മാംസാഹാരം ഹലാല്‍-ഹറാമുകളുടെ ശരീഅത്തു പരിധികള്‍

മൗലാനാ മൗദൂദി‌‌
img

(മാംസാഹാരം ഇസ്‌ലാമിക ദൃഷ്ട്യാ എപ്പോഴാണ് 'ഹലാല്‍' (അനുവദനീയം) ആകുന്നത് എന്ന വിഷയകമായി മൗലാനാ അബുല്‍ അഅ്‌ലാ മൗദൂദി എഴുതിയ പ്രൗഢമായ ലേഖനമാണ് ഇവിടെ വിവര്‍ത്തനം ചെയ്തുകൊടുത്തത്. തദ്വിഷയകമായി ഇത്രയും പ്രോജ്വലമായ ഒരു വിശദീകരണം കണ്ടെത്തുക പ്രയാസമാണ്. മാത്രമല്ല, മൗദൂദി സാഹിബിന്റെ അറബി ഭാഷാ ജ്ഞാനത്തെ കുറച്ചുകാണുന്നവര്‍ക്ക് ഈ ലേഖനം ഒരു വായടപ്പന്‍ മറുപടിയുമാണ് - പത്രാധിപര്‍).

കച്ചവടമോ വിദ്യാഭ്യാസമോ മറ്റോ ഉദ്ദേശിച്ച് ഞങ്ങളുടെ നാടുകളില്‍നിന്ന് അമേരിക്ക യൂറോപ്പ് പോലുള്ള രാജ്യങ്ങളിലേക്ക് പോകുന്നവര്‍ വലിയൊരു പ്രശ്‌നം നേരിടുന്നു. അവിടങ്ങളില്‍ ഇസ്‌ലാമിക വിധി പ്രകാരം ഹാലാലായ മാംസാഹാരം വളരെക്കുറച്ചെ ലഭ്യമാവുന്നുള്ളൂ. ചിലര്‍ക്കൊന്നും ഹലാല്‍-ഹറാം തിരിച്ചറിവില്ല. ലഭ്യമാവുന്ന ഏതു മാംസവും ചിലര്‍ ഒരു മനപ്രയാസവുമില്ലാതെ കഴിക്കുന്നു. മറ്റു ചിലര്‍ തുടക്കത്തില്‍ കഴിക്കാനൊരുമ്പെടുകയും പിന്നീട് പിന്‍വാങ്ങുകയും ചെയ്യുന്നു. ക്രമേണ, ഹറാമാണെന്നറിഞ്ഞുകൊണ്ടുതന്നെ എളുപ്പത്തില്‍ കഴിക്കാന്‍ ലഭ്യമാവുന്നവ എന്ന നിലയില്‍ ഭക്ഷിച്ച് ഹറാമില്‍ ചെന്നു പെടുന്നു. അതേസമയം, വലിയൊരു വിഭാഗം ഹലാല്‍ മാംസം മാത്രം കഴിക്കണമെന്നും ഹറാം വെടിയണമെന്നും ആത്മാര്‍ഥമായിത്തന്നെ ആഗ്രഹിക്കുന്നവരാണ്. അതുകൊണ്ടുതന്നെ മാംസാഹാരത്തിലെ ഹലാല്‍-ഹറാം വഴികള്‍ അറിയാന്‍ അവര്‍ക്കു താല്‍പര്യമുണ്ട്. ഇത്തരം ആശങ്കകള്‍ പങ്കുവെക്കുന്നവര്‍ക്ക് ഞാന്‍ വ്യക്തിപരമായി കത്തയച്ചിട്ടുണ്ട്. ഇപ്പോള്‍ പ്രശ്‌നം മറ്റൊന്നാണ്. ബിസ്മി ചൊല്ലാതെയും അറവു നടത്താതെയും മൂര്‍ച്ചയുള്ള യന്ത്രങ്ങള്‍കൊണ്ട് അറുത്ത മാംസം കഴിക്കാമെന്ന് പണ്ഡിതന്മാര്‍ ഫത്‌വ നല്‍കിയതായി ഞാന്‍ അറിയുകയുണ്ടായി.

പഠനാവശ്യാര്‍ഥം ഇപ്പോള്‍ ലണ്ടനില്‍ കഴിയുന്ന ഒരു പാകിസ്താനീ യുവാവ് ഈ വിഷയകമായി എനിക്ക് കത്തയക്കുകയുണ്ടായി. ബിസ്മി ചൊല്ലാതെയും അറുക്കാതെയും തയാറാക്കുന്ന മാംസം കഴിക്കാമെന്ന് ഉറപ്പിച്ചു പറയുന്ന രണ്ടു ഇറാഖീ പണ്ഡിതന്മാരുടെ ഫത് വകളും യുവാവ് എനിക്ക് അയച്ചു തന്നു. ഇത്തരുണത്തില്‍ മാംസാഹാരത്തിലെ ഹലാല്‍-ഹറാം വിഷയകമായി സൂക്ഷ്മമായി ഒരു പഠനം ആവശ്യമായി വന്നിരിക്കുന്നു.

പാകിസ്താനീ വിദ്യാര്‍ഥിയുടെ കത്ത്

പാശ്ചാത്യനാടുകളില്‍ ലഭ്യമാവുന്ന മാംസാഹാരത്തെക്കുറിച്ച് മധ്യപൗരസ്ത്യ ദേശത്തെ എന്റെ സഹപാഠികളുമായി എനിക്ക് വാഗ്വാദത്തിലേര്‍പ്പെടേണ്ടി വരാറുണ്ട്. ഈ വിഷയകമായി താങ്കള്‍ മുന്നോട്ടു വെച്ച അഭിപ്രായം ഞാന്‍ അവരുടെ മുമ്പാകെ വെച്ചു. 'റസാഇല്‍ മസാഇലി'ല്‍ താങ്കള്‍ ഉദ്ധരിച്ച തെളിവുകള്‍ ഞാന്‍ അവര്‍ക്ക് സമര്‍പ്പിച്ചു. പക്ഷെ അവര്‍ തൃപ്തിരായില്ല. ഒടുവില്‍ അവരിലെ രണ്ടുപേര്‍ തദ്വിഷയകമായി ഇറാഖിലെ രണ്ടു പണ്ഡിതന്മാരില്‍നിന്ന് ഫത്‌വ ചോദിച്ചു: ആ ഫത് വകള്‍ താങ്കള്‍ക്കയച്ചു തന്ന് അവയിലെ തെളിവുകളെക്കുറിച്ച് താങ്കളുടെ മറുപടി എന്താണെന്നറിയാന്‍ അവര്‍ ആഗ്രഹിക്കുന്നു. മേല്‍ രണ്ടു ഫത് വകളും മറുപടിക്കായി താങ്കള്‍ക്ക് ഇതാ അയക്കുന്നു.

ചോദ്യമിതാണ്: ഖുര്‍ആനിലും സുന്നത്തിലും അറവിന് പ്രത്യേകമായ രൂപമുണ്ടോ? ഇവിടങ്ങളില്‍ ചെയ്യുന്നതുപോലെ, ബിസ്മി ചൊല്ലി മൂര്‍ച്ചയുള്ള യന്ത്രത്തിന്റെ സഹായത്താല്‍ മൃഗത്തിന്റെ തല അറുത്തുമാറ്റിയാല്‍ അത് ഭക്ഷ്യയോഗ്യമാകുമോ? പല പാശ്ചാത്യ നാടുകളിലും വ്യത്യസ്തമായ അറവു രീതികളുണ്ട്. അറവു രീതികളുടെ വിശദാംശങ്ങള്‍ അറിയാത്ത എന്നെ പോലൊരാള്‍ക്ക് മാംസാഹാരം ഹറാമോ അല്ലയോ എന്നു പറയാന്‍ കഴിയില്ല. അതിനാല്‍ താഴെ കൊടുത്ത രണ്ടു സൂക്തങ്ങളുടെ വെളിച്ചത്തില്‍ 'അല്ലാഹുവിന്റെ നാമം ഉച്ചരിച്ചിട്ടില്ലാത്തവ ഭക്ഷിക്കുന്നത് അനുവദനീയമല്ല' എന്നത് കേന്ദ്രീകരിച്ച വിശദീകരണം പ്രതീക്ഷിക്കുന്നു.
1. 'അല്ലാഹുവിന്റെ നാമം ഉച്ചരിച്ചിട്ടില്ലാത്തവയില്‍നിന്ന് ഭക്ഷിക്കരുത്. തീര്‍ച്ചയായും അത് അധര്‍മമാണ്.'
2. 'അല്ലാഹു അല്ലാത്തവരുടെ പേരില്‍ ഉച്ചരിക്കപ്പെട്ടത്'
ഫത്‌വകള്‍ പരിശോധിക്കുമ്പോള്‍
പാകിസ്താനീ യുവാവ് ലണ്ടനില്‍നിന്ന് എനിക്കയച്ചുതന്ന രണ്ടു ഫത് വകളും ഇറാഖിലെ രണ്ടു പണ്ഡിതന്മാരുടേതാണ്. ബിസ്മി ചൊല്ലാതെയും അറുക്കാതെയുമുള്ള മാംസം ഭക്ഷിക്കുന്നത് അനുവദനീയമാണ് എന്ന വാദം പുത്തനല്ല. ഇമാം മുഹമ്മദ് അബ്ദുവും ശിഷ്യന്‍ സയ്യിദ് റശീദ് രിദായും ശൈഖ് മുഹമ്മദ് ഹസ്‌നൈന്‍ മഖ്‌ലൂഫും നേരത്തെ ഇങ്ങനെ അനുവാദം നല്‍കിയവരാണ്. ഇവരെല്ലാം ആധാരമാക്കിയ തെളിവുകള്‍ ഒന്നു തന്നെ. പ്രസ്തുത തെളിവുകള്‍ പരിശോധിക്കുന്നതിനു മുമ്പ് എന്നാണ് യഥാര്‍ഥ പ്രശ്‌നം എന്ന് വ്യക്തമാക്കേണ്ടിയിരിക്കുന്നു.

