ഹദീസ്: സ്വഹാബികളുടെയും താബിഈങ്ങളുടെയും കാലത്ത്‌

ഡോ. മുഹമ്മദ് അജ്ജാജുല്‍ ഖത്വീബ്‌‌‌
img

നബി(സ)യെ പിന്തുടരുന്നതില്‍ സ്വഹാബികളുടെയും താബിഉകളുടെയും താല്‍പര്യവും ശ്രദ്ധയും 

നബി(സ)യുടെ കാലത്ത് ശരീഅത്തിന്റെ സ്രോതസ്സുകള്‍ ഖുര്‍ആനും സുന്നത്തുമായിരുന്നു. പ്രസ്തുത കാലയളവില്‍ ഹദീസ് വിഷയകമായി മുസ്‌ലിംകള്‍ പുലര്‍ത്തിയ ശ്രദ്ധയെയും ഊന്നലിനെയും കുറിച്ച് ചില കാര്യങ്ങള്‍.
അതാതവസരങ്ങളില്‍ ഇറങ്ങുന്ന ഖുര്‍ആന്‍ നബി(സ) എല്ലാ ജനങ്ങള്‍ക്കുമായി എത്തിച്ചുകൊടുത്തു. അതിലെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ വിശദീകരിച്ചു നല്‍കി. വിധികള്‍ പ്രയോഗവത്കരിച്ചു. ഇസ്‌ലാമിക സമൂഹത്തിന്റെ ഏതു കാര്യത്തിലും പരമോന്നത കേന്ദ്രം തിരുമേനി തന്നെയായിരുന്നു. വിധിന്യായം, ഫത്‌വ, സാമ്പത്തിക രാഷ്ട്രീയ സൈനിക വ്യവഹാരങ്ങള്‍ ഉള്‍പ്പെടെ എല്ലാം സ്വഹാബികള്‍ കാണ്‍കെ അദ്ദേഹം കൈകാര്യം ചെയ്തു. അദ്ദേഹത്തിന്റെ പരലോക പ്രാപ്തിയോടെ വഹ്‌യ് നിലച്ചു. മുസ്‌ലിംകള്‍ക്ക് മുമ്പില്‍ ഖുര്‍ആനും സുന്നത്തും മാത്രമേ ഉണ്ടായിരുന്നുള്ളൂ. 'ഞാന്‍ നിങ്ങള്‍ക്ക് രണ്ടു കാര്യങ്ങള്‍ വിട്ടുപോകുന്നു. അവ രണ്ടും മുറുകെ പിടിക്കുവോളം നിങ്ങള്‍ വഴിപിഴക്കില്ല. അല്ലാഹുവിന്റെ ഗ്രന്ഥം, എന്റെ സുന്നത്ത്.'1 സ്വഹാബികളും താബിഉകളും നബി(സ)യുടെ ഉപദേശം ശിരസാവഹിച്ചു. (ഇതിന്റെ ധാരാളം ഉദാഹരണങ്ങള്‍ ഹദീസുകളില്‍ കാണാം).
നബി(സ)യുടെ ജീവിതകാലത്ത് മാത്രമല്ല, വിയോഗശേഷവും മുസ്‌ലിംകള്‍ അദ്ദേഹത്തെ അനുസരിക്കാന്‍ ബാധ്യസ്ഥരാണ്. സ്വഹാബികള്‍ തിരുമേനി(സ)യുടെ വിയോഗത്തിനു മുമ്പും ശേഷവും അതേവിധം പ്രാവര്‍ത്തികമാക്കി. തന്നെയുമല്ല അദ്ദേഹത്തെ അവര്‍ എല്ലാ അര്‍ഥത്തിലും പിന്‍പറ്റി ജീവിച്ചു. അഹ്‌സാബ് 21-ാം സൂക്തം അവര്‍ക്ക് ഉത്തമ പ്രചോദനമായി.

