ഇസ്തിഗാസ 2/3 - കഴിവ് - ഭൗതികവും അഭൗതികവും
ഇല്‍യാസ് മൗലവി
ഇസ്തിഗാസയെ ന്യായീകരിക്കാന്‍ വേണ്ടി ചില പണ്ഡിതന്മാര്‍ ആദ്യകാലം മുതല്‍ ഉന്നയിച്ചുവരുന്ന ഒരു വാദമാണ്, മനുഷ്യന് യാതൊരു കഴിവും അല്ലാഹു നല്‍കിയിട്ടില്ലെന്നും കഴിവുകള്‍ എല്ലാംതന്നെ അതത് സന്ദര്‍ഭത്തില്‍ അവന്‍ നല്‍കുകയാണെന്നും കഴിവിന്റെ വിഷയത്തില്‍ മരണപ്പെട്ടവരും ജീവിച്ചിരിക്കുന്നവരും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല എന്നത്.
കൊടുത്ത കഴിവ്, ഒരിക്കലും കൊടുക്കാത്ത കഴിവ് അല്ലെങ്കില്‍ മനുഷ്യന്‍ ഉടമപ്പെടുത്തുന്ന കഴിവ്, ഉടമപ്പെടുത്താത്ത കഴിവ് എന്നിങ്ങനെ കഴിവുകളെ വിഭജിക്കാവുന്നതാണ്. പരിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും പൂർവിക പണ്ഡിതന്മാരുടെ അഭിപ്രായങ്ങളും ലോകത്തു നടക്കുന്ന സംഭവങ്ങളും മുമ്പ് നടന്ന സംഭവങ്ങളും മനഷ്യന്റെ ബുദ്ധിയും എല്ലാംതന്നെ ഇതിന് വ്യക്തമായ രേഖയാണ്. യാതൊരു തെളിവും ആവശ്യമില്ലാത്തവിധം സുവ്യക്തമായ ഈ വിഷയവും ഇന്ന് വീണ്ടും തര്‍ക്കവിഷയമാക്കിയതിനാല്‍ അതേപ്പറ്റി വിശദീകരിക്കാം.
''ഭൗതികം അല്ലാത്തത് അഭൗതികം എന്ന കേവലത്വത്തിനപ്പുറം, എവിടെന്നെവിടെവരെയാണ്, ഏതിനുമേതിനും മധ്യേയാണ് ഭൗതികം എന്ന നിർവചനം അങ്ങനെ വിഭാഗീകരിക്കുന്നവര്‍ക്ക് നിര്‍ണിതമായി പറയാനാവുന്നില്ല.'
നിരൂപണം:
സൃഷ്ടികള്‍ക്ക് ഇഛാസാതന്ത്ര്യമുള്ള മേഖലയില്‍ അല്ലാഹു കഴിവ് നല്‍കുന്നുണ്ടെന്നും അത് പ്രവൃത്തിയോടൊപ്പമാണ് നല്‍കുന്നതെന്നുമാണ് അഹ്‌ലുസ്സുന്നത്തിന്റെ വിശ്വാസമെന്നാണ് ശര്‍ഹുല്‍ അഖാഇദില്‍ പറയുന്നത്. അത്തരം മേഖലകളില്‍ പരസ്പരം സഹായം ചോദിക്കാനും കൊടുക്കാനും അവര്‍ക്ക് അനുവാദമുണ്ട്, മറ്റു മേഖലകളില്‍ സഹായം തേടുന്നത് അല്ലാഹുവിനോട് മാത്രമാവണം, ഇതാണ് അഹ്‌ലുസ്സുന്നത്തിന്റെ സമീപനം. ഈ വിഭജനം അഹ്‌ലുസ്സുന്നത്തിന്റെ ആധികാരിക നിലപാടാണ്. ഇത് ഖുര്‍ആന്‍ അംഗീകരിച്ചതുമാണ്.
ഇനി, ഈ വിഭജനം അംഗീകരിക്കാവതല്ല എന്നാണ് പറയുന്നതെങ്കില്‍ സംഗതി എളുപ്പമാണ്. കഴിവ് മുഴുവന്‍ അല്ലാഹുവിന്റെതാണല്ലോ. അതു കൊണ്ട് അവനോട് മാത്രമേ സഹായാര്‍ഥന പാടുള്ളൂ എന്നും കഴിവില്ലാത്ത സൃഷ്ടികളോട് അത് നടത്തരുതെന്നും വന്നു. എന്നാല്‍, ഇങ്ങനെ പറയുമ്പോള്‍ തങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നത് യഥാര്‍ഥ അഹ്‌ലുസ്സുന്നത്തിന്റെ വാദമല്ല, മറിച്ച് സൃഷ്ടിക്ക് ഒരു കഴിവുമില്ല, അവന്‍ എന്തിനും നിര്‍ബന്ധിതനാണ് എന്നത് 'ജബിരി'കളുടെ വാദമാണെന്നും തങ്ങളുടെയും നിലപാട് അതാണെന്നും കൂടി ഇവര്‍ സമ്മതിക്കേണ്ടിവരും.
