ആയത്തുല്‍ കുര്‍സിയിലെ അല്ലാഹുവിന്റെ സദ്ഗുണ നാമങ്ങളും ഗുണവിശേഷണങ്ങളും

ഡോ. മുഹമ്മദ് നഈം യാസീന്‍‌‌

അല്ലാഹുവിലുള്ള വിശ്വാസം: പ്രമാണ വായന -2/2

അല്ലാഹുവിന്റെ നാമങ്ങളിലെയും ഗുണവിശേഷണങ്ങളിലെയും തൗഹീദ് സംബന്ധമായ പരാമര്‍ശങ്ങള്‍ ഖുര്‍ആനിലും സുന്നത്തിലും ധാരാളമായുണ്ട്. ഇവ ഇല്ലാത്ത അധ്യായമോ പേജോ ഖുര്‍ആനിലില്ല. തൗഹീദ്, ഇബാദത്ത്, നിയമനിര്‍മാണം, ശാസനാ നിരോധങ്ങള്‍, വാഗ്ദാനം, താക്കീത്, ചരിത്രകഥകള്‍, ഉപമകള്‍ മുതലായവ അവതരിപ്പിക്കുന്നേടങ്ങളിലെല്ലാം ഇവ കാണാം.

ഖുര്‍ആന്റെ മൂന്നിലൊന്ന് എന്ന് നബി(സ) വിശേഷിപ്പിച്ച 'അല്‍ ഇഖ്‌ലാസ്വ്' (ഖുല്‍ഹുവല്ലാഹു അഹദ്....) ആണ് തദ്വിഷയകമായി ഊന്നിപ്പറയുന്ന അധ്യായം.36
അബൂസഈദില്‍ ഖുദ്‌രി(റ)യില്‍നിന്ന് ബുഖാരി ഉദ്ധരിക്കുന്നു. ഒരാള്‍ ആവര്‍ത്തിച്ച് അല്‍ ഇഖ് ലാസ്വ് അധ്യായം പാരായണം ചെയ്യുന്നത് മറ്റൊരാള്‍ കേട്ടു. കേട്ടയാള്‍ അതേക്കുറിച്ച് നബി(സ)യോട് പറഞ്ഞു. നബി(സ) പറഞ്ഞു:  والذي نفسي بيده إنها لتعدل ثلث القرآن  (എന്റെ ആത്മാവ് ആരുടെ കൈയിലാണോ, അവനാണ, അല്‍ ഇഖ്‌ലാസ്വ് അധ്യായം ഖുര്‍ആന്റെ മൂന്നിലൊന്നിനു തുല്യമാണ്). അബുസഈദില്‍നിന്നു തന്നെ മറ്റൊരു നിവേദനം. ഒരിക്കല്‍ നബി(സ) സ്വഹാബികളോടായി ചോദിച്ചു:
أيعجز أحدكم أن يقرأ ثلث القرآن في ليلة (നിങ്ങളിലാര്‍ക്കെങ്കിലും ഒരു രാത്രിയില്‍ ഖുര്‍ആന്റെ മൂന്നിലൊന്ന് പാരായണം ചെയ്യാന്‍ കഴിയാതിരിക്കുമോ?) സ്വഹാബികള്‍ക്ക് അത് പ്രയാസമായി തോന്നി. അവര്‍ പറഞ്ഞു: 'അല്ലാഹുവിന്റെ ദൂതരേ, ഞങ്ങളില്‍ ആര്‍ക്കാണ് അതു കഴിയുക? അപ്പോള്‍ നബി(സ) പറഞ്ഞു: الله الواحد الصمد ثلث القرآن (അല്ലാഹു ഏകനും നിരാശ്രയനുമാണ് എന്ന (ഇഖ്‌ലാസ്വ്) അധ്യായം ഖുര്‍ആന്റെ മൂന്നിലൊന്നാണ്).37
അല്ലാഹുവിന്റെ പൂര്‍ണതയെയും തികവിനെയും സമഗ്രമായി സ്ഥാപിക്കുന്നു, അവന് ഉണ്ടാവരുതാത്ത പോരായ്മകള്‍ ഇതല്ലെന്നു നിഷേക്കുന്നു എന്നതാണ് മേല്‍ അധ്യായത്തിന്റെ സവിശേഷത. അല്ലാഹു അവന്‍ ഏകന്‍, നിരാശ്രയന്‍ അതോടൊപ്പം സൃഷ്ടികള്‍ അവനെ ആശ്രയിക്കുന്നു, അവന്‍ ജനകനല്ല, ജനതനല്ല, അവന് തുല്യമായി ഒന്നുമില്ല. ഏകന്‍ എന്നാല്‍ അവന് സദൃശനായോ തുല്യനായോ ആരുമില്ല എന്നര്‍ഥം. 'ഏകന്‍' എന്നതിന്റെ വിവക്ഷ സ്ഥിരവും സ്ഥായിയുമായ സ്വഭാവത്തില്‍ പൂര്‍ണതയുടെ വിശേഷണങ്ങള്‍ അല്ലാഹുവിന് മാത്രമെ ഉള്ളൂ. 'സ്വമദ്' എന്നാല്‍ സൃഷ്ടികള്‍ തങ്ങളുടെ കാര്യങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കുമായി ആശ്രയിക്കപ്പെടുന്ന യജമാനന്‍ എന്നുവിവക്ഷ.39 'സ്വമദ് എന്ന നാമം ആവശ്യങ്ങള്‍ ഉന്നയിക്കപ്പെടാന്‍ അര്‍ഹനായി അല്ലാഹു മാത്രമെയുള്ളൂ എന്ന് തെളിയിക്കുന്നു. സത്യത്തില്‍നിന്ന് അകന്നുപോയവരും വഴിതെറ്റിക്കുന്നവരും സ്രഷ്ടാവില്‍നിന്ന് പിന്തിരിഞ്ഞ് സൃഷ്ടികളെ ലക്ഷ്യം വെച്ചു എന്നതുകൊണ്ട് അല്ലാഹുവിന്റെ അര്‍ഹത നഷ്ടമാവില്ല. കാരണം, അല്ലാഹുവാണ് സ്രഷ്ടാവും സൃഷ്ടികളുടെ നിയന്താവും എങ്കില്‍ അല്ലാഹു അല്ലാതെ സ്രഷ്ടാവില്ല, അവനല്ലാതെ നിയന്താവില്ല.

