ഖുര്‍ആനില്‍ എപ്പോഴും പിന്നില്‍ മാത്രം കര്‍ത്താവായി വരുന്ന 'മരണം'
ഡോ. സ്വലാഹ് അബ്ദുല്‍ ഫത്താഹ് ഖാലിദി
ഖുര്‍ആന്‍ പാരായണ മധ്യെ മനസ്സിലുടക്കുന്ന ഒരു ഖുര്‍ആനിക പ്രയോഗത്തെക്കുറിച്ചാണ് താഴെ പരാമര്‍ശിക്കുന്നത്. ഖുര്‍ആനില്‍ الموت (മരണം) എന്ന പദം എപ്പോഴും സാധാരണ പ്രയോഗത്തില്‍നിന്ന് വ്യത്യസ്തമായി വാചകത്തിന്റെ ഒടുവിലാണ് فاعل (കര്‍ത്താവ്) ആയി വരുന്നത്. فاعل(കര്‍ത്താവ്) مفعول (കര്‍മം)നു മുമ്പായി വാക്യത്തില്‍ വരിക എന്നതാണ് പൊതുരീതി).
ഖുര്‍ആനില്‍ الموت (മരണം) കര്‍ത്താവായി ചില ഉദാഹരണങ്ങള്‍:
1. أَمْ كُنتُمْ شُهَدَاءَ إِذْ حَضَرَ يَعْقُوبَ الْمَوْتُ
'യഅ്ഖൂബിന് മരണം ആസന്നമായ സന്ദര്‍ഭത്തില്‍ നിങ്ങള്‍ അവിടെ സന്നിഹിതരായിരുന്നുവോ? (ബഖറ: 133).
2. كُتِبَ عَلَيْكُمْ إِذَا حَضَرَ أَحَدَكُمُ الْمَوْتُ
'നിങ്ങളില്‍ ആര്‍ക്കെങ്കിലും മരണം ആസന്നമാവുമ്പോള്‍ .....നിങ്ങള്‍ നിര്‍ബന്ധമായി കല്‍പ്പിക്കപ്പെട്ടിരിക്കുന്നു' (ബഖറ: 180).
3. حَتَّىٰ إِذَا حَضَرَ أَحَدَهُمُ الْمَوْتُ قَالَ إِنِّي تُبْتُ الْآنَ
'..... എന്നിട്ട് മരണം ആസന്നമാകുമ്പോള്‍ ഞാനിതാ പശ്ചത്തപിച്ചിരിക്കുന്നു' (എന്നു പറയുന്നവര്‍ക്കുമുള്ളതല്ല തൗബ) (നിസാഅ്: 18).
4. حَتَّىٰ إِذَا جَاءَ أَحَدَكُمُ الْمَوْتُ تَوَفَّتْهُ رُسُلُنَا
'........ അങ്ങനെ അവരില്‍ ഒരാള്‍ക്ക് മരണം വന്നെത്തുമ്പോള്‍ നമ്മുടെ ദൂതന്മാര്‍ അവനെ പൂര്‍ണമായി ഏറ്റെടുക്കുന്നു'
5. حَتَّىٰ إِذَا جَاءَ أَحَدَهُمُ الْمَوْتُ قَالَ رَبِّ ارْجِعُونِ
'...... അങ്ങനെ അവരില്‍ ഒരാള്‍ക്ക് മരണം വന്നെത്തുമ്പോള്‍ അവന്‍ പറയും: എന്റെ രക്ഷിതാവേ, ഞാന്‍ ഉപേക്ഷ വരുത്തിയിട്ടുള്ള കാര്യത്തില്‍ എനിക്ക് നല്ല നിലയില്‍ പ്രവര്‍ത്തിക്കുവാന്‍ കഴിയത്തക്കവിധം എന്നെ (ജീവിതത്തിലേക്ക്) തിരിച്ചയക്കേണമേ' (മുഅ്മിനൂന്‍: 99)
6. وَأَنفِقُوا مِن مَّا رَزَقْنَاكُم مِّن قَبْلِ أَن يَأْتِيَ أَحَدَكُمُ الْمَوْتُ
'നാം നിങ്ങള്‍ക്ക് നല്‍കിയതില്‍നിന്ന് നിങ്ങള്‍ക്ക് മരണം വന്നെത്തുന്നതിനു മുമ്പായി നിങ്ങള്‍ ചെലവഴിക്കുക' (മുനാഫിഖൂന്‍ 10).
