സത്യനിഷേധികളുടെ സല്‍ക്കര്‍മങ്ങള്‍ പരലോകത്ത് പ്രയോജനപ്പെടുമോ? 2/3
മുഅ്തസ്സുല്‍ ഖത്വീബ്
'അമുസ്‌ലിംകള്‍ക്ക് കാരുണ്യത്തിനും പാപമോചനത്തിനും വേണ്ടി പ്രാര്‍ഥിക്കാമോ?' എന്ന ലേഖനത്തില്‍, സത്യനിഷേധികള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുന്നത് നിരുപാധികം നിഷിദ്ധമാണെന്ന ഇജ്മാഅ് ഉണ്ടെന്ന വാദം ശരിയല്ലെന്ന് നാം പരിശോധിച്ചു കഴിഞ്ഞു. വിഷയം അഭിപ്രായ വ്യത്യാസമുള്ളതാണെന്നും പൊതുജനങ്ങള്‍ തദ്വിഷയകമായി വസ്തുതകള്‍ മനസ്സിലാക്കിയിട്ടില്ലെന്നും നാം കണ്ടു. പൊതുവെ മറയത്തു നില്‍ക്കുന്ന വീക്ഷണം പുറത്തുകൊണ്ടു വരികയും ഈ വിഷയകമായ അഭിപ്രായ വ്യത്യാസം ശക്തവും പഴയതുമാണെന്നും പറയുകയും ചെയ്തുകഴിഞ്ഞു. തഫ്‌സീര്‍, ഹദീസ് വിശദീകരണ ഗ്രന്ഥങ്ങളും ഫിഖ്ഹീ മദ്ഹബുകളും ആഴത്തില്‍ പരിശോധിക്കാതെ ഉപരിപ്ലവമായി മാത്രം നോക്കി എത്തിച്ചേരുന്ന കണ്ടെത്തലുകള്‍ വസ്തുനിഷ്ഠമാവില്ല.
എന്റെ ലേഖനം ശൈഖ് യൂസുഫുല്‍ ഖറദാവിയെ സംരക്ഷിക്കാനാണെന്ന ചിലരുടെ ധാരണ കൗതുകമായിരിക്കുന്നു. ചില സലഫികള്‍, സത്യനിഷേധികള്‍ക്കു വേണ്ടി പ്രാര്‍ഥിക്കുന്നത് നിഷിദ്ധമാണെന്ന വാദത്തെ ഞാന്‍ സലഫി ചിന്തയുമായി മാത്രം ബന്ധപ്പെടുത്തിയതായി ധരിച്ചുവശായിരിക്കുന്നു.
സത്യത്തില്‍ എന്റെ ലേഖനം ഖറദാവിക്ക് വേണ്ടിയുള്ള പ്രതിരോധമോ ശൈഖ് അല്‍ബാനിക്കുള്ള വിമര്‍ശനമോ ആയിരുന്നില്ല (ഇരുവരെയും ഞാന്‍ നേരത്തെ നിരൂപണം ചെയ്തിട്ടുണ്ടെന്നത് മറ്റൊരു കാര്യം). എന്റെ ലേഖനത്തിലൊരിടത്തും ഈ വിഷയം സലഫി ചിന്തയുടെ ഉല്‍പന്നമാണെന്ന് വാദിച്ചിട്ടില്ല. ഇവ്വിഷയകമായ അഭിപ്രായ വ്യത്യാസം വളരെ പഴയതും ഇപ്പോഴും തുടരുന്നതും ചര്‍ച്ചകളാല്‍ സമ്പന്നവുമാണെന്നതാണ് വസ്തുത.
നൂറ്റാണ്ടുകളായി തുടരുന്ന സൈദ്ധാന്തിക ചര്‍ച്ചകളെ പ്രായോഗികവും ദൈനംദിനവുമായ അനുഭവങ്ങളുമായി ബന്ധപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പോപ്പിനു വേണ്ടിയുള്ള ശൈഖ് ഖറദാവിയുടെ പ്രാര്‍ഥനയെ മുന്‍നിര്‍ത്തി ചില കാര്യങ്ങള്‍ മുന്നില്‍ വെച്ചത്. യഥാര്‍ഥത്തില്‍ ഈ ചര്‍ച്ചക്ക് നമ്മുടെ പ്രായോഗിക ജീവിതവുമായി മാത്രമല്ല, വര്‍ത്തമാനകാല ചര്‍ച്ചകള്‍ സമ്പന്നമാക്കുന്നതിലും വലിയ സംഭാവനകള്‍ അര്‍പ്പിക്കാന്‍ കഴിയും. വിഷയം ഇഖ്‌വാനീ/സലഫീ, ഖറദാവി/അല്‍ബാനി എന്നതല്ല. അതിന് വചനശാസ്ത്രപരവും കര്‍മശാസ്ത്രപരവുമായ ചില മാനങ്ങളുണ്ട്, വ്യത്യസ്തമായ വ്യാഖ്യാന സാധ്യതകളുണ്ട്. നമ്മുടെ മഹാ ഗ്രന്ഥശേഖരങ്ങളില്‍നിന്ന് ല ളിതമായി മനസ്സിലാക്കാവുന്ന വിധം ചില ധൈഷണികാഭ്യാസങ്ങള്‍ എന്നു വേണമെങ്കില്‍ ഈ ശ്രമത്തെ വിശേഷിപ്പിക്കാം. വിഷയവുമായി ബന്ധപ്പെട്ട് ഉന്നതമായ ചോദ്യങ്ങളുടെ ആഴം, പൊതു അന്തരീക്ഷത്തില്‍ മേധാവിത്വം സ്ഥാപിക്കുന്ന ഒരു വശത്ത് തീവ്രവും മറുവശത്ത് കുടുസ്സുമായ ചിന്താഗതികളില്‍നിന്നും നിലവിലെ ആശയസംഘര്‍ഷങ്ങളില്‍നിന്നും അകലം പാലിച്ചും വചനശാസ്ത്രപരവും കര്‍മശാസ്ത്രപരവുമായ പൈതൃകം എത്രമാത്രം വിശാലമാണെന്ന് പരിശോധിക്കുകയാണ് ലേഖനോദ്ദേശ്യം.
മുന്‍ ലേഖനത്തില്‍ സംഗ്രഹിച്ചു സമര്‍ഥിക്കാന്‍ ഉദ്ദേശിച്ചത് ഇത്രയുമാണ്: ചുരുങ്ങിയപക്ഷം ഒരു വിഭാഗം പണ്ഡിതന്മാരെങ്കിലും ശിര്‍ക്കും കുഫ്‌റും ഒഴികെയുള്ള പാപങ്ങള്‍ സത്യനിഷേധികള്‍ക്ക് പൊറുത്തു കൊടുക്കാന്‍ പ്രാര്‍ഥിക്കാമെന്ന പക്ഷക്കാരാണ്. ശാഫിഈ മദ്ഹബിലെ പ്രബലാഭിപ്രായം ഇതാണെന്നാണ് സമര്‍ഥിക്കാന്‍ ശ്രമിച്ചിട്ടുള്ളത് (ഈ വീക്ഷണം ശാഫിഈ മദ്ഹബില്‍ പരിമിതമല്ലെങ്കിലും).
