'ഗസ്‌വത്തുല്‍ ഹിന്ദ്'  ഒരു ഹദീസും കുറേ ഇസ്‌ലാം വിരോധികളും - 2/2

അബ്ദുല്‍ അസീസ് പൊന്മുണ്ടം‌‌
img

വിമര്‍ശകര്‍ വ്യക്തമാക്കുമോ?

ഇസ്‌ലാം മാത്രമല്ല, ബൈബിളും ശ്രീമദ് ഭാഗവതവുമെല്ലാം അന്ത്യനാളുമായി ബന്ധപ്പെടുത്തി, നിലനില്‍ക്കുന്ന ലോകക്രമത്തിന്റെ തകര്‍ച്ചയും അതിനെത്തുടര്‍ന്നുണ്ടാകുന്ന സൈനിക മുന്നേറ്റങ്ങളും നീതി കളിയാടുന്ന ലോകത്തിന്റെ ആവിര്‍ഭാവവുമൊക്കെ പ്രവചിച്ചിട്ടുണ്ട്. മുഹമ്മദ് നബി(സ)യുടെ വചനങ്ങളില്‍ ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും 'ഇന്ത്യാവിരുദ്ധത' ഗവേഷണം ചെയ്‌തെടുക്കുന്ന സംഘ്പരിവാര്‍ ശക്തികള്‍ക്കും അവരെപ്പോലെ ചിന്തിക്കുന്ന ഒരുവിഭാഗം ക്രിസ്ത്യാനികള്‍ക്കും നാസ്തികര്‍ക്കും ബൈബിളിലെയും ഭാഗവതത്തിലെയും തത്തുല്യ പ്രവചനങ്ങളെക്കുറിച്ച് എന്ത് പറയാനുണ്ട് എന്നറിയാന്‍ നമുക്ക് കൗതുകമുണ്ട്. 
ബൈബിളിലെ വെളിപാട് 13: 4-9, 20: 5-10, യേഹേസ്‌കേല്‍ 38: 5,13, ദാനിയേല്‍7: 8, 11: 30, 11:40,41... തുടങ്ങിയവചനങ്ങളുടെ അടിസ്ഥാനത്തില്‍ ലോകാവസാനത്തിന്റെ മുന്നോടിയായി യേശുവിന്റെ രണ്ടാം വരവുണ്ടാകുമെന്നും, ഗോഗ്മഗോഗ് യുദ്ധങ്ങള്‍ ലോകത്ത് മുഴുവനും അരങ്ങേറുമെന്നും, ആയിരം വര്‍ഷം ഭൂമിയുടെ പരമാധികാരിയായി ഉഗ്രപ്രതാപമുള്ള ഒരുചക്രവര്‍ത്തിയെപ്പോലെ അദ്ദേഹം വാഴുമെന്നും, അന്ന് തങ്ങളുടെ വിശ്വാസത്തിന് അധികാരത്തിന്റെ പിന്‍ബലം ലഭിക്കുമെന്നും ആത്മാര്‍ഥമായി വിശ്വസിക്കുന്നവരാണ് ക്രൈസ്തവര്‍. അക്കാലത്ത് എതിര്‍ ക്രിസ്തുവിനോടൊപ്പം നില്‍ക്കുന്ന രാജ്യങ്ങളും അവനെ എതിര്‍ക്കുന്ന രാജ്യങ്ങളും ഏതൊക്കെയായിരിക്കുമെന്ന് ബൈബിള്‍ വചനങ്ങളില്‍നിന്ന് ലഭിക്കുന്ന സൂചനകളുടെ അടിസ്ഥാനത്തില്‍ അവരില്‍ ചിലര്‍ ലിസ്റ്റ് ചെയ്യാറുമുണ്ട്. അതിനാലവര്‍ വ്യക്തമാക്കട്ടെ: അന്ന് ഇന്ത്യയെ മാത്രം ഇപ്പോഴുള്ള അതേ ദേശരാഷ്ട്ര മാതൃകയില്‍ ആ അധികാര വ്യാപ്തിക്ക് പുറത്ത് സ്വതന്ത്രമായി തുടരാന്‍ യേശു അനുവദിക്കുമോ? നിലവിലെ ബൈബിള്‍ വെച്ചുകൊണ്ട് അങ്ങനെ വാദിക്കാനൊക്കുമോ? ഇല്ലെങ്കില്‍ അതിന്നര്‍ഥം ബൈബിള്‍ ഇന്ത്യയുള്‍പ്പെടെ മുഴുവന്‍ ലോകരാഷ്ട്രങ്ങള്‍ക്കുമെതിരായ കലാപത്തിന് പ്രേരിപ്പിക്കുന്നു എന്നാണോ?! ഇന്ത്യ എന്ന ഇന്നത്തെ രാജ്യരൂപവും അതിന്റെ ഭരണാധികാരികളും ഭരണഘടനയും നശിച്ച് യേശു സ്ഥാപിക്കാന്‍ പോകുന്ന ദൈവരാജ്യത്തിലേക്ക് ഈ ഭൂവിഭാഗം കൂട്ടിച്ചേര്‍ക്കപ്പെടുന്നത് സ്വപ്‌നം കണ്ടുകൊണ്ടിരിക്കുന്ന ക്രിസ്ത്യാനികള്‍ അക്കാരണത്താല്‍ ഒന്നാന്തരം ദേശവിരുദ്ധരാണെന്ന് വാദിക്കുന്നതിനെക്കുറിച്ച് എന്താണഭിപ്രായം? ശാന്തമായി അതിനെക്കുറിച്ചാലോചിച്ചാല്‍ മാത്രം മതി, ഹദീസിലെ 'ഗസ്‌വതുല്‍ ഹിന്ദ്' എന്ന പ്രയോഗത്തെ പ്രതി സംഘ്പരിവാറിന് ഒരുപറ്റം ക്രൈസ്തവര്‍ നല്‍കുന്നത് അവരെത്തന്നെ അടിച്ചും വെട്ടിയും ഒതുക്കാനുള്ള ഒന്നാന്തരം വടിവാളാണെന്ന് മനസ്സിലാവാന്‍! പക്ഷേ അതിനല്‍പം വിവേകവും വിവരവും വേണമെന്ന് മാത്രം! 

