അമുസ്‌ലിമിനുവേണ്ടി പ്രാര്‍ഥന വാദവും മറുവാദവും 1/3
മുഅ്തസ്സുല്‍ ഖത്വീബ്
2005-ല്‍ പോപ് ജോണ്‍പോള്‍ രണ്ടാമന്‍ നിര്യാതനായപ്പോള്‍ ശൈഖ് യൂസുഫുല്‍ ഖറദാവി അദ്ദേഹത്തിനു വേണ്ടി ഇങ്ങനെ പ്രാര്‍ഥിക്കുകയുണ്ടായി.
ندعو الله تعالى أن يرحمه ويثيبه بقدر ما قدّم من خير للإنسانية وما خلف من عمل صالح أو أثر طيب
'മാനവതക്ക് സമര്‍പ്പിച്ച നന്മയുടെയും വിട്ടേച്ചുപോയ സല്‍ക്കര്‍മത്തിന്റെയും നല്ല കാല്‍പ്പാടിന്റെയും അളവില്‍ അല്ലാഹു അദ്ദേഹത്തിന് കരുണ ചെയ്യുകയും പ്രതിഫലം നല്‍കുകയും ചെയ്യട്ടെ എന്ന് നാം പ്രാര്‍ഥിക്കുന്നു.'
ഈ പ്രാര്‍ഥന സ്വാഭാവികമായും സലഫി വിഭാഗങ്ങളുടെ വിമര്‍ശനത്തിനുവിധേയമായി. സാധാരണ മുസ്‌ലിംകളും ഇളകിവശായി. സമാന സംഭവങ്ങളിലും ഇതുതന്നെയാണ് പൊതുമുസ്‌ലിം സമീപനം.
സത്യനിഷേധികള്‍ക്കുവേണ്ടി പാപമോചനത്തിന്നായി പ്രാര്‍ഥിക്കുന്നത് നിഷിദ്ധമാണെന്നത് ഏകോപിതാഭിപ്രായമാണെന്ന ഇമാം നവവി (ഹി. 676)യുടെ പ്രസ്താവന ഉദ്ധരിച്ച ശേഷം ശൈഖ് നാസ്വിറുദ്ദീന്‍ അല്‍ബാനി (1914-1999) എഴുതുന്നു. നവവിയുടെ പ്രസ്താവനയില്‍നിന്ന് ചില സത്യനിഷേധികള്‍ക്ക് കരുണചെയ്യാനും അവരെ തൃപ്തിപ്പെടാനും, ചില മുസ്‌ലിംകള്‍ പ്രാര്‍ഥിക്കുന്നത് തെറ്റാണെന്നു മനസ്സിലാക്കാം. ഈ പ്രവണത പത്രപ്രസിദ്ധീകരണങ്ങളുടെ ഭാഗത്തുനിന്നാണ് കൂടുതലായി കണ്ടുവരുന്നത്. ഇത്തരം വിഷയങ്ങളിലെ വിധി അറിയായ്കയാണ് പ്രശ്‌നം. എങ്കിലും ഇസ്‌ലാമിക പ്രവര്‍ത്തകരില്‍നിന്ന് ഇങ്ങനെ ഉണ്ടാവുന്നത് അത്ഭുതകരമായി തോന്നുന്നു.' സാമൂഹിക മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത് ശൈഖ് അല്‍ബാനിയുടെ വീക്ഷണമാണ്.
ഇത്തരുണത്തില്‍, സത്യനിഷേധികള്‍ക്കുവേണ്ടിയുള്ള പാപമോചന-കാരുണ്യാര്‍ഥനകള്‍ ഗൗരവതരമായ നിരൂപണത്തിന് വിധേയമാക്കേണ്ടതുണ്ട്. സലഫീ ധാരകള്‍ക്കു മുമ്പെ ഈ വിഷയകമായി നടന്ന ഫിഖ്ഹീ ചര്‍ച്ചകള്‍ മുന്‍നിര്‍ത്തിവേണം നിലപാട് സ്വീകരിക്കാന്‍. കര്‍മശാസ്ത്ര മേഖലയില്‍ വേണ്ടത്ര ധാരണ ഇല്ലാത്ത പ്രബോധന സംവാദങ്ങളും ഈ രംഗത്ത് പ്രശ്‌നമാണ്.
സത്യനിഷേധി ഭൗതികലോകത്ത് ചെയ്യുന്ന സല്‍കര്‍മങ്ങള്‍
'സത്യനിഷേധിക്കുവേണ്ടിയുള്ള പ്രാര്‍ഥന' എന്ന വിഷയം അത്രതന്നെ പ്രധാനമായ മറ്റൊരു വിഷയവുമായി ബന്ധപ്പെട്ടാണ് നില്‍ക്കുന്നത്. സത്യനിഷേധി തന്റെ ജീവിതത്തില്‍ ചെയ്യുന്ന സല്‍കര്‍മങ്ങള്‍ അയാളുടെ സത്യനിഷേധം കാരണം അല്ലാഹുവിങ്കല്‍ പരിഗണനീയമാണോ? സല്‍കര്‍മങ്ങള്‍ക്ക് പരലോകത്ത് പ്രതിഫലം ലഭിക്കുമോ അഥവാ ശിക്ഷാ ലഘൂകരണം ലഭിക്കുമോ? എന്നതാണാ വിഷയം.
ശൈഖ് അല്‍ബാനി മുകളില്‍ ഉദ്ധരിച്ച പണ്ഡിതന്മാരുടെ ഇവ്വിഷയകമായ ഏകോപിതാഭിപ്രായം നവവി ഉദ്ധരിച്ചത് മാലികി ഖാദിയായ ഇയാദുല്‍ യഹ്‌സ്വുബി (ഹി. 544)യില്‍നിന്നാണ്. ഖാദി ഇയാദ് എഴുതുന്നു: 'സത്യനിഷേധികള്‍ക്ക് അവരുടെ പ്രവര്‍ത്തനങ്ങള്‍ ഉപകാരപ്പെടുകയില്ലെന്നും അവര്‍ക്ക് അനുഗ്രഹം പ്രതിഫലമായി ലഭിക്കില്ലെന്നും ശിക്ഷാ ലഘൂകരണം ഉണ്ടാവില്ലെന്നും പണ്ഡിതന്മാര്‍ ഐകകണ്‌ഠ്യേന അഭിപ്രായപ്പെട്ടിരിക്കുന്നു. എന്നല്ല ചില സത്യനിഷേധികള്‍ കുറ്റങ്ങളുടെ തോതനുസരിച്ച് മറ്റുള്ളവരേക്കാള്‍ കടുത്ത ശിക്ഷക്ക് അര്‍ഹരായിരിക്കും.