വാസ്തവത്തില്‍ പരിധിയില്ലാത്ത കഴിവുകള്‍ അല്ലാഹുവിന് മാത്രമാണുള്ളത്. ഇതില്‍ ആരെയും അവന്‍ പങ്കാളിയാക്കുകയില്ല. ഒരു മനുഷ്യന്റെ ഉയരത്തിന് പരിധിയുണ്ട്. എന്നാല്‍ ആ പരിധിയെത്ര എന്നു ചോദിച്ചാല്‍ നിര്‍ണിതമായി പറയുവാന്‍ നമുക്ക് സാധിക്കണമെന്നില്ല. ഈ കാരണത്താല്‍ മനുഷ്യന്റെ ഉയരത്തിനു പരിധിയില്ലെന്നു ലോകത്ത് ഒരു മനുഷ്യനും വാദിക്കുകയില്ല. അല്ലാഹു പറഞ്ഞതുപോലെ ഉയരത്തില്‍ മലയോളം എത്തുവാന്‍ അവനു സാധ്യമല്ല. മനുഷ്യന്റെ ഭാരത്തിന് പരിധിയുണ്ട്, എന്നാല്‍ ആ പരിധി എത്രയാണെന്ന് ഒരാള്‍ ചോദിച്ചാല്‍ നിര്‍ണിതമായി പറയുവാന്‍ സാധ്യമല്ല. ഈ കാരണത്താല്‍ മനുഷ്യന്റെ ഭാരത്തിനു പരിധിയില്ലെന്ന് പറയുന്നത് സാമാന്യ ബുദ്ധിയുള്ള ഒരു മനുഷ്യനും ജല്‍പിക്കുകയില്ല.
അല്ലാഹു പറഞ്ഞതുപോലെ ഭൂമിയെ പിളര്‍ക്കുവാന്‍ മാത്രം ഭാരം അവനില്ല. മനുഷ്യന്റെ ജ്ഞാനത്തിന് പരിധിയുണ്ട്, എന്നാല്‍ അതിന്റെ പരിധി എത്രയെന്നു ചോദിച്ചാല്‍ ചില വിഷയത്തില്‍ നമുക്ക് പറയുവാന്‍ സാധ്യമല്ല. മനുഷ്യന്റെ കേള്‍വി ശക്തിക്ക് പരിധിയുണ്ട്. എന്നാല്‍ ഇതില്‍ ഏറ്റക്കുറവ് കാണാം. ഇതു കാരണം പരിധിയില്ലെന്ന് ഒരു മനുഷ്യനും വാദിക്കുകയില്ല. ഏറ്റക്കുറവ് ഉണ്ടാവാം. ഇക്കാരണത്താല്‍ മനുഷ്യന്റെ കാഴ്ചശക്തിക്ക് പരിധിയില്ലെന്ന് ആരെങ്കിലും പറയുമോ? എന്നാല്‍ അല്ലാഹു പ്രസ്താവിച്ചതുപോലെ മരിച്ചവര്‍ കാണുകയില്ലെന്ന് നമുക്ക് ഖണ്ഡിതമായി പ്രസ്താവിക്കാം.
ഇതിനെ എതിര്‍ക്കാനായി മുഅ്ജിസത്തും കറാമത്തും ഉദ്ധരിക്കാവതല്ല. കാരണം ഇവ രണ്ടും നബിമാര്‍ക്കും ഔലിയാക്കള്‍ക്കും അല്ലാഹു നല്‍കുന്ന കഴിവുകളില്‍ പെട്ടതല്ല. അല്ലാഹു ഉദ്ദേശിക്കുന്ന സന്ദര്‍ഭത്തില്‍ അവന്‍ നേരിട്ട് ചെയ്യുന്ന പ്രവര്‍ത്തനങ്ങളാണ്. ഇസ്തിഗാസയെ ന്യായീകരിക്കുന്നവര്‍ അടിസ്ഥാനപരമായി അവലംബിക്കാറുള്ള വാദത്തെ
أَفَرَأَيْتُمْ مَا تَحْرُثُونَ أَأَنْتُمْ تَزْرَعُونَهُ أَمْ نَحْنُ الزَّارِعُونَ
(നിങ്ങള്‍ വിളയിറക്കുന്നതിനെക്കുറിച്ച് ചിന്തിച്ചുവോ? നിങ്ങളാണോ അതിനെ മുളപ്പിക്കുന്നത്? അതോ നാമോ മുളപ്പിക്കുന്നവന്‍? -(അല്‍വാഖിഅ: 63). എന്ന സൂക്തത്തിന്റെ വ്യാഖ്യാനത്തില്‍ കെ.വി മുഹമ്മദ് മുസ്‌ലിയാര്‍ (കൂറ്റനാട്) തന്റെ ഖുര്‍ആന്‍പരിഭാഷയില്‍ കുഴിച്ചുമൂടുന്നതു കാണുക:
''മനുഷ്യന്‍ നിലം ഉഴുത് വിത്തിറക്കുന്നു. എന്നാല്‍ അതു മുളപ്പിക്കാനും വളര്‍ത്തിക്കൊണ്ടുവരാനും വിളയിക്കാനും അവനു കഴിവില്ല. അത് അല്ലാഹു മാത്രമാണ് ചെയ്യുന്നത്. അത് നശിച്ചുപോകാനാണ് അല്ലാഹു ഉദ്ദേശിക്കുന്നതെങ്കില്‍ അതു തടയുവാന്‍ മനുഷ്യന് ഒരു കഴിവുമില്ല.' -(ഫത്ഹുര്‍റഹ്‌മാന്‍, വാള്യം 4, പേജ് 371, ഒന്നാം പതിപ്പ് മാര്‍ച്ച് 1985).
അല്ലാഹു മനുഷ്യനു കൊടുക്കുന്നതും ഒരിക്കലും കൊടുക്കാതെ അവന്‍ മാത്രം ചെയ്യുന്നതുമായ പ്രവൃത്തികളും കഴിവുകളും ഉണ്ടെന്നും മനുഷ്യകഴിവിനു പരിധിയുണ്ടെന്നും വളരെ കൃത്യമായി തന്നെ വ്യക്തമാക്കുകയാണ് കെ.വി മുസ്‌ലിയാര്‍ ഇവിടെ.