അന്ത്യനാളടുക്കുമ്പോള്‍ ധാരാളം ജൂതന്മാരെ കൂടെക്കൂട്ടി അന്തിക്രിസ്തു (മസീഹുദ്ദജ്ജാല്‍) എന്ന വ്യാജവാദി പ്രത്യക്ഷപ്പെട്ട് ലോകത്തുടനീളം സഞ്ചരിച്ച് മുസ്‌ലിംകളെ പീഡിപ്പിക്കുമെന്നും, തദവസരത്തില്‍ ഈസാ പ്രവാചകന്‍ ആകാശത്തുനിന്ന് ഇറങ്ങിവന്ന് ദജ്ജാലിനെ വധിക്കുമെന്നും ഹദീസുകളില്‍ വന്നിട്ടുണ്ട്. തുടര്‍ന്നദ്ദേഹം ഇസ്ലാമിക ഭരണാധികാരിയായി നീതിനിഷ്ഠമായി ലോകം ഭരിക്കുമെന്നും, ലോകത്ത് ക്ഷേമവും സമൃദ്ധിയും നിലവില്‍ വരുമെന്നും, ശത്രുക്കളുമായുള്ള ഇസ്ലാമിക യുദ്ധങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ജൂതന്മാരെ വധിക്കുകയും കുരിശ് തകര്‍ക്കുകയും പന്നികളെ കൊല്ലുകയും ചെയ്യുമെന്നും, അന്ന് അദ്ദേഹത്തില്‍ വിശ്വസിക്കാത്തവരായി ക്രിസ്ത്യാനികളില്‍ ആരും ഉണ്ടാകില്ലെന്നും മറ്റുമെല്ലാം വിവിധ നബിവചനങ്ങളില്‍നിന്ന് മനസ്സിലാക്കാം. ഹദീസിലെ 'ഗസ്‌വതുല്‍ ഹിന്ദ്' എന്ന പ്രയോഗത്തില്‍ പിടിച്ച് മുസ്‌ലിംകളെ മുഴുവന്‍ ഇന്ത്യാവിരുദ്ധരാക്കുന്ന കുയുക്തി പ്രകാരം ചിന്തിച്ചാല്‍, ഇത്തരം ഹദീസുകളുടെയും മുകളില്‍കൊടുത്ത ബൈബിള്‍ വചനങ്ങളുടെയും അടിസ്ഥാനത്തില്‍ രണ്ടാം വരവിന്റെ ഘട്ടത്തില്‍ യേശുവും അദ്ദേഹത്തിന്റെ കൂടെ നില്‍ക്കുന്നവരും കടുത്ത അക്രമികളും ഭീകരവാദികളും മത-ദൈവ നിന്ദകരും പരമതവിദ്വേഷികളും വംശീയ ഉന്മൂലനത്തിന്റെ വക്താക്കളും എന്തിനേറെ, മൃഗങ്ങളോട് പോലും ക്രൂരത കാണിക്കുന്നവരുമായിരിക്കും എന്നുകൂടി വാദിക്കേണ്ടിവരില്ലേ?! ഇതാണോ യേശുവിന്റെ രണ്ടാം വരവിന്റെ വേളയില്‍ അദ്ദേഹത്തെ പിന്തുണക്കുന്നവരെക്കുറിച്ച ക്രൈസ്തവ വീക്ഷണം?!

ലോകാവസാനത്തോടനുബന്ധിച്ച് വരാനിരിക്കുന്ന യുദ്ധങ്ങളെ സംബന്ധിച്ച് മാത്രമല്ല, കഴിഞ്ഞകാലങ്ങളില്‍ ലോകത്തുനടന്ന പോരാട്ടങ്ങളെക്കുറിച്ചും ബൈബിള്‍ പഴയനിയമത്തില്‍ ധാരാളം പരാമര്‍ശങ്ങളുണ്ട്. ഈജിപ്തില്‍നിന്ന് കാനാനിലെത്തിയശേഷം, ആദ്യം ന്യായാധിപന്മാര്‍ക്ക് കീഴിലും പിന്നീട് ദാവീദ് രാജാവിന് കീഴിലും ഇസ്രാഈല്യര്‍ അയല്‍ ഗോത്രങ്ങളുമായും പ്രദേശങ്ങളുമായും നിരന്തരം യുദ്ധം ചെയ്തതിന്റെയും അവയിലുണ്ടായ ദൈവസഹായങ്ങളുടെയും വിവരണങ്ങള്‍ ഉ ദാഹരണം മാത്രം. അവയുടെ മറപിടിച്ചുകൊണ്ട് ഒരാള്‍, ഇന്നും ആ പ്രദേശങ്ങള്‍ക്കും ഗോത്രങ്ങള്‍ക്കുമെതിരില്‍ യുദ്ധം ചെയ്യാനുള്ള കല്‍പന ബൈബിള്‍ പഴയനിയമം ഉള്‍ക്കൊള്ളുന്നു എന്നും, അതിനാല്‍ ജൂത-ക്രൈസ്തവ വേദങ്ങള്‍ രാജ്യവിരുദ്ധവും ഭീകരവാദികളുടെ സ്ലീപ്പര്‍സെല്ലുമാണെന്നും വാദിക്കുന്നു എന്നും സങ്കല്‍പ്പിക്കുക. എങ്കില്‍ എന്തായിരിക്കും ജൂത-ക്രൈസ്തവരുടെ പ്രതികരണം? അതുതന്നെയാണ് ഹദീസിലെ 'ഗസ്‌വതുല്‍ ഹിന്ദി'നെ പ്രതി ക്രൈസ്തവരില്‍ ചിലര്‍ നടത്തുന്ന വിമര്‍ശനങ്ങളെക്കുറിച്ച് നമുക്കും പറയാനുള്ളത്. 

ഹൈന്ദവര്‍ക്കുമുണ്ട് അവരുടേതായ ഒരു ലോകാവസാന ശാസ്ത്രം. ഒരു യുഗത്തിന്റെ അവസാനവും അടുത്ത യുഗത്തിലേക്കുള്ള സംക്രമണവും എന്ന നിലയിലാണത് ഹൈന്ദവധര്‍മങ്ങളില്‍ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. അതുപ്രകാരം, നാമിപ്പോള്‍ ജീവിക്കുന്ന കലിയുഗത്തിന്റെ അവസാനഘട്ടത്തില്‍ കല്‍ക്കിയുടെ രൂപത്തില്‍ വിഷ്ണു പത്താമത്തെ അവതാരമെടുത്ത് വരികയും ദേവദത്ത എന്നുപേരുള്ള അതിവേഗ കുതിരയുടെ പുറത്ത് കൈയില്‍ വാളും പിടിച്ച് വിശ്വസഞ്ചാരം നടത്തുകയും ചെയ്യും. നിലവിലുള്ള ഭരണാധികാരികളെ മുഴുവന്‍ വധിക്കുകയും ലോകത്തിന്റെ പരമാധികാരിയായി ചുമതലയേറ്റെടുത്ത് 'ധര്‍മം' പുനഃസ്ഥാപിക്കുകയും ചെയ്യും. (പണ്ഡിറ്റ് പി. ഗോപാലന്‍ നായര്‍, ശ്രീമദ് ഭാഗവതം, ഗുരുവായൂര്‍ ദേവസ്വം, 1987). ഇതുവെച്ചുകൊണ്ട് ഒരാള്‍, നിലവിലുള്ള ഇന്ത്യയെയും ലോകത്തെത്തന്നെയും തകര്‍ക്കാനും അതിന്റെ ഭരണാധികാരികളെ വധിക്കാനും ദൈവം അവതരിക്കുന്നത് പ്രതീക്ഷാപൂർവം കാത്തിരിക്കുന്നവരാണ് ഹിന്ദുക്കളെന്നും, അതിനാല്‍ അവര്‍ രാജ്യദ്രോഹികളും പൗരത്വം റദ്ദ് ചെയ്യപ്പെടേണ്ടവരുമാണെന്നും വാദിച്ചാല്‍ അതെത്രത്തോളം അര്‍ഥശൂന്യമായിരിക്കുമോ അതുതന്നെയാണ് 'ഗസ്‌വതുല്‍ ഹിന്ദു'മായി ബന്ധപ്പെടുത്തി ഇപ്പോള്‍ ഉയര്‍ത്തപ്പെട്ടിട്ടുള്ള വിവാദങ്ങളുടെ അവസ്ഥയും!

