വംശമൂലം ഇസ്‌ലാമിക ശരീഅത്തില്‍

ഡോ. അലി മുഹമ്മദി‌‌
img

ഈയിടെ കേരളത്തിലുണ്ടായ കുട്ടികളുടെ ദത്ത്, പങ്കാളികളുടെ കൈമാറ്റം പോലുള്ള ഇടപാടുകളിലൂടെ കുടുംബങ്ങളുടെ വംശാവലയില്‍ ഉണ്ടാവുന്ന കുഴമറിച്ചിലുകളെ ഇസ്‌ലാം എത്ര ഗുരുതരമായാണ് വീക്ഷിക്കുന്നത് എന്നു വിലയിരുത്തുന്ന പഠനം.
വംശമൂലം എന്നതിന് ഇസ്‌ലാമിക ശരീഅത്തില്‍ ഉപയോഗിക്കുന്ന 'നസബ്' എന്ന അറബി പദത്തിന് ഭാഷാപരവും സാങ്കേതികവുമായ അര്‍ഥങ്ങളുണ്ട്.

ഭാഷാര്‍ഥം: 1. പിതാക്കള്‍ വഴിയുള്ള ബന്ധുത്വം. 'ഇന്‍തസബ ഇലാ അബീഹി വ അജ്ദാദിഹി' എന്നാല്‍ അയാള്‍ തന്നെ തന്റെ പിതാവിലേക്കും പിതാമഹന്മാരിലേക്കും വംശപരമായി ചേര്‍ന്നുനില്‍ക്കുന്നു എന്നര്‍ഥം.

'ഇസ്തന്‍സിബ് ലനാ' എന്നാല്‍ നീ നിന്റെ പിതാക്കന്മാരും പിതാമഹന്മാരും ആരെന്ന് പറഞ്ഞു തരൂ. 'റജുലുന്‍ നസീബ്' എന്നാല്‍ 'മാന്യന്മാരായ പിതാക്കന്മാരുടെ ബന്ധുത്വമുള്ള തറവാടി' എന്നര്‍ഥം.1

2. വ്യക്തമായ പാകത്തിലുള്ള ചൊവ്വായ വഴി
3. ശക്തി, കാഠിന്യം. 'അന്‍സബത്തിര്‍രീഹു' എന്നാല്‍ ശക്തമായി കാറ്റടിച്ചു എന്നാണര്‍ഥം. 'മുഅ്ജമുല്‍ മഖായീസ്' എന്ന നിഘണ്ടുവില്‍ 'നസബ്' എന്നതിന്റെ അര്‍ഥം ഒരു വസ്തു മറ്റൊരു വസ്തുവുമായി ചേര്‍ന്നു നില്‍ക്കുക എന്ന അടിസ്ഥാന ആശയവുമായി ബന്ധപ്പെട്ടു നില്‍ക്കുന്നു എന്ന് രേഖപ്പെടുത്തിയിരിക്കുന്നു.2

മുകളില്‍ കൊടുത്ത മൂന്ന് അര്‍ഥങ്ങളും സൂക്ഷ്മമായി പരിശോധിച്ചാല്‍ മകന്‍ തന്റെ പിതാവുമായും പിതാമഹന്മാരുമായും സഹോദരിയുടെ ഭര്‍ത്താവ്, ഭാര്യ വഴി കുടുംബവുമായും നിലച്ചു പോവാതെ ശക്തമായ തുടര്‍ച്ചയായ ശബ്ദത്തോടെ അടിക്കുന്ന കാറ്റുപോലെ ബന്ധം തുടര്‍ന്നു കൊണ്ടുപോവുന്നു എന്ന ഒരാശയം 'നസബ്' എന്നതില്‍ ഉള്ളടങ്ങിയിരിക്കുന്നു.

വംശമൂലം എന്നതില്‍ മൂന്ന് ഇനങ്ങള്‍ പെടുന്നു.
1. صلب (സ്വുല്‍ബ്): പിതാക്കളും ആണ്‍മക്കളും തമ്മില്‍ താഴോട്ടും മേലോട്ടുള്ള വംശമൂലം.
2. عَصَبَة (അസ്വബഃ)  عِصَابَة (ഇസ്വാബഃ): ഒരാളും അയാളുടെ ആണ്‍മക്കളും പിതാവിന്റെ ബന്ധുക്കള്‍ മാത്രവും (ഉദാ: പിതൃവ്യരും അവരുടെ ആണ്‍മക്കളും) അടങ്ങുന്ന സംഘം.3 മക്കളും പിതാവ് വഴിയുള്ള ബന്ധുക്കളും എന്നര്‍ഥം. അവര്‍ അദ്ദേഹത്തെ വലയം ചെയ്തു എന്ന അര്‍ഥത്തിലാണ് അസ്വബ എന്നുപയോഗിക്കുന്നത്.
3. رَحْم (റഹ്‌മ്) മാതാവു വഴിയോ പിതൃസഹോദരി വഴിയോ ഉള്ള മാതാവിന്റെയോ പിതാവിന്റെയോ വലിയുമ്മ വഴിയുള്ള ബന്ധുക്കള്‍.

ഖറാബത്ത് (ബന്ധുത്വം) എന്നത് വംശമൂല(നസബ്)ത്തേക്കാള്‍ വ്യാപ്തിയുള്ളതാണ്. അതായത്, എല്ലാ വംശമൂലവും ബന്ധുത്വമാണ്, അതേസമയം എല്ലാ ബന്ധുത്വവും വംശമൂലമല്ല. ഉദാഹരണമായി, മകളുടെ ഭര്‍ത്താവ് ബന്ധുവാണെങ്കിലും അയാള്‍ വംശമൂലഗണത്തില്‍ പരിഗണിക്കപ്പെടില്ല. ഭര്‍ത്താവിനെ വംശമൂലത്തില്‍ ഉള്‍പ്പെടുത്തിയ ചിലരുടെ നിലപാട് സാധുവല്ല.4

അല്ലാഹു പ്രസ്താവിക്കുന്നു:
وَهُوَ الَّذِي خَلَقَ مِنَ الْمَاءِ بَشَرًا فَجَعَلَهُ نَسَبًا وَصِهْرًاۗ وَكَانَ رَبُّكَ قَدِيرًا
'അവന്‍ -അല്ലാഹു- തന്നെയാണ് വെള്ളത്തില്‍നിന്ന് മനുഷ്യനെ സൃഷ്ടിക്കുകയും, അവനെ രക്ത ബന്ധമുള്ളവനും വിവാഹബന്ധമുള്ളവനും ആക്കുകയും ചെയ്തിരിക്കുന്നത്. നിന്റെ രക്ഷിതാവ് കഴിവുള്ളവനാകുന്നു' (ഫുര്‍ഖാന്‍: 54).5

സൂക്തത്തില്‍ വിവാഹബന്ധ(സ്വിഹ്‌റ്)ത്തെ വംശമൂല(നസബ്)വുമായി ചേര്‍ത്താണ് പറഞ്ഞിരിക്കുന്നത്.  എന്ന സംയോജകാവ്യയം ഉപയോഗിച്ച് ഒന്നിനെ മറ്റൊന്നുമായി ചേര്‍ത്തു പറയുമ്പോള്‍ രണ്ടും ഒരേ ഗണത്തിലല്ല വരിക എന്നാണര്‍ഥമാക്കുന്നത്. വിവാഹബന്ധവും ബന്ധുത്വം തന്നെയെങ്കിലും വംശബന്ധം വേറെ, രക്തബന്ധം വേറെ എന്നുസാരം.

വംശമൂലത്തില്‍ ഏഴുതരം ബന്ധങ്ങളാണ്.
حُرِّمَتْ عَلَيْكُمْ أُمَّهَاتُكُمْ وَبَنَاتُكُمْ وَأَخَوَاتُكُمْ وَعَمَّاتُكُمْ وَخَالَاتُكُمْ وَبَنَاتُ الْأَخِ وَبَنَاتُ الْأُخْتِ
'നിങ്ങളുടെ മാതാക്കള്‍, പുത്രിമാര്‍, സഹോദരിമാര്‍, പിതൃസഹോദരിമാര്‍, മാതൃസഹോദരിമാര്‍, സഹോദര പുത്രിമാര്‍, സഹോദരി പുത്രിമാര്‍......'
وَأُمَّهَاتُكُمُ اللَّاتِي أَرْضَعْنَكُمْ وَأَخَوَاتُكُم مِّنَ الرَّضَاعَةِ وَأُمَّهَاتُ نِسَائِكُمْ وَرَبَائِبُكُمُ اللَّاتِي فِي حُجُورِكُم مِّن نِّسَائِكُمُ
'നിങ്ങളെ മുലകുടിപ്പിച്ച പോറ്റമ്മമാര്‍, മുലകുടി മുഖേനയുള്ള നിങ്ങളുടെ സഹോദരിമാര്‍, നിങ്ങളുടെ ഭാര്യാമാതാക്കള്‍ എന്നിവര്‍ (അവരെ വിവാഹം ചെയ്യല്‍) നിങ്ങള്‍ക്ക് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ലൈംഗിക വേഴ്ചയില്‍ ഏര്‍പ്പെട്ടിട്ടുള്ള നിങ്ങളുടെ ഭാര്യമാരുടെ സന്താനങ്ങളായ നിങ്ങളുടെ സംരക്ഷണത്തിലുള്ള വളര്‍ത്തു പുത്രിമാരും. (അവരെ വിവാഹം ചെയ്യുന്നതും നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു). ഇനി നിങ്ങള്‍ അവരുമായി ലൈംഗിക വേഴ്ചയിലേര്‍പ്പെട്ടിട്ടില്ലെങ്കില്‍ (അവരുടെ മക്കളെ വേള്‍ക്കുന്നതില്‍) നിങ്ങള്‍ക്ക് കുറ്റമില്ല. നിങ്ങളുടെ മുതുകില്‍നിന്ന് പിറന്ന പുത്രന്മാരുടെ ഭാര്യമാരും (നിങ്ങള്‍ക്ക് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു). (നിസാഅ്: 23)5

സാങ്കേതിക നിർവചനം

കുവൈത്തി ഫിഖ്ഹ് എന്‍സൈക്ലോപീഡിയയുടെ നിർവചനം ഇങ്ങനെ:
حالة حكمية إضافية بين شخص وآخر من حيث ان الشخص انفصل عن رحم امرأة هي في عصمة زواج شرعيّ أو ملك صحيح ثابتين أو مشبهين اللذي يكون الحبل من مائه. 6
'ഒരു സ്ത്രീയുടെ ഗര്‍ഭാശയത്തില്‍നിന്ന് വേര്‍പെട്ടു പോന്നതിന്റെ അടിസ്ഥാനത്തില്‍ വ്യക്തിയെയും പ്രസ്തുത സ്ത്രീയുടെ ഗര്‍ഭം ആരുടെ ബീജത്തില്‍നിന്നാണോ അയാളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന നിയമപരമായ അവസ്ഥയാണ് വംശബന്ധം.

