത്തരക്കാരെ ആത്മമിത്രങ്ങളോ നേതാക്കളോ ആക്കുന്നവര്‍, അവര്‍ അക്രമകാരികളായിരിക്കും -മുംതഹിന: 8,9).
ഇസ്‌ലാമിനെന്നല്ല, ഏതൊരു ആദര്‍ശ പ്രസ്ഥാനത്തെ സംബന്ധിച്ചും അംഗീകരിക്കപ്പെടുന്ന തത്വം മാത്രമേ ഇവിടെ ഖുര്‍ആനും അതിന്റെ അനുയായികളോട് നിര്‍ദ്ദേശിച്ചിട്ടുള്ളൂ. ആദര്‍ശ ശത്രുക്കളെ ആത്മമിത്രങ്ങളും നേതാക്കളുമാക്കാവതല്ല എന്ന തത്വം. ലോകത്തെ ഏതു മതമാണ് അല്ലെങ്കില്‍ ഏത് പ്രസ്ഥാനമാണ് ശത്രുവിനെ മിത്രമാക്കാന്‍ അനുവാദം നല്‍കിയിട്ടുള്ളത്. ശത്രുവിനെ മിത്രവും നേതാവും ഒക്കെയായി കാണുന്ന പ്രവര്‍ത്തകര്‍ക്കെതിരില്‍ നടപടിയെടുക്കാത്ത ഏത് പ്രസ്ഥാനമാണ്, മത രംഗത്തായാലും മറ്റു രംഗങ്ങളിലായാലും ലോകത്തുള്ളത്.
ഖുര്‍ആനിക വചനത്തില്‍ ആത്മമിത്രമാക്കുക, നേതാവാക്കുക എന്നൊക്കെ അര്‍ത്ഥം പറയാവുന്ന 'തവല്ലി' എന്ന പദമാണ് പ്രയോഗിച്ചിരിക്കുന്നത്. ഇതിന്റെ മൂലപദം 'വല്‍യ്' എന്നതാണ്. അതിന്റെ ഭൂത ഭാവികാല രൂപങ്ങള്‍ രണ്ടുവിധം വരാം. വലാ, യലീ എന്നതാണ് ഒന്ന്. ഇത് അപൂർവമായേ പ്രയോഗിക്കാറുള്ളൂ. വലിയ, യലീ എന്നതാണ് രണ്ടാമത്തെ രൂപം. ഇതാണ് സാധാരണയായി പ്രയോഗിക്കാറുള്ളത്. രണ്ടിനും അര്‍ഥം ഒന്നു തന്നെ. അടുത്തു, സാമീപ്യം നേടി എന്നിങ്ങനെ. അതിന്റെ കര്‍തൃ നാമരൂപം വാലി എന്നാണ്. കൈകാര്യകര്‍ത്താവ്, രക്ഷകന്‍, സംരക്ഷണ ഉത്തരവാദിത്വം ഏറ്റെടുത്ത വന്‍ എന്നെല്ലാമാണ് അതിന്റെ അര്‍ഥം. അതിന്റെ തന്നെ കര്‍തൃ നാമമായും കര്‍മ നാമമായും ഉപയോഗിക്കാവുന്ന മറ്റൊരു പദമാണ് വലിയ്യ് എന്നത്. വലിയ്യി ന്റെ ബഹുവചനമാണ് ഔലിയാഅ് എന്നത്. അമുസ്‌ലിമുമായി സൗഹൃദം പങ്കിടുന്നത് മാത്രമല്ല, ചങ്ങാത്തം സ്ഥാപിക്കുന്നതും ഇസ്‌ലാം എതിര്‍ത്തിട്ടില്ലെന്ന് മാത്രമല്ല, അവര്‍ ഇങ്ങോട്ട് അനീതി ചെയ്താല്‍ പോലും പരമാവധി അങ്ങോട്ട് സൗഹൃദം പ്രകടിപ്പിച്ചും നീതിപൂർവ്വം വര്‍ത്തിച്ചും ശത്രുത മാറ്റിയെടുക്കാനാണ് ഖുര്‍ആന്‍ അതിന്റെ അനുയായികളോട് നിര്‍ദേശിച്ചിട്ടുള്ളത്. ഖുര്‍ആന്‍ പറയുന്നു:
وَلَا تَسْتَوِي الْحَسَنَةُ وَلَا السَّيِّئَةُۚ ادْفَعْ بِالَّتِي هِيَ أَحْسَنُ فَإِذَا الَّذِي بَيْنَكَ وَبَيْنَهُ عَدَاوَةٌ كَأَنَّهُ وَلِيٌّ حَمِيمٌ ﴿٣٤﴾
(നന്മയും തിന്മയും തുല്യമാവുകയില്ല. ഏറ്റവും സുന്ദരമായ രീതി ഏതോ അതുവഴി പ്രതിരോധിക്കുക. എങ്കില്‍ നിനക്കും ആര്‍ക്കും തമ്മിലാണോ ശത്രുതയുള്ളത് അവന്‍ ഉറ്റമിത്രമായി മാറി എന്നു വരാം -ഫുസിലത്: 34).
ഈ വചനത്തിലും വലിയ്യ് (മിത്രം) എന്ന പദമാണ് ഖുര്‍ആന്‍ പ്രയോഗിച്ചിരിക്കുന്നത്. വലിയ്യിന്റെ വിശേഷണമായി ആ വചനത്തില്‍ പ്രയോഗിച്ചിരിക്കുന്നത് 'ഹമീം' എന്ന പദമാണ്. അപരന്റെ പ്രശ്‌നങ്ങള്‍ക്ക് മുന്തിയ പരിഗണന നല്‍കുന്നയാള്‍ എന്നതാണ് 'ഹമീം' എന്ന പദത്തിന്റെ അര്‍ഥം. വലിയ്യുന്‍ ഹമീം എന്നാണ് ഖുര്‍ആന്റെ പ്രയോഗം. ഊഷ്മള സ്‌നേഹം പുലര്‍ത്തുന്നവന്‍ എന്നര്‍ഥം. ശത്രുവിനെ
പോലും അവ്വിധം മാറ്റിയെടുക്കാന്‍ ശ്രമിക്കണമെന്നാണ് ഖുര്‍ആന്‍ നിര്‍ദേശിച്ചിരിക്കുന്നത്. എത്രയൊക്കെ അടുക്കാന്‍ ശ്രമിച്ചാലും അകന്നകന്നു പോകുന്നവനാണ് ശത്രു എങ്കിലോ? അത്തരക്കാരെ കരുതിയിരിക്കണമെന്നല്ലാതെ അത്തരക്കാരെ തോളിലേറ്റി താലോലിക്കണമെന്ന് പറയുന്ന ഏതു പ്രസ്ഥാനമാണ് ലോകത്തുള്ളത്. അത് സംബന്ധിച്ച് ഖുര്‍ആന്‍ ആവര്‍ത്തിച്ച് നിര്‍ദേശം നല്‍കിയിട്ടുണ്ട്: അത്തരം ശത്രുക്കളെ ആത്മമിത്രങ്ങളോ നേതാക്കളോ ഉപദേശകരോ ആക്കരുത്. അവരെ കരുതിയിരിക്കണം. അവര്‍ നിങ്ങളുടെ തല മാത്രമല്ല, ചിലപ്പോള്‍ നിങ്ങളുടെ ആദര്‍ശവും അപഹരിച്ചിരിക്കുമെന്ന്. അത്തരം സന്ദര്‍ഭങ്ങളിലാണ് കാഫിറിനെ (ശത്രുവിനെ, കേവല അമുസ്‌ലിമിനെയല്ല) മിത്രമോ നേതാവോ (വലിയ്യ്) ആക്കരുതെന്ന് നിര്‍ദേശിച്ചിട്ടുള്ളത്. (ആലു ഇംറാന്‍ 28, നിസാഅ് 139,144 മാഇദ 51-57, മുംതഹിന: 1) എന്നീ വചനങ്ങളിലും മറ്റു വചനങ്ങളിലും ഒക്കെ ഖുര്‍ആന്‍ പറഞ്ഞത് അതാണ്. മുംതഹിന ഒന്നാം സൂക്തത്തില്‍ 'എന്റെയും നിങ്ങളുടെയും ശത്രുക്കളെ' (അദുവീ വഅദുവ്വകും) എന്നുതന്നെ വ്യക്തമായി പറഞ്ഞിരിക്കുന്നു.