ഋഗ്വേദത്തിലും രാമായണത്തിലും മഹാഭാരതത്തിലും നിരവധി യുദ്ധവിവരണങ്ങള്‍ കാണാം. സ്ഥല-കാലബന്ധിതമായ അവയെ സന്ദര്‍ഭത്തില്‍ നിന്നടര്‍ത്തിയെടുത്ത് കേവലമായി വ്യാഖ്യാനിച്ചാല്‍ അത് എത്രത്തോളം വസ്തുതാവിരുദ്ധമായിരിക്കുമോ അതുതന്നെയാണ് 'ഗസ്‌വതുല്‍ ഹിന്ദ്' ഹദീസുകളുടെ അവസ്ഥയും. 'ഇന്ത്യ' കീഴടക്കാനുള്ള ആഹ്വാനവും കീഴടക്കിയതിന്റെ ആഹ്ലാദവും 'ഇന്ത്യക്കാരെ' വധിച്ചതിന്റെ ആനന്ദവുമൊക്കെ ഋഗ്വേദത്തില്‍ കാണാം. അത്തരം വേദപാഠങ്ങളും ആര്യാധിപത്യത്തിന്റെ വ്യാപനചരിത്രവും ഉദ്ധരിച്ച് ഹിന്ദുക്കള്‍ ഇന്ത്യാവിരുദ്ധരാണെന്നും അവരുടെ വേദങ്ങള്‍ രാജ്യദ്രോഹം പഠിപ്പിക്കുന്നവയാണെന്നും വാദിക്കാമോ? 
കൃഷ്ണന്‍ അര്‍ജുനന് നല്‍കിയ യുദ്ധാഹ്വാനങ്ങളായി മഹാഭാരതം പരിചയപ്പെടുത്തുന്ന വാക്കുകള്‍ മാത്രമെടുത്താല്‍, ഇന്ദ്രപ്രസ്ഥം കീഴടക്കാനുള്ള കേവലപ്രേരണയായി അതിനെ തെറ്റിദ്ധരിപ്പിക്കാനും നിലവിലെ ഇന്ത്യയുടെ തലസ്ഥാന നഗരിക്കെതിരില്‍ യുദ്ധം പ്രഖ്യാപിക്കാനുള്ള ന്യായമാക്കി ഉയര്‍ത്തിക്കാണിക്കാനും നിഷ്പ്രയാസം സാധിക്കും. ഭഗവദ്ഗീതയിലെ ''(ഇന്ദ്രപ്രസ്ഥത്തിനെതിരായ) യുദ്ധത്തിനുവേണ്ടി നിശ്ചയ ദാര്‍ഢ്യത്തോടെ എഴുന്നേറ്റുനില്‍ക്കുക. കാരണം (യുദ്ധത്തില്‍) നീ മരിച്ചാല്‍ നിനക്ക് സ്വര്‍ഗം ലഭിക്കും; നീ ജയിച്ചാലോ, നിനക്ക് യശസ്സും പ്രതാപവുമുണ്ടാകും'' (2:7) എന്ന കൃഷ്ണവാക്യത്തെ സന്ദര്‍ഭവും സാഹചര്യവും നോക്കാതെ വ്യാഖ്യാനിച്ചാല്‍ ഇന്ത്യയില്‍ അതെത്ര മാത്രം അപകടകരവും രാജ്യവിരുദ്ധവുമായിരിക്കും?! 

ഇതേകുറിച്ചൊക്കെ ഒരു നിമിഷം ആലോചിച്ചാല്‍ മാത്രം മതി, അല്‍ഹിന്ദ് യുദ്ധവുമായി ബന്ധപ്പെട്ട ഹദീസുകള്‍ക്കും സന്ദര്‍ഭവും സാഹചര്യവുമുണ്ട്, അതൊരിക്കലും നിലവിലെ ഇന്ത്യക്കെതിരെ പോരാടാനുള്ള ആഹ്വാനമല്ല, തദ്‌സംബന്ധമായി ഉയര്‍ത്തപ്പെട്ടിട്ടുള്ള മുഴുവന്‍ വിമര്‍ശനങ്ങളും നിക്ഷിപ്ത താല്‍പര്യങ്ങളോട് കൂടിയുള്ളതാണ് എന്ന് മനസ്സിലാക്കാന്‍.

നവനാസ്തികരുടെ നിലപാട്

നാം ചര്‍ച്ച ചെയ്യുന്ന ഹദീസിനെ പ്രതി ഇസ്‌ലാമിനെ പ്രതിസ്ഥാനത്ത് നിര്‍ത്തുകയും മുസ്‌ലിംകളെ ഭീകരവാദികളാക്കുകയും ചെയ്യാറുള്ള നവനാസ്തികരുടെ അവസ്ഥ ഇതിനെക്കാളെല്ലാം പരിതാപകരമാണ്. 'ഇസ്‌ലാമുമായുള്ള യുദ്ധത്തില്‍ ആശയം കൊണ്ടായില്ലെങ്കില്‍ ആയുധം കൊണ്ടെങ്കിലും പടിഞ്ഞാറ് ജയിക്കണം' എന്നുപറഞ്ഞ സാംഹാരിസില്‍ ഒരുകുറ്റവും കാണാത്തവരും അദ്ദേഹത്തെ നേതാവായി കൊണ്ടുനടക്കുന്നവരുമാണവര്‍! അതുപോലെ, ദശലക്ഷങ്ങളുടെ മരണത്തിന് കാരണമായിട്ടുപോലും ഇസ്രയേലിന്റെ ഫലസ്ത്വീന്‍ അധിനിവേശത്തെയോ റഷ്യയുടെയും അമേരിക്കയുടെയും അഫ്ഗാന്‍ അധിനിവേശത്തെയോ അമേരിക്കയുടെ ഇറാഖ് അധിനിവേശത്തെയോ അവര്‍ തെറ്റായി കാണുന്നുമില്ല. ഇറാഖിലേക്ക് സൈന്യത്തെ അയക്കാന്‍ യേശു സ്വപ്‌നത്തില്‍ ആജ്ഞാപിച്ചെന്ന് ബുഷ് പറഞ്ഞപ്പോള്‍ പോലും അതിനെതിരെ നവനാസ്തികര്‍ ശബ്ദിച്ചതായി കേട്ടുകേള്‍വി പോലുമില്ല. കുരിശ് - കോളനി യുദ്ധങ്ങള്‍ക്ക് ആഹ്വാനം നല്‍കിയ മാര്‍പ്പാപ്പമാരെയും അക്കാരണത്താല്‍ അവര്‍ ചോദ്യം ചെയ്തിട്ടില്ല. എന്നുമാത്രമല്ല, മനുഷ്യാവകാശങ്ങളും സ്ത്രീസ്വാതന്ത്ര്യവുമൊക്കെ ഹനിക്കപ്പെടുന്നതിനെതിരായ ഇടപെടലായിരുന്നു മേല്‍പറഞ്ഞ അധിനിവേശങ്ങളില്‍ പലതും എന്ന ന്യായീകരണം അവര്‍ മുന്നോട്ടു വെക്കാറുമുണ്ട്. അതേസമയം, കടുത്ത സ്വേച്ഛാധിപത്യത്തിനും വിശ്വാസ സ്വാതന്ത്ര്യത്തിനെതിരായ കൈയേറ്റങ്ങള്‍ക്കുമെതിരില്‍ മധ്യനൂറ്റാണ്ടുകളില്‍ ഇസ്‌ലാം നയിച്ച വിമോചന പോരാട്ടങ്ങളെ കൈയേറ്റവും ഭീകരതയുമായി അവര്‍ അവമതിക്കുകയും ചെയ്യുന്നു! ഇതില്‍പരം വിരോധാഭാസവും ഇരട്ടത്താപ്പും മറ്റെന്തുണ്ട്?!
സൈനികനീക്കങ്ങള്‍ എന്തിന്? ആര്‍ക്കെതിരെ?  