വംശമൂലം: മുന്‍കാല സമുദായങ്ങളില്‍

മുഹമ്മദ് നബിയുടെ ആഗമനത്തിനു മുമ്പുള്ള സമുദായങ്ങള്‍ യഥാര്‍ഥത്തില്‍ വംശമൂലത്തിന്റെ മൂല്യം മനസ്സിലാക്കിയിരുന്നില്ല. സമൂഹത്തെ ഭദ്രമായി നിലനിര്‍ത്തുന്നതില്‍ കുടുംബത്തിനുള്ള പ്രസക്തി ഉള്‍ക്കൊണ്ടിരുന്നില്ല. കുടുംബത്തിന്റെയോ ഗോത്രത്തിന്റെയോ വംശവിശുദ്ധി കാത്തുസൂക്ഷിക്കുന്നവരെന്ന് വാദിക്കുമ്പോഴും അതിനു വിരുദ്ധമായി അവിഹിത ബന്ധങ്ങളിലൂടെ വംശാവലിയില്‍ സംശയകരമായ സാഹചര്യങ്ങള്‍ വരുത്തിവെക്കുന്ന പതിവ് നിലനിന്നിരുന്നു.
റോമക്കാര്‍ വിശിഷ്യാ, റോമിലെ രാജകുടുംബം തങ്ങള്‍ റോമന്‍ രക്തം കാത്തുസൂക്ഷിക്കുന്നവരാണെന്ന് അവകാശപ്പെടുന്നവരായിരുന്നു. വിവാഹം നിയമാനുസൃതവും സാധുവുമാണെങ്കില്‍പോലും കുടുംബത്തലവന്റെയോ പോപ്പിന്റെയോ മുന്നില്‍ പിതാവ് പരസ്യമായി കുട്ടികള്‍ തന്റേതാണെന്ന് സമ്മതിച്ചു പറയേണ്ടിയിരുന്നു.7

തന്റെ ഭാര്യയില്‍ ജനിച്ച ഒരു കുട്ടി തന്റേതും മറ്റേത് തന്റേതല്ലെന്നും പറയാന്‍ തന്റെ താല്‍പര്യ പ്രകാരം ഭര്‍ത്താവിന് അനുവാദമുണ്ടായിരുന്നു. ഭാര്യയില്‍ ജാതരായ ജാരസന്തതികളെ സ്വന്തം മക്കളായി ഗണിക്കാനും അവര്‍ക്ക് സ്വാതന്ത്ര്യമുണ്ടായിരുന്നു. അത്തരം കുട്ടികള്‍ക്ക് നിയമപരമായ അംഗീകാരം ലഭിച്ചിരുന്നു.
ഈജിപ്തിലെ കോപ്റ്റിക് വംശജര്‍ ജാഹിലിയ്യ അറബികള്‍ സ്വീകരിച്ച നിലപാട് തന്നെയാണ് ഈ വിഷയത്തില്‍ സ്വീകരിച്ചിരുന്നത്. ഇതു മാത്രമല്ല, കുടുംബം എന്ന സങ്കല്‍പം തന്നെ തകര്‍ക്കുന്നവയും വംശമൂലം സങ്കരമാവും വിധവുമുള്ള മറ്റു കാര്യങ്ങളും അവര്‍ ചെയ്തിരുന്നു. ഈ ഇനത്തിലെ സുപ്രധാനമായ അഞ്ച് ഇനങ്ങള്‍ താഴെ:
1. ദത്തെടുക്കല്‍
അറബികള്‍ ഉള്‍പ്പെടെ ലോക സമൂഹങ്ങളില്‍ ദത്തെടുക്കല്‍ സമ്പ്രദായം വ്യാപകമായിരുന്നു. പിതാവ് ആരെന്ന് അറിയുന്നവരെയും അല്ലാത്തവരെയും ദത്തെടുക്കുന്ന രീതി നിലനിന്നു. ഇസ്‌ലാം അത് ദുര്‍ബലപ്പെടുത്തി.8
2. ജാരസന്തതിയെ സ്വന്തം സന്തതിയായി സമ്മതിക്കുക.
ദത്തു സമ്പ്രദായം പോലെ ഇതും വ്യാപകമായിരുന്നു. എല്ലാ മതങ്ങൡലും വ്യഭിചാരം നിഷിദ്ധമാണെങ്കിലും വ്യവസ്ഥാപിതമായി അത് പരിപാലിക്കപ്പെട്ടു പോന്നിരുന്നില്ല.
ഒരാള്‍ ഒരു സ്ത്രീയുമായി അവിഹിത ബന്ധത്തിലേര്‍പ്പെടുകയും അതില്‍ കുഞ്ഞ് ജനിക്കുകയും ചെയ്താല്‍ അത് തന്റേതാണെന്ന് സമ്മതിക്കാനും നിഷേധിക്കാനും അയാള്‍ക്ക് അനുവാദമുണ്ടായിരുന്നു. തനിക്ക് ജനിച്ച കുഞ്ഞ് ആരുടേതാണെന്ന് തന്നിഷ്ടം പോലെ പറയാന്‍ മാതാവിന് അവകാശമുണ്ടായിരുന്നു. ജാഹിലിയ്യ കാലത്ത് അറബികളിലെ വേശ്യകള്‍ തങ്ങള്‍ക്ക് ജനിക്കുന്ന കുഞ്ഞിന്റെ പിതൃത്വം തങ്ങള്‍ ഉദ്ദേശിക്കുന്ന പുരുഷന്മാരില്‍ ചുമത്തിയിരുന്നു. ആഇശ(റ)യില്‍നിന്ന് നിവേദനം:
أن النكاح في الجاهلية كان على أربعة أنحاء ......... ونكاح آخر يجتمع الرهط ما دون العشرة فيدخلون على المرأة كلهم يصيبها فإذا حملت ووضعت ارسلت. اليهم ..... فتقول لهم : قد عرفتم الذي كان من أمركم وقد ولدت فهو ابنك يا فلان   فيلحق به ولدها لا يستطيع أن يمتنع به الرجل.......
'ജാഹിലിയ്യ കാലത്ത് വിവാഹം നാലുതരമായിരുന്നു... അവയിലെ ഒരിനം ഇങ്ങനെ: പത്തിനുതാഴെയുള്ള ഒരു സംഘം ഒരു സ്ത്രീയെ സമീപിക്കുന്നു. അവര്‍ അവളെ പ്രാപിക്കുന്നു. അങ്ങനെ അവള്‍ ഗര്‍ഭിണിയായി പ്രസവിച്ചാല്‍ അവള്‍ അവരെ വിളിച്ചുവരുത്തി ഇങ്ങനെ പറയും: 'നിങ്ങളുടെ കാര്യങ്ങളെല്ലാം നിങ്ങള്‍ക്കറിയാമല്ലൊ! ഞാന്‍ പ്രസവിച്ചിരിക്കുന്നു. ഇന്നയാളേ!..... ഇത് നിങ്ങളുടെ മകനാണ്. അതോടെ കുഞ്ഞ് അയാളുടേതായി. കുഞ്ഞ് തന്റേതല്ലെന്ന് വിസമ്മതിക്കാന്‍ അയാള്‍ക്കാവുമായിരുന്നില്ല.'9
ഈ രീതി അറബികളേക്കാള്‍ കൂടുതല്‍ റോമക്കാര്‍ക്കിടയിലും യൂറോപ്യര്‍ക്കിടയിലും നിലനിന്നിരുന്നു. ഫ്രഞ്ച് നിയമത്തിലും ഇപ്പോഴും ഇതു തന്നെയാണ് നടപ്പുരീതി.10
3. അവകാശവാദം
ഒരാള്‍, താന്‍ ഇന്നയാളുടെ മകനാണെന്നു വാദിക്കുന്നതോടെ പിതാവ് അത് സമ്മതിക്കുന്നതാണ് മറ്റൊരു രീതി. അതോടെ മകന്‍ മകനായും പിതാവ് പിതാവായും പരിഗണിക്കപ്പെടുന്നു. പരസ്പരം അനന്തരാവകാശം ബാധകമാവുന്നു. ഗോത്രങ്ങളോ ഗോത്ര നേതാക്കളോ തങ്ങളില്‍ പെടാത്തവരെ ഈ വിധം തങ്ങളോട് ചേര്‍ത്തു പറഞ്ഞിരുന്നു.
4. നീക്കം ചെയ്യുക, നിഷേധിക്കുക
കുടുംബത്തിലെ ഒരാളെ കുടുംബത്തില്‍നിന്ന് നീക്കം ചെയ്യുക. കുടുംബത്തിലെ ഒരാളെ അയാള്‍ കുടുംബാംഗമല്ലെന്ന് നിഷേധിച്ചു പറയുക എന്നതും സമൂഹത്തില്‍ നടപ്പുണ്ടായിരുന്നു. നിയമാനുസൃത വിവാഹങ്ങളില്‍ ജനിക്കുന്നവരെപ്പോലും ഈ വിധം നീക്കിയിരുന്നു. തെറ്റ് ചെയ്തതിന്റെ പേരില്‍ പ്രതിക്രിയ വേണ്ടി വരുന്ന സാഹചര്യത്തില്‍ തെറ്റ് ചെയ്തയാളെ കുടുംബത്തില്‍ നിന്നോ ഗോത്രത്തില്‍ നിന്നോ നീക്കം ചെയ്തിരുന്നു. പുറത്തായതിനാല്‍ അയാള്‍ ചെയ്യുന്ന കുറ്റത്തിന് പ്രതിവിധി ചെയ്യാന്‍ തങ്ങള്‍ ബാധ്യസ്ഥരല്ലെന്നു വരുത്തുകയാണ് അതിന്റെ ഉദ്ദേശ്യം.