ഇനി യുദ്ധത്തിന്റെ കാര്യമാണെങ്കില്‍ അത് നമുക്ക് വഴിയെ ചര്‍ച്ച ചെയ്യാം.
സൃഷ്ടികളെ തന്നെ കൊല്ലുന്നവരും കൊല്ലപ്പെടേണ്ടവരുമാക്കി മാറ്റുന്ന സ്രഷ്ടാവ് എന്ന പരിഹാസം യുക്തിവാദികള്‍ക്ക് യുക്തിവാദം മാത്രമേ ഉള്ളൂ, യുക്തിബോധമോ യാഥാര്‍ത്ഥ്യബോധമോ ഇല്ല. തങ്ങള്‍ പടു വിഡ്ഢികളാണ് എന്നതിന്റെ ഒന്നാന്തരം ഉദാഹരണം കൂടിയാണ് ഈ പരിഹാസോക്തി.
എന്തുകൊണ്ടെന്നാല്‍ സ്രഷ്ടാവ് സൃഷ്ടാവും സൃഷ്ടി സൃഷ്ടിയും തന്നെയാണ് എല്ലായ്‌പ്പോഴും. സ്ഥാനം വച്ചു മാറുന്ന പ്രശ്‌നമില്ല. സൃഷ്ടികര്‍മം സൃഷ്ടിയുമായി നടത്തിയ ഒരു ഒത്തുതീര്‍പ്പ് വ്യവസ്ഥ യില്‍ നടത്തുന്ന ഒരേര്‍പ്പാടല്ല. സ്രഷ്ടാവ് അവിടെ സർവ്വതന്ത്ര സ്വതന്ത്രനാണ്.
لَا يُسْأَلُ عَمَّا يَفْعَلُ وَهُمْ يُسْأَلُونَ
(അവന്‍ ചെയ്യുന്നത് സംബന്ധിച്ച് ചോദ്യമില്ല. സൃഷ്ടികളാണ് ചോദ്യം ചെയ്യപ്പെടുന്നത് - അമ്പിയാഅ് 23). അതിനാല്‍ സ്രഷ്ടാവിന് സൃഷ്ടികളെ തമ്മില്‍തല്ലി ക്കുകയോ കൊല്ലിക്കുകയോ ഒക്കെ ചെയ്യാം. അവരെ മുച്ചൂടും നശിപ്പിക്കാം. അത് സ്രഷ്ടാവിന്റെ ഇഷ്ടമാണ്. കാരണം സൃഷ്ടാവ് അജയ്യനാണ്, പ്രതാപവാനാണ്, യുക്തിജ്ഞനാണ്.
ഇനി ചിന്തിക്കാനുള്ളത് സ്രഷ്ടാവ് സൃഷ്ടികളെ പരസ്പരം കൊല്ലിക്കുന്നു ണ്ടോ എന്നതാണ്. സൃഷ്ടി സൃഷ്ടാവിനെ അംഗീകരിക്കുകയും അവനു കീഴ്‌പ്പെട്ടു ജീവിക്കുകയും വേണമെന്നത് സ്രഷ്ടാവിന്റെ ആജ്ഞയാണ്. അവന്റെ താല്‍പര്യമാണ്. സൃഷ്ടി അത് അംഗീകരിച്ചേ പറ്റൂ. പക്ഷേ അംഗീകരിക്കാനും അംഗീകരിക്കാതിരിക്കാനും സൃഷ്ടിക്ക് സ്വാതന്ത്ര്യമുണ്ട്. സൃഷ്ടി എന്നതിന്റെ ഇവിടുത്തെ വിവക്ഷ മനുഷ്യനാണ് എന്നതും ഓര്‍ക്കുക. തന്നെ അംഗീകരിക്കുകയും തന്റെ ആജ്ഞ ശിരസാവഹിക്കുകയും ചെയ്ത സൃഷ്ടിയെ സ്രഷ്ടാവ് തന്റെ മിത്രമായും മറിച്ചുള്ള വരെ ശത്രുവായും പരിഗണിക്കും. സൃഷ്ടിയായാലും സ്രഷ്ടാവായാലും ശത്രുവിനോടും മിത്ര ത്തോടും ഒരേ സമീപനമല്ല കൈക്കൊള്ളുക. ശത്രുവിനും അയാളുടെ ഇംഗിതമനുസരിച്ച് ജീവിക്കാനുള്ള സ്വാതന്ത്ര്യം സ്രഷ്ടാവ് നല്‍കുന്നുണ്ട്. വീണ്ടുവിചാരം നടത്തി മിത്രമായി മാറാനുള്ള സാവകാശവും. പക്ഷേ ഒരു നിബന്ധനയുണ്ട്, തന്റെ മിത്രത്തെ ശല്യം ചെയ്യരുത്. മിത്രത്തെ അയാളുടെ ആദര്‍ശത്തിന്റെയും ജീവിതരീതിയുടെയും പേരില്‍ ദ്രോഹിക്കുകയും മര്‍ദ്ദിക്കുകയും ഒന്നും ചെയ്യരുത്. അതും സ്രഷ്ടാവിന്റെ കര്‍ക്കശ നിര്‍ദേശമാണ്. ശത്രു മര്‍ദ്ദനമുറ സ്വീകരിക്കുന്നുവെങ്കില്‍ മിത്രത്തോടുള്ള സൃഷ്ടാവിന്റെ നിര്‍ദേശം പരമാവധി ക്ഷമിക്കാനാണ്. ക്ഷമയെ ശത്രു ദൗര്‍ബല്യമായി കാണുകയും പിന്നെയും പിന്നെയും മര്‍ദനം അഴിച്ചുവിടുകയും ചെയ്യുന്നുവെങ്കില്‍ മിത്രത്തിന് പ്രതിരോധിക്കാനും ഉപരോധിക്കാനും തുടര്‍ന്ന് സ്രഷ്ടാവ് അനുവാദം നല്‍കുന്നു. ചിലപ്പോള്‍ ഈ പ്രതിരോധ ഉപരോധ സംരംഭങ്ങള്‍ മിത്ര ത്തിന്റെ ബാധ്യതയായി നിശ്ചയിക്കുന്നു. ഇവിടെ ശത്രുവാണ് കൊല്ലിനും കൊലയ്ക്കും ഒക്കെ വഴിമരുന്നിട്ടിരിക്കുന്നത്. അയാള്‍ മിത്രത്തെ ശല്യം ചെയ്യാതെ സ്വതന്ത്രമായി വിട്ടിരുന്നെങ്കില്‍ ഈ അനിഷ്ട സംഭവങ്ങള്‍ ഒന്നും ഉണ്ടാവുമായിരുന്നില്ല. മിത്രത്തെ ശത്രുവിന്റെ ശല്യത്തില്‍ നിന്ന് രക്ഷിക്കുക എന്നത് സൃഷ്ടി തന്നെയും ചെയ്യുന്ന കാര്യമാണ്. സൃഷ്ടിക്ക് സ്വാതന്ത്ര്യമുണ്ട്. സ്രഷ്ടാവിന് സ്വാതന്ത്ര്യമില്ല എന്ന തിട്ടൂരം പുറപ്പെടുവിക്കുന്ന സൃഷ്ടി പമ്പരവിഡ്ഢിയാണ്. ഇവിടെ സ്രഷ്ടാവ് സൃഷ്ടികളെ തമ്മില്‍ കൊല്ലി ക്കുന്നില്ല. സൃഷ്ടി അരുതാത്തത് ചെയ്തപ്പോള്‍ പരിധി വിട്ടാല്‍ തിരിച്ചടിച്ചു കൊള്ളാന്‍ മിത്രമായ സൃഷ്ടിക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുക മാത്രമാണ് സ്രഷ്ടാവ് ചെയ്തത്. അളമുട്ടിയാല്‍ ചേരയും കടിക്കും.
