ഖുർആൻ അവതരണപശ്ചാത്തലം ഒരു പഠനം

അശ്റഫ് നീർക്കുന്നം‌‌
img

ടെക്സ്റ്റും (പാഠം) കോണ്‍ടെക്സ്റ്റും (പാഠസന്ദര്‍ഭം) പുതിയ പഠനങ്ങളില്‍ എത്രമേല്‍ പ്രസക്തമാണോ അത്ര തന്നെ പ്രസക്തമാണ് ഖുര്‍ആനിക പഠനങ്ങളിലും.

മുഖവുര

ഭൗതിക ലോകത്ത് ഏതൊരു കാര്യവും സംഭവിക്കുന്നതിന് സംഭവ്യസന്ദര്‍ഭത്തിലെ സ്ഥലം, കാലം എന്നീ ദ്വന്ദങ്ങള്‍ക്കപ്പുറത്ത് പ്രസ്തുത കാര്യം സംഭവിക്കാന്‍ ഹേതുവായ ഗോചരമോ അഗോചരമോ  ആയ മറ്റു ചില ഘടകങ്ങള്‍ കൂടിയുണ്ടാകും. ഈ ഘടകങ്ങളെ  കണ്ടെത്തുകയും അവ തമ്മിലുള്ള ബന്ധത്തെ പരസ്പരപൂരകമായി വിശദീകരിക്കുകയും ചെയ്യുമ്പോഴാണ് പ്രസ്തുത സംഭവം 'കേവലമായ ഒരു വിവരം (റമമേ) എന്നതിലുപരി ഭാവിയിലേക്കു നീളുന്ന ഒരു ചരിത്ര പാഠമായിത്തീരുന്നത്. നിശ്ചിത സമയത്ത്, നിശ്ചിത സ്ഥലത്ത് ഒരു കാര്യം സംഭവിച്ചുവെന്നത്, കരുതിവെക്കാന്‍ പറ്റുന്ന ജ്ഞാനമാ കുന്നത് എന്തുകൊണ്ട് അങ്ങനെ സംഭവിച്ചു എന്ന് വ്യക്തമാക്കപ്പെടുമ്പോള്‍ മാത്രമാണ്. വിശുദ്ധ ഖുര്‍ആന്റെ ചരിത്ര കഥന രീതി ഈയൊരു തലത്തിലാണ് വികസിക്കുന്നത്.

വ്യക്തികളുടെ നാമങ്ങള്‍, തീയതി തുടങ്ങിയ ഡാറ്റകള്‍ അധികമൊന്നും പരാമര്‍ശിക്കാതെ, വിശുദ്ധ ഖുര്‍ആന്‍ ഊന്നുന്നത് സംഭവത്തിന് നിദാനമായ ആന്തരികവും ബാഹ്യവുമായ കാരണങ്ങളെ വിശകലനം ചെയ്യുന്നതിലാണ്. ചരിത്രത്തെ, സംഭവ വിവരണങ്ങള്‍ എന്ന വിതാനത്തില്‍നിന്നും മാറ്റി ഭാവി രൂപപ്പെടുത്താന്‍ ആവശ്യമായ ഗുണപാഠങ്ങളുടെയും അടിസ്ഥാനങ്ങളുടേയും സ്ഥാനത്ത് പ്രതിഷ്ഠിക്കുകയാണ് ഖുര്‍ആന്‍. അതുകൊണ്ടാണ് മുന്‍കഴിഞ്ഞ സമൂഹങ്ങളുടെയും പ്രവാചകരുടെയും ചരിത്ര കഥനങ്ങള്‍ക്കു ശേഷം ഇബ്‌റത്ത് (ഗുണപാഠം), മൗഇളത്ത് (സദുപദേശം), ദിക്‌റാ (ഓര്‍മപ്പെടുത്തല്‍), നകാല്‍ (പാഠം) തുടങ്ങിയ പദങ്ങള്‍ ഖുര്‍ആന്‍ ആവര്‍ത്തിക്കുന്നത്. ഉദാഹരണത്തിന് യൂസുഫ് (അ)ന്റെ സാമാന്യം വിശദമായ ചരിത്രവിവരണത്തിനു ശേഷം അല്ലാഹു പറയുന്നു:
لَقَدْ كَانَ فِى قَصَصِهِمْ عِبْرَةٌۭ لِّأُو۟لِى ٱلْأَلْبَٰبِ ۗ مَا كَانَ حَدِيثًۭا يُفْتَرَىٰ وَلَٰكِن تَصْدِيقَ ٱلَّذِى بَيْنَ يَدَيْهِ وَتَفْصِيلَ كُلِّ شَىْءٍۢ وَهُدًۭى وَرَحْمَةًۭ لِّقَوْمٍۢ يُؤْمِنُونَ﴿١١١﴾
(പൂർവജനങ്ങളുടെ ഈ കഥകളില്‍, ബുദ്ധിയും വിവേകവുമുള്ളവര്‍ക്ക് ഗുണപാഠമുണ്ട്.
أصل العبْر : تجاوز من حال الى حال ........ والاعتبار والعِبْرة بالحالة التي يتوصّل بها من معرفة المشاهد إلى ماليس بمشاهد - قال الله : إن في ذلك لعبرة / فاعتبر وايا اولي الأبصار (المفردات في غريب القرآن - الرّاغب الأصفهاني)
ഖുര്‍ആനില്‍ വിവരിക്കുന്ന ഈ കഥകളൊന്നും കെട്ടിച്ചമച്ച വൃത്താന്തങ്ങളല്ല. അതിനുമുമ്പ് അവതീര്‍ണമായ വേദങ്ങളൊക്കെയും സത്യപ്പെടുത്തുന്നതും, സകല സംഗതികളുടെയും വിശദീകരണവും, സത്യവിശ്വാസം കൈക്കൊണ്ട ജനത്തിനുളള സന്മാര്‍ഗവും, ദൈവകാരുണ്യവുമാകുന്നു - യൂസുഫ്: 111).

പൂർവിക പ്രവാചകരുടെ ചരിത്ര കഥനങ്ങള്‍ക്ക് ശേഷം ഖുര്‍ആന്‍ പറയുന്നത് കാണുക.
وَكُلًّا نَّقُصُّ عَلَيْكَ مِنْ أَنبَاءِ الرُّسُلِ مَا نُثَبِّتُ بِهِ فُؤَادَكَۚ وَجَاءَكَ فِي هَٰذِهِ الْحَقُّ وَمَوْعِظَةٌ وَذِكْرَىٰ   لِلْمُؤْمِنِينَ ﴿١٢٠﴾
(പ്രവാചകാ, നാം ദൈവദൂതന്മാരുടെ ഈ കഥകളൊക്കെയും കേള്‍പിക്കുന്നത് നിന്റെ മനസ്സ് ദൃഢീകരിക്കുന്നതിനുവേണ്ടിയാകുന്നു. ഇതിലൂടെ നിനക്കു സത്യ ജ്ഞാനം ലഭിച്ചു. സത്യവിശ്വാസികള്‍ക്ക് സദുപദേശവും ഉദ്ബോധനവും ലഭിക്കാന്‍ ഭാഗ്യമുണ്ടായി - യൂസുഫ്: 120).

ആവര്‍ത്തനക്ഷമതയാണ് ചരിത്രത്തിന്റെ വലിയൊരു സവിശേഷത, മുമ്പ് കഴിഞ്ഞുപോയ ഒരു സംഭവം സമാനമായ സാഹചര്യത്തില്‍ ഭാവിയില്‍ ആവര്‍ത്തിക്കപ്പെടാനുള്ള സാധ്യത ഏറെയാണ്. അതിനാല്‍ ചരിത്ര സംഭവങ്ങളെ കുറിച്ച ശരിയായ വിശകലനങ്ങള്‍,   പ്രകൃത ചരിത്രം ആവര്‍ത്തിക്കപ്പെടുന്ന സന്ദര്‍ഭങ്ങളില്‍  സ്വീകരിക്കേണ്ട നിലപാടിനെ രൂപപ്പെടുത്താന്‍ സഹായിക്കും.  പ്രമാണങ്ങളെ (നസ്സ്വ്) കുറിച്ച പഠനങ്ങള്‍ക്കും ഈ ചരിത്ര സന്ദര്‍ഭ (context) പഠനം അനിവാര്യമാണ്. കാരണം, പ്രമാണങ്ങളെ ശരിയായി ഗ്രഹിക്കുവാനും അതിനെ പ്രയോഗവല്‍ക്കരിക്കാനും ഇത്തരം സന്ദര്‍ഭവിശക ലനങ്ങള്‍ അനുപേക്ഷണീയമായിത്തീരും.

