സ്ത്രീകളുടെ വിവാഹമോചനാവകാശം

അബൂ അമ്മാര്‍ വയനാട്‌‌‌
img

ന്യായമായ കാരണങ്ങള്‍ ഉണ്ടെങ്കില്‍ സ്ത്രീക്കും വിവാഹമോചനം നേടാനുള്ള അവകാശം ഇസ്‌ലാം വകവച്ചുകൊടുത്തിട്ടുണ്ട്. ഇത് രണ്ടു തരമാണ്. ഖുല്‍ഉം ഫസ്ഖും.
തന്റെ ഭര്‍ത്താവിനെ വെറുക്കുകയും അയാളോടൊപ്പം ജീവിക്കാന്‍ ഇഷ്ടപ്പെടാതിരിക്കുകയും ചെയ്യുന്ന സ്ത്രീക്ക് അയാളോട് വിവാഹമോചനത്തിന് ആവശ്യപ്പെടാവുന്നതാണ്. ഇതാണ് 'ഖുല്‍അ്'. ഭര്‍ത്താവില്‍നിന്ന് ലഭിച്ച വിവാഹമൂല്യം തിരിച്ചുകൊടുക്കണമെന്നതാണ് 'ഖുല്‍ഇ'ന്റെ നിബന്ധന. വിവാഹം വഴി ഭാര്യക്ക് ലഭിച്ച സമ്പത്ത് തിരിച്ചുകൊടുക്കണമെന്നര്‍ഥം. ഇക്കാര്യം വിവരിക്കുന്ന ഖുര്‍ആന്‍ സൂക്തം കാണുക: ''അങ്ങനെ അവര്‍ക്ക് (ദമ്പതികള്‍ക്ക്) അല്ലാഹുവിന്റെ നിയമപരിധികള്‍ പാലിക്കാന്‍ കഴിയില്ലെന്ന് നിങ്ങള്‍ക്ക് ഉത്കണ്ഠ തോന്നുകയാണെങ്കില്‍ അവള്‍ വല്ലതും വിട്ടുകൊടുത്ത് സ്വയം മോചനം നേടുന്നതിന് അവര്‍ ഇരുവര്‍ക്കും കുറ്റമില്ല'' (ബഖറ: 229).
'ഖുല്‍ഇ'നുള്ള നിബന്ധനകള്‍ താഴെ പറയുന്നവയാണ്.

ഒന്ന്: ത്വലാഖിനെപ്പോലെതന്നെ അനിവാര്യമായ സാഹചര്യങ്ങളില്ലാതെ ഖുല്‍അ് ചെയ്യാന്‍ പാടില്ല.
 നബി (സ) പറഞ്ഞു:
أيما امرأة سألت زوجها طلاقاً من غير بأس فحرام عليها رائحة الجنة 
''പ്രയാസമുണ്ടാവുമ്പോഴല്ലാതെ ഭര്‍ത്താവില്‍നിന്ന് വിവാഹമോചനം ആവശ്യപ്പെടുന്ന സ്ത്രീക്ക് സ്വര്‍ഗത്തിന്റെ സുഗന്ധം പോലും നിഷിദ്ധമാണ്'' (അബൂദാവൂദ്, തിര്‍മുദി).
രണ്ട്: സ്ത്രീ ഖുല്‍അ് ആവശ്യപ്പെട്ടാല്‍ അവളെ മോചിപ്പിക്കേണ്ടത് പുരുഷന്റെ ബാധ്യതയാണ്.

മൂന്ന്: താന്‍ നല്‍കിയ വിവാഹമൂല്യം പൂര്‍ണമായോ ഭാഗികമായോ ആവശ്യപ്പെടാന്‍ പുരുഷന് അവകാശമുണ്ട്. വിവാഹമൂല്യത്തില്‍ കവിഞ്ഞ യാതൊന്നും ആവശ്യപ്പെടാവതല്ല.

നാല്: താന്‍ ആവശ്യപ്പെട്ട തുക നല്‍കുന്നതോടുകൂടി ഖുല്‍അ് സാധുവായിത്തീരുന്നു. 
അഥവാ ആ സ്ത്രീ പുരുഷന്റെ ഭാര്യയല്ലാതായിമാറുന്നു. ഇത്തരം വിവാഹമോചനങ്ങള്‍ നബി(സ)യുടെ കാലത്തു നടന്നതായി കാണാം. 

താന്‍ ഇഷ്ടപ്പെടാത്ത ഭാര്യയെക്കൊണ്ട് ഖുല്‍അ് ചെയ്യിക്കുന്നതിനുവേണ്ടി അവളെ പ്രയാസപ്പെടുത്തുന്ന സമ്പ്രദായം നിലവിലുണ്ടായിരുന്നു. താന്‍ നല്‍കിയ വിവാഹമൂല്യം തിരിച്ചുവാങ്ങുന്നതിനുവേണ്ടിയായിരുന്നു അത്. ഖുര്‍ആന്‍ ഈ സമ്പ്രദായത്തെ ശക്തിയായി വിലക്കുന്നുണ്ട്. وَلَا تَعْضُلُوهُنَّ لِتَذْهَبُوا بِبَعْضِ مَا آتَيْتُمُوهُنَّ (നിങ്ങള്‍ കൊടുത്തിട്ടുള്ളതില്‍ ഒരു ഭാഗം തട്ടിയെടുക്കാനായി നിങ്ങള്‍ അവരെ മുടക്കിയിടുകയും ചെയ്യരുത് - അന്നിസാഅ്: 19).
الطَّلَاقُ مَرَّتَانِ فَإِمْسَاكٌ بِمَعْرُوفٍ أَوْ تَسْرِيحٌ بِإِحْسَانٍ وَلَا يَحِلُّ لَكُمْ أَنْ تَأْخُذُوا مِمَّا آتَيْتُمُوهُنَّ شَيْئًا إِلَّا أَنْ يَخَافَا أَلَّا يُقِيمَا حُدُودَ اللَّهِفَإِنْ خِفْتُمْ أَلَّا يُقِيمَا حُدُودَ اللَّهِ فَلَا جُنَاحَ عَلَيْهِمَا فِيمَا افْتَدَتْ بِهِ تِلْكَ حُدُودُ اللَّهِ فَلَا تَعْتَدُوهَا وَمَنْ يَتَعَدَّ حُدُودَ اللَّهِ فَأُولَئِكَ هُمُ الظَّالِمُونَ - الْبَقَرَةُ: 229.
(വിവാഹമോചനം രണ്ടുതവണയാകുന്നു. പിന്നെ ന്യായമായ നിലയില്‍ കൂടെ നിര്‍ത്തുകയോ നല്ലനിലയില്‍ ഒഴിവാക്കുകയോ വേണം. നേരത്തെ നിങ്ങള്‍ ഭാര്യമാര്‍ക്ക് നല്‍കിയിരുന്നതില്‍നിന്ന് യാതൊന്നും തിരിച്ചുവാങ്ങാന്‍ പാടില്ല; ഇരുവരും അല്ലാഹുവിന്റെ നിയമപരിധികള്‍ പാലിക്കാന്‍ കഴിയില്ലെന്ന്

ആശങ്കിക്കുന്നുവെങ്കിലല്ലാതെ. അവരിരുവരും അല്ലാഹുവിന്റെ നിയമപരിധികള്‍ പാലിക്കുകയില്ലെന്ന് നിങ്ങള്‍ പേടിക്കുന്നുവെങ്കില്‍ സ്ത്രീ തന്റെ ഭര്‍ത്താവിന് വല്ലതും നല്‍കി വിവാഹമോചനം നേടുന്നതില്‍ ഇരുവര്‍ക്കും കുറ്റമില്ല. അല്ലാഹുവിന്റെ നിയമപരിധികളാണിവ. നിങ്ങളവ ലംഘിക്കരുത്. ദൈവിക നിയമങ്ങള്‍ ലംഘിക്കുന്നവര്‍ തന്നെയാണ് അക്രമികള്‍ - അല്‍ബഖറ: 229).

ഇതിന്റെ  വിശദീകരണത്തില്‍ മൗലാനാ മൗദൂദി എഴുതുന്നു:

'ശരീഅത്തിന്റെ സാങ്കേതികഭാഷയില്‍ ഇതിന് ഖുല്‍അ് എന്നു പറയുന്നു. അതായത്, ഒരു സ്ത്രീ അവളുടെ ഭര്‍ത്താവിന് വല്ല പ്രതിഫലവും കൊടുത്ത് വിവാഹമോചനം നേടുക. ഈ വിഷയത്തില്‍ സ്ത്രീയും പുരുഷനും സ്വന്തമായിത്തന്നെ വീട്ടില്‍വെച്ചു വല്ലതും തീരുമാനിക്കുന്നപക്ഷം ആ തീരുമാനിച്ചതുതന്നെ നടപ്പില്‍ വരുന്നതായിരിക്കും. എന്നാല്‍, പ്രശ്‌നം കോടതിയിലെത്തിയാല്‍, സ്ത്രീക്ക് ഭര്‍ത്താവുമായി ഇണങ്ങി ജീവിക്കുക അസാധ്യമാകത്തക്കവിധം അവള്‍ അവനെ വെറുത്തുകഴിഞ്ഞിട്ടുണ്ടോ എന്നുമാത്രം കോടതി പരിശോധിക്കുന്നതാണ്. അനന്തരം സ്ഥിതിഗതികള്‍ പരിശോധിച്ചു ന്യായമെന്നു തോന്നുന്ന പ്രതിഫലം നിശ്ചയിക്കാന്‍ കോടതിക്കധികാരമുണ്ട്. കോടതി നിശ്ചയിക്കുന്ന പ്രതിഫലം സ്വീകരിച്ചുകൊണ്ട് ഭാര്യയെ വിവാഹബന്ധത്തില്‍നിന്ന് വേര്‍പെടുത്താന്‍ ഭര്‍ത്താവ് നിര്‍ബന്ധിതനുമാണ്. ഭാര്യക്ക് ഭര്‍ത്താവ് കൊടുത്ത ധനം മടക്കുന്നതില്‍ കവിഞ്ഞ ഒരു പ്രതിഫലം സ്ത്രീയെക്കൊണ്ട് കൊടുപ്പിക്കുന്നത് ഫുഖഹാഅ് പൊതുവെ ഇഷ്ടപ്പെടുന്നില്ല. 

ഖുല്‍അ് രൂപത്തിലുണ്ടാകുന്ന വിവാഹമോചനത്തില്‍ 'ഇദ്ദ'യുടെ കാലത്ത് സ്ത്രീയെ മടക്കിയെടുക്കാന്‍ ഭര്‍ത്താവിനവകാശമുണ്ടായിരിക്കുന്നതല്ല. കാരണം, സ്ത്രീ വിവാഹമോചനത്തെ ഭര്‍ത്താവില്‍നിന്ന് വിലയ്ക്ക് വാങ്ങിയതുപോലുള്ള ഒരിടപാടാണ് ഖുല്‍അ്.' (തഫ്ഹീമുല്‍ ഖുര്‍ആന്‍).

ഖുല്‍ഇന് ഭര്‍ത്താവ് വിസമ്മതിച്ചാല്‍?

