ഇസ്തിഗാസ: ഒരു പഠനം 

ഇൽയാസ് മൗലവി‌‌
img

പ്രതിസന്ധി ഘട്ടങ്ങളില്‍ 'ബദ്‌രീങ്ങളേ, രക്ഷിക്കണേ' എന്ന ബിദ്അത്തായ ഇസ്തിഗാസയെ വെളുപ്പിക്കാനുള്ള ശ്രമങ്ങള്‍ ചില കേന്ദ്രങ്ങളില്‍നിന്ന് ഉണ്ടാവാറുണ്ട്. ഖുര്‍ആനില്‍ നിന്നോ സുന്നത്തില്‍ നിന്നോ എന്തെങ്കിലും ഒരു തെളിവ്, അല്ലെങ്കില്‍ സ്വഹാബത്തിന്റെ ചരിത്രത്തില്‍ നിന്ന് ഒരു മാതൃക, എന്തിനധികം, നാലു മദ്ഹബിന്റെ ഇമാമുകള്‍ പഠിപ്പിച്ച ഒരു വാചകം പോലും അതില്‍ കാണാറില്ല! ഇസ്‌ലാമിന്റെ ഉത്തമ നൂറ്റാണ്ടില്‍ ഇല്ലാത്ത, അവര്‍ക്കൊന്നും പരിചയമില്ലാത്ത ഒരു ബിദ്അത്താണ് അല്ലാഹു അല്ലാത്തവരോടുള്ള ഇസ്തിഗാസ എന്നത് ഒന്നുകൂടി ഉറപ്പിക്കാമെന്നര്‍ഥം.

ഇമാം സുബ്കി പറയന്നു: ഏഴു നൂറ്റാണ്ടിനിടയില്‍ ഇന്നോളം ഒരാളും പറഞ്ഞിട്ടില്ലാത്ത അഭിപ്രായം ബാത്വിലാണ് (അബദ്ധം) എന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട. നബി(സ)യുടെ കാലം മുതല്‍ ഇന്നുവരെ ഉമ്മത്തിന് ശരി ഗോപ്യമായിരുന്നു എന്നും എന്നിട്ട് നമുക്ക് അത് ഇക്കാലത്ത് വെളിവാകുക എന്നതും സംഭവ്യമല്ല.1
قَالَ الْإِمَامِ تَقِيِّ الدِّينِ السُّبْكِيّ: فَإِنَّ قَوْلًا لَمْ يَقُلْ بِهِ قَائِلٌ مِنْ سَبْعِمِائَةِ سَنَةٍ وَنَيِّفٍ إلَى الْيَوْمِ، لَا شَكَّ فِي بُطْلَانِهِ، وَلَيْسَ يَخْفَى الصَّوَابُ عَلَى الْأُمَّةِ مِنْ زَمَنِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إلَى الْيَوْمَ وَيَظْهَرُ لَنَا.
നിരൂപണത്തിലേക്ക് കടക്കുന്നതിനു മുമ്പ് രണ്ട് കാര്യങ്ങള്‍ പ്രത്യേകം എടുത്തു പറയട്ടെ:

1. പ്രാര്‍ഥന അല്ലാഹുവോട് മാത്രമേ പാടുള്ളൂ എന്ന് അടുത്ത കാലത്തായി ജനങ്ങളോട് പറഞ്ഞു തുടങ്ങിയിരിക്കുന്നു. അല്ലാഹു അല്ലാത്തവരോടും പ്രാര്‍ഥിക്കാം എന്നുതന്നെയായിരുന്നു മുമ്പ് ഇവരുടെ വാദം. അതിനാല്‍ ഈ മാറ്റം അഭിനന്ദനീയമാണ്.
മുമ്പ് ഈ ഇസ്തിഗാസാ വാദികള്‍ പറഞ്ഞത് കാണുക:
ചോദ്യം: മുഹിയിദ്ദീന്‍ ശൈഖേ രക്ഷിക്കണേ, ബദരീങ്ങളേ കാക്കണേ എന്നിങ്ങനെ മരിച്ച് പോയവരെ വിളിച്ച് പ്രാര്‍ത്ഥിക്കുന്നത് അനുവദനീയമാണോ?
ഉത്തരം: അനുവദനീയമാണ്. -(പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍ ഫതാവാ മുഹ്‌യിസ്സുന്ന: 2/38).
മറ്റു ചില സന്ദര്‍ഭങ്ങളില്‍ ഇവര്‍ ഇക്കാര്യം വിശദമായിത്തന്നെ എഴുതിയിട്ടുണ്ട്. ഏതാനും ഉദാഹരണങ്ങള്‍ കാണുക:
'അല്ലാഹു അല്ലാത്തവരോടുള്ള പ്രാര്‍ത്ഥനയുടെ ഉദാഹരണം ഖുര്‍ആനില്‍ കാണിക്കണമെന്നായിരുന്നു മൗലവിയുടെ മറ്റൊരു വാശി... മരിച്ച് പോയവരെ വിളിച്ച് പ്രാര്‍ഥിക്കാമെന്ന് ഖുര്‍ആന്‍ കൊണ്ട് തന്നെ എപി (കാന്തപുരം) സ്ഥാപിച്ചപ്പോള്‍ അവിടെയും മൗലവി മുഖം കുത്തി.' (കൊട്ടപ്പുറം സംവാദ പുസ്തകം. പേജ്: 163, ഒ.എം തരുവണ).
അല്ലാഹു അല്ലാത്തവരെ വിളിച്ച് പ്രാര്‍ത്ഥിക്കാം എന്നതിന് തെളിവായി ധാരാളം ആയത്തുകള്‍ ഞാന്‍ (കാന്തപുരം) ഓതി.-(കൊട്ടപ്പുറം സംവാദ പുസ്തകം, പേജ് 71, ഒ. എം തരുവണ).

'മുഹിയിദ്ദീന്‍ ശൈഖേ കാക്കണേ, ബദരീങ്ങളേ രക്ഷപ്പെടുത്തണേ തുടങ്ങിയ, മരിച്ച മഹത്തുക്കളെ വിളിച്ച് പ്രാര്‍ത്ഥിക്കുന്നത് അനുവദനീയമാണെന്ന് തന്നെയാണ് മുസ്ലിം ലോകത്തിന്റെ വിശ്വാസം. ഇലാഹാണെന്നോ ഇലാഹിന്റെ അവതാരമാണെന്നോ വിശ്വാസമില്ലാത്ത കാലത്തോളം ഏതു മഹത്തുക്കളെ വിളിച്ചും പ്രാര്‍ത്ഥിക്കാം ജിവിക്കുന്നവരെന്നോ മരിച്ചവരെന്നോ യാതൊരു വ്യത്യാസവുമില്ല. -(തുടരാം പക്ഷേ മറുപടി തുടരണം എസ്.എസ്.എഫ് പാറമ്മല്‍ യൂനിറ്റ് ലഘുലേഖ).
'സുന്നി യുവജന സംഘം സംസ്ഥാന ജോയിന്‍ സെക്രട്ടറി നാട്ടിക വി മൂസ മുസ്ല്യാരാണ് ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയത്. മരിച്ച് പോയവരെ വിളിച്ച് പ്രാര്‍ത്ഥിക്കാമോ ആകാമെന്നായിരുന്നു ഉത്തരം''. (ചന്ദ്രിക 1996 ഒക്‌ടോബര്‍ 27).
ഈ വാദത്തില്‍നിന്ന് മാറി, പ്രാര്‍ഥന അല്ലാഹുവോട് മാത്രമേ പാടുള്ളൂ എന്നിടത്തെത്തിയിരിക്കുന്നു ഇസ്തിഗാസാ വാദികള്‍.

2. 'ആത്മീയസരണിയിലെ അഭിജ്ഞരുടെ, പരിണിതപ്രജ്ഞരുടെ രീതിയാണ് ഇസ്തിഗാസ, പൊതുജന രീതിയല്ല' എന്ന് അംഗീകരിച്ചു തുടങ്ങിയതും നല്ലൊരു മാറ്റമാണ്. അഥവാ, ഇസ്തിഗാസ ചെയ്യാന്‍ ഖുര്‍ആനില്‍ കല്‍പനയുണ്ട് എന്ന വാദത്തില്‍നിന്നൊക്കെ മാറി, ഇത് സാധാരണക്കാര്‍ക്ക് പറ്റിയ പണിയല്ല എന്നിടത്തേക്ക് എത്തിയിരിക്കയാണ്. ഇതിനെയും ഒരു നല്ല മാറ്റമായി കാണാവുന്നതാണ്. അതിനാല്‍തന്നെ പ്രശംസനീയവും.

അല്ലാഹുവിനോട് നേരിട്ട് ഇസ്തിഗാസ നടത്തുന്നത് കെ.എസ്.ആര്‍.ടിയില്‍ യാത്ര ചെയ്യുന്നത് പോലെയും, മഹാന്മാരോട് ഇസ്തിഗാസ നടത്തുന്നത് ബെന്‍സ് കാറില്‍ പോകുന്നത് പോലെയുമാണ് എന്നൊക്കെയായിരുന്നല്ലോ ഇതുവരെയുള്ള വാദം. അതായത്, മഹാന്മാരോട് ഇസ്തിഗാസ നടത്തുന്നത് ബെന്‍സ് കാറിലുള്ള യാത്രപോലെ ആനന്ദകരവും പെട്ടെന്ന് ലക്ഷ്യത്തിലെത്തുന്നതുമാണെന്ന്! നേരിട്ട് അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുന്നത് കാര്‍ യാത്രയെ അപേക്ഷിച്ച് പ്രയാസകരമായ കെഎസ്ആര്‍ടിസി യാത്രപോലെ വഴിയില്‍ തങ്ങുന്നതോ ലക്ഷ്യത്തിലെത്താന്‍ താമസമുാകുന്നതോ ആണെന്ന്! 