അതായത്, സത്യനിഷേധികള്‍ക്കുവേണ്ടിയുള്ള പ്രാര്‍ഥന നിഷിദ്ധമാണെന്നു മാത്രമല്ല, സത്യനിഷേധത്തോടെ മരിച്ചതിനാല്‍ പ്രാര്‍ഥന അവര്‍ക്ക് ഒട്ടും പ്രയോജനം ചെയ്യുകയുമില്ല എന്നര്‍ഥം.
ഇമാം നവവി ഈ വിഷയം അദ്ദേഹത്തിന്റെ രണ്ടു കൃതികളില്‍ ചര്‍ച്ച ചെയ്യുന്നു്. അദ്ദേഹം തന്റെ ഫിഖ്ഹി ഗ്രന്ഥത്തില്‍ എഴുതുന്നു:
وأماالصلاة على الكافر والدعاء له بالمغفرة فحرام بنص القرآن والإجماع
'സത്യനിഷേധിക്കുവേണ്ടി നമസ്‌കരിക്കുന്നതും അയാള്‍ക്കു പാപമോചനത്തിനുവേണ്ടി പ്രാര്‍ഥിക്കുന്നതും നിഷിദ്ധമാണെന്നത് ഖുര്‍ആന്‍ കൊണ്ടും ഇജ്മാഅ് കൊണ്ടും സ്ഥാപിതമായതാണ്.' നവവി തന്റെ 'അദ്കാറി'ല്‍ എഴുതിയത് ഇങ്ങനെ:
ويحرم أن يدعى بالمغفرة ونحوها لمن مات كافرًا - وقد جاء الحديث بمعناه والمسلمون مجمعون عليه
'സത്യനിഷേധിയായി മരിച്ചവര്‍ക്ക് പാപമോചനത്തിനും മറ്റുമായി പ്രാര്‍ഥിക്കുന്നത് നിഷിദ്ധമാണ്. ഇതേ ആശയം ഹദീസില്‍ വന്നിട്ടുണ്ട്. മുസ്‌ലിംകള്‍ ഇക്കാര്യത്തില്‍ ഏകോപിതാഭിപ്രായക്കാരാണ്' നവവി തുടരുന്നു:
اعلم أنه لا يجوز أن يدعى له بالمغفرة وما اشبهها ممالا يقال للكافر لكن يجوز أن يدعى بالهداية وصحّة البدن والعافية وشبه ذلك.
'സത്യനിഷേധികള്‍ക്കുവേണ്ടി പ്രാര്‍ഥനയോ തത്തുല്യമായ കാര്യങ്ങളോ അനുവദനീയമല്ലെന്നു നീ അറിയണം. അതേസമയം, അവര്‍ക്ക് ഹിദായത്ത് ലഭിക്കാനും ശാരീരികാരോഗ്യത്തിനും സൗഖ്യത്തിനും അതുപോലുള്ളതിനും വേണ്ടി പ്രാര്‍ഥിക്കാവുന്നതാണ്.'
ഇജ്മാഅ് ഉണ്ടെന്ന വാദം ശരിയോ?
ഖാദി ഇയാദും തന്റെ 'ശര്‍ഹു മുസ്‌ലിമി'ല്‍ നവവിയും ഉദ്ധരിക്കുന്ന 'ഇജ്മാഅ്' എവിടെ നിന്നാണ് വന്നത്? ശാഫിഈ പണ്ഡിതനായ ബൈഹഖി (ഹി.458)യില്‍നിന്ന് ഖാദി ഇയാദിന്റെ പ്രസ്താവന ഉദ്ധരിക്കുമ്പോള്‍ അവ്യക്തമായെങ്കിലും നവവി ഈ ഇജ്മാഇന്റെ സാധുയെക്കുറിച്ച് സംശയം പ്രകടിപ്പിക്കുന്നുണ്ട്. 'സത്യനിഷേധികളുടെ സല്‍ക്കര്‍മങ്ങള്‍ പരലോകത്ത് പ്രയോജനപ്പെടില്ലെന്നത് 'ചില വിജ്ഞരുടെ' അഭിപ്രായം മാത്രമാണെന്നാണ്' നവവി രേഖപ്പെടുത്തിയത്. അതായത്, അത് വെറും ഒരു വാക്കാണ്, ഇജ്മാഅ് അല്ല. തന്നെയുമല്ല, നല്ലവനായ സത്യനിഷേധിയുടെ പ്രവര്‍ത്തനങ്ങള്‍ വൃഥാവിലാണെന്ന സൂക്തങ്ങളുടെയും നബിവചനങ്ങളുടെയും വിവക്ഷ അയാളെ നരകത്തില്‍നിന്ന് രക്ഷിച്ച് സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കാന്‍ മാത്രം അവ പര്യാപ്തമല്ല എന്ന അര്‍ഥത്തില്‍ മനസ്സിലാക്കണമെന്ന ബൈഹഖിയുടെ പ്രസ്താവന നവവി ഉദ്ധരിക്കുന്നുമുണ്ട്. അതായത്, നരകമുക്തി ലഭിച്ചില്ലെങ്കിലും സത്യനിഷേധമൊഴികെ അയാളില്‍നിന്നുണ്ടായ തെറ്റുകളുടെ പേരില്‍ ലഭിക്കാവുന്ന ശിക്ഷ ലഘൂകരിക്കാന്‍ അയാളുടെ സല്‍ക്കര്‍മങ്ങള്‍ അയാളെ സഹായിക്കും എന്നുസാരം.