എന്നാല്‍ ഇസ്തിഗാസയെ ന്യായീകരിക്കേണ്ടി വരുമ്പോള്‍ എല്ലാ പ്രവൃത്തികളും കഴിവുകളും ഒരുപോലെയാണെന്നും അതിനു പരിധിയില്ലെന്നും ഇതേ കൂട്ടര്‍ തന്നെ തട്ടിവിടും, വല്ലാത്തൊരു കൂട്ടര്‍ തന്നെ.
ഒരു മനുഷ്യന്‍ തന്റെ വിത്തു മുളപ്പിക്കുവാനും വളര്‍ത്തികൊണ്ടു വരാനും അത് നല്ലതുപോലെ വിളയിക്കുവാനും വേണ്ടി, മരണപ്പെട്ട മുഹ്‌യിദ്ദീന്‍ ശൈഖിനെപോലും വിളിച്ച് സഹായംതേടുകയാണെങ്കില്‍ അത് അനുവദനീയമാണെന്നും ഇവര്‍ പറയും. ജമ-മുജകള്‍ വിത്തുവിതക്കാനും വളം ചേര്‍ക്കാനും നിലമുഴാനുമൊക്കെ മറ്റുള്ളവരുടെ സഹായം തേടുന്നില്ലേ; അതുപോലെ. റേഷന്‍കടയില്‍ പോയി അരി ആവശ്യപ്പെടാറില്ലേ? അല്ലാഹുവിന്റെ കഴിവിന് നിങ്ങള്‍ എന്തിന് പരിധി നിശ്ചയിക്കണം? എന്നെല്ലാം ഇക്കൂട്ടര്‍ വാദിക്കുകയും ചോദ്യം ചെയ്യുകയും ചെയ്യും.
ഇനി മറ്റൊരു ഉദാഹരണം കാണുക:
അല്ലാഹു പറയുന്നു:
وَمَا رَمَيْتَ إِذْ رَمَيْتَ وَلَكِنَّ اللَّهَ رَمَى
(മുഹമ്മദ് നബിയേ), താങ്കള്‍ (മണ്ണുകൊണ്ട്) എറിഞ്ഞപ്പോള്‍ താങ്കള്‍ എറിഞ്ഞിട്ടില്ല. പക്ഷേ, അല്ലാഹു എറിഞ്ഞിരിക്കുന്നു.' -(അല്‍അന്‍ഫാല്‍: 17).
ബദ്‌റില്‍ നബി (സ) ഒരു പിടി മണ്ണ് വാരി എറിഞ്ഞപ്പോള്‍ പ്രസ്തുത മണ്ണ് ശത്രുക്കളുടെ കണ്ണുകളില്‍ വീഴുകയുണ്ടായി. ഈ സംഭവത്തെക്കുറിച്ചാണ് സൂക്തത്തില്‍ പ്രസ്താവിക്കുന്നത്. പ്രവാചകന്മാരാണെങ്കില്‍പോലും അവരുടെ കഴിവുകള്‍ക്കു പരിധിയുണ്ടെന്നതിന് അഹ്‌ലുസ്സുന്നത്തി വല്‍ജമാഅത്തിന്റെ ആളുകളും, മനുഷ്യകഴിവിന് പരിധിയില്ല എന്നതിന് ബിദ്ഈ കക്ഷിയായിരുന്ന ജബ്‌രിയാക്കളും ഈ സൂക്തം തെളിവാക്കുകയുണ്ടായി.
ഈ സൂക്തത്തിന്റെ തഫ്‌സീറില്‍ ജലാലൈനിയില്‍ പറയുന്നതു കാണുക:
{وما رَمَيْت} يَا مُحَمَّد أَعْيُنَ القَوْمِ {إذْ رَمَيْت} بِالْحَصى لِأَنَّ كَفًّا مِنَ الْحَصَى لَا يَمْلَأُ عُيُونَ الجَيْش الكَثِير بِرَمْيَةِ بَشَرٍ {ولَكِنَّ اللَّه رَمَى}
بِإيصَالِ ذَلِكَ إلَيْهِمْ.- تَفْسِير الْجَلَالَيْن: سُورَةُ الْأَنْفَالِ: 17.
''കാരണം ഒരു കൈപ്പത്തിക്കകത്തെ ചരല്‍ക്കല്ലുകള്‍ മനുഷ്യന്റെ ഏറ് കൊണ്ടു ഒരു വന്‍സൈന്യത്തിന്റെ കണ്ണുകള്‍ മുഴുവന്‍ നിറയുകയില്ല. പക്ഷേ, അല്ലാഹു അവരിലേക്ക് എത്തിക്കുക വഴി അവന്‍ അതിനെ എറിഞ്ഞു.'' -(ജലാലൈനി).
നബി (സ) മനുഷ്യനായതിനാല്‍ നബി (സ)യുടെ കഴിവിനുപോലും പരിധിയുണ്ടെന്നും ജലാലൈനി തന്നെ ഇവിടെ പറയുന്നു. അല്ലാഹു എറിഞ്ഞു എന്നു പറഞ്ഞതിന്റെ വിവക്ഷ, എല്ലാവരിലേക്കും എത്തിച്ചതാണെന്നും ജലാലൈനി എഴുതുന്നു. മണ്ണ് വാരിയെറിഞ്ഞത് അല്ലാഹുവല്ല, അത് നബി(സ) തന്നെയാണ്, അല്ലാഹു നല്‍കിയ കഴിവിന്റെ അടിസ്ഥാനത്തില്‍. എന്നാല്‍ ഈ മണ്ണിനെ എല്ലാവരുടെയും കണ്ണുകളിലേക്ക് എത്തിക്കുവാനുള്ള കഴിവ് നബി (സ)ക്ക് നല്‍കിയിട്ടില്ല. അത് അല്ലാഹു നേരിട്ടു ചെയ്ത അവന്റെ മാത്രം പ്രവര്‍ത്തനമാണ്.