'ഇസ്‌ലാമല്ലാത്തവരെ വെറുക്കുകയും സത്യനിഷേധികള്‍ എന്ന് വിളിച്ച് കഴുത്തറുത്ത് കൊല്ലാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തു എന്ന ആരോപണം'
യുക്തിവാദികളുടെ മറ്റൊരു ദുരാരോപണമാണിത്.
ഇസ്‌ലാം അല്ലാത്തവര്‍ എന്ന പരാമര്‍ശം തന്നെ തെറ്റാണ്. ഇസ്‌ലാം എന്നത് ഒരു ആദര്‍ശാധിഷ്ഠിത വ്യവസ്ഥയുടെ പേരാണ്. ഒരു വ്യവസ്ഥയെ വ്യക്തിയോ വ്യക്തികളോ ആയി കാണുന്നത് ഭീമാബദ്ധമാണ്. അതുകൊണ്ടു തന്നെ ഇസ്‌ലാം അല്ലാത്തവര്‍, മുസ്‌ലിം അല്ലാത്തവര്‍ എന്നിങ്ങനെ പറയാവതല്ല. ഇസ്‌ലാം അല്ലാത്തതിനെ എന്നാണ് പറഞ്ഞിരുന്നത് എങ്കില്‍ കുഴപ്പമില്ലായിരുന്നു. ഇവിടെ ഇസ്‌ലാം അല്ലാത്തതിനെ എന്ന് പറയാനാണ് ഉദ്ദേശിച്ചത് എന്ന് പറയാനും സാധ്യമല്ല. കാരണം തുടര്‍ന്നു പറയുന്നത് സത്യനിഷേധികള്‍ എന്ന് വിളിച്ച് കൊല്ലാന്‍ ആഹ്വാനം ചെയ്യുന്നു എന്നാണ്.
ഒരു ആശയത്തെ ശരിയായ പ്രയോഗം വഴി പ്രകാശിപ്പിക്കാന്‍ പോലും കഴിയാത്ത യുക്തിവാദികളാണ് ഇസ്‌ലാമിനെയും മുഹമ്മദ് നബി(സ)യെയുമൊക്കെ വിമര്‍ശിക്കാനും അവഹേളിക്കാനും വരുന്നത് എന്നത് തമാശക്ക് വകനല്‍കുന്ന കാര്യമാണ്.
ഇനി ആരോപണത്തിലേക്ക് വരാം. ഇവര്‍ ഈ ആരോപണത്തിന് തെളിവ് ഉദ്ധരിക്കുന്നത് സ്വന്തം മനസ്സിലുദിച്ച അബദ്ധധാരണകള്‍ ആണോ അതോ ഖുര്‍ആനും പ്രവാചകചര്യയും ആണോ? സ്വന്തം മനസ്സിലുദിച്ച വിദ്വേഷത്തിന്റെ പ്രത്യുല്പാദനമായ വികാരമാണ് തെളിവ് എങ്കില്‍ ഖുര്‍ആന്‍ പറഞ്ഞതേ അവരോട് നമുക്കും പറയാനുള്ളൂ, قُلْ مُوتُوا بِغَيْظِكُمْۗ താങ്കള്‍ പറയുക! 'ദേഷ്യം ഉണ്ടെങ്കില്‍ പോയി ചത്തു കള.' മറിച്ച് ഖുര്‍ആനും പ്രവാചകചര്യയുമാണെങ്കില്‍ അത് വെച്ച് കെട്ടലും പ്രമാണത്തിന് തെറ്റായി സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്തമുള്ള വായനയുമാണ്. ഖുര്‍ആന്‍ ഒരിടത്തുപോലും ഇസ്‌ലാം സ്വീകരിക്കാത്തതിന്റെ പേരില്‍ ഒരാളെയും വധിക്കാന്‍ പറഞ്ഞിട്ടില്ലെന്ന് മാത്രമല്ല ഇസ്‌ലാം സ്വീകരിക്കാന്‍ ഒരാളെയും നിര്‍ബന്ധിക്കാന്‍ പാടില്ലെന്നു കൂടിയുമാണ് അത് പറഞ്ഞിട്ടുള്ളത്. തെളിവുകള്‍ ഇതാ:
لَا إِكْرَاهَ فِي الدِّينِۖ (ഈ ദീന്‍ സ്വീകരിക്കാന്‍ ബലം പ്രയോഗിക്കാവതല്ല- ബഖറ 256)
وَلَوْ شَاءَ رَبُّكَ لَآمَنَ مَن فِي الْأَرْضِ كُلُّهُمْ جَمِيعًاۚ أَفَأَنتَ تُكْرِهُ النَّاسَ حَتَّىٰ يَكُونُوا مُؤْمِنِينَ
(നിന്റെ നാഥന്‍ ഉദ്ദേശിച്ചിരുന്നുവെങ്കില്‍ ഭൂമിയിലുള്ള എല്ലാവരും തന്നെ വിശ്വാസികളായിട്ടുണ്ടാവുമായിരുന്നു. വിശ്വാസികളാകാന്‍ നീ മനുഷ്യരെ നിര്‍ബന്ധിക്കുമെന്നോ? - യൂനുസ്: 99)
فَذَكِّرْ إِنَّمَا أَنتَ مُذَكِّرٌ ﴿٢١﴾ لَّسْتَ عَلَيْهِم بِمُصَيْطِرٍ ﴿٢٢﴾
(ഉദ്‌ബോധനം ചെയ്തുകൊള്ളുക. ഉദ്‌ബോധകന്‍ മാത്രമാണ് നീ. അവര്‍ക്കു മേല്‍ ആധിപത്യം വാഴുന്നവനല്ല നീ - ഗാശിയ 21,22)
ഇനി കൊല്ലുന്ന കാര്യമാണെങ്കില്‍ അത് സംബന്ധിച്ച് ഖുര്‍ആന്‍ പറയുന്നത് പ്രകാരമാണ്:
مَن قَتَلَ نَفْسًا بِغَيْرِ نَفْسٍ أَوْ فَسَادٍ فِي الْأَرْضِ فَكَأَنَّمَا قَتَلَ النَّاسَ جَمِيعًا وَمَنْ أَحْيَاهَا فَكَأَنَّمَا أَحْيَا النَّاسَ جَمِيعًاۚ
(ഒരു വ്യക്തിയെ കൊന്നതിന്റെ പേരിലോ നാട്ടില്‍ കുഴപ്പം കുത്തിപ്പൊക്കിയതിന്റെ പേരിലോ അല്ലാതെ വല്ല വ്യക്തിയെയും കൊന്നുകളഞ്ഞവന്‍ മനുഷ്യരെ മൊത്തം കൊന്നവനെ പോലെയാണെന്നും ഒരു വ്യക്തിക്ക് ജീവിക്കാന്‍ സൗകര്യമൊരുക്കിയവന്‍ മനുഷ്യര്‍ക്ക് മുഴുവന്‍ ജീവിക്കാന്‍ സൗകര്യമൊരുക്കിയവനെ പോലെയാണെന്നും അക്കാരണത്താല്‍ നാം ഇസ്രയേല്‍ മക്കള്‍ക്ക് വ്യവസ്ഥ നല്‍കുകയുണ്ടായിട്ടുണ്ട് - മാഇദ: 32)
وَلَا تَقْتُلُوا النَّفْسَ الَّتِي حَرَّمَ اللَّهُ إِلَّا بِالْحَقِّۗ (അല്ലാഹു പവിത്രത നല്‍കിയ ഒരു വ്യക്തിയെ അന്യായമായി കൊല്ലാവതല്ല - അന്‍ആം 151, ഇസ്രാഅ് 33)
وَلَا تَقْتُلُوا أَوْلَادَكُمْ خَشْيَةَ إِمْلَاقٍۖ (ദാരിദ്ര ്യം ഭയന്ന് നിങ്ങള്‍ കുട്ടികളെ കൊന്നു കളയരുത് - അന്‍ആം 151, ഇസ്രാഅ് 31).