ന്യായമായ കാരണങ്ങളുണ്ടായിട്ടും ഖുല്‍ഇന് ഭര്‍ത്താവ് വിസമ്മതിക്കുന്നപക്ഷം മഹല്ലിന്റെ ഉത്തരവാദപ്പെട്ട ഒരു കമ്മിറ്റി പ്രശ്‌നത്തില്‍ ഇടപെടുകയും ഇരുകക്ഷികളും തമ്മില്‍ അനുരഞ്ജനം ഉണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. (അനുരഞ്ജനശ്രമം നടന്നതിന് ശേഷമേ ഖുല്‍അ് പാടുള്ളൂ എന്ന് കോടതി വിധിയില്‍ പറയുന്നുണ്ട്) ഭാര്യ ഖുല്‍ഇല്‍ ഉറച്ചുനില്‍ക്കുകയും ഭര്‍ത്താവ് വിവാഹവിമോചനത്തിന് വിസമ്മതിക്കുകയും ചെയ്യുകയാണെങ്കില്‍ വിവാഹം ദുര്‍ബലപ്പെട്ടതായി കമ്മിറ്റി പ്രഖ്യാപിക്കുകയും സ്ത്രീക്ക് ഖുല്‍അ് വാങ്ങിച്ചു കൊടുക്കുകയും ചെയ്യുന്നു. പുതിയ വിധിയുടെ ആനുകൂല്യങ്ങള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് ഭാര്യ ഖുല്‍ഇന്റെ നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നു. ഭാര്യക്ക് കോടതിക്ക് പുറത്ത് ഖുല്‍അ് നേടാന്‍ പുതിയവിധി അധികാരം നല്‍കുന്നതുകൊണ്ട് ഭര്‍ത്താവിന് കോടതിയെ സമീപിക്കാന്‍ കഴിയില്ല. ഇത്തരം സാധ്യതകള്‍ വിധി തുറന്നിടുന്നില്ലെ?

ശൈഖ് ഖറദാവി പറയുന്നത് കാണുക:
وَإِذَا لَمْ يَكُنْ هُنَاكَ قَاضٍ يُجْبِرُ الزَّوْجَ الْمُتَعَسِّفَ فِي اسْتِعْمَالِ حَقِّهِ، فِي هَذِهِ الْقَضِيَّةِ ...فَالْوَاجِبُ أَنْ يَعْقِدَ مَجْلِسٌ -أَوْ لَجْنَةٌ- مِنْ أَهْلِ الْعِلْمِ وَالدِّينِ الَّذِينَ يُوثَقُ بِفِقْهِهِمْ وَدِينِهِمْ وَيُفَصِّلُوا فِي هَذَا الْأَمْرِ، بِحَلِّ عُقْدَةِ الزَّوَاج، وَخَلَعِ الْمَرْأَةِ مِنْ هَذَا الزَّوْجِ الْمُضَارِّ، وَإِعْطَائِه مَا دَفَعَ زَائِدًا مَا تَبَرَّعَ بِهِ الْوَلِيُّ طَيِّبَ النَّفْسِ، وَيَكُونُ حُكْمُهُمْ هَذَا بِمَثَابَةِ حُكْمِ الْمَحْكَمَةِ الرَّسْمِيَّةِ
'തന്റെ അവകാശം ഉപയോഗിക്കുന്നതില്‍ വൈമനസ്യവും വാശിയും കാണിക്കുന്ന പുരുഷനെ നിര്‍ബന്ധിക്കാന്‍ കഴിയുന്ന ന്യായാധിപന്‍ ഇല്ലെങ്കില്‍... അറിവും മതബോധവുമുള്ള വിശ്വസ്തരായ ആളുകളുള്‍ക്കൊള്ളുന്ന കമ്മിറ്റി രൂപീകരിക്കുകയും, വിവാഹം ദുര്‍ബലപ്പെടുത്തിയതായി തീരുമാനിക്കുകയും, ഉപദ്രവകാരിയായ ഭര്‍ത്താവില്‍നിന്ന് സ്ത്രീയെ ഖുല്‍അ് മുഖേന മോചിപ്പിക്കുകയുമാണ് വേണ്ടത്. അയാള്‍ക്ക് സ്ത്രീയുടെ രക്ഷാധികാരി തൃപ്തിപ്പെട്ട് അധികം നല്‍കിയ സംഖ്യ നല്‍കുകയും ചെയ്യാം. ഈ കമ്മിറ്റിയുടെ തീരുമാനം ഔദ്യോഗിക കോടതിയുടെ തീര്‍പ്പുപോലെ പരിഗണിക്കുകയും ചെയ്യാം.'

ന്യായമായ കാരണങ്ങളാല്‍ ഭാര്യ ഖുല്‍അ് ആവശ്യപ്പെട്ടാല്‍ അത് നല്‍കാന്‍ നിയമപരമായിത്തന്നെ ഭര്‍ത്താവ് ബാധ്യസ്ഥനാണ്. ഖുല്‍അ് ചെയ്യാന്‍ ഭര്‍ത്താവ് കൂട്ടാക്കാതിരിക്കാന്‍ പാടില്ല. അതിന് ഭര്‍ത്താവിന് അന്തിമമായ അധികാരം ഇല്ല.
അത്തരം സന്ദര്‍ഭങ്ങളില്‍ കോടതിക്കോ ഖാദിക്കോ ഭര്‍ത്താവിന്റെ സമ്മതമില്ലാതെ തന്നെ വിവാഹബന്ധം വേര്‍പെടുത്താന്‍ അധികാരമുണ്ട്. ഇവിടെ ഭാര്യയുടെ ആവശ്യം ന്യായമാണോ, അന്യായമാണോ എന്ന് പരിശോധിച്ച് ന്യായമാണ് എന്ന് കോടതിക്കോ ഖാദിക്കോ ബോധ്യപ്പെടണം. എങ്കില്‍ മാത്രമേ ബന്ധം വേര്‍പ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കുകയുള്ളൂ.

മൗദൂദി സാഹിബ് പറയുന്നു:
സ്ത്രീയും പുരുഷനും സ്വന്തമായിത്തന്നെ വീട്ടില്‍വെച്ചുവല്ലതും തീരുമാനിക്കുന്നപക്ഷം ആ തീരുമാനിച്ചതുതന്നെ നടപ്പില്‍ വരുന്നതായിരിക്കും. എന്നാല്‍, പ്രശ്‌നം കോടതിയിലെത്തിയാല്‍, സ്ത്രീക്ക് ഭര്‍ത്താവുമായി ഇണങ്ങി ജീവിക്കുക അസാധ്യമാകത്തക്കവിധം അവള്‍ അവനെ വെറുത്തുകഴിഞ്ഞിട്ടുണ്ടോ എന്നുമാത്രം കോടതി പരിശോധിക്കുന്നതാണ്. അനന്തരം സ്ഥിതിഗതികള്‍ പരിശോധിച്ചു ന്യായമെന്നുതോന്നുന്ന പ്രതിഫലം നിശ്ചയിക്കാന്‍ കോടതിക്കധികാരമുണ്ട്. കോടതി നിശ്ചയിക്കുന്ന പ്രതിഫലം സ്വീകരിച്ചുകൊണ്ട് ഭാര്യയെ വിവാഹബന്ധത്തില്‍നിന്ന് വേര്‍പെടുത്താന്‍ ഭര്‍ത്താവ് നിര്‍ബന്ധിതനുമാണ്. (തഫ്ഹീമുല്‍ ഖുര്‍ആന്‍).
ഖാദിക്കധികാരമുണ്ടെന്ന് മുന്‍ഗാമികളായ ഇമാമുകളും പറഞ്ഞിട്ടുണ്ട്.
ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയ്യ പറയുന്നു:
أُكْرِهَ عَلَى الْفُرْقَةِ بِحَقِّ: مِثْلَ أَنْ يَكُونَ مُقَصِّرًا فِي وَاجِبَاتِهَا أَوْ مُضِرًّا لَهَا بِغَيْرِ حَقٍّ مِنْ قَوْلٍ أَوْ فِعْلٍ كَانَتْ الْفُرْقَةُ صَحِيحَةً
'ഭാര്യയോടുള്ള ബാധ്യതകള്‍ നിർവഹിക്കുന്നതില്‍ വീഴ്ച വരുത്തുകയോ വാക്കാലോ പ്രവൃത്തിയാലോ അവളെ പീഡിപ്പിക്കുകയോ ചെയ്യുന്ന സാഹചര്യത്തില്‍ ബന്ധം ഒഴിവാക്കിക്കൊടുക്കാന്‍ ഭര്‍ത്താവിനെ നിര്‍ബന്ധിക്കണം. അതുവഴിയുള്ള വേര്‍പാട് സാധുവായിരിക്കും.' (മജ്മൂഉല്‍ ഫതാവാ 32/283)
ശൈഖ് ഇബ്‌നുബാസ് പറയുന്നു:
وَإِنْ أَبَى الزَّوْجُ الطَّلَاقَ أَوْ رَضِيَ بِالطَّلَاق بِشَرْطِ الْعِوَضِ وَأَبَتِ الْمَرْأَةُ تَسْلِيمَ الْعِوَض أَخَّرَهُمَا الْقَاضِي مُدَّةً عَلَى حَسَبِ مَا يَقْتَضِيهِ اجْتِهَادُهُ، فَلَعَلَّهُمَا أَنْ يَصْطَلِحَا ،أَوْ يَسْمَحَ الزَّوْجَ بِالطَّلَاقِ أَوْ تَسَمَحَ الْمَرْأَةَ بِبَذْل الْعِوَضِ، فَإِنْ لَمْ يَنْفَعْ ذَلِكَ، وَلَمْ تَحْصُلْ الْفُرْقَة وَتَرَادَّا إلَى الْحَاكِمِ فِي ذَلِكَ، جَازَ لِلْقَاضِي أَنْ يُجْبِرَ الزَّوْجَ عَلَى الْفِرَاقِ بِلَا عِوَضٍ، إنْ ظَهَرَ لَهُ ظُلْمَةٌ، وَإِنْ اشْتَبَهَ الْأَمْرُ أَجْبَرَ الْمَرْأَةَ عَلَى تَسْلِيمِ الْعِوَضِ الَّذِي دَفَعَ إلَيْهَا الزَّوْجُ...وَالدَّلِيلُ فِي هَذَا قِصَّةٌ ثَابِتِ بْنِ قَيْسٍ مَعَ زَوْجَتِهِ وَقَوْلُ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ « اقْبَلِ الْحَدِيقَةَ وَطَلِّقْهَا تَطْلِيقَةً ».-رَوَاهُ الْبُخَارِيُّ. قَالَ الْعَلَّامَةُ ابْنُ مُفْلِحٍ فِي الْفُرُوعِ: وَقَدْ اخْتَلَفَ كَلَامُ شَيْخِنَا فِي وُجُوبِهِ، وَقَدْ أَلْزَمَ بِهِ بَعْضُ حُكَّامِ الشَّامِ الْمَقَادِسَةِ الْفُضَلَاءُ، انْتَهَى. وَيَعْنِي بِشَيْخِهِ شَيْخُ الْإِسْلَامِ ابْنُ تَيْمِيَّةَ، وَمُرَادُهُ أَنَّ شَيْخَ الْإِسْلَامِ أَوْجَبَهُ مَرَّةً وَلَمْ يُوجِبْهُ أُخْرَى.
وَالْقَوْل بِوُجُوبِهِ عَلَى الزَّوْجِ هُوَ الْأَقْرَبُ عِنْدِي كَمَا تَقَدَّمَ، وَهُوَ أَحْوَطُ مِنْ كَوْنِ الْقَاضِي يَتَوَلَّى ذَلِكَ، وَأَحْسَمُ لِمَادَّة نِزَاع الزَّوْجِ، وَقِصَّةُ ثَابِتٍ مَعَ زَوْجَتِهِ حُجَّةٌ ظَاهِرَةٌ فِي هَذَا، وَلِلَّهِ الْحَمْدُ، وَاَللَّهُ أَعْلَمُ. انْتَهَى مِنْ فَتَاوَى الشَّيْخِ ابْنِ بازٍ: 21/256). 
ശൈഖ് ഇബ്‌നു ബാസ് പറയുന്നു:
ഭര്‍ത്താവ് ത്വലാഖ് ചെയ്യാന്‍ വിസമ്മതിക്കുകയോ, അതല്ലെങ്കില്‍ പകരം നഷ്ടപരിഹാരം ഉപാധിയാക്കിക്കൊണ്ട് ത്വലാഖ് ചൊല്ലാമെന്ന് അംഗീകരിക്കുകയും ഭാര്യ അത് നല്‍കാന്‍ വിസമ്മതിക്കുകയും ചെയ്താല്‍ ജഡ്ജിക്ക് തന്റെ ഇജ്തിഹാദനുസരിച്ച് ആവശ്യമെന്ന് തോന്നുന്ന കാലയളവ് ഇരുവരെയും വിധി പറയാതെ വൈകിപ്പിക്കാവുന്നതാണ്. ഒരു പക്ഷെ അവര്‍ രഞ്ജിപ്പിലായേക്കാം, അല്ലെങ്കില്‍ ഭര്‍ത്താവ് ത്വലാഖിന് സന്നദ്ധനായേക്കാം, അതുമല്ലെങ്കില്‍ ഭാര്യ നഷ്ടപരിഹാരം നല്‍കാന്‍ തയാറായേക്കാം. ഇനി ഇതൊന്നും സംഭവിക്കാതിരിക്കുകയും ബന്ധവിഛേദനം നടക്കാതിരിക്കുകയും വിഷയത്തില്‍ ഇടപെടാനായി വിധികര്‍ത്താവിനെ സമീപിക്കുകയും ചെയ്താല്‍ പകരം ഒന്നും വാങ്ങാതെ തന്നെ വിവാഹ ബന്ധം വിഛേദിക്കാന്‍ ജഡ്ജിക്ക് ഭര്‍ത്താവിനെ നിര്‍ബന്ധിക്കാവുന്നതാണ്. ഇനി ഭര്‍ത്താവ് അനീതിക്കിരയായി എന്നോ, അതു പോലെ അക്കാര്യത്തില്‍ സംശയമുണ്ടാവുകയോ ചെയ്താല്‍ ഭര്‍ത്താവ് നല്‍കിയ മഹ്‌റ് തിരിച്ചു നല്‍കാന്‍ ഭാര്യയെ ജഡ്ജി നിര്‍ബന്ധിക്കേണ്ടതാണ്. സാബിതു ബ്‌നു ഖൈസും ഭാര്യയും തമ്മിലുണ്ടായ പ്രശ്‌നവും, 'തോട്ടം തിരിച്ചു വാങ്ങി നീ അവളെ ത്വലാഖ് ചെയ്യുക' എന്ന നബി (സ) സാബിതിനോട് ആവശ്യപ്പെട്ടതുമായ സംഭവമാണ് ഇതിനുള്ള തെളിവ് -(ഫതാവാ നൂറുന്‍ അലദ്ദര്‍ബ്).