ഇമാം ബൈദാവി പറയുന്നു:
قَالَ الْإِمَامُ الْبَيْضَاوِيُّ: {وَمَا رَمَيْتَ} يَا مُحَمَّدُ رَمْيًا تُوَصِّلُهُ إلَى أَعْيُنِهِمْ وَلَمْ تَقْدِرْ عَلَيْهِ {إِذْ رَمَيْتَ} أَيْ إذْ أَتَيْتَ بِصُورَةِ الرَّمْيِ {وَلَكِنَّ اللَّهَ رَمَى} أَتَى بِمَا هُوَ غَايَةُ الرَّمْيِ فَأَوْصَلَهَا إلَى أَعْيُنِهِم جَمِيعًا حَتَّى انْهَزَمُوا، وَتَمَكَّنْتُمْ مِنْ قَطْعِ دَابِرِهِمْ.
(അല്ലാഹു എറിഞ്ഞു എന്നതിന്റെ വിവക്ഷ) അത് അവരുടെ എല്ലാവരുടെയും കണ്ണുകളിലേക്ക് എത്തിച്ചതാണ്. നിനക്ക് (നബിക്ക്) അതിനു സാധ്യമല്ല. നീ എറിഞ്ഞപ്പോള്‍ എന്നു പറഞ്ഞതിന്റെ ഉദ്ദേശ്യം എറിയുന്നതിന്റെ രൂപം നീ തന്നെയാണ് കൊണ്ടുവന്നത്. എന്നാല്‍, ശത്രുക്കള്‍ പരാജയപ്പെടുന്ന നിലക്ക് അവരുടെ എല്ലാവരുടെ കണ്ണുകളിലേക്കും എത്തിച്ച് അതിന്റെ ലക്ഷ്യം നിറവേറ്റിയത് അല്ലാഹുവാണ്' (ബൈദാവി, പേജ്: 237).
ഇമാം നസഫി:
وَقَالَ الْإِمَامُ النَّسَفِيُّ: يَعْنِي: أنَّ الرَمْيَةَ الَّتِي رَمَيْتَها أنْتَ لَمْ تَرْمِها أنْتَ عَلى الحَقِيقَةِ، لِأنَّكَ لَوْ رَمَيْتَها لَما بَلَغَ أثَرُها إلّا ما يَبْلُغُهُ أثَرُ رَمْيِ البَشَرِ، ولَكِنَّها كانَتْ رَمْيَةَ اللهِ حَيْثُ أثَّرَتْ ذَلِكَ الأثَرَ العَظِيمَ.
നീ എറിഞ്ഞപ്പോള്‍ യഥാര്‍ഥത്തില്‍ എറിഞ്ഞത് നീയല്ല. കാരണം, നീ എറിഞ്ഞാല്‍ മനുഷ്യര്‍ എറിഞ്ഞാല്‍ ഉണ്ടാവുന്ന ഫലം മാത്രമേ ഉണ്ടാവുകയുള്ളൂ. എന്നാല്‍ ആ വലിയ പ്രതിഫലനം ഉണ്ടാക്കിക്കൊണ്ട് എറിഞ്ഞത് അല്ലാഹുവാണ്. -(മദാരികുത്തന്‍സീല്‍: വാള്യം 2 പേജ് 98).
നബി (സ) മനുഷ്യനായതിനാല്‍ അദ്ദേഹത്തിന്റെ കഴിവിനുപോലും പരിധിയുണ്ടെന്ന് ഇമാം നസഫിയും ഇവിടെ സമ്മതിക്കുന്നു.
തഫ്‌സീറുസ്സ്വാവിയില്‍ എഴുതുന്നു:
أَمَّا حِكْمَةُ قَوْلِهِ تَعَالَى {وَمَا رَمَيْتَ} إثْبَاتُ أَنَّهَا مُعْجِزَةٌ مِنَ اللَّهِ لِنَبِيِّهِ لِتُذْكَرَ مِنْ جُمْلَةِ مُعْجِزَاتِه الَّتِي أَمُرَ بِالتَّحَدِّي بِهَا.
നീ എറിഞ്ഞിട്ടില്ല എന്ന് പ്രസ്താവിച്ചതിലുള്ള തത്വം ഈ സംഭവം അല്ലാഹു നബിക്ക് ചെയ്തുകൊടുത്ത ഒരു മുഅ്ജിസത്തായിരുന്നു എന്ന് സ്ഥിരപ്പെടുത്തലാണ്. നബി (സ)യോട് പരസ്യപ്പെടുത്തുവാന്‍ നിര്‍ദേശിച്ച മുഅ്ജിസത്തുകളുടെ വിഭാഗത്തില്‍ പെട്ടത്. -(അസ്സാവി: വാ: 2, പേ: 20).
'മനുഷ്യകഴിവിന് പരിധിയില്ല' എന്നതിന് മുഅ്ജിസത്തുകളെ തെളിവാക്കാന്‍ വകുപ്പില്ല. കാരണം അവ മനുഷ്യകഴിവില്‍ ഉള്‍പ്പെടുന്നതല്ല. അതുകൊണ്ടാണ് അവ നബിമാര്‍ അല്ലാഹുവില്‍നിന്ന് നിയോഗിക്കപ്പെട്ടതാണെന്നതിന് തെളിവാകുന്നത്. വാസ്തവത്തില്‍ മുഅ്ജിസത്തുകള്‍ മനുഷ്യകഴിവിന് പരിധിയുണ്ട് എന്നതിനാണ് തെളിവ്. അതുകൊണ്ടാണ് തന്റെ ദൂതന്മാരാണ് നബിമാരെന്ന് ബോധ്യപ്പെടുത്തുവാന്‍ ഇവ അടയാളമായി അല്ലാഹു നല്‍കുന്നത്.