وَلَا تَقْتُلُوا أَنفُسَكُمْۚ (നിങ്ങള്‍ ആത്മഹത്യ ചെയ്യരുത് -നിസാഅ് 29)
'കഴുത്തറുത്ത് കൊല്ലാന്‍ ആഹ്വാനം ചെയ്തു' എന്നത് തെറ്റിദ്ധരിപ്പിക്കാന്‍ ഉദ്ദേശിച്ചു സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തി എടുത്തു ആരോപിക്കുന്ന താണ്. യുദ്ധ സാഹചര്യത്തില്‍ വാളോങ്ങി വരുന്ന ശത്രുവിന്റെ കഴുത്തിന് വെട്ടുക എന്ന നിര്‍ദ്ദേശത്തെ ആണ് കഴുത്തറുത്തു കൊല്ലുക എന്നാക്കി മാറ്റിയത്. രണ്ടും തമ്മിലുള്ള വ്യത്യാസം വളരെ വ്യക്തമാണ്. അക്കാര്യം മുമ്പ് വിസ്തരിച്ചു പറഞ്ഞിട്ടുണ്ട്.
സത്യനിഷേധികള്‍ എന്ന് വിളിച്ച കളയുന്നു എന്ന പരാതി
ഖുര്‍ആന്റെ കാഴ്ചപ്പാടില്‍ ആശയം രണ്ടുതരമാണ്. സത്യം, അസത്യം എന്നിങ്ങനെ. സത്യത്തിന് ശേഷം ദുര്‍മാര്‍ഗം അല്ലാതെ മറ്റെന്താണുള്ളത് (യൂനുസ്: 32) എന്ന് ഖുര്‍ആന്‍ ചോദിക്കുന്നത് അതുകൊണ്ടാണ്.
സത്യം അംഗീകരിച്ചവന്‍ സത്യവിശ്വാസി, സത്യം നിരാകരിച്ചവന്‍ സത്യ നിഷേധിയും. ഇങ്ങനെയല്ലാതെ അവരെ വിശേഷിപ്പിക്കുക സാധ്യമല്ല. ഇത് ഇസ്‌ലാമിന്റെ മാത്രം രീതിയുമല്ല. ലോകത്ത് ഏത് പ്രസ്ഥാനവും എതിരാളികളെ പരിചയപ്പെടുത്താന്‍ ചില പ്രത്യേക സംഞ്ജകള്‍ ഉരുത്തിരിച്ചെടുത്തിട്ടുണ്ട്. യുക്തിവാദികള്‍ എതിരാളികളെ അന്ധവിശ്വാസികള്‍ എന്ന് വിശേഷിപ്പിക്കും. ക്രിസ്ത്യാനികള്‍ മറ്റുള്ളവരെ അവിശ്വാസികള്‍ എന്നു പറയും. കമ്യൂണിസ്റ്റുകാരന്‍ മറ്റുള്ളവരെ ബൂര്‍ഷ്വാ എന്നോ വര്‍ഗ വിരോധി എന്നോ പറയും. സംഘികള്‍ അവരെ ദേശ വിരുദ്ധര്‍ എന്ന് പറയും. ഇങ്ങനെ ഏതൊരു വിഭാഗവും എതിര്‍ചേരിയിലുള്ളവരെ വിവേചിക്കാന്‍ ചില പദങ്ങള്‍ പ്രയോഗിക്കും. അത് ആര്‍ക്കും ബോധ്യം വരാത്ത കാര്യമല്ല.
അവിശ്വാസികളുടെ സമ്പത്ത് കൊള്ളയടിച്ച് പങ്കുവയ്ക്കാന്‍ പറഞ്ഞ മുഹമ്മദ്
മറ്റൊരു അസംബന്ധമാണ് ഈ ആരോപണം. ഒരു മനുഷ്യന്റെ യും ഒരു ചില്ലിക്കാശുപോലും തമാശയായി പോലും അന്യായമായി കൈവശപ്പെടുത്തിയിട്ടില്ലാത്ത, അങ്ങനെ ചെയ്യുന്നത് അനീതിയും അക്രമവുമാണെന്നും മരണാനന്തര ജീവിതത്തില്‍ ശിക്ഷ ഏറ്റുവാങ്ങാന്‍ കാരണമായേക്കാവുന്ന കടുത്ത പാതകമാണെന്നും പഠിപ്പിച്ച മാതൃകായോഗ്യനായ ഒരു വ്യക്തി, അതിനുപുറമേ അല്ലാഹുവിന്റെ ദൂതന്‍ കൂടിയായ ഒരു മഹാനെപ്പറ്റിയാണ് ഈ ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്. നബിയുടെ കാലത്തെ ശത്രുക്കള്‍ പോലും ഇങ്ങനെ ഒരാരോപണം നബിക്കെതിരെ ഉന്നയിച്ചിട്ടില്ല. ഇത് തെളിയിക്കേണ്ട ബാധ്യത ആരോപകര്‍ക്കുണ്ട് എന്ന് മാത്രം പറയട്ടെ!