മുസ്‌ലിം രാജ്യങ്ങളിലെ പേഴ്‌സനല്‍ ലോയിലും ഇത് പറഞ്ഞിട്ടുണ്ട്:
فَقَدْ نَصَّ ذَلِك القَانُون عَلَى مَا يَلِي:
مَادَّةٌ: (6):  
إذَا ادَّعتِ الزَّوْجَةُ إضْرَارَ الزَّوْجِ بِهَا بِمَا لَا يُسْتَطَاعُ مَعَهُ دَوَامَ الْعِشْرَة ِبَيْن أَمْثَالِهمَا، يَجُوزُ لَهَا أَنْ تَطْلُبَ مِنْ الْقَاضِي التَّفْرِيقَ، وَحِينَئِذٍ يُطَلِّقُهَا الْقَاضِي طَلْقَةً بَائِنَةً، إذَا ثَبَتَ الضَّرَرُ وَعَجَزَ عَنْ الْإِصْلَاح بَيْنَهُمَا. فَإِذَا رُفِضَ الطَّلَبُ وَتَكَرَّرَتْ الشَّكْوَى وَلَم يَثْبُتِ الضَّرَرُ، بعَثَ الْقَاضِي حَكَمَيْنِ، وَقَضَى عَلَى الْوَجْهِ الْمُبَيَّنِ بِالْمَوَادّ: (7، 8، 9، 10، 11).
'തങ്ങളെപ്പോലുള്ള ദമ്പതികള്‍ക്കിടയില്‍ സഹവാസം അസാധ്യമാകുമാറ് ഭര്‍ത്താവിന്റെ ഭാഗത്തുനിന്ന് പീഢനമുണ്ടെന്ന് ഭാര്യ പരാതിപ്പെടുകയാണെങ്കില്‍ തങ്ങളെ വേര്‍പിരിച്ചു തരണമെന്ന് ഭാര്യക്ക് ഖാദിയോട് ആവശ്യപ്പെടാവുന്നതാണ്. അത്തരം സാഹചര്യത്തില്‍ ഖാദി അവളെ പൂര്‍ണമായും വിവാഹമോചനം ചെയ്ത് വേര്‍പ്പെടുത്തേണ്ടതാണ്. (പീഡനം ഉറപ്പാവുകയും അനുരഞ്ജനം അസാധ്യമാണെന്നു ബോധ്യമാവുകയും ചെയ്താല്‍) ആവശ്യം നിരസിക്കപ്പെടുകയോ പരാതി ആവര്‍ത്തിക്കപ്പെടുകയോ പീഡനം ഉറപ്പുവരുത്താന്‍ കഴിയാതിരിക്കുകയോ ചെയ്താല്‍ ഖാദി രണ്ട് മധ്യസ്ഥരെ നിയോഗിക്കണം. 7,8,9,10,11 ഖണ്ഡികകളില്‍ പറയുന്നതുപോലെ തീരുമാനമെടുക്കണം.
ഈജിപ്ത്, സിറിയ തുടങ്ങിയ രാജ്യങ്ങളിലെ നിയമത്തിലും ഇത് കാണാം.
സിറിയന്‍ പേഴ്‌സനല്‍ ലോയിലെ ഒരു അനുഛേദം കാണുക:
القَانُونُ السُّورِيُّ:
إذَا ادَّعَى أَحَدُ الزَّوْجَيْنِ إضْرَارُ الْآخَرِ بِهِ، جَازَ لَهُ طَلَبُ التَّفْرِيقِ مِنَ الْقَاضِي (1/112)، وَإِذَا ثَبَتَ الْإِضْرَارُ، وَعَجَزَ الْقَاضِي عَنِ الْإِصْلَاحِ فَرَّقَ بَيْنَهُمَا، وَذَلِك بِطَلْقَةٍ بَائِنَةٍ. (م 2/112).
'ഇണകളിലൊരാള്‍ മറ്റെയാള്‍ തന്നെ പീഡിപ്പിക്കുന്നു എന്ന് വാദിച്ചാല്‍ ബന്ധം വേര്‍പ്പെടുത്തിത്തരാന്‍ ഖാദിയോട് ആവശ്യപ്പെടാവുന്നതാണ്. (1/112) പീഡനം ശരിയാണെന്ന് ബോധ്യപ്പെടുകയും ഇരുവര്‍ക്കുമിടയില്‍ അനുരഞ്ജനം ജഡ്ജിക്ക് അസാധ്യമാവുകയും ചെയ്യുന്ന പക്ഷം വിവാഹമോചനത്തിലൂടെ രണ്ടുപേരെയും വേര്‍പ്പെടുത്തണം.'

ഖുല്‍അ് ചര്‍ച്ചയുടെ മര്‍മ്മം

ഇസ്‌ലാമില്‍ ത്വലാഖ് സംഭവിക്കുന്നത് മൂന്ന് രീതിയിലാണ്. ഒന്നുകില്‍ ഭര്‍ത്താവ് അവളെ ത്വലാഖ് ചൊല്ലി ഒഴിവാക്കണം. അല്ലെങ്കില്‍ അവളുടെ ആവശ്യം പരിഗണിച്ച് അവന്‍ അവളെ ഖുല്‍അ് ചെയ്യണം. അതല്ലെങ്കില്‍ മധ്യസ്ഥരോ ഖാദിയോ കോടതിയോ ഇടപെട്ട് ബന്ധം വേര്‍പെടുത്തണം. ഈ മൂന്നുവഴികളല്ലാതെ ഒരു ഭാര്യക്ക് ഭര്‍ത്താവുമായുള്ള വിവാഹബന്ധം വേര്‍പെടുത്താന്‍ ഇസ്‌ലാമില്‍ വകുപ്പില്ല. 

ഖുല്‍അ് ഹൈകോടതിവിധി

ഖുല്‍അ്: മുസ്‌ലിം വനിതകള്‍ക്ക് നീതിയുടെ വീണ്ടെടുപ്പായി ഹൈകോടതി വിധി
കോഴിക്കോട്: മുസ്‌ലിം വനിതകള്‍ക്ക് കോടതികയറാതെ മതനിയമം (ശരീഅത്ത്) അനുസരിച്ച് വിവാഹമോചനം നേടാന്‍ അവസരം നല്‍കി കേരള ഹൈകോടതിയുടെ ഖുല്‍അ് വിധി. കുടുംബജീവിതം ഒന്നിച്ചു കൊണ്ടുപോകാന്‍ ഒരുനിലക്കും സാധ്യമല്ലെന്നുവന്നാല്‍ സ്ത്രീകള്‍ക്ക് സ്വയം വിവാഹമുക്തി പ്രഖ്യാപിച്ചു പിരിയാന്‍ ഇസ്‌ലാമിക നിയമം നല്‍കുന്ന അവകാശമാണ് ഖുല്‍അ് (ബന്ധവിഛേദനം).
ദാമ്പത്യ ജീവിതം തീര്‍ത്തും അസാധ്യമായിട്ടും വിവാഹമോചനം നല്‍കാതെ സ്ത്രീകളെ കഷ്ടപ്പെടുത്തുന്നതിന് അറുതിവരുത്തുന്ന സംവിധാനത്തിന് നിയമസാധുത നല്‍കുകയാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സി.എസ് ഡയസ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ സുപ്രധാനവിധി. ഇനി മുതല്‍ മുസ്‌ലിം വനിതകള്‍ക്ക് അനിവാര്യ ഘട്ടങ്ങളില്‍ വിവാഹമോചനം തേടാം.

സംഭാഷണങ്ങളിലൂടെ അനുരഞ്ജനത്തിനുള്ള സാധ്യത അടഞ്ഞു എന്നുറപ്പാക്കുകയും വിവാഹമൂല്യം (മഹ്ര്‍) സ്ത്രീ തിരിച്ചുനല്‍കുകയോ അതിനു വാക്കുകൊടുക്കുകയോ ചെയ്തും വേണം ഖുല്‍ഇലൂടെ വിവാഹമോചനം നേടാന്‍. കുടുംബകോടതിയില്‍ രേഖാമൂലം അറിയിച്ച് ഖുല്‍ഇന് അംഗീകാരം നേടാമെന്നും വിധിന്യായത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. 
വിവാഹമോചനം തേടി ഹൈകോടതിയില്‍ സമര്‍പ്പിച്ച വിവിധ അപ്പീല്‍ ഹരജികളില്‍ ഒന്നിച്ച് വാദം കേട്ടാണ് ഹൈകോടതിവിധി. കോടതി മുഖേനയല്ലാതെ സ്ത്രീക്ക് വിവാഹമോചനം നേടാന്‍ അധികാരമില്ലെന്ന് 1972-ല്‍ കെ.സി മോയിന്‍/നഫീസ കേസില്‍ സിംഗിള്‍ ബെഞ്ച് നടത്തിയ വിധി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. അരനൂറ്റാണ്ടായി നഷ്ടപ്പെട്ട അവകാശമാണ് വിധിയിലൂടെ മുസ്‌ലിം വനിതകള്‍ക്ക് പുനഃസ്ഥാപിച്ചു കിട്ടിയത്.
ശരീഅത്ത് നിയമങ്ങളുടെ അടിസ്ഥാനമായ ഖുര്‍ആന്റെയും പ്രവാചകചര്യ(സുന്നത്ത്)യുടെയും വെളിച്ചത്തിലാണ് കോടതിവിധി പ്രസ്താവിച്ചത്. ഖുര്‍ആന്‍ രണ്ടാം അധ്യായത്തിലെ 228, 229, നാലാം അധ്യായത്തിലെ 1, 20, 21, 58, 128 സൂക്തങ്ങളും അഞ്ചാം അധ്യായത്തിലെ എട്ടാം സൂക്തവും പ്രബല ഹദീസ് ഗ്രന്ഥമായ സ്വഹീഹ്അല്‍ബുഖാരിയും വിധിയില്‍ തെളിവായി സ്വീകരിച്ചു. രാജ്യത്തെ പ്രമുഖ നിയമജ്ഞന്‍ ഡോ. താഹിര്‍ മഹ്മൂദിന്റെ പ്രശസ്ത കൃതിയായ 'മുസ്‌ലിം ലോ ഇന്‍ ഇന്ത്യ ആന്റ് അബ്രോഡ്', ഇസ്‌ലാമിക പണ്ഡിതനും ചിന്തകനുമായ സയ്യിദ് അബുല്‍ അഅ്‌ല മൗദൂദിയുടെ 'ഹുഖൂഖുസ്സൗജൈന്‍' (ഇണതുണ അവകാശങ്ങള്‍) എന്നീ കൃതികളും കോടതി പരാമര്‍ശിച്ചിട്ടുണ്ട്.

