മര്‍ഹൂം ടി.കെ. അബ്ദുല്ല സാഹിബ്
ടി.കെ സാഹിബിന്റെ നിര്യാണം ഇന്ത്യയിലെ മുസ്‌ലിം സമൂഹത്തിന് പൊതുവായും ഇസ്‌ലാമിക പ്രസ്ഥാനത്തിന് പ്രത്യേകിച്ചും കനത്ത ആഘാതമാണ് വരുത്തിയത്. ഏഴര പതിറ്റാണ്ടുകാലം ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ മുന്‍നിരയില്‍നിന്ന് നയിച്ച പ്രതിഭാശാലിയായിരുന്നു അദ്ദേഹം. മൗലാനാ മൗദൂദിയുടെ ചിന്തകളില്‍ ആകൃഷ്ടനായ ടി.കെ, മൗദൂദിയെ ഇരുപതാം നൂറ്റാണ്ടിന്റെ 'മുജദ്ദിദാ'യി മനസ്സിലാക്കി. ഇസ്‌ലാമിന്റെ കാമ്പ് കണ്ടെത്തിയ നവോത്ഥാന നായകനായി മൗദൂദിയെ വിലയിരുത്തി. ദൈവം സവിശേഷമായി അനുഗ്രഹിച്ച് നല്‍കിയ വാഗ്‌ധോരണിയും തൂലികാ വിലാസവും ടി.കെ സാഹിബ് ഇസ്‌ലാമിക പ്രബോധനത്തിനായി ഉഴിഞ്ഞുവെച്ചു. അനിസ്‌ലാമിക ചിന്തകളോടും പ്രത്യയശാസ്ത്രങ്ങളോടും ഏറ്റുമുട്ടുന്നതും അവയെ നിലംപരിശാക്കുന്നതും അദ്ദേഹത്തിന് ഹരവും ജീവിത ദൗത്യവുമായിരുന്നു.
മൗദൂദി ചിന്തകള്‍ക്ക് ഒരു നൂറ്റാണ്ട് പ്രായമായപ്പോള്‍ ലോകരംഗത്തും മനുഷ്യരാശിയിലും ഇസ്‌ലാമിക സമൂഹത്തിലും സംഭവിച്ച മാറ്റങ്ങള്‍ ചിന്താരംഗത്ത് പല സങ്കീര്‍ണതകളും സൃഷ്ടിക്കുകയുണ്ടായി. മൗദൂദി ചിന്തകളെ കാലാനുസൃതമായി വികസിപ്പിക്കേണ്ടതുണ്ടെന്നും ഇന്ത്യപോലുള്ള ഒരു ബഹുസ്വര സമൂഹത്തില്‍ അവ അതേപടി പിന്തുടരുന്നത് മൗദൂദിയുടെ തന്നെ നിലപാടുകള്‍ക്ക് വിരുദ്ധമാണെന്നും പ്രസ്ഥാന നേതൃത്വത്തിലുള്ള പലരും ചിന്തിക്കാന്‍ തുടങ്ങി. ടി.കെ സാഹിബ് ഇതിന്റെ മുന്‍പന്തിയിലുണ്ടായിരുന്നു. കാലഘട്ടം ഒരു പുതിയ മൗദൂദിയെ താല്‍പര്യപ്പെടുന്നു എന്നദ്ദേഹം വാദിക്കാറുണ്ടായിരുന്നു. ഇന്ത്യയിലെ പാര്‍ലമെന്ററി സമ്പ്രദായത്തോട് ചേര്‍ന്ന് നില്‍ക്കാനും രാഷ്ട്രീയ രംഗത്ത് കൂടുതല്‍ സക്രിയമായി ഇടപെടാനും അദ്ദേഹം ശക്തിയായി ആവശ്യപ്പെട്ടു. ഈ കാഴ്ചപ്പാടുകള്‍ക്ക് അനുകൂലമായി സംഭവിച്ച ജമാഅത്ത് ഭരണഘടനാ ഭേദഗതികളും നയമാറ്റങ്ങളും പരേതന്റെ പരിശ്രമങ്ങളുടെ അംഗീകാരം കൂടിയായിരുന്നു.
