'ദീനെ ഇബ്‌റാഹീമി' ; ഗൂഢലക്ഷ്യത്തോടെയുള്ള സാങ്കേതിക പദപ്രയോഗം

സലീല‌‌
img

ചിന്തകരും അഭ്യസ്തവിദ്യരും നേരിടുന്ന ഏറ്റവും വലിയ ധൈഷണിക വെല്ലുവിളി സാങ്കേതിക പദപ്രയോഗങ്ങളുടെ മേഖലയിലാണെന്നു കാണാം. അതിന്റെ കെണിയില്‍ സവിശേഷര്‍ മാത്രമല്ല, സാധാരണക്കാരും വീണുപോകുന്ന അവസ്ഥയാണുള്ളത്. ഒരു സാങ്കേതിക പദം പ്രയോഗത്തില്‍ വരുമ്പോള്‍ അതിന്റെ യഥാര്‍ഥ ലക്ഷ്യം ആദ്യത്തില്‍ വെളിപ്പെടണമെന്നില്ല. ഭാവിയില്‍ പ്രയോഗ സാധുത കൈവരുന്നതോടെ അതിനുപിന്നിലെ ചിന്തകള്‍ സമൂഹത്തില്‍ മേല്‍ക്കൈ നേടുന്നു.

'ഇബ്‌റാഹീമീ മതങ്ങള്‍' 'മതങ്ങളുടെ ഐക്യം' 'സാർവലൗകിക മതം' മുതലായവ കഴിഞ്ഞ നൂറ്റാണ്ടിന്റെ ഒടുവില്‍ പ്രചുരമായ വാക്കുകളാണ്. പ്രത്യക്ഷത്തില്‍ സ്വീകാര്യവും പഥ്യവുമായ വാക്കുകളാണവ. സഹവര്‍ത്തിത്വം, സമാധാനം, വേദവിശ്വാസികളുമായി പുണ്യത്തിന്റെയും നീതിയുടെയും അടിസ്ഥാനത്തിലുള്ള ഇടപഴക്കം മുതലായവയാണ് അതിലൂടെ വിവക്ഷിക്കുന്നത്. പ്രസ്തുത ലക്ഷ്യങ്ങള്‍ ഖുര്‍ആന്‍ മുന്നോട്ടുവെച്ച ഉത്തരവാദിത്വ പൂര്‍ണമായ കരാറി നു കീഴില്‍ വരുന്നതാണ്.

എന്നാല്‍, ഇസ്‌ലാമിക ശരീഅത്തുമായി വിയോജിക്കാത്ത മേല്‍ പറഞ്ഞ നല്ല ആശയങ്ങളെ സംവാദസാധ്യതകള്‍ക്കപ്പുറം, വിവിധ മതങ്ങളെ സമന്വയിപ്പിക്കാനുള്ള മാധ്യമമായി ദുരുപയോഗിച്ചുവരുന്നുണ്ട്. അതുവഴി ഇസ് ലാമിന്റെ അടിസ്ഥാന ആദര്‍ശവാക്യമായ 'ലാ ഇലാഹ ഇല്ലല്ലാഹ്, മുഹമ്മദുര്‍റസൂലുല്ലാഹ്' അട്ടിമറിക്കപ്പെടുകയും യഹൂദ- ക്രൈസ്തവ വിശ്വാസങ്ങളിലൂടെയും അല്ലാഹുവിന്റെ പ്രീതി നേടാം എന്ന പ്രതീക്ഷ ജനിപ്പിക്കുകയും ചെയ്യുന്നു. ഇവരുടെ വാദമനുസരിച്ച് യഹൂദ-ക്രൈസ്തവ-ഇസ്‌ലാം മതങ്ങള്‍ തമ്മില്‍ വ്യത്യാസമില്ല. എന്നാല്‍ ഖുര്‍ആന്‍ പറയുന്നതാവട്ടെ ഇങ്ങനെയാണ്:
وَمَن يَبْتَغِ غَيْرَ الْإِسْلَامِ دِينًا فَلَن يُقْبَلَ مِنْهُ وَهُوَ فِي الْآخِرَةِ مِنَ الْخَاسِرِينَ ﴿٨٥﴾
(ആരെങ്കിലും ഇസ്‌ലാമിനെ അല്ലാതെ ദീനായി ആഗ്രഹിച്ചാല്‍ അത് അവനില്‍നിന്ന് സ്വീകരിക്കപ്പെടില്ല തന്നെ. അവന്‍ പരലോകത്ത് നഷ്ടകാരികളില്‍ പെട്ടവനായിരിക്കുകയും ചെയ്യും -ആലുഇംറാന്‍ 85).