തങ്ങള്‍ക്ക് കൗതുകം തോന്നാത്തയോ കുടുംബാംഗങ്ങളോട് സാദൃശ്യമില്ലാത്തവരോ ആയ കുട്ടികളെ നിഷേധിക്കുക എന്നത് റോമക്കാരുടെയും ബൈസന്റാനിയന്മാരുടെയും കോപ്റ്റിക്കുകളുടെയും പാരമ്പര്യമായിരുന്നു. ഒട്ടും വൈമനസ്യമില്ലാതെ നടപ്പുരീതി എന്നോണം ഇതവര്‍ നടത്തിപ്പോന്നു. മുആവിയയുടെ മാതാവ് ഹിന്ദ് ബിന്‍ത് ഉത്ബയുടെ ഭര്‍ത്താവ് ഫാകിഹ് ബ്‌നു മുഗീറ തനിക്ക് ഹിന്ദില്‍ നിന്നുണ്ടായ കുഞ്ഞിനെ നിഷേധിച്ചു കളഞ്ഞു. വിഷയത്തില്‍ ഇടപെട്ട ഒരു ജോത്സ്യ, ഹിന്ദ് നിരപരാധിയാണെന്ന് വിധിച്ചെങ്കിലും ഫാകിഹിന്റെ കൂടെ തുടര്‍ന്നു ജീവിക്കാന്‍ അവര്‍ കൂട്ടാക്കിയില്ല.
പ്രമുഖ കവിയായ അന്‍തറയെ കറുത്തവനായതിന്റെ പേരില്‍ പിതാവ് തന്റെതല്ലെന്ന് പറഞ്ഞ് നിരാകരിക്കുകയുണ്ടായി. ദുബ്‌യാന്‍ ഗോത്രം പിതാവിന്റെ ഗോത്രമായ അബ്‌സിനെ ആക്രമിക്കുകയും പ്രത്യാക്രമിക്കാന്‍ പുരുഷന്മാര്‍ വേണ്ടത്ര ഇല്ലാതിരിക്കുകയും ചെയ്ത സാഹചര്യത്തില്‍ പിതാവ്, അന്‍തറയോട് പറഞ്ഞു: 'അന്‍തറ! പ്രത്യാക്രമണം നടത്തൂ. അന്‍തറ തിരിച്ചടിച്ചു: 'അടിമക്ക് ആക്രമണം നടത്താന്‍ ശേഷിയുണ്ടാവില്ല. പാല്‍ കറക്കാനും കിടാങ്ങള്‍ പാല്‍ കുടിക്കാതിരിക്കാന്‍ അകിടുകള്‍ കെട്ടാനുമെ അറിയൂ. അപ്പോള്‍ പിതാവ് പറഞ്ഞു: 'നീ ആക്രമിക്കുക. നിന്നെ സ്വതന്ത്രനാക്കാം.' ഇതു പ്രകാരം മകന്‍ ശത്രുക്കളെ പ്രതിരോധിക്കുകയും ഭാവനാതീതമാംവിധം ധീരത പുറത്തെടുക്കുകയും ചെയ്തതോടെ, കറുത്തവനായതിന്റെ പേരില്‍ താന്‍ തള്ളിപ്പറഞ്ഞ യഥാര്‍ഥ മകനെ പിതാവ് ഏറ്റെടുക്കാന്‍ തയാറാവുകയായിരുന്നു. മകനെ തള്ളിപ്പറഞ്ഞതിനോ തിരിച്ചെടുത്തതിനോ യാതൊരു വിധ നിയമപരമായ സാധുതയുമുണ്ടായിരുന്നില്ല. ആളുകള്‍ തങ്ങളുടെ താല്‍പര്യങ്ങള്‍ക്കനുസൃതമായി ഓരോന്ന് ജല്‍പിക്കുകയാണ് ചെയ്തിരുന്നത്.
5. വിവാഹശേഷം ഭാര്യയുടെ വംശമൂലത്തെ നിർവീര്യമാക്കുക.
ജാഹിലിയ്യാ അറബികള്‍ വിവാഹശേഷം ഭാര്യമാരുടെ വംശമൂലത്തെ നിർവീര്യമാക്കിയിരുന്നില്ല. അതേസയമം, പുരാതനകാല യവനരും റോമക്കാരും ഈ രീതി സ്വീകരിച്ചിരുന്നു. വിവാഹത്തോടെ സ്വന്തം വംശമൂലത്തില്‍നിന്ന് മാറി ഭര്‍ത്താവിന്റെ വംശത്തോട് ചേര്‍ത്ത് പരിചയപ്പെടുത്തുന്ന രീതിയാണ് നിലവിലുണ്ടായിരുന്നത്.11
വനിതകളുടെ സർവതന്ത്ര സ്വാതന്ത്ര്യത്തിനും ആണ്‍മേല്‍ക്കോയ്മക്കുമെതിരെ സംസാരിക്കുന്ന ഫെമിനിസ്റ്റുകള്‍ക്ക് മേല്‍ക്കൈയുള്ള പാശ്ചാത്യ സമൂഹങ്ങളിലെ മേല്‍ വൈപരീത്യം വിരോധാഭാസമെന്നേ പറയേണ്ടതുള്ളൂ. സ്വന്തം വംശമൂലം കൈയൊഴിഞ്ഞ് ഭര്‍ത്താവിന്റെ വംശത്തിലേക്ക് ചേര്‍ത്തി വിളിക്കപ്പെടുന്നതോടെ സ്ത്രീയുടെ സ്വത്വമാണ് ഇല്ലാതാവുന്നത്. അതുമാത്രമല്ല, സ്ത്രീകള്‍ തങ്ങളുടെ ജീവിത ഭാരങ്ങള്‍ സ്വന്തം നിലയില്‍തന്നെ പേറിക്കൊള്ളണമെന്നതോടൊപ്പം ജീവിത സന്ധാരണത്തില്‍ ഭര്‍ത്താക്കന്മാരെ സഹായിക്കണമെന്നും നിര്‍ബന്ധിക്കുന്നു.
വംശമൂലം: ഇസ്‌ലാം നല്‍കുന്ന പരിഗണനയും സംരക്ഷണവും
ഈ തലക്കെട്ടിനു കീഴെ മൂന്നുകാര്യങ്ങള്‍ പഠനവിധേയമാണ്.
1. വംശമൂലത്തിന്റെ സംരക്ഷണം. ഇസ്‌ലാമിക ശരീഅത്തിന്റെ അഞ്ചു ലക്ഷ്യങ്ങളില്‍ ഒന്ന് വംശസംരക്ഷണമാണല്ലോ.

പുരാതന വംശമൂലങ്ങളെ മാത്രമല്ല അവയില്‍നിന്ന് താഴേക്ക് നീളുന്ന വംശ പരമ്പരയെയും സംരക്ഷിച്ചു നിര്‍ത്തി തങ്ങളുടെയും മറ്റുള്ളവരുടെയും വംശമൂലം തിരിച്ചറിഞ്ഞ് പരസ്പരം സഹകരണത്തോടെയും കരുണയോടെയും ഇടപഴകാന്‍ ഇതുവഴി അവസരമുണ്ടാകുന്നു.
يَا أَيُّهَا النَّاسُ إِنَّا خَلَقْنَاكُم مِّن ذَكَرٍ وَأُنثَىٰ وَجَعَلْنَاكُمْ شُعُوبًا وَقَبَائِلَ لِتَعَارَفُواۚ إِنَّ أَكْرَمَكُمْ عِندَ اللَّهِ أَتْقَاكُمْۚ
'ജനങ്ങളേ, തീര്‍ച്ചയായും നാം നിങ്ങളെ ഒരു ആണില്‍നിന്നും പെണ്ണില്‍നിന്നും സൃഷ്ടിക്കുകയും നിങ്ങളെ ജനവിഭാഗങ്ങളും ഗോത്രങ്ങളുമാക്കിയിരിക്കുകയും ചെയ്യുന്നു; നിങ്ങള്‍ പരസ്പരം പരിചയപ്പെടുന്നതിനുവേണ്ടി. തീര്‍ച്ചയായും നിങ്ങളില്‍ ഏറ്റവും മാന്യന്‍ നിങ്ങളിലെ ഏറ്റവും ഭക്തനാകുന്നു.' (ഹുജുറാത്ത്: 13).
നബി(സ) പറയുന്നു: تعلّموا من أنسابكم ما تصلون به أرحامكم

'നിങ്ങള്‍ക്ക് നിങ്ങളുടെ കുടുംബ ബന്ധങ്ങള്‍ ചേര്‍ക്കാന്‍ കഴിയുമാറ് നിങ്ങള്‍ നിങ്ങളുടെ വംശമൂലങ്ങള്‍ പഠിക്കുക' (തുര്‍മുദി, അഹ്‌മദ്, ഹാകിം, ത്വബറാനി)
മുകളിലെ ഖുര്‍ആന്‍ സൂക്തവും നബിവചനവും വംശമൂലം പിഴക്കാതിരിക്കാന്‍ സത്വര ശ്രദ്ധയുണ്ടാവണമെന്ന് നമ്മെ ഉണര്‍ത്തുന്നു. ആ രംഗത്ത് സംശയ സാഹചര്യമുണ്ടാവുന്നത് വംശത്തിനുവേണ്ടി പ്രവര്‍ത്തിക്കാനുള്ള നൈസര്‍ഗികമായ ചോദനയെ ചോര്‍ത്തിക്കളയും.12

ഒരു തെറ്റിദ്ധാരണ

വ്യത്യസ്ത ഹദീസുകള്‍ സംയോജിപ്പിച്ച് മനസ്സിലാക്കാന്‍ കഴിയാത്തതിനാല്‍ മറ്റുപല വിഷയങ്ങളില്‍ എന്ന പോലെ ഈ വിഷയത്തിലും ചിലര്‍ക്ക് തെറ്റു പറ്റിയിട്ടുണ്ട്. താഴെ രണ്ട് ഹദീസുകള്‍ കാണുക.
لا تأتوني بانسابكم وأتوني بأعمالكم  'നിങ്ങള്‍ നിങ്ങളുടെ വംശമൂലങ്ങളുമായി എന്റെ അടുത്ത് വരരുത്. നിങ്ങള്‍ നിങ്ങളുടെ കര്‍മങ്ങളുമായി എന്റെ അടുത്തേക്ക് വരിക'.13

തൊട്ടടുത്ത ഹദീസ് ഈ ആശയം ശരിവെക്കുന്നു.
يا فاطمة بنت رسول الله اسأليني بها شئت لا أغني عنك من الله شيئا.
'അല്ലാഹുവിന്റെ ദൂതന്റെ മകള്‍ ഫാത്വിമ! നീ ഉദ്ദേശിച്ചത് നീ എന്നോട് ചോദിച്ചുകൊള്ളുക. അല്ലാഹുവില്‍നിന്ന് നിനക്ക് ഒരു ഉപകാരവും ചെയ്യാന്‍ എനിക്ക് കഴിയില്ല.'14