എണ്ണൂറോളം വരുന്ന ജൂത പുരുഷന്മാരെ കഴുത്തറുത്തു കൊന്ന മുഹമ്മദ്
ഇസ്‌ലാമിന്റെ നേരെ ഇക്കൂട്ടര്‍ വെച്ചുപുലര്‍ത്തുന്ന പക എത്രമേല്‍ ആഴമേറിയതാണ് എന്ന് കാണിക്കുന്നുണ്ട് ഇത്തരം ദുരാരോപണങ്ങള്‍. ഇവര്‍ക്ക് യുക്തിബോധം ഇല്ലെന്നും യുക്തിവാദം മാത്രമേ ഉള്ളൂ എന്നുമുള്ളതിന്റെ ഒരു തെളിവുകൂടിയാണ് മേല്‍ വാചകങ്ങള്‍. എണ്ണൂറോളം വരുന്ന ജൂത പുരുഷന്മാരെ കൊന്നു - കഴുത്തറുത്ത് കൊന്നു എന്ന പ്രയോഗം നമുക്ക് വിടാം. കഴുത്തറുത്ത് കൊല്ലണമെങ്കില്‍ ഇത്രയും ആളുകളെ കിടത്തി മൃഗത്തെ അറുക്കുന്നതുപോലെ കഴുത്തില്‍ കത്തി വെച്ച് മൂര്‍ന്ന് മുറിച്ചു കൊല്ലണമല്ലോ - എന്നു പറയുമ്പോള്‍ തന്നെ സ്വാഭാവികമായും ഉയരുന്ന ഒരു ചോദ്യമുണ്ട്. ആ ജൂതരുടെ കൂട്ടത്തില്‍ സ്ത്രീകളും കുട്ടികളും ഉണ്ടായിരുന്നില്ലേ, അവരെ എന്ത് ചെയ്തു? പുരുഷന്മാരെ മാത്രം തെരഞ്ഞുപിടിച്ച് കൊല്ലാന്‍ എന്താവും കാരണം?
നമുക്ക് ചരിത്രം പരതാം. എന്നിട്ട് വേണമല്ലോ തീരുമാനത്തിലെത്താന്‍.
നാം നടേ പറഞ്ഞ ഒരു കാര്യമുണ്ട്. മുഹമ്മദ് (സ) മദീനയില്‍ വന്നത് ഒരു മത പുരോഹിതനോ മതനേതാവോ ആയല്ല. ദൈവദൂതന്‍ എന്നതോടൊപ്പം ഒരു രാഷ്ട്ര നായകന്‍ കൂടിയായാണ്. സാധാരണ പരിചയപ്പെടുത്താറുള്ള ഒരു നായകനുമല്ല അദ്ദേഹം. അദ്ദേഹം അല്ലാഹുവിന്റെ ദൂതനാണ്. രാഷ്ട്ര നായകനാണ്. നിയമദാതാവാണ്. ന്യായാധിപനാണ്, സൈനിക നായകനാണ്. മദീന(യസ്‌രിബ്)യിലെ എല്ലാവിഭാഗം ആളുകളുമായും അദ്ദേഹം ഒരു കരാറില്‍ ഏര്‍പ്പെട്ടിരുന്നു. അതില്‍ യഹൂദരും ഒപ്പുവെച്ചിരുന്നതാണ്.
പ്രധാനമായി മൂന്നു യഹൂദ ഗോത്രങ്ങളാണ് അവിടെ ഉണ്ടായിരുന്നത്. ബനൂ ഖൈനുഖാഅ്, ബനുന്നദീര്‍, ബനൂ ഖുറൈള. ഈ യഹൂദ ഗോത്രങ്ങളില്‍ കരാര്‍ ലംഘിച്ച ആദ്യസംഘം ബനൂ ഖൈനുഖാഅ് ആണ്. കരാര്‍ വ്യവസ്ഥ നമുക്ക് ഒരിക്കല്‍ കൂടി വായിക്കാം:
1. ബനൂ ഔഫ് ഗോത്രത്തിലെ യഹൂദര്‍ വിശ്വാസികളോടൊപ്പം ഒരു സമൂഹമാണ്. യഹൂദര്‍ക്ക് അവരുടെ മതം. മുസ്‌ലിംകള്‍ക്ക് അവരുടെ മതവും. അവര്‍ക്കും യഹൂദര്‍ക്കും അവരവരുടെ അടിമകളെയും സ്വന്തക്കാരെയും കൂടെക്കൂട്ടാം. ബനൂ ഔഫുകാരല്ലാത്ത യഹൂദര്‍ക്കുമുണ്ട് ഈ അവകാശങ്ങളത്രയും.
2. യഹൂദരുടെ ജീവിതച്ചെലവ് വഹിക്കേണ്ടത് അവര്‍ തന്നെയാണ്. മുസ്‌ലിംകളുടേത് അവരും.
3. ഈ കരാര്‍ അംഗീകരിച്ചവരില്‍ ഏതെങ്കിലുമൊരു കക്ഷിയോട് യുദ്ധത്തിനൊരുങ്ങുന്നവര്‍ക്കെതിരെ അവര്‍ പരസ്പരം സഹായിക്കേണ്ടതാണ്.
4. അവര്‍ പരസ്പരം ഗുണകാംക്ഷ വെച്ചു പുലര്‍ത്തുകയും സദുപദേശം നല്‍കുകയും ചെയ്യേണ്ടതാണ്. പരസ്പരം നന്മയില്‍ വര്‍ത്തിക്കുകയും വേണം. കുറ്റകരമായ സമീപനം അരുത്.
5. ആരും തന്നെ സഖ്യകക്ഷിയോട് തെറ്റായ സമീപനം കൈക്കൊള്ളരുത്.
6. മര്‍ദിതനെ സഹായിക്കേണ്ടതാണ്.
7. ശത്രുവിനോട് യുദ്ധം ചെയ്യുമ്പോഴെല്ലാം യഹൂദര്‍ വിശ്വാസികളോടൊപ്പമുണ്ടായിരിക്കും.
8. ഈ കരാര്‍ പത്രമനുസരിച്ച് യസ്‌രിബ് പവിത്രമായിരിക്കും.
9. ഈ കരാറില്‍ ഏര്‍പ്പെട്ടവര്‍ക്കിടയില്‍ കുഴപ്പവും നാശവും ഭയപ്പെടാവുന്ന എന്തു സംഭവമുണ്ടായാലും അതിന്റെ അന്തിമതീര്‍പ്പ് അല്ലാഹുവിനും അവന്റെ ദൂതനായ മുഹമ്മദിനുമായിരിക്കും.
10. ഖുറൈശികള്‍ക്കോ അവരെ സഹായിക്കുന്നവര്‍ക്കോ ആരും അഭയം നല്‍കാവതല്ല.
11. യസ്‌രിബിനെ അപകടപ്പെടുത്താന്‍ തുനിയുന്നവര്‍ക്കെതിരില്‍ അവര്‍ പരസ്പരം സഹായിക്കേണ്ടതാണ്. ഓരോ കൂട്ടരും തങ്ങളുടെ ബാധ്യത നിർവഹിക്കേണ്ടതാണ്.
12. ഈ രേഖ കുറ്റവാളികള്‍ക്കും മര്‍ദകനും സംരക്ഷണമേകുന്നതല്ല.