ഖുര്‍ആനിലും സുന്നത്തിലും മാംസാഹാരവുമായി ബന്ധപ്പെട്ട നിബന്ധനകള്‍
1. ശവം, രക്തം, പന്നിമാംസം, അല്ലാഹു അല്ലാത്തവരുടെ പേരില്‍ അറുക്കപ്പെട്ടവ നിഷിദ്ധമാണ് എന്നതാണ് ഒന്നാമത്തെ ഉപാധി. മക്കയില്‍ അവതരിപ്പിച്ച അധ്യായങ്ങളായ അന്‍ആം 145, നഹ്ല്‍ 115, മദീനയില്‍ അവതരിച്ച ബഖറ 173, ഏറ്റവും ഒടുവില്‍ അവതരിച്ച വിധികള്‍ അടങ്ങുന്ന മാഇദ എന്നിവയില്‍ തദ്വിഷയകമായ കല്‍പനകള്‍ കാണാം.
1. ശവം എന്നതിന്റെ വിവക്ഷ ചത്തത് എന്നുമാത്രമല്ല. ശ്വാസം മുട്ടിച്ചത്തത്, അടിച്ചു കൊല്ലപ്പെട്ടത്, വീണു ചത്തത്, കുത്തേറ്റു ചത്തത് മുതലായവയെല്ലാം ശവത്തിന്റെ ഗണത്തില്‍ തന്നെയാണ് വരിക. ആയതിനാല്‍, ഈ വക മാംസങ്ങളെല്ലാം മുസ്‌ലിംകള്‍ക്ക് നിഷിദ്ധമാണ്.
2. പ്രതിഷ്ഠകള്‍ക്കു മുമ്പില്‍ ബലിയറുക്കപ്പെട്ടയുടെ വിധി, അല്ലാഹു അല്ലാത്തവരുടെ പേരില്‍ അറുക്കപ്പെട്ടവയുടെ വിധിതന്നെയാണ്; അവയുടെ മേല്‍ അല്ലാഹുവിന്റെ നാമമോ, അവനല്ലാത്തവരുടെ നാമമോ ഉച്ചരിച്ചാലും.
ഖുര്‍ആനില്‍ നിഷിദ്ധമായി പ്രഖ്യാപിച്ച ഇവയ്ക്കു പുറമെ നബി(സ) നാടന്‍ കഴുതയുടെയും തേറ്റയുള്ള ഹിംസ്രജീവികളുടെയും നീണ്ട നഖമുള്ള പക്ഷികളുടെയും മാംസവും നിരോധിച്ചിരിക്കുന്നു. സ്വഹീഹായ ഒന്നിലധികം നബിവചനങ്ങളില്‍ ഈ വിഷയകമായ വിധികള്‍ കാണാം.
മാംസാഹാരം അനുവദനീയമാവാന്‍ അറവ് എന്ന ഉപാധി
2. മൃഗമാംസം അനുവദനീയമാവാനുള്ള രണ്ടാമത്തെ ഉപാധി അത് അറുത്തതാവണം എന്നതാണ്. മാഇദ 3-ാം സൂക്തത്തിലെ إِلَّا مَا ذَكَّيْتُمْ (നിങ്ങള്‍ അറുത്തവ ഒഴികെ) എന്നതിന്റെ വിവക്ഷ ഉരു അറുക്കപ്പെട്ടതായിരിക്കണം എന്നത്രെ. അറവു വഴി ജീവന്‍ പോയ മൃഗത്തിന് മാത്രമെ നിഷിദ്ധതയുടെ വിധി ബാധകമാകാതിരിക്കുകയുള്ളൂ. അറുക്കാതെ ജീവന്‍ പോവുന്ന ഏതു രൂപങ്ങളിലും മാംസം നിഷിദ്ധമായിരിക്കും.

എങ്കില്‍, അറവ് എന്നതിന്റെ വിവക്ഷ എന്താണ്? ഖുര്‍ആനില്‍ നിന്നോ അറബി ഭാഷാ ഗ്രന്ഥങ്ങളില്‍നിന്നോ 'അറവ്' എന്നാല്‍ എന്താണെന്ന് കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കുന്നില്ല. അതിന് സുന്നത്തിനെ ആശ്രയിക്കണം. സുന്നത്തില്‍ അറവിന് രണ്ടു രീതികളുണ്ട്. 1. നിര്‍ബന്ധിതാവസ്ഥ. അതായത്, ഉരു നമ്മുടെ നിയന്ത്രണം ലംഘിച്ച് ഓടിപ്പോകുന്നു, പക്ഷി പറക്കുന്നു. അഥവാ, അവ നമ്മുടെ നിയന്ത്രണത്തിലാണ്. പക്ഷെ, ഓടിപ്പോയതിനാലോ മറ്റു കാരണത്താലോ അവയെ നിയമാനുസൃത രീതിയില്‍ അറുക്കാന്‍ നമുക്ക് കഴിയുന്നില്ല. ഇത്തരം ഘട്ടങ്ങളില്‍ മുറിക്കാനോ ഓട്ടയാക്കുവാനോ കഴിയുന്ന മൂര്‍ച്ചയുള്ള ഒരു വസ്തുകൊണ്ട് നാം അതിനെ എറിയുന്നു. അതിന്റെ ശരീരത്തിന് മുറിവേല്‍പിക്കുന്നു. രക്തമൊലിക്കുന്നു. മുറിവു കാരണം ജീവന്‍ നഷ്ടപ്പെടുന്നു. നബി(സ) പറയുന്നു:
أمرر الدّم بما شئت 'നീ ഉദ്ദേശിച്ച വസ്തു ഉപയോഗിച്ച് രക്തം ഒഴുക്കിക്കളയുക' (അബൂദാവൂദ്, നസാഈ)
2. നാം ഉദ്ദേശിച്ച വിധം അറുക്കുവാന്‍ കഴിയുമാറ് ഉരു നമ്മുടെ നിയന്ത്രണത്തിലായിരിക്കുക. ഇത്തരം സന്ദര്‍ഭത്തില്‍ ഒട്ടകം, പശു, ആട് മുതലായവയെ നാം അറുക്കേണ്ടതാണ്.

ഒട്ടകത്തെ മൂര്‍ച്ചയുള്ള ചാട്ടുളി, കുന്തംപോലുള്ളവകൊണ്ട് കണ്ഠത്തില്‍ ശക്തിയായി എറിഞ്ഞ് മുറിപ്പെടുത്തിയാണ് അറുക്കുക. രക്തം വാര്‍ന്ന് അത് നിലത്തുപതിച്ച് ജീവന്‍ നഷ്ടപ്പെടുന്നു. അറബികള്‍ പണ്ടുകാലം മുതലേ ഒട്ടകത്തെ ഇങ്ങനെയാണ് അറുക്കാറ്. 
 (108:2) എന്ന ഖുര്‍ആനിലെ പദപ്രയോഗം ഇതിനെയാണ് സൂചിപ്പിക്കുന്നത്. നബി(സ) ഒട്ടകത്തെ അറുത്തിരുന്നതും ഇങ്ങനെതന്നെ.
അറവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ നബി(സ)യില്‍നിന്ന് താഴെ വിധം മനസ്സിലാക്കാം. അബൂഹുറൈറ(റ)യില്‍നിന് നിവേദനം:
بعث رسول الله (ص) بديل بن ورقاء الخزاعي على جمل أورق فى فجاح منى ألا ان الذكاة في الحلق واللبتة والا تعجلوا الأنفس أن تزهق
'നബി(സ) ഖുസാഅ ഗോത്രജനായ ബുദൈലുബ്‌നു വര്‍ഖാഇനെ ചാരനിറമുള്ള ഒരു ഒട്ടകത്തിന്റെ പുറത്തുകയറി മിനയിലെ മലകള്‍ക്കിടയിലെ വഴികളിലൂടെ താഴെ വിധം വിളിച്ചു പറയാന്‍ ചുമതലപ്പെടുത്തി. അറിയുക, തീര്‍ച്ചയായും അറുക്കേണ്ടത് ഉരുക്കളുടെ തൊണ്ടയില്‍ മുന്‍വശത്താണ് (പിരടിയിലല്ല) ജീവന്‍ പെട്ടെന്ന് നഷ്ടപ്പെടാനായി നിങ്ങള്‍ ധൃതി കൂട്ടരുത്. (ദാറഖുത്വ്‌നി)
ഇബ്‌നു അബ്ബാസില്‍നിന്ന് നിവേദനം:
أن النّبي (ص) نهى عن الذبيحة أن تفرس
'ഇരയുടെ സുഷുമ്‌ന എത്തുന്നതുവരെ അറുക്കുന്നത് നബി(സ) നിരോധിച്ചു (ത്വബ്‌റാനി).
അബൂഹനീഫയുടെ ശിഷ്യന്‍ ഇമാം മുഹമ്മദുബ്‌നുല്‍ ഹസന്‍ സഈദുബ്‌നുല്‍ മുസയ്യബില്‍നിന്ന് ഉദ്ധരിക്കുന്നു.
ان النّبي (ص) نهى أن تنخع الشاة إذا ذبحت
'ആടുകളെ സുഷുമ്‌നാ നാഡിവരെ എത്തുവോളം അറുക്കരുതെന്ന് നബി(സ) വിലക്കിയിരിക്കുന്നു'

