'ദീനെ ഇബ്‌റാഹീമി' ആവിഷ്‌കാരത്തിനു പിന്നിലെ ഒളിയജണ്ടകള്‍
അബ്ദുല്ലത്വീഫ് കൊടുവള്ളി
ഇസ്‌റയേലും യു.എ.ഇയും തമ്മില്‍ 2020 ആഗസ്റ്റ് 13-ന് വൈറ്റ് ഹൗസില്‍വെച്ച് ഉടമ്പടിയില്‍ ഒപ്പിടവെ അമേരിക്കന്‍ പ്രസിഡന്റ് റൊണാള്‍ഡ് ട്രംപ് പ്രസ്തുത കരാറിനെ 'അബ്‌റഹാം ഉടമ്പടി' 'The Abraham Accord's) എന്നാണ് വിശേഷിപ്പിച്ചത്.
ഏകദൈവവിശ്വാസത്തിലധിഷ്ഠിതമായ വിശ്വാസ സംഹിതകളുടെ പിതാവായി ഇബ്‌റാഹീം നബിയെ അംഗീകരിക്കുന്ന ഉടമ്പടിയില്‍ ഇസ്‌റയേലും അമേരിക്കയും യു.എ.ഇയുമാണ് യഥാക്രമം യഹൂദ-ക്രൈസ്തവ-ഇസ്‌ലാം മതങ്ങളെ പ്രതിനിധീകരിച്ചത്. മൂന്നുമതങ്ങളും പങ്കുവെക്കുന്ന തത്ത്വങ്ങളില്‍ കേന്ദ്രീകരിക്കുകയും ജനങ്ങള്‍ക്കിടയില്‍ വഴക്കിനും യുദ്ധത്തിനും കാരണമാകാവുന്ന വിഷയങ്ങളില്‍നിന്നു വിട്ടുനില്‍ക്കുകയുമാണ് പ്രഖ്യാപിത ലക്ഷ്യം. ഇതിനുശേഷം ഇബ്‌റാഹീമീ മതം എന്ന പേരില്‍ യഹൂദ-ക്രൈസ്തവ-ഇസ്‌ലാം മതങ്ങളെ സമന്വയിപ്പിച്ച് അവയെ നശിപ്പിക്കാനുള്ള ശ്രമങ്ങളുണ്ടായി. മൂന്നു മതവിശ്വാസികളും പുതിയ സംവിധാനത്തില്‍ അണിനിരക്കണമെന്നാണ് പ്രഖ്യാപിത താല്‍പര്യം. യഹൂദ താല്‍പര്യങ്ങള്‍ക്കു വേണ്ടി ഇസ്‌ലാമിനെ നിർവീര്യമാക്കുകയാണ് യഥാര്‍ഥത്തില്‍ ഇതിലൂടെ ഉന്നം വെക്കുന്നത്. 'ഇബ്‌റാഹീമിക മതങ്ങള്‍ പങ്കിടുന്ന ഭൂമിക' എന്ന ആശയത്തിന്റെ വേരുകള്‍ മുന്‍ അമേരിക്കന്‍ വിദേശകാര്യമന്ത്രി ജോണ്‍ കെറിയിലേക്കാണ് നീളുന്നത്. 2013 ആഗസ്റ്റിലാണ് ഇങ്ങനെയൊരു ചിന്ത പുറത്തുവന്നത്. അമേരിക്കയുടെ അന്തരീക്ഷത്തിലെ ഭീഷണികളെ നേരിടാന്‍ 'ലോകമതം' എന്ന സങ്കല്‍പത്തിന് വലിയ പങ്കുവഹിക്കാന്‍ കഴിയും എന്ന് അദ്ദേഹം അന്ന് പ്രസ്താവിക്കുകയുണ്ടായി. White house Faith Based and Community Initiative എന്ന പേരില്‍ ഇതിന്നായി ഒരു കേന്ദ്രം സ്ഥാപിച്ച് ആത്മീയ നേതാക്കളെയും മതസമുദായങ്ങളെയും പ്രസ്തുത പ്രക്രിയയില്‍ പങ്കാളികളാക്കാന്‍ ലക്ഷ്യമിടുകയുണ്ടായി.
മധ്യപൗരസ്ത്യ ദേശത്ത് 'ഇബ്‌റാഹീമി മത'ത്തിന്റെ മുഖ്യ സ്‌പോണ്‍സര്‍ യു.എ.ഇയാണ്. ഇതിന്നായി വിവിധ സ്ഥാപനങ്ങള്‍, കോണ്‍ഫ്രന്‍സുകള്‍, ധാരണകള്‍ മുതലായവയുണ്ടായി. ട്രംപ് ഭരണകൂടം മധ്യപൗരസ്ത്യ ദേശത്ത് സംഘര്‍ഷം അവസാനിപ്പിച്ച് സമാധാനം സ്ഥാപിക്കാന്‍ എന്ന വ്യാജേന ഇതിനു ഊന്നല്‍ നല്‍കി. 2014-ല്‍ യു.എ.ഇ 'മുസ്‌ലിം സമൂഹങ്ങളില്‍ സമാധാനം ശക്തിപ്പെടുത്താനായി ശര്‍ഈ ഫത്‌വാ വേദിയുടെ തലവന്‍ അബ്ദുല്ലാഹിബ്‌നു ബയ്യയുടെ നേതൃത്വത്തില്‍ ഒരു വേദി രൂപവല്‍ക്കരിക്കുകയുണ്ടായി. എല്ലാ വര്‍ഷവും ഡിസംബറില്‍ ഇതിന്റെ ആഭിമുഖ്യത്തില്‍ സമ്മേളനം നടത്തപ്പെടുന്നു. 2020 ഡിസംബര്‍ 3-ന് അമേരിക്കന്‍ വിദേശകാര്യവകുപ്പ് സംഘടിപ്പിച്ച Abrahamic Faiths Initiative യോഗത്തില്‍ അബ്ദുല്ലബ്‌നു ബയ്യ പ്രസ്താവിച്ചത്, 2019-ല്‍ അബൂദബിയില്‍ തുടക്കമായ ഇബ്‌റാഹീമീ കുടുംബം അടിത്തറയിട്ട പുതിയ 'ഹില്‍ഫുല്‍ ഫുദൂല്‍' ശക്തമായ മതപരമായ സംവിധാനമാണെന്നാണ്. 2021 ഫെബ്രുവരി 9-ല്‍ റഷ്യയിലെ യു.എ.ഇ അംബാസഡര്‍ മുഹമ്മദ് അഹ്മദ് ജാബിര്‍ 2022-നകം 'അബ്‌റഹാമിക കുടുംബ വീട്' തുറക്കമെന്നും എല്ലാ മതങ്ങളെയും തമ്മില്‍ അടുപ്പിക്കുകയാണ് ലക്ഷ്യമെന്നും പ്രഖ്യാപിക്കുകയുണ്ടായി. അമേരിക്കന്‍ ധൈഷണിക മേഖലയിലെ പീസ് ഐലന്റ്‌സ് പോലുള്ള വേദികള്‍ ദൈവിക മതങ്ങളുടെ ഏകീകരണത്തിന്റെ ഭാഗമായി അറബ് രാജ്യങ്ങള്‍ ഇസ്‌റയേലുമായി സാധാരണ ബന്ധങ്ങള്‍ക്ക് തയാറാവണമെന്ന് ആവശ്യപ്പെടുകയുണ്ടായി. അറബ് രാഷ്ട്രങ്ങളെ ഇസ്‌റയേലിന്റെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കുവേണ്ടി വഴക്കി എടുക്കുകയാണ് ഇതിലൂടെ യഥാര്‍ഥത്തില്‍ ലക്ഷ്യം വെക്കുന്നത്.
