ശൈഖ് ഹസന്‍ അയ്യൂബ് ; വിജ്ഞാനത്തിന് മണ്ണിന്റെ മണം നല്‍കിയ പണ്ഡിത ശ്രേഷ്ഠന്‍
പി.കെ. ജമാൽ
ഇരുപതാം നൂറ്റാണ്ടിലെ നവോത്ഥാന നായകന്മാരെ വാര്‍ത്തെടുക്കുന്നതില്‍ ദത്ത ശ്രദ്ധനായ പണ്ഡിതവര്യന്‍ ആരെന്ന ചോദ്യത്തിന് ലഭിക്കുന്ന മറുപടി ഒന്നേയുള്ളൂ- ശൈഖ് ഹസന്‍ അയ്യൂബ്. ഹമാസ് പ്രസിഡന്റ് ഖാലിദ് മിശ്അല്‍, ഹമാസ് നേതാവ് മുഹമ്മദ് നിസാല്‍, പ്രസിദ്ധ പണ്ഡിതനും പ്രഭാഷകനുമായ ശൈഖ് അഹ്‌മദുല്‍ ഖത്ത്വാന്‍, ഡോ. അസാം അത്തമീമി, ശൈഖ് അഹ്‌മദ് സാമി അബൂലബന്‍ (ഡെന്മാര്‍ക്ക്) എന്നിവര്‍ ശൈഖ് ഹസന്‍ അയ്യൂബിന്റെ ആയിരക്കണക്കില്‍ ശിഷ്യഗണങ്ങളില്‍ ചിലര്‍ മാത്രമാണ്. ചിന്തകനും ഗ്രന്ഥകാരനും സാമൂഹിക പരിഷ്‌കര്‍ത്താവുമായി അറബ് ലോകത്ത് നിറഞ്ഞുനിന്ന ശൈഖ് ഹസന്‍ അയ്യൂബ് 'ഇഖ് വാനുല്‍ മുസ്‌ലിമൂന്‍' പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാക്കളുടെ മുന്‍നിരയില്‍ സ്ഥാനമുള്ള പണ്ഡിത വ്യക്തിത്വമാണ്. ഇസ്‌ലാമിക വിജ്ഞാനീയങ്ങളെ ലളിതവും സുഗ്രാഹ്യവുമായി ആവിഷ്‌കരിക്കുകയും നിരവധി ഗ്രന്ഥങ്ങളിലൂടെ ലളിതമായി അവതരിപ്പിക്കുകയും ചെയ്ത ശൈഖ് ഹസന്‍ അയ്യൂബിന്റെ ശിഷ്യത്വം ബഹുമതിയായി ആഘോഷിച്ച നിരവധി പ്രതിഭാധന്മാര്‍ ഈ നൂറ്റാണ്ടിലും കഴിഞ്ഞ നൂറ്റാണ്ടിലും ഇസ്‌ലാമിന് അര്‍പ്പിച്ച സേവനങ്ങള്‍ നിസ്തുലമാണ്.
1918-ല്‍ ഈജിപ്തിലെ മനൂഫിയ ജില്ലയില്‍ ഫിഷാ ഗ്രാമത്തില്‍ ജനിച്ച ഹസന്‍ അയ്യൂബ് അസ്ഹര്‍ യൂനിവേഴ്‌സിറ്റിയില്‍നിന്ന് പഠനം പൂര്‍ത്തിയാക്കി. ഉസ്വൂലുദ്ദീന്‍ ഫാക്കല്‍റ്റിയില്‍നിന്ന് ബിരുദമെടുത്ത ഹസന്‍ അയ്യൂബ് വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചു. ഔഖാഫ് മന്ത്രാലയത്തില്‍ വിവിധ പദവികള്‍ വഹിച്ച ശൈഖ് ഹസന്‍ പിന്നീട് കുവൈത്തിലേക്ക് പോവുകയും പ്രബോധന പ്രവര്‍ത്തനങ്ങളിലും ഗ്രന്ഥരചനയിലും ഏര്‍പ്പെടുകയും ചെയ്തു. കുവൈത്തിലെ ദീര്‍ഘകാല സേവന പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം സുഊദി അറേബ്യയിലേക്ക് പോയ അദ്ദേഹം ജാമിഅത്തുല്‍ മലിക് അബ്ദില്‍ അസീസില്‍ ഇസ്‌ലാമിക വിദ്യാഭ്യാസത്തില്‍ പ്രഫസറായി നിയമിതനായി. തുടര്‍ന്ന് മക്കയില്‍ ഇസ്‌ലാമിക പ്രബോധക ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രഫസറായും സേവനമനുഷ്ഠിച്ചു.
ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ പ്രസ്ഥാനവുമായി ബന്ധപ്പെട്ടതിന്റെ പേരില്‍ ഈജിപ്ഷ്യന്‍ പ്രസിഡന്റ് ജമാല്‍ അബ്ദുന്നാസിറിന്റെ ഭരണകാലത്ത് അഞ്ചു വര്‍ഷം ജയില്‍വാസം അനുഭവിച്ചു. നാനാതരം പീഡനങ്ങള്‍ക്കും മര്‍ദനങ്ങള്‍ക്കും വിധേയരായ ഇഖ്‌വാന്‍ നേതാക്കളില്‍ ഒരാളാണ് ശൈഖ് ഹസന്‍ അയ്യൂബ്. പല ഘട്ടങ്ങളിലായി ഇരുപത് വര്‍ഷം കല്‍തുറുങ്കില്‍ കഴിച്ചുകൂട്ടേണ്ടിവന്നു.
ലജ്‌നത്തു സകാത്തില്‍ ഉസ്മാന്‍
കുവൈത്തില്‍ ചെലവഴിച്ച വര്‍ഷങ്ങളില്‍ നാനാതരം മനുഷ്യ സേവന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. അറബ് ലോകത്ത് ആദ്യത്തേതും ഏറ്റവും പ്രശസ്തവുമായ കുവൈത്തിലെ ലജ്‌നത്തു സകാത്തില്‍ ഉസ്മാന്‍ ചാരിറ്റി സൊസൈറ്റിയുടെ സ്ഥാപകനാണെന്നത് മാത്രം മതി ശൈഖ് ഹസന്‍ അയ്യൂബിന്റെ ദീര്‍ഘ ദര്‍ശിത്വവും പ്രബോധന പ്രവര്‍ത്തനങ്ങളിലെ ഉള്‍ക്കാഴ്ചയും വിലയിരുത്താന്‍ പില്‍ക്കാലത്ത് കുവൈത്തില്‍ ഉദയം കൊണ്ട സർവ ചാരിറ്റി സൊസൈറ്റികളും -ലിജാനുല്‍ ഖൈരിയ്യ- ഹവല്ലി മസ്ജിദു ഉസ്മാന്‍ കേന്ദ്രമായി തുടങ്ങിയ ലജ്‌നത്തു സകാത്തില്‍ ഉസ്മാനോട് കടപ്പെട്ടിരിക്കുന്നു.
ചെറുപ്പന്നേ ഇഖ്‌വാന്‍ പ്രസ്ഥാനത്തില്‍ ആകൃഷ്ടനായ ഹസന്‍ അയ്യൂബ് ഈജിപ്തിലും കുവൈത്തിലും സുഊദി അറേബ്യയിലും സംഘടനക്ക് വേരുകളുണ്ടാക്കി. സർവ മേഖലകളിലും സ്വാധീനമുണ്ടാക്കി.