വംശമൂല വിജ്ഞാനീയം പഠിക്കണമെന്ന നബി(സ)യുടെ നിര്‍ദേശവും, വംശമല്ല കര്‍മമാണ് പ്രധാനമെന്ന അദ്ദേഹത്തിന്റെ തന്നെ ഉല്‍ബോധനവും തമ്മില്‍ വൈരുധ്യമില്ല. വംശമൂലത്തെ ഇസ്‌ലാം സവിശേഷം പരിഗണിച്ചിരിക്കുന്നു. ലോകത്ത് നിയോഗിതരായ എല്ലാ നബിമാരും ദൂതന്മാരും വംശപരമായി തങ്ങളുടെ സമുദായങ്ങളിലെ ഏറ്റവും ശ്രേഷ്ഠരായിരുന്നു. അവരുടെ നാട്ടുകാര്‍ക്ക് വംശമൂലങ്ങളെക്കുറിച്ച് അറിയാമായിരുന്നില്ലെങ്കില്‍ നബിമാരുടെ കുടുംബ-ഗോത്രമാന്യതയും പ്രകൃതിയും മനസ്സിലാകുമായിരുന്നില്ല. അല്ലാഹു നബി(സ)യെക്കുറിച്ച് പറയുന്നു:
لَقَدْ جَاءَكُمْ رَسُولٌ مِّنْ أَنفُسِكُمْ 'നിങ്ങള്‍ക്ക് നിങ്ങളില്‍നിന്നു തന്നെയുള്ള ഒരു ദൂതന്‍ തീര്‍ച്ചയായും വന്നിരിക്കുന്നു' (തൗബ: 128) സൂക്തത്തിലെ 'അന്‍ഫുസികും' എന്നതിന് 'അന്‍ഫസികും' എന്നൊരു വായനയുണ്ട്. അതനുസരിച്ച് 'നിങ്ങളിലെ ഏറ്റവും നല്ലവന്‍, നിങ്ങളില്‍ വംശപരമായി ഏറ്റവും ശ്രേഷ്ഠന്‍' എന്നായിരിക്കും അര്‍ഥം. തൗറാത്തിലും ഇഞ്ചീലിലും من أوسط قومه نسبا 'തന്റെ ജനതയിലെ മികവുറ്റ വംശമൂലത്തില്‍നിന്നുള്ളയാള്‍' എന്നാണ് നബി(സ)യെ വിശേഷിപ്പിച്ചിരിക്കുന്നത്. റോമന്‍ ചക്രവര്‍ത്തി ഹിര്‍ഖലും ഖുറൈശ് നേതാവ് അബൂസുഫ്‌യാനും തമ്മില്‍ നടന്ന സംഭാഷണത്തില്‍നിന്ന് ഇത് വ്യക്തമാണ്. മുഹമ്മദിന്റെ വംശമൂലം എങ്ങനെ? എന്ന ചോദ്യത്തിന് അബൂസുഫ് യാന്‍ നല്‍കിയ മറുപടി, 'അദ്ദേഹം ഞങ്ങളിലെ തറവാടിത്തമുള്ളവനാണെന്നായിരുന്നു. അതിന് ഹിര്‍ഖലിന്റെ പ്രതികരണം 'അങ്ങനെയാണ് സംഭവിക്കുക. ദൂതന്മാര്‍ തങ്ങളുടെ സമുദായത്തിന്റെ വംശമൂലത്തിലാണ് നിയോഗിക്കപ്പെടുക' എന്നായിരുന്നു.15
ശരിയും മാന്യവുമായ കുടുംബത്തില്‍ പിറക്കുന്നവരുടെ വംശനന്മ ആളുകള്‍ക്കിടയില്‍ സുപരിചിതമായിരിക്കും. അങ്ങനെ അല്ലാത്തവരെ സമൂഹം തിരസ്‌കരിക്കും. തങ്ങളുടെ സമൂഹത്തില്‍നിന്ന് വ്യത്യസ്തമായവരെ ഉള്‍ക്കൊള്ളാന്‍ ആളുകള്‍ പൊതുവെ നീരസം പ്രകടിപ്പിക്കും. ഖലീഫയായി നിശ്ചയിക്കപ്പെടുന്നത് ഖുറൈശ് ഗോത്രജനായിരിക്കണമെന്ന് ഒരു ഘട്ടത്തില്‍ നിര്‍ദേശിക്കപ്പെടാന്‍ കാരണം ഇത്തരം പരിഗണനകളാണ്. ഇബ്‌നു ഖല്‍ദൂന്റെ 'മുഖദ്ദിമ'യില്‍ ഇക്കാര്യം എടുത്തു പറയുന്നുണ്ട്. ഇസ്‌ലാമിന്റെ നിയമാവിഷ്‌കാരങ്ങളിലെല്ലാം വംശമൂലങ്ങളുടെ സംരക്ഷണത്തിന് മുന്തിയ പരിഗണന തന്നെ നല്‍കിയിട്ടുണ്ട്.

മാതാപിതാക്കളെ പീഡിപ്പിക്കല്‍

മാതാപിതാക്കളെ പീഡിപ്പിക്കുന്നത് ഇസ്‌ലാമിക ശരീഅത്തു പ്രകാരം നിഷിദ്ധമാണ്. മാതാപിതാക്കള്‍ എന്ന വിവക്ഷയില്‍ വലിയുപ്പമാരും വലിയുമ്മമാരും പെടും. നാമും നമ്മുടെ വംശമൂലവുമായുള്ള ബന്ധം കരുണാമയവും അതീവ ശക്തവുമായിരിക്കണം എന്നാണതിന്റെ വിവക്ഷ.
إِمَّا يَبْلُغَنَّ عِندَكَ الْكِبَرَ أَحَدُهُمَا أَوْ كِلَاهُمَا فَلَا تَقُل لَّهُمَا أُفٍّ وَلَا تَنْهَرْهُمَا وَقُل لَّهُمَا قَوْلًا كَرِيمًا
'തന്നെയല്ലാതെ നിങ്ങള്‍ ഇബാദത്തെടുക്കരുതെന്നും മതാപിതാക്കള്‍ക്ക് നന്മ ചെയ്യണമെന്നും നിന്റെ രക്ഷിതാവ് വിധിച്ചിരിക്കുന്നു. അവരില്‍ -മാതാപിതാക്കളില്‍- ഒരാളോ അവരില്‍ രണ്ടുപേരും തന്നെയോ നിന്റെ അടുക്കല്‍വെച്ച് വാര്‍ധക്യം പ്രാപിക്കുകയാണെങ്കില്‍ അവരോട് നീ 'ഛെ' എന്നു പറയുകയോ അവരോട് കയര്‍ക്കുകയോ ചെയ്യരുത്. അവരോട് നീ മാന്യമായ വാക്ക് പറയുക' (ഇസ്‌റാഅ്: 23). നബി(സ) പറയുന്നു:
ألا أنبئكم بأكبر الكبائر الإشراك باالله وعقوق الوالدين'അറിയുക, വന്‍ പാപങ്ങളെക്കുറിച്ച് ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞു തരട്ടെയോ? അല്ലാഹുവില്‍ പങ്കു ചേര്‍ക്കലും മാതാപിതാക്കളെ പീഡിപ്പിക്കലും' (ബുഖാരി, മുസ്‌ലിം) മാതാപിതാക്കളെ ശപിക്കുന്നതും പീഡനത്തിന്റെ വിവക്ഷയില്‍ വരുമെന്ന് താഴെ ഹദീസ് പഠിപ്പിക്കുന്നു:
من الكبائر شَتْمُ الرجل والديه قَالو يارسول الله وهل يسبّ الرجل والديه؟ قال: نعم، يسبّ أبا الرجل فيسبّ أباه، ويسبّ أمّه، فيسبّ أمّه
'ഒരാള്‍ തന്റെ മാതാപിതാക്കളെ ചീത്തപറയുന്നത് വന്‍പാപങ്ങളില്‍ പെട്ടതാണ്. സ്വഹാബികള്‍ ചോദിച്ചു: 'അല്ലാഹുവിന്റെ ദൂതരേ, ഒരാള്‍ തന്റെ മതാപിതാക്കളെ ചീത്ത പറയുമോ? നബി(സ): 'അതെ' അയാള്‍ മറ്റെയാളുടെ പിതാവിനെ ചീത്ത പറയുന്നു. അപ്പോള്‍ മറ്റെയാള്‍ ഇയാളുടെ പിതാവിനെ ചീത്ത പറയുന്നു. അയാള്‍ മറ്റെയാളുടെ ഉമ്മയെ ചീത്ത പറയുന്നു, അപ്പോള്‍ മറ്റെയാള്‍ ഇയാളുടെ ഉമ്മയെ ചീത്ത പറയുന്നു' (ബുഖാരി, മുസ്‌ലിം) മാതാപിതാക്കളെ നേരിട്ടോ അല്ലാതെയോ ചീത്ത പറയുന്നത് നിഷിദ്ധമാണെന്നു സാരം.