ഖുറൈശികളുടെ ഭീഷണിക്കത്ത്
മക്കയില്‍ ഖുറൈശികളുടെ മര്‍ദനം സഹിക്കവയ്യാതെയാണല്ലോ മുഹമ്മദും (സ) അനുചരന്മാരും യസ് രിബിലേക്ക് ഹിജ്‌റ പോയത്. യസ് രിബില്‍ ഖസ്‌റജ് ഗോത്രക്കാരനായിരുന്നു അബ്ദുല്ലാഹിബ്‌നു ഉബയ്യുബ്‌നു സലൂല്‍. അയാളെ രാജാവായി വാഴിക്കാന്‍ ഖസ്‌റജ് ഗോത്രം വട്ടംകൂട്ടിക്കൊണ്ടിരിക്കെയാണ് പ്രവാചകന്‍ അവിടെ വരുന്നത്. അത് അബ്ദുല്ലാഹിബ്‌നു ഉബയ്യിന്റെ സ്വപ്നം പൊലിയാന്‍ കാരണമായി. അതുകൊണ്ട് തന്നെ അയാള്‍ പ്രവാചകനോട് ശത്രുത പുലര്‍ത്തിപ്പോന്നു. അങ്ങനെയാരിക്കെയാണ് അയാള്‍ക്ക് മക്കയില്‍നിന്ന് ഒരു ഭീഷണിക്കത്ത് വരുന്നത്.
കത്തിന്റെ ഉള്ളടക്കം ഇങ്ങനെ സംഗ്രഹിക്കാം:
''ഞങ്ങളുടെ ആള്‍ക്ക് നിങ്ങള്‍ അഭയം നല്‍കിയിരിക്കുന്നുവല്ലോ. അല്ലാഹുവില്‍ ആണയിട്ടു ഞങ്ങള്‍ പറയാം: ഒന്നുകില്‍ നിങ്ങള്‍ അയാളോട് യുദ്ധം ചെയ്യുക, അല്ലെങ്കില്‍ അയാളെ അവിടെനിന്ന് പുറത്താക്കുക. അല്ലെങ്കില്‍ ഞങ്ങള്‍ ഒറ്റക്കെട്ടായി അവിടേക്കു വരാം. തുടര്‍ന്ന് ഞങ്ങള്‍ നിങ്ങളിലെ യോദ്ധാക്കളെ കൊല്ലുകയും സ്ത്രീകളെ അധീനപ്പെടുത്തുകയും ചെയ്യും.''
എഴുത്ത് കിട്ടേ താമസം, അബ്ദുല്ലാഹിബ്‌നു ഉബയ്യ് പ്രവാചകനോടുള്ള പകപോക്കലിന് ഇതൊരു നല്ല തക്കമായി കരുതി. അയാള്‍ തന്നോടൊപ്പം സംഘടിക്കാന്‍ തയാറുള്ള യസ്‌രിബിലെ ബഹുദൈവ വിശ്വാസികളെ കൂട്ടി പ്രവാചകനോടു യുദ്ധം ചെയ്യാന്‍ തയാറെടുപ്പ് നടത്തി. വിവരമറിഞ്ഞ പ്രവാചകന്‍ (സ) അവരെ സമീപിച്ചു. അദ്ദേഹം പറഞ്ഞു:
''ഖുറൈശികളുടെ ഭീഷണി നിങ്ങളെ ഭയചകിതരാക്കിയിരിക്കും. നിങ്ങള്‍ സ്വയം വരുത്തിവെക്കുന്ന അനര്‍ഥങ്ങളെക്കാള്‍ കൂടുതലായി അവര്‍ നിങ്ങള്‍ക്ക് യാതൊരനര്‍ഥവും വരുത്തിവെക്കാന്‍ പോകുന്നില്ല. സ്വന്തം മക്കളോടും സഹോദരന്മാരോടുമാണ് നിങ്ങള്‍ യുദ്ധത്തിനൊരുങ്ങുന്നത്!''
നബി(സ)യുടെ ഇടപെടല്‍ ഫലം കണ്ടു. ആ സംഘം യുദ്ധത്തിനൊരുമ്പെടാതെ പിരിഞ്ഞുപോയി. പിന്തുണക്കാന്‍ ആളില്ലെന്നു കണ്ടപ്പോള്‍ അബ്ദുല്ലാഹിബ്‌നു ഉബയ്യ് പിന്നെ മുമ്പോട്ടു വന്നുമില്ല. പക്ഷേ, അയാള്‍ മക്കയിലെ നബി(സ)യുടെ ശത്രുക്കളുമായി പിന്നെയും ബന്ധപ്പെടാതിരുന്നില്ല. കിട്ടുന്ന ഏതു സന്ദര്‍ഭവും അയാള്‍ ഉപയോഗപ്പെടുത്തിക്കൊണ്ടിരുന്നു. അയാളുടെ ഭാഗത്തുനിന്നുണ്ടാകുന്ന നീക്കങ്ങളത്രയും യഥാസമയം ഇടപെട്ട് നബി(സ) തകര്‍ത്തുകൊണ്ടിരുന്നു.
ആയിടയ്ക്കാണ് സഅ്ദുബ്‌നു മുആദ്(റ) ഉംറയുദ്ദേശിച്ച് മക്കയിലെത്തിയത്. മക്കയിലെത്തിയ അദ്ദേഹം തന്റെ പഴയ സുഹൃത്ത് ഉമയ്യത്തുബ്‌നു ഖലഫിന്റെ അടുത്താണ് താമസിച്ചത്. അദ്ദേഹം ഉമയ്യയോട് പറഞ്ഞു: 'എനിക്ക് വിശുദ്ധ ഭവനം ത്വവാഫ് ചെയ്യണമെന്നുണ്ട്. അതുകൊണ്ട് താങ്കള്‍ എനിക്കുവേണ്ടി ഒരല്‍പസമയം നീക്കിവെക്കണം.''
ഉമയ്യത്ത്, സഅ്ദിന്റെ കൂടെ ഉച്ചയോടടുത്തനേരം കഅ്ബയിലേക്കു പുറപ്പെട്ടു. രണ്ടുപേരെയും, കണ്ട അബൂജഹ്ല്‍, ഉമയ്യയോട് ചോദിച്ചു:
''അബൂ സ്വഫ്‌വാന്‍ ഇതാരാണ് കൂടെ?''
ഉമയ്യഃ: ''ഇത് സഅ്ദാണ്.''
അബൂജഹ്ല്‍ സഅ്ദിനോട് തട്ടിക്കയറി. അയാള്‍ ചോദിച്ചു:
''താന്‍ മക്കയില്‍ വന്ന് സുരക്ഷിതമായി കഅ്ബ ത്വവാഫ് ചെയ്യുന്നത് ഞാന്‍ നോക്കി നില്‍ക്കണമല്ലേ! മതം മാറിയവര്‍ക്ക് അഭയം നല്‍കിയവരാണ് നിങ്ങള്‍. അവരെ സഹായിക്കുമെന്ന് നിങ്ങള്‍ വീമ്പു പറയുകയും ചെയ്യുന്നു. അബൂ സ്വഫ്‌വാന്റെ കൂടെയായിപ്പോയി. ഇല്ലെങ്കില്‍ സുരക്ഷിതനായി കുടുംബത്തിനടുത്തേക്ക് തിരിച്ചു പോകാന്‍ തനിക്കാകുമായിരുന്നില്ല.''
സഅ്ദ് തിരിച്ചടിച്ചു; അദ്ദേഹം ശബ്ദമുയര്‍ത്തി പറഞ്ഞു: ''എന്നെ തടയാനാണ് ഭാവമെങ്കില്‍ നിനക്ക് ഏറെ പ്രയാസമുണ്ടാക്കുംവിധം നിന്നെ ഞാനും തടയുന്നുണ്ട്. മദീന വഴിക്കുള്ള നിന്റെ കച്ചവടമാര്‍ഗം ഞാന്‍ മുടക്കും!''
