സത്യനിഷേധികളുടെ കര്‍മങ്ങളും അവര്‍ക്കു  വേണ്ടിയുള്ള പാപമോചന പ്രാര്‍ഥനയും ബന്ധപ്പെട്ട ഖുര്‍ആന്‍ സൂക്തങ്ങളും ഹദീസുകളും ഒരു വിശകലനം 3/3

മുഅ്തസ്സുല്‍ ഖത്വീബ്‌‌‌
img

മുന്‍ രണ്ടു ലേഖനങ്ങളിലും ഈ വിഷയകമായ ചര്‍ച്ചയുടെ മര്‍മം മൂന്ന് അടിസ്ഥാനങ്ങളില്‍ ഊന്നിയാണെന്നു പറയുകയുണ്ടായി.
1. നരകത്തിലെ ശിക്ഷ വ്യത്യസ്ത തട്ടുകളിലാണ്, പരലോകത്ത് സത്യനിഷേധികളുടെ അവസ്ഥകള്‍ വ്യത്യസ്തമാണ്. ഇക്കാര്യത്തില്‍ പണ്ഡിതന്മാര്‍ ഏകോപിതാഭിപ്രായക്കാരാണ്.
2. നരകത്തിലെ നിലവാര വ്യത്യാസത്തിന്നാധാരം സത്യനിഷേധികളുടെ കര്‍മങ്ങളിലെ അന്തരങ്ങളാണ്. അതനുസരിച്ച് സ്ഥാനങ്ങളും അവസ്ഥകളും ഭിന്നമായിരിക്കും. കര്‍മങ്ങള്‍ എന്നതിന്റെ പരിധിയില്‍ സല്‍ക്കര്‍മങ്ങളും ദുഷ്‌കര്‍മങ്ങളും ഒരുപോലെ പെടും. അല്ലാഹുവിങ്കല്‍ സ്വീകാര്യമാവാന്‍ സത്യവിശ്വാസം ഉപാധിയായ പുണ്യപ്രവൃത്തികളും ദാനധര്‍മങ്ങള്‍, സാന്ത്വനം, സഹായം എന്നിവ പോലെ സത്യവിശ്വാസം ഉപാധി അല്ലാത്ത സല്‍പ്രവൃത്തികളും പെടും.
3. സത്യനിഷേധം പൊറുക്കപ്പെടില്ല. അതൊഴികെയുള്ളവ ഖുര്‍ആന്‍ പ്രകാരം, അല്ലാഹുവിന്റെ ഇഛക്ക് വിധേയമാണ്. അതായത്, അവന്‍ ഇഛിക്കുന്നവര്‍ക്കു പൊറുത്തുകൊടുത്തേക്കാം.
മേല്‍ മൂന്നു അടിസ്ഥാനങ്ങളും പരസ്പര ബന്ധിതമാണ്, അവ വിഛേദിച്ച് മനസ്സിലാക്കാവതല്ല. അവ അല്ലാഹുവിന്റെ നീതിയും പ്രതിഫലവുമായി ബന്ധപ്പെട്ട മൗലികതത്വമാണ്. ഈ അടിസ്ഥാനങ്ങള്‍ അംഗീകരിക്കാമെങ്കില്‍ സത്യനിഷേധിക്കുവേണ്ടി പ്രാര്‍ഥിക്കാവുന്നതാണ്. ശിര്‍ക്കുമായി ബന്ധമില്ലാത്ത കര്‍മങ്ങള്‍ അല്ലാഹുവിന്റെ ഇഛക്കു വിധേയമാണ് എന്നതാണ് കാരണം. ശിര്‍ക്ക് മാപ്പില്ലാത്ത മഹാപാതകമാണെന്ന് അല്ലാഹു വ്യക്തമാക്കിയതാണ്.
വിഷയത്തെക്കുറിച്ച് മൊത്തമായ ഒരു കാഴ്ചപ്പാട് അവതരിപ്പിക്കുക, ശേഷം അവയിലെ ഒരോ വശവും വെവ്വേറെ എടുത്തു ചര്‍ച്ച ചെയ്യുക എന്നതാണ് എന്റെ രീതി. വിഷയത്തിന്റെ ഒരു പ്രത്യേക വശത്തില്‍ മാത്രം ഊന്നിചിന്തിക്കുന്നവര്‍ ഇതുവരെ പറഞ്ഞത് നീണ്ടുപോയി എന്ന് ധരിച്ചുവശാവാം. അതേസമയം, ആദ്യം മൗലികതത്വം സ്ഥാപിക്കുക, തുടര്‍ന്ന് ശാഖാവശങ്ങള്‍ പുറത്തെടുക്കുക എന്നതാണ് മുഖ്യോദ്ദേശ്യത്തിലെത്താനും വിഷയത്തിന്റെ നാനാവശങ്ങള്‍ പൊരുത്തത്തോടെ അവതരിപ്പിക്കാനും വഴിയൊരുക്കുന്ന രീതിശാസ്ത്രം.

മൂന്നു ഉദ്ദേശ്യങ്ങള്‍
1. അല്ലാഹുവിന്റെ നീതിയുടെ പ്രയോഗവല്‍ക്കരണം എന്ന സങ്കല്‍പം
2. പ്രത്യക്ഷത്തില്‍ പരസ്പര വിരുദ്ധമെന്നു തോന്നുന്ന ഖുര്‍ആന്‍-ഹദീസ് പ്രമാണങ്ങള്‍ മനസ്സിലാക്കല്‍.
ഒരു വിഷയത്തിന്റെ ഏതെങ്കിലും ഒരു വശത്തില്‍ മാത്രം ഒതുങ്ങുമ്പോള്‍, ഒരു തെളിവുമാത്രം കണ്ടെത്തുന്നതിനു ശ്രമിക്കുമ്പോള്‍ വിഷയവുമായി ബന്ധപ്പെട്ട എല്ലാ പ്രമാണങ്ങളെയും മൊത്തമായി അണിനിരത്തി അതിലൂടെ സർവസ്പര്‍ശിയ വ്യാഖ്യാനത്തിലെത്തുക എന്ന ലക്ഷ്യമാണ് നഷ്ടപ്പെടുക. അല്ലാഹുവിന്റെ അഥവാ ശരീഅത്തിന്റെ അഭിസംബോധന മനസ്സിലാക്കാന്‍ ഏറ്റവും നല്ലത് ഏതൊരു വിഷയത്തെയും അതിന്റെ സാകല്യത്തോടെ സമീപിക്കുകയാണ്.
3. അടിസ്ഥാന തത്ത്വവും അതിന്റെ ശാഖാവശങ്ങളും സംയോജിപ്പിച്ച് മനസ്സിലാക്കല്‍
ഈ രീതിയിലാണ് ഞാന്‍ ഈ വിഷത്തെ സമീപിച്ചിരിക്കുന്നത്. ഇതില്‍ ഇല്‍മുല്‍ കലാമും ഫിഖ്ഹും അഖ്‌ലാഖുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ വരുന്നുണ്ട്. അതുകൊണ്ടാണ് പറഞ്ഞത്, ഭാഗികമായ സമീപനം ലക്ഷ്യസാക്ഷാല്‍ക്കാരത്തിനു സഹായകമല്ലെന്ന്.
ഈ വിഷയകമായ മൂന്നു ലേഖനങ്ങളിലും പ്രമാണ രേഖകള്‍ പ്രത്യക്ഷത്തില്‍ പരസ്പര വിരുദ്ധമായാണ് തോന്നുക. അവയെ പൊതുവായെടുത്താല്‍ വിരുദ്ധാശയങ്ങളാണ് ലഭിക്കുക. ചിലതൊഴിവാക്കി മറ്റുചിലതെടുത്താല്‍ തെളിവ് ലഭിച്ചെന്നിരിക്കും. പക്ഷെ, ഉള്‍ക്കാഴ്ച നഷ്ടപ്പെടും. ഖുര്‍ആന്‍, ഹദീസ് വ്യാഖ്യാന കൃതികള്‍ പരിശോധിച്ചാല്‍ ചിലപ്പോള്‍ ഒരു എത്തും പിടിയും കിട്ടിയില്ലെന്നു വരും. വിഷയത്തില്‍ ഇജ്മാഉണ്ടെന്ന വാദക്കാര്‍ക്ക് അഭിപ്രായ വ്യത്യാസം ഉണ്ടെന്ന് അറിയില്ലെന്നു മാത്രമല്ല, വ്യാഖ്യാന സാധ്യതകളിലൂടെ സമ്പന്നമാകാവുന്ന വിജ്ഞാന ശാഖ മുരടിക്കാനുമിടയാകും.
പരസ്പര വിരുദ്ധമെന്നു തോന്നാവുന്ന പ്രമാണ രേഖകളെ മൂന്നുപോയന്റുകളിലായി സംഗ്രഹിക്കാം.

1. സത്യവിശ്വാസത്തിലധിഷ്ഠിതമായ സല്‍കര്‍മമാണ് പരിഗണനീയം, സത്യനിഷേധികളുടെ സല്‍ക്കര്‍മങ്ങള്‍ ഏതെങ്കിലും തരത്തില്‍ അവര്‍ക്ക് പ്രയോജനപ്പെടും എന്നീ വാദങ്ങള്‍ തമ്മിലെ വൈരുധ്യം.