തഫ്‌സീറുല്‍ ഖാസിനില്‍ എഴുതുന്നു:
قَالَ الْإِمَامُ الْخَازِن: إذْ لَيْسَ فِي وُسْعِ أَحَدٍ مِنَ الْبَشَرِ أَنْ يَرْمِيَ كَفًّا مِنَ الْحَصَى فِي وُجُوهِ جَيْشٍ، فَلَا تَبْقَى عَيْنٌ إلَّا وَقَدْ دَخَلَ فِيهَا مِنْ ذَلِكَ شَيْءٌ، فَصُوَرَةُ الرَّمْي صَدَرَتْ مِنْ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَتَأْثِيرُهَا صَدَرَ مِنَ اللَّهِ عَزَّ وَجَلَّ، فَلِهَذَا الْمَعْنَى صَحَّ النَّفْيُ وَالْإِثْبَاتُ.
ഒരു സൈന്യത്തിലെ എല്ലാ വ്യക്തികളുടെയും കണ്ണുകളില്‍ വീഴുന്ന രീതിയില്‍ ചരല്‍കൊണ്ട് എറിയല്‍ ഒരു മനുഷ്യകഴിവിന്റെ പരിധിയില്‍ പെട്ടതല്ല. അപ്പോള്‍ എറിയലിന്റെ ബാഹ്യരൂപം മാത്രമാണ് പ്രവാചകനില്‍നിന്നും ഉണ്ടായത്. അതു മുഖേനയുണ്ടായ പ്രതിഫലനം അല്ലാഹുവില്‍നിന്നും. ഇതുകൊണ്ടാണ് അല്ലാഹു 'നീ എറിഞ്ഞു' എന്ന് സ്ഥാപിച്ചും 'നീ എറിഞ്ഞില്ല' എന്ന് നിഷേധിച്ചും പറഞ്ഞത് -(അല്‍ഖാസിന്‍: വാള്യം 23, 18).
ഇമാം റാസി (റ) ഉദ്ധരിക്കുന്നു:
قَالَ الْإِمَامُ الرَّازِيُّ: يَعْنِي أنَّ القَبْضَةَ مِنَ الحَصْباءِ الَّتِي رَمَيْتَها، فَأنْتَ ما رَمَيْتَها في الحَقِيقَةِ، لِأنَّ رَمْيَكَ لا يَبْلُغُ أثَرُهُ إلّا ما يَبْلُغُهُ رَمْيُ سائِرِ البَشَرِ، ولَكِنَّ اللَّهَ رَماها حَيْثُ نَفَّذَ أجْزاءَ ذَلِكَ التُّرابِ وأوْصَلَها إلى عُيُونِهِمْ، فَصُورَةُ الرَّمْيَةِ صَدَرَتْ مِنَ الرَّسُولِ عَلَيْهِ الصَّلاةُ والسَّلامُ، وأثَرُها إنَّما صَدَرَ مِنَ اللَّهِ، فَلِهَذا المَعْنى صَحَّ فِيهِ النَّفْيُ والإثْباتُ.
അതായത് നീ എറിഞ്ഞ ഒരു പിടി ചരല്‍കൊണ്ട് നീ എറിഞ്ഞപ്പോള്‍ യഥാര്‍ഥത്തില്‍ നീയല്ല എറിഞ്ഞത്. കാരണം, മറ്റു മനുഷ്യര്‍ എറിഞ്ഞാല്‍ എത്തുന്ന സ്ഥലത്തും അതുകൊണ്ടുണ്ടാവുന്ന പ്രതിഫലനവും മാത്രമേ നീ എറിഞ്ഞാലും ഉണ്ടാവുകയുള്ളു. എന്നാല്‍ ആ മണ്ണിനെ ശത്രുക്കളുടെ എല്ലാവരുടെയും കണ്ണുകളില്‍ എത്തിക്കുക മുഖേനയും മറ്റും അല്ലാഹുവാണ് എറിഞ്ഞത്. ഏറിന്റെ ബാഹ്യമായ രൂപം മാത്രമാണ് നബി(സ)യില്‍ നിന്നുണ്ടായത്. അതുമൂലം ഉണ്ടായ പ്രതിഫലനം അല്ലാഹുവില്‍നിന്നുമാണ്. ഈ കാരണംകൊണ്ടാണ് എറിയലിനെ നിഷേധിക്കുകയും സ്ഥിരപ്പെടുത്തുകയും ചെയ്യുന്നതിന് സാധുതയുള്ളത്.' -(റാസി, വാള്യം 15,16, പേജ്: 139).
കഴിവിന്റെ വിഷയത്തില്‍ നബിമാരും സാധാരണക്കാരും തമ്മില്‍ വ്യത്യാസമില്ലെന്നാണ് ഇവിടെ പറയുന്നത്. എന്നാല്‍ മറ്റുള്ളവരില്‍നിന്ന് വ്യത്യാസപ്പെട്ടനിലക്ക് ചിലപ്പോള്‍ മുഅ്ജിസത്തുകള്‍ നബിമാരില്‍നിന്ന് ഉണ്ടാവാറുണ്ട്. അതാവട്ടെ, അവര്‍ ചെയ്യുന്നതുമല്ല. അല്ലാഹു നേരിട്ടു ചെയ്യുന്നതാണ്. ബാഹ്യമായ പ്രവൃത്തികള്‍ മാത്രമാണ് പ്രവാചകന്മാര്‍ ചെയ്യുന്നത്. ഇതാണ് ഇവിടെ വ്യക്തമാക്കുന്നത്.