ആത്മീയ നയതന്ത്രം
അബ്‌റഹാമിക മതം എന്ന ആശയത്തിലൂടെ ആത്മീയ നയതന്ത്രം എന്ന പുതിയൊരു ആശയത്തിന്റെ പ്രയോഗവല്‍ക്കരണമാണ് ലക്ഷ്യം വെക്കുന്നത്. മൂന്നു മതങ്ങളും പങ്കുവെക്കുന്ന തത്ത്വങ്ങളെ ആധാരമാക്കി മതരാഷ്ട്രീയ നേതൃത്വങ്ങളുടെയും നയതന്ത്രജ്ഞരുടെയും സഹകരണത്തോടെ നിലവിലെ തര്‍ക്കങ്ങള്‍ അനൗദ്യോഗികമായി പരിഹരിക്കുക എന്നതാണ് ലക്ഷ്യമെന്ന് ഇതിന്റെ പ്രണേതാക്കള്‍ അവകാശപ്പെടുന്നു. വംശീയ സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്ന മേഖലകളിലെ അടിസ്ഥാന ജനവിഭാഗങ്ങളുടെ മതപരമായ താല്‍പര്യങ്ങള്‍ സംരക്ഷിക്കുക എന്നതും ലക്ഷ്യമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു്. 'അബ്‌റഹാമിക മതങ്ങള്‍ പങ്കുവെക്കുന്ന ഭൂമി' എന്ന വിവക്ഷ പ്രകാരം ഇബ്‌റാഹീം നബി സഞ്ചരിച്ച പ്രദേശങ്ങളും രാജ്യങ്ങളും അവിടത്തെ നിലവിലെ താമസക്കാര്‍ക്ക് മാത്രമുള്ളതല്ലെന്നും വ്യക്തിപരമോ സാമുദായികമോ ആയ ഉടമസ്ഥതക്കു പകരം ലോകപൗരത്വം എന്ന ആശയം പ്രായോഗികമാവണമെന്നും അവതരിപ്പിക്കപ്പെടുന്നു. ഫലസ്ത്വീന്‍ ഭൂമിയില്‍ ഇസ്‌റയേല്‍ അധിനിവേശത്തിന് സാധുതയുണ്ടാക്കാന്‍ ഈ തന്ത്രം വഴി സാധിക്കുമെന്നാണ് കണക്കുകൂട്ടല്‍.
ഫലസ്ത്വീന്‍-ഇസ്‌റായേല്‍ സംഘര്‍ഷത്തിന്റെ അടിസ്ഥാനപരമായ കാരണങ്ങളെ അഗണ്യമാക്കിയും ഇബ്‌റാഹീം നബിയെ മുന്‍നിര്‍ത്തിയും രാഷ്ട്രീയമായ അതിര്‍ത്തികള്‍ മായ്ച്ചു കളഞ്ഞ് ഫലസ്ത്വീന്‍ ഭൂമി സ്വന്തമാക്കാന്‍ വഴിയൊരുക്കുകയാണ് ലക്ഷ്യം. പ്രകൃതി വിഭവങ്ങള്‍ തുല്യമായി പങ്കുവെക്കാം എന്ന വാഗ്ദാനത്തില്‍ പുതിയൊരു സാമ്രാജ്യത്വതന്ത്രത്തിന് തുടക്കമിടുകയാണ് ഇബ്‌റാഹീമിക മതങ്ങളുടെ സമന്വയം എന്ന ഈ പദ്ധതിയുടെ സാരസത്ത.
സഹവര്‍ത്തനമോ മേധാവിത്വമോ?
നിഗൂഢവും അയഞ്ഞതും മതസ്പര്‍ശവുമുള്ള പേരാണ് 'അബ്‌റഹാമികം' എന്ന പദം. മധ്യപൗരസ്ത്യ ദേശത്ത് അമേരിക്കയുടെ സഖ്യകക്ഷിയായ ഇസ്‌റയേലിന്റെ മികവ് ഉറപ്പുവരുത്തുക എന്ന നയതന്ത്രപരമായ ലക്ഷ്യം നടപ്പാക്കാനുള്ള പ്രായോഗിക പദ്ധതിയാണത്. മൂന്നു മതങ്ങള്‍ തമ്മിലുള്ള ഭിന്നതകള്‍ മാറ്റിവെച്ച് മേഖലയില്‍ സാഹോദര്യവും സഹിഷ്ണുതയും സഹവര്‍ത്തിത്വവും സ്ഥാപിച്ച് 70 വര്‍ഷക്കാലമായി തുടരുന്ന ഭിന്നതകള്‍ അവസാനിപ്പിക്കുകയാണ് പ്രഖ്യാപിത ലക്ഷ്യം. ഈ ഐക്യത്തെ സൂചിപ്പിക്കാന്‍ ഇബ്‌റാഹീമില്‍ പരം മികച്ച മറ്റൊരു സൂചകമില്ല. ഇത് സാധ്യമായാല്‍ സമാധാനപൂര്‍ണവും നിര്‍ഭയവും ശോഭായമാനവുമായ മധ്യപൗരസ്ത്യ ദേശം സാക്ഷാല്‍കൃതമാവും എന്നാണ് വാഗ്ദാനം.
ക്യാമ്പ് ഡേവിഡ് 1979, ഓസ്‌ലോ 1993, വാദി അറബ 1994 കരാറുകള്‍ പോലെ കരാറുകള്‍ നടന്ന സ്ഥലങ്ങളുടെ പേരിലല്ലാതെ 'ഇബ്‌റാഹീം' എന്ന പേരിലാണ് ഇത് അറിയപ്പെടുന്നതെന്നത് പ്രധാനമാണ്.
യഹൂദര്‍
ഇബ്‌റാഹീം, ഇസ്ഹാഖ്, യഅ്ഖൂബ് നബിമാരുടെ അഥവാ ബി.സി 18,19 നൂറ്റാണ്ടുകാലങ്ങളിലായാണ് യഹൂദ മതത്തിന്റെ ആവിര്‍ഭാവം. അവര്‍ക്കുശേഷം വന്ന മൂസാനബിയും ഈ ഗണത്തില്‍ വരും. പിതാക്കന്മാരുടെ കാലം എന്നാണ് ഇതറിയപ്പെടുന്നത്. ഇബ്‌റാഹീം തന്റെ ജനതയുമായി ഇറാഖിലെ ഊറില്‍നിന്ന് ഫലസ്ത്വീനിലേക്ക് നടത്തിയതാണ് യഹൂദരുടെ ഒന്നാമത്തെ പലായനമെന്ന് ചില ഗവേഷകന്മാര്‍ പറയുന്നു. ഇസ്‌റായേല്‍ സന്തതികളുടെ പിതാമഹനായാണ് തൗറാത്ത് ഇബ്‌റാഹീമിനെ പരിചയപ്പെടുത്തുന്നത്.
ക്രിസ്തുമതം
യേശുവിന്റെ ജനനം, പ്രവര്‍ത്തനം, മരണം, ഉയിര്‍ത്തെഴുന്നേല്‍പ്, ഉപദേശങ്ങള്‍ എന്നിവ വിവരിക്കുന്ന പുതിയ നിയമത്തിന്റെ മുഖവുരയാണ് പഴയ നിയമം. എല്ലാ വിശ്വാസികളുടെയും പിതാവാണ് ഇബ്‌റാഹീം എന്നത്രെ വിശ്വാസം. വിശുദ്ധ പൗലോസിന്റെ കത്തുകളും ക്രിസ്തുമതത്തില്‍ പ്രധാനമാണ്.
ഇസ്‌ലാം
നബിമാരുടെ പിതാവായി വാഴ്ത്തപ്പെടുന്ന ഇബ്‌റാഹീം നബിയുടെ ശേഷം അദ്ദേഹത്തിന്റെ സന്താന പരമ്പരകളില്‍നിന്നുമാത്രമെ നബിമാര്‍ വന്നിട്ടുള്ളൂ എന്ന് ഇസ്‌ലാം പറയുന്നു. അദ്ദേഹത്തിന്റെ ഒരു മകനും അറബികളുടെ പിതാമഹനുമായ ഇസ്മാഈലിന്റെ സന്താനപരമ്പരയില്‍നിന്നാണ് മുഹമ്മദ് നബി ജാതനായത്. മറ്റൊരു മകനായ ഇസ്ഹാഖില്‍നിന്ന് ഇസ്‌റാഈല്‍ എന്ന് അപരനാമമുള്ള യഅ്ഖൂബ് ജനിച്ചു. അദ്ദേഹത്തിന്റെ മക്കള്‍ ഇസ്‌റായേല്‍ സന്തതികള്‍ എന്നറിയപ്പെടുന്നു.