ആധുനികാനന്തര സംവാദങ്ങളില്‍ പ്രമാണം (Text) പ്രമാണത്തിന് നിദാനമായ സന്ദര്‍ഭം (context), പാഠാന്തരം (Intertext) ഉപപാഠങ്ങള്‍ (Subtext) തുടങ്ങിയ ചര്‍ച്ചകള്‍ ഗൗരവപൂര്‍ണമായി മാറിയത് ഈ അടിസ്ഥാനത്തിലാണ്. സന്ദര്‍ഭ നിരപേക്ഷമായി കാര്യങ്ങളെ വിലയിരുത്തുമ്പോള്‍ മറ്റെന്തിനേക്കാളുമുപരി 'വൈജ്ഞാനിക സത്യസന്ധതയാണ് ഇല്ലാതാവുക. നടേ വിവരിച്ച വസ്തുതകള്‍ മുന്നില്‍ വെച്ചുകൊണ്ടു വേണം ഖുര്‍ആന്‍ വിജ്ഞാനീയങ്ങളിലെ പ്രധാന ചര്‍ച്ചകളിലൊന്നായ 'സബബുന്നുസൂലിനെ' കുറിച്ച് പഠിക്കാന്‍.

എന്താണ് സബബുന്നുസൂല്‍ അഥവാ അവതരണ പശ്ചാത്തലം

തെളിഞ്ഞ ആദര്‍ശത്തിലും ഉന്നതമായ ധാര്‍മികതയിലും തദനുസൃതമായ നിയമ സംഹിതയിലും മനുഷ്യജീവിതത്തെ കെട്ടിയുയര്‍ത്താനാവശ്യമായ ദൈവിക ബോധ നങ്ങളാണ് ഖുര്‍ആന്റെ ഉള്ളടക്കം. കാല ദേശങ്ങള്‍ക്കതീതമായി മുഴു മനുഷ്യ നാഗരികതയെയുമാണ് ഈ ഉദ്‌ബോധനങ്ങള്‍ അഭിമുഖീകരിക്കുന്നത്. വിശുദ്ധ ഖുര്‍ആന്റെ അധ്യാപനങ്ങളില്‍ ഏറിയ കൂറും ഈയൊരര്‍ഥത്തില്‍ സ്ഥലകാല നിരപേക്ഷമാണ്. അതേ സമയം, ഖുര്‍ആന്‍ അവതരിച്ച ഒരു പശ്ചാത്തലവും പ്രവാചകാനുചരരുടെ ഒരു സമൂഹമുണ്ട്. ഇതൊരു ചരിത്ര യാഥാര്‍ഥ്യമാണല്ലോ? പ്രവാചകനോടൊത്തുള്ള അവരുടെ സഹവാസം  ജീവിതത്തിലെ  നിരവധി ചരിത്ര സന്ദര്‍ഭങ്ങള്‍ക്ക് സാക്ഷിയാണ്. ഒരു വേള, ദീനീ നിര്‍ദേശം ലഭിച്ചിട്ടില്ലാത്ത  ഒരു സംഭവമുണ്ടാകുന്നു, അല്ലെങ്കില്‍ തങ്ങള്‍ക്കിടയില്‍ സംശയമുണ്ടായ ഒരു കാര്യത്തിന്റെ ദീനി വിധിയെ കുറിച്ച് സ്വഹാബികള്‍ തിരുമേനി(സ)യോട് ചോദിക്കുന്നു, അതുമല്ലെങ്കില്‍ സത്യദീനിന്റെ പ്രതിയോഗികള്‍ ദീനിനെ കുറിച്ച് അസംബന്ധങ്ങള്‍ പറഞ്ഞു പരത്തുകയോ മറ്റു കുത്സിതശ്രമങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്യുന്നു. വഹ്‌യ് ഇറങ്ങിക്കൊണ്ടിരിക്കുന്ന കാലമായതിനാല്‍ പ്രകൃത സംഭവങ്ങളിലേക്കോ ചോദ്യങ്ങളിലേക്കോ കൂടി സൂചനകള്‍ നല്‍കുന്ന ദിവ്യ സൂക്തങ്ങള്‍ അവതരിക്കും. ഈ സംഭവങ്ങളും വിധിയന്വേഷണങ്ങളും തദ്‌സംബന്ധമായ അല്ലാഹുവിന്റെ പ്രതികരണങ്ങളുമാണ് 'സബബുന്നുസൂല്‍' എന്ന പേരില്‍ പിന്നീട് അറിയപ്പെടുന്നത്.1 അവതരണ കാരണം/പശ്ചാത്തലം (സബബ്) എന്ന് തര്‍ജമ.

സൂക്ഷ്മ നിര്‍ണയത്തില്‍ 'സബബുന്നുസൂല്‍' രണ്ട് തരത്തിലാണ് ഉണ്ടാവുക. ഒന്ന്. വഹ്‌യ് ഇറങ്ങുന്ന വേളയില്‍ ഒരു കാര്യം സംഭവിക്കുകയും തദ്‌സംബന്ധമായി വിശുദ്ധ ഖുര്‍ആനില്‍ സൂക്തങ്ങളിറങ്ങുകയും ചെയ്യുക. ഉദാഹരണമായി, പരസ്യ പ്രബോധനം ആരംഭിച്ച വേളയില്‍ നബി(സ) സ്വഫാ കുന്നില്‍ വെച്ച് നടത്തിയ പ്രബോധനത്തിനിടെ തിരുമേനി(സ)യെ ശപിച്ച അബൂലഹബിന്റെ വിഷയത്തില്‍ 'സൂറത്തുല്‍ മസദ്' അവതരിച്ചത്. (ഇബ്‌നു അബ്ബാസ്(റ) നിവേദനം ചെയ്തത്).2

രണ്ട്, തിരുദൂതരോട് അനുചരര്‍ അന്വേഷിക്കുന്ന മതവിധികളെ കുറിച്ചോ ശത്രുക്കളുടെ ചോദ്യങ്ങള്‍ക്കോ മറുപടി നല്‍കിക്കൊണ്ട് ആയത്തുകള്‍ അവതരിക്കുക. 'ളിഹാറു'മായി ബന്ധപ്പെട്ട് ഖൗലഃ ബിന്‍തു സഅ്‌ലബയുടെ പരാതിയുടെ മറുപടിയായി സൂറത്തുല്‍ മുജാദില അവതരിച്ചത്. (ആഇശ(റ)ല്‍നിന്നും നിവേദനം)3

വിശുദ്ധ ഖുര്‍ആനിലെ എല്ലാ സൂക്തങ്ങള്‍ക്കും അവതരണ പശ്ചാത്തലമുണ്ടെന്ന് ഇതിനര്‍ഥമില്ല. എന്നല്ല, സ്ഥലകാലഭേദമന്യേ മനുഷ്യനാഗരികതക്കാവശ്യമായ ആദര്‍ശവും ധാര്‍മികതയും ജീവിതനിയമങ്ങളും അവതരിപ്പിക്കുകയാണ് ഖുര്‍ആന്‍ ചെയ്യുന്നത്.

ഇമാം ജഅ്ബരി ഖുര്‍ആനിന്റെ അവതരണം രണ്ട് രീതികളിലായി തരംതിരിക്കുന്നു.  ഒന്ന്, മൗലികം, രണ്ട്, സന്ദര്‍ഭ വിധേയം. യാതൊരുവിധ സവിശേഷ സന്ദര്‍ഭമോ ഹേതുവോ ഇല്ലാതെ അവതരിച്ചതാകുന്നു മൗലികം എന്ന ആദ്യ വിഭാഗത്തില്‍പെട്ട സൂക്തങ്ങള്‍. ഖുര്‍ആനില്‍ ഏറെയും ഇത്തരം സൂക്തങ്ങളാണ്. പ്രത്യേക പശ്ചാത്തലങ്ങളില്‍ അവതീര്‍ണമായ സൂക്തങ്ങളാണ് രണ്ടാമത്തേത്. ഇവ താരതമ്യേന കുറവാണ്.4 അതുകൊണ്ട് തന്നെ  ദുര്‍ബലമോ വ്യാജമോ ആയ തെളിവുകള്‍ പരതി എല്ലാ സൂക്തങ്ങള്‍ക്കും അവതരണ പശ്ചാത്തലങ്ങള്‍ തേടിപ്പോകുന്നതോ ചരിത്രത്തില്‍ വഹ്‌യ് അവതരണത്തിനു മുമ്പായി കഴിഞ്ഞുപോയ സംഭവങ്ങളെ  അവതരണ പശ്ചാത്തലമായി അവതരിപ്പിക്കുന്നതോ ആശാസ്യമല്ല. സൂക്തങ്ങള്‍ക്ക് പിന്നിലെ കഥയല്ല സബബുകള്‍, പ്രത്യുത അവ അവതരിച്ച പശ്ചാത്തലങ്ങളും കാരണങ്ങളുമാണ്. ഇക്കാരണത്താല്‍ പ്രവാചകന്മാരുടെയും മുന്‍കാല സമൂഹങ്ങളുടെയും കഥകള്‍ ഒരിക്കലും ആയത്തുകളുടെ സബബായി പരിഗണിക്കുകയില്ല. ഉദാഹരണത്തിന് സൂറത്തുല്‍ ഫീല്‍, ഈ സൂറത്തിന് പിന്നിലെ കഥ കഅ്ബ പൊളിക്കാന്‍ വന്ന അബ്‌റഹത്തിന്റെയും ആനപ്പടയുടെയും സംഭവം അവതരണഹേതുവായി കണക്കാക്കപ്പെടുകയില്ല. മറിച്ച് അതിന്റെ ആഖ്യാനത്തിലെ കഥയായി മാത്രം അതു നിലകൊള്ളുന്നു. അബ്‌സീനിയക്കാരുടെ വരവിനെ 'സൂറത്തുല്‍ ഫീലി'ന്റെ അവതരണ പശ്ചാത്തലമായി അവതരിപ്പിച്ചതിനെ ഇമാം സുയൂത്വി നിരൂപണം ചെയ്തത് സ്മരണീയമാണ്.5