സ്വഹാബികളുടെ പ്രവാചക സ്‌നേഹത്തിന്റെ മാതൃകകള്‍
1. നബി(സ)യുടെ വിയോഗശേഷം ഉസാമബ്‌നു സൈദിന്റെയും അദ്ദേഹത്തിന്റെ കീഴിലെ സൈന്യത്തിന്റെയും മദീനയിലെ സാന്നിധ്യം അനിവാര്യമായിരുന്നിട്ടും, അബൂബക്ര്‍(റ) നബി(സ)യുടെ മുന്‍ തീരുമാനപ്രകാരം ഉസാമയെ ശാമിലേക്ക് അയക്കുകയും പുതിയ വെല്ലുവിളിയായ മതപരിത്യാഗികളെ നേരിടാന്‍ ഖാലിദുബ്‌നുല്‍ വലീദിനെ നിയോഗിക്കുകയുമാണുണ്ടായത്. നബി(സ)യുടെ തീരുമാനം നടപ്പാക്കുന്നതിലെ ദൃഢനിശ്ചയമായിരുന്നു അതിനു പിന്നില്‍.
2. അബ്ദുല്ലാഹിബ്‌നുസ്സഅ്ദിയില്‍നിന്ന് ഹുവൈത്വിബ്‌നു അബ്ദില്‍ ഉസ്സാ മുഖേന സാഇബുബ്‌നു യസീദ് ഉദ്ധരിക്കുന്നു: ഉമറി(റ)ന്റെ ഭരണകാലത്ത് അബ്ദുല്ല, ഉമറിനെ ചെന്നുകണ്ടു. അപ്പോള്‍ ഉമര്‍ പറഞ്ഞു: 'ജനങ്ങളുമായി ബന്ധപ്പെട്ട ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കുന്ന താങ്കള്‍ അവകാശപ്പെട്ട വേതനം പറ്റുന്നത് ഇഷ്ടപ്പെടുന്നില്ലെന്നു കേള്‍ക്കുന്നു. ശരിയാണോ?' അബ്ദുല്ല: 'ശരിയാണ്' ഉമര്‍: 'അങ്ങനെ ചെയ്യാന്‍ എന്താണ് കാര്യം?' അബ്ദുല്ല: 'എനിക്ക് കുതിരകളും ഏതാനും അടിമകളുമുണ്ട്. ഞാന്‍ ക്ഷേമത്തിലാണ്. എന്റെ വേതനം മുസ്‌ലിംകള്‍ക്ക് സ്വദഖയാവട്ടെ എന്നാണ് എന്റെ ഉദ്ദേശ്യം.' ഉമര്‍:  'അങ്ങനെ ചെയ്യരുത്. ഞാനും നിങ്ങളെപ്പോലെ ഉദ്ദേശിച്ചിരുന്നു. നബി(സ) എനിക്ക് തരാറുണ്ടായിരുന്നു. അപ്പോള്‍ ഞാന്‍ ഇങ്ങനെ പറയുമായിരുന്നു: 'എന്നേക്കാള്‍ പാവങ്ങളായവര്‍ക്ക് കൊടുത്താലും!' അങ്ങനെ ഒരിക്കല്‍ നബി(സ) എനിക്കു തന്നപ്പോള്‍, 'എന്നേക്കാള്‍ ദരിദ്രരായവര്‍ക്കു കൊടുത്താലും!' എന്നു ഞാന്‍ പറഞ്ഞു. അപ്പോള്‍ നബി(സ) പറഞ്ഞു:
خذْه فتموّله وتصدّق به فما جائك من هذا المال وأنت غير مشرف ولا سائل فحذه ومالا فلا تتّبعه نفسك
'നിങ്ങള്‍ അത് വാങ്ങുക, സാമ്പത്തായി സ്വീകരിക്കുക, (സ്വന്തമായ പ്രത്യേക ആവശ്യമില്ലെങ്കില്‍) അത് സ്വദഖ ചെയ്യുക, കൊതി കൂടാതെയും ചോദിച്ചു വാങ്ങാതെയും ഈ സ്വത്തില്‍നിന്ന് കിട്ടുന്നത് സ്വീകരിക്കുക. അതല്ലാത്തതിനോട് ആര്‍ത്തി കാണിക്കരുത്.2 (നിവേദക പരമ്പരയില്‍ നാലു സ്വഹാബികള്‍- ഉമര്‍, അബ്ദുല്ലാഹിബ്‌നുസ്സഅ്ദി, ഹുവൈത്വിബ്, സാഇബ്- ഉള്ള ഹദീസാണിത്).
3. യര്‍മൂക്ക് യുദ്ധവേളയില്‍ സേനാനായകര്‍ ഖലീഫ ഉമറിനെഴുതി: 'ഞങ്ങള്‍ മരണത്തോടടുത്തിരിക്കുന്നു.' ഉമറിന്റെ മറുപടി: 'നിങ്ങള്‍ക്ക് ഞാന്‍ ഏറ്റവും ശക്തമായി സഹായിക്കാനും സൈന്യത്തെ എത്തിച്ചു തരാനും കഴിയുന്ന ഒരാളെ പറ്റി പറഞ്ഞു തരാം, 'അല്ലാഹു.' നിങ്ങള്‍ അവനോട് സഹായം തേടുക. ബദ്ര്‍ ദിനത്തില്‍ നിങ്ങളുടേതിനേക്കാള്‍ കുറഞ്ഞ സന്നാഹങ്ങളുണ്ടായിരുന്ന മുഹമ്മദ് നബി (സ) സഹായിക്കപ്പെട്ടിട്ടുണ്ട്. എന്റെ ഈ എഴുത്ത് കിട്ടിയാല്‍ നിങ്ങള്‍ ശത്രുക്കളോട് പൊരുതുക. എന്നോട് പുനഃപരിശോധന തേടരുത്.3'
4. മക്ക വിജയ ദിനത്തില്‍ ത്വവാഫിനിടയില്‍ ചുമലുകള്‍ പുറത്തു കാണത്തക്കവിധം ഇഹ്‌റാം വേഷം ധരിച്ച് വേഗത്തില്‍ നടക്കാന്‍ നബി(സ) സ്വഹാബികളോട് നിര്‍ദേശിക്കുകയുണ്ടായി. ഇസ്‌ലാം ശക്തമായെന്നും ബഹുദൈവത്വത്തിന്റെ അടിത്തറ ഇളകിയെന്നും മുസ്‌ലിംകള്‍ ക്ഷീണിതരല്ലെന്നും ശത്രുക്കളെ ബോധ്യപ്പെടുത്തുകയായിരുന്നു ഉദ്ദേശ്യം. ഖലീഫ ഉമറിന്റെ കാലമായപ്പോള്‍ ഇസ്‌ലാം കൂടുതല്‍ ശക്തിപ്പെട്ട സാഹചര്യത്തില്‍ ത്വവാഫില്‍ അതിന്റെ ആവശ്യമുണ്ടായിരുന്നില്ല. എങ്കിലും അതേപ്പറ്റി ഉമര്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു. 'എന്തിനാണ് ഇന്നത്തെ സാഹചര്യത്തില്‍ ത്വവാഫില്‍ വേഗത്തില്‍ നടക്കുന്നതും ചുമല്‍ പുറത്തുകാണിക്കുന്നതും? അല്ലാഹു ഇസ്‌ലാമിന് സ്വാധീനം നല്‍കുകയും സത്യനിഷേധത്തെയും അതിന്റെ ആളുകളെയും പരാജയപ്പെടുത്തുകയും ചെയ്തിരിക്കെ വിശേഷിച്ചും? അങ്ങനെയൊക്കെയാണെങ്കിലും നബി(സ)യുടെ കാലത്ത് നാം ചെയ്തിരുന്ന ഒന്നും നാം ഉപേക്ഷിക്കുകയില്ല തന്നെ.'4
5. എല്ലാ സ്വഹാബികളും ഈ വിധം നബി(സ)യെ മാതൃകയാക്കി. തിരുചര്യ പ്രാവര്‍ത്തികമാക്കി. കാരണം അറിഞ്ഞാലും ഇല്ലെങ്കിലും അനുസരിക്കുക എന്നതായിരുന്നു നയം. നബി(സ)യുടെ പ്രവൃത്തികളുടെ യുക്തിയും രഹസ്യവും തിരക്കുക എന്നത് അവരുടെ രീതിയായിരുന്നില്ല. ഇക്കാര്യത്തില്‍ അതീവ കണിശതയും ശുഷ്‌കാന്തിയും പുലര്‍ത്തിയ ആളായിരുന്നു അബ്ദുല്ലാഹിബ്‌നു ഉമര്‍. നമസ്‌കാരത്തിലും ഹജ്ജിലും നോമ്പിലും മാത്രമല്ല മലമൂത്ര വിസര്‍ജന കാര്യങ്ങളില്‍ പോലും ഇതായിരുന്നു അദ്ദേഹത്തിന്റെ രീതി.5 'നിങ്ങള്‍ക്ക് തീര്‍ച്ചയായും അല്ലാഹുവിന്റെ ദൂതനില്‍ ഉത്തമ മാതൃകയുണ്ട്.' (അഹ്‌സാബ്: 21) എന്ന് അദ്ദേഹം കൂടെക്കൂടെ പറയുമായിരുന്നു. നബി (സ)യില്‍നിന്ന് വല്ലതും കേള്‍ക്കുകയോ, അദ്ദേഹത്തിന്റെ കൂടെ വല്ലതിനും സാക്ഷിയാവുകയോ ചെയ്താല്‍ അതില്‍ കുറഞ്ഞോ കൂടിയോ ഒരു നിലപാട് അദ്ദേഹം സ്വീകരിച്ചിരുന്നില്ല.6

ഹദീസില്‍നിന്നോ നബി(സ)യുടെ പ്രവൃത്തി നേരില്‍ കണ്ടോ ബോധ്യപ്പെട്ടതിനപ്പുറമോ കൂടിയോ കുറഞ്ഞോ ഒരു നിലപാട് അദ്ദേഹത്തിനുണ്ടായിരുന്നില്ല. താബിഈ പണ്ഡിതനായ മുജാഹിദ് പറയുന്നു: ഞങ്ങള്‍ ഒരിക്കല്‍ ഒരു യാത്രയില്‍ ഇബ്‌നു ഉമറിനൊപ്പമുണ്ടായിരുന്നു. ഒരിടത്തെത്തിയപ്പോള്‍ അദ്ദേഹം അല്‍പം വഴിമാറിനടന്നു. 'എന്തിനാണ് വഴിമാറി നടന്നതെന്നു ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത്, 'ഇവിടെ എത്തിയപ്പോള്‍ നബി(സ) ഈ വിധം വഴിമാറി നടന്നത് ഞാന്‍ കണ്ടിരുന്നു. അതുകൊണ്ടാണ് ഞാനും അവ്വിധം നടന്നത്' എന്നായിരുന്നു.7

മക്കയുടെയും മദീനയുടെയും ഇടയിലെ ഒരു മരത്തിനു കീഴില്‍ ഉച്ചക്ക് മയങ്ങിയിരുന്ന നബി(സ)യെ മാതൃകയാക്കി, ആ വഴി പോവുമ്പോള്‍ ഇബ്‌നു ഉമറും അവിടെ കിടന്നിരുന്നു.