وَوَهَبْنَا لَهُ إِسْحَاقَ وَيَعْقُوبَۚ كُلًّا هَدَيْنَاۚ وَنُوحًا هَدَيْنَا مِن قَبْلُۖ وَمِن ذُرِّيَّتِهِ دَاوُودَ وَسُلَيْمَانَ وَأَيُّوبَ وَيُوسُفَ وَمُوسَىٰ وَهَارُونَۚ وَكَذَٰلِكَ نَجْزِي الْمُحْسِنِينَ ﴿٨٤﴾ وَزَكَرِيَّا وَيَحْيَىٰ وَعِيسَىٰ وَإِلْيَاسَۖ كُلٌّ مِّنَ الصَّالِحِينَ ﴿٨٥﴾ وَإِسْمَاعِيلَ وَالْيَسَعَ وَيُونُسَ وَلُوطًاۚ وَكُلًّا فَضَّلْنَا عَلَى الْعَالَمِينَ ﴿٨٦﴾ وَمِنْ آبَائِهِمْ وَذُرِّيَّاتِهِمْ وَإِخْوَانِهِمْۖ وَاجْتَبَيْنَاهُمْ وَهَدَيْنَاهُمْ إِلَىٰ صِرَاطٍ مُّسْتَقِيمٍ ﴿٨٧﴾
'അദ്ദേഹത്തിന് -ഇബ്‌റാഹീമിന്- ഇസ്ഹാഖിനെയും യഅ്ഖൂബിനെയും നല്‍കുകയും ചെയ്തു. അവരെയെല്ലാം നാം നേർവഴിയിലാക്കുകയും ചെയ്തു. അദ്ദേഹത്തിന് മുമ്പ് നൂഹിനെയും നാം നേർവഴിയിലാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ സന്താനങ്ങളില്‍നിന്ന് ദാവൂദിനെയും സുലൈമാനെയും അയ്യൂബിനെയും യൂസുഫിനെയും മൂസായെയും ഹാറൂനെയും (നാം നേർവഴിയിലാക്കി). അപ്രകാരം സദ് വൃത്തര്‍ക്ക് നാം പ്രതിഫലം നല്‍കുന്നു. സകരിയ്യാ, യഹ്‌യാ, ഈസാ, ഇല്‍യാസ് എന്നിവരെയും (നേർവഴിയിലാക്കി) അവരെല്ലാവരെയും നാം ലോകരില്‍വെച്ച് ശ്രേഷ്ഠരാക്കിയിരിക്കുന്നു. അവരുടെ പിതാക്കളില്‍നിന്നും സന്തതികളില്‍നിന്നും സഹോദരന്മാരില്‍നിന്നും (ചിലര്‍ക്ക് നാം ശ്രേഷ്ഠത നല്‍കിയിരിക്കുന്നു) അവരെ നാം വിശിഷ്ഠരായി തെരഞ്ഞെടുക്കുകയും നേര്‍മാര്‍ഗത്തിലേക്ക് അവരെ നയിക്കുകയും ചെയ്തിരിക്കുന്നു.' (അന്‍ആം 84-87).
ثُمَّ أَوْحَيْنَا إِلَيْكَ أَنِ اتَّبِعْ مِلَّةَ إِبْرَاهِيمَ حَنِيفًاۖ وَمَا كَانَ مِنَ الْمُشْرِكِينَ
'പിന്നീട് നേർവഴിയില്‍ (വ്യതിചലിക്കാതെ) നിലകൊള്ളുന്നവനായിരുന്ന ഇബ്‌റാഹീമിന്റെ മാര്‍ഗത്തെ പിന്തുടരണം എന്ന് നിനക്ക് ഇതാ നാം ബോധനം നല്‍കിയിരിക്കുന്നു. അദ്ദേഹം ബഹുദൈവ വാദികളില്‍ പെട്ടവനായിരുന്നില്ല' (നഹ്ല്‍: 123). നബി(സ) ഇങ്ങനെ പ്രാര്‍ഥിച്ചിരുന്നതായി കാണാം:
أصبحناعلى فطرة الإسلام وعلى كلمة الإخلاص وعلى دين نبيّنا محمّد وعلى ملة أبينا ابراهيم حنيفا مسلما وما كان من المشركين
ഇസ്‌ലാമിന്റേതായ നൈസര്‍ഗിക പ്രകൃതിയിലും നിഷ്‌ക്കളങ്കതയുടെ വചനത്തിലും (ലാഇലാഹ ഇല്ലല്ലാഹ്) ഞങ്ങളുടെ നബിയുടെ ദീനിലും ഞങ്ങളുടെ ഋജുമാനസനും മുസ്‌ലിമുമായ പിതാവായ ഇബ്‌റാഹീമിന്റെ മില്ലത്തിലുമായി നിലകൊള്ളവെ ഞങ്ങള്‍ക്ക് നേരം പുലര്‍ന്നു. അദ്ദേഹം ബഹുദൈവ വിശ്വാസികളില്‍ പെട്ടവനായിരുന്നില്ല' (അഹ്മദ്, നസാഈ, ദാരിമി).
ലോക ജനസംഖ്യയില്‍ നൂറില്‍ 56 പേരും ഇബ്‌റാഹീം നബിയുമായി ബന്ധപ്പെട്ടവരാണ്.
യഹൂദ-ഇസ്‌ലാം മതങ്ങള്‍ ത്രിയേകത്വം, ദൈവത്തിന്റെ ശരീരാവതരണം, യേശുവിന്റെ ഉയിര്‍ത്തെഴുന്നേല്‍പ് എന്നീ ക്രൈസ്ത വിശ്വാസങ്ങള്‍ അംഗീകരിക്കുന്നില്ല. കൂടാതെ, മിക്ക ക്രൈസ്തവ ഗ്രൂപ്പുകളുടെയും വിശ്വാസങ്ങളുമായി ഒത്തുപോരുന്നതല്ല യഹൂദ-ഇസ്‌ലാം മത കാഴ്ചപ്പാടുകള്‍. ഏകദൈവവിശ്വാസം, മതനിയമങ്ങളോടുള്ള പ്രതിബദ്ധത എന്നിവ ഉദാഹരണം. യഹൂദ മതവുമായി ഇസ്‌ലാമിനുമുണ്ട് വിയോജിപ്പുകള്‍.
ബഹായിസം, യസീദിയ്യ, ദറൂസിയ്യ, സാമിരി എന്നീ മതങ്ങളെയും ഈ കൂട്ടായ്മയില്‍ ഉള്‍പ്പെടുത്തണമെന്ന് ചിലര്‍ വാദിച്ചു തുടങ്ങിയിട്ടുണ്ട്. ഇസ് ലാമിക സ്വത്വം പെട്ടെന്ന് ഇല്ലാതാക്കാന്‍ ഇവയുടെ കൂടി സാന്നിധ്യം വലിയ തോതില്‍ സഹായിക്കും.
2005-ലെ കണക്കനുസരിച്ച് ലോകജനസംഖ്യയിലെ 54 ശതമാനം (3.6 ബില്യണ്‍) ഇബ്‌റാഹീമി മതങ്ങളുടെ അനുയായികളാണ്. 46 ശതമാനം (2.8 ബില്യന്‍) ഇബ്‌റാഹീമേതര മതക്കാരോ മതമില്ലാത്തവരോ ആണ്. ഇവരില്‍ 32 ശതമാനം ഇതരമതക്കാരാണ്. 16 ശതമാനം പേര്‍ വ്യവസ്ഥാപിതമതങ്ങളില്‍ വിശ്വസിക്കുന്നവരല്ല. ലോകജനസംഖ്യയിലെ 33 ശതമാനം ക്രിസ്തുമതവിശ്വാസികളും 21 ശതമാനം ഇസ്‌ലാം വിശ്വാസികളും 2.0 ശതമാനം യഹൂദരും 1.0 ശതമാനം ബഹാഇകളുമാണ്.