സബബുകളുടെ നിര്‍ണയവും കൃത്യത ഉറപ്പുവരുത്തലും

ഖുര്‍ആനിക സൂക്തങ്ങളുടെ അവതരണ പശ്ചാത്തലങ്ങളെ നിര്‍ണയിക്കേണ്ടത് കൃത്യവും കുറ്റമറ്റതുമായ സ്രോതസ്സുകളിലൂടെയായിരിക്കണം.

ഒരു സംഭവത്തെ ഒരു നിശ്ചിത സൂക്തത്തിന്റെ  പശ്ചാത്തലമായി നിജപ്പെടുത്താന്‍ രണ്ട് മാര്‍ഗങ്ങളാണുള്ളത്. നബി (സ)യില്‍നിന്ന് വ്യക്തവും സ്ഥിരപ്പെട്ടതുമായ നിവേദനമാണതിലൊന്ന്. സംഭവത്തിന് സാക്ഷിയായ സ്വഹാബിയുടെ  സ്ഥിരീകരണമാണ് രണ്ടാമത്തേത്. അല്‍ വാഹിദി പറയുന്നു: 'നബി തിരുമേനിയില്‍നിന്നുള്ള സ്വഹീഹായ നിവേദനമോ പശ്ചാത്തല സാക്ഷിയായവരില്‍ നിന്നുള്ള വൃത്താന്തമോ കൂടാതെ 'സബബുന്നുസൂല്‍' ഉദ്ധരിക്കല്‍ അനുവദനീയമല്ല.'6

ഖുര്‍ആന്‍ വ്യാഖ്യാനത്തില്‍ വിജ്ഞരായ താബിഈ പണ്ഡിതരായ മുജാഹിദ്, ഇക്‌രിമ, സഈദ്ബ്‌നു ജുബൈര്‍ എന്നിവരില്‍നിന്ന് സ്ഥിരീകൃതമായ നിവേദനങ്ങള്‍ ഉണ്ടെങ്കില്‍ അവയെ 'മുര്‍സല്‍' എന്ന ഗണത്തില്‍പെടുത്തി നിബന്ധനകള്‍ക്ക് വിധേയമായി സ്വീകരിക്കാമെന്നാണ് ഇമാം സുയൂത്വിയുടെ നിലപാട്.7 ഏതായാലും സബബുന്നുസൂല്‍ നിര്‍ണയിക്കുന്നതില്‍ ഹദീഥ് നിദാനശാസ്ത്രപരമായ കൃത്യത വേണമെന്നര്‍ഥം. ദുര്‍ബലമോ വ്യാജമോ ആയ പശ്ചാത്തല നിര്‍മി തികള്‍ നടന്നിട്ടുണ്ടെന്ന് മുന്‍ഗാമികള്‍ മുന്നറിയിപ്പ് നല്‍കിയിരിക്കെ പ്രത്യേകിച്ചും. അല്‍വാഹിദി പറയുന്നു: 'ഖുര്‍ആന്‍ അവതരണത്തിന് സാക്ഷികളായ, പശ്ചാത്തലം നന്നായി ഗ്രഹിച്ചവരി (സ്വഹാബികളി)ല്‍ നിന്നല്ലാതെ സൂക്തങ്ങളുടെ സബബുന്നു സൂലുകള്‍ ഉദ്ധരിക്കുന്നത് അനുവദനീയമല്ല.'8 സബബുകളുടെ ആധികാരികത പരിശോധിക്കുന്നതില്‍ വീഴ്ചവരുത്തുന്നവരെ ഇമാം വാഹിദീ കൈകാര്യം ചെയ്യുന്നുണ്ട്. തന്റെ കാലത്ത് സബബുകളുടെ ആധികാരികതയെ പരിശോധിക്കുന്നതില്‍ അയഞ്ഞ സമീപനം സ്വീകരിച്ചവരെ അദ്ദേഹം കളവ് കെട്ടിച്ചമക്കുന്നവരെന്ന് വിശേഷിപ്പിക്കുന്നത് കാണാം.

രിവായത്തുകളുടെ ഭാഷാശൈലി അപഗ്രഥനം

സബബുകളുടെ കൃത്യത ഉറപ്പു വരുത്താനുള്ള ഒരു മാര്‍ഗം തദ്‌സംബന്ധമായി വന്നിട്ടുള്ള രിവായത്തിന്റെ ഭാഷാശൈലി പരിശോധിക്കലാണ്. ഒരു സൂക്തത്തിന് ഒന്നില്‍ കൂടുതല്‍ സബബുകള്‍ നിവേദനം ചെയ്യപ്പെടുന്ന സന്ദര്‍ഭങ്ങളില്‍ ശരിയേതെന്ന് നിര്‍ണയിക്കാനും ഈയൊരു പരിശോധന അനിവാര്യമാകും.

മുഖ്യമായും രണ്ടു ശൈലികളാണ് സബബുകളുടെ രിവായത്തുകള്‍ക്കുള്ളത്. ഒന്ന്, സ്പഷ്ടമായി സബബിനെ വ്യക്തമാക്കുന്ന ശൈലി. ഉദാഹരണത്തിന് ഈ സൂക്തത്തിന്റെ സബബുന്നുസൂല്‍ ഇന്നതാകുന്നു (سبب  نزول هذه الآية كذا) എന്നോ അല്ലങ്കില്‍, ഒരുസന്ദര്‍ഭത്തിനു തൊട്ടുടനെ അവതരിച്ചു എന്ന് ദ്യോതിപ്പിക്കുന്ന ഭാഷയിലെ (ف) പോലുള്ള വ്യക്തമായ അക്ഷര പ്രയോഗം കൊണ്ടാവുക. ഉദാ: 'നബി (സ) ഇന്നത്  ചോദിക്കപ്പെട്ടു' അപ്പോള്‍ ഈ സൂക്തം അവതരിച്ചു  (سئل رسول الله صلى الله عليه وسلم كذا ، فنزلت الآية)
രണ്ട്, താരതമ്യേന വ്യക്തത കുറവുള്ള ശൈലിയില്‍ വരുന്നവ, ഉദാ: 'ഈ സൂക്തം ഈ വിഷയത്തിലാണ് അവതരിച്ചത് (نزلت هذه الآية في كذا )  ഈ സൂക്തം ഇന്ന വിഷയത്തിലാണ് അവതരിച്ചതെന്ന് ഞാന്‍  വിചാരിക്കുന്നു (أحسب أن هذه الآية نزلت في كذا).  ആപേക്ഷികമായി രണ്ടാമത്തെ ശൈലിക്ക് ആധികാരികത കുറവുള്ളതായാണ് പണ്ഡിതന്മാര്‍ വിലയിരുത്തുന്നത്.9