6. ഹജറുല്‍ അസ്‌വദിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഇബ്‌നു ഉമറിന്റെ വിശദീകരണം, നബി(സ) ഹജറുല്‍ അസ്‌വദിനെ ഉമ്മവെക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ടായിരുന്നു. 'തിക്കും തിരക്കും ഉണ്ടെങ്കിലോ?' എന്ന ചോദ്യത്തിന് 'വലതു കൈക്കൊണ്ട് ഹജറിനു നേരെ കൈകാണിച്ച ശേഷം, കൈ ചുംബിക്കുക' എന്നായിരുന്നു മറുപടി.8

7. റോമില്‍ മുആവിയ(റ)യുടെ കൂടെ സൈനിക പര്യടനത്തിലെ അംഗമായിരുന്ന ഉബാദത്തുബ്‌നുസ്സ്വാമിത്ത് (റ) അവിടത്തുകാര്‍ സ്വര്‍ണത്തിന്റെ കഷ്ണങ്ങള്‍ സ്വര്‍ണനാണയങ്ങളുമായും(ദീനാര്‍) വെള്ളിയുടെ കഷ്ണങ്ങള്‍ വെള്ളിനാണയങ്ങളുമായും (ദിര്‍ഹം) ഇടപാടു നടത്തുന്നതായി കണ്ടു. ഉബാദ(റ) ജനങ്ങളോടായി പറഞ്ഞു: 'ജനങ്ങളേ! നിങ്ങള്‍ പലിശയാണ് തിന്നുന്നത്. 'നിങ്ങള്‍ സ്വര്‍ണവും സ്വര്‍ണവുമായി ഇടപാടു നടത്തുമ്പോള്‍ തുല്യമായിട്ടായിരിക്കണം ഇടപാടുകള്‍. രണ്ടും തമ്മില്‍ വര്‍ധന പാടില്ല, റൊക്കവുമായിരിക്കണം' എന്ന് നബി(സ) പ്രസ്താവിക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. അപ്പോള്‍ മുആവിയ പറഞ്ഞു: 'അബുല്‍ വലീദ്! 'റൊക്കമല്ലാതെയുള്ള ഇടപാടില്‍ പലിശ ഇല്ലെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്' ഉബാദ: 'നബി(സ) അങ്ങനെ പറഞ്ഞു എന്ന് ഞാന്‍ നിങ്ങളോട് പറയുക, നിങ്ങളോ, നിങ്ങളുടെ അഭിപ്രായം എന്നോടു പറയുക. അല്ലാഹു എന്നെ പുറത്താക്കിയാല്‍, നിങ്ങളുടെ ഭരണ നേതൃത്വത്തിനു കീഴിലുള്ള ഒരു പ്രദേശത്തും ഞാന്‍ താമസിക്കുകയില്ല തന്നെ.' ഉബാദ അവിടെനിന്ന് മടങ്ങി മദീനയിലെത്തി. ഉമര്‍(റ): 'അബുല്‍ വലീദ്! നിങ്ങള്‍ എന്താ പോരാന്‍ കാരണം? ഉബാദ കാര്യം വിശദീകരിച്ചു. ഉമര്‍(റ): 'അബുല്‍ വലീദ്! നിങ്ങള്‍ അങ്ങോട്ടു തന്നെ പോവണം. നിങ്ങളും നിങ്ങളെപ്പോലുള്ളവരും ഇല്ലാത്ത നാട് എന്തിനു പറ്റും?' ഭരണാധികാരി എന്ന നിലയില്‍ മുആവിയക്ക് ഉബാദയുടെ മേല്‍ ചുമതല ഇല്ലെന്ന് അറിയിച്ചു: ഉബാദ പറഞ്ഞതുപോലെ പ്രവര്‍ത്തിക്കാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്യാന്‍ മുആവിയയോട് നിര്‍ദേശിച്ചു. ഉബാദ പറഞ്ഞതാണ് ശരിയായ വിധി എന്ന് ഉമര്‍ സ്ഥിരീകരിച്ചു.9

സ്വഹാബികളെ പോലെ താബിഉകളും ഇതേ മാതൃകയില്‍ ജീവിച്ചു പോന്നു.

സുന്നത്ത് സംരക്ഷണത്തില്‍ സ്വഹാബികളുടെയും താബിഉകളുടെയും സമീപന രീതി

വിശുദ്ധ തിരുസുന്നത്ത് മുറുകെ പിടിക്കുന്ന വിഷയത്തില്‍ സ്വഹാബികളും താബിഉകളും പുലര്‍ത്തിയ ശ്രദ്ധ നാം കണ്ടു. ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിലും അവധാനത പുലര്‍ത്തുന്നതിലും സർവോപരി സുന്നത്തിലെ സന്ദേശങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിലും അവര്‍ മുന്‍നിരയില്‍ തന്നെയുണ്ടായിരുന്നു.

റിപ്പോര്‍ട്ടിംഗിലെ സൂക്ഷ്മത

തെറ്റുപറ്റരുതെന്ന നിശ്ചയമുണ്ടായിരുന്നതിനാല്‍ നബി(സ)യില്‍നിന്ന് ഹദീസുകള്‍ നിവേദനം ചെയ്യുന്നതില്‍ അവര്‍ ബദ്ധശ്രദ്ധരായിരുന്നു. നബി(സ) പറഞ്ഞ കാര്യങ്ങള്‍ക്ക് ആശയച്ചോര്‍ച്ചയോ വ്യതിയാനമോ വന്നുപോകാതിരിക്കാന്‍ അവര്‍ വിഷയം പ്രത്യേകം ഗൗരവത്തിലെടുത്തു. ഖുര്‍ആന്‍ കഴിഞ്ഞാല്‍ ഇസ്‌ലാമിന്റെ രണ്ടാം പ്രമാണം ഹദീസ് ആയതിനാല്‍ അതിന്റെ ആധികാരികതയും വിശുദ്ധിയും സംരക്ഷിക്കേണ്ടതുണ്ടെന്ന് അവര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. ഹദീസിനോടുള്ള ബഹുമാനത്താല്‍ തന്റെ ഭാഗത്തുനിന്ന് വീഴ്ചകള്‍ സംഭവിക്കരുതെന്ന് അവരില്‍ പലരും തീരുമാനമെടുത്തു. ഹദീസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നവരെ നിരുത്സാഹപ്പെടുത്തുന്ന നിലപാടായിരുന്നു ഉമറിനെപോലുള്ളവരുടേത്. ആവശ്യമുള്ളപ്പോള്‍ മാത്രം ഹദീസുകള്‍ പറഞ്ഞ ശേഷം 'ഇങ്ങനെയോ ഇതുപോലെയോ സമാനമായോ ആണ് നബി(സ) പറഞ്ഞത്' എന്ന സ്വഹാബികളുടെ പ്രസ്താവന അവരുടെ സൂക്ഷ്മതയാണ് എടുത്തു കാട്ടുന്നത്.10
ചില സ്വഹാബികള്‍ ഹദീസുകള്‍ ഉദ്ധരിക്കുമ്പോള്‍ വിറകൊള്ളുകയും ഭയചകിതരാവുകയും വിവര്‍ണരാവുകയും ചെയ്തിരുന്നു. ഹദീസിനോടുള്ള ബഹുമാനവും തെറ്റുപറ്റിയാലുള്ള ശിക്ഷയെക്കുറിച്ച ഭയവുമായിരുന്നു കാരണം. അംറുബ്‌നു മൈമൂന്‍ പറയുന്നു: എല്ലാ വ്യാഴാഴ്ചയും വൈകുന്നേരം ഞാന്‍ ഇബ്‌നു മസ്ഊദിനെ ചെന്നു കാണാറുണ്ടായിരുന്നു. ഒരിക്കല്‍ 'നബി (സ) പറഞ്ഞു' എന്നു പറഞ്ഞ ശേഷം ഇബ്‌നു മസ്ഊദ് തലതാഴ്ത്തി ഇരുന്നു. ഞാന്‍ അദ്ദേഹത്തെ ശ്രദ്ധിച്ചു. അദ്ദേഹം തന്റെ ഷര്‍ട്ടിന്റെ ബട്ടനുകള്‍ അഴിച്ച്, കണ്ണുകള്‍ നിറഞ്ഞ്, ഞരമ്പുകള്‍ തുടുത്ത് വികാരാധീനനായി കിതക്കുന്നു. എന്നിട്ടദ്ദേഹം പറഞ്ഞു: ''ഞാന്‍ പറഞ്ഞതിനേക്കാള്‍ കുറച്ചു കൂടുതല്‍, അഥവാ കുറച്ചു കുറവ്, അല്ലെങ്കില്‍ ഇതിനോട് സാമ്യമായി ആയിരുന്നു നബി(സ) പറഞ്ഞത്.11''