ലേഖനം ഉയര്‍ത്തുന്ന മൂന്നു ചോദ്യങ്ങള്‍
1. വിഷയത്തെക്കുറിച്ച് എന്റെ നിരൂപണ നിലപാടെന്ത് എന്ന് ഞാന്‍ വിശദീകരിച്ചിട്ടില്ല. ഉള്ളതായി അറിയാതിരിക്കുകയോ അറിയില്ലെന്ന് നടിക്കുകയോ ചെയ്യുന്ന തരം ശക്തമായ അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്നുണ്ടെന്ന് സ്ഥാപിക്കുകയാണ് പ്രഥമോദ്ദേശ്യം. അഭിപ്രായ വ്യത്യാസം സംബന്ധിച്ച ധാരാളം രേഖകള്‍ കൈവശമുണ്ട്. അവ അവതരിപ്പിക്കാതെ വാദം ശക്തമായി ഊന്നുകയാണുണ്ടായത്.
2. സത്യനിഷേധികളുടെ ശിര്‍ക്കിനും കുഫ്‌റിനും താഴെയുള്ള പാപങ്ങള്‍ പൊറുത്തുകൊടുക്കാന്‍ പ്രാര്‍ഥിക്കാമെന്നതിനുള്ള തെളിവുകള്‍ ലേഖനത്തില്‍ ഇപ്പോള്‍ നിരത്തിയിട്ടില്ല (അത് അടുത്ത ലേഖനത്തിന്റെ വിഷയമാണ്). ഫിഖ്ഹ് ഗ്രന്ഥങ്ങളുടെ പൊതുരീതി തെളിവുകള്‍ പറയാതെ വിധികള്‍ പറയുക എന്നതാണ്. ഒന്നാമത്തെ ലേഖനത്തില്‍ ഇവ്വിഷയകമായി അഭിപ്രായവ്യത്യാസങ്ങളുണ്ടെന്ന് സ്ഥാപിക്കുകയെ ഉദ്ദേശിച്ചിട്ടുള്ളൂ.
3. വിഷയത്തിന്റെ സ്വഭാവമൂല്യപരമായ മാനങ്ങള്‍ ഇവിടെ ചര്‍ച്ചയായിട്ടില്ല (അത് മറ്റൊരു ലേഖനമായി എഴുതണമെന്നുണ്ട്).
സത്യനിഷേധിയുടെ സല്‍ക്കര്‍മങ്ങള്‍ വീക്ഷണങ്ങള്‍ വിലയിരുത്തുമ്പോള്‍
സത്യനിഷേധികള്‍ക്കു വേണ്ടിയുള്ള പ്രാര്‍ഥന എന്ന തലത്തേക്കാള്‍, വിശാലമായ അവരുടെ ഭൗതികവും പാരത്രികവുമായ നന്മക്കു വേണ്ടിയുള്ള പ്രാര്‍ഥനയുടെ പ്രചോദനമായി വര്‍ത്തിക്കുന്ന അവരുടെ സല്‍ക്കര്‍മങ്ങളുടെ മൂല്യം എന്താണെന്നു നിര്‍ണയിക്കുകയാണ് ഈ ലേഖനത്തിലൂടെ ഉദ്ദേശിക്കുന്നത്. സത്യനിഷേധികളുടെ കര്‍മങ്ങളുടെ മൂല്യനിര്‍ണയം ദൈവികനീതി എന്ന അടിസ്ഥാന തത്ത്വത്തിലൂന്നിയാവേണ്ടതുണ്ട്. ഇത് വിഷയത്തിന്റെ മൂല്യപരമായ മാനങ്ങളിലേക്ക് വഴിതെളിയിക്കും.
സത്യനിഷേധികള്‍ക്ക് തങ്ങളുടെ സല്‍ക്കര്‍മങ്ങള്‍ പ്രയോജനപ്പെടില്ല എന്നത്രെ ഖാദി ഇയാദിന്റെ പക്ഷം.
قد انعقد الإجماع على أن الكفار لا تنفعهم أعمالهم ولا يثابون عليها بنعيم ولا تخفيف عذاب، لكن بعضهم أشد عذابًا من بعض بحسب جرائمهم
''സത്യനിഷേധികള്‍ക്ക് അവരുടെ പ്രവര്‍ത്തനങ്ങള്‍ പ്രയോജനപ്പെടില്ല. പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിഫലമായി ശിക്ഷ ലഘൂകരിക്കുകയോ സൗഖ്യം നല്‍കുകയോ ചെയ്യുന്നതല്ല. എന്നാല്‍ കുറ്റകൃത്യങ്ങളുടെ തോതനുസരിച്ച് ചിലര്‍ക്ക് മറ്റു ചിലരേക്കാള്‍ കൂടുതല്‍ ശിക്ഷ ലഭിക്കും.''
ഖാദി ഇയാദിന്റെ വാദം ഉണര്‍ത്തുന്ന രണ്ട് പ്രശ്‌നങ്ങള്‍
1. സത്യനിഷേധികള്‍ക്ക് അവരുടെ സല്‍ക്കര്‍മങ്ങള്‍ പ്രയോജനപ്പെടില്ലെന്ന് ഇജ്മാഉണ്ടെന്ന ഖാദി ഇയാദിന്റെ വാദം ശരിയല്ല. കാരണം ഈ വിഷയം അദ്ദേഹത്തിന് മുമ്പും അദ്ദേഹം ജീവിച്ചിരുന്ന കാലത്തും ശേഷവും വിവാദവിധേയമാണ് (ഇത് ശേഷം വിശദീകരിക്കുന്നുണ്ട്). അല്ലാമ ശിഹാബുദ്ദീന്‍ ഖഫാജി (ഹി. 1069), അല്ലാമ ശിഹാബുദ്ദീന്‍ ആലൂസി (ഹി. 1270) മുതലായവര്‍ ഇജ്മാഅ് വാദം ചോദ്യം ചെയ്തവരാണ്.
2. പരസ്പര ബന്ധമുള്ള രണ്ടു വിഷയങ്ങള്‍ വേറിട്ടാണ് ഖാദി ഇയാദ് ചര്‍ച്ച ചെയ്യുന്നത്. ഒന്ന്: സത്യനിഷേധികളുടെ പ്രവര്‍ത്തനങ്ങള്‍ മൂല്യരഹിതമാണ്. രണ്ട്: പരലോകത്ത് സത്യനിഷേധികളുടെ പദവികള്‍ വ്യത്യസ്തമാണ്. അതുകൊണ്ടുതന്നെ ഈ വാദം സന്ദേഹമുളവാക്കാന്‍ പര്യാപ്തമാണ്. കാരണം, പ്രവര്‍ത്തനങ്ങള്‍ വ്യത്യസ്തമായതുകൊണ്ടാണല്ലോ പരലോകത്ത് അവരുടെ പദവികള്‍ വ്യത്യസ്തമാകുന്നത്. ദുന്‍യാവിലെ അവരുടെ ജീവിതവും കര്‍മങ്ങളും തന്നെയാണ് പദവി അന്തരങ്ങളുടെയും നിദാനം. അന്‍വറുല്‍ കശ്മീരിയുടെ താഴെ പ്രസ്താവന പ്രസക്തമാവുന്നത് ഈ പശ്ചാത്തലത്തിലാണ്.
