'ദീനെ ഇബ്‌റാഹീമി'; ലോക പണ്ഡിത വേദികളുടെ നിലപാട്‌

‌‌
img

അല്‍ ഇത്തിഹാദുല്‍ ആലമി ലി ഉലമാഇല്‍ മുസ്‌ലിമീന്‍, റാബിത്വത്തു ഉലമാഇല്‍ മുസ്‌ലിമീന്‍, റാബിത്വത്തുല്‍ മഗ്‌രിബി അല്‍ അറബി എന്നീ പണ്ഡിത വേദികള്‍ ഇബ്‌റാഹീമി മതത്തെക്കുറിച്ച് നല്‍കിയ ഫത്‌വയാണ് ചുവടെ:

1. ഖുര്‍ആന്‍ അത്യാദരപൂർവം വിശദമായി പരാമര്‍ശിച്ചിട്ടുള്ള നബിയാണ് ഇബ്‌റാഹീം. അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും മക്കളുടെയും പേരുകളില്‍ ഏതാനും അധ്യായങ്ങള്‍ തന്നെയുണ്ട് ഖുര്‍ആനില്‍. അദ്ദേഹം ഉള്‍പ്പെടെയുള്ള എല്ലാ നബിമാരുടെയും സന്മാര്‍ഗപാത പിന്‍പറ്റുവാന്‍ ഖുര്‍ആന്‍ ആഹ്വാനം നല്‍കുന്നുണ്ട്.
أُولَٰئِكَ الَّذِينَ هَدَى اللَّهُۖ فَبِهُدَاهُمُ اقْتَدِهْۗ قُل لَّا أَسْأَلُكُمْ عَلَيْهِ أَجْرًاۖ إِنْ هُوَ إِلَّا ذِكْرَىٰ لِلْعَالَمِينَ ﴿٩٠﴾
'അവരെ (83-89 സൂക്തങ്ങളില്‍ പരാമൃഷ്ടരായ നബിമാര്‍)യാണ് അല്ലാഹു നേർവഴിയിലാക്കിയിട്ടുള്ളത്. അതിനാല്‍ അവരുടെ നേര്‍മാര്‍ഗത്തെ നീ പിന്തുടര്‍ന്നുകൊള്ളുക. (നബിയേ) പറയുക: ഇതിന്റെ പേരില്‍ യാതൊരു പ്രതിഫലവും ഞാന്‍ നിങ്ങളോട് ആവശ്യപ്പെടുന്നില്ല. ഇത് ലോകര്‍ക്കു വേണ്ടിയുള്ള ഒരു ഉദ്‌ബോധനമല്ലാതെ മറ്റൊന്നുമല്ല.'' (അന്‍ആം: 90).
അതുകൊണ്ടുതന്നെ, ഇബ്‌റാഹീം നബിയെ പിന്‍പറ്റാന്‍ ഏറ്റവും അര്‍ഹരും ബാധ്യസ്ഥരും മുസ്‌ലിംകളാണ്.
إِنَّ أَوْلَى النَّاسِ بِإِبْرَاهِيمَ لَلَّذِينَ اتَّبَعُوهُ وَهَٰذَا النَّبِيُّ وَالَّذِينَ آمَنُواۗ وَاللَّهُ وَلِيُّ الْمُؤْمِنِينَ ﴿٦٨﴾
'തീര്‍ച്ചയായും ജനങ്ങളില്‍ ഇബ്‌റാഹീമിനോട് കൂടുതല്‍ അടുപ്പമുള്ളവര്‍ അദ്ദേഹത്തെ പിന്തുടര്‍ന്നവരും, ഈ പ്രവാചകനും (അദ്ദേഹത്തില്‍) വിശ്വസിച്ചവരുമാകുന്നു. അല്ലാഹു സത്യവിശ്വാസികളുടെ രക്ഷാധികാരിയാകുന്നു.' (ആലുഇംറാന്‍: 68).