ഇത് ബൈഹഖിയുടെ മാത്രം അഭിപ്രായമല്ല, വിവിധ ഫിഖ്ഹി മദ്ഹബുകളിലെ ധാരാളം പണ്ഡിതന്മാരുടെ വീക്ഷണമാണ്. നിരന്തരമായി ഞാന്‍ നടത്തിയ പഠനങ്ങള്‍ക്കിടയില്‍ വിവിധ സ്രോതസ്സുകളില്‍ ഇക്കാര്യം വ്യാപകമായി കാണാന്‍ കഴിഞ്ഞിട്ടുണ്ട്. ഖാദി ഇയാദിന്റെ സമകാലികനായ മാലികി കര്‍മശാസ്ത്രകാരന്‍ ഇബ്‌നുല്‍ ഫറസില്‍ അന്‍ദലുസി (ഹി. 597), ഈ വിഷയകമായി രണ്ടു വീക്ഷണങ്ങളുണ്ടെന്ന് ഉദ്ധരിച്ചിട്ടുണ്ടെങ്കിലും ഏതാണ് പ്രബല വീക്ഷണം എന്ന് നിജപ്പെടുത്തിയിട്ടില്ല. വിവിധ കാലങ്ങളിലെ തഫ്‌സീര്‍, ഹദീസ്, ഫിഖ്ഹ് കൃതികളില്‍ രണ്ടു വാദങ്ങളും അഭിപ്രായ വ്യത്യാസങ്ങളും കാണാം. വാദങ്ങളും അഭിപ്രായ വ്യത്യാസവും ശക്തമാണെന്നു തന്നെ പറയാം. സത്യനിഷേധിക്ക് അയാളുടെ സല്‍ക്കര്‍മം പ്രയോജനപ്പെടും എന്നതാണ് പ്രബലമായ അഭിപ്രായം. എത്രത്തോളമെന്നാല്‍ ഹനഫി കര്‍മശാസ്ത്രകാരനായ അഹ്മദുല്‍ കൂറാനീ (ഹി. 893) ഈ അഭിപ്രായം ഉദ്ധരിക്കുകയും അത് ഉറപ്പിച്ചു പറയുകയും ചെയ്തിരിക്കുന്നു. ഖാദി ഇയാദിന്റെ ഇജ്മാഅ് വാദം പല പണ്ഡിതന്മാരും തള്ളിക്കളഞ്ഞിരിക്കുന്നു. ഖാദി ഇയാദില്‍നിന്ന് നവവി ഉദ്ധരിച്ച ഇതല്ലാത്ത വേറെയും പ്രസ്താവനകള്‍ അവധാനത ഇല്ലാത്തവയായി ഉണ്ട്. സത്യനിഷേധിക്ക് അയാളുടെ സല്‍പ്രവൃത്തികള്‍ പരലോകത്ത് ഉപകാരപ്പെടുമെന്ന് മുന്‍തൂക്കത്തോടെ അഭിപ്രായപ്പെട്ടവരില്‍ പ്രമുഖനാണ് ഹനഫി കര്‍മശാസ്ത്രകാരനും ഹദീസ് പണ്ഡിതനുമായ മുഹമ്മദ് അന്‍വര്‍ഷാ കശ്മീരി (ഹി. 1353), അല്ലാമ ശിഹാബുദ്ദീന്‍ ഖഫാജി (ഹി. 1069), അല്ലാമ ശിഹാബുദ്ദീന്‍ ആലൂസി (ഹി. 1270) മുതലായവര്‍.
സത്യനിഷേധിക്ക് തന്റെ സല്‍ക്കര്‍മങ്ങള്‍ പരലോകത്ത് പ്രയോജനപ്പെടുമോ എന്നതുസംബന്ധിച്ച് സ്വതന്ത്രമായ മറ്റൊരു ലേഖനം തന്നെ വേണം. (ആ ലേഖനം അന്യത്രയുണ്ട് - പത്രാധിപര്‍) സത്യനിഷേധി ജീവിച്ചിരിക്കുമ്പോഴോ, മരിച്ച ശേഷമോ അയാളുടെ ശിര്‍ക്കും കുഫ്‌റുമല്ലാത്ത പാപങ്ങളുടെ മോചനത്തിനും കാരുണ്യത്തിനും ഭൗതികം മാത്രമല്ല പാരത്രിക നന്മ മുന്‍നിര്‍ത്തിയും പ്രാര്‍ഥിക്കാമെന്ന വസ്തുതയാണ് ഈ ലേഖനത്തിലൂടെ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത്. ഈ പക്ഷം പരിഗണനീയവും ഇമാം നവവിയുടെ അവ്യക്തത തോന്നിക്കുന്ന പ്രസ്താവനക്കു വിരുദ്ധമായി ശാഫിഈ മദ്ഹബിന്റെ വീക്ഷണവും മുമ്പാരും പറയാത്തതും ഖാദി ഇയാദ് ഉണ്ടെന്ന് പറഞ്ഞ ഇജ്മാഇനു വിരുദ്ധവുമാണ്.
ഇമാം നവവിയുടെ പ്രസ്താവനയെ ശാഫിഈ പക്ഷത്തുനിന്നു വിലയിരുത്തുമ്പോള്‍ രണ്ടു വീക്ഷണങ്ങളെയും താഴെവിധം വേര്‍തിരിച്ചു മനസ്സിലാക്കാന്‍ കഴിയും.
1. ചിലര്‍ ഇജ്മാഅ് ഉന്നെ നവവിയുടെ പ്രസ്താവനയെ നിരുപാധികമായി മനസ്സിലാക്കുന്നു. ശിര്‍ക്കും കുഫ്‌റും മാത്രമല്ല, ഏതു പാപം ചെയ്താലും സത്യനിഷേധിക്ക് കാരുണ്യത്തിനും പാപമോചനത്തിനും വേണ്ടി പ്രാര്‍ഥിക്കരുത്. എന്നാല്‍ ഈ വീക്ഷണത്തില്‍നിന്നു ഭിന്നമായി ശാഫിഈ മദ്ഹബിലെത്തന്നെ മറ്റു ചില പണ്ഡിതന്മാര്‍, നവവിയുടെ നിലപാടിനു വിരുദ്ധമായി സത്യനിഷേധിക്ക് പാപമോചനത്തിനുവേണ്ടി പ്രാര്‍ഥിക്കുന്നത് അനുവദനീയമാണെന്ന് അഭിപ്രായപ്പെടുന്നു. ശാഫി മദ്ഹബിലെ പല പണ്ഡിതന്മാരും ഈ പക്ഷക്കാരാണ്. (വിശദവിവരം വഴിയെ).