لا أعرف وجهًا للتفاوت بين كافر وكافر في دركات جهنم إلا التفاوت بين أعمالهما
'ഒരു സത്യനിഷേധിയും മറ്റൊരു സത്യനിഷേധിയും നരകത്തിലെ ശിക്ഷാ നിലകളില്‍ വ്യത്യസ്തരാവുന്നതിന് അവരുടെ കര്‍മങ്ങളുടെ അന്തരമല്ലാതെ മറ്റൊരു ന്യായീകരണവും ഞാന്‍ കാണുന്നില്ല.'
ഖാദി ഇയാദിന്റെ ജീവിതകാലത്തിനു മുമ്പേ ഈ വിഷയകമായി അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. ഉദാഹരണമായി, ശാഫിഈ ഹദീസ് പണ്ഡിതന്മാരായ അബൂ അബ്ദില്ല അല്‍ ഹലീമി (ഹി. 403), സത്യനിഷേധികളുടെ കര്‍മങ്ങള്‍ അന്ത്യനാളില്‍ ചിതറപ്പെട്ട ധൂളിയായി മാറും അഥവാ നിഷ്ഫലമാവും എന്ന വാദക്കാരനായിരുന്നു. അതേസമയം അദ്ദേഹത്തിന്റെ ശിഷ്യന്‍ അബൂബക്ര്‍ അല്‍ ബൈഹഖി (ഹി. 458) ഈ വിഷയത്തില്‍ അഭിപ്രായവ്യത്യാസമുണ്ടെന്ന പക്ഷക്കാരനാണ്. സത്യനിഷേധികളുടെ പ്രവര്‍ത്തനങ്ങള്‍ നിഷ്ഫലമാണെന്നു മാത്രമേ ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുള്ളൂ എന്നാണ് ബൈഹഖി പറഞ്ഞത് (തന്റെ ഗുരുവിനെക്കുറിച്ചാവാം അദ്ദേഹം ഇങ്ങനെ പറഞ്ഞത്). ബൈഹഖി എഴുതിയത് കാണുക.
وقد يجوز أن يكون حديث بن جدعان وما ورد من الآيات والأخبار في بطلان خيرات الكافر إذا مات على الكفر: ورد في أنه لا يكون لها موقع التخلص من النار وإدخال الجنة، ولكن يُخفف عنه من عذابه الذي يستوجبه على جنايات ارتكبها سوى الكفر؛ بما فعل من الخيرات
''സത്യനിഷേധിയുടെ നന്മകള്‍ നിഷ്ഫലമാണെന്നു സൂചിപ്പിക്കുന്ന ഖുര്‍ആന്‍ സൂക്തങ്ങളും അബ്ദുല്ലാഹിബ്‌നു ജുദ്ആനില്‍നിന്ന് ഉദ്ധരിക്കപ്പെടുന്ന ഹദീസും മറ്റും, സത്യനിഷേധത്തോടെ മരിക്കുന്നയാള്‍ക്ക് നരകത്തില്‍നിന്ന് രക്ഷനേടാനോ സ്വര്‍ഗത്തില്‍ പ്രവേശിക്കാനോ സാഹചര്യമൊരുക്കുകയില്ലെന്നാണ് വ്യക്തമാക്കുന്നത്. അതേസമയം, കുഫ്‌റൊഴികെ ചെയ്ത തെറ്റുകള്‍ക്ക്, അയാള്‍ ചെയ്ത നന്മകളുടെ ഫലമായി അയാള്‍ക്ക് ശിക്ഷയില്‍ ഇളവ് നല്‍കപ്പെടുന്നതായിരിക്കും.''
മാലികീ പണ്ഡിതനായ ഇബ്‌നുല്‍ ഫറസ് (ഹി. 597) എഴുതുന്നു:
وقد اختُلف في الكافر يفعل في حال كفره شيئًا من أفعال البر، كصلة الرحم ونحو ذلك، هل يثاب عليه في الآخرة أم لا؟ على قولين
(സത്യനിഷേധാവസ്ഥയില്‍ സത്യനിഷേധി ചെയ്യുന്ന കുടുംബബന്ധം ചേര്‍ക്കല്‍ പോലുള്ള സല്‍പ്രവൃത്തികള്‍ക്ക് പരലോകത്ത് പ്രതിഫലം ലഭിക്കുമോ ഇല്ലയോ? ഇതു സംബന്ധമായി രണ്ടു വീക്ഷണങ്ങളുണ്ട്. തുടര്‍ന്ന് അദ്ദേഹം എഴുതുന്നു:
والكلام في هذا طويل وفيما ذكرناه غُنية
(ഇതേപറ്റി നീണ്ട ചര്‍ച്ചകള്‍ ഉണ്ടായിട്ടുണ്ട്. നാം പറഞ്ഞതില്‍ ആവശ്യത്തിനു മാത്രമുണ്ട്).
ചുരുക്കത്തില്‍, ഖാദി ഇയാദിനു മുമ്പുള്ളവരും അദ്ദേഹത്തിന്റെ സമകാലീനരും പില്‍ക്കാലക്കാരും തദ്വിഷയകമായ അഭിപ്രായ വ്യത്യാസമുണ്ടെന്ന് സ്ഥാപിച്ചിട്ടുണ്ട്. ഇബ്‌നു റജബില്‍ ഹമ്പലി പറയുന്നു:
وفي إثابته عليها في الآخرة بتخفيف العذاب نزاع مشهور
(ശിക്ഷയില്‍ ഇളവ് നല്‍കിക്കൊണ്ട് സത്യനിഷേധിയുടെ സല്‍ക്കര്‍മങ്ങള്‍ക്ക് പ്രതിഫലം ലഭിക്കുമോ എന്നതില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ തര്‍ക്കമുണ്ടെന്നത് പ്രസിദ്ധമാണ്). ഈ ചര്‍ച്ച വളരെ വൈകിയും തുടര്‍ന്നുപോന്നിട്ടു്.
മാലികീ പണ്ഡിതനായ ശിഹാബുദ്ദീന്‍ നഫ്‌റാവി അല്‍ അസ്ഹരി (ഹി. 1126) ഈ വിഷയകമായി മൂന്ന് അഭിപ്രായങ്ങള്‍ ഉദ്ധരിക്കുന്നുണ്ട്.
“وما عمله من الخير الذي لا يتوقف على نية، (1) فقيل: يُجازى عليه في الدنيا بالتنعيم ومعافاة البدن وكثرة الولد، (2) وقيل في دار العذاب بتخفيف عذاب غير الكفر عنه؛ لأن الصحيح من مذهب مالك كغيره أن الكفار مخاطبون بفروع الشريعة (…) وأما الإيمان فمخاطبون به اتفاقًا، (3) وقيل: لا يجازى منهم في الآخرة على عمل الخير إلا جماعة مخصوصة جاء فيها النص (…) ولعل التخفيف الحاصل لهؤلاء الجماعة إنما هو فيما يستحقونه من العذاب بجنايتهم التي ارتكبوها سوى الكفر، وأما عذاب الكفر فلا يخفف ولا يَفتر ولا يُغفر كما قدمنا”.