അബ്ദുര്‍റഹ്മാന്‍ ബ്‌നു അബീ ലൈലാ പറയുന്നു: നബി(സ)യുടെ അന്‍സ്വാറുകളിലെ നൂറ്റി ഇരുപത് പേരെ ഞാന്‍ കണ്ടിട്ടുണ്ട്. അവരെല്ലാവരും തനിക്ക് പകരം തന്റെ സഹോദരന്‍ ഹദീസ് റിപ്പോര്‍ട്ട് ചെയ്താല്‍ മതി എന്നു ചിന്തിച്ചവരായിരുന്നു. വല്ല വിഷയത്തിലും ഫത്‌വ ചോദിച്ചാല്‍ മറ്റെയാള്‍ പറഞ്ഞാല്‍ മതി എന്ന് അഭിപ്രായപ്പെടുന്നവരായിരുന്നു. ഓരോരുത്തരും അടുത്തയാളെ നിര്‍ദേശിച്ച് ഒടുവില്‍ ആദ്യത്തെ ആളുടെ അടുത്ത് തന്നെ ഫത്‌വ ചോദിക്കുന്നവന്‍ എത്തുന്ന അവസ്ഥയും ഉണ്ടായിരുന്നു.12

തങ്ങളുടെ വശം ഹദീസുകള്‍ ഇല്ലാത്തതു കൊണ്ടല്ല, സുന്നത്തിന്റെ വിഷയത്തില്‍ തങ്ങളുടെ ഭാഗത്തുനിന്ന് വീഴ്ച പറ്റരുതെന്ന അവരുടെ ഉറച്ച തീരുമാനത്തിന്റെ ഭാഗമായിരുന്നു ഇതെല്ലാം. അല്ലാതെ ഹദീസുകളോടുള്ള വിരക്തിയോ അവ പ്രയോഗവല്‍ക്കരിക്കേണ്ടതില്ല എന്ന നിലപാടോ ആയിരുന്നില്ല പ്രേരകം. ഹദീസുകള്‍ മുറുകെ പിടിക്കുന്ന കാര്യത്തിലും അവയെ ആദരപൂർവം മാത്രം സ്വീകരിക്കുന്ന നിലപാടിലും എല്ലാ സ്വഹാബികളും ഒരുപോലെയായിരുന്നു എന്നത് സ്ഥാപിതമായ ചരിത്രയാഥാര്‍ഥ്യമാണ്.

ഹലാലും ഹറാമും തീരുമാനിക്കേണ്ട വിഷയങ്ങളില്‍ ആദ്യം ഖുര്‍ആനിലും ശേഷം സുന്നത്തിലും വിധി തേടുകയും അതിനനുസൃതമായി അത് പ്രയോഗവല്‍ക്കരിക്കുകയും ചെയ്തുവന്ന അവര്‍, രണ്ടിലും വിധി കാണാത്ത പക്ഷം, രണ്ടിന്റെയും വെളിച്ചത്തില്‍ ഇജ്തിഹാദ് നടത്തി വിധി ആവിഷ്‌കരിക്കുകയായിരുന്നു ചെയ്തിരുന്നത്.13 ഈ വിഷയകമായ അബൂബക്‌റിന്റെയും ഉമറിന്റെയും നിലപാട് പ്രസിദ്ധമാണ്. ഒരു പ്രശ്‌നമുദിക്കുമ്പോള്‍ ഖുര്‍ആന്‍ പരിശോധിക്കുകയായിരുന്നു അബൂബക്‌റിന്റെ രീതി. അതില്‍ വിധി കണ്ടെത്തിയാല്‍ അതനുസരിച്ച് വിധിക്കും. അതില്‍ ഇല്ലെങ്കില്‍ സുന്നത്ത് പരിശോധിക്കും. അതില്‍ കണ്ടാല്‍ അതനുസരിച്ച് വിധിക്കും. കണ്ടില്ലെങ്കില്‍, 'ഇത്തരം വിഷയങ്ങളില്‍ നബി(സ) എങ്ങനെയായിരുന്നു വിധിച്ചിരുന്നത്'? എന്ന് ആളുകളോട് ആരായും. ആരില്‍നിന്നും മറുപടി കിട്ടിയില്ലെങ്കില്‍ പ്രമുഖരെ വിളിച്ചുകൂട്ടി അവരോട് കൂടിയാലോചന നടത്തും.14 ഇതുതന്നെയായിരുന്നു ഉമറിന്റെയും രീതി.

സുന്നത്ത് സംരക്ഷണ വിഷയത്തില്‍ ഉമര്‍(റ) കൂടുതല്‍ ജാഗ്രത പുലര്‍ത്തി. കേള്‍ക്കുന്നതും കൈമാറുന്നതും അവധാനതയോടെയാവണമെന്ന് നിഷ്‌കര്‍ഷിച്ചു. വീഴ്ച വരുത്താതെയും അതിരുകവിയാതെയും അതവര്‍ നടപ്പില്‍ വരുത്തി. മിതമായ രീതിയില്‍ മാത്രം ഹദീസുകള്‍ ഉദ്ധരിച്ചു. 'കൂടുതല്‍ ഹദീസുകള്‍ ഉദ്ധരിക്കലല്ല വിജ്ഞാനം, വിജ്ഞാനമെന്നത് ഭക്തിയാണ്' എന്നായിരുന്നു ഇബ്‌നു മസ്ഊദ് (റ) പറയാറ്.15 ഹദീസുകള്‍ കൂടുതല്‍ ഉദ്ധരിക്കുന്നതുവഴി തെറ്റുകള്‍ കടന്നുകൂടാനുള്ള സാധ്യത കൂടുതലാണ്. തന്നെയുമല്ല, 'കേള്‍ക്കുന്നതെല്ലാം പറയുന്നത് കളവായി മാറാം' എന്ന നബിവചനവും പ്രസിദ്ധമാണല്ലോ.16 'കേള്‍ക്കുന്നതെല്ലാം പറയുക എന്നത് ഒരാളെ സംബന്ധിച്ചേടത്തോളം കളവായി മാറാന്‍ മതിയായ കാരണമാണ്' എന്ന് ഉമറും പറയാറുണ്ടായിരുന്നു.17 ഉമര്‍(റ) കൂടുതല്‍ ജാഗ്രത പുലര്‍ത്താന്‍ കാരണം സ്വഹാബികളല്ലാത്തവര്‍ ഭവിഷ്യത്ത് മനസ്സിലാക്കാന്‍ കൂടിയായിരുന്നു എന്നത്രെ ഖത്വീബുല്‍ ബഗ്ദാദിയുടെ അഭിപ്രായം.18