അതിനേക്കാള്‍ കൗതുകം മുമ്പ് ഇവര്‍ പറഞ്ഞിരുന്നത് സാധാരണക്കാര്‍ അല്ലാഹുവിനോട് നേരിട്ട് ചോദിച്ചാല്‍ ഉത്തരം കിട്ടാന്‍ സാധ്യത കുറവാണ്, അതിനാല്‍ അവര്‍ മഹാന്മാരോട് ചോദിക്കുകയും അങ്ങനെ മഹാന്മാര്‍ ഇടപെട്ട് കാര്യം സാധിച്ചു തരികയും ചെയ്യുമെന്നും, അതുകൊണ്ട് സാധാരണക്കാര്‍ മഹാന്മാരോട് ചോദിക്കുന്നതാണ് കൂടുതല്‍ ഉത്തമം എന്നുമായിരുന്നു. അവിടെ നിന്നൊക്കെ വിട്ട് ഇപ്പോള്‍ ഇസ്തിഗാസ സാധാരണക്കാര്‍ക്കു പറ്റിയ പണിയല്ല എന്നിടത്തേക്ക് എത്തുകയും ഇത്തരം വാദങ്ങളൊക്കെ വിട്ടു എന്നുമാണ് തോന്നുന്നത്. സാധാരണക്കാര്‍ക്ക് പറ്റിയ പണിയല്ല എന്ന് പറഞ്ഞതിലൂടെ അതാണല്ലോ വ്യക്തമാവുന്നത്. എങ്കില്‍ ഇതും പ്രശംസനീയം തന്നെ. ഇനി നമുക്ക് നിരൂപണത്തിലേക്കു വരാം.

അല്ലാഹു അല്ലാത്തവരോടുള്ള പ്രാര്‍ഥന ദുആ അല്ലെന്ന വാദം

'ബദ്‌രീങ്ങളേ കാക്കണേ, മുഹ്‌യിദ്ദീന്‍ ശൈഖേ കാക്കണേ' തുടങ്ങിയ സഹായാര്‍ത്ഥനകള്‍ ഇസ്തിഗാസയാണ്. അല്ലാഹുവിനോടല്ലാതെ പ്രാര്‍ത്ഥിക്കാന്‍ പാടില്ലെന്നിരിക്കെ സൃഷ്ടികളോട് അവരുടെ ഭൗതിക സാന്നിധ്യമില്ലാതെ സഹായം തേടാമോ എന്ന ശങ്കയാണ് ഇസ്തിഗാസാ നിരാകരണവാദത്തിന്റെ മര്‍മ്മം. ഇവിടെ, പ്രാര്‍ഥന എന്ന മലയാളപദത്തെ കുറിക്കുന്ന അറബി പദം ദുആഅ് എന്നതാണല്ലോ. അല്ലാഹു അല്ലാത്തവരോടുള്ള ദുആയാണ് വിലക്കപ്പെട്ടിട്ടുള്ളത്. ഏതൊരു സഹായഭ്യര്‍ത്ഥനയും പ്രാര്‍ത്ഥനയാവുന്നത്, അഭ്യര്‍ഥകന് അഭ്യര്‍ത്ഥിതനോടുള്ള മനോഭാവം അനുസരിച്ച് മാത്രമാണ്. ഒരു സഹായര്‍ത്ഥനയില്‍ രണ്ട് ഘടകങ്ങള്‍ ഒരുമിക്കോമ്പാഴാണ് അത് പ്രാര്‍ത്ഥനയാവുന്നത്: അര്‍ത്ഥിക്കുന്നവന്‍ തന്റെ ഉബൂദിയ്യതും അര്‍ഥിക്കപ്പെടുന്നവന്റെ റുബൂബിയ്യതും ഒരുമിച്ച് ഉള്‍ക്കൊള്ളുക എന്നതാണത്. -തഫ്‌സറുറാസി; 135/7.
ഇമാം ഖത്ത്വാബിയും ഇമാം റാസിയുമൊക്കെ പ്രാര്‍ഥനയുടെ യാഥാര്‍ഥ്യം വിവരിക്കവേ ഇങ്ങനെ പറഞ്ഞിട്ടുണ്ട്.
قَالَ الْإِمَامُ الرَّازِيّ: وَحَقِيقَةُ الدُّعَاءِ اسْتِدْعَاءُ الْعَبْدِ رَبَّهُ جَلَّ جَلَالُهُ الْعِنَايَةَ وَاسْتِمْدَادهُ إيَّاهُ الْمَعُونَةَ.- مَفَاتِيح الْغَيْب.
ഇമാം റാസി പറയുന്നു: അടിമ തന്റെ പ്രതാപമുടയവനായ റബ്ബിനോട് രക്ഷ തേടലും സഹായമഭ്യര്‍ഥിക്കലുമാണ് പ്രാര്‍ഥനയുടെ യാഥാര്‍ഥ്യം. -(മഫാതീഹുല്‍ ഗൈബ്). ഇത് ശരിയായ പ്രാര്‍ഥനയുടെ യാഥാര്‍ഥ്യം വ്യക്തമാക്കിയതാണ്. അല്ലാതെ ഇതു മാത്രമാണ് പ്രാര്‍ഥന എന്ന നിലക്ക് ഒരു നിർവചനം പഠിപ്പിച്ചതല്ല.

ഇതു വച്ചായിരിക്കണം ചില ഇസ്തിഗാസാ വാദികള്‍ ഇങ്ങനെ എഴുതിയത്. ഇതു പക്ഷെ പ്രാര്‍ഥനയുടെ സമഗ്രമായ ( ഉം ) ഒരു നിർവചനമേ അല്ല. ആകാന്‍ തരവുമില്ല. ഈ നിർവചനത്തില്‍ പെടാത്ത പ്രാര്‍ഥനകള്‍ ഉണ്ട് എന്നത് തന്നെ കാരണം. ഇതനുസരിച്ച് അല്ലാഹുവിനോട് പ്രാര്‍ഥിക്കുന്നതേ പ്രാര്‍ഥനയാകൂ. വാസ്തവമാകട്ടെ അങ്ങനെയല്ല താനും.
ഈ വ്യാഖ്യാനമനുസരിച്ച് ഒരാള്‍ മാതാ അമൃതാനന്ദമയിയുടെ മുമ്പില്‍ ചെന്ന് 'അമ്മേ, എനിക്ക് സന്താന സൗഭാഗ്യമേകണമേ' എന്നു തേടുന്നതോ, ഒരു എം.എല്‍.എ 'ഗുരുവായൂരപ്പാ, എന്നെ ഇലക്ഷനില്‍ വിജയിപ്പിക്കേണമേ' എന്ന് തേടുന്നതോ പോലും പ്രാര്‍ഥനയില്‍ ഉള്‍പെടില്ല! എന്തിനധികം, അഗ്‌നിയോടും കടലിനോടും പശുവിനോടും കല്ലിനോടു പോലും തേടുന്നത് പ്രാര്‍ഥനയാവില്ല. കാരണം അവയൊന്നും ഉന്നതനും പ്രതാപിയുമായ തന്റെ റബ്ബാണെന്നോ താന്‍ അവയുടെ അടിമയാണെന്നോ സാക്ഷാല്‍ ബഹുദൈവവിശ്വാസികള്‍ പോലും വിശ്വസിക്കുന്നുണ്ടാവില്ല. എങ്കിലും അവരൊക്കെ ചെയ്യുന്നത് ആരാധനയാകുന്ന പ്രാര്‍ഥന തന്നെയാണ്. അതിനെയാണ് നൂഹ് നബി എതിര്‍ത്തത്, ഖുര്‍ആന്‍ ശിര്‍ക്കെന്ന് വിശേഷിപ്പിച്ചത്.