7. أَيْنَمَا تَكُونُوا يُدْرِككُّمُ الْمَوْتُ وَلَوْ كُنتُمْ فِي بُرُوجٍ مُّشَيَّدَةٍۗ
'നിങ്ങള്‍ എവിടെയായിരുന്നാലും മരണം നിങ്ങളെ പിടികൂടുന്നതാണ്; നിങ്ങള്‍ ഭദ്രമായി കെട്ടി ഉയര്‍ത്തപ്പെട്ട കോട്ടകള്‍ക്കുള്ളിലാണെങ്കില്‍ പോലും' (അന്നിസാഅ്: 78).
8. قُلْ إِنَّ الْمَوْتَ الَّذِي تَفِرُّونَ مِنْهُ فَإِنَّهُ مُلَاقِيكُمْۖ
'(നബിയേ) പറയുക: തീര്‍ച്ചയായും ഏതൊരു മരണത്തില്‍നിന്ന് നിങ്ങള്‍ ഓടി അകലുന്നുവോ തീര്‍ച്ചയായും അത് നിങ്ങളുമായി കണ്ടുമുട്ടുന്നതാണ്.' (ജുമുഅ: 8).
മുകളിലെ എട്ടു സൂക്തങ്ങളും നിരീക്ഷിക്കുമ്പോള്‍ അവയില്‍ ചില കൗതുകങ്ങള്‍ കാണാവുന്നതാണ്.
1. മേല്‍ സൂക്തങ്ങളിലെല്ലാം ക്രിയകളുടെ കര്‍ത്താവായാണ് الموت (മരണം) വന്നിരിക്കുന്നത്.
2. അവയിലെല്ലാം കര്‍മങ്ങളുടെ ശേഷമാണ് കര്‍ത്താവ് (فاعل) വന്നിരിക്കുന്നത്.
3. മരിച്ചയാളാണ് എല്ലാ സൂക്തങ്ങളിലും കര്‍മം അഥവാ مفعول.
ഈ നിരീക്ഷണങ്ങള്‍ മുന്‍നിര്‍ത്തി മൂന്നു നിഗമനങ്ങളില്‍ നമുക്ക് എത്തിച്ചേരാന്‍ കഴിയും.
മരണം കര്‍ത്താവായി വരുന്നത് എന്തുകൊണ്ട്?
1. ഐഹിക ജീവിതത്തില്‍ ആയുസ്സറുതി എത്തിയ ആള്‍ക്ക് സംഭവിക്കുന്നതാണ് മരണം. അതിനാല്‍ തന്നെ സൂക്തങ്ങളിലെ ഹാജറായി, വന്നു (مجيئ ، إتيان ، حضور) എന്നീ ക്രിയകളുടെ കര്‍ത്താവായി الموت (മരണം) വന്നത് സ്വാഭാവികമാണ്. മരണം എന്ന പ്രക്രിയയില്‍ സാധാരണ ഗതിയില്‍ മരിക്കുന്നയാളല്ലല്ലോ കര്‍ത്താവ്. തന്റെ ഇഛയോ ആഗ്രഹമോ തെരഞ്ഞെടുപ്പോ പോലെയല്ലല്ലോ മരണം സംഭവിക്കുന്നത്. അങ്ങനെയാണെങ്കിലല്ലെ മരിക്കുന്നയാള്‍ മരണം എന്ന പ്രക്രിയയില്‍ കര്‍ത്താവാകുന്നത്.
2. കര്‍മത്തെ -മരിക്കുന്നയാളെ- ആദ്യം പറഞ്ഞതും കര്‍ത്താവായ മരണത്തെ ഒടുവില്‍ പറഞ്ഞതും മനുഷ്യര്‍ മരണത്തെ താല്‍പര്യപ്പെടുകയോ ആഗ്രഹിക്കുകയോ ചെയ്യുന്നില്ല എന്നതിനാലാവണം.
3. ഇത് നമ്മെ 'മാനസികമായ ഒരു യുക്തിയിലേക്ക് നയിക്കുന്നു. അതായത്, മനുഷ്യന്‍ മരണം വൈകണമെന്ന് ആഗ്രഹിക്കുന്നു. എന്നല്ല ജീവിതം ആസ്വദിക്കേണ്ടതിനാല്‍ അത് ഒരിക്കലും വരരുതെന്ന് അവന്‍ വ്യാമോഹിക്കുന്നു, ഇനി വരികയാണെങ്കില്‍ തന്നെ അത് വൈകുകയെങ്കിലും ചെയ്യട്ടെ എന്ന് അവന്‍ ആഗ്രഹിക്കുന്നു.