ഹദീസുകളുടെ ഉള്ളടക്കം സംബന്ധിച്ച വിചിന്തനം, കൃത്യത, മനഃപാഠം മുതലായവ സംബന്ധിച്ച് സ്വഹാബികളില്‍നിന്ന് ഉദ്ധരിക്കപ്പെട്ടവയെല്ലാം സുന്നത്തിന്റെ സംരക്ഷണം, പ്രചാരണം, ശരിയായ രീതിയനുസരിച്ച് കൈമാറ്റം മുതലായ കാര്യങ്ങളില്‍ അവര്‍ പുലര്‍ത്തിയിരുന്ന ശ്രദ്ധയും ജാഗ്രതയുമാണ് കാണിക്കുന്നത്. സ്വഹാബികളുടെ കൃത്യതയും മനഃപാഠശേഷിയും ഇസ്‌ലാമിക സംസ്‌കൃതിയിലെ ശോഭനാധ്യായമാണ്.19

ചില സ്വഹാബികള്‍ ഒരേ സദസ്സില്‍ മൂന്നോ നാലോ ഹദീസുകളിലധികം ഉദ്ധരിച്ചിരുന്നില്ല. സദസ്യര്‍ക്ക് എളുപ്പം മനസ്സിലാക്കാനും ഹൃദിസ്ഥമാക്കാനുമായിരുന്നു അങ്ങനെ ചെയ്തിരുന്നത്. 'ആളുകള്‍ക്ക് ഹദീസുകള്‍ കൈമാറുന്നവര്‍ അല്ലാഹുവിന്റെയും അവന്റെ ദാസന്മാരുടെയും ഇടയില്‍ കടന്നുവരുന്നവരാണെന്നും ആയതിനാല്‍ അവര്‍ എന്തുമായാണ് കടന്നുവരുന്നതെന്ന് ശ്രദ്ധിക്കണമെന്നും മുഹമ്മദുബ്‌നുല്‍ മുന്‍കദിര്‍ പറയാറുണ്ടായിരുന്നു.20

ഹദീസുകള്‍ സ്വീകരിക്കുന്ന വിഷയത്തില്‍ സ്വഹാബികളുടെയും താബിഉകളുടെയും ജാഗ്രത

ഏതു വാര്‍ത്തകള്‍ സ്വീകരിക്കുമ്പോഴും അവധാനതയും കരുതലും ബോധ്യവും വേണമെന്ന് ഇസ് ലാമിനു നിര്‍ബന്ധമുണ്ട്. ഖുര്‍ആനും നബി(സ)യും ഇക്കാര്യം സ്ഥാപിച്ചിട്ടുണ്ട്. മൊത്തം സ്വഹാബികളുടെ നിലപാട് അതനുസരിച്ചായിരുന്നു. മുന്‍ഗാമികളും പിന്‍ഗാമികളും അനതനുസരിച്ചാണ് പ്രവര്‍ത്തിച്ചു പോന്നത്. ഹുജുറാത്ത് 6, അഹ്‌സാബ് 70,71, അല്‍അന്‍ആം 152, ഹജ്ജ് 30 സൂക്തങ്ങള്‍ ഇത് ഊന്നിപ്പറയുന്നുണ്ട്. നബി(സ) പറയുന്നു: 'ആരെങ്കിലും എന്റെ പേരില്‍ കളവു പറഞ്ഞാല്‍ അവര്‍ നരകത്തില്‍ തന്റെ ഇരിപ്പിടം ഒരുക്കിക്കൊള്ളട്ടെ'20 മറ്റൊരു വചനം ഇങ്ങനെ:
إن كذبا عليّ ليس ككذب على أحد فمن كذب عليّ متعمدا فليتبوأ مقعده من النار
'തീര്‍ച്ചയായും എന്റെ പേരില്‍ കളവുപറയുന്നത് മറ്റൊരാളുടെ പേരില്‍ കളവു പറയുന്നതു പോലെയല്ല. ആരെങ്കിലും എന്റെ പേരില്‍ കളവു പറഞ്ഞാല്‍ അയാള്‍ നരകത്തില്‍ തന്റെ സീറ്റ് ഒരുക്കിക്കൊള്ളട്ടെ.'21

ഹദീസുകള്‍ കൈമാറുന്നതില്‍ മാത്രമല്ല എല്ലാതരം സംസാരങ്ങളിലും സത്യസന്ധത പുലര്‍ത്താന്‍ കല്‍പിക്കപ്പെട്ടവരാണ് മുസ്‌ലിംകള്‍. വിശ്വസ്തത, നീതി, സത്യപാലനം, മിഥ്യാ വര്‍ജനം മുതലായവയും സത്യവിശ്വാസികളുടെ മൗലിക ഗുണങ്ങളാവണം. ഈയൊരു സംസ്‌കാരത്തില്‍ വളര്‍ന്ന പണ്ഡിതന്മാരും നിരൂപകന്മാരും ഹദീസുകള്‍ സ്വീകരിക്കുന്ന വിഷയത്തില്‍ ബദ്ധശ്രദ്ധരായിരുന്നു. സ്വഹാബികളും താബിഉകളും പില്‍ക്കാല തലമുറകളും ഇതേ രീതി തുടര്‍ന്നു. നിവേദകരുടെ കൃത്യതയും ഹദീസുകളുടെ സാധുതയും ഉറപ്പുവരുത്താന്‍ ആവശ്യമായ എല്ലാ മാര്‍ഗങ്ങളും അവര്‍ സ്വീകരിച്ചു. ഒരേ ഹദീസുതന്നെ വ്യത്യസ്ത നിവേദകരില്‍നിന്ന് കിട്ടാന്‍ സാധ്യതയുണ്ടോ എന്നന്വേഷിച്ചു. ലഭ്യമായവയുടെ ആധികാരികത പ്രമുഖരെ കണ്ട് ഉറപ്പുവരുത്തി.