സത്യവിശ്വാസത്തിലധിഷ്ഠിതമായ കര്‍മങ്ങള്‍ മാത്രമെ അല്ലാഹുവിങ്കല്‍ സ്വീകാര്യമാവൂ എന്ന് ധാരാളം ഖുര്‍ആന്‍ സൂക്തങ്ങളില്‍ കാണാം. 
مَنْ عَمِلَ صَالِحًا مِّن ذَكَرٍ أَوْ أُنثَىٰ وَهُوَ مُؤْمِنٌ
(ഏതൊരു ആണോ പെണ്ണോ സത്യവിശ്വാസിയായിക്കൊണ്ട് സല്‍ക്കര്‍മം ചെയ്താല്‍ -നഹ്ല്‍: 97)
فَمَن يَعْمَلْ مِنَ الصَّالِحَاتِ وَهُوَ مُؤْمِنٌ فَلَا كُفْرَانَ لِسَعْيِهِ
(ആരെങ്കിലും സത്യവിശ്വാസിയായിക്കൊണ്ട് സല്‍ക്കര്‍മങ്ങള്‍ ചെയ്താല്‍ അയാളുടെ പ്രവര്‍ത്തനത്തിന്റെ ഫലം നിഷേധിക്കപ്പെടുകയേ ഇല്ല -അമ്പിയാഅ്: 94) മേല്‍സൂക്തങ്ങളുടെ പ്രത്യക്ഷാശയം സത്യവിശ്വാസരഹിതമായ സല്‍ക്കര്‍മങ്ങള്‍ നിഷ്ഫലമാണെന്നാണ്. താഴെ ചേര്‍ത്തതുപോലുള്ള ഹദീസുകളും ഇതുതന്നെയാണ് ഊന്നുന്നത്.
عَنْ عائشة قالت: يا رسول الله، ابن جُدعان كان في الجاهلية يصل الرحم، ويطعم المسكين، فهل ذاك نافعُهُ؟ قال: “لا ينفعه؛ إنه لم يقل يوما: رب اغفر لي خطيئتي يوم الدين”.
''നബിപത്‌നി ആഇശ(റ)യില്‍നിന്നു നിവേദനം. അവര്‍ ചോദിച്ചു: 'അല്ലാഹുവിന്റെ ദൂതരേ, അബ്ദുല്ലാഹിബ്‌നു ജൂദ്ആന്‍ ജാഹിലിയ്യ കാലത്ത് കുടുംബബന്ധം ചേര്‍ക്കുകയും, അഗതികളെ ഊട്ടുകയും ചെയ്തിരുന്നു. അത് അദ്ദേഹത്തിന് ഉപകാരം ചെയ്യുമോ? നബി(സ): ഉപകാരപ്പെടില്ല. അദ്ദേഹം ഒരു ദിവസംപോലും എന്റെ നാഥാ, പ്രതിഫലനാളില്‍ എന്റെ പാപം നീ പൊറുത്തുതരേണമേ എന്ന് ഒരു ദിവസം പോലും പറഞ്ഞിട്ടില്ല'' (മുസ്‌ലിം).
എന്നാല്‍ ഈ ഹദീസില്‍നിന്ന് പ്രത്യക്ഷത്തില്‍ മനസ്സിലാവുന്നതിനു വിരുദ്ധമായി മറ്റുചില സൂക്തങ്ങളും ഹദീസുകളും കാണാം. (അല്‍ബലദ്: 12-17 കാണുക)
وَمَا أَدْرَاكَ مَا الْعَقَبَةُ ﴿١٢﴾ فَكُّ رَقَبَةٍ ﴿١٣﴾ أَوْ إِطْعَامٌ فِي يَوْمٍ ذِي مَسْغَبَةٍ ﴿١٤﴾ يَتِيمًا ذَا مَقْرَبَةٍ ﴿١٥﴾ أَوْ مِسْكِينًا ذَا مَتْرَبَةٍ ﴿١٦﴾ ثُمَّ كَانَ مِنَ الَّذِينَ آمَنُوا
(ആ മലമ്പാത എന്താണെന്ന് നിനക്കറിയാമോ? ഒരു അടിമയെ മോചിപ്പിക്കുകയോ, പട്ടിണിയുള്ള നാളില്‍ കുടുംബബന്ധമുള്ള ഒരു അനാഥയക്കോ കടുത്ത ദാരിദ്ര ്യമുള്ള ഒരു സാധുവിനോ ഭക്ഷണം കൊടുക്കുകയോ ചെയ്യുകയത്രെ അത്. പുറമെ, വിശ്വസിക്കുകയും... ചെയ്തവരുടെ കൂട്ടത്തില്‍ അവന്‍ ആയിത്തീരുകയും ചെയ്യുക. ഈ സൂക്തത്തില്‍ സല്‍ക്കര്‍മങ്ങള്‍ക്കു ശേഷമാണ് സത്യവിശ്വാസം എടുത്തുപറയുന്നത്. അതായത് സല്‍ക്കര്‍മവും സത്യവിശ്വാസവും തമ്മില്‍ കാലപരമായ അകലമുണ്ട്. അതോടൊപ്പം അതിന് പരിഗണനയുമുണ്ട്. ആ സല്‍ക്കര്‍മി വലതുപക്ഷത്താണെന്ന് പ്രസ്താവിക്കുന്നുമുണ്ട്.
ഈ ആശയത്തെ ശരിവെക്കുന്ന സാധുവായ ഹദീസുകളുണ്ട്. സത്യനിഷേധ കാലത്ത് ചെയ്യുന്ന സല്‍ക്കര്‍മങ്ങള്‍ ഇസ്‌ലാം സ്വീകരിച്ചാലും സത്യനിഷേധിയായി മരിച്ചാലും പ്രയോജനപ്പെടുമെന്ന് അവസൂചിപ്പിക്കുന്നു: സത്യനിഷേധക്കാലത്ത് ചെയ്ത സല്‍ക്കര്‍മങ്ങള്‍ ഇസ്‌ലാം സ്വീകരിച്ചശേഷം പ്രതിഫലത്തിനായി പരിഗണിക്കപ്പെടുമെന്ന് നൂറ്റി ഇരുപതുവര്‍ഷം മക്കയില്‍ ജീവിച്ച ഹകീമുബ്‌നു ഹിസാമില്‍നിന്നുള്ള ഹദീസ് വ്യക്തമാവുന്നു. (അറുപതു വര്‍ഷം ജാഹിലിയ്യാ കാലത്തും അറുപതു വര്‍ഷം ഇസ് ലാമിലും) അദ്ദേഹം നബി(സ)യോട് ചോദിച്ചു:
أرأيتَ أمورًا كنت أتحنثُ بها في الجاهلية، هل لي فيها من شيء؟ فقال له رسول الله صلى الله عليه وسلّم: “أسلمتَ على ما أسلفتَ من خير
'ജാഹിലിയ്യാ കാലത്ത് ഞാന്‍ ഭക്തിപൂർവം നിർവഹിച്ചുപോന്ന കാര്യങ്ങളെക്കുറിച്ച് താങ്കളുടെ അഭിപ്രായമെന്ത്? എനിക്ക് അതിന് വല്ലതും പ്രതിഫലമായി ലഭിക്കുമോ? അപ്പോള്‍ നബി(സ) അദ്ദേഹത്തോട് പറഞ്ഞു: 'നിങ്ങള്‍ നേരത്തെ ചെയ്ത നന്മയുമായാണ് ഇസ്‌ലാം ആശ്ലേഷിച്ചിരിക്കുന്നത്' (മുസ്‌ലിം) സത്യനിഷേധിയുടെ സത്യനിഷേധകാലത്തെ സല്‍ക്കര്‍മങ്ങള്‍ പരിഗണിക്കപ്പെടുമെന്നാണ് മേല്‍ഹദീസ് തെളിച്ചു പറയുന്നത്. പല ഹദീസ് വ്യാഖ്യാതാക്കളും ഇതാണ് മനസ്സിലാക്കിയിട്ടുള്ളത്. ഇമാം മസീരി പറയുന്നു:
ظاهره خلاف ما تقتضي الأصول
'പ്രമാണങ്ങളുടെ തേട്ടങ്ങള്‍ക്ക് വിരുദ്ധമാണ് മേല്‍ ഹദീസിന്റെ പ്രത്യക്ഷാശയം'
സത്യനിഷേധത്തോടെ മരിച്ചാലും സത്യനിഷേധിക്ക് അയാളുടെ സല്‍കൃത്യങ്ങള്‍ ഉപകാരപ്പെടുമെന്ന് താഴെ ഹദീസും വ്യക്തമാക്കുന്നു:
عن العباس بن عبد المطلب أنه قال: قلت: يا رسول الله فهل نفعتَ أبا طالب بشيء؛ فإنه كان يحوطك ويغضب لك؟ قال: “نعم هو في ضحضاح من نار، ولولا أنا لكان في الدرك الأسفل من النار”.
'അബ്ബാസുബ്‌നു അബ്ദില്‍ മുത്ത്വലിബില്‍നിന്ന് നിവേദനം. അദ്ദേഹം നബി(സ)യോട് ചോദിച്ചു: 'അല്ലാഹുവിന്റെ ദൂതരേ, അബൂത്വാലിബിന് എന്തെങ്കിലും ഉപകാരം ചെയ്യാന്‍ താങ്കള്‍ക്കു കഴിഞ്ഞോ? അദ്ദേഹം താങ്കളെ സംരക്ഷിക്കുകയും താങ്കള്‍ക്കുവേണ്ടി രോഷം കൊള്ളുകയും ചെയ്ത ആളാണല്ലോ? നബി(സ): 'അതെ. അദ്ദേഹം നരകത്തിലെ ആഴമില്ലാത്ത ഒരു സ്ഥലത്താണ്. ഞാന്‍ ഇല്ലായിരുന്നുവെങ്കില്‍ അദ്ദേഹം നരകത്തിന്റെ അടിത്തട്ടിലാകുമായിരുന്നു' (ബുഖാരി, മുസ്‌ലിം). മറ്റൊരു ഹദീസ് ഇങ്ങനെ.
إن أبا طالب كان يحوطك وينصرك ويغضب لك فهل نفعه ذلك؟ قال: “نعم، وجدته في غمرات من نار فأخرجته إلى ضحضاح”.
'തീര്‍ച്ചയായും അബൂത്വാലിബ് താങ്കളെ സംരക്ഷിക്കുകയും സഹായിക്കുകയും താങ്കള്‍ക്കുവേണ്ടി (ശത്രുക്കളോട്) ദ്വേഷിക്കുകയും ചെയ്തിരുന്നു. അത് അദ്ദേഹത്തിനു പ്രയോജനപ്പെട്ടുവോ? നബി(സ) 'ഞാന്‍ അദ്ദേഹത്തെ നരകത്തില്‍ ആണ്ടുപൂണ്ട അവസ്ഥയില്‍ കണ്ടു. ഞാന്‍ അദ്ദേഹത്തെ ആഴമില്ലാത്ത ഇടത്തേക്ക് മാറ്റി' (മുസ്‌ലിം) അദിയ്യുബ്‌നു ഹാതിം ഇസ് ലാം സ്വീകരിച്ചപ്പോള്‍ നബി(സ) പറഞ്ഞത് ഇപ്രകാരമാണ്.
إن الله قد رفع عن أبيك العذاب الأليم بسبب سخائه
'തീര്‍ച്ചയായും താങ്കളുടെ പിതാവിന്റെ ഔദാര്യശീലം കാരണം അല്ലാഹു അദ്ദേഹത്തിന്റെ വേദനാജനകമായ ശിക്ഷ ഉയര്‍ത്തിയിരിക്കുന്നു.'
നബി(സ)യുടെ ജനനവാര്‍ത്ത അറിയിച്ചതിന്റെ സന്തോഷത്തില്‍ സുവൈബ എന്ന അടിമസ്ത്രീയെ അടിമത്തത്തില്‍നിന്ന് മോചിപ്പിച്ചതിന്റെ പേരില്‍ അബൂലഹബിന്റെ നരകശിക്ഷ അല്ലാഹു ലഘൂകരിച്ചു നല്‍കിയതായി ഹദീസില്‍ കാണാം.
 