19-ാം നൂറ്റാണ്ടുമുതല്‍ക്കാണ് ഇബ്‌റാഹീം നബിയെ സൂചകമായി ഉപയോഗിച്ചു തുടങ്ങിയത്. അബ്‌റഹാമിക മതങ്ങള്‍ എന്നത് ആധുനിക പ്രയോഗമാണ്. പാശ്ചാത്യനാടുകളിലെ വിശ്വാസികളെ സൂചിപ്പിക്കുന്നതിനായി 1811 മുതല്‍ക്കാണ് The Abrahamic Covenant എന്ന പ്രയോഗമുണ്ടായത്. ഇരുപതാം നൂറ്റാണ്ടിലെ അമ്പതുകളില്‍ ചരിത്രകാരന്മാര്‍ ഇബ്‌റാഹീം എന്ന നാമം ഗവേഷണാര്‍ഥം സാങ്കേതികമായി ഉപയോഗിച്ചു തുടങ്ങുന്നതിനു മുമ്പായിരുന്നു ഇത്. ഫ്രഞ്ച് ഓറിയന്റലിസ്റ്റ് Louis Massignon
'എല്ലാ വിശ്വാസികളുടെയും പിതാവായ ഇബ്‌റാഹീമിന് മൂന്നു പ്രാര്‍ഥനകള്‍' എന്ന ശീര്‍ഷകത്തില്‍ 1949-ല്‍ ലേഖനം പ്രസിദ്ധീകരിച്ചതോടെയാണ് ഈ പേര് വേരുറച്ചത്. പിന്നീട് അത് 'അബ്‌റഹാമിക മതങ്ങള്‍' എന്ന പേരില്‍ സ്വതന്ത്ര വിഷയമായി മാറുകയായിരുന്നു.
ഇരുപതാം നൂറ്റാണ്ടിലെ 90-കളില്‍ അമേരിക്കന്‍ ഭരണകൂടം യുദ്ധവും സമാധാനവും സംബന്ധിച്ച പഠനങ്ങള്‍ക്കായി ചില പരിപാടികള്‍ ആവിഷ്‌കരിച്ചു. 2000 മുതല്‍ 'അബ്‌റഹാം' എന്ന ആശയം പരീക്ഷിച്ചു തുടങ്ങി. ഇതിന്റെ ഭാഗമായി ഹാർവാര്‍ഡ് യൂനിവേഴ്‌സിറ്റി, മധ്യപൗരസ്ത്യദേശ വിദഗ്ധരായ ഏതാനും അമേരിക്കന്‍ ഗവേഷകരെ തുര്‍ക്കി, ഇറാന്‍, ഇസ്‌റായേല്‍, അറബു നാടുകള്‍ മുതലായവ സന്ദര്‍ശിക്കാന്‍ നിയോഗിക്കുയും അവയെ ഒന്നിപ്പിക്കാന്‍ ഇബ്‌റാഹീം നബിയെ കേന്ദ്രബിന്ദുവായി മുന്നില്‍ നിര്‍ത്തിയാലുള്ള വിജയ സാധ്യത കണ്ടെത്താന്‍ തീരുമാനിക്കുകയും ചെയ്തു. അറബ്- ഇസ്‌റായേല്‍ സംഘര്‍ഷം പരിഹരിക്കാന്‍ ഇതിലൂടെ പുതിയൊരു മാനം അവതരിപ്പിക്കുകയായിരുന്നു. രക്തം ചിന്താതെ മധ്യപൗരസത്യദേശം കൈക്കലാക്കുക എന്നതാണ് ലക്ഷ്യം. 2001 സെപ്റ്റംബര്‍ 11 സംഭവത്തിനുശേഷം മേല്‍ വിഷയകമായി കൂടുതല്‍ ചര്‍ച്ചകള്‍ നടന്നു. ലോകസമാധാനം ഇതിനെ ആശ്രയിച്ചാണെന്ന കാഴ്ചപ്പാടിനെ മുന്‍നിര്‍ത്തിയാണ് മൂന്ന് മതങ്ങളെയും ഉരുക്കി ലയിപ്പിച്ചെടുക്കാനുള്ള മൂശയായി ഇബ്‌റാഹീമീ മതം വികസിപ്പിച്ചെടുക്കപ്പെട്ടത്. ഈജിപ്തില്‍ യഹൂദമതം പഠിപ്പിക്കണമെന്നും മൂന്നു മതങ്ങളും പങ്കുവെക്കുന്ന പൊതു മൂല്യങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും ഇസ്‌റായേല്‍ വിരുദ്ധ സൂക്തങ്ങള്‍ ഖുര്‍ആനില്‍നിന്ന് എടുത്തുകളയണമെന്നും നിര്‍ദേശങ്ങള്‍ ഉയര്‍ന്നുവന്നു.
ഹണ്ടിംഗ്ടന്റെ 'നാഗരികതകളുടെ സംഘടനങ്ങള്‍ക്കും ഫുക്കോയാമയുടെ 'ചരിത്രത്തിന്റെ ഒടുക്ക'ത്തിനും പകരം ലോകസഹിഷ്ണുത, മനുഷ്യ സാഹോദര്യം, സ്‌നേഹം എന്നിവയിലൂന്നി അന്താരാഷ്ട്ര പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇതിലൂടെ കഴിയുമെന്ന് കരുതപ്പെടുന്നു. മുസ് ലിംകള്‍ മൂന്നു മതങ്ങളെയും അംഗീകരിക്കുന്നു. ക്രൈസ്തവര്‍ യഹൂദ മതത്തെയും ക്രൈസ്തവതയെയും അംഗീകരിക്കുന്നു. അതേസമയം യഹൂദികള്‍ യഹൂദമതത്തെ മാത്രമേ അംഗീകരിക്കുന്നുള്ളൂ.
ഇബ്‌റാഹീമിനെ കൂട്ടുപിടിക്കുന്നത് എന്തിന്?
1. മൂന്നു മതങ്ങളുമായി ബന്ധമുള്ളയാള്‍ എന്ന നിലയില്‍ ഇബ്‌റാഹീം നബിയെ കേന്ദ്രീകരിക്കുന്നതിലൂടെ സ്വീകാര്യതയും വിശുദ്ധിയും അടുപ്പവും സാധ്യമാവും.
2. മത-രാഷ്ട്ര-നയതന്ത്ര രംഗത്തെ വിദഗ്ധര്‍ മതപരമായ വിശുദ്ധിയുള്ള ഒരു കരാര്‍ എളുപ്പത്തില്‍ സാധ്യമാക്കാനാവുമെന്ന് കണക്കുകൂട്ടുന്നു.
3. വൈകാരികമായ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ അനൗദ്യോഗിക സ്വഭാവത്തിലൂടെ ആത്മീയ നയതന്ത്രത്തിനു കഴിയും.
4. ഈ ആശയം കൂടുതല്‍ പ്രചരിപ്പിക്കാന്‍ കഴിയുക ആത്മീയ നേതാക്കള്‍ക്കാണ്. അനുയായികള്‍ കൂടുതലുള്ളവരെയും പ്രശസ്തരെയും സമൂഹത്തില്‍ സ്വീകാര്യതയുമുള്ളവരെയും മുന്നില്‍ നിര്‍ത്തിവേണം ഇത് സാധ്യമാക്കാന്‍.
5. നിലവില്‍ മതപരമായ സംഘര്‍ഷങ്ങളുടെ ദുരന്തങ്ങള്‍ അനുഭവിക്കുന്ന എല്ലാ രാഷ്ട്രങ്ങളിലെയും ജനങ്ങള്‍ ഇതിന്റെ വിജയത്തിന് പിന്തുണ നല്‍കും.
6. ദാരിദ്ര ്യം അനുഭവിക്കുന്ന സമൂഹങ്ങളെ ലോകസമാധാനത്തിന്റെ വക്താക്കളാക്കാനുതകുന്ന വിധംവികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുക.
7. വ്യത്യസ്ത വീക്ഷണങ്ങളെ തമ്മില്‍ അടുപ്പിക്കാന്‍ ഏറ്റവും കൂടുതല്‍ കഴിയുക സ്വൂഫീ ധാരകള്‍ക്കാണെന്നതിനാല്‍ ഇസ് ലാമിലെ മാത്രമല്ല മറ്റു മതങ്ങളിലെയും വിശ്വാസികളെയും നിരീശ്വര വിശ്വാസികളെയും ഉള്‍ക്കൊള്ളാന്‍ സ്വൂഫികള്‍ക്കാവും എന്നാണ് കരുതപ്പെടുന്നത്.