മുസ്‌ലിംകള്‍ തങ്ങളുടെ ആദര്‍ശത്തിന്റെ അപ്രമാദിത്വ വാദത്തില്‍നിന്ന് താഴോട്ടിറങ്ങുകയും ചുരുങ്ങിയ പക്ഷം യഹൂദ-ക്രൈസ്തവ മതങ്ങളെ പാരത്രിക മോക്ഷത്തിന്റെ മാനദണ്ഡമായി അംഗീകരിക്കുകയും വേണമെന്നാണ് പ്രസ്തുത നിലപാടുകള്‍ മുന്നോട്ടുവെക്കുന്നത്. ഈ വാദം ഉന്നയിക്കപ്പെട്ടപ്പോള്‍ ഖുര്‍ആന്‍ നല്‍കിയ മറുപടി ഇങ്ങനെ:
وَقَالُوا كُونُوا هُودًا أَوْ نَصَارَىٰ تَهْتَدُواۗ قُلْ بَلْ مِلَّةَ إِبْرَاهِيمَ حَنِيفًاۖ وَمَا كَانَ مِنَ الْمُشْرِكِينَ ﴿١٣٥﴾ 
 (അവര്‍- യഹൂദരും ക്രൈസ്തവരും- പറഞ്ഞു: നിങ്ങള്‍ യഹൂദികളോ ക്രൈസ്തവരോ ആവുക, എങ്കില്‍ നിങ്ങള്‍ സന്മാര്‍ഗികളാവും. നബിയേ: താങ്കള്‍ പറയുക. 'അതല്ല വക്രതയില്ലാത്ത ശുദ്ധ മനസ്‌കനായിരുന്ന ഇബ്‌റാഹീമിന്റെ മാര്‍ഗമാണ് (പിന്‍പറ്റേണ്ടത്). അദ്ദേഹം ബഹുദൈവ വിശ്വാസികളില്‍ പെട്ടവനായിരുന്നില്ല -ബഖറ: 135).
തങ്ങള്‍ ഇബ്‌റാഹീമീ മില്ലത്തിലാണെന്ന മക്കയിലെ ബഹുദൈവവിശ്വാസികളുടെ വാദത്തെ ഖുര്‍ആന്‍ അംഗീകരിച്ചില്ല. കാരണം ഇബ്‌റാഹീമീ മില്ലത്ത് തൗഹീദിലും എല്ലാ നബിമാരിലും അധിഷ്ഠിതമായ വിശ്വാസമാണ്. യഹൂദികളും ക്രൈസ്തവരും ബഹുദൈവത്വത്തില്‍ അകപ്പെട്ടു. നബിമാരെ കളവാക്കി. ബഖറ 135-141 സൂക്തങ്ങള്‍ അവരുടെ അവകാശ വാദത്തെ നിരാകരിക്കുന്നവയാണ്......
قُولُوا آمَنَّا بِاللَّهِ وَمَا أُنزِلَ إِلَيْنَا وَمَا أُنزِلَ إِلَىٰ إِبْرَاهِيمَ وَإِسْمَاعِيلَ وَإِسْحَاقَ وَيَعْقُوبَ وَالْأَسْبَاطِ وَمَا أُوتِيَ مُوسَىٰ وَعِيسَىٰ وَمَا أُوتِيَ النَّبِيُّونَ مِن رَّبِّهِمْ لَا نُفَرِّقُ بَيْنَ أَحَدٍ مِّنْهُمْ وَنَحْنُ لَهُ مُسْلِمُونَ ﴿١٣٦﴾ فَإِنْ آمَنُوا بِمِثْلِ مَا آمَنتُم بِهِ فَقَدِ اهْتَدَواۖ وَّإِن تَوَلَّوْا فَإِنَّمَا هُمْ فِي شِقَاقٍۖ فَسَيَكْفِيكَهُمُ اللَّهُۚ وَهُوَ السَّمِيعُ الْعَلِيمُ ﴿١٣٧﴾ صِبْغَةَ اللَّهِۖ وَمَنْ أَحْسَنُ مِنَ اللَّهِ صِبْغَةًۖ وَنَحْنُ لَهُ عَابِدُونَ ﴿١٣٨﴾ قُلْ أَتُحَاجُّونَنَا فِي اللَّهِ وَهُوَ رَبُّنَا وَرَبُّكُمْ وَلَنَا أَعْمَالُنَا وَلَكُمْ أَعْمَالُكُمْ وَنَحْنُ لَهُ مُخْلِصُونَ ﴿١٣٩﴾ أَمْ تَقُولُونَ إِنَّ إِبْرَاهِيمَ وَإِسْمَاعِيلَ وَإِسْحَاقَ وَيَعْقُوبَ وَالْأَسْبَاطَ كَانُوا هُودًا أَوْ نَصَارَىٰۗ قُلْ أَأَنتُمْ أَعْلَمُ أَمِ اللَّهُۗ وَمَنْ أَظْلَمُ مِمَّن كَتَمَ شَهَادَةً عِندَهُ مِنَ اللَّهِۗ وَمَا اللَّهُ بِغَافِلٍ عَمَّا تَعْمَلُونَ ﴿١٤٠﴾ تِلْكَ أُمَّةٌ قَدْ خَلَتْۖ لَهَا مَا كَسَبَتْ وَلَكُم مَّا كَسَبْتُمْۖ وَلَا تُسْأَلُونَ عَمَّا كَانُوا يَعْمَلُونَ ﴿١٤١﴾