2. സത്യനിഷേധിയുടെ പ്രവര്‍ത്തനങ്ങളുടെ നിഷ്ഫലതയും, അണുത്തൂക്കം പ്രവര്‍ത്തനം പോലും പരിഗണിക്കുമെന്ന ഖുര്‍ആന്റെ പൊതുപ്രഖ്യാപനവും

സത്യനിഷേധികളുടെ പ്രവര്‍ത്തനങ്ങള്‍ നിഷ്ഫലമാണെന്ന് പ്രത്യക്ഷത്തില്‍ സ്ഥാപിക്കുന്ന ഖുര്‍ആന്‍ സൂക്തങ്ങളുണ്ട്.
وَقَدِمْنَا إِلَىٰ مَا عَمِلُوا مِنْ عَمَلٍ فَجَعَلْنَاهُ هَبَاءً مَّنثُورًا
(അവര്‍-സത്യനിഷേധികള്‍- പ്രവര്‍ത്തിച്ച കര്‍മങ്ങളുടെ നേരെ നാം തിരിയുകയും നാമതിനെ ചിതറിയ ധൂളിപോലെ ആക്കിത്തീര്‍ക്കുകയും ചെയ്യും -ഫുര്‍ഖാന്‍ 23).
أُولَٰئِكَ الَّذِينَ لَيْسَ لَهُمْ فِي الْآخِرَةِ إِلَّا النَّارُۖ وَحَبِطَ مَا صَنَعُوا فِيهَا وَبَاطِلٌ مَّا كَانُوا يَعْمَلُونَ
(പരലോകത്ത് നരകമല്ലാതെ മറ്റൊന്നും കിട്ടാനില്ലാത്തവരാകുന്നു അവര്‍ (സത്യനിഷേധികള്‍). അവര്‍ ഇവിടെ പ്രവര്‍ത്തിച്ചതെല്ലാം പൊളിച്ചു പോയിരിക്കുന്നു. അവര്‍ ചെയ്തുകൊണ്ടിരുന്നതെല്ലാം ഫലശൂന്യമത്രെ -ഹൂദ് 16).
مَّثَلُ الَّذِينَ كَفَرُوا بِرَبِّهِمْۖ أَعْمَالُهُمْ كَرَمَادٍ
(തങ്ങളുടെ റബ്ബിന്റെ പ്രവര്‍ത്തനങ്ങളെ നിഷേധിച്ചവരുടെ ഉദാഹരണം - അവരുടെ പ്രവര്‍ത്തനങ്ങള്‍ ചാരംപോലെയാണ് -ഇബ്‌റാഹീം: 18).
മുകളിലേതുള്‍പ്പെടെയുള്ള സൂക്തങ്ങളുടെ ബാഹ്യാശയം, അല്ലാഹു ജനങ്ങളെ അവരുടെ എല്ലാ പ്രവര്‍ത്തനങ്ങളെയും മുന്‍നിര്‍ത്തിയാണ് വിചാരണ ചെയ്യുക എന്ന മറ്റു ചില സൂക്തങ്ങള്‍ക്കു വിരുദ്ധമാണ്.
فَمَن يَعْمَلْ مِثْقَالَ ذَرَّةٍ خَيْرًا يَرَهُ ﴿٧﴾ وَمَن يَعْمَلْ مِثْقَالَ ذَرَّةٍ شَرًّا يَرَهُ ﴿٨﴾
(ആരെങ്കിലും അണുത്തൂക്കം നന്മ ചെയ്താല്‍ അതവന്‍ കാണും. ആരെങ്കിലും അണുത്തൂക്കം തിന്മചെയ്താല്‍ അതവന്‍ കാണും -സില്‍സാല്‍ 7,8).
وَوَجَدُوا مَا عَمِلُوا حَاضِرًاۗ وَلَا يَظْلِمُ رَبُّكَ أَحَدًا
(തങ്ങള്‍ പ്രവര്‍ത്തിച്ചതൊക്കെ (രേഖയില്‍) നിലവിലുള്ളതായി അവര്‍ കണ്ടെത്തും. നിന്റെ രക്ഷിതാവ് യാതൊരാളോടും അനീതി കാണിക്കുകയില്ല -കഹ്ഫ്: 49).
يَوْمَ تَجِدُ كُلُّ نَفْسٍ مَّا عَمِلَتْ مِنْ خَيْرٍ مُّحْضَرًا وَمَا عَمِلَتْ مِن سُوءٍ تَوَدُّ لَوْ أَنَّ بَيْنَهَا وَبَيْنَهُ أَمَدًا بَعِيدًاۗ
(നന്മയായും തിന്മയായും താന്‍ പ്രവര്‍ത്തിച്ച ഓരോ കാര്യവും (തന്റെ മുമ്പില്‍) ഹാജരാക്കപ്പെട്ടതായി ഓരോ വ്യക്തിയും കണ്ടെത്തുന്ന ദിവസത്തെക്കുറിച്ച് (ഓര്‍ക്കുക). തന്റെയും അതിന്റെ (ദുഷ്ട പ്രവൃത്തിയുടെയും) ഇടയില്‍ വലിയ ദൂരമുണ്ടായിരുന്നുവെങ്കില്‍ എന്ന് ഓരോ വ്യക്തിയും അന്ന് കൊതിച്ചുപോകും -ആലുഇംറാന്‍ 30).
وَنَضَعُ الْمَوَازِينَ الْقِسْطَ لِيَوْمِ الْقِيَامَةِ فَلَا تُظْلَمُ نَفْسٌ شَيْئًاۖ
(അന്ത്യനാളിനു വേണ്ടി നാം നീതിയുടെ ത്രാസുകള്‍ സ്ഥാപിക്കും. ആയതിനാല്‍ ഒരു ആത്മാവും ഒന്നം അനീതി ചെയ്യപ്പെടില്ല -അമ്പിയാഅ് 47).
മുകളിലെ സൂക്തങ്ങള്‍ സമഗ്ര തത്വങ്ങള്‍ക്കു സമാനമാണ്. ഇമാം ത്വയ്യിബി സില്‍സാല്‍ 7,8 സൂക്തങ്ങളെ പറ്റി പറഞ്ഞത്
من الجوامع الحاوية لفوائد الدين أصلاً وفرعًا
'അവ ഇസ്‌ലാമിന്റെ പ്രയോജനങ്ങളെ മൗലികമായും ശാഖാപരമായും സമഗ്രമായി ഉള്‍ക്കൊള്ളുന്നവയാണ്' എന്നത്രെ. മേല്‍സൂക്തങ്ങളെ الآية الجامعة الفادة (ഏകസമഗ്രസൂക്തം) എന്ന് ബുഖാരിയും മുസ്‌ലിമും വിശേഷിപ്പിച്ചതായി കാണാം. അതേസമയം ഈ സൂക്തങ്ങള്‍, സത്യനിഷേധികള്‍ക്ക് ശിക്ഷ ലഘൂകരിക്കപ്പെടുകയില്ലെന്ന മറ്റു ചില സൂക്തങ്ങളുമായി പ്രത്യക്ഷത്തില്‍ വിയോജിക്കുന്നു. ഉദാ:
وَإِذَا رَأَى الَّذِينَ ظَلَمُوا الْعَذَابَ فَلَا يُخَفَّفُ عَنْهُمْ
(അക്രമികള്‍ ശിക്ഷ കാണുമ്പോള്‍ അവര്‍ക്കു ലഘൂകരണം നല്‍കപ്പെടുന്നതല്ല -നഹ്ല്‍: 85). ഇതിനു വിരുദ്ധമായി ചില സത്യനിഷേധികള്‍ക്ക് ശിക്ഷ ലഘൂകരിക്കപ്പെടുമെന്ന ഹദീസുകള്‍ ഉണ്ടെന്നതും നാം മനസ്സിലാക്കണം.
(3) ബഹുദൈവവിശ്വാസികളുടെ പാപമോചനത്തിനായി പ്രാര്‍ഥിക്കരുതെന്ന വിലക്കും ഇബ്‌റാഹീം നബി പിതാവിനു വേണ്ടി നടത്തിയ പ്രാര്‍ഥനയും