ഒരാളെ അയാളുടെ യഥാര്‍ഥ പിതാവിലേക്കല്ലാതെ ചേര്‍ത്തു പറയല്‍
ഏതൊരാളെയും അയാളുടെ യഥാര്‍ഥ പിതാവിലേക്കല്ലാതെ ചേര്‍ത്തു വിളിക്കാവതല്ല. ആരുടെയും വംശമൂലം സംശയങ്ങള്‍ക്കിടയാവുന്ന സാഹചര്യമുണ്ടായിക്കൂടാ എന്ന് ഇസ്‌ലാമിന് നിര്‍ബന്ധമുണ്ട്.
من ادّعى الى غير أبيه وهو يعلم أنه غير أبيه فالجنّة عليه حرام
'ഒരാള്‍ തന്റെ പിതാവല്ലാത്ത ഒരാളെ തന്റെ പിതാവല് എന്നറിഞ്ഞുകൊണ്ട് തന്റെ പിതാവാണെന്ന് വാദിച്ചാല്‍ അയാള്‍ക്ക് സ്വര്‍ഗം നിഷിദ്ധമായിരിക്കും.' (ബുഖാരി, മുസ്‌ലിം, അബൂദാവൂദ്, ഇബ്‌നുമാജ, ദാരിമി)
വംശാഭിമുഖ്യം നൈസര്‍ഗിക വാസന
മനുഷ്യര്‍ നൈസര്‍ഗികമായി തന്നെ വംശബന്ധുത്വത്തെ വിലമതിക്കുന്നവരാണ്. മാതാപിതാക്കള്‍, ബന്ധുക്കള്‍ എന്നിവരുമായി വംശപരമായി ചേര്‍ന്നുനില്‍ക്കാനുള്ള പ്രവണത നമ്മുടെ സഹജ ഭാവമായി അല്ലാഹു സംവിധാനിച്ചിരിക്കുന്നു. അവര്‍ക്കെതിരില്‍ എന്തെങ്കിലും നീക്കങ്ങളുണ്ടായാല്‍ അത് ചെറുക്കാന്‍ അനിഛയാ നാം ഉത്സുകരാവുന്നു. കുടുംബത്തിലെ നല്ലവനല്ലാത്ത ഒരംഗത്തെപോലും ഒരാള്‍ ചീത്ത പറഞ്ഞാല്‍ അന്ധമായ കുടുംബ പക്ഷപാതിത്തത്താല്‍ നാം മിക്കവാറും ബന്ധുവിന്റെ പക്ഷത്തു ചേരുന്നു. അഹങ്കാരമില്ലാതെ വംശമഹാത്മ്യം പറയുന്നത് തെറ്റല്ലെന്ന് നബി(സ)യുടെ താഴെ വചനത്തില്‍നിന്ന് നമുക്ക് മനസ്സിലാക്കാം. ഹുനൈന്‍, യുദ്ധപശ്ചാത്തലത്തില്‍ അവിടുന്ന് പറഞ്ഞു:
أنا النّبيّ لا كذب   أنا بن عبد المطّلب
'ഞാന്‍ നബിയാണ്. ഞാന്‍ അബ്ദുല്‍ മുത്ത്വലിബിന്റെ മകനാണ്' (ബുഖാരി, മുസ്‌ലിം). മറ്റൊരിക്കല്‍ തിരുമേനി (സ) പറഞ്ഞത് ഇങ്ങനെയാണ്:
ان الله اختار من ولد آدم إسماعيل واختار من ولد اسماعيل عدنان واختار من عدنان قريشا واختار من قريش بني هاشم واختارني من بنى هاشم فاناخيار من خيار من خيار.
'തീര്‍ച്ചയായും അല്ലാഹു ആദമിന്റെ സന്തതികളില്‍നിന്ന് ഇസ്മാഈലിനെ തെരഞ്ഞെടുത്തു, ഇസ്മാഈലിന്റെ സന്തതികളില്‍നിന്ന് അദ്‌നാനെയും അദ്‌നാനില്‍നിന്ന് ഖുറൈശിനെയും. ഖുറൈശില്‍നിന്ന് ഹാശിം കുടുബത്തെയും ഹാശിം കുടുംബത്തില്‍നിന്ന് എന്നെയും തെരഞ്ഞെടുത്തു. അതിനാല്‍, ഞാന്‍ ഉത്തമരില്‍നിന്നുള്ള ഉത്തമരിലെ ഉത്തമനാണ്' (തിര്‍മിദി).
انا سيد ولد آدم ولا فخر ...... 'ഞാന്‍ ആദമിന്റെ മക്കളുടെ നേതാവാണ്. ഇത് അഭിമാനം പറയുകയല്ല' (മുസ്‌ലിം).
മുസ്‌ലിംകളും വംശ വിജ്ഞാനീയവും
അറബികളും മുസ്‌ലിംകളും തങ്ങളുടെയും അന്യവിഭാഗങ്ങളുടെയും വംശസംരക്ഷണ വിഷത്തില്‍ ഒരുപോലെ തല്‍പരരായിരുന്നു. അറബികളിലെയോ മുസ്‌ലിംകളിലെയോ ആര്‍ക്കും തന്റെയും കുടുംബത്തിന്റെയും വംശത്തെക്കുറിച്ച് അറിയായ്കയുണ്ടായിരുന്നില്ല. മുസ്‌ലിംകള്‍ക്കിടയില്‍ വംശവിജ്ഞാനികള്‍ ധാരാളമുണ്ടായിരുന്നു. വംശവിഷയകമായ സംശയങ്ങള്‍ അവരെ കണ്ട് തീര്‍ച്ച വരുത്തിയിരുന്നു. അബൂബക്ര്‍(റ) നല്ല വംശവിജ്ഞാനിയായിരുന്നു. നബി(സ) അദ്ദേഹത്തിന്റെ കഴിവ് അംഗീകരിക്കുകയും അദ്ദേഹത്തെ വംശ വിജ്ഞാനീയത്തിലെ ആധികാരിക സ്രോതസ്സായി ഗണിക്കുകയും ചെയ്തിരുന്നു. ഒരിക്കല്‍ ഹസ്സാനുബ്‌നു സാബിത്തി(റ)നോട് തിരുമേനി ഇങ്ങനെ പറയുകയുണ്ടായി:
ولا تعجل وأت أبابكر فانّه أعلم قريش بأنسابها وأن لي فيهم نسبا حتى يلخص لك نسبي
'നിങ്ങള്‍ ധൃതിപ്പെടാതിരിക്കൂ. അബൂബക്‌റിനെ സമീപിക്കുക. ഖുറൈശികളുടെ വംശത്തെപ്പറ്റി ഏറ്റവും നന്നായറിയുക അദ്ദേഹമാണ്. എന്റെ വംശബന്ധം അദ്ദേഹം നിനക്ക് സംക്ഷേപിച്ച് പറഞ്ഞുതരും.' (മുസ്‌ലിം, ബൈഹഖി, അഹ്‌മദ്) ഖലീഫ ഖുറൈശ് ഗോത്രജനായിരിക്കണമെന്ന ഉപാധി ഏതെങ്കിലും തരത്തിലുള്ള ജനിതക മാലിന്യങ്ങള്‍ അഥവാ അവിശുദ്ധ ബന്ധങ്ങള്‍ ഇല്ലാത്തവരായിരിക്കണമെന്ന നിര്‍ബന്ധത്താലായിരുന്നു എന്നുവേണം മനസ്സിലാക്കാന്‍.
الأئمّة من قريش
'നേതാക്കള്‍ ഖുറൈശ് ഗോത്രത്തില്‍ നിന്ന് ഉള്ളവരായിരിക്കണം' എന്ന നബിവചനം (അഹ്‌മദ്, ബൈഹഖി, ഹാകിം) ഈ ആശയമാണ് മുന്നോട്ടു വെക്കുന്നത്.
ഹദീസ് വിജ്ഞാനീയവും വംശജ്ഞാനവും
ഹദീസ് വിജ്ഞാനീയത്തില്‍ വംശ വിജ്ഞാനീയത്തിന് അഥവാ നിവേദകരെക്കുറിച്ച അറിവിന് വലിയ പങ്കുണ്ട്. ഹദീസുകളുടെ സാധുതയും അസാധുത്വവും വലിയൊരു പക്ഷത്തോളം നിവേദകരെക്കുറിച്ച ബോധ്യങ്ങളെ അടിസ്ഥാനമാക്കിയാണ്. നിവേദകരെക്കുറിച്ച ബൃഹദ് ഗ്രന്ഥങ്ങളുടെ ആവിര്‍ഭാവം തന്നെ ഈ പശ്ചാത്തലത്തിലാണ്.
ഇസ്‌ലാമിക ചരിത്രത്തില്‍ മുസ്‌ലിംകള്‍ ഒരിക്കലും ഈ രംഗത്ത് അലംഭാവം കാണിച്ചിട്ടില്ല. ഉത്തമസമുദായത്തിലെ അംഗമായിരിക്കേണ്ട മുസ്‌ലിം തന്റെ പൂർവപിതാക്കളുമായി കണ്ണിചേര്‍ക്കപ്പെട്ടവനായിരിക്കണം. ഭൂതകാലവുമായുള്ള ബന്ധം നമ്മുടെ മഹത്വത്തിന്റെ നിദര്‍ശനമാണെന്ന് നമ്മുടെ ശത്രുക്കള്‍ മനസ്സിലാക്കിയിരിക്കുന്നു. അതുകൊണ്ടുതന്നെ വംശമൂലത്തില്‍നിന്ന് നമ്മുടെ ശ്രദ്ധ തിരിക്കാന്‍ ശത്രുക്കള്‍ ശ്രമിച്ചിട്ടുണ്ട്. കുടുംബ ബന്ധങ്ങള്‍ തകര്‍ക്കാനും സദാചാര വിരുദ്ധമായ ജീവിതം നയിക്കാനും അവര്‍ കുതന്ത്രങ്ങള്‍ മെനഞ്ഞു. പാരമ്പര്യ നാമങ്ങള്‍ മറന്നു പോകുമാറ് ഭരണാധികാരികള്‍ക്ക് പുതിയ സ്ഥാനപ്പേര് നല്‍കുക പോലുമുണ്ടായി.
വംശസംരക്ഷണത്തിന് ഇസ്‌ലാം സ്വീകരിച്ച രീതികള്‍
1. ഉത്തമകളായ സ്ത്രീകളെ ഭാര്യമാരായി തെരഞ്ഞെടുക്കുക.
تخيّروا لنطفكم فإن العرق دساس
'നിങ്ങളുടെ ബീജം നിക്ഷേപിക്കാനുള്ളവരെ നിങ്ങള്‍ തെരഞ്ഞെടുക്കുക. കാരണം താതസ്വഭാവം തനയനും കാണിക്കും.
(ഇബ്‌നുമാജ, ദാറുഖുത്‌നി, ഫത്ഹുല്‍ ബാരി 9/125) വൈവാഹിക ജീവിതത്തില്‍ ഭൗതിക മാത്രമായ സൗന്ദര്യത്തിനല്ല, ഉത്തമ ഭാവി തലമുറയെ സൃഷ്ടിക്കാനുതകുന്ന ധാര്‍മികവും ബുദ്ധിപരവുമായ മൂല്യങ്ങള്‍ക്കാണ് പ്രാധാന്യമെന്ന് ഇസ്‌ലാം ഊന്നിപ്പറയുന്നു. സദ്‌വൃത്തരും ശക്തരുമായ സന്താനങ്ങളെ കാംക്ഷിക്കുന്നവര്‍ പൊതു ആരോഗ്യവും പ്രത്യുല്‍പ്പാദന ശേഷിയും ഉള്ള സ്ത്രീകളെ വിവാഹം ചെയ്യണമെന്ന് നബി(സ) നിര്‍ദേശിച്ചു.
تزوّجوا الودود الولود
'കൂടുതല്‍ സ്‌നേഹിക്കുന്നവളും പ്രസവിക്കുന്നവളുമായ സ്ത്രീകളെ നിങ്ങള്‍ വിവാഹം ചെയ്യുക.'
(അബൂദാവൂദ്, ഇബ്‌നുമാജ, ദാരിമി, അഹ്‌മദ്, ബൈഹഖി) ഖുറൈശി വനിതകളുടെ മേന്മയായി അവിടുന്ന് എടുത്തു പറയുന്നത് കാണുക:
خير نساء ركبن الإبل صالح نساء قريش أحناه على ولد في صغره وأرعاه على زوج في ذات يده
'ഒട്ടകപ്പുറത്തു കയറിയ സ്ത്രീകളില്‍ ഉത്തമര്‍ ഖുറൈശികളിലെ സ്ത്രീകളിലെ ഉത്തമകളാണ്. ശൈശവത്തിലെ കുട്ടികളോട് കനിവുള്ളവര്‍, ഭര്‍ത്താവിന്റെ കൈവശമുള്ളവയെ പരിരക്ഷിക്കുന്നവര്‍' (ബുഖാരി) കന്യകമാരെ വിവാഹം ചെയ്യാന്‍ നബി(സ) നിര്‍ദേശിച്ചു. ജാബിര്‍(റ) വിധവയെയാണ് വിവാഹം ചെയ്തതെന്നറിഞ്ഞ നബി(സ)
هلا جارية تلا عبها وتلاعبك
'ഒരു പെണ്‍കുട്ടിയെ വിവാഹം ചെയ്തു കൂടായിരുന്നോ? നിനക്ക് അവളുമായും അവള്‍ക്ക് നീയുമായും കളിക്കാമായിരുന്നല്ലോ!'
(ബുഖാരി, മുസ്‌ലിം, അബൂദാവൂദ്, നസാഈ, ഇബ്‌നുമാജ, അഹ്‌മദ്)
ദീനും സ്വഭാവഗുണങ്ങളും സൗന്ദര്യവും മാന്യമായ വംശമഹിമയും ഒത്തിണങ്ങിയ ഒരു കന്യകയെ ലഭിച്ച ഒരാളുടെ ദാമ്പത്യം എന്തുമാത്രം സന്തോഷപ്രദമായിരിക്കും എന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. സൗന്ദര്യം ഇസ്‌ലാം പരിഗണിച്ചിട്ടില്ലെന്ന ധാരണ ശരിയല്ല.
إذا نظر اليها سرّتة واذا أمرها أطاعته واذا غاب عنها حفظته في ماله ونفسها