ഇനി സുന്നികളുടെ പരിഭാഷകള്‍ എന്തു പറയുന്നുവെന്ന് ശ്രദ്ധിക്കാം:
ജലാലൈനിയുടെ പരിഭാഷ:
''കാരണം ഒരു കൈപ്പടത്തിലെ ചരല്‍ക്കല്ലുകള്‍ മാനുഷിക ഏറുകൊണ്ട് ഒരു വന്‍ സൈന്യത്തിന്റെ കണ്ണുകള്‍ നിറക്കയില്ല. പക്ഷേ, അല്ലാഹു അവരിലേക്ക് അതിനെ എത്തിക്കുകവഴി അല്ലാഹു എറിഞ്ഞിരിക്കുന്നു.' -(തഫ്‌സീറുല്‍ ഖുര്‍ആന്‍, പേജ് 182). ഇത് സാക്ഷാല്‍ സുന്നികളുടെ പരിഭാഷയാണെന്ന് മരണപ്പെട്ട പി.എം.എസ്.എ. പൂക്കോയ തങ്ങള്‍ പാണക്കാട് തന്നെ തന്റെ സന്ദേശത്തില്‍ എഴുതുന്നുണ്ട്. (പേജ് 1). നബി (സ) മനുഷ്യനാണെന്നും അതിനാല്‍ അവിടത്തെ കഴിവിന് പരിധിയുണ്ടെന്നും കൂടി ഈ പരിഭാഷയില്‍ കാണാം.
കൂറ്റനാട് കെ.വി മുസ്ലിയാര്‍ പറയുന്നത് കാണുക:
'താങ്കള്‍ എറിഞ്ഞപ്പോള്‍ അതിനെ കണ്ണിലേക്ക് എത്തിച്ചത് താങ്കളല്ല, അല്ലാഹുവാണ്. എന്ന് പറഞ്ഞത്. ഇത് നബി(സ)യുടെ ഒരു വലിയ മുഅ്ജിസത്തായിരുന്നു.' -(ഫത്ഹുര്‍റഹ്‌മാന്‍: വാ: 2, പേജ്: 357).
ഇ.കെ ഹസന്‍ മുസ്‌ലിയാര്‍ എഴുതുന്നു:
''അപ്പോള്‍ മനുഷ്യ കഴിവിലൊതുങ്ങുന്ന സാഹിത്യം സാഹിത്യ നഭോ മണ്ഡലത്തില്‍നിന്നും താഴെക്കിടയിലുള്ളതാണ്. അതിന്റെ അത്യുന്നത മണ്ഡലങ്ങള്‍ മനുഷ്യകഴിവിന്നതീതമാണ്.' -(തഹ്ദീറുല്‍ ഇഖ്‌വാന്‍ മിന്‍ തര്‍ജുമതില്‍ ഖുര്‍ആന്‍: പേജ്: 21).
മനുഷ്യ കഴിവില്‍പെട്ടതും പെടാത്തതുമായ സംഗതികള്‍ ഉണ്ടെന്നും മനുഷ്യകഴിവിന് പരിധിയുണ്ടെന്നും മുഹമ്മദ് നബി (സ)യുടെ കഴിവിനുപോലും പരിധിയുണ്ടെന്നും മുസ്‌ലിയാര്‍ ഇവിടെ സമ്മതിക്കുന്നു; ഖുര്‍ആന്‍ മുഹമ്മദ് നബി (സ) തന്റെ കഴിവുകൊണ്ട് നിര്‍മിച്ചതാണെന്ന് ഇവര്‍ പറയുമോ?
കൂറ്റനാട് കെ.വി മുസ്‌ലിയാര്‍ 1983-ലെ മലപ്പുറം സുന്നി സുവനീറില്‍ 'മതവും മനുഷ്യനും' എന്ന ലേഖനത്തില്‍ എഴുതുന്നു: 'മനുഷ്യന്റെ അറിവിനും കഴിവിനുമെല്ലാം ഒരു പരിധിയുണ്ട് (പേജ്: 7).
കഴിവിന്റെ പരിധിയെന്തെന്ന് കെ.വിയെപോലുള്ള ഉസ്താദുമാരോട് സുന്നികള്‍ ചോദിച്ചിരുന്നുവെങ്കില്‍ കൃത്യമായ ഒരു ഉത്തരം അവര്‍ക്കു പറയുവാന്‍ സാധിക്കുമായിരുന്നോ? ഇല്ലെങ്കില്‍ കഴിവിന് പരിധിയുണ്ടെന്ന് അവരൊക്കെ എഴുതി വെച്ചത് അബദ്ധമാണെന്ന് ഇപ്പോഴത്തെ ഇസ്തിഗാസ വാദികള്‍ പറയുമോ?
ചുരുക്കത്തില്‍ മനുഷ്യന്ന് ചില കാര്യങ്ങള്‍ കഴിയുമെന്നും ആ കഴിവിനെ അടിസ്ഥാനപ്പെടുത്തിയാണ് അവന്ന് ബാധ്യത നല്‍കുന്നതെന്നുമാണ് അഹ്‌ലുസ്സുന്നത്തിന്റെ വിശ്വാസമെന്നും മറിച്ചുള്ള വിശ്വാസം ജബ്‌രികളുടേതാണ് എന്നും നാം മനസ്സിലാക്കി. കഴിവിന്റെ വരുതിയില്‍ പെടാത്ത കാര്യങ്ങളെക്കുറിച്ച് മനുഷ്യ കഴിവിന്നതീതം എന്ന് പറയുമ്പോള്‍ ഉദ്ദേശിക്കുന്നതും അതുതന്നെയാണ്. മനുഷ്യകഴിവില്‍പെട്ട കാര്യങ്ങള്‍ പരസ്പരം ചോദിക്കുന്നതിന് യാതൊരു കുഴപ്പവുമില്ല. അല്ലാഹുവും റസൂലും അനുവദിച്ചതാണത്. അഭൗതികവും മനുഷ്യ കഴിവിന്നതീതവുമായ കാര്യങ്ങളാകട്ടെ സൃഷ്ടികളോട് ചോദിക്കാന്‍ പാടില്ല താനും.