രണ്ടാം പ്രമാണം എന്ന നിലയില്‍ സുന്നത്തിന്റെ ആധികാരികത ഉറപ്പുവരുത്താന്‍ മുസ്‌ലിംകള്‍ക്ക് ബാധ്യതയുണ്ടായിരുന്നു. ഈ രംഗത്തെ ചില അനുഭവങ്ങള്‍ താഴെ വായിക്കാം.
1. ഹാഫിള് ദഹബി പറയുന്നു: ഈ വിഷയത്തില്‍ ഏറ്റവും ജാഗ്രത പുലര്‍ത്തിയ ഒന്നാമത്തെ ആള്‍ അബൂബക്‌റാണ്. ഖബീസ്വത്തുബ്‌നു ദുഐബ് പറഞ്ഞതായി ഇബ്‌നു ശിഹാബ് റിപ്പോര്‍ട്ടു ചെയ്യുന്നു. ഖബീസ്വയുടെ വലിയുമ്മ തനിക്ക് അനന്തരാവകാശത്തിന് വകുപ്പുണ്ടോ എന്ന് അബൂബക്‌റിനോട് അന്വേഷിച്ചു. അബൂബക്ര്‍(റ): 'അല്ലാഹുവിന്റെ ഗ്രന്ഥത്തില്‍ നിങ്ങള്‍ക്ക് വിഹിതമുള്ളതായി ഞാന്‍ മനസ്സിലാക്കുന്നില്ല. നിങ്ങള്‍ക്ക് എന്തെങ്കിലും ഉള്ളതായി നബി(സ) പറഞ്ഞതായും അറിയില്ല.' പിന്നീടദ്ദേഹം ജനങ്ങളോട് ആരാഞ്ഞു. അപ്പോള്‍ മുഗീറ പറഞ്ഞു: 'അവര്‍ക്ക് ആറിലൊന്ന് കൊടുക്കണമെന്ന് നബി(സ) പറഞ്ഞത് ഞാന്‍ കേട്ടിട്ടുണ്ട്.' അബൂബക്ര്‍(റ): 'ആരെങ്കിലും സാക്ഷിയുണ്ടോ?' അപ്പോള്‍, മുഹമ്മദുബ്‌നു സലമ ഞാന്‍ സാക്ഷിയാണെന്ന് പറഞ്ഞു. അതുപ്രകാരം അബൂബക്ര്‍(റ) അവര്‍ക്ക് വിഹിതം നല്‍കി.22
2. ഉബൈദുല്ലാഹിബ്‌നു ഉമൈറി(റ)ല്‍നിന്ന്: അബൂമൂസല്‍ അശ്അരി(റ) ഉമറി(റ)നോട് പ്രവേശനാനുമതി ചോദിച്ചു. ഉമര്‍(റ) ജോലിയില്‍ വ്യാപൃതനായതിനാല്‍ അനുവാദം ലഭിച്ചില്ല. അദ്ദേഹം മടങ്ങി അപ്പോഴേക്കും ഉമര്‍(റ) ജോലിയില്‍നിന്ന് വിരമിച്ചു. 'അബൂമൂസായുടെ ശബ്ദം കേട്ടെന്നു തോന്നുന്നു. അദ്ദേഹത്തിന് അനുവാദം നല്‍കുക.' ഉമര്‍(റ) പറഞ്ഞു: അബൂമൂസ പോയതായി ആരോ അറിയിച്ചു. ഉമര്‍(റ) അദ്ദേഹത്തെ വിളിച്ചു. (മടങ്ങിപ്പോകാനുള്ള കാര്യമന്വേഷിച്ചു) 'അപ്പോള്‍ ഞങ്ങള്‍ അപ്രകാരമാണ് കല്‍പിക്കപ്പെട്ടത്.' എന്നായിരുന്നു മറുപടി. ഉമര്‍(റ) അദ്ദേഹത്തോട് തെളിവാവശ്യപ്പെട്ടു. അദ്ദേഹം തെളിവന്വേഷിച്ച് അന്‍സ്വാരികളുടെ അടുത്തെത്തി. അവര്‍ പറഞ്ഞു: 'ഞങ്ങളില്‍നിന്ന് ഏറ്റവും പ്രായംകുറഞ്ഞ അബൂസഈദില്‍ ഖുദ്‌രിയ്യ് താങ്കള്‍ക്കതിന് സാക്ഷി നില്‍ക്കും.' അങ്ങനെ അദ്ദേഹം അബൂസഈദിനെയും കൂട്ടിപ്പോയി. അവസാനം ഉമര്‍(റ) പറഞ്ഞു: 'നബി(സ)യുടെ കല്‍പനകളില്‍ പെട്ട ഇത് എനിക്ക് അവ്യക്തമായിപ്പോയോ? കച്ചവടാവശ്യാര്‍ഥം അങ്ങാടിയില്‍ പോയതുകൊണ്ടാണ് നബി(സ)യുടെ ഈ കല്‍പന എനിക്കറിയാതെ വന്നത്.'23
മറ്റൊരു റിപ്പോര്‍ട്ടില്‍, ഉമര്‍(റ), 'നിങ്ങളെ ഞാന്‍ തെറ്റിദ്ധരിച്ചതല്ല. നബി(സ)യുടെ പേരില്‍ ആളുകള്‍ ഇല്ലാത്ത കാര്യങ്ങള്‍ ചമച്ചു പറഞ്ഞേക്കുമോ എന്ന് ഞാന്‍ ആശങ്കിച്ചുപോയതാണ്'24 എന്നു പറഞ്ഞതായി കാണാം.
3. ബുസ്‌റുബ്‌നു സഈദി(റ)ല്‍നിന്ന് നിവേദനം: ഉസ്മാന്‍(റ), വുദു ചെയ്യാനിരിക്കുന്ന സീറ്റിലിരുന്ന്, വുദു ചെയ്യാന്‍ വെള്ളം വരുത്തി കൊപ്ലിക്കുകയും മൂക്കില്‍വെള്ളം കയറ്റി ചീറ്റുകയും  ചെയ്തു. ശേഷം മുഖവും ഇരുകൈകളും മൂന്നു വീതം തവണ കഴുകി. പിന്നീട് തലയും ഇരുകാലുകളും മൂന്നുവീതം തവണ തടവി. എന്നിട്ടു പറഞ്ഞു: 'നബി(സ) ഇങ്ങനെ വുദു ചെയ്യുന്നത് ഞാന്‍ കണ്ടിരിക്കുന്നു.' സമീപത്തുണ്ടായിരുന്നവരോട് അദ്ദേഹം ചോദിച്ചു: 'ഇങ്ങനെയല്ലയോ നബി(സ) വുദു ചെയ്തിരുന്നത്?' അവര്‍ പറഞ്ഞു: 'അതെ.'25
4. അലിയ്യുബ്‌നു അബീത്വാലിബില്‍നിന്ന്: 'നബി(സ)യില്‍നിന്ന് ഒരു ഹദീസ് കേട്ടാല്‍ അതുവഴി അല്ലാഹു ഉദ്ദേശിക്കുംവിധം എനിക്ക് പ്രയോജനം ലഭിച്ചിരുന്നു. മറ്റുള്ളവരില്‍നിന്നാണ് ഹദീസ് കേള്‍ക്കുന്നതെങ്കില്‍ നബി(സ) പറഞ്ഞതു തന്നെയോ എന്ന് ഞാന്‍ സത്യം ചെയ്യിച്ചിരുന്നു. നബി(സ) പ്രസ്താവിച്ചതായി അബൂബക്ര്‍(റ) എന്നോട് ഇങ്ങനെ പറയുകയുണ്ടായി. 'ഒരാള്‍ ഒരു തെറ്റു ചെയ്തു. അനന്തരം നല്ല രീതിയില്‍ വുദു ചെയ്ത് രണ്ടു റക്അത്ത് നമസ്‌കരിക്കുകയും അല്ലാഹുവോട് പാപമോചനത്തിനായി പ്രാര്‍ഥിക്കുകയും ചെയ്തുവെങ്കില്‍ അല്ലാഹു അയാള്‍ക്ക് പൊറുത്തുകൊടുക്കാതിരിക്കില്ല.26
5. സമുറത്തുബ്‌നു ജുന്‍ദുബും ഇംറാനുബ്‌നു ഹുസൈ്വനും ഹദീസുകള്‍ ഉദ്ധരിച്ചു. തക്ബീറിനും ഫാതിഹഃ 7-ാം സൂക്തത്തിനു ശേഷം നബി(സ) മൗനം പാലിച്ചിരുന്നതായി സമുറ ഉദ്ധരിച്ചു. ഇംറാനുബ്‌നു ഹുസൈ്വന്‍ അത് നിരാകരിച്ചു. വ്യക്തത വരുത്താനായി ഇരുവരും മദീനയിലായിരുന്ന ഉബയ്യുബ്‌നു കഅ്ബിന് കത്തെഴുതി. സമുറ പറഞ്ഞത് ശരിയാണെന്ന് ഉബയ്യ് സ്ഥിരീകരിച്ച് കത്തെഴുതി.27