'നിങ്ങള്‍ പറയുക: അല്ലാഹുവിലും അവങ്കല്‍നിന്ന് ഞങ്ങള്‍ക്ക് അവതരിപ്പിച്ചു കിട്ടിയതിലും ഇബ്‌റാഹീമിനും ഇസ്മാഈലിനും ഇസ്ഹാഖിനും യഅ്ഖൂബിനും യഅ്ഖൂബ് സന്തതികള്‍ക്കും അവതരിപ്പിച്ചു കൊടുത്തതിലും മൂസാ, ഈസാ എന്നിവര്‍ക്ക് നല്‍കപ്പെട്ടതിലും സർവപ്രവാചകന്മാര്‍ക്കും അവരുടെ രക്ഷിതാവിങ്കല്‍നിന്ന് നല്‍കപ്പെട്ടതി(സന്ദേശങ്ങളി)ലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. അവരില്‍ ആര്‍ക്കിടയിലും ഞങ്ങള്‍ വിവേചനം കല്‍പിക്കുന്നില്ല. ഞങ്ങള്‍ അവന്ന് (അല്ലാഹുവിന്) കീഴ്‌പ്പെട്ടു ജീവിക്കുന്നവരുമാകുന്നു. നിങ്ങള്‍ ഈ വിശ്വസിച്ചതുപോലെ അവരും വിശ്വസിച്ചിരുന്നാല്‍ അവര്‍ നേര്‍മാര്‍ഗത്തിലായിക്കഴിഞ്ഞു. അവര്‍ പിന്തിരിഞ്ഞു കളയുകയാണെങ്കിലോ അവരുടെ നിലപാട് കക്ഷിമാത്സര്യം മാത്രമാകുന്നു. അവരില്‍നിന്ന് നിന്നെ സംരക്ഷിക്കാന്‍ അല്ലാഹു മതി. അവന്‍ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമത്രെ. അല്ലാഹു നല്‍കിയ 'വര്‍ണ'മാകുന്നു (നമ്മുടേത്). അല്ലാഹുവെക്കാള്‍ നന്നായി 'വര്‍ണം' നല്‍കുന്നവര്‍ ആരുണ്ട്? അവനെയാകുന്നു ഞങ്ങള്‍ ഇബാദത്തു ചെയ്യുന്നത്. (നബിയേ) പറയുക: അല്ലാഹുവിന്റെ കാര്യത്തില്‍ നിങ്ങള്‍ ഞങ്ങളോട് തര്‍ക്കിക്കുകയാണോ? അവന്‍ ഞങ്ങളുടെയും നിങ്ങളുടെയും രക്ഷിതാവാണല്ലോ? ഞങ്ങള്‍ക്കുള്ളത് ഞങ്ങളുടെ കര്‍മ(ഫല)ങ്ങളാണ്. നിങ്ങള്‍ക്കുള്ളത് നിങ്ങളുടെ കര്‍മ(ഫല)ങ്ങളും. ഞങ്ങള്‍ അവനോട് ആത്മാര്‍ഥത പുലര്‍ത്തുന്നവരുമാകുന്നു. അതല്ല, ഇബ്‌റാഹീമും ഇസ്മാഈലും ഇസ്ഹാഖും യഅ്ഖൂബും യഅ്ഖൂബ് സന്തതികളുമെല്ലാം തന്നെ യഹൂദരോ ക്രൈസ്തവരോ ആയിരുന്നു എന്നാണോ നിങ്ങള്‍ പറയുന്നത്? (നബിയേ), ചോദിക്കുക: നിങ്ങള്‍ക്കാണോ കൂടുതല്‍ അറിവുള്ളത്? അതോ, അല്ലാഹുവിനോ? അല്ലാഹുവിങ്കല്‍നിന്ന് ലഭിച്ചതും തന്റെ പക്കലുള്ളതുമായ സാക്ഷ്യം മറച്ചുവെച്ചവനെക്കാള്‍ വലിയ അതിക്രമികാരി ആരുണ്ട്? നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റിയൊന്നും അല്ലാഹു അശ്രദ്ധനല്ല. അത് കഴിഞ്ഞുപോയ ഒരു സമുദായമാകുന്നു. അവര്‍ പ്രവര്‍ത്തിച്ചതിന്റെ ഫലം അവര്‍ക്കാകുന്നു. നിങ്ങള്‍ പ്രവര്‍ത്തിച്ചതിന്റെ ഫലം നിങ്ങള്‍ക്കും. അവര്‍ പ്രവര്‍ത്തിച്ചിരുന്നതിനെപ്പറ്റി നിങ്ങള്‍ ചോദ്യം ചെയ്യപ്പെടുന്നതല്ല.