ആയിരത്തില്‍ പരം കാസറ്റുകളിലും വീഡിയോകളിലും പകര്‍ത്തിയ ശൈഖിന്റെ പ്രസംഗങ്ങളും ക്ലാസ്സുകളും സഹസ്ര കണക്കില്‍ ശ്രോതാക്കളെ ആകര്‍ഷിക്കുകയും അവര്‍ക്ക് കൃത്യമായ ദിശാബോധം നല്‍കുകയും ചെയ്തു. ഇടതുപക്ഷ ചിന്താഗതിയില്‍ നിലകൊണ്ട കുവൈത്തിലെ അഹ്‌മദുല്‍ ഖത്ത്വാനെ ഇസ്‌ലാമിക പാതയിലേക്ക് കൊണ്ടുവന്നത് ശൈഖ് ഹസന്‍ അയ്യൂബാണ്. തന്റെ ജീവിത കഥാകഥനത്തില്‍ ശൈഖ് അഹ്‌മദുല്‍ ഖത്ത്വാന്‍ ഈ വസ്തുത അനുസ്മരിക്കുന്നുണ്ട്. ശൈഖ് ഹസന്‍ അയ്യൂബിന്റെ ഗ്രന്ഥങ്ങളും ക്ലാസ്സുകളുമാണ് ഒരുകാലത്ത് കമ്യൂണിസത്തില്‍ ആകൃഷ്ടനായ തന്നെ ഇസ്‌ലാമിക ചിന്തയിലേക്കും പ്രബോധന പ്രവര്‍ത്തനങ്ങളിലേക്കും തിരിച്ചുകൊണ്ടുവന്നതെന്ന് ശൈഖ് അഹ്‌മദുല്‍ ഖത്ത്വാന്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
ഗ്രന്ഥരചനാ രംഗത്ത് വിലപ്പെട്ട സംഭാവനകളാണ് ശൈഖ് ഹസന്‍ അയ്യൂബ് കാഴ്ചവെച്ചത്. ഫിഖ്ഹുല്‍ ഇബാദാത്ത്, അസ്സുല്വൂകില്‍ ഇജ്തിമാഈ ഫില്‍ ഇസ്‌ലാം, തബ്‌സീത്തുല്‍ അഖാഇദില്‍ ഇസ്‌ലാമിയ്യ, അല്‍ ജിഹാദു വല്‍ ഫിദാഇയ്യത്തു ഫില്‍ ഇസ്‌ലാം, രിഹ്‌ലത്തുല്‍ ഖുലൂദ്, അല്‍ മൗസൂഅത്തുല്‍ ഇസ്‌ലാമിയ്യത്തുല്‍ മുയാസ്സറ, ഫിഖ്ഹുല്‍ ഉസ്‌റത്തില്‍ മുസ്‌ലിമ, ഫിഖ്ഹുല്‍ മുആമലാത്തില്‍ മാലിയ്യ ഫില്‍ ഇസ്‌ലാം തുടങ്ങി നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവായ ശൈഖ് ഹസന്‍ അയ്യൂബിനെ പലരും ഓര്‍ക്കുക അദ്ദേഹത്തിന്റെ മാസ്റ്റര്‍ പീസായി ഗണിക്കാവുന്ന 'അസ്സുലൂകുല്‍ ഇജ്തിമാഈ ഫില്‍ ഇസ്‌ലാം' എന്ന വിശിഷ്ട ഗ്രന്ഥത്തിന്റെ പേരിലായിരിക്കും.
513 പുറങ്ങളുള്ള ഈ മഹദ് ഗ്രന്ഥത്തെക്കുറിച്ച് മുഖവുരയില്‍ ശൈഖ് ഹസന്‍ അയ്യൂബ് എഴുതുന്നു: ''എന്റെ ഈ ഗ്രന്ഥം- അസ്സുലൂകുല്‍ ഇജ്തിമാഈ ഫില്‍ ഇസ്‌ലാം- എല്ലാ മുസ്‌ലിം സഹോദരന്മാര്‍ക്കും സഹോദരികള്‍ക്കുമായി ഞാന്‍ സമര്‍പ്പിക്കുകയാണ്. ഇസ്‌ലാമിന്റെ അടിസ്ഥാനാശയങ്ങളെക്കുറിച്ച് വ്യക്തമായ അറിവും അവബോധവും ഉണ്ടാക്കാന്‍ ഈ ഗ്രന്ഥം ഉതകുമെന്നാണ് എന്റെ പ്രതീക്ഷ. ഈ ഗ്രന്ഥത്തില്‍ ഉടനീളം ഞാന്‍ സ്വീകരിച്ച രീതി പരിശുദ്ധ ഖുര്‍ആനിനെയും നബി(സ)യുടെ സുന്നത്തിനെയും ആസ്പദമാക്കി വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയും അവതരിപ്പിക്കുകയും ചെയ്യുക എന്നതാണെന്ന് വായനക്കാരന് ബോധ്യപ്പെടും. ചുരുക്കം ചില സന്ദര്‍ഭങ്ങളില്‍ പണ്ഡിതന്മാരുടെ ഭിന്നാഭിപ്രായങ്ങളും രേഖപ്പെടുത്തിയതായി കാണാം. അത്, പക്ഷേ വൈജ്ഞാനിക സൂക്ഷ്മതയോടും സത്യസന്ധതയോടും നീതിപുലര്‍ത്തണമെന്ന നിര്‍ബന്ധത്താലാണ്.