എണ്ണമറ്റ സൈനികനീക്കങ്ങളും യുദ്ധങ്ങളും ചരിത്രത്തില്‍ കഴിഞ്ഞുപോയിട്ടുണ്ട്. പ്രതിരോധപരമോ വിമോചനപരമോ ആയ യുദ്ധങ്ങള്‍ മുസ്‌ലിംകളുടെ പക്ഷത്തുനിന്നും ഉണ്ടായിട്ടുണ്ട്. അന്നത്തെ ലോകഘടനയും പശ്ചാത്തലവും കാരണവും മനസ്സിലാക്കാതെ അവയിലെ ശരിതെറ്റുകള്‍ നിര്‍ണയിക്കുക സാധ്യമല്ല. പ്രവാചക കാലത്ത്, മദീന ആസ്ഥാനമായ ഇസ്ലാമിക ഭരണകൂടത്തെ തകര്‍ക്കാന്‍ ആവേശം കാണിച്ചിരുന്ന ശത്രുനാടുകള്‍ പലതുമുണ്ടായിരുന്നു. റോമും പേര്‍ഷ്യയുമാണ് അതില്‍ പ്രധാനം. അക്കാലത്തെ സാമ്രാജ്യത്വ ശക്തികളായിരുന്നു അവ രണ്ടും. അവയെ നിലക്കുനിര്‍ത്തേണ്ടത് മുസ്‌ലിംകളുടെ സുരക്ഷക്കും ജനങ്ങളുടെ വിശ്വാസ സ്വാതന്ത്ര്യത്തിനും അനിവാര്യമായിരുന്നു. അതിനാല്‍ തന്നെ അവയെ മുസ്‌ലിംകള്‍ ജയിച്ചടക്കുന്നതിനെയും ഇസ്‌ലാം ലോകത്ത് വ്യാപിക്കുന്നതിനെയും കുറിച്ച ധാരാളം പ്രവചനങ്ങള്‍ ഹദീസുകളില്‍ കാണാം. അത്തരം ജൈത്രയാത്രകളില്‍ പങ്കുകൊള്ളുന്നവര്‍ക്കുള്ള വമ്പിച്ച പ്രതിഫലത്തെക്കുറിച്ചുമുണ്ട് ഹദീസില്‍ പരാമര്‍ശങ്ങള്‍. അറേബ്യന്‍ ഉപഭൂഖണ്ഡവും റോമും പേര്‍ഷ്യയുമെല്ലാം ഇവ്വിധം നബിവചനങ്ങളില്‍ കടന്നുവരുന്നുണ്ട്. ഇബ്‌നുമാജ ഉദ്ധരിച്ച ഒരുഹദീസ് കാണുക: ''നബി(സ) പറഞ്ഞു: നിങ്ങള്‍ അറേബ്യന്‍ ഉപഭൂഖണ്ഡത്തോട് യുദ്ധം ചെയ്യും. അങ്ങനെ അല്ലാഹു നിങ്ങള്‍ക്ക് വിജയം നല്‍കും. ശേഷം പേര്‍ഷ്യയോട് യുദ്ധം ചെയ്യും. അല്ലാഹു നിങ്ങള്‍ക്ക് വിജയം നല്‍കും. അനന്തരം റോമിനോട് യുദ്ധം ചെയ്യും. അവിടെയും അല്ലാഹു നിങ്ങള്‍ക്ക് വിജയം നല്‍കും. പിന്നീട് ദജ്ജാലിനോട് യുദ്ധം ചെയ്യും. അതിലും അല്ലാഹു നിങ്ങള്‍ക്ക് വിജയം നല്‍കും. റോം കീഴടക്കപ്പെടുവോളം ദജ്ജാല്‍ പുറപ്പെടുകയില്ല.'' (ഇബ്‌നുമാജ 3320)  

ആ പ്രദേശങ്ങളില്‍ ഇന്ന് നിലനില്‍ക്കുന്ന ദേശരാഷ്ട്രങ്ങളായ ഇറാഖിനോടോ ഇറാനോടോ സിറിയയോടോ ഫലസ്ത്വീനോടോ ജോര്‍ദാനോടോ ഈജിപ്തിനോടോ യുദ്ധം ചെയ്തു വിജയം നേടലാണ് അതിന്റെ താല്‍പര്യമെന്ന് ആരെങ്കിലും ധരിക്കുന്നുണ്ടെങ്കില്‍, അവര്‍ ഒട്ടും സ്ഥല-കാലബോധമില്ലാത്തവരും, ആ പ്രവചനങ്ങള്‍ ചരിത്രത്തില്‍ സഫലമായതും ശത്രുതകള്‍ അപ്രസക്തമായതും അറിഞ്ഞിട്ടില്ലാത്തവരും, അവയുടെ രാഷ്ട്രീയ യുക്തിബാധകമായ കാലം അവസാനിച്ചത് മനസ്സിലായിട്ടില്ലാത്തവരുമാകാനേ തരമുള്ളൂ. നാം ചര്‍ച്ചചെയ്യുന്ന ഹദീസിലെ 'ഗസ്‌വതുല്‍ ഹിന്ദി'നെക്കുറിച്ച പരാമര്‍ശത്തെയും ഇങ്ങനെയാണ് നോക്കിക്കാണേണ്ടത്. ലോകത്തേറ്റവും കൂടുതല്‍ മുസ്ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന രണ്ടാമത്തെ രാജ്യമാണല്ലോ ഇന്നും ഇന്ത്യ. കൂടാതെ 'അല്‍ഹിന്ദി'ന്റെ ഭാഗമായിരുന്ന പാക്കിസ്താനും ബംഗ്ലാദേശും മലേഷ്യയും ഇന്തോനേഷ്യയും ഒക്കെ ലോകത്തിലെ പ്രധാന മുസ്ലിം ആവാസകേന്ദ്രങ്ങളാണ് താനും. 