വിധിന്യായത്തിലെ 75-ാം ഖണ്ഡികയില്‍ ഖുല്‍ഇന്റെ നടപടിക്രമം കോടതി വിശദീകരിച്ചു. ഖുല്‍അ് പ്രഖ്യാപനത്തിനു മുമ്പ് അനുരഞ്ജനശ്രമം നടത്തണം. അതുപരാജയപ്പെട്ടാല്‍ ഖുല്‍അ് ആവാം. വിവാഹബന്ധം ഒഴിയുന്നു (അവസാനിപ്പിക്കുന്നു) എന്ന സ്ത്രീയുടെ പ്രസ്താവനയാണ് ഇതിന്റെ മര്‍മം. ഒപ്പം ഭര്‍ത്താവില്‍നിന്ന് കൈപ്പറ്റിയ മഹ്‌റും (വിവാഹമൂല്യം) മറ്റു സമ്മാനങ്ങളും തിരിച്ചുനല്‍കുമെന്ന് ഉറപ്പുനല്‍കണം. മതപരമായ കാര്യങ്ങളില്‍ കോടതിക്ക് കൃത്യത നല്‍കുന്നതിന് അഭിഭാഷകനും വ്യക്തിനിയമ പണ്ഡിതനുമായ അഡ്വ. മായിന്‍കുട്ടി മേത്തര്‍ അമിക്കസ് ക്യൂറിയായി കേസില്‍ കോടതിയെ സഹായിച്ചു.

'മുസ്‌ലിം വനിതകള്‍ക്ക് ആത്മവീര്യം പകരുന്ന വിധി -അമിക്കസ് ക്യൂറി
പൂര്‍ണമായും ശരീഅത്തിന് അനുസൃതമാണ് ഖുല്‍അ് സംബന്ധിച്ച ഹൈകോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധിയെന്ന് കേസില്‍ അമിക്കസ് ക്യൂറിയായി കോടതിയെ സഹായിച്ച അഡ്വ. മായിന്‍കുട്ടി മേത്തര്‍. മുസ്‌ലിം വനിതകള്‍ക്ക് ഏറെ ആത്മവീര്യം പകരുന്നതാണ് വിധി. ഇസ്‌ലാം മുന്നോട്ടുവെച്ച കാര്യങ്ങള്‍ കൃത്യമായി വിശകലനം നടത്തി കോടതി അനുവദിച്ചു എന്നേയുള്ളൂ.

ഇസ്‌ലാമിക ശരീഅത്ത് പ്രകാരം വിവാഹമോചനത്തിന് പുരുഷനുള്ളതുപോലെ സ്ത്രീക്കും അധികാരവും അവകാശവുമുണ്ട്. പുരുഷന് ത്വലാഖും സ്ത്രീക്ക് ഖുല്‍ഉം. ഖുര്‍ആനിലെ രണ്ടാം അധ്യായമായ അല്‍ബഖറയിലെ 228, 229 സൂക്തങ്ങളില്‍ ഇത് വ്യക്തമാക്കുന്നുണ്ട്. ഏറ്റവും വിശ്വസ്തമായ ബുഖാരി പോലുള്ള ഹദീസുകളിലും പ്രവാചകന്‍ ഖുല്‍അ് അനുവദിച്ച സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ലോകത്ത് മുസ്‌ലിം രാജ്യങ്ങളിലും ഇതര രാജ്യങ്ങളിലും കുടുംബ വ്യക്തിനിയമങ്ങളില്‍ ഖുല്‍അ് അനുവദിക്കുന്നുണ്ട്.

എന്നാല്‍, നമ്മുടെ രാജ്യത്ത് കാലങ്ങളായി മുസ്‌ലിംവനിതകള്‍ക്ക് ഈ അവകാശം അനുവദിച്ചുകിട്ടിയിരുന്നില്ല. വിവാഹമോചനം നല്‍കാതെ സ്ത്രീകളെ പീഡിപ്പിക്കുന്ന സംഭവങ്ങളില്‍ നീതി ലഭിക്കാത്തവര്‍ക്ക് വര്‍ഷങ്ങളോളം കോടതി കയറിയിറങ്ങണം. കോടതിയിലാവട്ടെ ഹരജിയും എതിര്‍ഹരജിയുമൊക്കെയായി വിധി ലഭിക്കുമ്പോഴേക്കും കാലങ്ങളെടുക്കും. ഇത് വലിയ പണച്ചെലവും സമയനഷ്ടവുമുണ്ടാക്കുന്നു. തീര്‍പ്പുണ്ടാവുമ്പോഴേക്കും പലപ്പോഴും ആയുസ്സിലെ നല്ലകാലം കഴിഞ്ഞിരിക്കും. പുതിയവിധിയോടെ ഈ ദുരവസ്ഥക്ക് അറുതിയായിരിക്കുകയാണ്. കോടതിയെ സമീപിക്കാതെതന്നെ അനിവാര്യഘട്ടങ്ങളില്‍ ഇനിമുതല്‍ മുസ്‌ലിം വനിതകള്‍ക്ക് ഭര്‍ത്താവിനെ വിവാഹമോചനം (ഖുല്‍അ്) നടത്താം.
ഇതിനുപുറമെ മറ്റുവിവാഹമോചന രീതികളായ മബാറാത്ത് (ഉഭയകക്ഷി തീരുമാനപ്രകാരമുള്ള വിവാഹമോചനം) ത്വലാഖുത്തഫ്‌വീസ് (വിവാഹവ്യവസ്ഥ ലംഘിക്കുന്നത് മൂലമുള്ള വിവാഹമോചനം).1

 ഖുല്‍അ് കോടതി വിധിയും ഇസ്‌ലാമിക ശരീഅത്തും

ഖുല്‍അ് ത്വലാഖ് പോലെ ഏകപക്ഷീയമായ അവകാശമല്ല, ദാമ്പത്യം തുടരാന്‍ താല്‍പര്യമില്ലാതെ വരുമ്പോള്‍ താനുമായുള്ള വിവാഹബന്ധം വേര്‍പെടുത്തി തരണമെന്ന് ഭാര്യ ആവശ്യപ്പെടുമ്പോള്‍ ആ ആവശ്യം പരിഗണിച്ച് ഭര്‍ത്താവ് സ്വന്തം നിലക്ക് ദാമ്പത്യം വേര്‍പെടുത്തിക്കൊടുക്കുന്നതിനാണ് ഖുല്‍അ് എന്നു പറയുന്നത്. ഇങ്ങനെ ചെയ്യുമ്പോള്‍ താന്‍ കൊടുത്ത മഹ്‌റ് തിരിച്ചു വാങ്ങിക്കാന്‍ ഭര്‍ത്താവിന് അവകാശമുണ്ടായിരിക്കും. ത്വലാഖിലൂടെ വേര്‍പെടുത്തുമ്പോള്‍ മഹ്‌റ് സ്ത്രീയുടെ അവകാശമായിരിക്കും.
ഏതെങ്കിലും ഭര്‍ത്താവ് ഖുല്‍അ് ചെയ്തു തരണമെന്ന ഭാര്യയുടെ ആവശ്യം നിരസിച്ചാല്‍ വിവാഹ ബന്ധം വേര്‍പെടുകയില്ല, അവള്‍ ഭാര്യയായി തുടരും. ഭര്‍ത്താവ് മരിച്ചാല്‍ അവള്‍ക്കും, അവളാണ് മരിക്കുന്നതെങ്കില്‍ ഭര്‍ത്താവിനും അനന്തരാവകാശത്തിന് അര്‍ഹതയുണ്ടായിരിക്കും. അനന്തരാവകാശം നഷ്ടപ്പെടില്ല എന്നര്‍ഥം.

ഇതിലെ ഏറ്റവും വലിയ അപകടം ഏതെങ്കിലും ഒരു ഭാര്യ സ്വന്തം നിലക്ക് ഖുല്‍അ് ചെയ്തു എന്ന് ഏകപക്ഷീയമായി പ്രഖ്യാപിക്കുകയും, ഭര്‍ത്താവ് അത് നിരസിക്കുകയും തുടര്‍ന്ന് ഭാര്യ മറ്റൊരു വിവാഹം ചെയ്യുകയും ചെയ്താല്‍ ആ വിവാഹം ഇസ്‌ലാമിക ദൃഷ്ട്യാ ബാത്വിലായിരിക്കും. എന്നു മാത്രമല്ല പുതിയ ബന്ധം അവിഹിത ബന്ധമായും, അവര്‍ തമ്മിലുള്ള ലൈംഗിക സംസര്‍ഗം വ്യഭിചാരമായും പരിഗണിക്കപ്പെടും. സ്വാഭാവിക ഫലമെന്നോണം അവര്‍ക്ക് വ്യഭിചാരത്തിന്റെ ശിക്ഷ ലഭിക്കുകയും ചെയ്യും. ഇതാണ് ഇസ്‌ലാമിക ശരീഅത്ത് അനുശാസിക്കുന്നത്.
ചുരുക്കത്തില്‍ ഖുല്‍അ് പ്രാബല്യത്തില്‍ വരണമെങ്കില്‍ ഭര്‍ത്താവ് അതിന് അനുകൂലമായിരിക്കണം എന്നര്‍ഥം.