ഓരോ വിഷയത്തിലുമുള്ള കര്‍മശാസ്ത്ര വിധികളും വ്യക്തമാക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. സാമൂഹിക പെരുമാറ്റ മര്യാദകളെക്കുറിച്ച് ഉള്‍ക്കാഴ്ചയും പരിജ്ഞാനവും വായനക്കാരന് വേണമെന്ന വിശ്വാസമാണ് അതിന്റെ പിന്നില്‍. എന്താണ് ഇസ്‌ലാമിക ജീവിതത്തില്‍ നിര്‍ബന്ധം, അഭികാമ്യം, അഭിലഷണീയം, നിഷിദ്ധം, അനഭിലഷണീയം, നിരോധിതം (വാജിബ്, മുസ്തഹബ്ബ്, ഹറാം, മക്‌റൂഹ്) എന്ന് പഠിതാവിന് വ്യക്തമായ ധാരണയും ബോധവും ആവശ്യമാണെന്ന് ഞാന്‍ കരുതുന്നു.
സാമൂഹിക-സംസര്‍ഗ മര്യാദകളും ചിട്ടകളും ചട്ടങ്ങളും വിശാലമായ ഒരു തലമാണ്. അതിന് നിരവധി ശാഖോപശാഖകളുണ്ട്. ഒരു മുസ്‌ലിം വ്യക്തിക്ക് തന്റെ കുടുംബത്തോടും ബന്ധുജനങ്ങളോടും കൂടപ്പിറപ്പുകളോടും അയല്‍വാസികളോടും പരിചാരകരോടും പ്രത്യേക ബന്ധങ്ങളുണ്ടാവും. അത് അയാളുടെ വ്യക്തിനിഷ്ഠ സവിശേഷ ബന്ധങ്ങളാണ്. അയാള്‍ക്ക് തന്നെ പൊതുവായ ബന്ധങ്ങളും ഉണ്ടാവും. ഒരു വ്യക്തിക്ക് ബഹുജനങ്ങളോടും മുസ്‌ലിം ജനസാമാന്യത്തോടും അമുസ്‌ലിംകളോടും സഹോദര സമുദായാംഗങ്ങളോടും വിശ്വാസികളോടും അവിശ്വാസികളോടും ദൈവാനുസരണമുള്ളവരോടും ധിക്കാരികളോടും എല്ലാം ഇടപെടേണ്ടതായി വരും. ഇത്തരം ബന്ധവൈവിധ്യങ്ങളില്‍ അനുവര്‍ത്തിക്കേണ്ട നയവും നിലപാടും ഇസ്‌ലാം വ്യക്തമാക്കിയിട്ടുണ്ട്. അത് ഈ ഗ്രന്ഥത്തില്‍ വായിച്ചെടുക്കാം. നാല് അടിസ്ഥാനങ്ങളിലാണ് ഈ ഗ്രന്ഥരചന ഞാന്‍ പൂര്‍ത്തിയാക്കിയത്. ഒന്ന്, ശക്തവും ഭദ്രവുമായ ആദര്‍ശവും വിശ്വാസവും. രണ്ട്, ദൈവിക ദീനിനെക്കുറിച്ച് അഗാധവും സുഗ്രാഹ്യവും സുതാര്യവുമായ അവബോധം. മൂന്ന്, സമൂഹത്തോടുള്ള ബാധ്യതകളെയും കര്‍ത്തവ്യങ്ങളെയും പെരുമാറ്റ മര്യാദകളെയും കുറിച്ച് ശരിയും കുറ്റമറ്റതുമായ പഠനവും ചര്‍ച്ചയും നിരീക്ഷണവും. നാല്, ആത്മാവിനെ വിമലീകരിക്കുകയും ഹൃദയത്തെ രോഗമുക്തമാക്കുകയും ചെയ്യുന്ന അധ്യാപനങ്ങളുടെ വിശദീകരണം. മുസ്‌ലിം കുടുംബം, ദാമ്പത്യ ബന്ധം, ഭാര്യയും ഭര്‍ത്താവും മാതാപിതാക്കളും മക്കളും ഉള്‍ക്കൊണ്ട കുടുംബ സ്വരൂപത്തിന്റെ നിര്‍മിതിയും പരിപാലനവും തുടങ്ങി ഈടുറ്റ സമൂഹത്തിന്റെ സംവിധാനത്തിന് സഹായകമാവുന്ന അടിസ്ഥാന വിഷയങ്ങളെല്ലാം ഈ ഗ്രന്ഥത്തിന്റെ ഇതിവൃത്തമാണ്. ഇതില്‍ കൈകാര്യം ചെയ്യുന്ന പ്രമേയങ്ങള്‍ നിത്യനൂതനവും സർവതല സ്പര്‍ശിയുമാണെന്ന് മനസ്സിലാകും.