2. നവവി തന്റെ പ്രസ്താവനയിലൂടെ ഉദ്ദേശിച്ചത്, ശിര്‍ക്ക് കുഫ്‌റ് പോലുള്ള പാപങ്ങള്‍ പൊറുക്കാനും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കാനും പ്രാര്‍ഥിച്ചു കൂടാ എന്നാണെന്ന് രണ്ടാമതൊരു വിഭാഗം വ്യാഖ്യാനിക്കുന്നു. ശാഫിഈ പണ്ഡിതനായ അല്ലാമ ഇബ്‌നു ഇല്ലാന്‍ ഈ പക്ഷക്കാരനാണ്. നവവി പറഞ്ഞതിന്റെ വിവക്ഷ, 'സത്യനിഷേധിക്കുള്ള കാരുണ്യം, സ്വര്‍ഗ പ്രവേശനം, അയാള്‍ക്കുള്ള അല്ലാഹുവിന്റെ പൊരുത്തം' എന്നിവക്കുവേണ്ടി പ്രാര്‍ഥിച്ചു കൂടാ അഥവാ നരകത്തില്‍നിന്ന് മോചിപ്പിച്ച് സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കണം' എന്ന രീതിയില്‍ പ്രാര്‍ഥിക്കരുതെന്നാണ്.
ഇമാം നവവി തന്റെ രണ്ടു ഗ്രന്ഥങ്ങളിലും പ്രസ്താവിച്ചതിന്റെ ബാഹ്യാശയം ശിര്‍ക്കും കുഫ്‌റും മാത്രമാണ്. അതിനു താഴെ വരുന്ന പാപങ്ങളല്ല എന്നു മനസ്സിലാക്കാന്‍
സഹായകമായ മൂന്നു സാഹചര്യത്തെളിവുകളുണ്ട്.
1. സത്യനിഷേധിക്കുവേണ്ടി നമസ്‌കരിക്കുന്നതും പ്രാര്‍ഥിക്കുന്നതും അയാള്‍ക്കുവേണ്ടി പാപമോചന പ്രാര്‍ഥന നടത്തുന്നതും നിഷിദ്ധമാണെന്നു പറഞ്ഞ നവവി, സത്യനിഷേധിയായ അടുത്ത ബന്ധുവിന്റെ ജനാസ പിന്തുടരുന്നതും ഖബ്ര്‍ സന്ദര്‍ശിക്കുന്നതും ശാഫിഈ മദ്ഹബു പ്രകാരം അനുവദനീയമാണെന്നു പറയുന്നു.
2. സത്യനിഷേധിയുടെ നല്ല പ്രവൃത്തികള്‍ സ്വര്‍ഗപ്രവേശനത്തിന് ഉതകില്ലെങ്കിലും പരലോകത്ത് പ്രയോജനപ്പെടുമെന്ന് ശാഫിഈ പണ്ഡിതനായ ബൈഹഖിയുടെ വാദം ഉദ്ധരിച്ചതോടെ നവവി തന്നെ ഖാദി ഇയാദിന്റെ ഇജ്മാഇനെ തള്ളിപ്പറഞ്ഞതിനു തുല്യമായി.
3. 'ബഹുദൈവവിശ്വാസികള്‍ ജ്വലിക്കുന്ന നരകാഗ്നിയുടെ അവകാശികളാണെന്ന് തങ്ങള്‍ക്കു വ്യക്തമായിക്കഴിഞ്ഞതിനുശേഷം അവര്‍ക്കുവേണ്ടി പാപമോചനം തേടുവാന്‍- അവര്‍ അടുത്ത ബന്ധുത്വമുള്ളവരായാല്‍ പോലും- പ്രവാചകനും സത്യവിശ്വാസികള്‍ക്കും പാടുള്ളതല്ല' (തൗബ 113) എന്ന സൂക്തം നവവി ഈ പശ്ചാത്തലത്തില്‍ ഉദ്ധരിച്ചതില്‍നിന്ന് ശിര്‍ക്കാണ് വിവക്ഷ എന്നു മനസ്സിലാവുന്നു. ശാഫിഈ പണ്ഡിതനായ ഇബ്‌നു ഇല്ലാന്‍, ഈ സൂക്തത്തില്‍ ജീവിച്ചിരിക്കുന്ന ബഹുദൈവ വിശ്വാസികള്‍ക്ക് വേണ്ടി പാപമോചനത്തിന്നായി പ്രാര്‍ഥിക്കാന്‍ തെളിവുണ്ടെന്നും അവരെ വിശ്വാസത്തിലേക്ക് നയിക്കാനുള്ള അപേക്ഷയാണ് ആ പ്രാര്‍ഥന എന്നും വിശദീകരിക്കുന്നുണ്ട്.