അപ്പോള്‍ ന്യായമായ കാരണങ്ങളാല്‍ ഭാര്യ ഖുല്‍അ് ആവശ്യപ്പെട്ടിട്ടും ഭര്‍ത്താവ് അത് വിസമ്മതിച്ചാല്‍ ആ സ്ത്രീയുടെ മുമ്പില്‍ എന്താണ് വഴി? എന്ന ചോദ്യം ഉയര്‍ന്നു വരും. അവള്‍ക്ക് കോടതിയെ സമീപിക്കാം എന്നാണുത്തരം. അങ്ങനെ സ്ത്രീയുടെ പക്ഷത്താണ് ന്യായം എന്ന് കോടതിക്ക് ബോധ്യപ്പെടുന്ന മുറക്ക് കോടതിക്ക് ദാമ്പത്യം വേര്‍പെടുത്താന്‍ അധികാരമുണ്ട്. അങ്ങനെ കോടതി വിധി വന്നു കഴിഞ്ഞാല്‍ ശറഈയായി ആ വിധി സാധുവാകാന്‍ യോഗ്യനായ മഹല്ല് ഖാദിയോ, പണ്ഡിതന്മാരോ അത് അംഗീകരിക്കണം. അല്ലാതുള്ള മാര്‍ഗേണ ദാമ്പത്യം വേര്‍പെടുത്താന്‍ പുരുഷനെപ്പോലെ സ്ത്രീക്ക് ഇസ്‌ലാമിക ശരീഅത്തില്‍ പഴുതില്ല. ഇനിയാര്‍ക്കും അങ്ങനെയൊരു വകുപ്പ് ഇസ്‌ലാമില്‍ കൂട്ടിച്ചേര്‍ക്കാനും വകുപ്പില്ല. ഇതാണ് ഈ വിഷയത്തിലെ ഇസ്‌ലാമിക നിലപാട്.
നമ്മുടെ നാട്ടിലെ കോടതി വ്യവഹാരങ്ങള്‍ സാമ്പത്തിക ചെലവുള്ളതും, കാലവിളംബം വരുത്തുന്നതുമാണ് എന്നത് ഗൗരവത്തില്‍ മുഖവിലക്കെടുക്കേണ്ട ഒരു പ്രശ്‌നം തന്നെയാണ്. അതിന് ഇത്തരം മുസ്‌ലിം സമുദായത്തിന്റെ മതകീയമാനമുള്ള വിഷയങ്ങളില്‍ തീര്‍പ്പ് കല്‍പ്പിക്കാനുള്ള നിയമ പരിരക്ഷ യോഗ്യനായ മഹല്ലു ഖാദിക്കോ, പണ്ഡിത സമിതിക്കോ നല്‍കാന്‍ സുപ്രീം കോടതി കനിഞ്ഞാല്‍ അതായിരിക്കും ഏറ്റവും വലിയ സംഭവം. അതിന് സമുദായ നേതൃത്വം ഇക്കാര്യം ഗൗരവപൂർവം ചര്‍ച്ച ചെയ്ത് അടിയന്തരമായി ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നു.2

ഇതില്‍ വളരെ വ്യക്തമായി പറയുന്നത് ഒരു ഭാര്യസ്വയം വിവാഹമുക്തി പ്രഖ്യാപിച്ചാല്‍ വിവാഹബന്ധം മുറിയുമെന്നാണ്. എന്നാല്‍ അങ്ങനെ മുറിയില്ല എന്നതാണ് ഇസ്‌ലാമിക ശരീഅത്ത് പഠിപ്പിക്കുന്നത്. ഇസ്‌ലാമിക ശരീഅത്തിന്റെ ഖണ്ഡിതമായ വിധിയാണ് കോടതിവിധിയിലൂടെ അട്ടിമറിക്കപ്പെട്ടത്. അഥവാ അല്ലാഹുവോ റസൂലോ അനുവദിച്ചിട്ടില്ലാത്ത ഒന്നിന് ഈവിധി അനുവാദം നല്‍കുന്നു.
പിന്നെ എങ്ങനെയാണ് ഈ വിധിയെ പിന്തുണക്കുക?

വിശദീകരിച്ചു പറഞ്ഞാല്‍, ഒരു ഭാര്യക്ക് ഭര്‍ത്താവോ, കോടതിയോ മുഖേനയല്ലാതെ സ്വയം വിവാഹമുക്തി പ്രഖ്യാപിച്ച് ബന്ധംപിരിയാനും തദ്വാരാ ശര്‍ഈ വീക്ഷണത്തില്‍ ഒരാളുടെ ഭാര്യയായിതുടരുന്ന ഒരു സ്ത്രീക്ക് മറ്റൊരാളെ വിവാഹം ചെയ്യാനും അനുവാദം നല്‍കുന്നു. കാരണം കോടതി വിധിപ്രകാരം ഭാര്യയുടെ സ്വയം തീരുമാനവും വിവാഹമുക്തി പ്രഖ്യാപനവും വഴി അല്ലാഹു  എന്ന് വിശേഷിപ്പിച്ച ഒരു കരാര്‍ പൊട്ടിച്ചെറിയാനുള്ള അവകാശമാണ് നല്‍കിയിരിക്കുന്നത്. ശറഇയ്യായി ഒരാളുടെ ഭാര്യയായി തുടരുന്ന സ്ത്രീ മറ്റൊരു പരുഷനെ വേള്‍ക്കല്‍ ഹറാമാണ്. അങ്ങനെ വേളികഴിച്ച് ലൈംഗിക സംസര്‍ഗത്തിലേര്‍പ്പെടുന്നത് കടുത്ത ശിക്ഷക്കര്‍ഹമാകുന്ന വ്യഭിചാരവുമാണ്. അങ്ങനെയുള്ള ബന്ധത്തിലൂടെ ഉണ്ടാകുന്ന കുട്ടി ഇസ്‌ലാമിക ശരീരത്തിന്റെ വീക്ഷണത്തില്‍ ജാരസന്തതി എന്ന നിലക്കായിരിക്കും പരിഗണിക്കപ്പെടുക.
കോടതിവിധി വായിച്ചപ്പോള്‍ മനസ്സിലായത്
ഖുര്‍ആനില്‍നിന്നും ഹദീസില്‍നിന്നും പണ്ഡിതരുടെയും നിയമവിദഗ്ധരുടെയും അഭിപ്രായങ്ങളില്‍നിന്നും ധാരാളമായി ഉദ്ധരിച്ചതിന് ശേഷം കോടതി എത്തിച്ചേരുന്ന തീര്‍പ്പ് ഇതാണ്:

ഖുല്‍ഇനെ നിയന്ത്രിക്കുന്ന സെക്കുലര്‍ നിയമങ്ങളൊന്നും നിലവിലില്ലാത്ത സ്ഥിതിക്ക്, താഴെ പറയുന്ന ഉപാധികള്‍ പൂര്‍ത്തീകരിച്ചാല്‍ ഖുല്‍അ് പ്രാബല്യത്തില്‍ വരും:
1. വിവാഹബന്ധം അവസാനിച്ചതായുള്ള ഭാര്യയുടെ ഡിക്ലറേഷന്‍.
2. വിവാഹസമയത്ത് സ്വീകരിച്ച മഹ്‌റോ മറ്റെന്തെങ്കിലും സാധനങ്ങളോ തിരിച്ചുനല്‍കാമെന്ന് ഭാര്യ ഓഫര്‍ ചെയ്യുക. 
3. ഖുല്‍ഇന് മുമ്പ് അനുരഞ്ജനത്തിന് വേണ്ടിയുള്ള കാര്യമായ ശ്രമം നടന്നിരിക്കുക. 
ഇതിന്റെ അടിസ്ഥാനത്തില്‍, വിവാഹമോചനം ആവശ്യപ്പെട്ടുകൊണ്ട് കോടതിയെ സമീപിച്ച സ്ത്രീയെ ഖുല്‍അ് ചെയ്ത് വിവാഹബന്ധം അവസാനിപ്പിക്കാന്‍ കോടതി അനുവദിച്ചു. അവര്‍ ഖുല്‍അ് ചെയ്യുകയും (Invoked Khula) ഭര്‍ത്താവിനെ വിവരം അറിയിക്കുകയും കോടതി തെളിവുസഹിതം അത് സ്വീകരിക്കുകയും ചെയ്തു. 
ഇസ്‌ലാമിക ശരീഅത്തില്‍ ഖുല്‍ഇന്റെ നിയമസാധുതയും ഭര്‍ത്താവിന്റെ സമ്മതവും ഖുല്‍ഇന്റെ ഉപാധിയല്ല എന്ന് സമര്‍ഥിക്കാന്‍ വേണ്ടിയാണ് ഖുര്‍ആനും ഹദീസും പണ്ഡിതാഭിപ്രായങ്ങളും കോടതി സമൃദ്ധമായി ഉദ്ധരിക്കുന്നത്. വിവിധ മുസ്‌ലിം നാടുകളിലെ വ്യക്തിനിയമത്തിലെ ഖുല്‍ഇന്റെ  നടപടിക്രമങ്ങളും വിശദമായി പരാമര്‍ശിക്കുന്നുണ്ട്. സ്ത്രീ ഏകപക്ഷീയമായി ഖുല്‍അ് പ്രഖ്യാപിക്കുക എന്ന കാര്യം കോടതി ഉദ്ധരിച്ച പണ്ഡിതാഭിപ്രായങ്ങളില്‍ എവിടെയും ഇല്ല. ഭാര്യ ആവശ്യപ്പെട്ടിട്ട് ഭര്‍ത്താവ് അവളെ വിവാഹബന്ധത്തില്‍നിന്ന് ഒഴിവാക്കിക്കൊടുക്കുന്നതാണ് ഖുല്‍അ് എന്ന് താഹിര്‍ മഹ്മൂദിന്റെ ഉദ്ധരണിയില്‍ വ്യക്തമായി പറയുന്നുമുണ്ട്. പക്ഷെ, ഈ വശം പിന്നീട് കോടതി പരിഗണിക്കുകയോ പരിശോധിക്കുകയോ ചെയ്തതായി കാണുന്നില്ല. ത്വലാഖ് പുരുഷന്റെ അവകാശമായത് പോലെ ഖുല്‍അ് സ്ത്രീയുടെ അവകാശമാണ് എന്ന അടിസ്ഥാനത്തില്‍ നിന്നുകൊണ്ട് സ്ത്രീയെ സ്വയം ഖുല്‍അ് ചെയ്യാന്‍ അനുവദിക്കുകയാണ് ചെയ്യുന്നത്. ഭര്‍ത്താവിന്റെ സമ്മതം ആവശ്യമില്ലാത്ത ഭാര്യയുടെ ഒരു അവകാശം പിന്നെയും ഭര്‍ത്താവ് തന്നെ അനുവദിച്ചുകൊടുക്കണം എന്നത് കോടതിയുടെ ലിബറല്‍ ലോജിക്കിന് യോജിക്കാത്തത് കൊണ്ടാവണം ഇങ്ങനെയൊരു വിധിയില്‍ എത്തിച്ചേര്‍ന്നത്. ഖുല്‍അ് എക്‌സ്ട്രാജുഡീഷ്യല്‍ ആയതിനാല്‍ അതില്‍ തീര്‍പ്പ് കല്‍പ്പിക്കാന്‍ മഹല്ലുകള്‍പോലെ കോടതിക്ക് പുറത്തുള്ള ഒരു സംവിധാനത്തെ അംഗീകരിക്കുന്നുമില്ല. ചുരുക്കത്തില്‍ മുസ്‌ലിം പേഴ്‌സണല്‍ ലോക്ക് അകത്തുനിന്ന്‌കൊണ്ട് എന്ന സ്വഭാവത്തില്‍ അംഗീകൃത ഇസ്‌ലാമിക നിയമങ്ങളോട് സംഘര്‍ഷപ്പെടുന്ന ഒരു വിധിയാണ് കോടതി നല്‍കിയിരിക്കുന്നത്. ഇതിന്റെ ഗുണദോഷങ്ങള്‍ എന്തൊക്കെയാണെന്നും മുസ്‌ലിം സമൂഹം വിധിയോട് എന്ത് നിലപാട് സ്വീകരിക്കണം എന്നതൊക്കെ വിശദമായി ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്.

ത്വലാഖിന്റെ അവകാശം പുരുഷനുമാത്രം

ത്വലാഖ് ഭര്‍ത്താവിന്റെ അവകാശമാണ്. മറ്റുള്ളവര്‍ക്ക് അല്ലാഹു അതിന്നധികാരം നല്‍കിയിട്ടില്ല. അല്ലാഹു പറയുന്നു: 'ഓ, സത്യവിശ്വാസികളേ, നിങ്ങള്‍ സത്യവിശ്വാസിനികളെ വിവാഹം ചെയ്യുകയും പിന്നീടവരെ ത്വലാഖ് ചെയ്യുകയും ചെയ്താല്‍...' 'നിങ്ങള്‍ സ്ത്രീകളെ ത്വലാഖ് ചെയ്യുകയും എന്നിട്ട് അവര്‍ക്ക് അവരുടെ അവധിയെത്തുകയും ചെയ്താല്‍ അപ്പോള്‍ ഒന്നുകില്‍ നിങ്ങളവരെ ന്യായമായ രീതിയില്‍ കൂടെ നിര്‍ത്തുക. അല്ലെങ്കില്‍ മാന്യമായ രീതിയില്‍ അവരുമായി വേര്‍പിരിയുക.'