2. മാനവിക സഹകരണം, നീതിയിലും സ്വാതന്ത്ര്യത്തിലും അധിഷ്ഠിതമായ സഹജീവിതം, മതങ്ങളെയോ പ്രവാചകന്മാരെയോ അപമാനിക്കാതിരിക്കുക, സമൂഹങ്ങളുടെ നിര്‍മിതിക്കാവശ്യമായ മാനുഷിക സംവാദം മുതലായ വിഷയങ്ങളില്‍ മുസ്‌ലിം പണ്ഡിതന്മാര്‍ എപ്പോഴും ക്രിയാത്മക നിലപാട് തന്നെയാണ് സ്വീകരിച്ചു വന്നിട്ടുള്ളത്. അതേസമയം, ഇസ്‌ലാമിനെ ഭേദഗതി ചെയ്യാനും നബിമാരെ വികൃതമായി അവതരിപ്പിക്കാനുമുള്ള ശ്രമങ്ങള്‍ക്കെതിരെ അവര്‍ ഒറ്റക്കെട്ടായി നിലയുറപ്പിച്ചുപോന്നിട്ടുമുണ്ട്. ഇതാണ് മുസ്‌ലിംകളുടെ ദീന്‍, നിലപാട്.
قُلْ إِنَّنِي هَدَانِي رَبِّي إِلَىٰ صِرَاطٍ مُّسْتَقِيمٍ دِينًا قِيَمًا مِّلَّةَ إِبْرَاهِيمَ حَنِيفًاۚ وَمَا كَانَ مِنَ الْمُشْرِكِينَ ﴿١٦١﴾
'പറയുക, തീര്‍ച്ചയായും എന്റെ രക്ഷിതാവ് എന്നെ നേരായ പാതയിലേക്ക് നയിച്ചിരിക്കുന്നു. വക്രതയില്ലാത്ത മതത്തിലേക്ക്. നേര്‍മാര്‍ഗത്തില്‍ നിലകൊണ്ട ഇബ്‌റാഹീമിന്റെ ആദര്‍ശത്തിലേക്ക്. അദ്ദേഹം ബഹുദൈവ വാദികളില്‍ പെട്ടവനായിരുന്നില്ല.' (അന്‍ആം: 161).

3. ഇസ്‌ലാമും ഇതര ആദര്‍ശങ്ങളും സമന്വയിപ്പിച്ചു കൊണ്ടുണ്ടാക്കിയ കൃത്രിമ നിര്‍മിതിയാണ് ഇബ്‌റാഹീമി മതത്തിന്റെ അടിസ്ഥാനം.
ഇത് ഒരു മിഥ്യാ ചിന്ത മാത്രമാണ്. കാരണം, ഇസ്‌ലാമിന്റെ അടിസ്ഥാനവും മൗലികാശയവും അല്ലാഹുവിന്റെ ഏകത്വവും ഇബാദത്തുകള്‍ക്കര്‍ഹന്‍ അല്ലാഹു മാത്രമാണെന്ന തികഞ്ഞ ബോധ്യവും വിശ്വാസവുമാണ്. ഇസ്‌ലാമൊഴികെയുള്ള വിശ്വാസങ്ങളില്‍ ബഹുദൈവവിശ്വാസവും അതിന്റെ വിവിധ രീതികളും പലയളവില്‍ കടന്നുകൂടിയിരിക്കുന്നു. ഏകദൈവവിശ്വാസവും ബഹുദൈവവിശ്വാസവും വിരുദ്ധാശയങ്ങളാണ്, അവ ഒരിക്കലും ഒത്തുപോവുകയില്ല.

ഇബ്‌റാഹീം നബി ഒരേസമയം യഹൂദിയും ക്രൈസ്തവനും മുസ്‌ലിമും ആയിരുന്നു, അഥവാ ഇബ്‌റാഹീം നബി മൂന്ന് മതങ്ങളുടെയും പൊതു വ്യക്തിത്വമാണെന്ന വാദം മിഥ്യയാണ്, തെറ്റായ വിശ്വാസമാണ്.
مَا كَانَ إِبْرَاهِيمُ يَهُودِيًّا وَلَا نَصْرَانِيًّا وَلَٰكِن كَانَ حَنِيفًا مُّسْلِمًا وَمَا كَانَ مِنَ الْمُشْرِكِينَ ﴿٦٧﴾
'ഇബ്‌റാഹീം യഹൂദിയോ ക്രൈസ്തവനോ ആയിരുന്നില്ല. എന്നാല്‍ അദ്ദേഹം ശുദ്ധ മനസ്ഥിതിക്കാരനും (അല്ലാഹുവിന്) കീഴ്‌പ്പെട്ടവനും ആയിരുന്നു. അദ്ദേഹം ബഹുദൈവാരാധകരില്‍ പെട്ടവനായിരുന്നിട്ടുമില്ല.' (ആലുഇംറാന്‍: 67).

4. രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കുവേണ്ടി പുതുതായി നിര്‍മിതമായ ഇബ്‌റാഹീമി മതത്തിന്റെ രൂപവും ഉള്ളടക്കവും മുസ്‌ലിംകളെ സംബന്ധിച്ചേടത്തോളം സ്വീകാര്യമല്ല. മുസ്‌ലിം സമുദായം ഇരുപതാം നൂറ്റാണ്ടിന്റെ എഴുപതുകള്‍ മുതല്‍ ആരുടെ മുമ്പിലും രാഷ്ട്രീയമായി കീഴൊതുങ്ങാന്‍ സമ്മതിച്ചിട്ടില്ല. മതപരമായി സമരസപ്പെടാനോ ആദര്‍ശത്തില്‍ ഭേദഗതി വരുത്താനോ കൂട്ടാക്കിയിട്ടില്ല.

أَفَغَيْرَ دِينِ اللَّهِ يَبْغُونَ 'അല്ലാഹുവിന്റെ മതമല്ലാത്ത മറ്റുവല്ല മതവുമാണോ അവര്‍ ആഗ്രഹിക്കുന്നത്?' (ആലുഇംറാന്‍: 83).
5. പുത്തന്‍ മതത്തിന്റെ ആവിഷ്‌കര്‍ത്താക്കളായ ഇസ്‌ലാമിന്റെ ശത്രുക്കള്‍ക്ക് വഴങ്ങുന്നവരും പ്രസ്തുത മതം സ്വീകരിക്കുന്നവരും പൂർവശരീഅത്തുകളെ മുഴുവന്‍ ദുര്‍ബലപ്പെടുത്തിയ അന്തിമ ഇസ്‌ലാമിക മില്ലത്തില്‍നിന്നു പുറത്താണ്. വ്യക്തമായ ഈ കുഫ്‌റില്‍ അകപ്പെട്ടവര്‍ വിജയിക്കുകയേ ഇല്ല.
يَا أَيُّهَا الَّذِينَ آمَنُوا إِن تُطِيعُوا فَرِيقًا مِّنَ الَّذِينَ أُوتُوا الْكِتَابَ يَرُدُّوكُم بَعْدَ إِيمَانِكُمْ كَافِرِينَ ﴿١٠٠﴾
'സത്യവിശ്വാസികളേ, വേദഗ്രന്ഥം നല്‍കപ്പെട്ടവരില്‍ ഒരു വിഭാഗത്തെ നിങ്ങള്‍ അനുസരിക്കുന്ന പക്ഷം നിങ്ങള്‍ വിശ്വാസം സ്വീകരിച്ചതിനു ശേഷം അവര്‍ നിങ്ങളെ അവിശ്വാസികളായി മാറ്റിയേക്കും' (ആലുഇംറാന്‍: 100).

6. സമാധാനം തകര്‍ക്കാന്‍ ശ്രമിക്കുന്നത് യഹൂദികള്‍ തന്നെയാണ് എന്ന് മുസ്‌ലിംകള്‍ ഗ്രഹിച്ചിരിക്കണം. 2020 ജൂണ്‍ 28-ന് അവരുടെ പ്രധാനമന്ത്രി 'ഇസ്രായേലിനു വേണ്ടി ഐക്യപ്പെടുന്ന ക്രൈസ്തവര്‍' എന്ന വേദിയുടെ ഒരു സമ്മേളനത്തില്‍ പ്രഖ്യാപിച്ചത് പുതിയ വഴി തുറക്കുന്നു എന്നാണ്.

അമേരിക്കന്‍ വിദേശകാര്യമന്ത്രി 2020 ജനുവരിയില്‍ കോണ്‍ഗ്രസില്‍ പറഞ്ഞത്, തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള ഏറ്റവും നല്ല പരിഹാരം, സമാധാനപൂർവമായ സഹവര്‍തിത്വവും ഭിന്നതയുടെ കാരണങ്ങള്‍ അവസാനിപ്പിച്ച് ഇരുവിഭാഗങ്ങളും ലയിച്ചു ചേരുകയുമാണ് എന്നത്രെ.