മുകളിലെ മൂന്നു സാഹചര്യത്തെളിവുകള്‍ക്കുമൊപ്പം മറ്റൊന്നുകൂടി ഇതോടൊപ്പം ചേര്‍ത്തു പറയേണ്ടതുണ്ട്. അതായത്, 'പാപമോചനം' എന്ന് നിരുപാധികമായി പറയുമ്പോള്‍ ശിര്‍ക്ക് എന്ന പാപമാണ് വിവക്ഷ. 'പാപമോചന പ്രാര്‍ഥന' എന്നു പറയുമ്പോള്‍ ആര്‍ക്കുവേണ്ടിയാണോ പ്രാര്‍ഥിക്കുന്നത് അയാള്‍ നരകത്തില്‍ പ്രവേശിക്കരുത് എന്നാണുദ്ദേശ്യം. ഏകദൈവ വിശ്വാസിക്കുവേണ്ടി നടത്തുന്ന പ്രാര്‍ഥനയുടെ യാഥാര്‍ഥ്യം അതാണല്ലോ. വിശിഷ്യ മരിച്ചയാള്‍ക്കുവേണ്ടി നമസ്‌കരിക്കുമ്പോള്‍- നമസ്‌കരിക്കുന്നതിന്റെ ഉദ്ദേശ്യം സ്വര്‍ഗ പ്രവേശനം സാധ്യമാകുമാറ് പാപം പൊറുത്തുകിട്ടാന്‍ വേണ്ടി പ്രാര്‍ഥിക്കുക എന്നാണ്. ചുരുക്കത്തില്‍, ഏതു പോയന്റിലാണ് തര്‍ക്കം എന്നു നിര്‍ണയിക്കാത്തതുകൊണ്ടാണ് നവവിയുടെ പ്രസ്താവന സംശയാസ്പദമാവുന്നത്. നവവിയുടെ പ്രസ്താവന രണ്ടു സാധ്യതകള്‍ തുറന്നിടുന്നു:
ഒന്നാം സാധ്യത
'പാപമോചനത്തിനായുള്ള പ്രാര്‍ഥന' എന്നതുകൊണ്ട് ശിര്‍ക്ക് പൊറുക്കാനുള്ള പ്രാര്‍ഥന എന്നു വിവക്ഷിക്കാം. എന്നാല്‍ ഇത്തരം പ്രാര്‍ഥനകള്‍ നിഷിദ്ധമാണെന്നത് പണ്ഡിതന്മാര്‍ക്കിടയില്‍ ഏകോപിതാഭിപ്രായമാണ്. ഖണ്ഡിതമായ ഖുര്‍ആന്‍ പ്രമാണത്തിനു വിരുദ്ധമാണ്. 'ഖുര്‍ആന്റെ നസ്സ്വും ഇജ്മാഉം' അനുസരിച്ച് എന്ന നവവിയുടെ പ്രസ്താവനയും ഇത് ശരിവെക്കുന്നുണ്ട്. 'തീര്‍ച്ചയായും അല്ലാഹു തന്നില്‍ പങ്കുചേര്‍ക്കപ്പെടുന്നതിനെ പൊറുത്തു കൊടുക്കുകയില്ല. അതൊഴികെയുളളത് അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തു കൊടുക്കുന്നു' എന്ന ഖുര്‍ആന്‍ സൂക്തത്തിന്റെ സാരാശയമാണ് ഇജ്മാഇന്റെ ആത്മാവ്.
രണ്ടാം സാധ്യത
ശിര്‍ക്കുള്‍പ്പെടെ എല്ലാ പാപങ്ങളും പൊറുക്കാനുള്ള പ്രാര്‍ഥന നിരുപാധികം നിഷിദ്ധമാണെന്ന് നവവി ഉദ്ദേശിച്ചിരിക്കാം. ഇതാണ് അദ്ദേഹത്തിന്റെ ഉദ്ദേശ്യമെങ്കില്‍ അത് ശാഫിഈ മദ്ഹബിലെ പ്രബല വീക്ഷണത്തിനു വിരുദ്ധമാണ്. മദ്ഹബിലെ പല പണ്ഡിതന്മാരും ഈ പ്രബല വീക്ഷണം വിശദീകരിച്ചതായി കാണാം.
നിരുപാധികം ഹറാമാണെന്നു തോന്നിപ്പിക്കും വിധം നവവി തന്റെ വീക്ഷണം പ്രകടിപ്പിച്ചുവെങ്കിലും സത്യനിഷേധിക്കുവേണ്ടി പാരത്രികമോ പാപമോചനപരമോ കാരുണ്യപരമോ ആയ അപേക്ഷയോടെ പ്രാര്‍ഥിക്കുന്നത് അനുവദനീയമാണെന്ന് ചില ശാഫിഈ പണ്ഡിതന്മാര്‍ പ്രസ്താവിക്കുന്നതു കാണാം. അല്‍ഖത്വീബുശ്ശര്‍ബീനീ (ഹി. 977) അഹ് മദ് സലാമ ഖല്‍യൂബീ (ഹി. 1069), ഇബ്‌റാഹീമുല്‍ ബര്‍മാവീ (ഹി 1106), സുലൈമാനുല്‍ ബുജൈരിമീ (ഹി. 1221) മുതലായവര്‍ ഉദാഹരണം.
സത്യനിഷേധിക്കുവേണ്ടി പാപമോചനത്തിനായി പ്രാര്‍ഥിക്കുന്നത് നിഷിദ്ധമാണെന്ന ചില ശാഫിഈ ഗ്രന്ഥങ്ങളിലുള്ള രേഖകള്‍ ഈ വ്യക്തമായ രേഖയെക്കുറിച്ച് അവ്യക്തതയുണ്ടാക്കാന്‍ സാധ്യതയുണ്ട്. ഖത്വീബുശ്ശര്‍ബീനീ, ശിഹാബുദ്ദീന്‍ റംലി എന്നിവരുടെ ഗ്രന്ഥങ്ങള്‍ ഉദാഹരണം. 'തീര്‍ച്ചയായും അല്ലാഹു തന്നില്‍ പങ്കുചേര്‍ക്കപ്പെടുന്നതിനെ പൊറുക്കുകയില്ല' (നിസാഅ് 48) എന്ന സൂക്തത്തിന്റെ വെളിച്ചത്തില്‍, സത്യനിഷേധിക്കുവേണ്ടി പാപമോചനത്തിന്നായി പ്രാര്‍ഥിക്കല്‍ അനുവദനീയമല്ലാത്തതിനാലാണ് അയാള്‍ക്കുവേണ്ടി നമസ്‌കരിക്കുന്നത് നിഷിദ്ധമാക്കിയതെന്നാണ് ഇരുവരും കാരണം പറയുന്നത്. സത്യനിഷേധിയായ മയ്യിത്തിന്റെ ജനാസ നമസ്‌കരിക്കുന്നത് നിഷിദ്ധമാണെന്ന് പറയുന്നേടത്താണ് ശാഫിഈ ഫിഖ്ഹീ രേഖകളില്‍ നിരുപാധികം നിഷിദ്ധം എന്നു പറയുന്നത്. മറ്റു ചില രേഖകളില്‍, 'സത്യനിഷേധിക്ക് വേണ്ടി, പാപമോചനത്തിനായി പ്രാര്‍ഥിക്കുന്നത് നിഷിദ്ധമാണെന്നു പറയുമ്പോള്‍ തന്നെ, 'സത്യനിഷേധിയുടെ പാപമോചനത്തിനായി പ്രാര്‍ഥിക്കുന്നത് അനുവദനീയമാണെ'ന്നും കാണാം. ഇതില്‍നിന്ന് നമുക്ക് മനസ്സിലാവുന്നത്, സത്യനിഷേധിക്കുവേണ്ടി പ്രാര്‍ഥനയോടെ നമസ്‌കരിക്കുന്നത് നിഷിദ്ധമാവുന്നത് ശിര്‍ക്ക് എന്ന പാപം പൊറുക്കാന്‍ വേണ്ടിയാകുമ്പോഴാണ് എന്നത്രെ. വിശിഷ്യ, ശാഫിഈ മദ്ഹബിലെ ഗ്രന്ഥങ്ങളിലെ കുറിപ്പുകളില്‍, സത്യനിഷേധികള്‍ക്കുവേണ്ടി പ്രാര്‍ഥിക്കാം എന്നതാണ് പ്രബലാഭിപ്രായമെങ്കിലും 'സത്യനിഷേധികള്‍ക്കുവേണ്ടി പ്രാര്‍ഥിക്കല്‍ അഭികാമ്യമോ അല്ലയോ' എന്ന വിഷയത്തില്‍ കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ട്; പ്രബലാഭിപ്രായം പ്രാര്‍ഥന അനുവദനീയമാണെന്നാണെങ്കിലും.