8. മതപരമായ പങ്കാളിത്തം സംബന്ധിച്ച് നിരന്തരം ശാസ്ത്രീയ ഗവേഷണം പ്രോത്സാഹിപ്പിക്കുക. മതങ്ങളുടെ വിശുദ്ധ പ്രമാണങ്ങളെ ഇബ്‌റാഹീമീ കരാര്‍ രൂപപ്പെടുത്താന്‍ കഴിയുമാറ് പുനർവായന നടത്തുക, സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്നതിന് കര്‍മപദ്ധതികള്‍ നടപ്പില്‍ വരുത്തുക, ചിന്തകള്‍ പ്രചരിപ്പിക്കുകയും നവീകരിക്കുകയും ചെയ്യുക.
9. ലോകസമാധാനം സാധ്യമാവാന്‍ ആദ്യം മധ്യപൗരസ്ത്യ ദേശം സമാധാനപൂര്‍ണമാവണമെന്ന് ഇബ്‌റാഹീമി ചിന്ത മുന്നോട്ടുവെക്കുന്നു. യുദ്ധങ്ങളിലൂടെ വഴക്കിയും മെരുക്കിയും എടുക്കാന്‍ കഴിയില്ല എന്നുവന്നപ്പോള്‍ 'നല്ലതു' പറഞ്ഞ് വശത്താക്കാനാണ് ശ്രമം.
ഒന്നിലധികം മാനങ്ങളുള്ള സാങ്കേതിക പദങ്ങളെ കൃത്യമായി മനസ്സിലാക്കാന്‍ സാധാരണക്കാര്‍ മാത്രമല്ല, ചിന്തകന്മാര്‍ പോലും പ്രയാസപ്പെടുന്ന ധൈഷണിക വെല്ലുവിളി നിലവിലുണ്ട്. ബാഹ്യമായി നന്മ പ്രതിനിധീകരിക്കുന്ന പല സാങ്കേതിക പദങ്ങളും മോശം ആശയങ്ങള്‍ കൂടി ഉള്‍ക്കൊള്ളുന്നുണ്ട്. പ്രയോഗ പ്രചാരം ലഭിക്കുന്നതോടെ പദത്തിന്റെ വിധ്വംസകാശയം പ്രയോഗവല്‍ക്കരിക്കപ്പെടുകയും അതിനെതിരെയുള്ള പ്രതിരോധങ്ങളും പ്രതിഷേധങ്ങളും ദുര്‍ബലപ്പെടുകയും ചെയ്യും. അതോടെ പദാവിഷ്‌കര്‍ത്താക്കളുടെ ലക്ഷ്യം നേടിക്കഴിഞ്ഞിരിക്കും. 'അബ്‌റഹാമിക മതം, മതങ്ങളുടെ ഐക്യം, ലോകമതങ്ങള്‍ എന്നീ പദങ്ങളുടെ അവസ്ഥയും അതുതന്നെ. വ്യത്യസ്ത മതക്കാരുടെ സഹജീവിതം, സമാധാനം എന്നീ ആശയങ്ങള്‍ ഇസ്‌ലാമിന്റെ അടിസ്ഥാന കാഴ്ചപ്പാടുമായി വിയോജിക്കുന്നില്ല. പക്ഷെ, യഥാര്‍ഥത്തില്‍ ഇതിലൂടെ ലക്ഷ്യം വെക്കുന്നത് മിഥ്യാ ആശയങ്ങള്‍ നടപ്പിലാക്കുകയും ഉദ്ദിഷ്ട ലക്ഷ്യം നേടാനുള്ള മറ സൃഷ്ടിക്കുകയുമാണ്. അതിലൂടെ അറബി-ഇസ്‌ലാമിക സ്വത്വം നിർവീര്യമാക്കുകയും ഇസ്‌റായേലി താല്‍പര്യം സംരക്ഷിക്കുകയുമാണ് ലക്ഷ്യം.
ഇസ്‌റായേല്‍-യു.എ.ഇ-ബഹ്‌റൈന്‍ കരാറിന് 'ഇബ്‌റ്ഹീമി' എന്ന പേരു നല്‍കിയതിനു പിന്നില്‍ അന്താരാഷ്ട്ര ബന്ധങ്ങളില്‍ മതംപോലുള്ള മൂല്യമാനദണ്ഡങ്ങള്‍ പരിഗണിക്കപ്പെടരുതെന്നാണ് സാമ്പ്രദായിക ധാരണ. ദേശീയ താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തി പ്രശ്‌നങ്ങള്‍ വിലയിരുത്തി തീരുമാനത്തിലെത്തുക എന്നതാണ് രീതി. മുന്‍ അമേരിക്കന്‍ വിദേശകാര്യമന്ത്രി മാഡ്‌ലിന്‍ ഓള്‍ബ്രൈറ്റ് ഇതേക്കുറിച്ച് പറഞ്ഞത്, 'ഞാന്‍ ഉള്‍പ്പെടെയുള്ള വിദേശകാര്യം കൈയാളിയവരെല്ലാം രാഷ്ട്രീയ മേഖലയില്‍നിന് മതത്തെ മാറ്റിനിര്‍ത്തണമെന്ന പക്ഷക്കാരാണ്.' അതേസമയം ബറാക് ഒബാമ പ്രസിഡന്റായിരുന്ന കാലത്ത് രാഷ്ട്രീയം മതവുമായി സഹകരിച്ചു പോവണം എന്ന അഭിപ്രായം സജീവമായിവന്നു. വ്യക്തികളുടെ അഭിപ്രായ രൂപവല്‍ക്കരണത്തില്‍ മതത്തിന്റെ പങ്ക് മനസ്സിലാക്കിക്കൊണ്ടിയിരുന്നു ഇത്.
അന്താരാഷ്ട്ര ബന്ധങ്ങള്‍ രൂപവല്‍ക്കരിക്കുന്നതില്‍ സ്വതന്ത്രമോ അനുബന്ധമോ ആയ പങ്ക് വഹിക്കാന്‍ കഴിയും, അതുവഴി മതവിശ്വാസികളെ നിര്‍ണിത രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി പാകപ്പെടുത്തിയെടുക്കാന്‍ പറ്റും എന്നതരത്തില്‍ മറ്റു ചില ചിന്തകളും ഉടലെടുക്കുകയുണ്ടായി. കഴിഞ്ഞ നൂറ്റാണ്ടിലെ 80കള്‍ മുതല്‍ മതത്തെ വിധിയധികാരി, വ്യാഖ്യാതാവ്, ന്യായീകരണ മാനദണ്ഡം, അടിസ്ഥാന ചാലക ശക്തി എന്നീ നിലകളില്‍ അന്താരാഷ്ട്ര ബന്ധങ്ങളില്‍ പരിഗണിക്കണമെന്ന വാദം രാഷ്ട്രീയ നേതൃത്വങ്ങളില്‍നിന്നും നിരീക്ഷകന്മാരില്‍ നിന്നുമുണ്ടായി. അമേരിക്കന്‍ വിദേശകാര്യ രാഷ്ട്രീയത്തിലെ ചരിത്ര കൗണ്‍സിലില്‍ അംഗമായ ആന്‍ഡ്രൂ ജെ. റോട്ടര്‍ ഇതിന്റെ വക്താക്കളിലൊരാളാണ്. രാഷ്ട്രീയ നിലപാടുകളെ ന്യായീകരിക്കാന്‍ മതത്തെ കൂട്ടുപിടിക്കണം. അന്താരാഷ്ട്ര ബന്ധങ്ങള്‍ ബലപ്പെടുത്തുന്നതിനായി 'മതങ്ങളുടെ സംവാദം' എന്ന ആശയവും നിര്‍ദേശിക്കപ്പെട്ടു. ജനങ്ങള്‍ക്കിടയില്‍ പാലം നിര്‍മിക്കുക എന്ന ലക്ഷ്യത്തോടെ നടക്കേണ്ട മതസംവാദങ്ങള്‍ സാംക്രമിക രോഗങ്ങള്‍ക്കെതിരെയും ദുരിതാശ്വാസങ്ങള്‍ക്കുമുള്ള പ്രവര്‍ത്തനങ്ങള്‍ പോലുള്ളവക്ക് വഴിയൊരുക്കും എന്നാണ് കണക്കുകൂട്ടല്‍. ഇതുവഴി മതങ്ങള്‍ക്ക് സംഘട്ടനങ്ങള്‍ മാത്രമല്ല, സമാധാനവും ക്ഷേമവും സ്ഥാപിക്കാന്‍ കഴിയും എന്നു തെളിയിക്കാനാവും.