അതേസമയം, ഈ വാദക്കാര്‍ മുന്നോട്ടുവെക്കുന്ന ലോജിക് അംഗീകരിച്ചാല്‍ വിഗ്രഹാരാധകരുടെ ലോജിക്കും അംഗീകരിക്കേണ്ടി വരും. ഞങ്ങള്‍ കല്ലിനെയല്ല ഈശ്വരനെയാണ് ആരാധിക്കുന്നതെന്നും, കല്ല് ഏകാഗ്രതക്കുള്ള പ്രതീകം മാത്രമാണെന്നുമാണ് അവര്‍ പറയാറുള്ളത്! ഇത്തരം ശക്തികളില്‍ പലതിനും 'സ്വമദിയ്യത്ത്' (സ്വയം പര്യാപ്തത) അവര്‍ വകവെച്ചുകൊടുക്കുന്നില്ല എന്ന് 'ഹിന്ദു ധര്‍മം' പോലുള്ള ഗ്രന്ഥങ്ങള്‍ വ്യക്തമാക്കുന്നുണ്ടെന്നിരിക്കെ നമ്മുടെ നാട്ടിലെ ഹൈന്ദവര്‍ പോലും ശിര്‍ക്ക് ചെയ്യുന്നില്ല എന്നാണ് ഇത്തരക്കാരുടെ വാദപ്രകാരം വന്നുപെടുക! 
ചരിത്രത്തില്‍ ഏറ്റവും ആദ്യത്തെ ശിര്‍ക്ക് നൂഹ് നബി(അ)യുടെ ജനതയിലായിരുന്നല്ലോ. അവര്‍ ഇസ്തിഗാസ നടത്തിയിരുന്ന വദ്ദ്, സുവാഅ് തുടങ്ങിയവര്‍ നൂഹ് നബിയുടെ സമുദായത്തില്‍ നേരത്തേ മണ്‍മറഞ്ഞ സ്വാലിഹുകളും മഹാത്മാക്കളുമായ ഔലിയാക്കളായിരുന്നു.
عَنْ ابْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا، صَارَتْ الْأَوْثَانُ الَّتِي كَانَتْ فِي قَوْمِ نُوحٍ فِي الْعَرَبِ بَعْدُ. أَمَّا وَدٌّ كَانَتْ لِكَلْبٍ بِدَوْمَةِ الْجَنْدَلِ، وَأَمَّا سُوَاعٌ كَانَتْ لِهُذَيْلٍ، وَأَمَّا يَغُوثُ فَكَانَتْ لِمُرَادٍ ثُمَّ لِبَنِي غُطَيْفٍ بِالْجَوْفِ عِنْدَ سَبَإٍ، وَأَمَّا يَعُوقُ فَكَانَتْ لِهَمْدَانَ، وَأَمَّا نَسْرٌ فَكَانَتْ لِحِمْيَرَ لِآلِ ذِي الْكَلَاعِ. أَسْمَاءُ رِجَالٍ صَالِحِينَ مِنْ قَوْمِ نُوحٍ ........- 
'ഇബ്‌നു അബ്ബാസില്‍നിന്ന് നിവേദനം: 'നൂഹ് നബിയുടെ ജനതയുടെ കാലത്തെ വിഗ്രഹങ്ങള്‍ പിന്നീട് അറബികളുടേതായി. വദ്ദ് ദൗമത്തുല്‍ ജന്‍ദലിലെ കല്‍ബ് ഗോത്രത്തിന്റെയും സുവാഅ് ഹുദൈല്‍ ഗോത്രത്തിന്റെയും യഗൂസ് മുറാദ് ഗോത്രത്തിന്റെയും പിന്നീട് സബഇനടുത്ത അല്‍ജൗഫിലെ ഗുതൈ്വഫ് വംശത്തിന്റെയും യഊഖ് ഹംദാനിന്റെയും നസ്‌റ് ഹിംയര്‍ ഗോത്രത്തിന്റെയും വിഗ്രങ്ങളായിരുന്നു. ഇവയെല്ലാം നൂഹ് നബിയുടെ ജനതയിലെ സുകൃതവാന്മാരായ ചിലരുടെ പേരുകളാണ്.'2

നൂഹ് നബി(അ)യുടെ ജനത ഇവരൊക്കെ തങ്ങളുടെ റബ്ബാണെന്നോ തങ്ങളൊക്കെ അവരുടെ അടിയാറുകളാണെന്നോ വിശ്വസിച്ചു കൊണ്ടല്ല അവരോട് ഇസ്തിഗാസ നടത്തിയിരുന്നത്.
ചുരുക്കത്തില്‍, ഒരു കാര്യം ഇബാദത്തോ ശിര്‍ക്കോ ആവണമെങ്കില്‍ ഇബാദത്തു ചെയ്യപ്പെടുന്നവരുടെ ഉബൂദിയ്യത്തും റുബൂബിയ്യത്തും ഒരുമിച്ച് ഉള്‍ക്കൊള്ളണമെന്നു പറയുന്നത് ശുദ്ധ അസംബന്ധമാണ്. ഖുര്‍ആനും സുന്നത്തും ഇമാമുകളും പഠിപ്പിച്ചതിന് എതിരും.

വിവിധയിനം സഹായങ്ങള്‍, സഹായതേട്ടങ്ങള്‍?

സൃഷ്ടികളോട് ഭൗതിക മാര്‍ഗത്തിലൂടെയുള്ള സഹായാഭ്യര്‍ഥന നടത്തുന്നത് അനുവദനീയമാണെന്നും, അഭൗതിക മാര്‍ഗത്തിലൂടെയുള്ള സഹായാര്‍ഥന അല്ലാഹുവോടു മാത്രമേ പാടുള്ളൂവെന്നും അഭൗതിക മാര്‍ഗേണയുള്ളത് സൃഷ്ടികളോടായാല്‍ ശിര്‍ക്കാകുമെന്നുമുള്ള വാദത്തെക്കുറിച്ച് ഒരു ഇസ്തിഗാസാ വാദി പറയുന്നത് കാണുക:
'ദൈവബഹുത്വത്തിലേക്ക് ചേരുന്ന സഹായര്‍ത്ഥനക്ക് ഇസ്തിഗാസാ നിരാസകര്‍ ഒരു യുക്തിന്യായം മുന്നോട്ട് വെക്കാറാണ് പതിവ്.' അഭൗതികമായ, അതിപ്രകൃതമായ നിലയിലുള്ള സഹായര്‍ത്ഥന അല്ലാഹു അല്ലാത്തവരോടാവുമ്പോഴാണ് കുഴപ്പം. ഭൗതികമായ സഹായം അല്ലാഹു അല്ലാത്തവരോടും തേടാം' എന്നതാണ് പ്രസ്തുത യുക്തിന്യായം. ഒരു ന്യായത്തിന്റെ ആധാരം ബുദ്ധിവിചാരം ആവുകയെന്നത് മാത്രം ഒരു പ്രശ്‌നമല്ല, പക്ഷെ, ആ ന്യായം പ്രശ്‌നരഹിതമാവണമെന്ന് മാത്രം. അവിടെയുണ്ടാവുന്ന അനര്‍ത്ഥങ്ങള്‍ അനവധിയാണ്. കഴിവുകളെയും സിദ്ധികളെയും ശേഷികളെയും സംബന്ധിച്ച് ഒന്നുകില്‍ ഭൗതികം അല്ലെങ്കില്‍ അഭൗതികം എന്ന വിഭാഗീകരണം പ്രമാണബദ്ധമല്ല. ഖുര്‍ആനിലോ ഹദീഥിലോ മറ്റവലംബങ്ങളിലോ അങ്ങനെയില്ല...'
മറഞ്ഞ വഴിയിലൂടെയുള്ള സഹായാര്‍ഥന, തെളിഞ്ഞ വഴിയിലൂടെയുള്ള സഹായാര്‍ഥന എന്നിങ്ങനെയുള്ള വിഭജനത്തെ പറ്റിയാണ് തെറ്റായ വിഭജനമെന്ന് ഇവിടെ ഹൈത്തമി പറയുന്നത്. അഥവാ, സഹായാഭ്യര്‍ഥന ഒന്നേയുള്ളൂവെന്നും അതിനെ അദൃശ്യമാര്‍ഗത്തിലൂടെ, ദൃശ്യമാര്‍ഗത്തിലൂടെ എന്നിങ്ങനെ വിഭജിക്കുന്നത് പുത്തന്‍വാദവും പ്രമാണവിരുദ്ധവുമാണെന്നുമാണ് ഇവരുടെ വാദം!
എന്നാല്‍ സഹായര്‍ത്ഥനയുടെ കാര്യത്തില്‍ ഇത്തരം വിഭജനമുണ്ട് എന്നതിന് ഇവരുടെ ജീവിതത്തില്‍ തന്നെ ധാരാളം തെളിവുകളുണ്ടെന്നതാണ് യാഥാര്‍ഥ്യം! 
വീടിനു തറകെട്ടാനോ തറയില്‍ മണ്ണുനിറയ്ക്കാനോ ഇവരാരും മരിച്ചുപോയ മുഹിയിദ്ദീന്‍ ശൈഖിനെയോ ബദരീങ്ങളെയോ വിളിക്കാറില്ലല്ലോ. വര്‍ഷങ്ങള്‍ക്ക് മുമ്പോ തൊട്ടടുത്ത ദിവസങ്ങളിലോ മരണപ്പെട്ട, തങ്ങള്‍ക്ക് സുപരിചിതരായ തൊഴിലാളികളെയും വിളിക്കാറില്ല. അദൃശ്യമാര്‍ഗേണയുള്ള സഹായം ആവശ്യമാകുമ്പോള്‍ അതു പ്രതീക്ഷിച്ചു കൊണ്ടേ (ഇതില്‍ ആദ്യം പറഞ്ഞവരെയാണെങ്കിലും) വിളിക്കാറുള്ളൂ. വീടുനിര്‍മാണത്തിന് ആ രംഗത്ത് പരിചിതരും ജീവിച്ചിരിക്കുന്നവരുമായ ജോലിക്കാരെയാണ് ഇസ്തിഗാസാ വാദികളും വിളിക്കുക. ഇക്കാലത്ത് പണിക്കാര്‍ക്ക് ക്ഷാമം നേരിടുന്നതിനാല്‍  ആശാരിപ്പണിയും പെയിന്റിങ്ങുമെല്ലാം നീണ്ടുപോകാറുണ്ട്. ഗൃഹപ്രവേശത്തിന്റെ തലേദിവസം വരെ ബദ്ധപ്പെട്ട്  പണിയെടുക്കേണ്ടി വരാറുണ്ട് പലര്‍ക്കും.
ഇതിലൊന്നും സുന്നീ-മുജാഹിദ്- ജമാഅത്ത് വ്യത്യാസമില്ല. ഇത്തരം ന്യായവാദമുന്നയിക്കുന്നവര്‍ എന്തിന് ഇങ്ങനെ കിട്ടാത്ത പണിക്കാരുടെ പിന്നാലെ നടന്ന് സമയം കളയണം?
മണ്‍മറഞ്ഞവര്‍ കോടിക്കണക്കിന് ഉണ്ടല്ലോ, ലക്ഷക്കണക്കിന് പ്രവാചകന്മാരുണ്ട്, പതിനായിരക്കണക്കിന് സ്വഹാബിമാരും താബിഉകളുമുണ്ട്, പോരാത്തതിന് കോടിക്കണക്കിന് നിര്‍മാണ തൊഴിലാളികളും. എന്നിട്ടുമെന്തേ ഇത്തരം സന്ദര്‍ഭങ്ങളില്‍ അവരിലാരെയും ഇസ്തിഗാസാ വാദികള്‍ വിളിക്കാത്തത്?!
മരിച്ച് മണ്മറഞ്ഞവരൊക്കെയും ഫുള്‍ടൈം ഫ്രീയാണ്. നമ്മുടെ നാട്ടിലെ കോണ്‍ട്രാക്ടര്‍മാരെപ്പോലെയോ, ആശാരിമാരെപ്പോലെയോ അവരിലാര്‍ക്കും ഒരു തിരക്കുമില്ല, ഇവടെത്തെപ്പോലെ മുടക്കം പറയാന്‍, സമരം ചെയ്യാന്‍ അവര്‍ക്ക് ട്രേഡ് യൂണിയനുകളുമില്ല. എന്നിട്ടും ഒരു കാര്യത്തിനും അവരെ ആരും വിളിക്കുന്നില്ല?!
സഹായത്തില്‍ ദൃശ്യം-അദൃശ്യം എന്ന വിഭജനമില്ലാത്ത ഇസ്തിഗാസാ വാദികള്‍ മരിച്ചവരെ ഒരു ജോലിക്ക് പോലും വിളിക്കാത്തതെന്തുകൊണ്ട്? 
വളരെ പ്രഗത്ഭനായ ഒരു ഡോക്ടര്‍, മരണപ്പെട്ടാല്‍ പിന്നെയാരെങ്കിലും ചികിത്സ തേടി അദ്ദേഹത്തിന്റെ ഖബറിടത്തില്‍ ചെല്ലാറുണ്ടോ? 
മറുപടി ലളിതം. സഹായവും സഹായ തേട്ടവും വിവിധ തരത്തില്‍ ഉള്ളതുകൊണ്ടുതന്നെ! ഇത്തരം വിഷയങ്ങളില്‍ ഭൗതികം-അഭൗതികം എന്ന വിഭജനം ഇസ്തിഗാസാവാദികളും സമ്മതിക്കുന്നുവെന്ന് ചുരുക്കം. 
ഈ നഗ്‌ന യാഥാര്‍ഥ്യത്തെയാണ് താര്‍ക്കിക-തത്വശാസ്ത്ര യുക്തിയുപയോഗിച്ച് നിഷേധിക്കാന്‍ ചിലര്‍ ശ്രമിക്കുന്നത്.