ഹദീസിലെ 'അല്‍ഹിന്ദ്' കൊണ്ടുള്ള വിവക്ഷ ബസ്വ്‌റയാണെങ്കില്‍ തന്നെ അത് ജയിച്ചടക്കാന്‍ മുഹമ്മദ് നബി(സ) ആഗ്രഹിച്ചതും പ്രോത്സാഹിപ്പിച്ചതും എന്തിന്? അത് അനീതിയിലധിഷ്ഠിതമായ കടന്നുകയറ്റമല്ലേ എന്ന ചോദ്യം ഇവിടെ ന്യായവും സ്വാഭാവികവുമാണ്. മതസ്വാതന്ത്ര്യവും വിവിധ പ്രത്യയശാസ്ത്രങ്ങളോടുള്ള സമാധാനപരമായ സഹവര്‍തിത്വവുമൊക്കെ അസംഭവ്യമായിരുന്ന പൗരാണിക ലോകവ്യവസ്ഥയുടെ പശ്ചാത്തലത്തില്‍ നിന്നുകൊണ്ടുവേണം ഇത്തരം ഹദീസുകളിലെ യുദ്ധാഹ്വാനങ്ങളെ മനസ്സിലാക്കാന്‍. വിശ്വാസ സ്വാതന്ത്ര്യമോ ജനാധിപത്യ മൂല്യങ്ങളോ തൊട്ടുതീണ്ടിയിട്ടില്ലാത്ത, തങ്ങള്‍ക്കിഷ്ടമില്ലാത്ത മതങ്ങളെയോ ആദര്‍ശങ്ങളേയോ സംസ്‌കാരങ്ങളേയോ വെച്ചു പൊറുപ്പിക്കാത്ത കടുത്ത ഏകാധിപത്യ ഭരണമായിരുന്നു അന്ന്, വിശിഷ്യാ സാസാനിയന്‍ അധീശത്വകാലത്ത് പേര്‍ഷ്യയില്‍ നിലനിന്നിരുന്നത്. തുടക്കം മുതലേ അങ്ങേയറ്റം ശത്രുതാ മനോഭാവത്തോടെയാണ് അവര്‍ ഇസ്ലാമിനെ അഭിമുഖീകരിച്ചിരുന്നത്. പേര്‍ഷ്യന്‍ രാജാവായ കിസ്‌റയെ ഇസ്ലാമിലേക്ക് ക്ഷണിച്ചുകൊണ്ട് മുഹമ്മദ് നബി(സ) കത്തയച്ചപ്പോള്‍ അഹങ്കാരത്തോടെയും ധാര്‍ഷ്ട്യത്തോടെയും അത് പിച്ചിച്ചീന്തുകയാണ് ആ ഏകാധിപതി ചെയ്തത്. മാത്രമല്ല, യമനില്‍ ഭരണം നടത്തിയിരുന്ന തന്റെ പ്രതിനിധിയായ ബാദാനോട് മുഹമ്മദ് നബിയെ പിടികൂടാനും കൊല്ലാനും ആവശ്യപ്പെടുകയും ചെയ്തു! 'രാജാധിരാജ'നായ തന്നെ മറ്റൊരു മതത്തിലേക്ക് ക്ഷണിക്കാന്‍ മുഹമ്മദ്(സ) കാണിച്ച തന്റേടത്തിനുള്ള ശിക്ഷയായിരുന്നുവത്രെ അത്! (താരീഖുത്ത്വബ്രി 2/654). 

അതിര്‍ത്തികളിലുള്ള അറബ് ഗോത്രങ്ങളെ ഇസ്ലാമിക രാഷ്ട്രത്തിനെതിരെ ഇളക്കിവിടുകയും സായുധ വിപ്ലവങ്ങള്‍ക്ക് പ്രോത്സാഹിപ്പിക്കുകയും ചെയ്യുക പേര്‍ഷ്യന്‍ ഭരണാധികാരികളുടെ പതിവായിരുന്നു. ഇത് ഒടുവില്‍ യുദ്ധത്തിലാണ് കലാശിച്ചത്. ആഭ്യന്തര കലാപകാരികളുമായും സഹായികളായ പേര്‍ഷ്യക്കാരുമായും മുഥന്നബ്‌നു ഹാരിസതുശ്ശൈബാനിയുടെ നേതൃത്വത്തിലുള്ള മുസ്ലിം സൈന്യം അറബ് ഗള്‍ഫ് തീരത്ത് പല പ്രാവശ്യം ഏറ്റുമുട്ടി. പൂര്‍ണമായും ഇസ്ലാമിക നേതൃത്വത്തിനു കീഴില്‍ വരുന്നതുവരെ പേര്‍ഷ്യക്കാരില്‍നിന്നുമുള്ള വൈദേശിക കലാപങ്ങള്‍ കെട്ടടങ്ങിയിരുന്നില്ല. ഒരു പ്രകോപനവുമില്ലാതെ മുസ്‌ലിംകള്‍ പേര്‍ഷ്യയെ കടന്നാക്രമിക്കുകയോ അധിനിവേശം നടത്തുകയോ ആയിരുന്നില്ല എന്ന് ഇതില്‍നിന്ന് വ്യക്തം. ബസ്വ്‌റ കീഴ്‌പ്പെടുത്തിയതിനെക്കുറിച്ച് പറയവെ ചരിത്രകാരന്മാര്‍ ഇങ്ങനെ രേഖപ്പെടുത്തിയത് കാണാം: ''ബസ്വ്‌റയില്‍നിന്നും ചുറ്റുപാടുമുള്ള പട്ടണങ്ങളില്‍നിന്നും പേര്‍ഷ്യന്‍ സാമ്രാജ്യത്തിലേക്ക് ചെല്ലുന്ന യുദ്ധസന്നാഹങ്ങളും സഹായങ്ങളും തടയുക എന്നത് ബസ്വ്‌റ കീഴടക്കുന്നതിന് പിന്നിലെ പ്രധാന ലക്ഷ്യങ്ങളിലൊന്നായിരുന്നു.'' (താരീഖുത്ത്വബ്രി: 3/596, അത്തം ബീഹുവല്‍ ഇശ്‌റാഫ് :1/310)