നൂറുദ്ദീന്‍ ഇബ്‌നു അലിയ്യുശ്ശബ്‌റാമല്‍സി (ഹി. 1087), സുലൈമാന്‍ മന്‍സ്വൂറുല്‍ ജമല്‍ (1204), അബ്ദുല്‍ ഹമീദിശ്ശർവാനി (ഹി. 1301) മുതലായവരെ പോലുള്ളവര്‍ ഇങ്ങനെ അഭിപ്രായപ്പെട്ടവരാണ്.
ശര്‍ബീനിയുടെയും റംലിയുടെയും, സത്യനിഷേധികള്‍ക്ക് നിരുപാധികമായി പ്രാര്‍ഥന പാടില്ലെന്ന നിലപാടിനെ ശബ്‌റാമല്‍സി 'തീര്‍ച്ചയായും അല്ലാഹു തന്നില്‍ പങ്കുചേര്‍ക്കുന്നതിനെ പൊറുക്കുകയില്ല' എന്നത് ശിര്‍ക്ക് എന്ന പാപം പൊറുക്കുകയില്ലെന്നാണ് വിവക്ഷിക്കുന്നതെന്ന് വിശദീകരിക്കുന്നു. അതായത്, ശിര്‍ക്കല്ലാത്ത പാപങ്ങള്‍ പൊറുക്കപ്പെടാം. 'ശിര്‍ക്കൊഴികെയുള്ളവ അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് പൊറുത്തു കൊടുക്കും' (നിസാഅ്: 48) എന്ന സൂക്തത്തിന്റെ പൊതുആശയം അതാണ്. സത്യനിഷേധിയുടെ ശിര്‍ക്ക് ഒഴികെയുളള പാപങ്ങള്‍ പൊറുത്തു കൊടുക്കാന്‍ പ്രാര്‍ഥിക്കാം എന്ന് ഇത് തെളിയിക്കുന്നു. പൊറുക്കപ്പെടാത്ത പാപമായതുകൊണ്ട് ശിര്‍ക്ക് പൊറുക്കാന്‍ പ്രാര്‍ഥിക്കാവതല്ല. സത്യനിഷേധിയുടെ ശിര്‍ക്ക് ഒഴികെയുള്ളവ പൊറുത്തുകൊടുക്കാനും കാരുണ്യത്തിനും ശാരീരികാരോഗ്യത്തിനും സന്താന സമ്പദ് വര്‍ധനക്കും സന്മാര്‍ഗ പ്രാപ്തിക്കുമൊക്കെ വേണ്ടി പ്രാര്‍ഥിക്കാം. മാത്രവുമല്ല, ഖല്‍യൂബിയും മറ്റും വ്യക്തമാക്കിയതുപോലെ 'സത്യനിഷേധി'യുടെ പ്രാര്‍ഥനക്ക് ആമീന്‍ ചൊല്ലുകയും അദ്ദേഹത്തോട് പ്രാര്‍ഥിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യാം.
ചില ശാഫിഈ ഗ്രന്ഥങ്ങളില്‍, സത്യനിഷേധി ഇസ്‌ലാം സ്വീകരിക്കുകയാണെങ്കില്‍ അഥവാ പാപമോചനത്തിനു കാരണമാവുന്ന ഇസ്‌ലാമാശ്ലേഷം സംഭവിക്കുകയാണെങ്കില്‍ ജീവിച്ചിരിക്കുന്ന സത്യനിഷേധിക്കുവേണ്ടി പ്രാര്‍ഥിക്കല്‍ അനുവദനീയമാണെന്നാണുള്ളത്. ഇതുകാരണം ജീവിച്ചിരിക്കുമ്പോഴും മരണശേഷവും പ്രാര്‍ഥന വിഷയത്തില്‍ രണ്ടു സമീപനമാണെന്ന് മനസ്സിലാക്കാനായി. എന്നാല്‍ പിന്നീട്, 'ജീവിതകാലം' 'മരണശേഷം' എന്നതല്ല വിഭജനമെന്നും ഏതു കാലത്തായാലും ശിര്‍ക്കെന്ന വന്‍പാപവും ഇതരപാപങ്ങളും എന്നതാണ് പ്രാര്‍ഥിക്കാമോ, പ്രാര്‍ഥിക്കരുതോ എന്നതിന്റെ അടിസ്ഥാനമെന്നും ഞാന്‍ മനസ്സിലാക്കുന്നു.