കഴിവുകള്‍ക്ക്/ സഹായങ്ങള്‍ക്ക്/ സഹായതേട്ടങ്ങള്‍ക്ക് ഇങ്ങനെയൊരു വിഭജനമുണ്ട് എന്നതിന് ആയത്തോ ഹദീഥോ ഉദ്ധരിക്കണമത്രേ. വിഭജനമില്ലെന്നു പറയുന്നവരാണ് യഥാര്‍ഥത്തില്‍ തെളിവുദ്ധരിക്കേണ്ടത്. കാരണം നബി(സ) സ്വഹാബിമാരോടും ഭാര്യമാരോടും ദൃശ്യമാര്‍ഗത്തിലൂടെയുള്ള സഹായമേ തേടിയിട്ടുള്ളൂ. അഭൗതികമായ ഒരു ജോലിയും നബി(സ)യും ശിഷ്യഗണങ്ങളും മരിച്ചവരെ ഏല്‍പിച്ചിരുന്നില്ല. ബദ്‌രീങ്ങളെ മഹത്വവും സ്ഥാനവും നമ്മേക്കാളറിയുന്ന അവര്‍ ഒരിക്കല്‍ പോലും അവരെയൊന്നും സഹായത്തിനു വിളിച്ചിട്ടില്ല. 
ഇനി നബി(സ) ദൃശ്യമാര്‍ഗത്തിലൂടെയുള്ള സഹായം തേടിയതിനു തെളിവ് താഴെ കാണാം:
'നിങ്ങള്‍ ചോദിക്കുകയാണെങ്കില്‍ അല്ലാഹുവിനോടു ചോദിക്കുക, സഹായം തേടുകയാണെങ്കില്‍ അല്ലാഹുവിനോടു തേടുക'  إِذَا سَأَلْتَ فَاسْأَلِ اللَّهَ وَإِذَا اسْتَعَنْتَ فَاسْتَعِنْ بِاللَّهِ  എന്നു പറഞ്ഞ അതേ പ്രവാചകന്‍ (സ) തന്നെ ചില കാര്യങ്ങളില്‍ മറ്റുള്ളവരോട് സഹായം തേടാന്‍ ആവശ്യപ്പെടുന്നു.
'ഒരുത്തന്‍ എന്റെ സമ്പത്ത് കൊള്ളയടിക്കാന്‍ വന്നാല്‍ ഞാനെന്തു ചെയ്യണം പ്രവാചകരേ?'  എന്നു ചോദിച്ചയാളോട് അവിടുന്ന് പറഞ്ഞതിങ്ങനെയാണ്:
'നിന്റെ ചുറ്റുവട്ടത്തുള്ളവരോട് സഹായം തേടുക.' فَاسْتَعِنْ عَلَيْهِ مَنْ حَوْلَكَ مِنَ الْمُسْلِمِينَ എന്നാണ്.3
ഈ രണ്ട് ഹദീസുകളുടെയും പൂര്‍ണ രൂപം:
عَنِ ابْنِ عَبَّاسٍ قَالَ كُنْتُ خَلْفَ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَوْمًا فَقَالَ: « يَا غُلاَمُ إِنِّى أُعَلِّمُكَ كَلِمَاتٍ احْفَظِ اللَّهَ يَحْفَظْكَ احْفَظِ اللَّهَ تَجِدْهُ تُجَاهَكَ إِذَا سَأَلْتَ فَاسْأَلِ اللَّهَ وَإِذَا اسْتَعَنْتَ فَاسْتَعِنْ بِاللَّهِ ...... »
'ഇബ്‌നു അബ്ബാസില്‍നിന്ന് നിവേദനം. ഞാന്‍ ഒരു ദിവസം നബി(സ)യുടെ പിന്നില്‍ ഇരുന്ന് യാത്ര ചെയ്യുകയായിരുന്നു. അപ്പോള്‍ അവിടുന്ന് പറഞ്ഞു. 'കുഞ്ഞേ! ഞാന്‍ നിനക്ക് ചില വചനങ്ങള്‍ പഠിപ്പിച്ചു തരാം. നീ അല്ലാഹുവിനെ സൂക്ഷിക്കുക. അവന്‍ നിന്നെ സൂക്ഷിച്ചുകൊള്ളും. നീ അല്ലാഹുവിനെ സൂക്ഷിക്കുക. അവനെ നിനക്ക് നിന്റെ മുന്നില്‍ കാണാം. നീ ചോദിച്ചാല്‍ അല്ലാഹുവോട് ചോദിക്കുക. നീ സഹായം തേടിയാല്‍ അല്ലാഹുവിനോട് സഹായം തേടണം.'4

عَنْ قَابُوسَ عَنْ أَبِيهِ قَالَ: جَاءَ رَجُلٌ إِلَى النَّبِىِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَقَالَ: الرَّجُلُ يَأْتِينِى فَيُرِيدُ مَالِى؟. قَالَ: « ذَكِّرْهُ بِاللَّهِ ». قَالَ: فَإِنْ لَمْ يَذَّكَّرْ؟! قَالَ: « فَاسْتَعِنْ عَلَيْهِ مَنْ حَوْلَكَ مِنَ الْمُسْلِمِينَ ». قَالَ: فَإِنْ لَمْ يَكُنْ حَوْلِى أَحَدٌ مِنَ الْمُسْلِمِينَ؟! قَالَ: « فَاسْتَعِنْ عَلَيْهِ بِالسُّلْطَانِ ». قَالَ: فَإِنْ نَأَى السُّلْطَانُ عَنِّى؟! قَالَ: « قَاتِلْ دُونَ مَالِكَ حَتَّى تَكُونَ مِنْ شُهَدَاءِ الآخِرَةِ، أَوْ تَمْنَعَ مَالَكَ »
ഖാബൂസ് തന്റെ പിതാവില്‍നിന്ന് ഉദ്ധരിക്കുന്നു: ഒരാള്‍ നബി(സ)യെ സമീപിച്ച് ചോദിച്ചു. 'ഒരാള്‍ സമ്പത്ത് ഉദ്ദേശിച്ച് എന്നെ സമീപിക്കുന്നു. നബി(സ): 'അയാളെ അല്ലാഹുവിനെക്കുറിച്ച് ഓര്‍മിപ്പിക്കുക. അയാള്‍: 'അയാള്‍ ഉല്‍ബുദ്ധനായില്ലെങ്കില്‍. നബി(സ): 'ചുറ്റുമുള്ള മുസ്‌ലിംകളോട് സഹായം തേടുക' അയാള്‍: 'ഭരണാധികാരി ദൂരെയാണെങ്കിലോ? നബി(സ): 'നീ നിന്റെ സമ്പത്തിനുവേണ്ടി പോരാടുക. അങ്ങനെ പരലോകത്തെ രക്ത സാക്ഷികളില്‍ പെടുക അല്ലെങ്കില്‍ നീ നിന്റെ സമ്പത്ത് കൈവിട്ടു കൊടുക്കാതെ തടഞ്ഞുവെക്കുക.5