മുസ്‌ലിംകള്‍ക്കു നേരെയുള്ള ഖുറൈശികളുടെ ഭീഷണി
അബ്ദുല്ലാഹിബ്‌നു ഉബയ്യും ആളുകളും മക്കയിലെ ശത്രുക്കളുടെ ഭീഷണിക്കനുകൂലമായി പ്രതികരിക്കാന്‍ പിന്നീട് മുമ്പോട്ടു വന്നില്ലെന്നതു ശരി. പക്ഷേ, ശത്രുക്കള്‍ പിന്തിരിയാന്‍ തയാറായിരുന്നില്ല. ഇപ്പോള്‍ യസ്‌രിബില്‍ അഭയം തേടിയ മുസ്‌ലിംകളെയാണ് അവര്‍ ഭീഷണിപ്പെടുത്തുന്നത്. അവര്‍ മുഹാജിറുകള്‍ക്കെഴുതി:
''ഞങ്ങളുടെ പിടിത്തത്തില്‍നിന്ന് രക്ഷപ്പെട്ട് യസ്‌രിബിലെത്തിച്ചേര്‍ന്നു എന്നു കരുതി സന്തോഷിക്കേണ്ടതില്ല. ഞങ്ങള്‍ വരുന്നുണ്ട്. നിങ്ങളെ ഞങ്ങള്‍ മുച്ചൂടും പിഴുതെറിയും. നിങ്ങളുടെ വീടകത്ത് നിങ്ങളുടെ പച്ചപ്പ് ഞങ്ങള്‍ നശിപ്പിക്കും.''
ഇതൊരു കേവല ഭീഷണി മാത്രമായിരുന്നില്ല. അവര്‍ അതുസംബന്ധമായി ചില നീക്കങ്ങള്‍ നടത്തുന്നുമുണ്ടായിരുന്നു. നബി(സ) തന്നെയും കരുതലോടെയാണ് യസ് രിബില്‍ കഴിഞ്ഞുവന്നിരുന്നത്. അതുകൊണ്ട് തന്നെ രാത്രി ഒന്നുകില്‍ ഉറക്കമിളച്ച് കഴിഞ്ഞുകൂടാന്‍ അല്ലെങ്കില്‍ പാറാവുകാരുടെ കാവലില്‍ കഴിയാന്‍ അവിടുന്ന് നിര്‍ബന്ധിതനായി. നബി പത്‌നി ആഇശ(റ) ഇക്കാര്യം പറയുന്നുണ്ട്.
''മദീനയില്‍ വന്ന ആദ്യനാളുകളില്‍ രാത്രി കാലത്ത് ഒരിക്കല്‍ അല്ലാഹുവിന്റെ ദൂതന്‍ ഉറക്കിളച്ചു. അവിടുന്ന് പറഞ്ഞു: എന്റെ അനുചരന്മാരില്‍ ഒരു നല്ല വ്യക്തി ഈ രാത്രി എനിക്ക് കാവലിരിക്കാന്‍ വന്നെങ്കില്‍.''
അവര്‍ പറയുന്നു: അങ്ങെനയിരിക്കെ ഞങ്ങള്‍ ആയുധത്തിന്റെ കൂട്ടിയുരസല്‍ ശബ്ദം കേട്ടു. അവിടുന്ന് ചോദിച്ചു:
'ആരാണത്?'
അയാള്‍ പറഞ്ഞു: 'അബൂ വഖ്ഖാസ്വിന്റെ മകന്‍ സഅ്ദ്.'
അവിടുന്ന് ചോദിച്ചു: 'എന്താണ് ഈ സമയത്ത്?'
അദ്ദേഹം പറഞ്ഞു: 'അല്ലാഹുവിന്റെ ദൂതരുടെ കാര്യത്തില്‍ എനിക്ക് ഭയാശങ്ക തോന്നി. അദ്ദേഹം അങ്ങയെ കാക്കാന്‍ വേണ്ടി വന്നതാണ്.'
അല്ലാഹുവിന്റെ ദൂതര്‍ അദ്ദേഹത്തിനുവേണ്ടി പ്രാര്‍ഥിച്ചു. തുടര്‍ന്ന് അവിടുന്ന് ഉറങ്ങുകയും ചെയ്തു. ഏതെങ്കിലും ഒറ്റപ്പെട്ട രാത്രികളില്‍ ഒന്നായിരുന്നില്ല ഈ കാവല്‍. ഒരു സ്ഥിരം ഏര്‍പ്പാടായിരുന്നു. ''ശത്രുജനങ്ങളില്‍നിന്നു നിന്നെ അല്ലാഹു സംരക്ഷിക്കുന്നതായിരിക്കും'' എന്ന ഖുര്‍ആനിക പ്രഖ്യാപനം വരുന്നതുവരെ അത് തുടര്‍ന്നു. ഈ വചനം ഇറങ്ങിയപ്പോള്‍ കിടപ്പുമുറിയില്‍നിന്ന് തല പുറത്തു കാണിച്ചുകൊണ്ട് അവിടുന്ന് പറഞ്ഞു: ''ജനങ്ങളേ, പിരിഞ്ഞു പോയിക്കൊള്ളുക. അല്ലാഹു എനിക്ക് സംരക്ഷണം ഉറപ്പ് നല്‍കിയിട്ടുണ്ട്.''
നബി(സ)യുടെ മാത്രം അവസ്ഥയായിരുന്നുവോ ഇത്? ആയിരുന്നില്ലെന്ന് ചരിത്രം. അനുചരന്മാര്‍ അന്തിയുറങ്ങിയിരുന്നത് ആയുധം കൈയില്‍ കരുതിക്കൊണ്ടായിരുന്നു.
ഈ ഘട്ടത്തിലും ശത്രുവിനെതിരില്‍ യുദ്ധം ചെയ്യുന്നതു സംബന്ധിച്ച് നബി(സ) ചിന്തിച്ചിരുന്നേയില്ല. എങ്ങനെ തനിക്കും അനുചരന്മാര്‍ക്കും സുരക്ഷിതരായി കഴിയാം എന്നതുമാത്രമായിരുന്നു ചിന്ത. ഈ സന്ദിഗ്ധതക്കൊടുവിലാണ് മര്‍ദിതരെന്ന കാരണത്താല്‍ യുദ്ധം ചെയ്തുകൊള്ളുക എന്ന അനുവാദവുമായി ഖുര്‍ആന്‍ (അല്‍ഹജ്ജ് 39) അവതരിക്കുന്നത്.
أُذِنَ لِلَّذِينَ يُقَاتَلُونَ بِأَنَّهُمْ ظُلِمُواۚ وَإِنَّ اللَّهَ عَلَىٰ نَصْرِهِمْ لَقَدِيرٌ
'യുദ്ധത്തിനിരയാകുന്നവര്‍ക്ക് അവര്‍ മര്‍ദിതരായതിനാല്‍ (തിരിച്ചടിക്കാന്‍) അനുവാദം നല്‍കപ്പെട്ടിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹു അവരെ സഹായിക്കാന്‍ കഴിവുള്ളവന്‍ തന്നെയാകുന്നു.'