(പ്രത്യേക നിയ്യത്തില്ലാതെ സത്യനിഷേധി ചെയ്ത സല്‍ക്കര്‍മത്തെപ്പറ്റി മൂന്നു വീക്ഷണങ്ങളുണ്ട്. 1. ദുന്‍യാവില്‍ അയാള്‍ക്ക് സൗഖ്യവും ശാരീരിക സുഖവും സന്താന വര്‍ധനവും നല്‍കുന്നതായിരിക്കും. 2. കുഫ്‌റൊഴികെയുള്ള തെറ്റുകള്‍ക്ക് ശിക്ഷാ ലഘൂകരണം ലഭിക്കും. മറ്റു മദ്ഹബുകളിലെന്ന പോലെ മാലികീ വീക്ഷണമനുസരിച്ചും സത്യനിഷേധികള്‍ക്ക് ശരീഅത്തിന്റെ ശാഖാ നിയമങ്ങള്‍ പോലും ബാധകമാണ്... സത്യവിശ്വാസം സ്വീകരിക്കാന്‍ അവര്‍ അഭിസംബോധന ചെയ്യപ്പെട്ടിട്ടുന്നെത് ഏവര്‍ക്കും യോജിപ്പുള്ള കാര്യമാണ്. 3. ഖണ്ഡിതമായ പ്രമാണം പരാമര്‍ശിച്ച ഒരു സംഘം ആളുകള്‍ക്ക് മാത്രം അവരുടെ സല്‍ക്കര്‍മം മുന്‍നിര്‍ത്തി പരലോകത്ത് പ്രതിഫലം നല്‍കപ്പെടും... കുഫ്‌റൊഴികെ അവര്‍ ചെയ്ത തെറ്റുകള്‍ക്കാണ് ശിക്ഷയില്‍ ഇളവ് ലഭിക്കുക. എന്നാല്‍, സത്യനിഷേധം എന്ന തെറ്റിന് ശിക്ഷാ ലഘൂകരണം ഉണ്ടാവില്ല. അത് പൊറുക്കപ്പെടില്ല; നാം നേരത്തെ പറഞ്ഞതുപോലെ...).
മേല്‍ ഉദ്ധരണികളെല്ലാം ഇവ്വിഷയകമായി പരിഗണനീയമായ അഭിപ്രായ വ്യത്യാസമുണ്ടെന്ന് വ്യക്തമാക്കുന്നു. സത്യനിഷേധിയുടെ രണ്ട് അവസ്ഥകള്‍ പരിഗണിച്ചുകൊണ്ടാണ് ഈ വീക്ഷണ വ്യത്യാസം നിലനില്‍ക്കുന്നത്.
ഒന്നാമത്തെ അവസ്ഥ: ഇസ്‌ലാം സ്വീകരിച്ച സത്യനിഷേധികളുടെ മുന്‍കാല പ്രവൃത്തികള്‍
സത്യനിഷേധികളുടെ പ്രവര്‍ത്തനങ്ങളെ മൂല്യനിര്‍ണയം നടത്തുന്നത് മൂന്ന് വിഷയങ്ങളെ ആധാരമാക്കിയാണ്. 1. അവരുടെ സല്‍ക്കര്‍മങ്ങളുടെ പരലോകത്തെ പരിണതി. 2. ഇസ്‌ലാം സ്വീകരിക്കുന്നതിന് മുമ്പ് ചെയ്ത തിന്മകളുടെ പരലോകത്തെ പരിണതി. 3. സത്യനിഷേധികളുടെ ഇബാദത്തുകളുടെ ദുന്‍യാവിലെ വിധികള്‍ മുന്‍നിര്‍ത്തിയുള്ള പരിണതി.
ഒന്നാമത്തെ വിഷയമായ, സത്യനിഷേധികളുടെ സല്‍ക്കര്‍മങ്ങളുടെ പരിണതിയെക്കുറിച്ച് അഭിപ്രായാന്തരത്തിന്നാധാരം ഖുര്‍ആന്‍ സൂക്തങ്ങളും ഹദീസുകളും വ്യാഖ്യാനിക്കുന്നതുമായി ബന്ധപ്പെട്ട ഭിന്നതയാണ്. അതായത്, (എ) പ്രവര്‍ത്തനങ്ങള്‍ നിഷ്ഫലമാവാതിരിക്കാനും സ്വീകാര്യമാവാനും പ്രവൃത്തി ചെയ്യുമ്പോള്‍ സത്യവിശ്വാസം ഉപാധിയാണോ? (ബി) പ്രവൃത്തി നടന്ന ശേഷം സത്യവിശ്വാസം ഉണ്ടായാല്‍ മതിയോ? സത്യനിഷേധിയുടെ സല്‍ക്കര്‍മങ്ങള്‍ക്ക് പ്രതിഫലം ലഭിക്കില്ലെന്നു വാദിക്കുന്നവര്‍, പ്രവര്‍ത്തിക്കുമ്പോള്‍ സത്യവിശ്വാസം ഉാവണമെന്ന് നിബന്ധന വെക്കുന്നുണ്ട്. പ്രതിഫലം ലഭിക്കും എന്നു വാദിക്കുന്നവര്‍ പ്രവൃത്തി നടന്ന ശേഷമാണെങ്കിലും മരണത്തിന് മുമ്പായി സത്യനിഷേധി സത്യവിശ്വാസി ആയാല്‍ മതി എന്നു വാദിക്കുന്നവരാണ്.
ഒന്നിലധികം പണ്ഡിതന്മാര്‍ പ്രബല വീക്ഷണമായി അവതരിപ്പിക്കുന്നതനുസരിച്ച് സത്യനിഷേധി ഇസ്‌ലാം സ്വീകരിച്ചാല്‍ അതിനു മുമ്പ് അയാള്‍ ചെയ്ത സല്‍പ്രവൃത്തികള്‍ക്ക് പ്രതിഫലം ലഭിക്കുന്നതായിരിക്കും. ഖുര്‍ത്വുബി പറയുന്നു:
الإسلام إِذا حَسُن هدم ما قبله من الآثام، وأحرز ما قبله من البر
(ഒരാളുടെ ഇസ്‌ലാമാശ്ലേഷം നല്ല രീതിയിലായാല്‍ അതിനു മുമ്പുള്ള പാപങ്ങള്‍ തകര്‍ക്കപ്പെടുകയും പുണ്യം നേട്ടമായി മാറുകയും ചെയ്യും). എന്നാല്‍ ചില ദൈവവചനശാസ്ത്ര വിഭാഗങ്ങളും മറ്റും പറയുന്നത്, 'സത്യനിഷേധാവസ്ഥയിലെ പ്രവര്‍ത്തനങ്ങള്‍ നിഷ്ഫലമാണ്, അവക്ക് ഒരു സാഹചര്യത്തിലും പ്രതിഫലമുണ്ടാവില്ല' എന്നത്രെ.
(الأعمال في حال الكفر حابطة لا ثواب لها بكل حال)
ഈ വിഷയകമായി പ്രമാണങ്ങളെ അവര്‍ 'വിദൂരമായും അസ്വാഭാവികമായും വ്യാഖ്യാനിച്ചു കളഞ്ഞു എന്നാണ് ഇബ്‌നു റജബില്‍ ഹമ്പലി അഭിപ്രായപ്പെട്ടത്.