ഇവിടെ നബി(സ) വൈരുധ്യം പറഞ്ഞതാണോ? ഒരിക്കലുമല്ല. പ്രത്യുത ഒന്ന് ഭൗതിക സഹായമാണ് മറ്റേത് അഭൗതിക സഹായമാണ്. അഭൗതിക സഹായം പ്രാവാചകനോ, സ്വഹാബത്തോ അല്ലാഹുവല്ലാത്തവരോട് തേടിയിട്ടില്ല. ബദരീങ്ങളോടെന്നല്ല ഒരു സൃഷ്ടിയോടും തേടിയിട്ടില്ല. എന്നാല്‍ ഭൗതിക സഹായമാകട്ടെ കാഫിറുകളോടടക്കം തേടിയിട്ടുണ്ട് താനും. ഹിജ്‌റ പോകുമ്പോള്‍ തനിക്ക് വഴികാട്ടിയായിരിക്കാന്‍ സഹായം തേടിയത് ഒരു കാഫിറിനോടായിരുന്നു. ഇമാം ബുഖാരി  ഉദ്ധരിക്കുന്നു:
നബി(സ)യും അബൂബക്‌റും അദ്ദീല്‍ കുടുംബത്തില്‍ പെട്ട സമര്‍ഥനായ ഒരു വഴികാട്ടിയെ കൂലിക്കു വിളിക്കുയുണ്ടായി... (ബുഖാരി: 2664).
عَنْ عَائِشَةَ رَضِيَ اللَّهُ عَنْهَا قَالَتْ: « وَاسْتَأْجَرَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَأَبُو بَكْرٍ رَجُلًا مِنْ بَنِي الدِّيلِ هَادِيًا خِرِّيتًا وَهُوَ عَلَى دِينِ كُفَّارِ قُرَيْشٍ فَدَفَعَا إِلَيْهِ رَاحِلَتَيْهِمَا وَوَاعَدَاهُ غَارَ ثَوْرٍ بَعْدَ ثَلَاثِ لَيَالٍ بِرَاحِلَتَيْهِمَا صُبْحَ ثَلَاثٍ »
ആഇശ(റ)യില്‍നിന്ന് നിവേദനം. (മദീന പലായനത്തിന്റെ മുന്നൊരുക്കമായി) നബി(സ)യും അബൂബക്‌റും അദ്ദീല്‍ വംശജനായ വിദഗ്ധനായ ഒരു വഴികാട്ടിയെ കൂലിയ്ക്ക് വിളിച്ചു. അദ്ദേഹം ഖുറൈശി നിഷേധികളുടെ മതക്കാരനായിരുന്നു. ഇരുവരും തങ്ങളുടെ വാഹനങ്ങളെ അദ്ദേഹത്തെ ഏല്‍പിച്ചു. മൂന്നുരാത്രി കഴിഞ്ഞ് മൂന്നാം നാള്‍ പുലര്‍ച്ചെ സൗര്‍ ഗുഹയുടെ അടുത്തെത്താമെന്ന് ഇരുവരും അദ്ദേഹത്തോട് പറഞ്ഞുറപ്പിച്ചു.6

ഇതിന്റെ വിശദീകരണത്തില്‍ ഹാഫിള് ഇബ്‌നു ഹജര്‍ രേഖപ്പെടുത്തുന്നു: 
വഴി കാണിച്ചുതരാനായി സത്യനിഷേധിയെ കൂലിക്ക് വിളിക്കാമെന്ന് ഈ ഹദീസില്‍ തെളിവുണ്ട്.7

وَقَالَ الْحَافِظُ ابْنُ حَجَرٍ: وَفِي الْحَدِيث اِسْتِئْجَار الْمُسْلِم الْكَافِر عَلَى هِدَايَة الطَّرِيق إِذَا أُمِنَ إِلَيْهِ، وَاسْتِئْجَار الِاثْنَيْنِ وَاحِدًا عَلَى عَمَل وَاحِد.
ഇതുപോലെ നിരവധി ഉദാഹരണങ്ങള്‍ നമുക്ക് കാണാന്‍ കഴിയും. പ്രവാചകന്റെ വാക്കുകള്‍ മാത്രമല്ല അവിടുത്തെ ജീവിതം മൊത്തം അതിനുള്ള തെളിവാണ്. ഇനി ഇതൊന്നും തെളിവല്ല എന്നു പറയാന്‍ ഇവര്‍ ധൃഷ്ടരാവുമോ?!
അല്ലാഹുവിന്റെ എല്ലാ കല്‍പ്പനകളും, കഴിവും ഇഛാസ്വാതന്ത്ര്യവും  ഉളളവരോടാണ്. തങ്ങളുടെ കഴിവില്‍ പെട്ടതല്ലാത്ത ഒരു കാര്യവും അല്ലാഹു ഒരാളോടും കല്‍പ്പിക്കുകയില്ല എന്നാണ് അല്ലാഹു തന്നെ പറഞ്ഞിട്ടുള്ളത്.
لا يُكَلِّفُ اللَّهُ نَفْسًا إِلا وُسْعَهَا لَهَا مَا كَسَبَتْ وَعَلَيْهَا مَا اكْتَسَبَتْ
'അല്ലാഹു ആരെയും അയാളുടെ കഴിവില്‍ കവിഞ്ഞതിന് നിര്‍ബന്ധിക്കുന്നില്ല. ഒരുവന്‍ സമ്പാദിച്ചതിന്റെ സദ്ഫലം അവന്നുള്ളതാണ്. അവന്‍ സമ്പാദിച്ചതിന്റെ ദുഷ്ഫലവും അവന്നുതന്നെ' -(അല്‍ ബഖറ: 286).
മറ്റൊരിടത്ത് അല്ലാഹു പറയുന്നു:
لا يُكَلِّفُ اللَّهُ نَفْسًا إِلا مَا آتَاهَا
'അല്ലാഹു ആരെയും അയാള്‍ക്കേകിയ കഴിവില്‍ കവിഞ്ഞതിന് നിര്‍ബന്ധിക്കുന്നില്ല' -(അത്ത്വലാഖ്: 7).
അതായത്, മനുഷ്യന്റെ കഴിവ് പരിഗണിച്ചാണ് അല്ലാഹു അവനെ ചുമതല ഏല്‍പിക്കുന്നത്. ഒരാള്‍ക്ക് ഒരു പ്രവൃത്തി ചെയ്യാന്‍ കഴിവില്ലാതിരിക്കുകയും ആ പ്രവൃത്തി എന്തുകൊണ്ട് ചെയ്തില്ല എന്ന് അല്ലാഹു അവനോട് ചോദിക്കുകയും ചെയ്യുക എന്നത് ഒരിക്കലുമുണ്ടാവുകയില്ല. അതുപോലെ, ഒരു കാര്യത്തില്‍നിന്നു വിട്ടുനില്‍ക്കുക യഥാര്‍ഥത്തില്‍ മനുഷ്യന്റെ കഴിവില്‍പെട്ടതല്ലാതിരിക്കുകയും എന്നിട്ട്, അതില്‍നിന്ന് വിട്ടുനില്‍ക്കാത്തതിന്റെ പേരില്‍ അല്ലാഹു അവനെ ശിക്ഷിക്കുക എന്നതും തീരെ സംഭവ്യമല്ല. 

ഒരു കാര്യം ചെയ്യാന്‍ പറ്റിയ സാഹചര്യം ഒരുങ്ങുകയും അതു ചെയ്യാന്‍ ആവശ്യമായ ഉപകരണങ്ങള്‍ കേടു പാടില്ലാതെ ലഭിക്കുകയും ശാരീരികാവയവങ്ങള്‍ പ്രവര്‍ത്തനക്ഷമമായി നിലകൊള്ളുകയും ചെയ്യുന്നതിനാണ് കഴിവ് എന്ന് പറയുന്നത്. ഇങ്ങനെയാണ് 'ശര്‍ഹുല്‍ അഖാഇദി'ല്‍ കഴിവിനെ നിർവചിച്ചിരിക്കുന്നത്.8
وَالِاسْتِطَاعَة مَعَ الْفِعْلِ.... وَيَقَعُ هَذَا الِاسْمُ عَلَى سَلَامَةِ الْأَسْبَابِ وَالْآلَاتِ وَالْجَوَارِح
എല്ലാ കഴിവിന്റെയും ഉടമസ്ഥന്‍ അല്ലാഹുവാണെന്ന കാര്യം ഇവിടെ ആരും നിഷേധിച്ചിട്ടില്ല. മുശ്‌രിക്കുകള്‍ പോലും സമ്മതിക്കുന്ന ഒന്നാണത്. മനുഷ്യന്ന് അല്ലാഹു വല്ല കഴിവും നല്കിയിട്ടുണ്ടോ? ഇല്ലെന്നുള്ള ജബ്രിക ളുടെ വാദം സമര്‍ഥിക്കാന്‍ ശ്രമിക്കുകയാണ് ഇവിടെ ഇസ്തിഗാസാ വാദികള്‍. അതാകട്ടെ അഹ്‌ലുസ്സുന്നത്തിന്റെ വിശ്വാസത്തിന് കടകവിരുദ്ധവുമാണ്. 'ശര്‍ഹുല്‍ അഖാഇദില്‍ പറയുന്നത് കാണുക: 
وَلِلْعِبَادِ أَفْعَالٌ اخْتِيَارِيَّةٍ يُثَابُونَ بِهَا إنْ كَانَتْ طَاعَةً، وَيُعَاقَبُونَ عَلَيْهَا إنْ كَانَتْ مَعْصِيَةً، لَا كَمَا زَعَمَتْ الْجَبْرِيَّة مِنْ أَنَّهُ لَا فِعْلَ لِلْعَبْد أَصْلًا، وَإِنَّ حَرَكَاتِه بِمَنْزِلَةِ حَرَكَاتِ الْجَمَادَاتِ، لَا قُدْرَةَ لِلْعَبْدِ عَلَيْهَا، وَلَا قَصْدَ، وَلَا اخْتِيَارَ. وَهَذَا بَاطِلٌ لِأَنَّا نُفَرِّقُ بِالضَّرُورَةِ بَيْنَ حَرَكَة الْبَطْشِ، وَحَرَّكَةِ الارْتِعَاشِ، وَنَعْلَمُ فِي الْأَوَّلِ بِاخْتِيَارِهِ دُونَ الثَّانِي، وَلِأَنَّهُ لَوْ لَمْ يَكُنْ لِلْعَبْدِ فِعْلٌ أَصْلًا، لَمَا صَحَّ تَكْلِيفِهُ وَلَا تَرَتَّبُ اسْتِحْقَاقُ الثَّوَابِ وَالْعِقَابِ عَلَى أَفْعَالِهِ.
(മനുഷ്യര്‍ക്ക്  സ്വതന്ത്രമായ പ്രവര്‍ത്തനത്തിന് കഴിവുണ്ട്. ഈ പ്രവര്‍ത്തനം സുകൃതമാണെങ്കില്‍ അതിന്റെ അടിസ്ഥാനത്തില്‍ അവനു പ്രതിഫലം നല്‍കപ്പെടുന്നതാണ്. പാപമാണെങ്കില്‍ ശിക്ഷയും ലഭിക്കുന്നതാണ്. എന്നല്ലാതെ ജബരിയാക്കള്‍ വാദിക്കുന്നപോലെ, മനുഷ്യന് യാതൊരു പ്രവര്‍ത്തനകഴിവുമില്ലാ എന്നല്ല. മാത്രമല്ല അവന്റെ ചലനങ്ങള്‍ അചേതന വസ്തുവിന്റേതു പോലെയാണെന്നും പ്രവര്‍ത്തനത്തില്‍ മനുഷ്യന് ഉദ്ദേശ്യമോ കഴിവോ ഇല്ലെന്നും അവര്‍ വാദിച്ചു. ഈ വാദം അടിസ്ഥാനരഹിതമാണ്. കാരണം, ഒരാള്‍ കൈകൊണ്ടു പിടിക്കുമ്പോഴുണ്ടാവുന്ന ചലനവും തണുത്തു വിറയ്ക്കുമ്പോഴുണ്ടാവുന്ന ചലനവും തമ്മില്‍ വ്യത്യാസമുണ്ടെന്ന് നമുക്കറിയാം. ഒന്നാമത്തേത് അവന്റെ സ്വതന്ത്രമായ കഴിവിന്റെ അടിസ്ഥാനത്തിലാണ്. രണ്ടാമത്തേത് അപ്രകാരമല്ല. തീര്‍ച്ചയായും, മനുഷ്യനു സ്വതന്ത്രമായ പ്രവര്‍ത്തനശേഷി ഇല്ലായിരുന്നുവെങ്കില്‍ അവന് വിധിവിലക്കുകള്‍ നല്‍കുന്നതും അവന്റെ പ്രവര്‍ത്തനങ്ങള്‍ക്കനുസൃതമായി രക്ഷയോ ശിക്ഷയോ നല്‍കുന്നതും നിരര്‍ഥകമായിരിക്കും.'9