സത്യനിഷേധികള്‍ക്കുവേണ്ടി പ്രാര്‍ഥിക്കരുതെന്നതിന് തെളിവായി ഉദ്ധരിക്കുന്ന സൂക്തം ഇതാണ്:
مَا كَانَ لِلنَّبِيِّ وَالَّذِينَ آمَنُوا أَن يَسْتَغْفِرُوا لِلْمُشْرِكِينَ وَلَوْ كَانُوا أُولِي قُرْبَىٰ مِن بَعْدِ مَا تَبَيَّنَ لَهُمْ أَنَّهُمْ أَصْحَابُ الْجَحِيمِ ﴿١١٣﴾ وَمَا كَانَ اسْتِغْفَارُ إِبْرَاهِيمَ لِأَبِيهِ إِلَّا عَن مَّوْعِدَةٍ وَعَدَهَا إِيَّاهُ فَلَمَّا تَبَيَّنَ لَهُ أَنَّهُ عَدُوٌّ لِّلَّهِ تَبَرَّأَ مِنْهُۚ
(ബഹുദൈവവിശ്വാസികള്‍ ജ്വലിക്കുന്ന നരകാഗ്നിയുടെ അവകാശികളാണെന്ന് തങ്ങള്‍ക്ക് വ്യക്തമായി കഴിഞ്ഞതിനു ശേഷം അവര്‍ക്കുവേണ്ടി പാപമോചനം തേടുവാന്‍ -അവര്‍ അടുത്ത ബന്ധമുള്ളവരായാല്‍ പോലും- പ്രവാചകനും സത്യവിശ്വാസികള്‍ക്കും പാടുള്ളതല്ല. ഇബ്‌റാഹീം അദ്ദേഹത്തിന്റെ പിതാവിനുവേണ്ടി പാപമോചനം തേടിയത് അദ്ദേഹം പിതാവിനോട് അങ്ങനെ വാഗ്ദാനം ചെയ്തതുകൊണ്ട് മാത്രമായിരുന്നു. എന്നാല്‍ അയാള്‍ (പിതാവ്) അല്ലാഹുവിന്റെ ശത്രുവാണെന്ന് അദ്ദേഹത്തിന് വ്യക്തമായപ്പോള്‍ അദ്ദേഹം അയാളെ (പിതാവിനെ) വിട്ടൊഴിഞ്ഞു -തൗബ: 113,114) എന്നാല്‍ വാര്‍ധക്യത്തിലെത്തിയ ഇബ്‌റാഹീം നബി മാതാപിതാക്കള്‍ക്കു വേണ്ടി പ്രാര്‍ഥിച്ചതായി

ഖുര്‍ആന്‍ മറ്റൊരിടത്ത് പ്രസ്താവിക്കുന്നുണ്ട്:
الْحَمْدُ لِلَّهِ الَّذِي وَهَبَ لِي عَلَى الْكِبَرِ إِسْمَاعِيلَ وَإِسْحَاقَۚ إِنَّ رَبِّي لَسَمِيعُ الدُّعَاءِ ﴿٣٩﴾ رَبِّ اجْعَلْنِي مُقِيمَ الصَّلَاةِ وَمِن ذُرِّيَّتِيۚ رَبَّنَا وَتَقَبَّلْ دُعَاءِ ﴿٤٠﴾ رَبَّنَا اغْفِرْ لِي وَلِوَالِدَيَّ وَلِلْمُؤْمِنِينَ يَوْمَ يَقُومُ الْحِسَابُ ﴿٤١﴾
(വാര്‍ധക്യ കാലത്ത് എനിക്ക് ഇസ്മാഈലിനെയും ഇസ്ഹാഖിനെയും പ്രദാനം ചെയ്ത അല്ലാഹുവിനു സ്തുതി. തീര്‍ച്ചയായും എന്റെ രക്ഷിതാവ് പ്രാര്‍ഥന കേള്‍ക്കുന്നവനാണ്. എന്റെ രക്ഷിതാവേ, എന്നെ നീ നമസ്‌കാരം മുറപ്രകാരം നിർവഹിക്കുന്നവനാക്കേണമേ. എന്റെ സന്തതികളില്‍ പെട്ടവരെയും (അപ്രകാരം ആക്കേണമേ) ഞങ്ങളുടെ രക്ഷിതാവേ, എന്റെ പ്രാര്‍ഥന നീ സ്വീകരിക്കുകയും ചെയ്യേണമേ. ഞങ്ങളുടെ രക്ഷിതാവേ, വിചാരണ നിലവില്‍ വരുന്ന ദിവസം എനിക്കും എന്റെ മാതാപിതാക്കള്‍ക്കു സത്യവിശ്വാസികള്‍ക്കും നീ പൊറുത്തു തരേണമേ! -ഇബ്‌റാഹീം 39-41).

പ്രമാണങ്ങള്‍ അറിയായ്കയല്ല, അവ വായിക്കേണ്ട രീതിശാസ്ത്രം അറിയായ്കയാണ് പ്രശ്‌നം

സത്യവിശ്വാസവും സല്‍ക്കര്‍മവും തമ്മിലെ ബന്ധം സംബന്ധിച്ച് നമ്മുടെ മുമ്പില്‍ രണ്ടു സാധ്യതകളാണുള്ളത്.

1. ഖുര്‍ആന്‍ സൂക്തങ്ങളെ ബാഹ്യാര്‍ഥത്തിലെടുത്ത് സത്യവിശ്വാസാധിഷ്ഠിതമായ സല്‍ക്കര്‍മങ്ങള്‍ മാത്രമെ അല്ലാഹുവിങ്കല്‍ സ്വീകാര്യമാവുകയുള്ളൂ എന്നു മനസ്സിലാക്കുക. അതനുസരിച്ച് സത്യനിഷേധിയുടെ സല്‍ക്കര്‍മങ്ങള്‍ക്ക് പ്രതിഫലമുണ്ടാവില്ല. ഒരാള്‍ ഇസ്‌ലാം സ്വീകരിക്കുന്നതിനു മുമ്പു ചെയ്ത സല്‍ക്കര്‍മങ്ങള്‍ നിഷ്ഫലമായിരിക്കും.
(2) എല്ലാ കര്‍മങ്ങള്‍ക്കും പ്രതിഫലമുണ്ടാവുമെന്ന ഖുര്‍ആനികാശയം സ്വീകരിക്കുക. സത്യനിഷേധികളുടെ കര്‍മങ്ങള്‍ക്ക് പ്രതിഫലമുണ്ടെന്നു പറയുന്ന ഹദീസുകളെ മുഖവിലക്കെടുക്കുക. ഇത് വ്യത്യസ്തമായ രണ്ടു വ്യാഖ്യാനങ്ങള്‍ക്ക് വഴിയൊരുക്കുന്നു. (ഒന്ന്) മരിക്കുന്നതിനു മുമ്പ് ഇസ്‌ലാം സ്വീകരിച്ച സത്യനിഷേധിയില്‍ മാത്രം പരിമിതം. (രണ്ട്) ഇസ്‌ലാം സ്വീകരിക്കുകയോ സ്വീകരിക്കാതിരിക്കുകയോ ചെയ്ത സത്യനിഷേധിയുടെ കര്‍മങ്ങള്‍ (കര്‍മങ്ങളില്‍ ഇബാദത്തുകള്‍ പെടില്ല. കാരണം ഇബാദത്തുകള്‍ സ്വീകാര്യമാവാന്‍ സത്യവിശ്വാസം ഉപാധിയാണ്).
മേല്‍ രണ്ടു സാധ്യതകളും അനുസരിച്ച് 'എന്താണ് മലമ്പാത എന്നു നിനക്കറയാമോ?.... മുതല്‍ ..... ശേഷം സത്യവിശ്വാസികളില്‍ പെടുകയും' വരെയുള്ള സൂക്തങ്ങള്‍ക്ക് രണ്ടു വ്യാഖ്യാനങ്ങളാണുള്ളത്.