ഒരു സൂക്തത്തിന് ഒന്നിലധികം സബബുകള്‍ 

ഒരേ സൂക്തത്തിന് ഒന്നില്‍ കൂടുതല്‍ സബബുകള്‍ നിവേദനം ചെയ്യപ്പെടാറുണ്ട്. ഒരു  ഉദാഹരണം നോക്കുക:
مَا كَانَ لِلنَّبِيِّ وَالَّذِينَ آمَنُوا أَنْ يَسْتَغْفِرُوا لِلْمُشْرِكِينَ وَلَوْ كَانُوا أُولِي قُرْبَى مِنْ بَعْدِ مَا تَبَيَّنَ لَهُمْ أَنَّهُمْ أَصْحَابُ الْجَحِيمِ ( التوبة: 113)
(ബഹുദൈവ വിശ്വാസികള്‍ക്ക് പാപമോചനത്തിനുവേണ്ടി പ്രാര്‍ഥിക്കുക പ്രവാചകനും സത്യവിശ്വാസികളായ ആളുകള്‍ക്കും ഭൂഷണമല്ല തന്നെ. അവര്‍ എത്ര ഉറ്റ ബന്ധുക്കളായിരുന്നാലും ശരി ; അവര്‍ നരകാവകാശികളാണെന്ന കാര്യം വ്യക്തമായിക്കഴിഞ്ഞാല്‍ -അത്തൗബ: 113) ഈ സൂക്തത്തിന്റെ അവതരണപശ്ചാത്തലമായി രണ്ടു സംഭവങ്ങള്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. അതിലൊന്ന്, തിരുമേനി (സ)യുടെ പിതൃവ്യന്‍ അബൂത്വാലിബ് മരണാസന്നനായപ്പോള്‍ അവിടുന്ന് അബൂത്വാലിബിനോട് ശഹാദത് ചൊല്ലുവാന്‍ ആവശ്യപ്പെടുകയും, അദ്ദേഹമത് നിരസിച്ചു കൊണ്ട് മരണപ്പെടുകയും ചെയ്തു. നബി(സ) പറഞ്ഞു: ''താങ്കള്‍ക്ക് വേണ്ടി ഞാന്‍ പാപമോചനത്തിന് തേടുന്നു.' ഈ സന്ദര്‍ഭത്തില്‍ തിരുമേനിയെ വിലക്കിക്കൊണ്ട് പ്രകൃത സൂക്തം അവതരിച്ചു എന്നാണ് ഒരു രിവായത്ത്.(ബുഖാരി, മുസ്‌ലിം). എന്നാല്‍, ഇതേ സൂക്തത്തിന്റെ സബബായി ഹാകിം ഇബ്‌നു മസ്ഊദില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന സംഭവം മറ്റൊന്നാണ്. നബി (സ) ഒരിക്കല്‍ ഖബറുകളുടെ അരികിലേക്ക് പുറപ്പെട്ടു. അവിടെ ഒരു ഖബറിന് അഭിമുഖമായി ഇരുന്ന് കരഞ്ഞു കൊണ്ടദ്ദേഹം പറഞ്ഞു 'ഞാന്‍ ഇരിക്കുന്നതിനടുത്തുള്ള ഈ ഖബര്‍  എന്റെ ഉമ്മയുടെ ഖബറാണ്, ഞാനെന്റെ നാഥനോട് അവര്‍ക്കു വേണ്ടി പ്രാര്‍ഥിക്കാനുള്ള അനുവാദം ചോദിച്ചു. പക്ഷേ എനിക്കത് നല്‍കപ്പെട്ടിട്ടില്ല.'' അപ്പോള്‍, സൂറത്തു തൗബയിലെ നടേ സൂചിപ്പിച്ച സൂക്തം അവതരിച്ചു. ഇത്തരം വ്യത്യസ്ത നിവേദനങ്ങള്‍ വരുമ്പോള്‍ നാല് രീതികളാണ് പണ്ഡിതര്‍ അവലംബിക്കുക. 

ഒന്ന്, സ്വഹീഹായ നിവേദനം സ്വീകരിക്കുകയും ദുര്‍ബലമായത് തള്ളുകയും ചെയ്യുക.
 രണ്ട്, പ്രസ്തുത റിപ്പോര്‍ട്ടുകള്‍ എല്ലാം പ്രമാണയോഗ്യമാണെങ്കില്‍ ഇരു സബബുകളേയും സംയോജിപ്പിക്കാനാണ്  (جمع)  ശ്രദ്ധിക്കേണ്ടത്.

മൂന്ന്, സംയോജനം (ജംഅ്) സാധ്യമല്ലെങ്കില്‍ തര്‍ജീഹ് (നിശ്ചിത മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ഒന്നിനേക്കാള്‍ മറ്റൊന്നിന് മുന്‍ഗണന നല്‍കി പ്രബലമായതിനെ സ്വീകരിക്കണം).

നാല്, തര്‍ജീഹും സാധ്യമല്ലെങ്കില്‍ പ്രസ്തുത സൂക്തം ഇരു സബബുകളിലും ആവര്‍ത്തിച്ചവതരിച്ചുവെന്ന നിഗമനത്തിലാണ് എത്തേണ്ടത്. ഒരേ സൂക്തം ആവര്‍ത്തിച്ച് അവതരിക്കുന്നതിനെ ഇമാം അസ്സര്‍കശിയെപോലുള്ള പണ്ഡിതന്മാര്‍ സാധൂകരിക്കുന്നുണ്ട്. അദ്ദേഹം പറയുന്നു: 'ഒരു കാര്യത്തിന്റെ മഹത്വത്തെ സൂചിപ്പിക്കാന്‍ ഒരു സൂക്തം ഒന്നില്‍ കൂടുതല്‍ തവണ അവതരിക്കാറുണ്ട്. മറവി ഉണ്ടാകാതിരിക്കാനും അത്തരം സന്ദര്‍ഭങ്ങളില്‍ സൂക്തം ഓര്‍ക്കാനും വേണ്ടിയാണത്'.10 ഇമാം സര്‍ഖാനി എഴുതിയതിങ്ങനെ: 'ഒന്നില്‍ കൂടുതല്‍ സബബുകളില്‍ ഒരു സൂക്തം തന്നെ അവതരിക്കുന്നതിലെ യുക്തി അല്ലാഹു തന്റെ അടിമകളെ ഉണര്‍ത്തുക എന്നതാകുന്നു'.11

ഒരു സബബിന് ഒന്നില്‍ കൂടുതല്‍ സൂക്തങ്ങള്‍

ഒരു സൂക്തത്തിന് ഒന്നില്‍ കൂടുതല്‍ പശ്ചാത്തലങ്ങള്‍ ഉദ്ധരിക്കപ്പെട്ടതുപോലെ, ഒരു സബബിന് ഒന്നില്‍ കൂടുതല്‍ സൂക്തങ്ങള്‍ അവതീര്‍ണമായിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളും ഉണ്ട്. ഇമാം തിര്‍മിദി റിപ്പോര്‍ട്ട് ചെയ്ത ഇബ്‌നു ജരീര്‍, ഇബ്‌നു അബീ ഹാതിം പോലുള്ളവര്‍ സ്വഹീഹാണെന്ന് രേഖപ്പെടുത്തിയ ഉമ്മുസലമ(റ)യില്‍ നിന്നുള്ള ഒരു ഹദീസ് ശ്രദ്ധിക്കുക. ഉമ്മുസലമ (റ) തിരുദൂതരോട് ചോദിച്ചു. 'അല്ലാഹുവിന്റെ റസൂലേ ഹിജ്‌റയുടെ വിഷയത്തില്‍ സ്ത്രീകളെ പ്രതിപാദിക്കുന്ന ഒന്നും തന്നെ ഞാന്‍ കണ്ടിട്ടില്ല. അപ്പോള്‍ ഇങ്ങനെ സൂക്തമിറങ്ങി:
فَاسْتَجَابَ لَهُمْ رَبُّهُمْ أَنِّي لَا أُضِيعُ عَمَلَ عَامِلٍ مِّنكُم مِّن ذَكَرٍ أَوْ أُنثَىٰۖ بَعْضُكُم مِّن بَعْضٍۖ فَالَّذِينَ هَاجَرُوا وَأُخْرِجُوا مِن دِيَارِهِمْ وَأُوذُوا فِي سَبِيلِي وَقَاتَلُوا وَقُتِلُوا لَأُكَفِّرَنَّ عَنْهُمْ سَيِّئَاتِهِمْ وَلَأُدْخِلَنَّهُمْ جَنَّاتٍ تَجْرِي مِن تَحْتِهَا الْأَنْهَارُ ثَوَابًا مِّنْ عِندِ اللَّهِۗ وَاللَّهُ عِندَهُ حُسْنُ الثَّوَابِ ﴿١٩٥﴾
(അവരുടെ നാഥന്‍ അവര്‍ക്ക് ഉത്തരമരുളി: സ്ത്രീയാവട്ടെ പുരുഷനാവട്ടെ, നിങ്ങളില്‍ ആരുടെയും കര്‍മത്തെ ഞാന്‍ നിഷ്ഫലമാക്കുന്നതല്ല. നിങ്ങളെല്ലാവരും ഒരേ വര്‍ഗത്തില്‍ പെട്ടവരാണല്ലോ. അതിനാല്‍, എനിക്കുവേണ്ടി സ്വദേശം വെടിയുകയും എന്റെ മാര്‍ഗത്തില്‍ സ്വഭവ നങ്ങളില്‍നിന്നു പുറത്താക്കപ്പെടുകയും മര്‍ദിക്കപ്പെടുകയും, എനിക്കുവേണ്ടി യുദ്ധം ചെയ്യുകയും വധിക്കപ്പെടുകയും ചെയ്തവരാരോ, അവരുടെ സകല പാപങ്ങളും ഞാന്‍ പൊറുത്തു കൊടുക്കുന്നതാകുന്നു. അവരെ, കീഴ്ഭാഗങ്ങളിലൂടെ അരുവികളൊഴുകുന്ന ആരാമങ്ങളില്‍ പ്രവേശിപ്പിക്കുന്നു. ഇത് അല്ലാഹുവിങ്കല്‍നിന്നുള്ള പ്രതിഫലമത്രെ. ഉല്‍കൃഷ്ടമായ പ്രതിഫലം അല്ലാഹുവിങ്കല്‍ മാത്രമാകുന്നു. (ആലു ഇംറാന്‍: 195)