الموت (മരണം) എന്ന കര്‍ത്താവ് ഒടുവില്‍ വന്നതിന്റെ 'മാനസിക'മായ യുക്തി സാധുവും സന്തുലിതവുമായ മനഃശാസ്ത്രവിശകലനത്തിന്റെ അംഗീകൃത വസ്തുതകളുടെ സഹായത്തോടെയെ മനസ്സിലാക്കാന്‍ കഴിയുകയുള്ളൂ. ഖുര്‍ആന്‍ സൂക്തങ്ങളുടെ പുതിയ മാനങ്ങള്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആധുനിക ശാസ്ത്രങ്ങളെയും വിജ്ഞാനങ്ങളെയും ഉപജീവിച്ച് വ്യാഖ്യാന സാധ്യതകള്‍ വികസിപ്പിക്കുക എന്ന ഗണത്തിലാണ് ഇത് വരിക.
അതുപോലെ ശ്രദ്ധേയമായ മറ്റൊരു വശമാണ് മനുഷ്യന്റെ ചിന്താബോധങ്ങളുടെ പിന്നിലാണ് മരണം എന്ന കാര്യം. മനുഷ്യന്റെ മാനസിക താല്‍പര്യം പരിഗണിച്ചുകൊണ്ട് മരണമെന്ന കര്‍ത്താവിനെ വാചകത്തില്‍ ഒടുവിലായാണ് വിന്യസിച്ചിരിക്കുന്നത്.
മരണം മനുഷ്യനെ തേടി വരികയാണ് ചെയ്യുന്നത്; മനുഷ്യന്‍ മരണത്തെ തേടി അങ്ങോട്ടു ചെല്ലുകയല്ല. ഈ ആശയവും ദീക്ഷിച്ചിരിക്കുന്നു എന്നുവേണം കരുതാന്‍. 'മരണം ഹാജറായി' 'മരണം വന്നു' എന്നീ മരണത്തെ കര്‍ത്താവാക്കി കൊണ്ടുള്ള പ്രയോഗങ്ങള്‍ അതിന്റെ സൂചനയാണ്. അല്ലാഹു അഅ്‌ലം!
ഹദിയ്യ കൈക്കൂലിയാവുമ്പോള്‍
ഖുര്‍ആനില്‍ ഹദിയ്യഃ (പാരിതോഷികം) എന്ന പദം രണ്ടു തവണയാണ് വന്നിരിക്കുന്നത്. രണ്ടും ഒരേ അധ്യായത്തില്‍ ഒരേ കഥ വിവരിക്കുന്നേടത്ത്. നംല് അധ്യായത്തില്‍ സുലൈമാന്‍ നബിയുടെ ചരിത്രം വിവരിക്കുന്നേടത്ത് സബഇലെ രാജ്ഞിയുമായി ബന്ധപ്പെട്ടാണ് ഹദിയ്യ ചര്‍ച്ചയാവുന്നത്.
സഞ്ചാരിയായ മരക്കൊത്തി സബഅ് രാജ്യം കണ്ടെത്തി. അവിടത്തുകാര്‍ അല്ലാഹുവിനു പുറമെ സൂര്യനെ ആരാധിക്കുന്നത് കണ്ട് അത് അത്ഭുതപ്പെട്ടു. സുലൈമാന്‍ നബി ഇസ്‌ലാമിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള തന്റെ ഒരു കത്ത് സബഇലെ രാജ്ഞിക്ക് എത്തിച്ചുകൊടുക്കാന്‍ മരം കൊത്തിയെ ചുമതലപ്പെടുത്തി. കത്തു കണ്ട രാജ്ഞി ഭയന്നു. അവര്‍ തന്റെ ദര്‍ബാറിലെ ഉത്തരവാദപ്പെട്ടവരെ വിവരം അറിയിച്ചു. രാജ്ഞിതന്നെ തീരുമാനമെടുക്കണം എന്ന് അവര്‍ ബോധിപ്പിച്ചു.