'അയാള്‍ അവളെ നോക്കിയാല്‍ അവള്‍ അയാളെ സന്തോഷിപ്പിക്കും, അയാള്‍ അവളോട് കല്‍പിച്ചാല്‍ അവള്‍ അയാളെ അനുസരിക്കും, അയാളുടെ അഭാവത്തില്‍ അവള്‍ അയാളുടെ സ്വത്തും അവളുടെ ശരീരവും സംരക്ഷിക്കും.' ദമ്പതികളുടെ രമ്യവും സന്തോഷപ്രദവുമായ ജീവിതം മറ്റു പലതിലുമെന്നപോലെ അഭിമാന സ്തംഭങ്ങളായ സന്താനങ്ങളുടെ ജനനത്തിനും വളര്‍ച്ചക്കും കാരണമാവും.
ശരീരഘടന, നേതൃപാടവം, അന്തരാവകാശം മുതലായവയില്‍ സ്ത്രീകള്‍ പുരുഷന്മാരില്‍നിന്ന് ഭിന്നരാണെങ്കിലും അവരുടെ പ്രകൃതിക്കനുസൃതമായവ പുരുഷന്മാരേക്കാള്‍ എത്രയോ ഇരട്ടി സ്ത്രീകള്‍ക്ക് അല്ലാഹു നല്‍കിയിട്ടുണ്ട് എന്നതാണ് വാസ്തവം.
2. സ്ത്രീ-പുരുഷ ഭേദമന്യെ ഇസ്‌ലാം വ്യഭിചാരം നിഷിദ്ധമാക്കി. ഉത്തമരായ സന്താനങ്ങള്‍ക്ക് ജന്മം നല്‍കാന്‍ പാകത്തില്‍ വീടകങ്ങള്‍ സദാചാരബദ്ധമാവണം. വ്യഭിചാരത്തിന്റെ ബഹുമുഖ ദൂഷ്യങ്ങള്‍ ആരെയും പറഞ്ഞറിയിക്കേണ്ടതില്ലാത്ത വിധം വസ്തുതയായി ലോകത്ത് അനുഭവവേദ്യമാണ്. അതുകൊണ്ടുതന്നെ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും വിവാഹബാഹ്യരഹസ്യ ബന്ധങ്ങള്‍ ഉണ്ടാവരുത് (മാഇദ 5, നിസാഅ് 25).
3. അനുവദനീയമോ വിഹിതമോ അല്ലാത്ത ബന്ധങ്ങള്‍ ഒഴിവാക്കാനായി, ആവശ്യമുള്ളവര്‍ക്ക് സോപാധികമായി ബഹുഭാര്യത്വം അനുവദിച്ചു.
4.  സാക്ഷികളില്ലാതെ ആളുകള്‍ക്കെതിരില്‍ വ്യഭിചാരാരോപണം ഉന്നയിക്കുന്നത് ഇസ്‌ലാം വിലക്കി (നൂര്‍ 4). ഭാര്യ അവിഹിത ബന്ധത്തിലേര്‍പ്പെടുന്നതിന് സാക്ഷികളെ ഹാജാറാക്കാന്‍ കഴിയാത്തവര്‍ ഭാര്യക്കെതിരില്‍ ശാപപ്രാര്‍ഥന നടത്തണം. അതോടെ ഭാര്യ അയാള്‍ക്ക് നിഷിദ്ധയായി. അനിവാര്യമായ സാഹചര്യത്തില്‍ മാത്രമെ വിവാഹമോചനം പാടുള്ളൂ എന്ന വ്യവസ്ഥയും കുടുംബ ഭദ്രത ലക്ഷ്യം വെച്ചുതന്നെ. ഉത്തരവാദരഹിതവും അലസമനസ്സോടെയുള്ള വിവാഹമോചനം വിലക്കിക്കൊണ്ട് അല്ലാഹു പറയുന്നു: 'നിങ്ങള്‍ അല്ലാഹുവിന്റെ സൂക്തങ്ങളെ പരിഹാസ്യമാക്കരുത്' (ബഖറ 231).
5. കുഞ്ഞുങ്ങളെ കുഴിച്ചുമൂടല്‍: കുട്ടികളെ ഏതൊക്കെയോ കാരണങ്ങളാല്‍ സംരക്ഷിക്കാന്‍ കഴിയില്ല എന്നു തോന്നുകയാല്‍ ചില വ്യക്തികളും സമൂഹങ്ങളും ജീവനോടെ കുഴിച്ചു മൂടിയിരുന്നു. ഇസ്‌ലാം ഇത് പൂര്‍ണമായും നിരോധിച്ചു.
وَلَا تَقْتُلُوا أَوْلَادَكُم مِّنْ إِمْلَاقٍۖ نَّحْنُ نَرْزُقُكُمْ وَإِيَّاهُمْۖ
'നിങ്ങള്‍ നിങ്ങളുടെ കുട്ടികളെ ദാരിദ്ര ്യത്താല്‍ വധിക്കരുത്. നാമാണ് നിങ്ങള്‍ക്കും അവര്‍ക്കും ആഹാരം തരുന്നത്' (അന്‍ആം 151).
അന്യായമായ ഗര്‍ഭഛിദ്രം, ഗര്‍ഭനിരോധനം മുതലായവ പരോക്ഷമായ ശിശുഹത്യയാണ്. കുഞ്ഞുങ്ങള്‍ ജനിക്കുന്നതിനു മുമ്പെ, ദാരിദ്ര ്യം ഭയന്ന് അവരെ വധിക്കുന്നതിനെ കുറിച്ചാണ് താഴെ വചനം.
وَلَا تَقْتُلُوا أَوْلَادَكُمْ خَشْيَةَ إِمْلَاقٍۖ نَّحْنُ نَرْزُقُهُمْ وَإِيَّاكُمْۚ
'നിങ്ങള്‍ നിങ്ങളുടെ കുട്ടികളെ ദാരിദ്ര ്യം ഭയന്ന് വധിക്കരുത്. നാമാണ് അവര്‍ക്കും നിങ്ങള്‍ക്കും ആഹാരം തരുന്നത്. (ഇസ്‌റാഅ്: 31).
مِنْ إِمْلَاقٍۖ (ദാരിദ്ര ്യത്താല്‍) നിലവിലെ ദാരിദ്ര ്യത്തെയും, خَشْيَةَ إِمْلَاقٍۖ നിലവില്‍ ഇല്ലാത്തതും എന്നാല്‍ ഭാവിയില്‍ ഉണ്ടായേക്കുമോ എന്ന് ആശങ്കിക്കുന്നതുമായ ദാരിദ്ര ്യത്തെയാണ് സൂചിപ്പിക്കുന്നത്. ശിശുഹത്യ എത്രമാത്രം വിഡ്ഢിത്തപൂര്‍ണമായ നടപടിയാണെന്ന് താഴെ സൂക്തം വിവരിക്കുന്നു.
قَدْ خَسِرَ الَّذِينَ قَتَلُوا أَوْلَادَهُمْ سَفَهًا بِغَيْرِ عِلْمٍ وَحَرَّمُوا مَا رَزَقَهُمُ اللَّهُ افْتِرَاءً عَلَى اللَّهِۚ قَدْ ضَلُّوا وَمَا كَانُوا مُهْتَدِينَ
'ഭോഷത്വം കാരണമായി ഒരു വിവരവുമില്ലാതെ സ്വന്തം സന്താനങ്ങളെ കൊല്ലുകയും, തങ്ങള്‍ക്ക് അല്ലാഹു നല്‍കിയത് അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമച്ചുകൊണ്ട് നിഷിദ്ധമാക്കുകയും ചെയ്തവര്‍ തീര്‍ച്ചയായും നഷ്ടത്തില്‍ പെട്ടിരിക്കുന്നു. തീര്‍ച്ചയായും അവര്‍ പിഴച്ചുപോയി. അവര്‍ നേര്‍മാര്‍ഗം പ്രാപിക്കുന്നരായില്ല' (അന്‍ആം 140).
6. കുട്ടികള്‍ ആരോഗ്യവാന്മാരും വിവരമുള്ളവരും സർവഥാ യോഗ്യരുമായി വളരാന്‍ പാകത്തില്‍ അവര്‍ക്കാവശ്യമായ ശിക്ഷണ ശീലങ്ങള്‍ നല്‍കണമെന്നും അതിനാവശ്യമായ പണം ചെലവഴിക്കണമെന്നും ഇസ് ലാം നിര്‍ദേശിക്കുന്നു. ഈ ലക്ഷ്യം സാധ്യമായില്ലെങ്കില്‍ ഭാവിതലമുറ പാഴാകുമെന്ന് നബി(സ) പറഞ്ഞുവെക്കുന്നത് നാം കാണുക.
كفى بالمرء إِثما أن يضيع من يقوت
'താന്‍ ചെലവിനു കൊടുക്കേണ്ടവരെ- സംരക്ഷിക്കേണ്ടവരെ- പാഴാക്കുന്നത് മതി ഒരാള്‍ക്ക് പാപമായി' (മുസ്‌ലിം).
أفضل دينار ينفقه الرّجل دينار ينفقه على عياله
'ഒരാള്‍ ചെലവഴിക്കുന്ന ദീനാറില്‍ ഏറ്റവും ശ്രേഷ്ഠം അയാള്‍ തന്റെ ആശ്രിതര്‍ക്കായി ചെലവഴിക്കുന്ന ദീനാറാണ്' (മുസ്‌ലിം).
علّموا أولادكم السباحة، والرّماية، وركب الخيل
'നിങ്ങള്‍ നിങ്ങളുടെ കുട്ടികളെ നീന്തലും അമ്പെയ്ത്തും കുതിര സവാരിയും പഠിപ്പിക്കുക' (കന്‍സുല്‍ ഉമ്മാല്‍, നമ്പര്‍: 45342).
മാതാക്കള്‍ കുഞ്ഞുങ്ങള്‍ക്ക് രണ്ടു വര്‍ഷത്തെ മുലപ്പാല്‍ ഉറപ്പു വരുത്തണമെന്ന് (ബഖറ 233). ഖുര്‍ആന്‍ നിര്‍ദേശിക്കുന്നു. ഗര്‍ഭാവസ്ഥയില്‍ ശിശുക്കള്‍ക്ക് മുലപ്പാല്‍ നല്‍കേണ്ടതില്ലെന്ന് നബി(സ) പറയുകയുണ്ടായി
لا تقتلوا أولادكم سرَّا فان الغيل يدرك الفارس فيد عثره عن فرسه
'നിങ്ങള്‍ നിങ്ങളുടെ കുട്ടികളെ രഹസ്യമായി വധിക്കരുത്. മുലയൂട്ടുന്ന സ്ത്രീ ഗര്‍ഭിണിയാവുന്നത് അശ്വഭടനെ തന്റെ കുതിരയുടെ പുറത്ത് നിന്ന് വീഴ്ത്തിക്കളയും' (അബൂദാവൂദ്, ഇബ്‌നുമാജ, അഹ് മദ്, ബൈഹഖി, ത്വബറാനി, ഇബ്‌നു ഹിബ്ബാന്‍) ഇതിന്റെ നിവേദക പരമ്പര ദുര്‍ബലമാണെന്ന് അഭിപ്രായമുണ്ടെങ്കിലും അതിന്റെ ഉദ്ദേശ്യം, മുലകുടി പ്രായത്തിലുള്ള ശിശു ഉള്ളപ്പോള്‍ മാതാവ് ഗര്‍ഭിണിയാവുന്നതു വഴി ശിശുവിന്റെ സ്തന്യാപാഹാവകാശം നഷ്ടപ്പെടാന്‍ ഇടയാകുമെന്നാണെന്നും അത് അവന്റെ ആരോഗ്യകരമായ വളര്‍ച്ചയെ ദോഷകരമായി ബാധിക്കും എന്നുമാണ്. ഉമര്‍(റ) പ്രസ്താവിച്ചതായി ഇങ്ങനെ കാണാം:
إن من حق الولد على أبيه أن يحسن اسمه وينتقي أمّه ويزوّجه إذا بلغ
മക്കള്‍ക്ക് നല്ല പേരിടുക, നല്ല ഉമ്മയെ തെരഞ്ഞെടുക്കുക, പ്രായപൂര്‍ത്തിയായാല്‍ വിവാഹം ചെയ്തു നല്‍കുക എന്നിവ പിതാവില്‍നിന്ന് മക്കള്‍ക്ക് ലഭിക്കേണ്ട അവകാശമാണ്' (ബസ്സാര്‍)
(ഇതിന്റെ നിവേദക പരമ്പരയിലെ അബ്ദുല്ലാഹിബ്‌നു സഈദ് പരിത്യക്തനാണെന്ന് ഹൈസമി രേഖപ്പെടുത്തിയിട്ടുണ്ട്)
7. മനുഷ്യരെ സംബന്ധിച്ചേടത്തോളം ലൈംഗികത കേവലമൊരു മൃഗീയ പ്രകൃതമല്ല. സന്താന ലഭ്യതയും അവരോടുള്ള സ്‌നേഹവും അവര്‍ക്കുവേണ്ടിയുള്ള ത്യാഗശ്രമങ്ങളും മനുഷ്യരുടെ സ്വാഭാവികമായ മോഹമാണ് (ആലുഇംറാന്‍: 14) മക്കള്‍ ജനിക്കാന്‍ താമസിച്ചാല്‍ ഉദാസീനരാവാതെ ഗര്‍ഭധാരണത്തിന് നാം വൈദ്യശാസ്ത്രത്തെ അവലംബിക്കുന്നത് അതുകൊണ്ടാണല്ലോ. ഫലിച്ചില്ലെങ്കില്‍ മറ്റൊരു വിവാഹം കഴിക്കുന്നതും സാധാരണമാണ്. അനന്തരാവകാശികളായി മക്കളെ നല്‍കണമേ എന്നത് നബിമാരെ മാതൃകയാക്കി സത്യവിശ്വാസികള്‍ നടത്തേണ്ട പ്രാര്‍ഥനയാണ് (അമ്പിയാഅ് 89). മക്കള്‍ ജനിക്കുന്നതോടെ ജീവത്യാഗം ചെയ്തും അവരെ പോറ്റാനുള്ള ആന്തരികോര്‍ജം മാതാപിതാക്കള്‍ക്ക് ലഭിക്കുന്നു.