(تأويلات مستكرهة مستبعدة)
രണ്ടാമത്തെ വിഷമായ തിന്മകളുടെ പരിണതി സംബന്ധിച്ച്:
സത്യനിഷേധി ഇസ്‌ലാം സ്വീകരിച്ചു കഴിഞ്ഞാല്‍ അയാളുടെ മുന്‍കാല നന്മകള്‍ക്ക് പ്രതിഫലം ലഭിക്കുക മാത്രമല്ല, അയാളുടെ മുന്‍കാല പാപങ്ങള്‍ പൊറുക്കപ്പെടുമെന്നുമാണ് ഒരു വിഭാഗം പണ്ഡിതന്മാരുടെ അഭിപ്രായം. ഇബ്‌നു റജബ് എഴുതുന്നു:
وقد وردت أحاديثُ صريحةٌ في أن الكافر إذا أسلم وحَسُنَ إسلامُه تبدَّلت سيئاتُه في الشِّرْك حسنات
(സത്യനിഷേധി ഇസ്‌ലാം സ്വീകരിക്കുകയും ഇസ്‌ലാമാശ്ലേഷം മെച്ചപ്പെട്ട രീതിയില്‍ തുടര്‍ന്നുപോവുകയുമാണെങ്കില്‍ ബഹുദൈവ വിശ്വാസ കാലത്തെ അയാളുടെ തിന്മകള്‍ക്ക് നന്മകള്‍ പകരമായി നല്‍കപ്പെടുന്നതായിരിക്കും). ഇതേക്കുറിച്ച് അല്ലാഹു പറയുന്നു:
فَأُولَٰئِكَ يُبَدِّلُ اللَّهُ سَيِّئَاتِهِمْ حَسَنَاتٍ
(അല്ലാഹു അവരുടെ തിന്മകളെ നന്മകളാക്കി മാറ്റും).
എന്നാല്‍ തിന്മകള്‍ നന്മകളായി മാറ്റപ്പെടുന്നത് എപ്പോഴാണ് എന്നതു സംബന്ധിച്ച് രണ്ട് വീക്ഷണങ്ങളുണ്ട്.
1. മാറ്റം നടക്കുന്നത് ദുന്‍യാവിലാണ്. അതായത് ഒരാള്‍ ഇസ്‌ലാം സ്വീകരിക്കുകയും പശ്ചാത്തപിക്കുകയും ചെയ്യുന്നതോടെ നേരത്തേ ഉായിരുന്ന സത്യനിഷേധത്തിനും പാപങ്ങള്‍ക്കും പകരമായി സത്യവിശ്വാസവും തദനുസൃത സല്‍ക്കര്‍മങ്ങളും പകരം നല്‍കും. അഥവാ നന്നാവാന്‍ അവസരമൊരുക്കും. കൂടുതല്‍ ഖുര്‍ആന്‍ വ്യാഖ്യാതാക്കളും ഈ വീക്ഷണക്കാരാണെന്ന് അത്വാഅ്, ഖതാദ, സുദ്ദീ, ഇക്‌രിമ എന്നിവര്‍ ഇങ്ങനെയാണ് വ്യാഖ്യാനിച്ചിരിക്കുന്നത്. ഹസനുല്‍ ബസ്വ്‌രിയില്‍നിന്നുള്ള പ്രസിദ്ധമായ അഭിപ്രായങ്ങളും ഇതുതന്നെ.
2. മാറ്റം നടക്കുന്നത് പരലോകത്താണ്. അതായത്, ദുന്‍യാവിലെ ഓരോ തെറ്റിനും പരലോകത്ത് നന്മ നല്‍കപ്പെടും. അംറുബ്‌നു മൈമൂന്‍, മക്ഹൂല്‍, ഇബ്‌നുല്‍ മുസയ്യബ് മുതലായവര്‍ ഈ വീക്ഷണക്കാരാണ്.
ഇവിടെ ഒരു ചോദ്യം ഉന്നീതമാവുന്നുണ്ട്. ഓരോ തെറ്റിനും ഓരോ നന്മ നല്‍കപ്പെടും എന്നു പറയുമ്പോള്‍, കുറച്ച് തെറ്റുകള്‍ ചെയ്ത ആളേക്കാള്‍ കൂടുതല്‍ തെറ്റുകള്‍ ചെയ്ത ആള്‍ക്ക് കൂടുതല്‍ നന്മ ലഭിക്കുന്ന അവസ്ഥയുണ്ടാവില്ലേ? ഈ സംശത്തിന് ഇബ്‌നു റജബ് വിശദീകരണം നല്‍കുന്നുണ്ട്. അതിങ്ങനെയാണ്:
إنما التبديلُ في حقِّ مَنْ نَدِمَ على سيئاته وجعلها نصبَ عينيه، فكلما ذكرها ازداد خوفًا ووجلًا وحياء من الله، ومسارعة إلى الأعمال الصالحة المكفرة كما قال تعالى (إِلاَّ مَنْ تَابَ وَآمَنَ وَعَمِلَ عَمَلاً صَالِحًا)، وما ذكرناه كله داخل في العمل الصالح، ومن كانت هذه حاله، فإنَّه يتجرَّعُ من مرارة الندم والأسف على ذنوبه أضعافَ ما ذاق من حلاوتها عند فعلها، ويصيرُ كلُّ ذنبٍ من ذنوبه سببًا لأعمال صالحةٍ ماحية له، فلا يُستنكر بعد هذا تبديل هذه الذنوب حسنات
''ചെയ്ത തെറ്റുകളില്‍ ഖേദിക്കുകയും അത് മുഖ്യ വിഷയമായെടുക്കുകയും ചെയ്യുന്നവരുടെ കാര്യത്തിലാണ് തിന്മകള്‍ നന്മകളായി മാറ്റപ്പെടുക. തെറ്റുകളെ കുറിച്ച് ഓര്‍ക്കുമ്പോഴെല്ലാം അയാള്‍ക്ക് ഭയവും ഉള്‍ക്കിടിലവും അല്ലാഹുവില്‍നിന്നുള്ള ലജ്ജയും വര്‍ധിക്കും.
(പശ്ചാത്തപിക്കുകയും വിശ്വസിക്കുകയും സല്‍ക്കര്‍മം അനുഷ്ഠിക്കുകയും ചെയ്തവരൊഴികെ) എന്ന് അല്ലാഹു പറഞ്ഞതുപോലെ പാപമോചകമായ സല്‍ക്കര്‍മങ്ങളിലേക്ക് മുന്നേറും. ഇത്തരം അവസ്ഥയില്‍ കഴിയുന്ന ആള്‍ തെറ്റുകള്‍ ചെയ്തപ്പോള്‍ സംഭവിച്ച മാധുര്യത്തിന്റെ എത്രയോ ഇരട്ടി ഖേദത്തിന്റെ കൈപുനീര്‍ കുടിച്ചിറക്കുന്നുണ്ടാവും. അയാളുടെ എല്ലാ തെറ്റുകളും തെറ്റുകളെ മായ്ച്ച് കളയുന്ന സല്‍ക്കമങ്ങള്‍ക്ക് കാരണമാവും. ഇങ്ങനെയാവുമ്പോള്‍ തെറ്റുകള്‍ നന്മകളാവുക എന്നത് അസ്വാഭാവികമായി കാണേണ്ടതില്ല.