ഈ വക ഹദീസുകളും നബി(സ)യുടെയും സ്വഹാബികളുടെയും കാലത്ത് നടന്ന കര്‍മമാതൃകയും മുമ്പില്‍വെച്ചുകൊണ്ട് ഹനഫികള്‍ പറയുന്നു:
'കണ്ഠനാളത്തിന്റെ തുടക്കം മുതല്‍ നെഞ്ചിന്റെ തുടക്കം വരെയുള്ള ഭാഗത്താണ് അറുക്കേണ്ടത്. കഴുത്തിന്റെ ഇരുവശങ്ങളിലുമുള്ള രണ്ടു രക്തധമനികളും ശ്വാസനാളവും അന്നനാളവും മുറിയണം. മാലികികള്‍ പറയുന്നു: 'ശ്വാസനാളവും രണ്ടു രക്തധമനികളും മുറിയണം' ശാഫിഈകള്‍ പറയുന്നു: 'ശര്‍ഈ വിധിപ്രകാരമുള്ള അറവു പ്രകാരം ശ്വാസനാളവും അന്നനാളവും മുറിഞ്ഞിരിക്കണം.' ഹമ്പലികള്‍ പറയുന്നു: 'ശ്വാസനാളവും അന്നനാളവും മുറിയുന്നതോടെ ശര്‍ഈ വിധിപ്രകാരമുള്ള അറവ് യാഥാര്‍ഥ്യമാകുന്നു'1

ഖുര്‍ആനില്‍ സംക്ഷിപ്തമായും സുന്നത്തില്‍ വിശദമായും വന്ന മുകളില്‍ കൊടുത്ത നിര്‍ബന്ധിതമായോ സ്വതന്ത്രമായോ നടക്കുന്ന മൂന്നു അറവു രൂപങ്ങള്‍ പ്രകാരം ഉരു ഒറ്റയടിക്ക് ചാവുന്നില്ല. അവസാനശ്വാസം പോകുന്നതുവരെയും ഉരുവിന്റെ ശരീരവും തലച്ചോറും തമ്മിലുള്ള ബന്ധം നിലനില്‍ക്കുന്നു. ഉരു ചലിക്കുമ്പോഴും പിടയുമ്പോഴും അതിന്റെ ശരീരത്തില്‍നിന്ന് രക്തം വാര്‍ന്നു പോവുന്നു. രക്തം വാര്‍ന്നു തീരുന്നതോടെ മാത്രമെ ജീവന്‍ നിലക്കുന്നുള്ളൂ. ഖുര്‍ആന്‍ ഇത് വിവരിച്ചിട്ടില്ലെങ്കിലും ഖുര്‍ആന്‍ ഏറ്റുവാങ്ങിയ നബി(സ) വേണ്ടുംവിധം അത് വിശദീകരിച്ചു തന്നത് നാം കാണുകയുണ്ടായി.

'നിങ്ങള്‍ അറുത്തവയൊഴികെ' എന്ന സൂക്തത്തില്‍ കല്‍പിച്ചിരിക്കുന്ന അറവു രീതി നബി(സ) പഠിപ്പിച്ചതാണെന്ന് നാം സമ്മതിക്കണം. ഈ വിധം അറുക്കാത്തവ മുസ് ലിംകള്‍ക്ക് ഭക്ഷ്യയോഗ്യമല്ല എന്നു സാരം.

നായകള്‍ വേട്ടയാടുന്നവ

ഖുര്‍ആനില്‍തന്നെ പരാമര്‍ശിച്ച മറ്റൊരു തരം അറവു രീതിയുണ്ട്. നായാട്ടു വിദ്യ അഭ്യസിപ്പിക്കപ്പെട്ട നായ തനിക്കായല്ലാതെ, യജമാനനു വേണ്ടി ഉരുവിനെ കൊല്ലുക. നായ പിടികൂടുന്നതോടെയോ നായ മുറിപ്പെടുത്തിയതിലൂടെയോ ഉരുവിന്റെ ജീവന്‍ നഷ്ടപ്പെട്ടാല്‍ അത് ഭക്ഷ്യയോഗ്യമാണ്. അല്ലാഹു പറയുന്നു:
وَمَا عَلَّمْتُم مِّنَ الْجَوَارِحِ مُكَلِّبِينَ تُعَلِّمُونَهُنَّ مِمَّا عَلَّمَكُمُ اللَّهُۖ فَكُلُوا مِمَّا أَمْسَكْنَ عَلَيْكُمْ
'അല്ലാഹു നിങ്ങള്‍ക്ക് നല്‍കിയ വിദ്യ ഉപയോഗിച്ച് നായാട്ട് പരിശീലിപ്പിക്കാറുള്ള രീതിയില്‍ നിങ്ങള്‍ പഠിപ്പിച്ചെടുത്ത ഏതെങ്കിലും വേട്ട മൃഗം നിങ്ങള്‍ക്കുവേണ്ടി പിടിച്ചു കൊണ്ടുവന്നതില്‍നിന്ന് നിങ്ങള്‍ തിന്നുകൊള്ളുക' (മാഇദ: 4). ഈ സൂക്തം വിവരിച്ചുകൊണ്ട് നബി(സ) പറയുന്നു: 
فإن أمسك عليك فأدركته حيًّا فاذبحه ان ادركته قد قتل ولم يأكل منه فكله وأن أكل فلا تأكل
'വേട്ട മൃഗം പിടിച്ചുകൊണ്ടുവരുന്ന ഉരുവിനെ ജീവനോടെയാണ് നിനക്ക് ലഭിക്കുന്നതെങ്കില്‍ അതിനെ അറുക്കുക. കൊല്ലപ്പെട്ടതായാണ് ഉരുവിനെ ലഭിക്കുന്നതെങ്കില്‍ വേട്ടമൃഗം അതില്‍നിന്ന് തിന്നിട്ടില്ലെങ്കില്‍ നിനക്ക് തിന്നാം. വേട്ടമൃഗം ഉരുവിനെ തിന്നിട്ടുണ്ടെങ്കില്‍ നീ അത് ആഹരിക്കരുത്' (ബുഖാരി, മുസ്‌ലിം)
وان أكل منه فلا تأكل فإنّما أمسك على نفسه
'വേട്ടമൃഗം ഇരയെ തിന്നിട്ടുണ്ടെങ്കില്‍ നീ അതില്‍നിന്ന് തിന്നരുത്. കാരണം, അത് ഇരയെ പിടിച്ചത് തനിക്ക് വേണ്ടിയാണ്' (ബുഖാരി, മുസ്‌ലിം, അഹ്‌മദ്).
وما صدت بكلبك غير معلّم فادركت ذكاته فكل
'പഠിപ്പിക്കപ്പെടാത്ത നിന്റെ നായയെ ഉപയോഗിച്ച് നീ വേട്ടയാടിയതിനെ നിനക്കറുക്കാന്‍ കഴിഞ്ഞെങ്കില്‍ നീ തിന്നുക' (ബുഖാരി, മുസ്‌ലിം)
വേട്ടയാടാന്‍ പരിശീലിപ്പിക്കപ്പെട്ട നായ അതിന്റെ ഉടമസ്ഥനു വേണ്ടി കൊലപ്പെടുത്തിയ ജീവിയില്‍ അറവ് എന്ന നിബന്ധന പൂര്‍ത്തീകരിക്കപ്പെടുമെന്ന് ഇതില്‍നിന്ന് ഗ്രഹിക്കാം.
ഇക്കാരണത്താല്‍ തന്നെ 'വന്യമൃഗം ഭക്ഷിച്ചതും' എന്ന വചനത്തിലൂടെ അല്ലാഹു വ്യക്തമാക്കിയ നിഷിദ്ധതയില്‍നിന്ന് 'നിങ്ങള്‍ അറുത്തവ ഒഴികെ' എന്ന വാക്യത്തില്‍ പ്രകാശിപ്പിക്കപ്പെട്ട അനുവദനീയം എന്ന വിധിയിലേക്ക് അത് നീങ്ങുന്നതാണ്. എന്നാല്‍ ഖുര്‍ആന്‍ ഈ വിധി പരിശീലിപ്പിക്കപ്പെട്ട നായക്കു മാത്രമാണ് നല്‍കിയിട്ടുള്ളത്. ഈ വിധിയില്‍നിന്ന് നബി(സ) പരിശീലിപ്പിക്കപ്പെടാത്ത വളര്‍ത്തു നായയെ വരെ ഒഴിച്ചുനിര്‍ത്തിയിരിക്കുന്നു. അതുകൊണ്ടുതന്നെ വേട്ടയഭ്യസിപ്പിക്കപ്പെട്ട നായയോട് താരതമ്യം ചെയ്ത് ഇതര ജീവികള്‍ മുറിവേല്‍പ്പിക്കുന്നതോ കൊലപ്പെടുത്തുന്നതോ ആയ ഉരുക്കള്‍ അനുവദനീയമായി പരിഗണിക്കാന്‍ പറ്റില്ല. കാരണം ഹദീസില്‍ വന്ന വാക്കുകള്‍ ഇപ്രകാരമാണ്: 'അഭ്യസിപ്പിക്കപ്പെടാത്ത നായ പിടിച്ചു തന്നതിനെ അറുക്കാനായാല്‍ അത് തിന്നുകൊള്ളുക.' അറവ് ഒഴികെയുള്ള ജീവ ഹത്യയുടെ ഏത് രൂപത്തിനും ശവത്തിന്റെ വിധിയാണെന്ന് ഇതില്‍നിന്ന് വ്യക്തമാണല്ലോ.