മുകളിലെ സൂക്തങ്ങളില്‍ സന്മാര്‍ഗത്തിന്റെ വഴി ഏകമാണെന്നാണ് ഖുര്‍ആന്‍ സ്ഥാപിക്കുന്നത്. മുസ്‌ലിംകളുടെ അതേ രീതിയില്‍ യഹൂദരും ക്രൈസ്തവരും തൗഹീദ് അംഗീകരിക്കുകയും മുഹമ്മദ് നബിയെ അന്ത്യപ്രവാചകനായി വിശ്വസിക്കുകയും വേണമെന്നാണ് പഠിപ്പിക്കുന്നത്.
സത്യത്തെ അസത്യവുമായി കൂട്ടിക്കലര്‍ത്തുന്നതിനെ ഖുര്‍ആന്‍ 'ലബ്‌സ്' എന്നാണ് വിളിച്ചിരിക്കുന്നത്.
وَلَا تَلْبِسُوا الْحَقَّ بِالْبَاطِلِ وَتَكْتُمُوا الْحَقَّ وَأَنتُمْ تَعْلَمُونَ ﴿٤٢﴾
(നിങ്ങള്‍ അറിഞ്ഞുകൊണ്ട് സത്യത്തെ അസത്യവുമായി കൂട്ടിക്കലര്‍ത്തുകയോ സത്യം മറച്ചുവെക്കുകയോ അരുത് -ബഖറ: 42). ഈ സൂക്തം വിശദീകരിച്ചുകൊണ്ട് ഖതാദ(റ) പറയുന്നു:
لا تلبسوا اليهوديّة والنصرانية بالإسلام إن دين الله الإسلام واليهودية والنصرانيّة بدعة ليست من الله
'യഹൂദ-ക്രൈസ്തവ മതങ്ങളെ നിങ്ങള്‍ ഇസ്‌ലാമുമായി കൂട്ടിക്കലര്‍ത്തരുത്. യഹൂദ-ക്രൈസ്തവ മതങ്ങള്‍ ബിദ്അത്താണ്. അവ അല്ലാഹുവില്‍നിന്നുള്ളവയല്ല' (തഫ്‌സീറുബ്‌നി അബീഹാതിം 1/98).

ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യ(റ) എഴുതുന്നു. 'വഴികള്‍ വ്യത്യസ്തമാണെങ്കിലും ആരാധ്യന്‍ ഒന്നു തന്നെ അഥവാ ദുര്‍ബലപ്പെടുത്തപ്പെട്ട യഹൂദ-ക്രൈസ്തവ ശരീഅത്തുകള്‍ ഉള്‍ക്കൊള്ളുന്ന വാക്കുകളും പ്രവൃത്തികളും അല്ലാഹുവിലേക്ക് എത്തിക്കും എന്നു വിശ്വസിക്കുക, അല്ലാഹുവിന്റെ ദീനിന് വിരുദ്ധമായ ചില കാര്യങ്ങള്‍ നല്ലതായി അംഗീകരിക്കുക, അവ മതമായി ആചാരാനുഷ്ഠാനങ്ങളില്‍ ഉള്‍പ്പെടുത്തുക, അല്ലാഹുവിനെയും മുഹമ്മദ് നബി(സ)യെയും ഖുര്‍ആനെയും ഇസ് ലാമിനെയും നിഷേധിക്കലായി മാറുന്ന മറ്റു വല്ലതും ചെയ്യുക മുതലായവയെല്ലാം അത്തരം വിഭാഗങ്ങളുമായി അടിസ്ഥാനപരമായി സദൃശരാവുക, പങ്കാളികളാവുക എന്നതു തന്നെയാകുന്നു. (ഇഖ്തിദാഉസ്സ്വിറാത്തില്‍ മുസ്തഖീം 1/540).