എങ്കില്‍ അല്ലാഹുവില്‍നിന്ന് പിന്തിരിഞ്ഞുപോവുന്നത് അജ്ഞതയും വിവരക്കേടുമാണ്. കാരണം എല്ലാ കാര്യങ്ങളും അല്ലാഹുവിന്റെ കൈകളിലാണ്.40 'അല്‍അഹദ്' (ഏകന്‍) എന്ന നാമം അല്ലാഹുവില്‍നിന്ന് എല്ലാതരം ന്യൂനങ്ങളെയും നിരാകരിക്കുന്നു. 'അസ്സ്വമദ്' (നിരാശ്രയന്‍) എന്ന നാമം പൂര്‍ണതയുടെയും മഹത്വത്തിന്റെയും സമസ്ത സവിശേഷതകളും അല്ലാഹുവിനു മാത്രമാണെന്നു സ്ഥാപിക്കുന്നു.41 ഖുര്‍ആന്റെ മൂന്നിലൊന്നിനു തുല്യമാണ് 'അല്‍ ഇഖ്‌ലാസ്വ്' അധ്യായം എന്ന് നബി(സ) പറഞ്ഞതെന്തു കൊണ്ടാണെന്നു ഇതില്‍നിന്നു മനസ്സിലാക്കാം. സ്രഷ്ടാവായ അല്ലാഹുവിന്റെ സമ്പൂര്‍ണതയുടെ സവിശേഷതകള്‍ സ്ഥാപിക്കുകയും ന്യൂനതയുടെ വിശേഷണങ്ങളെ അവനില്‍നിന്ന് നിഷേധിക്കുകയും ഇബാദത്തിനും സൃഷ്ടികളുടെ ആഭിമുഖ്യത്തിനുമുള്ള അവന്റെ അര്‍ഹത സ്ഥാപിക്കുകയും ചെയ്യുന്ന ഇസ് ലാമികാദര്‍ശം ഉള്‍ക്കൊള്ളുന്നതാണ് പ്രസ്തുത അധ്യായം. ഖുര്‍ആന്‍ ആദ്യന്തം സമഗ്രാര്‍ഥത്തില്‍ അല്ലാഹുവിനെയും അവന്റെ നാമങ്ങളെയും വിശേഷണങ്ങളെയും കുറിച്ച് വിവരിക്കുന്ന ആദര്‍ശമാണ്. അവകാശങ്ങളും ബാധ്യതകളും പരസ്പരമുള്ള വ്യവഹാരങ്ങളും എങ്ങനെയാവണമെന്ന് വിശദീകരിക്കുന്ന നിയമ സംഹിതയാണ്, സൃഷ്ടികളുമായുള്ള അല്ലാഹുവിന്റെ നടപടിക്രമങ്ങള്‍ പറഞ്ഞു തരുന്ന കഥകളും വര്‍ത്തമാനങ്ങളുമാണ് അല്ലാഹുവിന്റെ പ്രതിഫലവും ശിക്ഷയും വാഗാദാനവും താക്കീതുകളുമാണ്.