(1) മാതുരീദി, സമഖ്ശരി, ബൈദാവി മുതലായവര്‍ സൂക്തത്തിലെ  (അതോടൊപ്പം) എന്നത് പദവിയില്‍ പിന്നിലാണെന്ന പക്ഷക്കാരാണ്. (അടിമയെ മോചിപ്പിക്കുക, അഗതിയെ ഊട്ടുക എന്നതോടൊപ്പം സത്യവിശ്വാസിയാവുക എന്നര്‍ഥം.
(2)  ثمّ (പിന്നെ) എന്ന അര്‍ഥത്തില്‍ കാലപരമായി ശേഷമാവുക. അതായത്, അടിമയെ മോചിപ്പിക്കുകയും അഗതിയെ ഊട്ടുകയും ചെയ്തശേഷം സത്യവിശ്വാസിയാവുക. ഹകീമുബ്‌നു ഹിസാമിനോട് നബി(സ) പറഞ്ഞ أسلمت على ما أسلفت من خير 'നിങ്ങള്‍ നേരത്തെ ചെയ്ത നന്മകളുമായാണ് മുസ്‌ലിമായത്' എന്ന നബിവചനം ഈ ആശയമാണ് പ്രകാശിപ്പിക്കുന്നത്. സൂക്ഷ്മമായ ആശയം ഇബ്‌നുല്‍ മുലഖ്ഖിന്‍ (ഹി: 723-804) എടുത്തു പറയുന്നത് കാണുക:
صح بهذِه الآية عظم نعمة الله على عباده في قبول كل عمل بر عملوه في كفرهم ثم أسلموا. فالآية على ظاهرها، وهي زائدة على ما في القرآن من قبوله أعمال من آمن ثم عمل الخير
'ഈ സൂക്തത്തിലൂടെ, സത്യനിഷേധ കാലത്ത് ചെയ്ത എല്ലാ നന്മകളും ഇസ്‌ലാം സ്വീകരിച്ച ആള്‍ക്ക് വകവെച്ചുകൊടുക്കുക എന്ന അനുഗ്രഹത്തിന്റെ മാഹാത്മ്യം സാധുവായിരിക്കുകയാണ്. സത്യവിശ്വാസം സ്വീകരിക്കുകയും പിന്നീട് സല്‍ക്കര്‍മങ്ങള്‍ ചെയ്യുകയും ചെയ്തവരുടെ നന്മകള്‍ സ്വീകരിക്കുക എന്നതിനപ്പുറമുള്ള മറ്റൊരു ആശയമാണ് വിശ്വാസപൂർവമുള്ള സല്‍ക്കര്‍മങ്ങളുടെ സ്വീകാര്യതയെക്കുറിച്ച ഈ പ്രസ്താവന.' അതായത്, ഖുര്‍ആനില്‍ ഇവ്വിഷയകമായി ഒരാശയമല്ല, രണ്ടാശയങ്ങളുണ്ട്. (ഒന്ന്) ഈമാനോടെയുള്ള കര്‍മങ്ങളുടെ സ്വീകാര്യത. (രണ്ട്) ഈമാനു മുമ്പുള്ള സല്‍ക്കര്‍മങ്ങളുടെ സ്വീകാര്യത.

ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥങ്ങളില്‍ മേല്‍സൂക്തം കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ലെങ്കിലും 'നേരത്തെ ചെയ്ത നന്മകളോടെയാണ് താങ്കള്‍ മുസ്‌ലിമായിരിക്കുന്നത്' എന്ന നബിവചനം രണ്ടുതരത്തില്‍ വിശദീകരിക്കപ്പെട്ടിരിക്കുന്നു

'നേരത്തെ ചെയ്ത നന്മകളോടെയാണ് താങ്കള്‍ മുസ് ലിമായിരിക്കുന്നത്' എന്ന നബി വചനത്തിന്റെ രണ്ടു വ്യാഖ്യാനങ്ങള്‍

(ഒന്ന്) സല്‍ക്കര്‍മങ്ങള്‍ സ്വീകാര്യമാവാന്‍ സത്യവിശ്വാസം ഉപാധിയാണെന്ന അടിസ്ഥാന തത്ത്വത്തിനു വിരുദ്ധമാണ് ഹദീസ്. അതുകൊണ്ട് മേല്‍ ഹദീസിനെ അടിസ്ഥാന തത്വങ്ങള്‍ക്കനുസൃതമായി വ്യാഖ്യാനിക്കണം. ഇമാം മാസിരി (ഹി. 453-536) അഞ്ചുതരം വ്യാഖ്യാനങ്ങളാണ് അതിനു നല്‍കിയിരിക്കുന്നത്. ഖാദി ഇയാദ്, നവവി മുതലായവര്‍ അവ ഉദ്ധരിച്ചിട്ടുണ്ട്. കര്‍മവും ഈമാനും തമ്മില്‍ ബന്ധമില്ലാതാവുമ്പോഴുള്ള പ്രശ്‌നത്തില്‍നിന്ന് പുറത്തു കടക്കാനുള്ള ശ്രമമാണ് ആ വ്യാഖ്യാനങ്ങള്‍.

(രണ്ട്) വ്യാഖ്യാനിക്കാതെ ബാഹ്യാശയത്തിലെടുക്കുമ്പോള്‍ ഇമാം കശ്മീരിയെ പോലുള്ളവര്‍ മനസ്സിലാക്കുന്നത്, ഇബാദത്തുകള്‍ ഒഴികെയുള്ള സത്യനിഷേധിയുടെ പുണ്യപ്രവൃത്തികള്‍ ഇസ് ലാം സ്വീകരിച്ചാലും ഇല്ലെങ്കിലും സ്വീകാര്യമാണെന്നാണ്. ഇമാം ഇബ്‌നു ബത്ത്വാലും (മ.ഹി. 449) മറ്റു ചിലരും മനസ്സിലാക്കുന്നത്, സത്യനിഷേധി ഇസ് ലാം സ്വീകരിച്ച് അതേവിധം മരിച്ചാല്‍, സ്വീകരിക്കുന്നതിനു മുമ്പ് അയാള്‍ ചെയ്ത നന്മകള്‍ അല്ലാഹുവിങ്കല്‍ സ്വീകാര്യമായിരിക്കും എന്നാണ്. അതിന്റെ ന്യായം ഇതാണ്: അയാളുടെ പ്രവൃത്തി പുണ്യമായി വകയിരുത്തുന്നത് അയാള്‍ അതിലൂടെ അല്ലാഹുവിന്റെ പ്രീതി ലക്ഷ്യം വെച്ചതുകൊണ്ടാണ്. മുശ്‌രിക്കുകള്‍ അല്ലാഹുവിന്റെ റുബൂബിയ്യത്ത് അംഗീകരിച്ചിരുന്നു. ബഹുദൈവവിശ്വാസത്തോടെയാണ് അവര്‍ മരിച്ചതെങ്കില്‍ അവരുടെ പുണ്യകര്‍മങ്ങള്‍ സ്വീകരിക്കപ്പെടുകയില്ലായിരുന്നു. ഇസ്‌ലാം സ്വീകരിച്ചതിനാല്‍ അല്ലാഹു അതവര്‍ക്ക് ഔദാര്യം എന്ന നിലയില്‍ വകവെച്ചുകൊടുത്തു. അവരുടെ തെറ്റുകള്‍ മായ്ച്ചു, നന്മകള്‍ അംഗീകരിച്ചു.

സത്യവിശ്വാസവും സല്‍ക്കര്‍മവും തമ്മിലെ ബന്ധം മനസ്സിലാക്കുന്നേടത്തെ വ്യത്യാസമാണ് ഹദീസിന്റെ ആശയത്തെ സംബന്ധിച്ച ഭിന്ന വീക്ഷണത്തിന്നാധാരം. രണ്ടും പരസ്പര ബന്ധിതമാണെന്നു മനസ്സിലാക്കുന്നവര്‍ അതിനെ വ്യാഖ്യാനിച്ചു മനസ്സിലാക്കി. രണ്ടും അടര്‍ത്തിക്കാണാം എന്നഭിപ്രായപ്പെട്ടവര്‍ വ്യത്യസ്ത നിലപാടുകാരായി. പ്രവൃത്തി ചെയ്ത ആളെയാണ് ചിലര്‍ പരിഗണിച്ചത് (പ്രവൃത്തി ചെയ്യുന്നയാള്‍ സത്യവിശ്വാസി ആയിരിക്കണം. പക്ഷെ, പ്രവര്‍ത്തനത്തോടൊപ്പം സത്യവിശ്വാസം നിബന്ധനയല്ല. പ്രവൃത്തിക്കുശേഷം സത്യവിശ്വസമുണ്ടായാലും മതി) മറ്റുചിലര്‍ പരിഗണിച്ചത് കര്‍മങ്ങള്‍ ചെയ്ത ആളെയല്ല, സല്‍ക്കര്‍മങ്ങളെയാണ്, മുസ്‌ലിമാണോ, അല്ലയോ എന്നതല്ല. ഇബ്‌നുല്‍ ഫറസ് (മ.ഹി. 597, മാസരീ (ഹി. 453-536), കശ്മീരി (ക്രി. 1875-1933) മുതലായവരും കര്‍മങ്ങള്‍ തന്നെയാണ് പരിഗണിച്ചതെങ്കിലും അവരല്ലാത്തവര്‍ കര്‍മങ്ങള്‍ ചെയ്തവരുടെ വ്യത്യാസമനുസരിച്ചാണ് കര്‍മങ്ങളെ വിലയിരുത്തുന്നതെന്നുമാത്രം. ഈ ആശയം ഖത്ത്വാബി ഉദ്ധരിക്കുന്നുണ്ട്. അബുല്‍ അബ്ബാസില്‍ ഖുര്‍ത്വുബിയും മറ്റും ഇതിനാണ് മുന്‍തൂക്കം നല്‍കിയിരിക്കുന്നത്.
എല്ലാ മനുഷ്യരുടെയും കര്‍മങ്ങള്‍ക്ക് പ്രതിഫലം നല്‍കുക, സത്യനിഷേധികളുടെ കര്‍മങ്ങള്‍ നിഷ്ഫലമാവുക എന്ന വൈരുധ്യത്തെപ്പറ്റി
നബി(സ)ക്ക് നല്‍കിയ പിന്തുണയും സഹായവും അബൂത്വാലിബിന് ശിക്ഷാ ലഘൂകരണത്തിനു സഹായകമായി എന്ന് സ്ഥാപിച്ചശേഷം ഇമാം ബൈഹഖി എഴുതുന്നു:
وقد يجوز أن يكون حديث ابن جدعان [وأنه لا ينفعه عمله]، وما ورد من الآيات والأخبار في بطلان خيرات الكافر إذا مات على كفره: ورد في أنه لا يكون لها موقع التخليص من النار وإدخال الجنة، لكن يخفف عنه من عذابه الذي يستوجبه على جنايات ارتكبها سوى الكفر بما فعل من الخيرات والله أعلم”
'അബ്ദുല്ലാഹിബ്‌നു ജുദ്ആന് അദ്ദേഹത്തിന്റെ കര്‍മങ്ങള്‍ ഉപകാരപ്പെടില്ല എന്ന നബിവചനവും സത്യനിഷേധി സത്യനിഷേധി ആയിത്തന്നെ മരിച്ചാല്‍ അയാളുടെ നന്മകള്‍ നിഷ്ഫലമാണെന്ന ഖുര്‍ആന്‍ സൂക്തങ്ങളുമെല്ലാം അവക്ക് അയാളെ നരകത്തില്‍നിന്നു രക്ഷിക്കാനോ സ്വര്‍ഗത്തില്‍ പ്രവേശിക്കാനോ സഹായകമല്ല എന്ന അര്‍ഥത്തിലാണ്. എങ്കിലും അയാള്‍ ചെയ്ത പുണ്യപ്രവൃത്തികള്‍ കാരണം, കുഫ്‌റൊഴികെ അയാള്‍ ചെയ്ത തെറ്റുകള്‍ പൊറുക്കാന്‍ അവ സഹായകമാവും. അല്ലാഹുവാണ് ഏറ്റവും നന്നായി അറിയുന്നവന്‍.' അതായത് കര്‍മങ്ങള്‍ നിഷ്ഫലമാകുന്നതിനെക്കുറിച്ച് പറയുന്ന സൂക്തങ്ങളുടെ പൊതു ആശയം, നരക മുക്തിയും സ്വര്‍ഗപ്രാപ്തിയും സാധ്യമാവാത്ത വിധമുള്ള നിഷ്ഫലതയെക്കുറിച്ചാണ്. അല്ലാതെ എല്ലാ സല്‍ക്കര്‍മങ്ങളും നിഷ്ഫലമാണെന്നല്ല.