قَالَ الْإِمَامُ اِبْنُ الْقَيِّمِ: قَالَ اللّهُ تَعَالَى : {يَا أَيّهَا الّذِينَ آمَنُوا إِذَا نَكَحْتُمُ الْمُؤْمِنَاتِ ثُمّ طَلّقْتُمُوهُنّ} وَقَالَ {وَإِذَا طَلّقْتُمُ النّسَاءَ فَبَلَغْنَ أَجَلَهُنّ فَأَمْسِكُوهُنّ بِمَعْرُوفٍ أَوْ سَرّحُوهُنّ بِمَعْرُوفٍ} -الْبَقَرَةُ 231. فَجَعَلَ الطّلَاقَ لِمَنْ نَكَحَ لِأَنّ لَهُ الْإِمْسَاكَ وَهُوَ الرّجْعَةُ...... وَقَضَاءُ رَسُولِ اللّهِ صَلّى اللّهُ عَلَيْهِ وَسَلّمَ أَحَقّ أَنْ يُتّبَعَ وَحَدِيثُ ابْنِ عَبّاسٍ رَضِيَ اللّهُ عَنْهُمَا الْمُتَقَدّمُ وَإِنْ كَانَ فِي إسْنَادِهِ مَافِيهِ فَالْقُرْآنُ يُعَضّدُهُ وَعَلَيْهِ عَمَلُ النّاسِ. - زَادُ الْمَعَادِ: 5/251 ، حُكْمُ رَسُولِ اللّهِ صَلّى اللّهُ عَلَيْهِ وَسَلّمَ بِأَنّ الطّلَاقَ بِيَدِ الزّوْجِ لَا بِيَدِ غَيْرِهِ.
ഇമാം ഇബ്‌നുല്‍ഖയ്യിം പറയുന്നു: ഇവിടെ ത്വലാഖിന്റെ ഉത്തരവാദിത്തം നികാഹ് ചെയ്തവനില്‍ ചുമത്തിയിരിക്കുന്നു. കാരണം, മടക്കിയെടുക്കാനുള്ള അധികാരം അയാളില്‍ നിക്ഷിപ്തമാണ്. നബി(സ)യുടെ വിധിയാണ് പിന്തുടരപ്പെടാന്‍ ഏറ്റവും അര്‍ഹം. ഇബ്‌നു അബ്ബാസ് ഉദ്ധരിച്ച ഹദീസിലെ ആശയം ഖുര്‍ആന്‍ പിന്തുണക്കുന്നു, അതനുസരിച്ചാണ് ഇതുവരെയും പ്രവര്‍ത്തിച്ചു പോന്നത്' (സാദുല്‍ മആദ് 5/251). ഇബ്‌നുഅബ്ബാസില്‍നിന്ന് ഇങ്ങനെ ഉദ്ധരിക്കപ്പെടുന്നു. അദ്ദേഹം പറഞ്ഞു:
عَنِ ابْنِ عَبَّاسٍ، قَالَ: أَتَى النَّبِيَّ صَلَّى الله عَليْهِ وسَلَّمَ رَجُلٌ، فَقَالَ: يَا رَسُولَ اللهِ، سَيِّدِي زَوَّجَنِي أَمَتَهُ، وَهُوَ يُرِيدُ أَنْ يُفَرِّقَ بَيْنِي وَبَيْنَهَا، قَالَ: فَصَعِدَ رَسُولُ اللهِ صَلَّى الله عَليْهِ وسَلَّمَ الْمِنْبَرَ، فَقَالَ: «يَا أَيُّهَا النَّاسُ ، مَا بَالُ أَحَدِكُمْ يُزَوِّجُ عَبْدَهُ أَمَتَهُ، ثُمَّ يُرِيدُ أَنْ يُفَرِّقَ بَيْنَهُمَا؟! إِنَّمَاالطَّلاَقُ لِمَنْ أَخَذَ بِالسَّاقِ».-رَوَاهُ ابْنُ مَاجَةْ: 2081، وَحَسَّنَهُ الأَلْبَانِيُّ. أَيْ: الطَّلَاق حَقّ الزَّوْج الَّذِي لَهُ أَنْ يَأْخُذ بِسَاقِ الْمَرْأَة لَا حَقّ الْمَوْلَى.
ഒരാള്‍നബി (സ) യെ സമീപിച്ച് പറഞ്ഞു: തിരുദൂതരേ, എന്റെ യജമാനന്‍ അദ്ദേഹത്തിന്റെ അടിമപ്പെണ്ണിനെ എനിക്ക് വിവാഹം ചെയ്തുതന്നു. ഇപ്പോഴദ്ദേഹം ഞങ്ങളെ തമ്മില്‍ വേര്‍പിരിക്കാനുദ്ദേശിക്കുകയാണ്. അപ്പോള്‍ നബി (സ) മിമ്പറില്‍ കയറി ഇപ്രകാരം പ്രസ്താവിച്ചു: 'ഓ ജനങ്ങളേ, നിങ്ങളിലൊരുവന്റെ അവസ്ഥയെന്താണ്? അയാള്‍ തന്റെ അടിമക്ക് തന്റെ അടിമസ്ത്രീയെ കല്യാണം ചെയ്തുകൊടുക്കുന്നു. പിന്നീടയാള്‍ അവരെ തമ്മില്‍ വേര്‍പെടുത്താനാഗ്രഹിക്കുന്നു! എന്നാല്‍ അറിയുക: ഭര്‍ത്താവിനു മാത്രമാണ് ത്വലാഖിന്നധികാരം.' - (ഇബ്‌നുമാജഃ: 2081). (സാദുല്‍ മആദ്: 5/251, നൈലുല്‍ ഔത്വാര്‍, ഫിഖ്ഹുസ്സുന്ന: 8/661).
قال الشيخ عطيّة صقر رئيس لجنة الفتوى بالأزهر: أن الطلاق يكون بيد الرجل ، لأن الله جعل له القيام على المرأة بسبب مواهبه وبما كلف به من دفع المهر لها والإنفاق عليها، قال تعالى { الرجال قوامون على لنساء بما فضَل الله بعضهم على بعض وبما أنفقوا من أموالمهم } النساء : 34 ومن لوازم هذا أن تكون العصمة بيده ، إن شاء أمسك وإن شاء طلق . ولقوله تعالى { يا أيها الذين آمنوا إذا نكحتم لمؤمنات ثم طلقتموهن } لأحزاب : 49 وقوله { وإذا طلقتم النساء فبلغن أجلهن فامسكوهن بمعروف أو سرحوهن بمعروف } البقرة : 131 حيث جعل الله الطلاق لمن ينكح ، إن شاء أمسك وإن شاء طلق . ولأن الرجل أعقل من المرأة وأضبط لعواطفه وأدرى بالتبعات التى تترتب على الطلاق ، وقد أفاض ابن القيم فى بيان حكمة التشريع فى جعل الطلاق بيد الرجل ، وذلك فى كتابه” زاد المعاد” ج 4 ص70، 13 2 فمن الصواب أن يكون الطلاق بيده .-فتاوى دار الإفتاء المصرية.
പ്രശസ്തമായ അല്‍ അസ്ഹര്‍ സർവകലാശാലാ ഫത്‌വ സമിതി അധ്യക്ഷന്‍ ശൈഖ് അത്വിയ്യ സ്വഖര്‍ പറയുന്നു:
ത്വലാഖ് പുരുഷന്റെ കൈയിലാണ്, കാരണം പുരുഷന് പ്രത്യേകമായുള്ള കഴിവുകളുടെ അടിസ്ഥാനത്തില്‍ സ്ത്രീകളുടെ കാര്യം നോക്കി നടത്താന്‍ അവനെ നിശ്ചയിച്ചതു കാരണവും,  അവള്‍ക്ക് മഹ്‌റ് നല്‍കാനും അവളുടെ ചെലവുകള്‍ വഹിക്കാനും അവനെ ചുമതലപ്പെടുത്തിയ കാരണത്താലുമാണ് അത്.

അല്ലാഹു പറഞ്ഞു: - (അന്നിസാഅ്: 34). ഇതിന്റെ അനിവാര്യ താല്‍പര്യമാണ് സംരക്ഷണോത്തരവാദിത്തം അവന്റെ കൈയിലായിരിക്കുക എന്നത്. അവന്‍ ഉദ്ദേശിച്ചാല്‍ നിലനിര്‍ത്താം അവന്‍ ഉദ്ദേശിച്ചാല്‍ ത്വലാഖു ചൊല്ലി പിരിച്ചയക്കാം. അല്ലാഹു പറഞ്ഞു: - (അല്‍ അഹ്‌സാബ്: 49). (അല്‍ ബഖറ: 131). ഇവിടെയെല്ലാം അല്ലാഹു ത്വലാഖ് വിവാഹം ചെയ്യുന്നവര്‍ക്കാക്കിയിരിക്കുന്നു. അവന്‍ ഉദ്ദേശിച്ചാല്‍ നിലനിര്‍ത്താം അവന്‍ ഉദ്ദേശിച്ചാല്‍ ത്വലാഖു ചൊല്ലി പിരിച്ചയക്കാം. കാരണം പുരുഷന്‍ സ്ത്രീയേക്കാള്‍ ബുദ്ധിയുള്ളവനും വികാരങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയുന്നവനും, ത്വാലാഖിന്റെ പ്രത്യാഘാതങ്ങളെപ്പറ്റി കൂടുതല്‍ ബോധ്യമുള്ളവനും അവനാണ് എന്നതിനാലാണത്. ത്വലാഖ് പുരുഷന്റെ കൈയിലായതിന്റെ യുക്തിയെ സംബന്ധിച്ച് ഇമാം ഇബ്‌നുല്‍ ഖയ്യിം തന്റെ സാദുല്‍ മആദ് എന്ന ഗ്രന്ഥത്തില്‍ സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. ചുരുക്കത്തില്‍ ത്വലാഖ് പുരുഷന്റെ കൈയിലാക്കി എന്നത് ശരിയായ നടപടി തന്നെയാണ്. - (ഈജിപ്ത്യന്‍ ദാറുല്‍ ഇഫ്തായുടെ ഫത്‌വാ സമാഹാരത്തില്‍ നിന്ന്).

എന്തുകൊണ്ട് വിവാഹമോചനാവകാശം പുരുഷന് മാത്രമായി?

ഇസ്‌ലാം സമഗ്രവും സമ്പൂര്‍ണമായ ഒരു മതമാണ്. മനുഷ്യ ജീവിതത്തിന്റെ സർവ മേഖലകളിലും എങ്ങനെ ജീവിക്കണമെന്ന വ്യക്തമായ വിധികളും വിലക്കുകളും അതിനുണ്ട്. 14 നൂറ്റാണ്ട് പിന്നിട്ടിട്ടും ലോകം ഇത്രമേല്‍ പുരോഗതി പ്രാപിച്ചിട്ടും മനുഷ്യ ജീവനത്തിന്റെ ഏതെങ്കിലും ഒരു മേഖലയില്‍ നിയമങ്ങള്‍ ആവിഷ്‌കരിക്കാനോ കണ്ടെത്താനോ പ്രയാസപ്പെടുകയോ ഏതെങ്കിലും രംഗത്ത് മറ്റേതെങ്കിലും ദര്‍ശനത്തില്‍നിന്ന് കടമെടുക്കുകയോ ചെയ്യേണ്ട ഗതി ഇസ്‌ലാമിന് ഇതുവരെ ഉണ്ടായിട്ടില്ല.
ഇത്ര സമഗ്രവും സമ്പൂര്‍ണവുമായ വ്യവസ്ഥയാണിത് എന്നത് എത്രമാത്രം യഥാര്‍ഥ്യമാണോ അത്രതന്നെ യഥാര്‍ഥ്യമാണ് ഈ നിയമങ്ങള്‍ പ്രയോഗക്ഷമവും അവയുടെ പ്രയോഗവല്‍ക്കരണം ക്ഷേമവും ഐശ്വര്യവും കൈവരുത്തുമെന്നതും. അത് പ്രയോഗവല്‍ക്കരിക്കാന്‍ ശ്രമിച്ചേടത്തെല്ലാം അതിന്റെ സല്‍ഫലങ്ങള്‍ മാനവസമൂഹത്തിന് അനുഭവേദ്യമായിട്ടുമുണ്ട്. ഭാഗികമായ അര്‍ഥത്തില്‍ നടന്ന ശ്രമങ്ങളുടെ കാര്യമാണിതെങ്കില്‍ സമഗ്രമായ രൂപത്തില്‍ പ്രയോഗവല്‍കരിക്കപ്പെട്ടാല്‍ എങ്ങനെയുണ്ടാവും എന്ന് ചിന്തിച്ചുനോക്കാവുന്നതേയുള്ളൂ.