ഈ അര്‍ഥത്തില്‍ മതത്തെ രാഷ്ട്രീയത്തില്‍ പ്രയോജനപ്പെടുത്തുന്നത് പുതിയ കാര്യമല്ല. കാരണം, അത് ദൈവിക താല്‍പര്യമാണ്.
ഡെമോക്രാറ്റിക് പ്രതിനിധിയായ ഹിലാരി ക്ലിന്റന്റെ കാലത്ത് അമേരിക്കന്‍ വിദേശമന്ത്രാലയം, വിദേശകാര്യ വകുപ്പിലെ ആത്മീയ രാഷ്ട്രീയ മേഖലയിലെ നൂറുപേരെ ചേര്‍ത്ത് ഈ വിഷയകമായി വിദേശകാര്യ വകുപ്പിന് ഉപദേശം നല്‍കാന്‍ സംവിധാനമുണ്ടാക്കിയിരുന്നു. 2013 ആഗസ്റ്റില്‍ വിദേശകാര്യമന്ത്രി ജോണ്‍കെറി അബ്‌റഹാമിക മതങ്ങള്‍ക്ക് പങ്കാളിത്ത സൗഹൃദ ഭൂമിക കളമൊരുക്കുന്നതില്‍ വലിയ പങ്ക് വഹിക്കാന്‍ കഴിയുമെന്ന് പറയുകയുണ്ടായി. ഏറ്റവും ഒടുവില്‍ അബ്‌റഹാമിക കരാര്‍ എന്ന ആശയവും ഈ നിലയില്‍ വികസിച്ചു വന്നതാണ്. അത് യാദൃച്ഛികമായി രൂപം കൊണ്ടതല്ല. മധ്യപൗരസ്ത്യ ദേശത്തെ അമേരിക്കന്‍ വിദേശ നയത്തെയും അറബ്-ഇസ്‌റായേല്‍ സംഘര്‍ഷത്തെയും മുന്‍നിര്‍ത്തിയാണ് ഇത് രൂപം കൊണ്ടിട്ടുള്ളത്.
ഇബ്‌റാഹീം നബിയുടെ പേര് ഉപയോഗിച്ചത് കൂടുതല്‍ സ്വീകാര്യയും വിശുദ്ധിയും അടുപ്പവും നേടുവാനാണ്.
ജനങ്ങളെ സ്വാധീനിക്കാന്‍ കഴിയുന്ന മത-രാഷ്ട്രീയ നേതൃത്വങ്ങള്‍ ഒരേസമയം മതപരമായി സമ്മതമായ തീര്‍പ്പിനെ രാഷ്ട്രീയമായി പ്രയോഗവല്‍ക്കരിച്ച് മൂന്ന് അടിസ്ഥാന വിഭാഗങ്ങള്‍ക്കും ഇതിലൂടെ പുതിയൊരു ഭൂപടം നിശ്ചയിച്ചു നല്‍കുകയാണ്. ഇതര മതങ്ങള്‍ക്ക് പങ്കാളിത്തമില്ലാത്തവിധം യഹൂദ-ക്രൈസ്തവ-ഇസ്‌ലാം മതങ്ങള്‍ക്ക് മാത്രമായി ഒരു സവിശേഷ പരിവേഷം ഇതുവഴി ലഭിക്കുന്നു. 'സമാധാനത്തിന്റെ കുടുംബം' എന്ന പേരുള്ള വ്യവസ്ഥാപിതമായ കൂട്ടായ്മ എല്ലാ രാഷ്ട്രങ്ങളിലും സമൂഹങ്ങളിലും നിലവില്‍ വരുന്നു. അടിസ്ഥാന ജനവിഭാഗങ്ങള്‍, ഇബ്‌റാഹീമി കരാര്‍, ഖുദ്‌സ്: ഇബ്‌റാഹീമി നഗരം, ഇബ്‌റാഹീമി ഭൂപ്രദേശങ്ങള്‍, ഇബ്‌റാഹീമിന്റെ സഞ്ചാരപഥം മുതലായ വിശുദ്ധനാമങ്ങളും ചിഹ്നങ്ങളും വിശ്വാസികളില്‍ ആവര്‍ത്തിച്ചു ഉരുവിടുകയും അതുവഴി വേരുറക്കുകയും ചെയ്യുന്ന അവസ്ഥയുണ്ടാവുന്നു. ഇതിനു വിരുദ്ധമായ നിലപാട് സ്വീകരിക്കുന്നവര്‍ അനഭിമതരായി മാറുന്നു. മുന്നു മതവിഭാഗങ്ങള്‍ക്കും ഒത്തുകൂടാവുന്ന അരാധനാ ചിഹ്നങ്ങള്‍ സ്ഥാപിക്കപ്പെടുന്നു. ദരിദ്ര രാജ്യങ്ങളിലെ ഭൗതിക പ്രയാസങ്ങള്‍ പരിഹരിച്ചുകൊണ്ട് അവരെ ഇബ്‌റാഹീമി മതസമന്വയത്തിലേക്ക് ആകര്‍ഷിക്കുന്നു. മതങ്ങള്‍ തമ്മിലുള്ള അന്തരങ്ങള്‍ മായ്ച്ച് മൂന്നു മതങ്ങളെയും ഒരു കുടക്കീഴിലാക്കാനുള്ള ശ്രമങ്ങള്‍ക്ക് തുടക്കമായത് 2000-ത്തോടെയാണ്. അറബ്-ഫലസ്ത്വീന്‍ ഭൂമികളില്‍ അധിനിവേശം നടത്താന്‍ ഇസ്‌റായേലിന് വഴിയൊരുക്കി കൊടുക്കുക മാത്രമാണ് പദ്ധതിയുടെ ലക്ഷ്യം. മൂന്നു മതങ്ങളുടെയും വേദങ്ങളില്‍നിന്ന് ചില ഭാഗങ്ങള്‍ എഡിറ്റു ചെയ്ത് പുതിയൊരു വേദ പുസ്തകം പ്രസിദ്ധീകരിക്കുക എന്നതും ഇതിന്റെ ലക്ഷ്യമാണ്. ചുരുക്കത്തില്‍, ഖുദ്‌സിനെ യഹൂദവല്‍ക്കരിക്കുക, ഫലസ്ത്വീന്‍ പ്രശ്‌നം അപ്രസക്തമാക്കുക, അറബ് രാജ്യങ്ങളെ ശിഥിലമാക്കുക, മേഖലയില്‍ മൊത്തം ആധിപത്യം സ്ഥാപിക്കുക, ക്രൈസ്തവ-ഇസ്‌ലാമിക വിശുദ്ധ സ്ഥലങ്ങളില്‍ യഹൂദ അധിനിവേശത്തിന് നിയമസാധുത നല്‍കുക എന്നതു മാത്രമാണ് ഇബ്‌റാഹീമി മതത്തിലൂടെ ലക്ഷ്യമാക്കുന്നതെന്ന് സംശയരഹിതമായ യാഥാര്‍ഥ്യമാണ്. വഞ്ചകരോ ഏജന്റുമാരോ ആയ മിക്ക അറബ് ഭരണാധികാരികളും ഈ പദ്ധതിയെ പിന്തുണക്കുന്നവരും അതിന്റെ ഗുണഭോക്താക്കളുമാണ്. അറബ് ജനത അതിനെ തോല്‍പ്പിക്കുക തന്നെ ചെയ്യും.
വെടക്കാക്കി തന്റേതാക്കുന്നു
ഉടനെയോ പിന്നെയോ തങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന താല്‍പര്യങ്ങള്‍ക്കുവേണ്ടി കുത്സിത മാര്‍ഗങ്ങള്‍ സ്വീകരിച്ച് മറുപക്ഷത്തുള്ളവരെ സമ്മര്‍ദത്തിലാക്കാന്‍ ചിലര്‍ക്ക് ബഹുമിടുക്കാണ്. ഇതുതന്നെയാണ് ചില സര്‍ക്കാറുകള്‍ സ്വീകരിക്കുന്നതും. വ്യക്തികള്‍ അടങ്ങുന്ന കൂട്ടായ്മയായ സര്‍ക്കാറുകള്‍ മാത്രം ഈ നിലപാടില്‍നിന്ന് വ്യത്യസ്തരാവില്ല.