ചുരുക്കത്തില്‍ ഓരോ മുസ്‌ലിം സ്ത്രീ-പുരുഷനും ഈ ഗ്രന്ഥത്തിലെ വിഷയങ്ങള്‍ പഠിക്കേണ്ടത് അനിവാര്യമാണെന്ന് ബോധ്യപ്പെടും. ഓരോ ഗൃഹത്തിലും സമൂഹത്തിന്റെ ഓരോ അടരിലും ഇതുപോലുള്ള ഗ്രന്ഥങ്ങള്‍ ഒഴിച്ചുകൂടാനാവാത്ത ആവശ്യമാണെന്ന കൂട്ടത്തില്‍ സംശയമില്ല. മനുഷ്യ വര്‍ഗത്തിന്റെ സർവതോമുഖമായ പുരോഗതിയും ഉല്‍ക്കര്‍ഷവും ഉദ്ഗ്രഥനവുമാണ് ഇസ്‌ലാമികാദര്‍ശത്തിന്റെ സാര സർവസ്വവുമെന്നും കാരുണ്യത്തിന്റെയും ദയയുടെയും അലിവിന്റെയും ആര്‍ദ്രതയുടെയും പ്രതിരൂപമാണ് ഓരോ മുസ്‌ലിമും എന്നും സമൂഹത്തിന് ബോധ്യപ്പെടണം. അതിന് ഖുര്‍ആനിന്റെ ചലിക്കുന്ന മാതൃകയാവുന്ന വ്യക്തികളാണാവശ്യം. ആ ആവശ്യത്തെയാണ് ഈ ഗ്രന്ഥം അഭിസംബോധന ചെയ്യുന്നത്.''
ഇസ്‌ലാമികാധ്യാപനങ്ങളെ നിത്യജീവിതത്തില്‍ ആവിഷ്‌കരിക്കാന്‍ ഉതകുന്ന നിരവധി രചനകളും ക്ലാസ്സുകളും പ്രഭാഷണങ്ങളും നടത്തി, ഗുരുവും മുറബ്ബിയും പ്രബോധകനുമായി നിറഞ്ഞുനില്‍ക്കുകയും വിജ്ഞാന വെളിച്ചത്തിലൂടെ സമൂഹത്തെ നയിച്ച നിരവധി പണ്ഡിതന്മാരെയും പരിഷ്‌കര്‍ത്താക്കളെയും ലോകത്തിന് സംഭാവന നല്‍കുകയും ചെയ്ത പ്രതിഭാധനന്‍- ശൈഖ് ഹസന്‍ അയ്യൂബ് തൊണ്ണൂറാം വയസ്സില്‍ 2008-ല്‍ മരണമടഞ്ഞു. 'ഇസ്‌ലാമിക വിജ്ഞാന കോശത്തിന്റെ തിരോധാനം' എന്നാണ് ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ ശൈഖ് ഹസന്‍ അയ്യൂബിന്റെ വിയോഗത്തെ വിശേഷിപ്പിച്ചത്. ജനാസയില്‍ പങ്കെടുത്ത പതിനായിരങ്ങള്‍ ആ പണ്ഡിതവര്യന്റെ പൊതുജനസമ്മതിക്ക് തക്ക തെളിവായിരുന്നു.