ദത്തെടുക്കല്‍

കുടുംബങ്ങളുടെ വംശപരമായ ഭദ്രതക്ക് ഒരു തരത്തിലുള്ള ഊനവും തട്ടാതിരിക്കാനും അതില്‍ അവിഹിതമോ അന്യമോ ആയ നുഴഞ്ഞുകയറ്റം ഒഴിവാക്കാനുമായാണ് ഇസ്‌ലാം സദാചാര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചത്. അതേസമയം ഇവയ്ക്ക് വിരുദ്ധമായി ചിലര്‍ ദയയുടെയും സ്‌നേഹത്തിന്റെയും കരുണയുടെയും പേരില്‍, നല്ലതെന്ന് വിചാരിച്ച് ചിലത് ചെയ്യാറുണ്ട്. അന്യരുടെ മക്കളെ ദത്തെടുത്ത് അവരെ സ്വന്തം മക്കളെ പോലെ നിയമപരമായ പരിഗണനയോടെ സംരക്ഷിച്ചു പോരുന്ന രീതി ഇത്തരമൊരു സമ്പ്രദായമാണ്.

ഇസ്‌ലാമിക സമീപനം

ദത്തെടുപ്പു സമ്പ്രദായം ജാഹിലിയ്യ അറബികളില്‍ മാത്രമല്ല, റോം, പേര്‍ഷ്യ, ഗ്രീക്ക് സമൂഹങ്ങളിലെല്ലാം നിലവിലുണ്ടായിരുന്നു. കുടുംബങ്ങളുടെ വംശപരമായ തനിമയെ ബാധിക്കുംവിധം ദത്തെടുപ്പു രീതി വികലമായപ്പോള്‍ ഇസ്‌ലാം അത് ദുര്‍ബലപ്പെടുത്തി. ദത്തുപുത്രന്മാര്‍ക്ക് സ്വന്തം മക്കള്‍ക്ക് ലഭിക്കുന്ന അവകാശങ്ങള്‍ യജമാനനില്‍നിന്ന് ലഭിക്കുകയില്ല എന്ന് സ്ഥാപിക്കാനും പുതിയ ദത്തു രീതി പഠിപ്പിക്കാനുമായി അല്ലാഹു ചില നിയമാവിഷ്‌കാരങ്ങള്‍ പ്രഖ്യാപിക്കുകയുണ്ടായി. അതിങ്ങനെ വായിക്കാം.
مَّا كَانَ مُحَمَّدٌ أَبَا أَحَدٍ مِّن رِّجَالِكُمْ وَلَٰكِن رَّسُولَ اللَّهِ 
'മുഹമ്മദ് നിങ്ങളിലെ പുരുഷന്മാരിലെ ഒരാളുടെയും പിതാവല്ല. പക്ഷെ, അദ്ദേഹം അല്ലാഹുവിന്റെ ദൂതനാകുന്നു' (അഹ്‌സാബ് 40).
مَّا جَعَلَ اللَّهُ لِرَجُلٍ مِّن قَلْبَيْنِ فِي جَوْفِهِۚ وَمَا جَعَلَ أَزْوَاجَكُمُ اللَّائِي تُظَاهِرُونَ مِنْهُنَّ أُمَّهَاتِكُمْۚ وَمَا جَعَلَ أَدْعِيَاءَكُمْ أَبْنَاءَكُمْۚ ذَٰلِكُمْ قَوْلُكُم بِأَفْوَاهِكُمْۖ وَاللَّهُ يَقُولُ الْحَقَّ وَهُوَ يَهْدِي السَّبِيلَ
'യാതൊരു മനുഷ്യനും അവന്റെ ഉള്ളില്‍ അല്ലാഹു രണ്ടു ഹൃദയങ്ങളുണ്ടാക്കിയിട്ടില്ല. നിങ്ങള്‍ നിങ്ങളുടെ മതാക്കളെപ്പോലെയായി പ്രഖ്യാപിക്കുന്ന നിങ്ങളുടെ ഭാര്യമാരെ അവന്‍ നിങ്ങളുടെ മാതാക്കളാക്കിയിട്ടുമില്ല. നിങ്ങളിലേക്ക് ചേര്‍ത്തു വിളിക്കപ്പെടുന്ന നിങ്ങളുടെ ദത്തുപുത്രന്മാരെ അവന്‍ നിങ്ങളുടെ പുത്രന്മാരുമാക്കിയിട്ടുമില്ല. അതൊക്കെ നിങ്ങളുടെ വായ്‌കൊണ്ട് നിങ്ങള്‍ പറയുന്ന വാക്ക് മാത്രമാകുന്നു. അല്ലാഹു സത്യം പറയുന്നു: അവന്‍ നേർവഴി കാണിച്ചു തരികയും ചെയ്യുന്നു' (അഹ്‌സാബ് 4).
ഇതിന്റെ ഭാഗമായി തന്റെ ദത്തുപുത്രനായ സൈദിന്റെ വിവാഹമോചിതയായ ഭാര്യ സൈനബിനെ വിവാഹം ചെയ്യാന്‍ അല്ലാഹു നബി(സ)യോട് നിര്‍ദേശിച്ചു. പക്ഷെ, അദ്ദേഹത്തിന് അത് മാനസികമായി പ്രയാസമായി തോന്നി.

 وَتُخْفِي فِي نَفْسِكَ مَا اللَّهُ مُبْدِيهِ وَتَخْشَى النَّاسَ وَاللَّهُ أَحَقُّ أَن تَخْشَاهُۖ
'അല്ലാഹു വെളിപ്പെടുത്താന്‍ പോകുന്ന ഒരുകാര്യം നിന്റെ മനസ്സില്‍ നീ മറച്ചുവെക്കുകയും ജനങ്ങളെ നീ പേടിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നീ പേടിക്കുവാന്‍ ഏറ്റവും അര്‍ഹതയുള്ളവന്‍ അല്ലാഹുവാകുന്നു.' (അഹ്‌സാബ്: 37). അങ്ങനെ നബി(സ) സൈനബിനെ വിവാഹം ചെയ്തു. ദത്തുപുത്രന്മാരുടെ ഭാര്യമാരെ വിവാഹം ചെയ്തു കൂടെന്ന പാരമ്പര്യ ധാരണ അതുവഴി തിരുത്തപ്പെട്ടു. ദത്തെടുപ്പു സമ്പ്രദായം മനുഷ്യത്വവും കരുണയും പരസ്പര സംരക്ഷണവുമാണെന്നിരിക്കെ അതെങ്ങനെയാണ് ഇസ്‌ലാം നിരോധിക്കുക എന്ന ചോദ്യത്തിന് അതിനേക്കാള്‍ നല്ല പരിഹാരം അത് നിര്‍ദേശിച്ചിട്ടുണ്ടെന്നാണ് മറുപടി. അനാഥ സംരക്ഷണത്തിന് മുഖ്യപരിഗണന നല്‍കിക്കൊണ്ട് അത് പരിഹരിച്ചു.
أنا وكافل اليتيم كهاتين في الجنّة
'ഞാനും അനാഥ സംരക്ഷകനും ഇതുപോലെ- നടുവിരലും ചൂണ്ടുവിരലും ചേര്‍ന്നുനില്‍ക്കുന്ന പോലെ- യായിരിക്കും സ്വര്‍ഗത്തില്‍' (ബുഖാരി). ഇതില്‍പരം ആദരവ് മറ്റെന്തുണ്ട്?

അനാഥ സംരക്ഷണം പോലെതന്നെ പ്രധാനമാണ് കളഞ്ഞു കിട്ടുന്ന വരെ സംരക്ഷിക്കുക എന്നതുമെന്നും ഇസ്‌ലാം ഊന്നിപ്പറഞ്ഞിട്ടുണ്ട്. ഇത്തരക്കാരെ കണ്ടുകിട്ടുന്നവര്‍ അവരെ സംരക്ഷിക്കാന്‍ വ്യക്തിപരമായി ബാധ്യസ്ഥരാണ്. ഒരു സംഘമാളുകളാണ് അവരെ കണ്ടുമുട്ടുന്നതെങ്കില്‍ അവര്‍ അവരെ സംരക്ഷിക്കാന്‍ സാമൂഹികമായി ബാധ്യസ്ഥരാണ്. അവരില്‍ ആരും ഉത്തരവാദിത്വമേറ്റെടുക്കുന്നില്ലെങ്കില്‍ അവരെല്ലാവരും കുറ്റവാളികളായിരിക്കും.16