ഹദീസുകളുടെ നിജസ്ഥിതി ഉറപ്പുവരുത്തുന്നതില്‍ സ്വഹാബികള്‍ പുലര്‍ത്തിയ ജാഗ്രതയുടെ ചില ഉദാഹരണങ്ങളാണ് ഇവിടെ നാം കണ്ടത്. ഹദീസുകള്‍ സ്വീകാര്യമാവാന്‍ രണ്ടോ അധിലധികമോ നിവേദകര്‍ വേണമെന്നോ, ആളുകള്‍ നിവേദകര്‍ അനുകൂലമായി സാക്ഷി പറയണമെന്നോ, നിവേദകര്‍ സത്യം ചെയ്യണമെന്നോ വ്യവസ്ഥ വെച്ചിരുന്നില്ല. മനസാക്ഷിക്ക് ബോധ്യമാവുന്ന വഴികളാണ് അവര്‍ സ്വീകരിച്ചത്. മുകളിലെ അഞ്ചു ഹദീസുകളും സമാനമായവയും വിശ്വസനീയമായ രീതികളായിരുന്നു അവര്‍ സ്വീകരിച്ചതെന്ന് വ്യക്തമാക്കുന്നു. ഉമര്‍(റ) മറ്റൊരാളില്‍നിന്ന് കൂടി കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടത് കൂടുതല്‍ സൂക്ഷ്മതക്കുവേണ്ടി മാത്രമാണ്. അല്ലാതെ കൂടുതല്‍ നിവേദകര്‍ വേണം എന്ന നിലയിലല്ല. (ഞാന്‍ നിങ്ങളെ തെറ്റിദ്ധരിച്ചതല്ല, ആളുകള്‍ നബി(സ)യുടെ പേരില്‍ ഇല്ലാത്തതു പറയാതിരിക്കാന്‍ ഉറപ്പുവരുത്തിയതാണ്) ഇമാം ദഹബി അബൂബക്‌റിന്റെ ഒരു നടപടിയെക്കുറിച്ച് രേഖപ്പെടുത്തിയത്, കിട്ടിയ ഹദീസിനെക്കുറിച്ച് കൂടുതല്‍ ഉറപ്പുവരുത്താനാണ്, നിവേദനത്തിന്റെ വാതില്‍ അടയ്ക്കാനല്ല കൂടുതല്‍ വിശദീകരണം തേടിയതെന്നാണ്.28
സ്വഹാബികള്‍ നിവേദകരില്‍നിന്ന് ചിലപ്പോള്‍ മറ്റാരെങ്കിലും നിവേദകരായുണ്ടോ എന്നന്വേഷിച്ചിരുന്നതോടൊപ്പം ഏക വ്യക്തി നിവേദനങ്ങളും ധാരാളമായി സ്വീകരിച്ചിരുന്നു. നിവേദകരെക്കുറിച്ച ആത്മവിശ്വാസമായിരുന്നു അതിനു കാരണം. നാലു ഖുലഫാഉര്‍റാശിദുകളും രണ്ടു നിവേദകരുണ്ടോ എന്നാരാഞ്ഞ ഹദീസുകളേക്കാള്‍ എത്രയോ കൂടുതലാണ് അവര്‍ സ്വീകരിച്ച ഏകവ്യക്തി നിവേദനങ്ങള്‍.29