ഇസ്തിഗാസാ വാദികളുടെ മറ്റൊരു വാദം കാണുക:
ജീവിച്ചിരിക്കുന്നവര്‍ക്ക് അസാധാരണമായത് മരണപ്പെട്ടവര്‍ക്ക് ചിലപ്പോള്‍ സാധാരണമാവും, ആത്മാവിന് ദേഹം എന്ന പരിമിതി മരണത്തോടെ ഇല്ലാതാവുകയാണ് ചെയ്യുന്നത്, അതോടെ ദേഹിയുടെ സ്വാതന്ത്ര്യം വര്‍ധിക്കും, അതായത് അല്ലാഹു വര്‍ധിപ്പിക്കുമ്പോള്‍ വര്‍ധിക്കും. അത് വര്‍ധിപ്പിക്കില്ല എന്ന ശാഠ്യം നടേ സൂചിപ്പിച്ചത് പോലെ, അല്ലാഹു ഞങ്ങള്‍ പറയുന്നത് പോലെ മാത്രം ചെയ്യുന്ന ദൈവമാണ് എന്ന മണ്ടയില്ലാത്തരമാണ്. കാരണം അതിനനര്‍ഥം, അല്ലാഹു എന്ത് ചെയ്യും, ചെയ്യില്ല എന്ന് ഞങ്ങള്‍ തീരുമാനിച്ചു എന്നാണല്ലോ.
മരണപ്പെടുന്നതോടെ ദേഹിയുടെ സ്വാതന്ത്ര്യം വര്‍ധിക്കുമെന്ന ഈ പ്രസ്താവന മുഖവിലക്കെടുത്താല്‍ ഹൃദ്രോഗ വിദഗ്ധനായ കൃഷ്ണന്‍ ഡോക്ടര്‍ ജീപ്പിച്ചിരിക്കുന്ന കാലത്ത് ധാരാളം ഹൃദ്രോഗികള്‍ അദ്ദേഹത്തെ സന്ദര്‍ശിച്ച് ചികിത്സ തേടിയിരുന്നു. പിന്നീടദ്ദേഹം മരണപ്പെട്ടാല്‍ ഡോക്ടറുടെ ദേഹി കൂടുതല്‍ സ്വാതന്ത്ര്യമുള്ളതായി മാറി. ഏതു സമയത്തും ഇടപെടാന്‍ കഴിയും വിധത്തിലായി. അല്ലെങ്കില്‍ അല്ലാഹു വിചാരിച്ചാല്‍ അങ്ങനെയാക്കും. അതിനാല്‍ അദ്ദേഹത്തിന്റെ ദേഹിയോട് ചികിത്സ തേടാം. എന്നല്ല അതാണ് കൂടുതല്‍ സൗകര്യപ്രദവും എല്ലാ നിലക്കും ലാഭകരവും. ഹോസ്പിറ്റലില്‍ പോകേണ്ട, ക്യൂ നില്‍ക്കേണ്ട, അപ്പോയിന്റ്‌മെന്റ് എടുേക്കണ്ട, ഫീസ് വേണ്ടാ. ഒന്നും വേണ്ടാ.
ഇവിടെ ആരെങ്കിലും അങ്ങനെയൊന്നും ഉണ്ടാവില്ല എന്ന് പറഞ്ഞാല്‍ അത് ദുശ്ശാഠ്യമാണ്. കാരണം അത് 'അല്ലാഹു ഞങ്ങള്‍ പറയുന്നത് പോലെ മാത്രം ചെയ്യുന്ന ദൈവമാണ്' എന്ന മണ്ടയില്ലാത്തരമാണ്. അതുപോലെ അല്ലാഹു എന്ത് ചെയ്യും, ചെയ്യില്ല എന്ന് ഞങ്ങള്‍ തീരുമാനിച്ചു എന്നുമാണല്ലോ.
മാത്രമല്ല, ജീവിത കാലത്ത് ഒരു മുശ്രിക്കിന് വിദഗ്ധനായ ഒരു ഡോക്ടറാവാന്‍ കഴിവു കൊടുത്തത് അല്ലാഹുവാണല്ലോ, അതേ അല്ലാഹു, അദ്ദേഹം മരണപ്പെടുന്നതോടെ ആ കഴിവുകൊടുക്കാന്‍ പറ്റാത്ത ദുര്‍ബലനാവുമോ? അല്ലെങ്കില്‍ മരിച്ചെന്നു കരുതി സഹായിക്കാത്ത സങ്കുചിതനാവുമോ?. അതിനൊക്കെ കഴിവുള്ളവനാണല്ലോ അല്ലാഹു. അപാരമായ കഴിവിന്റെ ഉടമയായ അല്ലാഹുവിന്റെ അധികാരത്തിനും സ്വാതന്ത്ര്യത്തിനും പരിധി നിശ്ചയിക്കാന്‍ നാമാര്? ഇബ്‌ലീസിന് പോലും പെര്‍മനന്റ് വിസ അനുവദിച്ച ഔദാര്യവാനല്ലേ അല്ലാഹു! എന്നിട്ടാണോ ഒരു കൃഷ്ണന്‍ ഡോ.