ഇത്തരം ഭീഷണി സാഹചര്യങ്ങളില്‍ ഒരു രാഷ്ട്രത്തിന് ചെയ്യാവുന്നതെന്താണ്? ബാഹ്യഭീഷണി കണ്ടില്ലെന്നു നടിക്കണമോ?
സ്വയം നശിക്കാനുദ്ദേശിച്ച ആളുകള്‍ക്ക് അല്ലാതെ അത്തരമൊരു നിലപാട് കൈക്കൊള്ളാനാവുകയില്ല. അപ്പോള്‍ പിന്നെ ചെയ്യാനുള്ളത് സുരക്ഷയുടെ മാര്‍ഗം ആരായുകയാണ്. പ്രതിരോധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുകയാണ്. അതും ഒറ്റയടിക്ക് ചെയ്യാവുന്നതല്ല. അവിടെയാണ് മുഹമ്മദിലെ (സ) രാഷ്ട്രനായകന്‍ ഉണര്‍ന്നെണീക്കുന്നത്. രണ്ടു മൂന്നു കാര്യങ്ങളാണ് ഈ രംഗത്ത് അദ്ദേഹം കൈക്കൊണ്ടത്. അനുയായികള്‍ക്ക് ആയുധപരിശീലനത്തിന് നിര്‍ദേശം നല്‍കുകയും പ്രചോദനമേകുകയുമാണ് ഒന്ന്. അവിടെയാണ് സായുധ സജ്ജരാകാന്‍ ഖുര്‍ആന്‍ നിര്‍ദേശിക്കുന്നത്.
وَأَعِدُّوا لَهُم مَّا اسْتَطَعْتُم مِّن قُوَّةٍ وَمِن رِّبَاطِ الْخَيْلِ تُرْهِبُونَ بِهِ عَدُوَّ اللَّهِ وَعَدُوَّكُمْ وَآخَرِينَ مِن دُونِهِمْ لَا تَعْلَمُونَهُمُ اللَّهُ يَعْلَمُهُمْۚ
''പരമാവധി അവരെ നേരിടാന്‍ ശക്തിയും അശ്വസൈന്യപാറാവുമൊരുക്കുക. അതുവഴി അല്ലാഹുവിന്റെ ശത്രുക്കളെ, നിങ്ങളുടെയും ശത്രുക്കളെ ഭയപ്പെടുത്താനാണത്. അവരല്ലാത്ത മറ്റു ചിലരെയും ഭയപ്പെടുത്താന്‍. അവരെ നിങ്ങള്‍ക്കറിയില്ല. അല്ലാഹുവിന് അവരെ അറിയാം...'' (അന്‍ഫാല്‍: 60)
ശത്രുവിനെ കൊന്നൊടുക്കാന്‍ എന്നല്ല, ഖുര്‍ആന്‍ ഇവിടെ പറയുന്നത് 'ഭയപ്പെടുത്താന്‍' എന്നാണെന്നത് ഏറെ ശ്രദ്ധേയമാണ്. ശത്രുവിനെയായാലും കൊന്നൊടുക്കുക എന്നത് ഇസ് ലാമിന്റെ ലക്ഷ്യമല്ല, നയവുമല്ല എന്നാണ് ഈ സൂക്തം വ്യക്തമാക്കുന്നത്.
അതിര്‍ത്തി പ്രദേശങ്ങളിലും ചുറ്റുഭാഗത്തും നിരീക്ഷണമേര്‍പ്പെടുത്തുകയാണ് മറ്റൊന്ന്. ശത്രുവിന്റെ നീക്കങ്ങളറിയാന്‍ അത് അനിവാര്യമാണ്. ഈ ആവശ്യം മുമ്പില്‍ വെച്ചാണ് പ്രവാചകന്‍ (സ) 'സരിയ്യ' എന്ന പേരിലറിയപ്പെടുന്ന ചെറിയ ചെറിയ നിരീക്ഷണ സംഘങ്ങളെ പരിസരപ്രദേശങ്ങളിലേക്കയച്ചുകൊണ്ടിരുന്നത്. അയല്‍പക്ക ഗോത്രങ്ങളുമായി സൗഹൃദം സ്ഥാപിക്കുകയും അവരുമായി കരാറിലേര്‍പ്പെടുകയുമാണ് മറ്റൊന്ന്. നാലാമത്തെയും അതീവപ്രധാനവുമായ മറ്റൊന്ന് യുദ്ധത്തിന്റെ ഒരുക്കങ്ങള്‍ക്കായി ശത്രുക്കള്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് തടയിടുക എന്നതാണ്. ആ ശ്രമം തങ്ങളുടെ പരിസരത്തു കൂടി വേണ്ട എന്ന് ശത്രുവിനെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. ഖുറൈശികളുടെ കച്ചവട സംഘങ്ങള്‍ക്കു മുമ്പില്‍ കടമ്പകള്‍ സൃഷ്ടിക്കാനും വേണ്ടി വന്നാല്‍ അത്തരം ഖാഫിലകളെ പിടികൂടാനും നടത്തിയ ശ്രമം ഇതിന്റെ ഭാഗമാണ്. മക്കാനിവാസികളെ പട്ടിണിക്കിടുകയായിരുന്നില്ല അതിന്റെ ഉദ്ദേശ്യം. അവരെ പട്ടിണിക്കിട്ടു കൊല്ലലായിരുന്നു ഉദ്ദേശ്യമെങ്കില്‍ മക്കയില്‍ കൊടുംക്ഷാമമനുഭവപ്പെട്ടപ്പോള്‍ മദീനയില്‍നിന്നു ഭക്ഷണസാധനങ്ങള്‍ ശേഖരിച്ച് മക്കയിലേക്ക് അയക്കുമായിരുന്നില്ലല്ലോ അദ്ദേഹം.
യഹൂദരുമായുള്ള പ്രശ്‌നം എന്തായിരുന്നു എന്നത് ഇതുമായി ബന്ധപ്പെടുത്തി വേണം വായിക്കാന്‍. അവരുമായി നബി(സ) ഒപ്പിട്ട കരാറിന്റെ കാര്യം നാം നടേ പറഞ്ഞു. ഈ കരാറുണ്ടായിരിക്കേ തന്നെയാണ് അവര്‍ അദ്ദേഹത്തോട് ശത്രുത പുലര്‍ത്തിയത്. അത് പരസ്യമായി പ്രകടിപ്പിക്കാന്‍ അവര്‍ക്ക് തല്‍ക്കാലം പ്രയാസമുണ്ട്. അതിനാല്‍ അവര്‍ ചെയ്തത് ഇസ് ലാമിന്റെയും നബിയുടെയും മക്കയിലെ ശത്രുക്കളുമായി ബന്ധപ്പെടുകയാണ്. പ്രവാചകനെതിരില്‍ അവരില്‍ കൂടുതല്‍ വിദ്വേഷമുണ്ടാക്കാന്‍ പ്രവര്‍ത്തിക്കുക, യുദ്ധത്തിന് പ്രചോദനം നല്‍കുക, പ്രവാചകനെ ദുഷ്‌കീര്‍ത്തിപ്പെടുത്തുംവിധം സംസാരിക്കുക.... ഖുറൈശികളുമായി ഏറ്റുമുട്ടി നബി(സ)യും മുസ് ലിംകളും തോറ്റമ്പുമ്പോള്‍ ആ പഴുതിലൂടെ കയറി അടിക്കാം. അതായിരുന്നു അവരുടെ ദുഷ്ടലാക്ക്.
(തീര്‍ന്നില്ല)