അറവുമാംസം അനുവദനീയമാവാന്‍  ബിസ്മി ചൊല്ലല്‍

3. ഉരുവിനെ അറുക്കുമ്പോള്‍ അല്ലാഹുവിന്റെ നാമം ഉച്ചരിക്കണമെന്നതാണ് മൂന്നാമത്തെ ഉപാധി.
ഈ വിധി ഖുര്‍ആനില്‍ വിവിധ ഇടങ്ങളില്‍ വ്യത്യസ്ത രീതികളില്‍ വന്നിട്ടുണ്ട്. കല്‍പന ക്രിയാരൂപത്തില്‍ ഒരിടത്ത് പറയുന്നത് ഇങ്ങനെ:
فَكُلُوا مِمَّا ذُكِرَ اسْمُ اللَّهِ عَلَيْهِ إِن كُنتُم بِآيَاتِهِ مُؤْمِنِينَ
 'അതിനാല്‍ അല്ലാഹുവിന്റെ നാമം ഉച്ചരി(ച്ച് അറു)ക്കപ്പെട്ടതില്‍നിന്നും നിങ്ങള്‍ തിന്നുകൊള്ളുക. നിങ്ങള്‍ അവന്റെ വചനങ്ങളില്‍ വിശ്വസിക്കുന്നവരാണെങ്കില്‍' (അന്‍ആം: 118) നിഷേധ രൂപത്തില്‍ പറയുന്നു:
وَلَا تَأْكُلُوا مِمَّا لَمْ يُذْكَرِ اسْمُ اللَّهِ عَلَيْهِ وَإِنَّهُ لَفِسْقٌۗ
 'അല്ലാഹുവിന്റെ നാമം ഉച്ചരി(ച്ച് അറു)ക്കപ്പെട്ടതില്‍നിന്നല്ലാതെ നിങ്ങള്‍ ആഹരിക്കരുത്. തീര്‍ച്ചയായും അത് അധര്‍മമാണ്' (അന്‍ആം: 121).
അഭ്യസിപ്പിക്കപ്പെട്ട നായ പിടിച്ചുകൊണ്ടുവരുന്നതിനെപ്പറ്റി പറയുന്നു:
فَكُلُوا مِمَّا أَمْسَكْنَ عَلَيْكُمْ وَاذْكُرُوا اسْمَ اللَّهِ عَلَيْهِۖ وَاتَّقُوا اللَّهَۚ إِنَّ اللَّهَ سَرِيعُ الْحِسَابِ
'അല്ലാഹു നിങ്ങള്‍ക്ക് നല്‍കിയ വിദ്യ ഉപയോഗിച്ച് നായാട്ട് പരിശീലിപ്പിക്കാറുള്ള രീതിയില്‍ നിങ്ങള്‍ പഠിപ്പിച്ചെടുത്ത ഏതെങ്കിലും വേട്ട മൃഗം നിങ്ങള്‍ക്കുവേണ്ടി പിടിച്ചുകൊണ്ടുവന്നതില്‍നിന്ന് നിങ്ങള്‍ തിന്നുകൊള്ളുക. ആ ഉരുവിന്റെ മേല്‍ നിങ്ങള്‍ അല്ലാഹുവിന്റെ നാമം ഉച്ചരിക്കുകയും ചെയ്യുക' (മാഇദ: 4).

ഇതിലെല്ലാം ഉപരിയായി, ഖുര്‍ആന്‍ മിക്ക സൂക്തങ്ങളിലും അറവ് എന്ന് ഉപയോഗിക്കാതെ അറവിനെ സൂചിപ്പിക്കുന്ന സാങ്കേതിക പദമായി 'ഉരുവിന്മേല്‍ അല്ലാഹുവിന്റെ നാമം ഉച്ചരിക്കുക' എന്നാണ് പ്രയോഗിച്ചിരിക്കുന്നത്. താഴെ സൂക്തങ്ങള്‍ കാണുക:
لِّيَشْهَدُوا مَنَافِعَ لَهُمْ وَيَذْكُرُوا اسْمَ اللَّهِ فِي أَيَّامٍ مَّعْلُومَاتٍ عَلَىٰ مَا رَزَقَهُم مِّن بَهِيمَةِ الْأَنْعَامِۖ
'അവര്‍ക്ക് പ്രയോജനകരമായ രംഗങ്ങളില്‍ അവര്‍ സന്നിഹിതരാകുവാനും, അല്ലാഹുഅവര്‍ക്ക് നല്‍കിയിട്ടുള്ള നാല്‍ക്കാലിമൃഗങ്ങളെ നിശ്ചിത ദിവസങ്ങളില്‍ അവന്റെ നാമം ഉച്ചരിച്ചുകൊണ്ട് ബലി കഴിക്കാനും വേണ്ടിയത്രെ അത്.' (ഹജ്ജ്: 28)
وَلِكُلِّ أُمَّةٍ جَعَلْنَا مَنسَكًا لِّيَذْكُرُوا اسْمَ اللَّهِ عَلَىٰ مَا رَزَقَهُم مِّن بَهِيمَةِ الْأَنْعَامِۗ
'ഓരോ സമുദായത്തിനും നാം ഓരോ ആരാധനാ കര്‍മം നിശ്ചയിച്ചിട്ടുണ്ട്. അവര്‍ക്ക് ഉപജീവനത്തിനായി അല്ലാഹു അവര്‍ക്ക് നല്‍കിയിട്ടുള്ള കന്നുകാലി മൃഗങ്ങളെ അവന്റെ നാമം ഉച്ചരിച്ചുകൊണ്ട് അവര്‍ അറുക്കേണ്ടതിനു വേണ്ടിയത്രെ അത്' (ഹജ്ജ്; 34).
فَاذْكُرُوا اسْمَ اللَّهِ عَلَيْهَا صَوَافَّۖ 'അതിനാല്‍ അവയെ വരിവരിയായി നിര്‍ത്തിക്കൊണ്ട് അവയുടെ മേല്‍ നിങ്ങള്‍ അല്ലാഹുവിന്റെ നാമം ഉച്ചരി(ച്ചുകൊണ്ട് ബലിയര്‍പ്പി)ക്കുക. (ഹജ്ജ്: 36).
وَمَا لَكُم أَلَّا تَأْكُلُوا مِمَّا ذُكِرَ اسْمُ اللَّهِ 'അല്ലാഹുവിന്റെ നാമം ഉച്ചരി(ച്ച് അറു)ക്കപ്പെട്ടതില്‍നിന്ന് നിങ്ങള്‍ എന്തിന് തിന്നാതിരിക്കണം?' (അന്‍ആം: 119).
 وَلَا تَأْكُلُوا مِمَّا لَمْ يُذْكَرِ اسْمُ اللَّهِ عَلَيْهِ 'അല്ലാഹുവിന്റെ നാമം ഉച്ചരിക്കപ്പെടാത്തതില്‍നിന്ന് നിങ്ങള്‍ തിന്നരുത്' (അന്‍ആം: 121).
ഖുര്‍ആന്‍ സൂക്തങ്ങളില്‍ തുടരെയായി എടുത്തു പറയുന്ന അല്ലാഹുവിന്റെ നാമം ഉച്ചരിക്കുക എന്നതും അറവ് എന്നതും ഖുര്‍ആനിക വീക്ഷണത്തില്‍ ഒരേ ആശയമാണ് സൂചിപ്പിക്കുന്നത്. ഇതുപ്രകാരം അല്ലാഹുവിന്റെ ഉച്ചരിക്കപ്പെടാത്ത അറവ് ശരീഅത്തനുസൃതമാവില്ല.