മുസ്ലിം സൈനിക നായകരില്‍ ഒരാളായിരുന്ന സഅ്ദ്ബ്‌നു അബീവഖ്വ്ഖ്വാസ്വ്(റ) പേര്‍ഷ്യന്‍ രാജ്യങ്ങളില്‍നിന്നുള്ള വിജയ വാര്‍ത്തകളും യുദ്ധാര്‍ജിത സ്വത്തുക്കളും മദീനയിലേക്ക് അയച്ച സന്ദര്‍ഭത്തില്‍, ഖലീഫാ ഉമറിനോട് പേര്‍ഷ്യന്‍ പ്രദേശങ്ങളില്‍ യുദ്ധം തുടരാനുള്ള അനുവാദം ആവശ്യപ്പെട്ടപ്പോള്‍ അത് നിരസിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞത്, 'അവര്‍ക്കും നമുക്കുമിടയില്‍ ഒരു വലിയ പർവതമുണ്ടാവുകയും നാം അവരില്‍നിന്നും, അവര്‍ നമ്മില്‍നിന്നും സുരക്ഷിതരായിരിക്കുകയും ചെയ്തിരുന്നെങ്കില്‍ എന്നാണ് എന്റെ ആശ, യുദ്ധാര്‍ജിത സ്വത്തിനേക്കാള്‍ മുസ്ലിംകളുടെ സുരക്ഷയ്ക്കാണ് ഞാന്‍ മുന്‍ഗണന നല്‍കുന്നത്' എന്നായിരുന്നു. (താരീഖുത്ത്വബ്രി 4/28). ഖലീഫാ ഉമറിന്റെ ഈ നിലപാടില്‍നിന്നും മുസ്‌ലിംകള്‍ യുദ്ധത്തിനിറങ്ങിയത് എന്തിനായിരുന്നുവെന്നും അധിനിവേശമല്ലായിരുന്നു അവരുടെ ലക്ഷ്യമെന്നും മനസ്സിലാക്കാവുന്നതാണ്. 
ഇസ്ലാം സ്വീകരിക്കുകയോ അതിന്റെ ചിഹ്നങ്ങള്‍ പ്രകടിപ്പിക്കുകയോ, അത് പ്രചരിപ്പിക്കുകയോ ചെയ്യുന്നതിനുള്ള സ്വാതന്ത്ര്യം നിഷേധിക്കപ്പെടുകയും വിശ്വാസത്തിന്റെ പേരില്‍ മര്‍ദനങ്ങളും പീഢനങ്ങളും അനുഭവിക്കുകയും ചെയ്യുന്ന അവസ്ഥ ഇസ്ലാമികേതര രാജ്യങ്ങളില്‍ ഉണ്ടെങ്കില്‍ അതവസാനിപ്പിക്കുക, ഇസ്ലാമികാദര്‍ശം പൂര്‍ണമായും ഉള്‍ക്കൊണ്ട് ജീവിക്കാന്‍ കഴിയുന്ന അവസ്ഥ സംജാതമാക്കുക, ഇസ്‌ലാമിക രാഷ്ട്രത്തിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്തുക തുടങ്ങിയവയായിരുന്നു ഇത്തരം സൈനിക മുന്നേറ്റങ്ങളുടെ ലക്ഷ്യം. അതിന് സായുധസമരമല്ലാതെ മറ്റൊരുവഴി അന്നത്തെ ഇസ്‌ലാമിക സമൂഹത്തിനു മുന്നില്‍ ഇല്ലായിരുന്നു. ഇത്തരമൊരു സങ്കീര്‍ണ രാഷ്ട്രീയ പശ്ചാത്തലത്തില്‍ ശത്രുരാജ്യങ്ങളെ ജയിച്ചടക്കാന്‍ ആഹ്വാനം ചെയ്യുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നബിവചനങ്ങള്‍ എടുത്തു കാണിച്ച്, അതൊക്കെ എക്കാലത്തേക്കുമുള്ള കല്‍പനയും പ്രോത്സാഹനവുമായി ചിത്രീകരിക്കുന്നതിലെ കുബുദ്ധി തിരിച്ചറിയപ്പെടേണ്ടതുണ്ട്. ബ്രിട്ടീഷ് അധിനിവേശ ശക്തിയോട് യുദ്ധം പ്രഖ്യാപിച്ചുകൊണ്ടുള്ള ഇന്ത്യന്‍ സ്വാതന്ത്ര്യസമര നേതാക്കളുടെ വാചകങ്ങള്‍ എടുത്തുദ്ധരിച്ച് ഇന്നത്തെ, അല്ലെങ്കില്‍ എക്കാലത്തേയും ബ്രിട്ടനോട് ശത്രുത വെച്ചുപുലര്‍ത്തലാണ് അവയുടെ ഉള്‍സാരമെന്ന് ദുർവ്യാഖ്യാനിക്കുന്നതുപോലെ ബാലിശമാണ്, ഇസ്‌ലാമിനോട് ശത്രുത പുലര്‍ത്തിയിരുന്ന വിവിധ രാജ്യങ്ങള്‍ ജയിച്ചടക്കപ്പെടുന്നത് സംബന്ധിച്ച നബിവചനങ്ങളെ കഴിഞ്ഞ നൂറ്റാണ്ടില്‍ മാത്രം നിലവില്‍വന്ന ഏതെങ്കിലും ദേശരാഷ്ട്രങ്ങളോടുള്ള യുദ്ധപ്രഖ്യാപനമായി തെറ്റിദ്ധരിപ്പിക്കുന്നതും. നാം ചര്‍ച്ച ചെയ്യുന്ന ഹദീസുകള്‍ വെച്ചുകൊണ്ടുള്ള വിമര്‍ശക വാദങ്ങളും തഥൈവ! മതനിരപേക്ഷതയോ ആദര്‍ശസഹവര്‍തിത്വമോ അടിസ്ഥാനമായി സ്വീകരിച്ച ഏതെങ്കിലും രാജ്യങ്ങളോട് പോരാടാനുള്ള നേരിയ സൂചനപോലും പ്രസ്തുത ഹദീസുകളിലില്ല.     

ഇവ്വിഷയകമായി വന്നിട്ടുള്ള ഹദീസുകളില്‍ പരാമര്‍ശിക്കപ്പെട്ട അല്‍ഹിന്ദ് ബസ്വ്‌റയാണെങ്കില്‍ അത് നൂറ്റാണ്ടുകള്‍ക്ക് മുമ്പേ മുസ്ലിംകളുടേതായിക്കഴിഞ്ഞു. ബസ്വ്‌റക്കെതിരായ യുദ്ധവുമായി ബന്ധപ്പെട്ട നബിവചനം എക്കാലത്തേയും ബസ്വ്‌റ പട്ടണത്തിനും അതുള്‍കൊള്ളുന്ന രാഷ്ട്രത്തിനും ബാധകമായ പൊതു പ്രസ്താവമല്ലെന്ന് അതില്‍നിന്നുതന്നെ വ്യക്തം. അഥവാ അങ്ങനെയാണെന്ന് വ്യാഖ്യാനിക്കുന്ന പക്ഷം, ആധുനിക 'മുസ്ലിം ഇറാഖി'നോട് തന്നെ യുദ്ധം ചെയ്യുന്നതിനെക്കുറിച്ചാണ് പരാമൃഷ്ട നബിവചനങ്ങള്‍ സംസാരിക്കുന്നത് എന്നും വാദിക്കേണ്ടിവരും!

സിന്ധിലെ പോരാട്ടം

ഉമവീ ഖലീഫ വലീദ്ബ്‌നു അബ്ദില്‍ മലികിന്റെ ഭരണകാലത്താണ് മുസ്‌ലിം സൈന്യം സിന്ധിന്റെ ഉള്ളറകളിലേക്ക് കടന്നതെന്ന് നേരത്തെ പറഞ്ഞല്ലോ. വടക്കേ ഇന്ത്യയില്‍ മുസ്ലിംകളുടെ പ്രഥമ രാഷ്ട്രീയ സാന്നിധ്യമുണ്ടായത് അങ്ങനെയാണ്. ആ പടയോട്ടം ഏതെങ്കിലും തരത്തിലുള്ള സ്വാര്‍ഥ താല്‍പര്യങ്ങളുടെ ഭാഗമായി നടന്ന രാഷ്ട്രീയ അധിനിവേശമായിരുന്നില്ല. അന്ന് സിന്ധ് ഭരിച്ചിരുന്ന ദാഹിര്‍ രാജാവിന്റെ തെറ്റായ ചെയ്തികളുടെ അനന്തരഫലമായിരുന്നു അത്. നിരാലംബരായ സ്ത്രീകളുടെയും കുട്ടികളുടെയും മോചനമാണ് അതെന്നാണ് ചരിത്രകാരനായ ബലാദുരി രേഖപ്പെടുത്തിയിരിക്കുന്നത്. (ഫുതൂഹുല്‍ ബുല്‍ദാന്‍, പേജ് 423, 424). ശ്രീലങ്കയില്‍ വെച്ച് മരിച്ച മുസ്‌ലിം കച്ചവടക്കാരുടെ വിധവകളെയും മക്കളെയും കുടുംബങ്ങളെയുമെല്ലാം സിലോണിലെ രാജാവ് ഏതാനും കപ്പലുകളില്‍, ഇറാഖിലെയും പേര്‍ഷ്യയിലെയും വൈസ്രോയിയായിരുന്ന ഹജ്ജാജ്ബ്‌നു യൂസുഫ് അസ്സഖഫിയുടെ അടുക്കലേക്കയച്ചു. അദ്ദേഹത്തിന്റെ പ്രീതി സമ്പാദിക്കുക എന്ന ലക്ഷ്യത്തോടെ ധാരാളം പാരിതോഷികങ്ങളും കൊടുത്തയച്ചിരുന്നു. സിന്ധിനു സമീപം വെച്ച് പ്രസ്തുത കപ്പലുകള്‍ ആക്രമിക്കപ്പെടുകയും അതിലുള്ളവര്‍ മുഴുവന്‍ തടവിലാക്കപ്പെടുകയുംചെയ്തു. ഇതേതുടര്‍ന്ന്, കൊള്ളക്കാരെ പിടികൂടി കവര്‍ച്ച ചെയ്യപ്പെട്ട ചരക്കുകള്‍ തിരിച്ചു പിടിക്കാനും ബന്ദികളാക്കപ്പെട്ട സ്ത്രീകളും കുട്ടികളുമടങ്ങുന്ന യാത്രക്കാരെ മോചിപ്പിക്കാനും ആവശ്യപ്പെട്ടുകൊണ്ട് ഹജ്ജാജ് ദാഹിര്‍ രാജാവിന് കത്തെഴുതി. പക്ഷേ, തികച്ചും ഉദാസീനമായ മറുപടിയായിരുന്നു രാജാവില്‍ നിന്നുണ്ടായത്. അങ്ങനെയാണ് ഹജ്ജാജ് തന്റെ സഹോദരപുത്രനും ജാമാതാവുമായ പതിനേഴുകാരന്‍ ഇമാമുദ്ദീന്‍ മുഹമ്മദ്ബ്‌നു ഖാസിം അസ്സഖഫിയുടെ നേതൃത്വത്തില്‍ സിന്ധിലേക്ക് സൈന്യത്തെ നിയോഗിക്കുന്നത്. 