ഇതേക്കുറിച്ച് ഇസ്‌ലാമിന്റെ നിലപാട് വ്യക്തമാണ്.
وَدَّ كَثِيرٌ مِّنْ أَهْلِ الْكِتَابِ لَوْ يَرُدُّونَكُم مِّن بَعْدِ إِيمَانِكُمْ كُفَّارًا حَسَدًا مِّنْ عِندِ أَنفُسِهِم مِّن بَعْدِ مَا تَبَيَّنَ لَهُمُ الْحَقُّۖ
'നിങ്ങള്‍ സത്യവിശ്വാസം സ്വീകരിച്ച ശേഷം നിങ്ങളെ അവിശ്വാസികളാക്കി മാറ്റിയെടുക്കാനാണ് വേദക്കാരില്‍ മിക്കവരും ആഗ്രഹിക്കുന്നത്. സത്യം വ്യക്തമായി ബോധ്യപ്പെട്ടിട്ടും സ്വാര്‍ഥപരമായ അസൂയ നിമിത്തമാണ്' (അവരാ നിലപാട് സ്വീകരിക്കുന്നത്) (ബഖറ 109).
7. മുസ്‌ലിം നാടുകളിലെ ഭരണകൂടങ്ങള്‍, തങ്ങളുടെ നാടുകളിലെ ജനങ്ങളുടെ ആദര്‍ശത്തിനു നേരെ തുറന്ന ശത്രുത പ്രഖ്യാപിക്കുന്ന ഇബ്‌റാഹീമി മതം എന്ന പുത്തന്‍ മതത്തെ പിന്തുണക്കാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്ന് പണ്ഡിതന്മാര്‍ ഓര്‍മപ്പെടുത്തുന്നു. ഈ ജാഗ്രത ഇല്ലാതായാല്‍ ഗവണ്‍മെന്റുകള്‍ ജനങ്ങള്‍ക്ക് നല്‍കിയ ആത്മവിശ്വാസം നഷ്ടപ്പെടാനിടയാകും, മുസ്‌ലിംകള്‍ക്കിടയില്‍ ഭിന്നതകളും കുഴപ്പങ്ങളും ഉടലെടുക്കും, മുസ്‌ലിം സമുദായം ദുര്‍ബലമാകും, ശത്രുക്കള്‍ക്ക് അവസരമാവും.
وَمَنْ أَظْلَمُ مِمَّنِ افْتَرَىٰ عَلَى اللَّهِ الْكَذِبَ وَهُوَ يُدْعَىٰ إِلَى الْإِسْلَامِۚ وَاللَّهُ لَا يَهْدِي الْقَوْمَ الظَّالِمِينَ ﴿٧﴾ يُرِيدُونَ لِيُطْفِئُوا نُورَ اللَّهِ بِأَفْوَاهِهِمْ وَاللَّهُ مُتِمُّ نُورِهِ وَلَوْ كَرِهَ الْكَافِرُونَ ﴿٨﴾ هُوَ الَّذِي أَرْسَلَ رَسُولَهُ بِالْهُدَىٰ وَدِينِ الْحَقِّ لِيُظْهِرَهُ عَلَى الدِّينِ كُلِّهِ وَلَوْ كَرِهَ الْمُشْرِكُونَ ﴿٩﴾
'താന്‍ ഇസ്‌ലാമിലേക്ക് ക്ഷണിക്കപ്പെടുമ്പോള്‍ അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമച്ചവനേക്കാള്‍ വലിയ അക്രമി ആരുണ്ട്? അല്ലാഹു അക്രമികളായ ജനങ്ങളെ നേർവഴിയിലാക്കുകയില്ല. അവര്‍ അവരുടെ വായ് കൊണ്ട് അല്ലാഹുവിന്റെ പ്രകാശം കെടുത്തിക്കളയാനാണ് ഉദ്ദേശിക്കുന്നത്. സത്യനിഷേധികള്‍ക്ക് അനിഷ്ടകരമായാലും അല്ലാഹു അവന്റെ പ്രകാശം പൂര്‍ത്തിയാക്കുന്നവനാകുന്നു. സന്മാര്‍ഗവും സത്യമതവുംകൊണ്ട് - എല്ലാ മതങ്ങള്‍ക്കും മീതെ അതിനെ വിജയിപ്പിക്കുവാനായി തന്റെ ദൂതനെ നിയോഗിച്ചവനാകുന്നു അവന്‍. ബഹുദൈവാരാധകര്‍ക്ക് (അത്) അനിഷ്ടകരമായാലും ശരി' (സ്വഫ്ഫ് 7-9).
8. ഇസ്‌ലാമിക ലോകത്തെ വിദ്യാഭ്യാസ മന്ത്രാലയങ്ങളുടെ ഉത്തരവാദപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ ഇസ്‌ലാമിക പാഠ്യപദ്ധതിയെ അലങ്കോലമാക്കരുത്. ഖുര്‍ആനും സുന്നത്തും അവലംബമാക്കിയും ഇസ്‌ലാമികാദര്‍ശത്തിന്റെയും ശരീഅത്തിന്റെയും അടിസ്ഥാനങ്ങള്‍ ബലപ്പെടുത്തിയും തലമുറകളെ വ്യതിചലനങ്ങളില്‍നിന്നും ആദര്‍ശപരവും ധൈഷണികവുമായ സംശയാശങ്കകളില്‍നിന്നും സംരക്ഷിക്കുകയും അവര്‍ തങ്ങളുടെ ഉത്തരവാദിത്വം നിർവഹിക്കാന്‍ തയാറാവുകയും വേണം. യുവാക്കളെ നേർവഴിക്ക് നടത്തേുന്ന ഉത്തരവാദിത്വം നിങ്ങളുടെ ചുമലിലാണ്. അന്ത്യനാളില്‍ അതേപ്പറ്റി നിങ്ങള്‍ ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും.
يَا أَيُّهَا الَّذِينَ آمَنُوا لَا تَخُونُوا اللَّهَ وَالرَّسُولَ وَتَخُونُوا أَمَانَاتِكُمْ وَأَنتُمْ تَعْلَمُونَ ﴿٢٧﴾
'സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവോടും റസൂലിനോടും വഞ്ചന കാണിക്കരുത്. നിങ്ങള്‍ വിശ്വസിച്ചേല്‍പ്പിക്കപ്പെട്ട കാര്യങ്ങളില്‍ അറിഞ്ഞുകൊണ്ട് വഞ്ചന കാണിക്കുകയും ചെയ്യരുത്' (അന്‍ഫാല്‍ 27).
9. മുസ്‌ലിം പണ്ഡിതന്മാരും വിദ്യാര്‍ഥികളും പ്രബോധകരും ചിന്തകന്മാരും എഴുത്തുകാരും ദീനിന്റെ വിഷയത്തില്‍ തങ്ങളുടെ ഉത്തരവാദിത്വങ്ങള്‍ നിർവഹിക്കാന്‍ മുന്നോട്ടു വരണമെന്ന് പണ്ഡിതവേദി അഭ്യര്‍ഥിക്കുകയാണ്. ഇസ്‌ലാമിനെ ഭേദഗതി ചെയ്യാനുള്ള ശ്രമങ്ങളെ പ്രതിരോധിക്കുവാനും, ഈ വിപത്തിനെക്കുറിച്ച് സമുദായത്തെ ബോധവല്‍ക്കരിക്കുവാനും ലേഖനങ്ങളും പുസ്തകങ്ങളും പ്രസിദ്ധീകരിക്കുവാനും സമ്മേളനങ്ങളും പ്രഭാഷണപരിപാടികളും സംഘടിപ്പിക്കുവാനും തൗഹീദും ശിര്‍ക്കും വ്യവഛേദിച്ച് മനസ്സിലാക്കിക്കൊടുക്കുവാനും ഈ മിഥ്യാ വിശ്വാസത്തെ വ്യാഖ്യാനിച്ചോ നിര്‍ബന്ധിച്ചോ സ്വീകാര്യയോഗ്യമാക്കേണ്ടതില്ലെന്നും പണ്ഡിതവേദി സമുദായത്തെ ഉണര്‍ത്തുന്നു.