നിരപരാധികളായ ലക്ഷങ്ങളെ കൊന്നൊടുക്കിയിട്ടും ലക്ഷ്യം നേടാന്‍ കഴിയുന്നില്ലെന്നു വന്നപ്പോള്‍ ഒരു തുള്ളിപോലും രക്തം ചിന്താതെ മധ്യപൗരസ്ത്യ മേഖലയില്‍ ലക്ഷ്യം നേടാന്‍ അനുനയത്തിന്റെ പുതിയ ഒത്തുതീര്‍പ്പുമായി വന്നിരിക്കുകയാണ് സാമ്രാജ്യത്വ ശക്തികള്‍. യൂറോപ്യന്‍ യൂനിയന്‍, അന്താരാഷ്ട്ര നാണയനിധി, അന്താരാഷ്ട്ര ബാങ്ക്, അമേരിക്ക മുതലായവയാണ് ഇതിനെ സാമ്പത്തികമായി സഹായിക്കുന്നത്. ഇബ്‌റാഹീമി മതത്തില്‍ ആകൃഷ്ടരാവുന്നവര്‍ ക്രമേണ തങ്ങളുടെ മതത്തെ വെറുത്തു തുടങ്ങുമെന്നും പിന്നീട് 'ഇബ്‌റാഹീമി മതം' എന്ന പൊതു ആശയം മാത്രം അവര്‍ക്ക് പ്രിയങ്കരമാവുമെന്നും കണക്കുകൂട്ടുന്നു.
പുതിയ മതത്തിന് സ്വീകാര്യത ലഭിക്കാനായി പാഠ്യപദ്ധതികളിലൂടെ മൂന്നു മതങ്ങളുടെയും പൊതുമൂല്യങ്ങള്‍ പുതിയ തലമുറകള്‍ക്ക് നല്‍കുന്നു. സമീപഭാവിയില്‍ തന്നെ മൂന്നു മതങ്ങള്‍ക്കും പകരം പുതിയ മതം മേല്‍ക്കോയ്മ നേടും എന്ന പ്രതീതിയുണ്ടാക്കിയെടുക്കുന്നു. ഇതിനായുള്ള ഗവേഷണ പഠനാലയങ്ങള്‍ ചര്‍ച്ചുകള്‍ക്കും പള്ളികള്‍ക്കും പകരം ദേവാലയങ്ങളായി മാറുന്നു.
മതത്തിനോ മൂല്യങ്ങള്‍ക്കോ വൈദേശിക രാഷ്ട്രീയവുമായി യാതൊരു ബന്ധവുമില്ലെന്നാണ് ചിലരുടെ പക്ഷം. എന്നാല്‍ വൈദേശിക രാഷ്ട്രീയത്തിനു നേരെയുള്ള ലോകാഭിമുഖ്യം മാറിയതോടെ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ മതത്തിന് വലിയ പങ്കുള്ളതായി മനസ്സിലാക്കപ്പെട്ടു തുടങ്ങിയിരിക്കുന്നു. മതങ്ങള്‍ തമ്മിലുള്ള സംവാദങ്ങളിലൂടെ രാഷ്ട്രങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ ശാന്തമാക്കുന്നതില്‍ ഇത് പരീക്ഷിക്കപ്പെട്ടു തുടങ്ങിയിരിക്കുന്നു. മതകീയ പ്രമാണങ്ങളെ സമാധാനം സാക്ഷാല്‍ക്കരിക്കും വിധം വ്യാഖ്യാനിക്കുകയാണ് ഇത്തരം സംവാദങ്ങളിലൂടെ ചെയ്യുന്നത്. ശത്രുതാപരമായ പ്രമാണങ്ങളെ ആത്മീയ നേതാക്കള്‍ മയപ്പെടുത്തി വ്യാഖ്യാനിക്കുന്നു. ഇങ്ങനെ വ്യാഖ്യാനിച്ചില്ലെങ്കില്‍ നിലവിലെ മതങ്ങള്‍ പ്രശ്‌നങ്ങള്‍ വര്‍ധിപ്പിക്കുകയേ ഉള്ളൂ എന്നൊരു ധാരണ സൃഷ്ടിച്ചെടുക്കുന്നു. ഒരു മതത്തിന് മറ്റൊരു മതത്തേക്കാള്‍ മികവില്ലെന്ന് വരുത്തക്കവിധം മതങ്ങളെ വ്യാഖ്യാനിച്ച് തങ്ങളുടെ ലക്ഷ്യത്തിന് പാകപ്പെടുത്തുന്നു. ഇതിന്നായി വ്യത്യസ്ത പുത്തന്‍ നാഗരിക സാങ്കേതിക പദങ്ങള്‍ ആവിഷ്‌കരിക്കുന്നു. കൂടുതല്‍ സുഗമമാവാനായി സാമ്പത്തിക സഹായങ്ങള്‍, വൈദ്യസേവനങ്ങള്‍ മുതലായവ വാഗ്ദാനം ചെയ്യപ്പെടുന്നു.
ആമുഖമായി ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതോടെ പഴയ മതങ്ങള്‍ മറന്ന് ജനങ്ങള്‍ പുതിയ മതം പുണര്‍ന്നിരിക്കും. മതങ്ങളുടെ യഥാര്‍ഥ അന്തസ്സത്ത എന്താണെന്നു മനസ്സിലാക്കാതെ ഒരു കൂട്ടം മാനവിക മൂല്യങ്ങള്‍ ആശ്ലേഷിക്കുക എന്ന തലത്തിലേക്ക് ജനങ്ങള്‍ എത്തിയിരിക്കും. ഭൗതിക ചെലവുകളും നഷ്ടങ്ങളും ഇല്ലാതെയും കോടിക്കണക്കിന് ഡോളറുകള്‍ മുടക്കാതെയും നഗരങ്ങള്‍ തകര്‍ക്കാതെയും മതത്തിന്റെ കഥ കഴിക്കാനാവുമെന്ന് അണിയറ ശക്തികള്‍ കണക്കുകൂട്ടുന്നു. 'ഇബ്‌റാഹീമീ മത'ത്തിന്റെ വ്യാപനത്തോടെ ശത്രുരാഷ്ട്രങ്ങളെ അങ്ങനെ കാണാതിരിക്കാന്‍ കഴിയുമാറുള്ള മാനസികാവസ്ഥ സംജാതമാവും. ഇപ്പോഴത്തെ തലമുറയേയല്ല ഭാവി തലമുറകളെയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്.
ആദര്‍ശം പടച്ചട്ടയാക്കി പ്രതിരോധിക്കുക
ഇസ്‌ലാമികാദര്‍ശത്തിന്റെ ബലത്തില്‍ നടത്തുന്ന പ്രതിരോധങ്ങള്‍ക്കു മാത്രമേ ഈ ഗൂഢപദ്ധതിയെ തകര്‍ക്കാന്‍ കഴിയൂ. തങ്ങളുടെ ദേശങ്ങളെയും വിശുദ്ധ ഭൂമികളെയും സംരക്ഷിക്കാന്‍ ആദര്‍ശബദ്ധമായ നിലപാടുകള്‍ തീര്‍ച്ചയായും ഉണ്ടാവണം. ഇങ്ങനെ അല്ലാതുള്ള നീക്കങ്ങളും ആക്രോശങ്ങളും ബഹളങ്ങളുമായി കലാശിക്കുകയേ ഉള്ളൂ.