ഉമ്മുസലമ(റ)ല്‍ നിന്നുതന്നെ ഇമാം അഹ്‌മദ്, നസാഈ എന്നിവര്‍ നിവേദനം ചെയ്യുന്ന മറ്റൊരു ഹദീസില്‍ പ്രകൃത പശ്ചാത്തലത്തില്‍ അവതീര്‍ണമായ സൂക്തം ഇതാണ്: 
إِنَّ الْمُسْلِمِينَ وَالْمُسْلِمَاتِ وَالْمُؤْمِنِينَ وَالْمُؤْمِنَاتِ وَالْقَانِتِينَ وَالْقَانِتَاتِ وَالصَّادِقِينَ وَالصَّادِقَاتِ وَالصَّابِرِينَ وَالصَّابِرَاتِ وَالْخَاشِعِينَ وَالْخَاشِعَاتِ وَالْمُتَصَدِّقِينَ وَالْمُتَصَدِّقَاتِ وَالصَّائِمِينَ وَالصَّائِمَاتِ وَالْحَافِظِينَ فُرُوجَهُمْ وَالْحَافِظَاتِ وَالذَّاكِرِينَ اللَّهَ كَثِيرًا وَالذَّاكِرَاتِ أَعَدَّ اللَّهُ لَهُم مَّغْفِرَةً وَأَجْرًا عَظِيمًا ﴿٣٥﴾ 
(നിശ്ചയം, മുസ്ലിംകളും വിശ്വാസികളും വണക്കമുള്ളവരും സത്യസന്ധരും സഹനശീലരും അല്ലാഹുവിനോട് ഭയഭക്തിയുള്ളവരും ദാനശീലരും വ്രതമനുഷ്ഠിക്കുന്ന വരും സ്വന്തം നഗ്‌നതകള്‍ സൂക്ഷിക്കുന്നവരും അല്ലാഹുവിനെ ധാരാളമായി സ്മരിക്കുന്നവരുമായ സ്ത്രീകള്‍ക്കും  പുരുഷന്മാര്‍ക്കും അല്ലാഹു പാപമുക്തിയും മഹത്തായ പ്രതിഫലവും ഒരുക്കിവെച്ചിട്ടുണ്ട് - അല്‍ അഹ്‌സാബ്: 35). ഇപ്രകാരം, ഒരു പശ്ചാത്തലത്തില്‍ ഒന്നിലധികം സൂക്തങ്ങള്‍ അവതരിക്കുന്നത് മനുഷ്യര്‍ക്കുള്ള  അധിക ഉദ്‌ബോധനമായിട്ടാണ് പണ്ഡിതര്‍  വിശദീകരിച്ചിട്ടുള്ളത്. 

എന്തുകൊണ്ട് സബബുന്നുസൂല്‍ പഠിക്കണം?

രണ്ട്  അതിവാദങ്ങള്‍ സബബുന്നുസൂലിനെക്കുറിച്ച ചര്‍ച്ചയില്‍ പ്രതിഫലിക്കാറുണ്ട്. വിശുദ്ധ ഖുര്‍ആന്‍ സാർവകാലികമാണെന്നും ഖുര്‍ആനിക സൂക്തങ്ങളെ ഏതെങ്കി ലും കാരണത്തിലോ പശ്ചാത്തലത്തിലോ ഒതുക്കുന്നത് ഖുര്‍ആനോടുള്ള നീതികേടാണെന്നും അതിനാല്‍ ഇല്‍മുസബബിന്നുസൂല്‍ (അവതരണ പശ്ചാത്തല വിജ്ഞാനീയം) പ്രത്യേകം പഠിക്കപ്പെടേണ്ടതല്ലെന്നുമാണ് ഒരു വാദം. വിശുദ്ധ ഖുര്‍ആനിലെ ഓരോ സൂക്തത്തിനും പ്രത്യേകമായ കാരണവും പശ്ചാത്തലവുമുണ്ടെന്നും അതന്വേഷിക്കല്‍ അനിവാര്യമാണെന്നുമാണ് മറുവാദം. 

സബബുന്നുസൂലിനെ പ്രശ്‌നവല്‍ക്കരിച്ച് നിരാകരിച്ചവര്‍ മുഹമ്മദ് അബ്ദു, 'സയ്യിദ് റശീദ് റിദാ തുടങ്ങിയ ആധുനികരാണ്. പ്രമുഖ ഖുര്‍ആന്‍ പണ്ഡിതന്‍ ഡോ. അബ്ദുല്ലാ ശിഹാത എഴുതുന്നു: 'ശെഖ് മുഹമ്മദ് അബ്ദു അവതരണ പശ്ചാത്തലങ്ങളെ നിസ്സാരമായി ഗണിച്ചയാളാണ്. ശരി തെറ്റുകള്‍ കുടിക്കലര്‍ന്നതുകൊണ്ടും വ്യാജ നിര്‍മിതികള്‍ ഉള്ളതുകൊണ്ടും അദ്ദേഹമതിനെ വല്ലാതെ അവലംബിച്ചിട്ടുമില്ല. യഥാര്‍ഥത്തില്‍, വഹ്‌യിന് സാക്ഷ്യം വഹിച്ച, നബിയുടെ കൂടെ ജീവിച്ച സ്വഹാബികളുടെ കുറ്റമറ്റ നിവേദനങ്ങളാണ് സബബുന്നുസൂല്‍ അറിയാനുള്ള ഏക വഴി. മറ്റാരും കേള്‍ക്കാത്തത് നബിയില്‍നിന്ന് നേരിട്ട് കേട്ടവരാണവര്‍''12 (അവയെ എങ്ങനെ അവഗണിക്കാനാവും?). എല്ലാ സൂക്തത്തിനും പശ്ചാത്തലം തിരഞ്ഞവര്‍ മുന്‍ഗാമികളാണ്. സത്യത്തില്‍ ഈ രണ്ട് ആത്യന്തികതകള്‍ക്കുമിടയിലാണ് ശരിയായ വീക്ഷണം. വിശുദ്ധ ഖുര്‍ആനില്‍ രണ്ട് വിഭാഗം സൂക്തങ്ങളുണ്ട്. കാരണങ്ങളോ പശ്ചാത്തലങ്ങളോ ഇല്ലാതെ ഇറങ്ങിയ സൂക്തങ്ങള്‍. ഇത്തരം സൂക്തങ്ങളാണ് ഏറെയും. അതേസമയം ഒരു സംഭവത്തെയോ, ഒരന്വേഷണത്തെ തുടര്‍ന്നോ ഇറങ്ങിയ സൂക്തങ്ങള്‍. ഇമാം ത്വാഹിര്‍ ബ്‌നു ആശൂര്‍ എഴുതുന്നു: 'ഖുര്‍ആന്‍ വ്യാഖ്യാതക്കളില്‍ നല്ലൊരു വിഭാഗം സൂക്തങ്ങളുടെ അവതരണ പശ്ചാത്തലം തേടിയിറങ്ങിയിട്ടുണ്ട്. അതില്‍ ചില അതിരുകവിയലുകള്‍ സംഭവിച്ചിട്ടുണ്ടെന്നതാണ് വസ്തുത. എത്രത്തോളമെന്നാല്‍ വിശുദ്ധ ഖുര്‍ആനിലെ ഓരോ സൂക്തവും ഒരു നിശ്ചിത കാരണത്തിനായി/ സന്ദര്‍ഭത്തിനായി അവത രിച്ചതാണെന്നു തോന്നിപ്പോകും ചിലരുടെ വ്യഖ്യാനങ്ങളിലൂടെ കണ്ണോടിക്കുമ്പോള്‍. നെല്ലും പതിരും കൂട്ടിച്ചേര്‍ത്ത് തങ്ങള്‍ പറഞ്ഞതിന്റെ വിശ്വാസ്യത കളങ്കപ്പെടുകയാണ് ഫലത്തില്‍ സംഭവിക്കുക. അതേ സമയം ഖുര്‍ആനിലെ ചില സൂക്തങ്ങളില്‍ അവയുടെ അവതരണ പശ്ചാത്തലത്തെ കുറിച്ച സൂചനകളുണ്ടെന്ന വസ്തുതയും നാം വിസ്മരിച്ചുകൂടാ. ഉദ്ധാരകന്‍ മെനഞ്ഞതല്ല മറിച്ച്, സ്ഥിരീകരിക്കപ്പെട്ട നിവേദനങ്ങളിലൂടെ വന്നതാണെന്ന് ബോധ്യപ്പെടുന്ന അവതരണ പശ്ചാത്തലങ്ങ ളുണ്ട്. ഖുര്‍ആനെ പഠിക്കുമ്പോള്‍ സബബുന്നുസൂലുകളെ അവഗണിക്കുന്നതും ഒരു മാനദണ്ഡവുമില്ലാതെ കൈയയച്ച് എല്ലാ സൂക്തങ്ങള്‍ക്കും പശ്ചാത്തലം മെനഞ്ഞെടു ക്കലും ഒരുപോലെ അപകടകരമാണ്'.13
പഠന ഗവേഷണങ്ങളുടെ ഉത്തരാധുനിക പരിസരത്ത് പാഠം (Text), പശ്ചാത്തലം (context), പാഠാന്തരം (inter text), ഉപ പാഠങ്ങള്‍(subtext) തുടങ്ങിയ പദങ്ങള്‍ അപരിചിതങ്ങളല്ല. എന്നല്ല, ഗവേഷണ ഫലങ്ങളുടെ കൃത്യതക്ക് ഇവയുടെ പാരസ്പര്യപഠനങ്ങള്‍ അനുപേക്ഷ ണീയമാണുതാനും. അതിനാല്‍  പ്രമാണങ്ങളുടെ കോണ്‍ടെക്സ്റ്റുകളെ കുറിച്ച പഠനത്തിന്റെ പ്രസക്തി ഈ പുതുകാലത്ത് വൈജ്ഞാനികമായി ബോധ്യപ്പെടുത്തേണ്ട ഒരു കാര്യവുമല്ല. സത്യത്തില്‍, ഇല്‍മുസബബിന്നുസൂല്‍ എന്ന വിജ്ഞാനശാഖയുടെ ഉല്‍പത്തിക്ക് നിദാനം തന്നെ, പൂർവകാല പണ്ഡിതരുടെ ഗവേഷണപരതയും  ദൈവിക വചനങ്ങളെ നന്നായി ഗ്രഹിക്കാനുള്ള അവരുടെ ത്വരയും സംഭവങ്ങളെ ചരിത്ര സന്ദര്‍ഭങ്ങളുമായി ചേര്‍ത്തു വായിക്കാനുള്ള ശ്രമവുമായിരുന്നു. 