ശൈഖ് ബക്ര്‍ അബൂസൈദ് (റ) എഴുതുന്നു. 'ഇത്തരം വാദങ്ങള്‍ തത്വശാസ്ത്രപരമാണ്, രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണ്, നിരീശ്വര-നിര്‍മതാധിഷ്ഠിതമാണ്. എല്ലാം ഒരേ വസ്ത്രം അണിഞ്ഞു രംഗത്തുവരികയാണ്. മുസ്‌ലിംകളോട് ആശയപരമായും ഭൂമിശാസ്ത്രപരമായും അധികാരപരമായും പ്രതികാരം ചെയ്യുകയാണ് ലക്ഷ്യം. അവരുടെ

പ്രധാന ഉദ്ദേശ്യങ്ങള്‍ താഴെ:
1. ഇസ്‌ലാമിനെ സംബന്ധിച്ച സംശയങ്ങളുണ്ടാക്കുക, മുസ്‌ലിംകളെ ചഞ്ചലചിത്തരാക്കുക, അവരെ ഇഛകളാല്‍ ഭ്രമിപ്പിക്കുക, അതുവഴി അവരിലെ ആത്മവിശ്വാസം കെടുത്തുക എന്നതാണ് അവര്‍ ലാക്കാക്കുന്നത്.
2. ഇസ്‌ലാമിന്റെ വളര്‍ച്ചയെയും വ്യാപന ശേഷിയെയും തടഞ്ഞുവെക്കുക.
3. ഇസ്‌ലാമിനെ അടിയോടെ തകര്‍ക്കുക, മുസ്‌ലിംകളുടെ ഹൃദയങ്ങളില്‍നിന്ന് ഈമാന്‍ എടുത്തുകളയുക, അതിനെ കുഴിച്ചുമൂടുക.
4. സത്യനിഷേധികളെന്ന് അല്ലാഹു വിധിയെഴുതിയവരെ അങ്ങനെ വിളിക്കുന്നതില്‍നിന്ന് മുസ്‌ലിംകളെ തടയുക.
5. സർവമത സത്യവാദത്തിന്റെ ലേബലില്‍ ഇസ്‌ലാമിനെതിരെ വിദ്വേഷം വളര്‍ത്തുക, ഇസ്‌ലാമിക ലോകത്തെ ഇസ്‌ലാം ആചരണത്തില്‍നിന്ന് മുക്തമാക്കുക, ജീവിതത്തില്‍നിന്ന് ഖുര്‍ആനെയും സുന്നത്തിനെയും മാറ്റിനിര്‍ത്തുക, മുസ്‌ലിംകളെ ശത്രുക്കള്‍ക്ക് പാകപ്പെടുത്തിക്കൊടുക്കുക, തങ്ങള്‍ക്ക് ലോകനേതൃത്വത്തിലേക്ക് എത്തുന്നതിന് വിഘാതമാവുന്ന എല്ലാം ഒതുക്കുക, മുസ് ലിംകളെ ശത്രുക്കള്‍ ചൊല്ലിക്കൊടുക്കുന്നത് ഏറ്റുവാങ്ങാന്‍ സജ്ജരാക്കുക- ഇതെല്ലാം സാധ്യമായാല്‍ ഒരുവിധ പ്രതിരോധവും ഭയക്കാതെ ലോകനേതൃത്വത്തിലെത്താം എന്നവര്‍ കണക്കുകൂട്ടുന്നു.
6. ഇസ്‌ലാമിന്റെ മൗലികതയെയും മികവിനെയും വ്യതിരിക്തതയെയും ന്യൂനീകരിക്കുന്നതിലൂടെ, ഇന്നേവരെ ഭേദഗതികള്‍ക്ക് വിധേയമാവാത്ത സുഘടിതമായ ഇസ്‌ലാമിനെ ഭേദഗതികള്‍ക്കു വിധേയവും കാലഹരണപ്പെട്ടതുമായ (മന്‍സൂഖ്) മതങ്ങള്‍ക്ക് സമാനമായി അവതരിപ്പിക്കുകയാണ് സൂത്രം. അതിലുപരി വിഗ്രഹാരാധനയിലധിഷ്ഠിതമായ മതങ്ങളെയും ഇസ്‌ലാമിനെയും ചേര്‍ത്തു കെട്ടുകപോലും ചെയ്യുന്നു.
7. ക്രിസ്തുമത പ്രചാരണത്തിന് വഴിയൊരുക്കിക്കൊടുക്കുകയും അതിന് മുസ്‌ലിംകളുടെ ഭാഗത്തുനിന്നുള്ള തടസ്സം നീക്കിക്കൊടുക്കുകയും ചെയ്യുന്നു.
8. ലോകത്തു പൊതുവെയും മുസ്‌ലിംലോകത്ത് വിശേഷിച്ചും പ്രധാനമായും അറബ് ലോകത്ത് യഹൂദ-ക്രൈസ്തവ-കമ്യൂണിസ്റ്റാദി ആശയങ്ങള്‍ക്ക് പൂര്‍ണാര്‍ഥത്തില്‍ ചിറക് വിരിക്കാന്‍ അവസരമൊരുക്കുന്നു. ധൈഷണികമായും സാംസ്‌കാരികമായും സാമ്പത്തികമായും രാഷ്ട്രീയമായും കടന്നുകയറി മൂല്യരഹിതമായ പങ്കാളിത്ത വിപണി സ്ഥാപിക്കുക എന്നത് അവരുടെ മുഖ്യലക്ഷ്യമാണ്. നിഷിദ്ധവും പലിശയധിഷ്ഠിതവുമായ നാനാതരം ക്രയവിക്രയങ്ങള്‍ക്ക് വിപണികള്‍ സന്നദ്ധമായിരിക്കും. അതൊരു പരീക്ഷണമാണ്.