അദിയ്യുബ്‌നു ഹാതിമിത്ത്വാഈ മൃഗങ്ങളെ ധാരാളമായി വേട്ടയാടുന്ന ആളായിരുന്നു. വേട്ടവിഷയകമായി അദ്ദേഹം നബി(സ)യോട് കൂടുതലായി അന്വേഷിച്ചു മനസ്സിലാക്കുമായിരുന്നു. തദവസരം അവിടുന്ന് ഹാതിമിന് നല്‍കിയ നിര്‍ദേശങ്ങള്‍ ഇങ്ങനെ വായിക്കാം:
إذا ارسلت كلبك فاذكراسم الله فان أمسك عليك فادركته حيًّا فاذبحه وان أدركته قد قتل ولم يأكل منه شيئا فكل ..... واذا رميت فاذكراسم الله
'നീ നിന്റെ നായയെ വേട്ടക്കായി അയക്കുമ്പോള്‍ അല്ലാഹുവിന്റെ നാമം ചൊല്ലുക. വേട്ടനായ ഉരുവിനെ ജീവനോടെ പിടിച്ചു കൊണ്ടുവന്നാല്‍ അതിനെ അറുക്കുക. ഉരുവിനെ കൊല്ലപ്പെട്ടതായി നീ കാണുകയും വേട്ടമൃഗം ഉരുവില്‍നിന്ന് തിന്നാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ നിനക്ക് അത് ഭക്ഷിക്കാവുന്നതാണ്..... അമ്പെയ്യുമ്പോള്‍ അല്ലാഹുവിന്റെ നാമം ഉരുവിടുക' (ബുഖാരി, മുസ്‌ലിം).
أمرر الدّم بما شئت واذكراسم الله 'നീ ഉദ്ദേശിച്ച വസ്തുകൊണ്ട് രക്തം ഒഴുക്കിക്കളയുക, അല്ലാഹുവിന്റെ നാമം ചൊല്ലുക' (അബൂദാവൂദ്, നസാഈ)
ما علّمت من كلب أو باز ثمّ أرسلته وذكرت اسم الله عليه فكل ممّا أمسك عليك
'നീ പഠിപ്പിച്ച നായയെയോ പ്രാപ്പിടിയനെയോ അല്ലാഹുവിന്റെ നാമം ഉച്ചരിച്ച് നീ അയച്ചാല്‍ അത് പിടിച്ചു കൊണ്ടുവരുന്നത് നിനക്ക് തിന്നാവുന്നതാണ്' (അഹ് മദ്, അബൂദാവൂദ്).

ഒരിക്കല്‍ അദിയ്യ്(റ) നബി(സ)യോട് പറഞ്ഞു: 'ഞാന്‍ എന്റെ നായയെ വേട്ടക്കായി അയക്കുന്നു. അപ്പോള്‍ അതിന്റെ കൂടെ മറ്റൊരു നായയെ കാണുന്നു. അവയില്‍ ഏതാണ് ഇരയെപിടിച്ചതെന്ന് എനിക്ക് മനസ്സിലാവുന്നില്ല' നബി(സ) പറഞ്ഞു:
فلا تأكل فإنما سمّيت على كلبك ولم تسم على غيره 
'അത് നീ തിന്നരുത്. നീ നിന്റെ നായയെ വിട്ടപ്പോഴാണ് ബിസ്മി ചൊല്ലിയത്. മറ്റെ നായയുടെ മേല്‍ നീ ബിസ്മി ചൊല്ലിയിട്ടില്ല. (ബുഖാരി, മുസ്‌ലിം, അഹ്‌മദ്).
അല്ലാഹുവിന്റെയും നബി(സ)യുടെയും വ്യക്തമായ മേല്‍വിധികള്‍ക്കു ശേഷം ഉരുവിന്റെ മാംസം അനുവദനീയമാവാന്‍ ബിസ്മി ചൊല്ലിയിരിക്കണമെന്നതില്‍ സംശയമില്ല. അല്ലാഹുവിന്റെ നാമം ഉച്ചരിക്കപ്പെടാതെ ചാവുകയോ കൊല്ലപ്പെടുകയോ ചെയ്യുന്ന എല്ലാ മൃഗങ്ങളുടെയും മാംസം നിഷിദ്ധമാണ്. ഭക്ഷിക്കാന്‍ അനുവാദമില്ല. വ്യക്തമായ ഖുര്‍ആന്‍ സൂക്തങ്ങളും നബിവചനങ്ങളും ഇത്രയുമുണ്ടായിട്ടും അത് ഇനിയും സ്ഥാപിക്കാന്‍ തെളിവുകള്‍ വേറെ വേണ്ടതുണ്ടോ?
ബിസ്മി ചൊല്ലുന്നതിനെ സംബന്ധിച്ച ഫിഖ്ഹി അഭിപ്രായങ്ങള്‍
ഉരുവിനെ അറുക്കുമ്പോള്‍ ബിസ്മി ചൊല്ലുന്നതിനെപ്പറ്റി പണ്ഡിതന്മാര്‍ മൂന്നു അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

1. അബൂഹനീഫ, ശിഷ്യന്മാര്‍, മാലിക്, അഹ്‌മദ് എന്നിവരുടെ ഏറ്റവും പ്രസിദ്ധവും സാധുവുമായ അഭിപ്രായമനുസരിച്ചും ഇസ്ഹാഖ് ബ്‌നു റാഹവൈഹിയുടെ അഭിപ്രായമനുസരിച്ചും ഉരുവിനെ അറുക്കുമ്പോള്‍ ബോധപൂർവം ബിസ്മി ചൊല്ലിയില്ലെങ്കില്‍ അതിനെ ഭക്ഷിക്കുന്നത് അനുവദനീയമല്ല. ബിസ്മി ചൊല്ലാന്‍ മറന്നതാണെങ്കില്‍ തിന്നാവുന്നതാണ്. അലി, ഇബ്‌നു അബ്ബാസ്, സഈദുബ്‌നുല്‍ മുസയ്യബ്, അത്വാഅ്, താഊസ്, ഹസനുല്‍ ബസ്വ്‌രി, അബൂമാലിക്, അബ്ദുര്‍റഹ്‌മാന്‍ ബ്‌നു അബീലൈല, ജഅ്ഫറുബ്‌നു മുഹമ്മദ്, റബീഅത്തുബ്‌നു അബീ അബ്ദിര്‍റഹ്‌മാന്‍ എന്നിവരുടെ അഭിപ്രായവും ഇതുതന്നെ.

ഇമാം അബൂസൗറും ദാവൂദുള്ളാഹിരിയും പറയുന്നു: മറന്നത് ബോധപൂർവമായാലും അല്ലെങ്കിലും വിധി ഒന്നുതന്നെ. അല്ലാഹുവിന്റെ നാമം ബോധപൂർവമോ മറന്നോ ഉച്ചരിച്ചില്ലെങ്കില്‍ മാംസഭോജനം ഹലാലാവില്ല. ഇബ്‌നു ഉമര്‍, നാഫിഅ്, ആമിറുശ്ശഅ്ബി, മുഹമ്മദുബ്‌നു സീരീന്‍ എന്നിവരില്‍നിന്ന് ഉദ്ധരിക്കപ്പെട്ട അഭിപ്രായം ഇതുതന്നെ. പില്‍ക്കാല ശാഫിഈ പണ്ഡിതനായ അബുല്‍ ഫത്ഹ് മുഹമ്മദുബ്‌നു മുഹമ്മദ് അലി അത്ത്വാഈ തെരഞ്ഞെടുത്തതും ഇതേ വീക്ഷണമാണ്. ഇബ്‌റാഹീമുന്നഖഈ പറയുന്നു: ഉരുവിനെ അറുക്കുമ്പോള്‍ ബിസ്മി ചൊല്ലാന്‍ മറന്നാല്‍ അത് ഭക്ഷിക്കുന്നത് അനഭിലഷണീയമായ നിഷിദ്ധതയാണ്. (കറാഹത്തുതഹ്‌രീം).