പള്ളിദര്‍സുകളില്‍ പഠിപ്പിക്കപ്പെടുന്ന പത്തു കിത്താബില്‍ പറയുന്നതു കാണുക:
فَإِنْ قِيلَ لَك: هَلْ لِلْعَبْد اخْتِيَارٌ فِي الْفِعْلِ وَالتَّرْكِ؟ قُلْ: نَعَمْ، لِلْعَبْد اخْتِيَارٌ وَقُدْرَةٌ أَعْطَاهَا اللَّهُ تَعَالَى إيَّاهُ، فَلِذَلِك يُثَابُ وَيُعَاقَبُ. هَذَا مَذْهَبُ أَهْلِ السُّنَّةِ وَالْجَمَاعَةِ.
'മനുഷ്യന് പ്രവര്‍ത്തിക്കുവാനും ഉപേക്ഷിക്കുവാനും സ്വാതന്ത്ര്യമുണ്ടോ, എന്നു നിന്നോട് ആരെങ്കിലും ചോദിച്ചാല്‍ നീ പറയുക: അതെ, മനുഷ്യന് കഴിവും സ്വാതന്ത്ര്യവുമുണ്ട്. ഇവ രണ്ടും അല്ലാഹു അവനു നല്‍കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടാണ് മനുഷ്യന്‍ ശിക്ഷിക്കപ്പെടുകയും പ്രതിഫലം നല്‍കപ്പെടുകയും ചെയ്യുന്നത്. ഇതാണ് സുന്നത്ത് ജമാഅത്തിന്റെ അഭിപ്രായം.10

ഇഛാസ്വാതന്ത്ര്യമുള്ള ഈ മേഖലയില്‍ കാര്യം ചെയ്യാനും ചെയ്യാതിരിക്കാനുമുള്ള കഴിവിനെയാണ് മനുഷ്യകഴിവ് എന്ന് പറയുമ്പോള്‍ നാം ഉദ്ദേശിക്കുന്നത്, ഇസ്തിഗാസാവാദികള്‍ അതിന് സാധാരണ കഴിവ് എന്ന് പറയുന്നു.
കഴിവില്ലാത്ത കുട്ടികള്‍, ഉറങ്ങുന്നവര്‍, ബുദ്ധിയില്ലാത്തവര്‍ തുടങ്ങിയവര്‍ക്ക് കല്‍പ്പനയനുസരിക്കാത്തതില്‍ കുറ്റമില്ല. അവര്‍ പരലോകത്ത് ചോദ്യം ചെയ്യപ്പെടുകയുമില്ല. ഇനിയും ഈ വിഭജനം പ്രമാണബദ്ധമല്ല, തെളിവില്ല എന്ന് പറഞ്ഞ് സാധാരണക്കാരെ കബളിപ്പിക്കരുത്.

ശീഇസം 'അഹ്‌ലുസ്സുന്ന'യിലേക്ക് ഇരച്ചു കയറുമ്പോള്‍

ഇബ്‌റാഹീം നബിയേ! സഹായിക്കണേ, മൂസാ നബിയേ രക്ഷിക്കണേ എന്നിങ്ങനെ മുന്‍കഴിഞ്ഞ പ്രവാചകന്മാരെ ആരെയെങ്കിലും വിളിച്ച് മുഹമ്മദ് നബി(സ) ഇസ്തിഗാസ ചെയ്തിട്ടില്ല.
ബദ്‌രീങ്ങളേ കാക്കണേ എന്ന് ഏതെങ്കിലും സ്വഹാബിയോ താബിഇയോ തേടിയതായി കാണുന്നില്ല.
ഖുര്‍ആനിലോ സുന്നത്തിലോ ഇത്തരത്തിലുള്ള ഒരു പ്രാര്‍ഥന ഉദ്ധരിക്കപ്പെട്ടിട്ടുമില്ല.
നാലു ഇമാമുകളില്‍ ഒരാള്‍ പോലും മരിച്ചുപോയവരെ വിളിച്ച് സഹായം തേടിയതായി ഉദ്ധരിക്കപ്പെട്ടിട്ടില്ല.
എന്നാല്‍ ദീനുല്‍ ഇസ്‌ലാമിനെ ശിര്‍ക്കില്‍ മുക്കാന്‍ വേണ്ടി രംഗത്തുവന്ന ശീഈസത്തില്‍ ഇതിന് നല്ല മാതൃകയുണ്ട്. ശിയാക്കളുടെ വീക്ഷണത്തില്‍ ആരോട് പ്രാര്‍ഥിച്ചാലും ശിര്‍ക്കാവില്ല. ഇലാഹാണെന്നോ റബ്ബാണെന്നോ വിശ്വാസിക്കുന്നില്ലെങ്കില്‍ കല്ലിനോടും മരത്തിനോടും വരെ പ്രാര്‍ഥിച്ചാലും ശിര്‍ക്കാവില്ല.11

ഖുമൈനി പറയുന്നത് കാണുക:

അല്ലാഹു അല്ലാത്തവരെപ്പറ്റി അവര്‍ ഇലാഹും റബ്ബും ആണ് എന്ന വിശ്വാസത്തോടുകൂടി അവരോട് ആവശ്യ പൂര്‍ത്തീകരണത്തിനു വേണ്ടി തേടുന്നതാണ് ശിര്‍ക്ക്. എന്നാല്‍ ഈയൊരു വിശ്വാസമില്ലാതെ ആവശ്യ പൂര്‍ത്തീകരണത്തിനു വേണ്ടി അവരോടു തേടിയാല്‍ അത് ശിര്‍ക്കാവുന്ന പ്രശ്‌നമേയില്ല.  അതുകൊണ്ടുതന്നെ ആവശ്യം പൂര്‍ത്തീകരിച്ചുതരുവാനായി വല്ലവരും കല്ലിനോടോ മണ്ണിനോടോ തേടിയാല്‍ പോലും അത് ശിര്‍ക്കാവുകയില്ല. 
إنَّ الشِّرْكَ هُوَ طَلَبُ الْحَاجَةِ مِنْ غَيْرِ اللَّهِ مَعَ الِاعْتِقَادِ بِأَنَّ هَذَا الْغَيْرُ هُوَ إِلهٌ وَرَبٌّ، وَأَمَّا إذَا طَلَبَ الْحَاجَةَ مِنَ الْغَيْرِ مِنْ غَيْرِ هَذَا الِاعْتِقَادِ فَلَيْسَ بِشِرْكٍ، وَلَا فَرْقَ فِي هَذَا الْمَعْنَى بَيْنَ الْحَيِّ وَالْمَيِّتِ، وَلِهَذَا لَوْ طَلَبَ أَحَدٌ حَاجَتَهُ مِنَ الْحَجَرِ وَالْمَدَرِ، لَا يَكُونُ شِرْكاً.
ആവശ്യങ്ങള്‍ നിവര്‍ത്തിക്കപ്പെടുവാന്‍ വേണ്ടി ഒരാള്‍, അല്ലാഹു അല്ലാത്ത മറ്റാരോടെങ്കിലും അവര്‍ സ്വന്തമായി കഴിവുള്ള റബ്ബാണ് എന്ന് കരുതി തേടിയാല്‍ അതാണ് ശിര്‍ക്ക്. ബുദ്ധിയും ഖുര്‍ആനും ഇതിന് തെളിവ് നല്‍കുന്നു. എന്നാല്‍ സ്വന്തമായി കഴിവുള്ള റബ്ബാണ് അവര്‍ എന്ന് കരുതാത്തിടത്തോളം അത് ശിര്‍ക്കാവുന്ന പ്രശ്‌നമേയില്ല.12 