മൗലികതയുള്ള വംശവും മൗലികത ഇല്ലാത്ത വംശവും തമ്മില്‍ വേര്‍തിരിച്ച് രണ്ടിനെയും രണ്ടായിത്തന്നെ പരിഗണിക്കുകയാണ് ഇസ്‌ലാമിക ശരീഅത്ത് ചെയ്തത്.
അയഥാര്‍ഥമായ ബന്ധത്തെ യഥാര്‍ഥമായി അവതരിപ്പിക്കാതെ കാരുണ്യപൂർവം സമീപിക്കുക എന്നതാണ് അനാഥ-വീണുകിട്ടുന്ന കുട്ടികളുടെ വിഷയത്തില്‍ ശരീഅത്തിന്റെ നയവും നിലപാടും. ഇതുപോലെ ദത്തെടുക്കലും അഭയം നല്‍കലും രണ്ടും രണ്ടാണ്. ഏതൊരു കാര്യവും യാഥാര്‍ഥ്യ ബോധത്തോടെയാവണം, കൃത്രിമമാവരുത്. ഖുര്‍ആന്‍ പറയുന്നതാണ് വാസ്തവം. മക്കള്‍ വേറെ, ദത്തുമക്കള്‍ വേറെ!
ادْعُوهُمْ لِآبَائِهِمْ هُوَ أَقْسَطُ عِندَ اللَّهِۚ فَإِن لَّمْ تَعْلَمُوا آبَاءَهُمْ فَإِخْوَانُكُمْ فِي الدِّينِ وَمَوَالِيكُمْۚ
'നിങ്ങള്‍ അവരെ (ദത്തുപുത്രന്മാരെ) അവരുടെ പിതാക്കളിലേക്ക് ചേര്‍ത്തു വിളിക്കുക. അതാണ് അല്ലാഹുവിന്റെ അടുക്കല്‍ ഏറ്റവും നീതിപൂർവകമായിട്ടുള്ളത്. ഇനി അവരുടെ പിതാക്കളെ നിങ്ങള്‍ അറിയില്ലെങ്കില്‍ അവര്‍ മതത്തില്‍ നിങ്ങളുടെ സഹോദരങ്ങളും മിത്രങ്ങളുമാകുന്നു' (അഹ്‌സാബ്: 5).
പിതാവല്ലാത്ത ആളെ പിതാവായി ആരോപിക്കല്‍
പിതാവല്ലാത്ത ആളെ പിതാവാണെന്ന് മക്കളോ മക്കളുടെ മാതാവോ ആരോപിക്കുന്നത് അതീവ ഗുരുതരമായ പാപമായാണ് ഇസ്‌ലാം പരിഗണിക്കുന്നത്. ദത്തുപുത്രന്മാര്‍ തങ്ങളുടെ യജമാനന്മാരെ യഥാര്‍ഥ പിതാക്കളെന്നോണം അവകാശവാദമുന്നയിക്കുന്നതിനേക്കാള്‍ കടുത്ത അപരാധമാണ് യഥാര്‍ഥ പിതാവ് അല്ലാത്ത ആളെ പിതാവായി അവതരിപ്പിക്കുന്നത്.
ليس من رجل ادّعى لغير أبيه وهو يعلمه إلّا كفر ومن ادّعى ما ليس له فليس منّا وليتبوأ مقعده من النّار.
'തന്റെ പിതാവല്ലാത്തയാള്‍ പിതാവാണെന്ന് അറിഞ്ഞുകൊണ്ട് വാദിക്കുന്നയാള്‍ സത്യനിഷേധിയാവാതിരിക്കില്ല. തനിക്കവകാശപ്പെടാത്തത് തന്റേതാണെന്ന് ആരെങ്കിലും അവകാശപ്പെട്ടാല്‍ അയാള്‍ നമ്മില്‍ പെട്ടവനല്ല. അയാള്‍ നരകത്തില്‍ തന്റെ ഇരിപ്പിടം ഒരുക്കിക്കൊള്ളട്ടെ.' (ബുഖാരി, മുസ്‌ലിം).
من ادّعى الى غير أبيه أوانتمى إلى غير مواليه فعليه لعنة الله المتتابعة الى يوم القيامة
'ആരെങ്കിലും, തന്നെ തന്റെ പിതാവല്ലാത്തവരിലേക്കോ തന്റെ രക്ഷാധികാരികളല്ലാത്തവരിലേക്കോ ചേര്‍ത്തിപ്പറഞ്ഞാല്‍ ലോകാവസാനം വരെ അയാള്‍ക്ക് അല്ലാഹുവിന്റെ തുടര്‍ച്ചയായ ശാപമുണ്ടാവും.' (മുസ്‌ലിം, അബൂദാവൂദ്, ഇബ്‌നുമാജ) ഇസ്‌ലാം യാഥാര്‍ഥ്യങ്ങളുടെ എന്ന പോലെ ശ്രേഷ്ഠ മൂല്യങ്ങലുടെയും മതമാണ്.
لا ترغبوا عن ابائكم فمن رغب عن أبيه فقد كفر
'നിങ്ങള്‍ നിങ്ങളുടെ പിതാക്കന്മാരെ വെറുക്കരുത്. ആരെങ്കിലും തന്റെ പിതാവിനെ വെറുത്താല്‍ അവന്‍ സത്യനിഷേധിയായി' (മുസ്‌ലിം).
أيما امرأة أدخلت على قوم من ليس منهم فليست من الله في شيء، ولن يدخلها الله جنته، وأيما رجل جحد ولده وهو ينظر إليه احتجب الله منه، وفضحه على رءوس الأولين والآخرين
'ഏതെങ്കിലും ഒരു സ്ത്രീ ഒരു സമൂഹത്തില്‍ പെടാത്ത ഒരാളെ ആ സമൂഹത്തില്‍ പ്രവേശിപ്പിച്ചാല്‍- വ്യഭിചാരം വഴി കുഞ്ഞിന് ജന്മം നല്‍കുകയും അതുവഴി വംശപരമ്പരയുടെ വിശുദ്ധി നഷ്ടപ്പെടാന്‍ ഇടയാക്കുകയും ചെയ്താല്‍ അവള്‍ അല്ലാഹുവിങ്കല്‍ ഒരു പരിഗണനയും അര്‍ഹിക്കുന്നില്ല. അവളെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുകയുമില്ല. ഏതെങ്കിലും ഒരു പരുഷന്‍ തന്റെ സന്താനത്തെ കണ്ടുകൊണ്ടിരിക്കെതന്നെ തന്റേതല്ലെന്നു നിഷേധിക്കുന്ന പക്ഷം അല്ലാഹു അയാളില്‍നിന്ന് മറയുന്നതായിരിക്കു. പൂർവികരും പില്‍ക്കാലക്കാരുമായ ആളുകള്‍ക്കു മുമ്പാകെ വെച്ച് അയാളെ വഷളാക്കുന്നതുമായിരിക്കും' (അബൂദാവൂദ്, നസാഈ, ഇബ്‌നുമാജ, ദാരിമി, ബൈഹഖി)

ഭര്‍തൃമതികള്‍ വ്യഭിചാരിണികളായി മാറുമ്പോള്‍ അതുവഴി ഭര്‍തൃ കുടുംബത്തിലേക്ക് അന്യപുരുഷന്റെ സന്താനത്തെ ഒളിച്ചുകടത്തുകയാണ് ചെയ്യുന്നത്. ഇത് വലിയ പാപമാണ്. ആ കുടുംബത്തിന്റെ സാമൂഹിക ജീവിതത്തില്‍ ഹലാല്‍ ഹറാമും ഹറാം ഹലാലുമാവുന്ന നടപടിയാണ്. വിവാഹം നിഷിദ്ധമല്ലാത്ത ആള്‍ക്ക് വിവാഹം നിഷിദ്ധമാകുന്ന അവസ്ഥയുണ്ടാകും.

വംശമൂലം നിരാകരിക്കല്‍

സ്വന്തം മക്കളോട് നൈസര്‍ഗികമായ സ്‌നേഹം കാരണം അവര്‍ മക്കളല്ലെന്ന് നിഷേധിച്ചു പറയാറില്ല. എന്നാല്‍ ദുഷ്ടപിതാക്കള്‍ ചില താല്‍പര്യങ്ങളുടെ പേരില്‍ അങ്ങനെ തള്ളിപ്പറയാറുണ്ട്. ഇത്തരം പിതാക്കളെ അല്ലാഹു വഷളാക്കുമെന്ന് നബി(സ) താക്കീത് ചെയ്തിട്ടുണ്ട്. (ഹദീസ് മുകളില്‍). മാന്യയായ ഒരു സ്ത്രീയെയും അടിയുറച്ച ഒരു കുടുംബത്തെയും വഷളാക്കുകയും ഉത്തരവാദിത്വത്തില്‍നിന്ന് മാറുകയും ചെയ്ത പിതാവിനെ അല്ലാഹു വഷളാക്കാതിരിക്കുമോ? അല്ലാഹു ഉദ്ദേശിച്ച ആളുടെ ബീജത്തില്‍നിന്ന്, അവന്‍ ഉദ്ദേശിച്ച സൃഷ്ടിക്ക് ജന്മം നല്‍കുമ്പോള്‍, താന്‍ ഉദ്ദേശിച്ച പ്രകാരമല്ല കുഞ്ഞുള്ളത് എന്നതിന്റെ പേരില്‍ ഒരു പിതാവ് അവനെ തള്ളിപ്പറയുന്നത് ദൈവനിഷേധപരമായ നടപടിയാണ്. 'മനുഷ്യാ, ഉദാരനായ നിന്റെ രക്ഷിതാവിന്റെ കാര്യത്തില്‍ നിന്നെ വഞ്ചിച്ചുകളഞ്ഞതെന്താണ്? നിന്നെ സൃഷ്ടിക്കുകയും, നിന്നെ സംവിധാനിക്കുകയും നിന്നെ ശരിയായ അവസ്ഥയിലാക്കുകയും താനുദ്ദേശിച്ച രൂപത്തില്‍ നിന്നെ സംഘടിപ്പിക്കുകയും ചെയ്തവനത്രെ അവന്‍' (ഇന്‍ഫിത്വാര്‍ 6,7,8).

സമാപനം
ഇത്രയും പറഞ്ഞതില്‍നിന്ന് കുടുംബങ്ങളുടെ വംശമൂലം സംരക്ഷിക്കാനായി ഇസ്‌ലാം ഭദ്രമായ വേലികെട്ടിയതായി നമുക്ക് മനസ്സിലാക്കാം. ഏതെങ്കിലും തരത്തില്‍ പുറത്തുനിന്ന് വംശത്തിന്റെ സദാചാരമായ അസ്തിത്വത്തിനും വ്യക്തിത്വത്തിനും ഭീഷണി ഉയര്‍ത്താന്‍ കഴിയാത്തവിധം അത് സംരക്ഷിക്കപ്പെടണമെന്ന് ഇസ് ലാമിന് നിര്‍ബന്ധമുണ്ട്. 
(ഖത്തര്‍ യൂനിവേഴ്‌സിറ്റിയിലെ ഫിഖ്ഹ്, ഉസ്വൂല്‍ വിഭാഗം അസിസ്റ്റന്റ് പ്രഫസറാണ് ലേഖകന്‍).

കുറിപ്പുകള്‍
1. معجم مقاييس اللغة لابن فارس 423/5 ، لسان العرب 444/6
2. معجم مقاييس اللغة 424/5
3. عصبة الرّجل - مختار الصّحاح ص : 435 اللسان : 18/4
4. راجع الموسروعة الكويتيتة ص : 18
5. انظر للتفصيل تفسير أبي السّعود 26/6 ، تفسير الطبرى 26/1
6. الموسوعة الفقهيّة الكويتيّة
7. حقوق الإنسان في الاسلام - د - علي عبد الواحد وافي : ص : 287 ، النّسْل والعناية به د. عمر كحالة ص : 89
8. راجع تفسير القرطبي 118/14، روح المعاني 149/21 ، فتح الباري 17/8 ، الدّر المنثور 181/5
9. عون المعبود 363/6 ، معالم السنن 277/3 ، سنن الدار قطني 316/3 ، اعلام الموقعين 422/4
10. النسل والعناية به، عمر رضا كحالة ص : 96
11. حقوق الانسان : علي عبد الواحد ص : 283/297 مدوّنة جستنيان ص 130, 131 ، المرأة بين البيت والمجنمع , الاستاذ البهي الخولي ص 9-7
12. الموسوعة الكويتيّة ص : 15
13. الحديث بهذا للفظ جاء في الإحياء 365/3
14. صحيح الجامع، الألباني
15. فتح الباري 31/1 ، كتاب بدء الوحي
16. تحفة الفقهاء للسّمر قندي 603/3

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top