മറ്റൊരു വാദം ഇങ്ങനെ:
അല്ലാഹുവിന്റെ അരികെ ഉന്നതസ്ഥാനീയരും മരണാനന്തരം ആത്മാവിന് സഞ്ചാരസ്വാതന്ത്ര്യം അനുവദിക്കപ്പെടുകയും ചെയ്തവരെ മരണപ്പെടാത്തവര്‍ വിളിച്ചാല്‍ അല്ലാഹുവിനെ വിളിച്ചത് പോലെയാണ് എന്ന് പറയുന്നതിനേക്കാള്‍ അല്ലാഹുവിന്റെ സ്ഥാനം ഇകഴ്ത്തുന്ന മറ്റൊരുവാദം ലോകത്തുണ്ടായിട്ടുണ്ടോ?
ഇവിടെ മരണപ്പെട്ടവരെ വിളിക്കുന്നത് അല്ലാഹുവിനെ വിളിക്കുന്നതു പോലെയാവുന്നത് എപ്പോഴാണ്? ബദരീങ്ങളെയും മുഹിയിദ്ദീന്‍ ശൈഖിനെയും വിളിക്കുന്നത് എന്തിനാണ്? ഇതൊക്കെ പിന്നീട് പറയാം.
സമസ്ത പ്രസിഡന്റായിരുന്ന ബഹു. കാളമ്പാടി ഉസ്താദ് മരണപ്പെട്ടപ്പോള്‍ ബഹു. ജിഫ്‌രി തങ്ങളെ പ്രസിഡണ്ടാക്കിയത് എന്തിനായിരുന്നു, എന്നൊരാള്‍ ചോദിച്ചാല്‍, ജീവിച്ചിരിക്കുമ്പോള്‍ സംഘടനയെ നിയന്ത്രിക്കാനും നയിക്കാനുമൊക്കെ ഉണ്ടായിരുന്ന ശേഷി മരണത്തോടെ ഇല്ലാതാവുമെന്നതു കൊണ്ടു തന്നെയല്ലേ? ഇങ്ങനെ പറഞ്ഞാല്‍ അതും അല്ലാഹുവിന്റെ സ്ഥാനം ഇകഴ്ത്തലാവുമോ?
മരണപ്പെട്ടവരുടെ കാര്യം ഇരിക്കട്ടെ, ജീവിച്ചിരിക്കുന്ന ഈസാ നബിയോട് ഒരു വിധവ തന്റെ അനാഥരായ മക്കളെ സംരക്ഷിക്കാന്‍ ആരുമില്ല അതിനാല്‍ എന്റെ ഭര്‍ത്താവിനെ ജീവിപ്പിച്ചു തരേണമേ എന്ന് തേടാമല്ലോ. ഈസാ നബി മരിച്ചവരെ ജീവിപ്പിച്ചു കാണിച്ചു കൊടുത്തിട്ടുണ്ടല്ലോ. അതിനുള്ള കഴിവ് അല്ലാഹു ഈസാ നബിക്ക് കൊടുത്തിട്ടുണ്ടെന്ന കാര്യം ഖുര്‍ആന്‍ കൊണ്ട് സ്ഥിരപ്പെട്ടതുമാണ്.
റബ്ബും ഇലാഹുമാണെന്ന് വിശ്വസിക്കാഞ്ഞാല്‍ മതി അങ്ങനെ തേടാം എന്നാണ് ഒരു മുസ്‌ലിയാര്‍ ഒരിക്കല്‍ എന്നോട് പറഞ്ഞത്.
എന്നാല്‍ ഈ പറഞ്ഞത് ഇജ്മാഇന് എതിരായ കാര്യമാണെന്നാണ് അല്ലാമാ നജ്മുദ്ദീന്‍ അത്ത്വൂഫി വ്യക്തമാക്കുന്നത്.
അല്ലാഹുവേ, എനിക്ക് നീ പെറുത്തുതരേണമേ, എന്നോട് നീ കരുണ കാണിക്കണേ, എനിക്ക് നീ ആഹാരം നല്‍കേണമേ, എനിക്ക് നീ ഉത്തരം നല്‍കേണമേ, എന്റെ ജീവിതം നീ നീട്ടിത്തരേണമേ, എനിക്ക് നീ സമ്പത്തും സന്താനങ്ങളും പ്രദാനം ചെയ്യേണമേ എന്നൊക്കെ വിളിച്ചുള്ള സഹായ തേട്ടം (ഇസ്തിഗാസ) സൃഷ്ടികളോട് നടത്തുന്നതാണ് നാം വിലക്കുന്നത്. കാരണം അത് ശിര്‍ക്കാണ് എന്ന കാര്യത്തില്‍ ഇജ്മാഅ് ഉണ്ട്. - (അല്‍ ഇശാറാത്ത്: 3/89 93).
قَالَ الْعَلَّامَةُ نَجْمُ الدِّينِ الطُّوفِيّ: وَنَحْنُ إنَّمَا نَمْنَعُ مِنَ الِاسْتِغَاثَةِ بِالْمَخْلُوقِ فِيمَا يَخْتَصُّ فِعْلُهُ بِاللَّهِ عَزَّ وَجَلَّ، كَالرَّحْمَة وَالْمَغْفِرَةِ وَالرِّزْقِ وَالْحَيَاة وَنَحْوِ ذَلِكَ. فَلَا يُقَالُ: يَا مُحَمَّد اغْفِرْ لِي، أَوْ ارْحَمْنِي، أَوْ اُرْزُقْنِي، أَوْ أَجِبْنِي [ وَفِي نُسْخَةٍ أُخْرَى: أَحْيِينِي بَدَل أَجِبْنِي ] أَوْ أَعْطِنِي مَالاً وَوَلَدًا، لِأَنَّ ذَلِكَ شِرْكٌ بِإِجْمَاعٍ.-الإِشَارَات الْإِلَهِيّةُ فِي الْمَبَاحِثِ الْأُصُولِيَّة: 3/89-93 .