'സബബുന്നുസൂല്‍ എന്തുകൊണ്ട് പ്രധാനമാവുന്നു?' എന്ന ചോദ്യത്തിന്  ഇമാം ശാത്വിബിയുടെ മറുപടി ശ്രദ്ധേയമാണ്. അദ്ദേഹം പറയുന്നു: ''ഖുര്‍ആന്‍ ഗ്രഹിക്കാനാഗ്രഹിക്കുന്നവന് രണ്ട് കാരണങ്ങളാല്‍ സബബുന്നുസൂല്‍ പഠിക്കേണ്ടി വരും. ഒന്നാമതായി, വിശുദ്ധ ഖുര്‍ആന്റെ അധ്യായങ്ങള്‍ തമ്മിലും സൂക്തങ്ങള്‍ തമ്മിലുമുള്ള പരസ്പര കോർവയും ഭാഷാശൈലിയുടെ അലങ്കാര ശാസ്ത്രപരമായ അമാനുഷികതകളും ദിവ്യസൂക്തങ്ങളുടെ അവതരണ സന്ദര്‍ഭങ്ങളുമായി / സന്ദര്‍ഭ താല്‍പര്യങ്ങളുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. സംബോധനയുടെ പശ്ചാത്തലം, സംബോധകന്‍, സംബോധിതന്‍ ഇവയനുസരിച്ച് വാചകങ്ങളുടെ ധ്വനിയില്‍ തന്നെ കാര്യമായ മാറ്റങ്ങളുണ്ടാകും. ഉദാഹരണമായി, ചോദ്യരൂപങ്ങളെ എടുക്കുക. ഭാഷയില്‍ ചോദ്യത്തിന്റെ വാചക ഘടന ഒരേ രീതിയിലേ ഉണ്ടാവൂ. എന്നാല്‍ ചോദിക്കപ്പെട്ടവന്റെ സന്ദര്‍ഭമറിയുമ്പോഴേ പ്രസ്തുത ചോദ്യം അന്വേഷണമാണോ സ്ഥിരീകരണത്തിനാണോ നിഷേധത്തിനാണോ ഭയപ്പെടുത്താനാണോ എന്നു വ്യക്തമാവുകയുള്ളൂ. കല്‍പനക്രിയകളും അപ്രകാരം തന്നെ. അനുവദനീയതയെ കുറിക്കുന്നതാണോ ഭീഷണിയുടെ സ്വരമാണോ എന്നറിയുക വാചകത്തിന്റെ പശ്ചാത്തലമറിയുമ്പോള്‍ മാത്രമാണ്. എല്ലാ വാചകങ്ങളും സന്ദര്‍ഭദ്യോതകങ്ങളാവണമെന്നില്ല, വരികളിലൂടെ പശ്ചാത്തലങ്ങള്‍  പ്രകാശിപ്പിക്കപ്പെടണമെന്നുമില്ല. സബബുന്നുസൂലിന്റെ പഠനത്തിലൂടെ മാത്രമേ ഇത്തരം സൂക്തങ്ങളുടെ ശരിയായ ആശയം ഗ്രഹിക്കാനാവൂ! രണ്ടാമതായി, അവതരണ പശ്ചാത്തലങ്ങളെ കുറിച്ചുള്ള അജ്ഞത സൂക്തങ്ങളുടെ ശരിയായ ആശയത്തെക്കുറിച്ച ഒട്ടേറെ സന്ദേഹങ്ങള്‍ക്ക് വഴിമരുന്നിടും.'14
അവതരണ പശ്ചാത്തലം ഗ്രഹിക്കുന്നതിന്റെ പ്രയോജനങ്ങള്‍ എന്ന ശീര്‍ഷകത്തില്‍ മുന്‍ഗാമികള്‍ പറഞ്ഞു വെച്ച കാര്യങ്ങള്‍ ഏതു കാലത്തും പ്രസക്തമാണ്. അവ ഇങ്ങനെ സംഗ്രഹിക്കാം: 

1) ഒരു സംഭവത്തെ / പ്രശ്‌നത്തെ വിലയിരുത്തുകയും ഉചിതമായ നിയമനിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുമ്പോള്‍ ശരീഅത്ത് അനുവര്‍ത്തിക്കുന്ന യുക്തി ദീക്ഷ, പ്രായോഗികത, പൊതു താല്‍പര്യങ്ങളുടെ പരിഗണന എന്നിവ മനസ്സിലാക്കാന്‍  സബബുന്നുസൂലിലൂടെ സാധിക്കുന്നു.