മൂന്നാമത്തെ വിഷയം സത്യനിഷേധിയുടെ തിന്മയുടെ പരിണതിയാണ്. അതായത്, സത്യനിഷേധിയുടെ ഇബാദത്തുകളുടെ പരിണതി ദുന്‍യവി വിധികളില്‍ എന്തായിരിക്കും? ഉദാഹരണമായി, ഒരാള്‍ ഇസ്‌ലാം സ്വീകരിച്ചാല്‍ അയാള്‍ ഇസ്‌ലാം സ്വീകരിക്കുന്നതിന് മുമ്പ് ചെയ്ത ഇബാദത്തുകള്‍ കര്‍മശാസ്ത്രപരമായി സ്വീകരിക്കപ്പെടുമോ? നവവി പറയുന്നു:
وأما قول الفقهاء: لا يصح من الكافر عبادة، فمرادهم أنه لا يُعتد له بها في أحكام الدنيا، (…) وقد يُعتد ببعض أفعال الكفار في أحكام الدنيا؛ فقد قال الفقهاء: إذا وجب على الكافر كفارة ظهار أو غيرها فكفَّر في حال كفره أجزأه ذلك، وإذا أسلم لم تجب عليه إعادتها. واختلف أصحاب الشافعي -رحمه الله- فيما إذا أجنب واغتسل في حال كفره ثم أسلم، هل تجب عليه إعادة الغسل أم لا؟ وبالغ بعض أصحابنا فقال: يصح من كل كافر كلُّ طهارة من غسل ووضوء وتيمم، وإذا أسلم صلى بها
'സത്യനിഷേധിയില്‍നിന്ന് ഇബാദത്ത് സ്വീകരിക്കപ്പെടുകയില്ലെന്ന് കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ പറഞ്ഞതിന്റെ ഉദ്ദേശ്യം, ദുന്‍യാവിലെ വിധികളില്‍ അത് പരിഗണനീയമല്ല എന്നാണ്.... സത്യനിഷേധികളുടെ ചില പ്രവൃത്തികള്‍ ദുന്‍യവി വിധികളില്‍ പരിഗണിക്കപ്പെടും. ഉദാഹരണമായി, ഒരു സത്യനിഷേധി ളിഹാറിന്റെയോ മറ്റോ പ്രായശ്ചിത്തം സത്യനിഷേധിയായിരിക്കെ ചെയ്താല്‍ അയാള്‍ക്ക് അത് മതിയാവും. ഇസ്‌ലാം സ്വീകരിച്ച ശേഷം അതിന് വീണ്ടും പ്രായശ്ചിത്തം ചെയ്യേണ്ടതില്ല. വലിയ അശുദ്ധിയുള്ള ഒരു സത്യനിഷേധി വലിയ അശുദ്ധിയില്‍നിന്ന് കുളിച്ച് ശുദ്ധിയായ ശേഷം ഇസ്‌ലാം സ്വീകരിച്ചാല്‍ അയാള്‍ വീണ്ടും കുളിക്കേണ്ടതുണ്ടോ? ആ കുളി തന്നെ മതിയോ? ശാഫിഈ മദ്ഹബിലെ ചില പണ്ഡിതന്മാര്‍ പറയുന്നത്, എല്ലാ സത്യനിഷേധികളില്‍നിന്നും കുളി, വുദൂ, തയമ്മും പോലുള്ള എല്ലാ ശുദ്ധികളും സാധുവാകും. ഇസ്‌ലാം സ്വീകരിച്ചാല്‍ അതിന്റെ ബലത്തില്‍ അയാള്‍ക്ക് നമസ്‌കരിക്കാവുന്നതാണ്. എന്നാല്‍ കശ്മീരി, നവവിയുടെ അഭിപ്രായത്തോട് വിയോജിച്ചുകൊണ്ട് പറയുന്നു:
إن (العبادات) لا تعتبرُ أصلًا لا في الدنيا ولا في الآخرة، قال: وما أول به النووي قول الفقهاء ليس بصواب عندي قطعًا
(ഇബാദാത്തുകള്‍ ദുന്‍യാവിലോ പരലോകത്തോ ഒട്ടും പരിഗണിക്കപ്പെടുകയില്ല). നവവി കര്‍മശാസ്ത്രജ്ഞരുടെ വാക്കുകളെ വ്യാഖ്യാനിച്ചത് എന്റെ വീക്ഷണത്തില്‍ ഒട്ടുമെ ശരിയല്ല തന്നെ.
രണ്ടാമത്തെ അവസ്ഥ സത്യനിഷേധിയായി മരിച്ച സത്യനിഷേധിയുടെ സല്‍ക്കര്‍മങ്ങള്‍
ഈ വിഷയകമായി കടുത്ത അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്നുണ്ട്. ചില പണ്ഡിതന്മാരുടെ വീക്ഷണത്തില്‍ സത്യനിഷേധികളുടെ സല്‍ക്കര്‍മങ്ങള്‍ പരലോകത്ത് നിഷ്ഫലമാണ്. ഖുര്‍ആന്‍ സൂക്തങ്ങളെ വ്യാഖ്യാനിക്കാതെ നേര്‍ക്കുനേരെ അവര്‍ മനസ്സിലാക്കുന്നത് അങ്ങനെയാണ്. ഖത്ത്വാബി പറയുന്നു:
رُوِيَ أَن حسنات الكافر إِذا ختم له بالإسلام محتسبة له، فإن مات على كفره كانت هدرًا
(ഇസ്‌ലാം സ്വീകരിച്ചുകൊണ്ടാണ് ഒരാളുടെ ജീവിതാന്ത്യമെങ്കില്‍ സത്യവിശ്വാസിയുടെ സല്‍ക്കര്‍മങ്ങള്‍ പ്രതിഫലാര്‍ഹമായിരിക്കും. സത്യനിഷേധിയായാണ് മരണമെങ്കില്‍ അത് ഫലശൂന്യമായിരിക്കും.) സത്യനിഷേധികളുടെ സല്‍ക്കര്‍മങ്ങള്‍ പരലോകത്ത് നിഷ്ഫലമാണെന്ന് ഇജ്മാഉള്ളതായി സഅ്ദുദ്ദീന്‍ തഫ്തസാനി രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ഇജ്മാഅ് സ്ഥിരപ്പെട്ടതാണെങ്കില്‍ ഇക്കണ്ട ചര്‍ച്ചകളൊന്നും ഉണ്ടാകുമായിരുന്നില്ല. ഇമാം ബൈഹഖി ഇജ്മാഇനെ ഒരു സാധ്യതയായി മാത്രമേ കാണുന്നുള്ളൂ. കര്‍മശാസ്ത്ര- ഹദീസ് പണ്ഡിതനായ അഹ്മദുല്‍ കൂറാനീ (ഹി. 893), കര്‍മശാസ്ത്രകാരനും ഹദീസ് പണ്ഡിതനുമായ അന്‍വര്‍ ഷാ കശ്മീരിയും മറ്റും ഇജ്മാഇനെ സാധ്യതയായെ കാണുന്നുള്ളൂ. കൂറാനി പറയുന്നത് 'പുണ്യ പ്രവൃത്തികള്‍ ശിക്ഷയില്‍ ഇളവ് ലഭിക്കാന്‍ സത്യനിഷേധിയെ സഹായിക്കും' എന്നാണ്
أعمال البر تنفع الكافر في تخفيف العذاب