'അല്‍ ഇഖ്‌ലാസ്വ്' അധ്യായത്തെക്കുറിച്ച് ഇബ്‌നുല്‍ ഖയ്യിം എഴുതുന്നു: 'ഇഖ്‌ലാസ്വ് അധ്യായം ആദര്‍ശത്തിലെയും ജ്ഞാനത്തിലെയും എവ്വിധവുമുള്ള ഏതുതരം ബഹുദൈവത്വത്തെയും നിരാകരിക്കുന്ന ഏകത്വത്തെ അല്ലാഹുവിന് മാത്രം സ്ഥാപിച്ചു നല്‍കുന്നു. അല്ലാഹുവിന്റെ നിരാശ്രയത്വത്തെയും അവനുമായുള്ള സൃഷ്ടികളുടെ ആശ്രയത്വത്തെയും എടുത്തു പറയുന്നു. അല്ലാഹുവിന്റെ നിരാശ്രയത്വത്തിന്റെ പ്രത്യക്ഷ സാക്ഷ്യമായി അവന് പിതാവോ മകനോ ഇല്ലെന്ന് നിഷേധിക്കുന്നു. അല്ലാഹുവിന് സമന്മാരോ തുല്യരോ സദൃശരോ ഇല്ലെന്ന് നിഷേധിക്കുംവിധം തുല്യതയെ നിരാകരിക്കുന്നു. ഇതുകൊണ്ടെല്ലാം ഈ അധ്യായം എല്ലാ പൂര്‍ണതകളും അല്ലാഹുവിന് സ്ഥാപിച്ചു നല്‍കുന്നു. എല്ലാതരം കുറ്റങ്ങളില്‍നിന്നും കുറവുകളില്‍നിന്നും അവനെ മുക്തനാക്കുന്നു. അല്ലാഹു മാത്രം അര്‍ഹിക്കുന്ന പൂര്‍ണതയില്‍ അവനു തുല്യനോ സദൃശനോ പങ്കുകാരനോ ആയി മറ്റൊരാള്‍ ഇല്ലെന്ന് എടുത്തു പറയുന്നു. ഈ അടിത്തറകളാണ് ഏകദൈവ വിശ്വാസത്തിന്റെ ആദര്‍ശപരവും വൈജ്ഞാനികവുമായ സമഗ്രാശയം. ഇത് എല്ലാതരം ബഹുദൈവത്വ ഭ്രഷ്ട- ഗ്രൂപ്പുകളുടെയും വക്താക്കളുമായി ഭിന്നിച്ചു നില്‍ക്കുന്നു.'42 ഇത്രയും പറഞ്ഞത് ഒറ്റ അധ്യായം എന്ന നിലയില്‍ 'അല്‍ ഇഖ്‌ലാസ്വി'ന്റെ സമഗ്രപ്രാധാന്യം. ഇനി, ഇവ്വിഷയകമായ ഏകസൂക്തം എന്ന നിലയില്‍ പരിഗണിക്കുമ്പോള്‍, ഖുര്‍ആനിന്റെ ഏറ്റവും മഹത്തായ സൂക്തം എന്ന് നബി(സ) വിശേഷിപ്പിച്ച 'ആയത്തുല്‍ കുര്‍സി'യാണ് നമ്മുടെ ശ്രദ്ധയില്‍ വരിക.
اللَّهُ لَا إِلَٰهَ إِلَّا هُوَ الْحَيُّ الْقَيُّومُۚ لَا تَأْخُذُهُ سِنَةٌ وَلَا نَوْمٌۚ لَّهُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِۗ مَن ذَا الَّذِي يَشْفَعُ عِندَهُ إِلَّا بِإِذْنِهِۚ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْۖ وَلَا يُحِيطُونَ بِشَيْءٍ مِّنْ عِلْمِهِ إِلَّا بِمَا شَاءَۚ وَسِعَ كُرْسِيُّهُ السَّمَاوَاتِ وَالْأَرْضَۖ وَلَا يَئُودُهُ حِفْظُهُمَاۚ وَهُوَ الْعَلِيُّ الْعَظِيمُ ﴿٢٥٥﴾
(അല്ലാഹു-ബ്രഹ്‌മാണ്ഡ പാലകനായ അവന്‍-നിത്യജീവത്തായ അസ്തിത്വമാകുന്നു. അവനല്ലാതെ ദൈവമില്ല. അവനെ മയക്കമോ നിദ്രയോ ബാധിക്കുന്നില്ല. വാന-ഭുവനങ്ങളിലുള്ളതെല്ലാം അവന്റേതാകുന്നു. അവന്റെ സന്നിധിയില്‍ അനുമതി കൂടാതെ ശിപാര്‍ശ ചെയ്യാന്‍ കഴിയുന്നവനാര്? അടിമകളുടെ മുമ്പിലും പിന്നിലുമുള്ളതൊക്കെയും അവന്‍ അറിയുന്നു. അവന്റെ ജ്ഞാനത്തില്‍നിന്ന് ഒന്നുംതന്നെ ഉള്‍ക്കൊള്ളാന്‍ അവര്‍ക്കാവില്ല-അവരെ അറിയിക്കണമെന്ന് അവന്‍ സ്വയം ഉദ്ദേശിച്ചതല്ലാതെ. അവന്റെ ആധിപത്യം വാനലോകങ്ങളിലും ഭൂമിയിലും വ്യാപിച്ചിരിക്കുന്നു. അവയുടെ സംരക്ഷണം അവനെ ഒട്ടും ക്ഷീണിപ്പിക്കുന്നതല്ല. അവന്‍ അത്യുന്നതനും അതിഗംഭീരനും തന്നെ - ബഖറ- 255).