2) ഖുര്‍ആനിക സൂക്തങ്ങളുടെ ശരിയായ ആശയഗ്രഹണത്തിന് പശ്ചാത്തലമറിയല്‍ അനുപേക്ഷണീയമാവും. ഉദാഹരണത്തിലൂടെ ഇത് വ്യക്തമാക്കാം. ഹജ്ജിന്റെയും ഉംറയുടെയും അനിവാര്യ ഘടകങ്ങളിലൊന്നാണ് സ്വഫാ-മർവകള്‍ക്കിടയിലുള്ള ഓട്ടം (സഅ്‌യ്). സഅ്‌യ് സംബന്ധിച്ച ഖുര്‍ആനിക സൂക്തം ഇങ്ങനെയാണ്:
إِنَّ الصَّفَا وَالْمَرْوَةَ مِن شَعَائِرِ اللَّهِۖ فَمَنْ حَجَّ الْبَيْتَ أَوِ اعْتَمَرَ فَلَا جُنَاحَ عَلَيْهِ أَن يَطَّوَّفَ بِهِمَاۚ وَمَن تَطَوَّعَ خَيْرًا فَإِنَّ اللَّهَ شَاكِرٌ عَلِيمٌ ﴿البقرة: 158﴾
(നിശ്ചയം, 'സ്വഫാ'യും 'മർവ'യും അല്ലാഹുവിന്റെ ചിഹ്നങ്ങളില്‍ പെട്ടതാകുന്നു. അതിനാല്‍, അല്ലാഹുവിന്റെ ഭവനത്തില്‍ ഹജ്ജോ ഉംറയോ ചെയ്യുന്നവര്‍ ആ രണ്ടു കുന്നുകള്‍ക്കിടയില്‍ 'സഅ്യ്' നിർവഹിക്കുന്നത് കുറ്റകരമാകുന്ന പ്രശ്നമേയില്ല. ആരെങ്കിലും സ്വയംസന്നദ്ധനായി, തൃപ്തിയോടെ വല്ല നന്മയും ചെയ്യുന്നുവെങ്കില്‍ അല്ലാഹു അതറിയുന്നുണ്ട്. അവന്‍ അതിനെ വിലമതിക്കുന്നവനുമാകുന്നു.)
ഈ സൂക്തത്തില്‍നിന്ന് പ്രത്യക്ഷത്തില്‍ സിദ്ധമാവുന്ന കാര്യം, 'സഅ്‌യ്' ഹജ്ജിന്റെയും ഉംറയുടെയും നിര്‍ബന്ധഘടകമല്ല എന്നാണ്. കാരണം 'ലാജുനാഹ' എന്ന പ്രയോഗം കുറ്റമില്ല എന്ന ആശയത്തെയാണ് ധ്വനിപ്പിക്കുന്നത്. സഅ്‌യിന്റെ അനിവാര്യതയെ ധ്വനിപ്പിക്കുന്ന യാതൊന്നും ഈ സൂക്തത്തിലില്ല. യഥാര്‍ഥത്തില്‍ ഈ സൂക്തം സഅ്‌യ് എന്ന കര്‍മത്തിന്റെ വിധി പറയാന്‍ അവതരിച്ചതല്ല, മറിച്ച് മുസ്‌ലിംകള്‍ക്കുണ്ടായിരുന്ന ഒരു സന്ദേഹത്തെ / ആശങ്കയെ നീക്കുവാന്‍ അവതീര്‍ണമായ താണ് എന്ന് മനസ്സിലാവുക അവതരണ പശ്ചാത്തലം ഗ്രഹിക്കുമ്പോള്‍ മാത്രമാണ്. അക്കാര്യം ഇമാം മൗദൂദി വിശദമാക്കുന്നു: 'സ്വഫാ'യും 'മർവ'യും മസ്ജിദുല്‍ ഹറാമിന്റെ അടുത്തുള്ള രണ്ടു ചെറിയ കുന്നുകളാണ്. അവക്കിടയില്‍ ഓടുന്നത്, ഹജ്ജ് സംബന്ധിച്ച് അല്ലാഹു ഇബ്റാഹീ(അ)മിന് പഠിപ്പിച്ചിരുന്ന കര്‍മങ്ങളില്‍ പെട്ടതായിരുന്നു. കാലാന്തരത്തില്‍ മക്കയിലും പരിസരപ്രദേശങ്ങളിലും ശിര്‍ക്ക് പരമായ അജ്ഞതകള്‍ വ്യാപിച്ചതോടെ സ്വഫായില്‍ 'അസാഫ് എന്നും മർവയില്‍ 'നാഇല' എന്നും പേരുള്ള ബിംബങ്ങള്‍ പ്രതിഷ്ഠിക്കപ്പെടുകയും അവക്കു ചുറ്റും പ്രദക്ഷിണം നടത്തിവരുകയും ചെയ്തു. പിന്നീട് നബി (സ) തിരുമേനി മുഖേന അറബികള്‍ക്ക്  ഇസ്ലാമിന്റെ വെളിച്ചം ലഭിച്ചപ്പോള്‍ സ്വഫായുടെയും മർവയുടെയും ഇടക്കുള്ള ഓട്ടം ഹജ്ജിന്റെ സാക്ഷാല്‍ കര്‍മങ്ങളില്‍പെട്ടതോ, അതല്ല ബഹുദൈവ വിശ്വാസത്തിന്റെ സൃഷ്ടിയോ എന്നും, ഈ ഓട്ടം വഴി തങ്ങള്‍ ശിര്‍ക്കുപരമായ കര്‍മം നിർവഹിക്കുന്നവരായേക്കുമോ എന്നുമുള്ള സംശയം മുസ്ലിംകളുടെ ഹൃദയങ്ങളെ അലട്ടാന്‍ തുടങ്ങി. മാത്രമല്ല, സ്വഫാ-മർവാ പ്രദക്ഷിണത്തില്‍, മുമ്പുതന്നെ മദീനാ നിവാസികള്‍ക്ക് വൈമനസ്യമുണ്ടായിരുന്നുവെന്നും ആഇശ(റ)യുടെ റിപ്പോ ര്‍ട്ടില്‍നിന്ന് മനസ്സിലാകുന്നുണ്ട്. കാരണം, അവര്‍ 'മനാത്തി'(ഒരു ബിംബത്തിന്റെ പേര്)ന്റെ ഭക്തരും 'അസാഫി'ലും 'നാഇല'യിലും വിശ്വാസമില്ലാത്തവരുമായിരുന്നു. ഇക്കാരണങ്ങളാല്‍, മസ്ജിദുല്‍ ഹറാമിനെ ഖിബ്ലയായി നിശ്ചയിക്കുന്ന സന്ദര്‍ഭത്തില്‍, സ്വഫാ-മർവായെ സംബന്ധിച്ച് അവരില്‍ കടന്നുകൂടിയിരുന്ന തെറ്റിദ്ധാരണകള്‍ നീക്കംചെയ്യുകയും അവക്കിടയില്‍ ഓടുന്നത് ഹജ്ജിന്റെ സാക്ഷാല്‍ ചടങ്ങുകളില്‍ പെട്ടതാണെന്നും ആ സ്ഥാനങ്ങള്‍ക്കുള്ള മഹത്വം അജ്ഞാന കാലത്ത് കെട്ടിച്ചമച്ചതല്ല, അല്ലാഹുതന്നെ നിശ്ചയിച്ചതാണെന്നും അവരെ അറിയിക്കുകയും ചെയ്യേണ്ടത് ആവശ്യമായിത്തീര്‍ന്നു.''15

3) വിശുദ്ധ ഖുര്‍ആനില്‍ വന്നിട്ടുള്ള വിധികളില്‍ പൊതുവായത് ഏത്, പ്രത്യേകമായത് ഏത് എന്ന് നിജപ്പെടുത്തുന്നതില്‍ അവതരണ പശ്ചാത്തലം നിര്‍ണായക പങ്കു വഹിക്കുന്നു.
4) കര്‍മശാസ്ത്ര വിധികള്‍ ശരിയാംവണ്ണം ഗ്രഹിക്കുകയെന്നതിലുപരി വിശുദ്ധ ഖുര്‍ആന്റെ സത്യസന്ധമായ വായനക്കും സബബുന്നുസൂല്‍ അറിയല്‍ അനിവാര്യമായിത്തീരാറുണ്ട്. നടപ്പു കാലത്ത് ഖുര്‍ആനെതിരെ  ഉന്നയിക്കപ്പെടുന്ന വ്യാജാരോപണങ്ങളില്‍ പലതും സന്ദര്‍ഭനിരപേക്ഷമായി ഖുര്‍ആനിക സൂക്തങ്ങളെ വായിക്കുന്നതിന്റെ പ്രശ്‌നമാണ്. പശ്ചാത്തലം ഗ്രഹിക്കുന്നതോടുകൂടി തീരാവുന്നതേയുള്ളൂ ഈ അബദ്ധസന്ദേഹങ്ങള്‍. വിശുദ്ധ ഖുര്‍ആന്‍ അമുസ്‌ലിം ഹത്യക്ക് പ്രേരിപ്പിക്കുന്നുവെന്ന പേരില്‍ കൊല്‍ക്കത്ത ഹൈക്കോടതിയില്‍ ഒരു കേസ് വന്നിരുന്നു. ഖുര്‍ആനിലെ ചില സൂക്തങ്ങള്‍ സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തിയെടുത്തായിരുന്നു ഈ വ്യാജം ചമച്ചത്. യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ അവതീര്‍ണമായ സൂക്തങ്ങള്‍ മുന്നും പിന്നും പറയാതെയും, അവതരണ സന്ദര്‍ഭം വ്യക്തമാക്കാതെയും നിരത്തുമ്പോള്‍ സംഭവിക്കുന്ന അനര്‍ഥങ്ങള്‍ക്ക് പരിധിയുണ്ടാവില്ലല്ലോ! നബി (സ)യുടെ വൈവാഹിക ജീവിതവുമായി ബന്ധപ്പെട്ട് ഇറങ്ങിയ സൂക്തങ്ങളും ഇതേപോല വക്രീകരിക്കുന്നത് വിമര്‍ശകരുടെ പതിവാണ്.