ക്രിസ്തുവര്‍ഷം 710-ല്‍ (ഹിജ്‌റ 91) 6000 സിറിയന്‍ ഭടന്മാരുമായി സിജിസ്ഥാനില്‍ നിന്നാരംഭിച്ച മുഹമ്മദ്ബ്‌നുഖാസിം ആദ്യം മുക്‌റാനിലെത്തുകയും ദേവല്‍ തുറമുഖം കീഴടക്കുകയും ചെയ്തു. കടല്‍കൊള്ളക്കാര്‍ ബന്ദികളാക്കിയ മുസ്‌ലിംകളെ മോചിപ്പിച്ചു. ബലൂചിസ്താനിലൂടെ ആ സൈന്യം മുന്നേറിയപ്പോള്‍ നാടും നഗരവും അവര്‍ക്കടിയറവ് പറഞ്ഞു. 711-ല്‍ ഈ മുന്നേറ്റം മഹറാന്‍ - സിന്ധു - നദീതീരത്തെത്തിയപ്പോള്‍ സിന്ധിലെ രാജാവ് ദാഹിര്‍ അത് തടഞ്ഞു. രൂക്ഷമായ പോരാട്ടത്തിനൊടുവില്‍ ദാഹിര്‍ കൊല്ലപ്പെടുകയും അദ്ദേഹത്തിന്റെ സൈന്യം തോറ്റോടുകയും ചെയ്തു. സിന്ധ് കീഴടക്കിയ ശേഷം പഞ്ചാബിലൂടെ ജൈത്രയാത്ര നടത്തി. തൊട്ടടുത്തവര്‍ഷം ബുദ്ധമതക്കാരുടെ പുണ്യനഗരമായ മുള്‍താനും മുഹമ്മദ്ബ്‌നു ഖാസിമിന്റെ അധീനതയില്‍ വന്നു. പിന്നീട് ആ സൈന്യം കാശ്മീരിന്റെ അതിര്‍ത്തിയിലുള്ള ദീപാല്‍പൂര്‍ വരെയെത്തി. 

ഈ പടയോട്ടത്തില്‍ സിന്ധിലെ ബഹുജനങ്ങള്‍ ദാഹിര്‍ രാജാവിനെതിരെ മുഹമ്മദ്ബിന്‍ ഖാസിമിനോടൊപ്പം നിന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം. അദ്ദേഹത്തിന്റെ ഭരണം ഇന്ത്യയിലെ ജനങ്ങള്‍ക്ക് പുതിയൊരനുഭവവും വലിയ അനുഗ്രഹവുമായിരുന്നു. സമത്വത്തിലും സാഹോദര്യത്തിലും അധിഷ്ഠിതമായ ഒരു സാമൂഹികക്രമം ഇന്ത്യന്‍ ജനത ദര്‍ശിക്കുന്നത് അന്നാണ്. തദ്ദേശീയരായ വ്യത്യസ്ത മതവിശ്വാസികളോട് അതീവ ദയാലുവായിരുന്നു മുഹമ്മദ്ബ്‌നു ഖാസിം. അതിനാല്‍ തന്നെ മുഹമ്മദ്ബ്‌നുഖാസിം ഇന്ത്യ വിടുമ്പോള്‍ ഹിന്ദുക്കള്‍ പൊട്ടിക്കരയുകയും അദ്ദേഹത്തോടുള്ള സ്‌നേഹംകൊണ്ട് കൈറജില്‍ അദ്ദേഹത്തിന്റെ ഒരു പ്രതിമ ഉണ്ടാക്കിവെക്കുകയും ചെയ്തുവെന്നാണ് ബലാദുരി രേഖപ്പെടുത്തിയിരിക്കുന്നത്!

സവര്‍ണ മേധാവിത്വവും ഉച്ചനീചത്വവും സ്ത്രീവിരുദ്ധ നിയമങ്ങളും നിലനിന്നിരുന്ന ഇന്ത്യയില്‍ ജനം ഇസ്‌ലാമിനെ ഒരു മോചനമാര്‍ഗമായി കണ്ടു. മുസ്‌ലിംകളുടെ, വിശേഷിച്ചും അവരിലെ ഭരണാധികാരികളുടെ ഉല്‍കൃഷ്ട സമീപനം ജനങ്ങളെ ഇസ്‌ലാമിലേക്കാകര്‍ഷിച്ചു. ഉമറുബ്‌നു അബ്ദില്‍ അസീസിന്റെ കാലത്ത് ദാഹിറിന്റെ പുത്രന്‍ ജയ്‌സിംഗ് ഉള്‍പ്പെടെ പല രാജവംശജരും ഇസ്‌ലാമാശ്ലേഷിച്ചു. ഇസ്‌ലാമിന് വളക്കൂറുള്ള മണ്ണായി സിന്ധ് പരിലസിച്ചു. ഇസ്‌ലാം ഇന്ത്യയിലെ സംസ്‌കാരത്തില്‍ ശക്തമായ സ്വാധീനം ചെലുത്തി. 