ഇതെല്ലാം യഥാര്‍ഥ്യമായിരിക്കെ തന്നെ നാം മനസിലാക്കിയിരിക്കേണ്ട മറ്റൊരു വസ്തുതയാണ് ഇസ്‌ലാമിന്റ പല നിയമങ്ങളും നിര്‍ദേശങ്ങളും വിധിവിലക്കുകളും പരസ്പര പൂരകങ്ങളാണ് എന്നത്. അതിനാല്‍ തന്നെ ചില വിഷയങ്ങളില്‍ ഏതാനും ചില വശം മാത്രം നടപ്പാക്കാന്‍ ശ്രമിച്ചാലുണ്ടാകുന്ന പൊരുത്തക്കേടും അരാജകത്വവും അസന്തുലിതത്വവും ഇത്തരം സമഗ്ര സ്വഭാവത്തിലുള്ള ഏതൊരു വ്യവസ്ഥയേയും പോലെ സ്വാഭാവിക ഫലം മാത്രമാണ്.

ഉദാഹരണം: അവിവാഹിതന്‍ വ്യഭിചാരക്കുറ്റത്തില്‍ പെട്ട കേസ് തെളിയിക്കപ്പെട്ടാല്‍ അവര്‍ക്ക് നൂറടിയാണ് ശിക്ഷ. അതാകട്ടെ ജനമധ്യത്തില്‍ വെച്ചും. എന്നാല്‍ ഇസ്‌ലാം ആദ്യം തന്നെ ശിക്ഷയങ്ങ് പ്രഖ്യാപിക്കുകയും നടപ്പിലാക്കുകയുമല്ല ചെയ്തിട്ടുള്ളത്. പ്രത്യുത അത്തരം ഒരു ചിന്ത പോലും സമൂഹത്തില്‍ പൗരന്മാര്‍ക്കിടയില്‍ ഉണ്ടാവാതിരിക്കാനുള്ള സദാചാര സാമൂഹികക്രമം സൃഷ്ടിക്കുകയാണ് ഇസ്‌ലാം ചെയ്യുന്നത്. മാന്യമായ വസ്ത്രധാരണം, സ്വകാര്യതകള്‍ സംരക്ഷിക്കാനുള്ള സംവിധാനങ്ങള്‍, അനുവാദം ചോദിക്കല്‍, വഴിയുടെ മര്യാദകള്‍, വിവാഹം ലളിതവല്‍ക്കരിക്കല്‍, പ്രോത്സാഹിപ്പിക്കല്‍, അശ്ലീലതകള്‍ കര്‍ശനമായി വിലക്കല്‍ തുടങ്ങി ധാരാളം കാര്യങ്ങള്‍ പഠിപ്പിക്കുകയും സംവിധാനങ്ങള്‍ ഒരുക്കുകയും ചെയ്തു. അതിനെല്ലാം പുറമേ തെളിവില്ലാതെ ആരോപണമുന്നയിക്കുന്നവര്‍ക്ക് 80 അടി ശിക്ഷയും പ്രഖ്യാപിച്ചു. ഇത്തരം ഒരു സമൂഹത്തില്‍ അതിന്റെ സംസ്‌കാരത്തെ തകര്‍ക്കുന്ന, പരിശുദ്ധവും പവിത്രവുമായ ഒരു സമൂഹത്തെ കളങ്കപ്പെടുത്തുന്ന, സമൂഹ മനഃസാക്ഷിയെ കൊഞ്ഞനം കുത്തുന്ന പോക്കിരികളും തോന്നിവാസികളും മാന്യന്മാരായി വിലസാന്‍ പാടില്ല. അത്തരം സാമൂഹിക ദ്രോഹങ്ങള്‍ക്ക് മുതിര്‍ന്നാല്‍ പ്രത്യാഘാതം നിസ്സാരമായിരിക്കുകയില്ല എന്നൊക്കെ ബോധ്യപ്പെടുത്തുമാറുള്ള ശിക്ഷ തന്നെ ഇതിന് നിശ്ചയിച്ചു. അതു പക്ഷേ ഒടുവിലത്തെ ചികിത്സയാണ്. യഥാര്‍ഥത്തില്‍ ആ ശിക്ഷ പോലും വ്യക്തികള്‍ തെറ്റ് ചെയ്യാതിരിക്കുവാന്‍ വേണ്ടിയാണ്.

എന്നുവച്ചാല്‍ ഇപ്പറഞ്ഞ എല്ലാ സംവിധാനങ്ങളും പരിപൂര്‍ണമായി നിലവിലുള്ള സമൂഹത്തിലെ ഒരോ വിധികളുടെയും ഔചിത്യവും ഫലപ്രാപ്തിയും വ്യക്തവും ബോധ്യവുമാവുകയുള്ളു. എന്നാല്‍ ബാക്കി രംഗങ്ങളില്‍ എല്ലാം അനിസ്‌ലാമിക പ്രവണതകള്‍ തഴച്ചു വളരുകയും തിമിര്‍ത്താടുകയും ചെയ്യുന്ന സമൂഹത്തില്‍ ഏതെങ്കിലും ഒരു വിധി മാത്രം നടപ്പാക്കുകയും അതിന്റെ സല്‍ഫലം ദൃശ്യമാവാതിരിക്കുകയോ വിപരീത ഫലം ഉളവാക്കുകയോ ചെയ്യുന്നുവെങ്കില്‍ അത് ആ വിധിയുടെയും നിയമത്തിന്റെയും കുഴപ്പമല്ല. പ്രത്യുത സംവിധാനത്തിന്റെ മൊത്തം തകരാര്‍ കൊണ്ടാണ് എന്ന് മനസ്സിലാക്കാന്‍ കഴിയണം.

ഒരോ വാഹനത്തിനും അതിനനുയോജ്യമായ സ്‌പെയര്‍ പാട്‌സുകള്‍ ഉണ്ടായിരിക്കും. ഒരോ കമ്പനിയും അതാതു കമ്പനിയുടെ ഒറിജിനല്‍ പാട്‌സുകള്‍ തന്നെ വേണം ഫിറ്റ് ചെയ്യാന്‍, അല്ലാത്ത പക്ഷം വാഹനം ഗതാഗതത്തിന് പറ്റാതാവുകയോ പൂര്‍ണമായും നശിച്ച് പോവുകയോ വലിയ അപകടത്തില്‍ ചാടിക്കുകയോ ചെയ്യുമെന്ന് പ്രത്യേകം അറിയിക്കാറുണ്ട്. ജപ്പാന്‍ നിര്‍മിത വാഹനത്തില്‍ ഇന്ത്യന്‍ നിര്‍മിത വാഹനത്തിന്റെ പാട്‌സുകള്‍ ഫിറ്റ് ചെയ്തിട്ട് വാഹനം ശരിക്കും ചലിക്കുന്നില്ല എന്നോ അപകടം വരുത്തിയെന്നോ പറയുന്നതുപോലെയാണ് മുച്ചൂടും അനിസ്‌ലാമികമായ ചുറ്റുപാടില്‍ കേവലം ഒരു നിയമം മാത്രം നടപ്പാക്കുക വഴി ഉദ്ദിഷ്ടഫലം ചെയ്തില്ല എന്നു വിലയിരുത്തുന്നത്.

വൈവാഹിക നിയമങ്ങളും വിധി വിലക്കുകളും ഇപ്പറഞ്ഞതിന് ഒട്ടും അപവാദമല്ല. അതിനാല്‍ ഇസ്‌ലാമിനെ പ്രതിയാക്കും മുമ്പ്, ഇസ്‌ലാമിക നിയമസംഹിതകള്‍ അപ്രായോഗികമെന്ന് വിധി പ്രസ്താവിക്കും മുമ്പ് ഈയൊരു അടിസ്ഥാനം കൂടി നാം മുമ്പില്‍ വെക്കണമെന്നാണ് പറയാനുള്ളത്.

ആണ്‍കുട്ടികള്‍ക്ക് പെണ്‍കുട്ടികളുടെ ഇരട്ടിയുണ്ട് എന്ന തത്വവും ഇതേ പൊലെ വേണം മനസിലാക്കാന്‍. ഇസ്‌ലാമിക ദൃഷ്ട്യാ പെണ്ണിന് സാമ്പത്തിക ബാധ്യത വരുന്ന യാതൊരു സാഹചര്യവുമില്ല. സാമ്പത്തിക ബാധ്യത വഹിക്കേണ്ട ഉത്തരവാദിത്തവുമില്ല. മകളാണെങ്കില്‍ പിതാവിനും ഭാര്യയാണെങ്കില്‍ ഭര്‍ത്താവിനും പെങ്ങളാണെങ്കില്‍ ആങ്ങളക്കും ഉമ്മയാണെങ്കില്‍ ആണ്‍മക്കള്‍ക്കുമാണ് ഉത്തരവാദിത്വം. അനന്തരവകാശവും മഹ്‌റും അവര്‍ക്ക് വരുമാനം മാത്രമാണ്, ചെലവില്ലാത്ത വരുമാനം. ഈ ഉത്തരവാദിത്വ നിർവഹണത്തില്‍ വീഴ്ച വരുത്തിയാല്‍ ഭര്‍ത്താവ് നിയമത്തിന് മുന്നില്‍ പ്രതിയാക്കപ്പെടും.

ഇസ്‌ലാമിക സംസ്‌കാരങ്ങളും മര്യാദകളും തമസ്‌കരിക്കപ്പെട്ട വളരെ പ്രധാനപ്പെട്ട മേഖലകളിലൊന്നാണ് വൈവാഹിക മേഖല. വിവാഹാലോചന മുതല്‍ വിവാഹം പുര്‍ത്തിയാവുന്നതു വരെ കൂടിയും കുറഞ്ഞും അതു നിലനില്‍ക്കുന്നുണ്ട്. വിവാഹബന്ധം വേര്‍പെടുത്തുന്ന രംഗത്തും പ്രകടമാണ് ഈ അപചയം. ഇസ്‌ലാമിന്റെ വിധി വിലക്കുകള്‍ കാറ്റില്‍ പറത്തുകയോ, ദുർവ്യാഖ്യാനിക്കുകയോ വളച്ചൊടിക്കുകയാ, ദുരുപയോഗപ്പെടുത്തുകയോ ചെയ്യുന്ന ഏറ്റവും പ്രധാന മേഖല കൂടിയാണിത്.
സ്ത്രീക്ക് ലഭിക്കുന്ന വലിയൊരു സാമ്പത്തിക നേട്ടമാണ് വിവാഹമൂല്യം അഥവാ മഹ്‌റ്. അതില്‍ നിയന്ത്രണമേര്‍പ്പെടുത്താന്‍ ഭരണാധികാരി, അതും ഉമറിനെപ്പോലെ ശക്തനായ, ഒന്നാലോചിച്ചതേയുള്ളൂ അപ്പോഴേക്കും പ്രതികരിച്ച മഹതി ചരിത്രത്തില്‍ ഇസ്‌ലാമിക സ്ത്രീയെയാണ് അടയാളപ്പെടുത്തിയത്.