'ആരെങ്കിലും അണുത്തൂക്കം നന്മചെയ്താല്‍....
ആരെങ്കിലും അണുത്തൂക്കം തിന്മ ചെയ്താല്‍....'

فَمَن يَعْمَلْ مِثْقَالَ ذَرَّةٍ خَيْرًا يَرَهُ ﴿٧﴾ وَمَن يَعْمَلْ مِثْقَالَ ذَرَّةٍ شَرًّا يَرَهُ ﴿٨﴾
'ആര്‍ അണുത്തൂക്കം നന്മ ചെയ്തിരുന്നുവോ അവനത് കാണും, ആര്‍ അണുത്തൂക്കം തിന്മ ചെയ്തിരുന്നുവോ അതവന്‍ കാണും' (സല്‍സല 7,8) എന്നീ സൂക്തങ്ങളുടെ ബാഹ്യാശയമനുസരിച്ച് സത്യവിശ്വാസിയുടെയും സത്യനിഷേധിയുടെയും സല്‍ക്കര്‍മങ്ങള്‍ അല്ലാഹുവിങ്കല്‍ പരിഗണനീയമാണ്. പക്ഷെ, ഈ ബാഹ്യാശയം രണ്ടു പ്രശ്‌നങ്ങളുയര്‍ത്തുന്നുണ്ട്.

1. സത്യനിഷേധികള്‍ക്ക് തങ്ങളുടെ നന്മകളുടെ പേരില്‍ പ്രതിഫലം ലഭിക്കും. സത്യനിഷേധികളുടെ കര്‍മങ്ങള്‍ നിഷ്ഫലമാണെന്ന സൂക്തങ്ങള്‍ക്ക് വിരുദ്ധമാണത്. ഇമാം തഫ്താസാനി (ക്രി.വ. 1322-1390) അവരുടെ കര്‍മങ്ങള്‍ നിഷ്ഫലമാണെന്നതിന് ഇജ്മാഉണ്ടെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
2. സല്‍സല 7,8 സൂക്തങ്ങളനുസരിച്ച് വലിയ തെറ്റുകള്‍ ചെയ്തില്ലെങ്കിലും ചെറുതെറ്റുകളുടെ പേരിലും സത്യവിശ്വാസി ശിക്ഷിക്കപ്പെടുമെന്നു വ്യക്തമാക്കുന്നു. അതേസമയം വന്‍പാപങ്ങള്‍ ചെയ്യാതിരുന്നാല്‍ ചെറുപാപങ്ങള്‍ പൊറുക്കപ്പെടുമെന്ന് ഖുര്‍ആന്‍ തന്നെ പ്രസ്താവിക്കുന്നുണ്ട്.
إِن تَجْتَنِبُوا كَبَائِرَ مَا تُنْهَوْنَ عَنْهُ نُكَفِّرْ عَنكُمْ سَيِّئَاتِكُمْ
(നിങ്ങളോട് നിരോധിക്കപ്പെടുന്ന വന്‍പാപങ്ങള്‍ നിങ്ങള്‍ വര്‍ജിക്കുന്ന പക്ഷം, നിങ്ങളുടെ തിന്മകളെ നിങ്ങളില്‍നിന്ന് മാച്ചു കളയും -നിസാഅ്: 31) ഈ സൂക്തത്തിന്റെ വിശദീകരണത്തില്‍ ഇമാം ഇബ്‌നുല്‍ മുനയ്യിര്‍ (ഹി. 620-683) പറയുന്നു: 
إن الاجتناب لا يوجب التكفير عند الجماعة، بل التوبة أو مشيئة الله تعالى
'വന്‍ പാപങ്ങള്‍ വെടിഞ്ഞതുകൊണ്ട് മറ്റു പാപങ്ങള്‍ പൊറുക്കപ്പെട്ടുകൊള്ളണമെന്നില്ലെന്നാണ് ഒരു വിഭാഗം പണ്ഡിതന്മാരുടെ വീക്ഷണം. തൗബയോ അല്ലാഹുവിന്റെ ഇച്ഛയോ വേണം' അതിന് അല്ലാമ ആലൂസി നല്‍കിയ മറുപടി ഇങ്ങനെ:
ليس بشيء؛ لأن التوبة والاجتناب سواء في حكم النص، ومشيئة الله تعالى هي السبب الأصيل.
'ഇബ്‌നുല്‍ മുനയ്യിറിന്റെ വാദം നിലനില്‍ക്കത്തക്കതല്ല. കാരണം തൗബയും പാപങ്ങള്‍ വെടിയുന്നതും പ്രമാണ വിധിയനുസരിച്ച് ഒരു പോലെയാണ്. അല്ലാഹുവിന്റെ ഇഛയാണ് അടിസ്ഥാനം.'

അങ്ങനെയെങ്കില്‍ സല്‍സല 7,8 സൂക്തങ്ങള്‍ നാം എങ്ങനെയാണ് മനസ്സിലാക്കേണ്ടത്? രണ്ടു രീതിയില്‍ നമുക്ക് മനസ്സിലാക്കാം:

1. 7-ാം സൂക്തത്തിലെ مَنْ സല്‍ക്കര്‍മികളായ വിജയികളെയും 8-ാം സൂക്തത്തിലെ مَنْ ദുഷ്‌കര്‍മികളായ പരാജിതരെയുമാണ് വിവക്ഷിക്കുന്നത് എന്നു മനസ്സിലാക്കം.
فَمَن يَعْمَلْ (ആരെങ്കിലും പ്രവര്‍ത്തിച്ചാല്‍) എന്നത് يَصْدُرُ النَّاسُ أَشْتَاتًا (ജനങ്ങള്‍ സംഘങ്ങളായി പുറപ്പെടും) എന്നതിന്റെ വിശദീകരണമായി മനസ്സിലാക്കാം. അതായത് ശൂറ: 7-ാം സൂക്തത്തില്‍ പറഞ്ഞ  فَرِيقٌ فِي الْجَنَّةِ وَفَرِيقٌ فِي السَّعِيرِ (ഒരു വിഭാഗം സ്വര്‍ഗത്തില്‍, ഒരു വിഭാഗം നരകത്തില്‍) എന്നതിന്റെ വിശദീകരണം. മറ്റൊരുവിധം പറഞ്ഞാല്‍ സല്‍സല 7,8-ല്‍ സംഗ്രഹിച്ചു പറഞ്ഞതിന്റെ വിശദീകരണമാണ് ശൂറാ: 70 എന്നുസാരം.
2. സല്‍സല 7,8 സൂക്തങ്ങള്‍ പൊതുവാണ്. എങ്കിലും ഇതേപറ്റി നാലു വീക്ഷണങ്ങളുണ്ട്.
(1) മറ്റു സൂക്തങ്ങളില്‍നിന്ന് പ്രകടമായി മനസ്സിലാകുന്നതിനാല്‍ സൂക്തത്തിലെ ഒരു ലഘുവാചകം കളഞ്ഞിരിക്കുന്നു. അതിങ്ങനെയാണ്: 'ആരെങ്കിലും അണുത്തൂക്കം നന്മ ചെയ്താല്‍ അതവന്‍ കാണും (അത് നിഷ്ഫലമായില്ലെങ്കില്‍)' 'ആരെങ്കിലും അണുത്തൂക്കം തിന്മ ചെയ്താല്‍ അതവന്‍ കാണും (അത് പൊറുക്കപ്പെട്ടില്ലെങ്കില്‍)'
2. 'അതവന്‍ കാണും' എന്നതിലെ 'കാഴ്ച' പരലോകത്തു മാത്രം പരമിതമല്ല. സത്യനിഷേധി താന്‍ ചെയ്ത നന്മയുടെ പ്രതിഫലം ദുന്‍യാവിലും. സത്യവിശ്വാസി താന്‍ ചെയ്ത തിന്മയുടെ ശിക്ഷ ദുന്‍യാവിലും നന്മയുടെ പ്രതിഫലം പരലോകത്തും കാണും. മുഹമ്മദുബ്‌നു കഅ്ബുല്‍ ഖുറളീ, അനസ്, അബൂ അയ്യൂബ് എന്നിവരില്‍നിന്ന് സത്യനിഷേധിയെ പരാമര്‍ശിക്കാതെ സത്യവിശ്വാസിയെ സവിശേഷം പരാമര്‍ശിക്കുന്ന റിപ്പോര്‍ട്ട് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.
3. അല്ലാമാ ആലൂസി പറയുന്നു:  مَنْ (ആരെങ്കിലും) എന്ന പദം എല്ലാവരെയും ഉള്‍ക്കൊള്ളുന്നുണ്ട്. 'കാണുക' എന്നതിന്റെ വിവക്ഷ പരലോകത്ത് പ്രതിഫലം/ശിക്ഷ കാണുക എന്നാണ്. 'നന്മയാണെങ്കില്‍ അതവന്‍ കാണും' എന്നത് വാഗ്ദാനമാണ്. 'തിന്മയാണെങ്കില്‍ അതവന്‍ കാണും' എന്നത് താക്കീതാണ്. വാഗ്ദാനം ഔദാര്യവും ആദരവുമായാണ് നല്‍കപ്പെടുന്നത്. താക്കീത് അങ്ങനെയല്ല. തിന്മയുടെ കാര്യം അല്ലാഹു മറ്റു ഖുര്‍ആന്‍ സൂക്തങ്ങളുമായാണ് ബന്ധിപ്പിക്കുന്നത്. അതുപ്രകാരം തിന്മ (എ) സത്യനിഷേധമാണെങ്കില്‍ അത് പൊറുക്കപ്പെടില്ല (ബി) വന്‍പാപങ്ങള്‍ ചെയ്യാത്ത സത്യവിശ്വാസിയില്‍ നിന്നാണ് ചെറുപാപങ്ങള്‍ സംഭവിക്കുന്നതെങ്കില്‍ അത് പൊറുക്കപ്പെടും (സി) സത്യവിശ്വാസിയില്‍നിന്നുള്ള വന്‍പാപവും വന്‍പാപങ്ങള്‍ ഒഴിവാക്കാത്ത സത്യവിശ്വാസിയില്‍നിന്നുള്ള ചെറുപാപങ്ങളും അല്ലാഹുവിന്റെ ഇഛയ്ക്ക് വിധേയമായിരിക്കും. (ഡി) ആലൂസി പറയുന്നു: സത്യനിഷേധിയില്‍നിന്നുള്ള സത്യനിഷേധം ഒഴികെയുള്ള പാപങ്ങളും ഇതേവിധം അല്ലാഹുവിന്റെ ഇഛക്ക് വിധേയമായിരിക്കും. പൊറുക്കാം അഥവാ ശിക്ഷിക്കാം. അതേസമയം നന്മ ചെയ്ത സത്യനിഷേധിക്ക് നന്മകളെ മുന്‍നിര്‍ത്തി ശിക്ഷാലഘൂകരണം ലഭിക്കാം; സാധുവായ ഹദീസുകള്‍ അത് സ്ഥാപിക്കുന്നുണ്ട്.

ശിക്ഷാ ലഘൂകരണം ലഭിക്കില്ല എന്ന് സൂചിപ്പിക്കുന്ന സൂക്തങ്ങളെ എങ്ങനെ വ്യാഖ്യാനിക്കാം?
ഖുര്‍ആന്‍ സൂക്തങ്ങളില്‍ സത്യനിഷേധത്തിനു വിധിച്ച ശിക്ഷകളുടെ നിലവാരങ്ങള്‍ പലതാണ്. അവ ലഘൂകരിക്കപ്പെടില്ല. കുഫ്‌റൊഴികെയുള്ള പാപങ്ങളുടെ ശിക്ഷകള്‍ ലഘൂകരിക്കപ്പെടുന്നതിനെക്കുറിച്ചാണ് ഹദീസുകള്‍ സൂചിപ്പിക്കുന്നത്. അതുപോലെ സത്യനിഷേധികളുടെ കര്‍മങ്ങള്‍ നിഷ്ഫലമാണ് എന്നതിന്റെ വിവക്ഷ ആ കര്‍മങ്ങള്‍ നരകമോചനത്തിന് അവരെ സഹായിക്കുകയില്ല എന്നാണ്. അതിനെയാണ് മരീചികയെന്നും പൊടിപടലമെന്നും വിശേഷിപ്പിച്ചത്. ഈ വ്യാഖ്യാനം പണ്ഡിതന്മാര്‍ക്കിടയില്‍ ഏകാഭിപ്രായമുള്ള തത്വവുമായി യോജിക്കുന്നതാണ്. അതായത്, ഇടപാടുകളിലും വ്യവഹാരങ്ങളിലും കുറ്റകൃത്യങ്ങള്‍ക്കുള്ള ശിക്ഷകളിലുമെല്ലാം മുസ്‌ലിംകളെ പോലെ സത്യനിഷേധികളും അല്ലാഹുവാല്‍ അഭിസംബോധിതരാണ് എന്ന തത്വം. അതുകൊണ്ടുതന്നെ, കല്‍പനകല്‍ അനുസരിച്ചവര്‍ക്ക് പ്രതിഫലവും ധിക്കരിച്ചവര്‍ക്ക് ശിക്ഷയും ചുരുങ്ങിയത് ശിക്ഷാ ലഘൂകരണവും ലഭിക്കണം. ഇക്കാര്യമാണ് ശിഹാബുദ്ദീന്‍ ഖഫാജി വിശദീകരിച്ചത്.

ബഹുദൈവവിശ്വാസികള്‍ക്കു വേണ്ടി പാപമോചന പ്രാര്‍ഥന

ബഹുദൈവവിശ്വാസികള്‍ക്കുവേണ്ടിയുള്ള പാപമോചന പ്രാര്‍ഥന വിലക്കുന്ന ഖുര്‍ആന്‍ സൂക്തങ്ങള്‍, ബഹുദൈവവിശ്വാസം പൊറുക്കാനും സ്വര്‍ഗപ്രവേശനം നല്‍കാനുമുള്ള തരം പ്രാര്‍ഥനകളെയാണ് വിലക്കുന്നത്. ശിക്ഷാ ലഘൂകരണത്തിനു വേണ്ടിയുള്ള പ്രാര്‍ഥനയല്ല. തീര്‍ച്ചയായും അല്ലാഹു തന്നില്‍ പങ്കുചേര്‍ക്കപ്പെടുന്നത് പൊറുക്കുകയില്ല, അതൊഴികെയുള്ളവ അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് പൊറുത്തുകൊടുക്കുന്നു' എന്ന സൂക്തം ശിര്‍ക്ക് ഒഴികെയുള്ളവ പൊറുത്തുക കൊടുക്കുമെന്നാവാം സൂചിപ്പിക്കുന്നത്. 'അതൊഴികെയുള്ളവ അവന്‍ ഉദ്ദേശിക്കുന്നവര്‍ക്കു പൊറുത്തു കൊടുക്കുന്നു' (നിസാഅ്: 48) എന്ന സൂക്തഭാഗം ശ്രദ്ധിക്കുക. ഇതനുസരിച്ച് സത്യനിഷേധിയുടെ ശിര്‍ക്കൊഴികെയുള്ളവ പൊറുത്തുകൊടുക്കാന്‍ പ്രാര്‍ഥിക്കാം' ശാഫിഈ കര്‍മശാസ്ത്ര പണ്ഡിതന്‍ ശബ്‌റാമല്‍സി (ഹി. 997-1087) യുടേതാണ് ഈ വീക്ഷണം.
ربما تدل على مغفرة غير الشرك لعموم قوله تعالى (ويغفر ما دون ذلك لمن يشاء) [النساء: 48]، وذلك يدل على جواز الدعاء للكافر بمغفرة غير الشرك
അല്ലാമ ഖഫാജി എഴുതുന്നു: അല്ലാഹു ശിര്‍ക്ക് പൊറുക്കില്ല. അതൊഴികെയുള്ളവ അവന്‍ ചെയ്യുന്ന നന്മകളാല്‍ പൊറുക്കപ്പെടാം.
أن معنى الإحباط المجمع عليه أنها لا تنجيهم من العذاب المخلد كأعمال غيرهم، وهذا معنى كونه سراباً وهباء.
'പണ്ഡിതന്മാര്‍ക്കിടയില്‍ 'നിഷ്ഫലം' എന്നു ഏകാഭിപ്രായമുണ്ടെന്നു പറയുന്നത് സത്യനിഷേധികളുടെ നരകമോചനത്തിന് നന്മകള്‍ സഹായകമാവില്ല എന്ന അര്‍ഥത്തിലാണ്. ഇതേ പറ്റിയാണ് നിഷ്പ്രയോജനകരം എന്ന വിവക്ഷയില്‍ ഖുര്‍ആന്‍ മരീചിക, പൊടിപടലം എന്നു വിശേഷിപ്പിക്കുന്നത്. അതേസമയം സത്യവിശ്വാസികളുടെ കര്‍മങ്ങള്‍ നരക മോചനത്തിനു വഴിയൊരുക്കും'