മൗദൂദി ചിന്തയുടെ ആണിക്കല്ലായ 'ഹാകിമിയ്യത്ത്' പുതിയ തലമുറ വേണ്ടവിധം പഠിച്ചിട്ടില്ലെന്ന് അദ്ദേഹത്തിന് പരാതിയുണ്ടായിരുന്നു. മാസങ്ങള്‍ നീണ്ടുനില്‍ക്കുന്ന പ്രഭാഷണങ്ങളും സംവാദങ്ങളും ഇവ്വിഷയകമായി 'ദഅ്‌വാ' കോളേജിലെ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി ടി.കെ നടത്തിയിട്ടുണ്ട്. അതിന്നായി എത്രസമയം വിനിയോഗിക്കാനും അദ്ദേഹം സന്നദ്ധനായിരുന്നു. ദൈവിക ദര്‍ശനത്തിന് സമ്പൂര്‍ണമായി വഴങ്ങുന്ന ഒരു കാലഘട്ടത്തിന്റെ സൃഷ്ടിപ്പാണ് മനുഷ്യ ജീവിതത്തിന്റെ ലക്ഷ്യമെന്നും പ്രസ്തുത ജീവിത ലക്ഷ്യം ഇന്നല്ലെങ്കില്‍ നാളെ സംഭവിക്കുമെന്നും തനിക്കത് കാണാന്‍ സാധിച്ചേക്കില്ലെങ്കിലും ഭാവിതലമുറ അത് അനുഭവിക്കുക തന്നെ ചെയ്യുമെന്നും ടി.കെ അടിയുറച്ച് വിശ്വസിച്ചു. ഈ സ്വപ്നം വളരുന്ന തലമുറകള്‍ക്കദ്ദേഹം പലകുറി പകര്‍ന്നുകൊടുത്തു.
ഇത്തിഹാദുല്‍ ഉലമാ കേരളയെ സംബന്ധിച്ചേടത്തോളം ടി.കെയുടെ നിര്യാണം തീരാനഷ്ടമാണ്. സംഘടനയുടെ മൂലക്കല്ലുകളില്‍ ഒരാളായ അദ്ദേഹം ഇത്തിഹാദിന്റെ മുഖ്യ ഉപദേഷ്ടാവും എക്‌സിക്യൂട്ടീവ് കമ്മറ്റിയില്‍ സ്ഥിരം സാന്നിധ്യവുമായിരുന്നു. സംഘടനയെ സജീവമായി നിലനിര്‍ത്താനും കര്‍മനിരതമാക്കുവാനും അദ്ദേഹം നിതാന്ത ജാഗ്രത കാണിച്ചു. സമകാലീന സമൂഹത്തില്‍ നിരന്തരം പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്ന ചിന്താ വ്യതിയാനങ്ങള്‍ സൂക്ഷ്മമായി പഠിക്കാനും ഇസ്‌ലാമിന്റെ ഭൂമികയില്‍ നിന്നുകൊണ്ട് അവയെ പ്രതിരോധിക്കാനും അദ്ദേഹത്തിന്റെ ഇടപെടലുകള്‍ അനല്‍പമായ പങ്ക് വഹിച്ചിട്ടുണ്ട്. ഹദീസ് നിഷേധം, ഖുര്‍ആന്‍ ദുർവ്യാഖ്യാനം, നിരീശ്വര നിര്‍മത ചിന്തകളുടെ വേലിയേറ്റം, സർവമത സത്യവാദം തുടങ്ങിയ വികല ചിന്തകളെ സധീരം നേരിടാനുള്ള കരുത്ത് യുവാക്കള്‍ക്ക് പകരാന്‍ ടി.കെ മരണം വരെയും മുന്‍നിരയിലുണ്ടായിരുന്നു.
വരാനിരിക്കുന്ന ലോകം ഇസ്‌ലാമിന്റേതാണെന്ന് ടി.കെ അടിയുറച്ചു വിശ്വസിച്ചു. ഇസ്‌ലാമിന്റെ മുന്നേറ്റങ്ങള്‍ക്ക് അടിവരയിടുന്നതും പ്രവാചകന്റെ പ്രവചനങ്ങളായി എണ്ണുന്നതുമായ കാര്യങ്ങളെയും അദ്ദേഹം ബാഹ്യാര്‍ഥത്തില്‍ തന്നെ ഉള്‍ക്കൊണ്ടു. മഹ്ദിയുടെ വരവും ഈസാനബിയുടെ പുനരാഗമനവുമെല്ലാം ടി.കെയുടെ ഇഷ്ടവിഷയങ്ങളായിരുന്നു. ഖിയാമത്തിന്റെ അടയാളങ്ങളായി പറഞ്ഞ കാര്യങ്ങളും അതിനുമുമ്പ് സംഭവിക്കുന്ന 'സുവാര്‍ത്ത'കളും (മുബശ്ശിറാത്ത്) അന്യഥാ വ്യാഖ്യാനിക്കുന്നത് അദ്ദേഹത്തിന് സ്വീകാര്യമായിരുന്നില്ല.