ഇമാം ശാഫിഈയും ശിഷ്യന്മാരും പറയുന്നു: ബിസ്മി ചൊല്ലല്‍ ഉപാധിയല്ല, അഭികാമ്യം മാത്രമാണ്. അതിനാല്‍, ബിസ്മി ചൊല്ലാതിരുന്നത് മനപൂർവമാണെങ്കിലും അല്ലെങ്കിലും മാംസം കഴിക്കല്‍ അനുവദനീയമാണ്. സ്വഹാബികളില്‍ അബൂഹുറൈറയും താബിഈകളില്‍ ഔസാഈയും മാത്രമാണ് ഈ വാദക്കാര്‍.

ഇതേ അഭിപ്രായം ഇബ്‌നു അബ്ബാസ്, അത്വാഅ്, ഇമാം മാലിക്, ഇമാം അഹ് മദ് എന്നിവരില്‍നിന്ന് ഉദ്ധരിക്കപ്പെട്ടിട്ടുണ്ടെങ്കിലും അവരില്‍നിന്ന് ഉദ്ധരിക്കപ്പെട്ട സ്ഥാപിതാഭിപ്രായം അനുവദനീയമല്ലെന്നാണെന്ന് നാം നേരത്തെ പറഞ്ഞു കഴിഞ്ഞു.
ആഇശ(റ)യില്‍നിന്ന് ഉദ്ധരിക്കപ്പെട്ട ഒരു ഹദീസിനെ ആധാരമാക്കിയാണ് ശാഫിഈകള്‍ തങ്ങളുടെ അഭിപ്രായം മുന്നോട്ടുവെക്കുന്നത്. ചിലര്‍ നബി(സ)യോട് ചോദിച്ചു. അല്ലാഹുവിന്റെ ദൂതരേ, ഈയിടെ മാത്രം ഇസ് ലാം സ്വീകരിച്ച ചിലര്‍, അല്ലാഹുവിന്റെ നാമം ഉച്ചരിച്ചുവോ ഇല്ലയോ എന്നറിയാത്ത മാംസം ഞങ്ങള്‍ക്ക് ഭക്ഷിക്കാനായി തരുന്നു. അപ്പോള്‍ നബി(സ) പറഞ്ഞു:
سمّوا أنتم وكلوا 'നിങ്ങള്‍ ബിസ്മി ചൊല്ലി കഴിച്ചോളൂ (ബുഖാരി, അബൂദാവൂദ്, നസാഈ, ഇബ്‌നുമാജ).

അറുക്കുമ്പോള്‍ ബിസ്മി ചൊല്ലല്‍ നിര്‍ബന്ധമായിരുന്നുവെങ്കില്‍ മാംസം സംശയത്തോടെ തിന്നാന്‍ നബി(സ) അനുവദിക്കുമായിരുന്നില്ല എന്നാണ് ശാഫിഈകളുടെ വാദം. യഥാര്‍ഥത്തില്‍ ശാഫിഈകള്‍ മനസ്സിലാക്കിയതിനു വിരുദ്ധമാണ് ഹദീസിന്റെ ആശയം. ഉരുവിനെ അറുക്കുമ്പോള്‍ ബിസ്മി ചൊല്ലുക എന്നത് നബി(സ)യുടെ കാലത്ത് മുസ്‌ലിംകള്‍ക്കിടയില്‍ വ്യാപകമായി നടപ്പുള്ള കാര്യമായിരുന്നു. അങ്ങനെ അല്ലായിരുന്നുവെങ്കില്‍ അടുത്തകാലത്തുമാത്രം ഇസ് ലാം സ്വീകരിച്ച മരുഭൂവാസികള്‍ കൊണ്ടുവന്ന മാംസം കഴിക്കാമോ എന്ന് അന്വേഷിച്ചു കൊണ്ട് ആളുകള്‍ നബി(സ)യെ സമീപിക്കുമായിരുന്നില്ല. അവരുടെ ചോദ്യത്തിനുള്ള നബി(സ)യുടെ മറുപടി ഇത് ബലപ്പെടുത്തുന്നുണ്ട്. ബിസ്മി ചൊല്ലല്‍ നിര്‍ബന്ധമാണെന്ന അവരുടെ അഭിപ്രായം ശരിയല്ലായിരുന്നുവെങ്കില്‍, മാംസം അനുവദനീയമാവാന്‍ ബിസ്മി ചൊല്ലല്‍ ഉപാധിയല്ല എന്ന് അവിടുന്ന് അവരോട് വിശദീകരിക്കുമായിരുന്നു. ബിസ്മി ചൊല്ലിയാലും ഇല്ലെങ്കിലും അവര്‍ക്ക് മാംസം കഴിക്കാന്‍ അനുവാദം നല്‍കുമായിരുന്നു. അവരുടെ ചോദ്യത്തിന് നബി(സ) നല്‍കിയ മറുപടിയില്‍നിന്ന് നമുക്ക് മനസ്സിലാവുന്നത് ഇങ്ങനെയാണ്: സത്യനിഷേധത്തില്‍നിന്ന് അടുത്ത കാലത്തുമാത്രം ഇസ്‌ലാമിലേക്ക് വന്ന ആള്‍ അറുത്തതാണെങ്കില്‍ പോലും അത് ബിസ്മി ചൊല്ലിയായിരിക്കും അറുത്തതെന്നാണ് നാം മനസ്സിലാക്കേണ്ടത്. അതുകൊണ്ട് അത് ഭക്ഷിക്കുന്നതിന് വിരോധമില്ല. ഇനി അവരുടെ മനസ്സുകളില്‍ വല്ല ശങ്കകളും ബാക്കിയുണ്ടെങ്കില്‍ ആ മാംസം കഴിക്കുമ്പോള്‍ ബിസ്മി പുതുക്കിയാല്‍ മതിയാവും. ഇതുപോലെ പ്രകടമായി മനസ്സിലാക്കാവുന്ന കാര്യമാണ്, നഗര- ഗ്രാമങ്ങളിലെ മുസ്‌ലിം മാര്‍ക്കറ്റുകളില്‍ ലഭ്യമാവുന്ന മാംസങ്ങള്‍ ഹലാലാണോ അതില്‍ അറവിന്റെ നിബന്ധനകള്‍ ദീക്ഷിക്കപ്പെട്ടിട്ടുണ്ടോ, നവ മുസ് ലിമല്ലാത്ത ആളാണോ അറുത്തത്, അറുത്തയാള്‍ക്ക് അറവിന്റെ ശരീഅത്തു നിയമങ്ങള്‍ അറിയാമായിരുന്നോ മുതലായവയൊന്നും സൂക്ഷ്മമായി അന്വേഷിച്ചറിയുക എളുപ്പമുള്ള കാര്യമല്ലെന്നത് പ്രകടമായ വസ്തുതയാണ്. അല്ലെങ്കിലും ഇങ്ങനെയൊരു സൂക്ഷ്മ പഠനത്തിന് ഇസ്‌ലാം നമ്മെ നിര്‍ബന്ധക്കുന്നുണ്ടോ? മുകളിലെ ഹദീസില്‍നിന്ന് നാം മനസ്സിലാക്കേണ്ടത് മുസ്‌ലിമിനെ സംബന്ധിച്ചേടത്തോളം, അസാധുവാണെന്നതിന് വ്യക്തമായ തെളിവില്ലാത്തേടത്തോളം എല്ലാം സാധുവാണ്, അസാധുവല്ല എന്നത്രെ. സൂക്ഷ്മബോധ്യം വരായ്കയാല്‍ 'മനസ്സിലുണരാവുന്ന സംശയാശങ്കകള്‍ മാംസം കഴിക്കുമ്പോള്‍ ബിസ്മി ചൊല്ലിയോ പാപമോചന പ്രാര്‍ഥന നടത്തിയോ ഒഴിവാക്കാം, അല്ലാതെ മാംസം വര്‍ജിക്കേണ്ടതില്ല.
ശാഫിഈകള്‍ തങ്ങളുടെ വാദത്തിനനുകൂലമായി താബിഈ ആയ സുവൈദുബ്‌നു മൈമൂനിന്റെ വിമോചിത അടിമ സ്വല്‍ത് അസ്സദൂസിയില്‍നിന്ന് സൗറുബ്‌നു യസീദ് വഴി അബൂദാവൂദ് തന്റെ മറാസീലില്‍(നിവേദക പരമ്പരയില്‍ അവസാന കണ്ണി മുറിഞ്ഞത്) ഉദ്ധരിച്ച ഒരു ഹദീസ് തെളിവായി ഉദ്ധരിക്കുന്നുണ്ട്. അതില്‍ ഇങ്ങനെ കാണാം:

ذبيحة المسلم حلال ذكر اسم الله أولم يذكر إنّه إن ذكر لم يذكر الّا اسم الله
'മുസ്‌ലിം അറുത്തത് ഹലാലാണ്, അതില്‍ അല്ലാഹുവിന്റെ നാമം ഉച്ചരിച്ചാലും ഇല്ലെങ്കിലും, അയാള്‍ പേര് ഉച്ചരിച്ചിട്ടുെങ്കില്‍ അല്ലാഹുവിന്റെ പേരല്ലാതെ അയാള്‍ ഉച്ചരിക്കില്ല.' 'മേല്‍ഹദീസ് അറിയപ്പെടാത്ത താബിഈയില്‍നിന്ന് മുര്‍സലായി ഉദ്ധരിക്കപ്പെട്ടതാണ് എന്നതോടൊപ്പം ബിസ്മി ചൊല്ലണമെന്ന് സ്ഥാപിക്കുന്ന ഖുര്‍ആനിലെ ധാരാളം സൂക്തങ്ങളെയും നബിയിലേക്കെത്തുന്ന പരമ്പരകളോടെയുള്ള ധാരാളം ഹദീസുകളെയും അപ്രസക്തമാക്കത്തക്ക വിധം പ്രബലമല്ല. അബൂദാവൂദ് ഉദ്ധരിച്ച ഹദീസിന്റെ നിവേദന പരമ്പര സാധുവാണെന്ന് സങ്കല്‍പിച്ചാലും ഉരുവിനെ അറുക്കുമ്പോള്‍ ബിസ്മി ചൊല്ലല്‍ നിര്‍ബന്ധമല്ലെന്ന് അതിലൂടെ സ്ഥാപിതമാവുമോ? ഒരിക്കലുമില്ല. അതില്‍നിന്ന് ഏറിയാല്‍ മനസ്സിലാക്കാനാവുക ഇത്രയുമാണ്: ഒരു മുസ്‌ലിം ഒരു ഉരുവിനെ അല്ലാഹുവിന്റെ നാമം ഉച്ചരിക്കാതെ അറുത്താല്‍തന്നെ ബോധപൂർവം ഉരുവിടാതിരുന്നു, ഹൃദയംഗമമായ ഉദ്ദേശ്യമുണ്ടായിരുന്നില്ല എന്നൊന്നും നാം സങ്കല്‍പിച്ചു കൂടാത്തതാണ്. മറന്നതായിരിക്കാം എന്നേ കണക്കിലെടുക്കാവൂ. ഉച്ചരിച്ചാല്‍ തന്നെ അല്ലാഹുവിന്റെ നാമമെ ഉച്ചരിക്കുകയുള്ളൂ എന്നാണ് നാം മനസ്സിലാക്കേണ്ടത്. ഈ അടിസ്ഥാനത്തില്‍ അയാള്‍ അറുത്തത് നമുക്ക് കഴിക്കാവുന്നതാണ്. അല്ലാഹുവിന്റെ നാമം ഉച്ചരിച്ചിരിക്കുകയേ വേണ്ട എന്നു വിശ്വസിക്കുന്നവര്‍ അറുത്തവ നമുക്ക് തിന്നാം എന്ന് എങ്ങനെയാണ് ഈ ഹദീസില്‍നിന്ന് കണ്ടെത്താനാവുക? ഒരു കാര്യം നിയമവിധേയവും അഭികാമ്യവുമാണെന്നു പറയുന്ന നാം എങ്ങനെയാണ് അതിനെതിരായി പ്രവര്‍ത്തിക്കുക?

ولا تأكلوا ممالم بذكر اسم الله عليه وانه لفسق
'അല്ലാഹുവിന്റെ നാമം ഉച്ചരിക്കപ്പെടാത്തവയില്‍നിന്ന് നിങ്ങള്‍ ഭക്ഷിക്കരുത്. തീര്‍ച്ചയായും അത് അധര്‍മമാണ്.' എന്ന സൂക്തത്തെക്കുറിച്ച് ശാഫിഈകള്‍ പറയുന്നത് ഇങ്ങനെയാണ്: 'അത് അധര്‍മമാണ്' (وانه لفسق) എന്ന സൂക്തഭാഗം 'അല്ലാഹുവിന്റെ നാമം ഉച്ചരിക്കപ്പെടാത്തവയില്‍നിന്ന് നിങ്ങള്‍ ഭക്ഷിക്കരുത്' എന്ന സൂക്തഭാഗവുമായി ചേര്‍ത്തു പറഞ്ഞതല്ല.

മുകളിലെ രണ്ടു വാക്യങ്ങളില്‍ ആദ്യത്തേത് 'ആജ്ഞാ ശൈലി (جملة أنشائيّة) യിലുള്ള ولا تأكلوا എന്നും രണ്ടാമത്തേത് (جملة خبريّة) പ്രസ്താവനാ ശൈലിയിലുള്ള وإنّه لفسق എന്നുമാണ്. അതിനാല്‍ രണ്ടാമത്തേതിലെ واو അവസ്ഥയെ വിവരിക്കുന്ന واو الحالية യായി മനസ്സിലാക്കുകയാണ് വേണ്ടത്. അല്ലാഹു അല്ലാത്തവര്‍ക്കായി അറുക്കപ്പെട്ടതിനെയാണ് അധര്‍മം എന്ന് സൂറത്തുല്‍ അന്‍ആം 145-ാം സൂക്തത്തില്‍ വിശേഷിപ്പിച്ചത്. അത്തരം അധര്‍മായവ ഭക്ഷിക്കരുത് എന്നാണ് ഇവിടെ ഉദ്ദേശ്യം.

ഈ വ്യാഖ്യാനം എന്റെ വീക്ഷണത്തില്‍ വളരെ ദുര്‍ബലമാണ്. ശക്തമായ അഞ്ച് എതിര്‍ന്യായങ്ങള്‍ ഇതിന്നെതിരെ ഉന്നയിക്കാം:

1. മേല്‍സൂക്തം കേള്‍ക്കുമ്പോള്‍ മനസ്സിലേക്ക് ഓടിവരുന്നത് മേല്‍ വ്യാഖ്യാനം പറയുന്നതുപോലെയല്ല. ഈ സൂക്തം ഓതുമ്പോള്‍ ഈ വിവക്ഷയല്ല മനസ്സിലാവുന്നത്. 'അല്ലാഹുവിന്റെ നാമം ഉച്ചരിക്കപ്പെടാതെ അറുക്കപ്പെട്ടത്' കഴിക്കല്‍ അനുവദനീയമാണെന്ന് മുന്‍കൂട്ടി തീരുമാനിച്ചാല്‍ ഈ അര്‍ഥം കൃത്രിമമായി സ്ഥാപിക്കാം എന്നുമാത്രം.
2.  وإنه لفسق  എന്ന جملة إسميّة خبريّة യെ ولا تأكلوا مما لم يذكر اسم الله عليه എന്ന جملة فعلية إنشائيّة-യുമായി ചേര്‍ത്തുപറയാന്‍ പറ്റാത്തതിനാല്‍ وانّه لفسق എന്നത് جملة حاليّة (അവസ്ഥ വിവരിക്കുന്ന വാചകം) ആണെന്നാണ് ശാഫിഈകള്‍ പറയുന്നത്.