മോശമായ മുന്‍കാല ജീവിതാനുഭവമുള്ള ഒരാള്‍ നല്ല നിലയിലാണ് മരിക്കുന്നതെങ്കില്‍ അയാള്‍ സൗഭാഗ്യവാനായിട്ടായിരിക്കും മരിക്കുന്നത്. നല്ല ജീവിതം നയിച്ചു വന്ന മുസ്‌ലിം ഇസ്‌ലാം പരിത്യാഗിയായി മരിച്ചു പോകുന്ന സംഭവങ്ങളുമുണ്ട്. മരണം വരെ മോശമായ ജീവിതം നയിച്ച് ഒടുവില്‍ ഇസ്‌ലാം സ്വീകരിച്ച് മരിക്കുന്നവരുമുണ്ട്. ഇത്തരക്കാര്‍ക്കുവേണ്ടിയുള്ള പ്രാര്‍ഥന 'മരിക്കുന്നതിനുമുമ്പ് സന്മാര്‍ഗ പ്രാപ്തനായി മരിക്കാന്‍ തൗഫീഖ് നല്‍കണമേ' എന്നതായിരിക്കും.
സത്യനിഷേധിക്ക് ശിര്‍ക്കെന്ന മഹാപാപം പരലോകത്ത് പൊറുത്തു കൊടുക്കണമെന്ന് പ്രാര്‍ഥിക്കുന്ന മുസ്‌ലിം സത്യനിഷേധിയാവുമോ? ശബ്‌റാമല്‍സി, ജമല്‍, ശർവാനീ എന്നിവര്‍ ഇങ്ങനെ പ്രാര്‍ഥിക്കുന്നത് കുഫ്‌റായല്ല, ഹറാം ചെയ്തതായി മാത്രമെ പരിഗണിക്കുകയുള്ളൂ എന്ന പക്ഷക്കാരാണ്.
സത്യനിഷേധിക്ക് പാപമോചനത്തിനായുള്ള പ്രാര്‍ഥന രണ്ട് ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്നു
1. ശിര്‍ക്ക് പൊറുത്തുകൊടുക്കാനുള്ള പ്രാര്‍ഥനയാണ് ഒന്ന്. ഇത്തരം പ്രാര്‍ഥനകള്‍ നിഷിദ്ധമാണെന്നത് ഖണ്ഡിതമാണ്. കാരണം ശിര്‍ക്ക് അല്ലാഹു പൊറുത്തു നല്‍കുകയില്ലെന്ന് ഖുര്‍ആന്‍ ഖണ്ഡിതമായി പ്രഖ്യാപിച്ചതാണ്.
2. സത്യനിഷേധത്തിനു താഴെയുള്ള പാപങ്ങള്‍ പൊറുക്കാനുള്ള പ്രാര്‍ഥനയാണ് രണ്ടാമത്തേത്. ശിര്‍ക്ക് ഒഴികെയുള്ള പാപങ്ങള്‍ക്ക് ശിക്ഷ നല്‍കണമോ വേണ്ടയോ എന്നത് ഖുര്‍ആന്‍ പ്രകാരം അല്ലാഹുവിന്റെ ഇഛയുമായി ബന്ധപ്പെട്ടാണിരിക്കുന്നത്.
ويغفر ما دون ذلك لمن يشاء
'അത് -ശിര്‍ക്ക്- ഒഴികെയുള്ളത് അവന്‍ -അല്ലാഹു- ഉദ്ദേശിക്കുന്നവര്‍ക്ക് പൊറുത്തുകൊടുക്കുന്നു' - ഈ അടിസ്ഥാനത്തിലൂന്നി പറഞ്ഞാല്‍ ഒരു മുസ്‌ലിം സത്യനിഷേധിക്കുവേണ്ടി പ്രാര്‍ഥിക്കുന്നതിന്റെ താല്‍പര്യം സത്യനിഷേധിയുടെ ശിര്‍ക്ക് ഒഴികെയുള്ള പാപങ്ങള്‍ പൊറുത്തു കൊടുത്തേക്കാമെന്ന അല്ലാഹുവിന്റെ ഇഛ സാക്ഷാല്‍ക്കരിച്ചു കാണാന്‍ പ്രാര്‍ഥിക്കുക എന്നത്രെ. ഈ ആശയം അല്ലാമാ ആലൂസി വിദൂരമായി കാണുന്നില്ല. മറ്റു ചിലര്‍ അത് വ്യക്തമായി പ്രകടിപ്പിച്ചിട്ടുമുണ്ട്. 'ശിഹാബുദ്ദീന്‍ ഖഫാജി, ആലൂസി മുതലായവര്‍ വിവിധ നിലവാരത്തിലുള്ള കുഫ്‌റുകള്‍ക്കുള്ള ശിക്ഷകള്‍ ലഘൂകരിക്കപ്പെടുകയില്ലെന്നും, ശിക്ഷാ ലഘൂകരണം ലഭിക്കുമെന്ന് നബിവചനങ്ങള്‍ പറയുന്നത് കുഫ്‌റൊഴികെയുള്ള പാപങ്ങളെക്കുറിച്ചാണെന്നും എഴുതുന്നു. നരകത്തില്‍നിന്ന് രക്ഷപ്പെടാനോ, സ്വര്‍ഗത്തില്‍ പ്രവേശിക്കാനോ ഉതകാത്തവിധം നിഷ്ഫലമാകുന്ന കര്‍മങ്ങളെക്കുറിച്ചാണ് ഖുര്‍ആന്‍ 'മരീചിക', 'പൊടിപടലം' എന്നൊക്കെ വിശേഷിപ്പിച്ചത് (ഈ വിഷയം 'സത്യനിഷേധിയുടെ സല്‍ക്കര്‍മങ്ങള്‍ പരലോകത്ത് പ്രയോജനപ്പെടുമോ? എന്ന മറ്റൊരു ലേഖനത്തില്‍ ചര്‍ച്ചയാവുന്നുണ്ട്.)
സംഗ്രഹം
ഇതുവരെ പറഞ്ഞ കാര്യങ്ങള്‍ ഇങ്ങനെ സംഗ്രഹിക്കാം:
1. സത്യനിഷേധികള്‍ പരലോകത്ത് ഒരേ നിലവാരത്തിലായിരിക്കില്ല. സ്വര്‍ഗം പല നിലവാരത്തിലാണെന്ന പോലെ നരകവും പല നിലവാരത്തിലായിരിക്കും. നീതിമാനായ സത്യനിഷേധി പരലോകത്ത് അക്രമിയായ സത്യനിഷേധിയേക്കാള്‍ മെച്ചപ്പെട്ട നിലയിലായിരിക്കും എന്നത് ഇജ്മാഉള്ള കാര്യമാണെന്ന് അന്‍വര്‍ ഷാ കശ്മീരി രേഖപ്പെടുത്തിയിട്ടുണ്ട്.