ഇബ്‌റാഹീം നബി പിതാവിനുവേണ്ടി നടത്തിയ പാപമോചന പ്രാര്‍ഥന

ഇബ്‌റാഹീം നബി തന്റെ പിതാവിനുവേണ്ടി അല്ലാഹുവിനോട് നടത്തിയ പ്രാര്‍ഥന വ്യത്യസ്ത രീതികളില്‍ വിശകലന വിധേയമായിട്ടുണ്ട്. ഇമാം ഫഖ്‌റുദ്ദീന്‍ റാസി (മ.ഹി. 606) അവ സംക്ഷേപിച്ചെഴുതിയത് ഇങ്ങനെ. (1) അല്ലാഹുവില്‍ നിന്നുള്ള പ്രത്യേക നിര്‍ദേശം ഉണ്ടായിരുന്നുവെങ്കില്‍ മാത്രമേ പാപമോചന പ്രാര്‍ഥന പാടില്ലെന്ന് അദ്ദേഹത്തിന് അറിയാന്‍ കഴിയുമായിരുന്നുള്ളൂ. വിലക്കുള്ളതായി ഇബ്‌റാഹീം നബിക്ക് അറിയാമായിരുന്നില്ല. അതുകൊണ്ട് പ്രാര്‍ഥന അനുവദനീയമാണെന്നു അദ്ദേഹം മനസ്സിലാക്കി. (2) സ്വന്തം മാതാപിതാക്കളെയല്ല, ആദി മാതാപിതാക്കളായ ആദമിനെയും ഹവ്വയെയും ആവാം അദ്ദേഹം വിവക്ഷിച്ചത്. (3) മാതാപിതാക്കള്‍ ഇസ്‌ലാം സ്വീകരിച്ചാല്‍ പൊറുത്തു കൊടുക്കണം എന്നാവാം ഉദ്ദേശ്യം (4) ഇബ്‌റാഹീം നബിയുടെ മാതാവ് സത്യവിശ്വാസിനിയായിരുന്നു. അക്കാരണത്താല്‍ അദ്ദേഹം പ്രാര്‍ഥനയില്‍നിന്ന് പിതാവിനെ മാറ്റി നിര്‍ത്തി (തീര്‍ച്ചയായും അദ്ദേഹം -പിതാവ്- അല്ലാഹുവിന്റെ ശത്രുവാണെന്ന് വ്യക്തമായപ്പോള്‍ അദ്ദേഹം അതില്‍നിന്ന് ഒഴിഞ്ഞുമാറി - തൗബ: 114).
മേല്‍ വ്യാഖ്യാനങ്ങളെല്ലാം കൃത്രിമമാണെന്നാണ് എന്റെ പക്ഷം. ഇവ സംക്ഷേപിച്ച് മനസ്സിലാക്കിയാല്‍ രണ്ടു തലങ്ങളില്‍ ഊന്നിക്കൊണ്ട് വ്യാഖ്യാനിക്കാം.
1. ചില ഖുര്‍ആന്‍ സൂക്തങ്ങളും ഹദീസുകളും പൊതുവാണ്. മറ്റു ചിലവ സവിശേഷമാണ്. ഈ അടിസ്ഥാനത്തില്‍, ശിക്ഷാ ലഘൂകരണം സൂചിപ്പിക്കുന്ന ഹദീസുകള്‍ ചിലരെ മാത്രം ഉദ്ദേശിച്ചാണെന്നും അതു മറ്റുള്ളവര്‍ക്ക് ബാധകമല്ലെന്നും സത്യനിഷേധികളുടെ പ്രവര്‍ത്തനങ്ങള്‍ നിഷ്ഫലമാണെന്നത് പൊതു തത്ത്വമാണെന്നും ചില പണ്ഡിതന്മാര്‍ വ്യാഖ്യാനിക്കുന്നു.
2. ഈ വിഷയകമായ ആശയങ്ങളെ വേര്‍തിരിച്ചു മനസ്സിലാക്കണം. അങ്ങനെയാവുമ്പോള്‍ മൂന്നു ആശയതലങ്ങള്‍ നമുക്ക് നിര്‍ണയിക്കാന്‍ കഴിയും. 1) പ്രയോജനം 2) കര്‍മങ്ങള്‍ 3) സത്യനിഷേധം

പ്രയോജനം
സത്യനിഷേധിയുടെ സല്‍ക്കര്‍മങ്ങള്‍ക്ക് പ്രതീക്ഷിക്കാവുന്ന പ്രയോജനങ്ങള്‍ രണ്ടു തരമാണ്. (എ) നരകമോചനം. ഇതുപക്ഷെ ഖുര്‍ആന്‍ സൂക്തങ്ങള്‍ നിരാകരിക്കുന്നു. ശിക്ഷാ ലഘൂകരണം എന്ന പ്രയോജനം. ഇത് ഹദീസുകള്‍ സ്ഥിരീകരിക്കുന്നുണ്ട്. അബുല്‍ അബ്ബാസില്‍ ഖുര്‍ത്വുബി (ഹി. 656) ഇക്കാര്യം ഖണ്ഡിതമായി പറഞ്ഞതായി ഖുര്‍ആന്‍ വ്യാഖ്യാതാവ് അബൂ അബ്ദില്ലാഹില്‍ ഖുര്‍ത്വുബി (ഹി. 671) എഴുതുന്നു:
إن الكفار يتفاوتون في الآخرة، فمن كانت له منهم حسنات من عتق ومواساة مسلم ليس كمن ليس له شيء من ذلك، “فيحتمل أن يُجازى بتخفيف العذاب عنه بمقدار ما عمل؛ لقوله تعالى ونضع الموازين القسط ليوم القيامة فلا تظلم نفس شيئا.
'സത്യനിഷേധികള്‍ വ്യത്യസ്ത നിലവാരത്തിലായിരിക്കും. അടിമത്തമോചനം, മുസ് ലിംകള്‍ക്ക് സമാശ്വാസം പോലുള്ള നന്മകള്‍ ചെയ്ത സത്യനിഷേധികള്‍ അത്തരം നന്മകള്‍ ഇല്ലാത്തവരെ പോലെയല്ല. അത്തരക്കാര്‍ക്ക് അവരുടെ പ്രവര്‍ത്തനത്തിന്റെ തോതനുസരിച്ച് ശിക്ഷാ ലഘൂകരണം നല്‍കപ്പെടാന്‍ സാധ്യതയുണ്ട്.
وتضع الموازين القسط ليوم القيامة فلا تظلم نفس شيئا
'അന്ത്യനാളിനുവേണ്ടി നാം (അല്ലാഹു) നീതിയുടെ ത്രാസുകള്‍ സ്ഥാപിക്കുന്നതാണ്. ആയതിനാല്‍ ഒരു ആത്മാവും ഒട്ടും അനീതി ചെയ്യപ്പെടുകയില്ല തന്നെ' എന്ന സൂക്തം അതാണ് സൂചിപ്പിക്കുന്നത്.

സത്യനിഷേധികളുടെ ശിക്ഷകളുടെ നിലവാരങ്ങള്‍ വ്യത്യസ്തമായിരിക്കും എന്നുള്ള ദുര്‍ബലമായ ഹദീസ് ഉദ്ധരിച്ച ശേഷം ഇബ്‌നു ഹജറില്‍ അസ്ഖലാനി (ക്രി. വ. 1372-1448) എഴുതുന്നു:
وعلى تقدير ثبوته فيحتمل أن يكون التخفيف فيما يتعلق بعذاب معاصيه بخلاف عذاب الكفر.
'ഈ ഹദീസ് സ്ഥാപിതമാണ് എന്നു വരികില്‍ സത്യനിഷേധമൊഴികെയുള്ള പാപങ്ങളുടെ ശിക്ഷയില്‍ ഇളവുണ്ടാകാന്‍ സാധ്യതയുണ്ട്.

കര്‍മങ്ങള്‍

കര്‍മങ്ങള്‍ എന്നതിന്റെ വിവക്ഷയില്‍ പലതരം കര്‍മങ്ങള്‍ വരും. അവ വേര്‍തിരിച്ചറിയണം. കര്‍മങ്ങള്‍ എന്ന ആശയം മനസ്സിലാക്കാന്‍ ഖുര്‍ആനെ ബാഹ്യമായി വിലയിരുത്തിയാല്‍ പോരാ, അവയുടെ സന്ദര്‍ഭവും സാഹചര്യവും വിലയിരുത്തി മനസ്സിലാക്കണം. എങ്കിലും കര്‍മങ്ങളെ, സത്യവിശ്വാസം ഉപാധിയായത്, സ്വന്തം നിലയില്‍ തന്നെ നന്മ ആയതിനാല്‍ സത്യവിശ്വാസം ഉപാധി അല്ലാത്തത് എന്നിങ്ങനെ രണ്ടായി തരം തിരിക്കാം.

സത്യനിഷേധം
സത്യനിഷേധം എന്നതും ഏക നിലവാരത്തിലുള്ള നിലപാടോ മനോഭാവമോ അല്ല. വ്യത്യസ്തമാണ്. ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യ പറഞ്ഞതുപോലെ, സത്യനിഷേധം ലഘു, കഠിനം എന്നിങ്ങനെ രണ്ടു തരമുണ്ട്. എല്ലാവരും സമമല്ല. ഈ നിര്‍ണയം കര്‍മങ്ങളുമായി ബന്ധപ്പെടുത്തി വേണം നടത്താന്‍. 

വിവ: അബ്ദുല്ലത്വീഫ് കൊടുവള്ളി

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top