രാജ്ഞി സുലൈമാന്‍ നബിയുടെ കത്തിനും ക്ഷണത്തിനും മറുപടിയായി അത്ഭുതകരമായ ഒരു ആയുധം ഉപയോഗിച്ചു. അല്ലാഹു പറയുന്നു:
وَإِنِّي مُرْسِلَةٌ إِلَيْهِم بِهَدِيَّةٍ فَنَاظِرَةٌ بِمَ يَرْجِعُ الْمُرْسَلُونَ ﴿٣٥﴾ فَلَمَّا جَاءَ سُلَيْمَانَ قَالَ أَتُمِدُّونَنِ بِمَالٍ فَمَا آتَانِيَ اللَّهُ خَيْرٌ مِّمَّا آتَاكُم بَلْ أَنتُم بِهَدِيَّتِكُمْ تَفْرَحُونَ ﴿٣٦﴾ ارْجِعْ إِلَيْهِمْ فَلَنَأْتِيَنَّهُم بِجُنُودٍ لَّا قِبَلَ لَهُم بِهَا وَلَنُخْرِجَنَّهُم مِّنْهَا أَذِلَّةً وَهُمْ صَاغِرُونَ ﴿٣٧﴾
'ഞാന്‍ -സബഇലെ രാജ്ഞി- അവര്‍ക്ക് ഒരു പാരിതോഷികം കൊടുത്തയച്ചിട്ട് എന്തൊരു വിവരവും കൊണ്ടാണ് ദൂതന്മാര്‍ മടങ്ങിവരുന്നതെന്ന് നോക്കാന്‍ പോകുകയാണ്. അങ്ങനെ അവന്‍ -ദൂതന്‍- സുലൈമാന്റെ അടുത്ത് ചെന്നപ്പോള്‍ അദ്ദേഹം പറഞ്ഞു: 'നിങ്ങള്‍ എന്നെ സമ്പത്ത് തന്ന് സഹായിക്കുകയാണോ? എന്നാല്‍ എനിക്ക് അല്ലാഹു നല്‍കിയിട്ടുള്ളതാണ് നിങ്ങള്‍ക്കവന്‍ നല്‍കിയിട്ടുള്ളതിനേക്കാള്‍ ഉത്തമം. പക്ഷെ, നിങ്ങള്‍ നിങ്ങളുടെ പാരിതോഷികം കൊണ്ട് സന്തോഷം കൊള്ളുകയാകുന്നു. നീ അവരുടെ അടുത്തേക്ക് തന്നെ മടങ്ങിച്ചെല്ലുക. തീര്‍ച്ചയായും അവര്‍ക്ക് നേരിടുവാന്‍ കഴിയാത്ത സൈന്യങ്ങളെയും കൊണ്ട് നാം അവരുടെ അടുത്ത് ചെല്ലുകയും നിന്ദ്യരും അപമാനിതരുമായ നിലയില്‍ അവരെ നാം അവിടെനിന്ന് പുറത്താക്കുകയും ചെയ്യുന്നതാണ്. (നംല് 35-37).
ഈ സൂക്തങ്ങളില്‍നിന്ന് ചില ആശയങ്ങള്‍ നമുക്ക് വായിച്ചെടുക്കാം:
1. ഖുര്‍ആനില്‍ ഹദിയ്യ എന്ന പദം വിമര്‍ശന രംഗത്താണ് വന്നിരിക്കുന്നത്. അതിനര്‍ഥം ഹദിയ്യ എപ്പോഴും അധിക്ഷിപ്തമാണെന്നതല്ല. കൈക്കൂലിയാകുമ്പോഴാണ് ആക്ഷേപകരമാവുന്നത്. അല്ലാഹുവിന്റെ പ്രീതികാംക്ഷിക്കുന്ന പക്ഷം അത് സ്തുത്യര്‍ഹമായിരിക്കും. അത് പ്രോത്സാഹിപ്പിച്ചുകൊണ്ട് ധാരാളം ഹദീസുകള്‍ വന്നിട്ടുള്ളതാണല്ലോ.
2. ഖുര്‍ആനില്‍ 'ഹദിയ്യ' എന്ന പദം 'കൈക്കൂലി' എന്ന അര്‍ഥത്തിലാണ് വന്നിരിക്കുന്നത്.
3. സബഇലെ രാജ്ഞിയാണ് ആദ്യമായി സാങ്കേതിക പദങ്ങളെ ദുരുപയോഗിച്ചത്. അവര്‍ കൈക്കൂലിക്ക് 'ഹദിയ്യ' എന്ന പദം പ്രയോഗിച്ചു. പിന്നീട് വ്യാജപദങ്ങളുടെ പ്രയോക്താക്കള്‍ കൈക്കൂലിക്ക് 'ഹദിയ്യ' എന്ന പേര് ഉപയോഗിച്ചു. എത്രയെത്ര പേരാണ് ഭരണാധികാരികള്‍ക്കും ഉദ്യോഗസ്ഥന്മാര്‍ക്കും ഹദിയ്യ എന്ന പേരില്‍ കൈക്കൂലി നല്‍കി വരുന്നത്.
4. സമര്‍ഥനും ബുദ്ധിമാനുമായ സുലൈമാന്‍ നബി കൈക്കൂലിയെയും സാമ്പത്തിക പ്രീണനത്തെയും മറികടന്നു. നമ്മുടെ ഭരണാധികാരികളും ഉദ്യോഗസ്ഥരും സുലൈമാന്‍ നബിയെ മാതൃകയാക്കണമെന്ന് നാം ആവശ്യപ്പെടുന്നു.