 وَالْفِتْنَةُ أَشَدُّ مِنَ الْقَتْلِۚ 'കുഴപ്പം വധത്തേക്കാള്‍ കഠിനമാണ്' (ബഖറ: 191).
وَقُلِ الْحَقُّ مِن رَّبِّكُمْۖ فَمَن شَاءَ فَلْيُؤْمِن وَمَن شَاءَ فَلْيَكْفُرْۚ
'താങ്കള്‍ പറയുക: നിങ്ങളുടെ നാഥനില്‍നിന്നുള്ളതാണ് പരമസത്യം. ആയതിനാല്‍, ഇഷ്ടമുള്ളവന്‍ വിശ്വസിക്കട്ടെ. ഇഷ്ടമുള്ളവന്‍ അവിശ്വസിക്കട്ടെ' (കഹ്ഫ് 29).
ഇസ്‌ലാമിനെ സഹായിക്കുന്നവരെ അല്ലാഹു സഹായിക്കട്ടെ, ഇസ്‌ലാമിന്റെ പ്രതാപത്താല്‍ അവന്‍ തന്റെ മുസ്‌ലിംകളായ അടിമകളെ പ്രതാപികളാക്കട്ടെ..... ആമീന്‍.  
ഹി: 9.7.1442/ക്രി.വ. 21/2/2021

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top