ഈ മഹത്തായ സൂക്തം തൗഹീദിന്റെ മൂന്ന് ഇനങ്ങളെയും (തൗഹീദുര്‍റുബൂബിയ്യ, തൗഹീദുല്‍ ഉലൂഹിയ്യ, തൗഹീദുല്‍ അസ്മാഇവസ്സ്വിഫാത്ത്) ഉള്‍ക്കൊള്ളുന്നു.
اللَّهُ لَا إِلَٰهَ إِلَّا هُوَ (അല്ലാഹു, അവനല്ലാതെ ഇലാഹില്ല) എന്നത് തൗഹീദിന്റെ അടിത്തറയായ ദിവ്യത്വം എന്ന തത്ത്വത്തെ സ്ഥാപിക്കുന്നു. അതില്‍നിന്നാണ് ജീവിതത്തെ മൊത്തം ചൂഴ്ന്നുനില്‍ക്കുന്ന ഇസ്‌ലാമിക വ്യവസ്ഥ ഉറവെടുക്കുന്നത്. അടിമത്തവും ഇബാദത്തും അല്ലാഹുവിനു മാത്രമായിരിക്കണം എന്ന് അത് നിര്‍ബന്ധിക്കുന്നു. മനുഷ്യന്‍ അല്ലാഹുവിന്റെ അടിമ മാത്രമേ ആകാവൂ. അല്ലാഹുവിനു മാത്രമേ ഇബാദത്ത് ചെയ്യാവൂ. അല്ലാഹുവെ മാത്രമേ അനുസരിക്കാവൂ. അല്ലാഹവിലേക്കല്ലാതെ വിധി തേടിപ്പോകരുത്, അവനില്‍ നിന്നല്ലാതെ നിയമമോ, മൂല്യമോ, സ്വഭാവശീലങ്ങളോ, ആശയങ്ങളോ സ്വീകരിക്കരുത്.43

الْحَيُّ (നിത്യജീവന്‍) തുടക്കമോ ഒടുക്കമോ ഇല്ലാത്തവിധം നിത്യമായ ജീവിതം ഉള്ളവന്‍ എന്നത്രെ അല്‍ഹയ്യ്.44 അവന് തുടക്കമോ ഒടുക്കമോ ഇല്ല. അവന്‍ എന്നും സജീവനായി ഉണ്ടായിരുന്നു എന്നും അങ്ങനെത്തന്നെ ഉണ്ടാവുകയും ചെയ്യും. അല്ലാഹു വിശേഷിപ്പിക്കപ്പെടുന്ന ജീവിതം അവനില്‍ നിലീനമായ സ്വത്വ ജീവിതമാണ്. സൃഷ്ടികള്‍ സ്രഷ്ടാവില്‍നിന്ന് ജീവിതം നേടുന്നതുപോലെ, അല്ലാഹു തന്റെ ജീവിതം മറ്റാരില്‍നിന്നെങ്കിലും നേടിയെടുക്കുകയല്ല. അതുപോലെ അല്ലാഹുവിന്റെ ജീവിതം എവിടെനിന്നെങ്കിലും തുടങ്ങിയതോ എവിടെയെങ്കിലും അവസാനിക്കുന്നതുമോ അല്ല.45
الْقَيُّوم (നിയന്താവ്). സൃഷ്ടികളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നടത്തിക്കൊണ്ടിരിക്കുന്നതും ലോകം നിയന്ത്രിക്കുന്നതും അല്ലാഹുവാണ്. എല്ലാവര്‍ക്കും വിഭവങ്ങള്‍ നല്‍കുന്നതും സംരക്ഷണമേകുന്നതും പരിരക്ഷ നല്‍കുന്നതും നിയന്ത്രിക്കുന്നതുമെല്ലാം അല്ലാഹു തന്നെ.46

'അല്‍ഹയ്യുല്‍ ഖയ്യൂ' എന്നിവ അല്ലാഹുവിന്റെ മഹത്തായ നാമങ്ങളിലെ രണ്ടെണ്ണമാണ്. അല്ലാഹുവിന്റെ ഇതര സദ്ഗുണങ്ങളെല്ലാം ആ രണ്ട് അച്ചുതണ്ടുകളിലാണ് കറങ്ങുന്നത്. അവയുടെ ആശയങ്ങള്‍ അവ രണ്ടിലേക്കുമാണ് മടങ്ങുന്നത്. അല്ലാഹുവിന്റെ ജീവിതം പൂര്‍ണതയുടെ എല്ലാ ഗുണങ്ങളെയും നേടുന്നുണ്ട്. അവയിലെ ഏതെങ്കിലും ഒരു ഗുണം ഇല്ലെങ്കില്‍ അവന്റെ ജീവിതം ആ അളവില്‍ ദുര്‍ബലമാണെന്നാണര്‍ഥം. അല്ലാഹുവിന് സമ്പൂര്‍ണമായ ജീവിതമുണ്ടെങ്കില്‍ അതിന്റെ അര്‍ഥം അവന് എല്ലാ പൂര്‍ണതയുമുണ്ട് എന്നാണ്. നിയന്താവ് എന്ന വിശേഷണം അല്ലാഹുവിന്റെ ധന്യതയെയും ശക്തിയുടെ പൂര്‍ണതയെയും ഉള്‍ക്കൊള്ളുന്നു. അവന്‍ സ്വയം നിലകൊള്ളുന്നു. ഒരു തരത്തിലും അവന് മറ്റൊരാളെ ആശ്രയിക്കേണ്ടതില്ല. സൃഷ്ടികള്‍ക്ക് നിലനില്‍പു നല്‍കുന്നത് അവനാണ്. എല്ലാ സൃഷ്ടികളും അവയുടെ നിലനില്‍പിന് അല്ലാഹുവിന്റെ ആസ്തിക്യത്തെയും നിയന്ത്രണത്തെയും ആശ്രയിക്കുന്നു എന്നതാണ് ലോകവസ്തുത.47