സമുദായത്തില്‍ പണ്ഡിതന്മാരുടെ സാന്നിധ്യം കുറഞ്ഞുകൊണ്ടേവരുന്നതില്‍ ടി.കെ അങ്ങേയറ്റം അസ്വസ്ഥനായിരുന്നു. എന്ത് വിലകൊടുത്തും പ്രതിഭാശാലികളായ കുട്ടികളെ കണ്ടെത്തി മതവിജ്ഞാനരംഗത്തേക്ക് ആകര്‍ഷിക്കുകയും സമൂഹത്തിന്റെ നേതൃനിരയിലേക്ക് അവരെ സന്നിവേശിപ്പിക്കുകയും ചെയ്യണമെന്ന് അദ്ദേഹം പറയുമായിരുന്നു. പുരാതന ക്ലാസിക്കല്‍ ഗ്രന്ഥങ്ങള്‍ പുതുതലമുറയെ പഠിപ്പിക്കണമെന്നും അവ സിലബസ്സില്‍ ഉള്‍പ്പെടുത്തണമെന്നും അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. യുവതലമുറ വായനയിലും പഠനത്തിലും വിമുഖത കാണിക്കരുതെന്നും അദ്ദേഹം അവരെ ഉപദേശിച്ചു.
ദാറുല്‍ ഉലൂം വാഴക്കാട്, മദീനത്തുല്‍ ഉലൂം പുളിക്കല്‍, ആലിയ അറബിക്കോളേജ് കാസര്‍കോട്, ദാറുസ്സലാം ഉമറാബാദ് എന്നിവിടങ്ങളിലെല്ലാം വിജ്ഞാന സമ്പാദനാര്‍ഥം ടി.കെ സാഹിബ് അധ്യയനം നടത്തിയിട്ടുണ്ട്. അന്നത്തെ അസ്ഥിരവും വൈരുധ്യപൂര്‍ണവുമായ സാമൂഹികാന്തരീക്ഷത്തില്‍ എവിടെയും അധികകാലം പൂര്‍ത്തിയാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. ആ പ്രതിഭാധനനെ തൃപ്തിപ്പെടുത്തുന്ന വിദ്യാഭ്യാസ രീതിയായിരുന്നില്ല അവിടെയൊന്നും. അതിനിടയിലാണ് മൗലാനാ മൗദൂദിയുടെ ചിന്തകളുമായി ഹാജി സാഹിബ് കേരളത്തിന്റെ മതമണ്ഡലങ്ങളില്‍ പ്രകമ്പനം സൃഷ്ടിച്ചത്. ടി.കെ സാഹിബിന്റെ വിപ്ലവ മനസ്സിനെ അത് ഹഠാദാകര്‍ഷിച്ചു. തുടര്‍ന്നദ്ദേഹം പ്രസ്ഥാനത്തിന്റെ നേതൃത്രയങ്ങളില്‍ -ഹാജിസാഹിബ്, കെ.സി അബ്ദുല്ല മൗലവി, ടി.കെ- ഒരാളായി മാറി.
ടി.കെ അധികമൊന്നും എഴുതിയിട്ടില്ല. അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ തന്നെ എഴുത്തിന് തുല്യമാണ്. വാമൊഴി പോലെ വരമൊഴിയെന്നും വരമൊഴി പോലെ വാമൊഴിയെന്നും പറയാം. മുമ്പെന്നോ താഴെവെച്ച തൂലിക അവസാന കാലത്ത് മാത്രമാണ് അദ്ദേഹം പൊടിതട്ടിയെടുത്തത്. എങ്കിലും അദ്ദേഹത്തിന്റെ രചനകള്‍ അനുപമമായിരുന്നു; വായനക്കാരെ ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതും.
ബഹുമാന്യനായ ടി.കെ നമ്മോട് വിടപറഞ്ഞു. മുഖത്തൊരു പുഞ്ചിരി ബാക്കിവെച്ചുകൊണ്ട്. സർവശക്തന്‍ അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ! ജന്നാത്തുല്‍ ഫിര്‍ദൗസില്‍ ഇടം നല്‍കട്ടെ! ആമീന്‍.