സൽപ്രവൃത്തി അസ്വീകാര്യമാവുന്നതിന്റെ ന്യായങ്ങള്‍
സത്യനിഷേധിയുടെ കര്‍മങ്ങള്‍ നിഷ്ഫലമാണെന്ന് വാദിക്കുന്നതിന്റെ ന്യായങ്ങള്‍ ഇവയാണ്: സത്യനിഷേധി പ്രത്യക്ഷ്യത്തില്‍ ചെയ്യുന്ന സല്‍ക്കര്‍മത്തിന് പിന്നില്‍ പാരത്രിക പ്രതിഫല പ്രതീക്ഷ ഇല്ല. എന്തുകൊണ്ടെന്നാല്‍ അയാള്‍ക്ക് അല്ലാഹുവില്‍ വിശ്വാസമില്ല. ഇത്തരം അനുസരണാനുഷ്ഠാനങ്ങളിലൂടെയും പുണ്യ പ്രവൃത്തികളിലൂടെയും അയാള്‍ അല്ലാഹുവിനെ അറിഞ്ഞുകൊണ്ടല്ല സമീപിക്കുന്നത്. അതു കാരണം അയാള്‍ സ്വയം സന്നദ്ധനായി നല്ല കര്‍മങ്ങള്‍ ചെയ്യുന്നു എന്നേ പറയാന്‍ കഴിയൂ. ദൈവിക സാമീപ്യം ഉദ്ദേശിച്ചു എന്നു പറയാവതല്ല. അതുകൊണ്ടുതന്നെ അതിനുള്ള അയാളുടെ പ്രതിഫലം ദുന്‍യാവില്‍ മാത്രമായി ഒതുങ്ങും. കാരണം അയാളുടെ കാഴ്ചപ്പാടിന്റെ ചക്രവാളം അത്രയേയുള്ളൂ. അയാള്‍ സ്വന്തത്തിനു തെരഞ്ഞെടുക്കാത്ത ദുന്‍യാവിന്നതീതമായ വിശാലത എങ്ങനെയാണ് അയാള്‍ക്ക് വകവെച്ചു കൊടുക്കാനാവുക. അയാള്‍ പ്രതീക്ഷിച്ച പ്രതിഫലം നീതിയുക്തമായി ദുന്‍യാവില്‍ വെച്ചു തന്നെ അയാള്‍ക്ക് കിട്ടിക്കഴിഞ്ഞു.
സൽപ്രവൃത്തികള്‍ സ്വീകാര്യമാവുന്നതിന്റെ ന്യായങ്ങള്‍
1. സ്വര്‍ഗത്തില്‍ പല പദവികളുണ്ട് എന്ന പോലെ നരകത്തിലും പല പടികളുണ്ട്. കര്‍മങ്ങളുടെ അന്തരമനുസരിച്ച് സത്യനിഷേധികളുടെ നരക നിലവാരത്തിലും വ്യത്യാസമുണ്ടാവും. അത് അല്ലാഹുവിന്റെ നീതിയുടെ തേട്ടമാണ്. കശ്മീരി പറയുന്നു:
ولذا أجمعوا على أن الكافر العادل أخفُّ عذابًا من الكافر الظالم، وكذا عُلم من الشريعة تفاوت دركات العذاب، وليس هذا إلا لنفع الطاعات يسيرًا
'ഈ കാരണത്താല്‍, നീതിമാനായ സത്യനിഷേധിക്ക് അക്രമിയായ സത്യനിഷേധിയേക്കാള്‍ ശിക്ഷ ലഘുവായിരിക്കും. ശിക്ഷയുടെ നിലവാരം വ്യത്യസ്തമായിരിക്കും എന്നത് ശരീഅത്തില്‍നിന്ന് നമുക്ക് മനസ്സിലാവുന്ന കാര്യമാണ്. ഇത് സാധ്യമാവുന്നത് ചെറിയ അളവില്‍ സല്‍ക്കര്‍മങ്ങള്‍ ഉപകാരപ്പെടുന്നതിനാലാണ്.
ഇമാം ഇബ്‌നു തൈമിയ്യ ഇക്കാര്യം പറയുന്നത് ഇങ്ങനെ:
الكفار يتفاضلون في الكفر كما يتفاضل أهل الإيمان في الإيمان (…) فإذا كان في الكفار من خفّ كفره بسبب نصرته ومعونته، فإنه تنفعه شفاعة النبي في تخفيف العذاب عنه لا في إسقاط العذاب بالكلية
'സത്യവിശ്വാസികള്‍ സത്യവിശ്വാസത്തിന്റെ നിലവാരത്തില്‍ എവ്വിധം വ്യത്യസ്തരായിരിക്കുമോ അതുപോലെയുള്ള വ്യത്യാസം സത്യനിഷേധികള്‍ തമ്മിലുമുണ്ടാവും... ഇസ്‌ലാമിനെ സഹായിച്ചതു വഴി സത്യനിഷേധം ലഘുവായ അളവിലുള്ളവര്‍ക്ക് നബി(സ)യുടെ ശഫാഅത്ത് വഴി ശിക്ഷയില്‍ ഇളവ് ലഭിക്കും. അതേസമയം ശിക്ഷ മൊത്തമായി ഇല്ലാതാവില്ല.
2. സത്യനിഷേധികളുടെ കര്‍മങ്ങള്‍ വ്യത്യസ്തമാണ്. അവയില്‍ സത്യവിശ്വാസം വേണ്ടതുണ്ട്, വേണ്ടാത്തവയുമുണ്ട്. സത്യവിശ്വാസം ഇല്ല എന്നതുകൊണ്ടു മാത്രം ഒരു കര്‍മം സല്‍ക്കര്‍മം ആവാതിരിക്കില്ല. സുകൃതമാണെങ്കില്‍ അത് പരിഗണനീയമായിരിക്കും. എങ്കിലും സത്യനിഷേധം എന്ന തെറ്റിന്റെ തട്ടിനു മീതെ സല്‍ക്കര്‍മത്തിന്റെ തട്ട് മികച്ചു നില്‍ക്കില്ല. അതുകൊണ്ടുതന്നെ നരകത്തില്‍നിന്ന് മോചനം സാധ്യമല്ല. അത്രക്ക് വലുതാണ് സത്യനിഷേധം എന്ന പാപം എന്നതാണ് കാരണം.
3. അടിസ്ഥാന വിശ്വാസ കാര്യങ്ങളും വിശദാംശങ്ങളും സത്യനിഷേധികളെയും അഭിസംബോധന ചെയ്യുന്നതിനാല്‍ അവയുടെ എല്ലാം പേരില്‍ അവര്‍ വിചാരണ ചെയ്യപ്പെടും. വിശ്വസിക്കാതിരുന്നതിന്റെയും കല്‍പനകള്‍ നിരാകരിച്ചതിന്റെയും പേരില്‍ അയാള്‍ ചോദ്യം ചെയ്യപ്പെടും. വിചാരണ ചെയ്യപ്പെടുമെന്ന പോലെ ചെയ്ത നന്മയുടെ ബലത്തില്‍ അയാള്‍ക്ക് അതിന്റെ ഫലം ലഭിക്കും, ശിക്ഷ ലഘൂകരിക്കപ്പെടും. അല്ലാമാ ഖഫാജി പറഞ്ഞതുപോലെ, സത്യനിഷേധികള്‍ ഇടപാടുകളിലും കുറ്റങ്ങളിലും അല്ലാഹുവിന്റെ നിയമങ്ങള്‍ ബാധകമായവരാണ് എന്നത് പണ്ഡിതന്മാര്‍ക്കിടയില്‍ യോജിപ്പുള്ള കാര്യമാണ്. അഭിസംബോധന അര്‍ഥപൂര്‍ണമാകണമെങ്കില്‍ അനുസരിച്ചവര്‍ക്ക് പ്രതിഫലവും ധിക്കരിച്ചവര്‍ക്ക് ശിക്ഷയും ലഭിച്ചിരിക്കണം; ഏറ്റവും ചുരുങ്ങിയത് ശിക്ഷയില്‍ ലഘൂകരണമെങ്കിലും.