വടക്കുപടിഞ്ഞാറന്‍ ഇന്ത്യയിലേക്കുള്ള മുസ്‌ലിംകളുടെ ആഗമനവും ഇസ്‌ലാമിന്റെ പ്രചാരണവും ഇന്ത്യയുടെ ചരിത്രത്തില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നുണ്ടെന്നും, അത് തദ്ദേശീയ സമൂഹങ്ങളില്‍ വമ്പിച്ച സ്വാധീനം ചെലുത്തുകയും സാമൂഹ്യമായും സാംസ്‌കാരികമായും അവരെ ഉയര്‍ത്തുകയും ചെയ്തുവെന്നും, അധസ്ഥിത-പീഡിത വിഭാഗങ്ങള്‍ക്ക് സ്വാതന്ത്ര്യത്തിന്റെ വായു ശ്വസിക്കാന്‍ സാധിച്ചത് അതുവഴിയാണെന്നും ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ DIscovery of India (Page 335)യും, കെ.എം പണിക്കരുടെ A Survey of Indian History (Page 132)യും ഉദ്ധരിച്ചുകൊണ്ട് അബുല്‍ഹസന്‍ അലി നദ്‌വി വിശദീകരിച്ചിട്ടുണ്ട്. (അല്‍ മുസ്‌ലിമൂന ഫില്‍ഹിന്ദ്, പേജ്15 - 17)
നാഗരികതയുടെ നീണ്ട ചരിത്രമുള്ള 'സിന്ധ്' എന്തുകൊണ്ട് മുഹമ്മദ്ബ്‌നു ഖാസിമിന് വഴങ്ങിക്കൊടുത്തു എന്ന ചോദ്യത്തിന് പ്രമുഖചിന്തകനും ഗ്രന്ഥകാരനുമായ എം.എന്‍ റോയ് തന്റെ പ്രസിദ്ധമായ 'ഹിസ്റ്റോറിക്കല്‍ റോള്‍ ഓഫ് ഇസ്ലാം' എന്ന ഗ്രന്ഥത്തില്‍ നല്‍കുന്ന വിശദീകരണമിതാണ്: ''പേര്‍ഷ്യയിലും ക്രിസ്തീയരാജ്യങ്ങളിലും എന്നപോലെ സമാനമായ ദേശീയ ഘടകങ്ങള്‍ ഇന്ത്യ കീഴടക്കാന്‍ മുസ്ലിംകള്‍ക്ക് സൗകര്യം ചെയ്തുകൊടുത്തു എന്ന് ചരിത്രത്തിന്റെ വിമര്‍ശനാത്മക പഠനം വെളിപ്പെടുത്തും... ബ്രാഹ്‌മണ ഭരണാധികാരികളാല്‍ അടിച്ചമര്‍ത്തപ്പെട്ട ജാട്ടുകളുടെയും മറ്റുകര്‍ഷക സമൂഹങ്ങളുടെയും സജീവ പിന്തുണയോടെയാണ് മുഹമ്മദ്ബിന്‍ ഖാസിം സിന്ധ് കീഴടക്കിയത്.'' മുഹമ്മദ്ബിന്‍ ഖാസിം ഇന്ത്യയില്‍ എന്തുചെയ്തു എന്നും എം.എന്‍ റോയ് വിശദീകരിക്കുന്നുണ്ട്: ''രാജ്യം കീഴടക്കിയതിനുശേഷം ആദ്യകാല അറബ് ജേതാക്കളുടെ നയംതന്നെ അദ്ദേഹവും പിന്തുടര്‍ന്നു.'' തുടര്‍ന്ന് എം.എന്‍ റോയ് എലിയട്ടിന്റെ 'ഇന്ത്യാചരിത്രം' എന്ന പുസ്തകത്തില്‍നിന്ന് ഉദ്ധരിക്കുന്നു: ''ബ്രാഹ്‌മണരെ വിശ്വാസത്തിലെടുത്തു കൊണ്ട് രാജ്യത്തെ അനുനയിപ്പിക്കുന്നതിനുവേണ്ടി അദ്ദേഹം അവരെ അവരുടെ ക്ഷേത്രങ്ങള്‍ നന്നാക്കുന്നതിനും മുമ്പത്തെപോലെ തങ്ങളുടെ മതം പിന്തുടരുന്നതിനും അനുവദിച്ചു. പിരിച്ചെടുത്ത നികുതി വരുമാനം അവരുടെതന്നെ കൈകളില്‍ ഏല്‍പിച്ചു. നാട്ടിലെ ഭരണസമ്പ്രദായം പഴയതുപോലെ തുടരുന്നതിന് അവരെ ചുമതലപ്പെടുത്തി.''

സ്‌പെയിന്‍കാരും പോര്‍ച്ചുഗീസുകാരും അമേരിക്കന്‍ ഐക്യനാടുകള്‍ കീഴടക്കിയെന്നോ കോളനിയാക്കിയെന്നോ പറയുന്നതുപോലെ ചരിത്രപരമായ ഒരു അബദ്ധമാണ് മുസ്‌ലിംകള്‍ ഇന്ത്യ ആക്രമിച്ചു എന്ന് പറയുന്നതും. സ്‌പെയിന്‍കാര്‍ എത്തുന്ന സമയത്ത് അമേരിക്കന്‍ ഐക്യനാടുകള്‍ ഇല്ലായിരുന്നു. അത് വളരെ കാലങ്ങള്‍ക്ക് ശേഷം അമേരിക്കാ ഭൂവിഭാഗത്തില്‍ നിലവില്‍ വന്ന ഒരു രാഷ്ട്രീയ സംവിധാനമാണ്. അതേപോലെ മുസ്‌ലിംകള്‍ വടക്കുപടിഞ്ഞാറന്‍ ഭൂപ്രദേശങ്ങളിലും സിന്ധു-ഗംഗാസമതലങ്ങളിലും അവരുടെ രാഷ്ട്രീയ ശക്തി വ്യാപിപ്പിക്കുന്ന സമയത്ത് ഇന്ത്യാ രാജ്യമോ അങ്ങനെയൊരു ദേശരാഷ്ട്രമെന്ന ധാരണ പോലുമോ ഉണ്ടായിരുന്നില്ല. വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തി പ്രദേശങ്ങളിലൂടെ ഏതൊരു രാഷ്ട്രീയശക്തിക്കും കടന്നുകയറാവുന്ന ഒരു ഭൂവിഭാഗം മാത്രമായിരുന്നു അത്. പരസ്പരം കലഹിച്ചുകൊണ്ടിരുന്ന അനേകം ചെറുരാജ്യങ്ങളും വര്‍ഗങ്ങളും ഗോത്രങ്ങളും, ബ്രാഹ്‌മണ മേധാവിത്വവും ചാതുർവര്‍ണ്യവും നിലനിര്‍ത്തിപ്പോരുന്ന സമൂഹവും. ഇത്തരമൊരു സാമൂഹിക-രാഷ്ട്രീയ സാഹചര്യത്തില്‍ തങ്ങളിലേക്ക് എത്തിപ്പെട്ട ഇസ്‌ലാമിനെ വിമോചനത്തിന്റെ വഴിയായി കണ്ട ആ സമൂഹം ഇരുകൈയും നീട്ടി സ്വീകരിക്കുകയും, അതിനെ എതിര്‍ത്ത തങ്ങളുടെ ഭരണാധികാരികള്‍ക്കെതിരെ അവര്‍ നിലകൊള്ളുകയും ചെയ്തു എന്നതാണ് ചരിത്രം. 

മുഖ്യാവലംബം:

1.  www.islamqa.com
2. https://shamela.ws
3. അല്‍ മുസ്‌ലിമൂന ഫില്‍ ഹിന്ദ്, അബുല്‍ ഹസന്‍ അലി നദ്‌വി 
4. ഇസ്‌ലാമിക വിജ്ഞാനകോശം (വാള്യം 4) ഐ.പി.എച്ച് 
5. ഇസ്‌ലാമിന്റെ ചരിത്ര പാതയിലൂടെ പതിനാല് നൂറ്റാണ്ട് പ്രഫ. പി മുഹമ്മദ് കുട്ടശ്ശേരി
6. ഇന്ത്യയോട് യുദ്ധം ചെയ്യാന്‍ ഹദീഥോ? -മുസ്തഫാ തന്‍വീര്‍: http://millireport.com
7. ഇന്ത്യയോട് യുദ്ധം ചെയ്യാന്‍ മുഹമ്മദ് നബിയുടെ(സ) കല്‍പ്പനയോ?! ഡോ. മിഷാല്‍ സാലിം: https://www.nsehasamvadam.org

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top