2. വലിയ ശിര്‍ക്ക് പൊറുക്കപ്പെടില്ല എന്നത് ഖുര്‍ആന്‍ പ്രകാരം തീര്‍ച്ചപ്പെട്ടതാണ്. പണ്ഡിതന്മാര്‍ക്കിടയില്‍ ഇജ്മാഉള്ള കാര്യമാണ്.
3. ശിര്‍ക്കൊഴികെയുള്ള പാപങ്ങള്‍ പൊറുക്കാന്‍ പ്രാര്‍ഥിക്കാന്‍ അനുവാദമുണ്ടോ? എന്നൊരു ചോദ്യം ബാക്കി നില്‍ക്കുന്നു. അനുവാദമുണ്ടെന്നാണ് ഇതുവരെ നാം സമര്‍ഥിച്ചത്. നാം പ്രാര്‍ഥിക്കുന്ന സത്യനിഷേധി സല്‍ക്കര്‍മമോ ദുഷ്‌കര്‍മമോ ചെയ്തിരിക്കണം. സല്‍കര്‍മം ചെയ്തയാളെങ്കില്‍ അത് സ്വീകരിക്കാനാണ് നാം പ്രാര്‍ഥിക്കുക, പാപമോചനത്തിനല്ല. പാപമോചന പ്രാര്‍ഥന പ്രസക്തമാവുന്നത് തെറ്റു ചെയ്ത സത്യനിഷേധികളുടെ കാര്യത്തിലാണ്. സല്‍ക്കര്‍മികളെ ദുനിയാവില്‍ ആദരിച്ചുകൊണ്ടോ പരലോകത്ത് ശിക്ഷ ലഘൂകരിച്ചു നല്‍കിയോ പ്രതികരിക്കുക എന്നത് നീതിമാനായ അല്ലാഹുവിന്റെ സ്വാഭാവിക നടപടിയാണ്. സത്യനിഷേധിയുടെ സല്‍കര്‍മങ്ങളെ മുന്‍നിറുത്തി അയാള്‍ക്കുവേണ്ടി നടത്തുന്ന പ്രാര്‍ഥന ഫലത്തില്‍ പ്രതിഫലനമുണ്ടാക്കുന്നില്ല. അതേസമയം, അയാളുടെ ശിര്‍ക്ക് ഒഴികെയുള്ള തിന്മകള്‍ വിട്ടുവീഴ്ച ചെയ്യാന്‍ നടത്തുന്ന പ്രാര്‍ഥനയാണ് പ്രതിഫലനക്ഷമമാവുന്നത്. അബൂത്വാലിബിന്റെയും അബൂലഹബിന്റെയും മറ്റും ശിക്ഷ ലഘൂകരിക്കപ്പെടുന്നതുമായി ബന്ധപ്പെട്ട ഹദീസുകള്‍ ഇതാണ് സൂചിപ്പിക്കുന്നത്; പലലോകത്ത് രണ്ടുപേരും ഒരേ തരം ശിക്ഷയല്ല അനുഭവിക്കുന്നതെങ്കിലും.'
4. സത്യനിഷേധം കാരണം സത്യനിഷേധിയുടെ എല്ലാ പ്രവര്‍ത്തനങ്ങളും അല്ലാഹുവിങ്കല്‍ പരിഗണനീയമല്ലെന്ന വാദം ശരിയല്ല. അവരുടെ പ്രവര്‍ത്തനങ്ങളെ അല്ലാഹുവിന്റെ ഇഛയുമായി ബന്ധപ്പെടുത്തി വേണം മനസ്സിലാക്കാന്‍.
(ഇക്കാര്യം മറ്റൊരു ലേഖനത്തില്‍ ചര്‍ച്ച ചെയ്യുന്നതാണ്).
മുകളിലെ വീക്ഷണങ്ങള്‍ പൗരാണിക ഫിഖ്ഹ് ഗ്രന്ഥങ്ങളില്‍ ചര്‍ച്ചയായിട്ടുള്ളവയാണ്. അവയിലെല്ലാം വ്യാഖ്യാനപരവും മാനുഷികവും മൂല്യപരവുമായ വശങ്ങളുണ്ട്. സത്യനിഷേധിക്കുവേണ്ടി പ്രാര്‍ഥിക്കുന്നത് നിഷിദ്ധമാണെന്ന് അഭിപ്രായപ്പെട്ടവര്‍പോലും അടുത്ത ബന്ധുവായ സത്യനിഷേധിയുടെ ജനാസയോടൊപ്പം പോവുന്നതിനോ, സന്ദര്‍ശിക്കുന്നതിനോ, സംരക്ഷിത പ്രജ(ദിമ്മി)യാണെങ്കില്‍ കഫന്‍ ചെയ്യുന്നതിനോ വിലക്കില്ലെന്ന വീക്ഷണക്കാരാണ്. പക്ഷെ, നമ്മുടെ സമകാലിക സാമൂഹിക ജീവിതത്തില്‍ ബന്ധങ്ങളുടെ മാനുഷിക മാനം പോലും പരിഗണിക്കപ്പെടുന്നില്ല എന്ന വസ്തുത നിലനില്‍ക്കുന്നു. ഫിഖ്ഹീ പാരമ്പര്യം ഒട്ടും പ്രതിഫലിപ്പിക്കുന്നതല്ല സത്യനിഷേധികളുമായുള്ള ഇപ്പോഴത്തെ നമ്മുടെ സാമൂഹിക ബന്ധമെന്നത് യാഥാര്‍ഥ്യമായി അവശേഷിക്കുന്നു.
(ഖത്വര്‍ ഹമദ്ബ്‌നു ഖലീഫ യൂനിവേഴ്‌സിറ്റി ഇസ്‌ലാമിക് സ്റ്റഡീസില്‍ പ്രഫസറാണ് ലേഖകന്‍).