ഇബ്‌റാഹീം നിരപരാധിയാണ്
ബഹുദൈവാരാധന കൊടികുത്തിവാണ ലോകത്തും കാലത്തും ഏകദൈവാരാധനയിലേക്ക് ജനങ്ങളെ ക്ഷണിക്കാന്‍ നിയോഗിതനായ ദൈവദൂതനാണ് ഇബ്‌റാഹീം. ഒരു ജനതക്ക് മാത്രമായുള്ള ഒരു മതത്തിന്റെ വക്താവായിരുന്നില്ല അദ്ദേഹം. അദ്ദേഹത്തിനോ, അദ്ദേഹത്തിന്റെ കാലത്തിനോ അദ്ദേഹത്തിന്റെ കാലശേഷം വേദഗ്രന്ഥങ്ങളില്‍ വന്ന മാറ്റത്തിരുത്തലുകളില്‍ പങ്കില്ല. ഇബ്‌റാഹീം നബിയുടെ കാലശേഷം അറുനൂറു വര്‍ഷങ്ങള്‍ കഴിഞ്ഞാണ് മൂസാനബിയുടെ ജനനം. മൂസാനബിയുടെ ശരീഅത്ത് ഒരു ശിലാഫലകത്തിലേക്ക് മാത്രമെ ഉണ്ടായിരുന്നുള്ളൂ. മൂസാ നബിയുടെ വിയോഗശേഷം എഴുനൂറ് കൊല്ലം കഴിഞ്ഞ് ക്രോഡീകൃതമായ അഞ്ചു ഏടുകളുള്ള തൗറാത്തെന്ന പഴയ നിയമത്തിന്റെ കാലം ഇബ്‌റാഹീം നബിയുടെ വിയോഗശേഷം ആയിരത്തിമുന്നൂറ് വര്‍ഷങ്ങള്‍ക്കു ശേഷമാണ്. അതില്‍ ഇബ്‌റാഹീം നബി ലക്ഷ്യമായി സ്വീകരിച്ച് ജീവിതാന്ത്യം വരെ സ്ഥാപിക്കാന്‍ പൊരുതിയ തൗഹീദിനെപ്പറ്റി ഒന്നുമില്ല. തൗറാത്തിന്റെ ഏടുകള്‍ ക്രോഡീകൃതമായ നാനൂറ് വര്‍ഷങ്ങള്‍ക്കിടയില്‍ വിവിധ സംസ്‌കാരങ്ങളും വ്യത്യസ്ത ലക്ഷ്യങ്ങളും അതില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്. യഹൂദമതം എന്നതുതന്നെ ഒരു പ്രത്യേക ഗോത്രത്തെ മാത്രം ഉള്‍ക്കൊള്ളുന്നതാണ്. സാക്ഷാല്‍ ദൈവത്തിന്റെ പര്യായമായി പഴയ നിയമത്തിലുള്ള 'യഹോവ' എന്ന പദം പ്രശസ്തമായ ഒരു വിഗ്രഹത്തിന്റെ പേരാണെന്ന് വിശ്വസനീയമായ ചരിത്ര രേഖകളില്‍ കാണാം. പുനരുത്ഥാനം, സ്വര്‍ഗം, നരകം, ഒരു പ്രത്യേക ജനതയോടല്ലാതെ മാനവസമൂഹത്തോട് മൊത്തമായുള്ള ആഹ്വാനങ്ങള്‍ മുതലായവയും പഴയ നിയമത്തിലില്ല. വംശീയ പരാമര്‍ശങ്ങളും ഇതര വിഭാഗങ്ങളെ അംഗീകരിക്കായ്കയും ധാരാളമായി കാണാം. അതിലെ ചിന്തകളും കഥകളും ഇതര സംസ്‌കാരങ്ങളില്‍നിന്ന് കടമെടുത്തവയാണെന്നത് വളരെ വ്യക്തമാണ്.
ശൈഖുല്‍ അസ്ഹര്‍ നിരാകരിക്കുന്നു
ശൈഖുല്‍ അസ്ഹര്‍ അഹ്മദുത്ത്വയ്യിബ് പുതിയ മതത്തെ പൂര്‍ണമായി നിരാകരിക്കുകയും മൂന്നു മതങ്ങളും പങ്കിടുന്ന മൂല്യങ്ങളുടെ അടിസ്ഥാനത്തിലുള്ള സഹകരണമാണോ അതോ നിറമോ മണമോ ഗന്ധമോ ഇല്ലാത്ത പുതിയൊരു മതത്തിന്റെ ആവിഷ്‌കാമാണോ ലക്ഷ്യമെന്ന് സംശയമുന്നയിക്കുകയും ചെയ്തിരിക്കുന്നു. 'ഇബ്‌റാഹീമീ മതം' പ്രത്യക്ഷത്തില്‍ മുന്നോട്ടു വെക്കുന്നത് മനുഷ്യ കൂട്ടായ്മയും സംഘര്‍ഷ മുക്തിയുമാണെങ്കിലും യഥാര്‍ഥത്തില്‍ അതിന്റെ ലക്ഷ്യം വിശ്വാസ സ്വാതന്ത്ര്യനിഷേധവും പഥ്യമായ ആദര്‍ശം സ്വീകരിക്കാനുള്ള അവസരം ഇല്ലാതാക്കലുമാണ്. എല്ലാ മനുഷ്യരും ഒരു മതം മാത്രം സ്വീകരിക്കുക എന്നത് അസംഭവ്യമാണ്. അന്യരുടെ വിശ്വാസങ്ങളെ മാനിക്കുക എന്നതും അത് വിശ്വസിക്കുക എന്നതും രണ്ടാണ്.
അഹ് മദുത്ത്വയ്യിബ് പുതിയ മതത്തിനു പിന്നിലെ രാഷ്ട്രീയ ലക്ഷ്യങ്ങളെക്കുറിച്ച് പ്രതികരിച്ചിട്ടില്ലെങ്കിലും മതത്തെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി ദുരുപയോഗപ്പെടുത്തുകയാണെന്ന നഗ്നസത്യം ഇപ്പോള്‍ അനാവൃതമായിരിക്കുകയാണ്. ഇസ്‌റായേലുമായി അറബ് രാജ്യങ്ങളുടെ ബന്ധം സാധാരണ നിലയിലാക്കുക മാത്രമാണ് പുതിയ മതത്തിന്റെ ഏകലക്ഷ്യമെന്ന് തിരിച്ചറിയപ്പെട്ടു കഴിഞ്ഞിരിക്കുന്നു.
ഭാവിസാധ്യതകള്‍
മുന്‍ ഈജിപ്ഷ്യന്‍ രാഷ്ട്ര സുരക്ഷാ വിദഗ്ധന്‍ ലിവാഅ് ഖൈറത്ത് ശുക്‌രി റഷ്യന്‍ ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്, 1907-ലെ ഹെന്റി കാമ്പല്‍ കരാറിനേക്കാള്‍ ഒട്ടും അപകടം കുറഞ്ഞതല്ല 'ഇബ്‌റാഹീമി മതസമന്വയം' എന്ന ആശയവും എന്നാണ്. 2013-ലാണ് ഇത് പ്രയോഗതലത്തിലേക്ക് വന്നു തുടങ്ങിയത്. അതായത്, എട്ടുവര്‍ഷം മുമ്പുമാത്രം. പുതിയൊരു ബാല്‍ഫര്‍ പ്രഖ്യാപനമാണ് യഥാര്‍ഥത്തില്‍ 'ഇബ്‌റാഹീമി മതം' 1907-ല്‍ ഒരു സമ്മേളനത്തില്‍ രൂപംകൊണ്ട ഹെന്റി കാമ്പല്‍ കരാറിനെ തുടര്‍ന്നാണ് ബാല്‍ഫര്‍ പ്രഖ്യാപനമുണ്ടായത്. അതിപ്പോള്‍ തിരുത്താന്‍ കഴിയാത്ത ഇസ്‌റായേല്‍ രാഷ്ട്രം എന്ന യാഥാര്‍ഥ്യമായി നമ്മുടെ മുമ്പിലുണ്ട്. ഇതുപോലെ ഏതാനും വര്‍ഷങ്ങള്‍ക്കകം ഇബ്‌റാഹീമീ മതം എന്ന പുത്തന്‍ മതം തല്‍പരകക്ഷികളുടെ മുന്‍കൈയില്‍ യാഥാര്‍ഥ്യമായെന്നു വരും എന്നു തന്നെ നാം ആശങ്കിക്കണം.
റഫറന്‍സ്
1. ما هو الدّين الجديد ........ https://www.bbc.com
2. الديانة الإبراهيميّة الجديدة ....... يونس أحمد ....... https://mugtama.com
3. الديانة الإبراهميّة اسيّرا تيجيّة المرحلة ...... https://railyoum.com
4. الأزهر والإبراهيميّة .......... https://www.bbc.com
5. أديان ابراهيميّة - وبكبيديا
6. الإبراهيميّة : بين التغابن والسيطرة..... https://caus.org.Ib
7. الإبراهيميّة الجديدة وخدعة التسامح ..... https://middle-east-online.com