'അല്‍ഹയ്യു' 'അല്‍ഖയ്യൂം' എന്നീ രണ്ടു നാമങ്ങള്‍ക്ക് മുസ് ലിമിന്റെ ജീവിതത്തില്‍ വലിയ സ്ഥാനമുണ്ട്. അവയിലെ മഹത്തായ ആശയങ്ങള്‍ അയാള്‍ അനുസ്മരിച്ചുകൊണ്ടിരിക്കും. അയാളുടെ മനസ്സ് എപ്പോഴും അല്ലാഹുവുമായി ബന്ധപ്പെട്ടാണിരിക്കുക. അല്ലാഹുവിനെ സ്‌നേഹിച്ചും അവന് ഇബാദത്ത് ചെയ്തും അനുസരിച്ചും ഈ ബന്ധം തുടരും. തന്റെയും ചുറ്റിലുമുള്ളവരുടെയും കാര്യങ്ങളെല്ലാം യുക്തിജ്ഞമായും നിയന്ത്രണത്തോടെയും കൈകാര്യം ചെയ്യുന്നത് അല്ലാഹുവാണെന്ന് അയാള്‍ അറിയും. അതുകൊണ്ട് അയാള്‍ തന്റെ ജീവിതത്തെ യുക്തിജ്ഞതക്കും നിയന്ത്രണത്തിനും വിധേയമായി മുന്നോട്ടു കൊണ്ടുപോവാന്‍ പ്രതിബദ്ധത പുലര്‍ത്തുന്നു. തന്റെ മൂല്യങ്ങളെയും പരിമാണമാനങ്ങളെയും അതില്‍നിന്ന് സ്വീകരിക്കുന്നു. എല്ലാ സന്ദര്‍ഭങ്ങളിലും തന്നെ അല്ലാഹു നിരീക്ഷിക്കുന്നു എന്ന് അയാള്‍ മനസ്സിലാക്കുന്നു.48

لَا تَأْخُذُهُ سِنَةٌ وَلَا نَوْمٌۚ (അല്ലാഹുവിനെ ഉറക്കമോ മയക്കമോ ബാധിക്കില്ല). എന്ന ഭാഗം അല്ലാഹുവാണ് എല്ലാം നിയന്ത്രിക്കുന്നതും നിലനില്‍പ് ഉറപ്പുവരുത്തുന്നതെന്നും എല്ലാറ്റിന്റെയും നിലനില്‍പ് അവനെ ആശ്രയിച്ചാണെന്നും ശക്തമായി ഊന്നിപ്പറയുന്നു. കാരണം മയക്കവും ഉറക്കവും അല്ലാഹുവിന്റെ സമ്പൂര്‍ണ ജീവിതം, സമ്പൂര്‍ണ നിയന്ത്രണാധികാരം എന്നീ ആശയങ്ങള്‍ക്ക് വിരുദ്ധമാണ്.49

لَّهُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِۗ (ആകാശങ്ങളിലും ഭൂമിയിലുള്ളതെല്ലാം അല്ലാഹുവിന്റേതാകുന്നു) എന്ന ഭാഗം, ഏതു തരത്തിലുമുള്ള പങ്കാളിത്തങ്ങളില്‍നിന്ന് പരിശുദ്ധവും എല്ലാ ഉപാധികളില്‍നിന്ന് മുക്തവുമായ വിധത്തില്‍ അല്ലാഹുവിന്റെ സമഗ്രവും സമ്പൂര്‍ണവുമായ അധികാരാധിപത്യത്തെ സ്ഥാപിക്കുന്നു. ഈ ആദര്‍ശം ജനമനസ്സുകളില്‍ അടിയുറച്ചു കഴിഞ്ഞാല്‍ അവരുടെ ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തും. സയ്യിദ് ഖുത്വ്ബ് എഴുതുന്നു: 'യഥാര്‍ഥ അധികാരവും ആധിപത്യവും അല്ലാഹുവിനു മാത്രമാണെന്നതിന്റെ വിവക്ഷ, മനുഷ്യര്‍ക്ക് ഒട്ടുമെ അധികാരമില്ല എന്നത്രെ. എല്ലാം ഉടമപ്പെടുത്തുന്ന ഏകനും അടിസ്ഥാന ഉടമയുമായ അല്ലാഹു വകവെച്ചു തരുന്ന പ്രാതിനിധ്യാവകാശം മാത്രമെ മനുഷ്യര്‍ക്കുള്ളൂ. അതിനാല്‍ മനുഷ്യര്‍ പ്രാതിനിധ്യം നല്‍കിയ ഉടമസ്ഥനായ അല്ലാഹുവിന്റെ ഉപാധികള്‍ക്ക് വിധേയനായിട്ടായിരിക്കണം പ്രവര്‍ത്തിക്കുന്നത്. യഥാര്‍ഥ അധികാരിയായ അല്ലാഹു തന്റെ പ്രാതിനിധ്യമുള്ള മനുഷ്യന് തദ്വിഷയകമായി നിശ്ചയിച്ച ഉപാധികള്‍ അവന്‍ തന്നെ നല്‍കിയ നിയമസംഹിതയില്‍ വിവരിച്ചിട്ടുണ്ട്. പ്രതിനിധികള്‍ മാത്രമായ മനുഷ്യര്‍ക്ക് ആ ഉപാധികള്‍ക്കപ്പുറം പോവാന്‍ പാടില്ല. പുറത്തുപോയാല്‍ പ്രാതിനിധ്യത്തിന്റെ ഭാഗമായി ലഭിക്കുന്ന അധികാരം നഷ്ടമാവും. അവര്‍ നടത്തുന്ന വ്യവഹാരങ്ങള്‍ നിരര്‍ഥകമാവും. ആകാശ ഭൂമികളിലെ ഉടമസ്ഥന്റെ യാഥാര്‍ഥ്യം മനസ്സില്‍ ഉറക്കുന്നതോടെ താന്‍ എന്തിന്റെയെല്ലാം ഉടമയും അധിപനുമാണെന്ന് അയാള്‍ മനസ്സിലാക്കിയിരുന്നുവോ അവയൊന്നും തന്റേതല്ലെന്ന് അയാള്‍ക്ക് ബോധ്യമാവുന്നു. നിശ്ചിത അവധിവരെ മാത്രം വായ്പയായി നല്‍കപ്പെട്ടതായിരുന്നു അവ എന്ന യാഥാര്‍ഥ്യബോധം മനസ്സിലുറക്കുന്നു. ഈ യാഥാര്‍ഥ്യം മനസ്സില്‍ വരുന്നതോടെ അത്യാര്‍ത്തിയുടെയും പിശുക്കിന്റെയും ഭ്രാന്തമായ ഭൗതികതയുടെയും മൂര്‍ച്ചയും കാഠിന്യവും ഇല്ലാതാവും. അതോടൊപ്പം ആത്മസംതൃപ്തി നിറയും. ലഭ്യമാവുന്ന വിഭവങ്ങളില്‍ തൃപ്തനാവും. തനിക്കുള്ളവ ഉദാരപൂർവം വിനിയോഗിക്കാന്‍ സന്നദ്ധനാവും. മനസ്സില്‍ ശാന്തി വഴിഞ്ഞൊഴുകും. ചിത്തം ശാന്തമാവും. നഷ്ടപ്പെട്ടവയേയോ പാഴായതിനേയോ ചൊല്ലി അയാള്‍ ദുഖിക്കുകയില്ല. ഉദ്ദേശിച്ചവ ലഭ്യമാവാത്തതിന്റെ പേരില്‍ ഹൃദയം കത്തിഎരിയുകയില്ല.50
مَن ذَا الَّذِي يَشْفَعُ عِندَهُ إِلَّا بِإِذْنِهِۚ (അല്ലാഹുവിന്റെ അനുവാദമില്ലാതെ അല്ലാഹുവോട് ശിപാര്‍ശ പറയാന്‍ ആരാണുള്ളത്?) എന്ന സൂക്തഭാഗം ദിവ്യത്വത്തിന്റെയും അടിമത്തത്തിന്റെയും സ്ഥാനത്തിന്റെ വിശദീകരണമാണ്- എല്ലാ സൃഷ്ടികളും അല്ലാഹുവിന്റെ അടിമയാണ്. അടിമത്തത്തിന്റെ പരിധി ലംഘിക്കാന്‍ അവര്‍ക്കാവില്ല. അനുവാദമില്ലാതെ അവനോട് ശിപാര്‍ശ പറയാന്‍ അവര്‍ക്കാവില്ല. ഈ സൂക്തം അടിമത്ത യാഥാര്‍ഥ്യത്തിന്റെയും ദിവ്യത്വമെന്ന സത്യത്തിന്റെയും ഇടയില്‍ വ്യക്തമായ അതിരു നിശ്ചയിക്കുന്നു. സവിശേഷതകളിലോ ഗുണവിശേഷണങ്ങളിലോ സ്രഷ്ടാവും സൃഷ്ടികളും തമ്മില്‍ യാതൊരു തരത്തിലും പങ്കാളിത്തമില്ല.51

يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْۖ وَلَا يُحِيطُونَ بِشَيْءٍ مِّنْ عِلْمِهِ إِلَّا بِمَا شَاءَۚ 
(അവരുടെ-മനുഷ്യരുടെ-മുമ്പിലുള്ളതും പിന്നിലുള്ളതും അവന്‍-അല്ലാഹു-അറിയുന്നു. അവന്റെ അറിവില്‍നിന്ന് അവന്‍ ഉദ്ദേശിച്ചതല്ലാതെ അവര്‍ വലയം ചെയ്യുന്നില്ല) എന്ന സൂക്തം, അല്ലാഹുവിന്റെ ജ്ഞാനത്തെയും അത് സ്ഥല-കാല- വസ്തുക്കളെ ചൂഴ്ന്നു നില്‍ക്കുന്നതിനെയും സ്ഥാപിക്കുന്നു. അതോടൊപ്പം മനുഷ്യരുടെ ബലഹീനതയും അല്ലാഹു അറിയിച്ചുകൊടുത്തതല്ലാത്ത ഒന്നും അറിയാന്‍ കഴിയാത്ത മനുഷ്യരുടെ പോരായ്മയെയും എടുത്തുകാണിക്കുന്നു.52 ഒരു മുസ്‌ലിം അല്ലാഹുവിനെ ഈ രീതിയില്‍ വിശ്വസിക്കുകയും അത് തന്റെ ഹൃദയത്തില്‍ സന്നിഹിതമാക്കുകയും ചെയ്യുമ്പോള്‍ തന്റെ റബ്ബിനെ തന്നെ സദാനിരീക്ഷിക്കുന്നവനായി മനസ്സിലാക്കുന്നു. അല്ലാഹുവിന്റെ അതിരടയാളങ്ങള്‍ പരിഗണിച്ചും തെറ്റുചെയ്താല്‍ തന്റെ യാഥാര്‍ഥ്യം മനസ്സിലാക്കി ഉടനെത്തന്നെ അല്ലാഹുവിലേക്ക് തൗബ ചെയ്തും അയാള്‍ മടങ്ങുന്നു. താന്‍ യാഥാര്‍ഥ്യങ്ങളായി മനസ്സിലാക്കുന്നവയില്‍ അല്ലാഹു ചെയ്ത അനുഗ്രഹങ്ങള്‍ക്ക് അയാള്‍ എപ്പോഴും അല്ലാഹുവിന് നന്ദി ചെയ്യുന്നു. അഹങ്കാരത്തില്‍നിന്ന് അകന്നു നില്‍ക്കുന്നു.
وَسِعَ كُرْسِيُّهُ السَّمَاوَاتِ وَالْأَرْضَۖ وَلَا يَئُودُهُ حِفْظُهُمَاۚ (അവന്റെ-അല്ലാഹുവിന്റെ- സിംഹാസനം ആകാശ ഭൂമികളെ ചൂഴ്ന്നു നില്‍ക്കുന്നു. അവ രണ്ടിന്റെയും സംരക്ഷണം അവന് പ്രയാസമുള്ളതല്ല) എന്ന സൂക്തം, അല്ലാഹുവിന്റെ കഴിവിന്റെ പൂര്‍ണതയുടെ സാക്ഷ്യമാണ്.

തുടര്‍ന്ന് അല്ലാഹു തന്റെ രണ്ടു സദ്ഗുണ നാമങ്ങള്‍ കൂടി എടുത്തു പറഞ്ഞുകൊണ്ട് ആയത്തുല്‍ കുര്‍സി അവസാനിപ്പിക്കുന്നു.

وَهُوَ الْعَلِيُّ الْعَظِيمُ (അവന്‍ -അല്ലാഹു- ഉന്നതനും മഹാനുമാകുന്നു)
الْعَلِيُّ (ഉന്നതന്‍) എന്നാല്‍ തന്റെ സൃഷ്ടികളെക്കാള്‍ ഉയര്‍ന്നുനില്‍ക്കുന്നവന്‍ എന്നാണര്‍ഥം.53
അതായത്, സൃഷ്ടികളിലാരും അല്ലാഹുവിന്റെ സ്ഥാനത്തേക്ക് ഉയരാന്‍ ശ്രമിക്കരുത്. ശ്രമിച്ചാല്‍ അല്ലാഹു അയാളെ ദുന്‍യാവില്‍ നിന്ദ്യതയിലേക്കും താഴ്ചയിലേക്കും അധഃപതിപ്പിക്കും. പരലോകത്ത് ശിക്ഷയും ഹീനത്വവുമായിരിക്കും ഫലം.
الْعَظِيمُ (മഹാന്‍) എന്നാല്‍ എല്ലാം അല്ലാഹുവിന്റെ താഴെയാണ് എന്നാണര്‍ഥം. അല്ലാഹുവിന്റെ ഉന്നതിയുടെയും മഹത്വത്തിന്റെയും യാഥാര്‍ഥ്യം മനുഷ്യ മനസ്സില്‍ ഉറക്കുന്നതോടെ അയാള്‍ തന്റെ വില മനസ്സിലാക്കുകയും അല്ലാഹുവിനുള്ള അടിമത്തം എന്ന സ്ഥാനത്തേക്ക് മടങ്ങുകയും ചെയ്യുന്നു. അതോടെ അയാള്‍ അഹങ്കരിക്കുകയില്ല, പരിധി വിടുകയില്ല. അല്ലാഹുവെ ഭയപ്പെടുകയും അവനുമായും അവന്റെ സൃഷ്ടികളുമായും സദാചാര ബദ്ധമായ ജീവിതം നയിക്കുകയും ചെയ്യും.54
മുകളില്‍ പറഞ്ഞതെല്ലാം 'ആയത്തുല്‍ കുര്‍സി'യുടെ പ്രകടമായ ചില സവിശേഷതകളാണ്. ഏതൊരു മുസ് ലിമും അവ ആഗ്രഹിക്കണം, അവ മനഃപാഠമാക്കണം അവയുടെ ആശയങ്ങളെക്കുറിച്ച് അയാള്‍ ഉറ്റാലോചിക്കണം, അവ മനസ്സില്‍ കൂടെ ക്കൂടെ കൊണ്ടുവരണം. അവയുടെ അവകാശങ്ങള്‍ പരിഗണിക്കണം. ഈ വിഷയകമായി സാധുവായ ധാരാളം ഹദീസുകളുണ്ട്. നബി(സ) പ്രസ്താവിച്ചതായി അബൂഹുറൈറ(റ)
إذا أويت إلى فراشك فاقرأ آية الكرسي: الله لا إله إلا هو الحي القيوم...... فإنه لن يزال عليك من الله حافظ - ولا يقربك شيطان حتى تصبح
'നീ നിന്റെ വിരിപ്പിലേക്ക് അഭയം തേടിയാല്‍- ഉറങ്ങാനായി കിടന്നാല്‍- ആയത്തുല്‍ കുര്‍സി ഓതുക. അങ്ങനെയായാല്‍ അല്ലാഹുവിങ്കല്‍നിന്ന് നിനക്ക് ഒരു സംരക്ഷകനുണ്ടായിരിക്കും. നേരം പുലരുവോളം പിശാച് നിന്നെ സമീപിക്കുകയുമില്ല'.55
നബി(സ) പ്രസ്താവിച്ചതായി ഉബയ്യുബ്‌നു കഅ്ബ് നിവേദനം ചെയ്യുന്നു:
يا أبا المُنْذِرِ، أتَدْرِي أيُّ آيَةٍ مِن كِتابِ اللهِ معكَ أعْظَمُ؟ قالَ: قُلتُ: اللَّهُ ورَسولُهُ أعْلَمُ. قالَ: يا أبا المُنْذِرِ أتَدْرِي أيُّ آيَةٍ مِن كِتابِ اللهِ معكَ أعْظَمُ؟ قالَ: قُلتُ: {اللَّهُ لا إلَهَ إلَّا هو الحَيُّ القَيُّومُ} [البقرة:255]. قالَ: فَضَرَبَ في صَدْرِي، وقالَ: واللَّهِ لِيَهْنِكَ العِلْمُ أبا المُنْذِرِ.