ചുരുക്കത്തില്‍, ആഴമുള്ള ഖുര്‍ആന്‍ പഠനത്തിന് അനിവാര്യമാണ് 'സബബുന്നുസൂലുകളറിയുകയെന്നത്. പ്രമാണവും പ്രമാണ സന്ദര്‍ഭവും അവയുടെ ചരിത്രപരതയും സമാന സംഭവങ്ങളോട് പ്രമാണങ്ങളെ ചേര്‍ത്തുവെക്കാനുള്ള ന്യായാധീകരണ ക്ഷമതയും മറ്റ്  ഉപപാഠങ്ങളുടെ നിര്‍മിതിയും ഈ ചരിത്ര പശ്ചാത്തലങ്ങളിലൂടെ മാത്രമേ പഠിതാവിന് ലഭിക്കൂ.

العبرة بعموم اللفظ لا بخصوص السبب 
(പ്രമാണ വാക്യങ്ങളുടെ  പൊതു ആശയമാണ് പരിഗണിക്കപ്പെടേണ്ടത്, അവ അവതരിക്കപ്പെട്ട സവിശേഷമായ കാരണമല്ല) സബബുന്നുസൂലുകളെക്കുറിച്ച പഠനത്തില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ് മേല്‍ പറയപ്പെട്ട നിദാനശാസ്ത്ര തത്വം. ഒരു പ്രത്യേക സംഭവത്തിന്റെ പശ്ചാത്തലത്തില്‍ അല്ലെങ്കില്‍ ഒരു പ്രത്യേക കാരണത്താല്‍ തദ്‌സംബന്ധിയായ നിയമം ഉള്‍ക്കൊള്ളുന്ന സൂക്തം അവതരിക്കുന്നുവെന്ന് കരുതുക. ഈ വിധി ആ സംഭവത്തില്‍ മാത്രം പരിമിതമാണോ അതല്ല, പൊതു സ്വഭാവം കൈവരിക്കുമോ എന്ന ചര്‍ച്ച പണ്ഡിതര്‍ക്കിടയിലുണ്ട്. പ്രസ്തുത നിയമം ആ പ്രത്യേക സംഭവത്തിന് മാത്രമായി നിജപ്പെടുത്തുന്ന ഖണ്ഡിതമായ പ്രമാണങ്ങള്‍ ഇല്ലാത്ത കാലത്തോളം ആ നിയമം പൊതു സ്വഭാവം കൈവരിക്കുമെന്ന നിലപാടുള്ളവരാണ് ഭൂരിപക്ഷം പണ്ഡിതരും. അതാണ് ശരിയായ നിലപാട്. ഇമാം ഇബ്‌നുതൈമിയ പറഞ്ഞതുപോലെ വിശുദ്ധ ഖുര്‍ആന്റെ സാർവകാലികതക്ക് നിരക്കാത്തതാണ് വിധികള്‍ ഹേതുവായ സംഭവങ്ങള്‍ക്ക് മാത്രം പരിമിതമാണെന്ന വാദം.

വിശുദ്ധ ഖുര്‍ആനിലെ ഒട്ടു വളരെ വിധികള്‍ സവിശേഷമായ സന്ദര്‍ഭങ്ങളില്‍ അവതരിക്കപ്പെട്ടതാണ്. ആ വിധികള്‍ സമാനമായ മറ്റു സന്ദര്‍ഭങ്ങളിലേക്ക് വിട്ടു കടക്കാത്ത വിധം, അവതീര്‍ണമായ സംഭവത്തില്‍ മാത്രം പരിമിതമാണെന്ന വാദം യുക്തിസഹമല്ലല്ലോ! ഉദാഹരണത്തിന് 'ളിഹാറി'ന്റെ വിധി വിവരിക്കുന്ന സൂക്തം. സൂക്തം അവതരിക്കാന്‍ ഹേതുവായ സലമത്ത് ബ്‌നു സഖ്‌റിനു മാത്രമല്ലല്ലോ ഈ വിധി ബാധകമാവുക. പിന്നീടുണ്ടാകുന്ന ഏത് 'ളിഹാറി'നും ഇത് ബാധകമാകും. (ഹിലാല് ബ്‌നു ഉമയ്യയുമായി ബന്ധപ്പെട്ട് അവതരിച്ച 'ലിആനി'ന്റെ വിധി, വ്യഭിചാരാരോപണവുമായി ബന്ധപ്പെട്ട വിധികള്‍  തുടങ്ങിയവ മറ്റു ചില ഉദാഹരണങ്ങളാണ്.) 

സമാപനം
ഇസ്‌ലാമിക വിജ്ഞാനീയങ്ങളുടെ ചരിത്രം പരിശോധിക്കുമ്പോള്‍ പ്രാമാണികരായ പണ്ഡിതര്‍ സബബുന്നുസൂലുകളെ കുറിച്ച പഠനങ്ങളില്‍ ഏറെ ശ്രദ്ധ പുലര്‍ത്തിയതായി കാണാം. ഇമാം ബുഖാരിയുടെ ഗുരുവര്യനായ അലിയ്യുബ്‌നുല്‍ മദീനി, ഖുര്‍ആന്‍ വ്യാഖ്യാതാവായ അബുല്‍ ഹസന്‍ അലിയ്യ് ബ്‌നു അഹ്‌മദ് (അല്‍ വാഹിദി, മരണം: ഹി: 427), ഇബ്ന്‍ ഹജറില്‍ അസ്ഖലാനി, ഇമാം സുയൂത്വി തുടങ്ങിയ പ്രമുഖര്‍ ഇവ്വിഷയകമായി സ്വതന്ത്ര രചനകള്‍ നിർവഹിച്ചവരാണ്. അസ്ബാബുന്നുസൂലുമായി ബന്ധപ്പെട്ട പൗരാണികവും ആധുനികവുമായ ചില പ്രമുഖ രചനകള്‍ ചുവടെ:

കുറിപ്പുകള്‍ 
1. أسباب نزول القرآن للإمام علي بن أحمد الواحدي (ت468هـ)
2. العُجابُ في بيان الأسباب للحافظ المحدث أحمد بن علي بن حجر العسقلاني (ت852هـ)
3. لباب النقول في أسباب النزول لجلال الدين السيوطي (ت911هـ)
4. تسهيل الوصول إلى معرفة أسباب النزول، لخالد عبدالرحمن العك.
5. الصحيح المسند من أسباب النزول للشيخ مقبل بن هادي الوادعي.
6. الاستيعاب في بيان الأسباب، تأليف سليم الهلالي ومحمد موسى آل نصر
7. المحرر في أسباب نزول القرآن في الكتب التسعة للدكتور خالد المزيني.
8. صحيح أسباب النزول لإبراهيم محمد العلي.
9. الصحيح من أسباب النزول، للدكتور عصام بن عبدالمحسن الحميدان.
10. الجامع في أسباب النزول، جمعه ورتبه حسن عبدالمنعم شلبي.

അവലംബം
1. فصول في علو م القرآن . د. عدنان زرزور ص: 14/  مباحث في علوم القرآن، مناع القطان , ص: 77 
2. .صحيح البخاري , رقم الحديث : 4770 
3. رواه البخاري :  97 ، ومسلم :  154.
4. الإتقان للسيوطي ، ج: 1 ,  ص : 27
5. الإتقان للسيوطي ،ج: 1,  ص : 31 
6. أسباب النزول , الإمام أبو الحسن علي بن أحمد الواحدي ا, ص : 3 .
7. الإتقان للسيوطي ،ج: 1,  ص : 31 
8. أسباب النزول , الإمام أبو الحسن علي بن أحمد الواحدي ا, ص : 6 .
9. مباحث في علوم القرآن، مناع القطان , ص: 85-86 . 
10. الإمام بدر الدين الزركشي, البرهان في علوم القرآن،ج : 1، ص : 29 
11. محمد عبد العظيم الزرقاني , مناهل العرفان في علوم القرآن ج: 1 , ص : 111
12. د. عبد الله محمود شحاتة ،علوم القرآن : ص: 89.
13. الإمام محمد الطاهر بن عاشور, التحرير والتنوير , دار سحنون - تونس - 1997 م ، ج:1, ص : 46
14. الإمام الشاطبي ، الموافقات (الطبعة الأولى)، دار ابن عفان، صفحة 146، جزء 4. 
15.    അബുല്‍ അഅ്ലാ മൗദൂദി, തഫ്ഹീമുല്‍ ഖുര്‍ആന്‍, വാള്യം: 1 പേജ്: 119

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top