താബിഉകളുടെ ജാഗ്രതയുടെ മാതൃകകള്‍

സ്വഹാബികളുടെ അതേ മാതൃകയില്‍ തന്നെ താബിഉകളും ഹദീസ് നിവേദനത്തില്‍ നിഷ്‌കര്‍ഷയും ജാഗ്രതയും പുലര്‍ത്തി. ചില മാതൃകകള്‍ കാണുക:
1. ഉബാദത്തുബ്‌നു സഈദിത്തുജൈബിയില്‍നിന്ന് നിവേദനം: ഉഖ്ബത്തുബ്‌നു നാഫിഇല്‍ ഫിഹ്‌രി (ഹി: മുമ്പ് 1 - ഹി. 63) തന്റെ മക്കളെ ഇങ്ങനെ ഉപദേശിച്ചു: 'എന്റെ മക്കളേ, നബി(സ)യില്‍നിന്നുള്ള ഹദീസ് വിശ്വസ്തരില്‍ നിന്നുമാത്രമേ നിങ്ങള്‍ സ്വീകരിക്കാവൂ.30
2. ഹദീസ് വിഷയത്തില്‍ വിശ്വസ്തത പുലര്‍ത്തുക എന്നത് വെള്ളിയുടെയും സ്വര്‍ണത്തിന്റെയും വിഷയത്തില്‍ വിശ്വസ്തത പുലര്‍ത്തുന്നതിനേക്കാള്‍ ഏറെ ദുഷ്‌കരമായാണ് താബിഉകള്‍ കണ്ടിരുന്നത്.31
ഒരിക്കല്‍ ത്വാവൂസിനെ(ഹി. 106) കണ്ട സുലൈമാനുബ്‌നു മൂസ, 'ഒരാള്‍ എനിക്ക് ഇന്നയിന്ന ഹദീസുകള്‍ പറഞ്ഞുതന്നു' എന്നു പറഞ്ഞു. അപ്പോള്‍ ത്വാവൂസിന്റെ പ്രതികരണം 'നിന്റെ സുഹൃത്ത് അവധാനതയോടെ പറഞ്ഞുതരുന്ന ആളാണെങ്കില്‍ നിങ്ങള്‍ അത് സ്വീകരിച്ചു കൊള്ളുക' എന്നായിരുന്നു.32
3. സഈദുബ്‌നു ഇബ്‌റാഹീം (ഹി. 53-125): 'വിശ്വസ്തര്‍ മാത്രമെ നബി(സ)യില്‍നിന്ന് ഹദീസുകള്‍ ഉദ്ധരിക്കാവൂ.33
4. ഈജിപ്തിലെ യസീദുബ്‌നു ഹബീബ്: (ഹി: 128) 'ഹദീസുകള്‍ കേട്ടാല്‍ കാണാതായ ഒട്ടകത്തെ എന്ന പോലെ അവയുടെ നിജസ്ഥിതി അന്വേഷിച്ചറിയണം. അന്വേഷണം സഫലമല്ലെങ്കില്‍ ആ ഹദീസുകള്‍ ഉപേക്ഷിക്കണം.'34
5. അബുസ്സിനാദ് അബ്ദുല്ലാഹിബ്‌നു ദക്‌വാന്‍ അല്‍ഖുറശി (ഹി. 130): 'മദീനയില്‍ താന്‍ നൂറുപേരെ കണ്ടു പരിചയപ്പെട്ടു. എല്ലാവരും വിശ്വസ്തര്‍. പക്ഷെ, അവരില്‍നിന്ന് ഹദീസുകള്‍ സ്വീകരിക്കാന്‍ പറ്റില്ലായിരുന്നു.35 വിശ്വസ്തരായിരുന്നുവെങ്കിലും അയോഗ്യരായിരുന്നു എന്നുസാരം. ജീവിത വിശുദ്ധിയോ വിശ്വസ്തതയോ മാത്രം പോരാ, മനഃപാഠവും കൃത്യതയും കുറ്റമറ്റ രീതിയില്‍ ഹദീസുകള്‍ പറയാനുള്ള കഴിവും അവര്‍ക്കുണ്ടായിരുന്നില്ലെന്നു സാരം.
6. അബ്ദുല്ലാഹിബ്‌നു ഔന്‍ (മ.ഹി. 150), അബ്ദുര്‍റഹ്മാന്‍ബ്‌നു യസീദ് (മ.ഹി. 153), ശുഅ്ബ ബ്‌നുല്‍ ഹജ്ജാജ് (ഹി. 82-160), സുഫ്‌യാനുസ്സൗരി (ഹി. 97-161) മുതലായവര്‍, 'പ്രസിദ്ധരില്‍നിന്ന് മാത്രമേ അറിവു തേടാവൂ' 'കൂടുതല്‍ ആളുകള്‍ അന്വേഷിച്ചുവരുന്നവരില്‍നിന്നു മാത്രമേ അറിവു സ്വീകരിക്കാവൂ' എന്ന് പറയാറുണ്ടായിരുന്നു.36
7. മിസ്അറുബ്‌നു കദ്ദാമി(മ.ഹി. 152)നോട് 'നിങ്ങള്‍ എന്താണിങ്ങനെ കൂടുതലായി സംശയിക്കുന്നത്?' എന്നു ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി, 'അത് യാഥാര്‍ഥ്യം ഉറപ്പുവരുത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ്' എന്നായിരുന്നു.37
8. സ്വഹാബികളെപോലെ താബിഉകളും താബിഉകളെ പോലെ അവരുടെ പിന്‍ഗാമികളും ഹദീസ് വിഷയകമായി മനസ്സമാധാനം ലഭിക്കത്തക്കവിധമുള്ള എല്ലാ അന്വേഷണങ്ങളും പൂര്‍ത്തിയാക്കിയിരുന്നു.' 'തീര്‍ച്ചയായും ഈ വിജ്ഞാനം ദീനാണ്, അതുകൊണ്ട് നിങ്ങളുടെ ദീനിനെ നിങ്ങള്‍ ആരില്‍നിന്നാണോ സ്വീകരിക്കുന്നത് അവരെക്കുറിച്ച് നിങ്ങള്‍ ഉറപ്പുവരുത്തുക'.38
9. ഹദീസ് കേട്ടു എന്ന് നിവേദകരെക്കൊണ്ട് സത്യപ്രതിജ്ഞ ചെയ്യിക്കുക, ലഭ്യമായ ഹദീസിന് മറ്റു പരമ്പരയുണ്ടോ എന്ന് അന്വേഷിക്കുക, സ്രോതസ്സില്‍നിന്ന് തന്നെ ഹദീസ് കേള്‍ക്കാനായി യാത്ര ചെയ്യുക മുതലായവയും അവര്‍ സ്വീകരിച്ച രീതികളായിരുന്നു- അബുല്‍ ആലിയ പറയുന്നു: ബസ്വ്‌റയിലെ സ്വഹാബികളില്‍നിന്ന് ഞങ്ങള്‍ ഹദീസുകള്‍ കേള്‍ക്കാറുണ്ടായിരുന്നു. എങ്കിലും കൂടുതല്‍ തൃപ്തി വരാനായി മദീനയില്‍ പോയി അവരുടെ വായകളില്‍നിന്ന് തന്നെ കേള്‍ക്കുക ഞങ്ങളുടെ രീതിയായിരുന്നു.39 

കുറിപ്പുകള്‍
1. الحاكم في المستدرك
2. مسند الإمام أحمد ج 1، ص 197
3. مسند أحمد ج 1 ص 304
4. مسند أحمد ص 293 حديث 317، ج 1
5. مسند أحمد ص 191 حديث 6391، 6151 ج
6. مسند أحمد ص 297 حديث 5546 ج 7، ابن ماجه ص 3 ج 1
7. مسند أحمد ص 54 حديث 487 ج 7
8. مسند أحمد 194 ج 9
9. ابن ماجه ص 7 ج 1
10. سنن ابن ماجه ص 8 ج 1، مسند أحمد ص 46 ج 6، سنن الدّارمي ص 77، 84 ج 1، سنن البيهقي ص 11ج 1، الجامع لأخلاق الرّاوي ص 98
11. سنن ابن ماجه ص 8 ج 1
12. مختصر كتاب المؤمل للردّ الى الأمر الأول ص 13
13. الملل والنحل للشهر ستاني ص 466-447
14. أعلام الموقعين ص 63 ج 1
15. مختصر كتاب المؤمل فى الرّدّ إلى الأمر الأول ص 6
16. صحيح مسلم ص 10 ج 1
17. صحيح مسلم ص 10 ج 1
18. شرف أصحاب الحديث ص : 98
19. السنّة قبل التدوين ص 92-111
20. كفاية ص 168
20. فتح الباري ص 21 ج 1
21. صحيح مسلم ص 10 ج 1
22. تذكرة الحفّاظ ص 3 ج 1، الموطأ ص 513 ج 2، أبوداود، الترمذي، ابن ماجه
23. صحيح البخاري بحاشية السندي ص 88 ج 4، مسلم فى صحيحه ص 1694 ج 3
24. الموطأ ص 964 ج 2، الرّسالة ص 435
25. مسند أحمد ص 372 ج 1 بإسناد صحيح
26. مسند أحمد ص 154، 174، 178 ج 1، سنن الترمذي ص 257 ج 1
27. أبوداود ص 288 ج 1
28. تذكرة الحفاظ ص 6-7 ج 1
29. السّنّة قبل التدوين ص 119-123
30. الجرح والتعديل ص 29 ج 1
31. الجامع لأخلاق الرّاوي وآداب السامع ص 16
32.صحيح مسلم ص 15 ج 1 الجرح والتعديل ص 27 قسم 1 ج 1
33. صحيح مسلم ص 15 ج 1، سنن الدّارمي ص 112 ج 1
34. الجرم والتعديل ص 19 ج 1
35. صحيح مسلم ص 15 ج 1
36. المحدّث الفاصل: فقرة: (42)، الجرم والتعديل ص 28 ج 1
37. المحدّث الفاصل: فقرة : (742)
38. الكامل ص: 58، مقدّمة التمهيد: ص: 12
39. الجامع لأخلاق الرّاوي : ص 168، الكفاية 42

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top