إنْ كَانَ طَلَبُ الْحَاجَةِ مِنَ النَّبِيِّ وَالْإِمَامِ وَأَيّ شَخْصٍ آخَرَ غَيْرِ اللَّهِ بِاعْتِبَارِ أَنَّهُ رَبٌّ مُسْتَقِلٌّ فِي قَضَاءِ الْحَاجَةِ، فَهَذَا شِرْكٌ يَدُلُّ عَلَى ذَلِكَ الْعَقْلُ وَالْقُرْآنُ، وَإِنْ لَمْ يَكُنْ عَلَى هَذَا الِاعْتِبَارِ فَلَيْسَ مِنْ الشِّرْكِ.
കല്ലിനോടും മണ്ണിനോടും വരെ തേടിയാലും ശിര്‍ക്ക് വരില്ലാ എന്നുവരെ പറഞ്ഞുവെച്ചിരിക്കുന്നു ഇക്കൂട്ടര്‍! ഇബ്‌നു സബഅ് എന്ന ജൂതനാണല്ലോ തൗഹീദിനെ അട്ടിമറിക്കുന്ന ഈ ശീഈസത്തിന്റെ ആചാര്യന്‍!

താരതമ്യം

ഇനി കാന്തപുരം വിഭാഗത്തിലെ പ്രമുഖ പണ്ഡിതന്‍ പറയുന്നത് കാണുക:
സൃഷ്ടികള്‍ക്ക് അല്ലാഹു അനുവദിച്ചുകൊടുത്ത വിശേഷണങ്ങളില്‍ സ്വമദിയ്യത്ത് (സ്വയം പര്യാപ്തത) കൂടി ആരോപിച്ചിരുന്നെങ്കില്‍, അതില്ലാത്ത സാഹചര്യത്തില്‍ ഈ വിശേഷണങ്ങള്‍ സൃഷ്ടികള്‍ക്ക് ഉണ്ടെന്നു വിശ്വസിച്ചാല്‍ ശിര്‍ക്കാവുകയില്ലെന്ന് പഠിപ്പിക്കുക കൂടിയാണ് ഖുര്‍ആന്‍ ചെയ്യുന്നത്. അല്ലാഹുവിന്റെ വിശേഷണങ്ങള്‍ ബാഹ്യമായി സൃഷ്ടികള്‍ക്ക് നല്‍കിയാല്‍ ശിര്‍ക്ക് സംഭവിക്കുകയില്ലെന്നും, അല്ലാഹുവിന്റെതിന് തുല്യമായ രൂപത്തില്‍ (സ്വയംപര്യാപ്തതയോടുകൂടി) സൃഷ്ടികളില്‍ അത് ആരോപിക്കുമ്പോഴാണ് ശിര്‍ക്ക് വരികയെന്നതും നാം മനസ്സിലാക്കുക -(സുന്നത്ത് ജമാഅത്ത്, പേജ്: 28 - 29, സുലൈമാന്‍ സഖാഫി മാളിയേക്കല്‍).13
ഇ.കെ വിഭാഗം പണ്ഡിതനായ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്  പറയുന്നത് കാണുക: 

അല്ലാഹുവിന്റെ കേള്‍വി, അറിവ് തുടങ്ങിയ ഗുണങ്ങള്‍ മറ്റാരില്‍ നിന്നെങ്കിലും അല്ലാഹുവിന് ലഭിച്ച് കൊണ്ടിരിക്കുന്നതല്ല. അല്ലാഹുവിന്റെ കേള്‍വിയും അറിവും അവന്റെ സത്തയോടൊപ്പം എന്നും എപ്പോഴും വേര്‍പിരിയാതെ നിലനില്‍ക്കുന്നതാണ്. അല്ലാഹുവിന്റെ കേള്‍വി, അറിവ് എന്നീ ഗുണങ്ങള്‍ക്ക് എന്തെങ്കിലും നിയന്ത്രണങ്ങളോ പരിധിയോ നിശ്ചയിക്കാന്‍ ഒരാള്‍ക്കും സാധ്യമല്ല. ഇത്തരം ഒരു കഴിവ് അല്ലാഹുവല്ലാത്തവരില്‍ സങ്കല്‍പ്പിച്ചാല്‍ മാത്രമേ ശിര്‍ക്കാവൂ.14

അല്ലാഹുവിന്റെ ഗുണവിശേഷണങ്ങള്‍ ഏതാണ്ടെല്ലാം തന്നെ ശീഈകള്‍ അവരുടെ ഇമാമുകള്‍ക്ക് ചാര്‍ത്തിക്കൊടുത്തിട്ടുണ്ട്. പ്രപഞ്ചത്തിന്റെ നിയന്ത്രണം തന്നെ അവരുടെ ഇമാമുകളുടെ കരങ്ങളിലാണെങ്കില്‍ ആ ഇമാമുകളോട് എന്താണ് തേടിക്കൂടാത്തത്?!

ശീഈ അഖീദാ ഗ്രന്ഥങ്ങള്‍ എന്തു പറയുന്നു?

ഔലിയാക്കളെ കുറിച്ച് നമ്മുടെ നാട്ടില്‍ ചിലര്‍ വിശ്വസിക്കുന്ന വികലമായ ആശയങ്ങള്‍ മുഴുവന്‍ ശീഈകള്‍ തങ്ങളുടെ ഇമാമുകളെക്കുറിച്ചും വിശ്വസിക്കുന്നുണ്ട്. തങ്ങളുടെ ഇമാമുകള്‍ക്ക് അല്ലാഹുവിനെപ്പോലെ കാണാനും അറിയാനും സാധിക്കുമെന്നാണ് അവരുടെ വിശ്വാസം. ശീഈകളുടെ അടുക്കല്‍ ഏറ്റവും പ്രാമാണികമായ ഹദീസ് ഗ്രന്ഥമാണ് 'അല്‍ കാഫി.' ആഹ്‌ലുസുന്ന വിഭാഗം 'സ്വഹീഹുല്‍ ബുഖാരി'ക്കു നല്‍കുന്ന സ്ഥാനമാണ് ഈ ഗ്രന്ഥത്തിന് ശീഈകള്‍ നല്‍കുന്നത്. അതിലും അതുപോലുള്ള ശീഈകളുടെ പ്രാമാണിക ഗ്രന്ഥങ്ങളിലും വന്ന ചില ഉദാഹരണങ്ങള്‍ മാത്രം ഇവിടെ ചൂണ്ടിക്കാണിക്കാം:

അബൂ അബ്ദില്ലാഹ് പറയുന്നു: ആകാശങ്ങളിലും ഭൂമിയിലും ഉള്ളതും സ്വര്‍ഗത്തിലുള്ളതും, ഭാവിയില്‍ എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്നും, രാവും പകലും നടക്കുന്ന കാര്യങ്ങളെപ്പറ്റിയുമെല്ലാം സമയാസമയം അവരറിയും. അവരുടെയടുത്ത് നബിമാരുടെ അറിവുമുണ്ട്, അതിലപ്പുറവുമുണ്ട്.15

أَنَّ عِنْدَهُمْ عَلَيْهِمُ السَّلامُ عِلْمُ مَا فِي السَّمَاءِ، وَعِلْمُ مَا فِي الْأَرْضِ، وَعِلْمُ مَا كَانَ، وَعِلْمُ مَا يَكُونُ، وَمَا يَحْدُثُ بِاللَّيْلِ وَالنَّهَارِ، وَسَاعَةً وَسَاعَةً، وَعِنْدَهُمْ عِلْمٌ النَّبِيِّينَ وَزِيَادَةٌ. أَنَّ أبا عبدالله قال: إِنِّي أَعْلَمُ مَا فِي السَّمَوَاتِ وَمَا فِي الْأَرْضِ، وَأَعْلَمُ مَا فِي الْجَنَّةِ، وَأَعْلَمُ مَا كَانَ وَمَا يَكُونُ.
അബൂ അബ്ദില്ല പറയുന്നു: 'ആകാശ ഭൂമികളിലുള്ളവയും സ്വര്‍ഗത്തിലുള്ളവയും ഇതിനകം ഉണ്ടായതും ഇനി ഉണ്ടാകാനിരിക്കുന്നതുമായ എല്ലാം എനിക്കറിയാം.'
ദുന്‍യാവും ആഖിറവുമെല്ലാം ഇമാമിന്റേതാണെന്ന് നിനക്കറിയില്ലേ? ഇമാം തനിക്കിഷ്ടമുള്ളേടത്ത് അത് ഇറക്കിവെക്കും, തനിക്കിഷ്ടമുള്ളവര്‍ക്ക് അദ്ദേഹമത് നല്‍കുകയും ചെയ്യുന്നു.16