ഇസ്‌ലാമിക വ്യവസ്ഥയില്‍ വിവാഹവുമായി ബന്ധപ്പെട്ട റിസ്‌ക്ക് മുഴുവനും പുരുഷന്റെ ചുമലിലാണ്. സ്ത്രീയുടെ ഡിമാന്റ് അനുസരിച്ചുള്ള മഹ്‌റ് കൊടുക്കണം. വിവാഹ ചെലവ് വഹിക്കണം. വിവാഹ ശേഷം ഉണ്ടാവുന്ന മുഴുവന്‍ ചെലവും ഏറ്റെടുക്കണം. പ്രാരാബ്ധമുള്ള കുടുംബം കൂടിയാണെങ്കില്‍ പറയുകയും വേണ്ട. ഇത്തരം പ്രതിസന്ധികളൊക്കെ തരണം ചെയ്യാന്‍ ത്രാണിയുള്ളവരോടാണ് വിവാഹം ചെയ്തുകൊള്ളാന്‍ നബി (സ) ആവശ്യപ്പെട്ടത്. ഈ 'ത്വാഖത്ത്' ഇല്ലാത്തവരോട് നോമ്പ് നോറ്റുകൊള്ളുക എന്നാണ് തിരുമേനി (സ) നിര്‍ദേശിച്ചിട്ടുള്ളത്. ഇങ്ങനെയൊക്കെ വിവാഹം കഴിച്ച ശേഷം ഒരു സുപ്രഭാതത്തില്‍ ബന്ധം വിഛേദിക്കാന്‍ ഭാര്യക്കവകാശമുണ്ടായിരുന്നുവെങ്കില്‍ ന്യായമായ ചില ചോദ്യങ്ങള്‍ക്ക് കൂടി ഉത്തരം കണ്ടെത്തേണ്ടതുണ്ട്. ശരിയാണ്, പുരുഷന് വിവാഹമോചനത്തിനുള്ള അവകാശമുണ്ട്. അതു പക്ഷെ നിരുപാധികമല്ല. അതിന്റെ ഉപാധികള്‍ പരിശോധിച്ചാല്‍ അറിയാം എത്രമാത്രം സങ്കീര്‍ണമാണെന്ന്. സഹശയനം നടന്ന ശേഷമാണെങ്കില്‍ അവള്‍ക്ക് മഹ്‌റിനുള്ള പൂര്‍ണാവകാശമുണ്ട്. പുരുഷന് അത് നഷ്ടമാണെന്നര്‍ഥം. തന്റെ ജീവിത സമ്പാദ്യമായിരിക്കും ഒരു പക്ഷെ അത്. ഇനിയൊരു വിവാഹം ചെയ്യണമെങ്കില്‍ ആദ്യം മുതല്‍ തന്നെ അയാള്‍ തുടങ്ങേണ്ടതായി വരും. സ്ത്രീകള്‍ക്കാവട്ടെ ഇദ്ദഃകാലം കഴിയുന്നതോടെ വേറെ ഭര്‍ത്താവിനെ സ്വീകരിക്കാന്‍ കഴിയും. അതിലും കിട്ടും അവള്‍ക്ക് മഹ്‌റ്. ഇന്നാട്ടില്‍ നടക്കുന്നത് പോലെ നാമമാത്രവും തുഛവുമായ മഹ്‌റിന്റെ കാര്യമല്ല ഇപ്പറഞ്ഞത്. ആളുകള്‍ ദുരുപയോഗപ്പെടുത്തുക എന്ന ഒരു തത്വം മാത്രം വെച്ച് വിവാഹമോചനാവകാശം നിര്‍ത്തണമെന്ന് വാദിക്കാമല്ലോ. ദുരുപയോഗപ്പെടുത്തിയതു വഴി എറ്റവും കൂടുതല്‍ ദുരന്തം പേറേണ്ടി വരിക താരതമ്യേന പുരുഷനായിരിക്കും. കാരണം വിവാഹവുമായി ബന്ധപ്പെട്ട കണക്കുകള്‍ നോക്കുമ്പോള്‍ പുരുഷന്റെ നഷ്ടമാണ് വലുതെന്ന് കാണാം.

എങ്കിലും സ്ത്രീയുടെ ന്യായമായ വശം ഇസ്‌ലാം അവഗണിച്ചിട്ടില്ല. ഖുല്‍ഇനു പുറമെ (തഫ്‌രീഖുല്‍ ഖാദി) എന്ന ഒരു വകുപ്പ് കൂടി ഇസ്‌ലാം വെച്ചിട്ടുണ്ട്. ഭീമമായ നഷ്ടം (സാമ്പത്തികം, ശാരീരികം, മാനസികം, സാമൂഹികം) ഉണ്ടാക്കുന്ന ഈ കാര്യം ശരിയോ തെറ്റോ എന്ന് ഒരു മൂന്നാമന്‍ തിരുമാനിക്കേണ്ടതുണ്ടല്ലോ. സ്ത്രീയുടെ മാത്രം വശം പരിഗണിച്ചാല്‍ അവളൊരു വേള വേറെ വല്ല ദുരുദ്ദേശ്യവും (മഹ്‌റ് വീണ്ടും ഒപ്പിക്കുക, മറ്റൊരു പുരുഷനുമായി പ്രണയത്തിലാവുക തുടങ്ങി) കാരണമാണെങ്കില്‍ ഇവിടെ അനീതിക്കിരയാവുക പുരുഷനായിരിക്കുമല്ലോ. ഇതുകൂടി കണക്കിലെടുത്തുകൊണ്ടാണ് ഇസ്‌ലാം വിഷയത്തെ കൈകാര്യം ചെയ്യുന്നത്. ഇസ്‌ലാമിനെ വിമര്‍ശിക്കുന്നവര്‍ക്ക് എന്ത് പരിഹാരമാണ് സമര്‍പ്പിക്കാനുള്ളത്? ഉണ്ടെങ്കില്‍ ഇതിനേക്കാള്‍ വലിയ പ്രശ്‌നങ്ങള്‍ അതില്‍ നമുക്ക് കണ്ടെത്താന്‍ കഴിയും.                        

പ്രത്യക്ഷ തെളിവുകള്‍ പരിഗണിച്ച് തര്‍ക്കങ്ങളില്‍ തീര്‍പ്പുകല്‍പ്പിക്കുക എന്നതേ ഏതൊരു ന്യായാധിപനും സാധ്യമാവൂ. അത് ഇസ്‌ലാമിലായാലും വ്യത്യാസമൊന്നുമില്ല. സമ്പൂര്‍ണ നീതി ഇഹലോകത്ത് നടപ്പാക്കുക അസാധ്യമായതിനാലാണ് പരലോകവുമായി എല്ലാ നിയമങ്ങളും ഇസ്‌ലാം ബന്ധിപ്പിച്ചിരിക്കുന്നത്. നിയമങ്ങളുടെ ദുരുപയോഗമെന്ന യാഥാര്‍ഥ്യം ഇസ്‌ലാമും കാണാതിരുന്നിട്ടില്ല. എന്നു വെച്ച് സാമാന്യ നീതിക്ക് ഏറ്റവും ഉചിതമായ മാര്‍ഗങ്ങള്‍ അതൊരിക്കലും അവഗണിച്ചിട്ടുമില്ല. എന്നല്ല ഇതര ഭൗതിക നിയമങ്ങളേക്കാള്‍ ഏറെ മുന്നിലുമാണത് എന്നതാണ് വസ്തുത. തിരുമേനി (സ) തന്നെ ഒരിക്കല്‍ പറയുകയുണ്ടായി: നിങ്ങള്‍ കേസുമായി എന്നെ സമീപിക്കുന്നു. അങ്ങനെ വാദിയുടെയും പ്രതിയുടെയും വാദമുഖങ്ങള്‍ കേട്ടത് വെച്ച് ഞാന്‍ വിധി പറയും. നിങ്ങളില്‍ ചിലരാകട്ടെ വാക്ചാതുരിയില്‍ മറുകക്ഷിയേക്കാള്‍ മികവുള്ളവനായേക്കും. അതിനാല്‍ മനസ്സിലാക്കിക്കൊള്ളുക, ആരാന്റെ വല്ല അവകാശവുമാണ് ഞാന്‍ നിങ്ങള്‍ക്ക് പതിച്ചുനല്‍കുന്നതെങ്കില്‍ നരകത്തില്‍ നിന്നുള്ള ഒരു ചീന്താണത് എന്ന് മനസ്സിലാക്കിക്കൊള്ളുക (ബുഖാരി). 

എന്നുവെച്ചാല്‍ നിയമങ്ങളുടെ ദുരുപയോഗവും അവ മറികടക്കാനുള്ള ഉപായവും ഉണ്ടാവുമെന്ന് തന്നെ. ഇവിടെയും ദമ്പതികളില്‍ ആ കാര്യം സംഭവിക്കാമല്ലോ. അതിനാല്‍ ഭര്‍ത്താവിന്റെ വിവാഹമോചനാവകാശം നിരുപാധികമാക്കി വിട്ടില്ല. അന്യായമായി അത് ഉപയോഗപ്പെടുത്തുന്നത് ദൈവസിംഹാസനത്തെ പിടിച്ചുകുലുക്കുമെന്നും ഏറ്റവും വെറുക്കപ്പെട്ട ഹലാലാണെന്നും പഠിപ്പിച്ചു. 

യഥാര്‍ഥത്തില്‍ സ്ത്രീയാവട്ടെ പുരുഷനാവട്ടെ അനീതിക്കിരയായിക്കൂടാ. അങ്ങനെ ആരെങ്കിലും അനീതിക്കിരയാകുന്ന പക്ഷം അവര്‍ക്ക് നീതികിട്ടാനുള്ള സംവിധാനം ഉണ്ടായിരിക്കണം. നിലവിലുള്ള  മതദര്‍ശനങ്ങളും മനുഷ്യനിര്‍മിത വ്യവസ്ഥകളും നിയമസംഹിതകളും വെച്ചു നോക്കുമ്പോള്‍ അല്ലെങ്കില്‍ താരതമ്യം ചെയ്ത് പരിശോധിക്കുമ്പോള്‍ ഇസ്‌ലാം ഈ വിഷയത്തില്‍ വളരെ ഉന്നതവും പ്രായോഗികവുമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്ന് ബോധ്യമാവും. ത്വലാഖും അതിന്റെ നിബന്ധനകളും അതിന്റെ ഗൗരവവും, ഖുല്‍ഉം അതിന്റെ പ്രസക്തിയും അതിലെ സൗകര്യവും, തഫ്‌രീഖുല്‍ ഖാദി അഥവാ ന്യായാധിപന്‍ മുഖേന, നീതിപീഠം മുഖേനെയുള്ള വേര്‍പെടുത്തല്‍ ഇവയോരോന്നും പ്രത്യേകം വിശദമായി പഠിച്ചാല്‍ അറിയാം ഇനി മറ്റൊരു സംവിധാനവും ആവശ്യമില്ല എന്ന്.  

കുറിപ്പുകള്‍
1. 2021 ജൂലൈ 30-ന് ഇറങ്ങിയ മാധ്യമം ദിനപത്രത്തില്‍ ഉമര്‍ പുതിയോട്ടില്‍ എഴുതിയ വാര്‍ത്ത.
https://www.madhyamam.com/kerala/muslim-divorce-verdict-in-kerala-high-court-830344
2. https://www.madhyamam.com/.../muslim-divorce-verdict-in...

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top