അബുല്‍ മുന്‍ദിര്‍! (ഉബയ്യിന്റെ വിളിപ്പേര്) നിന്റെ കൂടെയുള്ള ഖുര്‍ആനിലെ ഏറ്റവും മഹത്തരമായ സൂക്തം ഏതാണെന്ന് നിനക്കറിയുമോ?' 'അല്ലാഹുവും അവന്റെ നാഥനുമാണ് ഏറ്റവും നന്നായി അറിയുന്നവര്‍.' നബി(സ) പറഞ്ഞു: അബുല്‍ മുന്‍ദിര്‍, നിന്റെ കൂടെയുള്ള ഖുര്‍ആനിലെ ഏറ്റവും മഹത്തരമായ സൂക്തം ഏതാണെന്ന് നിനക്കറിയാമോ? - ഉബയ്യ്: 'അല്ലാഹു ലാ ഇലാഹ ഇല്ലാഹുവല്‍ ഹയ്യുല്‍ ഖയ്യൂം.... (ബഖറ: 255) അപ്പോള്‍ എന്നെ അഭിനന്ദിച്ചുകൊ് നബി(സ) എന്റെ നെഞ്ചത്തടിച്ചു. 'അല്ലാഹുവും അവന്റെ നാഥനുമാണ് ഏറ്റവും നന്നായി അറിയുന്നവര്‍.' 

കുറിപ്പുകള്‍
36,37. صحيح البخاري مع فتح البارى ج 9 ص 49، زاد المعاد ج 1 ص 82
38. الاسماء والصّفات ص 21 شرح ملا علي القارى علن الفقه الأكبر ص 14
39. فتح الباري ج 8 ص 601، الاسماء والصفات ص 58 شرح ملا على القاري على الفقه الأكبر ص 14
40. الأسماء والصّفات ص 58
41. فتح الباري ج 9 ص 50
42. زاد المعاد ج 1 ص 81، 82
43. في ظلال القرآن (آية الكرسي)
44. تفسير الطّبري ج 5 ص 388، الأسماء والصّفات ص 20
45. في ظلال القرآن المجلّة الأوّل ص 418، 419 ج ص 388، الرّوضة النّديّة ص 61
46.الأسماء والصّفات ص 48، شرح العقيدة الطحاويّة ص 124، تفسير الطبري
47. شرح العقيدة الطحاويّة ص 124-125
48. في ظلال القرآن المجلّه الأوّل ص 419
49. الرّوضة النديّة ص 63
50. في ظلال القرآن ج 1 ص 420، 421
51. في ظلال القرآن ج 1 ص 420، 421
52. تفسير الطبري ج 5 ص 396، 397، الروضة النديّة 64
53. تفسير الطبري ج 5 ص 405
54. فى ظلال القرآن المجلّه الأول ص 424
55. صحيح البخاري مع فتح الباري ج 2 ص 384

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top