മുകളില്‍ പറഞ്ഞ അഭിപ്രായ വ്യത്യാസത്തില്‍നിന്ന് സത്യനിഷേധികളുടെ സല്‍ക്കര്‍മങ്ങള്‍ ഒരുപോലെ അല്ലെന്നും അതിന്റെ മൂല്യം നിര്‍ണയിക്കുന്നത് ദുനിയാവിലായാലും പരലോകത്തായാലും സത്യവിശ്വാസം, സത്യനിഷേധം എന്ന ഏക മാനദണ്ഡമല്ലെന്നും വ്യക്തമായി. അതുകൊണ്ട് രണ്ട് ഇനങ്ങളും വേര്‍തിരിച്ചുതന്നെ മനസ്സിലാക്കണം.
1. സത്യവിശ്വാസം നിര്‍ബന്ധമായ കര്‍മങ്ങള്‍
ഇബാദത്തുകള്‍ പോലുള്ള കര്‍മങ്ങള്‍ സ്വീകാര്യമാവാന്‍ സത്യവിശ്വാസം നിര്‍ബന്ധമാണ് (ഇതിന്റെ ന്യായവും അഭിപ്രായ വ്യത്യാസവും മുകളില്‍ വിശദീകരിച്ചു).
2. സത്യവിശ്വാസം നിര്‍ബന്ധമല്ലാത്ത കര്‍മങ്ങള്‍
മിക്ക സുകൃതങ്ങളും പുണ്യ പ്രവൃത്തികളും ഈ ഗണത്തിലാണ് വരിക. വിവേകം, കുടുംബബന്ധം ചേര്‍ക്കല്‍, ദാനധര്‍മം മുതലായവ ഉദാഹരണം. ഈ വിഷയകമായ അഭിപ്രായ വ്യത്യാസം അവ പ്രതിഫലാര്‍ഹമാണോ എന്നതിനെക്കുറിച്ചല്ല, അതായത് ദുന്‍യാവിലാണോ പ്രതിഫലം ലഭിക്കുക അതോ ദുന്‍യാവിലെന്ന പോലെ പരലോകത്തും പ്രതിഫലം ലഭിക്കുമോ? ഈ വിഷയകമായ ഏറ്റവും പ്രബലമായ അഭിപ്രായം ഈ ഇനം സല്‍ക്കര്‍മങ്ങള്‍ പരിഗണനീയമാണെന്നാണ്. കശ്മീരി എഴുതുന്നു.
الطاعات والقربات كلها نافعة للكافر
(പുണ്യപ്രവൃത്തികളും സല്‍ക്കര്‍മങ്ങളും സത്യനിഷേധിക്ക് പ്രയോജനപ്പെടുന്നതായിരിക്കും) നരകശിക്ഷയില്‍നിന്ന് മോചനം സാധ്യമല്ലെങ്കിലും ശിക്ഷയുടെ ലഘൂകരണത്തിനു സഹായകമാവും. നരകത്തില്‍നിന്ന് രക്ഷപ്പെടണമെങ്കില്‍ സത്യവിശ്വാസം തന്നെ വേണം (അന്ത്യനാളില്‍ പ്രതിബന്ധം സ്വീകരിക്കപ്പെടുന്നവരെ സംബന്ധിച്ച് വേറെ പഠനം വേണം).
ഇതുവരെയുള്ള എല്ലാ ചര്‍ച്ചകളുടെയും വാദങ്ങളുടെയും സ്രോതസ്സുകള്‍ ഖുര്‍ആനും ഹദീസുമാണ്. കാരണം, അവയെല്ലാം അദൃശ്യവിഷയങ്ങളാണ്. അല്ലാഹുവും നബി(സ)യും തന്നെ അവ നമുക്ക് വിശദീകരിച്ചുതരണം.
സത്യനിഷേധിയുടെ സല്‍ക്കര്‍മങ്ങളെക്കുറിച്ച കാര്യങ്ങള്‍ മുകളില്‍ പറഞ്ഞതു പ്രകാരമാണെങ്കില്‍ അയാളുടെ ദുഷ്‌കര്‍മങ്ങളെക്കുറിച്ച് നിലപാടെന്തായിരിക്കും? പ്രമാണങ്ങള്‍ പറയുന്നത്, (എ) സത്യനിഷേധം പൊറുക്കപ്പെടില്ല (ബി) കുഫ്‌റ് മാറ്റിനിര്‍ത്തിയാല്‍ അയാളുടെ സല്‍പ്രവൃത്തികള്‍ അല്ലാഹുവിന്റെ ഇഛക്ക് വിധേയമായിരിക്കും എന്നതാണ് അടിസ്ഥാന വസ്തുത. അതുകൊണ്ടുതന്നെ, സത്യനിഷേധിക്ക് ശിക്ഷാ ലഘൂകരണവും വിട്ടുവീഴ്ചയും നല്‍കുക എന്ന നിലപാടിലെ അല്ലാഹുവിന്റെ ഇഛയെ മുന്‍നിര്‍ത്തി അല്ലാഹുവോട് പ്രാര്‍ഥിക്കുക എന്ന അര്‍ഥത്തില്‍ സത്യനിഷേധിക്കു വേണ്ടി ദുആ ചെയ്യുന്നത് അനുവദനീയമാണെന്ന് മനസ്സിലാക്കാം.
വചനശാസ്ത്ര-കര്‍മശാസ്ത്ര ശാഖകളില്‍ സങ്കീര്‍ണ ചര്‍ച്ചകള്‍ക്ക് വിധേയമാവുന്നതാണ് ഇവിടെ സംക്ഷിപ്തമായി കൈകാര്യം ചെയ്ത ഈ വിഷയം. ഖുര്‍ആനെ മുന്‍നിര്‍ത്തിയുള്ള ഉപരിപ്ലവമാത്ര വായനകള്‍ സംശയങ്ങള്‍ക്കിടവരുത്തും. ഖുര്‍ആനും സുന്നത്തും മുന്നോട്ടുവെക്കുന്ന ഈ വിഷയകമായ പൊതു ആശയത്തെ വ്യാഖ്യാനിക്കേണ്ടതെങ്ങനെ? നിലവിലെ യാഥാര്‍ഥ്യങ്ങളുമായി പൊരുത്തപ്പെടുംവിധം പ്രയോഗവത്കരിക്കേണ്ടതെങ്ങനെ? എന്നതിനെ ചൊല്ലിയാണ് എല്ലാ ചര്‍ച്ചകളും. ഇതുമായി ബന്ധപ്പെട്ട തെളിവുകളും വ്യാഖ്യാനങ്ങളും അടുത്ത ലേഖനത്തില്‍ പരിശോധിക്കാം.