إِنْ هِيَ إِلَّا فِتْنَتُكَ تُضِلُّ بِهَا مَن تَشَاءُ وَتَهْدِي مَن تَشَاءُۖ أَنتَ وَلِيُّنَا فَاغْفِرْ لَنَا وَارْحَمْنَاۖ وَأَنتَ خَيْرُ الْغَافِرِينَ
(അത് നിന്റെ പരീക്ഷണമല്ലാതെ മറ്റൊന്നുമല്ല. അതുമൂലം, നീ ഉദ്ദേശിക്കുന്നവരെ നീ പിഴവിലാക്കുകയും നീ ഉദ്ദേശിക്കുന്നവരെ നീ നേർവഴിയിലാക്കുകയും ചെയ്യുന്നു. നീയാണ് ഞങ്ങളുടെ രക്ഷാധികാരി. അതിനാല്‍ ഞങ്ങള്‍ക്ക് നീ പൊറുത്തു തരികയും ഞങ്ങളോട് കരുണ കാണിക്കുകയും ചെയ്യേണമേ. നീയാണ് പൊറുക്കുന്നവരില്‍ ഉത്തമന്‍ -അഅ്‌റാഫ് 155).

അല്ലാഹുവാല്‍ ദുര്‍ബലപ്പെടുത്തപ്പെട്ടതും മനുഷ്യരാല്‍ ഭേദഗതി ചെയ്യപ്പെട്ടതുമായ മതങ്ങളെ, ഭേദഗതികളില്‍നിന്ന് സുരക്ഷിതവും മുന്‍വേദങ്ങളെ ദുര്‍ബലപ്പെടുത്തുന്നതുമായ ഇസ്‌ലാമുമായി സംയോജിപ്പിച്ച് ഒന്നാക്കിയെടുക്കാനുള്ള ശ്രമങ്ങളെ എല്ലാ മുസ്‌ലിംകളും ഒന്നിച്ചു നിരാകരിക്കേണ്ടതാണ്. ഇത് ഏതൊരു മുസ്‌ലിമിന്റെയും പ്രാഥമിക ബോധ്യമാണ്.

ലോകത്ത് വ്യത്യസ്ത മതദര്‍ശനങ്ങളും ശരീഅത്ത് വിധികളും നിലവിലുണ്ടെന്നും ഇസ്‌ലാം എല്ലാ ശരീഅത്തുകളുടെയും അന്തിമ പതിപ്പാണെന്നും അത് എല്ലാറ്റിനെയും ദുര്‍ബലപ്പെടുത്തിയിരിക്കുന്നുവെന്നും ഇസ്‌ലാമേതര ശരീഅത്തൊഴികെയുള്ളത് ആചരിച്ചുകൊണ്ട് അല്ലാഹുവിന് ഇബാദത്ത് ചെയ്യാവതല്ലെന്നും മനുഷ്യരൊന്നാകെ വിശ്വസിക്കേണ്ടിയിരിക്കുന്നു.

വേദവിശ്വാസികള്‍ ഉള്‍പ്പെടെയുള്ള എല്ലാവരും രണ്ടു ശഹാദത്തു കലിമകളും ഉച്ചരിച്ച് ഇസ്‌ലാമിലേക്ക് വരണം. ഇസ്‌ലാമിനെ സംക്ഷിപ്തമായും വിശദമായും വിശ്വസിക്കണം. അതനുസരിച്ച് പ്രവര്‍ത്തിക്കണം. അത് പിന്‍പറ്റണം. ഭേദഗതികള്‍ക്ക് വിധേയമായവ ഉപേക്ഷിക്കണം. അതു ചെയ്യാത്തവര്‍ സത്യനിഷേധിയും ബഹുദൈവവിശ്വാസിയുമാണ്. യഹൂദ-ക്രൈസ്തവാദി മതങ്ങള്‍ വിശ്വസിച്ചുകൊണ്ട് ജീവിക്കുന്നവരെ മുസ്‌ലിം എന്നോ, ഇബ്‌റാഹീമീ മില്ലത്തിലെന്നോ വിശേഷിപ്പിക്കാവതല്ല. (الإبطال لنظريّة الخلط بين دين الإسلام وغيره من الأديان പേജ്: 103-105-ല്‍നിന്ന്).  

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top