أَمَا عَلِمْتَ أَنَّ الدُّنْيَا وَالْآخِرَةَ لِلْإِمَام، يَضَعُهَا حَيْثُ يَشَاءُ، وَيَدْفَعُهَا إلَى مَنْ يَشَاءُ
ഇടിമിന്നലുകള്‍ പ്രത്യക്ഷപ്പെടുന്നത് പോലും ഇമാമിന്റെ ഉത്തരവനുസരിച്ചാണ് എന്ന് തുടങ്ങിയ ധാരാളം കാര്യങ്ങള്‍ വേറെയും കാണാം.
كُنْتُ عِنْدَ أَبِي عَبْداللَّه فَأَرْعَدَتِ السَّمَاءُ وَأَبْرَقَتْ، فَقَالَ أَبُو عَبْدِ اللَّه: أَمَا إِنَّهُ مَا كَانَ مِنْ هَذَا الرَّعْدِ، وَمِنْ هَذَا البَرْقِ، فَإِنَّهُ مِنْ أَمْرِ صَاحِبِكُمْ؟ قُلْتُ: مَنْ صَاحِبُنَا؟ قَالَ: أَمِيرُ الْمُؤْمِنِينَ.
'ഞാന്‍ ഒരിക്കല്‍ അബൂഅബ്ദില്ലയുടെ അടുത്തിരിക്കുകയായിരുന്നു: അപ്പോള്‍ ഇടിയും മിന്നലുമുണ്ടായി. അപ്പോള്‍ അബൂ അബ്ദില്ല പറഞ്ഞു: 'ഈ ഇടിയും മിന്നലും നിങ്ങളുടെ ആളുടെ വകയാണ്. ഞാന്‍: ഞങ്ങളുടെ ആള്‍ എന്നാല്‍ ആരാ?' അദ്ദേഹം: 'അമീറുല്‍ മുഅ്മിനീന്‍.'17

അല്‍ കാഫിയിലെ അധ്യായങ്ങളുടെ തലക്കെട്ടുകള്‍ മാത്രം മതി ഇത് മനസ്സിലാവാന്‍. ഉദാഹരണത്തിന് ചിലതു കാണുക:
1. ഇമാമുകള്‍ വല്ലതും അറിയണമെന്ന് ഉദ്ദേശിച്ചാല്‍ അതറിയും എന്ന് വ്യക്തമാക്കുന്ന അധ്യായം. 2. ഇമാമുകള്‍ എപ്പോഴാണ് തങ്ങള്‍ മരിക്കുക എന്നും, തങ്ങളുദ്ദേശിക്കുമ്പോള്‍ അല്ലാതെ മരിക്കുകയില്ലെന്നും വൃക്തമാക്കുന്ന അധ്യായം, അവര്‍ മനസ്സിലുള്ളത് അറിയുന്നു. മരണത്തിന്റെയും ആപത്തിന്റെയും വിവരങ്ങള്‍ അറിയുന്നു എന്ന അധ്യായം.18
بَابُ أَنَّ الْأَئِمَّةَ عَلَيْهِمُ السَّلامُ يَعْلَمُونَ مَتَى يَمُوتُونَ، وَأَنَّهُمْ لَا يَمُوتُونَ إِلَّا بِاخْتِيَارِ مِنْهُمْ. 
بَابُ أنَّ الْأَئِمَّة إذَا شَاءُوا أَنْ يَعْلَمُوا عَلِمُوا، وَأَنَّ قُلُوبِهِم مَوْرِد إرَادَةِ اللَّه سُبْحَانَهُ، إذَا شَاءَ شَيْئاً شَاءُوهُ.
ഖബറിന്നരികെ ചെന്ന് അല്ലാഹുവിനോട് ദുആ ചെയ്യുന്നതുപോലെ ഖബറില്‍ അന്ത്യവിശ്രമംകൊള്ളുന്ന ഇമാമിനോട് ദുആ ചെയ്യണം. ഇതാണാ ദുആ:
إذَا أَتَيْتَ الْبَابَ، فَقِفْ خَارِجَ الْقُبَّةِ، وَأَوْمِ بِطَرَفِك نَحْو الْقَبْرِ، وَقُلْ: يَا مَوْلَايَ يَا أَبَا عَبْدَ اللَّهِ، يَا ابْنَ رَسُولِ اللَّهِ: عَبْدُكَ وَابْنُ عَبْدِكَ وَابْنُ أَمَتِكَ، الذَّلِيلُ بَيْنَ يَدَيْكَ، الْمُقَصِّرُ فِي عُلُوِّ قَدْرِكَ، الْمُعْتَرِفُ بِحَقِّكَ، جَاءَكَ مُسْتَجِيراً بِذِمَّتِكَ، قَاصِداً إلَى حَرَمِكَ، مُتَوَجِّهاً إلَى مَقَامِكَ. . ثمَّ اِنْكَبَّ عَلَى الْقَبْرِ وَقُلْ: يَا مَوْلَايَ أَتَيْتُك خَائِفاً فَأَمِّنِّي، وَأَتَيْتُكَ مُسْتَجِيراً فَأَجِرْنِي، وَأَتَيْتُكَ فَقِيراً فَأَغْنِنِي ...يَا سَيِّدِي أَنْتَ وَلِيِّي وَمَوْلَايَ.
ഇനി ഇതേ ഖുറാഫാത്തുകള്‍ അതേപടി നമ്മുടെ നാട്ടിലെ സുന്നീ പരിസരത്തേക്ക് കടന്നു വന്നതു കാണുക:
ഒരു ഖുദ്‌സിയായ ഹദീസിനെ ദുർവ്യാഖ്യാനിച്ചുകൊണ്ട് അല്ലാഹുവിന്റെ കഴിവുകള്‍ സി.എം മടവൂരിന് ഉണ്ടെന്ന് വാദിക്കുന്നു:
'അല്ലാഹു കേള്‍ക്കുന്നത് പോലെ കേള്‍ക്കുകയും, കാണുകയും പ്രവര്‍ത്തിക്കുകയും ചെയ്യുക എന്നാണു ഇതിന്റെ വിവക്ഷയെന്നു പണ്ഡിതന്മാര്‍ വിവരിച്ചിട്ടുണ്ട്' -(സി.എം. സ്മരണിക, പേജ്: 39). 

മുഹിയിദ്ദീന്‍ ശൈഖ് (റ)യെക്കുറിച്ച്, ''അല്ലാഹു കേള്‍ക്കുന്നത് പോലെ 
സ്ഥല ശബ്ദ വ്യത്യാസമന്യേ കേള്‍ക്കാന്‍ സാധിക്കുമെന്നതാണ്'' എന്ന് പറയുന്നു.
(ജിലാന്‍ -ശൈഖ് ജീലാനി സപ്ലിമെന്റ് പേജ്: 9). തംരീനു ത്വലബ സാഹിത്യ സമാജം, ചാലിയം ജുമാ മസ്ജിദ്).
കുപ്പിക്കകത്തുള്ള വസ്തുവിനെപ്പോലെ മനുഷ്യരുടെ മനസ്സിനകത്തുള്ളത് അറിയാന്‍ ഔലിയാക്കള്‍ക്ക് കഴിയുമെന്നാണ് മാലകളില്‍ പറഞ്ഞിട്ടുള്ളത്. 
അവര്‍ എഴുതുന്നു:
'കുപ്പിക്കുള്ളിലെ ഏതു സാധനവും പുറത്തു വ്യക്തമായി കാണുന്നത് പോലെ നിങ്ങളുടെ ഹൃദയത്തില്‍ ഉള്ളത് ഞാന്‍ കാണുന്നുവെന്ന് ഗൌസുല്‍ അഅ്‌ളം പറയുന്നു' (മുഹിയിദ്ദീന്‍ മാല വ്യാഖ്യാനം. 1/51. ദാറുസ്സലാം ബുക്ക് സ്റ്റാള്‍ നന്തി).
പിഴച്ച ശീഈ ആശയാദര്‍ശങ്ങള്‍ നമ്മുടെ നാട്ടിലെ സുന്നീ പരിസരങ്ങളിലേക്ക് എത്രമാത്രം കടന്നു കയറിയിട്ടുണ്ടെന്നും യഥാര്‍ഥ ഇസ്‌ലാമികാദര്‍ശത്തെ അത് എത്രമാത്രം വികലമാക്കിയിട്ടുണ്ടെന്നും നാം ചിന്തിക്കുക.  (തീര്‍ന്നില്ല)
കുറിപ്പുകള്‍
1.    فَتَاوَى السُّبْكِيّ: إِشْرَاقِ الْمَصَابِيحِ فِي صَلَاةِ التَّرَاوِيحِ    
2.    رَوَاهُ الْبُخَارِيُّ: 4920، بَابُ {وَدًّا وَلَا سُواعًا وَلَا يَغُوثَ وَيَعُوقَ}
3.    التّرمذي
4.    رَوَاهُ التِّرْمِذِيُّ: 2706، وَقَالَ: هَذَا حَدِيثٌ حَسَنٌ صَحِيحٌ، وَصَحَّحَهُ الأَلْبَانِيُّ
5.    رَوَاهُ النَّسَائِيُّ: 4098، قَالَ الشَّيْخُ الأَلْبَانِيُّ: حَسَنٌ صَحِيحٌ
6.    رَوَاهُ الْبُخَارِيُّ: 2264، بَاب إِذَا اسْتَأْجَرَ أَجِيرًا لِيَعْمَلَ لَهُ  
7.    فَتْحُ الْبَارِي: 2103.
8.    شَرْحُ الْعَقَائِدِ
9.    شَرْحُ الْعَقَائِدِ
10.    بَابُ مَعْرِفَةِ الْكُبْرَى: 22
11.    كَشْفُ الْأَسْرَارِ: ص: 30
12.    കശ്ഫുല്‍ അസ്‌റാര്‍: ഖുമൈനി: 54
13.    സുന്നത്ത് ജമാഅത്ത്, പേജ്: 28-29, സുലൈമാന്‍ സഖാഫി മാളിയേക്കല്‍.
14.    തെറ്റിദ്ധരിക്കപ്പെട്ട തൗഹീദ് എന്ന ഗ്രന്ഥം കാണുക.
15.    ينابيع المعاجز وَأُصُول الدَّلَائِل لِهَاشِم الْبَحْرَانِيّ، الْبَابُ الْخَامِسُ ص35-42
16.    الكافي للكليني ج1/258-260
17.    الكافي ج1/258-260
18.    بحار الأنوار ج101/257-261

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top