ഇവിടെ ഒരു ചോദ്യമുണ്ട്: തറപ്പിച്ചും ഉറപ്പിച്ചും പറയാന്‍ ഉപയോഗിക്കുന്ന لَام، إن എന്നിവ فسق  എന്ന പദത്തിനു മുമ്പില്‍ വരുന്നത് അലങ്കാര ശാസ്ത്ര (علم البلاغة)വുമായയി എങ്ങനെ യോജിക്കും? ശാഫിഈകള്‍ പറയുന്നതാണ് അല്ലാഹു ഉദ്ദേശിച്ചിരുന്നതെങ്കില്‍ وانّه لفسق  എന്നതിനു പകരം  وهو فسق എന്നായിരുന്നു പറയുക.
3. وإنه لفسق എന്നതിലെ واو അവസ്ഥയെ സൂചിപ്പിക്കുന്നത് (حاليّة) ആണെന്ന് നാം സമ്മതിച്ചാല്‍  جملة اسميّة خبريةയെ جملة فعلية أنشائيّةയുമായി ചേര്‍ത്തു പറഞ്ഞതില്‍നിന്ന് നാം രക്ഷപ്പെടില്ല. കാരണം അന്‍ആം: 121-ലെ وإنّه لفسق എന്നതിനുശേഷം വന്നതും ولا تأكلوا (നിങ്ങള്‍ ഭക്ഷിക്കരുത്) എന്ന വാചകത്തിന്മേല്‍ ചേര്‍ത്തു പറഞ്ഞതുമായ وإنّ الشياطين ليوحون إلى أولياءهم (തീര്‍ച്ചയായും പിശാചുക്കള്‍ അവരുടെ മിത്രങ്ങള്‍ക്ക് ദുര്‍ബോധനം നല്‍കിക്കൊണ്ടിരിക്കും) എന്ന വാചകം اسمية خبريّة ആണ്. പ്രസ്തുത വാചകത്തെ അവസ്ഥയെ വിശദീകരിക്കുന്നത് (حاليّة) എന്ന് വ്യാഖ്യാനിക്കാന്‍ കഴിയുകയില്ല. തന്നെയുല്ല, ഖുര്‍ആനില്‍ جملة فعليّة أنشائيّة യുടെ മേല്‍ جملة أسميّة خبريّة ചേര്‍ത്തു പ്രയോഗിച്ചതിനു ഉദാഹരണങ്ങളുണ്ട്.  ഉദാ: 
فَاجْلِدُوهُمْ ثَمَانِينَ جَلْدَةً وَلَا تَقْبَلُوا لَهُمْ شَهَادَةً أَبَدًاۚ وَأُولَٰئِكَ هُمُ الْفَاسِقُونَ  
(അന്നൂര്‍: 4)
وَلَا تَنكِحُوا الْمُشْرِكَاتِ حَتَّىٰ يُؤْمِنَّۚ وَلَأَمَةٌ مُّؤْمِنَةٌ خَيْرٌ مِّن مُّشْرِكَةٍ وَلَوْ أَعْجَبَتْكُمْۗ وَلَا تُنكِحُوا الْمُشْرِكِينَ حَتَّىٰ يُؤْمِنُواۚ وَلَعَبْدٌ مُّؤْمِنٌ خَيْرٌ مِّن مُّشْرِكٍ وَلَوْ أَعْجَبَكُمْۗ
(ബഖറ: 221)
4. ഇവര്‍ നല്‍കുന്ന വ്യാഖ്യാനമനുസരിച്ച് സൂക്തത്തിന്റെ അര്‍ഥം 'അല്ലാഹുവിന്റെ നാമം ഉച്ചരിക്കപ്പെടാവാത്തതും, അല്ലാഹു അല്ലാത്തവരുടെ നാമം യഥാര്‍ഥമായും ഉച്ചരിക്കപ്പെട്ടതും അധര്‍മമാണെങ്കില്‍ നിങ്ങള്‍ ഭക്ഷിക്കരുത്' എന്നായി മാറും.
ഈ അര്‍ഥം നാം ശരിവെക്കുകയാണെങ്കില്‍ ولا تأكلوا مما لم يذكر اسم الله عليه എന്നതിന്റെ യഥാര്‍ഥ ആശയം ബാക്കിയുണ്ടാവുമോ? അല്ലാഹു അല്ലാത്തവരുടെ നാമം ഉച്ചരിക്കുന്നതിന്റെ നിഷിദ്ധത വ്യക്തമാക്കുക മാത്രമാണ് സൂക്തത്തിന്റെ വിവക്ഷയെങ്കില്‍ ഈ സൂക്തത്തിലെ വാചകം ഇങ്ങനെ വേണ്ടിയിരുന്നില്ല. അതിനുപകരം لا تأكلوا مما ذكر عليه اسم غير الله (അല്ലാഹു അല്ലാത്തവരുടെ നാമം ഉച്ചരിക്കപ്പെട്ടത് നിങ്ങള്‍ ഭക്ഷിക്കരുത്) എന്നോ لا تأكلوا ممّا أهلّ به لغيرالله 'അല്ലാഹു അല്ലാത്തവരുടെ നാമം ഉച്ചരിക്കപ്പെട്ടവയില്‍നിന്ന് നിങ്ങള്‍ തിന്നരുത്' എന്നോ പറഞ്ഞാല്‍ മതിയായിരുന്നു. ശാഫിഈകളുടെ വ്യാഖ്യാനം നാം അംഗീകരിച്ചാല്‍ ഈ സൂക്തത്തില്‍ ولا تأكلوا ممّا لم يذكر اسم الله عليه (അല്ലാഹുവിന്റെ നാമം ഉച്ചരിക്കപ്പെടാത്തവയില്‍നിന്ന് നിങ്ങള്‍ ഭക്ഷിക്കരുത്) എന്നുതന്നെ വാചകം വിന്യസിച്ചതിന് എന്തുന്യായമാണ് നാം മനസ്സിലാക്കുക?
5. وانه لفسق (തീര്‍ച്ചയായും അത് അധര്‍മം തന്നെയാണ്) എന്നതിനെ അന്‍ആം അധ്യായത്തിലെ ഒരു സൂക്തം ആധാരമാക്കി വിശദീകരിക്കേണ്ട കാര്യമില്ല. പ്രസ്തുത സൂക്തത്തിലെ واو അവസ്ഥയെ സൂചിപ്പിക്കുന്നതാണെന്ന് വന്നാല്‍ തന്നെയും فسق എന്ന പദത്തെ അനുസരണത്തില്‍നിന്ന് പുറത്തു കടക്കുക, ധിക്കരിക്കുക എന്നീ സുപരിചിത അര്‍ഥത്തില്‍ വിശദീകരിക്കുന്നതിന് അത് തടസ്സമല്ല. ഈ രൂപത്തില്‍ -واو -നെ അവസ്ഥയെ സൂചിപ്പിക്കന്നതായും ഫിസ്ഖിനെ അനുസരണത്തില്‍നിന്ന് പുറത്തു കടക്കലായും മനസ്സിലാക്കിയാല്‍ അതിന്റെ അര്‍ഥം ഇങ്ങനെയായിരിക്കും: അല്ലാഹുവിന്റെ നാമം അധര്‍മമായിക്കൊണ്ട് ഉച്ചരിക്കപ്പെടാത്ത മാംസത്തില്‍നിന്ന്, അതായത് മനഃപൂർവം അല്ലാഹുവിന്റെ നാമം ഉച്ചരിക്കപ്പെടാത്ത മാംസത്തില്‍നിന്ന് നിങ്ങള്‍ തിന്നരുത്. (മനഃപൂർവം കല്‍പന ധിക്കരിക്കുമ്പോഴാണ് ഫിസ്ഖ് സംഭവിക്കുന്നത്, മറന്നുകൊണ്ട് എതിരു പ്രവര്‍ത്തിക്കുമ്പോഴല്ല) ഈ വ്യാഖ്യാനമാണ് ശരിയോട് കൂടുതല്‍ അടുത്തു നില്‍ക്കുന്നതും കനം തൂങ്ങുന്നതും ശാഫിഈകളുടെ വ്യാഖ്യാനത്തേക്കാള്‍ മുന്‍ഗണന നല്‍കാവുന്നതും. കാരണം ഒന്നാമതായി ഈ വിഷയകമായ എല്ലാ സൂക്തങ്ങളുമായും ഹദീസുകളുമായും ഒത്തു പൊരുത്തപ്പെടുന്നത് ഈ വ്യാഖ്യാനമാണ്. രണ്ടാമതായി, സൂക്തത്തിലെ ഒന്നാമത്തെ വാചകം വെറുതെയും അനിവാര്യമല്ലാത്ത അധികപ്പറ്റുമാവാതിരിക്കാന്‍ ഈ വ്യാഖ്യാനത്തിലൂടെ കഴിയുന്നു.
ഉരുക്കളെ അറുക്കുമ്പോള്‍ ബിസ്മി ചൊല്ലല്‍ നിര്‍ബന്ധമില്ല എന്നതിന് ശാഫിഈകള്‍ ഉദ്ധരിക്കുന്ന തെളിവുകളുടെ അവസ്ഥ ഇതാണ്. ബിസ്മി ചൊല്ലല്‍ നിര്‍ബന്ധമാണെന്നതിനുള്ള തെളിവുകള്‍ മുമ്പില്‍ വെക്കുമ്പോള്‍ അവര്‍ നിരത്തുന്ന തെളിവുകള്‍ ദുര്‍ബലമാണെന്ന് ചിന്തിക്കുന്ന ആളുകള്‍ക്ക് മനസ്സിലാവും.
ആയതിനാല്‍, ഉരുക്കളുടെ മാംസം അനുവദനീയമാവുന്നതിന് ഖുര്‍ആനും സ്വഹീഹായ ഹദീസുകളും മുന്നോട്ടു വെക്കുന്ന നിബന്ധനകള്‍ ഇങ്ങനെയാണ്:

1. അല്ലാഹുവും അവന്റെ ദൂതനും നിഷിദ്ധമാക്കിയതാവരുത്.
2. ശരീഅത്തു വിധിപ്രകാരം അറുത്തതായിരിക്കണം.
3. അറുക്കുമ്പോള്‍ അല്ലാഹുവിന്റെ നാമം ഉച്ചരിച്ചിരിക്കണം.
4. മേല്‍ മൂന്നു ഉപാധികളും പൂര്‍ത്തിയാവാത്തതരം മാംസങ്ങള്‍ അല്ലാഹു അനുവദിച്ച ഉത്തമ ഭക്ഷ്യങ്ങളുടെ വൃത്തത്തിന്റെ പുറത്തും അധമ ഭക്ഷ്യങ്ങളില്‍ പെടുന്നതുമാണ്. അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നവര്‍ക്ക് അത് ഭക്ഷിക്കുന്നത് അനുവദനീയമല്ല.
'അല്‍ ഇസ്‌ലാം ഫീ മുവാജഹത്തിത്തഹദ്ദിയ്യാത്തില്‍ മുആസ്വിറ' എന്ന കൃതിയില്‍നിന്ന്. 

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top